We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar. Joseph Pamplany, Rev. Dr. Thomas Kochukarottu On 30-Jan-2021
ആമുഖം
ഹിന്ദുമതത്തെ അതിന്‍റെ പൂര്‍ണതയില്‍ നിര്‍വ്വചിക്കാനോ മനസ്സിലാക്കാനോ സാധിക്കുകയില്ല. കാരണം മറ്റു മതങ്ങളിലുള്ളതുപോലെ ഏതെങ്കിലുമൊരു സ്ഥാപകനെയോ ഗ്രന്ഥത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല ഇതിന്‍റെ പ്രമാണങ്ങള്‍. മാത്രമല്ല അനേകം ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ടു കിടക്കുന്ന ഹിന്ദുമതത്താല്‍ ഏവര്‍ക്കും സ്വീകാര്യമായ ദര്‍ശനങ്ങളോ അവയെ തിട്ടപ്പെടുത്തുന്നതിന് അംഗീകരിക്കപ്പെട്ട അധികാരസമിതിയോ ഇല്ല.
ഇന്ത്യയില്‍ ഉടലെടുത്തതും ഇന്ത്യന്‍ ജനതയുടെ സംസ്കാരവും ജീവിത ശൈലിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുമായ വിശ്വാസ സംഹിതകളുടെ സമുച്ചയമാണ് ഹിന്ദുമതമെന്നു പറയാം. ഹിന്ദു എന്ന പദത്തിന് ആരംഭത്തില്‍ ഭൂമിശാസ്ത്രപരമായ അര്‍ത്ഥമാണുണ്ടായിരുന്നത്. ഹിമാലയ പര്‍വ്വത നിരകളുടെ വടക്കുപടിഞ്ഞാറുഭാഗം വഴി ഇന്ത്യയെ ആക്രമിച്ച പേര്‍ഷ്യക്കാര്‍ ഇന്‍ഡസ് നദീതടത്തെ സിന്ധു എന്നു വിളിച്ചു. ആ പേരാണ് പിന്നീട് ഹിന്ദുവായിത്തീര്‍ന്നത്. ഹിമാലയം മുതല്‍ ഇന്‍ഡസ് സമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഹിന്ദുസ്ഥാനിലെ ആളുകള്‍ പിന്തുടരുന്ന വിവിധ ഉപാസനാ സമ്പ്രദായങ്ങള്‍ ഹിന്ദുമതം എന്നപേരില്‍ അറിയപ്പെടുകയാണു ചെയ്തത്. സനതനധര്‍മ്മം, വൈദികഘര്‍മ്മം എന്നീ പേരുകളിലും ഹിന്ദുമതം അറിയപ്പെടുന്നുണ്ട്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഭാരതത്തില്‍ ജീവിച്ചിരുന്ന ഋഷി വര്യന്മാരുടെ ദൈവികാനുഭവങ്ങളെ ഹിന്ദുമതം ആധികാരികമായി കണക്കാക്കുന്നു. വേദങ്ങളാണ് ഹിന്ദുമതത്തിന്‍റെ മുഖ്യപ്രമാണം. തുടര്‍ന്ന് ഉപനിഷത്തുകളടക്കമുള്ള വൈദിക സാഹിത്യത്തെ അടിസ്ഥാനമാക്കി ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, സ്മൃതികള്‍, സ്തോത്രങ്ങള്‍ എന്നീ സാഹിത്യരൂപങ്ങളില്‍ ഹിന്ദുമത തത്ത്വങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളില്‍ വിശ്വാസവും തത്ത്വവിചാരവും മതവും ശാസ്ത്രവും വേര്‍തിരിക്കാനാവാതെ കിടക്കുന്നു. സൈദ്ധാന്തികമെന്നതിനെക്കാള്‍ ഹിന്ദുമതം ഒരു ജീവിതശൈലിയാണ്. മനുഷ്യാത്മാവിനെ മോക്ഷത്തിലേക്കു നയിക്കാനുള്ള അന്വേഷണത്തില്‍ ഋഷിവര്യന്മാര്‍ കണ്ടെത്തിയ സാധനങ്ങളുടെ ആകെത്തുകയാണത്.
ആര്യന്മാരുടെ വരവിനു വളരെ മുമ്പ് ഭാരതത്തില്‍ ദ്രാവിഡ സംസ്കാരം നിലനിന്നിരുന്നു. 1921-ല്‍ സര്‍ ജോണ്‍ മാര്‍ഷല്‍ സിന്ധിലെ ഇന്‍ഡസ് മോഹന്‍ജദാരോയിലും പിന്നീട് പഞ്ചാബിലെ ഹാരപ്പായിലും നടത്തിയ ഭൂഗര്‍ഭ ഗവേഷണത്താല്‍ ഇതിലേക്കു വെളിച്ചം വീശുന്നുണ്ട്. ബി.സി. 2-ാംസഹബ്രാബ്ദത്തില്‍ ഇന്ത്യയിലെത്തിയ ആര്യന്മാരുടെ മതസംസ്ക്കാരം ഭാരതത്തില്‍ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളുമായി ഇഴുകിച്ചേര്‍ന്ന് രൂപഭേദം സംഭവിച്ചു. ഇന്നു ഹിന്ദുമതത്തില്‍ നിലനില്ക്കുന്ന ലിംഗാരാധന പോലുള്ള ആര്യേതര ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് ഇതു വ്യക്തമാണ്. സാധാരണ പുരുഷ ദേവന്മാരെ ഭജിച്ചിരിക്കുന്ന ആര്യന്മാര്‍ സ്ത്രീ ദേവതകളെ സ്വീകരിച്ചു. ദ്രാവിഡര്‍ ആരാധിച്ചു വന്ന എലി, പാമ്പ് തുടങ്ങിയ ഇഴജന്തുക്കളും ഗരുഡന്‍ തുടങ്ങിയ പക്ഷികളും കാള, സിംഹം ആദിയായ മൃഗങ്ങളും ആര്യദേവന്മാരുടെ വാഹനങ്ങളായിത്തീര്‍ന്നു. ഇതിന്‍റെ വെളിച്ചത്തില്‍ ഹിന്ദുമതത്തിന്‍റെ ചില വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ആര്യന്മാരുടെ വരവിനു മുന്‍പേ ബി.സി. 3500-നും 2500-നും ഇടയ്ക്ക് ഭാരതത്തില്‍ നിലനിന്നിരുന്നവയാണെന്നു പറയാം.
ഹിന്ദുമതം അതിന്‍റെ വളര്‍ച്ചയില്‍ ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്ഥാന്‍, തായ്ലാന്‍റ്, ബര്‍മ്മ തുടങ്ങിയ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. കംബോഡിയ, ചാമ്പ, ബാലി എന്നീ സ്ഥലങ്ങളിലും ഈ മതം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോകത്തില്‍ 90 കോടി ഹിന്ദുക്കളുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഭാരതത്തിലെ ജനങ്ങളില്‍ 82 ശതമാനവും ഹിന്ദുക്കളാണ്.
വേദങ്ങളുടെ കാലഘട്ടം (2000 - 600 ബി.സി.)
ഇന്ത്യയിലെ ഉദാത്തമായ ആദര്‍ശവാദത്തിന്‍റെ അടിസ്ഥാനങ്ങളായ ആരേയ സംസ്കാരവും അതിന്‍റെ തത്ത്വശാസ്ത്രങ്ങളും മതാനുഷ്ഠാനങ്ങളും തഴച്ചുവളര്‍ന്ന കാലഘട്ടമാണ് വേദങ്ങളുടെ കാലം. ഹിന്ദുമതത്തെക്കുറിച്ച് ഇന്നു ലഭിച്ചിരിക്കുന്ന ഏറ്റവും പൗരാണികങ്ങളായ രേഖകളാണു വേദങ്ങള്‍. ഇവ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ ചിന്താധാരയെയോ പുസ്തകങ്ങളുടെ സമാഹാരത്തെയോ അല്ല സൂചിപ്പിക്കുന്നത്. പ്രത്യുത, നൂറ്റാണ്ടുകളായി ഋഷിവര്യന്മാര്‍ തങ്ങളുടെ ശിഷ്യന്‍മാര്‍ക്കു വാമൊഴിയായി പകര്‍ന്നു നല്കിയ ദിവ്യപ്രചോദനങ്ങളാണത്. വേദം എന്ന പദം "വിദ്" (Vid) - "അറിയുക" എന്ന മൂലപദത്തില്‍നിന്നു രൂപപ്പെട്ടതാണ്. അറിവ് എന്നാണിതിനര്‍ത്ഥം. ഏകവചന രൂപത്തില്‍ ഇതു ദൈവികമായ അറിവിനെയും ബഹുവചന രൂപത്തില്‍ നാലു വേദങ്ങളെയും (ഋഗ്, യജുസ്, സാമം, അഥര്‍വ്വം) സൂചിപ്പിക്കുന്നു. കാലക്രമത്തില്‍ എഴുത്തിന്‍റെ ആവിര്‍ഭാവത്തോടുകൂടി വേദങ്ങള്‍ പുസ്തക രൂപത്തിലായി. പൂര്‍വ്വ മീമാംസാദര്‍ശനം പഠിപ്പിക്കുന്നതനുസരിച്ച് വേദങ്ങള്‍ അപൗരുഷേയമാണ്. പരബ്രഹ്മത്തിന്‍റെ ശ്വാസത്തില്‍ നിന്നാണ് വേദങ്ങളുടെ ഉത്ഭവെന്നും ഒരു ഐതിഹ്യമുണ്ട്.
വേദങ്ങളുടെ കാലഘട്ടത്തെ പ്രധാനമായി നാലായി തരംതിരിക്കാം:
(1) സംഹിതകള്‍, (2) ബ്രാഹ്മണങ്ങള്‍, (3) ആരണ്യകങ്ങള്‍, (4) ഉപനിഷത്തുകള്‍ (സൂത്രവേദാന്ത കാലഘട്ടം). ഈ നാലു ഘട്ടങ്ങള്‍ വേദങ്ങളുടെ ക്രമാനുഗതമായ വളർച്ചയെ സൂചിപ്പിക്കുന്നു.
വേദകാലഘട്ടത്തിലെ ആദ്യഭാഗത്തു വരുന്ന സംഹിതകള്‍ ദേവസ്തുതിക്കും കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും ശേഖരങ്ങളാണ്. സംഹിതകളെ പ്രധാനമായും നാലായി തിരിച്ചിരിക്കുന്നു.
ഋഗ്വേദ സംഹിത: ആര്യന്മാരുടെ ഭാരതാഗമനത്തോടൊപ്പം അവരുടെ ഏറ്റവും വിലപിടിച്ച സമ്പത്തായ ദിവ്യപ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ടഗാനങ്ങളും അവര്‍ കൊണ്ടുവന്നു. പുതിയ രാജ്യത്ത് ഇതര ദേവന്മാരെ ആരാധിക്കുന്ന വളരെയധികം ജനങ്ങളുമായി അവര്‍ക്ക് ഇടപഴകേണ്ടിവന്നപ്പോള്‍ ആ ഗാനങ്ങള്‍ ശേഖരിച്ചു വയ്ക്കേണ്ടതിന്‍റെ ആവശ്യം നേരിട്ടു. ഇപ്രകാരം എഴുതപ്പെട്ട ഗാനങ്ങളുടെ സമാഹാരമാണ് ഋഗ്വേദ സംഹിത. സ്തുതിപ്പിന്‍റെ വേദം എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.
സാമവേദ സംഹിത: വേദങ്ങളുടെ ആദ്യഘട്ടത്തില്‍ യാഗം പ്രത്യേക അധികാരമുള്ള പുരോഹിതന്മാരുടെ നിയന്ത്രണത്തിലായിരുന്നില്ല. യാഗത്തിന്‍റെ വിശദാംശങ്ങള്‍ നിയമ നിയന്ത്രിതമാക്കിയിരുന്നുമില്ല. എന്നാല്‍, പിന്നീട് സാമവേദികള്‍ (സാമവേദക്കാരായ ബ്രാഹ്മണര്‍) യാഗങ്ങളുടെ വിശദാംശങ്ങള്‍ക്ക് ഊന്നല്‍ നല്കി. മതാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി ഋഗ്വേദത്തില്‍ (പുസ്തകങ്ങള്‍ 8,9) നിന്ന് അടര്‍ത്തിയെടുത്ത സൂക്തങ്ങളുടെ സമാഹാരമാണ് സാമവേദ സംഹിത. യാഗങ്ങളില്‍ ആലപിക്കുന്നതിന് അനുസൃതമായാണ് ഇവ ക്രമപ്പെടുത്തിയിരിക്കുന്നത്.
യജുര്‍വ്വേദസംഹിത: കാലക്രമത്തില്‍ യാഗകര്‍മ്മങ്ങള്‍ കൂടുതല്‍ സൂക്ഷ്മങ്ങളും കര്‍ശനങ്ങളുമായിത്തീര്‍ന്നപ്പോള്‍ യാഗത്തിലെ ഓരോ അനുഷ്ഠാന വിധിയേയും വിശദീകരിക്കുവാന്‍ വചന സമുച്ചയം നിലവില്‍ വന്നു. അതിനെ യജര്‍വ്വേദം എന്നുവിളിക്കുന്നു. ഇതിലെ ഒട്ടുമിക്ക സൂക്തങ്ങളും ഋഗ്വേദത്തില്‍നിന്നു സ്വീകരിച്ചതാണ്. യാഗാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനമായതു കൊണ്ട് ഗദ്യരൂപത്തിലാണ് ഇല എഴുതപ്പെട്ടിരിക്കുന്നത്. യാഗങ്ങളില്‍ പുരോഹിതരുടെ അനുഷ്ഠാനങ്ങള്‍ ഏവയാണെന്ന് കൃത്യമായി ഇതില്‍ വിവരിച്ചിട്ടുണ്ട്. പ്രപഞ്ചഗതിയെ ക്രമമായി നയിക്കുന്ന യാഗങ്ങളുടെ കൃത്യതയാണ് യജുര്‍വേദത്തിന്‍റെ ലക്ഷ്യം.
അര്‍ഥവ്വവേദ സംഹിത: ആദ്യകാലത്തു വേദങ്ങള്‍ മൂന്നേ ഉണ്ടായിരുന്നുള്ളൂ. അവയെ "ത്രയി" എന്നു വിളിച്ചിരുന്നു. പിന്നീട്, ആര്യന്മാരുടെ വരവിനു മുന്‍പ് ഭാരതത്തിലുണ്ടായിരുന്ന ജനങ്ങള്‍ ആരാധിച്ചിരുന്ന ദേവന്മാരുടെയും ഭൂതപ്രേതാദികളുടെയും നേര്‍ക്ക് ആര്യന്മാര്‍ കൈകൊണ്ട ഒത്തുതീര്‍പ്പു മനോഭാവത്തിന്‍റെ ഫലമായാണ് അഥര്‍വ്വ വേദം രൂപപ്പെട്ടത്. അഥര്‍വ്വന്‍ എന്ന ഋഷിയാണ് അതു രചിച്ചത് എന്നു പറയപ്പെടുന്നു. ഇതിന്‍റെ ആദ്യത്തെ പേരായ അഥര്‍വ്യാംഗീരസ് എന്നത് അഥര്‍വ്വന്‍, ആംഗീരസന്‍ എന്നീ പുരോഹിത കുടുംബങ്ങളുടെ പേരുകളില്‍ നിന്നാണ് ഉരുതിരിഞ്ഞിട്ടുള്ളത്. അഥര്‍വ്വ വേദത്തില്‍ 20 കാണ്ഡങ്ങളും 7630 സൂക്തങ്ങളും 5987 മന്ത്രങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ഋഗ്യേദത്തില്‍നിന്നു വിഭിന്നമായ ഒരു ദര്‍ശനമാണ് അഥര്‍വ്വ വേദത്തില്‍ ഉള്ളത്. യജ്ഞകര്‍മ്മങ്ങളോടു ഗുഹ്യമായ ആചാരങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്ന മന്ത്രവിധിയാണിവിടെ കാണുന്നത്. മന്ത്രവിധിയിലൂടെയും മന്ത്രോചാരണത്തിലൂടെയും ശത്രുക്കളെ നശിപ്പിക്കുവാനും ഉദ്ദിഷ്ടകാര്യങ്ങള്‍ നേടിയെടുക്കാനും ചെയ്യുന്ന പല ഉപായങ്ങളും ഇതില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ഭൂതപ്രേതോ പസ്മാരകാക്ഷസാദി നിവാരണ കര്‍മ്മങ്ങള്‍, വശീകരണം, ആഭിചാരം, പ്രത്യാഭിചാരം, സപത്നീ സംഹാരം തുടങ്ങിയ ക്ഷുദ്രക്കിയകളും വിവാഹവിധി, വൈദ്യവിദ്യ ആദിയായ കാര്യങ്ങളും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നതിനാല്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ ഇവയ്ക്കു സ്വാധീനമുണ്ടായിരുന്നു.
ബ്രാഹ്മണങ്ങള്‍
വളരെയധികം സങ്കീര്‍ണ്ണമായിത്തീര്‍ന്ന യജ്ഞക്രിയകളുടെ പരികര്‍മ്മ തീതികളെക്കുറിച്ച് പുരോഹിതന്മാര്‍ക്കു വേണ്ടത്ര നിര്‍ദ്ദേശം നല്കുന്നതായി രൂപീകരിച്ച വേദങ്ങളുടെ രണ്ടാം ഭാഗത്തെ ബ്രാഹ്മണങ്ങള്‍ എന്നു വിളിക്കുന്നു. ഓരോ പുരോഹി ത വിഭാഗവും അവരുടേതായ ബ്രാഹ്മണങ്ങള്‍ക്കു രൂപം നല്കി. ഇവയില്‍ ഐതരേയവും ശതപഥവുമാണ് ഏറ്റവും പ്രധാനവും ലക്ഷണമൊത്തതും. ബ്രാഹ്മണങ്ങളുടെ ഉള്ളടക്കത്തെ വിധി, അര്‍ത്ഥവാദം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. യാഗാനുഷ്ഠാനങ്ങളെ സംബന്ധിച്ച നിയമങ്ങളും അനുശാസനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അര്‍ത്ഥവാദം.
മതപരമായ അനുഷ്ഠാനങ്ങളില്‍ മുഖ്യമായ ചില മാറ്റങ്ങള്‍ ഈ കാലഘട്ടത്തില്‍ കാണുവാന്‍ സാധിക്കും. യജ്ഞാനുഷ്ഠാനത്തില്‍ നിഷ്ക്കര്‍ഷ, വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളുടെ വ്യവസ്ഥ, വേദം നിത്യമാണെന്ന വിശ്വാസം ,പുരോഹിതനു സര്‍വ്വോന്നതമായ സ്ഥാനം നല്കല്‍ എന്നിവയെല്ലാം ഈ ഘട്ടത്തിന്‍റെ പ്രത്യേകതകളാണ്. ബ്രാഹ്മണങ്ങളില്‍ ആത്മീയതയേക്കാളുപരി അനുഷ്ഠാന കര്‍മ്മങ്ങള്‍ക്കാണ് ഈ കാലഘട്ടം ഊന്നല്‍ നല്കിയത്. കാലാവസ്ഥാപരവും രാഷ്ട്രീയവുമായ കാരണങ്ങളായിരിക്കാം ഈ മാറ്റത്തിനടിസ്ഥാനം. ഇന്‍ഡോ ആര്യന്മാരുടെ ഗംഗാതടത്തിലെ അധിനിവേശം അവരെ പല ചെറുഗണങ്ങളാക്കി. കാലക്രമേണ അവര്‍ പരസ്പരം യുദ്ധത്തില്‍ ഏര്‍പ്പെട്ടു. ആര്യന്മാരല്ലാതിരുന്ന ദ്രാവിഡരുമായും അവര്‍ക്കു യുദ്ധം ചെയ്യേണ്ടിവന്നു. ഇപ്രകാരം ചെറിയ സമൂഹങ്ങളായി ആര്യന്മാര്‍ വേര്‍തിരിക്കപ്പെട്ടപ്പോള്‍ ഓരോ സമൂഹവും തങ്ങളുടെ തനിമ നിലനിര്‍ത്തുന്നതിന് തനതായ അനുഷ്ഠാനക്രമങ്ങള്‍ക്കു രൂപം നല്കിയതിനാല്‍ മതാനുഷ്ഠാനങ്ങള്‍ പ്രസക്തിയേറിയതായിരിക്കാം.
ആരണ്യകങ്ങള്‍
ബ്രാഹ്മണങ്ങളുടെ അനുബന്ധങ്ങളാണ് ആരണ്യകങ്ങള്‍. ബ്രാഹ്മണങ്ങളെയും ഉപനിഷത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയും ഇവ തന്നെ. ഓരോ ബ്രാഹ്മണങ്ങള്‍ക്കും അതിന്‍റേതായ ആരണ്യങ്ങളും അതിനെത്തുടര്‍ന്ന് ഉപനിഷത്തുകളും ഉണ്ട്. ഉദാഹരണത്തിന് തൈത്തിരേയ ബ്രാഹ്മണത്തിന്‍റെ ആരണ്യകമാണ് തൈത്തിരീയാരണ്യകം. ബ്രാഹ്മണങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും ആരണ്യകങ്ങള്‍ അവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ബ്രാഹ്മണത്തിന്‍റെ പുകമറയ്ക്കുള്ളില്‍നിന്ന് സത്യപ്രകാളത്തി ലേയ്ക്കുള്ള ഒരു ചെറിയ - വളരെ ചെറിയ കടാക്ഷമാണ് ആരണ്യകങ്ങളെ വേര്‍തിരിച്ചുനിര്‍ത്തുന്ന സംഭവം. യജ്ഞകര്‍മ്മങ്ങളുടെ ബാഹ്യാനുഷ്ഠാനങ്ങളേക്കാള്‍ ഉപാസനയ്ക്കാണ് ഇവ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ചിന്താരീതിയിലും ശൈലിയിലും ഇവ യാന്ത്കികമായ അനുഷ്ഠാനങ്ങളില്‍ നിന്ന് പ്രതീകാത്മകമായ ധ്യാനരീതിയിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. ചാതുര്‍വര്‍ണ്യത്തെക്കുറിച്ചുള്ള വ്യവസ്ഥ സ്ഥിര പ്രതിഷ്ഠ നേടിയപ്പോള്‍ വാന പ്രസ്ഥാശ്രമത്തിലുള്ളവര്‍ക്ക് അരണ്യത്തില്‍ വച്ചു ധ്യാനിക്കാനുള്ള ഭാഗമായി ആരണ്യകങ്ങള്‍ കരുതപ്പെട്ടു. അവരുടെ ചിന്താരീതികളും ആത്മീയാനുഭവങ്ങളുമാണ് ആരണ്യകങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
ഉപനിഷത്തുകള്‍
'ഉപനിഷത്' എന്ന പദം ഉരുത്തിരിയുന്നത് രണ്ടു വ്യത്യസ്ത മൂലരൂപങ്ങളില്‍ നിന്നാണ്: 'ഉപ' = അടുത്ത്, 'നിഷത്' = ഭക്തിപൂര്‍വ്വം ഇരിക്കുക. പരമോന്നതമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ചു ധ്യാനിക്കുവാന്‍ തന്‍റെയെടുക്കല്‍ ഭക്തിപൂര്‍വ്വം ഇരിക്കുന്ന ശിഷ്യന്മാര്‍ക്ക് ഗുരു കൊടുക്കുന്ന ഉപദേശങ്ങളാണ് ഉപദേശങ്ങളാണ് ഉപനിഷത്തുകളിലെ വിഷയം. വേദങ്ങളുടെ അവസാന ഭാഗങ്ങളാണ് ഉപനിഷത്തുകള്‍. ആശ്രമ ധര്‍മ്മത്തിന്‍റെ അവസാന ഘട്ടമായ സന്ന്യാസം സ്വീകരിച്ചവര്‍ക്കായി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു കൊണ്ടും വേദ സംസ്കാരത്തിന്‍റെ കാതല്‍ രൂപം ഇതില്‍ കാണുന്നതുകൊണ്ടും ഉപനിഷത്തുകളെ വേദാന്തം എന്നു വിളിക്കാം. ഉപനിഷത്ത് ഒരേ സമയം വേദ ചിന്താസാരാംശത്തിന്‍റെ പുന:പ്രകാശനവും ബ്രാഹ്മണ സംസ്കാരത്തോടുള്ള പ്രതിഷേധവും, രണ്ടിലും ഉള്‍ക്കൊള്ളാത്ത ഒരു നവദര്‍ശനത്തിന്‍റെ പ്രഫുല്ലനവുമത്രേ. ഉപനിഷത്തില്‍ പ്രതിപാദിക്കുന്നതിലേറെ ഉന്നതവും ശ്രേഷ്ഠവുമായ തത്ത്വം വേദത്തിലെങ്ങുമില്ലെന്ന് പറയപ്പെടുന്നു. കാലക്രമത്തില്‍ വേദദര്‍ശനത്തിന് ജനങ്ങളുടെ ഇടയില്‍ ഭ്രംശം സംഭവിച്ചപ്പോള്‍ അതിന്‍റെ ഉദ്ധാരണം ഉപനിഷത്തുകളുടെ കര്‍ത്തവ്യമായിത്തീര്‍ന്നു. ഭാരതീയ ജീവിതത്തില്‍ വേരുറച്ചിരിക്കുന്ന യജ്ഞപ്രസ്ഥാനത്തിനെതിരേയുള്ള വിമര്‍ശനം ഉപനിഷത്തുകളില്‍ കാണാം (ഛാന്ദോഗ്യം 4.15.5; 5.10.3).
യഥാര്‍ത്ഥ സത്തയെക്കുറിച്ചാണ് ഉപനിഷത്തുകളില്‍ മുഖ്യമായും ചര്‍ച്ചചെയ്യുന്നത്. ആത്യന്തിക സത്യം കണ്ടുപിടിക്കാനുള്ള തീവ്രമായ അന്വേഷണമാണ് ഇവയില്‍ നാം കാണുന്നത്. അസതോമാ സദ്ഗമയാ (അസത്യത്തില്‍ നിന്ന് എന്നെ സത്യത്തിലേക്ക് നയിച്ചാലും) എന്നത് ഉപനിഷഷത്നിന്തകരുടെ ഹൃദയത്തില്‍ നിന്നുയര്‍ന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയാണ്. ജിജ്ഞാസുക്കളായ സാധാകാര്‍ക്ക് യഥാര്‍ത്ഥ സത്യത്തെ കണ്ടെത്തി ശാന്തിയും സ്വാതന്ത്രവും നല്കുകയാണ് ഇവയുടെ ലക്ഷ്യം.
മുക്തികോപനിഷത്തില്‍ ഉപനിഷ്ത്തുകളുടെ എണ്ണം 109 ആയി രേഖപ്പെടുത്തിയിരിക്കുന്നു. ആചാര്യന്മാര്‍ വ്യാഖ്യാനിച്ചിട്ടുള്ള പതിമൂന്ന് ഉപനിഷത്തുകളാണ് ഏറ്റവും പ്രമാണികങ്ങളും പുരാതനങ്ങളുമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ബൃഹദാരണ്യകം, ഛാന്ദോഗ്യം, തൈത്തരീയം, ഐതരേയം, കൗഷീതകി, കേനം, കഠം, ഈശാവാസ്യം, മുണ്ഡകം, പ്രശ്നം, മാണ്ഡൂക്യം, ശ്വേതാശ്വതരം, മൈത്രി എന്നിവയാണ് പ്രധാനപ്പെട്ട ഉപനിഷത്തുകള്‍.
ഭാരതത്തില്‍ പിന്നീടുണ്ടായ ഒട്ടേറെ തത്ത്വശാസ്ത്രങ്ങളും മതങ്ങളും ഉപനിഷത്തുകളെ ആശ്രയിച്ചാണു നിലകൊള്ളുന്നത്. ഹിന്ദുമതത്തിന്‍റെ പൂര്‍ണ്ണത ഉപനിഷത്തുകളില്‍ കാണാവുന്നതാണ്. ശങ്കരന്‍, രാമാനുജന്‍, മാധ്വ തുടങ്ങിയ ആചാര്യന്മാര്‍ എല്ലാവരും തന്നെ പ്രധാന ഉപനിഷത്തുകളെ വ്യാഖ്യാനിച്ചിട്ടുണ്ട്. സംഹിത കാലഘട്ടം കവികള്‍ക്കും ബ്രാഹ്മണ കാലഘട്ടം പുരോഹിതന്മാര്‍ക്കുമാണ് പ്രാധാന്യം കൊടുക്കുന്നതെങ്കില്‍ ഉപനിഷത് കാലഘട്ടം തത്ത്വചിന്തകന്മാരുടെ കാലഘട്ടമായാണ് അറിയപ്പെടുന്നത്. ആദിമ ഉപനിഷത്തുകളുടെ കാലം ബി.സി. 1000 മുതല്‍ ബി.സി. 300 വരെയാണെന്നു കണക്കാക്കപ്പെടുന്നു. ശങ്കരഭാഷ്യമുള്ള പുതിയ ഉപനിഷത്തുകള്‍ ബുദ്ധനുശേഷം രചിക്കപ്പെട്ടതാണ്. അവയുടെ കാലം ബി.സി. 400-ലോ 300-ലോ ആണ്. വ്യത്യസ്തമായ സ്ഥല കാലസാഹചര്യങ്ങളില്‍ വളര്‍ന്നുവന്നതിനാല്‍, ഉപനിഷത്തുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന പ്രശ്നങ്ങളിലും അവയ്ക്കുള്ള പ്രതിവിധികളിലും ഏകതാനത ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഉപനിഷത്തുകളുടെ ക്രോഡീകരണം ആവശ്യമായിവന്നു. ഈ ക്രോഡീകരണം സാധ്യമായത് ബാദരായണന്‍റെ ബ്രഹ്മസൂത്രത്തിലൂടെയാണ്.
ആന്തരികവും ആത്മീയവുമായ അനുഗ്രഹം പ്രദാനം ചെയ്യുന്ന ബാഹ്യവും ദൃശ്യവുമായ അടയാളങ്ങളുള്ള മതപരമായ ചടങ്ങിനെയോ കര്‍മ്മത്തെയോ ആണ് ഇവിടെ സംസ്കാരം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സംസ്കാരങ്ങളുടെ എണ്ണത്തെക്കുറിച്ചു ഹിന്ദുക്കളുടെയിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ധര്‍മ്മശാസ്ത്രത്തിലെ പരമ്പരാഗതങ്ങളായ ചില പുസ്തകങ്ങളില്‍ 40 സംസ്കാരങ്ങളെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്ന ഗൃഹ്യസൂത്രങ്ങളാകട്ടെ, പതിനെട്ടോളം സംസ്കാരങ്ങളെക്കുറിച്ചാണു വിവരിക്കുന്നത്. സംസ്കാരങ്ങളുടെ സംഖ്യയെക്കുറിച്ചു വിവിധ അഭിപ്രായങ്ങളുണ്ടെങ്കിലും ഗര്‍ഭധാരണം മുതല്‍ വിവാഹംവരെയുള്ള സംസ്കാരങ്ങളില്‍ 16 എണ്ണമാണ് ഭൂരിഭാഗം ഹിന്ദുകള്‍ക്കും പ്രീതികരമായുള്ളത്. ഹൈന്ദവര്‍ സംസ്കാരങ്ങളെ പൊതുവെ അഞ്ചായി തരംതിരിച്ചിരിക്കുന്നു. (1) ജനനത്തിനുമുമ്പുള്ള സംസ്കാരങ്ങള്‍ (2) ശൈശവ സംസ്കാരങ്ങള്‍ (3) വിദ്യാഭ്യാസ സംസ്കാരങ്ങള്‍ (4) വിവാഹ സംസ്കാരങ്ങള്‍ (5) അന്ത്യേഷ്ടി കര്‍മ്മങ്ങള്‍. ഇവയില്‍, സ്ഥലപരിമിതിമൂലം, പ്രധാനപ്പെട്ട സംസ്കാരങ്ങള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളൂ.
മനുഷ്യനെ എന്നും അത്ഭുതപരതന്ത്രനാക്കിയിരുന്ന ഒന്നായിരുന്നു ശിശുവിന്‍റെ ജനനം. ഇതിനു പിന്നില്‍ ഏതോ ഒരു അതിമാനുഷ ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവനു തോന്നി. ജനനസമയത്തുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അവന്‍ ബോധവാനായിരുന്നു. ഈ അപകടങ്ങള്‍ ഒഴിവാക്കാന്‍ വിവിധങ്ങളായ വിലക്കുകളും അനുഷ്ഠാനങ്ങളും പ്രചാരത്തില്‍ വന്നു. പ്രസവിച്ച അമ്മയെയും അവളുടെ കുഞ്ഞിനെയും പരിരക്ഷിക്കാന്‍ മതപരമായ ചടങ്ങുകള്‍ ആരംഭിച്ചു. വേദങ്ങളില്‍ കാണുന്ന ഇത്തരം ചടങ്ങുകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
പൊക്കിള്‍ക്കൊടി വേര്‍പെടുന്നതിനു മുമ്പാണ് ജാതകര്‍മ്മച്ചടങ്ങു നിര്‍വ്വഹിക്കുന്നത്. ജാതകര്‍മ്മത്തിലെ ആദ്യത്തെ ചടങ്ങാണു മേധാ ജനനം (Medha Janana) അല്ലെങ്കില്‍, ബുദ്ധിയുടെ നിര്‍മ്മിതി. അതു നടത്തിയിരിക്കുന്നത് താഴെ പറയുംവിധമാണ്. കുട്ടിയുടെ അച്ഛന്‍ അയാളുടെ നാലാമത്തെ വിരല്‍ക്കൊണ്ടും സ്വര്‍ണ്ണത്തിന്‍റെ ഒരു ഉപകരണംകൊണ്ടും കുട്ടിക്കു തേനും നെയ്യും (ചിലപ്പോള്‍ നെയ്യു മാത്രം) കൊടുക്കുന്നു. മറ്റുള്ളവര്‍ അതിനോടുകൂടെ പുളിപ്പുള്ള പാലും അരിയും ബാര്‍ലിയും ഒരു കറുത്ത കാളയുടെ വെളുത്തതും കറുത്തതും ചുവന്നതുമായ മുടിയും കൊടുക്കുന്നു. ബുദ്ധിയുടെ പ്രതീകമായി വ്യാഹൃതി (Vyahrutis) ഈ സാഹചര്യത്തില്‍ ഉച്ചരിക്കുന്നു. കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ അടങ്ങുന്ന മഹത്തായ ഗായത്രീ മന്ത്രവും ഈ അവസരത്തില്‍ ചൊല്ലിയിരുന്നു.
ജാതകര്‍മ്മ ചടങ്ങിലെ അടുത്ത ഇനം ആയുഷ്യം (Ayusya) അല്ലെങ്കില്‍ കുട്ടിയുടെ ജീവിതായുസ്സ് ഉറപ്പു വരുത്തുന്നതിനുള്ള ആചാരമാണ്. നാഭിയുടെയോ വലത്തു ചെവിയുടെയോ അടുത്ത് കുട്ടിയുടെ അച്ഛന്‍ ഇങ്ങനെ മന്ത്രിക്കുന്നു: "അഗ്നിമരങ്ങളിലൂടെയും സോമം ഔഷധികളിലൂടെയും ബ്രഹ്മന്‍ അമൃതത്തിലൂടെയും ഋഷിമാര്‍ അനുഷ്ഠാനങ്ങളിലൂടെയും യാഗങ്ങള്‍ യാഗാഗ്നിയിലൂടെയും കടല്‍ പുഴകളിലൂടെയും ദീര്‍ഘായുസ്സുനേടി. അതുപോലെ ഞാനും നിന്നെ ദീര്‍ഘായുഷ്മാനാക്കുന്നു." കുട്ടിയുടെ ജീവിതം മൂന്നിരട്ടിയായി ദീര്‍ഘിക്കും എന്നു വിശ്വസിച്ചുകൊണ്ട് "മൂന്നിരട്ടി ആയുസ്സ്" എന്നു മൂന്നു പ്രാവിശ്യം കുട്ടിയുടെ അച്ഛന്‍ ചൊല്ലുന്നു. തുടര്‍ന്ന് അഞ്ചു ബ്രാഹ്മണരെ വിളിച്ച് അവരെ അഞ്ചിടങ്ങളിലായി നിറുത്തി കുട്ടിയുടെ മേല്‍ നിശ്വസിക്കാന്‍ അപേക്ഷിക്കുന്നു. ഇങ്ങനെയുള്ള നിശ്വസനം കുട്ടിയുടെ ശ്വസനത്തെ ശക്തിപ്പെടുത്തുമെന്നും ജീവിതദൈര്‍ഘ്യം കൂട്ടുമെന്നും വിശ്വസിക്കുന്നു.
മൂന്നാമതായി കുട്ടിക്കു ബലം അല്ലെങ്കില്‍, ആരോഗ്യം കൊടുക്കുന്ന ആചാരമാണ്. കുട്ടിയുടെ ശരീരം കല്ലുപോലെയും മഴുപോലെയും നശിക്കാത്ത സ്വര്‍ണ്ണം പോലെയും ഉറച്ചതായിത്തീരട്ടെയെന്നും നൂറു ശരത്കാലം ജീവിക്കട്ടെയെന്നും അച്ഛന്‍ ആശംസിക്കുന്നു. വീടിന്‍റെ പ്രതീക്ഷയായ പുത്രനെ വഹിച്ച അമ്മയെ സ്തുതിക്കുന്നു. ഇതിനുശേഷം പൊക്കിള്‍കൊടി മുറിക്കുകയും കുട്ടിയെ കുളിപ്പിക്കുകയും അവന് അമ്മയുടെ മുലപ്പാല്‍ കൊടുക്കുകയും ചെയ്യുന്നു. കുട്ടിയുടെ അച്ഛന്‍ ഒരു കലം വെള്ളം അമ്മയുടെ തലയുടെ അരികില്‍ വെച്ച് ദേവന്മാരോടു പ്രാര്‍ത്ഥിക്കുന്നു: "സാഗരം ദേവന്മാരോടുകൂടെ ഉണര്‍ന്നിരിക്കുന്നു. അതുപോലെ അമ്മയെയും കുഞ്ഞിനെയും കാത്തുസൂക്ഷിക്കണം. "
ചടങ്ങുകളെല്ലാം കഴിഞ്ഞാല്‍ മാതാപിതാക്കന്മാര്‍ തങ്ങളെത്തന്നെ ഈശ്വരനു സമര്‍പ്പിക്കുകയും ദക്ഷിണ വിതരണം ചെയ്യുകയും ചെയ്യുന്നു. കുട്ടിയുടെ ജനനദിവസം കൊടുക്കുന്ന ദാനധര്‍മ്മങ്ങളുടെ സുകൃതം നിത്യമായിരിക്കുമെന്നാണ് വ്യാസന്‍റെ അഭിപ്രായം.
ഭാഷ ഉത്ഭൂതമായതോടുകൂടി മനുഷ്യന്‍ അവന്‍റെ നിത്യോപയോഗ സാധനങ്ങളെ പേരുചൊല്ലി വിളിക്കുവാന്‍ തുടങ്ങി. സാമൂഹികാവബോധം വര്‍ദ്ധിച്ചതോടുകൂടി മനുഷ്യനെയും പേരു ചൊല്ലി വിളിക്കുന്ന രീതി നിലവില്‍ വന്നു. പേരു കൊടുക്കുന്ന ഈ സമ്പ്രദായം പിന്നീടു മതപരമായ ചടങ്ങായിത്തീര്‍ന്നു. സാധാരണയായി അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു പുണ്യാത്മാവിന്‍റെയോ അല്ലെങ്കില്‍ സംരക്ഷകനായ ഒരു ദേവന്‍റെയോ പേരാണ് കുട്ടിക്കു കൊടുത്തിരുന്നത്. കുടുംബത്തോടുള്ള ബന്ധം സൂചിപ്പിക്കുവാനായി സ്വന്തം പിതാവിന്‍റെ തന്നെ പേരു കുട്ടിക്കു കൊടുക്കുന്ന പതിവും അന്നു പ്രാബല്യത്തിലുണ്ടായിരുന്നു. കൂടാതെ വീട്ടില്‍ വിളിക്കാന്‍ രഹസ്യപ്പേരു കൊടുക്കുന്ന രീതിയും അന്നു നിലവിലിരുന്നു.
കുട്ടിക്ക് ആദ്യമായി ഖരഭക്ഷണം കൊടുക്കുന്ന സംഭവം മതരപമായ ഒരനുഷ്ഠാനമായിട്ടാണ് ഹിന്ദുക്കള്‍ കൊണ്ടാടിയിരുന്നത്. ജീവന്‍ നല്കുന്ന സത്ത ആണെന്നും അതുകൊണ്ടു ദേവന്മാരുടെ സഹായത്തോടു കൂടി വേണം ശക്തിയുടെ ഉറവിടമായ ആഹാരം കുട്ടിക്കു നല്കാനെന്നും അവര്‍ വിശ്വസിച്ചു. അന്നപ്രകാശം എന്ന ചടങ്ങു നടത്തിയിരുന്നത് കുട്ടി ജനിച്ച് ആറുമാസത്തിനു ശേഷമാണ്. അതുവരെ ശിശുവിന്‍റെ പ്രധാന ഭക്ഷണം മുലപ്പാലാണ്. ആറോ ഏഴോ മാസമാകുമ്പോള്‍ ഖരഭക്ഷണം കഴിക്കാനുള്ള വളര്‍ച്ച ശിശുവിനുണ്ടാകുമെന്നു കരുതുന്നു. പല്ലുകളുടെ ആവിര്‍ഭാവമാണ് ശിശുവിനു കട്ടിയുള്ള ഭക്ഷണം നല്കാന്‍ കഴിയും എന്നതിന്‍റെ അടയാളം.
ശിശുവിന്‍റെ മനസ്സിനു വിദ്യാഭ്യാസം സ്വീകരിക്കാനുള്ള വളര്‍ച്ചയായാല്‍ അക്ഷരമാല പഠിപ്പിക്കുന്നു. ഈ സംസ്കാരം പലരീതിയില്‍ അറിയപ്പെടുന്നു : വിദ്യാരംഭം, അക്ഷരാരംഭം, അക്ഷരസ്വീകരണം, അക്ഷരാലേഖനം. വിദ്യാരംഭം സാധാരണയായി നടത്താറുള്ളത് അഞ്ചാം വയസ്സിലാണ്. ചിലപ്പോള്‍ ഏഴാം വര്‍ഷത്തിലും നടത്താറുണ്ട്. എന്തെങ്കിലും ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ ഇതു മാറ്റിവച്ചിട്ടുണ്ടെങ്കില്‍ ഉപനയനച്ചടങ്ങിനുമുമ്പായി നടത്തിയിരിക്കണം. സൂര്യന്‍ ഉത്തരദിക്കിലുള്ള അര്‍ദ്ധഗോളത്തിലായിരിക്കുമ്പോഴാണ് ഈ ക്രിയ നടത്തുന്നതിനുള്ള നല്ല ദിവസം. ചടങ്ങു തുടങ്ങുന്നതിനുമുമ്പ് കുട്ടിയെ കുളിപ്പിച്ചു ശുദ്ധി വരുത്തി ദേഹത്തു സുഗന്ധം പുരട്ടുന്നു. അതിനുശേഷം വിനായകന്‍, സരസ്വതി, കുടുംബ ദേവത, ബൃഹസ്പതി എന്നിവരെ ആരാധിക്കുന്നു. തുടര്‍ന്നു ഹോമം അര്‍പ്പിക്കുന്നു. കിഴക്കോട്ടു തിരിഞ്ഞിരുന്നു ഗുരു കുട്ടിയുടെ അക്ഷരാരംഭം നടത്തുന്നു.
ഈശ്വര സാമീപ്യത്തിലേക്കും ഗുരുവിലേക്കും വേദങ്ങളിലേക്കും വ്രതങ്ങളിലേക്കും നിയന്ത്രണങ്ങളും അനുഷ്ഠാനങ്ങളുമുള്ള ജീവിത രീതിയിലേക്കും ഒരു വ്യക്തിയെ പ്രവേശിപ്പിക്കുന്ന പുണ്യ കര്‍മ്മത്തിനാണ് പൊതുവെ ഉപനയനമെന്നു പറയുന്നത്. കൃത്യമായി പറഞ്ഞാല്‍, ഗുരുവിന്‍റെ സഹായത്താല്‍ വേദ പാണ്ഡിത്യത്തിലേക്കുള്ള ശിശുവിന്‍റെ ആരംഭം കുറിക്കലാണ് ഉപനയനം.
ഈ ചടങ്ങിന്‍റെ പ്രധാന ഉദ്ദേശ്യം വിദ്യാഭ്യാസമാണ്. വിദ്യക്ക് ആരംഭം കുറിക്കുന്ന കര്‍മ്മം അതിനനുബന്ധമായ ഒന്നു മാത്രമാണ്. ഈ പ്രാരംഭ ക്രിയയ്ക്ക് മാത്രമല്ല, വേദത്തിന്‍റെ ഓരോ ശാഖയെപ്പറ്റിയുമുള്ള പഠനം തുടങ്ങുമ്പോഴും ഉപനയനം നടത്തിയിരുന്നു. ഏതു പ്രായത്തിലാണ് ഉപനയനം നനടത്തുന്നത് എന്നതിനെക്കുറിച്ചു ഗൃഹ്യസൂത്രം പറയുന്നുണ്ട്. ബ്രാഹ്മണ ജാതിയില്‍പ്പെട്ട ആൺകുട്ടിക്ക് 8-ാം വര്‍ഷത്തിലും ക്ഷത്രിയ ജാതിയില്‍പെട്ടവര്‍ക്ക് 11-ാം വര്‍ഷത്തിലും വൈശ്യ ജാതിയിലുള്ളവര്‍ക്ക് 12-ാം വര്‍ഷത്തിലുമാണ് ഈ കര്‍മ്മം നടത്തേണ്ടത്. അവസാന പ്രായപരിധി ബ്രാഹ്മണന് 16-ഉം ക്ഷത്രിയന് 22-ഉം വൈശ്യന് 24-ഉം ആണ്. ഉപനയനം ആണ്‍കുട്ടികള്‍ക്കു മാത്രമാണ്. സംഹിതകളില്‍ വളരെ ലളിതമായ ഒരു ക്രിയയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഉപനയനം ബ്രാഹ്മണ കാലഘട്ടമായപ്പോഴേക്കും ബഹുവിധ അനുഷ്ഠാന സംബന്ധിയായിത്തീര്‍ന്നു.
സാധാരണയായി ഉപനയനം നടത്തിയിരുന്നത് സൂര്യന്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ വരുമ്പോഴാണ്. വൈശ്യ ജാതിയിലുള്‍പ്പെട്ട കുട്ടികള്‍ക്ക് ദക്ഷിണായനത്തിലും നടത്താറുണ്ട്. ഓരോ ജാതിക്കും വേണ്ടി വ്യത്യസ്ത കാലങ്ങളുണ്ടായിരുന്നു. ബ്രാഹ്മണരുടെ ഉപനയനം വസന്ത കാലത്തും ക്ഷത്രിയരുടേത് ഗ്രീഷ്മ കാലത്തും വൈശ്യരുടേത് ശരത്കാലത്തും രഥകാരരുടേതു (ആശാരി, രഥം പണിയുന്നവന്‍)വര്‍ഷകാലത്തുമാണു നടത്തിയിരുന്നത്. ഈ ഓരോ കാലവും ഓരോ ജാതിയുടെ തൊഴിലിന്‍റെയും ഗുണവിശേഷത്തിന്‍റെയും സൂചകമാണ്. ഗണേഷനെ പ്രസാദിപ്പിക്കുകയും മറ്റു ദേവിമാരായ ശ്രീലക്ഷ്മി, ധൃതി, മേധ, പുഷ്ടിശ്രദ്ധ, സരസ്വതി എന്നിവരെ ആരാധിക്കുകയും ചെയ്തിരുന്നു. ഉപനയനം ചെയ്യാനുള്ള കുട്ടിയുടെ ദേഹത്തു തലേ രാത്രി മഞ്ഞ നിറമുള്ള ദ്രവ്യം പുരട്ടിയിരിക്കണം. അതിനുശേഷം രാത്രി മുഴുവന്‍ പരിപൂര്‍ണ്ണ നിശബ്ദത (ഒരു പുതിയ വ്യക്തിത്വത്തിലേക്കുള്ള കാല്‍വെപ്പായിട്ടാണ് ഈ നിശബ്ദതയെ പരിഗണിച്ചിരിക്കുന്നത്) പാലിക്കാന്‍ കുട്ടിയോടു നിര്‍ദ്ദേശിക്കുന്നു. ഇതു കുട്ടിയെ രണ്ടാമത്തെ ജനനത്തിലേക്ക് ഒരുക്കുന്ന ഒരു നിഗൂഢ പൂജാക്രമമാണ്. ദേഹത്തു പുരട്ടിയ മഞ്ഞ ദ്രവ്യം ഭ്രൂണോത്പത്തിപരമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു.
ഹിന്ദു സംസ്കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിവാഹം. ഗൃഹ്യ സൂത്രങ്ങള്‍ വിവാഹസംസ്കാര വിവരണങ്ങളോടുകൂടിയാണ് തുടങ്ങുന്നത്. മതബോധം വളര്‍ന്നു വന്നതോടുകൂടി, വിവാഹം സാമൂഹികമായ ആവശ്യം മാത്രമല്ല വ്യക്തിയുടെ മതപരമായ കടമകൂടിയാണെന്ന ബോധ്യത്തിലേക്കു വന്നു. വിവാഹത്തെ വലിയൊരു ത്യാഗമായിട്ടാണ് അവര്‍ കണ്ടിരുന്നത്. ഭാര്യയില്ലാത്തവന്‍ ത്യാഗമില്ലാത്തവനാണെന്ന് തൈത്തിരീയ ബ്രാഹ്മണത്തില്‍ പറയുന്നു. വ്യക്തിത്വത്തിന്‍റെ വളര്‍ച്ചയ്ക്കു വിവാഹ ജീവിതം ആവശ്യമായ ഘടകമാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഈ ലോകത്തിലെ സന്തോഷവും അനശ്വരമായ സ്വര്‍ഗ്ഗവും ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗൃഹസ്ഥാക്രമം നയിക്കണം.വലിയ കുടുംബം ഒരു അനുഗ്രമായിട്ടാണ് അവര്‍ കണ്ടിരുന്നത്. വിവാഹം വ്യക്തിപരം എന്നതിനെക്കാള്‍ കുടുംബത്തിന്‍റെ ആഘോഷമായിരുന്നു. ഒരു കുടുംബവും നിലച്ചു പോകാതിരിക്കേണ്ടതിന് വിവാഹ ജീവിതത്തിന്‍റെ ഏറ്റവും പ്രധാന ലക്ഷ്യമായി കരുതിയിരുന്നത് കുഞ്ഞുങ്ങളുടെ ജനനമാണ്. ദേവന്മാരോടും പിതാമഹന്മാരോടും സന്തതിപരമ്പരകളെ നിലനിര്‍ത്തുന്നതിനുവേണ്ട അനുഗ്രഹം യാചിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ നില്ക്കുന്ന ഒരു സുഹൃദ്ബന്ധമായിട്ടാണ് വേദസൂത്രങ്ങളും വിവാഹത്തെ അവതരിപ്പിക്കുന്നത്. പുരുഷന്‍റെയും സ്ത്രീയുടെയും സ്വാര്‍ത്ഥതയില്ലാത്ത ജീവിതമാണ് വിവാഹ ജീവിതംകൊണ്ടു ഹിന്ദു സംസ്കാരം ലക്ഷ്യമിട്ടത്.
വിവാഹച്ചടങ്ങുകള്‍ക്കു പൊതുവെ രണ്ടു ഭാഗങ്ങളുണ്ട്: സംപ്രദാനവും (Sampradana), പാണിഗ്രഹണവും (Panigrahana). സംപ്രദാനത്തിന്‍റെ ആരംഭത്തില്‍ അന്യോന്യമുള്ള ശുഭദര്‍ശനം നടത്തുന്നു. തുടര്‍ന്ന് ബ്രാഹ്മണരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന യജ്ഞവിധികളോടെ വധുവിന്‍റെ പിതാവ്, തന്‍റെ പുത്രിയെ വരനു നല്‍കുന്നു. പ്രണിഗ്രഹണം നടത്തുന്നത് അഗ്നിസാക്ഷിയായിട്ടാണ്. അതിഥികളായി വന്നവരോട് വധുവിനെ ആശംസിക്കാന്‍ ക്ഷണിച്ചു കഴിയുമ്പോള്‍, വരന്‍ തന്‍റെ വലതുകരം കൊണ്ട് മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടുകൂടി വധുവിന്‍റെ വലതുകരം ഗ്രഹിക്കുന്നു. സന്താന സൗഭാഗ്യത്തിനും, കുടുംബജീവിത സമാധാനത്തിനും, സന്തോഷത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് ആ സമയത്ത് ഉച്ചരിക്കുക. തുടര്‍ന്ന് അഗ്നിസാക്ഷിയാക്കികൊണ്ട് അവര്‍ ഒരുമിച്ചു കഴിയാമെന്നു സമ്മതിക്കുന്നു. അതിനുശേഷം വരന്‍ വധുവിനെ ധ്രുവനക്ഷത്ര ദര്‍ശനത്തിനായി നയിക്കുന്നു. അതിനെ തുടര്‍ന്ന് വധു പ്രദക്ഷിണമായി ഏഴു ചുവടുകള്‍ വച്ചുകഴിയുമ്പോള്‍, തന്‍റെ ഭര്‍ത്താവും സംരക്ഷകനുമായി അവള്‍ അയാളെ സ്വീകരിക്കുന്നു.
അഗ്നിസാക്ഷിയായി, മംഗല്യസൂത്രം വരന്‍ വധുവിനെ അണിയിക്കല്‍, പുടവകൊടുക്കല്‍, അന്യോന്യമുള്ള മാലയിടീല്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ ഇന്നത്തെ വിവാഹങ്ങളുടെ അവിഭാജ്യഘടകങ്ങളായി സമൂഹം സ്വീകരിക്കുന്നു. സാധാരണയായി വീടുകളില്‍ അഗ്നിസാക്ഷിയായി ഇവ നടത്താറുണ്ടെങ്കിലും, ക്ഷേത്രങ്ങളുടെ ദേവപ്രതിഷ്ഠയ്ക്കു മുന്നില്‍ പൂജരിയെ സാക്ഷിയാക്കിയും ഇവ നടത്താറുണ്ട്. ഇവിടെ പ്രദക്ഷിണം വയ്ക്കുക ആ ക്ഷേത്രത്തിനായിരിക്കും. കാലോചിതമായ ആഘോഷങ്ങളും ആഡംബരങ്ങളും ഇന്നു വിവാഹച്ചടങ്ങുകള്‍ക്കു വര്‍ണ്ണാഭമായ മോടി നല്കുന്നുണ്ട്.
ഹിന്ദുവിന്‍റെ ജീവിതത്തിലെ അവസാന കര്‍മ്മമാണ് അന്ത്യേഷ്ടി. ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത പൂജാക്രയകളിലൂടെ ജീവിതത്തെ സമര്‍പ്പിക്കുന്ന ഹിന്ദുവിന് ഈ ലോകത്തു നിന്നു വിടവാങ്ങുമ്പോള്‍ പരലോകത്തില്‍ ശാന്തിയും സുഖവും ലഭിക്കുന്നതിനുവേണ്ടി ബന്ധുക്കള്‍ അന്ത്യക്രിയകള്‍ ചെയ്യുന്നു. മരിച്ച ശേഷമുള്ള ഈ കര്‍മ്മം വളരെ പ്രാധാന്യമുള്ളതാണ്. കാരണം, ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം സംസാരത്തില്‍ നിന്നുള്ള മുക്തിയെ സഹായിക്കുന്നതാണവ.
വേദകാലം മുതല്‍ ഇന്നുവരെ ഹിന്ദുക്കള്‍ പൊതുവായി തുടര്‍ന്നു കൊണ്ട്പോരുന്ന രീതിയാണ് മൃതദേഹം ദഹിപ്പിക്കുക എന്നത്. മരിച്ച ഉടനെ ശരീരം കഴുകി, കോടിവസ്ത്രത്തില്‍ പൊതിയുന്നു. സ്വര്‍ണ്ണമോ വെള്ളിയോ വായില്‍ നിക്ഷേപിച്ച്, ആ കുടുംബത്തിലെ ഒരാള്‍ മരിച്ചിട്ടുണ്ടെന്ന് അയല്‍ക്കാരെ അറിയിക്കാന്‍ ഉറക്കെ നിലവിളിക്കുന്നു. മൃതദേഹം കയറ്റുകട്ടിലില്‍ (മഞ്ചല്‍) വച്ച് നാലോ ആറോ പേര്‍ തോളത്തുവെച്ച് ദഹിപ്പിക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകുന്നു. ഒരാള്‍ അഗ്നികലശവുമായി മുന്നില്‍ നടക്കുന്നു. കരയുന്നവരുടെ ഗണം അനുഗമിക്കുന്നു. അവരെല്ലാം ശ്രീകൃഷ്ണ സ്തോത്രം ആലപിക്കുന്നു. മരിച്ചയാളുടെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ (മിക്കവാറും മൂത്ത മകന്‍) സുഹൃത്തുക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും കൂടെ നഗ്നപാദനായി നീങ്ങണം. ശരീരം ദഹിപ്പിക്കുന്ന കടവിനടുത്ത് വെച്ചു ശരീരം ഗംഗാജലത്തില്‍ മുക്കിയോ തളിച്ചോ കഴുകുന്നു. പിന്നെ, ചിതയുണ്ടാക്കി മൃതശരീരം അതില്‍ വയ്ക്കുന്നു. നിവൃത്തിയുള്ളിടത്തോളം ചന്ദനമരമാണ് ദഹനക്രിയയ്ക്ക് ഉപയോഗിക്കുന്നത്. മരിച്ചയാളുടെ അടുത്ത ബന്ധുവായ പുരുഷനാണ് വീട്ടില്‍നിന്നു വഹിച്ചുകൊണ്ടു വന്ന കലശത്തിലെ തീയെടുത്ത് ചിതയ്ക്കു തീ കൊളുത്തുക. മൃതശരീരം കത്തികൊണ്ടിരിക്കുമ്പോള്‍ നെയ് ഒഴിച്ചു കൊണ്ടിരിക്കും. അവസാനിക്കാറാകുമ്പോള്‍ ചിതയ്ക്കു തീ കൊളുത്തിയ ആള്‍ ചിതയ്ക്കു ചുറ്റും നാലു പ്രാവശ്യം നടക്കുന്നു. പിന്നീട് ചാരം എടുത്തു ഗംഗയിലെറിഞ്ഞ്, കുളിച്ച ശേഷം വീട്ടിലേക്കു മടങ്ങുന്നു. "18" മാസം തികയാത്ത കുഞ്ഞുങ്ങള്‍, സന്ന്യാസികള്‍, കുഷ്ഠരോഗികള്‍, വസൂരി വന്നു മരിച്ചവര്‍ എന്നിവരെ ദഹിപ്പിക്കുകയല്ല, കുഴിച്ചുമൂടുകയാണ് ചെയ്തിരുന്നത്.
ശവസംസ്കാരത്തിനു ശേഷം മരണത്തിലൂടെയുണ്ടായ പുല (അശുദ്ധി) നീക്കികളയുന്നതിനുള്ള ആചാരക്രിയകള്‍ നടത്താറുണ്ട്. മരണം വഴിയുണ്ടായ മാലിന്യം നീങ്ങിയാല്‍ ശ്രാദ്ധം (Sraddha) നടത്തണം. ശ്രാദ്ധം നടത്തേണ്ടത് മരിക്കുന്ന വ്യക്തിയുടെ ആണ്‍മക്കളാണ്. ആണ്‍മക്കളില്ലാത്ത ഹിന്ദുക്കള്‍ അസ്വസ്ഥരും ഉത്കണ്ഠാകുലരുമായി കാണപ്പെടാറുണ്ട്. മരിച്ചയാള്‍ക്കു ചോറുരുള അര്‍പ്പിക്കുന്നതിനെയാണ് പിണ്ഡപ്രദാനം എന്നു പറയുന്നത്. ബ്രാഹ്മണരുടെ ഭക്ഷണത്തിനുശേഷം മരിച്ചയാളുടെ പുത്രന്‍ വെള്ളം തളിച്ച്, ദര്‍ഭപ്പുല്ലു പരത്തി, പിതാവും പൂര്‍വ്വികരും തങ്ങളെത്തന്നെ ശുദ്ധിയാക്കട്ടെയെന്ന് ആശംസിച്ച് നെയ്യ്, നേത്രാഞ്ജനം, എണ്ണ എന്നവ പിണ്ഡത്തില്‍ പുരട്ടി, കുടുംബത്തില്‍ നിന്നു മരിച്ചുപോയവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് പിണ്ഡം അര്‍പ്പിക്കുന്നു.
ഉത്സവങ്ങള്‍
ഹിന്ദുക്കളുടെ ഒരു പ്രധാന ഉത്സവമാണു ശിവരാത്രി. ശിവനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ ഉത്സവം കൊണ്ടാടുന്നത്. 'മാഘ' (മകര-കുംഭ മാസം) മാസത്തിലെ പതിനാലാമത്തെ അര്‍ദ്ധരാത്രിയിലാണ് ഇതാഘോഷിക്കുന്നത്. മാഘമാസം "പാപമില്ലാത്ത" സമയമായാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി രാത്രിയില്‍ നടത്തുന്ന ആരാധന ദേവികള്‍ക്കും പകല്‍ നടത്തുന്ന ആരാധന ദേവന്മാര്‍ക്കും വേണ്ടിയാണ്. എന്നാല്‍, ശിവരാത്രിയില്‍ ദേവനായ ശിവനെയാണ് ആരാധിക്കുന്നത്.
ലോകം നാശോന്മുഖമായിക്കൊണ്ടിരിക്കുന്നപ്പോള്‍, പാര്‍വ്വതീദേവീ ശിവനെ ആരാധിച്ച്, ഭൂമുഖത്തു ജീവിക്കുന്ന ആത്മാക്കളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ദേവിയുടെ അഭ്യര്‍ത്ഥന മാനിച്ച് ശിവന്‍ ലോകത്തെയും മനുഷ്യരെയും രക്ഷിച്ചു. നവജീവന്‍ ലഭിച്ച മനുഷ്യര്‍ ഒരുമിച്ചുകൂടി ശിവനെ ആരാധിച്ചു. അതിന്‍റെ ഓര്‍മ്മയാണ് ശിവരാത്രി. ഭക്തര്‍ അവരുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് കാവേരി, പെരിയാര്‍ പോലുള്ള നദികളില്‍ കുളിച്ചു ശുദ്ധിവരുത്തുന്നു. പിതൃക്കള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കുന്ന അവസരമായി ശിവരാത്രി മാറിയിട്ടുണ്ട്. കേരളത്തില്‍ ആലുവ മണല്‍പ്പുറത്തു ആഘോഷിക്കുന്നുണ്ട്: മഹാശിവരാത്രി, യോഗശിവരാത്രി, നിത്യശിവരാത്രി, പക്ഷശിവരാത്രി, മാസശിവരാത്രി.
സങ്ക്രാന്തി കഴിഞ്ഞുവരുന്ന അടുത്ത ദിവസമാണ് ഗോപൂജ ആഘോഷം നടത്തുന്നത്. ഇത് "മാട്ടുപ്പൊങ്ങല്‍" എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഈ ദിവസം പശുക്കളെ ആരാധിക്കുന്നതിനായി മാറ്റിവച്ചിരിക്കുന്നു. ബ്രഹ്മാവും പശുവും തമ്മിലുള്ള ബന്ധമാണ് ഈ ആരാധനയ്ക്കു നിദാനം. ബ്രഹ്മാവ് പശുവിന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് മനുഷ്യന്‍റെ സങ്കടം തീര്‍ത്തു എന്നാണ് ഐതിഹ്യം. ഋഗ്വേദം തുടങ്ങി അനവധി ഗ്രന്ഥങ്ങളില്‍ പശുവിനു ദിവ്യത്വം കല്പിച്ചിട്ടുണ്ട്. ഋഗ്വേദത്തില്‍ പല സ്ഥലത്തും പശുവും പ്രപഞ്ചവുമായുള്ള ബന്ധത്തെപ്പറ്റി വിവരിക്കുന്നുണ്ട്. പാല്‍ നല്കിയും കൃഷിയില്‍ പ്രധാന പങ്കുവഹിച്ചും മനുഷ്യനം സഹായിക്കുന്ന മൃഗമായതിനാല്‍ വരുമാനത്തിന്‍റെ ഒരു വിഹിതം ഈ ആഘോഷത്തിനായി അവര്‍ മാറ്റിവയ്ക്കുന്നു.
ദീപാലങ്കാരത്തിനു പ്രാധാന്യം കൊടുക്കുന്ന ഈ ഉത്സവം ഇന്ത്യയിലും ഇന്ത്യക്കു പുറത്തും അറിയപ്പെടുന്നതാണ്. ഇതു "ദീപാളി" എന്ന പേരിലും വിളിക്കപ്പെടുന്നു. ഇതിന്‍റെ ഉത്പത്തിയെക്കുറിച്ചു ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. രാവണനെ വധിച്ചതിനുശേഷം ശ്രീരാമന്‍ സീതയുമൊത്ത് അയോദ്ധ്യയില്‍ ചെന്നപ്പോള്‍ അയോദ്ധ്യാവാസികള്‍ അവരെ ദീപാലങ്കാരങ്ങളോടെ സ്വീകരിച്ചാനയിച്ച സംഭവമാണ് ദീപാവലി ആഘോഷത്തിനു നിദാനമെന്നു ചിലര്‍ കരുതുന്നു. വാമനനായി അവതരിച്ച മഹാവിഷ്ണു അസുരചക്രവര്‍ത്തിയായ മഹാബലിയെ പാതാളത്തിലേക്കയച്ച ദിനമാണിതെന്നു വേരെ ചിലര്‍ വിശ്വസിക്കുന്നു. ഒക്ടോബറിന്‍റെ അവസാനമോ നവംബറിന്‍റെ ആദ്യമോ നടക്കുന്ന ഈ ആഘോഷത്തിന്‍റെ ആദ്യ ദിവസം "നരകചതുര്‍ദശി" എന്നറിയപ്പെടുന്നു. ആദ്യകാലങ്ങളില്‍, മരണത്തിന്‍റെയും നരകത്തിന്‍റെയും ദേവനായ യമനെ തൃപ്തിപ്പെടുത്തി നരകത്തില്‍നിന്നു മോചനം കിട്ടുന്നതിനാണ് ഇത് ആഘോഷിച്ചിരുന്നത്.
എന്നാല്‍ പിന്നീട് ഇതു കൃഷ്ണന്‍ നരകാസുരന്‍ എന്ന പൈശാചിക ശക്തിയെ നശിപ്പിച്ച സംഭവത്തെ സൂചിപ്പിക്കാന്‍ തുടങ്ങി. അന്നേ ദിവസം പ്രഭാതത്തില്‍ എണ്ണ തേച്ചു കുളിക്കുകയും, തങ്ങളുടെ പാപങ്ങളുടെ ഉന്മൂലനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും യമദേവനു കാഴ്ചകള്‍ അര്‍പ്പിക്കുകയും ചെയ്യുക പതിവായിരുന്നു. അന്ന് അമ്പലങ്ങളും പൊതു നിരത്തുകളും ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ഉത്സവത്തിന്‍റെ രണ്ടാം ദിവസം "അമാവാസി" എന്നറിയപ്പെടുന്നു. വര്‍ഷത്തിലെ ഏറ്റവും ഇരുണ്ട രാത്രിയാണത്. ലക്ഷ്മീദേവീയെ ആരാധിക്കുക, മരിച്ചുപോയ പിതൃക്കള്‍ക്കു ബലിയിടുക ഉപവാസം അനുഷ്ഠിക്കുക എന്നിവ ഈ ദിവസത്തിന്‍റെ പേത്യേകതകളാണ്.
ഉത്തരേന്ത്യയിലും ബംഗാളിലും പശ്ചിമേന്ത്യയിലും വളരെ പ്രധാനപ്പെട്ട ഉത്സവമായ "ഹോളി" ഫെബ്രുവരി മാസത്തിലെ വെളുത്ത വാവിലാണ് ആഘോഷിക്കുന്നത്. സുഹൃത്തുക്കളെ ചായം പൂശി സ്വീകരിക്കുന്നതും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും ഈ ഉത്സവത്തിന്‍റെ പ്രത്യേകതകളാണ്. പ്രാചീനകാലം മുതലേയുള്ള ഉത്സവമാണിത്. ആദ്യകാലങ്ങളില്‍ വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ കുടുംബത്തിന്‍റെ ഐശ്വര്യത്തിനും നന്മയ്ക്കും സന്തോഷത്തിനും വേണ്ടി നടത്തിയിരുന്ന ആചാരമായിരുന്നു ഇത്. പുരാണ കഥകളനുസരിച്ച് ഈ ദിവസം മൂന്നു കാരണങ്ങളാല്‍ പ്രധാനപ്പെട്ടതാണ്. (1) ഈ ദിവസമാണ് ശിവന്‍ തന്‍റെ മൂന്നാം കണ്ണു തുറക്കുകയും കാമദേവനെ ചാരമാക്കുകയും ചെയ്തത്. (2) "ഹിരണ്യകശിപു" എന്ന അസുരന്‍റെ സഹോദരിയായ ഹോളിക പ്രഹ്ലാദന്‍ എന്ന കൊച്ചു ഭക്തനെ കൊല്ലുവാനായി അവനെയും കൊണ്ടു ചിതയില്‍ ചാടി. എന്നാല്‍ ഹോളിക കത്തി നശിക്കുകയും പ്രഹ്ലാദന്‍ രക്ഷപ്പെടുകയും ചെയ്തു. (3) പ്രിത്യ എന്ന രാജ്യത്തിലെ കുട്ടികളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ഭൃന്തി എന്ന രാക്ഷസി ചില കുസൃതികളായ കുട്ടികളുടെ ബഹളം കേട്ടു ജീവന്‍ ഭയന്ന് ഓടിപ്പോയി. കുട്ടികളിലൂടെ ശിവനാണ് അവളെ ഓടിച്ചതെന്നു ഭക്തന്മാര്‍ വിശ്വസിക്കുന്നു.
ചിങ്ങമാസത്തില്‍ പൂര്‍ണ്ണചന്ദ്രന്‍ ശ്രാവണ നക്ഷത്രത്തില്‍ സഞ്ചരിക്കുന്ന ദിനമാണ് കേരളത്തിന്‍റെ ദേശീയോത്സവവും കൂടിയായ ഓണം. ഓണാഘോഷത്തിനു നിദാനമായ ഒരു ഐതിഹ്യം നിലവിലുണ്ട്. പ്രജാക്ഷേമ തത്പരനായ മഹാബലിരാജാവിന്‍റെ സദ്ഭരണത്തില്‍ അസൂയപൂണ്ട ദേവന്മാരുടെ അപേക്ഷപ്രകാരം മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി. മഹാബലിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് തന്‍റെ പ്രജകളെ കാണുവാനായി അദ്ദേഹത്തിന് ആണ്ടില്‍ ഒരു ദിവസം നല്കി. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഹാബലി നാടുകാണാന്‍ എത്തുന്നു എന്നാണു സങ്കല്പം.
ചിങ്ങമാസത്തിലെ അത്തം നാളില്‍ ഓണാഘോഷങ്ങളള്‍ ആരംഭിക്കുന്നു. വീട്ടുമുറ്റത്തു പൂക്കളമൊരുക്കി ഓരോ ദിവസവും ഓരോ പുഷ്പ വലയം കൂട്ടിച്ചേര്‍ത്തു വികസിപ്പിക്കുന്നു. കൊയ്തെടുക്കുന്ന നെല്ലിന്‍റെ വിഹിതം 'വല്ലി'യായി പങ്കിട്ട് 'മനുഷ്യരെല്ലാരും ഒന്നുപോലെ ' എന്നുപാടി, അണിയിച്ചിരുത്തിയ തൃക്കാക്കരയപ്പനു വിഭവങ്ങള്‍ വിളമ്പി, നാട്ടിന്‍പുറം നൃത്തത്തില്‍ ലയിക്കുന്നു. കാരണവര്‍ നല്കുന്ന ഓണ കാഴ്ചയും തിരുവോണനാളിലെ ഓണസദ്യയും ഊഞ്ഞാലാട്ടവും തിരുവാതിരകളിയുമെല്ലാം ഈ കേരളോത്സവത്തിന്‍റെ പ്രത്യേകതകളാണ്. സ്ഥിതി സമത്വവും പ്രജാസന്തുഷ്ടിയും നിലനിര്‍ത്തിവന്ന ഒരു ഭരണകര്‍ത്താവ് 'മഹാബലി'യായിത്തീര്‍ന്നതിന്‍റെ ഓര്‍മ്മ ഓണാഘോഷങ്ങള്‍ കേരളീയരില്‍ ഉണര്‍ത്തുന്നു. ഇന്ന് ഓണം സമുദായ മൈത്രിയുടെ പുണ്യദിനമായിത്തീര്‍ന്നിട്ടുണ്ട്.
ചിങ്ങമാസത്തില്‍ വെളുത്ത പക്ഷത്തിലെ നാലാം ദിവസമാണു ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. വിനായക ചതുര്‍ത്ഥി എന്നും ഇതിനുപേരുണ്ട്. 'മറ്റാരും നായകനായിട്ടില്ലാത്ത ദേവന്' എന്ന അര്‍ത്ഥത്തിലാണ് ഗണപതിയെ വിനായകന്‍ എന്നുവിളിക്കുന്നത്. ഗജമുഖമുള്ള ദേവന്‍റെ ജനനത്തെ അനുസ്മരിക്കുന്നതാണ് ഈ ഉത്സവം. അഗാധബുദ്ധിയുടേയും ദീര്‍ഘദൃഷ്ടിയുടേയും പ്രതീകമായ ഗണപതി തുമ്പിക്കൈയോടുകൂടിയ ഗജമുഖവും ഒറ്റകൊമ്പും വലിയ വയറുമുള്ള രൂപത്തിലാണ് ചിത്രീകരിക്കപ്പെടുന്നത്. ഗണപതിയുടെ ഉത്പത്തിയെക്കുറിച്ചു ഭിന്നാഭിപ്രായങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും, ശിവന്‍റെയും പാര്‍വ്വതിയുടെയും പുത്രനാണു ഗണപതി എന്നു പൊതുവേ കരുതപ്പെടുന്നു.
ഗണേശ ചതുര്‍ത്ഥിയോടു ചേര്‍ന്ന് ക്ഷേത്രങ്ങളില്‍ ഗണപതിപൂജ നടത്തുക പതിവാണ്. മോദക (കൊഴുക്കട്ട) മാണ് ഈ പൂജയിലെ പ്രധാന നൈവേദ്യം. ഉത്സവദിവസം ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പൂജ സമയത്ത് അര്‍പ്പിക്കുന്ന നൈവേദ്യം ഗണപതി സ്വീകരിക്കുന്നുവെന്നാണു സങ്കല്പം. ഭക്തര്‍ തങ്ങളുടെ ദേഹവും ദേഹിയും ഗണപതിഭഗവാനു സമര്‍പ്പിക്കുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. വിഘ്നേശ്വരനായ ഗണപതിഭഗവാന്‍ ജീവിതത്തിലെ എല്ലാവിധ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നീക്കുമെന്ന വിശ്വാസം ഹിന്ദുക്കള്‍ക്കുണ്ട്.
മാഘമാസത്തില്‍ നദികളില്‍ നടത്തുന്ന പുണ്യസ്നാനവും അതിനോടു ബന്ധപ്പെട്ട ഉത്സവമാണു കുംഭമേള. അലഹബാദിലെ ത്രിവേണിയിലും ഹരിദ്വാറിലെ ഗംഗാനദിയിലും ഉജ്ജിയിനിലെ ക്ഷിപ്ര നദിയിലും നാസാക്കിലെ ഗോദാവരിയിലുമാണ് പുണ്യ സ്നാനം നടത്തുന്നത്. ആദ്യകാലങ്ങളില്‍ ഉര്‍വരതാനുഷ്ഠാനമായി കുംഭത്തില്‍ നിറച്ച വിത്ത് നദിയില്‍ നനയക്കാന്‍ കൊണ്ടുവന്നിരുന്നു. ഇതില്‍നിന്നാണ് പില്‍ക്കാലത്തു മേളയുണ്ടായത്. ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ സമ്മേളിക്കുന്ന മതപരമായ ചടങ്ങ് കുംഭമേളയാണ്. എല്ലാ വര്‍ഷവും കുംഭമേള നടത്താറുണ്ടങ്കിലും മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മഹാകുംഭമേളയാണു പ്രധാനപ്പെട്ടത്. അതിലും പ്രാധാന്യം പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മേളയാണ്. കുംഭമേളയില്‍ പങ്കെടുക്കുവാന്‍ വേണ്ടി നടത്തുന്ന തീര്‍ത്ഥയാത്ര ഏറ്റവുമധികം അനുഗ്രഹദായകമായിട്ടാണു ഹൈന്ദവര്‍ കരുതുന്നത്. കഴിഞ്ഞ കാലങ്ങളില്‍ വന്നുപോയിട്ടുള്ള വീഴ്ചകള്‍ എത്ര വലുതാണെങ്കിലും അനുപാതമുള്ള ഹൃദയത്തോടെ ഈ അവസരങ്ങളില്‍ സ്നാനം ചെയ്താല്‍ ആത്മശുദ്ധി ലഭിക്കുകയും മോക്ഷപ്രാപ്തിക്ക് അര്‍ഹരാകുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു.
Hinduism primitive religions mananthavady diocese catholic malayalam hindu Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206