We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. George Panamthottam CMI On 04-Nov-2022
രൂപങ്ങളും ശില്പങ്ങളും പ്രതിമകളുമൊന്നും നിർമിക്കുന്നതിനെ ദൈവം വിലക്കിയിട്ടില്ല. ദൈവത്തിനു പകരമായി ആരെങ്കിലും രൂപങ്ങൾ ഉണ്ടാക്കി ആരാധിക്കുന്നതിനെ ദൈവം കർശനമായി വിലക്കുന്നുണ്ട്. ദൈവമാണ് ഈ പ്രപഞ്ചത്തിന്റെ കലാകാരൻ. കല മനുഷ്യനു സമ്മാനിച്ചതും ദൈവമാണ്. ആ വൈദഗ്ധ്യത്തെ വലിയ വരദാനമായി മനുഷ്യനു അവിടുന്നു സമ്മാനിക്കുന്നു. “കർത്താവ് മോശയോട് അരുളിചെയ്തു. യൂദാ ഗോത്രത്തിൽപ്പെട്ട ഹൂറിന്റെ പൂതനായ ഊറിയുടെ മകൻ ബസാലേലിനെ ഞാൻ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാൻ അവനിൽ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു. സാമർത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകൾക്കുള്ള വൈദഗ്ധ്യവും അവന് ഞാൻ നല്കിയിരിക്കുന്നു. കലാരൂപങ്ങൾ ആസൂത്രണം ചെയ്യുക. സ്വർണ്ണം, വെള്ളി, ഓട് എന്നിവകൊണ്ട് പണിയുക, പതിക്കാനുള്ള രത്നങ്ങൾ ചെത്തിമിനുക്കുക, തടിയിൽ കൊത്തുപണി ചെയ്യുക. എന്നിങ്ങനെ എല്ലാത്തരം ശില്പവേലകൾക്കും വേണ്ടിയാണിത്” (പുറ. 31 : 1-5). മാലാഖമാരുടെ രൂപങ്ങൾ ഉണ്ടാക്കാൻ പുറപ്പാടിന്റെ പുസ്തകത്തിലൂടെ ദൈവം ആവശ്യപ്പെടുന്നുണ്ട്. “കർത്താവ് മോശയോട് അരുളിചെയ്തു: കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വർണ്ണം കൊണ്ട് രണ്ടു കെരൂബുകളെ നിർമിക്കണം. കൃപാസനത്തിന്റെ രണ്ടറ്റത്തും അതിനോട് ഒന്നായി ചേർന്നിരിക്കത്തക്കവണ്ണം വേണം കെരൂബുകളെ നിർമിക്കാൻ. കൃപാസനം മൂടത്തക്കവിധം കെരൂബുകൾ ചിറകുകൾ മുകളിലേയ്ക്ക് വിരിച്ച് പിടിച്ചിരിക്കണം. കെരൂബുകൾ കൃപാസനത്തിലേക്ക് തിരിഞ്ഞു മുഖാഭിമുഖം നില കൊള്ളണം. കൃപാസനം പേടകത്തിനു മുകളിൽ സ്ഥാപിക്കണം. ഞാൻ നിനക്കു തരാൻ പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തിനുള്ളിൽ നിക്ഷേപിക്കണം. അവിടെ വച്ച് ഞാൻ നിന്നെ കാണും. കൃപാസനത്തിനു മുകളിൽ നിന്നു സാക്ഷ്യപേടകത്തിന് മീതെയുള്ള കെരൂബുകളുടെ നടുവിൽ നിന്ന് ഞാൻ നിന്നോടു സംസാരിക്കും” (പുറ 25: 18- 22). മാലാഖമാരുടെ രൂപങ്ങളെക്കുറിച്ച് ഹെബ്രായ ലേഖകൻ ഉറപ്പിച്ചു പറയുന്നതിങ്ങനെ. “പേടകത്തിൽ മീതെ കൃപാസനത്തിന്മേൽ നിഴൽ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകൾ ഉണ്ടായിരുന്നു” (ഹെബ്രാ. 9:5).
സർപ്പദംശനമേറ്റവർ രക്ഷപ്പെടുന്നതിനായി പിച്ചള സർപ്പത്തെ ഉണ്ടാക്കാൻ സംഖ്യയുടെ പുസ്തകത്തിൽ ദൈവം ആവശ്യപ്പെടുന്നുണ്ട്: “കർത്താവ് മോശയോട് അരുളിചെയ്യുന്നു. ഒരു പിച്ചള സർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തി നിർത്തുക. ദംശനമേൽക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല. മോശ പിച്ചള കൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി അതിനെ വടിയിൽ ഉയർത്തി നിർത്തി. ദംശനമേറ്റവർ പിച്ചള സർപ്പത്തെ നോക്കി, അവർ ജീവിച്ചു" (സംഖ്യ 21 : 8, 9). ഈ സംഭവത്തെ പുതിയ നിയമത്തിൽ വിശുദ്ധ യോഹന്നാൻ ഉദ്ധരിക്കുന്നുണ്ട്. “മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവനുണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു" (യോഹ. 3:14). രൂപങ്ങൾ, പ്രതീകങ്ങളും അടയാളങ്ങളുമായി മനുഷ്യന്റെ മനസിന് ബോധ്യങ്ങൾ നല്കാനാണ്. ആ വസ്തു അതിനാൽ തന്നെ പ്രധാനപ്പെട്ടതല്ല.
ജ്ഞാനിയായ സോളമൻ ദൈവത്തിനു പ്രീതികരമായ ദൈവാലയം നിർമ്മിച്ചത് എങ്ങനെയാണെന്ന് നോക്കാം. "ഫലങ്ങളും വിടർന്ന പുഷ്പങ്ങളും കൊത്തിയ ദേവദാരുപ്പലകകൊണ്ട് ആലയത്തിന്റെ ഉൾവശം മുഴുവൻ പൊതിഞ്ഞിരുന്നു” ( 1 രാജ. 6:18). “പത്തു മുഴം ഉയരമുള്ള രണ്ട് കൊമ്പുകളെ ഒലിവ് തടികൊണ്ട് നിർമിച്ച് അവൻ ശ്രീകോവിലിൽ സ്ഥാപിച്ചു” ( 1 രാജ. 6 : 23). “അകത്തും പുറത്തുമുള്ള മുറികളുടെ ഭിത്തികളിൽ കെരൂബുകളും ഈന്തപ്പനകളും വിടർന്ന പുഷ്പങ്ങളും കൊത്തിവച്ചിരുന്നു" (1 രാജ 7 25). “രണ്ടു നിരയായി നാനൂറ് മാതളപ്പഴങ്ങൾ, പത്തു പീഠങ്ങൾ, അവയിൽ പത്തു ക്ഷാളനപാത്രങ്ങൾ, ഒരു ജലസംഭരണി, അതിന്റെ അടിയിൽ പന്ത്രണ്ടു കാള എന്നിവ ഹീരാം നിർമ്മിച്ചു” (1 രാജ 7 : 42 -44). “അതിവിശുദ്ധ സ്ഥലത്ത് തടികൊണ്ട് രണ്ട് കെരൂബുകളെ ഉണ്ടാക്കി. അവ തങ്കത്താൽ ആവരണം ചെയ്തു” (2 ദിന. 3:10). ദേവാലയത്തിന്റെ പണികൾ ഇപ്രകാരം പൂർത്തിയാക്കിയ സോളമൻ ആലയം ദൈവത്തിനു പ്രതിഷ്ഠിച്ചു. ദൈവം സോളമനോട് അരുളിചെയ്തു: “നീ എന്റെ സന്നിധിയിൽ സമർപ്പിച്ച പ്രാർത്ഥനകളും യാചനകളും ഞാൻ ശ്രവിച്ചു. നീ നിർമ്മിക്കുകയും എന്നേയ്ക്കുമായി എന്റെ നാമം പ്രതിഷ്ഠിക്കുകയും ചെയ്ത ഈ ആലയം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ഹ്യദയ പൂർവ്വമായ കടാക്ഷം സദാ അവിടെ ഉണ്ടായിരിക്കും.” (1 രാജ. 9:3). ദേവാലയത്തിനുള്ളിൽ സ്ഥാപിച്ച എല്ലാ രൂപങ്ങളെയും ദൈവം സ്വീകരിച്ച് ദേവാലയത്തെ വിശുദ്ധീകരിച്ച സംഭവമാണിത്. "ദൈവം വിശുദ്ധീകരിച്ചവയെ മലിനമെന്ന് നാം കണക്കാക്കരുത്" (അപ്പ. 16:15) എന്ന തിരുവചനം ഇത്തരുണത്തിൽ ഓർമിക്കേണ്ടതുണ്ട്. അതിനാൽ, ദേവാലയത്തിൽ ആധ്യാത്മിക വളർച്ചയ്ക്ക് വേണ്ടി തിരുസ്വരൂപങ്ങൾ ഉണ്ടാക്കുന്നതിനെയോ വയ്ക്കുന്നതിനെയോ ദൈവം വിലക്കിയിട്ടില്ലെന്നും അവയെ ദൈവം സ്വീകരിക്കുന്നു എന്നും തിരുവചനം സാക്ഷ്യപ്പെടുത്തുന്നു.
Living faith series : 10 (ചോദ്യം:2) Fr. George Panamthottam CMI ദൈവം ആരാധനാലയങ്ങളിൽ രൂപങ്ങൾ വിലക്കിയിട്ടുണ്ടോ? പുറ. 31 : 1-5 പുറ 25: 18- 22 ഹെബ്രാ. 9:5 സംഖ്യ 21 : 8 യോഹ. 3:14 1 രാജ. 6:18 1 രാജ. 6 : 23 അപ്പ. 16:15 1 രാജ. 9:3 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206