x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ യുഗാന്ത്യോന്മുഖ ദൈവശാസ്ത്രം

സ്വര്‍ഗ്ഗസൗഭാഗ്യം

Authored by : Mar Joseph Pamplany On 27-Jan-2021

സ്വര്‍ഗ്ഗസങ്കല്‍പ്പങ്ങള്‍

ജീവിതത്തില്‍ എപ്പോഴെങ്കിലും ദുഃഖദുരിതങ്ങളും സഹനങ്ങളും ക്ലേശങ്ങളുമില്ലാത്ത, നിത്യമായ സന്തോഷത്തിന്‍റെയും സൗഭാഗ്യത്തിന്‍റെയും  സ്വര്‍ഗ്ഗീയാനുഭവത്തെപ്പറ്റി ചിന്തിക്കുകയോ അതിനായി ആഗ്രഹിക്കുകയോ അതു പ്രതീക്ഷിക്കുകയോ ഒന്നുമല്ലെങ്കില്‍ സ്വപ്നം കാണുകയോ എങ്കിലും ചെയ്യുന്നവരാണ് എല്ലാ മനുഷ്യരും. ലോകത്തിലെ വിവിധ ജനപദങ്ങള്‍ക്ക് സ്വര്‍ഗ്ഗസൗഭാഗ്യത്തെപ്പറ്റി അവബോധമുള്ളതായി കാണുവാന്‍ കഴിയും. ഹിന്ദുമതം, ബുദ്ധമതം, സൊരവാസ് ട്രിയന്‍മതം, യഹൂദമതം, ഇസ്ലാംമതം, ക്രിസ്തുമതം എന്നിവയെല്ലാം പുനരുത്ഥാനത്തിലും സംതൃപ്തിയുടെയും സൗഭാഗ്യത്തിന്‍റെയും നികേതനമായ സ്വര്‍ഗ്ഗത്തിലും വിശ്വസിക്കുന്നു. ഓരോ മതവും വ്യത്യസ്തമായ രീതിയിലാണ് ഈ സങ്കല്പങ്ങള്‍ക്ക് രൂപഭാവങ്ങള്‍ നല്‍കിയിരിക്കുന്നത്.

നന്നായി ജീവിച്ചവര്‍ മരണശേഷം 'യമനാ'ല്‍ ഭരിക്കപ്പെടുന്നു എന്നാണ് പുരാതന ഹൈന്ദവ വിശ്വാസം. എല്ലാവിധ  സൗഭാഗ്യങ്ങളുടെയും നാടാണ് നല്ലവരുടെ വസതി. പില്‍ക്കാലഹൈന്ദവ ദര്‍ശനം, ഇന്ദ്രസ്വര്‍ഗ്ഗം, ശിവസ്വര്‍ഗ്ഗം, വിഷ്ണു സ്വര്‍ഗ്ഗം, കൃഷ്ണസ്വര്‍ഗ്ഗം, ബ്രഹ്മസ്വര്‍ഗ്ഗം എന്നിങ്ങനെ സ്വര്‍ഗ്ഗത്തിന്‍റെ അഞ്ചുനിലകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ബുദ്ധമതത്തിലെ മഹായാനവിഭാഗക്കാര്‍ സ്വര്‍ഗ്ഗത്തിന്‍റെ മൂന്നുനിലകളെപ്പറ്റി പ്രതിപാദിക്കുന്നു. ആഗ്രഹത്തിന്‍റെ വേദി (എല്ലാ സുഖസന്തോഷങ്ങളുടെയും സ്ഥലം) ധ്യാനത്തിലൂടെ പ്രാപിക്കാവുന്ന രൂപവേദി, നിര്‍വൃതിയുടെ അവസ്ഥയായ രൂപരഹിത വേദി എന്നിവയാണത്. പേര്‍ഷ്യന്‍ വിശ്വാസമനുസരിച്ച് ദൈവത്തോടൊന്നിച്ചുള്ള വാസമാണ് സ്വര്‍ഗ്ഗം. ഗ്രീക്കുകാര്‍ ഒരു അധോലോകമാണ് സ്വര്‍ഗ്ഗത്തിന്‍റെ സങ്കേതമെന്ന് വിശ്വസിച്ചിരിക്കുന്നു. പൗരാണിക മതവിശ്വാസങ്ങളിലും, ഭാരതീയ വേദഗ്രന്ഥങ്ങളിലും, ഖുര്‍ആനിലും, ബൈബിളിലും സ്വര്‍ഗ്ഗസൗഭാഗ്യം കേന്ദ്ര ആശയമാണ്.

യുക്തിവാദത്തിന്‍റെയും സെക്കുലറിസത്തിന്‍റെയും മറ്റും സ്വാധീനത്താല്‍ ഇന്ന് വളരെയേറെ ചോദ്യം ചെയ്യപ്പെടുന്ന വിഷയമാണ് സ്വര്‍ഗ്ഗം, നരകം തുടങ്ങിയവയിലുള്ള വിശ്വാസം. കാല്പനിക കഥയുടെ വെളിച്ചത്തില്‍ മുന്‍കാലത്ത് ദൈവശാസ്ത്രജ്ഞന്മാര്‍ നല്‍കിയിരുന്ന വിവരണങ്ങള്‍ ഇന്നത്ര സ്വീകാര്യങ്ങളല്ല. പ്രസംഗങ്ങളിലും വര്‍ണ്ണനകളിലുമെല്ലാം മുന്‍കാലങ്ങളില്‍ സ്വര്‍ഗ്ഗീയ  ശാന്തിയെക്കാള്‍ മുന്‍തൂക്കം കൊടുത്തിരുന്നത് നരകാഗ്നിയുടെ ഭീകരതയ്ക്കായിരുന്നു. സച്ചരിതനായ ഒരുവന് ജീവിതവിജയത്തിനുള്ള പ്രതിഫലമായി സ്വര്‍ഗ്ഗസൗഭാഗ്യം ലഭിക്കുമെന്ന് സമര്‍ത്ഥിക്കുവാന്‍ മനുഷ്യബുദ്ധിക്കു കഴിഞ്ഞേക്കാം. എന്നാല്‍ അങ്ങനെ ഒരു സ്വര്‍ഗ്ഗമുണ്ടെന്ന് തെളിയിക്കുവാനോ അതിന്‍റെ സ്വഭാവം വിശദമാക്കുവാനോ മനുഷ്യമനിഷ അപര്യാപ്തമാണ്. സ്വര്‍ഗ്ഗമെന്ന രഹസ്യത്തെ അല്‍പമെങ്കിലും വ്യക്തമാക്കിത്തരാന്‍ ദൈവികവെളിപാടിനേ സാധ്യമാകൂ. ആകയാല്‍ സ്വര്‍ഗ്ഗത്തെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്ന് പരിശോധിക്കാം.

 സ്വര്‍ഗ്ഗം വി. ഗ്രന്ഥത്തില്‍

പഴയനിയമത്തില്‍

ദൈവപ്രസാദവരത്താല്‍ നീതീകരിക്കപ്പെട്ടവര്‍ക്ക് നിത്യസൗഭാഗ്യത്തിന്‍റെതായ ഒരു സ്വര്‍ഗ്ഗമുണ്ടെന്ന് പ്രതിപാദിക്കുന്ന ചുരുക്കം ചില ഭാഗങ്ങളെ പഴയനിയമത്തില്‍ കണ്ടെത്താന്‍ പറ്റൂ. സ്വര്‍ഗ്ഗത്തെ ദൈവത്തിന്‍റെ വസതിയായും (ആമോ 26:15) രക്ഷയുടെ സ്രോതസ്സായും എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായും (ഉല്പ 49:25, 1 രാജ. 8:83) വീക്ഷിക്കുന്ന ഭാഗങ്ങളുണ്ട്. സ്വര്‍ഗ്ഗം തുറന്ന് ദൈവം ഭൂമിക്ക് രക്ഷ കൈവരുത്തുന്ന ദിവസത്തെ, യഹൂദര്‍ പ്രത്യാശയോടെ പാര്‍ത്തിരുന്നു. വിജ്ഞാനഗ്രന്ഥത്തിന്‍റെ ചില ഭാഗങ്ങളിലെ സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള പ്രതിപാദനങ്ങള്‍ ശ്രദ്ധേയമാണ്. "നീതിമാന്‍ന്മാരുടെ ആത്മാക്കള്‍ ദൈവത്തിന്‍റെ കരങ്ങളിലാകുന്നു. അങ്ങില്‍ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും. സ്നേഹത്തില്‍ വിശ്വസ്തരായവര്‍ അവിടുത്തോടുകൂടെ വസിക്കും" (വിജ്ഞാ. 3:19). "നീതിന്മാര്‍ നിത്യം ജീവിക്കും. അവരുടെ വിചാരം കര്‍ത്താവിനെപ്പറ്റിയാണ്. അവരുടെ പ്രതിഫലവും കര്‍ത്താവിങ്കലത്രേ. മനോഹരമായ രാജ്യവും സുന്ദരമായ കിരീടവും കര്‍ത്താവില്‍ നിന്ന് അവര്‍ക്കു ലഭിക്കും. തന്‍റെ വലതുകരംകൊണ്ട് അവിടുന്ന് അവരെ രക്ഷിക്കും. തന്‍റെ പരിശുദ്ധ ഭുജംകൊണ്ട് അവരെ പരിപാലിക്കും" (വിജ്ഞാ. 5:16-17). ദുഷ്ടരും ശിഷ്ടരും ഉത്ഥിതരാകുമെന്നും അവരുടെ ഓഹരി വ്യത്യാസ പ്പെട്ടിരുക്കുമെന്നും ദാനിയേലിന്‍റെ പുസ്തകം പ്രതിപാദിക്കുന്നു. നിത്യജീവിതത്തെക്കുറിച്ച് ദാനിയേലിന്‍റെ പുസ്തകം ഇങ്ങനെ പഠിപ്പിക്കുന്നു. "ഭൂമിയിലെ പൊടിയില്‍ നിദ്രകൊള്ളുന്നവരില്‍ ചിലര്‍ നിത്യജീവനായും ചിലര്‍ നിത്യനിന്ദയ്ക്കായും ഉണരും" (ദാനി. 12:2). മക്കബായരുടെ രണ്ടാം പുസ്തകത്തില്‍ 'ദൈവത്തോടും അവിടുത്തെ നിയമങ്ങളോടും വിശ്വസ്ത പുലര്‍ത്തിയവര്‍ക്ക് പ്രതിസമ്മാനമായി നിത്യജീവനിലേക്കുള്ള ഉയിര്‍പ്പ് എന്ന് നാം വായിക്കുന്നു.

പഴയനിയമകാലത്തിനും പുതിയനിയമകാലത്തിനും ഇടയില്‍ നിലവിലിരുന്ന പ്രത്യേക ജീവിത-സാഹിത്യശൈലിയായ അപ്പോക്കാലിപ്റ്റിക് ചിന്താധാരകള്‍ സ്വര്‍ഗ്ഗത്തെയും മരണാനന്തര ജിവതത്തെയുംപറ്റി പല കാര്യങ്ങളും വിവരിക്കുന്നുണ്ട്. ഇക്കാലത്തു രചിക്കപ്പെട്ട രണ്ടു ഗ്രന്ഥങ്ങളാണ് 'ഏനോക്കിന്‍റെ രഹസ്യങ്ങളും', 'ഏനോക്കിന്‍റെ പുസ്തകവും' ഈ ഗ്രന്ഥങ്ങള്‍ വി. ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടവയല്ല എങ്കിലും പഴയനിയമത്തിലെയും പുതിയനിയമത്തിലെയും സ്വര്‍ഗ്ഗവിവരണങ്ങളില്‍നിന്ന് വ്യത്യസ്തമായ മറ്റൊരു ചിന്താധാരയും യഹൂദരുടെയിടയില്‍ നിലനിന്നിരുന്നു എന്നതിന് ഈ ഗ്രന്ഥങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അക്കാലഘട്ടത്തെ ചിന്താഗതിക്കും സംസ്ക്കാരത്തിനും അനുസൃതമായ, സ്വര്‍ഗ്ഗത്തെപറ്റിയുള്ള വര്‍ണ്ണനകള്‍ ഈ കൃതികളിലുമുണ്ട്. ഏനോക്കിന്‍റെ പുസ്തകത്തിലെ സ്വര്‍ഗ്ഗവര്‍ണ്ണനയുടെ ഒരു ഭാഗം നോക്കുക: "സ്വര്‍ഗ്ഗത്തിന്‍റെ മതിലുകള്‍  തിളങ്ങുന്ന  സ്ഫടികംകൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അതിന്‍റെ തട്ട് നക്ഷത്രവിതാനത്താല്‍ അലംകൃതമാണ്. അഗ്നിനാളങ്ങളാലാണ് അത് പണിതുയര്‍ത്തിയിരിക്കുന്നത്. അവിടെ ഉന്നതമായ ഒരു സിംഹാസനത്തില്‍ "മഹാമഹിമപ്രതാവാന്‍" ആസനസ്ഥനാണ്. സൂര്യനെ അതിശയിക്കുന്ന തേജസ്സോടെ പ്രശോഭിക്കുന്നതാണ് അവിടുത്തെ വസ്ത്രം. നീതിമാന്മാരുടെ നിത്യവാസസ്ഥലമായ സ്വര്‍ഗ്ഗം ഒരു അഭൗമ പറുദീസയാകുന്നു. അതിന്‍റെ മധ്യത്തിലുള്ള ജീവവൃക്ഷത്തിന്‍റെ വേരുകളില്‍നിന്ന് നാലു മഹാനദികള്‍ ഉത്ഭവിക്കുന്നു.  പാല്‍, തേന്‍, വീഞ്ഞ്, എണ്ണ എന്നിവയാണ് ഓരോ നദിയിലൂടെയും ഒഴുകുന്നത്. ഇവിടെയാണ് നീതിമാന്മാര്‍ വസിക്കുക..."

പുതിയ നിയമത്തില്‍ - സുവിശേഷങ്ങളില്‍

പ്രപഞ്ചത്തെപ്പറ്റിയുള്ള പഴയനിയമദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഭാവനാത്മക സങ്കല്‍പങ്ങളുടെ സഹായത്തോടെ പുതിയ നിയമവും സ്വര്‍ഗ്ഗത്തെപ്പറ്റി വളരെ പ്രതിപാദിക്കുന്നുണ്ട്. യേശുവിന്‍റെ വരവോടെ സ്വര്‍ഗ്ഗപ്രതീക്ഷ ഒരു യാഥാര്‍ത്ഥ്യമായി. ക്രിസ്തുവിന്‍റെ ശുശ്രൂഷാദൗത്യം ആരംഭിക്കുന്ന വിവരണം നല്‍കുമ്പോള്‍, സ്വര്‍ഗ്ഗം തുറക്കപ്പെട്ടതായി സുവിശേഷകന്‍ പ്രഖ്യാപിക്കുന്നു (മത്താ. 3:16). മനുഷ്യന് സ്വശക്തിയാല്‍ സ്വര്‍ഗ്ഗത്തിലേക്കുയരുക സാധ്യമല്ലാത്തതിനാല്‍, 'ദൈവം തന്‍റെ തിരുക്കുമാരനെ ലോകത്തിലേക്കയച്ചു'. 'അനേകം സഹോദരന്മാരില്‍ ആദ്യജാതനെന്നനിലിയില്‍ ക്രിസ്തു സ്വര്‍ഗ്ഗപിതാവിന്‍റെ സന്നിധിയിലേക്കു കരേറി'. അനുയായികള്‍ക്ക് സ്ഥലമൊരുക്കാനാണ് അവിടുന്നു, മുമ്പെ സ്വര്‍ഗ്ഗാരോഹണം ചെയ്തത്. അവിടുത്തെ സ്വര്‍ഗ്ഗാരോഹണം ഒരു നവയുഗപ്പിറവിയുടെ നാന്ദികുറിച്ചു. തന്‍റെ തിരഞ്ഞടുക്കപ്പെട്ടവരെ പിതാവിന്‍റെ ഭവനത്തിലേക്ക് അവിടുന്ന് സ്വാഗതം ചെയ്യുമെന്ന പ്രത്യാശയ്ക്ക് സ്വര്‍ഗ്ഗാരോഹണം ആരംഭമിട്ടു.

യുഗങ്ങള്‍ നീണ്ടുനില്‍ക്കുന്ന ജീവിതമാണ്, നിത്യജീവിതമാണ് നീതിമാന്‍മാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. സ്വജീവനെ പരിരക്ഷിക്കുവാന്‍ ശ്രമിക്കുന്നവന് അത് നഷ്ടമാകുമെന്നും ദൈവത്തെപ്രതി സ്വജീവന്‍ നഷ്ടമാക്കുന്നവന്‍ അത് കണ്ടെത്തുമെന്നും യേശു ഉദ്ഘോഷിച്ചു. നീതിമാന്മാര്‍ നിത്യജീവനിലേക്കു പ്രവേശിക്കുമെന്നാണ് യേശുവിന്‍റെ വാഗ്ദാനം. വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ജീവിതം കര്‍ത്താവുമായി ഐക്യം അനുഭവിക്കുന്ന ജീവിതമാണ്. അത് കര്‍ത്താവിന്‍റെ സന്തോഷത്തിലുള്ള ഭാഗഭാഗിത്വം തന്നെ. വിശ്വസ്തനായ ഭൃത്യനോട് യജമാനന്‍ പറയുന്ന വാക്കുകള്‍ ഇതു വ്യക്തമാക്കുന്നു: "കൊള്ളാം ഉത്തമനുംവിശ്വസ്തനുമായ ഭൃത്യാ, അല്പകാര്യങ്ങളില്‍ നീ വിശ്വസ്തനായിരുന്നതിനാല്‍ ഞാന്‍ നിന്നെ വലിയ കാര്യങ്ങളില്‍ അധികാരിയാക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തില്‍ പങ്കുകൊള്ളുക" (മത്താ. 25:21 -23).

വരാനിരിക്കുന്ന ദൈവരാജ്യത്തില്‍ നീതിമാന്‍മാര്‍ക്കു ലഭിക്കുന്ന സന്തോഷപൂര്‍ണ്ണമായ ദൈവൈക്യത്തെ സൂചിപ്പിക്കുവാന്‍ മെസ്സയാനിക വിരുന്നിന്‍റെ സാദൃശ്യമാണ് സമാന്തര സുവിശേഷങ്ങളില്‍ കാണുന്നത്. അന്ത്യഅത്താഴ സമയത്ത് യേശു ശിഷ്യന്മാരോട് സംസാരിക്കുമ്പോഴും ഇത് വ്യക്തമാക്കുന്നു. "ദൈവരാജ്യത്തില്‍വെച്ച് നവമായി പാനം ചെയ്യുന്നതുവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്ന് ഞാന്‍ പാനം ചെയ്കയില്ലെന്ന് സത്യമായി നിങ്ങളോട് പറയന്നു" (മക്കോ. 14:25). പത്തുകന്യകകളുടെ ഉപമയിലും മഹാവിരുന്നിന്‍റെ ഉപമയിലും സ്വര്‍ഗ്ഗരാജ്യത്തെ, ഭാവിവിരുന്നായി ചിത്രീകരിക്കുന്നു. മാനവ ഐക്യം പുനഃസ്ഥാപിക്കപ്പെടുന്നത് സ്വര്‍ഗ്ഗരാജ്യത്തിലാണ്. "കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ ഭക്ഷണത്തിനിരിക്കുന്ന "(മത്താ. 8:11) മെസ്സയാനിക യുഗമാണത്.

യോഹന്നാന്‍റെ സുവിശേഷത്തില്‍, സ്വര്‍ഗ്ഗരാജ്യത്തെ നിത്യജീവനോട് തുലനം ചെയ്തിരിക്കുന്നു. ക്രിസ്തുവിനോടുള്ള മനോഭാവത്തെ ആശ്രയിച്ച് ഓരോരുത്തനും ഇപ്പോള്‍ ലഭ്യമാകുന്ന ഒന്നാണ് നിത്യജീവന്‍. "എന്‍റെ വാക്കുകള്‍ കേട്ട് എന്നെ അയച്ചവനില്‍ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്... അവന്‍ മരണത്തില്‍നിന്ന് നിത്യജീവനിലേക്കു പ്രവേശിച്ചു കഴിഞ്ഞു" (യോഹ. 5:24) എന്ന് യേശു പ്രഖ്യാപിക്കുന്നു. "ഏക സത്യദൈവമായ നിന്നെയും നീ  അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍" (യോഹ. 17:3). സെന്‍റ് ജോണിന്‍റെ ഭാഷയില്‍ ദൈവം തന്‍റെ പുത്രനെ അയച്ചത് "അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടിയത്രെ" (യോഹ. 3:16). ശാരീരിക മരണത്തിന് നിത്യജീവനെ നശിപ്പിക്കുക സാധ്യമല്ല. ക്രിസ്തുവില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും (യോഹ. 11:25).

എല്ലാവരും ദൈവമക്കളാകുവാന്‍ വിളിക്കപ്പെട്ടവരാണ്. ദൈവമക്കളെന്ന സ്ഥാനം ഭൂമിയില്‍തന്നെ നല്‍കപ്പെട്ടിരിക്കുന്ന ദാനമാണ്. യോഹന്നാന്‍റെ ഒന്നാം ലേഖനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: "നാമിപ്പോള്‍ ദൈവപുത്രരാണ്. ഭാവിയില്‍ എന്തായിത്തീരുമെന്ന് നമുക്കിപ്പോള്‍ വ്യക്തമായി വെളിപ്പെട്ടിട്ടില്ല. പക്ഷേ നമുക്ക് ഒന്നറിയാം. അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപോലെയാകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും" (1 യോഹ. 3:2).

വി. പൗലോസ്

'സ്വര്‍ഗ്ഗഭാഗ്യത്തെ അനശ്വരമായ കിരീട'മായിട്ടാണ് പൗലോസ് അപ്പലസ്തോലന്‍ കാണുന്നത് (1 കോറ. 9:25) ഓരോ മനുഷ്യനും തന്‍റെ അധ്വാനത്തിന് അനുസൃതമായ പ്രതിഫലം ലഭിക്കുമെന്നും നീതിമാന്മാര്‍ നിത്യജീവന്‍ അവകാശമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദൈവം, തന്നെ സ്നേഹിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന മോക്ഷാനന്ദത്തെപ്പറ്റി മനുഷ്യനു സങ്കല്‍പ്പിക്കാന്‍കൂടി കഴിയില്ല. അദ്ദേഹം എഴുതുന്നു: "തന്നെ സ്നേഹിക്കുന്നവര്‍ക്കായി ദൈവം സജ്ജമാക്കിയിരിക്കുന്നത് കണ്ണുകണ്ടിട്ടില്ല, കാതു കേട്ടിട്ടില്ല, മനുഷ്യഹൃദയങ്ങളില്‍ പ്രവേശിച്ചിട്ടുമില്ല" (1കോറി. 2:9).

ദൈവത്തോടുകൂടി ദൈവത്തിലായിരിക്കുന്ന അനുഭവമാണ് സ്വര്‍ഗ്ഗം. ദൈവത്തെ അഭിമുഖം ദര്‍ശിക്കുവാന്‍ കഴിയുമെന്നതാണ് സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിന്‍റെ സവിശേഷത. ഈ ലോകത്തില്‍ ദൈവത്തെപ്പറ്റി അവ്യക്തവും പരിമിതവുമായ അറിവേ നമുക്കുള്ളൂ. "ഇപ്പോള്‍ കണ്ണാടിയിലൂടെ അവ്യക്തമായിക്കാണുന്നു. അപ്പോഴാകട്ടെ മുഖത്തോടുമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു. അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണ്ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണ്ണമായി അറിയും"  (1കോറി. 13:12). ഈ ലോകത്തായിരിക്കുമ്പോള്‍ വിശ്വാസമെന്ന മാധ്യമത്തിലൂടെയാണ് നാം ദൈവത്തെ അറിയുക. സ്വര്‍ഗ്ഗത്തില്‍ വിശ്വാസത്തിന്‍റെ ആവശ്യമില്ല. വിശ്വാസവിഷയങ്ങളായ കാര്യങ്ങളെ നാം നേരിട്ടനുഭവിക്കുകയാണ്. ഈ ലോകത്തില്‍ വിശ്വാസം, ശരണം സ്നേഹം എന്നീ പുണ്യങ്ങളിലൂടെയാണ് നാം ദൈവത്തോട് സമ്പര്‍ക്കം പുലര്‍ത്തുന്നതും ദൈവവുമായി ഐക്യപ്പെടുന്നതും. സ്വര്‍ഗ്ഗത്തില്‍ ദൈവസാക്ഷാത്ക്കാരം ലഭ്യമാകുന്നതിനാല്‍ വിശ്വാസവും പ്രതീക്ഷയും ഇല്ലാതാകുകയും സ്നേഹം മാത്രം (അതിന്‍റെ സമ്പൂര്‍ണ്ണതയില്‍) നിലനില്‍ക്കുകയും ചെയ്യും).

വളരെ സങ്കീര്‍ണ്ണമാണ് സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള വേദപുസ്തക പരാമര്‍ശങ്ങള്‍. അവ പൂര്‍ണ്ണമായി വ്യാഖ്യാനിച്ചപഗ്രഥിക്കുക ദുഷ്കരവുമാണ്. നിത്യവാസസ്ഥലം, പറുദീസാ, സ്വര്‍ഗ്ഗീയ ജറുസേലം, ദൈവത്തിന്‍റെ വാസസ്ഥലം, വിശുദ്ധരുടെ വീട് തുടങ്ങിയവയും, കര്‍ത്താവിനോടുകൂടെ ആയിരിക്കുക, ക്രിസ്തുവുമായി ഐക്യപ്പെടുക, ദൈവത്തിന്‍റെ സിംഹാസനത്തിന് മുമ്പില്‍ ആയിരിക്കുക തുടങ്ങിയവയുമെല്ലാം സ്വര്‍ഗ്ഗത്തെയും സ്വര്‍ഗ്ഗീയജീവിതത്തെയും ദ്യോതിപ്പിക്കുവാന്‍ വി. ഗ്രന്ഥം ഉപയോഗിക്കുന്ന പ്രതീകങ്ങളും സംജ്ഞകളുമാണ്. ഭാവനകളാല്‍ മെനഞ്ഞെടുത്ത് യുഗാന്ത്യദര്‍ശനമാണ് ഇത്തരം സംജ്ഞകളില്‍ നിഴലിക്കുക. അവ ഭാവിയാഥാര്‍ത്ഥ്യങ്ങളെ യഥാതഥം കുറിക്കുന്നവയാകണമെന്നില്ല. ദൈവത്തിന്‍റെയും അവിടുത്തെ മാലാഖമാരുടെയും വിശുദ്ധരുടെയും നിത്യസായൂജ്യസങ്കേതമായി, പൂര്‍ണ്ണതയുടെയും രക്ഷയുടെയും ആനന്ദത്തിന്‍റെയും അനശ്വര പ്രതീകമായി ഇവിടെ സ്വര്‍ഗ്ഗത്തെ ആവിഷ്ക്കരിച്ചിരിക്കുന്നു. വാച്യാര്‍ത്ഥത്തിലെടുക്കാതെ അവതരണത്തിന് ഉപയോഗിച്ചിരിക്കുന്ന ആലങ്കാരികഭാഷയായി ഇവയെ പരിഗണിക്കേണ്ടതാണ്.

 സഭാപ്രബോധനം

സ്വര്‍ഗ്ഗ സൗഭാഗ്യത്തെക്കുറിച്ചുള്ള സഭയുടെ പഠനങ്ങളെന്തെന്നു നോക്കാം.  രണ്ടാം ലിയോണ്‍സ് കൗണ്‍സില്‍ (1274), "ജ്ഞാനസ്നാനം സ്വീകരിച്ചശേഷം യാതൊരു പാപക്കറയും സ്പര്‍ശിച്ചിട്ടില്ലാത്തവരും പാപത്താല്‍ മലിനമായശേഷം ആ മാലിന്യത്തില്‍ നിന്നെല്ലാം ശുദ്ധീകരിക്കപ്പെട്ടവരും സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെടുമെന്ന്" പഠിപ്പിക്കുന്നു. ഫ്ളോറെന്‍സിലെ എക്യുമെനിക്കല്‍ സൂനഹദോസും സ്വര്‍ഗ്ഗത്തെപ്പറ്റി വ്യക്തമായി പഠിപ്പിക്കുന്നു: "ജ്ഞാനസ്നാനം സ്വീകരിച്ചശേഷം യാതൊരുവിധ പാപക്കറയും സ്പര്‍ശിച്ചിട്ടില്ലാത്തവരും പാപത്താല്‍ മലിനമായശേഷം ഭൂമിയില്‍ ശരീരത്തോടുകൂടി ആയിരിക്കുമ്പോഴോ മരണശേഷമോ പാപക്കറയില്‍നിന്ന് ശുദ്ധീകൃതരായവരും മോക്ഷത്തില്‍ ഉടനടി സ്വീകരിക്കപ്പെടുന്നു. അവര്‍ക്കു ത്രിയേകദൈവത്തെ, അവിടുത്തെ തനിരൂപത്തില്‍ വ്യക്തമായി കാണുവാന്‍ സാധിക്കും. തങ്ങള്‍ സമ്പാദിച്ചിട്ടുള്ള പുണ്യയോഗ്യതകളുടെ ഏറ്റക്കുറവനുസരിച്ച് അവര്‍ക്ക് ദൈവദര്‍ശനം ലഭിക്കും".

1336-ല്‍ ബെനഡിക്ട് പന്ത്രണ്ടാമന്‍ പാപ്പാ തന്‍റെ ശ്ലൈഹികാധികാരമുപയോഗിച്ച് ഇപ്രകാരം നിര്‍വ്വചിച്ചു പഠിപ്പിച്ചു: ശുദ്ധീകരണം ആവശ്യമില്ലാത്ത എല്ലാ ആത്മാക്കളും, ആവശ്യമെങ്കില്‍ അതു കഴിഞ്ഞവരും തങ്ങളുടെ മരണശേഷം ക്രിസ്തുവിനോടും വിശുദ്ധരായ മാലാഖമാരുടെ ഗണത്തോടുംകൂടെ സ്വര്‍ഗ്ഗത്തില്‍ ദൈവസത്തയെത്തന്നെ അഭിമുഖം ദര്‍ശിക്കുന്നു. വളരെ വ്യക്തവും പൂര്‍ണ്ണവും മറ്റു മാധ്യമങ്ങളുടെയൊന്നും സഹായമില്ലാത്തതുമായ ഈ ദൈവദര്‍ശനം അവര്‍ണ്ണനീയമായ ആനന്ദവും സൗഭാഗ്യവും പ്രദാനം ചെയ്യുന്നതും നിത്യവുമാകുന്നു"  (C.F.n.  2305). പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ 1943ല്‍ പ്രസിദ്ധപ്പെടുത്തിയ "മൗതീകശരീരം" എന്ന വിശ്വലേഖനത്തില്‍, "സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന ദൈവദര്‍ശനത്തില്‍ ആത്മാവ് അതിസ്വാഭാവികമായ ഒരു പ്രകാശത്താല്‍ ഉയര്‍ത്തപ്പെടുന്നതുമൂലം അതിന്‍റെ ദൃഷ്ടികള്‍ക്കും ശക്തികള്‍ക്കും പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നേരിട്ടു കാണുന്നതിനും പരിശുദ്ധവും അവിഭാജ്യവുമായ ത്രിത്വം അനുഭവിക്കുന്ന സൗഭാഗ്യത്തിന് സദൃശമായ സ്വര്‍ഗ്ഗസൗഭാഗ്യം അനുഭവിക്കുന്നതിനും ഇടയാകുമെന്ന്" പഠിപ്പിക്കുന്നു. വിശ്വാസസംരക്ഷണത്തിനായുള്ള തിരുസംഘം 1979 മെയ് മാസത്തില്‍ എല്ലാ മെത്രാന്മാര്‍ക്കും അയച്ചുകൊടുത്ത കത്തിലും നീതിമാന്മാരുടെ സ്വര്‍ഗ്ഗ സൗഭാഗ്യത്തിലുള്ള സഭയുടെ വിശ്വാസം അവര്‍ത്തിച്ചു പ്രകടമാക്കിയിട്ടുണ്ട്.

നിത്യമായ ആനന്ദവും ആഹ്ലാദവും നിറഞ്ഞുനില്‍ക്കുന്ന മോക്ഷം അഥവാ സ്വര്‍ഗ്ഗം ഉണ്ടെന്നും അത് ദൈവത്തിന്‍റെ വാസസ്ഥലമാണെന്നും അവിടെ ദൈവമഹത്വം ഉജ്ജ്വലമായി പ്രകാശിക്കുന്നുവെന്നും തിരുസ്സഭപഠിപ്പിക്കുന്നു. ക്രിസ്തുനാഥന്‍ ഉത്ഥിതശരീരത്തോടെ 'ആരോഹണം ചെയ്തത്' സ്വര്‍ഗ്ഗത്തിലേയ്ക്കാണ്. വിശുദ്ധരും മാലാഖാമാരുമാണ് സ്വര്‍ഗ്ഗത്തിലെ പൗരന്മാര്‍. അനിര്‍വ്വചനീയമായ സൗഭാഗ്യവും, സമാധാനവും, ജീവനും, സന്തോഷവും, സ്നേഹവും, ആനന്ദവും സ്വര്‍ഗ്ഗത്തില്‍ നീതിമാന്മാര്‍ അനുഭവിക്കും.

സ്വര്‍ഗ്ഗസൗഭാഗ്യത്തിന്‍റെ സ്വഭാവം

ക്രിസ്തുവുമായുള്ള നിത്യസഹവാസം

സ്വര്‍ഗ്ഗത്തിന്‍റെ കാതല്‍ ക്രിസ്തുവുമൊത്തുള്ള സഹവാസമാണെന്ന് അഭിപ്രായപ്പെടുന്ന നിരവധി ദൈവശാസ്ത്രജ്ഞന്മാരുണ്ട്. കര്‍ത്താവിനോട് അടുത്തിരിക്കുവാനുള്ള (2 കോറ. 5:7) വി. പൗലോസിന്‍റെ തീക്ഷ്ണമായ ആഗ്രഹം സൂചിപ്പിക്കുന്നത് ഒരര്‍ത്ഥത്തില്‍ ഇതുതന്നെയല്ലെ. കര്‍ത്താവിനോടുകൂടെ ആയിരിക്കുക എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുക അവിടുത്തെ മുഖാഭിമുഖം ദര്‍ശിക്കുകയും അവിടുത്തോടു സംഭാഷിക്കുകയുമാണ്. നമ്മുടെ രക്ഷയ്ക്കുവേണ്ടി അസഹനീയ പീഡകള്‍ സഹിച്ചുമരിച്ച ക്രിസ്തുനാഥനെ, അവിടുത്തെ മഹത്വത്തില്‍ ദര്‍ശിച്ച് സ്നേഹിക്കുക സ്വര്‍ഗ്ഗസൗഭാഗ്യത്തിന്‍റെ സുപ്രധാന ഘടകമാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ മോക്ഷസൗഭാഗ്യത്തിന്‍റെ സത്ത ക്രിസ്തുവിനോടുകൂടിയായിരിക്കുന്നതിലാണ് എന്നു പറയുവാന്‍ കഴിയുമോ? വിശ്വാസത്തിലൂടെയും മാമ്മോദീസായിലൂടെയും ദിവ്യബലിയിലൂടെയും ഭൂമിയില്‍വെച്ചു തന്നെ നാം ക്രിസ്തുവിനോടുകൂടെയാണ്. എങ്കിലും നാം സ്വര്‍ഗ്ഗത്തിലല്ല. പരിശുദ്ധ കന്യാമറിയവും അപ്പസ്തോലന്മാരും ക്രിസ്തുവിനെ മുഖാഭിമുഖം ദര്‍ശക്കുകയും അവിടുത്തോടുകൂടി വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ സ്വര്‍ഗ്ഗത്തിലായിരുന്നില്ലല്ലോ? സ്വര്‍ഗ്ഗസൗഭാഗ്യം ക്രിസ്തുവിനോടുകൂടെ ആയിരിക്കുന്നതിലും അധികമാണെന്ന് അഭിപ്രായപ്പെടുന്നവരാണ് മിക്ക ദൈവശാസ്ത്രജ്ഞന്മാരും. മനുഷ്യന്‍റെ, ദൈവസദൃശവും മഹത്വപൂര്‍ണ്ണവുമായ അനശ്വര അസ്തിത്വമാണ് സ്വര്‍ഗ്ഗംകൊണ്ട് അര്‍ത്ഥമാക്കുക. ക്രിസ്തുവിന്‍റെ രക്ഷാകരപ്രവര്‍ത്തനമാണ് ഇതിന് മനുഷ്യരെ പ്രാപ്തരാക്കുന്നത്. രക്ഷാകരപ്രവര്‍ത്തനത്തിന് അനുകൂലമായ പ്രതികരണം സ്വര്‍ഗ്ഗസായൂജ്യം സംലബ്ദമാക്കുന്നു. ഈ അര്‍ത്ഥത്തില്‍ മഹത്വീകൃതനായ ക്രിസ്തുവുമൊത്തുള്ള  നിത്യജീവിതമെന്ന് സ്വര്‍ഗ്ഗത്തെ വിശേഷിപ്പിക്കാം.

ത്രിയേക ദൈവദര്‍ശനം

ത്രിയേക ദൈവത്തെ ദര്‍ശിക്കുകവഴി മനുഷ്യന്‍റെ സമ്പൂര്‍ണ്ണ സാക്ഷാത്കാരം അനുഭവിക്കുകയാണ് സ്വര്‍ഗ്ഗസൗഭാഗ്യത്തിന്‍റെ അന്തഃസത്ത. സ്വര്‍ഗ്ഗസ്ഥരുടെ പരമമായ സൗഭാഗ്യം ത്രിയേക ദൈവത്തിന്‍റെ ജീവനില്‍ പങ്കുചേരലാണ്. ദൈവത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍, അവിടുത്തെ തനിരൂപത്തില്‍ നേരിട്ടു ദര്‍ശിക്കുന്നതിലാണ് സംതൃപ്തിയടയുക. ഈ ദൈവികദര്‍ശനത്തിലൂടെ സ്നേഹത്തിന്‍റെ നിത്യനൂനതമേഖലകളിലേക്ക് സ്വര്‍ഗ്ഗസ്ഥര്‍ സംവഹിക്കപ്പെടുന്നു. തന്നെത്തന്നെ ശൂന്യനാക്കുകവഴി മഹത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ട ക്രിസ്തുവുമൊരുമിച്ച് പിതാവായ ദൈവത്തിന് നിരന്തരം ആരാധന അര്‍പ്പിക്കുകയാണ് സ്വര്‍ഗ്ഗസ്ഥര്‍ ചെയ്യുന്നത്. സ്വര്‍ഗ്ഗത്തിലെത്തിയിരിക്കുന്നവര്‍ ക്രിസ്തുവുമായി കൂടുതല്‍ ഗാഢമായ ഐക്യം പ്രാപിച്ചിരിക്കുന്നതിനാല്‍ ക്രിസ്തുവിലൂടെയും ക്രിസ്തുവിനോടുകൂടെയും പിതാവിന്‍റെപക്കല്‍ നമുക്കായി നിരന്തരം മാധ്യസ്ഥ്യം വഹിക്കുന്നു.

 സ്വര്‍ഗ്ഗം - ജീവിതസാക്ഷാത്കാരം

പ്രപഞ്ചം സങ്കീര്‍ണ്ണതയിലൂടെ പക്വതയാര്‍ജ്ജിക്കുന്ന പ്രക്രിയയാണ് ചരിത്രം. നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ ചലനം പുരോഗമിക്കുന്നത് ക്രിസ്തുവിലേക്കാണ്. ഓരോ മനുഷ്യനും തന്‍റെ ഹൃദയാന്തര്‍ഭാഗത്ത് ശൂന്യതയും അദമ്യമയായ ദാഹവവും അനുഭവപ്പെടുന്നുണ്ട്. ഈ ശൂന്യതയെ നികത്താനും ദാഹത്തെ ശമിപ്പിക്കാനും അനവധി ഉപാധികള്‍ അവന്‍ ഉപയോഗിക്കുന്നു. മദ്യത്തിലും മരിജ്ജുവാനയിലും, ഹിപ്പിസത്തിലും, ലൈംഗീകവിപ്ലവത്തിലുമൊന്നും മനുഷ്യന്‍ ശാശ്വതശാന്തി കണ്ടെത്തുന്നില്ല. 'യേശുപ്രസ്ഥാന'വും, 'ഹരേകൃഷ്ണ പ്രസ്ഥാന'വും അതീന്ദ്രീയ ധ്യാനവും, യോഗയും ഒന്നും മനുഷ്യന്‍റെ ശൂന്യത നിറയിക്കാന്‍ പര്യാപ്തമല്ല. "കര്‍ത്താവേ അങ്ങു ഞങ്ങളെ അങ്ങേക്കായി സൃഷ്ടിച്ചു. അങ്ങയില്‍ അഭയം തേടുന്നതുവരെ ഞങ്ങളുടെ ആത്മാവ് അസ്വസ്ഥമായിരിക്കും" എന്ന സെന്‍റ് അഗസ്റ്റിന്‍റെ വിലാപം തികച്ചും അര്‍ത്ഥസമ്പുഷ്ടമാണ്.

ഭഗീരഥപ്രയത്നം ചെയ്തിട്ടും പ്രാപഞ്ചിക ബന്ധത്തില്‍നിന്ന് മോചനം നേടാനോ സ്വയം പര്യപ്തത കണ്ടെത്താനോ, സ്വയംശാസനാധികാരിയായി വാഴാനോ, മാനസിക സമതോലനവും സംതൃപ്തിയും കൈവരിക്കാനോ, സുന്ദരമായ ഒരു പറുദീസ കെട്ടിപ്പടുക്കുവാനോ മനുഷ്യന് സാധിക്കുന്നില്ല. ഈ തോല്‍വി മനുഷ്യന്‍റെ ചിന്തയെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തുവാനും മായകളില്‍നിന്ന് മനസ്സിനെ വിമോചിപ്പിച്ചുകൊണ്ട് നിസ്വാര്‍ത്ഥതയോടും വിനയത്തോടുംകൂടെ അനശ്വരനായ, ആത്മസാക്ഷാത്കാരസ്രോതസ്സായ, ദൈവത്തിങ്കലേക്ക് ദൃഷ്ടിതിരിക്കുവാന്‍ പ്രചോദനമേകുന്നതാണ്.

മനുഷ്യനും അവനോടുകൂടെ പ്രപഞ്ചം മുഴുവനും പൂര്‍ണ്ണതയെ പ്രതീക്ഷിക്കുന്നു. "സമസ്തസൃഷ്ടവും ദൈവമക്കളുടെ വെളിപാടിനെ പ്രതീക്ഷിക്കുകയും നോക്കിപ്പാര്‍ക്കുകയും ചെയ്യുന്നു. എന്തെന്നാല്‍ സൃഷ്ടിജീര്‍ണ്ണതയുടെ അടിമത്തത്തില്‍നിന്ന് മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും" (റോമ. 8:19-29 ചരാചരങ്ങളോടൊപ്പം 'ആത്മാവിന്‍റെ ആദ്യഫലം സ്വീകരിച്ചിരിക്കുന്നവരായ നാമും നമ്മുടെ ശരീരങ്ങളുടെ പരിത്രാണമാകുന്ന ദത്തുപുത്രസ്ഥാനം പ്രതീക്ഷിച്ചുകൊണ്ട് ആന്തരാത്മാവില്‍ വിലപിക്കുന്നു' ഈ പ്രതീക്ഷയിലാണ് നാം രക്ഷ പ്രാപിക്കുന്നത് (റോമ. 8:23-24). നീതി നിവസിക്കുന്ന പുതിയ സ്വര്‍ഗ്ഗവും പുതിയ ഭൂമിയും ഉദയംകൊള്ളാനുള്ള കാത്തിരിപ്പാണത്.

'സ്വര്‍ഗ്ഗരാജ്യം ബലവശ്യമാകുന്നു. ബലവാന്മാര്‍ അതു കയ്യടക്കുന്നു'. ബലംചെയ്ത് നാം പൂര്‍ണ്ണമായി യത്നിക്കണമെന്നാണ് ക്രിസ്തു അഭിലഷിക്കുക. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ പൂര്‍ണ്ണതയാണിത്. എല്ലാത്തിനുമുപരി ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍ എന്ന ക്രിസ്തുവിന്‍റെ ആഹ്വാനം, ജീവിതത്തെ മുഴുവന്‍ അത്യന്തിക ലക്ഷ്യത്തിനനുസൃതമായി പരിവര്‍ത്തനം ചെയ്യാനുള്ള വെല്ലുവിളിയാണ്.

 ഉപസംഹാരം

ചുരുക്കത്തില്‍, മനുഷ്യമനസ്സ് അഭിലഷിക്കുന്നത് നന്മയില്‍ ആനന്ദം കണ്ടെത്തി നിര്‍വൃതിയടയുവാനാണ്. സ്നേഹിക്കുവാനുള്ള ഉല്‍ക്കടമായ അഭിനിവേശവും അറിയുന്നിതിനുള്ള ജിജ്ഞാസയും സംതൃപ്തിയിലേക്കും ആനന്ദത്തിലേക്കും നയിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. ആനന്ദത്തിനു സദാ കൊതിക്കുന്ന മനുഷ്യന്‍, ആശ്രാന്തപരിശ്രമം ചെയ്യുന്ന മനുഷ്യന്‍ ലൗകികാനന്ദങ്ങള്‍കൊണ്ട് ഒരിക്കലും പൂര്‍ണ്ണസംതൃപ്തനല്ല. മറ്റുള്ളവരും തന്‍റെ നന്മയില്‍ ഭാഗമാക്കുന്നതിനുവേണ്ടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. പരമനന്മായായ ദൈവം തന്നെയാണ് മനുഷ്യന്‍റെ ആത്യന്തികലക്ഷ്യം, ജീവിതസാക്ഷാത്കാരം. സ്വര്‍ഗ്ഗസൗഭാഗ്യമില്ലെങ്കില്‍, ആത്യന്തികമായ ദൈവസായൂജ്യം സാധ്യമല്ലെങ്കില്‍ ലോകം അര്‍ത്ഥശൂന്യമാണ്. ജീവിതം നിരര്‍ത്ഥകമാണ്. സമാധാനത്തിനുവേണ്ടി മനുഷ്യഹൃദയത്തിലുരുവാകുന്ന എല്ലാ അഭിലാഷങ്ങളെയും അഭിനിവേശങ്ങളെയും സ്വര്‍ഗ്ഗസൗഭാഗ്യം പൂര്‍ത്തിയാക്കുകയും അതിശയിക്കുകയും ചെയ്യുന്നു. അക്ഷയത്വത്താല്‍ സര്‍വ്വവും അലങ്കരിക്കപ്പെടും സര്‍വ്വവും വ്യത്ഥതയുടെ ദാസ്യത്തില്‍നിന്ന് സ്വതന്ത്രമാകുകയും ചെയ്യും.

ദൈവിക സഹവാസത്തിന്‍റെ ആനന്ദനിഭരമായ പുതിയ ആകാശവും പുതിയ ഭൂമിയും സ്വായത്തമാക്കാന്‍ യന്തിക്കുകയാണ് മാനധര്‍മ്മം. "ഇതാ മനുഷ്യരോടുകൂടി ദൈവത്തിന്‍റെ കൂടാരം. അവിടുന്ന് അവരോടൊത്ത് വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടി ആയിരിക്കുകയും ചെയ്യും. അവിടുന്ന് അവരുടെ മിഴികളില്‍ നിന്ന് കണ്ണീരെല്ലാം തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമൊ മുറവിളിയൊ, വേദനയോ ഉണ്ടാവുകയില്ല. എന്തെന്നാല്‍ പഴയതെല്ലാം കടന്നുപോയി" (വെളി. 21:3-4). പുതിയ ജറുസലേമിന്‍റെ സമ്പൂര്‍ണ്ണാവിഷ്ക്കരണത്തിന് സര്‍വ്വാത്മനാ അഭിലഷിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക വഴി മനുഷ്യന്‍ തന്‍റെ അര്‍ത്ഥം കണ്ടെത്തുന്നു.

കടപ്പാട്

ബിഷപ് ബോസ്കോ പുത്തൂര്‍ (എഡി.) മരണവും മരണാനന്തര ജീവിതവും (ആലുവാ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, 1981 )

heaven the church theology life after death Mar Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message