We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. Isaac Alappatt On 09-Feb-2021
പരിശുദ്ധ ത്രിത്വത്തിന് എതിരായ പാഷണ്ഡതകള്‍
ത്രിത്വൈകദൈവത്തെക്കുറിച്ച് ക്രിസ്തുവെളിപ്പെടുത്തിയ സത്യങ്ങളാണ് ക്രിസ്തീയവിശ്വാസത്തിന്‍റെ അടിത്തറ. വിശ്വാസം ഒന്നുകൊണ്ടുമാത്രം എത്തിച്ചേരാന്‍ കഴിയുന്ന ആ ദൈവികരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ മനുഷ്യന്‍റെ പരിമിതമായ ബുദ്ധി കാലാകാലങ്ങളില്‍ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്‍റെ ഫലമായി ക്രിസ്തുവിന്‍റെ പഠനങ്ങള്‍ക്ക് നിരക്കാത്ത, അതായത്, സത്യവിശ്വാസത്തിന് വിരുദ്ധമായ വിശദീകരണങ്ങള്‍, നിഗമനങ്ങള്‍ എന്നിവ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പ.ത്രിത്വത്തെക്കുറിച്ച് പാരമ്പര്യസഭ പഠിപ്പിക്കുന്നതില്‍നിന്നും വ്യത്യസ്തമായ അത്തരം തെറ്റായ പഠനങ്ങളെ ത്രിത്വത്തിനെതിരായ പാഷണ്ഡതകള്‍ എന്ന് പറയുന്നു.
ദൈവം സ്വഭാവത്താല്‍ (സത്തയില്‍) ഒരുവനാണെന്നും "ആള്‍ വക"യില്‍ പിതാവ്, പുത്രന്‍, പ.അരൂപി എന്നിങ്ങനെ മൂന്നാണെന്നുമാണ് ക്രിസ്തു വെളിപ്പെടുത്തിയതിനെ അടിസ്ഥാനമാക്കി കത്തോലിക്കാ സഭ അസന്ദിഗ്ദമായ ഭാഷയില്‍ പഠിപ്പിക്കുന്നത്. ഒന്നാമത്തെ ആള്‍ പിതാവാകുന്നത് താന്‍ ആരംഭമില്ലാത്തവന്‍ ആക കൊണ്ടും പുത്രന്‍റെയും പ.ആത്മാവിന്‍റെയും ഉറവ് (ഉത്ഭവഹേതു) ആയതുകൊണ്ടുമാണ്. രണ്ടാമത്തെ ആള്‍ പുത്രനാകുന്നത് പിതാവില്‍നിന്നും ജനിക്കുന്നതുകൊണ്ടാണ്. പ. അരൂപി പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നതുകൊണ്ട് ത്രിത്വത്തിന്‍റെ മൂന്നാമത്തെ ആള്‍ ആകുന്നു. പുത്രന്‍റെയും പ. അരൂപിയുടെയും ഈ ഉത്ഭവപ്രക്രിയ അനാദിമുതലുള്ളതായതുകൊണ്ട് പിതാവും പുത്രനും പ.അരൂപിയും ഒന്നുപോലെ അനാദിയായിരിക്കുന്നു. ഇവര്‍ തമ്മില്‍ മുമ്പും പിമ്പും ഇല്ല എന്ന് സഭ പഠിപ്പിക്കുന്നു. മൂവര്‍ക്കും ഒരേ ദൈവസ്വഭാവം തന്നെയുള്ളതുകൊണ്ട് ഒരു ദൈവം മാത്രമേയുള്ളൂ. ആ ദൈവത്തെ ത്രിയേക ദൈവമെന്നു പറയാം. മൂവര്‍ക്കും ഒരേ ബോധജ്ഞാനവും ഒരേ ശക്തിയും ഒരേ മഹത്ത്വവും ഉണ്ടായിരിക്കുന്നതുകൊണ്ട് മൂവരും തമ്മില്‍ അറിവിന്‍റെയും ശക്തിയുടെയും കാര്യത്തില്‍ ഭേദമില്ലെന്നതുമാണ് സഭയുടെ പഠനം.
ആരംഭകാലത്തെ, പ്രത്യേകിച്ച്, രണ്ടാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ദൈവശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ ശ്രദ്ധ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ത്രിയേകദൈവത്തിലുള്ള വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിലാണ്. ഗ്നോസ്റ്റിക്കുകളുടെ ആക്രമണം ശക്തമായിരുന്ന ആ കാലത്ത് അത് വളരെ ആവശ്യവുമായിരുന്നു. അക്കാലത്തെ ഒരു സമുന്നത ചിന്തകനായ അന്ത്യോക്യായിലെ തെയോഫിലസാണ് 180-ാം ആണ്ടില്‍ "ത്രിത്വം" (Trinity) എന്ന പദം ആദ്യമായി പ്രയോഗിച്ചതുതന്നെ. എന്നാല്‍ ആ കാലഘട്ടത്തില്‍ത്തന്നെ അഡോപ്ഷനിസം (Adoptionism) എന്ന ഒരു വലിയ പാഷണ്ഡത പൊട്ടിപ്പുറപ്പെട്ടു.
അഡോപ്ഷനിസം (Adoptionism)
ക്രിസ്തു, ത്രിത്വത്തിലെ രണ്ടാം ആളായ പുത്രന്‍ തമ്പുരാനല്ല ദൈവത്തിന്‍റെ ദത്തുപുത്രന്‍ മാത്രമാണെന്ന് അഡോപ്ഷനിസ്റ്റുകള്‍ പഠിപ്പിച്ചു. അങ്ങനെ ഇക്കൂട്ടര്‍ ക്രിസ്തുവിന്‍റെ ദിവ്യത്വവും ദൈവത്തിന്‍റെ മനുഷ്യാവതാരവും നിഷേധിച്ചു. ബൈസാന്‍സിയാക്കാരനും തോല്‍ക്കച്ചവടക്കാരനുമായ ഒരു തെയോഡോട്ടസ് ആണ് ഈ പാഷണ്ഡതയുടെ മുഖ്യപ്രചാരകന്‍. അദ്ദേഹത്തെ വിക്റ്റര്‍ ഒന്നാമന്‍ പാപ്പ മഹറോന്‍ ചൊല്ലുകയുണ്ടായി. ബാങ്കര്‍ ആയ മറ്റൊരു തെയഡോട്ടസും ആര്‍ട്ടമോന്‍ എന്നൊരാളും ഈ പാഷണ്ഡത പ്രചരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്.
സബേള്ളിയനിസം (Sabellianism)
ത്രിത്വത്തിനെതിരായ മറ്റൊരു വലിയ പാഷണ്ഡതയാണ് സബേള്ളിയൂസ് എന്നൊരാള്‍ പ്രധാനമായി പ്രചരിപ്പിച്ച സബേള്ളിയനിസം അല്ലെങ്കില്‍ "മൊണാര്‍ക്കിയനിസം" (Monarchism). സത്യത്തില്‍ നൊയേറ്റസ് (Noetus) എന്നൊരാളാണ് ഇതിന്‍റെ ആരംഭകന്‍. അധികം താമസിയാതെ പ്രാക്സെയാസ് (Praxeas) എന്നൊരാള്‍ ഈ വലിയ പാഷണ്ഡതയുടെ പിതൃത്വം ഏറ്റെടുത്തു. പിന്നീടാണ്, അതായത് എ.ഡി 210 നുശേഷം സബേള്ളിയൂസ് (Sabellius) എന്ന ദൈവശാസ്ത്രജ്ഞന്‍ ഈ പാഷണ്ഡതയ്ക്ക് വ്യക്തമായ ദൈവശാസ്ത്രവിശദീകരണം കൊടുത്തതും ശാസ്ത്രീയപരിവേഷം നല്‍കി അവതരിപ്പിച്ചതും. ഇക്കൂട്ടരുടെ പഠനപ്രകാരം ദൈവത്തിന് ഒരു സ്വഭാവവും ഒരു വ്യക്തിത്വവുമേയുള്ളൂ. പിതാവ്, പുത്രന്‍, പരിശുദ്ധാരൂപി എന്നു പറയുന്നത് മൂന്ന് വ്യക്തികളല്ല, ദൈവത്തിന്‍റെ മൂന്നു പേരുകള്‍ മാത്രമാണ്. പിതാവുതന്നെയാണ് പ.കന്യാമറിയത്തില്‍നിന്നു മനുഷ്യ സ്വഭാവത്തോടെ പുത്രനെന്ന പേരില്‍ പ്രസംഗിച്ചു നടന്നതും പാടുപീഡകള്‍ അനുഭവിച്ചു മരിച്ചതും. അതുകൊണ്ട് അക്കാലത്തെ സത്യക്രിസ്ത്യാനികള്‍ ഇക്കൂട്ടരെ വിളിച്ചിരുന്നത് പാട്രിപാസിയന്‍ (Patripassians) അതായത് പിതാവ് കുരിശില്‍ തൂങ്ങിമരിച്ചു എന്നു പറയുന്നവര്‍ എന്നാണ്. ഇക്കൂട്ടര്‍ നേരത്തെ പറഞ്ഞ അഡോപ്ഷനിസത്തിന് എതിരാണ് എന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ മൂന്നാം നൂറ്റാണ്ടിലെ ഒരു മെത്രാനായ പോള്‍ സമോസോട്ട (paul Samosata) പരസ്പര വിരുദ്ധമായ മേല്പറഞ്ഞ രണ്ടു പാഷണ്ഡതകളും ഒരേ സമയം സ്വീകരിച്ച് പഠിപ്പിച്ച ആളാണ്. ഏതായാലും 268-ല്‍ അന്ത്യോക്യായില്‍ സമ്മേളിച്ച കൗണ്‍സില്‍ മേല്പറഞ്ഞ രണ്ടു പാഷണ്ഡതകളെയും ബിഷപ് സമോസോട്ടയേയും ശക്തിയായ ഭാഷയില്‍ ശപിച്ചു.
ആര്യന്‍ പാഷണ്ഡത (Arianism)
ത്രിത്വത്തിന് എതിരായ ഏതു പാഷണ്ഡതയും പ്രത്യക്ഷമായോ പരോക്ഷമായോ ക്രിസ്തുവിനെക്കുറിച്ചുള്ള സഭയുടെ പഠനങ്ങള്‍ക്കെതിരായ ഒരു പാഷണ്ഡതകൂടിയാകും എന്നത് സ്വാഭാവികം മാത്രമാണ്. അങ്ങനെ ഒരു കാലത്ത് ത്രിത്വത്തിനെതിരായും ക്രിസ്തുവിന്‍റെ ദൈവത്വത്തിനെതിരായും പഠിപ്പിച്ചുകൊണ്ട് സത്യവിശ്വാസത്തിന് വലിയ ഭീഷണി ഉയര്‍ത്തിയ ഒരു പാഷണ്ഡതയാണ് ആര്യന്‍ പാഷണ്ഡത. അലക്സാണ്ഡ്രിയ നഗരാതിര്‍ത്തിയിലുള്ള ബൗക്കാളിസ് (Baucalis) ഇടവകയുടെ വികാരിയായിരുന്ന ആരിയൂസ് എന്ന വൈദികന്‍റെ പേരില്‍നിന്നാണ് മൂന്നാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ പൊട്ടിമുളച്ച് നാലാം നൂറ്റാണ്ടില്‍ വളരെയേറെ ശക്തിയാര്‍ജ്ജിച്ച ഈ പാഷണ്ഡതയ്ക്ക് അതിന്‍റെ പേര് ലഭിച്ചത്. നേരത്തെ സൂചിപ്പിച്ചതുപോലെ മൂന്നാം നൂറ്റാണ്ടിലെ സഭയുടെ കര്‍ശന നടപടിയുടെ ഫലമായി സബേള്ളിയനിസം ഏതാണ്ട് അപ്രത്യക്ഷമായി. എന്നാല്‍ ക്രിസ്തു ദൈവത്തിന്‍റെ ദത്തുപുത്രന്‍ മാത്രമാണെന്നും ദൈവത്തിന് സമനല്ലെന്നും അവിടുത്തേയ്ക്ക് കീഴ്പ്പെട്ടവനാണെന്നും പഠിപ്പിക്കുന്ന അഡോപ്ഷനിസം എന്ന പാഷണ്ഡത അവസാനിച്ചില്ല. ആ പാഷണ്ഡതയുടെ മുഖ്യപ്രാണേതാക്കളില്‍ ഒരാളായ ബിഷപ് പോള്‍ സമോസോട്ടയെ 268-ല്‍ കൂടിയ അന്ത്യോക്യന്‍ കൗണ്‍സില്‍ ശപിച്ചെങ്കിലും ചില്ലറ വ്യതിയാനങ്ങളോടുകൂടി അത് പിന്നെയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അന്തിയോക്യാക്കാരനായ ലൂസിയന്‍ (Lucian) എന്നൊരു വൈദികന്‍ മേല്പറഞ്ഞ പാഷണ്ഡത പുതിയ വാക്കുകളില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ വെറും സൃഷ്ടിമാത്രമായ ക്രിസ്തുവിന്‍റെ ശരീരത്തിന് ജീവന്‍ നല്കുന്ന ആത്മാവിനെ മാറ്റി പകരം "ലോഗോസി"നെ (Logos) അഥവാ വചനത്തെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ക്രിസ്തുവിനെ ദൈവപുത്രന്‍ എന്ന് വിളിക്കുന്നത്. സത്യത്തില്‍ അവിടുന്ന് ദൈവത്തിന് സമനല്ല; സൃഷ്ടിമാത്രമാണ്. ഇങ്ങനെ ഒരു ദൈവശാസ്ത്രം പഠിപ്പിച്ചതുകൊണ്ട് ലൂസിയനാണ് ക്രിസ്തുവിനെ മനുഷ്യനായിമാത്രം കാണുന്ന ആര്യന്‍പാഷണ്ഡതയുടെ സത്യത്തിലുള്ള ഉപജ്ഞാതാവ്. പാഷണ്ഡത ആരിയൂസിന്‍റെ പേരില്‍ അറിയപ്പെടുന്നത് അദ്ദേഹം ഈ ചിന്താധാരയുടെ മുഖ്യപ്രചാരകനായതുകൊണ്ടാണ്.
എ.ഡി 256-ാം ആണ്ടിനോടടുത്ത് ഈജിപ്തിലാണ് ആരിയൂസ് ജനിച്ചത്. നല്ല സംഘടനാശേഷിയും വാഗ്മിത്വവും നേതൃകഴിവുകളുമൊക്കെ ഉണ്ടായിരുന്ന ഈ വൈദികന്‍ ഒരു കടുംപിടുത്തക്കാരനും തന്‍റേടിയുമായിരുന്നു. എ.ഡി 318-ല്‍ തന്‍റെ പഠനങ്ങളുടെ പേരില്‍ സ്ഥലത്തെ മെത്രാനായ അലക്സാണ്ടറുമായി അദ്ദേഹം ഭിന്നിച്ചു. സഭയുടെ വിശ്വാസങ്ങളിലേയ്ക്ക് തിരിച്ചുവരാന്‍ മെത്രാന്‍ വളരെ ക്ഷമാപൂര്‍വ്വം ഉപദേശിച്ചുവെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. അതിനെത്തുടര്‍ന്ന് അലക്സാണ്ടര്‍ മെത്രാന്‍ എ.ഡി 320- ല്‍ ഈജിപ്തിലേയും ലിബിയായിലേയും നൂറോളം വരുന്ന മെത്രാന്മാരെയെല്ലാം വിളിച്ചുകൂട്ടി കൗണ്‍സില്‍ കൂടി ആരിയൂസിനേയും അദ്ദേഹത്തിന്‍റെ പാഷണ്ഡതയേയും ശപിച്ചു. എന്നാല്‍ ആരിയൂസ് ഇതിനകം കുറെ അനുയായികളെ ഉണ്ടാക്കിയിരുന്നു. അവര്‍ കത്തോലിക്കരുമായി നിരന്തര സംഘര്‍ഷത്തിലേര്‍പ്പെടാന്‍ തുടങ്ങുകയും ചെയ്തു.
ആരിയൂസിന്‍റെ പഠനപ്രകാരം അനാദിയും ഏകനുമായ ദൈവം ഇല്ലായ്മയില്‍നിന്നും ആദ്യം "ലോഗോസി"നെ അതായത് "വചന"ത്തെ സൃഷ്ടിച്ചു. തുടര്‍ന്ന് ഈ പ്രപഞ്ചം സൃഷ്ടിക്കാനായി ദൈവം തന്‍റെ ആദ്യസൃഷ്ടിയായ ഈ ലോഗോസിനെ ഉപകരണമാക്കി. അതുകൊണ്ട്, ലോഗോസ് പ്രപഞ്ചത്തേക്കാള്‍ മുമ്പുള്ളതും അതിനേക്കാള്‍ ശ്രേഷ്ഠമായതുമാണ്. ക്രിസ്തു, ദൈവത്തിന്‍റെ ആദ്യ സൃഷ്ടിയും ദത്തുപുത്രനുമാണ്; പ. അരൂപി ക്രിസ്തുവിന് അധീനനാണ്. ഇങ്ങനെയൊക്കെ പോകുന്നു, ആരിയൂസിന്‍റെ പാഷണ്ഡപഠനങ്ങള്‍.
മനുഷ്യന് മനസ്സിലാക്കാന്‍ എത്രകണ്ട് എളുപ്പമുള്ളതും മനുഷ്യന് എത്രകണ്ട് സ്വീകാര്യവുമാണ് ഒരു ദൈവശാസ്ത്രവിശദീകരണം എന്നല്ല നാം നോക്കേണ്ടത്. മറിച്ച്, ക്രിസ്തുവിന്‍റെ പഠനങ്ങളോട് ഒരു വിശദീകരണം എത്രകണ്ട് വിശ്വസ്തത പുലര്‍ത്തുന്നു എന്നതാണ്. വി. ഗ്രന്ഥത്തില്‍നിന്നു വ്യക്തമായി മനസ്സിലാക്കാവുന്നതുപോലെ തന്നെക്കുറിച്ചുതന്നെയും പ.ത്രിത്വത്തെക്കുറിച്ചും ക്രിസ്തു അസന്ദിഗ്ദമായ ഭാഷയില്‍ വെളിപ്പെടുത്തിയിരിക്കുന്നവയോട് യോജിക്കുന്നവയല്ല ആരിയൂസിന്‍റെ പഠനങ്ങള്‍. പുതിയനിയമത്തിലെ മൊത്തത്തിലുള്ള സന്ദേശത്തിന്‍റെ പൊരുള്‍ ക്രിസ്തു ദൈവമാണെന്നും പിതാവിനോട് സമനാണെന്നുമാണ.് അതുകൊണ്ടാണ് ആ ആരംഭകാലഘട്ടത്തില്‍ ത്രിത്വത്തെക്കുറിച്ചുള്ള സത്യവിശ്വാസം സംരക്ഷിക്കാന്‍ അന്നത്തെ സഭ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചത്.
ആര്യന്‍പാഷണ്ഡത ശക്തിപ്പെട്ട ചുറ്റുപാടില്‍ അതിനെ നേരിടുന്നതിനുവേണ്ടി എ.ഡി 325-ല്‍ അന്നത്തെ റോമന്‍ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റെന്‍റൈന്‍റെ ആജ്ഞപ്രകാരം നിഖ്യാ (Nicaea) എന്ന സ്ഥലത്ത് ഒരു എക്യുമെനിക്കല്‍ കൗണ്‍സില്‍ സമ്മേളിച്ചു. ആ കൗണ്‍സിലാണ് ഇന്നും, കത്തോലിക്കാസഭയുള്‍പ്പടെ ഒട്ടുമിക്ക പാരമ്പര്യസഭകളും തങ്ങളുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള വിശ്വാസപ്രമാണം എഴുതിയുണ്ടാക്കി പ്രഖ്യാപിച്ചതും, ആര്യന്‍ പാഷണ്ഡതയെ ശക്തിയായ ഭാഷയില്‍ ശപിച്ചതും. നിഖ്യാവിശ്വാസപ്രമാണപ്രകാരം ലോഗോസ് അല്ലെങ്കില്‍ 'വചനം" പിതാവായ ദൈവവുമായി സമനാണ്. അവര്‍ സത്തയില്‍ ഒന്നാണുതാനും. അങ്ങനെ നാലാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഔദ്യോഗികസഭ ആര്യന്‍പാഷണ്ഡതയ്ക്കെതിരായി കര്‍ശന നടപടികള്‍ എടുത്തെങ്കിലും കാലാകാലങ്ങളില്‍ ചില വ്യത്യാസങ്ങളോടുകൂടി അത് പിന്നേയും പൊങ്ങിവന്നുകൊണ്ടിരുന്നു. അങ്ങനെ പൊങ്ങിവന്നവയെ മൊത്തത്തില്‍ അര്‍ദ്ധ ആര്യന്‍ പാഷണ്ഡതകള്‍ എന്ന് വിളിക്കുന്നു. നിരവധിയായ ഈ അര്‍ദ്ധ ആര്യന്‍പാഷണ്ഡതകള്‍ എല്ലാംതന്നെ ദൈവവുമായുള്ള ക്രിസ്തുവിന്‍റെ സമത്വം നിഷേധിക്കുന്നു. കൂടാതെ അവിടുന്ന് ദൈവത്തിന്‍റെ ഒരു സൃഷ്ടിമാത്രമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.
ആര്യന്‍പാഷണ്ഡതയ്ക്കെതിരെ വീറോടെ യുദ്ധംചെയ്ത് സത്യവിശ്വാസം സംരക്ഷിക്കാന്‍ മുന്നോട്ടു വന്നവരില്‍ അഗ്രഗണ്യന്‍ അലക്സാണ്ഡ്രിയായിലെ മെത്രാനായിരുന്ന അത്തനാസിയൂസാണ്. വിശ്വാസപ്രമാണം എഴുതിയുണ്ടാക്കിയ നിഖ്യാസൂനഹദോസ് സമ്മേളിച്ചിരുന്ന കാലത്ത് വി.അത്തനാസിയൂസ് ഒരു ഡീക്കന്‍ മാത്രമായിരുന്നു. എങ്കിലും അദ്ദേഹമാണ് വിശ്വാസപ്രമാണത്തിന്‍റെ രൂപരേഖ തയ്യാറാക്കിയതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. നിഖ്യാസൂനഹദോസിനുശേഷം ചേര്‍ന്ന പല കൗണ്‍സിലുകളും, വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ട, ആര്യന്‍പാഷണ്ഡ പ്രസ്ഥാനങ്ങളെ ശപിച്ചിട്ടുണ്ട്. ക്രിസ്തുവിനെ വെറും സൃഷ്ടിയായി മാത്രം കാണുന്ന ആര്യന്‍പാഷണ്ഡതയുടെ അവശിഷ്ടങ്ങള്‍ ഇക്കാലത്തുപോലും അങ്ങിങ്ങു കാണാം. ചില ആധുനിക സെക്റ്റുകളുടെ അടിവേരു കിടക്കുന്നത് ആ പഴയ ആര്യന്‍ പാഷണ്ഡതയിലാണ്. പുതിയ കുപ്പായമിട്ട ആ പഴയ പാഷണ്ഡത ഇന്നുമുണ്ടെന്ന് ചുരുക്കം.
ഫൊത്തീനിയാനിസം (Photinianism)
ഏതെങ്കിലും ഒരു തെറ്റിനോട് പ്രതികരിച്ചുപ്രതികരിച്ച് അതിരുവിട്ട് നേരെ വിപരീതധ്രുവത്തിലെ തെറ്റില്‍ച്ചെന്ന് വീഴുക എന്നത് സാധാരണമാണ്. അതിനൊരു ഉദാഹരണമാണ് ഫൊത്തീനിയാനിസം. അന്‍സീറാ (Ancyra) യുടെ മെത്രാനായ മാര്‍സെലസ് ആര്യന്‍പാഷണ്ഡതയ്ക്കെതിരായി യുദ്ധം ചെയ്ത് ത്രിത്വത്തില്‍ മൂന്നാളുകള്‍ ഉണ്ട് എന്നത് നിഷേധിക്കുന്ന "സബേളിയനിസ"ത്തില്‍ ചെന്ന് വീഴുകയുണ്ടായി. പിന്നീട് മറ്റൊരു മെത്രാനായ ഫൊത്തീനൂസും (Photinus) അതേ തെറ്റുതന്നെ പഠിപ്പിച്ചു. ഈ നിയോസബേള്ളിയന്‍പാഷണ്ഡതയെ ഫൊത്തീനിയാനിസം എന്ന് പറയുന്നു.
മാസിഡോണിയന്‍ പാഷണ്ഡത (Macedonian)
നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ദൈവശാസ്ത്രചര്‍ച്ച, പ്രധാനമായും ക്രിസ്തുവിന്‍റെ ദിവ്യത്വത്തെച്ചുറ്റിയായിരുന്നു. ആര്യനിസം അതിനെ നിഷേധിച്ചപ്പോള്‍ സത്യസഭ അതിനെ മുറുകെപ്പിടിച്ചു. അക്കാലത്ത് പ.അരൂപിയുടെ ദിവ്യത്വത്തെക്കുറിച്ച് നേരിട്ടുള്ള കാര്യമായ ചര്‍ച്ച ഉണ്ടായിരുന്നില്ല. ത്രിത്വത്തിന്‍റേത് ഏകദൈവികസത്തയാണെന്നത് നിഷേധിച്ചവര്‍ പരോക്ഷമായി പ. അരൂപിയുടെ ദിവ്യത്വവും നിഷേധിച്ചു എന്നത് ശരിയാണ്. ആര്യന്മാരും മിക്ക അര്‍ദ്ധആര്യന്മാരും പ. അരൂപിയുടെ ദൈവത്വം അങ്ങനെ നിഷേധിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ എ.ഡി 360 നോടുകൂടി മാത്രമാണ് പ.അരൂപിയുടെ ദിവ്യത്വവും ചൂടുപിടിച്ച ചര്‍ച്ചാവിഷയമായത്. ഒരു അര്‍ദ്ധ ആര്യനും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ മെത്രാനുമായിരുന്ന മാസിഡോണിയസ് പ. അരൂപിയുടെ ദിവ്യത്വം നിഷേധിച്ചു. അതിനെത്തുടര്‍ന്ന് അദ്ദേഹം എ.ഡി 360-ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ഈ മെത്രാന്‍റെ പേരില്‍നിന്നാണ് ഈ പാഷണ്ഡതയ്ക്ക് അതിന്‍റെ പേരു ലഭിച്ചത്. പിന്നീട് കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ സമ്മേളിച്ച കൗണ്‍സിലിന്‍റെ നടപടികളുടെയും അത്തനാസിയൂസ്, ഗ്രിഗറി നസിയാന്‍സന്‍ തുടങ്ങിയ പ്രഗത്ഭരുടെ അവിശ്രമപരിശ്രമങ്ങളുടെയും ഫലമായി ആര്യനിസവും അതിന്‍റെ വകഭേദമായ മാസിഡോണിയനിസവും ക്ഷയിച്ചുവന്നു. ഏഴാം നൂറ്റാണ്ടോടുകൂടി ആര്യനിസം ആ പേരില്‍ അസ്തമിക്കുകയും ചെയ്തു.
ഫാ. ഐസക് ആലപ്പാട്ട് (തിരുവചനം തെറ്റിദ്ധരിച്ചവര്‍)
Heresies against the Holy Trinity catholic malayalam Fr. Isaac Alappatt Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206