We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 11-Aug-2022
സൗഖ്യദായക കൂദാശകൾ
168. ആത്മീയവും ശാരീരികവുമായ സൗഖ്യം നല്കി എല്ലാ മനുഷ്യരെയും പിതാവിലേക്ക് അടുപ്പിക്കുക എന്നതാണ് രക്ഷകനായ മിശിഹായുടെ ഈ ലോകത്തിലെ ദൗത്യത്തിന്റെ കാതൽ. അനുരഞ്ജനം (കുമ്പസാരം), രോഗീലേപനം എന്നീ കൂദാശകളിലൂടെ സഭ മിശിഹായുടെ സൗഖ്യദായകശുശ്രൂഷ സവിശേഷമായ വിധത്തിൽ തുടർന്നുപോരുന്നു.
1 അനുരഞ്ജന കൂദാശ
169. പാപത്തെയും പാപമോചനത്തെയും പറ്റിയുള്ള ആശയം എല്ലാ മതങ്ങളിലും കാണാവുന്നതാണ്. ദൈവസാന്നിദ്ധ്യം കുടികൊള്ളുന്ന ദേവാലയത്തിൽ പ്രവേശിക്കുന്നവർ ക്ഷാളനം ചെയ്യണമെന്നും സ്നാനം ചെയ്യണമെന്നും വിവിധ മതങ്ങൾ നിഷ്കർഷിക്കുന്നു. ദൈവസന്നിധിയിൽ വ്യാപരിക്കുന്നവർ ഹൃദയശുദ്ധി പാലിക്കണമെന്ന ആഹ്വാനമാണ് മേൽപ്പറഞ്ഞ അനുഷ്ഠാനത്തിൽ അടങ്ങിയിരിക്കുന്നത്. നിർമ്മലനും പരിശുദ്ധനും സകലത്തെയും പവിതീകരിക്കുന്നവനുമായ ദൈവത്തിന്റെ സന്നിധിയിലേക്ക് അണയുന്ന വ്യക്തികൾ ദൈവത്തിന്റെ പരിശുദ്ധിയുടെ മുമ്പിൽ സ്വയം വിനീതരാവുകയും എളിമപ്പെടുകയും തങ്ങളുടെ അയോഗ്യതയെയും പാപത്തെയും കുറിച്ച് അവബോധമുള്ളവരാവുകയും വേണം.
സഭ വിശുദ്ധരുടെ സമൂഹമാകയാൽ, ആരംഭം മുതൽ തന്നെ വിശ്വാസികളിൽ നിന്ന് ഉയർന്ന സാന്മാർഗ്ഗികജീവിതം സഭ ആവശ്യപ്പെട്ടു. മാമ്മോദീസയിൽ ലഭിച്ച വിശുദ്ധി ഒരു കുറവും കൂടാതെ പാലിക്കപ്പെടണമെന്ന് സഭ ആഗ്രഹിച്ചു. മാമ്മോദീസയ്ക്കുശേഷം ഗൗരവമുള്ള പാപം ചെയ്ത് ദൈവത്തിൽനിന്ന് അകന്നുപോയാൽ,രക്ഷപ്പെടാനുള്ള ഏകമാർഗ്ഗം രണ്ടാം മാമ്മോദീസ എന്ന് സമാപിതാക്കമാർ വിശേഷിപ്പിച്ച പരസ്യപ്രായശ്ചിത്തവും പാപമോചനവുമാണെന്ന് സഭ പഠിപ്പിച്ചു. പരിശുദ്ധ മാമ്മോദീസയ്ക്കുശേഷം കഠിനപാപങ്ങൾ (വിശ്വാസത്യാഗം, വ്യഭിചാരം, കൊലപാതകം) ചെയ്ത് സഭാഗാത്രത്തിൽനിന്ന് അകന്നുനില്ക്കുന്നവർ, വീണ്ടും അനുതപിച്ച് പ്രായശ്ചിത്തം ചെയ്ത് തിരിച്ചു വരുമ്പോൾ അവരുടെ മേൽ കൈകൾ വച്ച് പ്രാർത്ഥിച്ച്, പാപങ്ങൾ മോചിച്ച് ലേപനം ചെയ്തിട്ടാണ് അവരെ സഭയിലേക്ക് സ്വീകരിച്ചിരുന്നത്. വഴിതെറ്റിപോയവരെ തിരിച്ചുകൊണ്ടുവരുന്ന രീതി പല രൂപത്തിലും ഭാവത്തിലും സഭയിൽ നിലനിന്നിരുന്നു. ഈ തിരിച്ചുവരവിന്റെ മൂന്ന് അടിസ്ഥാനമാനങ്ങൾ അനുതാപം, ഏറ്റുപറച്ചിൽ, പാപമോചനം എന്നിവയായിരുന്നു.
മിശിഹായും പാപമോചനവും
170. മനുഷ്യവർഗ്ഗത്തിന്റെ പാപമോചനത്തിനും രക്ഷയ്ക്കും വേണ്ടി മനുഷ്യനായി അവതരിച്ച മിശിഹാ തന്റെ മനോഭാവത്തിലൂടെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ചുങ്കക്കാരോടും പാപികളോടുമുള്ള തന്റെ വാത്സല്യവും സ്നേഹവും കരുണയും ആർദ്രതയും പ്രകടമാക്കി. കർത്താവ് തന്റെ പരസ്യജീവിതം ആരംഭിക്കുന്നതുതന്നെ മാനസാന്തരത്തിലേക്ക് തന്റെ ശ്രോതാക്കളെ ക്ഷണിച്ചുകൊണ്ടാണ് (മർക്കോ 1:15). പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചവർക്ക് ദൈവശക്തിയാൽ അവിടന്നു പാപമോചനം പ്രഖ്യാപിച്ചു (ലൂക്കാ 5:18-26; 7:36-50). പാപികളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന പിതാവിന്റെ സ്നേഹത്തെയും കരുണയെയും കുറിച്ച് ധൂർത്തപുത്രന്റെ ഉപമയിലൂടെ അവിടന്നു പഠിപ്പിച്ചു (ലൂക്കാ 15). മനുഷ്യൻ തന്റെ തെറ്റുകളെയും പാപങ്ങളെയും കുറിച്ച് അവബോധമുള്ളവനാണമെന്നും തന്റെ സഹോദരങ്ങളുടെ തെറ്റുകൾ ക്ഷമിക്കണമെന്നും അവിടുന്ന് പഠിപ്പിച്ചു (മത്താ 5:23-24). ഏഴല്ല, ഏഴ് എഴുപത് പ്രാവശ്യം, അതായത്, പരിധിവയ്ക്കാതെ സഹോദരനോട് ക്ഷമിക്കാനും (മത്താ 18:22) ശത്രുക്കളെ സ്നേഹിക്കാനും (മത്താ 5:43-48) അവിടന്നു ആഹ്വാനം ചെയ്തു.
പാപങ്ങൾ മോചിക്കുവാനുള്ള അധികാരം തനിക്കുണ്ട് എന്നു തെളിയിക്കുവാൻ അവിടുന്ന് പാപികളുടെയും രോഗികളുടെയും പാപങ്ങൾ മോചിച്ച് അവരെ സുഖപ്പെടുത്തി. മനുഷ്യവർഗ്ഗത്തിന്റെ പാപമോചനത്തിനും രക്ഷയ്ക്കുമായി അവിടന്ന് തന്റെ ശരീരരക്തങ്ങൾ അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ നമുക്ക് ഭക്ഷണപാനീയങ്ങളായി നല്കി (മത്താ 26:28). മനുഷ്യവർഗ്ഗത്തെ പിതാവുമായി മിശിഹാ രമ്യതപ്പെടുത്തുന്നത് തന്റെ രക്തം മൂലമാണ്. പാപങ്ങൾ മോചിക്കുവാനുള്ള അധികാരം ശിഷ്യന്മാർക്കും, അതുവഴി സഭയ്ക്കും അവിടന്ന് നല്കി (മത്താ 16:19, 18:18; യോഹ 20:22-23).
അനുരഞ്ജനകൂദാശ ചരിത്രത്തിലൂടെ
171. ആദ്യനൂറ്റാണ്ടുകളിൽ വിശുദ്ധ കുർബാനയോടും വിശുദ്ധ മാമ്മോദീസായോടും ചേർന്നുള്ള അനുരഞ്ജനവും പാപമോചനവുമാണുണ്ടായിരുന്നത്. മൂന്നു മുതൽ അഞ്ചുവരെയുള്ള നൂറ്റാണ്ടുകളിൽ പരസ്യകുമ്പസാരവും പരസ്യപ്രായശ്ചിത്തവും സഭയിൽ സാധരണമായി. ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് രഹസ്യകുമ്പസാരവും രഹസ്യപ്രായശ്ചിത്തവും സഭയിൽ നിലവിൽ വന്നത്. 1215-ൽ നടന്ന 4-ാം ലാറ്ററൻ സൂനഹദോസ് ആണ്ടുകുമ്പസാരം നിർബന്ധിതമാക്കി.
രഹസ്യകുമ്പസാരവും രഹസ്യപ്രായശ്ചിത്തവും സർവസാധരണമായതോടെ അനുരഞ്ജനകൂദാശയുടെ പരികർമ്മത്തിൽ സാമുഹികവും സഭാത്മകവുമായ മാനം കുറയാനിടയായി. ഈ കൂദാശ ഈശോമിശിഹാ സ്ഥാപിച്ചതാണെന്നും മാമ്മോദീസയ്ക്കുശേഷം പാപം ചെയ്തവർക്ക് പാപമോചനം ലഭിക്കണമെന്നും, അതിന് മനസ്താപം മാത്രം പോരാ, പ്രത്യുത വൈദികന്റെ മുമ്പിൽ പാപം ഏറ്റുപറഞ്ഞ് അദ്ദേഹത്തിൽനിന്ന് പാപമോചനം സ്വീകരിക്കണമെന്നും വൈദികൻ നല്കുന്ന പ്രായശ്ചിത്ത പ്രവൃത്തികൾ നിറവേറ്റണമെന്നും ഫ്ളോറൻസ് സൂനഹദോസും (1439) ട്രെന്റ് സൂനഹദോസും (1545-1563) പഠിപ്പിച്ചു.
172. രണ്ടാം വത്തിക്കാൻ സൂനഹദോസ് നിർദ്ദേശിച്ചതിന്റെ വെളിച്ചത്തിൽ (ആരാധനക്രമം 72), ആരാധനക്രമത്തിനും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം 1973-ൽ അനുരജനകൂദാശയുടെ മൂന്നു ക്രമങ്ങൾ ലത്തീൻ സഭയ്ക്കായി പ്രസിദ്ധീകരിക്കുകയുണ്ടായി. 1983-ൽ ലത്തീൻസഭയ്ക്കുവേണ്ടി പ്രസിദ്ധീകരിച്ച കാനൻ നിയമസംഹിതയിൽ ഈ ക്രമങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന്, 1984-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ “അനുരഞ്ജനവും പ്രായശ്ചിത്തവും" എന്ന അപ്പാസ്തോലികപ്രബോധനത്തിൽ ഈ മൂന്നു ക്രമങ്ങളെപ്പറ്റി കൂടുതൽ വിശദീകരണം നല്കി. ലത്തീൻ കാനൻ നിയമത്തിലുള്ളതുപോലെ, പൗരസ്‌ത്യകാനൻ നിയമത്തിലും മൂന്നു രീതികളിലുള്ള അനുരഞ്ജനകൂദാശയെപ്പറ്റി നിർദ്ദേശിച്ചിട്ടുണ്ട് (CCEO720-721). പ്രസ്തുത ക്രമങ്ങൾ താഴെ പറയുന്നവയാണ്:
വൈദികനോട് രഹസ്യമായി കുമ്പസാരിക്കുന്ന ക്രമം: രഹസ്യകുമ്പസാരത്തിനുമുമ്പ് സമൂഹം മുഴുവനും ചേർന്ന് ഒരുങ്ങുന്നതിനായി അനുതാപശുശ്രൂഷകൾ ഉൾപ്പെടുത്തിയുള്ള ക്രമം; പൊതുവിലുള്ള അനുതാപശുശ്രൂഷയും, വ്യക്തിപരമായ ഏറ്റുപറച്ചിലിന്റെ സ്ഥാനത്ത് പൊതുവായ ഏറ്റുപറച്ചിലും, അനുതാപിക്ക്/ അനുതാപികൾക്ക് പൊതുവിൽ നല്കുന്ന പാപമോചനവും ഉൾപ്പെടുന്ന ക്രമം (CIC 960-962).
173. മൂന്നാമത്തെ ക്രമം ചില പ്രത്യേക സന്ദർഭങ്ങളിൽ (ഉദാ. മരണകരമായ സാഹചര്യം) നിബന്ധനകൾക്കു വിധേയമായി മാത്രമേ നടത്താവൂ എന്നും നിർദ്ദേശമുണ്ട്. ഇതിൽ വ്യക്തിപരമായ കുമ്പസാരം ഇല്ല. പക്ഷേ, ഗൗരവമുള്ള പാപങ്ങളുള്ളവർ പിന്നീട് വ്യക്തിപരമായ കുമ്പസാരം നടത്തുവാൻ ബാദ്ധ്യസ്ഥരാണ്.
174. പൗരസ്ത്യസഭകളിൽ അനുരഞ്ജനകൂദാശയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും അനുഷ്ഠാനങ്ങളിലും നിലനില്ക്കുന്ന വൈവിധ്യം സാർവത്രികസഭയ്ക്ക് മുതൽക്കൂട്ടാണ്. മൂന്നും നാലും നൂറ്റാണ്ടുകളിൽ പൗരസ്ത്യസഭകളിൽ അനുരഞ്ജനശുശ്രൂഷയ്ക്ക് വിവിധ ഘട്ടങ്ങൾ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽപ്പെട്ട അനുതാപികളെ വിലപിക്കുന്നവർ (Flentes) എന്നും, രണ്ടാമത്തെ ഘട്ടത്തിൽപ്പെട്ടവരെ ശ്രോതാക്കൾ (Audientes) എന്നും, മൂന്നാമത്തെ ഘട്ടത്തിലുള്ളവരെ സാഷ്ടാംഗം പ്രണമിക്കുന്നവർ (Prostrati) എന്നും, അവസാനഘട്ടത്തിലുള്ളവരെ നിൽക്കുന്നവർ (Constitentes) എന്നും വിളിച്ചിരുന്നു.
175. അഞ്ചും ആറും നൂറ്റാണ്ടുകളിൽ പൗരസ്ത്യ സുറിയാനിസഭയിൽ നടന്ന സിനഡുകളിൽ പാപമോചനത്തെക്കുറിച്ചും മരണാസന്നരായവർക്ക് വിശുദ്ധ കുർബാന (തൃപ്പാഥേയം) നല്കുന്നതിനെകുറിച്ചുമുള്ള നിഖ്യാസൂനഹദോസിന്റെ (എ.ഡി. 325) പ്രബോധനം അംഗീകരിച്ചു. പ്രായശ്ചിത്തം, ജീവിതനവീകരണത്തിനുള്ള ഉപാധിയായി എ.ഡി. 420-ലെ സിനഡ് മനസ്സിലാക്കി. എ.ഡി. 424-ലെ സിനഡ് വിശ്വാസം ത്യജിച്ചവരെ സഭയിൽനിന്നു പുറത്താക്കണമെന്നും, മർ ബാബായിയുടെ സിനഡ് മാമ്മോദീസയ്ക്കു ശേഷമുള്ള പാപങ്ങളുടെ മോചനത്തിനായി പ്രായശ്ചിത്തം ചെയ്യണമെന്നും നിർദ്ദേശിച്ചു. മാർ ആബായുടെ സിനഡ് (544) ദിവ്യരഹസ്യങ്ങളിൽ പങ്കുകൊള്ളുന്നതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് നിഷ്കർഷിച്ചു. ഭ്രൂണഹത്യ ചെയ്യിക്കുന്നവരെ സഭയിൽനിന്നു പുറത്താക്കണമെന്ന് എ.ഡി. 486-ലെ സിനഡ് അനുശാസിക്കുന്നു.
പൗരസ്ത്യസുറിയാനിസഭയിൽ പരസ്യപ്രായശ്ചിത്തം നിർദ്ദേശിച്ചിരുന്നത് വിശ്വാസത്യാഗം, വ്യഭിചാരം, ഭ്രൂണഹത്യ, കൊലപാതകം, മോഷണം, തെറ്റായ വിശ്വാസം സ്വീകരിക്കൽ, പരദൂഷണം എന്നീ പാപങ്ങൾക്കാണ്. ചാക്കുവസ്ത്രം ധരിച്ച് ചാരത്തിൽ ഇരുന്ന് ഉപവസിക്കൽ, കണ്ണീർചിന്തി പ്രാർത്ഥിക്കൽ, ദാനധർമ്മം ചെയ്യൽ എന്നിവയായിരുന്നു പ്രധാന പ്രായശ്ചിത്തങ്ങൾ. വൈദികർ കരുണയും ദയയുമുള്ളവരും നിരന്തരമായി പ്രാർത്ഥിക്കുന്നവരും കുമ്പസാരരഹസ്യം സൂക്ഷിക്കുന്നവരുമായിരിക്കണമെന്ന് മാർ ഈശോയാബ് ഒന്നാമൻ പാത്രിയാർക്കീസ് നിർദ്ദേശിക്കുന്നു. പാപികളോട് കരുണയും ആർദ്രതയും കാണിക്കണമെന്നും കഠിനശിക്ഷകൾ ഒഴിവാക്കണമെന്നുമുള്ള ചിന്തകൾ സഭയിൽ ശക്തമായപ്പോൾ വൈദികർ കഠിനപ്രായശ്ചിത്തം നല്കുന്നതിൽ വിമുഖത കാണിച്ചു. പല പൗരസ്ത്യസഭകളിലും വിശുദ്ധ കുർബാന സ്വീകരണത്തിനുമുമ്പ് പൊതുവായ അനുതാപശുശ്രൂഷയും പാപമോചനം നല്കുന്ന രീതിയും നിലവിൽ വന്നു. പൗരസ്ത്യസുറിയാനി പാരമ്പര്യമുള്ള സീറോമലബാർ സഭയുടെ കുർബാനയിൽ പൊതുവായ പാപമോചനശുശ്രൂഷയുണ്ട് (ഹൂസായ). റൂഹാക്ഷണപ്രാർത്ഥനയ്ക്കുശേഷം അനുതാപസങ്കീർത്തനങ്ങളും പ്രാർത്ഥനകളും ധൂപശുശ്രൂഷയും അനുരഞ്ജനകാറോസൂസയും വൈദികന്റെ രഹസ്യപ്രാർത്ഥനയും അവസാനം പാപമോചനത്തിനായുള്ള വൈദികന്റെ പ്രാർത്ഥനയും ചേർന്നതാണ് ഈ പാപമോചനശുശ്രൂഷ.
ഹൂസായശുശ്രൂഷ (പാപമോചനശുശ്രൂഷ)
176. വിശുദ്ധ കുർബാന സ്വീകരണത്തിനുമുമ്പ് ജനങ്ങൾ പൊതുവായി തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുകയും പാപമോചനം യാചിക്കുകയും വൈദികൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന പാരമ്പര്യം പൗരസ്ത്യസുറിയാനിസഭയിൽ ഉണ്ടായിരുന്നു. പൗരസ്ത്യസുറിയാനിസഭയിൽ ഇത്തരത്തിലുള്ള പാപമോചനശുശ്രൂഷയെ ഹൂസായശുശ്രൂഷ എന്നാണ് വിളിച്ചിരുന്നത്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ രണ്ടുതരത്തിലുള്ള ഹൂസായശുശ്രൂഷകളുണ്ട്. കുർബാനയിൽ പങ്കുചേരുന്ന എല്ലാവരെയും ഉദ്ദേശിച്ചുള്ള പൊതുവായ ഹൂസായശുശ്രൂഷയും ഗൗരവതരമായ പാപങ്ങൾ ചെയ്തവരെ ഉദ്ദേശിച്ചുള്ള പ്രത്യേക ഹൂസായശുശ്രൂഷയും. പ്രത്യേക ഹൂസായശുശ്രൂഷയ്ക്കുമുമ്പ് ഒരാഴ്ച പ്രായശ്ചിത്തം ചെയ്യണമെന്നും നോമ്പും ഉപവാസവും അനുഷ്ഠിക്കണമെന്നും നിഷ്കർഷയുണ്ടായിരുന്നു.
പൗരസ്ത്യ സുറിയാനിസഭയിൽ ഉപയോഗിക്കുന്ന പ്രത്യേക ഹൂസായാക്രമം തയ്യാറാക്കിയത് മാർ ഈശോയാബ് മൂന്നാമനാണ് (647-658). മാർ ഈശോയാബിന്റെ ക്രമത്തിൽ പാപികളുടെ മേൽ സ്നേഹാർദ്രമായ കരുണ വർഷിക്കുന്നതിനും അവരിൽ പരിവർത്തനം വരുത്തുന്നതിനും അരൂപിയാൽ അവരെ നവീകരിക്കുന്നതിനും വേണ്ടി സഭ പ്രാർത്ഥിക്കുന്നു. കൂദാശകളിലുള്ള ഭാഗഭാഗിത്വംവഴി, വിശ്വാസത്തിൽ ഉറച്ച് വിശുദ്ധരോടുകൂടി ദൈവത്തെ സ്തുതിക്കുന്നതിനും ആരാധിക്കുന്നതിനും അവർക്ക് ശക്തി നല്കണമെന്ന് സഭ പ്രാർത്ഥിക്കുന്നു.
ഹൂസായ (പാപമോചനം) വിശുദ്ധ കുർബാനയിൽ
177. വിശുദ്ധ കുർബ്ബാനയിൽ ദിവ്യരഹസ്യങ്ങൾ സ്വീകരിക്കുന്നതിന് ഒരുക്കമായി നടത്തുന്ന അനുരഞ്ജന ശുശ്രൂഷ സീറോമലബാർസഭയിലെ ആരാധനക്രമത്തിൽ വളരെ വിപുലവും വ്യക്തവുമാണ്. ഈ ക്രമത്തിൽ രണ്ട് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്ത് സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥന, അനുതാപസങ്കീർത്തനം (സങ്കീ 51 അഥവാ 122), ധൂപാർപ്പണം എന്നിവയും, രണ്ടാം ഭാഗത്ത് അനുരഞ്ജനകാറോസൂസായും വൈദികന്റെ രഹസ്യപ്രാർത്ഥനയും പാപമോചന പ്രാർത്ഥനയും ഉൾപ്പെടുന്നു. ഈ ശുശ്രൂഷയിലെ ധൂപാർപ്പണം വളരെ അർത്ഥവത്തായ അനുഷ്ഠാനമാണ്. വൈദികൻ തന്റെമേലും ശുശ്രൂഷിയുടെമേലും സമൂഹത്തിന്റെ മേലും രൂപം ആവസിപ്പിച്ച്, കടങ്ങളും പാപങ്ങളും പൊറുക്കുന്നതിനും എല്ലാം വിശുദ്ധീകരിച്ച് സുഗന്ധപൂരിതമാക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു.
178. പൗരസ്ത്യസഭകളിൽ, പ്രത്യേകിച്ച്, സുറിയാനി ആരാധനക്രമത്തിൽ ധൂപാർപ്പണം പാപമോചനത്തിന്റെ പ്രതീകമാണ്. പൗരസ്ത്യസഭകളിൽ ദൈവമഹത്ത്വത്തിനും അജഗണങ്ങളുടെ പാപങ്ങളുടെ മോചനത്തിനുമായിട്ടാണ് ധൂപം ആശീർവദിക്കുന്നത്. വിഭജനശുശ്രൂഷക്കുശേഷമുള്ള കറോസൂസായിലെ അഞ്ചു നിയോഗങ്ങൾ സുവിശേഷത്തിൽ പ്രതിപാദിക്കുന്ന അനുതപിച്ച അഞ്ചു പാപികളെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് തിമോത്തി രണ്ടാമൻ പാത്രിയർക്കീസ് (1318-1332) വ്യാഖ്യാനിക്കുന്നു. സക്കേവൂസ് ചുങ്കക്കാരൻ , ധൂർത്തപുത്രൻ, പാപിനിയായ സ്ത്രീ, അനുതപിച്ച കള്ളൻ എന്നിവരാണ് അനുതപിക്കുന്ന പാപികൾക്ക് മാതൃക. കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും കടങ്ങളും ക്ഷമിക്കണമേ' എന്ന യാചന എല്ലാവരും പാപികളാണെന്നും പാപമോചനം ആവശ്യമുള്ളവരാണെന്നും സൂചിപ്പിക്കുന്നു. കാറോസൂസയുടെ സമയത്ത് വൈദികൻ, ബലഹീനനും പാപിയുമായ തന്നിലൂടെ ദൈവം പ്രവർത്തിച്ച അത്ഭുതത്തെപ്രതി നന്ദി പറയുന്നു. കാറോസൂസയ്ക്കു ശേഷംവരുന്ന പ്രാർത്ഥന ദൈവത്തിനും സമൂഹത്തിനുമിടയിൽ മധ്യവർത്തിയായ പുരോഹിതൻ ജനത്തിന്റെ പാപമോചനത്തിനായി അർപ്പിക്കുന്ന അപേക്ഷയാണ്. തുടർന്നുവരുന്ന കർത്തൃപ്രാർത്ഥനയിലൂടെ പാപമോചനംവഴി വീണ്ടും ദൈവമക്കളാക്കപ്പെട്ട സമൂഹം മക്കൾക്കടുത്ത സ്വാതന്ത്ര്യത്തോടെ പിതാവിനെ വിളിച്ച് നന്ദിപറയുന്നു. സീറോമലബാർ സഭയിൽ ഈ കർത്തൃപ്രാർത്ഥന അനുരഞ്ജിതരായവരുടെ പ്രാർത്ഥനയാണ്.
വിശുദ്ധ കുർബാന പാപമോചകം
179. സീറോമലബാർ സഭയുടെ ആരാധനക്രമത്തിൽ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യുന്നത് ദൈവമഹത്വത്തിനും കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനുമാണ് എന്ന ചിന്ത വളരെ ശക്തമാണ്. വിശുദ്ധ കുർബാനയിൽ 23 പ്രാവശ്യം 'കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും' എന്ന് ഓർമ്മിക്കുന്നുണ്ട്. 'മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യ ജീവനും കാരണമാകട്ടെ' എന്നു പരിശുദ്ധ കുർബ്ബാന നല്കുമ്പോൾ ചൊല്ലുന്ന ആശംസ പരിശുദ്ധ കുർബ്ബാന പാപമോചകമാണ് എന്ന സത്യം വെളിപ്പെടുത്തുന്നു. പരിശുദ്ധ കുർബ്ബാന സ്വീകരണത്തിനുശേഷമുള്ള പ്രാർത്ഥനകളിലും ഈ ആശയം വളരെ വ്യക്തമാണ്. 'കടങ്ങളുടെ പൊറുതിക്കായി വിശുദ്ധ കുർബ്ബാന സ്വീകരിച്ച ഞങ്ങളുടെ കൈകളെ ശക്തമാക്കണമേ' എന്നാണ് കർത്താവിന്റെ തിരുനാളുകളിൽ സമൂഹം ചൊല്ലുന്ന നന്ദി പ്രകാശനപ്രാർത്ഥനയിൽ കാണുന്നത്. അതേസമയം, മാരകപാപങ്ങളിൽ ഉൾപ്പെട്ടിരുന്നവർക്ക് കുർബാനയിൽ പങ്കെടുക്കാൻ യോഗ്യത ഇല്ലായിരുന്നു. അനുരഞ്ജനകൂദാശയിലൂടെ ദൈവത്തോടും സഹോദരരോടും ഐക്യപ്പെട്ടതിനുശേഷം മാത്രമാണ് അവർക്ക് യോഗ്യതയോടുകൂടി പങ്കെടുക്കാൻ കഴിയുന്നത്. അതുകൊണ്ട്, മനസ്താപത്തോടുകൂടി കുർബാനയിൽ പങ്കെടുക്കുന്നവർക്ക് ലഘുപാപങ്ങളിൽനിന്ന് മോചനം ലഭിക്കുന്നതായിട്ടാണ് സഭ പഠിപ്പിക്കുന്നത് (CCC 1394).
അനുരഞ്ജനകൂദാശ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ
180. ഇന്നത്തെ രീതിയിലുള്ള രഹസ്യകുമ്പസാരം മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ നടപ്പിലായത് പതിനാറാം നൂറ്റാണ്ടിലാണ്. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാനായിരുന്ന മാർ യാക്കോബ് (1503-1530) ലത്തീൻ റീത്തിലെ പാപമോചനവാക്യം സുറിയാനിയിലേക്ക് തർജ്ജമ ചെയ്ത് നടപ്പിലാക്കി. അതിനുശേഷം മാർ ജോസഫും (1569) ഉദയംപേരൂർ സൂനഹദോസിന് (1599) ശേഷം ഫ്രാൻസിസ് റോസും (1599-1624) ഈ ക്രമം അല്പം പരിഷ്കരിച്ചു. ഈ പാപമോചനക്രമമാണ് 1968-വരെ ഉപയോഗിച്ചു പോന്നത്.
പൗരസ്ത്യസുറിയാനിസഭയിൽ പത്താം നൂറ്റാണ്ടോടുകൂടി പരസ്യപ്രായശ്ചിത്തം അപ്രത്യക്ഷമായെങ്കിലും മാർത്തോമ്മാനസ്രാണികളുടെ ഇടയിൽ പതിനെട്ടാം നൂറ്റാണ്ടുവരെ പരസ്യമായ തെറ്റു ചെയ്തവരെ പള്ളിയോഗം പുറത്താക്കിയിരുന്നു. അങ്ങനെ സഭയിൽ നിന്നു പുറത്താക്കപ്പെട്ടവർക്ക് തിരുക്കർമ്മങ്ങൾക്കിടയ്ക്കും വീടുകളിലെ ചാത്തം തുടങ്ങിയ കർമ്മങ്ങളിലും കൈക്കസ്‌തൂരി (സമാധാനാശംസ) നല്കിയിരുന്നില്ല. സമുദായത്തിലും പള്ളിയോഗത്തിലും അവർക്ക് സ്ഥാനമില്ലായിരുന്നു. പാപവിമോചനം നല്കുന്നതിനുമുമ്പ് ഇവർ പാപങ്ങൾക്ക് പരിഹാരം ചെയ്യേണ്ടിയിരുന്നു.
ഇന്നത്തെ രീതിയിലുള്ള രഹസ്യ കുമ്പസാരം മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ ഇല്ലായിരുന്നുവെങ്കിലും വൈദികരുടെ അടുത്ത് പാപങ്ങൾ രഹസ്യമായി ഏറ്റുപറഞ്ഞ് ആത്മീയ നിർദ്ദേശം സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു. ഈ രീതി ഇന്നും പൗരസ്ത്യ സുറിയാനി അകത്തോലിക്കാസഭയായ അസ്സീറിയൻ സഭയിൽ നിലവിലുണ്ട്.
അനുരജനകൂദാശ: ദൈവശാസ്ത്രവീക്ഷണങ്ങൾ
181. അനുരഞ്ജനകൂദാശയുടെ കൗദാശികവും അതിസ്വാഭാവികവുമായ ഫലങ്ങൾക്കാണ് വിശ്വാസികൾ മുൻതൂക്കം നല്കേണ്ടത്. പാപങ്ങൾ ഏറ്റുപറയുന്ന അനുതാപിയും പാപമോചനം നല്കുന്ന വൈദികനും തക്കതായ ഒരുക്കത്തോടെ അണയുമ്പോഴാണ് അനുരഞ്ജനവേദി രണ്ടുകൂട്ടർക്കും ദൈവാനുഭവത്തിന്റെ അതിസ്വാഭാവികവേദിയായിത്തീരുന്നത്. പാപം, മാനസാന്തരം, ഏറ്റുപറച്ചിൽ, പ്രായശ്ചിത്തം, പാപമോചനത്തിന്റെ ശക്തി. അതിന്റെ സാധുത, ഈ കൂദാശയുടെ ഫലങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ അറിവ് പാപികൾക്കും വൈദികർക്കും ഉണ്ടായിരിക്കണം.
182. പാപികൾ മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കണമെന്നും പാപമോചനത്തിന്റെ മുദ്ര സ്വീകരിക്കണമെന്നും മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഡിഡാസ്ക്കലിയ എന്ന രേഖ അനുശാസിക്കുന്നു. സമൂഹം പ്രാർത്ഥിക്കുമ്പോൾ പാപി സഭയുമായി ഐക്യപ്പെടുവാനും പരിശുദ്ധാത്മാവിന്റെ സഹവാസമുണ്ടാകുവാനും പാപിയുടെമേൽ കൈകൾ വച്ച് പ്രാർത്ഥിക്കണമെന്ന് പ്രസ്തുത രേഖ പറയുന്നു. വ്യക്തിഗത കുമ്പസാരത്തെക്കുറിച്ച് പൗരസ്ത്യ സുറിയാനി സഭാപ്രബോധകനായ അഫ്രാത്ത് പ്രായശ്ചിത്തം സംബന്ധിച്ച (Demonstration on Penance) പ്രബോധനത്തിൽ സൂചിപ്പിക്കുന്നു. വൈദികൻ ആത്മാവിന്റെ ഭിഷഗ്വരനും പാപികളുടെ ആത്മീയമുറിവുകളെ സുഖപ്പെടുത്തുന്നവനും പാപികൾക്ക് ആത്മീയൗഷധം നിർദ്ദേശിക്കുന്നവനുമാണെന്ന് അഫ്രാത്ത് പഠിപ്പിക്കുന്നു. വൈദികൻ കുമ്പസാരരഹസ്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നുണ്ട്. ഈശോയാണ് എല്ലാ സൗഖ്യത്തിന്റെയും അനുരജനത്തിന്റെയും ഉറവിടവും, സന്ദേശവാഹകനുമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. രോഗികളെയും പാപികളെയും ലേപനം ചെയ്യുന്നതിനെക്കുറിച്ചും പാപികളുടെമേൽ കൈകൾ വച്ച് പ്രാർത്ഥിക്കുന്നതിനെക്കുറിച്ചും തന്റെ 23-ാം പ്രബോധനത്തിൽ (Demonstration 23) അഫ്രാത്ത് പ്രതിപാദിക്കുന്നുണ്ട്.
മനുഷ്യസ്വഭാവത്തിൽ അന്തർലീനമായിരിക്കുന്ന മനസ്താപം പാപിയെ വിശുദ്ധീകരിക്കുന്ന തീക്കട്ടയാണ്. മനസ്താപം മാമ്മോദീസയിലെപ്പോലെ പാപങ്ങൾ കഴുകിക്കളയുന്നു; ചാരവും കണ്ണുനീരും അനുരഞ്ജനത്തിനുവേണ്ടി സ്വർഗ്ഗകവാടത്തിൽ സമർപ്പിക്കുന്ന ബലിയാണ്' എന്നെല്ലാം വിശുദ്ധ അപ്രേം പഠിപ്പിക്കുന്നു. പ്രായശ്ചിത്തപ്രവൃത്തികൾ പാപമോചനത്തിനുള്ള രണ്ടാമത്തെ മാർഗ്ഗമാണെന്നും മാമ്മോദീസക്കുശേഷമുള്ള പാപങ്ങൾ വേദനകളും കഷ്ടപ്പാടുകളും സഹിച്ചശേഷമേ ക്ഷമിക്കപ്പെടുകയുള്ളുവെന്നും വിശുദ്ധ അപ്രേം സാക്ഷിക്കുന്നു.
പാപങ്ങൾ ഏറ്റുപറയുന്നതിന്റെ ആവശ്യകതയെക്കുറിച്ചും തിന്മയിൽനിന്ന് അകന്നിരിക്കേണ്ടതിനെക്കുറിച്ചും നിനിവേയിലെ മാർ ഐസക് പറയുന്നു. അറിവോടെയും അല്ലാതെയും ചെയ്യുന്ന പാപങ്ങൾക്ക് ശിക്ഷയും വ്യത്യസ്തമാണ്. എളിമയും പ്രാർത്ഥനയും തീവ്രമായ മനസ്താപത്തിന്റെ തീച്ചൂളയിലേക്ക് നയിക്കുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
പാപം: ദൈവപ്രമാണങ്ങളുടെ ലംഘനവും സ്നേഹബന്ധങ്ങളുടെ തകർച്ചയും
183. ദൈവസ്നേഹത്തിനും പരസ്നേഹത്തിനും വിരുദ്ധമായതെന്തും പാപമാണ്. അത് ദൈവപ്രമാണലംഘനവുമാണ് (1 യോഹ 3:4). പാപം മനുഷ്യന്റെ ഹൃദയത്തിൽനിന്നാണ് ഉത്ഭവിക്കുന്നത് (മത്താ 15:19). ഒരു വ്യക്തിയുടെ പാപംമൂലം നാലുതരത്തിലുള്ള തകർച്ചകൾ സംഭവിക്കുന്നു. ദൈവവുമായുള്ള പിതൃപുത്രബന്ധം ഉലയുന്നു. സഹോദരരോടുള്ള ബന്ധം ശിഥിലമാകുന്നു; തന്നോടുതന്നെയും പ്രപഞ്ചത്തോടുമുള്ള ബന്ധവും വികലമാകുന്നു; അങ്ങനെ, പാപം ദൈവത്തിനും സഹോദരർക്കും പുറംതിരിഞ്ഞുള്ള നിലപാടും പ്രവർത്തനവുമാണ്.
ദൈവത്തിനു മാത്രം നല്കേണ്ട ആരാധനയും ബഹുമാനവും സൃഷ്ടവസ്തുക്കൾക്ക് നല്കുകയും ഈ ലോകവസ്തുക്കളോട് അമിതതാല്പര്യം കാണിക്കുകയും ചെയ്യുമ്പോൾ മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിന് ഉലച്ചിൽ സംഭവിക്കുന്നു. മനുഷ്യന്റെ ബാഹ്യപ്രവൃത്തികൾ ആന്തരികതയുടെ പ്രകടനമാണ്. സഹോദരർക്കെതിരായി പ്രവർത്തിക്കുകയും തന്റെ കടമകൾ നിർവ്വഹിക്കാതിരിക്കുകയും ചെയ്യുകവഴി സഹസൃഷ്ടികളോടുള്ള ബന്ധം ശിഥിലമാകുന്നു. സൃഷ്ടപ്രപഞ്ചത്തിന്റെ നാഥനെന്ന നിലയിൽ അതിനെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള ദൗത്യം മറന്നു പ്രവർത്തിക്കുമ്പോഴും പ്രപഞ്ചത്തെ ദൈവത്തിന്റെ ദാനമെന്നു കാണാതെ, സ്വാർത്ഥമോഹങ്ങൾക്കായി ഉപയോഗപ്പെടുത്തുമ്പോഴും പ്രപഞ്ചവുമായുള്ള ബന്ധം തകരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ 2015-ൽ പ്രസിദ്ധീകരിച്ച അങ്ങേക്ക് സ്തുതി എന്ന ചാക്രിക ലേഖനത്തിൽ പ്രസ്ഥാപിക്കുന്നു (Laudato Si' 6).
അനുരഞ്ജനകൂദാശ ഫലപ്രദമാകാൻ
184. അനുരഞ്ജനകൂദാശ ഫലപ്രദമായി സ്വീകരിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ അനുതാപി നിർവഹിക്കേണ്ടതുണ്ട്.
185. ഒന്നാമതായി, മുൻകുമ്പസാരത്തിനുശേഷം ചെയ്ത എല്ലാ പാപങ്ങളെയും ഓർക്കുക ആവശ്യമാണ്. ഇതിനെ ആത്മശോധന' എന്നു വിളിക്കുന്നു.
186. അനുതാപിയുടെ ആത്മശോധന രണ്ടാമത്തെ ഘടകമായ മനസ്താപത്തിലേക്കു നയിക്കുന്നു. ഈ കൂദാശയ്ക്കുവേണ്ടിയുള്ള ഒരുക്കത്തിൽ മനസ്താപത്തിനാണ് ഒന്നാം സ്ഥാനം (CCC 1451). എല്ലാ വസ്തുക്കളേയുംകാൾ സ്നേഹയോഗ്യനായ ദൈവത്തെ പാപംമൂലം ദ്രോഹിച്ചല്ലോ എന്ന ചിന്തയിൽ നിന്ന് ഉദ്ഭൂതമാകുന്നതാണ് 'പൂർണ്ണ' മനസ്താപം അല്ലെങ്കിൽ ഉത്തമ' മനസ്താപം. പാപംമൂലം ദൈവശിക്ഷയ്ക്ക് പാത്രമാകുമല്ലോ എന്നു ഭയന്ന് അനുതപിക്കുന്നതിനെ “അപൂർണ്ണ മനസ്താപം" എന്നു വിളിക്കുന്നു. ഫലപ്രദമായ പാപമോചനത്തിന് പൂർണ്ണമനസ്താപമാണ് ലക്ഷ്യംവയ്ക്കേണ്ടതെങ്കിലും, ചുരുങ്ങിയപക്ഷം അപൂർണ്ണമനസ്താപമെങ്കിലും ഉണ്ടായിരിക്കണം.
187. പ്രതിജ്ഞയാണ് മൂന്നാമത്തെ കാര്യം. മനസ്താപത്തോടു ചേർന്നുപോകുന്നതാണ് പ്രതിജ്ഞ. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സൂചിപ്പിക്കുന്നതുപോലെ, ആത്മാവിന്റെ ദുഃഖവും ചെയ്ത പാപത്തെക്കുറിച്ചുള്ള വെറുപ്പും വീണ്ടും പാപം ചെയ്യില്ലെന്നുള്ള പ്രതിജ്ഞയുമാണ് മനസ്താപം (CCC 1451).
188. അനുതാപി വൈദികനോട് പാപം ഏറ്റുപറയുന്നതാണ് നാലാമത്തെ ഘടകം. അനുരഞ്ജനകൂദാശയുടെ പ്രധാനപ്പെട്ട ഭാഗമാണിത്. ആത്മശോധനയ്ക്കുശേഷം താൻ ചെയ്തിട്ടുള്ള എല്ലാ മാരകപാപങ്ങളും ഏറ്റുപറയാൻ അനുതാപിക്കു കടമയുണ്ട്. പാപാവസ്ഥയുടെ ഗൗരവം വ്യക്തമാക്കാൻ അവയുടെ എണ്ണം സൂചിപ്പിക്കുന്നതും ആവശ്യമാണ്. അനുദിനജീവിതത്തിലെ ലഘുപാപങ്ങളും ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്നത് തിന്മയുടെ പ്രവണതകളെ അതിജീവിച്ച് വിശുദ്ധജീവിതം നയിക്കാൻ സഹായിക്കും (CCC 1458).
189. പ്രായശ്ചിത്തമാണ് അനുതാപി നിർവഹിക്കേണ്ട അഞ്ചാമത്തെ കാര്യം. പാപമോചനാശീർവാദം പാപങ്ങളിൽ നിന്നുള്ള മോചനം നല്കുമെങ്കിലും, പാപം സൃഷ്ടിച്ച എല്ലാ ക്രമരാഹിത്യങ്ങളും അതു പരിഹരിക്കുന്നില്ല. അതിനുള്ള പരിഹാരം ചെയ്യുക ന്യായവും യുക്തവുമാണല്ലോ. ഈ പരിഹാര പ്രക്രിയയുടെ ഒരു ഭാഗമാണ് വൈദികൻ കല്പിക്കുന്ന പ്രായശ്ചിത്തം. കുമ്പസാരത്തിന്റെ കൗദാശിക പൂർണ്ണതയ്ക്ക് വൈദികൻ നല്കുന്ന പ്രതീകാത്മക പ്രായശ്ചിത്തം അനുതാപി നിറവേറ്റണം. അതേസമയം, മറ്റുള്ളവർക്കു കഷ്ടനഷ്ടങ്ങൾക്കു കാരണമായ പാപമാണെങ്കിൽ, സാധ്യമായ രീതിയിൽ അതിനു പരിഹാരം ചെയ്യുകയും വേണം. അത് നീതിയുടെ ഭാഗമാണ്.
വൈദികൻ: ഭിഷഗ്വരൻ
190. പൗരസ്ത്യസുറിയാനി സഭ അജപാലകരെയും വൈദികരെയും ആത്മീയഭിഷഗ്വരന്മാരായിട്ടാണ് ചിത്രീകരിക്കുന്നത്. പാപമോചനം ആഗ്രഹിച്ച് അനുതാപി സമീപിക്കുന്ന വൈദികൻ വിധികർത്താവല്ല, പ്രത്യുത, പാപിക്കുവേണ്ടി മാദ്ധ്യസ്ഥ്യം യാചിക്കുന്ന, അവനുവേണ്ടി പ്രാർത്ഥിക്കുന്ന, അവന് ആത്മീയവും ബാഹ്യവുമായ സൗഖ്യവും സമാധാനവും പ്രദാനം ചെയ്യുന്ന ഭിഷഗ്വരനാണ്. പാപമോചനത്തിനായി സമീപിക്കുന്നവരെ മുൻവിധിയോടെ കാണരുതെന്നും, അവരോട് കരുണയോടും അനുകമ്പയോടും സ്നേഹത്തോടും കൂടെ പെരുമാറണമെന്നും ഡിഡാസ്ക്കലിയ മെത്രാന്മാരെ ഉപദേശിക്കുന്നു. ദൈവത്തിന്റെ കാരുണ്യം ദുർവ്യാഖ്യാനം ചെയ്യരുതെന്നും ആത്മീയഭിഷഗ്വരൻ നല്കുന്ന പ്രായശ്ചിത്തം രക്ഷാകരമാണെന്നും അഫ്രാത്ത് പറയുന്നു. പാപികൾക്ക് പാപവിമോചനം തടഞ്ഞുവയ്ക്കരുതെന്നും അവരെ പാപങ്ങൾ ഏറ്റുപറയാൻ സഹായിക്കണമെന്നും പാപികളെ ശത്രുക്കളായി കാണരുതെന്നും അവർ വെളിപ്പെടുത്തിയ പാപങ്ങൾ അജപാലകർ രഹസ്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.
പൗരോഹിത്യം സ്ഥാപിതമായതുതന്നെ ശരീരത്തിന്റെയും ആത്മാവിന്റെയും രഹസ്യവും പരസ്യവുമായ രോഗങ്ങളെ സുഖപ്പെടുത്തുന്നതിനുവേണ്ടിയാണെന്ന് മാർ നർസായി പഠിപ്പിക്കുന്നു. വൈദികൻ പാപികളോട് പരുഷമായി പെരുമാറരുതെന്നും പരിശുദ്ധാത്മാവിന്റെ നിധി (പാപമോചനവരം) അവന് നല്കപ്പെട്ടിരിക്കുന്നത് വിതരണം ചെയ്യുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. മനുഷ്യൻ പാപത്തിലേക്ക് ചാഞ്ഞിരിക്കുന്നുവെന്നും ആത്മീയരോഗങ്ങളാൽ കഷ്ടപ്പെടുന്നെന്നും, പൗരോഹിത്യം സ്ഥാപിക്കപ്പെട്ടത് ഇത്തരത്തിലുള്ളവരെ സുഖപ്പെടുത്തി സ്വതന്ത്രരാക്കുന്നതിനും വേണ്ടിയാണെന്നുമാണ് മാർ അബ്ദീശോ (+1318) പ്രബോധിപ്പിക്കുന്നത്. അബ്ദീശോയും വൈദികരെ ആത്മീയഭിഷഗ്വരന്മാരായിട്ടാണ് ചിത്രീകരിക്കുന്നത്. പാപവിമോചനവും പ്രായചിത്തവും വഴി അവർ ആത്മാക്കളുടെ സൗഖ്യം നേടുന്നു. വിശുദ്ധിയോടുകൂടി കർത്താവിന്റെ വിരുന്നിൽ പങ്കുകാരാകുവാൻ അവരെ യോഗ്യരാക്കുന്നു.
വൈദികനോട് ഹൃദയം തുറന്ന് പാപങ്ങൾ ഏറ്റുപറയുന്നതും മാർഗ്ഗനിർദ്ദേശങ്ങൾ ആരായുന്നതും മാനസികതലത്തിൽ പോലും വളരെ ഉപകാരപ്രദമാണ്. ആത്മീയതലത്തിൽ, വൈദികന്റെ പാപവിമോചന പ്രഖ്യാപനം, കൗദാശികമായ രക്ഷാകരസംവിധാനത്തിൽ വിശ്വസിക്കുന്നവർക്ക് ആശ്വാസകരവും സന്തോഷപ്രദവുമാണ്.
അനുരഞ്ജനവേദി (കുമ്പസാരക്കൂട്)
191. പൗരസ്ത്യസഭകളിലെല്ലാം തന്നെ പള്ളിയിൽ തുറന്ന സ്ഥലത്താണ് അനുതാപികൾ വൈദികനോട് പാപങ്ങൾ ഏറ്റുപറഞ്ഞിരുന്നത്. അത് അൾത്താരയുടെ മുമ്പിലോ അഴിക്കാലിനടുത്തോ ആയിരുന്നു. പരസ്യകുമ്പസാരം നിലനിന്നിരുന്ന കാലഘട്ടത്തിൽ കുമ്പസാരിക്കുന്നയാൾ ആരെന്ന് അറിയരുത് എന്ന ആശയമേ ഇല്ലായിരുന്നു. അനുതാപിയെ സ്വീകരിച്ച്, പാപത്തെപ്പറ്റി നേരിട്ട് മനസ്സിലാക്കി, പ്രായശ്ചിത്തം നല്കി, അതു നിറവേറ്റി തിരിച്ചു വരുമ്പോൾ പാപമോചനം നല്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ലത്തീൻ സഭയിൽ കുമ്പസാരക്കൂട് നടപ്പിലാക്കിയത്. പതിനാറാം നൂറ്റാണ്ടിൽത്തന്നെയാണ് സീറോമലബാർ സഭയിലും കുമ്പസാരക്കൂട് ഉപയോഗത്തിലായത്.
അനുരഞ്ജനകൂദാശയുടെ സീറോമലബാർ ക്രമം
192. പാപമോചനം നല്കുന്നതിന് മുഖ്യമായി രണ്ടു ക്രമങ്ങളാണ് സീറോമലബാർ സഭയിലുള്ളത്. 2005-ലാണ് അനുരഞ്ജനകൂദാശയുടെ പരിഷ്കരിച്ച ക്രമം സീറോമലബാർ സഭയിൽ നടപ്പിൽ വന്നത്. വ്യക്തിപരമായി പാപമോചനം നല്കുന്നതിനുള്ള സാധാരണക്രമത്തിനുപുറമേ, ആസന്നമരണർക്കു പാപമോചനം നല്കുന്നതിനുള്ള ഒരു ലഘൂക്രമവുമുണ്ട്. കൂടാതെ, പാപസങ്കീർത്തനത്തിനായി പൊതുഅനുതാപശുശ്രൂഷയിലൂടെ ഒരുങ്ങി വ്യക്തിപരമായ കുമ്പസാരിക്കുന്നതിനുള്ള മറ്റൊരു ക്രമവുമുണ്ട്.
193. സാധാരണക്രമത്തിന്റെ ആരംഭത്തിൽ കാർമ്മികൻ അനുതാപിയെ ആശീർവദിക്കുന്നു. താഴെ നല്കിയിരിക്കുന്ന മൂന്ന് ആശിർവാദ പ്രാർഥനകളിൽ ഏതെങ്കിലുമൊന്നുപയോഗിച്ചാണ് കാർമ്മികൻ ആശീർവദിക്കുന്നത്.
കർത്താവിന്റെ കാരുണ്യം എടുത്തു പറഞ്ഞുകൊണ്ടുള്ള ആശീർവാദമാണിത്. നമ്മുടെ പ്രത്യാശയും രക്ഷയുമായ കർത്താവിങ്കലേക്ക് ഹൃദയമുയർത്തുന്നു എന്ന സാന്ത്വനമൊഴിയോടെയാണ് കാർമ്മികൻ അനുതാപിയെ ആശീർവദിക്കുന്നത്.
194. താഴെ കൊടുത്തിരിക്കുന്ന മൂന്ന് പാപവിമോചന പ്രാർഥനകളിൽ ഏതെങ്കിലുമൊന്ന് ചൊല്ലിക്കൊണ്ടാണ് കാർമ്മികൻ പാപമോചനാശീർവാദം നല്കുന്നത്.
പാപമോചനം നല്കുന്ന ആശീർവാദത്തിൽ, കർത്താവിന്റെ പ്രവൃത്തിയാലാണ് പാപമോചനം നടക്കുന്നതെന്ന് സ്പഷ്ടമായി പ്രഖ്യാപിക്കുന്നുണ്ട്. കർമ്മണിപ്രയോഗത്തിലുള്ള (passive voice) പാപമോചന വാക്യം (പാപങ്ങളിൽ നിന്നു മോചിക്കപ്പെട്ടിരിക്കുന്നു) പാപങ്ങളുടെ പൊറുതി ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് ഉദ്ഘോഷിക്കുന്നു. പാപമോചനാശീർവാദത്തെ തുടർന്നുവരുന്ന പ്രാർഥനയിൽ പാപമോചനം സിദ്ധിച്ച വ്യക്തി തുടങ്ങേണ്ട പുതിയ ജീവിതത്തെക്കുറിച്ച് വ്യക്തമായ സൂചന നല്കുന്നു. 'പൊയ്ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്'. (യോഹ 8:11) എന്ന് പറഞ്ഞ് പാപിനിയെ അയയ്ക്കുന്ന കർത്താവിന്റെ സാന്ത്വനവചസ്സുകൾ ഈ പ്രാർഥനയിൽ പ്രതിഫലിക്കുന്നുണ്ട്.
195. 'പാപമോചനം വഴി നിന്നെ തന്നോട് രമ്യതപ്പെടുത്തിയ ദൈവം സഭയോടും സഹോദരങ്ങളോടുമുള്ള ഐക്യത്തിൽ ജീവിക്കുവാൻ നിന്നെ അനുഗ്രഹിക്കട്ടെ. നീ ആരംഭിച്ചിരിക്കുന്ന ജീവിതനവീകരണം പൂർത്തിയാക്കുവാൻ അവിടുന്ന് നിന്നെ സഹായിക്കട്ടെ. സമാധാനത്തോടെ പോവുക' എന്ന ആശംസയോടുകൂടിയാണ് ഈ ക്രമം സമാപിക്കുന്നത്. സഭയോടും സഹോദരങ്ങളോടുമുള്ള ഐക്യത്തിന്റെ ജീവിതത്തിൽ അനുതാപി മുന്നേറാനുള്ള ദൈവാനുഗ്രഹത്തിനു വേണ്ടിയാണ് കാർമ്മികൻ ഇവിടെ പ്രാർഥിക്കുന്നത്.
II. രോഗീലേപനകൂദാശ
196. രോഗം കൊണ്ട് ക്ലേശിക്കുന്നവരെ സമാശ്വസിപ്പിക്കാൻ ഉദ്ദേശിച്ചുള്ള കൂദാശയാണ് രോഗീലേപനം. രോഗീലേപനം പുതിയനിയമത്തിലെ യഥാർത്ഥവും സമുചിതവുമായ കൂദാശയായി നമ്മുടെ കർത്താവായ മിശിഹായാൽ സ്ഥാപിക്കപ്പെട്ടതാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ ഇതിനെക്കുറിച്ചു സൂചനയുണ്ടെങ്കിലും (മർക്കോ 6: 13) യാക്കോബ് ശ്ലീഹായാണ് ഇത് നിർദ്ദേശിക്കുകയും അനുശാസിക്കുകയും ചെയ്യുന്നത് (യാക്കോ 5:14-15).
രോഗവും സഹനവും വിശുദ്ധഗ്രന്ഥത്തിൽ
197. പഴയനിയമം ദൈവത്തെ അവതരിപ്പിക്കുക സൗഖ്യത്തിന്റെ ഉറവിടവും സൗഖ്യദാതാവുമായാണ്. ജീവന്റെയും മരണത്തിന്റെയും നാഥനായ ദൈവത്തിന്റെ സാന്നിദ്ധ്യത്തിലാണ് രോഗികൾ. അതു കൊണ്ടാണ് രോഗശാന്തിക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നത് (ഏശ 38). ഏശയ്യാപ്രവാചകന്റെ ഗ്രന്ഥത്തിൽ, പാപത്തിനും രോഗത്തിനും പരസ്പരം ബന്ധമുള്ളതായാണ് ചിത്രീകരിച്ചിരിക്കുന്നത് (ഏശ 1:4-9). രോഗാവസ്ഥ മാനസാന്തരത്തിലേക്ക് വരാനുള്ള അവസരമായി വിശുദ്ധ ഗ്രന്ഥം കാണുന്നു ( ജറെ 32:5). എല്ലാ രോഗങ്ങളും സുഖമാക്കപ്പെടുന്ന എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടുന്ന ഒരു പുതിയ യുഗത്തിലേക്ക് ദൈവം നമ്മെ കൂട്ടി കൊണ്ടുപോകുമെന്നും ഏശയ്യാ പ്രവാചകൻ ഓർമ്മിപ്പിക്കുന്നു (ഏശ 33:24).
198. സുവിശേഷങ്ങളിൽ, രോഗശാന്തി ദൈവരാജ്യത്തിന്റെ (ലൂക്ക 9:11) ദൃശ്യമായ അടയാളമാണ്. അതുപോലെ, രോഗശാന്തി നല്കുന്നത് ഈശോയുടെയും ശ്ലീഹന്മാരുടെയും ശുശ്രൂഷയുടെ അവിഭാജ്യഭാഗമായിരുന്നു (യാക്കോ 5:14-15; മത്താ. 8:17; ഏശ 53:4). തളർവാതരോഗികൾ, കുഷ്ഠരോഗികൾ, അന്ധർ, മുടന്തർ എന്നിവരെയെല്ലാം ഈശോ സുഖപ്പെടുത്തുന്നതായി സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവിടുന്ന് മൃതരെ ഉയിർപ്പിക്കുകയും അശുദ്ധാത്മാക്കളെ പുറത്താക്കുകയും ചെയ്തു. തന്റെ വചനത്താലും സ്പർശനത്താലും അവിടുന്ന് അവരെ സുഖപ്പെടുത്തി (മത്താ 4:23-25; 8:17; 10:8; 11:4-5;മർക്കോ 6:13; ലൂക്ക 7:18-23; 9:1-6; 19:1-10; യോഹ 9:1-39). തന്റെ മെസയാനികദൗത്യത്തിന്റെ അടയാളവും തെളിവുമായി ഈശോ സ്നാപകയോഹന്നാന്റെ ശിഷ്യന്മാരോട് പറയുന്നത് ശ്രദ്ധേയമാണ്; “നിങ്ങൾ കണ്ടതും കേട്ടതുമായകാര്യങ്ങൾ പോയി യോഹന്നാനോട് പറയുക. കുരുടൻ കാണുന്നു. മുടന്തർനടക്കുന്നു, കുഷ്ഠരോഗികൾ സുഖമാക്കപ്പെടുന്നു" (മത്താ - 11:4-5). ഈശോ നല്കിയ രോഗശാന്തികൾ അവിടുത്തേക്ക് രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരോടുണ്ടായിരുന്ന സ്നേഹവും കരുണയും വ്യക്തമാക്കുന്നവയായിരുന്നു. ഈ ശുശ്രൂഷവഴി അവിടുന്ന് ഏശയ്യാ പ്രവാചകന്റെ പ്രവചനം (ഏശ 53:4) പൂർത്തീകരിക്കുകയും ദൈവരാജ്യത്തിന്റെയും മിശിഹായുടെ പുതുയുഗത്തിന്റെയും ആഗമനം വെളിവാക്കുകയും ചെയ്തു.
അശുദ്ധാത്മാക്കളെ പുറത്താക്കുക, ശാരീരിക സൗഖ്യം നല്കുക എന്നീ രണ്ടു മാനങ്ങൾ ഈശോയുടെ രോഗശാന്തി ശുശ്രൂശയിൽ പ്രകടമാണ്. മനുഷ്യനെ അവന്റെ സമഗ്രതയിൽ കാണുവാനാണ് ഈശോ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ, രോഗശാന്തി ശാരീരികതലത്തിൽ മാത്രം ഒരുക്കിനിർത്താൻ ഈശോ ആഗ്രഹിച്ചില്ല. ഈ സമഗ്രതയാണ് മലയിലെ പ്രസംഗത്തിൽ 'ഭാഗ്യവാന്മാർ' (Makarios) എന്ന് ആവർത്തിച്ച് അവിടുന്ന് വ്യക്തമാക്കുന്നത് (മത്താ 5:3-12). പുതിയനിയമത്തിൽ, രക്ഷിക്കുക എന്നതിനു ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം (SOZO) (ലൂക്കാ 7:50; 9:24) ശാരീരിക സൗഖ്യത്തെയും ആത്മാവിന്റെ രക്ഷയെയും ഒരുപോലെ സൂചിപ്പിക്കുന്നു. സാത്താന് മനുഷ്യവംശത്തിന്റെ മേലുണ്ടായിരുന്ന അധികാരം തകർത്ത്, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മനുഷ്യവംശത്തെ വീണ്ടെടുത്ത് പിതാവിനായി തിരികെനേടുകയാണ് ഈശോ ചെയ്തത്. ഈശോ വിഭാവനം ചെയ്തത് സമൂലമായ സൗഖ്യമാണ്. അത് പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള വിജയമാണ്. പെസഹാരഹസ്യങ്ങളിലൂടെയാണ് അവിടുന്ന് അത് സാധ്യമാക്കിയത്.
രോഗത്തോടും സഹനത്തോടുമുള്ള ക്രൈസ്തവസമീപനം
199. ഏതു രോഗവും ഈശോയുമായി താദാത്മ്യപ്പെടുത്തി അവന്റെ രക്ഷാകരസഹനങ്ങളോട് നമ്മെ ഒന്നിപ്പിക്കുന്നു. ആദിമസഭ രോഗികളെ ശുശ്രൂഷിച്ചത് വെറും ചികിത്സാപരവും ജീവകാരണ്യപരവുമായ സമീപനങ്ങൾ കൊണ്ടുമാത്രമല്ല, പ്രത്യുത പ്രതികാത്മകമായ വാക്കുകൾകൊണ്ടും കൗദാശികമായ പ്രവൃത്തികൾ കൊണ്ടും കൂടിയാണ്. ക്രൈസ്തവനെ സംബന്ധിച്ച് ദൈവസ്നേഹംപ്രകടമായത് മിശിഹായുടെ കുരിശിലൂടെയാണ്. ദൈവസ്നേഹത്തിന്റെ ശക്തി കുരിശിനെ കൊലമരത്തിൽനിന്ന് ദൈവകാരുണ്യത്തിന്റെയും ക്ഷമയുടെയും സൗഖ്യത്തിന്റെയും പ്രതീകം എന്ന തലത്തിലേക്ക് രൂപാന്തരപ്പെടുത്തി. നമുക്കുവേണ്ടി കുരിശിൽ മരിച്ച കർത്താവുമായി നാം അനുരൂപപ്പെട്ടിരിക്കുന്നതിനാൽ സഹനം ക്രൈസ്തവരായ നമുക്ക് അനിവാര്യമാണ്. തന്റെ സഹനവും കുരിശുമരണവും വഴി കർത്താവ് നമ്മെ രക്ഷിക്കുകയും നാം അവനുമായി സഹനത്തിൽ ചേർന്നിരിക്കുകയും ചെയ്യുന്നു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ സഹനങ്ങൾ കടന്നുപോകുന്നവയാണ്. അതുകൊണ്ടുതന്നെ, ഒരുതരത്തിലുമുള്ള ദുരിതത്തിനോ സഹനത്തിനോ മിശിഹായുടെ സ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താനാവില്ല (റോമാ 8:35).
ക്രൈസ്തവചിന്തയിൽ സഹനത്തിന് രക്ഷാകരമായ മൂല്യവും അർത്ഥവുമുണ്ട്. എന്തെന്നാൽ, ദൈവത്തിന്റെ രക്ഷാകരപദ്ധതിയുമായി അത് അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഈശോയുടെ സഹനം അതാണ് നമ്മെ പഠിപ്പിക്കുന്നത്. അതിനാൽ സഹനങ്ങളോട് ക്രൈസ്തവന് ക്രിയാത്മകമായ ഒരു സമീപനമാണുണ്ടാകേണ്ടത്. പുതിയനിയമവീക്ഷണത്തിൽ മരണം ദുരന്തപര്യവസായിയല്ല; നമ്മെ കാത്തിരിക്കുന്നത് ഉത്ഥിതനിലൂടെയുള്ള ഉയിർപ്പിന്റെ ജീവനാണ്.
രോഗികളോടുള്ള സഭയുടെ സമീപനം
200. ഭൗമികകൂടാരങ്ങളിൽ ജീവിക്കുന്ന ക്രിസ്ത്യാനികൾ സഹനങ്ങൾക്കും രോഗങ്ങൾക്കും മരണത്തിനും അതീതരല്ല (2 കോറി 5:1). മരണത്തെ സദാ ആശ്ലേഷിക്കുന്നവരാണ് ക്രിസ്ത്യാനികളെന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു. “ഈശോയുടെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായ്പ്പോഴും ശരീരത്തിൽ സംവഹിക്കുന്നു. ഞങ്ങളുടെ മർത്ത്യശരീരത്തിൽ ഈശോയുടെ ജീവൻ പ്രത്യക്ഷമാകേണ്ടതിന് ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഈശോയെപ്രതി സദാ മരണത്തിന് ഏല്പിക്കപ്പെടുന്നു" (2 കോറി 4:10-11).
201. കർത്താവായ മിശിഹായാണ് നമ്മുടെ ആത്മാവിന്റെയും ശരീരത്തിന്റെയും ഭിഷഗ്വരൻ. തളർവാതരോഗിയുടെ പാപങ്ങൾ പൊറുത്ത് അവനെ സൗഖ്യത്തിലേക്ക് ആനയിച്ച കർത്താവ് രോഗശാന്തിയുടെയും രക്ഷയുടെയുമായ തന്റെ ശുശ്രൂഷ പരിശുദ്ധാത്മവിന്റെ ശക്തിയാൽ സഭയിലൂടെ തുടർന്ന് സഭാമക്കൾക്കും അതിന്റെ ഫലങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതാണ് സൗഖ്യത്തിന്റെ കൂദാശകളായ പാപമോചനത്തിന്റെയും രോഗീലേപനത്തിന്റെയും ലക്ഷ്യം.
രോഗീലേപനം സഭയിൽ
202. സഭ രോഗികളോടുള്ള താൽപര്യവും അടുപ്പവും പ്രകടമാക്കുന്നത് അവരെ സന്ദർശിക്കുന്നതിലൂടെ മാത്രമല്ല, സൗഖ്യത്തിനായി അവരെ ലേപനം ചെയ്യുകയും ആത്മീയ പോഷണത്തിനായി അവർക്ക് പരിശുദ്ധ കുർബാന നല്കുകയും ചെയ്തുകൊണ്ടുമാണ്. രോഗീലേപനവും വൈദികരുടെ പ്രാർത്ഥനയും വഴി സഭ മുഴുവനും ചേർന്ന് അവരെ പീഡയനുഭവിച്ചവനും മഹത്ത്വീകൃതനുമായ മിശിഹായ്ക്ക് ഭരമേല്പിക്കുകയും, സുഖപ്പെടുത്തുവാനും രക്ഷിക്കുവാനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു (യാക്കോ 5:14-16). അതുപോലെ, ജനത്തിന്റെ ക്ഷേമത്തിനുവേണ്ടി തങ്ങളെത്തന്നെ സ്വമനസ്സാ മിശിഹായുടെ പീഡാനുഭവത്തോടും മരണത്തോടും സംയോജിപ്പിക്കുവാനും (റോമ 8:17; കൊളോ 1:24, 2 തിമോ 2:11-12; 1 പത്രോ 4:13) സഭ അവരെ ഉപദേശിക്കുന്നുണ്ട് (തിരുസഭ 11). രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം വേദനയും കഷ്ടപ്പാടുകളും നിറഞ്ഞ അവരുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങളെ ദൈവത്തിന് ഭരമേല്പിക്കുകയും ചെയ്യുന്നു.
203. പൗരസ്ത്യസഭകളിൽ ശാരീരിക സൗഖ്യത്തിനുവേണ്ടിയുള്ള അനുഷ്ഠാനങ്ങൾ അപ്പസ്തോലകാലം മുതൽ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നു. രോഗീലേപനത്തിനുള്ള ആദ്യത്തെ അറിയപ്പെടുന്ന സഭാക്രമം നിലവിൽ വരുന്നത് ഒമ്പതാം നൂറ്റാണ്ടിലാണ്. വിശുദ്ധതൈലത്തിലൂടെ ദൈവം അത്ഭുതം പ്രവർത്തിക്കുന്നുവെന്ന് ആദികാലം മുതലേ സഭ വിശ്വസിച്ചുപോന്നു. എങ്കിലും, ഒമ്പതാം നൂറ്റാണ്ടുവരെ അത് പരികർമ്മം ചെയ്യുന്ന രീതിയെപ്പറ്റി വ്യക്തതയില്ലായിരുന്നു.
തൈലത്തിന്റെ ധർമ്മം ശരീരത്തെ സുഖപ്പെടുത്തുക എന്നതും ബലഹീനരുടെ ആത്മാവിനെ ശക്തിപ്പെടുത്തുക എന്നതുമാണെന്ന് കരുതപ്പെട്ടിരുന്നു. ക്രമേണ ഇത് രോഗികൾ മരണാസന്നരായി കിടക്കുമ്പോൾ പരികർമ്മം ചെയ്യുന്ന കൂദാശയായി മാറി. ഇതോടെയാണ് രോഗീലേപനം, 'അന്ത്യകൂദാശ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
204. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖ, രോഗീലേപനത്തെ സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകൾക്ക് കളമൊരുക്കി. അന്ത്യകൂദാശ അല്ലെങ്കിൽ അന്തിമലേപനം എന്നതിനെക്കാൾ 'രോഗീലേപനം' എന്ന പദമാണ് കൂടുതൽ അഭികാമ്യമെന്നും, ഈ കൂദാശ മരണാസന്നരായി കിടക്കുന്നവർക്കുമാത്രം കൊടുക്കുവാനുള്ളതല്ല, പ്രത്യുത, ഗൗരവമായ രോഗമോ, വാർദ്ധക്യമോ നിമിത്തം ക്ലേശിക്കുന്നവർക്കു വേണ്ടി കൂടിയുള്ളതാണ് (ആരാധനക്രമം 73; CCEO 737: 1 CCC 1514) എന്നും പ്രസ്തുതരേഖ വ്യക്തമാക്കി.
205. ഗുരുതരമായ അസുഖമുള്ളവരും ആത്മാർത്ഥമായി അനുതപിക്കുന്നവരും വൈദികന്റെ പ്രാർത്ഥനയോടെ നടത്തപ്പെടുന്ന രോഗീലേപനംവഴി വരപ്രസാദം സ്വീകരിക്കുന്നുവെന്നും രോഗത്തെ അതിജീവിക്കുന്നതിനോ അത് ക്ഷമാപൂർവ്വം സഹിക്കുന്നതിനോ ഈ കൂദാശ അവരെ സഹായിക്കുന്നുവെന്നും പൗരസ്ത്യ കാനോൻ നിയമത്തിൽ പറയുന്നു (CCEO737:1). രോഗികളുടെമേൽ വിശുദ്ധ തൈലം പൂശി, കൈകൾ വച്ച് പ്രാർത്ഥിച്ച്, അവരെ സുഖപ്പെടുത്തുക എന്ന അപ്പസ്തോലികപാരമ്പര്യം (മർക്കോ 6:13; യാക്കോ 5:14-17) സഭ നിഷ്ഠയോടെ പാലിക്കുകയും പിന്തുടരുകയും ചെയ്യുന്നു.
രോഗീലേപനം പൗരസ്ത്യസുറിയാനി ആരാധനക്രമത്തിൽ
206. പൗരസ്ത്യ സുറിയാനി ആരാധനക്രമപാരമ്പര്യം മിശിഹായെ ഭിഷഗ്വരനും രോഗസൗഖ്യദായകനുമായിട്ടാണ് കാണുന്നത്. കൈത്താക്കാലം നാലാമത്തെ ഞായറാഴ്ചയിലെ ഓനീസാ ദ്വാത്തെയിൽ മിശിഹായെ അവതരിപ്പിക്കുന്നത്, ഭൂമിയിലേക്ക് ഇറങ്ങി വന്ന് വളരെ നാളുകളായി പാപത്തിൽ കഴിഞ്ഞിരുന്നവരെ സുഖപ്പെടുത്തിയ വൈദ്യനായിട്ടാണ്. ആരാധനക്രമാനുഷ്ഠാനങ്ങൾ ആത്മീയൗഷധമാണ്. അതുകൊണ്ടുതന്നെ, ശരീരസൗഖ്യത്തിനുള്ള പ്രാർത്ഥനകളിൽ ആത്മീയസൗഖ്യത്തെകുറിച്ചുമുള്ള പരാമർശങ്ങളുണ്ട്. ശരീരസൗഖ്യവും ആന്തരിക സൗഖ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
പൗരസ്ത്യസുറിയാനിസഭയിൽ സ്വീകരിച്ചിരിക്കുന്നതും പതിമൂന്നാം നൂറ്റാണ്ടിൽ അബ്ദീശോ നല്കിയതുമായ കൂദാശകളുടെ ഔദ്യോഗികപട്ടികയിലും പാത്രിയാർക്കീസ് തിമോത്തി രണ്ടാമൻ നല്കുന്ന കൂദാശകളുടെ പട്ടികയിലും രോഗീലേപനം എന്ന പേര് കാണുന്നില്ല. എങ്കിലും, രണ്ടുപേരുടെയും പ്രതിപാദനങ്ങളിൽനിന്ന് മനസിലാകുന്നത് രോഗികൾക്കുവേണ്ടി തൈലം ഉപയോഗിച്ചിരുന്നു എന്നാണ്. അബ്ദീശോയുടെ (+1318) വീക്ഷണത്തിൽ, തൈലാഭിഷേകത്തിന്റെ ലക്ഷ്യംതന്നെ തൈലത്തിന്റെ പ്രകൃത്യാലുള്ള സ്വാഭാവമനുസരിച്ച് പൂശപ്പെടുന്ന വസ്തുക്കൾ സംരക്ഷിക്കുകയും വ്യക്തികളെ, മുറിവുകളിലും കേടുപാടുകളിലും നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. രോഗീലേപനത്തെക്കുറിച്ചോ രോഗികളുടെമേൽ കൈവയ്ക്കുന്നതിനെക്കുറിച്ചോ തിമോത്തി രണ്ടാമൻ വ്യക്തമായി ഒന്നും പറയുന്നില്ലെങ്കിലും വിവിധതരത്തിലുള്ള റുശ്മകളെകുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
207. സീറോമലബാർ സഭയിലെ വൈദികപട്ടക്രമത്തിലെ രണ്ടാമത്തെ കൈവയപ്പ്പ്രാർത്ഥനയിൽ മെത്രാൻ അർത്ഥിയുടെ വലത്തുകരം പിടിച്ച് രോഗികളുടെ മേൽ കൈകൾവച്ച് അവരെ സുഖപ്പെടുത്തുവാൻ പ്രാർത്ഥിക്കുന്നുണ്ട്. രോഗികളുടെമേൽ കൈകൾ വച്ച് പ്രാർത്ഥിക്കുവാനും അവരെ സുഖപ്പെടുത്തുവാനുമുള്ള പുരോഹിതന്റെ കടമയെക്കുറിച്ച് വളരെ വ്യക്തമായ സൂചന നല്കുന്നതാണ് തിരുപ്പട്ടശുശ്രൂഷയിലെ ഈ പ്രാർത്ഥന.
208. രോഗികൾക്കുവേണ്ടിയുള്ള ആരോഗ്യത്തിന്റെ തൈലം കൂദാശ ചെയ്യുന്ന ക്രമം ചില പുരാതന പൊന്തിഫിക്കലുകളിൽ കാണാവുന്നതാണ്. ഇത് പിന്നീട് വിശുദ്ധരുടെ കബറിടത്തിൽ നിന്നെടുത്ത മണ്ണും (പൊടിയും) തൈലവും കൂട്ടിച്ചേർത്തുണ്ടാക്കുന്ന "ഹ്നാന'യായി രൂപാന്തരപ്പെട്ടിരിക്കാം. പൗരസ്ത്യസഭകളിൽ രോഗികൾക്കായി ഉപയോഗിക്കുന്ന "ഹ്നാന ദ്രാവകരൂപത്തിലുള്ള ഒരു ആത്മീയ ഔഷധമായിരുന്നു. "ഹ്നാന എന്ന പദത്തിന്റെ അർത്ഥം 'ദയ', 'കരുണ' എന്നൊക്കെയാണ്.
മാർത്തോമ്മാക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങൾ
209. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ രോഗികളുടെ സൗഖ്യത്തിനുവേണ്ടിയുള്ള പല അനുഷ്ഠാനങ്ങളും നിലവിലിരുന്നു. മൈലാപ്പൂരിലെ തോമാശ്ലീഹായുടെ കബറിടത്തിൽ നിന്നെടുത്ത മണ്ണ് കലർത്തിയ വെള്ളം രോഗികൾക്ക് കുടിക്കുവാൻ കൊടുക്കുന്ന പതിവ് അവരുടെ ഇടയിലുണ്ടായിരുന്നുവെന്ന് മാർക്കോ പോളോ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൗരസ്ത്യസുറിയാനി സഭയിലെ "ഹ്നാന' ഉപയോഗിക്കുന്ന പതിവും മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഈ ആചാരവും തമ്മിൽ ഏറെ സാമ്യമുണ്ട്.
ശാരീരിക സൗഖ്യത്തിനുവേണ്ടി മാർത്തോമ്മാക്രിസ്ത്യാനികളുടെ ഇടയിൽ മറ്റ് ആചാരങ്ങളും നിലവിലുണ്ടായിരുന്നു. രോഗികളുടെമേൽ കൈവച്ച് പ്രാർത്ഥിക്കുക, സുവിശേഷം വായിക്കുക, വിശുദ്ധഗ്രന്ഥവാക്യങ്ങൾ എഴുതിയ ഓല ശരീരത്തിൽ വച്ചുകെട്ടുക, ദേവാലയത്തിൽ ഭജനയിരിക്കുക തുടങ്ങിയ ആചാരങ്ങൾ രോഗശാന്തിക്കുവേണ്ടിയുള്ള അനുഷ്ഠാനങ്ങളായിരുന്നു.
രോഗീലേപനം: സീറോമലബാർ ക്രമത്തിൽ
210. സീറോമലബാർ സഭ ഇപ്പോൾ ഉപയോഗിക്കുന്ന രോഗീലേപന ശുശ്രൂഷയുടെ ശ്രമം പുതുതായി രൂപപ്പെടുത്തിയതാണ്. 1965 -ൽ പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയം നല്കിയ ടെക്സ്റ്റും പൗരസ്ത്യസുറിയാനിസഭയുടെ ടെക്സ്റ്റും കാലോചിതമായ ഘടകങ്ങളും ചേർത്താണ് 2004-ലെ പുതിയ ക്രമം തയ്യാറാക്കിയിരിക്കുന്നത്. സീറോമലബാർ ക്രമത്തിൽ രോഗീലേപനശുശ്രൂഷയ്ക്ക് രണ്ടു രൂപങ്ങളാണുള്ളത്. സാധാരണക്രമത്തിനു പുറമേ ആസന്നമരണരായ രോഗികൾക്കുവേണ്ടി വളരെ ഹ്രസ്വമായ ഒരു ക്രമവുമുണ്ട്. പൗരസ്ത്യസഭകളിലെല്ലാം തന്നെ രോഗീലേപനം സമൂഹത്തോടൊത്ത് നിർവഹിക്കുന്ന ശുശ്രൂഷയാണ്. സീറോമലബാർക്രമത്തിൽ വചനശുശ്രൂഷയും തുടർന്ന് ലേപനവുമാണുള്ളത്. ആത്മികവും ശാരീരികവുമായ ക്ലേശവിമുക്തിക്കുവേണ്ടിയുള്ള ശുശ്രൂഷയാണിതെന്ന് സങ്കീർത്തനത്തിനുമുമ്പുള്ള പ്രാർത്ഥന വ്യക്തമാക്കുന്നു. പാപമുളവാക്കുന്ന ക്ലേശങ്ങളും പാപവിമുക്തിയിലൂടെ കരഗതമാകുന്ന സൗഭാഗ്യവുമാണ് 32-ാം സങ്കീർത്തനത്തിന്റെ പ്രമേയം. പാപക്കറകളിൽനിന്ന് ശുദ്ധിനേടാനുള്ള പ്രാർത്ഥനയാണ് സങ്കീർത്തനത്തിലുള്ളത്. ലാകുമാറ (സകലത്തിന്റെയും നാഥാ) എന്ന കീർത്തനത്തിനുമുമ്പുള്ള പ്രാർത്ഥനയിൽ പാപമോചനമരുളുകയും തിരുശരീരരക്തങ്ങൾ സ്വർഗീയവിരുന്നിന്റെ അച്ചാരമായി നല്കുകയും ചെയ്ത കർത്താവിന് നന്ദി പറയുന്നു. രോഗികൾക്ക് സൗഖ്യമരുളിയ കർത്താവിനോട് രോഗിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. തുടർന്നുള്ള വചനശുശ്രൂഷയിൽ രോഗശാന്തി ശുശ്രൂഷയുടെ വിശുദ്ധഗ്രന്ഥാടിസ്ഥാനങ്ങൾ പ്രഘോഷിക്കപ്പെടുന്നു.
കാറോസൂസ പ്രാർത്ഥനകളിലും അതിന്റെ സമാപനപ്രാർത്ഥനയിലും രോഗശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനൊപ്പം, ദൈവഹിതമനുസരിച്ച് സഹിക്കാനുള്ള ശക്തിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. തൈലാശീർവാദപ്രാർത്ഥന, രോഗശാന്തിക്കും ആത്മശരീരങ്ങളുടെ സൗഖ്യത്തിനും വേണ്ടിയുള്ളതാണ്. ഈ രോഗശാന്തിശുശ്രൂഷ ദൈവമഹത്ത്വീകരണത്തിന് ഹേതുവാകട്ടെയെന്നും ഇവിടെ പ്രാർത്ഥിക്കുന്നു. കൈവയ്പ്പുപ്രാർത്ഥനയിൽ ഒന്നാമതായി അപേക്ഷിക്കുന്നത് ശാരീരികസൗഖ്യത്തിനാണ്. തുടർന്ന്, പാപമോചനം ലഭിക്കുന്നതിനും പ്രാർത്ഥിക്കുന്നു. സഹനങ്ങളും ക്ലേശങ്ങളും രക്ഷപ്രാപിക്കാനുള്ള മാർഗങ്ങളായിത്തീരുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഓരോ അവയവത്തെയും ലേപനം ചെയ്യുമ്പോൾ അതുവഴി ചെയ്തുപോയ പാപങ്ങൾക്ക് പൊറുതി യാചിച്ചുകൊണ്ടുള്ള പ്രാർത്ഥനകളാണ് കാർമ്മികൻ ഉരുവിടുന്നത്.
211. ഹ്രസ്വമായ ക്രമമനുസരിച്ച് രോഗിയെ ആശീർവദിക്കുന്ന പ്രാർത്ഥനയിൽ പാപങ്ങളുടെ മോചനവും, ക്ലേശങ്ങൾ സന്തോഷത്തോടെ സഹിച്ച് മിശിഹായുടെ കുരിശിൽ സ്വയം സമർപ്പിക്കാനുള്ള അനുഗ്രഹവും നിത്യസൗഭാഗ്യത്തിലുള്ള പ്രത്യാശയോടുകൂടിയ ജീവിതവും രോഗിക്ക് ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആത്മികവും ശാരീരികവുമായ സൗഖ്യത്തിനുവേണ്ടിയുള്ളതാണ് ലേപനപ്രാർത്ഥന. മരണത്തോടടുത്ത സമയത്തുള്ള ശുശ്രൂഷയാണെങ്കിലും, രോഗിലേപനശുശ്രൂഷയുടെ ചൈതന്യമനുസരിച്ച് ആത്മികവും ശാരീരികവുമായ സൗഖ്യം പ്രാപിക്കലിനാണ് ഊന്നൽ കൊടുത്തിരിക്കുന്നത്.
രോഗീലേപനം ക്രൈസ്തവജീവിതത്തിൽ
212. ഗൗരവമുള്ള രോഗത്തിന്റെയോ വാർദ്ധക്യസഹജമായ ക്ഷീണത്തിന്റെയോ അവസ്ഥയിലെ പ്രയാസങ്ങളെ തരണം ചെയ്യാനുള്ള ധീരതയുടെയും സമാധാനത്തിന്റെയും ശക്തിപ്പെടുത്തലിന്റെയും കൃപാവരമാണ് രോഗീലേപനകൂദാശയിലൂടെ ലഭിക്കുന്നത്. ഈ കൂദാശയുടെ സവിശേഷഫലങ്ങൾ താഴെപറയുന്നവയാണ്: രോഗം മിശിഹായുടെ പീഡാസഹനത്തോട് ഐക്യപ്പെടുത്തുന്നു; രോഗത്തിന്റേയോ വാർദ്ധ്യക്യത്തിന്റേയോ സഹനങ്ങളെ ക്രൈസ്തവമായരീതിയിൽ നേരിടാൻ ബലപ്പെടുത്തുന്നു; രോഗിക്ക് അനുരഞ്ജനകൂദാശയിലൂടെ പാപമോചനം നേടാൻ സാധിച്ചിട്ടില്ലെങ്കിൽ പാപമോചനവും ലഭിക്കുന്നു. ആത്മരക്ഷയ്ക്ക് ഉതകുന്നപക്ഷം ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. നിത്യജീവനിലേക്കുള്ള യാത്രയ്ക്ക് രോഗിയെ ഒരുക്കുകയും ചെയ്യുന്നു (CCC 1532).
അടിക്കുറിപ്പുകൾ
1 Synodicon Orientale ou recueil de synods nestoriens, J.B. Chabot (ed.), Paris 1902.
2 Anonymi Autoris Expositio Officiorum Ecclesiae Georgio Arbelensi vulgo adscripta, I & II. R.H. Connolly (ed.), 4 vols. Rep. Louvain 1953-1961.
3. Aphrahat, Aphraatis Sapientis Persae, Demonstrationes (PS 1-2) J. Parisot (ed.), Paris 1894, 1907.
4. Ephrem, Hymns on Nisibis, E. Beck, Carmina Nisibena, Louvain 1961.
5. Ephrem, Hymns on Virginity, E. Beck, Hymnen de Virginitate, Louvain 1962.
6. Didascalia Apostolorum, A. Vööbus (ed.), Louvain 1979.
7. Aphrahat, Aphraatis Sapientis Persae, Demonstrationes (PS 1-2) J. Parisot (ed.), Paris 1894, 1907.
8. Aphrahat, Aphraatis Sapientis Persae, Demonstrationes (PS 1-2) J. Parisot (ed.), Paris 1894, 1907.
9. Narsai, "On Priesthood", The Liturgical Homilies of Narsai, R.H. Connolly, Cambridge 1909.
സൗഖ്യദായക കൂദാശകൾ അനുരഞ്ജന കൂദാശ മിശിഹായും പാപമോചനവും അനുരഞ്ജനകൂദാശ ചരിത്രത്തിലൂടെ ഹൂസായശുശ്രൂഷ (പാപമോചനശുശ്രൂഷ) ഹൂസായ (പാപമോചനം) വിശുദ്ധ കുർബാനയിൽ വിശുദ്ധ കുർബാന പാപമോചകം അനുരഞ്ജനകൂദാശ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ അനുരജനകൂദാശ: ദൈവശാസ്ത്രവീക്ഷണങ്ങൾ പാപം: ദൈവപ്രമാണങ്ങളുടെ ലംഘനവും സ്നേഹബന്ധങ്ങളുടെ തകർച്ചയും വൈദികൻ: ഭിഷഗ്വരൻ അനുരഞ്ജനവേദി (കുമ്പസാരക്കൂട്) അനുരഞ്ജനകൂദാശയുടെ സീറോമലബാർ ക്രമം II. രോഗീലേപനകൂദാശ രോഗവും സഹനവും വിശുദ്ധഗ്രന്ഥത്തിൽ രോഗത്തോടും സഹനത്തോടുമുള്ള ക്രൈസ്തവസമീപനം രോഗികളോടുള്ള സഭയുടെ സമീപനം രോഗീലേപനം സഭയിൽ രോഗീലേപനം പൗരസ്ത്യസുറിയാനി ആരാധനക്രമത്തിൽ മാർത്തോമ്മാക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങൾ രോഗീലേപനം: സീറോമലബാർ ക്രമത്തിൽ രോഗീലേപനം ക്രൈസ്തവജീവിതത്തിൽ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206