We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Pamplany , Rev. Fr. Joseph Kakkaramattathil , Rev. Dr. Thomas Kochukarottu On 11-Feb-2021
ഗ്രീക്ക് പിതാക്കന്മാര്‍
ലയണ്‍സിലെ വി. ഐറേനിയസ്
രണ്ടാംനൂറ്റാണ്ടിലെ ഒരു പ്രധാനപ്പെട്ട ദൈവശാസ്ത്രജ്ഞനാണ് വി. ഐറേനിയസ്. ഏഷ്യാമൈനറിലെ സ്മിര്‍ണായില്‍ 140 നും 160 നും ഇടയ്ക്കു ജനിച്ചു. പോളിക്കാര്‍പ്പിന്‍റെ പ്രസംഗങ്ങള്‍ തന്‍റെ ചെറുപ്പകാലത്തു കേട്ടിട്ടുണ്ടെന്ന് റോമന്‍ പ്രെസ്ബിറ്ററായ ഫ്ളോറീനുസിനുള്ള കത്തില്‍ അദ്ദേഹം പറയുന്നു. വളരെ വിശദമായും കൃത്യമായും പോളിക്കാര്‍പ്പിനെപ്പറ്റി ഈ കത്തില്‍ വിവരിച്ചിട്ടുള്ളതുകൊണ്ട്, നേരിട്ട് പോളീക്കാര്‍പ്പിനെ അറിയാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നുവേണം കരുതാന്‍.
'ഞാന്‍ ഒരു കുട്ടിയായിരിക്കുമ്പോള്‍തന്നെ ഏഷ്യാമൈനറില്‍ പോളീകാര്‍പ്പിന്‍റെ ഭവനത്തില്‍വച്ച് അങ്ങയെ എനിക്ക് അറിയാമായിരുന്നു. അങ്ങ് അന്ന് രാജകീയ ഭവനത്തില്‍ ഒരു ഉന്നത വ്യക്തിയും പോളീകാര്‍പ്പിന്‍റെ സുഹൃത്തും ആയിരുന്നു. ഈ അടുത്ത കാലത്തു നടന്നവയെക്കാള്‍ അന്നത്തെ സംഭവങ്ങള്‍ ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു: കാരണം കുട്ടികളായിരിക്കുമ്പോള്‍ നാം പഠിക്കുന്നവ ആത്മാവിനോടൊപ്പം വളരുകയും ചേര്‍ന്നിരിക്കുകയും ചെയ്യുന്നു. പോളിക്കാര്‍പ്പ് ഇരുന്ന് ചര്‍ച്ച നടത്തിയ സ്ഥലം, അവന്‍റെ പോക്കുവരവുകള്‍, അവന്‍റെ ജീവിതത്തിന്‍റെ സ്വഭാവം, അവന്‍റെ ശരീരാകാരം, ജനങ്ങളോടവന്‍ ചെയ്ത പ്രസംഗങ്ങള്‍, കര്‍ത്താവിനെ കണ്ട യോഹന്നാനുമായും മറ്റുള്ളവരുമായും നടത്തിയ സമ്പര്‍ക്കങ്ങള്‍ അവന്‍ വിവരിക്കുന്നതും, അവരുടെ വാക്കുകള്‍ അവന്‍ അനുസ്മരിക്കുന്ന രീതി, കര്‍ത്താവിനെപ്പറ്റി അവരില്‍നിന്നു കേട്ട സംഗതികള്‍, അവരുടെ അത്ഭുതങ്ങള്‍, അവരുടെ പ്രബോധനങ്ങള്‍, ദൈവവചനത്തിന്‍റെ ദൃക്സാക്ഷികളില്‍നിന്ന് അവന്‍ സ്വീകരിച്ച രീതി, വിശുദ്ധ ഗ്രന്ഥങ്ങളിലേതുപോലുള്ള അവരുടെ പഠിപ്പിക്കല്‍ ആദിയായവ എനിക്കു നന്നായി പറയാന്‍ സാധിക്കും. എനിക്കു നല്‍കപ്പെട്ട ദൈവകൃപയ്ക്കനുസരിച്ച്, ശ്രദ്ധാപൂര്‍വ്വം ഈ സംഗതികള്‍ ഞാന്‍ കേട്ടു. കടലാസിലല്ല ഹൃദയത്തില്‍ അപ്പോഴെ ഞാന്‍ അവ കുറിച്ചിട്ടു.ദൈവകൃപയാല്‍ ഞാന്‍ അവ ധ്യാനിക്കുന്നു' (എവു.സഭാ. 5,20,5-7).
പോളിക്കാര്‍പ്പുവഴി അപ്പസ്തോലിക കാലത്തോട് ഐറേനിയസ് ബന്ധപ്പെട്ടിരുന്നെന്ന് ഈ കത്തു വെളിപ്പെടുത്തുന്നു. ഐറേനിയസ് ഏഷ്യാമൈനര്‍ വിട്ട് ഗോളില്‍ എത്തുകയും 177 ല്‍ ലയണ്‍സിലെ സഭാനേതാവാകുകയും ചെയ്തു. മോണ്ടനിസത്തെപ്പറ്റി ചര്‍ച്ചനടത്താന്‍ ലയണ്‍സിലെ സഭാംഗങ്ങള്‍ റോമിലെ ഏലെവുത്തേരുസ് പാപ്പായുടെ പക്കലേക്കു 177 ല്‍ അദ്ദേഹത്തെ അയച്ചു. ലയണ്‍സിലെ സഭ എഴുതിയ ശുപാര്‍ശകത്ത് അദ്ദേഹത്തെ വളരെയധികം സ്തുതിക്കുന്നു: 'ഞങ്ങളുടെ സഹോദരനും സഹപ്രവര്‍ത്തകനുമായ ഐറിനിയസിനോട് ഈ കത്ത് അങ്ങേ പക്കലെത്തിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു; അദ്ദേഹത്തെ താല്പര്യപൂര്‍വ്വം സ്വീകരിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. കാരണം ക്രിസ്തുവിന്‍റെ ഉടമ്പടിയെപ്രതി അദ്ദേഹം തീക്ഷ്ണമതിയാണ്' (എവു. സഭാ. 5,4,2).
ഐറേനിയസ് റോമില്‍നിന്ന് തിരികെ വന്നപ്പോഴെക്കും വൃദ്ധനായ ഫൊത്തീനുസ് മെത്രാന്‍ രക്തസാക്ഷി മരണം വരിച്ചുകഴിഞ്ഞു. തുടര്‍ന്ന് അദ്ദേഹം ലയണ്‍സില്‍ ഫൊത്തീനുസിന്‍റെ പിന്‍ഗാമിയായിത്തീര്‍ന്നു. പില്‍ക്കാലത്ത് ഉയിര്‍പ്പു ദിവസം സംബന്ധിച്ച് വിക്ടര്‍ പാപ്പായും (189-199) ഏഷ്യമൈനറിലെ മെത്രാന്മാരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍, അദ്ദേഹം ഐക്യപുന:സ്ഥാപനാര്‍ത്ഥം അവര്‍ക്കെല്ലാം നിരവധി കത്തുകള്‍ അയക്കുകയുണ്ടായി. തന്‍റെ നാമത്തിനു യോജിച്ചവിധം യഥാര്‍ത്ഥ സമാധാന സ്ഥാപകനായി (ഐറേനോപൊയ്യോസ്) അദ്ദേഹം ജീവിച്ചെന്ന് എവുസേബിയസ് സാക്ഷിക്കുന്നു (സഭാ. 5,24,17). ഈ സംഭവത്തിനുശേഷം ചരിത്രത്തില്‍നിന്നു അദ്ദേഹം പാടെ മറയുന്നു. അദ്ദേഹം രക്തസാക്ഷിയായി മരിച്ചു എന്ന് ടൂര്‍സിലെ ഗ്രിഗറി (538-594) ഹിസ്തോറിയാ ഫ്രാങ്കോരും എന്ന ഗ്രന്ഥത്തില്‍ (1,27) പറയുന്നു. എന്നാല്‍ അതിനുമുമ്പ് ആരും അപ്രകാരം എഴുതിയിട്ടില്ല. എവുസേബിയസ് ഒന്നും പറയാത്തതുകൊണ്ട് ഗ്രിഗറിയുടെ പില്‍ക്കാലസാക്ഷ്യം അപ്പാടെ സ്വീകാര്യമല്ല.
ദൈവശാസ്ത്രം
പാരമ്പര്യ ദൈവശാസ്ത്രത്തിന്‍റെ പിതാവാണ് ഐറേനിയസ്. ഗ്നോസ്റ്റിസിസത്തിന്‍റെ കപട ക്രൈസ്തവ സ്വഭാവം അദ്ദേഹം തുറന്നുകാട്ടി. സഭയില്‍നിന്ന് ഇത്തരക്കാരെ പുറന്തള്ളാനുള്ള പ്രക്രിയ ത്വരിതപ്പെടുത്തി. കൃതിയിലുടനീളം കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങള്‍ അവതരിപ്പിച്ചു. ഗ്നോസ്റ്റിക്കുകള്‍ അവ നിഷേധിക്കുകയോ തെറ്റായി ചിത്രീകരിക്കുകയോ ചെയ്തു. താത്വികചര്‍ച്ചകളില്‍ അദ്ദേഹം അതീവ തല്പരനായിരുന്നില്ല; നവമായ ദൈവശാസ്ത്ര കണ്ടുപിടുത്തങ്ങളും നടത്തിയില്ല. വെറും താത്വിക ചര്‍ച്ചയിലേക്കു നയിക്കുന്നവയെല്ലാം അദ്ദേഹം സംശയദൃഷ്ട്യാ ദര്‍ശിച്ചിരുന്നു (പാഷ. 2,26,1), എങ്കിലും ക്രിസ്തീയ തത്വസംഹിത മുഴുവന്‍ ഡോഗ്മാറ്റിക് പദങ്ങളില്‍ എഴുതിപ്പിടിപ്പിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു.
തെയോഫിലസ്, ത്രിയാസ് എന്ന പദം ത്രിത്വത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചെങ്കിലും, ഏകദൈവത്തില്‍ മൂന്നാളുകളെ സൂചിപ്പിക്കാന്‍ ഈ പദം ഐറേനിയസ് ഉപയോഗിക്കുന്നില്ല. ഗ്നോസ്റ്റിക്കുകളുമായുള്ള തര്‍ക്കത്തില്‍ അദ്ദേഹം ദൈവത്തിന്‍റെ മറ്റൊരു വശമാണ് ഊന്നിപ്പറയുന്നത്. ഏകസത്യദൈവം സത്യമായും ലോകസൃഷ്ടാവും പഴയനിയമദൈവവും വചനത്തിന്‍റെ പിതാവുമാണ്. ത്രിത്വത്തിലെ മൂന്നാളുകള്‍ തമ്മിലുള്ള ബന്ധം ചര്‍ച്ചാവിഷയമാകുന്നില്ലെങ്കിലും, മനുഷ്യചരിത്രത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നാളുകളുടെ അസ്തിത്വം തെളിയിക്കപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം ഉറപ്പായി വിശ്വസിച്ചിരുന്നു. ലോകസൃഷ്ടിക്കുമുമ്പ് അവരുണ്ടായിരുന്നു. 'നമുക്ക് മനുഷ്യനെ നമ്മുടെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കാം' എന്ന് പിതാവ് പുത്രനോടും പരിശുദ്ധാത്മാവിനോടുമാണ് പറഞ്ഞത്. രൂപകാര്‍ത്ഥത്തില്‍ അവരെ അവന്‍ ദൈവത്തിന്‍റെ കൈകള്‍ എന്നു വിളിക്കുന്നു (പാഷ 5,1,3). വചനത്തിന്‍റെ സേവനത്തിനായി പരിശുദ്ധാത്മാവ് പ്രവാചകന്മാരെ നിവേശനകൃപയാല്‍ നിറയ്ക്കുന്നു: പിതാവതിന് കല്പന കൊടുക്കുന്നു. ഈ കാര്യം അദ്ദേഹം തുടരെത്തുടരെ പ്രസ്താവിക്കുന്നു. പഴയനിയമത്തിലെ രക്ഷാകരവ്യാപാരങ്ങള്‍ ഏകദൈവത്തിലുള്ള മൂന്നു ദൈവികാളുകളെപ്പറ്റിയുള്ള ഒരു പ്രബോധനമാണ്.
പിതാവിനും പുത്രനും ഇടയ്ക്കുള്ളത് അവാച്യമായ രഹസ്യമാണ്. പിതാവ് ജനിപ്പിച്ചു. പുത്രന്‍ ജനിച്ചു. എങ്ങനെ ഇതു സംഭവിച്ചുവെന്നത് വിശകലനാതീതമാണ് (പാഷ. 2,28,6). 'ദൈവം പുത്രന്‍വഴി അറിയപ്പെട്ടു; അവന്‍ പിതാവിലാണ്. പിതാവ് അവനിലും' (3,6,2). വിവിധ പേരുകളുണ്ടെങ്കിലും ക്രിസ്തു ഏകനാണ്. ദൈവപുത്രനും വചനവും യേശു എന്ന ദൈവമനുഷ്യനും നമ്മുടെ രക്ഷകനും കര്‍ത്താവും എല്ലാം ഒരാള്‍ തന്നെയാണ്.
ഐറേനിയസിന്‍റെ ക്രിസ്തുശാസ്ത്രത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും ഹൃദയം, 'റീകാപ്പിറ്റുലേഷന്‍ തീയറി' (അനാകെഫാലൈയോസിസ്) ആണ്. ഈ ആശയം വി. പൗലോസ് ശ്ലീഹായില്‍നിന്ന് എടുത്തതാണ്: ദൈവം തന്‍റെ പദ്ധതിയുടെ രഹസ്യം നമുക്ക് വെളിപ്പെടുത്തിത്തന്നു. അത് 'കാലത്തിന്‍റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയാണ്' (എഫേ 1,10). ഐറേനിയസ് ഇത് കുറേക്കൂടി വികസിപ്പിച്ചു. ആരംഭം മുതലുള്ളതെല്ലാം ക്രിസ്തു സംവഹിക്കുന്നു. ആദത്തിന്‍റെ പാപംമൂലം തടസ്സപ്പെട്ടിരുന്ന ദൈവികപദ്ധതി ദൈവം ക്രിസ്തുവില്‍ പുതുക്കി. അവതരിച്ച തന്‍റെ പുത്രന്‍വഴി എല്ലാം നവീകരിക്കാനും കൂട്ടിച്ചേര്‍ക്കാനും പണിയാനും ദൈവം തിരുമനസ്സായി. ഇങ്ങനെ ക്രിസ്തു നമുക്ക് രണ്ടാമത്തെ ആദാമായിത്തീര്‍ന്നു. ആദ്യവീഴ്ചയില്‍ സകലരും നശിച്ചതിനാല്‍ നവസൃഷ്ടിക്കായി ദൈവപുത്രന്‍ മനുഷ്യപുത്രനായി അവതരിക്കുക ആവശ്യമായിരുന്നു (5:14,2). ആദാമും മനുഷ്യകുലത്തിലെ ഓരോ വ്യക്തിയും ഈ നവീകരണവും നവസൃഷ്ടിയും വഴി നവജീവന്‍ പ്രാപിച്ചു. നമുക്ക് നഷ്ടപ്പെട്ട ഛായയും സാദൃശ്യവും തിരികെ കിട്ടി (3,18,1). ആദത്തിന്‍റെ അനുസരണക്കേടിന്‍റെ ദോഷഫലങ്ങള്‍ ക്രിസ്തു ഇല്ലാതാക്കി; അവന്‍ മരണത്തെ കൊല്ലുകയും മരണത്തിന്‍റെ ശക്തി ഇല്ലാതാക്കുകയും ചെയ്തു (3,18,7). സാത്താനോടുള്ള ശത്രുത പുതുക്കി, അവന്‍റെമേല്‍ അന്തിമവിജയം നേടി (5,21,2). ഈ 'റീകാപ്പിറ്റുലേഷന്‍'വഴി ക്രിസ്തു എല്ലാറ്റിനെയും നവീകരിച്ചു. പ്രവചിക്കപ്പെട്ടിരുന്ന തന്‍റെ വരവുവഴി അവിടുന്ന് എല്ലാ നവീനത്വവും ഇവിടെ എത്തിച്ചു. കാരണം, നവീകരിക്കാനും മനുഷ്യനു ജീവന്‍ നല്‍കാനും നവീനത്വം സുഗമമാകുമെന്ന് നേരത്തെ അറിയിക്കപ്പെട്ടിരിക്കുന്നു (4,34,1).
ആദവും ക്രിസ്തുവും തമ്മിലുള്ള സാമ്യം വി. പൗലോസ് വിവരിച്ചു (റോമ 5:12 ff). ഹവ്വായും മറിയവും തമ്മിലുള്ള സാമ്യം വി. ജസ്റ്റിന്‍ വരച്ചുകാട്ടി. ഐറേനിയസ് ഈ സാമ്യം കുറേക്കൂടി വിപുലീകരിക്കുന്നു (3:22,4). ആദ്യ മനുഷ്യന്‍ വീണ പ്രക്രിയ മുഴുവന്‍ ശരിപ്പെടുത്തേണ്ടതുണ്ട്. എല്ലാ തെറ്റായ കാല്‍വയ്പിനും ദൈവം പരിഹാരമാവശ്യപ്പെടുന്നു. തെറ്റിലേക്കു നയിച്ച സാത്താനെ അങ്ങനെ മാത്രമേ പൂര്‍ണമായി കീഴടക്കാനാകൂ. ആദ്യമനുഷ്യന്‍റെ സ്ഥാനത്ത് മനുഷ്യകുലത്തിനു രണ്ടാമതൊരു തലവനെ കിട്ടി. ആദ്യ അനുസരണക്കേടില്‍ ആദ്യതരുണിക്കു ഭാഗഭാഗിത്വം ഉണ്ടായിരുന്നതുപോലെ സൗഖ്യദായക കര്‍മത്തില്‍ ഒരു സ്ത്രീയുടെ അനുസരണം ആവശ്യമാണ്. പുതിയ ആദത്തിനു ജീവന്‍ കൊടുത്തതുവഴി അവള്‍ യഥാര്‍ത്ഥ ഹവ്വായും ജീവനുള്ളവരുടെ മാതാവും രക്ഷയുടെ കാരണവുമായി. ഇപ്രകാരം മറിയം ഹൗവ്വായുടെ മധ്യസ്ഥയായിത്തീര്‍ന്നു (5:19,1). മനുഷ്യകുലത്തിന്‍റെ പുതിയ മാതാവാകയാല്‍ മറിയത്തെ 'മനുഷ്യകുലത്തിന്‍റെ ഉദരം' എന്ന് അദ്ദേഹം വിളിക്കുന്നു. ഇതുവഴി മറിയത്തിന്‍റെ സാര്‍വ്വത്രിക മാതൃത്വം അദ്ദേഹം പ്രഖ്യാപിക്കുന്നു. ക്രിസ്തുവിന്‍റെ ജനനത്തെപ്പറ്റി അദ്ദേഹം പറയുന്നതിപ്രകാരമാണ്: 'ദൈവത്തിലേക്ക് മനുഷ്യരെ വീണ്ടും ജനിപ്പിക്കുന്ന പരിശുദ്ധമായ ഉദരം പരിശുദ്ധമായി തുറക്കുന്ന പരിശുദ്ധന്‍' (4,33,11).
'റീകാപ്പിറ്റുലേഷന്‍' സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ സഭാശാസ്ത്രം. ദൈവം ക്രിസ്തുവില്‍ ഭൂതവും ഭാവിയും ഒന്നിച്ചുകോര്‍ത്തിണക്കുന്നു. ദൈവം ക്രിസ്തുവിനെ സഭ മുഴുവന്‍റെയും ശിരസ്സാക്കി ലോകാവസാനംവരെ സഭവഴി തന്‍റെ നവീകരണ പ്രക്രീയ തുടര്‍ന്നുകൊണ്ടിരിക്കും (3,16,6). ശ്ലൈഹിക പാരമ്പര്യങ്ങളും പ്രബോധനങ്ങളും കോട്ടംതട്ടാതെ സഭയില്‍ തുടരുന്നു; വിശ്വാസ സ്രോതസ്സും വിശ്വാസ മാനദണ്ഡവും ഈ പാരമ്പര്യമാണ്. ഇതാണ് സത്യത്തിന്‍റെ കാതല്‍. ഇത് ജ്ഞാനസ്നാന വിശ്വാസപ്രമാണത്തില്‍ ഉണ്ട്. നമുക്കത് സ്നാനാവസരം ലഭിക്കുന്നു (1:9,4). സഭാവിശ്വാസത്തിന്‍റെ ഒരു കൃത്യവിവരണം അദ്ദേഹം നല്കുന്നു. അതു ശ്ലീഹന്മാരുടെ വിശ്വാസപ്രമാണവുമായി ഒത്തുപോകുന്നതാണ് (1:10,1-2). ശരിയായ വിശ്വാസവും സത്യവും ശ്ലീഹന്മാര്‍ സ്ഥാപിച്ച സഭകളിലാണുള്ളത്. ഇടമുറിയാതുള്ള മെത്രാന്മാരുടെ പിന്തുടര്‍ച്ച അവരുടെ പ്രബോധനങ്ങളുടെ വാസ്തവികതയ്ക്കുള്ള ഉറപ്പാണ് (3,3,1). അബദ്ധോപദേശകര്‍ക്ക് ഇത് കാട്ടാന്‍ സാധ്യമല്ല. അവര്‍ ശ്ലൈഹിക പാരമ്പര്യമുള്ളവരല്ല; സത്യം അവരില്‍ കാണുകയില്ല (4,26,2).
ശ്ലീഹന്മാര്‍ നിയമിച്ച എല്ലാ മെത്രാന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും പട്ടിക നല്കാന്‍ തന്നെക്കൊണ്ടാകും; എങ്കിലും അതു ബൃഹത്തായ ഒരു കാര്യമാകയാല്‍ പ്രധാന സ്ഥലത്തേതു മാത്രം നല്‍കുന്നു എന്നു തന്‍റെ കൃതിയില്‍ അദ്ദേഹം പറയുന്നു: 'ശ്രേഷ്ഠരായ പത്രോസും പൗലോസും റോമില്‍ സഥാപിച്ച അതി ശ്രേഷ്ഠവും അതിപ്രാചീനവും സുപ്രസിദ്ധവുമായ സഭയില്‍ മെത്രാന്മാരുടെ പട്ടിക നല്‍കി സത്യവിശ്വാസം അവിടെ എപ്രകാരം പരിരക്ഷിക്കപ്പെട്ടുപോന്നു' എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു (3,3,2): ഈ സഭയുടെ കഴിവുറ്റ നേതൃത്വംമൂലം ഈ സഭയോട് എല്ലാ സഭകളും യോജിച്ചിരിക്കുന്നു; അതായത് എല്ലാ സ്ഥലത്തുമുള്ള വിശ്വാസികള്‍; കാരണം അപ്പസ്തോലിക പാരമ്പര്യം എക്കാലവും ഈ സഭയില്‍ പാലിക്കപ്പെട്ടിരുന്നു. ഈ ടെക്സ്റ്റിന്‍റെ മൂലഗ്രീക്കുപാഠം നമുക്ക് കിട്ടിയിട്ടില്ല; നമുക്ക് ലത്തീന്‍ വിവര്‍ത്തനമേയുള്ളു. അതുതന്നെ ശുദ്ധമായ ലത്തീനല്ല-ഗ്നോസ്റ്റിക്കുകളുടെ കെട്ടുകഥകള്‍ അപ്പസ്തോലിക പാരമ്പര്യത്തില്‍നിന്ന് ഉടലെടുത്തതല്ല. അപ്പസ്തോലിക സഭകളുടെ വിശ്വാസം ഗ്നോസ്റ്റിക് ഊഹാപോഹങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്.
റോമാസഭയ്ക്ക് ഒരു പ്രത്യേകസ്ഥാനം അദ്ദേഹം അംഗീകരിക്കുന്നു. അവിടെ മറ്റു സഭകളിലേതിനേക്കാള്‍ കഴിവുറ്റ നേതൃത്വമാണുള്ളത്. ശ്രേഷ്ഠരായ പത്രോസും പൗലോസും സ്ഥാപിച്ചതിനാലും ഇടമുറിയാതുള്ള മെത്രാന്മാരുടെ പിന്തുടര്‍ച്ചയാലും സത്യവിശ്വാസത്താലും ക്രിസ്തീയ വിശ്വാസത്തിന്‍റെ ഉറപ്പുള്ള അസ്ഥിവാരം അവിടെ കാണാന്‍ സാധിക്കും. എലവുത്തേരൂസ് (174-189) വരെയുള്ള റോമന്‍ മെത്രാന്മാരുടെ പട്ടിക അദ്ദേഹം നല്‍കുന്നു. ശ്ലീഹന്മാര്‍ പ്രസംഗിച്ച സത്യവിശ്വാസം റോമാസഭയില്‍ നിലനില്‍ക്കുന്നു എന്നതിന്‍റെ തെളിവായി ഈ അപ്പസ്തോലിക പിന്തുടര്‍ച്ചയെ അദ്ദേഹം എടുത്തുകാട്ടുന്നു (3,3,3,).
വിശുദ്ധ കുര്‍ബാനയില്‍ യേശുക്രിസ്തുവിന്‍റെ സജീവശരീരവും രക്തവും സന്നിധി ചെയ്യുന്നു എന്ന സത്യം അദ്ദേഹം പ്രഖ്യാപിക്കുന്നു. യേശുക്രിസ്തുവിന്‍റെ ശരീരരക്തത്താല്‍ പരിപോഷിതമായ ശരീരം കാലാന്ത്യത്തില്‍ പൂഴിയില്‍നിന്ന് നിദ്രവിട്ടുണരും. ഉത്ഥാനത്തിനു തെളിവായി അദ്ദേഹം ഉന്നയിക്കുന്നത് ഈ വാദമാണ് (4,18,5). പരിശുദ്ധാത്മാവിനാലാണ് അപ്പവീഞ്ഞുകള്‍ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളായിത്തീരുന്നത്. ഡിഡാക്കേയും ജസ്റ്റിനും പഠിപ്പിച്ചതുപോലെ, മലാക്കി പ്രവചിച്ച ബലിയാണിത് എന്നത്രേ ഐറേനിയസിന്‍റെ ചിന്ത (4,17,5).
ഐറേനിയസിന്‍റെ പുതിയനിയമ കാനനില്‍ നാലു സുവിശേഷങ്ങള്‍, പൗലോസിന്‍റെ ലേഖനങ്ങള്‍, വെളിപാട്, പത്രോസിന്‍റെ ഒന്നാംലേഖനം, ഹെര്‍മാസിന്‍റെ ഇടയന്‍ എന്നിവ ഉള്‍പ്പെടുന്നു. ഹെബ്രായലേഖനം കാനാനിലില്ല. പഴയനിയമത്തിനുള്ളതുപോലെ പുതിയനിയമ ഗ്രന്ഥങ്ങള്‍ക്കും അദ്ദേഹം നിവേശിതം കല്പിക്കുന്നു. അതുകൊണ്ട് അവയേയും വി. ഗ്രന്ഥം എന്ന് അദ്ദേഹം വിളിക്കുന്നു: 'സുവിശേഷങ്ങള്‍ നാലു മാത്രമേയുള്ളു. ഹെബ്രായരുടെ ഗ്രാമ്യഭാഷയില്‍ മത്തായി ഒരു സുവിശേഷം എഴുതി; പത്രോസും പൗലോസും റോമില്‍ പ്രസംഗിക്കുകയും സഭയുടെ അടിസ്ഥാനമിടുകയും ചെയ്തു. അവരുടെ യാത്രതിരിക്കലിനുശേഷം പത്രോസിന്‍റെ ശിഷ്യനും സഹായിയുമായ മര്‍ക്കോസ്, പത്രോസ് പ്രസംഗിച്ചത് എഴുതി. പൗലോസിന്‍റെ സഹായിയായ ലൂക്കോസ് അവന്‍റെ പ്രസംഗം എഴുതിവച്ചു. അതിനുശേഷം കര്‍ത്താവിന്‍റെ ശിഷ്യനും മാര്‍വില്‍ ചാരിക്കിടന്നവനുമായ യോഹന്നാന്‍ ആസിയായിലെ എഫേസോസില്‍വച്ച് ഒരു സുവിശേഷം പ്രസിദ്ധീകരിച്ചു' (1,1,1).
'സുവിശേഷങ്ങള്‍ എണ്ണത്തില്‍ കൂടാനോ കുറയാനോ സാധ്യമല്ല. കാരണം, ലോകത്തിനു നാലു ഭാഗങ്ങളുള്ളതുപോലെ, നാലു പ്രധാന കാറ്റുകള്‍ ഉള്ളതുപോലെ, ധര മുഴുവന്‍ വിതയ്ക്കപ്പെട്ട ഒരു വിത്താണു സഭ എന്നതുകൊണ്ടും സുവിശേഷങ്ങള്‍ സഭയുടെ തൂണും അസ്ഥിവാരവും ജീവാത്മാവും ആയതുകൊണ്ടും എല്ലാ ഭാഗങ്ങളില്‍നിന്നും അമര്‍ത്യത ഊതിക്കൊണ്ടും ജീവനിലേക്കു മനുഷ്യരെ പ്രകാശിപ്പിച്ചുകൊണ്ടും സഭയ്ക്ക് നാലു തൂണുകള്‍ ഉണ്ടാവുക സ്വഭാവികമാണ്. ഇക്കാരണത്താല്‍ എല്ലാറ്റിന്‍റെയും നിര്‍മാതാവും ക്രോബകളുടെമേല്‍ അരൂഢനും എല്ലാറ്റിലും ഒന്നിച്ചു ചേര്‍ന്നിരിക്കുന്നവനുമായ വചനം മനുഷ്യര്‍ക്കു വെളിപ്പെട്ടപ്പോള്‍, അരൂപിയാല്‍ ഒന്നിച്ചു ചേര്‍ക്കപ്പെട്ട അവന്‍റെ സുവിശേഷം നാലു രീതിയില്‍ നമുക്കു നല്‍കി' (3,11,8).
ക്രോബകള്‍ക്ക് നാലു മുഖങ്ങള്‍ ഉണ്ട്: ദൈവപുത്രന്‍റെ വ്യാപാരത്തിന്‍റെ സാദൃശ്യമാണ് അവരുടെ മുഖങ്ങള്‍. കാരണം, ഒന്നാമത്തെ ജീവി സിംഹമാണെന്ന് അവന്‍ പറയുന്നു (യോഹന്നാന്‍); അത് അവന്‍റെ യഥാര്‍ത്ഥ കാര്യക്ഷമതയും നേതൃത്വശക്തിയും രാജകീയ സ്വഭാവവും ചൂണ്ടിക്കാട്ടുന്നു; രണ്ടാമത്തേത് കാളക്കിടാവിനു സമം (ലൂക്കോസ്). ബലിയര്‍പ്പകനും പുരോഹിതനും എന്ന അവന്‍റെ സ്ഥാനത്തെ അതു സൂചിപ്പിക്കുന്നു; മൂന്നാമത്തേതിനു മനുഷ്യമുഖമുണ്ട് (മത്തായി). മനുഷ്യനായ അവന്‍റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു; നാലാമത്തേതു പറക്കുന്ന കഴുകനു തുല്യം (മര്‍ക്കോസ്). ആവസിക്കുന്ന പരിശുദ്ധാത്മദാനത്തെ അതു സൂചിപ്പിക്കുന്നു' (3,11,8). ഇത് ആദ്യമായി കാണുന്നത് എസക്കിയേലിലാണ് (10:14). വെളിപാട് 4:6-11 ലും ക്രോബേമാലാഖമാരെപ്പറ്റി പരാമര്‍ശമുണ്ട്. പില്‍ക്കാല ക്രൈസ്തവ കലയില്‍ ഈ വിവരണം വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്; പില്‍ക്കാല ചിന്തയില്‍ ഈ സാദൃശ്യങ്ങള്‍ക്കു മാറ്റവും വന്നിട്ടുണ്ട്.
പഴയനിയമ ഗ്രന്ഥങ്ങളും പുതിയനിയമ ഗ്രന്ഥങ്ങളും സഭയാകുന്ന തോട്ടത്തിലെ വൃക്ഷങ്ങളാണ്; സഭയ്ക്കാണ് വേദപുസ്തക വ്യാഖ്യാനത്തിനുള്ള അധികാരം. അപ്പസ്തോലികാടിത്തറയോടുകൂടെ സഭാപാരമ്പര്യംകൂടെ കണക്കിലെടുക്കണം; സഭ നമ്മെ അതിലെ വൃക്ഷങ്ങളുടെ ഫലത്താല്‍ പോഷിപ്പിക്കുന്നു (5,20,2).
എല്ലാ മനുഷ്യര്‍ക്കും യേശുക്രിസ്തുവിലൂടെയുള്ള രക്ഷ ആവശ്യമാണ്. അവര്‍ അതിനു പ്രാപ്തരുമാണ്. ആദിമാതാപിതാക്കളുടെ പാപം നിമിത്തം എല്ലാവരും പാപത്തിന് അടിമകളായി; മരണത്തിനു വിധേയരായി; ദൈവികസാദൃശ്യം നഷ്ടപ്പെടുത്തി. പാപത്തിന്‍റെയും മരണത്തിന്‍റെയും സാത്താന്‍റെയും അടിമത്തത്തില്‍നിന്ന് ദൈവപുത്രന്‍ നമ്മെ മോചിപ്പിച്ചു. യേശുക്രിസ്തുവില്‍ മനുഷ്യകുലം മുഴുവനും നവീകരിക്കപ്പെട്ടിരിക്കുന്നു. അവന്‍ നമ്മെ ദൈവവുമായി അനുരജ്ഞനപ്പെടുത്തി; നാം ദൈവികജീവനില്‍ ഭാഗഭാക്കുകളായി, ദൈവമഹത്വത്തിന്‍ ഓഹരിക്കാരായി. 'ഛായയും സാദൃശ്യവും' തമ്മില്‍ ഐറേനിയസിന് വ്യത്യാസമുണ്ട്. സ്വഭാവത്താലെ അമര്‍ത്യമായ ആത്മാവുവഴി മനുഷ്യന്‍ ദൈവഛായയാണ്. 'ദൈവസാദൃശ്യം' എന്നതു ദൈവത്തിന്‍റെ നന്മകൊണ്ട് ദൈവം സ്വന്തമായി ആദത്തിന് നല്‍കിയ അതിസ്വഭാവിക കൃപാവരം. നമ്മില്‍ ദൈവികസാദൃശ്യം ഉണ്ടാക്കുന്നത് പരിശുദ്ധാത്മാവാണ്.
യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സഭയും സഭയിലെ കൂദാശകളുമാണ് വ്യക്തികളുടെ രക്ഷ സാധിക്കുന്നത്. കൂദാശകള്‍വഴി സൃഷ്ടിസ്വഭാവത്തിനു പൂര്‍ണത ലഭിക്കുന്നു. യേശുക്രിസ്തുവിലുള്ള നവസൃഷ്ടിയുടെ മകുടമാണ് കൂദാശ. സ്നാനത്തില്‍ ദൈവത്തിനായി നാം വീണ്ടും ജനിക്കുന്നു. ശിശുസ്നാനത്തെപ്പറ്റി അദ്ദേഹം സംസാരിക്കുന്നു: 'താന്‍വഴി എല്ലാവരേയും രക്ഷിക്കാന്‍ അവന്‍ വന്നു - അവന്‍വഴി ദൈവത്തിനു ജനിക്കുന്ന എല്ലാവരേയും എന്നു ഞാന്‍ പറയുന്നു - ശിശുക്കള്‍, കുട്ടികള്‍, ബാലന്മാര്‍, യുവാക്കള്‍, വൃദ്ധര്‍' (2,22,4).
ഐറേനിയസിന്‍റെ 'എസ്കത്തോളജി'യിലും 'റീകാപ്പിറ്റുലേഷന്‍' തീയറിയുടെ സ്വാധീനം വ്യക്തമാണ്. ക്രിസ്തുവിന്‍റെ എതിരാളിയായ എതിര്‍ ക്രിസ്തു തന്നില്‍ എല്ലാ അനീതികളും ഉള്‍ക്കൊള്ളുന്നു. കാലാരംഭം മുതല്‍ ഇന്നോളമുള്ള എല്ലാ തിന്മകളും അവന്‍ സംവഹിക്കുന്നു (5,29,2). അവനെ അഗ്നിയില്‍ ഇടുന്നതുവഴി സകല അനീതിയും കത്തി നശിക്കുകയും പുതിയ യുഗം ആവിര്‍ഭവിക്കുകയും ചെയ്യും (5,32,1).
അലക്സാണ്ട്രിയായിലെ ക്ലെമന്‍റ്
തീത്തൂസ് ഫ്ളാവിയൂസു ക്ലെമന്‍റ് 150ല്‍ അക്രൈസ്തവ മാതാപിതാക്കളില്‍നിന്ന് ജനിച്ചു. ജന്മസ്ഥലമായ ആഥന്‍സില്‍ തന്നെ പ്രാഥമികവിദ്യാഭ്യാസം നിര്‍വ്വഹിച്ച ക്ലെമന്‍റ് ഇറ്റലി, സിറിയ, പാലസ്റ്റൈന്‍ എന്നിവിടങ്ങളിലെല്ലാം ചുറ്റി സഞ്ചരിച്ചു. ഏറ്റം പ്രശസ്തനായ ക്രൈസ്തവ പണ്ഡിതനെ ശ്രവിക്കുവാനാണ് ഇങ്ങനെ യാത്രചെയ്തത്. 'ഭാഗ്യവാന്മാരും ശ്രേഷ്ഠന്മാരുമായ ആളുകളുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കുവാന്‍ ഭാഗ്യമുണ്ടായി' എന്നു ക്ലെമന്‍റ് തന്നെ സാക്ഷിക്കുന്നു (സ്ത്രോമാത്ത, 1,1,11). അവസാനം അദ്ദേഹം അലക്സാണ്ട്രിയായില്‍ എത്തി. അവിടെവച്ചു യാത്ര അവസാനിപ്പിച്ചു. പന്തേനൂസിന്‍റെ വിജ്ഞാനവും വ്യക്തിത്വവും ക്ലെമന്‍റിനെ അദ്ദേഹത്തിന്‍റെ ശിഷ്യനാക്കി.
അവിടെ താമസിച്ചുകൊണ്ട് ക്ലെമന്‍റ് പഠിച്ച് പന്തേനൂസിന്‍റെ സഹപ്രവര്‍ത്തകനായി. ക്രി.വ. 200-മാണ്ടോടുകൂടി അലക്സാണ്ട്രിയന്‍ വിദ്യാപാഠശാലയുടെ പ്രധാനാദ്ധ്യാപകനായി. ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സെപ്തീമിയുസ് സെവേരൂസ് എന്ന ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലത്ത് ക്ലെമന്‍റിന് ഒളിവില്‍ കഴിയേണ്ടിവന്നു. അവസാനം തന്‍റെ പ്രിയ ശിഷ്യനായ അലക്സാണ്ടര്‍ പിന്നീട് ജറുസലേമിലെ മെത്രാനായി. ക്ലെമന്‍റ് വീണ്ടും ഈജിപ്ത് കാണാന്‍ സാധിക്കാതെ 215-ല്‍ കപ്പദോചിയായില്‍ വച്ചു മരിച്ചു.
കൃതികള്‍
ക്ലെമന്‍റിന്‍റെ ജീവിതത്തെക്കുറിച്ചു വളരെ കുറച്ചേ നമുക്കറിയൂ. എങ്കിലും അദ്ദേഹത്തിന്‍റെ കൃതികളില്‍നിന്നു മഹത്തായ ആ വ്യക്തിത്വത്തെപ്പറ്റി ഓട്ടൊക്കെ ഗ്രഹിക്കാന്‍ സാധിക്കും. താന്‍ ജീവിക്കുന്ന കാലഘട്ടത്തിന്‍റെ സംഭാവനകളെല്ലാം വചനത്തിന്‍റെ ശുശ്രൂഷയ്ക്കുപയോഗിക്കുവാന്‍ പഠിച്ച നല്ലൊരു ആസൂത്രകനായിരുന്നു ക്ലെമന്‍റ്. തത്ത്വശാസ്ത്രം, സംഗീതം, സാഹിത്യം, പുരാണം, ഇതിഹാസം എന്നിവകളിലെല്ലാം നല്ല അറിവുള്ളതിന്‍റെ ലക്ഷണം കൃതികളില്‍ വ്യക്തമാണ്. വി. ഗ്രന്ഥം, ആദിമഅപ്പസ്തോലികകൃതികള്‍, പാഷണ്ഡരുടെ കൃതികള്‍ എന്നിവയെല്ലാം അദ്ദേഹം നന്നായി അറിഞ്ഞിരുന്നു. പഴയനിയമതത്തില്‍നിന്നു 1500-ഉം പുതിയ നിയമത്തില്‍നിന്നും 2000-ഉം ഭാഗങ്ങള്‍ അദ്ദേഹം പരാമര്‍ശിക്കുന്നു.
ലോകത്തിന്‍റെ ഗുരുവും മാതാവുമായ സഭയ്ക്ക് ഗ്രീക്കു തത്ത്വചിന്തയെ കണ്ടില്ലെന്നു നടിക്കാനാവില്ല എന്ന് ക്ലെമന്‍റ് ഗ്രഹിച്ചു. ശാസ്ത്രീയമായി ഒരു ക്രിസ്തീയതത്ത്വചിന്ത, രൂപീകരിക്കാന്‍ ക്ലെമന്‍റിന്‍റെ താത്ത്വികവിദ്യാഭ്യാസം വളരെ സഹായിച്ചു. 'വിശ്വാസവും തത്ത്വശാസ്ത്രവും, സുവിശേഷവും ശാസ്ത്രീയജ്ഞാനവും, ശത്രുക്കളല്ല കൈകോര്‍ത്തു പോകേണ്ട സുഹൃത്തുക്കളാണ്' എന്നു ക്ലെമെന്‍റ് തെളിയിച്ചു.
താത്ത്വിക പഠനങ്ങളെല്ലാം ദൈവശാസ്ത്രത്തിന് സഹായകങ്ങളാണ്. വിവിധ തത്ത്വചിന്തകളില്‍ കാണുന്നവയുടെയെല്ലാം പൂര്‍ണതയും, മകുടവും ക്രിസ്തുമതമാണെന്ന് അദ്ദേഹം പഠിപ്പിച്ചു.
താഴെപ്പറയുന്നവയാണ് ക്ലെമന്‍റിന്‍റെ പ്രധാന കൃതികള്‍:
മാനസാന്തരത്തിനുള്ള ഒരു ഉപദേശമാണിത്. അര്‍ത്ഥമില്ലാത്ത വിഗ്രഹാരാധനയുടെ പിന്നാലെ പാഞ്ഞു നടക്കുന്നവര്‍, ലജ്ജാവഹങ്ങളായ പ്രവൃത്തികള്‍വിട്ട്, വചനത്തിന്‍റെ ശുശ്രൂഷകരായി മാറണം. പണ്ട് പ്രവാചകന്മാര്‍ വചനത്തെപ്പറ്റി പ്രവചിച്ചു. കാലാന്ത്യത്തില്‍ വചനം ക്രിസ്തുവായി അവതരിച്ചു. അവിടുന്ന് മനുഷ്യന്‍റെ അന്തരംഗത്തിലെ തീവ്രാഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിലേക്ക് നയിക്കുന്നൊരു ജീവിതം വാഗ്ദാനം ചെയ്യുന്നു. അവന്‍ നിത്യതയും രക്ഷയും വിടുതലും നല്‍കുന്നു. തന്‍റെ 'ഉപദേശത്തിന്‍റെ' ചുരുക്കം ഗ്രന്ഥത്തിന്‍റെ അവസാനം ക്ലെമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നു. 'എന്‍റെ ഉപദേശം എന്താണ്? നിങ്ങള്‍ രക്ഷപ്രാപിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു അവിടുന്ന് നിങ്ങള്‍ക്ക് സൗജന്യമായി ജീവന്‍ നല്‍കുന്നു. അവിടുന്ന് ആരാണ്? ചുരുക്കമായി ഗ്രഹിപ്പിന്‍... സത്യവചനം: മനുഷ്യനെ സത്യത്തിലേക്കു നയിച്ചുകൊണ്ടു അവനെ ജനിപ്പിക്കുന്ന അമര്‍ത്യതയുടെ വചനം; രക്ഷയിലേക്കു പ്രേരിപ്പിക്കുന്ന ശക്തി; അവന്‍ നാശത്തെ നീക്കുകയും മരണത്തെ മാറ്റുകയും ചെയ്യുന്നു; ദൈവം മനുഷ്യരില്‍ വസിക്കുവാന്‍, മനുഷ്യരില്‍ അവന്‍ ദൈവാലയം നിര്‍മ്മിക്കുന്നവനാകുന്നു (11, 117, 3-4).
ക്രൈസ്തവവിശ്വാസസമര്‍ത്ഥകരുടെ ശൈലിയിലാണ് ക്ലെമന്‍റ് ഇതെഴുതിയിരിക്കുന്നത്. അത്തരം കൃതികള്‍ പലതും ക്ലെമന്‍റിനു സുപരിചിതമായിരുന്നു. മനുഷ്യകുലത്തിന്‍റെ പ്രബോധനത്തിനു വചനത്തിനുള്ള അദ്വിതീയസ്ഥാനത്തെ സംബന്ധിച്ചു ക്ളെമെന്‍റ് തികച്ചും ബോധവാനായിരുന്നു.
ഒരു ഉന്നതതത്ത്വചിന്തയിലേക്ക് വരുന്നതിനും ഉന്നതജ്ഞാനം സമ്പാദിക്കുന്നതിനും മനുഷ്യരെ ക്ഷണിച്ചുകൊണ്ട് 'ഉപദേശങ്ങള്‍' എഴുതുന്ന പതിവു ഗ്രീക്കുകാര്‍ക്കുണ്ടായിരുന്നു. അരിസ്റ്റോട്ടല്‍, എപ്പിക്കുരൂസ്, സ്റ്റോയിക്ക് ക്ലെയാന്‍തസ്, ക്രിസിപ്പുസ്, പൊസെയ്ദോനിയുസ് എന്നിവരൊക്കെ 'ഉപദേശങ്ങള്‍' എഴുതിയിട്ടുണ്ട്. സിസറോയുടെ 'ഹൊര്‍തെന്‍സിയൂസും' ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു. പ്രസ്തുത ശൈലിയാണിതില്‍ ക്ലെമന്‍റും സ്വീകരിച്ചത്.
തന്‍റെ ഒന്നാമത്തെ കൃതിയിലെ ഉപദേശം ശ്രദ്ധിച്ചനുസരിച്ചവര്‍ക്കുള്ളതാണിത്. മാനസാന്തരപ്പെട്ടവര്‍ എങ്ങനെ ജീവിതം കരുപിടപ്പിക്കണമെന്നു വചനം ഗുരുവായി വന്നു ശിക്ഷണം നല്‍കുകയാണ്. ഇതു മൂന്നു ഭാഗങ്ങളായിട്ടാണ്. ഒന്നാംഭാഗം പൊതുവായി, വചനത്തിന്‍റെ പ്രബോധകദൗത്യത്തെപ്പറ്റി സംസാരിക്കുന്നു. സുകൃത ജീവിതത്തിലേക്കുള്ള നയിക്കുകയാണു വചനത്തിന്‍റെ ദൗത്യം (; 1,1,4). പ്രബോധകവിദ്യപൈതങ്ങളുടെ ശിക്ഷണമാണ് (1,5,12.1). ആരാണ് പൈതങ്ങള്‍? ഗ്നോസ്റ്റിക് അബദ്ധോപദേശകരുടെ ചിന്താരീതി പോലെ, ക്രിസ്തീയ 'ജ്ഞാനത്തില്‍' താഴേക്കിടയില്‍ നില്‍ക്കുന്നവരല്ല പൈതങ്ങള്‍. സ്നാനം വഴി രക്ഷ പ്രാപിച്ചവരെല്ലാം ദൈവത്തിന്‍റെ പൈതങ്ങളാണ്: 'സ്നാനംവഴി നാം പ്രബുദ്ധരാകുന്നു; പ്രബുദ്ധരായി, മക്കളാകുന്നു; മക്കളായി പൂര്‍ണരാകുന്നു; പൂര്‍ണരായി, അമര്‍ത്യരാകുന്നു' (1,6,26,1). സ്നേഹം എന്ന മാധ്യമം. ഉപയോഗിച്ച് വചനം നമ്മെ പരിശീലിപ്പിക്കുന്നു. എന്നാല്‍ നല്ലൊരു ഗുരുവിനെപ്പോലെ അവിടുന്നു ശിക്ഷിക്കുകയും ചെയ്യുന്നു. അവിടുന്ന് നല്ലവനും നീതിമാനുമാകുന്നു. പഴയനിയമത്തിലെ ദൈവവും പുതിയനിയമത്തിലെ ദൈവവും ഒന്നുതന്നെ (1;9,83,2-84,3).
രണ്ടാംഭാഗം അനുദിനജീവിതത്തിന്‍റെ ബഹുവിധ പ്രശ്നങ്ങളെ പരാമര്‍ശിക്കുന്നു. ഭക്ഷണം, പാനീയം, ഭവനം, ഉപകരണങ്ങള്‍, സംഗീതം, ഡാന്‍സ്, ഉല്ലാസം, കുളി, വിനോദം, എണ്ണ, പെരുമാറ്റം, വിവാഹജീവിതം എന്നിവയെപ്പറ്റിയെല്ലാം രണ്ടുംമൂന്നും ഭാഗങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു; അലക്സാണ്ട്രിയന്‍ പട്ടണത്തിലെ അനുദിനജീവിതത്തിലുടനീളം കാണുന്ന സമൃദ്ധിയുടെ തിക്തഫലങ്ങളായ തിന്മകളെപ്പറ്റിയും ക്ലെമന്‍റ് വിവരിക്കുന്നു. ക്രിസ്ത്യാനികള്‍ അത്തരം തിന്മകളില്‍നിന്നൊഴിഞ്ഞിരിക്കണം. അരൂപിയിലുള്ള ദാരിദ്രമത്രേ പ്രധാനം. അലക്സാണ്ട്രിയായിലെ നാഗരികതയ്ക്ക് ഒരു ക്രൈസ്തവാരൂപി നല്‍കാന്‍ ക്രിസ്ത്യാനികള്‍ക്കു കടമയുണ്ട് എന്നിങ്ങനെ അദ്ദേഹം ഉപദേശിക്കുന്നു.രക്ഷകനായ ക്രിസ്തുവിനോടുള്ള ഒരു സ്തുതിഗീതം കൊണ്ടാണു 'ഗുരു' അവസാനിക്കുന്നത് (മുകളില്‍ പേജ്, 91-92 കാണുക).
ഒരുപദേഷ്ടാവിന്‍റെ ദൗത്യനിര്‍വഹണം നടത്തണം എന്ന ലക്ഷ്യമാണു ഈ ഗ്രന്ഥത്തില്‍ ക്ലെമന്‍റിനുണ്ടായിരുന്നത്. അതായത്, ആദ്യഗ്രന്ഥത്തില്‍ ഉപദേശം, രണ്ടാമത്തേതില്‍ പരിശീലനം, ഇതില്‍ പ്രബോധനം (ഡിഡസ്കാലിയ). എന്നാല്‍ ക്ലെമന്‍റിനതു സാധിച്ചില്ല. അതുകൊണ്ടു ക്ലെമന്‍റ് എഴുത്തിന്‍റെ രീതി മാറ്റി ഇതിനു 'ജ്ഞാനത്തില്‍' എന്നു പേരിട്ടു. ആ കാലഘട്ടത്തില്‍ ഇത്തരം തലക്കെട്ടില്‍ പല ഗ്രന്ഥങ്ങളും താത്ത്വികര്‍ പ്രസിദ്ധീകരിച്ചിരുന്നു. കൃത്യമായ അടുക്കും ചിട്ടയും കൂടാതെ ധാരാളം കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലുംവച്ചു എഴുതുവാന്‍ ഈ സാഹത്യശൈലി അനുവദിച്ചിരുന്നു. ഇത്തരത്തില്‍പ്പെട്ടവയാണു 'പുല്‍ത്തകിടി', 'സദ്യ', 'മധൂകോശം' തുടങ്ങിയ പേരുകള്‍
എട്ടു ഗ്രന്ഥങ്ങളിലായിട്ടാണു കയറ്റുപായ് എഴുതപ്പെട്ടിരിക്കുന്നത്. ക്രൈസ്തവവിശ്വാസവും ഗ്രീക്കുതത്ത്വചിന്തയുമായുള്ള ബന്ധമാണിവിടെ പ്രധാന ചര്‍ച്ചാവിഷയം. യഹൂദര്‍ക്കു 'നിയമം' ലഭിച്ചതുപോലെ ഗ്രീക്കുകാര്‍ക്കു തത്ത്വചിന്ത ലഭിച്ചു. രണ്ടിന്‍റേയും കര്‍ത്താവു ദൈവമായിരുന്നു. വിശ്വാസത്തിന്‍റെ ആഴത്തിലേക്കാഴ്ന്നിറങ്ങുവാന്‍ തത്ത്വചിന്ത നിശ്ചയമായും സഹായിക്കും (1,5,28). വിശ്വാസസ്വീകരണത്തിനു കളമൊരുക്കുവാന്‍ തത്ത്വചിന്തയ്ക്കു സാധിക്കും. എന്നാല്‍ വിശ്വാസത്തിനു പകരം നില്‍ക്കാന്‍ അതിനൊരിക്കലും സാധ്യമല്ല (2,2,8,4): എല്ലാ വിജ്ഞാനത്തിന്‍റെയും അടിസ്ഥാനവും വിശ്വാസമാണെന്നാണു ക്ലെമന്‍റിന്‍റെ അഭിപ്രായം; എഴുതിവന്നപ്പോള്‍ പിന്നെയും പിന്നെയും ധാരാളം ആശയം പൊന്തിവന്നു. അതുകൊണ്ടു അടുത്ത ഗ്രന്ഥത്തില്‍ അവ ചര്‍ച്ചചെയ്യാമെന്നു ക്ലെമന്‍റ് പറഞ്ഞെങ്കിലും (7; 18,111,4) അതിനുമുമ്പു ക്ലെമന്‍റു മരിച്ചു.
തെയൊഡോട്ടസ് എന്ന ഗ്നോസ്റ്റിക് താത്ത്വികചിന്തകന്‍റെ കൃതികളില്‍നിന്നുള്ള ഉദ്ധരണികള്‍ ക്ലെമന്‍റ് സമാഹരിച്ചിരുന്നു. അവ ക്ലെമന്‍റിന്‍റെ കൃതികളുടെ കൈയെഴുത്തുപ്രതികളുടെകൂടെ കാണുന്നുണ്ട്. അവയും തത്സംബന്ധമായി ക്ലെമന്‍റു നടത്തിയ പഠനങ്ങളും ഒന്നിച്ചു കിടക്കുന്നതില്‍നിന്നു ക്ലെമന്‍റിന്‍റെ വാക്കുകള്‍ വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമാണ്.
ഈ കൃതി മര്‍ക്കോസ് 10: 17-31 ന്‍റെ ഒരു വ്യാഖ്യാനമാണ്. കര്‍ത്തൃവചനം വെറും വാച്യാര്‍ത്ഥത്തില്‍ അല്ല എടുക്കേണ്ടതെന്ന ആശയമാണു ക്ലെമന്‍റിനുള്ളത്. രക്ഷപ്രാപിക്കാന്‍ നമുക്കുള്ളതെല്ലാം വില്‍ക്കണമെന്നില്ല പ്രത്യുത ലൗകികവസ്തുക്കളില്‍നിന്നു മനസ്സിനെയകറ്റി പണത്തിനുള്ള അമിതാഗ്രഹത്തില്‍നിന്നൊഴിഞ്ഞു ജീവിക്കുക എന്നാണു കര്‍ത്താവു അര്‍ത്ഥമാക്കിയത്. എല്ലാ ക്രൈസ്തവരും ഉള്ളതെല്ലാം വിറ്റാല്‍ പാവപ്പെട്ടവരെ ആരു പാലിക്കും? ഒരുവന്‍ പണക്കാരനോ പാവപ്പെട്ടവനോ എന്നതല്ല കാര്യം മനസ്സിന്‍റെ മനോഭാവമത്രേ പ്രധാനം. നാം ദുര്‍വികാരങ്ങളത്രേ തള്ളിക്കളയേണ്ടത്, ധനമല്ല; പാപമാണു നമ്മെ സ്വര്‍ഗരാജ്യത്തില്‍നിന്നകറ്റുന്നത്.
വേദപുസ്തകത്തിലെ എല്ലാ ഗ്രന്ഥങ്ങള്‍ക്കും 'ബാര്‍ണബാസിന്‍റെ ലേഖനം' 'പത്രോസിന്‍റെ വെളിപാട്' എന്നിവയ്ക്കും ക്ലെമന്‍റ് വ്യാഖ്യാനമെഴുതി. ചിലഭാഗങ്ങളുടെ വ്യാഖ്യാനം മാത്രമേ ഇതിലുണ്ടായിരുന്നുള്ളു എന്നു ചിലര്‍ കരുതുന്നു. ഏതായാലും എട്ടു പുസ്തകങ്ങളിലായി എഴുതപ്പെട്ട ഈ കൃതി നമുക്കിതുവരെ കിട്ടിയിട്ടില്ല. ഈ ഗ്രന്ഥത്തെപ്പറ്റി എവുസേബിയസും (സഭാ. 6,14,1) ഫോസിയസും സംസാരിക്കുന്നു.
പെസഹായെ സംബന്ധിച്ച് അന്നുവരെയുള്ള പാരമ്പര്യങ്ങള്‍ കുറിച്ചിടാന്‍ സുഹൃത്തുക്കള്‍ പ്രേരിപ്പിച്ചെന്നും അക്കാരണത്താലാണിതെഴുതുന്നതെന്നും ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സാര്‍ദിസിലെ മെലിറ്റോയുടെ പെസഹാപ്രസംഗവും മറ്റും അദ്ദേഹം വായിച്ചിരുന്നു (സഭാ. 6,13,9).
ക്ലെമന്‍റിന്‍റെ ദൈവശാസ്ത്രം
താത്ത്വിക ദൈവശാസ്ത്രത്തിന്‍റെ സ്ഥാപകന്‍ എന്നു ക്ലെമന്‍റിനെ വിളിക്കുന്നവരുണ്ട്. അദ്ദേഹത്തിന്‍റെ സംഭാവന തികച്ചും സാരവത്തും അമൂല്യവുമായിരുന്നു. തത്ത്വശാസ്ത്രം ഉപയോഗിച്ചു വിശ്വാസത്തിന്‍റെ വേരുകള്‍ ആഴത്തിലോടിക്കാന്‍ മുന്നിട്ടിറങ്ങിയ യോദ്ധാവായിരുന്നു അദ്ദേഹം. ഇരനെയൂസ് പാരമ്പര്യത്തിന്‍റെ വ്യക്താവായിരുന്നു. താത്ത്വിക സ്വാധീനങ്ങളൊക്കെ വിശ്വാസത്തില്‍ കലര്‍പ്പുളവാക്കും എന്നൊരു ധാരണയായിരുന്നു അദ്ദേഹത്തിന്‍റേത്. എന്നാല്‍ മറിച്ചൊരു ധാരണയ്ക്കാരംഭമിടാന്‍ ക്ലെമന്‍റിനു കഴിഞ്ഞു. ഹെല്ലനിസത്തിന്‍റെ അപാകതകള്‍ കാണാതെയല്ല ക്ലെമന്‍റിതു ചെയ്തത്. അബദ്ധോപദേശകരായ ഗ്നോസ്റ്റിക് ചിന്തകരെ തറപറ്റിക്കാന്‍ ക്ലെമന്‍റിന്‍റെ തൂലികയ്ക്കു കഴിഞ്ഞു. ആ പീഠത്തില്‍നിന്നു കൊണ്ടു യഥാര്‍ത്ഥവിജ്ഞാനം പണിതുയര്‍ത്തുന്നതില്‍ ക്ലെമന്‍റ് കാണിച്ച ധീരത സ്തുത്യര്‍ഹമാണ്.
വചനം
വചനത്തെ ആരംഭവും അടിസ്ഥാനവുമാക്കിക്കൊണ്ടു ഒരു ദൈവശാസ്ത്രം കെട്ടിപ്പടുക്കാനാണു ക്ലെമന്‍റ് ശ്രമിച്ചത്. കൃതികളിലുടനീളം ഈ ചിന്താധാര വ്യക്തമാണ്. പ്രപഞ്ച സ്രഷ്ടാവാണു വചനം. അവന്‍വഴി എല്ലാം സൃഷ്ടിക്കപ്പെട്ടു. പഴയ ഉടമ്പടിയില്‍ നിയമത്തിലൂടെ ദൈവത്തെ വെളിപ്പെടുത്തിയതു അവിടുന്നാണ്. ഗ്രീക്കു തത്ത്വചിന്തവഴിയും കാലാന്ത്യത്തില്‍ കന്യകവഴിയും പ്രത്യക്ഷനായതു വചനമത്രേ. അവിടുന്നു പിതാവിനോടും പരിശുദ്ധാത്മാവിനോടും ചേര്‍ന്നു ഒരു ത്രിത്വം ആകുന്നു. വചനം വഴി നാം പിതാവിനെ അറിയുന്നു (സ്ത്രോമാത്ത, 5.12,82).
വചനം സത്താപരമായി പ്രാപഞ്ചിക പ്രബോധകനും, മനുഷ്യകുലത്തിന്‍റെ നിയമദാതാവുമാണ്. എന്നാല്‍ അവിടുന്നു മനുഷ്യകുലത്തിന്‍റെ നിയമദാതാവുമാണ്. എന്നാല്‍ അവിടുന്നു മനുഷ്യകുലത്തിന്‍റെ രക്ഷകനും പുതിയൊരു ജീവിതത്തിന്‍റെ സ്ഥാപകനുമാണ്. വിശ്വാസംവഴി ആ ജീവിതമാരംഭിക്കുന്നു. അതിന്‍റെ പാത ജ്ഞാനവും സമാധിയുമാണ്. അതു സ്നേഹത്തിലൂടെയും സാഹോദര്യത്തിലൂടെയും അമര്‍ത്യതയിലേക്കും നിത്യജീവനിലേയ്ക്കും നയിക്കുന്നു. അവതരിച്ച വചനമായ ക്രിസ്തു ദൈവവും മനുഷ്യനുമാണ്; നാം ദൈവിക ജീവനിലേക്കു ഉയര്‍ന്നതു അവിടുന്നു വഴിയാണ്. ക്ലെമന്‍റ് ക്രിസ്തുവിനെ 'നീതിസൂര്യന്‍' എന്നു വിളിക്കുന്നു:
'പ്രകാശമേ, സ്വാഗതം! അന്ധകാരത്താല്‍ മൂടപ്പെട്ടിരുന്ന, മരണനിഴലില്‍ അടയ്ക്കപ്പെട്ടിരുന്ന, ഞങ്ങളില്‍ സ്വര്‍ഗത്തില്‍നിന്നു സൂര്യനേക്കാള്‍ ശുദ്ധവും താഴെയുള്ള ജീവനേക്കാള്‍ മാധുര്യവുമായ പ്രകാശം ഉദിച്ചിരിക്കുന്നു. ആ പ്രകാശം നിത്യജീവനാണ്. അതില്‍ പങ്കുപറ്റുന്നവന്‍ ജീവിക്കുന്നു. എന്നാല്‍ രാത്രി പ്രകാശത്തെ ഭയപ്പെടുന്നു. വിറയലോടെ സ്വയം ഒളിക്കുന്നു. കര്‍ത്തൃദിവസത്തിനു അതു വഴി മാറിക്കൊടുക്കുന്നു. മങ്ങിപ്പോകാത്ത പ്രകാശം എല്ലാവരിലും ഉദയം ചെയ്തു. അസ്തമയം ഉദയത്തിനു സാക്ഷ്യം വഹിച്ചിരിക്കുന്നു. നവസൃഷ്ടിയുടെ അര്‍ത്ഥം ഇതാകുന്നു. എല്ലാവര്‍ക്കും ഉപരിസ്ഥനായി തന്‍റെ രഥം ഓടിക്കുന്ന നീതിസൂര്യന്‍ മനുഷ്യവര്‍ഗം മുഴുവനിലും വ്യാപരിക്കുന്നു. എല്ലാവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കുന്ന പിതാവിനെപ്പോലെയാണവന്‍. അവന്‍ സത്യത്തിന്‍റെ പനിമഞ്ഞു സകലരിലും വര്‍ഷിക്കുന്നു. അവന്‍ അസ്തമയത്തെ ഉദയമാക്കി മാറ്റി; കുരിശാല്‍ മരണത്തെ ജീവനായി പകര്‍ത്തി; മനുഷ്യനെ അവന്‍ നാശത്തില്‍നിന്നു വിടുവിച്ചു വാനോളമുയര്‍ത്തി; അവന്‍ മരണത്തെ അമര്‍ത്യതയായും ഭൂമിയെ സ്വര്‍ഗമായും മാറ്റി' (ഉപദേശം, 11,88.114)
സഭാശാസ്ത്രം
ദൈവം ഏകനാകുന്നു. വചനം ഏകനാകുന്നു; ശുദ്ധീകരിക്കുന്ന റൂഹാ ഏകനാകുന്നു. അതുകൊണ്ടു സാര്‍വത്രികസഭ ഏകമാകുന്നു; സഭ കന്യകയും മാതാവുമാണ്. ദൈവവചനമാകുന്ന പാല്‍ തന്നു അമ്മ നമ്മെ വളര്‍ത്തുന്നു:
'ഓ, അത്ഭുതരഹസ്യം! എല്ലാവരുടേയും പിതാവേകന്‍, വചനം ഒരുവന്‍. എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന പരിശുദ്ധാത്മാവും ഒരുവന്‍; കന്യകയും മാതാവുമായവളും ഒന്നുമാത്രം; അവളെ ഞാന്‍ സഭയെന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നു. അവള്‍ക്കു മാത്രം മുലപ്പാലില്ല; കാരണം അവള്‍ മാത്രം സ്ത്രീയായിത്തീര്‍ന്നില്ല; എന്നാല്‍ അവള്‍ കന്യകയും അമ്മയുമാണ്; അവള്‍ കന്യകയെപ്പോലെ കളങ്കരഹിതയാണ്. അമ്മയെപ്പോലെ കാരുണ്യമുള്ളവളുമാണ്. മക്കളെ തന്‍റെ പക്കലേക്കു മാടിവിളിച്ച് വചനമാകുന്ന നല്ല പാല്‍ അവരെ കുടിപ്പിക്കുന്നു (ഗുരു, 1,6,42,1).
'അമ്മ കുഞ്ഞുങ്ങളെ തന്‍റെ പക്കലേക്കു അടുപ്പിക്കുന്നു; നാം സഭയാകുന്ന അമ്മയെ തിരക്കുന്നു' (ഗുരു, 1,5,21,1). സഭ ഗുരുവിന്‍റെ വധുവാണ്. യേശുക്രിസ്തു അദ്ധ്യാപകനായുള്ള കലാലയമാണ് സഭ (3,12,98,1). 'അവന്‍റെ കീഴില്‍ ശിക്ഷണം ലഭിച്ച ബിരുദധാരികളേ, സഭയുടെ മുഖശോഭ നമ്മുടെ സാന്നിധ്യത്താല്‍ പൂര്‍ണമാക്കാം. പൈതങ്ങളെപ്പോലെ നമ്മുടെ നല്ല അമ്മയുടെ പക്കലേക്കു ഓടിയടുക്കാം' (312,99,1). സഭ പാഷണ്ഡതകളില്‍നിന്നു തികച്ചും വ്യത്യസ്തയാണ്. അവളില്‍ ഐക്യം വസിക്കുന്നു. വിഷം കലര്‍ത്തിയ വെള്ളമാണു അബദ്ധോപദേശം. സത്യത്തിന്‍റെ ഛായ ഉണ്ടെങ്കിലും അവരില്‍ സത്യമില്ല എന്നത്രേ ക്ലെമന്‍റിന്‍റെ ചിന്ത.
സത്യസഭ ഏകമാണ്. സഭയുടെ ഏകത്വവും പൂര്‍ണതയും കത്തോലിക്കാസഭയില്‍ മാത്രമേ ക്ലെമന്‍റു കാണുന്നുള്ളൂ. അബദ്ധോപദേശകര്‍ യൂദന്മാരുടെയും പുറജാതികളുടെയും സഭാപ്രവേശനത്തെ തടസ്സപ്പെടുത്തുന്നു. എന്നാല്‍ അതു ഗണ്യമാക്കാതെ രക്ഷപ്രാപിക്കാന്‍ ആഗ്രഹമുള്ളവരെല്ലാം സഭയിലേക്കു ഓടിയടുക്കണം.
വേദപുസ്തകം ദൈവവചനമാണ്. അബദ്ധോപദേശകര്‍ ദൈവവചനത്തെ കോട്ടിമറിക്കുന്നതു വഴി അനേകരെ വഴി തെറ്റിക്കുന്നു. അവര്‍ ബൈബിളിലെ എല്ലാ പുസ്തകങ്ങളും ഉപയോഗിക്കുന്നില്ല; ഉദ്ധരിക്കുന്നതു തന്നെ വെറും ഭാഗികമായി മാത്രം; അതും സന്ദര്‍ഭത്തില്‍നിന്നും മാറ്റി തങ്ങളുടെ ഇഷ്ടാനുസരണമത്രേ. സഭയില്‍ മെത്രാന്മാര്‍, വൈദികര്‍, ശെമ്മാശ്ശന്മാര്‍ എന്ന് മൂന്ന് സ്ഥാനങ്ങളാണുള്ളത് (സ്ത്രോമാത്ത, 6,13,10). മാലാഖമാരുടെ ക്രമം പോലെയാണ് സഭയിലേതും. മാലാഖമാര്‍ ദൈവസമക്ഷം നമ്മുടെ പ്രാര്‍ത്ഥനകള്‍ എത്തിക്കുന്നു. അവര്‍ നമ്മുടെ ഹൃദയവിചാരങ്ങള്‍ ഗ്രഹിക്കുന്നു. അവരുടെ ഗ്രഹണശക്തിക്കു ചിന്തപോലെ വേഗതയുണ്ട്. മാലാഖമാര്‍ അരൂപികളാണ്.
മാമ്മോദീസാ
മാമ്മോദീസാ വീണ്ടും ജനനമാണ്: 'രക്ഷകനെ ശ്രവിക്കൂ ഈ ലോകത്തില്‍ മരണത്തിനായി പിറന്ന നിങ്ങളെ ഞാന്‍ വീണ്ടും ജനിപ്പിച്ചു; നിങ്ങളെ ഞാന്‍ സ്വതന്ത്രരാക്കി. നിങ്ങളെ ഞാന്‍ സുഖപ്പെടുത്തി; നിങ്ങളെ ഞാന്‍ വീണ്ടെടുത്തു. അന്ത്യമില്ലാത്തതും, നിത്യവും അതിസ്വാഭാവികവുമായ ജീവന്‍ നിങ്ങള്‍ക്ക് ഞാന്‍ തരും; നല്ല പിതാവായ ദൈവത്തിന്‍റെമുഖം നിങ്ങളെ ഞാന്‍ കാണിക്കും; ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്... നിങ്ങളെപ്രതി ഞാന്‍ മരണത്തോടു മല്ലിട്ടു; ദൈവസമക്ഷമുള്ള നിങ്ങളുടെ വിശ്വാസരാഹിത്യത്തിനും, പാപത്തിനും നിങ്ങള്‍ അര്‍ഹിച്ച മരണത്തിനും ഞാന്‍ പലിശ കൊടുത്തു' (രക്ഷ പ്രാപിച്ച ധനവാനാര്, 23,1). സ്നാനത്തെ മുദ്ര (സ്ഫ്രാഗിസ്). പ്രകാശം, കുളി, പൂര്‍ണത, രഹസ്യം എന്നൊക്കെ ക്ലെമന്‍റ് വിളിക്കുന്നു.
ദൈവം നവസൃഷ്ടിയുടെ ഈ കൂദാശയില്‍ നമ്മെ തന്‍റെ മക്കളായി ദത്തെടുക്കുന്നു. 'ഗുരു'വില്‍ ക്ലെമന്‍റ് മാമ്മോദീസായുടെ ഫലങ്ങള്‍ ഇപ്രകാരം വിവരിക്കുന്നു (1,6,26):
'മാമ്മോദീസാവഴി നാം പ്രകാശിതരാകുന്നു: പ്രകാശിതരായി നാം ദൈവമക്കളായി തീരുന്നു; ദൈവമക്കളാകുന്നതുമൂലം നാം പൂര്‍ണരാക്കപ്പെടുന്നു, പൂര്‍ണരാക്കപ്പെടുന്നതിനാല്‍ നാം അമര്‍ത്യരാക്കപ്പെടുന്നു. 'നിങ്ങള്‍ ദേവന്മാരും അത്യുന്നതന്‍റെ മക്കളുമാകുന്നു എന്നു ഞാന്‍ പറഞ്ഞു' എന്ന് അവിടുന്നു അരുള്‍ ചെയ്യുന്നു (സങ്കീ. 81:6). ഈ കര്‍മ്മം കൃപ, പ്രകാശിപ്പിക്കല്‍, പൂര്‍ത്തീകരണം, കുളി എന്നൊക്കെ വിവിധ പേരുകളാല്‍ വിളിക്കപ്പെടുന്നു. ഇതിനാല്‍ നമ്മുടെ പാപങ്ങള്‍ കഴുകപ്പെടുന്നതിനാല്‍ കുളിയാണിത്; നമ്മുടെ അതിക്രമങ്ങള്‍മൂലം കുന്നുകൂടുന്ന ശിക്ഷയ്ക്കു മാപ്പുകൊടുക്കലാകയാല്‍ കൃപയാണിത്; രക്ഷയുടെ വലിയ ദീപത്തെ ഇതുവഴി നാം ദര്‍ശിക്കുന്നതിനാല്‍ ഇതു പ്രകാശിപ്പിക്കലാണ്; അതായത് അതുവഴിയാണു നാം വ്യക്തമായി ദൈവത്തെ കാണുന്നത്. അതിന് ഒന്നും ആവശ്യമില്ലാത്തതിനാല്‍ പൂര്‍ണത എന്നു നാം വിളിക്കുന്നു. ദൈവത്തെ അറിയുന്നവന് എന്താണാവശ്യമായിരിക്കുന്നത്? പൂര്‍ണമല്ലാത്ത ഒന്നിനെ ദൈവദാനം എന്നു വിളിക്കുന്നതു വാസ്തവത്തില്‍ രാക്ഷസ തുല്യമാണ്'.
കുര്‍ബാന
പുറജാതികളുടെ രക്തബലികള്‍ ദൈവത്തെ സംബന്ധിച്ചുള്ള ക്രൈസ്തവാശയവുമായി യോജിച്ചു പോകാത്തതാണ്. അതു ദൈവത്തിനു സ്വീകാര്യമല്ല എന്നു ക്രൈസ്തവര്‍ ചിന്തിക്കുന്നു. ഗ്രീക്ക് വിശ്വാസസംരക്ഷകരുടെ ശൈലിയിലാണു ക്ലെമന്‍റ് സംസാരിക്കുന്നത് (സ്ത്രോമാത്ത, 7,3,14-15). യൂദരുടെയും പുറജാതികളുടെയും അര്‍ത്ഥശൂന്യമായ രക്തബലികള്‍ക്കുപകരം രക്തരഹിതമായ ആത്മീയബലിയെപ്പറ്റി ക്ലെമന്‍റ് സംസാരിക്കുന്നു. ദൈവത്തിനു സ്വയം സമര്‍പ്പിക്കുന്നതാണ് ഏറ്റം സാരവത്തായ ബലി എന്ന് അദ്ദേഹം കരുതുന്നു (7,6,32). സഭയിലെ യഥാര്‍ത്ഥ ബലിയെപ്പറ്റി ക്ലെമന്‍റ് ഒരിടത്തു പറയുന്നു. പാഷണ്ഡികളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കുക; കുര്‍ബാനയ്ക്കു ചിലര്‍ അപ്പവും വെള്ളവും ഉപയോഗിക്കുന്നു. അത് സഭയുടെ കാനന്‍ അനുസരിച്ചല്ല. സഭാ കാനന്‍ അനുസരിച്ച് അപ്പവും വീഞ്ഞും ആണു വേണ്ടത്. മല്‍ക്കീസദേക്ക് അര്‍പ്പിച്ച അപ്പവീഞ്ഞുകള്‍ ഇതിന്‍റെ മുന്‍കുറി ആയിരുന്നു(1,19,96;4.25) വി. കുര്‍ബാന ബലിയും വിശ്വാസികള്‍ക്കു ഭക്ഷണവുമാണ്. എന്നാല്‍ 'എന്‍റെ ശരീരം ഭക്ഷിക്കുക, എന്‍റെ രക്തം കുടിക്കുക' (യോഹ. 5:53) എന്ന കര്‍ത്തൃവചനത്തിന് ഒരു രൂപകാര്‍ത്ഥവും ക്ലെമന്‍റ് നല്‍കുന്നു.
'ശരീരം രൂപകാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു. രക്തം നമുക്കു വചനത്തെ ചൂണ്ടിക്കാട്ടുന്നു. സമൃദ്ധമായ രക്തം പോലെ വചനം ജീവനിലേക്കു നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു; അവയുടെ രണ്ടിന്‍റെയും ഐക്യമാണു ശിശുക്കളുടെ ഭക്ഷണമായ നാഥന്‍-അരൂപിയും വചനവുമായ കര്‍ത്താവ്' (ഗുരു, 1,6,42,3-43,2).
ക്രിസ്തുവിന്‍റെ ഭൗമികരക്തത്തെയും കുര്‍ബാനയിലെ രക്തത്തെയും ക്ലെമന്‍റ് വേര്‍തിരിക്കുന്നു. തന്‍റെ ഭൗമികരക്തംവഴി നാം രക്ഷിക്കപ്പെട്ടു. ആത്മീയരക്തംവഴി നാം അഭിഷിക്തരായി. കര്‍ത്താവിന്‍റെ രക്തം കുടിക്കുക എന്നതിന്‍റെ അര്‍ത്ഥം കര്‍ത്താവിന്‍റെ അമര്‍ത്യതയില്‍ ഭാഗഭാഗിത്വം ലഭിക്കുക എന്നതാണ്. വീഞ്ഞും വെള്ളവുംകൂടി കലരുന്നതുപോലെ അരൂപി മനുഷ്യനുമായി ചേരുന്നു. വി. കുര്‍ബാനസ്വീകരണം ആത്മശരീരങ്ങളെ വിശുദ്ധീകരിക്കുന്നു (ഗുരു, 2,2,19,4-20,1).
പാപവും പാപമോചനവും
ദൈവത്തില്‍നിന്ന് പ്രബോധനം സ്വീകരിക്കാന്‍ ആദാം കൂട്ടാക്കിയില്ല. അതാണ് ആദ്യപാപം. അതു മനുഷ്യകുലം മുഴുവനിലേക്കും വ്യാപിച്ചിരിക്കുന്നു; ജന്മംകൊണ്ടല്ല, പിന്നെയോ ഒന്നാമത്തെ മനുഷ്യന്‍റെ ദുര്‍മാതൃകവഴി പിന്‍തലമുറകളിലേക്ക് അത് പടര്‍ന്നു പിടിക്കുന്നു. വ്യക്തിപരമായ കര്‍മ്മത്തിനു മാത്രമേ ആത്മാവിനെ കളങ്കപ്പെടുത്താന്‍ സാധിക്കൂ എന്നു ക്ലെമന്‍റ് ഉറച്ചു വിശ്വസിച്ചിരുന്നു. പാപത്തിനുള്ള ശിക്ഷ ശുദ്ധീകരണത്തിനുവേണ്ടിയാണ് (ഗുരു, 1,8,67). എന്നാല്‍ ഈ വ്യാഖ്യാനം നരകത്തിനു ബാധകമാണെന്നു ഒരിടത്തും ക്ലെമന്‍റ് പറയുന്നില്ല. മാമ്മോദീസാ സ്വീകരണത്തിനു മുന്‍പ് ഒരനുതാപം ഉണ്ട്. എന്നാല്‍ മനുഷ്യന്‍റെ ബലഹീനതയും ദൈവത്തിന്‍റെ ദയയും പരിഗണിക്കുമ്പോള്‍ രണ്ടാമതൊരു അനുതാപത്തിനുകൂടി സ്ഥാനമുണ്ട് (സ്ത്രോമാത്ത, 2,13,56-57,4). ഹെര്‍മാസും ഇപ്രകാരം അഭിപ്രായപ്പെട്ടിരുന്നു (മുകളില്‍ പേജ് 43 കാണുക). എന്നാല്‍ മനഃപൂര്‍വ്വം ദൈവത്തില്‍നിന്നു അകന്നു മാറുകയും അനുതാപത്തിലേക്കു വരാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് മോചനത്തിനു സാധ്യതയില്ല.
വിവാഹവും കന്യാത്വവും
വിവാഹത്തെ താറടിച്ചു കാണിക്കുന്ന ഗ്നോസ്റ്റിക് ചിന്താഗതിയെ ക്ലെമന്‍റ് ശക്തിയായി അപലപിക്കുന്നു. വിവാഹമേ പാടില്ല എന്നു പഠിപ്പിച്ച പാഷണ്ഡികള്‍ക്കെതിരെ വിവാഹത്തിന്‍റെ ഔന്നത്യം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. രാജ്യത്തിന്‍റെ ശ്രേയസ്സും ലോകപുരോഗതിയും സന്താനലാഭവും പരഗണിക്കുമ്പോള്‍ എല്ലാവരും വിവാഹം കഴിക്കണമെന്നാണു ക്ലെമന്‍റ് പറയുന്നത്. രാജ്യസ്നേഹികളായ എല്ലാവരുടെയും കടമയാണ് കുഞ്ഞുങ്ങളെ ജനിപ്പിക്കുക എന്നുള്ളത്. സ്രഷ്ടാവിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കെടുക്കുന്ന ഈ കര്‍മ്മം ശ്രേഷ്ഠമാണ് (ഗുരു, 2,10,83.2). സന്താങ്ങളെ ജനിപ്പിക്കുക മാത്രമല്ല, പരസ്പരസ്നേഹവും പരസ്പരസഹായവും വിവാഹത്തിന്‍റെ ലക്ഷ്യങ്ങളാണ്. ഒരിടത്ത് ക്ലെമന്‍റ് പറയുന്നു: 'രണ്ടോ മൂന്നോ പേര്‍ ക്രിസ്തുവിന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ അവരുടെ മധ്യേ താനുണ്ട്' എന്നു പറഞ്ഞിരിക്കുന്നതു ആരെപ്പറ്റിയാണ്? പുരുഷനും സ്ത്രീയും ശിശുവും അല്ലേ അവര്‍? കാരണം പുരുഷനേയും സ്ത്രീയേയും യോജിപ്പിച്ചതു ദൈവമാണ് (സ്ത്രോമാത്ത, 3,10.68). ലൈംഗികബന്ധത്തേക്കാള്‍ ഉപരിസ്ഥമായൊരു തലത്തിലത്രേ ക്ലെമന്‍റ് വിവാഹത്തെ കാണുന്നത്. ആത്മീയവും മതപരവുമായ ഒരു ഐക്യമാണത്. 'വിവാഹജീവിതം തികച്ചും പരിപാവനമാണ്' എന്ന് ക്ലെമന്‍റ് സാക്ഷിക്കുന്നു (3,12,84). മരണംപോലും പുരുഷനെയും സ്ത്രീയേയും പൂര്‍ണമായി വേര്‍തിരിക്കുന്നില്ല. അക്കാരണത്താല്‍ രണ്ടാം വിവാഹത്തിനു ക്ലെമന്‍റ് അനുവാദം നല്‍കുന്നില്ല (3,12,82).
വിവാഹത്തെപ്പറ്റി ഇത്ര ഉന്നതമായ ചിന്തകള്‍ പുലര്‍ത്തിയിരുന്നെങ്കിലും 'കര്‍ത്താവിനോടുള്ള സ്നേഹം നിമിത്തം' ക്ലെമന്‍റ് അവിവാഹിതനായി ജീവിച്ചു (3,7,59). 'നാം കന്യാത്വത്തെയും ദൈവം അതു നല്‍കിയവരെയും പുകഴ്ത്തുന്നു' എന്നു അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു (3,1,4). കര്‍ത്തൃശുശ്രൂഷയ്ക്കുവേണ്ടി ഏകനായി കഴിയുന്നയാള്‍ തീര്‍ച്ചയായും സ്വര്‍ഗീയ മഹത്ത്വം പ്രാപിക്കും (3,12.82). എന്നാല്‍ വിവാഹജീവിതം നയിക്കുന്നയാളെയും ഏകനായി ജീവിക്കുന്നയാളെയും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ വിവാഹിതന്‍തന്നെയാണു ശ്രേഷ്ഠന്‍ എന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത് (7,12,70).
ഒരിജന്‍ (+253)
ഒരിജന്‍ ക്രൈസ്തവ മാതാപിതാക്കളില്‍നിന്ന് അലക്സാണ്ഡ്രിയായില്‍ പിറന്നു. കുടുംബത്തിലെ മൂത്ത സന്താനമായിരുന്ന ഒരിജന് ബൈബിളിലും ശാസ്ത്രവിഷയങ്ങളിലും ശിക്ഷണം ലഭിക്കുന്നതില്‍ പിതാവായ ലെയോണിദാസ് ശ്രദ്ധിച്ചിരുന്നു. സെവേരൂസിന്‍റെ മതമര്‍ദ്ദനത്തില്‍ (202-ല്‍) ലെയോണിദാസ് രക്തസാക്ഷിയായി. പിതാവിനെപ്പോലെ രക്തസാക്ഷിയാകാന്‍ ഒരിജനും വെമ്പല്‍പൂണ്ടു. എന്നാല്‍ ഒരിജന്‍റെ അമ്മ തടഞ്ഞുകളഞ്ഞു. സര്‍ക്കാര്‍ അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടി. പിന്നീട് അധ്യാപനവൃത്തി വഴി കുടുംബം പുലര്‍ത്തി; പതിനെട്ടാം വയസ്സില്‍ അദ്ദേഹം അലക്സാണ്ഡ്രിയന്‍ വിദ്യാപാഠശാലയുടെ പ്രധാനാധ്യാപകനായി.
അലക്സാണ്ഡ്രിയന്‍ കലാലയം കീര്‍ത്തിയുടെ പാരമ്യത്തിലെത്തിയത് അദ്ദേഹത്തിന്‍റെ കാലത്താണ്. ക്ലെമെന്‍റിന്‍റെ പിന്‍ഗാമിയായി അദ്ദേഹം കലാലയത്തിന്‍റെ ചുമതല ഏറ്റെടുത്തു. വളരെക്കാലം അവിടെ നേതൃത്വം നല്‍കി. പ്രഗത്ഭനായൊരധ്യാപകന്‍, ആദിമസഭയിലെ പ്രശസ്തനായൊരു പണ്ഡിതന്‍, കറ തീര്‍ന്ന വ്യക്തിത്വത്തിന്‍റെ ഉടമ, ഒരു വിശ്വവിജ്ഞാനകോശം, ലോകം കണ്ടിട്ടുള്ള ബുദ്ധിരാക്ഷസന്മാരില്‍ ഒരുവന്‍- ഇതൊക്കെയായിരുന്നു ഒരിജന്‍. എവുസേബിയസ് തന്‍റെ സഭാചരിത്രം ആറാം പുസ്തകത്തിന്‍റെ അധികപങ്കും ഒരിജനുവേണ്ടി നീക്കിവച്ചു. അത്ഭുതപ്രവര്‍ത്തകനായ വി. ഗ്രിഗോറിയസ് പലസ്തീനയിലെ കലാലയത്തില്‍ നിന്ന് വേര്‍പിരിഞ്ഞ അവസരം ചെയ്ത പ്രസംഗത്തില്‍ നിന്ന് അദ്ദേഹത്തെപ്പറ്റി വളരെയധികം നമുക്കു ഗ്രഹിക്കാനാവും.
എവുസേബിയസിന് ഒരിജനെ വലിയ മതിപ്പായിരുന്നു. "അദ്ദേഹത്തിന്‍റെ വാക്കുപോലെയായിരുന്നു ജീവിതവും; ജീവിതം പോലെ വാക്കും. ഇക്കാരണത്താല്‍ ദിവ്യശക്തിയുടെ സഹകരണത്തോടെ അനേകരെ തന്‍റെ തീക്ഷണതയില്‍ അദ്ദേഹം പങ്കുകാരനാക്കി" (സഭാ, 6,3,7). അവനെ 'ഉരുക്കു മനുഷ്യന്‍' എന്നാണ് എവുസേബിയസ് വിളിക്കുന്നത്: 'ഏറ്റവും താത്വികമായ രീതിയിലത്രേ അദ്ദേഹം ജീവിച്ചിരുന്നത്. ചിലപ്പോള്‍ ഉപവാസത്തില്‍ ആയിരിക്കാം അദ്ദേഹം സ്വയം പരിശീലിപ്പിക്കുന്നത്; മറ്റുചിലപ്പോള്‍ ജാഗരണത്തിലായിരിക്കാം. അദ്ദേഹം തറയിലല്ലാതെ ഒരിക്കലും കട്ടിലില്‍ കിടന്നിട്ടില്ല. രണ്ടു വസ്ത്രങ്ങളോ രണ്ടുജോഡി ചെരിപ്പുകളോ പാടില്ല, ഭാവിയെപ്പറ്റിയുള്ള ചിന്തയാല്‍ ആകുലചിത്തനാകേണ്ട എന്നു തുടങ്ങിയ കര്‍തൃപ്രബോധനങ്ങള്‍ ശരിയായി പാലിക്കണമെന്ന് അദ്ദേഹത്തിന് നിഷ്കര്‍ഷയുണ്ടായിരുന്നു' (6,3,9 -10).
അധ്യാപകന്‍ എന്ന നിലയില്‍ ഒരിജന്‍റെ ജീവിതത്തെ രണ്ടായി തിരിക്കാം: ഒന്നാം ഭാഗം അലക്സാണ്ഡ്രിയായില്‍ (230-231); രണ്ടാം ഭാഗം കേസറിയായില്‍ (231-253). കീര്‍ത്തിയില്‍നിന്നു പ്രശസ്തിയിലേക്കും, പ്രശസ്തിയില്‍നിന്നു പെരുമയിലേക്കും, പെരുമയില്‍നിന്നു ഉന്നതിയിലേക്കുമുള്ള കുതിച്ചുകയറ്റമായിരുന്നു അത്. ഗ്രീക്ക് തത്വചിന്ത, താത്വിക ദൈവശാസ്ത്രം, ഡയലെറ്റിക്സ്, ഫിസിക്സ്, കണക്ക്, ഭൂമിശാസ്ത്രം, വാനശാസ്ത്രം എന്നിവയുടെ പ്രാരംഭപാഠങ്ങളായിരുന്നു അദ്ദേഹം ആദ്യം പഠിപ്പിച്ചിരുന്നത്. എന്നാല്‍ കുറേക്കഴിഞ്ഞപ്പോള്‍ പ്രാരംഭപാഠങ്ങളെല്ലാം ശിഷ്യനായ ഹെരാക്ലസിനെ ഏല്പിച്ചിട്ട്, കുറേക്കൂടി ഗൗരവമേറിയ വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. തന്‍റെ തിരക്കേറിയ ജീവിതത്തിനിടയിലും നെയോപ്ലറ്റോണിക് താത്വികനായ അമ്മോണിയൂസ് സാക്കാസിന്‍റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം പതിവായി പൊയ്ക്കൊണ്ടിരുന്നു എന്നു പറയപ്പെടുന്നു.
ഒരിജന്‍ അനേകം യാത്രകള്‍ ചെയ്തിട്ടുണ്ട്. 'അതിപ്രാചീനമായ റോമാസഭയെ കാണാന്‍' 212-ല്‍ അദ്ദേഹം റോമിലേക്കു പോയി (സഭാ. 6,14,10). ഇതു സെഫറീനൂസ് പാപ്പായുടെ കാലത്താണ്. അവിടെവച്ച് ഹിപ്പോളിറ്റസിനെ കാണാനും പരിചയപ്പെടാനും സാധിച്ചു. 215-ല്‍ അദ്ദേഹത്തെ നാം അറേബ്യയില്‍ കാണുന്നു. പിന്നൊരിക്കല്‍ അന്ത്യോക്യയിലെ രാജസദസില്‍ രാജമാതാവ് ജൂലിയാ മാമെയായോടു പ്രസംഗിക്കുന്നതായി കാണുന്നു.
കരക്കള്ള ചക്രവര്‍ത്തി 216-ല്‍ മതപീഡനം നടത്തിയപ്പോള്‍ പലസ്തീനായിലേക്കു പോകാന്‍ ഒരിജന്‍ തീരുമാനിച്ചു. കേസറിയാ, ജറുസലേം, മറ്റു പലസ്തീനിയന്‍ നഗരങ്ങള്‍ എന്നിവിടങ്ങളിലെ മെത്രാന്മാര്‍ അദ്ദേഹത്തെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. അദ്ദേഹം പ്രസംഗങ്ങള്‍ നടത്തി. ഒരു വൈദികന്‍ അല്ലാതിരിക്കെ മെത്രാന്മാരുടെ സന്നിധിയില്‍ പ്രസംഗിച്ചതിനെ അലക്സാണ്ഡ്രിയന്‍ മെത്രാന്‍ ദെമെത്രിയൂസ് എതിര്‍ത്തു. ഒരിജനെ ഉടനെ തിരികെ വിളിച്ചു. അദ്ദേഹം അത് അനുസരിക്കുകയും ചെയ്തു. 15 വര്‍ഷങ്ങള്‍ക്കുശേഷം ഗ്രീസിലേക്ക് പോയവഴി കേസറിയായില്‍വച്ച് ജറുസലേം മെത്രാന്‍ അലക്സാണ്ടറും കേസറിയാ മെത്രാന്‍ തെയോക്റ്റിറ്റസും ചേര്‍ന്ന് അദ്ദേഹത്തിന് വൈദികപട്ടം നല്കി. ഇത് ദെമെത്രിയൂസിനെ രോഷാകുലനാക്കി. കാരണം, ഒരിജന്‍ 202/3-ല്‍ മത്തായി 19:12-നെ വാച്യാര്‍ത്ഥത്തിലെടുത്ത് സ്വയം ഷണ്ഡനാക്കിയിരുന്നു. അപ്രകാരമുള്ളയാളിന് സഭാനിയമം അനുസരിച്ച് പട്ടം നല്കാന്‍ പാടില്ലെന്നു ദെമെത്രിയൂസ് വാദിച്ചു. ഒരിജന്‍റെ പ്രശസ്തി കണ്ട് മെത്രാന്‍ മാനുഷിക ബലഹീനതകള്‍ക്ക് കീഴ്പ്പെട്ടു പോകുകയാണ് ചെയ്തത് (എവു.സഭാ. 6,8,4). ദെമെത്രിയൂസ് ഒരു സിനഡ് വിളിച്ചുകൂട്ടി അദ്ദേഹത്തെ അലക്സാണ്ഡ്രിയന്‍ സഭയില്‍നിന്നു പുറത്താക്കി. മറ്റൊരു സിനഡ് (231) അദ്ദേഹത്തിന്‍റെ പട്ടവും എടുത്തു കളഞ്ഞു. ഉടനെ ഒരിജന്‍ അവിടം വിട്ടുപോയി. ദെമെത്രിയൂസ് മരിച്ചപ്പോള്‍ (232) ഒരിജന്‍ അലക്സാണ്ഡ്രിയായിലെത്തി. എന്നാല്‍ ശിഷ്യനും പിന്‍ഗാമിയുമായ ഹെരെക്ലസ് മുടക്കാവര്‍ത്തിച്ചു.
ഇനിയും ജീവിത്തതിന്‍റെ രണ്ടാം ഭാഗത്തേക്കു കടക്കാം: ഒരിജന്‍ അലക്സാണ്ഡ്രിയാ വിട്ടു കേസറിയായിലെത്തി. അവിടുത്തെ മെത്രാന്‍ അലക്സാണ്ഡ്രിയന്‍ മുടക്കുകള്‍ അവഗണിച്ച് ഒരിജനെ സ്വീകരിച്ചു. ഒരു വിദ്യാപാഠശാല തുടങ്ങാന്‍ അനുവദിച്ചു. അവിടെ 20 വര്‍ഷം അദ്ദേഹം അധ്യാപകനായിരുന്നു. ഈ പാഠശാലയില്‍വച്ചാണ് അത്ഭുതപ്രവര്‍ത്തകനായ ഗ്രിഗറിയോസ് ഒരിജനെ സ്തുതിച്ച് പ്രസംഗിച്ചത്. അലക്സാണ്ഡ്രിയന്‍ വിദ്യാപീഠംപോലെ ഇതും പ്രശസ്തിയിലേക്ക് ഉയര്‍ന്നു. അറേബ്യയില്‍ ഉടലെടുത്ത അബദ്ധോപദേശകരെ മാനസാന്തരപ്പെടുത്താന്‍ 244-ല്‍ അദ്ദേഹം അവിടേക്കുപോയി (എവു.സഭാ. 6.33). ടയറില്‍വച്ച് 69-ാം വയസില്‍ (253-ല്‍) മതപീഡനം സഹിച്ച് അദ്ദേഹം മരിച്ചു.
ക്രിസ്തുവിനുവേണ്ടി അദ്ദേഹം സഹിച്ച പീഡനങ്ങളെപ്പറ്റി എവുസേബിയസ് വിവരിക്കുന്നു (സഭാ 6:39,5). ജീവിതകാലത്തും മരണശേഷവും അദ്ദേഹം വിരുദ്ധതയുടെ അടയാളമായിരുന്നു. ഈ കാര്യത്തില്‍ അദ്ദേഹം ക്രൂശിതനെ പൂര്‍ണമായി അനുകരിച്ചു. ഇത്രയും സ്നേഹിതരും ശത്രുക്കളും ഉണ്ടായിരുന്ന ഒരാളും ഉണ്ടായിട്ടില്ല. എപ്പോഴും സത്യവിശ്വാസിയായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ തീവ്രാഭിലാഷം. 'സഭാപരവും ശ്ലൈഹികവുമായ പാരമ്പര്യത്തില്‍നിന്ന് വ്യത്യാസമില്ലാത്തതു മാത്രമേ സത്യമായി അംഗീകരിക്കാവൂ' എന്ന് അദ്ദേഹം തന്‍റെ പ്രധാന കൃതിയുടെ ആമുഖത്തില്‍ പറയുന്നു (ആദ്യതത്വങ്ങള്‍, ആമുഖം, 2). അതനുസരിച്ചു ജീവിക്കുവാന്‍ ശ്രമിച്ചു; സ്വന്തരക്തംകൊണ്ട് അതുറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ക്ലെമന്‍റിന് ഗ്രീക്കു തത്വചിന്തയോട് ഉണ്ടായിരുന്നത്ര ആഭിമുഖ്യം ഒരിജനില്ലായിരുന്നു. ഗ്രീക്കുതത്വചിന്ത ക്രിസ്തുവിലേക്കുള്ള വഴികാട്ടിയാണെന്നും അദ്ദേഹം ഏറ്റുപാടിയില്ല: 'തത്വശാസ്ത്രം പ്രാരംഭപഠനംമാത്രം; വി. ഗ്രന്ഥപഠനമത്രേ പ്രധാനം എന്നാല്‍ പ്ലറ്റോണിക് തത്വചിന്തയെ സ്നേഹിച്ച ഒരിജന്‍ അതിന്‍റെ സ്വാധീനം ദൈവശാസ്ത്രത്തിലേക്കു കടത്തിവിട്ടു. ഒരിജന്‍ മരിച്ചയുടനെ തര്‍ക്കങ്ങളുയര്‍ന്നു. 300,400,550 എന്നീ വര്‍ഷങ്ങളില്‍ വലിയ വാഗ്വാദങ്ങളുണ്ടായി. ആദ്യം ഫിലിപ്പിയയിലെ മെത്തോടിയനും അലക്സാണ്ഡ്രിയായിലെ പീറ്ററും ഒരിജനെ എതിര്‍ത്തു. അന്നു കേസറിയായിലെ പംഫീലസ് ഒരിജന്‍റെ വക്താവായിരുന്നു. 400-ല്‍ സലാമിസിന്‍റെ എപ്പിഫാനിയസും അലക്സാണ്ഡ്രിയായിലെ തെയോഫിലസും എതിര്‍ത്തു.
കൃതികള്‍
ഒരിജന്‍റെ മരണശേഷം ഉടലെടുത്ത കോലാഹലങ്ങള്‍ അനേകം കൃതികള്‍ നശിക്കാനിടയായി. ശേഷിച്ചവ പലതും ലത്തീന്‍ വിവര്‍ത്തനങ്ങളില്‍ മാത്രേമേ കിട്ടിയിട്ടുള്ളു. എവുസേബിയസ് ഒരു സമ്പൂര്‍ണ പട്ടിക തയാറാക്കിയെങ്കിലും അതുകണ്ടെടുത്തിട്ടില്ല. ഈ പട്ടിക ഉപയോഗിച്ച് ജറോം പറയുന്നത് ഒരിജന്‍ 2000 കൃതികള്‍ എഴുതിയിട്ടുണ്ടെന്നാണ് (റൂഫീനിയസിനെതിരെ, 2,22) മൊത്തം 6000-ഓളം വരുമെന്നാണ് എപ്പിഫാനിയസ് പറയുന്നത് (പാഷ. 64,63). പൗളാ എന്ന ശിഷ്യയ്ക്ക് ജറോം അയച്ച കത്തില്‍നിന്ന് 800 കൃതികളുടെ പേരുകള്‍ നമുക്കറിയാം (ലേഖനം 33). ഒരിജനെ സഹായിക്കാന്‍ പണക്കാരനായ പല സ്നേഹിതരും ഉണ്ടായിരുന്നു. ഒരേസമയം ഏഴിലേറെ ചുരുക്കെഴുത്തുകാര്‍ അദ്ദേഹത്തിന്‍റെ അടുത്ത് ഉണ്ടായിരുന്നു. ചുരുക്കി എഴുതുന്നവരും, പകര്‍ത്തി എഴുതുന്നവരുമായി അനേകം സ്ത്രീപുരുഷന്മാര്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു (എവു.സഭാ. 6,23,12). അദ്ദേഹത്തിന്‍റെ കൃതികളെ അഞ്ചായി തിരിക്കാം:
(1) ഹെക്സപ്ലാ
ഗ്രീക്കു പഴയനിയമത്തിന് ഒരു വിമര്‍ശന പതിപ്പ് (ക്രിട്ടിക്കല്‍ ടെക്സ്റ്റ്) ഉണ്ടാക്കാന്‍ ആദ്യമായി പരിശ്രമിച്ചത് ഒരിജിനാണ്. 'ഹെക്സപ്ലാ' എന്നാണ് കൃതിയുടെ പേര്. അദ്ദേഹം തന്‍റെ ജീവിതം മുഴുവന്‍ ഇതിനായി ചിലവഴിച്ചു. അത്ര ബൃഹത്തായ ജോലിയായിരുന്നത്. ആറ് സമാന്തര കോളങ്ങളുണ്ടാക്കി: ഹീബ്രു ടെക്സ്റ്റ് ഹീബ്രൂ അക്ഷരത്തില്‍, ഹീബ്രൂടെക്സ്റ്റ് ഗ്രീക്കക്ഷരത്തില്‍, യൂദനായ അക്വിലായുടെ ഗ്രീക്കുവിവര്‍ത്തനം, മറ്റൊരു യൂദനായ സിമ്മാക്കുസിന്‍റെ ഗ്രീക്കുവിവര്‍ത്തനം, സെപ്ത്വജിന്ത് വിവര്‍ത്തനം, യൂദനായ തിയഡോഷ്യന്‍റെ ഗ്രീക്കുവിവര്‍ത്തനം എന്നിങ്ങനെ ആറു കോളങ്ങളില്‍ നിരത്തിയെഴുതി. സെപ്ത്വജിന്തിന്‍റെ ക്രിട്ടിക്കല്‍ ടെക്സ്റ്റ് നിര്‍ണയിക്കാന്‍ വേണ്ടിയായിരുന്നത്. അഞ്ചാം കോളത്തിലാണ് 'ക്രിട്ടിക്കല്‍ ടെക്സ്റ്റ്' നിര്‍ണയിച്ചത്. അതായത് 'സെപ്ത്വജിന്തില്‍' ഹീബ്രുമൂലവുമായുള്ള ബന്ധം, വ്യത്യാസം എന്നിവയെല്ലാം അതില്‍ രേഖപ്പെടുത്തി. + (ഒബേലുസ്) കൂട്ടിച്ചേര്‍ക്കലിനെ കുറിക്കുന്നു. * മറ്റു പതിപ്പുകളില്‍നിന്ന് (കൂടുതലും തിയഡോഷ്യന്‍റെ പതിപ്പില്‍നിന്ന്) എടുത്ത് സെപ്ത്വജിന്തിലെ കുറവു നികത്തുന്നതിനെ കുറിക്കുന്നു. തത്തുല്യമായ ഹീബ്രൂമൂലം ഇല്ലാത്ത ഭാഗങ്ങള്‍ക്കു ഗ്രീക്കു മാത്രമുള്ള ടെട്രപ്ലായും (മൂന്നുകോളം), ചില സങ്കീര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ കോളങ്ങളുള്ള 'എന്നെയപ്ലായും' (ഒന്‍പതു കോളം) അദ്ദേഹം തയാറാക്കി. ഈ ബൃഹത്തായ കൃതിയുടെ ചിലഭാഗങ്ങള്‍ മാത്രമേ കിട്ടിയിട്ടുള്ളു. പഴയനിയമത്തിനു മുഴുവന്‍ ക്രിട്ടിക്കല്‍ ടെക്സ്റ്റ് ഉണ്ടാക്കിയോ എന്ന് ചിലര്‍ സംശയിക്കുന്നു. വളരെക്കാലം ഈ കൃതി കേസറിയായിലെ ഗ്രന്ഥശേഖരത്തില്‍ ഉണ്ടായിരുന്നു.
(2) ഭാഷാകൃതികള്‍
ഒരിജന്‍ വി. ഗ്രന്ഥത്തിന് മൂന്നുതരം ഭാഷ്യങ്ങള്‍ ഉണ്ടാക്കി: 1. സ്കോളിയ. 2. ഹൊമിലിയ. 3. തോമോയ്.
(3) വിശ്വാസസമര്‍ഥന കൃതികള്‍
ഏറ്റവും പ്രധാനപ്പെട്ട അപ്പോളജെറ്റിക്കല്‍ കൃതി ചെല്‍സൂസിനെതിരെ (കത്ത കെല്‍സു-കോന്ത്രാ ചെല്‍സും) എന്ന കൃതിയാണ്. ചെല്‍സുസിന്‍റെ 'സത്യവചനം' (അലേഥേസ് ലോഗോസ്) എന്ന കൃതിയുടെ ഖണ്ഡനമാണിത്. എട്ടു പുസ്തകങ്ങളായിട്ടാണ് അദ്ദേഹമിത് പ്രസിദ്ധീകരിച്ചത്. ചെല്‍സിയൂസ് ക്രിസ്ത്യാനികള്‍ക്കെതിരെ 178-ല്‍ എഴുതിയ കൃതി ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിജന്‍റെ കൃതിയില്‍ നാലില്‍ മൂന്നു ഭാഗവും ചെല്‍സിയൂസിന്‍റെ കൃതിയില്‍നിന്നുള്ള ഉദ്ധരണികളാണ്: സഭയില്‍നിന്ന് ആളുകളെ പേഗനിസത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ ചെല്‍സിയൂസ് പരിശ്രമിച്ചു. അയാള്‍ സഭയെപ്പറ്റി കുറെയൊക്കെ പഠിച്ചു; അതിനുശേഷം വി. ഗ്രന്ഥവും ഗ്നോസ്റ്റിസവും പഠിച്ചു; പിന്നീട് യൂദമതത്തെയും ക്രിസ്തുമത ത്തെയും തകര്‍ത്തു തരിപ്പണമാക്കുന്നതിന് പ്ലറ്റോണിക് താത്വികന്‍റെ വേഷമണിഞ്ഞ് രംഗപ്രവേശം ചെയ്യുന്നു. ഗ്രീക്കു തത്വചിന്തയും ഗ്രീക്ക് ആരാധനാരീതിയുമാണ് ക്രിസ്ത്യാനികളുടേതിനേക്കാള്‍ ശ്രേഷ്ഠമെന്ന് പറഞ്ഞുകൊണ്ട് അയാള്‍ സഭയെ ആക്രമിക്കുന്നു.
എന്നാല്‍ ആ ഗ്രന്ഥം ശ്രോതാക്കളില്‍ ഒരു പ്രതികരണവും ഉണ്ടാക്കിയില്ല. ഒരിജന്‍തന്നെ ഇതേപ്പറ്റി കേള്‍ക്കാനിടയായത് തന്‍റെ സ്നേഹിതനായ അംബ്രോസ് പറഞ്ഞപ്പോഴാണ്. ആദ്യം ഒരിജന്‍ മറുപടി എഴുതാന്‍ മടിച്ചു. 'നമ്മുടെ രക്ഷകനും കര്‍ത്താവുമായ യേശുക്രിസ്തുവിനെതിരെ കള്ളസാക്ഷികള്‍ രംഗത്തു വന്നപ്പോള്‍ അവിടുന്ന് മൗനമായി നിന്നതേയുള്ളൂ. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോഴും അവിടുന്ന് മറുപടി പറഞ്ഞിട്ടില്ല. യഹൂദരുടെ ഇടയിലെ തന്‍റെ ജീവിതം ശ്രേഷ്ഠമായ മറുപടിയായിരുന്നു. പിന്നെന്തിനു സുഹൃത്തെ, നീ എന്നെ നിര്‍ബന്ധിക്കുന്നു? എന്നാണ് ഒരിജന്‍ ചോദിക്കുന്നത് (ചെല്‍സിയൂസിനെതിരെ, ആമുഖം, 1) ഏതായാലും മറുപടിയെഴുതാന്‍ ഒരിജന്‍ നിര്‍ബന്ധിതനായി. 'വിശ്വാസത്തില്‍ ശിശുക്കളായവരെ ഉദ്ദേശിച്ച്, അവര്‍ ഇളകിപ്പോകാതിരിക്കാനാണ് ഇതെഴുതുന്നത്' എന്ന് പ്രസ്താവിച്ചുകൊണ്ട് ചെല്‍സിയൂസിനെതിരെ അറുപതുകളില്‍ തൂലികയെടുത്തു. ആ തൂലികയില്‍നിന്ന് മഷി കുടുകുടെ ചാടി. ആ മഷിയില്‍ ചെല്‍സിയൂസിന്‍റെ സത്യവചനം നനഞ്ഞലിഞ്ഞുപോയി (എവു.സഭാ.6, 36.1).
(4) താത്വിക കൃതികള്‍
(5) പ്രായോഗിക കൃതികള്‍
1 . പ്രാര്‍ത്ഥനയെക്കുറിച്ച്. 2. രക്തസാക്ഷികളോടുള്ള ഉപദേശം. 3. പെസഹായെക്കുറിച്ച്. 4. കത്തുകള്‍.
വി. ജോണ്‍ ക്രിസൊസ്തോം
നാല് വലിയ സഭാപിതാക്കന്മാരില്‍ ഒരാളും മൂന്ന് എക്യൂമിനിക്കല്‍ പിതാക്കന്മാരില്‍ ഒരാളുമാണ് അന്ത്യോക്യന്‍ സഭയില്‍പ്പെട്ട വി. ജോണ്‍ ക്രിസൊസ്തോം. പല്ലാഡിയസ് 415-ല്‍ എഴുതിയ ജീവചരിത്രം മുതല്‍ അദ്ദേഹത്തിന്‍റെ നിരവധി ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. അന്ത്യോക്യയ്ക്കടുത്ത് 344-നും 354 നും ഇടയ്ക്ക് കുലീനരും ധനികരുമായ മാതാപിതാക്കളില്‍ നിന്ന് ജോണ്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാതാവായ അന്തോസായില്‍ നിന്ന് ലഭിച്ചു. ശിശുവായിരുന്നപ്പോഴേ പിതാവ് മരിച്ചു. അന്ന് അന്‍തൂസായ്ക്ക് വെറും ഇരുപതു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. അന്‍ഡ്രഗാത്തിയൂസിന്‍റെ കീഴില്‍ തത്വശാസ്ത്രവും സോഫിസ്റ്റ് ലിബാനിയൂസിന്‍റെ കീഴില്‍ പ്രഭാഷണകലയും അഭ്യസിച്ചു. ഗുരുക്കന്മാരുടെ വാചക കസര്‍ത്തുകള്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ബുദ്ധിമാനായ ഈ മനുഷ്യന്‍ ദൈവികജ്ഞാനത്തില്‍ ആനന്ദം കണ്ടെത്തിയെന്ന് പല്ലാഡിയസ് പറയുന്നു. അന്നത്തെ അന്ത്യോക്യന്‍ മെത്രാന്‍ മെലേസ്യൂസ്, ജോണിനെ ശ്രദ്ധിക്കുകയും സ്വഭാവശ്രേഷ്ഠതയില്‍ സന്തുഷ്ടനാകുകയും ചെയ്തു. തന്‍റെ കൂടെ താമസിക്കാന്‍ മെത്രാന്‍ അദ്ദേഹത്തെ അനുവദിച്ചു. പ്രവാചക ദൃഷ്ടിയാല്‍ ഈ ആളുടെ ഭാവി അദ്ദേഹം ദര്‍ശിച്ചു. തുടര്‍ന്ന് ജോണ്‍ മാമോദീസാ സ്വീകരിക്കുകയും മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷം വായനക്കാരന്‍ എന്ന നിരയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. ഈ കാലത്ത് ജോണിന്‍റെ ഗുരു തര്‍സോസിലെ ദിയദോറും സഹപാഠി മൊപ്സുവെസ്ത്യായിലെ തിയഡോറുമായിരുന്നു.
ജോണ്‍ വളരെ തപശ്ചര്യകള്‍ നിറഞ്ഞ ജീവിതം നയിച്ചു. അദ്ദേഹം തന്‍റെ ഭവനത്തില്‍ നിന്നകന്ന് ഏകാന്ത ജീവിതത്തിന് ആഗ്രഹിച്ചെങ്കിലും, തന്നെ വീണ്ടും ഒരു വിധവയാക്കരുതെന്ന് അമ്മ അപേക്ഷിച്ചതിനാല്‍ അവളോടൊത്ത് ഭവനത്തില്‍ തന്നെ കഴിച്ചുകൂട്ടി. എങ്കിലും അവസാനം സമീപത്തുള്ള മലകളിലേക്ക് തിരിച്ചു. അവിടെ കണ്ട പഴയ ആശ്രമത്തില്‍ നാലുവര്‍ഷം താമസിച്ച് താപസ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു. പിന്നീട് തനിയെ ഒരു ഗുഹയില്‍ രണ്ടു വര്‍ഷം പാര്‍ത്തു. അവിടെ കൂടുതല്‍ ജാഗരണത്തിലും പരിത്യാഗത്തിലും ശ്രദ്ധാപൂര്‍വ്വം സുവിശേഷം പഠിച്ചു. വിശ്രമം കൂടാതെ രണ്ടു വര്‍ഷം തപസ്സ് അനുഷ്ഠിച്ചതിനാല്‍ ആരോഗ്യത്തിനു സാരമായ കേടുപറ്റി. തണുപ്പുകൊണ്ട് കിഡ്നികള്‍ക്ക് തകരാറുമായി.
അന്ത്യോക്യായില്‍ തിരിച്ചെത്തിയ ജോണിനെ 381 -ല്‍ അന്ത്യോക്യന്‍ മെത്രാന്‍ മെലേസ്യൂസ് ഡീക്കനാക്കി. 386-ല്‍ ഫ്ളാവിയന്‍ അദ്ദേഹത്തെ വൈദികനാക്കി, നഗരത്തിലെ പ്രധാന പള്ളിയില്‍ പ്രസംഗകനായി നിയമിച്ചു. 397 വരെ ജോണ്‍ ഈ ദൗത്യം നിറവേറ്റി. ക്രിസ്തീയ സുവിശേഷ പ്രസംഗകരില്‍ ഒന്നാമനെന്ന സ്ഥാനം ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കി. അദ്ദേഹത്തിന്‍റെ വളരെ പ്രശസ്തങ്ങളായ പ്രസംഗങ്ങള്‍ ഈ കാലഘട്ടത്തിലുള്ളവയാണ്. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ മെത്രാന്‍ നെക്താരിയുസ് 397 സെപ്റ്റംബര്‍ 27 ന് മരിച്ചപ്പോള്‍ ജോണിനെ ചക്രവര്‍ത്തി തല്‍സ്ഥാനത്തേക്കു തെരഞ്ഞെടുത്തു. അതോടെ ജീവിതത്തിലെ ആനന്ദം നിറഞ്ഞ ഭാഗം അവസാനിച്ചു. മെത്രാന്‍ സ്ഥാനം സ്വീകരിക്കാന്‍ വൈമനസ്യം പ്രകടിപ്പിച്ച ജോണിനെ ചക്രവര്‍ത്തിയുടെ കല്‍പ്പനയാല്‍ ബലപ്രയോഗത്തിലും ചതിവിലുമാണ് കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ കൊണ്ടുവന്നത്. അലക്സാണ്‍ഡ്രിയന്‍ മെത്രാന്‍ തെയോഫിലസ് 398 ഫെബ്രുവരി 26- ന് ജോണിനെ മെത്രാനായി വാഴിച്ചു.
കൃതികള്‍
വളരെ അധികം കൃതികളുടെ കര്‍ത്താവാണ് ജോണ്‍. അന്ത്യോക്യന്‍ എഴുത്തുകാരില്‍ അദ്ദേഹത്തിന്‍റെ കൃതികളാണ് കൂടുതലായി സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. പിന്‍തലമുറയുടെ സ്നേഹവും അഭിനന്ദനവും ആര്‍ജ്ജിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കറതീര്‍ന്ന വ്യക്തിത്വവും ആത്മാര്‍ത്ഥത നിറഞ്ഞ ജീവിതവും ലൗകിക ദൃഷ്ടിയാല്‍ അദ്ദേഹത്തെ ദുരന്തത്തില്‍ എത്തിച്ചു. എന്നാലത് അദ്ദേഹത്തിന്‍റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിച്ചു. സ്വതസിദ്ധമായ ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണദ്ദേഹം. സ്വര്‍ണ്ണനാവുകാരന്‍ എന്നര്‍ത്ഥം വരുന്ന 'ക്രിസൊസ്തോമോസ്' (ക്രിസൊസ്തോം) എന്ന സ്ഥാനം പ്രസംഗ ചാതുരി വഴി അദ്ദേഹത്തിനു കിട്ടി. ആറാം നൂറ്റാണ്ടിലാണ് ആദ്യമായി ആ സംജ്ഞ അദ്ദേഹത്തിന്‍റെ പേരോടുകൂടെ ചേര്‍ക്കപ്പെട്ടത്. പിന്നെ എന്നും അത് അദ്ദേഹത്തിന്‍റെ പേരിന്‍റെ ഭാഗമായിത്തീര്‍ന്നു. കുലീനശൈലി, സ്വതസിദ്ധമായ ചിന്ത, നൈസര്‍ഗ്ഗികമായ ചാതുരി എന്നിവ ഒത്തുവന്നപ്പോള്‍ ജോണ്‍, ക്രിസൊസ്തോമായിത്തീര്‍ന്നു. അന്നും ഇന്നും ജോണിന്‍റെ പ്രഭാഷണശൈലി സമുന്നതമായി നില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ മിക്ക കൃതികളും പ്രസംഗങ്ങളാണ്. ഒരു കാലഘട്ടത്തിന്‍റെ നാനാവശങ്ങളെയും ഉള്‍ക്കൊള്ളുന്നതാണവ. പ്രശസ്തനായ ജോണിന്‍റെ പേരില്‍ പലരും ഗ്രന്ഥങ്ങള്‍ പ്രചരിപ്പിച്ചതിനാല്‍, അത്തരം നിരവധി കൃതികള്‍ അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെട്ടിരിക്കുന്നു.
ആത്മാക്കളുടെ യഥാര്‍ത്ഥ ഭിഷഗ്വരനായിരുന്നു ജോണ്‍. അവരുടെ രോഗങ്ങള്‍ വളരെ കൃത്യമായി വിവേചിച്ചറിയാനുള്ള സ്വാഭാവിക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതേസമയം മനുഷ്യരുടെ ബലഹീനതയെപ്പറ്റി തികച്ചും ബോധവാനുമായിരുന്നു. എന്നാല്‍ സ്വാര്‍ത്ഥത, ധൂര്‍ത്ത്, അഹന്ത തുടങ്ങിയവ കാണുമ്പോഴെല്ലാം നിശിതമായി വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചില്ല. ചില പ്രസംഗങ്ങള്‍ രണ്ടു മണിക്കൂര്‍ വരെ ദീര്‍ഘിച്ചിരുന്നു. ജനഹൃദയങ്ങളെ സ്പര്‍ശിക്കാനും അവരുടെ ശ്രദ്ധ പിടിച്ചു നിര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ഭാവന അത്ഭുതാവഹമാണ്. ക്രിസ്തീയ ജീവിതം സംബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ ധാരണകള്‍ ഇന്നും നമ്മുടെ ബഹുമാനവും ആദരവും അര്‍ഹിക്കുന്നു.
മഹാനായ വി. ബേസില്‍
അലക്സാണ്ഡ്രിയയില്‍ ഉടലെടുത്ത ആരിയനിസം ഏഷ്യാമൈനറിലും കോളിളക്കം സൃഷ്ടിച്ചു. എന്നാല്‍ ഏഷ്യാമൈനറിലെ കപ്പഡോഷ്യന്‍ സഭയിലെ നെടുംതൂണുകളായി മൂന്നു മഹാപണ്ഡിതന്മാര്‍ ഉയര്‍ന്നുവന്ന് ആരിയന്‍ പാഷണ്ഡതയില്‍ നിന്ന് സഭയെ രക്ഷിച്ചു. കപ്പഡോഷ്യന്‍ പിതാക്കന്മാര്‍ എന്നറിയപ്പെടുന്ന കേസറിയായിലെ മഹാനായ ബേസില്‍ (ബസേലിയോസ്), അദ്ദേഹത്തിന്‍റെ സഹോദരന്‍ ഗ്രിഗറി നീസാ, സ്നേഹിതനായ ഗ്രിഗറി നസ്യാന്‍സന്‍ എന്നിവരാണവര്‍. അത്തനാസ്യോസിന്‍റെ ദൈവശാസ്ത്ര ചിന്തയുടെ തുടര്‍ച്ചയും വളര്‍ച്ചയും പൂര്‍ണ്ണതയും ഈ പിതാക്കന്മാരില്‍ കാണാന്‍ കഴിയും. നിഖ്യായിലെ സത്യവിശ്വാസം സ്പഷ്ടമായി വിശദീകരിക്കാനും പഠിപ്പിക്കാനും ശ്രമിച്ചതില്‍ ഇവര്‍ വിജയിച്ചു. ഹെല്ലനിസത്തെ ക്രിസ്തുമതത്തിന് ഉപയുക്തമാക്കുന്നതിനും ആരിയന്‍ പാഷണ്ഡത മൂലമുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഈ മൂവരും ചെലുത്തിയ സ്വാധീനം സഭ മുഴുവന്‍ അലയടിച്ചു. സഭയുടെ പൊതുനന്മയെ ലാക്കാക്കി പ്രവര്‍ത്തിച്ച ഇവര്‍ ആത്മസുഹൃത്തുക്കളും കറതീര്‍ന്ന വ്യക്തിത്വങ്ങളുടെ ഉടമകളുമായിരുന്നു. ബേസില്‍ കര്‍മനിരതന്‍ എന്നും ഗ്രിഗറി നസ്യാന്‍സന്‍ പ്രഭാഷകന്‍ എന്നും ഗ്രിഗറി നീസാ ചിന്തകന്‍ എന്നും അറിയപ്പെടുന്നു.
ജീവചരിത്രം
കപ്പഡോഷ്യന്‍ പിതാക്കന്മാരില്‍ മഹാന്‍ എന്നാണ് ബേസില്‍ അറിയപ്പെടുന്നത്. സഭാനേതാവ്, ഉത്തമ സംഘാടകന്‍, ക്രിസ്തീയ തത്വസംഹിതയുടെ ഉത്തമ വ്യാഖ്യാതാവ്, സത്യവിശ്വാസ സംരക്ഷണത്തില്‍ രണ്ടാം അത്തനാസ്യോസ്, പൗരസ്ത്യ സന്യാസപിതാവ്, ആരാധനക്രമ പരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ സഭയ്ക്ക് നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തിന് മഹാന്‍ എന്ന നാമം നേടിക്കൊടുത്തത്.
ബേസില്‍ 330-ല്‍ കപ്പഡോഷ്യയിലെ കേസറിയായില്‍ ജനിച്ചു. ക്രിസ്തീയജീവിതത്തില്‍ അടിയുറച്ച മാതാപിതാക്കള്‍, ഉയര്‍ന്ന ജീവിതസാഹചര്യങ്ങള്‍, സമ്പത്ത് എന്നിവ അദ്ദേഹത്തിന് നല്ലൊരു തുടക്കം നല്‍കി. അദ്ദേഹത്തിന്‍റെ അപ്പന്‍റെ പേരും ബേസില്‍ എന്നായിരുന്നു. അപ്പന്‍ നെയോചെസറിയായില്‍ പ്രശസ്തനായ ഒരു പ്രഭാഷകായിരുന്നു. അത്ഭുതപ്രവര്‍ത്തകനായ വി. ഗ്രിഗോറിയോസിന്‍റെ ശിഷ്യ വി. മക്രീന ആയിരുന്നു പ്രഭാഷകനായ ബേസിലിസിന്‍റെ അമ്മ. അതായത്, മഹാനായ ബേസിലിസിന്‍റെ വലിയമ്മ. വി. ബേസിലിസിന്‍റെ അമ്മ എമ്മേലിയ ഒരു രക്തസാക്ഷിയുടെ മകളായിരുന്നു. പ്രഭാഷകനായ ബേസിലിനും എമ്മേലിയായ്ക്കും പത്ത് മക്കളുണ്ടായിരുന്നു. അവരില്‍ മൂന്നുപേര്‍ മെത്രാന്മാരായി: മഹാനായ ബേസില്‍, ഗ്രിഗറി നീസാ, സെബസ്തയിലെ പീറ്റര്‍. അവരുടെ ഏറ്റവും മൂത്ത സഹോദരി വി. മക്രീന താപസജീവിതത്തിന്‍റെ ഉത്തമ മാതൃക ആയിത്തീര്‍ന്നു. അങ്ങനെ വിശുദ്ധരുടെ കുടുംബം ആയിരുന്നു ബേസിലിന്‍റേത്.
ദൈവശാസ്ത്രം
വിവിധ ആരിയന്‍ വിഭാഗക്കാര്‍ക്കെതിരെ ബേസില്‍ നിഖ്യാവിശ്വാസം ഉറക്കെ പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അത്തനാസ്യോസുമായി അദ്ദേഹത്തെ അടുപ്പിച്ചത് ഇതായിരുന്നു. അദ്ദേഹത്തെ സത്യവിശ്വാസത്തിന്‍റെ നെടുംതൂണായി ബേസില്‍ കണ്ടു. "നിഖ്യാവിശ്വാസപ്രമാണത്തോട് നമുക്കൊന്നും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കയില്ല. ചെറിയ കാര്യം പോലും ചേര്‍ക്കരുത്. പരിശുദ്ധാത്മാവിന്‍റെ സ്തുതിപ്പു മാത്രമാണ് നാം ചേര്‍ത്തത്. അത് നമ്മുടെ പിതാക്കന്മാര്‍ സൂചിപ്പിച്ചതുകൊണ്ട് മാത്രം" എന്ന് അദ്ദേഹം പഠിപ്പിച്ചു (ലേഖനം, 258). വ്യക്തമായ ത്രിത്വദൈവശാസ്ത്രത്തിന് രൂപം നല്‍കാന്‍ ബേസിലിന് കഴിഞ്ഞു.
സെമി-ആരിയന്‍ വിഭാഗക്കാരെ സഭയിലേക്ക് തിരികെ കൊണ്ടുവരിക, ഉസിയ, ഹ്യൂപ്പോസ്തനിസ് എന്നീ പദങ്ങള്‍ക്ക് അര്‍ത്ഥക്ലിപ്തത നല്‍കുക എന്നിവയില്‍ ബേസില്‍ ശ്രദ്ധചെലുത്തി. നിഖ്യായിലെ പിതാക്കന്മാരും അത്തനാസ്യോസും ഉസിയായും ഹ്യൂപ്പോസ്തസിസും പര്യായ പദങ്ങളായിട്ടാണ് ഉപയോഗിച്ചത്. ഈ അര്‍ത്ഥക്ലിപ്തത ഇല്ലായ്മ, അവസാനിക്കാത്ത തര്‍ക്കങ്ങള്‍ക്കു വാതില്‍ തുറന്നു കൊടുത്തു. ഉസിയായും ഹ്യൂപ്പോസ്തസിസും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് ആദ്യമായി പറഞ്ഞത് ബേസിലാണ്. ദൈവത്തില്‍ ഒരു ഉസിയായും മൂന്ന് ഹ്യൂപ്പോസ്തസിസും ഉണ്ട് (മിയാ ഉസ്യാ, ത്രേയിസ് ഹ്യൂപ്പോസ്തസെയിസ്) ഉസിയാ അസ്തിത്വത്തെ അഥവാ സത്തയെ കുറിക്കുന്നു. അഥവാ ദൈവത്തിന്‍റെ സത്താപരമായ യാഥാര്‍ത്ഥ്യത്തെ കുറിക്കുന്നു. അതൊന്നേയുള്ളൂ. എന്നാല്‍ ഹ്യൂപ്പോസ്തസിസ് പ്രത്യേക രീതിയിലുള്ള അസ്തിത്വത്തെ കുറിക്കുന്നു. ഓരോ ആളും ആയിരിക്കുന്ന അവസ്ഥ. അത്, ഒന്നല്ല, മൂന്നാണ്. അതുകൊണ്ട് ഉസ്യായും ഹ്യൂപ്പോസ്തസിസും ഒന്നല്ല, പര്യായപദങ്ങളുമല്ല. ഉസിയാ ലത്തീനിലെ സുബ്സ്താന്‍സ്യായും ഹ്യൂപ്പോസ്തസിസ് പെര്‍സോണയുമാണ്. പ്രോസൊപ്പോണ്‍ എന്ന പദത്തേക്കാള്‍ മെച്ചപ്പെട്ട പദമായിട്ടാണ് ബേസില്‍ ഹ്യൂപ്പോസ്തസിസിനെ കാണുന്നത്. ഗ്രിഗറി നസ്യാന്‍സനും ഗ്രിഗറി നീസായും കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സിനഡും (381) ബേസിലിന്‍റെ പാതയിലൂടെയാണ് ഈ കാര്യത്തില്‍ നീങ്ങിയതും ത്രിത്വസംബന്ധമായ ദൈവശാസ്ത്രം വളര്‍ത്തിയെടുത്തതും. ഉസിയായും ഹ്യൂപ്പോസ്തസിസും തമ്മിലുള്ള വ്യത്യാസം വ്യക്തമായപ്പോള്‍ ഹോമോഉസിയോസ് (സമസത്ത) എന്ന പദം കൂടുതലായി അംഗീകരിക്കപ്പെടാന്‍ തുടങ്ങി. സത്തയിലും സാരാംശത്തിലും പരിശുദ്ധാത്മാവ് പിതാവിനോടും പുത്രനോടും തുല്യനാണെന്ന് ബേസില്‍ പഠിപ്പിച്ചു. പരിശുദ്ധാത്മാവ് പിതാവില്‍ നിന്ന് പുറപ്പെടുകയും പുത്രനില്‍ നിന്ന് എടുക്കപ്പെടുകയും ചെയ്യുന്നു. പിതാവില്‍ നിന്ന് പുറപ്പെടുന്നെങ്കിലും, പുത്രന്‍ ജനിച്ചതു പോലെയല്ല പരിശുദ്ധാത്മാവിന്‍റെ പുറപ്പാട്. ക്രിസ്തുവിന്‍റെ ആത്മാവെന്നും പരിശുദ്ധാത്മാവ് വിളിക്കപ്പെടുന്നു. എന്നാല്‍ അക്കാരണത്താല്‍ പുത്രനില്‍ നിന്നു മാത്രമാണ് പരിശുദ്ധാത്മാവ് എന്നു കരുതുന്നത് ശരിയല്ല. തിരുലിഖിതം പിതാവിന്‍റെ ആത്മാവെന്നും പുത്രന്‍റെ ആത്മാവെന്നും പരിശുദ്ധാത്മാവിനെ വിളിക്കുന്നു.
ചെസാറിയാ എന്ന പട്രീഷ്യന്‍ സ്ത്രീക്ക് 372-ല്‍ എഴുതിയ കത്ത് (93) വി. കുര്‍ബാന സ്വീകരണത്തെപ്പറ്റി വിവരിക്കുന്നു. വ്യക്തികള്‍ക്ക് സ്വഭവനങ്ങളില്‍ അവരുടെ ഉപയോഗത്തിന് കുര്‍ബാന സൂക്ഷിക്കാമെന്നു പറയുന്നു. അതുപോലെ അനുദിന കുര്‍ബാനസ്വീകരണം, അപ്പവീഞ്ഞുകള്‍ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളാണെന്നുള്ള വിശ്വാസം എന്നിവയെല്ലാം ഈ കത്തില്‍ നിന്ന് ഗ്രഹിക്കാം: "എല്ലാദിവസവും കുര്‍ബാന സ്വീകരിക്കുകയും ക്രിസ്തുവിന്‍റെ വിശുദ്ധ ശരീരരക്തങ്ങളില്‍ ഭാഗഭാക്കാകുകയും ചെയ്യുന്നത് നല്ലതും പ്രയോജനപ്രദവുമായ കാര്യമത്രേ. കാരണം, എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട് എന്ന് അവിടുന്ന് വ്യക്തായി പറയുന്നു. കൂടെക്കൂടെ ജീവനില്‍ ഭാഗഭാഗിത്വം നടത്തുക പല ജീവനുണ്ടാകുന്നതിന് തുല്യമാണെന്നന് ആരാണ് കരുതുക? ഞാന്‍ തന്നെയും ആഴ്ചയില്‍ നാലു പ്രാവശ്യം കുര്‍ബാന സ്വീകരിക്കുന്നു. കര്‍തൃദിനത്തില്‍, ബുധനാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച, വിശുദ്ധരുടെ സ്മരണയുള്ള മറ്റു ദിവസങ്ങളില്‍. മതപീഡനാവസരം വൈദികന്‍റെയോ മറ്റുശുശ്രൂഷകരുടെയോ സാന്നിദ്ധ്യം കൂടാതെ കുര്‍ബാന എടുത്തു ഭക്ഷിക്കേണ്ടി വരിക ഒരിക്കലും തെറ്റായി കരുതാന്‍ പാടില്ല. ഈ രീതി പണ്ടെ നടപ്പുള്ളതാണ്. മരുഭൂമിയിലെ ഏകാന്ത ജീവിതക്കാര്‍ വൈദികരില്ലാത്തപ്പോള്‍ കുര്‍ബാന സ്വയമെടുത്തു ഭക്ഷിക്കുകയും തങ്ങളുടെ വാസസ്ഥലത്ത് സൂക്ഷിക്കുകയും ചെയ്യുന്നു. അലക്സാണ്ഡ്രിയായിലും ഈജിപ്തില്‍ മറ്റിടങ്ങളിലും അല്‍മായര്‍ മിക്കവാറും വീട്ടില്‍ കുര്‍ബാന സൂക്ഷിക്കുകയും ഇഷ്ടമുള്ളപ്പോള്‍ അതില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്യുന്നു. കാരണം, പുരോഹിതന്‍റെ അര്‍പ്പണം പൂര്‍ത്തിയാക്കി കൊടുത്തു കഴിയുമ്പോള്‍ സ്വീകരിക്കുന്നയാള്‍ ഓരോ അവസരവും പൂര്‍ണ്ണമായി സ്വീകരിക്കുന്നു. അവന്‍ അത് ശ്രദ്ധാപൂര്‍വ്വം എടുക്കുകയും ദാതാവില്‍ നിന്ന് സ്വീകരിക്കുകയും ചെയ്യുന്നെന്നു കരുതുകയും വേണം. വൈദികന്‍ പള്ളിയില്‍ വച്ച് ഒരു ഭാഗം കൊടുക്കുമ്പോള്‍ സ്വീകരിക്കുന്നവന്‍ പൂര്‍ണ്ണമായി സ്വീകരിക്കുന്നു. പൂര്‍ണ്ണമായി അവന്‍ അതിന് അവകാശിയാകുന്നു. അവന്‍ അത് സ്വന്തം കൈകൊണ്ട് തന്‍റെ അധരങ്ങളിലേക്ക് ഉയര്‍ത്തുന്നു. ഒരു ഭാഗമോ, പല ഭാഗങ്ങളോ സ്വീകരിച്ചാലും ഫലം ഒന്നുതന്നെ".ڈ
പുരാതനകാലത്തെ സഭ പാപികള്‍ക്ക് കഠിനപ്രായശ്ചിത്തം നിശ്ചയിച്ചിരുന്നു. ദീര്‍ഘകാലം പ്രായശ്ചിത്തം ചെയ്യണമായിരുന്നു. അക്കാലത്ത് അനുതാപികളെ ആരാധനാസമൂഹത്തില്‍ നിന്ന് വേര്‍തിരിച്ചിരുന്നു. നാലുതരം അനുതാപികളെപ്പറ്റി പറയുന്നു: പള്ളിക്കു പുറത്തുനിന്ന് കരയുന്നവര്‍, സുവിശേഷവായനയും പ്രസംഗവും കേള്‍ക്കാന്‍ മാത്രം അനുവാദമുണ്ടായിരുന്ന ശ്രോതാക്കള്‍, പ്രാര്‍ത്ഥനാ സമയങ്ങളില്‍ മുട്ടുകുത്തി നിന്നും സാഷ്ടാംഗപ്രണാമം ചെയ്തും പ്രാര്‍ത്ഥിക്കുന്നവര്‍, കുര്‍ബാനയില്‍ പങ്കെടുത്തിരുന്നെങ്കിലും കുര്‍ബാന സ്വീകരിക്കാന്‍ അനുവാദമില്ലാതിരുന്നവര്‍ (ലേഖനം, 217).
Greek Fathers catholic malayalam church fathers Rev. Fr. Joseph Kakkaramattathil Rev. Dr. Thomas Kochukarottu Bishop Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206