We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : റവ. ഡോ. ജോസ് വടക്കേടം On 20-Nov-2024
ദൈവത്തിന്റെ സ്വന്തം ജനമാകുന്നതിന് അവശ്യം വേണ്ട വ്യവസ്ഥകളുടെ പാവനവും സുധീരവുമായ പ്രഖ്യാപനമാണ് പത്തുപ്രമാണങ്ങൾ. ഉടമ്പടിയുടെ ചട്ടക്കൂട്ടിൽ നല്കപ്പെട്ടിരിക്കുന്ന ഇവ ദൈവ- മനുഷ്യ ബന്ധത്തിൻ്റെ അളവുകോലാണ്. ഇസ്രായേൽ ജനതയ്ക്കു ദൈവവുമായുള്ള ബന്ധവും പരസ്‌പരമുള്ള ബന്ധവും എപ്രകാരമായിരിക്കണമെന്നു പ്രസ്‌പഷ്‌ടമാക്കുന്ന മാർഗ്ഗരേഖ! മാനവകുലത്തിൻ്റെ ആദ്ധ്യാത്മിക ഉറവയായിത്തീരേണ്ട ഈ പ്രമാണങ്ങൾ ദൈവവും ഇസ്രായേലും തമ്മിലുള്ള ശാശ്വതമായ ഉടമ്പടിയുടെ അടിസ്ഥാനശിലയാണ്. ഇവയെ കേവലം നിയമസംഹിതയായി മാത്രം കണക്കാക്കാനാവില്ല. മറിച്ച്, സുന്ദരമായ ജീവിതത്തിന് ഉപകരിക്കുന്ന മാർഗ്ഗദീപങ്ങളാണിവ.
ദൈവം ഇസ്രായേൽ ജനത്തിനു 'പത്തു കല്പനകൾ' നല്കുന്നതിനു മുമ്പ് ഓരോ ജനതകൾക്കും അവരുടെ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹികമായ കെട്ടുറപ്പിനും പുരോഗതിക്കും വേണ്ടി ഭരണാധികാരികൾ കല്‌പനകൾക്കു രൂപം കൊടുത്തിരുന്നു.
തന്റെ സ്വന്തം ജനമായി തിരഞ്ഞെടുത്ത ഇസ്രായേൽ ജനതയ്ക്കു ദൈവം കല്പനകളും പ്രണാമങ്ങളും നല്കുന്നു. പട്ടണകവാടങ്ങളിൽ ജനങ്ങളുടെ മദ്ധ്യേവച്ചു അവരുടെ ഇടയിലുള്ള അന്യായങ്ങൾ ശ്രവിക്കുകയും അതിനു വിധിതീർപ്പു കല്പ്‌പിക്കുകയും ചെയ്യുകയായിരുന്നു ഇസ്രായേല്യരുടെയിടയിൽ നിലവിലിരുന്ന കോടതി വ്യവഹാര ക്രമീകരണം. പത്തുപ്രമാണങ്ങൾ ഇത്തരം നീതിന്യായ സദസ്സുകളിലെ ന്യായാധിപന്മാരെ ഉദ്ദേശിച്ചല്ല നല്‌കപ്പെട്ടത്. ദൈവമക്കളെന്ന നിലയിൽ ഇസ്രായേൽ ജനത്തിനു മുഴുവനും അവരിലൂടെ മനുഷ്യസമൂഹത്തിന് മുഴുവനും ഉദ്ദേശിച്ചുള്ളവയാണവ.
പഴയനിയമ ഗ്രന്ഥങ്ങളായ പഞ്ചഗ്രന്ഥിയിൽ ആറു തരത്തിലുള്ള നിയമസംഹിതകൾ കാണാൻ കഴിയും.
1. ദൈവം ഇസ്രായേൽ ജനത്തിനു മോശ വഴി നൽകിയ നിയമങ്ങൾ (പുറ 20, 1-17).
2. ഉടമ്പടിയുടെ നിയമസംഹിത (പുറ 20, 22-23, 33).
3. യഹൂദ മതാചാര നിയമങ്ങൾ (പുറ 34, 17-27).
4. നിയമാവർത്തന സംഹിത (നിയ 12-26).
8. വിശുദ്ധ നിയമസംഹിത (ലേവ്യ 17-26).
3. പുരോഹിത നിയമസംഹിത (ലേവ്യ 1-7; 11-15; സംഖ്യ 28-29)
ദൈവം സീനായ് മലയിൽ വച്ച് മോശവഴി ഇസ്രായേൽ ജനത്തിന് രണ്ടു കൽപലകകളിലായി നല്‌കിയ പത്തു കല്പനകളാണ് (പുറ 20, 1-17) ഈ പുസ്‌തകത്തിൻ്റെ പഠനവിഷയം. ഈ കല്പനകൾ ദൈവജനത്തിന്റെ രൂപീകരണത്തിന്റെ അടിസ്ഥാനമായിരുന്നു. വെറുമൊരു ജനസമൂഹമായിരുന്ന ഇസ്രായേൽ ദൈവജനമായി പരിവർത്തനം ചെയ്യപ്പെട്ടത് ഈ ദൈവപ്രമാണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.
പത്തുകല്‌പനകൾ വിശുദ്ധഗ്രന്ഥത്തിൽ
പത്തുകല്പനകൾ, ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങൾ (പുറ 34, 28; നിയ 10,4) വിശുദ്ധ മലയിൽവച്ച് ഇസ്രായേൽ ജനത്തിനു അനുഷ്ഠിക്കാനായി ദൈവം നല്‌കിയതാണ്. ദൈവം തന്റെ വിരൽകൊണ്ട് പ്രമാണങ്ങൾ എഴുതിയ രണ്ടു കൽപലകകളാണ് മോശയ്ക്ക് നല്കിയത് (പുറ 31, 18; നിയ 5, 22). ഇവ മോശ എഴുതിയ മറ്റു നിയമങ്ങൾ പോലെയായിരുന്നില്ല (നിയ 31, 9.24). ഈ കല്പനകൾ പുറപ്പാട്, നിയമാവർത്തനം എന്നീ പഴയനിയമപുസ്‌തകങ്ങളിൽ കാണാം. പഴയനിയമത്തിലെ മറ്റു പുസ്‌തകങ്ങളും ഈ പ്രമാണങ്ങൾ അവതരിപ്പിക്കുന്നു (ഹോസി 4,2; ജറെ 7, 9; എസെ 18, 5-9).
പുതിയനിയമത്തിൽ ഈ കല്‌പനകളുടെ യഥാർത്ഥമായ പൂർണ്ണത യേശു വെളിപ്പെടുത്തി. പഴയനിയമത്തിൻ്റെ കേന്ദ്ര ആശയമായ പുറപ്പാടിന്റെ പശ്ചാത്തലത്തിലാണ് ദൈവം പത്തുകല്‌പനകൾ നല്‌കിയിരിക്കുന്നത്. അടിമത്തത്തിൽ നിന്ന് വിമോചനത്തിലേക്കുള്ള പാതയാണ് പ്രമാണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പാപത്തിൻ്റെ അടിമത്തത്തിൽ നിന്ന് ദൈവമക്കളുടെ സ്വാതന്ത്യത്തിലേക്കുള്ള വഴിയാണത്. “ഇന്നു ഞാൻ നിന്നോടു ആജ്‌ഞാപിക്കുന്നതനുസരിച്ച്, നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗ്ഗത്തിൽ ചരിക്കുകയും അവിടുത്തെ കല്‌പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്താൽ നീ ജീവിക്കും..... ജീവനും മരണവും ശാപവും ഞാൻ നിൻ്റെ മുമ്പിൽ വച്ചിരിക്കുന്നു..... നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവൻ തിരഞ്ഞെടുക്കുക. നിൻ്റെ ദൈവമായ കർത്താവിനെ സ്‌നേഹിച്ച് അവിടുത്തെ വാക്കു കേട്ട്, അവിടുത്തോടു ചേർന്നു നില്ക്കുക. നിനക്കു ജീവനും ദീർഘായുസ്സും ലഭിക്കും (നിയ 30, 16-20).
ഈ പത്തു കല്പികൾ ഉടമ്പടിയുടെ പ്രമാണങ്ങൾ എന്നാണ് പറയപ്പെടുന്നത്. മലയിൽവച്ച്, അഗ്നിയുടെ മധ്യത്തിൽ നിന്നുകൊണ്ട് അവിടുന്നു സംസാരിച്ച വാക്കുകളാണ് (നിയ 5.4).
ദൈവം ജനത്തോട് അഭിമുഖമായി സംസാരിക്കുകയായിരുന്നു. അത് ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലായിരുന്നു. ഈ കല്പനകൾ ദൈവത്തിൻ്റെ ദാനവും, വെളിപ്പെടുത്തൽ ജനത്തോടുള്ള സ്നേഹവുമായിരുന്നു.
കല്പനകളിൽ "ഞാൻ," "നീ" എന്ന പദങ്ങൾ വ്യക്തമാക്കുന്നതു ദൈവവും ഓരോ വ്യക്തിയും തമ്മിലുള്ള ഉടമ്പടിയേയാണ്. ഈ കല്പനകൾ ഓരോ വ്യക്തിക്കും നല്കപ്പെട്ടിട്ടുള്ളവയാണ്. കല്പന പാലിക്കാനുള്ള വ്യക്തിപരമായ കടമയും ഉത്തരവാദിത്വവും വ്യക്തമാക്കുന്നുണ്ട്. ഓരോ വ്യക്തിയും ദൈവത്തോടു സ്നേഹവും അയൽക്കാരനോടു നീതിയും പുലർത്തുന്നവനാകണം.
വിവിധ വിവരണങ്ങൾ
പുറപ്പാട് പുസ്തകത്തിലും നിയമാവർത്തന പുസ്തകത്തിലും രേഖപ്പെടുത്തിയിരിക്കുന്ന കല്പനകളുടെ വിവരണങ്ങളിൽ ചില വ്യത്യാസങ്ങൾ കാണാം. വിവരണങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിലും പ്രമാണങ്ങൾ വ്യത്യസ്‌തങ്ങളല്ല. ആദ്യത്തെ അഞ്ചു പ്രമാണങ്ങളിൽ പ്രബോധനാത്മകമായ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുള്ളതായി കരുതപ്പെടുന്നു.
പുറപ്പാട് പുസ്തകത്തിൽ സാബത്തു ആചരിക്കേണ്ടതിന്റെ അടിസ്ഥാനം സൃഷ്ടികർമ്മമാണ് (പുറ 20,8-11). കാരണം ആറു ദിവസം കൊണ്ട് സൃഷ്ടികർമ്മം പൂർത്തിയാക്കി ദൈവമായ കർത്താവ് ഏഴാം ദിവസം വിശ്രമിച്ചു (ഉൽപ 1,1-2,3). നിയമാവർത്തന പുസ്‌തകത്തിലെ വിവരണമനുസരിച്ചു സാബത്താചരണത്തിന്റെ അടിസ്ഥാനം ദൈവത്തിന്റെ കല്പനയാണ്. “നിന്റെ ദൈവമായ കർത്താവ് കല്പിച്ചതുപോലെ സാബത്താചരിക്കുക" (നിയ 5,12). ഈജിപ്തിലെ ദാസ്യജോലിയുടെ ഓർമ്മകളാണ് വീട്ടിലെ എല്ലാവർക്കും വിശ്രമം നൽകാൻ പ്രചോദനമാകേണ്ടത്. സാബത്തു വിശ്രമം മാത്രമല്ല, വിശുദ്ധമായ ആഘോഷദിനവുമാണ്.
പത്താംപ്രമാണത്തിലും പ്രകടമായ വ്യത്യാസം കാണാവുന്നതാണ്. പുറപ്പാട് പുസ്തകത്തിൽ അയൽക്കാരന്റെ ഭവനത്തെ മോഹിക്കരുത് എന്നതിനു പ്രാധാന്യം കൊടുത്തിരിക്കുന്നു. ഭാര്യ, ദാസൻ, ദാസി തുടങ്ങിയവയും മോഹിക്കരുതെന്ന് കൂട്ടിച്ചേർത്തിരിക്കുന്നു. ഇവയെല്ലാം ഭവനത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നു. നിയമാവർത്തന പുസ്തകത്തിൽ അയൽക്കാരൻ്റെ ഭാര്യയെ മോഹിക്കരുത് എന്നതാണ് ആദ്യം പറഞ്ഞിരിക്കുന്നത്. പുറപ്പാട് പുസ്തകത്തിലെ പത്തുകല്പനകളുടെ വിവരണങ്ങൾ പുരോഹിത പാരമ്പര്യത്തിൽ രചിക്കപ്പെട്ടതാകാം. നിയമാവർത്തന പുസ്‌തകത്തിലെ വിവരണങ്ങൾ സീനായ് ഉടമ്പടിയുമായി ബന്ധപ്പെടുത്തിയാണ് (നിയ 5,1-5). ഇസ്രായേലിന്റെ ജീവിതത്തിലെ നവീകരണ ചിന്തകളുടെ സ്വാധീനം ഇവിടെ വ്യക്തമാണ്.
ദൈവം കല്പനകൾ എഴുതിയ (പുറ 31, 18; നിയ 5, 22) ആദ്യത്തെ കൽപലകകൾ ഇസ്രായേലിൻ്റെ വിഗ്രഹാരാധനക്കെതിരെ തച്ചുടച്ചു; തൽസ്ഥാനത്ത് മോശ വീണ്ടും ദൈവനിർദേശപ്രകാരം എഴുതി (പുറ 34, 28) തുടങ്ങിയ വിശുദ്ധഗ്രന്ഥ പരാമർശങ്ങൾ പത്തുകല്പനകളുടെ ദൈവിക ബന്ധത്തെ വ്യക്തമാക്കുന്നവയാണ്.
പത്തു പ്രമാണങ്ങളുടെ പശ്ചാത്തലം
സീനായ് മലയിൽ വച്ച് ദൈവം ഇസ്രായേൽ ജനതയുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ പശ്ചാത്തലമാണ് പത്തുപ്രമാണങ്ങളുടേത്. സീനായ് ഉടമ്പടി വഴി ദൈവം ഇസ്രായേലിൻ്റെ ദൈവവും ഇസ്രായേൽ ജനം ദൈവത്തിൻ്റെ സ്വന്തം ജനവുമായിത്തീർന്നു. ഇസ്രായേൽ ജനം ദൈവത്തോട് വിശ്വസ്തതാപൂർവ്വം പാലിക്കേണ്ടവയാണ് പത്ത് പ്രമാണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമാണങ്ങളുടെ ലംഘനം ദൈവവും സഹജീവികളുമായുള്ള ബന്ധത്തിന് തകർച്ച വരുത്തും. രക്ഷിക്കപ്പെട്ട ജനമായ ഇസ്രായേലിൻ്റെ സമഗ്രമായ വളർച്ചയ്ക്കും വികസനത്തിനും വേണ്ടിയുള്ള മാർഗ്ഗദർശനങ്ങളായിരുന്നു പത്തുകല്‌പനകൾ. ഇവയിൽ ആദ്യത്തെ മൂന്നുകല്പനകൾ ദൈവത്തോടും ബാക്കി ഏഴു കല്‌പനകൾ സഹജീവികളോടും മനുഷ്യനുണ്ടായിരിക്കേണ്ട ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ദൈവകല്‌പനകൾ-സഭാപാരമ്പര്യത്തിൽ
സഭയുടെ ആദ്യകാലം മുതലുള്ള മതബോധനം പത്തുകല്പനകളെ കേന്ദ്രീകരിച്ചായിരുന്നു. പത്തുകല്‌പനകളുടെ ക്രമത്തിലും വിഭജനത്തിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട്. ഇന്നത്തെ രൂപത്തിലുള്ള പത്തുകല്പനകൾ പ്രചാരത്തിലായതു വിശുദ്ധ അഗസ്റ്റിൻ്റെ കാലം മുതലാണ്. ഇതു പരമ്പരാഗതമായി കത്തോലിക്കാസഭയിൽ അനുവർത്തിച്ചുപോരുന്നു. ലൂഥറൻ സഭയും ഈ ക്രമമാണ് പിന്തുടരുന്നത്. ഗ്രീക്കു സഭാ പിതാക്കന്മാരുടെ വ്യത്യസ്‌തമായ വിഭജനക്രമം ഓർത്തഡോക്സ് സഭകളിലും, ആഗ്ലിക്കൻ, പ്രൊട്ടസ്റ്റൻ്റു സഭകളിലും നിലനില്ക്കുന്നു.
ആദ്യത്തെ മൂന്നു കല്‌പനകൾ ദൈവസ്നേഹത്തേയും ബാക്കി ഏഴു കല്‌പനകൾ അയൽക്കാരനോടുള്ള സ്നേഹത്തെയും സംബന്ധിച്ചുള്ളവയാണ്. മൂന്നെണ്ണം ഒരു കൽപലകയിലും ഏഴെണ്ണം മറ്റൊരു കൽപലകയിലുമായാണ് എഴുതിയിരിക്കുന്നത് എന്ന് വി.അഗസ്റ്റ്യൻ തന്റെ പ്രസംഗത്തിൽ പഠിപ്പിക്കുന്നു. ദൈവസ്നേഹത്തിന്റെയും സാഹോദരസ്നേഹത്തിൻ്റെയും രണ്ടു പ്രമാണത്തിൽ കർത്താവ് എല്ലാ പ്രമാണങ്ങളെയും ഉൾക്കൊള്ളിച്ചു എന്നതു സ്ഥാപിക്കാൻ വി.അഗസ്റ്റ്യൻ ഇത്തരം പഠനശൈലി ഉപയോഗിച്ചതായി വേണം കരുതാൻ. ത്രെന്തോസ് സുനഹദോസ്, ഈ കല്പനകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നു പഠിപ്പിക്കുന്നു (DS 1569-1570). രണ്ടാം വത്തിക്കാൻ കൗൺസിലും കല്‌പനകൾ പഠിപ്പിക്കേണ്ടതിന്റെയും പാലിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തു പറയുന്നു (LG 24).
ദൈവകല്പനകളുടെ അന്തഃസത്ത
സ്നേഹത്തിൽ അധിഷ്‌ഠിതമാണ് ദൈവകല്‌പനകൾ. ദൈവസ്നേഹവും പരസ്നേഹവുമാണ് മനുഷ്യജീവിതത്തിൻ്റെ കേന്ദ്രമെന്ന് കല്പനകൾ വ്യക്തമാക്കുന്നു. പത്തുകല്‌പനകൾ രണ്ടു പ്രമാണങ്ങളിൽ സംഗ്രഹിക്കാമെന്ന് യേശു വ്യക്തമാക്കുന്നുണ്ട് (മത്താ 22,37-40; മർക്കോ 12, 30-32; ലൂക്കാ 10, 27). "നിൻ്റെ ദൈവമായ കർത്താവിനെപൂർണ്ണ ആത്മാവോടും പൂർണ്ണഹൃദയത്തോടും സർവ്വശക്തിയോടും സ്നേഹിക്കുക” (നിയ 6.5), "നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക" (ലേവ്യ 19. 18) എന്നിവയാണ് ദൈവകല്പനകളുടെ സാരസംഗ്രഹം. പത്തുപ്രമാണങ്ങൾ എല്ലാ പുതിയ നിയമപുസ്തകങ്ങളും അവതരിപ്പിക്കുന്നുണ്ട്. യേശുക്രിസ്തുവിലൂടെ പത്തുകല്പനകൾ ജീവിതബന്ധിയായി മനുഷ്യഹൃദയങ്ങളിൽ രൂപപ്പെടുകയായിരുന്നു. പഴയനിയമകാലത്തെ, പ്രമാണങ്ങളുടെ നൈയാമികതയിൽ നിന്ന് സ്നേഹത്തിലൂന്നിയ ജീവിതശൈലിയിലേക്ക് പുതിയനിയമം എത്തിനില്ക്കുന്നു. എല്ലാ നിയമങ്ങളെയും അതിശയിക്കുന്ന ആത്മാവിന്റെ സ്വാതന്ത്ര്യത്തിലേക്ക് ദൈവജനത്തെ നയിക്കുകയാണ് പുതിയനിയമ പഠനങ്ങൾ. നിയമങ്ങൾ ഇല്ലാതാക്കുകയല്ല, ആത്മാവിൽ പൂർത്തീകരിക്കുകയാണിവിടെ.
ദൈവകല്പനകളും ക്രൈസ്‌തവ ജീവിതവും
ക്രൈസ്തവ ധാർമ്മികതയുടെ അളവുകോലാണ് ദൈവകല്പനകൾ. ഒരിക്കൽ ധനികനായ യുവാവ് യേശുവിനോടു ചോദിച്ചു. "ഗുരോ നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നന്മയാണു പ്രവർത്തിക്കേണ്ടത്? എല്ലാ പ്രമാണങ്ങളും അനുസരിക്കുകയാണ് നിത്യജീവൻ പ്രാപിക്കാൻ ആവശ്യമെന്ന് യേശു അയാളോടു മറുപടി പറയുന്നു. എല്ലാ പ്രമാണങ്ങളും അനുസരിച്ചിരുന്ന അവനോടു പരിപൂർണ്ണത പ്രാപിക്കാനായി യേശു നിർദ്ദേശിക്കുന്നത് “നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക" എന്നാണ് (മത്താ 19, 16-22). മറ്റുള്ളവരോടുള്ള സമീപനത്തിന് യേശു പ്രാധാന്യം നല്കുന്നു. കർത്താവു കല്‌പനകൾക്ക് സ്നേഹത്തിന്റെ പുതിയ മാനം നല്‌കി.
കല്പനകളെ ദൈവത്തോടുള്ള സ്നേഹത്തിലും മനുഷ്യനോടുള്ള സ്നേഹത്തിലും യേശു സംഗ്രഹിച്ചു. നിയമത്തിനു പുറത്ത് സർവ്വാധിശായിയായ നീതിയാണ് പുതിയനിയമം ആവശ്യപ്പെടുന്നത്. സ്വർഗ്ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂർണ്ണരാകാനും തിന്മക്കു പകരം തിന്മ ചെയ്യാതെ തിന്മയെ നന്മകൊണ്ട് ജയിക്കാനും ആഹ്വാനം ചെയ്യുന്ന പുതിയ നിയമം സ്വർഗ്ഗരാജ്യത്തിന്റെ പുതിയ പ്രമാണം നല്കുന്നു.
NO: | പുറപ്പാട് 20, 1-17 | നിയമാവർത്തനം 5, 6-21 | സഭയുടെ പാരമ്പര്യപഠനം |
1 |
ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ: അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തിൽ നിന്നു നിന്നെ പുറത്തുകൊണ്ടു വന്ന ഞാനാണ് നിൻ്റെ ദൈവമായ കർത്താവ്. ഞാനല്ലാതെ വേറെ ദേവൻമാർ നിനക്കുണ്ടാകരുത്. മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയോ സ്വരൂപമോ നീ നിർമ്മിക്കരുത്; അവയ്ക്കുമുമ്പിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാൽ, ഞാൻ, നിന്റെ ദൈവമായ കർത്താവ്, അസഹിഷ്‌ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങൾക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാൻ ശിക്ഷിക്കും. എന്നാൽ എന്നെ സ്നേഹിക്കുകയും എൻ്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകൾ വരെ ഞാൻ കരുണ കാണിക്കും. |
അവിടുന്നു പറഞ്ഞു: അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തിൽ നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടു വന്ന നിൻ്റെ ദൈവമായ കർത്താവു ഞാനാണ്. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്. മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്, എന്തെന്നാൽ നിൻ്റെ ദൈവവും കർത്താവുമായ ഞാൻ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകൾ വരെയുള്ള മക്കളെ അവരുടെ പിതാക്കന്മാരുടെ തിന്മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്. എന്നാൽ, എന്നെ സ്നേഹിക്കുകയും എൻ്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോടു ആയിരം തലമുറവരെ ഞാൻ കാരുണ്യം കാണിക്കും. |
നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. |
2 | നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കർത്താവു ശിക്ഷിക്കാതെ വിടുകയില്ല. | നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കർത്താവു ശിക്ഷിക്കാതെ വിടുകയില്ല. | നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. |
3 |
സാബത്തു വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓർമ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക. എല്ലാ ജോലികളും ചെയ്യുക. എന്നാൽ ഏഴാം ദിവസം നിൻ്റെ ദൈവമായ കർത്താവിന്റെ സാബത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാൽ, കർത്താവു ആറുദിവസം കൊണ്ടു ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്നു സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. |
നിൻ്റെ ദൈവമായ കർത്താവു കല്‌പിച്ചതു പോലെ സാബത്തു ആചരിക്കുക- വിശുദ്ധമായി കൊണ്ടാടുക. ആറു ദിവസം അദ്ധ്വാനിക്കുകയും എല്ലാ ജോലികളും നിർവ്വഹിക്കുകയും ചെയ്തു കൊള്ളുക. എന്നാൽ ഏഴാംദിവസം നിൻ്റെ ദൈവമായ കർത്താവിന്റെ സാബത്താണ്. അന്ന് ഒരു ജോലിയും ചെയ്യരുത്. നീയോ നിൻ്റെ മകനോ മകളോ ദാസനോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിൻ്റെ പട്ടണത്തിലുള്ള പരദേശിയോ ഒരു ജോലിയും ചെയ്യരുത്. നിന്നെപ്പോലെ തന്നെ നിന്റെ ദാസനും ദാസിയും വിശ്രമിക്കട്ടെ. നീ ഈജിപ‌്തിൽ ദാസനായിരുന്നുവെന്നും നിന്റെ ദൈവമായ കർത്താവു തൻ്റെ കരുത്തുറ്റകരം നീട്ടി അവിടെ നിന്ന് നിന്നെ മോചിപ്പിച്ചു കൊണ്ടുവന്നുവെന്നും ഓർമ്മിക്കുക. അതുകൊണ്ട് സാബത്തുദിനം ആചരിക്കാൻ അവിടുന്നു നിന്നോടു കല്പ്‌പിച്ചിരിക്കുന്നു. |
കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
|
4 | നിന്റെ ദൈവമായ കർത്താവു തരുന്ന രാജ്യത്തു നീ ദീർഘകാലം ജീവിച്ചിരിക്കേണ്ടതിനു നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. | നീ ദീർഘനാൾ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ കർത്താവ് തരുന്ന നാട്ടിൽ നിനക്കു നന്മയുണ്ടാകാനും വേണ്ടി അവിടുന്നു കല്പിച്ചിരിക്കുന്നതു പോലെ നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. | മാതാപിതാക്കൻമാര ബഹുമാനിക്കണം. |
5 | കൊല്ലരുത്. | നീ കൊല്ലരുത്. | കൊല്ലരുത്. |
6 | വ്യഭിചാരം ചെയ്യരുത്. | വ്യഭിചാരം ചെയ്യരുത്. | വ്യഭിചാരം ചെയ്യരുത്. |
7 | മോഷ്ടിക്കരുത്. | നീ മോഷ്ടിക്കരുത്. | മോഷ്ടിക്കരുത്. |
8 | അയൽക്കാരനെതിരായി വ്യാജ സാക്ഷ്യം നൽകരുത്. | അയൽക്കാരനെതിരായി നീ കള്ള സാക്ഷ്യം നൽകരുത്. | കള്ളസാക്ഷി പറയരുത്. |
9 | അയൽക്കാരന്റെ ഭവനം മോഹിക്കരുത്. അയൽക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്. | നിൻ്റെ അയൽക്കാരൻ്റെ ഭാര്യയെ നീ മോഹിക്കരുത്. | അന്യൻ്റെ ഭാര്യയെ മോഹിക്കരുത് |
10 | അയൽക്കാരന്റെ ഭവനം മോഹിക്കരുത്. അയൽക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്. | അവൻ്റെ ഭവനത്തയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്. | അന്യൻ്റെ വസ്‌തുക്കൾ മോഹിക്കരുത്. |
ആദ്യ ദൈവകല്പനയുടെ പശ്ചാത്തലം പുറപ്പാട് സംഭവമാണ്. അടിമത്തത്തിൽനിന്ന് സ്വാതന്ത്യ്രത്തിലേക്കുള്ള യാത്രയിൽ ഇസ്രായേൽ ജനതക്ക് ഉടമ്പടിയും ദൈവത്തിൻ്റെ സ്വയംവെളിപ്പെടുത്തലും ലഭിച്ചു. ഒന്നാമത്തെ കല്‌പനയുടെ ആരംഭം അടിമത്തത്തിൽനിന്നു രക്ഷിച്ച കർത്താവ് എന്ന വെളിപ്പെടുത്തലിലൂടെയാണ് (പുറ 20,2-5; നിയ 5,6-9). ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയാണ് കല്പനയുടെ അന്തഃസത്ത. ആദ്യത്തെ ഈ കല്‌പനയിൽ മൂന്ന് പ്രധാന ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്.
1. അടിമത്തത്തിൽനിന്നു സ്വാതന്ത്ര്യത്തിലേക്കു വന്ന സംഭവം
അടിമത്തത്തിൽനിന്നു രക്ഷിച്ച കർത്താവ് എന്നു വ്യക്തമാക്കിക്കൊണ്ടാണ് കല്‌പന തുടങ്ങുന്നത്. രക്ഷാകര പദ്ധതിയുടെ പശ്ചാത്തലം വളരെ വ്യക്തമാണ്. ദൈവം ഏറ്റവും കൂടുതൽ സ്നേഹിച്ച ജനതയായിരുന്നു ഇസ്രായേൽ. അവരുടെ നേട്ടങ്ങൾകൊണ്ടായിരുന്നില്ല ദൈവം അവരെ തിരഞ്ഞെടുത്തത്. കുലീന സംസ്കാരങ്ങൾ നിലവിലിരുന്ന ഒരു കാലഘട്ടത്തിൽ ആട് മേയ്ക്കലുമായി അലഞ്ഞുതിരിഞ്ഞു നടന്ന ഒരു ജനതയെയാണ് ദൈവം തിരഞ്ഞെടുക്കുന്നത്. മറ്റൊരു ജനതയേയും ദൈവം ഇതുപോലെ സ്‌നേഹിച്ചിട്ടില്ല. ദൈവസ്നേഹത്തിൻ്റെ ഉത്തമമായ തെളിവാണ് ഇസ്രായേലിന്റെ ഈജിപ്‌തിലെ അടിമത്തത്തിൽ നിന്നുമുള്ള മോചനം. ഒന്നാമത്തെ കല്പനയുടെ ഏറ്റവും വലിയ പ്രത്യേകത ഈ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. ഈ കല്‌പനയുടെ ആദ്യഭാഗം എല്ലാവിധ അടിമത്തങ്ങളിൽ നിന്നുമുള്ള മോചനമാണ്. രക്ഷയുടെ ചരിത്രമാണ് ഈ കല്പനയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
2. ഉടമ്പടിയുടെ പശ്ചാത്തലം
സീനായ് മരുഭൂമിയിൽ എത്തിച്ചേർന്ന ഇസ്രായേൽ ജനവുമായിട്ടാണ് ദൈവം ഉടമ്പടി സ്ഥാപിക്കുന്നത്. അടിമത്തത്തിൽനിന്നു മോചിതരായ ജനതയോടാണ് ദൈവം ഉടമ്പടി ചെയ്യുന്നത്. “നിങ്ങൾ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനവുമായിരിക്കണം" (പുറ 19,6). ഉടമ്പടിയുടെ ആവശ്യകത ഈ വാക്കുകൾ വ്യക്തമാക്കുന്നു. ദൈവത്തിന് ശുശ്രൂഷ ചെയ്യുന്ന പുരോഹിത രാജ്യമായിരിക്കുക. ദൈവത്തോടു വിശ്വസ്തത പുലർത്തുന്ന ദൈവത്തിന്റെ വിശ്വാസ ജനമായിരിക്കുക ഇതിൽനിന്നു ഉടമ്പടിയുടെ പശ്ചാത്തലം വളരെ വ്യക്തമാണ്. ഒന്നാമത്തെ കല്‌പന നല്‌കിയതിൻ്റെ ഒരു പ്രധാന ആശയം ഈ പശ്ചാത്തലമാണ്.
3. ദൈവത്തിന്റെ വെളിപ്പെടുത്തൽ
"ഞാനാണ് ദൈവം
രക്ഷിച്ച ദൈവം
ഉടമ്പടിയുടെ ദൈവം
സ്നേഹിച്ച ദൈവം".
ദൈവം സ്വയം വെളിപ്പെടുത്തുന്നു. അടിമത്തത്തിന്റെ ഭവനത്തിൽനിന്നു നിന്നെ പുറത്തുകൊണ്ടുവന്നത് ഞാനാണ് എന്നതിൽനിന്നു, ചരിത്രത്തിൽ ഇടപെട്ട ശക്തനായ സ്നേഹിക്കുന്ന വിമോചകനായ ദൈവത്തെയാണ് വെളിപ്പെടുത്തുന്നത്. ആദ്യ കല്പനയിലൂടെ ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നത് ദൈവത്തെ സ്വീകരിക്കുകയും ആരാധിക്കുകയും ചെയ്യണം. നിങ്ങളുടെ ദൈവമായ കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ സേവിക്കുകയും ചെയ്യണം.....(നിയ 6,13-15).
ദൈവത്തെ അറിഞ്ഞ, ഉടമ്പടി ലഭിച്ച ജനതയാണ് ഇസ്രായേൽ. ദൈവത്തെ അറിയാത്ത മറ്റു ജനതകളുടെ തെറ്റായ ആരാധന, സത്യം അറിഞ്ഞ ഇസ്രായേൽ ജനം സ്വീകരിക്കരുത് (പുറ 19, 16-25; 24,15-18).
ദൈവത്തിന്റെ മഹത്തരവും യഥാർത്ഥവുമായ അസ്തിത്ത്വവും ഇസ്രായേൽ ജനത്തിനാണ് വെളിപ്പെടുത്തപ്പെട്ടു കിട്ടിയത്. യഥാർത്ഥം അറിഞ്ഞവർ അതു സ്വീകരിക്കാതെ അയാഥാർത്ഥത്തിന്റെ പിന്നാലെ പോകരുത്. മനുഷ്യന്റെ വിധിയും ഭാവിയും ദൈവവുമായി ബന്ധപ്പെട്ടാണ്. കാരണം ദൈവത്തിന്റെ “ഛായയിലും സാദ്യശ്യത്തിലുമാണ്” മനുഷ്യൻ സൃഷ്‌ടിക്കപ്പെട്ടത്.
ആദിമ മനുഷ്യൻ കടന്നുപോയ വിശ്വാസത്തിന്റെയും, ആരാധനയുടെയും വഴികളിലൂടെ ഇസ്രായേൽ ജനവും കടന്നുപോയിട്ടുണ്ട്. പ്രകൃതിശക്തികളെ ആരാധിക്കുക, ബഹുദൈവങ്ങളെ സങ്കല്പ്‌പിച്ചു ആരാധിക്കുക, കുടുംബ ദൈവങ്ങളെ സൃഷ്ടിച്ചു ആരാധിക്കുക തുടങ്ങി ബാൽദേവൻ, അഷ്ത്താർത്ത് ദേവി എന്നിവരുടെ ആരാധനയെല്ലാം ഈ വഴിത്താരയിലെ സംഭവങ്ങളാണ്.
ഇത്തരം ദൈവസങ്കല്‌പങ്ങൾ ഇസ്രായേൽ ജനതയുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്നെന്നും ഈ സാങ്കല്പിക ദൈവങ്ങൾക്ക് അവർ ആരാധന നടത്തിയിരുന്നെന്നും വിശുദ്ധ ഗ്രന്ഥത്തിൽ കാണാവുന്നതാണ്. നരബലിയും ഇസ്രായേൽക്കാരുടെ മതജീവിതത്തിന്റെ ഭാഗമായിരുന്നു (ന്യായാ 11,30-40).
ബാൽ ദേവാരാധനയും അഷേരാ പ്രതിഷ്ഠയുമെല്ലാം അവർ നിലനിർത്തിയിരുന്നു (1 രാജാ 15,31-34). നരബലിയും, പൂജാ ഗിരികളിലും കുന്നുകളിലും മരച്ചുവട്ടിലും ബലികളും, ധൂപവും അർപ്പിക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു (2 രാജാ 16,3-4). ഇസ്രായേൽ ജനം ഹെബ്രോണിലും ബഥേലിലും ആരാധിച്ചിരുന്നത് ദൈവത്തിന്റെ ആഗ്രഹപ്രകാരവും കല്‌പനപ്രകാരവുമായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന 'യഹോവേ' വ്യത്യസ്‌ത ദൈവസങ്കല്‌പമായിരുന്നു. ബാൽ-അഷ്ത്താർത്ത് ദേവ സങ്കല്‌പത്തിലുള്ള ആരാധനയുമായി ബന്ധപ്പെടുത്തിയാണ് ദൈവാരാധന നടത്തിയിരുന്നത്.
നിയമാവർത്തന ഗ്രന്ഥകാലഘട്ടത്തിൽ ബഹുദൈവ സങ്കല്പത്തിലുള്ള ആരാധനകൾ അവസാനിപ്പിച്ച് ഇസ്രായേലിൻ്റെ ദൈവത്ത ആരാധിക്കുവാൻ പഠിപ്പിച്ചു. ഉടമ്പടി പേടകം ഒഴികെയുള്ള രൂപങ്ങൾ നശിപ്പിക്കപ്പെടുകയും ദൈവത്തിൻ്റെ വാസസ്ഥലമായി ജറുസലേം ദൈവാലയം നിശ്ചയിക്കപ്പെടുകയും ചെയ്തു.
ഇസ്രായേലിന്റെ ഏകദൈവ വിശ്വാസത്തിലേക്കുള്ള ഈ വളർച്ചയിൽ ഈജിപ്‌തിലെ അത്തേൻ പാഷാണ്ഡതയുടെ (സൂര്യബിംബത്തെ ഏകദൈവമായി ആരാധിക്കാനുള്ള ശ്രമം) സ്വാധീനമുണ്ടെന്ന് കരുതുന്നവരുമുണ്ട് (Andrew M Greely. The Sinai Myth, Newyork: Image Books 1975.-30-31).
അബ്രാഹത്തിന്റെയും ഇസഹാക്കിൻ്റെയും യാക്കോബിന്റെയും ദൈവത്തെ പൂർവ്വ പിതാക്കൻമാരുടെ കുടുംബ ദൈവമെന്ന സങ്കല്പത്തിൽനിന്നും സീനായ് ഉടമ്പടിയോടെ ഇസ്രായേലിന്റെ ചരിത്രത്തിൽ ഇടപെടുന്ന ദൈവമായി അവർ അനുഭവിച്ചു വിശ്വസിച്ചു. യാഹ്‌വേ ഏകദൈവമാണെന്നുള്ള വിശ്വാസത്തിലേക്ക് ഈ അനുഭവം ഇസ്രായേൽ ജനതയെ നയിച്ചു. ദൈവത്തിൻ്റെ സ്നേഹവും കാരുണ്യവും അവരെ ഈ അനുഭവത്തിലൂടെ വളർത്തി. മറ്റ് ദൈവ സങ്കല്പങ്ങളുടെ പിന്നാലെ പോകുമ്പോൾ യഥാർത്ഥ ദൈവവുമായുള്ള തങ്ങളുടെ സ്നേഹബന്ധത്തിന് ഉലച്ചിൽ തട്ടുമെന്ന് തിരിച്ചറിഞ്ഞ അവർ വിഗ്രഹാരാധനയിൽനിന്നും മറ്റ് ആരാധനകളിൽനിന്നും പിന്തിരിഞ്ഞു.
"നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്‌പന" (മത്താ 22,37) എന്ന് യേശു വ്യക്തമാക്കുന്നു. "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽനിന്നും നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന ദൈവമായ കർത്താവിനെ നീ ആരാധിക്കണം" എന്ന കല്‌പനയിലൂടെ മനുഷ്യൻ 'തന്നെ' ദൈവവും കർത്താവും രക്ഷകനുമായി സ്വീകരിക്കണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഇപ്രകാരമുള്ള ജീവിതത്തിലൂടെയാണ് ദൈവത്തെ പ്രീതിപ്പെടുത്തേണ്ടത്. “ചില ആരാധനപ്രകടനങ്ങളിലും ധാർമ്മികമായ കടമകളുടെ നിർവ്വഹണത്തിലും മാത്രമാണ് മതപരമായ ജീവിതം മുഴുവൻ അടങ്ങിയിരിക്കുന്നതെന്ന് കരുതി, ഭൗമീക കാര്യങ്ങളെല്ലാം ആധ്യാത്മീക ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തതെന്ന് വിഭാവനം ചെയ്‌തു അവയിൽ അനിയന്ത്രിതമായി മുഴുകുന്നവരുടെ ചിന്താഗതി പ്രമാദപൂർണ്ണമാണ്. പലരും സ്വീകരിച്ചിരിക്കുന്ന വിശ്വാസവും അവരുടെ അനുദിന ജീവിതവും തമ്മിലുള്ള അന്തരം ഈ കാലഘട്ടത്തിലെ ഏറ്റവും ഗുരുതരമായ തെറ്റുകളിലൊന്നാണ്" (GS 43) എന്ന സഭാ പ്രബോധനത്തിന്റെ വെളിച്ചത്തിൽ ഒന്നാം പ്രമാണത്തിൻ്റെ അർത്ഥവ്യാപ്തി കൂടുതൽ വ്യക്തമാകുന്നുണ്ട്.
ഒന്നാം പ്രമാണത്തിൻ്റെ ആദ്യഭാഗം പ്രാധാന്യം നല്കുന്നത് വിശ്വാസം, പ്രത്യാശ, സ്നേഹം (കാരുണ്യം) എന്നീ പുണ്യങ്ങൾക്കാണ്. ദൈവത്തെ നാഥനും, കർത്താവും, രക്ഷകനുമായി സ്വീകരിക്കാനും അവിടുത്തെ അനന്തമായ ശക്തിയിലും സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ച് കല്‌പനകൾ പാലിച്ച് സഹോദരൻമാരിൽ ദൈവത്തെ കണ്ടറിഞ്ഞ് അവരെ സ്നേഹിക്കാനും ഒന്നാം പ്രമാണം ആവശ്യപ്പെടുന്നു.
വിശ്വാസം
വിശുദ്ധ ഗ്രന്ഥം വിശ്വാസത്തിന് നല്‌കുന്ന നിർവ്വചനപ്രകാരം "വിശ്വാസമെന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്ധ്യവുമാണ്" (ഹെബ്രാ 11,1). നമ്മുടെ ധാർമ്മിക ജീവിതത്തിൻ്റെ ആധാരം തൻ്റെ അനന്തമായ സ്നേഹം നമുക്ക് വെളിപ്പെടുത്തിതന്ന ദൈവത്തിലുള്ള വിശ്വാസമാണ്. വിശ്വാസത്തിന്റെ വിധേയത്വമാണ് പ്രധാന കടമ എന്നും (റോമാ 1,5,16,26) ദൈവത്തെ അവഗണിക്കുന്നതാണ് എല്ലാ ധാർമ്മിക പരാജയങ്ങളുടെയും അനീതിയുടെയും കാരണമെന്നും (റോമാ 1,18-32) വിശുദ്ധ പൗലോസ് വ്യക്തമാക്കുന്നു. ദൈവത്തോടുള്ള നമ്മുടെ കടമ ദൈവത്തിൽ വിശ്വസിക്കുകയും ദൈവത്തിന് സാക്ഷികളായി തീരുകയും ചെയ്യുക എന്നതാണ്.
വിശ്വാസം ദൈവവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലാണ്. വ്യക്തികൾ തമ്മിലുള്ള ബന്ധമാണ്. ആ കണ്ടുമുട്ടൽ യാഥാർത്ഥ്യമാകുന്നത് ക്രിസ്തുവിലാണ് വിശുദ്ധ ഗ്രന്ഥത്തിലും പാരമ്പര്യങ്ങളിലും വെളിപ്പെട്ട രക്ഷാകര ചരിത്രത്തിലെ ദൈവപുത്രനായ ക്രിസ്തുവിലുള്ള വിശ്വാസം ദൈവത്തെ മനസ്സിലാക്കുന്നതിനുള്ള മാർഗ്ഗമാണ്. നാം വിശ്വസിക്കുന്നതിനായി സഭ നല്‌കിയിട്ടുള്ളതും വിശുദ്ധ ഗ്രന്ഥത്തിൽ വെളിപ്പെടുത്തുന്നതുമായ സത്യങ്ങൾ സ്വീകരിക്കുന്നതാണ് വിശ്വാസം. ക്രിസ്തീയ വിശ്വാസം അബ്രാഹത്തിലാരംഭിച്ച രക്ഷാകര ചരിത്രത്തിലേക്കുള്ള പ്രവേശനമാണ്. അബ്രാഹം വിശ്വാസികളുടെ പിതാവ് ആയത് ദൈവത്തിന്റെ വചനങ്ങളിൽ വ്യക്തമായ യാതൊരു ഉറപ്പും ഇല്ലാതിരുന്നിട്ടും വിശ്വസിച്ചത് വഴിയാണ്.
വി.തോമസ് അക്വീനാസ് വിശ്വാസത്തെ ദൈവകൃപയാൽ പ്രേരിതമായി ദൈവിക സത്യങ്ങളിലേക്കുള്ള മനുഷ്യബുദ്ധിയുടെ വളർച്ചയായി നിർവ്വചിക്കുന്നു. ദൈവം പ്രതീക്ഷിക്കുന്ന പ്രത്യുത്തരം വിശ്വാസത്തോടെയുള്ള അനുസരണവും ദൈവത്തോടുള്ള പ്രതികരണവുമാണ്. ബുദ്ധിപരമായ ഒരു പ്രവൃത്തിയെക്കാളുപരി ഓരോ വ്യക്തിയുടെയും സമസ്തസ്‌ത ഭാവത്തെയും സമഗ്രമായി സ്വാധീനിക്കുന്ന ഒരു യാഥാർത്ഥ്യമാണ് വിശ്വാസം.
വിശ്വാസം ബൈബിളിൽ
ഹീബ്രുവിലെ 'ആമൻ' (Aman) എന്ന പദമാണ് പഴയനിയമത്തിൽ വിശ്വാസത്തെ സൂചിപ്പിക്കുന്നത്. ഉറച്ചത്, ദൃഢമായത്, സത്യമായത് എന്നെല്ലാം ഇതിന് അർത്ഥമുണ്ട്. 'ആമൻ' എന്ന പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ 'നേമാൻ' (Neman) ഉറച്ചത്, തീർച്ചയുള്ളത്, ശരിയായത്, വിശ്വാസയോഗ്യമായത് എന്നീ അർത്ഥങ്ങൾ ഉണ്ട് (ഉൽപ 45,26; പുറ 4,5; 8,31; 19,9;1 സാമു 27,12). 'ആമൻ' എന്ന പദത്തിൻ്റെ നാമരൂപമാണ് 'എമുനാ' (Emunah) എന്ന പദം. സ്ഥിരത, ഉറപ്പ്, സുരക്ഷിതത്വം എന്നിവ സൂചിപ്പിക്കുന്നു (പുറ 17,12: സങ്കീ 36,6).
അബ്രാഹത്തിന്റെ വിശ്വാസം അവന് നീതീകരണമായി കണക്കാക്കി (ഉൽപ 15,6: റോമാ 4,3). അബ്രാഹം ദൈവത്തിൽ വിശ്വസിച്ച് തന്റെ ദേശത്തേയും, ബന്ധുക്കളേയും, പിതൃഭവനത്തേയും ഉപേക്ഷിച്ച് ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് യാത്രതിരിച്ചു (ഉൽപ 12,1). ഇസ്രായേൽ ജനം പുറപ്പാട് സംഭവത്തിൽ ദൈവത്തിൽ വിശ്വസിച്ചു (പുറ 14,31). ഇസ്രായേൽ ജനത്തിന്റെ ദൈവത്തിലുള്ള വിശ്വാസം പലപ്പോഴും നഷ്ടപ്പെടുന്നത് കാണാം (സംഖ്യ 14,16; നിയ 32,20). ഇസ്രായേൽ ജനത്തിൻ്റെ ദൈവത്തിലുള്ള അവിശ്വസ്തതയുടെ ഫലമാണ് അവർക്ക് നേരിടേണ്ടിവന്ന വിദേശ ആക്രമണങ്ങളും അടിമത്തങ്ങളും തകർച്ചകളും. ഒരു വിഭാഗം ജനങ്ങളെ ദൈവം വിശ്വസ്തരായി സംരക്ഷിച്ചിരുന്നെന്ന് വിശുദ്ധഗ്രന്ഥം വ്യക്തമാക്കുന്നുണ്ട് (ഹെബ്രാ 2,4). ദൈവത്തെ ഏക കർത്താവും രക്ഷകനുമായി സ്വീകരിക്കുന്നതായിരുന്നു ഇസ്രായേൽക്കാരെ സംബന്ധിച്ച വിശ്വാസം.
പുതിയനിയമത്തിൽ ഉപയോഗിച്ചിരുന്ന രണ്ട് ഗ്രീക്ക് പദങ്ങളാണ് 'പിസ്തേവുഓ (വിശ്വസിക്കുക), പിസ്തിസ് (വിശ്വാസം). വിശുദ്ധ പൗലോസ് ഈ രണ്ട് വാക്കുകളും റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ ഉപയോഗിച്ചതായി കാണാം (റോമാ 3,22).
യേശുവിന്റെ പഠനങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ദൈവത്തിലുള്ള ഉറച്ച വിശ്വാസം. വിശ്വാസത്തിന്റെ വിവിധ ഭാവങ്ങൾ അത്ഭുതങ്ങളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും യേശു വെളിപ്പെടുത്തുന്നുണ്ട് (മത്താ 9,18-26; മർക്കോ 11,20-24; മത്താ 6,25-33; ലൂക്കാ 12,22-31).
സമവീക്ഷണ സുവിശേഷങ്ങളിൽ യേശുവിൽ പ്രവർത്തിക്കുന്ന ദൈവിക ശക്തിയിലുള്ള ശരണവും മാനസാന്തരത്തിലേക്കുള്ള വിളിയുമാണ് വിശ്വാസം കൊണ്ടർത്ഥമാക്കുന്നത്. തത്ത്വസംഹിതകളിലുള്ള വിശ്വാസത്തേക്കാളുപരി ദൈവത്തിലുള്ള മനുഷ്യൻ്റെ സമ്പൂർണ്ണ സമർപ്പണമാണ്.
വിശുദ്ധ യോഹന്നാൻ ശ്ലീഹ വ്യക്തമാക്കുന്നത് മനുഷ്യപുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കും (യോഹ 3,15-16. 36; 6,40,47). യേശുവിൻ്റെ അത്ഭുത പ്രവർത്തനം കണ്ട് ശിഷ്യരും (യോഹ 2,11) അടയാളങ്ങൾ കണ്ട് മറ്റു വളരെപ്പേരും അവനിൽ വിശ്വസിച്ചു (യോഹ 2,23;4,29; 8,30; 11,45; 12,11). 'എന്നാൽ ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം അവൻ്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനുംവേണ്ടിയാണ്' (യോഹ 20,31) എന്ന് വിശുദ്ധ യോഹന്നാൻ വ്യക്തമാക്കുന്നു. യേശു ദൈവപുത്രനാണെന്ന സത്യം യഹൂദർ നിരാകരിച്ചു (യോഹ 6,36.64;7,48;10,25-26;12,37) യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നും (യോഹ 20,31) അവൻ ശരീരം ധരിച്ചുവെന്നും (1 യോഹ 4,2) ദൈവത്തിൽ നിന്ന് വന്നുവെന്നും (യോഹ 16,27-31;17,8-21) അവൻ പിതാവിലും പിതാവ് അവനിലുമാണെന്നും (യോഹ 14,10-12) യേശുവാണ് പുനരുത്ഥാനവും ജീവനുമെന്നും (യോഹ 11,25) വിശ്വസിക്കുന്നതാണ് ക്രിസ്‌തീയ വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് വിശുദ്ധ യോഹന്നാൻ വെളിപ്പെടുത്തുന്നു. അവതീർണ്ണ വചനമായ ദൈവപുത്രനിലുള്ള വിശ്വാസമാണ് വിശുദ്ധ യോഹന്നാൻ അടിസ്ഥാനമായി കരുതുന്നത്. ആ വിശ്വാസത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ട്.
2. യേശുവിൻ്റെ വചനം കേൾക്കുകയും അനുസരിക്കുകയും ചെയ്യുക (യോഹ 12,47).
വചനം പാലിക്കുക (യോഹ 8,51), അവനെ അനുഗമിക്കുക (8,12), ദൈവത്തിൽ ശരണപ്പെടുക, ദൈവവചനം മുറുകെ പിടിക്കുക തുടങ്ങിയ പ്രത്യേകതകളും വിശുദ്ധ യോഹന്നാൻ വിശ്വാസത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിശ്വാസത്തിന് മനസ്സിലാക്കുകയെന്ന അർത്ഥം വിശുദ്ധ യോഹന്നാൻ നല്‌കുന്നുണ്ടെങ്കിലും (യോഹ 4,42) അത് ബുദ്ധിപരമായ അറിവ് അല്ല (യോഹ 20,29). വിശ്വാസം യേശുവിനോടുള്ള പ്രതിബദ്ധതയാണ്.
യഥാർത്ഥ വിശ്വാസം എന്താണെന്ന് വിശുദ്ധ പൗലോസ് വ്യക്തമാക്കുന്നുണ്ട്. യേശു നമ്മുടെ പാപങ്ങൾക്ക് സ്വയം ബലിയർപ്പിക്കുകയും മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്യുകയും ചെയ്തു എന്ന് പ്രഘോഷിക്കുന്നതാണ് യഥാർത്ഥ വിശ്വാസം (റോമാ 4,24; 10,9; 1 കോറി 15,3). ഈ വിശ്വാസമാണ് രക്ഷയുടെ നിദാനം. രക്ഷ യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിൽ അധിഷ്‌ഠിതമാണ് (റോമാ 3,22. 25- 26). ദൈവത്തിന്റെ നീതി വിശ്വാസത്തിലേക്ക് നയിക്കുന്നതാണ് (റോമാ 1,16- 17). യേശുവിൽ വിശ്വസിക്കുന്നവരെ ദൈവം നീതികരിക്കുന്നു (റോമാ 3, 26;5,1). വിശ്വാസം കേൾവിയിൽനിന്നും, കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽ നിന്നുമാണ് (റോമാ 10,17). കർത്താവായ യേശുവിനെ ദൈവം മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു (2 കോറി 4,14; 1 തെസ 4,14). ഇത് വിശ്വാസത്തിൻ്റെ അടിസ്ഥാനമായി വിശുദ്ധ പൗലോസ് നിർവ്വചിക്കുന്നു.
വിശ്വാസം കേവലം ബുദ്ധിപരമായ പ്രവർത്തനമല്ല, പ്രവൃത്തികളിലൂടെ തെളിയിക്കപ്പെടേണ്ട ഒരു സത്യമാണെന്ന് വിശുദ്ധ യാക്കോബ് വ്യക്തമാക്കുന്നു. വിശ്വാസം പ്രവൃത്തികളാലാണ് പൂർണ്ണമാക്കപ്പെടുന്നത് (യാക്കോ 2,22). വിശ്വാസംകൊണ്ട് മാത്രമല്ല പ്രവത്തികളാലുമാണ് നീതീകരിക്കപ്പെടുന്നത് (യാക്കോ 2,24). വിശ്വാസം നല്ല പ്രവൃത്തികളിലൂടെ ഫലം പുറപ്പെടുവിക്കണം. അല്ലെങ്കിൽ വിശ്വാസം നിർജ്ജീവമാണ് (യാക്കോ 2,26).
വിശ്വാസത്തിന്റെ വിവിധ തലങ്ങൾ
വിശ്വാസത്തിന്റെ വിവിധ തലങ്ങൾ ഇവയാണ്.
1.വിശ്വാസം- ദൈവ മനുഷ്യ സംഗമം
ദൈവവും മനുഷ്യനു തമ്മിലുള്ള കൂടിക്കാഴ്ചയാണ് വിശ്വാസം. ക്രിസ്തീയ വിശ്വാസം വെറും തത്ത്വങ്ങളിലുള്ള അറിവോ വിധേയത്വമോ അല്ല. പ്രത്യുത, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം തന്നെയാണ്. ഈ സമാഗമത്തിലാണ് ദൈവം തന്റെ ഉൺമയെ വെളിപ്പെടുത്തുന്നത്. ഈ വെളിപ്പെടുത്തൽ യേശുക്രിസ്തുവിലാണ് പൂർണ്ണമാകുന്നത്. ഒരു വ്യക്തി ദൈവത്തിന്റെ വെളിപ്പെടുത്തൽ സ്വീകരിക്കുന്നതിനു മുമ്പ് തന്നെ അവനിൽ വിശ്വാസത്തിൻ്റെ പ്രസാദവരം ലഭിച്ചിട്ടുണ്ട്. ഈ പ്രസാദവരത്തെ വികസിപ്പിക്കുകയാണ് വെളിപ്പെടുത്തൽ സ്വീകരിക്കുന്നതിലൂടെ സംഭവിക്കുന്നത്.
2. വിശ്വാസം വെളിപ്പെടുത്തപ്പെട്ട സത്യങ്ങളുടെ സ്വീകരണം
ദൈവ പുത്രനായ യേശുക്രിസ്‌തുവിൽ വെളിപ്പെടുത്തപ്പെട്ട സകലതും വിശ്വസിക്കുക എന്നതാണ് അർത്ഥമാക്കുന്നത്. വാക്കും പ്രവർത്തിയും വിശ്വസിക്കുന്ന വ്യക്തിയുടെ ലക്ഷ്യങ്ങളെ സാധൂകരിക്കുന്നതുമാകണം.
3 വിശ്വാസം ദൈവദാനം
പുത്രനും പുത്രൻ ആർക്ക് വെളിപ്പെടുത്തിക്കൊടുക്കാൻ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല (മത്താ 11,27). വിശ്വാസം ദൈവത്തിന്റെ ദാനമായി അവതരിപ്പിക്കപ്പെടുന്നു. വിശുദ്ധ പൗലോസും വിശ്വാസത്തെ ദൈവത്തിന്റെ ദാനമായി, പരിശുദ്ധാത്മാവിന്റെ പ്രവർത്തനമായി വ്യക്തമാക്കുന്നു (1 കോറി 12,3; എഫേ 2,8). വിശ്വാസം സ്വപരിശ്രമത്താൽ മാത്രം നേടിയെടുക്കാവുന്ന ഒരു പുണ്യമല്ല. ദൈവനിവേശിതമായ ഈ പുണ്യം ലഭിക്കുവാൻ പ്രേരക വരപ്രസാദവും പരിശുദ്ധാത്മാവിൻ്റെ ആന്തരിക സഹായവും ആവശ്യമാണെന്ന് വത്തിക്കാൻ കൗൺസിൽ വ്യക്തമാക്കുന്നു (ദൈവാവിഷ്ക്കരണം 5).
4. വിശ്വാസം സമ്പൂർണ്ണ സമർപ്പണം
ദൈവിക വെളിപാടിനോടുള്ള മനുഷ്യന്റെ പ്രതികരണമാണ് വിശ്വാസത്തിന്റെ കാതൽ. വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ സ്വീകരിക്കുവാനോ തിരസ്ക്കരിക്കുവാനോ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. “ക്രിസ്തീയ വിശ്വാസം സമാശ്ലേഷിക്കാൻ ഒരുവനെയും അവന്റെ മനഃസാക്ഷിക്കെതിരായി നിർബന്ധിക്കാൻ പാടില്ല. കാരണം സ്വഭാവത്താലെ തന്നെ സ്വതന്ത്ര മനസ്സിൽ നിന്ന് ഉത്ഭൂതമാകുന്ന ഒന്നാണ് വിശ്വാസ പ്രഖ്യാപനം” (ദൈവാവിഷ്ക്കരണം 10). മനുഷ്യൻ്റെ സമ്പൂർണ്ണ സമർപ്പണം തന്നെയാണ് വിശ്വാസം.
വിശ്വാസ വിഷയങ്ങൾ
വിശ്വാസത്തിൻ്റെ അടിസ്ഥാന വിഷയം ദൈവത്തിൻ്റെ വിശ്വസ്തതയാണ്. ദൈവം വഞ്ചിക്കുകയോ, വഞ്ചിക്കപ്പെടുകയോ ഇല്ല എന്ന ബോദ്ധ്യത്തിൽ നില്ക്കുന്ന വ്യക്തി വെളിപ്പെടുത്തപ്പെട്ട ദൈവിക സത്യങ്ങൾ വിശ്വസിക്കേണ്ടതുണ്ട്. ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട ദൈവിക രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന വിശ്വാസ വിഷയങ്ങളെ പലതായി തിരിക്കാം.
1. വചനത്തിൻ്റെ മനുഷ്യാവതാരം
വെളിപ്പെടുത്തപ്പെട്ട ദൈവിക രഹസ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വെളിപ്പെടുത്തലിൻ്റെ പൂർണ്ണതയായ വചനത്തിന്റെ മനുഷ്യാവതാര രഹസ്യത്തിലുള്ള വിശ്വാസമാണ്. വിശുദ്ധഗ്രന്ഥം ഈ രഹസ്യം ഇപ്രകാരം അവതരിപ്പിക്കുന്നു. പൂർവ്വകാലങ്ങളിൽ പ്രവാചകൻമാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കൻമാരോടു സംസാരിച്ചിട്ടുണ്ട്. എന്നാൽ, ഈ അവസാന നാളുകളിൽ തൻ്റെ പുത്രൻ വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു (ഹെബ്രാ 1,1-2: 1 തിമോ 6,14; തീത്തോ 2, 13). സഭയുടെ പ്രബോധനങ്ങളും ഈ വസ്തുത ഊന്നിപ്പറയുന്നുണ്ട് (ദൈവാവിഷ്‌ക്കരണം 4).
2. ദൈവീകവും സഭാപരവുമായ സത്യങ്ങൾ
വിശ്വാസ വിഷയത്തിലെ മറ്റൊരു പ്രധാന ഘടകം ദൈവികവും സഭാപരവുമായ സത്യങ്ങളാണ്. വിശുദ്ധ ഗ്രന്ഥത്തിലോ സഭാ പാരമ്പര്യത്തിലോ, ഇവ രണ്ടിലുമോ അടങ്ങിയിരിക്കുന്ന സത്യങ്ങൾ ദൈവിക വെളിപാടായി അംഗീകരിച്ചു വിശ്വസിക്കേണ്ടവയാണെന്ന് സഭ പ്രഖ്യാപിക്കുന്നു (മാതാവിൻ്റെ സ്വർഗ്ഗാരോപണം). ഇത്തരം സത്യങ്ങൾ പ്രഘോഷിക്കുന്നതിൽ സഭയ്ക്ക് അപ്രമാദിത്വമുണ്ട്. ശ്ലീഹൻമാരുടെ മരണത്തോടെ പൊതുവായ ദൈവിക വെളിപാട് അവസാനിച്ചുവെങ്കിലും ദൈവികവും കാലോചിതവുമായ സത്യങ്ങൾ തുടർന്നും പ്രഖ്യാപിക്കാൻ സഭയ്ക്ക് അധികാരമുണ്ട്.
3. സഭാപരമായ സത്യങ്ങൾ
വിശ്വാസ സത്യങ്ങളുടെ കരുതലിൽ മാത്രമല്ല അവ ശരിയായി സംരക്ഷിക്കുന്നതിനും വിശദീകരിക്കുന്നതിനും ആവശ്യമായ കാര്യങ്ങളിലും സഭയ്ക്ക് അപ്രമാദിത്വമുണ്ട്. ആവിഷ്കൃത സത്യങ്ങളുടെ ഭണ്ഡാഗാരത്തോളം എന്ന കൗൺസിൽ പഠനം പ്രത്യേകം പ്രസ്താവ്യമാണ് (തിരുസഭ 25). വിശുദ്ധ ലിഖിതങ്ങളും വിശുദ്ധ പാരമ്പര്യങ്ങളുമാണ് ആവിഷ്കൃത സത്യങ്ങളുടെ ഭണ്ഡാഗാരം എന്ന് ദൈവാവിഷ്‌ക്കരണത്തെ സംബന്ധിക്കുന്ന കോൺസ്റ്റിറ്റ്യൂഷൻ (10) വിശദീകരിക്കുന്നു. ഇവ ആധികാരികമായി വ്യാഖ്യാനിക്കാനുള്ള ചുമതല സഭയുടെ പ്രബോധനാധികാരത്തിൽ മാത്രം നിക്ഷിപ്തമാണ്.
ദൈവിക വെളിപാടുകൾ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന വിഷയങ്ങൾ
ദൈവിക വെളിപാടുകളോട് വ്യക്തമായ ബന്ധം ഇല്ലെങ്കിലും അവ മനസ്സിലാക്കുവാൻ സഹായിക്കുന്ന കാര്യങ്ങൾ ഇവയാണ്.
1. ദൈവശാസ്ത്രപരമായ നിർണ്ണയങ്ങൾ
വെളിപാടിൽ നിന്നും ലഭിച്ചതും പ്രകൃത്യാ അറിയുന്നതുമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ കൈക്കൊള്ളുന്ന യുക്തിസഹമായ നിർണ്ണയങ്ങളാണിവ. ക്രിസ്‌തു സത്യമനുഷ്യനാണെന്നുള്ളത് വെളിപ്പെടുത്തപ്പെട്ട സത്യമാണ്. മനുഷ്യൻ ആത്മാവും ശരീരവും ചേർന്നതാണെന്നത് പ്രകൃത്യാ ലഭിച്ച അറിവാണ്. ഈ രണ്ട് അറിവുകളുടേയും അടിസ്ഥാനത്തിൽ എത്തിച്ചേരുന്ന ദൈവശാസ്ത്ര നിർണ്ണയമാണ് ക്രിസ്‌തുവിന് ആത്മാവും ശരീരവും ഉണ്ട്.
2. സൈദ്ധാന്തിക വസ്‌തുതകൾ
വെളിപ്പെടുത്തപ്പെട്ട സത്യത്തിന്റെയോ ഒരു സിദ്ധാന്തത്തിന്റെയോ അറിവോ കൃത്യതയോ എന്തിൻ്റെ സ്വീകരണത്തെ ആശ്രയിച്ചിരിക്കുന്നുവോ അവയാണ് സൈദ്ധാന്തിക വസ്‌തുക്കൾ. നൈയാമികമായി തിരഞ്ഞെടുക്കപ്പെട്ട മാർപാപ്പക്ക് മാത്രമേ വിശ്വാസ സത്യങ്ങൾ പ്രഖ്യാപിക്കാൻ അധികാരമുള്ളു. പീയൂസ് 12-ാമൻ നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട മാർപാപ്പയായിരുന്നില്ലെങ്കിൽ അദ്ദേഹം പ്രഖ്യാപിച്ച മാതാവിൻ്റെ സ്വർഗ്ഗാരോപണം വിശ്വാസസത്യം ആകുമായിരുന്നില്ല.
3. സഭയുടെ പൊതുനിയമങ്ങൾ
ക്രൈസ്തവ ജീവിതവും ആരാധനയും നയിക്കുന്നതിന് സാർവ്വത്രിക സഭ അംഗീകരിച്ചിട്ടുള്ള സഭാ നിയമങ്ങളാണ് ഇത്. ഈ നിയമങ്ങൾ ഒരിക്കലും വിശ്വാസത്തിനോ ധാർമ്മികതയ്ക്കോ എതിരായിരിക്കില്ലെന്ന് മാത്രമല്ല ക്രൈസ്‌തവ ജീവിതത്തിന് മാർഗ്ഗദർശിയുമായിരിക്കും.
4. വിശുദ്ധരുടെ നാമകരണം
സഭ നാമകരണം ചെയ്യുന്ന വിശുദ്ധർ സ്വർഗ്ഗത്തിൽ ആയതിനാൽ അവരെ വണങ്ങുന്നവർ ദൈവത്തെ ബഹുമാനിക്കുന്നു.
5. സഭ അംഗീകരിച്ച സന്ന്യാസസഭയുടെ നിയമങ്ങൾ
സഭ അംഗീകരിച്ച സന്ന്യാസ സഭയുടെ നിയമങ്ങൾ അനുസരിക്കുന്നതിലൂടെ സഭയോടൊപ്പം ജീവിച്ച് നിത്യജീവൻ പ്രാപിക്കാൻ സാധിക്കുന്നു.
സഭയുടെ പ്രബോധനാധികാരം
യേശു സത്യത്തിൻ്റെ ആത്മാവിനെ ശിഷ്യൻമാർക്ക് വാഗ്ദാനം ചെയ്തു (യോഹ 14,16). ശിഷ്യൻമാർക്ക് ലഭിച്ച (അപ്പ 2,1-4) ആത്മാവിനെ സ്വീകരിച്ച സഭ സത്യത്തിൻ്റെ കാവലാളും നെടുംതൂണുമായി നിലകൊള്ളുന്നു. "ലോകാവസാനം വരെ ഞാൻ നിങ്ങളോടു കൂടെയുണ്ടായിരിക്കുമെന്ന്' അരുളിച്ചെയ്ത‌് യേശുവിൻ്റെ സാന്നിദ്ധ്യം വിശ്വാസത്തേയും ധാർമ്മികതയേയും സംബന്ധിച്ച പഠനങ്ങളിൽ തെറ്റുവരാതെ സഭയെ സംരക്ഷിക്കുന്നു. 'വിശ്വാസത്തെ' അഭംഗുരം കാത്തുസൂക്ഷിക്കാനും പരിശുദ്ധാത്മാവിനാൽ പ്രേരിതമായി വിശ്വസ്‌തതാപൂർവ്വം പ്രഘോഷിക്കാനും സഭ കടപ്പെട്ടിരിക്കുന്നു. ശ്ലീഹൻമാരിൽ നിന്നു ലഭിച്ച ഈ അധികാരമാണ് സഭയുടെ പ്രബോധനാധികാരം. വിശുദ്ധ ലിഖിതങ്ങളും വിശുദ്ധ പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാൻ ഇപ്രകാരം സഭ നിയുക്തമായി.
ക്രിസ്തുവിൽ നിന്നു ലഭിച്ച പ്രബോധനാധികാരം സഭ രണ്ടു വിധത്തിൽ ഉപയോഗിക്കുന്നു.
1. മാർപാപ്പയോ, മാർപാപ്പ വിളിച്ചുചേർക്കുന്ന സാർവ്വത്രിക സുനഹദോസോ പഠിപ്പിക്കുന്ന കാര്യങ്ങൾ. ഈ പ്രബോധനാധികാരം അപ്രമാദിത്വം ഉള്ളതാണ്.
2. മാർപാപ്പയും മാർപാപ്പയോട് ഐക്യപ്പെട്ട് മെത്രാൻമാരും അനുദിനം പഠിപ്പിക്കുന്ന കാര്യങ്ങൾ, മെത്രാൻ സംഘത്തിൻ്റെ പ്രബോധനങ്ങൾ, ചാക്രിക ലേഖനങ്ങൾ, റോമിലെ കോൺഗ്രിഗേഷനുകൾ എന്നിവയുടെ പഠനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. ഈ പഠനങ്ങൾക്ക് സാധാരണ പ്രബോധനാധികാരമാണ് ഉള്ളത്.
യഥാർത്ഥ വിശ്വാസി
ജീവനുള്ള ഏതൊരു മനുഷ്യനും വിശ്വാസിയാകാം. പിശാചുക്കൾപോലും ദൈവത്തിൽ വിശ്വസിക്കുന്നവരാണ് (യാക്കോ 2,19). അവർ പാപത്തിൽ കഠിനമാക്കപ്പെട്ടവരായതിനാൽ അവരുടെ വിശ്വാസം രക്ഷാകരമല്ല. ശുദ്ധീകരണാത്മാക്കളും വിശ്വാസമുള്ളവരാണ്. മാലാഖമാരും സ്വർഗ്ഗത്തിലെ വിശുദ്ധരും വിശ്വസിക്കുകയല്ല. മറിച്ച്, ദൈവത്തെ മുഖാമുഖം ദർശിക്കുകയും ദൈവിക ജീവനിൽ പങ്കുചേരുകയും ചെയ്യുന്നു.
വിശ്വാസ പ്രഘോഷണം
വചനാനുസൃതമായ ജീവിതത്തിലൂടെ 'വിശ്വാസ'ത്തിനു സാക്ഷ്യം നല്‌കേണ്ടത് ഓരോ ക്രൈസ്‌തവന്റെയും കടമയാണ്, ചില അവസരങ്ങളിൽ സ്വജീവൻ പോലും നഷ്ടപ്പെടുത്തിക്കൊണ്ട് 'വിശ്വാസം' പരസ്യമായി ഏറ്റുപറയേണ്ടിവരും. ഇപ്രകാരം വിശ്വാസം ഏറ്റുപറയുന്നവരെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുമ്പിൽ യേശുവും ഏറ്റുപറയുമെന്ന് വിശുദ്ധഗ്രന്ഥം ഉറപ്പ് നൽകുന്നു (മത്താ 10,32-33). വിശ്വാസം ഏറ്റുപറയുന്നതിനൊപ്പം പ്രാധാന്യമുള്ളതാണ് വിശ്വാസം പ്രചരിപ്പിക്കുന്നതും. “നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" (മർക്കോ 16,15) എന്ന കല്പന അനുസരിച്ച് ലോകം മുഴുവൻ സുവിശേഷം പ്രസംഗിച്ച ക്രിസ്‌തു ശിഷ്യൻമാർ സഭയുടെ പ്രേഷിതത്വം വെളിപ്പെടുത്തുന്നു.
"തീർത്ഥാടക സഭ സ്വഭാവത്താലെത്തന്നെ പ്രേഷിതയാണ്" (അല്‌മായ പ്രേഷിതത്വം 2) എന്ന കൗൺസിൽ പഠനം ശ്രദ്ധേയമാണ്. പ്രേഷിതയായ സഭയിലെ ഓരോ അംഗവും വിശ്വാസ പ്രഘോഷണദൗത്യ പൂർത്തീകരണത്തിനായി പരിശ്രമിക്കേണ്ടതുണ്ട്.
സഭയുടെ ഐക്യം
ആദിമസഭയിൽ ഒരു വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളു. കാലക്രമത്തിൽ വിശ്വാസത്തിന് വ്യത്യസ്‌തമായ സമീപനങ്ങൾ ഉണ്ടാവുകയും വ്യത്യസ്‌ത സഭകൾ രൂപപ്പെടുകയും ചെയ്തു. ഇന്ന് പല സഭാസമൂഹങ്ങളായി സഭ വിഭജിക്കപ്പെടുവാനുള്ള കാരണം വിശ്വാസത്തിലെ വിഭിന്നമായ സമീപനങ്ങളാണ്. സഭയുടെ ഐക്യത്തിനായി പ്രവർത്തിക്കേണ്ടത് യഥാർത്ഥ വിശ്വാസിയുടെ കടമയാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ലക്ഷ്യംതന്നെ സഭകളുടെ ഐക്യമായിരുന്നു (സഭൈക്യം 4). വ്യക്തിപരമായ നവീകരണത്തിലൂടെയും സഭാ ഐക്യത്തിലധിഷ്ഠിതമായ പഠനങ്ങളിലൂടെയും വിവിധ സഭാ വിഭാഗങ്ങളുമായി ഒത്തുചേർന്നുള്ള പ്രവർത്തനങ്ങളിലൂടെയും സഭകളുടെ ഐക്യം യാഥാർത്ഥ്യമാക്കുവാൻ വിശ്വാസികൾ പരിശ്രമിക്കണം.
വിശ്വാസത്തിന് എതിരായ പാപങ്ങൾ
വിശുദ്ധ ഗ്രന്ഥത്തിലൂടെയും വിശുദ്ധ പാരമ്പര്യങ്ങളിലൂടെയും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസം അഭംഗുരം കാത്തുസംരക്ഷിക്കുവാനും വിശ്വാസത്തിന് എതിരായ എല്ലാ പ്രവർത്തനങ്ങളിലും നിന്ന് ഒഴിഞ്ഞുനില്ക്കുവാനും ഒന്നാം പ്രമാണം നമ്മോട് ആവശ്യപ്പെടുന്നു. വിശ്വാസത്തിന് എതിരായി പാപത്തിന് പ്രേരിപ്പിക്കുന്ന വ്യത്യസ്തമായ കാര്യങ്ങൾ ഇവയാണ്.
1 മതത്യാഗം
മാമ്മോദീസ വഴി ലഭിച്ച സത്യവിശ്വാസം പൂർണ്ണമായും ഉപേക്ഷിക്കുന്നതാണ് മതത്യാഗം. ഇത് മാരകമായ പാപമാണ്. ഇപ്രകാരം വിശ്വാസം ഉപേക്ഷിക്കുന്നവരെ അവിശ്വസ്‌തർ എന്ന് വിശേഷിപ്പിക്കുന്നു. ഒരു അവിശ്വാസി സത്യവിശ്വാസം അന്വേഷിക്കുന്നതിൽ കുറ്റകരമായ അനാസ്ഥയും സത്യവിശ്വാസത്തെ ബോധപൂർവ്വം എതിർക്കുന്നതും അവിശ്വസ്തതയായി കണക്കാക്കപ്പെടാം.
2. പാഷണ്ഡത
വെളിപ്പെടുത്തപ്പെട്ട സത്യത്തിനെതിരായ പഠനങ്ങൾ ബോധപൂർവ്വവും സ്വന്തം താല്‌പര്യംകൊണ്ടും സ്വീകരിക്കുമ്പോൾ ഒരുവൻ പാഷണ്ഡതയിൽ അകപ്പെടുന്നു. ഇപ്രകാരം സത്യവിശ്വാസത്തിന്റെ ഒന്നോ അതിലധികമോ ഘടകങ്ങളെ ധ്വംസിക്കുന്നു. ഇത് മാരകമായ പാപമാണ്. ക്രിസ്‌തു മനുഷ്യൻ മാത്രമാണെന്ന പഠനം ഒരു പാഷണ്ഡതയാണ്.
3. ശീശ്‌മ
സഭയുടെ പരമാധികാരത്തെ-മാർപാപ്പയെ- നിഷേധിക്കുകയോ, സഭയുടെ കൂട്ടായ്മ്‌മയിൽനിന്ന് അകന്ന് പോകുകയോ ചെയ്യുന്നതാണ് ശീശ്‌മ. പാഷണ്ഡത എപ്പോഴും ശീശ്‌മ ഉൾക്കൊള്ളുന്നു. എന്നാൽ ശീശ്‌മ എപ്പോഴും പാഷണ്ഡത ഉൾക്കൊള്ളണമെന്നില്ല.
വിശ്വാസത്തിനെതിരായ ഭീഷണികൾ
"വിശ്വാസത്തിന് എതിരായി നിരന്തരമായ ഭീഷണികൾ ഓരോ കാലഘട്ടങ്ങളിലും സഭ നേരിട്ടിട്ടുണ്ട്. ആ ഭീഷണികൾ എന്തെല്ലാമാണ് പരിശോധിക്കാം.
1. അഹന്തയും ശരണരാഹിത്യവും
ദൈവത്തിന്റെ പരമാധികാരത്തിനും ഇഷ്ടത്തിനും സ്വയം സമർപ്പിക്കാനുള്ള വൈമനസ്യമാണ് വിശ്വാസം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. മനുഷ്യന്റെ ആഗ്രഹങ്ങൾക്കും ഇഷ്ട്‌ടങ്ങൾക്കും മുകളിൽ ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം നല്‌കാത്തത് ദൈവത്തിന്റെ അധികാരം അംഗീകരിക്കാത്തതാണ്. അഹങ്കാരത്തിൽ നിന്ന് ഉടലെടുക്കുന്ന അനുസരണക്കേട് പാപമാണ്. മനുഷ്യൻ ദൈവത്തിൻ്റെ പദ്ധതിക്ക് വഴങ്ങാതെ സ്വന്തം പദ്ധതിയനുസരിച്ച് ജീവിക്കുമ്പോൾ വൈരുദ്ധ്യത്തിലകപ്പെടുന്നു. ആ വിഷമതയിൽനിന്നും മോചനം ലഭിക്കുവാൻ,അവന്റെ അഹന്ത കാരണം ദൈവത്തിൽ ആശ്രയിക്കുവാൻ തയ്യാറാകുന്നില്ല.
ദൈവത്തെ പൂർണ്ണമായും ആശ്രയിക്കുവാൻ സാധിക്കാത്തതാണ് മനുഷ്യൻ്റെ ഏറ്റവും വലിയ പരാജയം. എല്ലാ പ്രതിസന്ധികളിലും ദൈവത്തെ അനുസരിക്കുകയും ദൈവത്തിൽ ശരണപ്പെടുകയുമാണ് മനുഷ്യൻ ചെയ്യേണ്ടത്. ഇതിന് വിരുദ്ധമായ പ്രവർത്തനം വിശ്വാസത്തിലുള്ള അനുസരണം ഇല്ലായ്മയാണ്. അതുപോലെ ദൈവത്തിലുള്ള ശരണമില്ലായ്മയുടെ അടിസ്ഥാനം വിശ്വാസത്തിലുള്ള കുറവ് ആയതിനാൽ അത് വിശ്വാസത്തിന് എതിരാണ്.
2. അവിശ്വാസം
സത്യവിശ്വാസത്തിന് എതിരായ പ്രവർത്തനമാണ്. അവിശ്വാസത്തിന്റെ 3 തലങ്ങളുണ്ട്.
i. നിരീശ്വരത്വം. ദൈവം ഇല്ല എന്ന് വാദിക്കുകയും ദൈവാസ്തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്നു. ഇന്ന് നിരീശ്വരത്വം പരമസത്തയായ് ദൈവത്തെ നിഷേധിക്കുക എന്നതിനേക്കാൾ ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങൾക്കെതിരായ എതിർപ്പായി മാറിയിരിക്കുന്നു.
നിരീശ്വരത്വം നൈസർഗ്ഗീകമായ കാരണങ്ങളാൽ ഉടലെടുത്തതല്ല. ചില സ്ഥലങ്ങളിൽ ക്രിസ്‌തുമതത്തോടുള്ള വിമർശനാത്മകമായ സമീപനത്തിൽനിന്നും ഉത്ഭവിച്ചതാണ്. അതുകൊണ്ട് നിരീശ്വരത്വത്തിന്റെ ഉത്ഭവത്തിൽ വിശ്വാസികൾക്കും അനല്‌പമായ പങ്കുണ്ടാകുവാൻ സാദ്ധ്യതയുണ്ടെന്ന് രണ്ടാം വത്തിക്കാൻ സുനഹദോസ് അംഗീരിക്കുന്നു (സഭ ആധുനിക ലോകത്തിൽ 19).
ii. ലൗകായകത്വം. സ്വയംപര്യാപ്‌തമായ ലോകത്തെക്കുറിച്ചുള്ള ഈ വീക്ഷണത്തിൽ ലോകത്തെ രൂപപ്പെടുത്തുന്നത് മനുഷ്യനാണ്. മനുഷ്യൻ സ്വയം പര്യാപ്ത്‌തനായതിനാൽ ദൈവത്തിൻ്റെ ആവശ്യമില്ല. ദൈവത്തിന് സ്ഥാനമില്ലാത്തിടത്ത് മതത്തിന് പ്രസക്തിയില്ലെന്നും മതം മനുഷ്യൻ്റെ ലക്ഷ്യങ്ങൾക്ക് പ്രതിബന്ധമാണെന്നും ഇവർ വാദിക്കുന്നു. എന്നാൽ ഈ ലോകം ദൈവം സൃഷ്ടിച്ചതാണെന്നും അതിൻ്റെ പുനർസൃഷ്‌ടി ദൈവസഹായത്താൽ മാത്രമേ നടത്താൻ സാധിക്കൂ എന്നും ക്രിസ്‌തുമതം പഠിപ്പിക്കുന്നു.
iii. അജ്ഞേയവാദം. ദൈവാസ്‌തിത്വം നിഷേധിക്കാതെ, ദൈവത്തിന് സ്വയം വെളിപ്പെടുത്താൻ കഴിയില്ലെന്നും നമുക്ക് ദൈവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പഠിപ്പിക്കുന്ന ചിന്താഗതിയാണ്. ദൈവാസ്തിത്വം തെളിയിക്കാനോ നിഷേധിക്കാനോ സാധിക്കില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു.
വിശ്വാസം സംരക്ഷിക്കാനുള്ള കടമ
ആധുനിക ലോകത്തിൽ വിശ്വാസത്തിനെതിരായ വെല്ലുവിളികളും പാപങ്ങളും വളരെ ശക്തമാണ്. തങ്ങളുടെ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാൻ ഓരോ വിശ്വാസിയും കടപ്പെട്ടവനാണ്. വിശ്വാസത്തിനെതിരായ വെല്ലുവിളികളെ ഒഴിവാക്കൽ വളരെ ദുഷ്ക്കരമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വിശ്വാസത്തെ അപകടപ്പെടുത്തുന്നവരിൽ നിന്ന് സ്വയം സൂക്ഷിക്കുന്നതിലൂടെ വിശ്വാസം സംരക്ഷിക്കണം. പ്രാർത്ഥനയിൽ പ്രബലപ്പെടുകയും വിശ്വസിക്കുന്നവയിൽ ആഴപ്പെടുകയും വിശ്വാസികളുടെ കൂട്ടായ്‌മയുമായി ഐക്യം വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ ധാർമ്മികതയേയും വിശ്വാസത്തേയും അപകടപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങളും സമ്പർക്ക മാദ്ധ്യമങ്ങളും തിരസ്ക്‌കരിക്കുകയും വിശ്വാസത്തെ വളർത്തുന്നവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. മറ്റു മതങ്ങളിൽപ്പെട്ടവരുമായുള്ള സമ്പർക്കത്തിലൂടെയും സൗഹ്യദത്തിലൂടെയും നമ്മുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തണം. സ്വന്തം വിശ്വാസത്തോടൊപ്പം മറ്റുള്ളവരുടെ വിശ്വാസം സംരക്ഷിക്കാനും നമ്മൾ കടപ്പെട്ടവരാണ്. വിശ്വാസത്തിനെതിരായ സംഘടനകളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അംഗങ്ങളാകുന്നത് വിശ്വാസത്തിന് അപകടകരമാണ്.
പ്രത്യാശ
ദൈവിക പുണ്യങ്ങളിൽ ഒന്നായ പ്രത്യാശയില്ലാതെ മനുഷ്യന് ജീവിക്കുവാൻ സാധിക്കില്ല. പ്രത്യാശയില്ലാതെ ജീവിക്കുന്നവൻ ദൈവത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്ന് അകന്ന് കഴിയുന്നവനാണെന്ന് വിശുദ്ധ പൗലോസ് പറയുന്നു (എഫേ 2,12). അനുദിന ജീവിതത്തിന്റെ അസ്വസ്ഥതകളെ നേരിടുവാൻ പ്രത്യാശ കൂടിയേ തീരൂ. പ്രത്യാശയുള്ളവൻ ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുകയും നേട്ടങ്ങൾ ഉണ്ടാക്കുവാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്യും.
മനുഷ്യജീവിതത്തിലെ പ്രതീക്ഷയുടെ മനഃശാസ്ത്രപരമായ വശങ്ങളെല്ലാം പ്രത്യാശയിലും അടങ്ങിയിരിക്കുന്നു. ക്രിസ്തീയമായ വീക്ഷണത്തിൽ ഭൗതിക ലക്ഷ്യസ്ഥാനത്ത് ദൈവിക കാര്യങ്ങളാണ് ഉള്ളത്. പ്രത്യാശയെ ക്രിസ്‌തീയമാക്കുന്നത് ആ ലക്ഷ്യമാറ്റമല്ല; പ്രത്യുത, ദൈവകൃപയുടെ സാന്നിദ്ധ്യമാണ്.
പ്രത്യാശ ബൈബിളിൽ
പഴയനിയമത്തിലും പുതിയനിയമത്തിലും പ്രത്യാശക്ക് വളരെയധികം പ്രാധാന്യം നല്‌കുന്നുണ്ട്.
പഴയനിയമത്തിൽ
പഴയനിയമത്തിൽ വളരെ പ്രാധാന്യം ഉണ്ടെങ്കിലും പ്രത്യാശക്ക് സമാനമായ ഒരു പദം ഹീബ്രുവിലില്ല. കവാ (kowah = പ്രതീക്ഷിക്കുക), ബത്താ (Bath = ആത്മവിശ്വാസമുണ്ടായിരിക്കുക) എന്നീ പദങ്ങളാണ് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യാശയ്ക്ക് ദൈവവുമായി അതിശക്തമായ ബന്ധമാണ് ഉള്ളത് (ജറെ 14,8,17,13). മനുഷ്യനിൽ പ്രത്യാശയർപ്പിക്കുന്നവൻ ശപിക്കപ്പെട്ടവനാണെന്നും (ജറെ 17,5), ദൈവത്തിൽ ശരണം വയ്ക്കുന്നവൻ അനുഗ്രഹസമൃദ്ധിയിൽ നിറയുമെന്നും ജറെമിയാ പ്രവാചകൻ പറയുന്നു (ജറെ 17,7). ജനതയുടെ പ്രത്യാശ ദൈവമാണെന്ന് സങ്കീർത്തകൻ പറയുന്നു (സങ്കീ 71,5).
ദൈവം ഇസ്രായേൽ ജനത്തിന് വേണ്ടി ചെയ്‌ത പ്രവർത്തികളാണ് ദൈവത്തിൽ പ്രത്യാശ അർപ്പിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നത് (ഉൽപ 15,7; 17,8; പുറ 3,9.11; 6,4; നിയ 1,8). ദൈവത്തിന്റെ ഭൂജ ബലത്തിലാണ് ഇസ്രായേൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നത് (ഏശ 51,5; സങ്കീ 28,7).
പഴയനിയമത്തിൽ പ്രത്യാശയുടെ ഏറ്റവും ഉദാത്തമായ ഉദാഹരണം അബ്രാഹമാണ്. വാഗ്‌ദാനം നല്‌കിയ ദൈവത്തെ വിശ്വസിച്ച് വ്യവസ്ഥയില്ലാതെ ആശ്രയിക്കുക എന്നതാണ് അബ്രാഹം തന്റെ ജീവിതത്തിലൂടെ പ്രത്യാശക്ക് നല്‌കുന്ന നിർവ്വചനം.
പഴയനിയമത്തിൽ പ്രത്യാശയുടെ 4 തലങ്ങൾ കാണാവുന്നതാണ്
1. പ്രഥമ വാഗ്ദാനം. ജനതകളുടെ പിതാവാക്കുമെന്ന വാഗ്ദാനവും, കനോൻദേശം അവകാശമായി നല്‌കുമെന്ന വാഗ്ദാനവും ദൈവം അബ്രാഹത്തിന് നല്‌കുന്നു.
2. വാഗ്ദാനഭൂമി നേടുന്നുവെങ്കിലും ഉടമ്പടി ലംഘിച്ച് ഇസ്രായേൽ ജനം പാപംചെയ്തപ്പോൾ ദൈവത്തിന്റെ ശിക്ഷയായി വിദേശ ആക്രമണം ഉണ്ടാവുകയും ജനം പ്രവാസത്തിലാകുകയും ചെയ്യുന്നു.
3. പ്രവാസ ജീവിതത്തിൽനിന്നു സ്വദേശത്തേക്കുള്ള തിരിച്ചുവരവ്.
4. രക്ഷകൻ്റെ വരവിനെക്കുറിച്ചുള്ള പ്രത്യാശ.
ദൈവം അബ്രാഹത്തെ വിളിച്ചത് മുതൽ രക്ഷകൻ്റെ വരവിനെക്കുറിച്ചുള്ള പ്രതീക്ഷ ഇസ്രായേൽ ജനതയിൽ പടിപടിയായി വളർന്ന് വരുന്നത് കാണുവാൻ സാധിക്കും. ഇസ്രായേൽ ജനത്തിൻ്റെ പ്രത്യാശയുടെ അടിസ്ഥാനം സീനായ് ഉടമ്പടിയാണ്. ഉടമ്പടി ജീവിതം മറന്നുകൊണ്ട് ഇസ്രായേൽ ജനത മുന്നോട്ട് പോയപ്പോൾ പ്രവാചകൻമാർ വിമർശനവുമായി രംഗത്ത് വന്നു. ഇസ്രായേലിൻ്റെ ദുരിത ദിനങ്ങളിൽ ദൈവമൊഴികെ ആരും 'പ്രത്യാശയുടെ പടിവാതിൽ' തുറക്കുകയില്ലെന്ന് ഹോസിയായും (2,17) ദൈവത്തിന് മാത്രമേ പ്രത്യാശയും ശുഭമായ ഭാവിയും നല്‌കാനാവൂ എന്ന് ജറെമിയായും വ്യക്തമാക്കുന്നു (29,11; 31,17).
മനുഷ്യ ഹൃദയങ്ങളിൽ ആലേഖനം ചെയ്യപ്പെടുന്ന പുതിയ ഉടമ്പടിയിലുള്ള പ്രത്യാശയെക്കുറിച്ച് ജറെമിയായും (31,31; 32,28), ഇസ്രായേലുമായുള്ള ദൈവത്തിൻ്റെ പുതിയ ഉടമ്പടിയെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ എസെക്കിയേലും പ്രത്യാശ അവതരിപ്പിക്കുന്നു (16,59). ആന്തരീക നവീകരണത്തിനും മാംസളമായ ഹൃദയരൂപീകരണത്തിനും (എസെ 36,25) ഉടമ്പടിയിൽ അധിഷ്ഠിത പുനരുത്ഥാനത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നിടത്തും (ഏശ 55,3) പ്രവാചകൻമാർ പ്രത്യാശ അവതരിപ്പിക്കുന്നു.
പുതിയനിയമത്തിൽ
വിശുദ്ധ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്ന പ്രത്യാശയുടെ ഉദാത്തമായ പൂർത്തീകരണമാണ് പുതിയ നിയമത്തിൽ കണ്ടെത്തുക. യോഹന്നാന്റെ ലേഖനത്തിൽ പ്രത്യാശ എന്താണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. നാം ദൈവത്തെ അവിടുന്ന് ആയിരിക്കുന്നതുപോലെ കണ്ട് അവിടുത്തെപ്പോലെ ആയിത്തീരുന്നു. ഈ പ്രത്യാശയുള്ളവർ ദൈവം പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ പരിശുദ്ധരാക്കുന്നു (1 യോഹ 3,3).
വിശുദ്ധ പൗലോസിൻ്റെ ലേഖനങ്ങളിൽ പ്രത്യാശയുടെ സൂരഭിലമായ ഭാവങ്ങൾ കണ്ടെത്തുവാൻ കഴിയും. അനേകം ജനതകളുടെ പിതാവായി ഉയർത്തപ്പെട്ട അബ്രാഹത്തെ പ്രത്യാശ സ്വീകരിച്ച വ്യക്തിയായി അവതരിപ്പിക്കുന്നു. പ്രതീക്ഷക്ക് സാധ്യത ഇല്ലാതിരുന്നിട്ടും പ്രത്യാശയോടെ അബ്രാഹം വിശ്വസിച്ചു (റോമാ 4, 18). ക്രൈസ്‌തവരുടെ പ്രത്യേകത പ്രത്യാശയിൽ സന്തോഷിക്കുകയും (റോമാ 12,12,) പ്രത്യാശയിലൂടെ രക്ഷ പ്രാപിക്കുകയും (റോമാ 8,24), ചെയ്യുന്നുവെന്നതാണ്. കഷ്ടതയിലും സഹനത്തിലുമാണ് പ്രത്യാശ വളർന്ന് പന്തലിക്കുന്നത്. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല (റോമാ 4,5). ദൈവത്തെ പ്രത്യാശയുടെ ദൈവം എന്ന് വിളിക്കുന്ന വിശുദ്ധ പൗലോസ് പരിശുദ്ധാത്മാവിൻ്റെ ശക്തിയാലാണ് പ്രത്യാശയിൽ ശക്തി പ്രാപിക്കുന്നതെന്നും വ്യക്തമാക്കുന്നു (റോമാ 15,13). ദൈവത്തിലുള്ള പ്രത്യാശയെക്കുറിച്ചും (1 തിമോ 4,10; 5,5; 6,17; 1 പത്രോ 1,21), ക്രിസ്‌തുവിലുള്ള പ്രത്യാശയെക്കുറിച്ചും (1 കോറി 15, 19; കൊളോ 1,27), പുതിയനിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രത്യാശ സുരക്ഷിതത്വമുള്ള ഒരു നങ്കൂരമാണ് (ഹെബ്രാ 6,18). അത് യാഥാർത്ഥ്യമാകുന്നത് വിശ്വാസത്തിലാണ് (ഹെബ്രാ 11,1).
പ്രത്യാശയുടെ യാഥാർത്ഥ്യം ദൈവരാജ്യത്തിന്റെ സ്ഥാപനത്തിലല്ല മറിച്ച് യുഗാന്ത്യത്തിലുള്ള പൂർത്തീകരണത്തിലാണ്. യേശുവിൻ്റെ വരവോടെ സ്ഥാപിതമായ ദൈവരാജ്യം യഹൂദർ പ്രതീക്ഷിച്ചതുപോലെ റോമൻ അടിമത്തത്തിൽ നിന്നുള്ള രാഷ്ട്രീയ മോചനമായിരുന്നില്ല. പാപത്തിൻ്റെ അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യേശു നല്കിയത്. തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനിൽ പങ്കുചേരാൻ യേശു കഴിവ് നല്‌കി (യോഹ 1,12). തിന്മയ്ക്ക് എതിരെ ക്രിസ്തു നേടിയ വിജയം പ്രത്യാശയുടെ വിഷയമായി പുതിയനിയമം അവതരിപ്പിക്കുന്നു. പുതിയനിയമത്തിന്റെ വെളിച്ചത്തിൽ പ്രത്യാശയുടെ പൂർത്തീകരണം യേശുക്രിസ്‌തുവിൻ്റെ രണ്ടാം വരവോടെ യുഗാന്ത്യത്തിൽ സംഭവിക്കും. നാം പ്രത്യാശിച്ചത് അപ്പോൾ സഫലമാകും.
പ്രത്യാശയുടെ നിർവ്വചനം
നിത്യരക്ഷയും പരിപൂർണ്ണതയും പ്രാപിക്കുന്നതിൽ നേരിടുന്ന പ്രതിബന്ധങ്ങളിൽനിന്ന് വിശ്വാസിയെ ശക്തിപ്പെടുത്തുന്ന അതിസ്വാഭാവിക പുണ്യമാണ് പ്രത്യാശ. പ്രത്യാശയുടെ ലക്ഷ്യം നിത്യരക്ഷയും പരിപൂർണ്ണതയുമാണ്. ആധുനിക ദൈവശാസ്ത്രം പ്രത്യാശയുടെ ലക്ഷ്യമായി ക്രിസ്തുവിൽ എല്ലാം നവീകരിക്കുക, സമഗ്ര വിമോചനം നേടുക തുടങ്ങിയവയും നിർദ്ദേശിക്കുന്നു.
ദൈവാനുഗ്രഹത്തിനും ദൈവദർശനത്തിനും വേണ്ടി വിശ്വാസത്തോടെ കാത്തിരിക്കുന്നതാണ് പ്രത്യാശയെന്നും ദൈവസ്നേഹത്തെ എതിർക്കുന്നതിലൂടെ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള ഭയവും അതിൽ അടങ്ങിയിരിക്കുന്നെന്നും സാർവ്വത്രിക സഭയുടെമതബോധനഗ്രന്ഥം വ്യക്തമാക്കുന്നു (C.C.C.2090).
പ്രത്യാശയുടെ വിഷയം
ദൈവത്തിലെത്തിച്ചേരുന്നതിലടങ്ങിയിരിക്കുന്ന ആനന്ദമാണ് പ്രത്യാശയുടെ അടിസ്ഥാന പ്രചോദനം. ഈ ആനന്ദം നേടിതന്ന ക്രിസ്തുവാണ് പ്രത്യാശയുടെ അച്ചാരം. പാപമോചനവും, പ്രലോഭനങ്ങളെ നേരിടാനും നന്മ പ്രവർത്തികൾ ചെയ്യാനുമുള്ള വരപ്രസാദവും, നിത്യാനന്ദം പ്രാപിക്കാനുള്ള മാർഗ്ഗങ്ങളിൽപ്പെടുന്നു. അപരിമേയ നന്മയായ ദൈവത്തിൽ നിന്നുമാണ് പ്രത്യാശയുടെ ഉത്ഭവം. അതിനാൽ വരപ്രസാദം പ്രത്യാശയുടെ അടിസ്ഥാനമാണ്. ഓരോ വിശ്വാസിയും വ്യക്തിപരമായും, സഭ മുഴുവനും സമൂഹമായും, നിത്യാനന്ദവും അത് നേടിയെടുക്കാനുള്ള മാർഗ്ഗങ്ങളും പ്രത്യാശിക്കണം. ഈ സ്രഷ്ടപ്രപഞ്ചം മുഴുവൻ പൂർണ്ണമായും ക്രിസ്തുവിൽ പുനഃസൃഷ്ടിക്കപ്പെടുമ്പോൾ മാത്രമേ സഭ സ്വർഗ്ഗീയ മഹത്ത്വത്തിന്റെ പൂർണ്ണതയിൽ എത്തിച്ചേരുകയുള്ളു (തിരുസ്സഭ 48).
ദൈവഭയം
പ്രത്യാശയോളം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ദൈവഭയം. പരിശുദ്ധാത്മാവിൻ്റെ സഹായത്താലും വിശുദ്ധീകരണ വരപ്രസാദത്താലും ദൈവത്തിൻ്റെ രാജത്വത്തിന് ബഹുമാനാദരവുകളെപ്പിക്കാൻ ദൈവത്താൽ മനുഷ്യനിൽ നിവേശിതമായ കഴിവാണ്. തെറ്റുകൾക്ക് ശിക്ഷ ലഭിക്കുമെന്ന ഭയം പാപത്തിൽനിന്ന് അകലാൻ മനുഷ്യന് പ്രേരണ നല്‌കുന്നു. അതോടൊപ്പം ദൈവത്തോടുള്ള ബഹുമാനാദരവുകൾ മനുഷ്യനെ നന്മയുടെ പാതയിൽ ചരിക്കാൻ സഹായിക്കുന്നു. പാപംമൂലം ദൈവത്തെ ദ്രോഹിച്ചു നിത്യരക്ഷ നഷ്ടപ്പെടുത്തുന്നതിനെതിരെ ഒരു വ്യക്തിയെ ജാഗരൂകനാക്കുകയും പുണ്യ പ്രവർത്തികളാൽ ദൈവത്തിന് ബഹുമാനാദരവുകൾ അർപ്പിക്കുവാൻ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ ദാനമാണ് ദൈവഭയം.
പ്രത്യാശയുടെ ഫലങ്ങൾ
1. സഹനശക്തി
ക്രിസ്തീയതയ്ക്ക് എതിരായ വെല്ലുവിളികളെ സധൈര്യം നേരിടാനുള്ള ശക്തി പ്രത്യാശ നല്കുന്നു. "ജീവിതം എനിക്ക് ക്രിസ്തുവും മരണം നേട്ടവു"മാണെന്ന വിശുദ്ധ പൗലോസിൻ്റെ വാക്കുകൾ അദ്ദേഹത്തിന് ദൈവത്തിലുള്ള പ്രത്യാശ വ്യക്തമാക്കുന്നു (ഫിലി 1,21).
2. ഭാവിയിലേക്കുള്ള തുറവി
ഭാവിയിലേക്ക് ഒരു തുറന്ന മനോഭാവം രൂപപ്പെടുത്തുവാൻ പ്രത്യാശ സഹായിക്കുന്നു. ദൈവത്തിൻ്റെ വാഗ്ദാനം സ്വീകരിച്ച് സർവ്വതും ഉപേക്ഷിക്കാൻ അബ്രാഹം തയ്യാറായത് പ്രത്യാശമൂലമാണ്. ഈ മനോഭാവം മനുഷ്യനെ ദൈവാശ്രയത്വമുള്ളവനാക്കുന്നു.
3 പ്രവർത്തനോന്മുഖത
പ്രത്യാശയുള്ളവൻ നിഷ്ക്രിയനായിരിക്കുകയില്ല. നിത്യാനന്ദത്തിനായി കാത്തിരിക്കുകയും അതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. പ്രത്യാശയുള്ളവൻ അലസനായിരിക്കാതെ പുണ്യപ്രവർത്തനങ്ങളിൽ നിരന്തരം വ്യാപൃതനായിരിക്കും.
ക്രിസ്‌തീയ സഹനം
ആദിമ മാതാപിതാക്കളുടെ അനുസരണക്കേടിന്റെ ഫലമായി മനുഷ്യവർഗ്ഗത്തിന് പറുദീസ നഷ്ടമായി. ആയുഷ്ക്കാലം മുഴുവൻ കഠിനാദ്ധ്വാനം ചെയ്തു ജീവിക്കുകയും നെറ്റിയിലെ വിയർപ്പ്കൊണ്ട് ഭക്ഷണം സമ്പാദിക്കുകയും ചെയ്യേണ്ടിവന്നു (ഉൽപ 3,14-19). ജീവിതത്തിൽ തിന്മകൾ സംഭവിക്കുന്നത് പാപങ്ങളുടെ ഫലമായിട്ടാണെന്ന് യഹൂദർ വിശ്വസിച്ചിരുന്നു.
യേശു സഹനങ്ങൾക്ക് പുതിയൊരു മാനം നൽകി. അന്ധനായ യുവാവിനെ സുഖപ്പെടുത്തിക്കൊണ്ട് യേശു പറഞ്ഞത് "ദൈവത്തിന്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്" (യോഹ 9,3). മനുഷ്യജീവിതത്തിലുണ്ടാകുന്ന സഹനങ്ങൾ ദൈവത്തിന്റെ ഇടപെടലിനും മഹത്ത്വത്തിനും വേണ്ടിയാണെന്ന് യേശു വ്യക്തമാക്കുന്നു. സഹനം പാപത്തിനുള്ള ശിക്ഷയല്ല പാപത്തിൽനിന്നു നമ്മെ ശുദ്ധീകരിക്കുന്നതിനുള്ള മാർഗ്ഗമാണ്. വിശുദ്ധ പത്രോസ് സഹനത്തെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. "ശരീരത്തിൽ പീഡനമേറ്റ ക്രിസ്തുവിൻ്റെ മനോഭാവം നിങ്ങൾക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാൽ, ശരീരത്തിൽ സഹിച്ചിട്ടുള്ളവൻ പാപത്തോട് വിടവാങ്ങിയിരിക്കുന്നു” (1 പത്രോ 4,1). ക്രിസ്‌തുവിൻ്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ (1 പത്രോ 4,13). സഹനം രക്ഷാകരമാണ്. മനുഷ്യകുലത്തെ രക്ഷിക്കുവാൻ ദൈവപുത്രൻ തെരഞ്ഞെടുത്തത് സഹനത്തിൻ്റെ മാർഗ്ഗമാണ്. കുരിശിൽ കിടന്ന് അവിടുന്ന് പ്രാർത്ഥിച്ചു. “പിതാവേ, അവരോട് ക്ഷമിക്കണമേ, എന്തെന്നാൽ അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കാ 23,34). തന്നെ പീഡിപ്പിച്ചവരോട് ക്ഷമിച്ചും അവർക്കുവേണ്ടി പ്രാർത്ഥിച്ചും യേശു സഹനം രക്ഷാകരമാക്കി. സഹനം സന്തോഷപൂർവ്വം സ്വീകരിക്കുന്നില്ലെങ്കിൽ രക്ഷാകരമാകുന്നില്ല. സഹനവും പീഡനങ്ങളും അനുഭവിക്കേണ്ടിവരുമ്പോൾ അതിന് കാരണമായവരോടുള്ള സമീപനം വളരെ പ്രധാനപ്പെട്ടതാണ്. അവരെ ശപിച്ചും നിന്ദിച്ചും സഹിക്കുമ്പോൾ സഹനത്തിൻ്റെ രക്ഷാകര മൂല്യം നഷ്‌ടപ്പെടുന്നു. യേശുവിൻ്റെ മാതൃക സ്വീകരിച്ചു അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ സഹനത്തിലൂടെ നമ്മളും നമ്മളെ പീഡിപ്പിച്ചവരും വിശുദ്ധീകരിക്കപ്പെടുന്നു.
സഹനങ്ങൾ മാനസാന്തരത്തിലേക്ക് നയിക്കുകയും ദൈവാശ്രയബോധം വളർത്തുകയും ചെയ്യുന്നു. ധൂർത്ത പുത്രന്റെ ഉപമ ഈ സത്യം വ്യക്തമാക്കുന്നു (ലൂക്കാ 15,11-32). സഹനം ഉപരി നന്മ ലക്ഷ്യം വയ്ക്കുന്നതാണ്. മുന്തിരിച്ചെടി കൂടുതൽ ഫലം ലഭിക്കുന്നതിനായി വെട്ടി ഒരുക്കപ്പെടുന്നതുപോലെ (യോഹ 15,1-2), ഗോതമ്പു നിലത്തുവീണ് അഴിയുന്നതുപോലെ (യോഹ 12,24), സഹനത്തിലൂടെ വെട്ടിയൊരുക്കപ്പെട്ടും അഴിയപ്പെട്ടും കൂടുതൽ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകുന്നു.
നമ്മുടെ സഹനങ്ങളെ യേശുവിന്റെ സഹനങ്ങളോടു ചേർക്കുമ്പോൾ അതു സഭ മുഴുവൻ്റെയും വിശുദ്ധീകരണത്തിന് കാരണമാകുന്നു. “നിങ്ങളെ പ്രതിയുള്ള പീഡകളിൽ ഞാൻ സന്തോഷിക്കുന്നു. സഭയാകുന്ന തൻ്റെ ശരീരത്തെ പ്രതി ക്രിസ്‌തു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എൻ്റെ ശരീരത്തിൽ ഞാൻ നികത്തുന്നു (കൊളോ 1,24). വിശുദ്ധ പൗലോസ് വ്യക്തമാക്കുന്നതുപോലെ ഓരോ വ്യക്തിയുടെയും സഹനത്തിലൂടെ സ്വന്തം രക്ഷയും മറ്റുള്ളവരുടെ രക്ഷയും നേടിയെടുക്കുവാൻ സാധിക്കും. ആദിമ സഭയിലെ രക്തസാക്ഷികളുടെ ചരിത്രവും ഇതുതന്നെയാണ് പഠിപ്പിക്കുന്നത്. “അഗ്നി പരീക്ഷകളുണ്ടാകുമ്പോൾ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്‌തുവിൻ്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ (1 പത്രോ 4,12-13). ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല, അവനുവേണ്ടി സഹിക്കാൻ കൂടിയുള്ള അനുഗ്രഹം അവനെ പ്രതി നിങ്ങൾക്കു ലഭിച്ചിരിക്കുന്നു (ഫിലി 1,29) എന്ന വാക്കുകൾ ശ്രദ്ധേയമാണ്.
പ്രത്യാശയ്ക്കെതിരായ പാപങ്ങൾ
മനുഷ്യജീവിതത്തെ വളരെ ഗുരുതരമായി ബാധിക്കുന്നവയാണ് പ്രത്യാശക്ക് എതിരായ പാപങ്ങൾ. മനുഷ്യജീവിതത്തിലുള്ള ദൈവത്തിന്റെ സജീവ സാന്നിദ്ധ്യമാണ് ഈ പാപങ്ങൾ വഴി മനുഷ്യന് നഷ്ടപ്പെടുന്നത്. അതുകൊണ്ട് പ്രത്യാശക്ക് എതിരായ പാപങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കേണ്ടതുണ്ട്.
അന്ധമായി ദൈവസഹായവും നന്മകളും പ്രതീക്ഷിക്കുന്നതാണ്. ഇത് ദൈവഭയത്തിനെതിരും ഗൗരവമായ പാപവുമാണ്. മിഥ്യാബോധം നാലുതരത്തിൽ ഉണ്ടാകാം.
a. മനുഷ്യപ്രയത്നത്തിലൂടെ നിത്യരക്ഷ നേടാമെന്ന വിശ്വാസം.
b. തന്റെ രക്ഷക്ക് ക്രിസ്തുവിന്റെ യോഗ്യതകൾ മാത്രം മതിയെന്ന വിശ്വാസം.
c. പാപകരമായ പ്രവർത്തനത്തിന് ദൈവസഹായം ലഭിക്കുമെന്ന പ്രതീക്ഷ. ഇത് ദൈവദൂഷണപരമാണ്.
d. ദൈവത്തെ പരീക്ഷിക്കൽ. മനുഷ്യപ്രയത്നത്തിന് പകരം ദൈവസഹായം പ്രതീക്ഷിക്കുക. രോഗമുള്ളപ്പോൾ ദൈവം സുഖപ്പെടുത്തുമെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത്.
ദൈവത്തിൻ്റെ കരുണയിലോ നന്മയിലോ വിശ്വാസമില്ലാത്തതിനാലോ, തന്റെ പ്രവൃത്തികൾ മൂലമോ, ദൈവസഹായവും നിത്യരക്ഷയും ലഭിക്കുകയില്ലെന്നുള്ള ധാരണയാണ് നിരാശ. നിരാശയിൽ അകപ്പെടുന്ന വ്യക്തി ആദ്ധ്യാത്മിക നന്മകളിൽ തികച്ചും ഉത്സാഹരഹിതനും ദൈവാശ്രയത്വം ഇല്ലാത്തവനും ആയിത്തീരുന്നു.
പാപാവസ്ഥ, മനഃസാക്ഷിയുടെ പീഡനം, സദ് ഉദ്യമങ്ങളിലുണ്ടാകുന്ന തുടർച്ചയായ പരാജയങ്ങൾ, നിർഭാഗ്യകരങ്ങളായ സംഭവങ്ങൾ, നാശനഷ്ടങ്ങൾ, സാമ്പത്തിക തകർച്ചകൾ, സ്വന്തം വ്യക്തിത്വത്തോട് തോന്നുന്ന വെറുപ്പ്, ജീവിതത്തിൽ ലക്ഷ്യബോധമില്ലാതാകുക തുടങ്ങിയ നിരവധി കാര്യങ്ങൾ നിരാശയ്ക്ക് കാരണമാകാം. ഇവ ദൈവകാരുണ്യത്തോടും നിത്യരക്ഷയോടുമുള്ള അവഹേളനമാകയാൽ നിരാശ പാപമാണ്.
3. വിധിക്ക് കീഴടങ്ങൽ
നീതിപൂർവ്വമല്ലാത്ത അവസ്ഥകൾക്ക് നിഷ്ക്രിയമായി കീഴടങ്ങുകയോ, ദുരവസ്ഥ ഇല്ലാതാക്കാൻ ദൈവസഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്. പ്രത്യാശ പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ദുർബ്ബലമായ വിശ്വാസമാണ് ഇവർക്ക് ഉണ്ടാകുക. ലക്ഷ്യപ്രാപ്‌തിക്കായി പരിശ്രമം നടത്താതെ ഇച്ഛാഭംഗംമൂലമോ ഭീരുത്വം മൂലമോ അമിതശ്രദ്ധ മൂലമോ ഇവരുടെ ജീവിതത്തിൽ കീഴടങ്ങൽ സംഭവിക്കാം. നിരാശയും അലസതയും നാശത്തിൻ്റെ ആരംഭമാണെന്ന് മനസ്സിലാക്കി, പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് സ്വന്തം ബലഹീനതകൾ അറിഞ്ഞു ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുമ്പോൾ ജീവിതം വിജയപൂർണ്ണമാകും.
സ്നേഹം
ക്രൈസ്തവ ജീവിതത്തിന്റെയും ധാർമ്മികതയുടെയും ദൈവശാസ്ത്രത്തിന്റെയും ആണിക്കല്ലാണ് സ്നേഹം. ദൈവിക പുണ്യങ്ങളിൽ ഒന്നാണ് സ്നേഹം. ആധുനിക സമൂഹം വളരെ വികലമായി ഉപയോഗിക്കുന്ന ഒരു വാക്കാണിത്. എല്ലാ പുണ്യങ്ങളിലും വച്ച് ഏറ്റവും മഹത്ത്വരമെന്ന് വിശുദ്ധ പൗലോസ് വിശേഷിപ്പിച്ച 'സ്നേഹം' വെറും ഭംഗിവാക്കായി മാറിക്കഴിഞ്ഞു. സ്നേഹത്തിനു ഉപവി എന്നു മുൻകാലങ്ങളിൽ പറഞ്ഞിരുന്നു.
ദൈവത്തിന്റെ വരപ്രസാദമായ ഉപവി വഴി ദൈവവുമായി സൗഹാർദ്ദം തേടുകയും ഐക്യപ്പെടുകയും ചെയ്യുന്നു. ഉപവി പ്രവൃത്തിയാകുമ്പോൾ ദൈവിക ഭാവത്തിൽ പങ്കുചേരുകയും, തനിക്ക് വേണ്ടി ദൈവത്തെയും, ദൈവത്തിനായി തന്നെപ്പോലെ തന്നെ അയൽക്കാരനെയും സ്നേഹിക്കുകയും ചെയ്യുന്നു. ഉപവി എന്നാൽ സ്നേഹമാണെങ്കിലും എല്ലാ സ്നേഹവും ഉപവി ആകണമെന്നില്ല. വ്യക്തിപരമായി നേട്ടം ലഭിക്കുന്നതിനായിയുള്ള താത്പര്യം സ്നേഹം അല്ല, മറിച്ച് മറ്റുള്ളവരുടെ നന്മ കണ്ട് സ്നേഹിക്കുന്നതാണ് ദൈവികമായ സ്നേഹം അഥവാ ഉപവി.
സ്നേഹം പഴയനിയമത്തിൽ
സ്നേഹത്തിന് പഴയനിയമത്തിൽ ഹെസദ്, ആഹബ്, സോസ്, റയാ, യാദിദ്, ഹസക്ക് തുടങ്ങിയ ഹീബ്രു പദങ്ങൾ ഉപയോഗിച്ചിരുന്നു. സ്നേഹത്തിൻ്റെ വ്യത്യസ്‌ത ഭാവങ്ങൾ പ്രകടിപ്പിക്കുന്നവയായിരുന്നു ഈ പദങ്ങൾ. ഇസ്രായേൽ ദൈവത്തിന്റെ വാത്സല്യഭാജനമാണെന്ന് സൂചിപ്പിക്കുവാൻ 'യാദിദ്' എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. ദൈവം ഇസ്രായേലിനെ എപ്പോഴും സംരക്ഷിക്കുമെന്നും (നിയ 33,12), അടിമത്തത്തിൽ കഴിയുന്ന ഇസ്രായേൽ ജനത്തെ മോചിപ്പിക്കുവാൻ വേണ്ടി ദൈവം കടന്നുവരുമെന്നും സൂചിപ്പിക്കുവാൻ പ്രാർത്ഥിക്കുന്ന സങ്കീർത്തനങ്ങൾ ഈ ബന്ധത്തെയാണ് വ്യക്തമാക്കുന്നത്. അതിനായി ഈ പദമാണ് പ്രസ്‌തുത ബന്ധത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് (സങ്കീ 60,5;108,6). ദൈവത്തിന് ഇസ്രായേലിനോടുള്ള സ്നേഹത്തിൻ്റെ ആഴം വ്യക്തമാക്കുവാൻ 'ഹസക്ക്' എന്ന പദവും ഉപയോഗിക്കുന്നു (നിയ 7,7;10,15). രണ്ട് വ്യക്തികൾ തമ്മിലുള്ള സ്നേഹവും (ഉൽപ 29, 18;1 സാമു 1,5; 12,20; റൂത്ത് 4, 15) ദൈവത്തോടുള്ള മനുഷ്യൻ്റെ സ്നേഹവും (നിയ 6,4-5;10,12; 11,1;30,16) ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹവും (2 സാമു 12, 24; സങ്കീ 35,5;37,28) വ്യക്തമാക്കാൻ 'ആഹബ്' എന്ന പദം നല്‌കുന്നു. രണ്ട് വ്യക്തികളുമായുള്ള കാരുണ്യമാർന്ന സ്നേഹത്തെ വ്യക്തമാക്കാനാണ് 'ഹെസദ്' എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.
പഴയനിയമ ഗ്രന്ഥങ്ങളിൽ അവതരിപ്പിക്കുന്ന ഇസ്രായേൽക്കാരുടെ ദൈവസ്നേഹം ഉടമ്പടിയിൽ അടിസ്ഥാനമാക്കിയിരിക്കുന്ന ദൈവ മനുഷ്യബന്ധത്തിൻ്റെ ബഹിർസ്‌ഫുരണമാണ്. ശത്രുവിൻ്റെ കരങ്ങളിൽ നിന്ന് രക്ഷിച്ചു വാഗ്‌ദാനഭൂമി നേടിക്കൊടുത്ത ദൈവത്തോടുള്ള ഉടമ്പടി ലംഘിക്കുന്നവർ ഈ സ്നേഹബന്ധത്തിൽ നിന്ന് പുറത്താകുമെന്ന് അവർ കരുതി. ദൈവം ഇസ്രായേൽ ജനതയെ സ്നേഹിച്ചത് പിതാവ് മക്കളെ സ്നേഹിക്കുന്നത് പോലെയും (ഹോസി 11,1-4; ജറെ 3,19.31; 9,20-22), ഭർത്താവ് ഭാര്യയെ എന്ന പോലെയുമാണ് (ജറെ 2,2). പെറ്റമ്മ മറന്നാലും മറക്കാത്ത ദൈവത്തിന്റെ സ്നേഹത്തിന് (ഏശ 49,15,66,13) സമാനതകളില്ല. തന്റെ ജനത്തേയും വിശുദ്ധ നഗരത്തേയും അന്വേഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ ഒരു പരിധിയും ഇല്ലാതെ സ്നേഹിക്കുന്ന ദൈവത്തിന്റെ ചിത്രമാണ് പഴയനിയമം അവതരിപ്പിക്കുന്നത്.
സ്നേഹം പുതിയനിയമത്തിൽ
സ്നേഹത്തിന് അഗാപെ എന്ന ഗ്രീക്ക് പദമാണ് പൊതുവായി പുതിയനിയമത്തിൽ ഉപയോഗിച്ചിരുന്നത്. ദൈവ-മനുഷ്യസ്നേഹത്തെ സൂചിപ്പിക്കുവാനാണ് പ്രധാനമായും ഈ വാക്ക് ഉപയോഗിക്കുന്നത്. നമ്മുടെ ദ്രോഹങ്ങൾ പരിഗണിക്കാതെ, ദൈവത്തിന് നമ്മോടുള്ള അനന്തമായ സ്നേഹത്തെയാണ് വ്യക്തമാക്കുന്നത്. ക്രൈസ്‌തവ ധാർമ്മികതയുടെ, ക്രൈസ്‌തവ വിശ്വാസത്തിന്റെ കേന്ദ്ര ശിലയാണ് സ്നേഹം.
സ്നേഹം സുവിശേഷങ്ങളിൽ
ദൈവ കൽപനകളുടെ ചുരുക്കമായി യേശു ദൈവസ്നേഹത്തെയും സഹോദരസ്നേഹത്തെയും അവതരിപ്പിക്കുന്നു (മത്താ 22,37-40; മർക്കോ 12,29-31; ലൂക്കാ 10,26-28). ശത്രുക്കളോടുള്ള സ്നേഹത്തിന് യേശു വലിയ പ്രാധാന്യം നല്‌കുന്നു (ലൂക്കാ 6,27.35; മത്താ 5,44). ശത്രു സ്നേഹത്തിൻ്റെ അടിസ്ഥാനം ദൈവത്തിന്റെ കരുണയും ക്ഷമയുമാണ് (പ്രഭാ 18,8-14). ദൈവം എല്ലാവർക്കും സംരക്ഷണം നല്കുന്നു.
പ്രഥമവും പ്രധാനവുമായ ദൈവകല്‌പന ദൈവത്തെ സ്നേഹിക്കുകയാണെന്നും, കല്‌പനയുടെ രണ്ടാമത്തെ ഭാഗമായി, അയൽക്കാരനെ സ്നേഹിക്കുകയാണെന്നും യേശു പഠിപ്പിക്കുന്നു. ദൈവത്തോടുള്ള വിധേയത്വവും ആരാധനയും ബുദ്ധിമുട്ടുകളിൽ പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള കടമയുമാണ് യേശു എടുത്ത് കാണിക്കുന്നത്. സ്നേഹരാഹിത്യമാണ് ഏറ്റവും വലിയ പാപം. നന്മ ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്നതും, കഷ്‌ടത സഹിക്കുന്നവനിൽ നിന്ന് മുഖം തിരിക്കുന്നതും സ്നേഹരാഹിത്വത്തിന്റെ വിഭിന്ന മുഖങ്ങളാണ്. പിതൃപുത്രബന്ധം സ്നേഹത്തിൻ്റെ ഏറ്റവും വലിയ സവിശേഷതയാണ്. ആ സ്നേഹമാണ് നമ്മുടെ തെറ്റുകൾ ക്ഷമിക്കുന്നതും (ലൂക്കാ 15) നമ്മെ സംരക്ഷിക്കുന്നതും (മത്താ 5,44-48; 6, 25-32; ലൂക്കാ 12, 28-30).
യേശുവിന്റെ മനുഷ്യാവതാര രഹസ്യം തന്നെ ആ സ്നേഹത്തിന്റെ പാരമ്യം വ്യക്തമാക്കുന്നതാണ്. ഈ സ്നേഹം സൃഷ്ടപ്രപഞ്ചത്തെ മുഴുവൻ രക്ഷിക്കുന്നതുമാണ് (യോഹ 3,16). ലോകരക്ഷകനായ യേശുക്രിസ്തുവിന് ഉണ്ടായിരുന്ന സ്നേഹത്തെ പല പ്രതീകങ്ങളിലൂടെയും വ്യക്തമാക്കുന്നുണ്ട്. നല്ല ഇടയന്റെ ഉപമ തന്നെ നല്ല ഉദാഹരണമാണ് (യോഹ 10,1-18). ദൈവം സ്നേഹം തന്നെയാണെന്ന് വിശുദ്ധ യോഹന്നാൻ വ്യക്തമാക്കുന്നു (1 യോഹ 4,16). യേശു തന്റെ ശിഷ്യൻമാരെ സഹോദരർ എന്നും (യോഹ 20,17) സ്നേഹിതർ എന്നും (യോഹ 14,15) വിളിക്കുന്നു. ദൈവസ്നേഹത്തെക്കുറിച്ച് ഉന്നതമായ ദർശനങ്ങളാണ് വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നത്. ദൈവിക പ്രവർത്തനങ്ങളുടെയെല്ലാം ആന്തരിക പ്രചോദനം സ്നേഹമാണ് (യോഹ 3,16: 16,27; 17,23). യേശു നല്കുന്ന പുതിയ ഉടമ്പടിയുടെയും അന്തഃസത്ത സ്നേഹമാണ് (യോഹ 13). ദൈവം ലോകത്തെ സ്നേഹിച്ചു (1 യോഹ 3,16; 2, 2; 4,14). സ്നേഹം പ്രവൃത്തി ആവശ്യപ്പെടുന്നതാണ് കല്പനകളുടെ അനുസരണവും ജീവന്റെ സമർപ്പണവും (യോഹ 15,10). സഹോദരങ്ങളെ സഹായിക്കുന്നതും വസ്തുക്കൾ പങ്ക് വയ്ക്കുന്നതും (1 യോഹ 3,17) സ്നേഹത്തിൻ്റെ സുപ്രധാന ഘടകങ്ങളാണ്.
സ്നേഹം ക്രിസ്‌തുവിൻ്റെ നിയമമായിട്ടാണ് വിശുദ്ധ പൗലോസ് അവതരിപ്പിക്കുന്നത് (ഗലാ 5,14; 6,2). പരിച്ഛേദനമല്ല സ്നേഹത്തിലൂടെയുള്ള പ്രവർത്തനനിരതമായ വിശ്വാസമാണ് ക്രിസ്ത്യാനിക്ക് അവശ്യം ഉണ്ടാകേണ്ടത് (ഗലാ 5,6). സ്നേഹത്തിന്റെ അഭാവത്തിൽ എല്ലാം ഫലരഹിതമാണ് (1 കോറി 13, 1-3). സ്നേഹം അയൽക്കാരനെതിരെ തിന്മ ചെയ്യുന്നില്ല (റോമാ 12, 9-10; 1 കോറി 13, 4-8; ഗലാ 5,22).
ദൈവസ്നേഹത്തിൻ്റെ പൂർണ്ണത യേശുവിൻ്റെ കുരിശുമരണത്തിലാണ് അടങ്ങിയിരിക്കുന്നത്. ആ സ്നേഹബലിയിലൂടെയാണ് മനുഷ്യവർഗ്ഗം മുഴുവൻ ജീവൻ പ്രാപിച്ചിരിക്കുന്നത് (റോമാ 5,8; 8,32; 3,39; 2 കോറി 13,14; എഫേ 2,4). നമ്മുടെ ഹൃദയത്തിലേക്ക് ചൊരിയപ്പെട്ട ദൈവസ്നേഹത്തിൻ്റെ സ്വാഭാവിക പ്രതിഫലനമാണ് നമ്മുടെ സ്നേഹം (റോമാ 5,5). ക്രിസ്‌തുവിലൂടെ ദൈവത്തിൻ്റെ സ്നേഹം അനുഭവിച്ചവർ ദൈവത്തിലേക്കും, ക്രിസ്‌തുവിലേക്കും അയൽക്കാരിലേക്കും ആ സ്നേഹം ഒഴുക്കണമെന്ന് വിശുദ്ധ പൗലോസ് ആഗ്രഹിക്കുന്നു.
പുതിയനിയമത്തിൽ മനുഷ്യർ ദൈവത്തോട് കാണിക്കുന്ന സ്നേഹം ദൈവം മനുഷ്യരോട് കാണിച്ചിട്ടുള്ള സ്നേഹത്തിന്റെ പ്രതിഫലനമാണ്. നമുക്കായി ജീവൻ ബലിയർപ്പിച്ച ക്രിസ്തുവിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ നാം തയ്യാറാകണം (മത്താ 10, 37-39; ലൂക്കാ 14,26). ഈ സ്നേഹം ദൈവത്തിൽ നിന്ന് പുറപ്പെടുന്നതും ആത്യന്തികമായി ദൈവികതയിലുള്ള പങ്ക് ചേരലുമാണ്.
ദൈവസ്നേഹവും പരസ്നേഹവും
''നീ നിൻ്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കുക ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന. രണ്ടാമത്തെ കല്പനയും ഇതിന് തുല്യം തന്നെ. അതായത് നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക (മത്താ 22, 37-39). ദൈവവും അയൽക്കാരനും ഉപവിയുടെ രണ്ട് വ്യത്യസ്‌ത വിഷയങ്ങളാണെന്ന് ധാരണയിൽ ദൈവസ്നേഹവും പരസ്നേഹവും വ്യത്യസ്ത പുണ്യങ്ങളാണെന്ന് വാദിക്കുന്നവരുണ്ട്. ദൈവസ്നേഹവും സഹോദരസ്നേഹവും രണ്ട് വ്യത്യസ്‌ത കല്‌പനകളാണെന്ന് യേശു വ്യക്തമാക്കുന്നു. ഇവ രണ്ടും വ്യത്യസ്‌ത കല്‌പനകളാണെങ്കിലും ഒരേ പുണ്യം തന്നെയാണ്. സഹോദരനെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെയും, ദൈവത്തെ സ്നേഹിക്കുന്നതിലൂടെ സഹോദരനെയുമാണ് സ്നേഹിക്കുക.
ആരാണ് അയൽക്കാരൻ എന്നത് ഇവിടെ പ്രസക്തമാണ് (എന്റെ സ്നേഹവും സഹായവും ആവശ്യമുള്ളവനാണ് എൻ്റെ അയൽക്കാരൻ. നല്ല സമരിയാക്കാരൻ്റെ ഉപമയിലൂടെ യേശു ഈ വസ്തുത വ്യക്തമാക്കുന്നു (ലൂക്കാ 10, 25-37). സഹായം അർഹിക്കുന്ന ഏതൊരുവനും അയൽക്കാരനാണ്. യേശുവിന്റെ ജീവിതത്തിൽ പാപികളോട് യേശു കാണിച്ചിട്ടുള്ള സവിശേഷ പരിഗണന പ്രത്യേകം ശ്രദ്ധേയമാണ്.
അപരന് അവകാശപ്പെട്ടത് കൊടുക്കുന്നത് നീതിയാണ്. സഹായിക്കുന്നതിന് നീതിയുടെ നിയമത്തേക്കാൾ ഉപവിയുടെ നിയമത്തിനായിരിക്കണം പരിഗണന നല്കേണ്ടത്. നമ്മുടെ സഹായം നല്‌കുന്നത് നമ്മുടെതിൽ നിന്നുമായിരിക്കണം. എത്രയും പെട്ടെന്ന് നല്‌കുകയും വേണം. സഹായം സ്വീകരിക്കുന്നവന് പ്രയോജനപ്പെടണം. രഹസ്യമായിട്ടായിരിക്കണം നല്‌കുന്നത് (മത്താ 6,3). സന്തോഷത്തോടെ കൊടുക്കുമ്പോഴാണ് ഉപവി അർത്ഥവത്താകുന്നത്.
ശത്രുസ്നേഹം
ഒരു വ്യക്തിക്ക് ആത്മീയമോ ഭൗതികമോ ആയ നാശം വരുത്തുകയോ വരുത്താൻ ആഗ്രഹിക്കുകയോ ചെയ്യുന്നവനാണ് ശത്രു. യഹൂദ കാഴ്‌ചപ്പാടിൽ വിജാതീയരെല്ലാം ശത്രുക്കളായിരുന്നു. നിയമം പാലിക്കാത്തവരെയും അവർ ശത്രുക്കളായി കരുതി. നന്മ ചെയ്യുന്നവരെ മാത്രം സ്നേഹിക്കുക എന്നതായിരുന്നു യേശുവിൻ്റെ കാലഘട്ടത്തിലെ മനോഭാവം. ഇത്തരത്തിലുള്ള വികലമായ കാഴ്ചപ്പാടുകൾ തിരുത്തി ശത്രു സ്നേഹത്തിന് ഉന്നതമായ വ്യാഖ്യാനം യേശു നല്‌കി (മത്താ 5,44-47; ലൂക്കാ 6,27-35).
പാപികളായ നമുക്ക് വേണ്ടി ദൈവപുത്രൻ കുരിശിൽ മരണം വരിച്ചെങ്കിൽ ക്രിസ്തുശിഷ്യരായ നമ്മുക്കും ആ ബലിയിൽ പങ്ക് ചേരുവാൻ കടമയുണ്ട്. പാപികളോടും ശത്രുക്കളോടും നാം കരുണ കാണിക്കണം. കാരണം, പാപം ഒരുവനെ മനുഷ്യനല്ലാതാക്കുന്നില്ല. അവനും ക്രിസ്തുവിൻ്റെ രക്ഷക്ക് പങ്കുപറ്റുവാൻ അവകാശമുള്ളവനാണ്. ശത്രുവിൻ്റെ മാനസാന്തരം നേടണമെങ്കിൽ പ്രത്യേക സ്നേഹം കാണിക്കണം. ആ സ്നേഹം പ്രകടിപ്പിക്കേണ്ടത് അവനോട് ക്ഷമിക്കുന്നതിലൂടെയും പ്രയാസങ്ങളിൽ സഹായിക്കുന്നതിലൂടെയുമാണ്. അവനോട് വിരോധം പൂർണ്ണമായും അവസാനിപ്പിക്കുകയും അവന്റെ പുരോഗതിയിൽ ആഹ്ലാദിക്കുകയും നന്മ നേരുകയും കഷ്‌ടതയിൽ സഹായിക്കുകയും സഹതപിക്കുകയും ചെയ്യണം (റോമാ 12, 17- 19; സുഭാ 24,17).
സ്നേഹത്തിന്റെ ആവശ്യകത
സ്നേഹം രക്ഷനേടാനുള്ള മാർഗ്ഗമാണ്. നിയമങ്ങളുടെ അനുഷ്ഠാനത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രത്യുത, നൈയാമികമായ ഒരു കടമ എന്നതിനേക്കാൾ ഹൃദയാന്തരാളങ്ങളിൽ നിന്നു ഉത്ഭവിക്കുന്നതാണ് ദൈവസ്നേഹം. ദൈവം തന്നെ സ്നേഹിക്കണമെന്ന് നമ്മോട് കല്പിച്ചില്ലായിരുന്നുവെങ്കിൽ ദൈവത്തെയോ സഹോദരനെയോ സ്നേഹിക്കാത്തത് പാപമാകുമായിരുന്നില്ല.
ഇതിനെല്ലാം ഉപരിയായി ദൈവസ്നേഹവും പരസ്നേഹവും കൃപാദാനമാണ്. ദൈവമാണ് നമ്മുക്ക് സ്നേഹിക്കാനുള്ള കഴിവും കൃപയും നല്കുന്നത്. ദൈവത്തിൻ്റെ ഈ സ്നേഹത്തോട് അനുകൂലമായി പ്രതികരിക്കുക എന്ന കടമയാണ് മനുഷ്യൻ ചെയ്യേണ്ടത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം പഠിപ്പിക്കുന്നു. “എല്ലാറ്റിലും ഉപരിയായി ദൈവത്തെയും ദൈവത്തെ പ്രതി അയൽക്കാരനെയും സ്നേഹിക്കുകയെന്ന ഉപവിയുടെ ദാനം പ്രഥമമാണ്" (തിരുസ്സഭ 42).
സ്നേഹം ഒരു കടമ
അയൽക്കാരന്റെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളിൽ അവനെ സഹായിക്കുവാൻ നമുക്ക് കടമയുണ്ട്. ആത്മീയ കാര്യങ്ങളിൽ മൂന്ന് വിധത്തിലാണ് നാം സഹായിക്കേണ്ടത്.
1. ഒഴിവാക്കാനാവാത്ത ആവശ്യം
മരിക്കാറായ ഒരു വ്യക്തിക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ സ്വപരിശ്രമത്താൽ നിത്യരക്ഷ പ്രാപിക്കാൻ സാധിക്കാത്ത അവസ്ഥ. മാരകമായ പാപാവസ്ഥയിൽ മരിക്കാറായ വ്യക്തിയെ സഹായിക്കുന്നത് ഉദാഹരണമാണ്.
2. ഗൗരവമേറിയ ആവശ്യം
മരണഭീഷണിയിൽ മറ്റുള്ളവരുടെ സഹായം ആവശ്യമായവർ. മരണാസന്നർക്ക് ഒരു വൈദികൻ്റെ സഹായം അത്യാവശ്യമാണ്.
3. സാധാരണ ആവശ്യം
മരണഭീഷണിയൊന്നുമില്ലെങ്കിലും കൃപ നേടാനും അജപാലന ധർമ്മം നിറവേറ്റാനും ആത്മീയ സഹായം നേടാനും മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.
ഭൗതിക കാര്യങ്ങളിലും മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് കടമയുണ്ട്. ഒഴിവാക്കാനാവാത്ത ആവശ്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ എല്ലാവർക്കും കടമയുണ്ട്. എന്നാൽ സാധാരണ ആവശ്യങ്ങളിൽ സാദ്ധ്യമാകുന്നതുപോലെ സഹായിക്കണം.
കർത്താവിൻ്റെ ദൗത്യം ഭരമേല്പ്‌പിക്കപ്പെട്ടിരിക്കുന്ന വൈദികർക്ക് ഉപവി പരമപ്രധാനമായ കടമയാണ്. ഭരമേല്പിക്കപ്പെട്ടിരിക്കുന്ന് ആത്മാക്കളെ സംരക്ഷിക്കേണ്ടത് ഇടയൻ എന്ന നിലയിൽ നീതിയിൽ നിന്ന് ഉത്ഭവിക്കുന്ന കടമയാണ്.
സൗഹൃദപരമായ തിരുത്തൽ
പാപാവസ്ഥയിലുള്ള വ്യക്തിയെ പാപത്തിന്റെ അനന്തരഫലങ്ങൾ വ്യക്തമാക്കിക്കൊടുത്ത് പിന്തിരിപ്പിക്കുന്നതിന് സ്വകാര്യമായി ഉപദേശിക്കേണ്ടതാണ്. പിതൃസഹജമായ വാത്സല്യത്തോടെ അധികാരികൾ നല്‌കുന്ന തിരുത്തലുകൾ ഇത്തരത്തിൽപെടുന്നു. ഇവിടെ ലക്ഷ്യം വയ്ക്കുന്നത് വ്യക്തിയുടെ മാനസാന്തരവും അതിനായി ഉപയോഗിക്കുന്ന നടപടിക്രമം ഉപവിയുടേതുമാണ്. മാതാപിതാക്കൾ, അധികാരികൾ, അദ്ധ്യാപകർ ആത്മീയ പിതാക്കൾ എന്നിവർക്ക് തിരുത്തൽ ഗൗരവമായ ഒരു കടമയാണ്. അയൽക്കാരനെ തിരുത്തുക എന്നത് വളരെ അപൂർവ്വമായി മാത്രമേ ഗൗരവമായ കടമ ആകുന്നുള്ളൂ.
തിരുത്തൽ നല്കാൻ ഏറ്റവും പ്രധാനവും ഫലദായകവുമായ മാർഗ്ഗം ജീവിത മാതൃകയാണ്. ഇവിടെ പ്രധാനമായും ഓർമ്മിക്കേണ്ടത് തങ്ങളുടെ പ്രഥമമായ കടമ തിരുത്തുക എന്നതല്ല, മറിച്ച്, സമൂഹത്തെ പ്രചോദിപ്പിക്കുകയെന്നതും ചൈതന്യം നല്കുകയെന്നതുമാണ്. തിരുത്തൽ സ്വീകരിക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിത്യരക്ഷയിലേക്കുള്ള പ്രയാണത്തിൽ നമ്മെ വീഴ്ചകളിൽ നിന്നു ഉയർത്തുന്നതാണ് തിരുത്തലുകൾ. അവ സ്വീകരിക്കാത്തത് അഹങ്കാരമാണ്.
വിമർശനം
എന്തിന്റെയെങ്കിലും ഗുണമേന്മയെക്കുറിച്ചോ, യോഗ്യതയെക്കുറിച്ചോ വിധി പ്രസ്താവിക്കുന്നതാണ് വിമർശനം. സത്യസന്ധവും ക്രിയാത്മകവുമായ വിമർശനം നല്ലതാണ്. അത് ഒരുവനെ കൂടുതൽ ഉയർത്തും. എന്നാൽ ദുരുദ്ദേശപരമായ വിമർശനങ്ങൾ വളർച്ചയെ ഹനിക്കുന്നതാണ്.
ഉപവിക്കെതിരായ പാപങ്ങൾ
ദൈവത്തിന്റെ അനന്തമായ സ്നേഹത്തിനെതിരായ പാപങ്ങൾ നിരവധിയാണ്.
1. ദൈവത്തോടുളള വെറുപ്പ്
ദൈവത്തോട് ക്രിയാത്മകമായ എതിർപ്പോ നീരസമോ ആണ്. ദൈവത്തെക്കുറിച്ചുള്ള തെറ്റായ ആശയവും കാരണമാകാം. എന്നാൽ യഥാർത്ഥ വിദ്വേഷം ദൈവത്തെ ശത്രുവായി കാണുമ്പോഴാണ് ഉടലെടുക്കുന്നത്. ദൈവത്തിൻ്റെ കല്‌പനകൾ ലംഘിച്ച് പാപ ജീവതത്തിൽ മുഴുകുമ്പോൾ ദൈവത്തെ സ്വന്തം ജീവിതത്തിൽ നിന്ന് തിരസ്കരിച്ച് സ്വയം നിയന്താവാകുന്നു. ദൈവത്തോടുള്ള വെറുപ്പ് മാരകമായ പാപമാണ്. ഇത് മനുഷ്യൻ്റെ മനസ്സിനെയും പ്രവൃത്തികളെയും വിഷലിപ്തമാക്കുകയും നിത്യരക്ഷയ്ക്ക് അവനെ അപ്രാപ്‌തനാക്കുകയും ചെയ്യുന്നു.
2. നിസ്സംഗത
ദൈവസ്നേഹത്തോടുള്ള നിഷേധമാണ്. പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കപ്പെടേണ്ട ദൈവത്തോടുള്ള നിസ്സഹകരണമാണ്. നിസ്സംഗത വ്യക്തികളോടും സമൂഹത്തോടും ആകാം. മനഃപൂർവ്വമായ നിസ്സംഗത പാപമാണ്. അയൽക്കാരൻ്റെ ആവശ്യത്തിൻ്റെ ഗൗരവമനുസരിച്ച് പാപത്തിൻ്റെ ഗൗരവവും വർദ്ധിക്കുന്നു.
3. വിദ്വേഷം
ഉപവിക്കെതിരായ ഏറ്റവും പ്രത്യക്ഷമായ പാപമാണ്. ഉപവി അതിന്റെ സ്വഭാവത്താൽ തന്നെ സഹോദരനെ വെറുക്കുന്നതിൽ നിന്ന് നമ്മെ തടയുന്നു. “സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യ ജീവൻ വസിക്കുന്നില്ല (1 യോഹ 3,15) എന്ന് വിശുദ്ധ യോഹന്നാൻ പഠിപ്പിക്കുന്നു. അയൽക്കാരനെ വെറുക്കുന്നത് പാപമാണ്. പ്രകാശത്തിലാണെന്ന് പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ അന്ധകാരത്തിലാണ് (1 യോഹ 2,7). സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവർത്തിക്കേണ്ട ക്രിസ്‌ത്യാനി മറ്റുള്ളവരെ വെറുക്കുകയോ വെറുക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യരുത്.
4. ഉതപ്പ്
അപരനെ തിന്മയിലേക്ക് നയിക്കുന്ന വാക്കോ പ്രവർത്തിയോ ആണ് ഉതപ്പ് അഥവാ ദുഷ്‌പ്രേരണ. ഇത് രണ്ട് വിധത്തിലുണ്ട്.
a അപരന്റെ നാശം ലക്ഷ്യം വച്ചുള്ള മനഃപൂർവ്വമായ ദുഷ്‌പ്രേരണയും മനഃപൂർവ്വമല്ലാത്ത ദുഷ്പ്രേരണയും ഉണ്ട്. ഇത്തരത്തിലുള്ള ദുഷ്പ്രേരരണകളുടെ ഉത്തരവാദിത്വം അത് നല്കുന്ന വ്യക്തിക്കു തന്നെയായിരിക്കും.
b. അപരൻ്റെ തെറ്റായ വാക്കോ പ്രവൃത്തിയോ മൂലമുണ്ടാകുന്ന ആത്മീയ നാശമാണിത്. ഇവിടെ ഉതപ്പിന് വിധേയമായവനാണ് പാപം ചെയ്യുന്നത്. മറ്റുള്ളവർ ചെയ്യുന്ന നന്മയോ തിന്മയോ കണ്ട് വഴി തെറ്റുന്നവരുണ്ട്. ഞായറാഴ്ച ജോലി ചെയ്യുന്നത് കണ്ട് തെറ്റിദ്ധരിക്കുന്നത് ഉദാഹരണമാണ്. അറിവില്ലായ്മയാണ് മൂലകാരണം. അതു പോലെ സ്വന്തം തെറ്റുകൊണ്ട് വഴിതെറ്റുന്നവർ ഉണ്ട്. സ്വന്തം വഴി പിഴച്ച ഇച്ഛക്കനുസരിച്ച് അപരന്റെ നന്മയോ തിന്മയോ ദുരുപയോഗിക്കുന്നതിലൂടെ സ്വയം ഉണ്ടാകുന്ന ഉതപ്പ്.
ഉതപ്പ് ഗൗരവമായ പാപമാണ്. യേശു തന്നെ വ്യക്തമാക്കുന്നു: "അവന് കൂടുതൽ നല്ലത് കഴുത്തിൽ വലിയ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ താഴ്ത്തപ്പെടുകയായിരിക്കും" (മത്താ 18,6; മർക്കോ 9,42; ലൂക്കാ 12,2). അതുപോലെ ദുഷ്‌പ്രേരണക്ക് കാരണമാകുന്ന അവയവം ശരീരത്തിൽ നിന്നു നശിപ്പിച്ച് കളയാനും യേശു ആവശ്യപ്പെടുന്നുണ്ട് (മത്താ 18, 8-9; മർക്കോ 9, 43-48). വിശുദ്ധ പൗലോസും ഇടർച്ച നല്‌കുന്നതിനെതിരെ പഠിപ്പിക്കുന്നു (1 കോറി 8,1-13).
സഭയുടെ പഠനങ്ങളിലും ഉതപ്പു മൂലമുള്ള പാപങ്ങളെപ്പറ്റി പഠിപ്പിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 'സഭ ആധുനിക ലോകത്തിൽ' എന്ന പ്രമാണ രേഖയിൽ സാമൂഹികവും സാമ്പത്തികവുമായ അസമത്വം മൂലമുള്ള ഉതപ്പിനെക്കുറിച്ചും (88), വിശ്വാസവും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യവും ദുഷ്‌പ്രേരണയാണെന്നും പഠിപ്പിക്കുന്നു (43). ഉതപ്പ് നല്കുന്നവന് അതുമൂലമുണ്ടാകുന്ന നഷ്ടങ്ങൾ തീർക്കുവാൻ കടമയുണ്ട്. കാരണം ഉതപ്പ് നിലനില്ക്കുന്നിടത്തോളം പാപത്തിൻ്റെ സാന്നിദ്ധ്യവും നിലനിൽക്കുന്നു. ക്രൈസ്‌തവൻ്റെ വിളി ഉപവിയിലൂടെ ജീവിത വിശുദ്ധി നേടാനാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു. എല്ലാ പൂർണ്ണതയുടെയും ദിവ്യഗുരുവും മാതൃകയുമായ ക്രിസ്തുനാഥൻ തൻ്റെ എല്ലാ ശിഷ്യന്മാരെയും തന്റെ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ പരിപൂർണ്ണനാകാൻ ഉപദേശിച്ചുകൊണ്ട് (മത്താ 5,48) ജീവിത വിശുദ്ധി നേടാൻ ആഹ്വാനംചെയ്തു. അവിടുന്ന് എല്ലാവരിലേക്കും പരിശുദ്ധാരൂപിയെ അയച്ചത് അവർ ദൈവത്തെ മുഴുഹൃദയത്തോടും സർവ്വശക്തിയോടും പൂർണ്ണാത്മാവോടെ സ്നേഹിക്കാനും (മർക്കോ 12,30) താൻ അവരെ സ്നേഹിച്ചതുപോലെ അവർ പരസ്‌പരം സ്നേഹിക്കാനും ആന്തരികമായി അവരെ പ്രേരിപ്പിക്കാൻ വേണ്ടിയാണ് (യോഹ 13, 34; 15,12). ഇതിനായാണ് ക്രിസ്തുവിന്റെ ഓരോ അനുയായികളെയും ദൈവം വിളിക്കുന്നത് (തിരുസ്സഭ 40).
മതാത്മക പുണ്യങ്ങൾ
മനുഷ്യന് ദൈവത്തോടുള്ള ബന്ധത്തിൻ്റെ പ്രകടനങ്ങളാണ് മതാത്മക പുണ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യന്റെ ഇച്ഛയും ബുദ്ധിയും മറ്റും ഉൾപ്പെടുന്നു. എന്നാൽ നിയതമായ അർത്ഥത്തിൽ ദൈവത്തിനുള്ള പരമമായ ആരാധനയും അതു നിറവേറ്റാൻ സഹായിക്കുന്ന പ്രവൃത്തികളുമാണ് (മനുഷ്യൻ്റെ ശ്രമങ്ങളുമാണ്). "ദൈവത്തെ മാത്രമേ പൂജിക്കാവൂ" എന്ന കല്‌പനയുടെ പൂർത്തീകരണമാണ് പുണ്യപ്രവർത്തനങ്ങൾ വഴി ചെയ്യേണ്ടത്. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയുടെ ദൈവശാസ്ത്രപരമായ തലങ്ങളെ ജീവിതത്തിന്റെ അർത്ഥതലങ്ങളിലേക്ക് കൊണ്ടുവരികയാണ് ഈ പുണ്യങ്ങൾ. സൃഷ്‌ടാവിനോടുള്ള സൃഷ്‌ടികളുടെ കൃതജ്ഞതയുടെ പ്രകാശനം കൂടെയാണ്. ഈ പുണ്യപ്രവർത്തനങ്ങൾ മൂന്നു വിധമാണ് മനുഷ്യൻ ആചരിക്കുന്നത്.
ദൈവസ്നേഹത്തിനുള്ള സ്വയം സമർപ്പണമാണ് ഭക്തി. ഈ ഭക്തി ഒരു വ്യക്തിയെ ശ്രദ്ധയോടും പൂർണ്ണ മനസ്സോടും എപ്പോഴും നന്മ ചെയ്യാൻ സഹായിക്കുന്നു. പ്രവർത്തനോന്മുഖമായ ഈ മാനസികാവസ്ഥ വെറും തോന്നലുകളോ വികാരപ്രകടനമോ അല്ല, സ്നേഹത്തിന്റെ പൂർണ്ണത തന്നെയാണ്. സൃഷ്ടാവിന്റെ സന്നിധിയിലേക്കു സൃഷ്ടിയുടെ വളർച്ചയാണ് ഭക്തി.
ദൈവത്തിന്റെ ഉത്കൃഷ്ടത അംഗീകരിക്കുകയും ദൈവത്തോടുള്ള തന്റെ വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് ആരാധന. ദൈവത്തോടുള്ള ബഹുമാനാദരങ്ങളുടെ ഭാവമാണ്. ദൈവ തിരുമുമ്പിൽ തലകുനിക്കുന്നതും സാഷ്ടാംഗ പ്രണാമം ചെയ്യുന്നതുമാണ് പഴയനിയമത്തിൽ ആരാധനയായി കരുതുന്നത്. ആത്മാവിലും സത്യത്തിലുമുള്ള ആരാധനക്ക് പരമപ്രാധാന്യം നല്കണമെന്നും അനുഷ്ഠാനപൂർണ്ണതക്കല്ല ആന്തരിക വിശുദ്ധിയാണ് ദൈവ സന്നിധിയിൽ പ്രധാനമെന്നും പ്രവാചകന്മാർ പഠിപ്പിച്ചു (ആമോ 3,12. 15:4,1; 6,4-6). പഴയനിയമത്തിൽ പ്രവാചകൻമാർ ബാഹ്യശുദ്ധിയേക്കാൾ ആന്തരിക വിശുദ്ധിക്കാണ് പ്രാധാന്യം നല്കിയിരിക്കുന്നത്.
പുതിയനിയമത്തിൽ ദൈവാലയത്തിലും സിനഗോഗുകളിലും നടക്കുന്ന ആരാധനകളിലും പ്രാർത്ഥനകളിലും യേശുവും ശിഷ്യന്മാരും പങ്കെടുക്കുന്നുണ്ട് (ലൂക്കാ 24, 53; അപ്പ 2, 46; 3,1; 21,26). ആദിമസഭയിലും ക്രൈസ്തവർ ഒരുമിച്ചു ചേർന്ന് ആരാധന അർപ്പിച്ചിരുന്നു.
ആരാധന മതേതരമോ മതപരമോ ആകാം. നമ്മുടെ ആശ്രിതത്വം മൂലം ഭരണാധികാരികളോടും നേതാക്കളോടുമുള്ള ആരാധന, വിവിധ തലങ്ങളിൽ മികവുറ്റവനോടുള്ള ആരാധന, തുടങ്ങിയവ ആദ്യ ഗണത്തിൽപ്പെടുന്നു. ദൈവത്തോടും ദൈവത്തോട് സത്താപരമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികൾ, വസ്‌തുക്കൾ, എന്നിവയോടുള്ള ആരാധനയാണ് മതപരമായ ആരാധന. മതപരമായ ആരാധന പലവിധത്തിൽ കാണാവുന്നതാണ്. സ്രഷ്‌ടാവ് എന്ന നിലയിൽ ദൈവത്തിനുള്ള അതുല്യമായ ഔന്നത്യത്തിന് ബഹുമാനം അർപ്പിച്ചിരിക്കുന്നതും ദൈവത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതുമാണ് ആരാധന. ഇതിൽ, അവതരിച്ച വചനമായ യേശുവിനും പരിശുദ്ധ കുർബാനയ്ക്കും യേശുവിന്റെ തിരുഹൃദയത്തിനും നല്കുന്ന ആരാധനയും ഉൾപ്പെടുന്നു.
ക്രിസ്തുവിന്റെ മൗതീകശരീരത്തിൽ വിശുദ്ധർക്ക് ഉണ്ടായിരുന്ന പങ്കും അവരുടെ വിശുദ്ധിയും മൂലം നല്‌കുന്ന വണക്കവും, മാതാവിന് നല്‌കുന്ന സവിശേഷമായ വണക്കവും മതാത്മക പുണ്യങ്ങളിൽ പ്രധാനമാണ്.
ആരാധനക്ക് പല വിഭജനങ്ങൾ കാണാവുന്നതാണ്. വ്യക്തി കേന്ദ്രീകൃതമായ ആരാധന പരിപൂർണ്ണവും, വസ്‌തുക്കളോടുള്ളത് (ആദരിക്കപ്പെടുന്ന വ്യക്തിയോട് പ്രത്യേകമായ വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്ന വസ്തുക്കളെ കേന്ദ്രീകരിച്ചുള്ളത്) ആപേക്ഷികവുമാണ്. മനുഷ്യന്റെ ആന്തരിക ശക്തികളായ ബുദ്ധിയും ഇച്ഛയും ഉപയോഗിച്ചുള്ള ആരാധന ആന്തരീകവും, ശരീരവും ബാഹ്യമായ കഴിവുകളും ഉപയോഗിച്ചുള്ള ആരാധന ബാഹ്യവുമാണ്. സഭയിൽ നിയോഗിക്കപ്പെട്ടവർ സഭ അംഗീകരിച്ചിട്ടുള്ള പ്രവർത്തികളിലൂടെ സഭയുടെ നാമത്തിൽ ആരാധന നടത്തുന്നതാണ് പൊതുആരാധന. വ്യക്തിപരമായ തലത്തിൽ നടത്തുന്നത് വ്യക്തിപരമായ ആരാധനയുമാണ് സൃഷ്ടിയെന്ന നിലയിൽ സ്രഷ്ടാവിന് ആരാധന സമർപ്പിക്കുന്നത് യുക്തിസഹജമാണ്. ഈ ആരാധന ഒരു വ്യക്തിയുടെ ജീവിതത്തെ മുഴുവൻ സ്വാധീനിക്കുന്നതും ജീവിതം മുഴുവൻ തുടർന്നു കൊണ്ടിരിക്കുന്നതുമാണ്. ദൈവത്തെ ആരാധിക്കുന്നതിനുപരി ദൈവികേതര വ്യക്തികളെയോ വസ്‌തുക്കളെയോ ആരാധിക്കുവാൻ പാടില്ല.
3. ബലിയും നേർച്ചകളും
പഴയനിയമത്തിൽ ദൈവത്തിന് ബലിയർപ്പിക്കുന്നത് കൃതജ്ഞതാ പ്രകാശനവും ആരാധനയുമാണ്. നിരവധി ബലികൾ ഇസ്രായേൽ ജനതകളുടെ ഇടയിൽ നിലവിലുണ്ടായിരുന്നു. ആകാശവും ഭൂമിയും അതിലെ സകലവും സൃഷ്ട്‌ടിച്ച ദൈവത്തിന് മനുഷ്യൻ അർപ്പിക്കുന്ന ആരാധനയായിരുന്നു ബലികൾ. ബലിയുടെ അനുഷ്‌ഠാനങ്ങളിൽ മനുഷ്യർ തന്നെത്തന്നെ ദൈവത്തിന് നല്‌കുന്നതിനെ സൂചിപ്പിക്കുന്നു. ബലി വസ്തുക്കൾ ഭക്ഷിക്കുന്ന ജനം ബലി സ്വീകരിച്ച ദൈവവുമായി ഐക്യത്തിലാകുന്നു.
ബലിയർപ്പണത്തിലൂടെ ദൈവം സംപ്രീതനാകുകയും (ലേവ്യ 1,9) പാപങ്ങൾക്ക് പരിഹാരമായിത്തീരുകയും ചെയ്യുന്നു (ലേവ്യ 1,4; ഉൽപ 8,21).
പ്രവാചകന്മാർ ബലികളോട് പുലർത്തിയ മനോഭാവമായിരുന്നു യേശുവിനും. ബാഹ്യമായ അനുഷ്‌ഠാനങ്ങളേക്കാൾ ആന്തരീകമായ വിശുദ്ധിക്കായിരുന്നു യേശു പ്രാധാന്യം നല്‌കിയിരുന്നത്. ഉരുകിയ മനസ്സാണ് ദൈവത്തിന് സ്വീകാര്യമായ ബലിയെന്ന് സങ്കീർത്തകൻ പറയുന്നു (സങ്കീ 51,17) അയൽക്കാരനുമായി രമ്യതപ്പെടുമ്പോഴും നീതി പുലരുമ്പോഴും കരുണയും അനുകമ്പയും പ്രകടിപ്പിക്കുമ്പോഴും (ഏശ 1,10-20, ആമോ 5,21-25) ആണ് ബലി സ്വീകാര്യമാകുന്നത്.
യേശു, ഹോസിയ പ്രവാചകൻ്റെ വാക്കുകൾ ഓർമ്മിപ്പിക്കുന്നുണ്ട്. “ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് (മത്താ 9,13; 12,7; ഹോസി 6,6). ദൈവത്തിന്റെ സ്നേഹത്തിന് പ്രത്യുപകാരമായും നമ്മുടെ രക്ഷയ്ക്കായും യേശു കുരിശിൽ അർപ്പിച്ചബലിയാണ് ഏകവും യഥാർത്ഥവുമായ ബലി (ഹെബ്രാ 10, 7-10). യേശുക്രിസ്‌തുവിൻ്റെ ബലിയിൽ നമ്മൾ പങ്കുകാരാക്കുമ്പോൾ മാത്രമാണ് നമ്മുടെ ബലികൾക്കും നേർച്ചകൾക്കും പ്രസക്തിയുണ്ടാക്കുന്നത്.
കൂദാശജീവിതം
അദൃശ്യമായ വരപ്രസാദത്തെ പ്രദാനം ചെയ്യുന്ന ദൃശ്യമായ അടയാളങ്ങളാണ് കൂദാശകൾ. "മനുഷ്യരെ വിശുദ്ധീകരിക്കുക ക്രിസ്‌തുവിന്റെ മൗതിക ശരീരത്തെ വളർത്തുക, സർവ്വോപരി ദൈവത്തിന് ആരാധന അർപ്പിക്കുക എന്നിവയാണ് കൂദാശകളുടെ ലക്ഷ്യം. അവയുടെ കർമ്മരൂപവും കർമ്മവസ്തുക്കളും മൂലം വിശ്വാസം പോഷിപ്പിക്കപ്പെടുകയും ദൃഢമാക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. അവയുടെ പരികർമ്മം ഈ പ്രസാദവരം ഫലപ്രമായി സ്വീകരിക്കാനും ദൈവത്തെ യഥായോഗ്യം ആരാധിക്കാനും ഉപവി അഭ്യസിക്കാനും വിശ്വാസികളെ വേണ്ട വിധം ഒരുക്കുന്നു" (ആരാധന ക്രമം 59). കൂദാശകളെക്കുറിച്ചുള്ള നിർവ്വചനവും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഈ പഠനവും ഒരു വിശ്വാസിയുടെ ജീവതത്തിൽ കുദാശജീവിതത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു. കൂദാശകളുടെ സ്വീകരണവും പ്രാർത്ഥനകളും ജീവിതസാക്ഷ്യവും ഉപവി പ്രവർത്തനങ്ങളും വഴിയാണ് അത്മായർ പൗരോഹിത്യധർമ്മം നിർവ്വഹിക്കുന്നതെന്നു കൗൺസിൽ പഠിപ്പിക്കുന്നു (തിരുസ്സഭ 10).
ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഓരോ കൂദാശയും എപ്രകാരം പ്രവർത്തിക്കുന്നുവെന്നും കൗൺസിൽ പഠിപ്പിക്കുന്നുണ്ട്. മാമ്മോദീസായിലൂടെ സഭയിൽ അംഗമായിതീരുന്ന വ്യക്തി സൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവിൽ നിന്ന് പ്രത്യേക ശക്തി നേടുന്നു. വിശുദ്ധ കുർബാനയിൽ തന്നെത്തന്നെ ബലിയർപ്പിക്കുന്നു. കുമ്പസാരത്തിൽ ദൈവത്തോടും സഹോദരങ്ങളോടും രമ്യത നേടുന്നു. തന്നെത്തന്നെ ക്രിസ്തുവിന്റെ പീഡാനുഭവത്തോടും മരണത്തോടും സംയോജിപ്പിക്കാൻ രോഗീലേപനം സഹായിക്കുന്നു. തിരുപ്പട്ടമേറ്റവർ തിരുവചനത്താലും പ്രസാദവരത്താലും സഭയെ പോഷിപ്പിക്കുന്നു. ദാമ്പത്യജീവിതവും, സന്താനങ്ങളെ വളർത്തകയും പരിശീലിപ്പിക്കുകയും വഴിയും വിശുദ്ധി പ്രാപിക്കാൻ ദമ്പതകളെ വിവാഹമെന്ന കൂദാശ സഹായിക്കുന്നു (തിരുസ്സഭ 11).
ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയും മാത്രമല്ല മരണാനന്തര കൂദാശകളും കൂദാശാനുകരണങ്ങളും സ്വാധീനം ചെലുത്തുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വിശുദ്ധ കുർബാനക്ക് വലിയ പ്രാധാന്യം ഉണ്ട്. അനുദിനം ആവർത്തിക്കപ്പെടുന്ന ഈ ബലിയിൽ പങ്ക് ചേരുമ്പോൾ അവൻ ഈശോയൊടൊപ്പം തന്നെത്തന്നെയും ബലിയർപ്പിക്കുന്നു. അങ്ങനെ സ്വന്തം ജീവിതം തന്നെ ബലിയിൽ ചേർക്കുന്നു. അനുദിന ജീവിതത്തിന് ആവശ്യമായ ശക്തിയും ചൈതന്യവും സംഭരിക്കുന്നു. ഇപ്രകാരം ലോകത്തിലേക്ക് ഇറങ്ങുന്ന വ്യക്തി "സുവിശേഷ ചൈതന്യം ഭൗതിക മണ്ഡലങ്ങളിൽ വ്യാപിപ്പിക്കുകയും അതേ ചൈതന്യം വഴി ഈ മണ്ഡലങ്ങളെ പൂർണ്ണമാക്കുകയും മനുഷ്യരെ സുവിശേഷം അറിയിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു" (അല്മായ പ്രേഷിതത്വം 2). അങ്ങനെ 'ക്രിസ്‌തു ചൈതന്യത്തിൽ' ജ്വലിച്ച് ലോകത്തെ പുളിപ്പിക്കുന്ന പുളിമാവ് (അല്‌മായ പ്രേഷിതത്വം 2) ആകുന്നതിന് വിശുദ്ധ കുർബാനയിലെ സജീവ പങ്കാളിത്തം സഹായിക്കുന്നു.
വിശുദ്ധ ബലിയോളംതന്നെ പ്രാധാന്യമർഹിക്കുന്നതാണ് മറ്റു കൂദാശകളും എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു. “ആകയാൽ ക്രിസ്‌തീയ സഭയുടെ പരിപോഷണാർത്ഥം സ്ഥാപിതമായിട്ടുള്ള കൂദാശകളുടെ കൗദാശികാടയാളങ്ങൾ വിശ്വാസികൾ എളുപ്പത്തിൽ മനസ്സിലാക്കുകയും കൂദാശകൾ തീക്ഷ്‌ണതാപൂർവ്വം കൂടെക്കൂടെ സ്വീകരിക്കുകയും ചെയ്യുക സുപ്രധാന കാര്യമാണ്" (ആരാധനക്രമം 59).
“കൂദാശകളോട് സാധർമ്മ്യമുള്ള സംപൂജ്യമായ പ്രതീകങ്ങളാണ് കൂദാശാനുകരണങ്ങൾ" (ആരാധനാക്രമം 60). കൂദാശകളുടെ പ്രധാന ഫലങ്ങൾ സ്വീകരിക്കാൻ വിശ്വാസിയെ അവ വേണ്ടവിധം ഒരുക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം പഠിപ്പിക്കുന്നു: “കൂദാശകളും കൂദാശാനുകരണങ്ങളും അടങ്ങുന്ന തിരുക്കർമ്മങ്ങൾ, അവയിൽ തക്ക ഒരുക്കത്തോടുകൂടി പങ്കെടുക്കുന്ന വിശ്വാസികളുടെ എല്ലാ ജീവിത സാഹചര്യങ്ങളെയും വിശുദ്ധീകരിക്കുന്നു. അവ ക്രിസ്‌തുവിൻ്റെ പീഢാനുഭവം, മരണം, ഉയിർപ്പ്, എന്നീ പെസഹാരഹസ്യങ്ങളിൽ നിന്നു നിർഗ്ഗളിക്കുന്ന ദൈവപ്രസാദത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. എല്ലാ കൂദാശകളുടെയും കൂദാശാനുകരണങ്ങളുടെയും ശക്തികേന്ദ്രം പെസഹാരഹസ്യമാണ്" (ആരാധനക്രമം 61).
കൂദാശകളും കൂദാശാനുകരണങ്ങളും അടങ്ങുന്ന കൗദാശിക ജീവിതം ഒരു വ്യക്തിയെ തന്റെ വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനും നിത്യജീവൻ ലക്ഷ്യമാക്കിയുള്ള പ്രയാണത്തിൽ അതു നേടുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും (ഉപവിയുടെ ജീവിതം) സഹായിക്കുന്നു. ഓരോ വിശ്വാസിയും തന്റെ ജീവിതത്തിൽ കൂദാശാ ജീവിതത്തിന് അർഹമായ പ്രാധാന്യം നൽകണം.
വിശുദ്ധരുടെ തിരുനാളുകൾ
ചില ദിവസങ്ങളെ വിശിഷ്ടമായി കരുതി ആഘോഷിക്കുന്ന പതിവ് ക്രൈസ്തവരുടെ ഇടയിലുമുണ്ട്. യേശുക്രിസ്തുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ, മാതാവിനോട് ബന്ധപ്പെട്ട ദിവസങ്ങൾ, യേശുക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ വിശുദ്ധരുടെ ഓർമ്മ ദിനങ്ങൾ തുടങ്ങിയവ കത്തോലിക്കാ സഭ സവിശേഷമായി ആചരിക്കുന്നു. “പരമ്പരാഗതമായി സഭയിൽ വിശുദ്ധരെ ബഹുമാനിച്ചു പോരുന്നു. അവരുടെ രൂപങ്ങളും സാക്ഷാത്തായ പൂജ്യാവശിഷ്ടങ്ങളും സഭ വണങ്ങുകയും ചെയ്യുന്നു. കാരണം തന്റെ സേവകരിൽ പ്രകടിതമായ ക്രിസ്‌തുവിൻ്റെ വിസ്‌മയനീയ പ്രവൃത്തികളെയാണ് വിശുദ്ധരുടെ തിരുനാളുകൾ വിളംബരം ചെയ്യുന്നത്. അനുകരണത്തിന് പറ്റിയ മാതൃകകളാണ് വിശ്വാസികൾക്ക് അവ കാണിച്ചു കൊടുക്കുന്നത്" (ആരാധനക്രമം 111). എന്നാൽ രക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുനാളുകളേക്കാൾ വിശുദ്ധരുടെ തിരുനാളുകൾക്ക് പ്രാധാന്യം നല്‌കരുത്. അതേസമയം തന്നെ വിശുദ്ധർ നമ്മുടെ മുമ്പിൽ ക്രൈസ്‌തവ സാക്ഷ്യത്തിൻ്റെ ഉത്തമമാതൃകകളായതിനാൽ അവരെ ബഹുമാനിക്കുകയും വേണം.
പ്രാർത്ഥന
ഒന്നാം പ്രമാണത്തിലടങ്ങിയിരിക്കുന്ന വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയുടെ സംയുക്തമായ സംയോജനമാണ് പ്രാർത്ഥന. മനസ്സിനെ ദൈവത്തിങ്കലേക്ക് ഉയർത്തുന്നതാണ് നമ്മുടെ ദൈവാരാധന. പ്രാർത്ഥന ദൈവകല്പനകളുടെ അനുസരണത്തിന്റെ പ്രഖ്യാപനവും കൂടിയാണ്. നമ്മൾ ഭഗ്നാശരാകാതെ എപ്പോഴും പ്രാർത്ഥിക്കണമെന്ന് യേശു വ്യക്തമാക്കിയിട്ടുണ്ട് (ലൂക്കാ 18,1).
പ്രാർത്ഥന പഴയനിയമത്തിൽ
ഉൽപത്തി പുസ്‌തകത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.“അക്കാലത്ത് മനുഷ്യർ കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കാൻ തുടങ്ങി" (ഉൽപ 4,26). കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്നതാണ് പ്രാർത്ഥനയെന്ന ആശയം പഴയനിയമം വ്യക്തമാക്കുന്നുണ്ട് (ഉൽപ 21,33; സങ്കീ 80,18; ദാനി 9,19). വ്യക്തിപരമായ പ്രാർത്ഥനയും പൂർവ്വപിതാക്കന്മാരുടെ കാലഘട്ടത്തിലുണ്ടായിരുന്നു (ഉൽപ 20,17; 25,21). അബ്രഹാം ദൈവത്തോട് സോദോം ഗോമോറ ദേശങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നുണ്ട് (ഉൽപ 18,16-33). പുറപ്പാട് സംഭവത്തിന് ശേഷം മരുഭൂമിയിലൂടെയുള്ള ഇസ്രായേൽ ജനതയുടെ യാത്രയിൽ പരീക്ഷണഘട്ടങ്ങളിലെല്ലാം മോശ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു (പുറ 15, 25:17,4). ഇസ്രായേൽ ജനം ദൈവത്തിനെതിരെ തെറ്റു ചെയ്തപ്പോഴെല്ലാം മോശ അവർക്ക് വേണ്ടി ദൈവത്തോട് മാദ്ധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ചു (പുറ 32, 11-13; 34, 9; നിയ 9, 18-21; 10,10; സംഖ്യ 11, 12). പ്രാർത്ഥനയുടെ അത്ഭുതകരമായ ശക്തിയാലാണ് സൂര്യനെ നിശ്ചലമാക്കാൻ ജോഷ്വക്ക് സാധിച്ചത് (ജോഷ്വ 10,12-14). കൃതജ്ഞതാപ്രാർത്ഥനകളും പഴയനിയമത്തിൽ കാണാൻ സാധിക്കും (ന്യായാ 5; 1 സാമു 2, 1-10). യുദ്ധത്തിന് പോകുന്നതിന് മുമ്പ് പ്രാർത്ഥനയിലൂടെ ദൈവസഹായം തേടിയിരുന്നു (ന്യായാ 20, 18-28). വിജ്ഞാനത്തിന് വേണ്ടി സോളമനും (1 രാജ 3,5-9) മരിച്ചവരെ ഉയിർപ്പിക്കാനും (1 രാജാ 17,19-22; 2 രാജാ 4,32-35) ബാലിന്റെ പുരോഹിതൻമാരെ പരാജയപ്പെടുത്താനും (1 രാജാ 18, 20-24) ഏലിയായും എലീഷായും പ്രാർത്ഥിക്കുന്നുണ്ട്. പ്രവാചക ഗ്രന്ഥങ്ങളിലെല്ലാം ജനത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന പ്രവാചകൻമാരെ കാണാം. ജനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതിൽ നിന്ന് രണ്ടു തവണ ദൈവം ജറെമിയായെ വിലക്കുന്നുണ്ട് (7, 16:11, 14). സങ്കീർത്തനങ്ങളിൽ എല്ലാം തന്നെ സ്‌തുതിപ്പുകളും അപേക്ഷകളും അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് ശത്രുക്കളിൽ നിന്നും (3:7; 13; 26; 37) കോപത്തിൽ നിന്നും (4;5) രോഗത്തിൽ നിന്നും (102) പാപത്തിൽ നിന്നും (32;51) രക്ഷ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു. പ്രവാസ കാലഘട്ടത്തിലും പ്രവാസാനന്തര കാലഘട്ടത്തിലും ഇസ്രായേൽ ജനതയിൽ പ്രാർത്ഥനാ അനുഭവം നിറഞ്ഞുനിന്നിരുന്നു. മക്കബായരുടെ കാലഘട്ടത്തിൽ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും നടത്തപ്പെട്ടിരുന്നു (2 മക്ക 12, 44,15,12-14).
പുതിയനിയമത്തിൽ പ്രാർത്ഥനയുടെ ഉത്തമാതൃകയായിട്ടാണ് യേശു കർത്തൃ പ്രാർത്ഥന ശിഷ്യന്മാരെ പഠിപ്പിച്ചത് (മത്താ 6,9-15). പ്രാർത്ഥനയുടെ ആന്തരികതക്കാണ് പ്രാധാന്യം. ദൈവവും മനുഷ്യനും തമ്മിലുള്ള രഹസ്യസംഭാഷണമാണ് പ്രാർത്ഥനയെന്ന വിപ്ലവകരമായ ആശയം അവതരിപ്പിക്കുന്നു (മത്താ 6,5-8). പ്രാർത്ഥനക്ക് ദൈവം ഉത്തരം നല്‌കുമെന്ന് യേശു ഉറപ്പ് നല്കുന്നു (മത്താ 7,7-11). പ്രാർത്ഥനയുടെ വിവിധ ഭാവങ്ങൾ വെളിപ്പെടുത്തുന്നതിനായി പല ഉപമകളും യേശു പഠിപ്പിക്കുന്നുണ്ട്. യേശുവിന്റെ ജീവിതത്തിലെ നിർണ്ണായക സന്ദർഭങ്ങളിലെല്ലാം യേശു പ്രാർത്ഥിച്ചിരുന്നു. മാമ്മോദീസ (ലൂക്കാ 3,21), രൂപാന്തരീകരണം (ലൂക്കാ 9,29), അന്ത്യഅത്താഴത്തിന് ശേഷം (മത്താ 26, 36-46; മർക്കോ 14, 32-42; ലൂക്കാ 22, 39-46), ശിഷ്യൻമാരെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് (ലൂക്കാ 6,12) ദൈവത്തിന്റെ സർവ്വാധിപത്യത്തെ ഏറ്റുപറഞ്ഞുകൊണ്ട് (മത്താ. 11, 25; ലൂക്കാ 10,21), കൃതജ്ഞത അർപ്പിച്ചുകൊണ്ടു യേശു പ്രാർത്ഥിച്ചിരുന്നു (യോഹ 6,11; 11,41; മത്താ 26,27). അപ്പസ്തോല പ്രവർത്തനത്തിലും പൗലോസിൻ്റെ ലേഖനങ്ങളിലും മറ്റ് പുതിയനിയമ ലേഖനങ്ങളിലും പ്രാർത്ഥനയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നുണ്ട്.
പ്രാർത്ഥനയുടെ പ്രത്യേകതകൾ
പ്രാർത്ഥന ദൈവത്തിനുള്ള ആരാധനയാണ് (സങ്കീ 29,2). ദൈവത്തെ സ്തുതിക്കുന്നതാണ് (സങ്കീ 105,2). നന്ദി പ്രകാശനമാണ് (2 ദിന 29, 31-36; സങ്കീ 50,14). പൂർണ്ണമനസ്സോടും ശക്തിയോടും ദൈവത്തെ ആരാധിക്കുന്നതാണ് (സങ്കീ 18,1). ദൈവതിരുമുമ്പിലുള്ള പൂർണ്ണമായ സമർപ്പണമാണ് (1 സമു 1,11). ദൈവത്തോടും സഹോദരരോടുമുള്ള കൂട്ടായ്മയാണ്.
പ്രാർത്ഥനയുടെ നിബന്ധനകൾ
പ്രാർത്ഥന ഫലവത്താകുവാൻ ദൈവതിരുമുമ്പിൽ ശ്രദ്ധ, ബഹുമാനം, ശരണം, സ്ഥിരത എന്നീ ആദ്ധ്യാത്മിക നിബന്ധനകൾ ആവശ്യമാണ്. നമ്മുടെ തെറ്റുകൾ ഏറ്റുപറയണം (1 സാമു 7, 6; സങ്കീ 51, 130; ഹോസി 5,15; മത്താ 6,12). മറ്റുള്ളവർക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തണം. പരിശുദ്ധമായ ഹൃദയം (സങ്കീ 66,18; ഏശ 59,2) ആത്മാർത്ഥത, ശരിയായ ലക്ഷ്യം (യൂക്കോ 4, 3) എന്നിവയോടെ യേശുവിൻ്റെ നാമത്തിൽ സമർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നല്കും (യോഹ 16, 23). വിശ്വാസത്തോടു കൂടിയുള്ളതും (മത്താ 8,10; 9,22; മർക്കോ. 5, 34; 9,24 ലൂക്കാ 7, 9; 8, 48; യാക്കോ 1,5-8) യേശുവിനോടു നിരന്തരം ബന്ധമുള്ളതുമായ (യോഹ 15,7) പ്രാർത്ഥനയ്ക്ക് ഫലം ലഭിക്കും.
തെറ്റായ കാര്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചാൽ ഫലസിദ്ധി ഉണ്ടാവണമെന്നില്ല. ലഭിച്ചാൽ തന്നെ നന്മയാകണമെന്നില്ല. ദൈവം ഹൃദയങ്ങൾ പരിശോധിക്കുന്നവനാണ് (റോമാ 8, 27). അവിശ്വാസികൾക്ക് വേണ്ടിയും നാം പ്രാർത്ഥിക്കണം. പ്രാർത്ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കണമെന്നില്ല. ദൈവത്തിൻ്റെ ഇടപെടലിനായി കാത്തിരിക്കണം. (സങ്കീ 25, 3; 33, 20). നിശ്ചിത സമയത്ത് മാത്രമല്ല എല്ലാ സമയത്തും നിരന്തരം പ്രാർത്ഥിക്കണം (പുറ 14, 15; നിയ 3, 25; ജറെ 7,16). എല്ലാം ദൈവം അറിയുന്നുണ്ടെങ്കിലും നാം പ്രാർത്ഥിക്കണം. പ്രാർത്ഥന നമ്മുടെ ആവശ്യങ്ങൾ ദൈവത്തെ അറിയിക്കുകയല്ല, ദൈവത്തിലുള്ള ശരണം ഏറ്റുപറയുകയാണ് (മത്താ 6, 8; 7, 9-11). നമ്മെപ്പറ്റിയുള്ള ദൈവത്തിൻ്റെ പദ്ധതി പ്രാർത്ഥനയിലൂടെയാണ് അറിയുക (അപ്പ 4, 24-28). പ്രാർത്ഥന കൂട്ടായ്‌മ പ്രധാനപ്പെട്ടതാണ് (മത്താ 18, 19). ആദിമസഭയിൽ പ്രാർത്ഥന കൂട്ടായ്‌മകൾ ഉണ്ടായിരുന്നു (അപ്പ 1, 14; 2, 42; 4, 24; 12, 12). പ്രാർത്ഥന നമ്മിലുള്ള ദൈവിക ജീവൻ സംരക്ഷിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു (Pastoral Guide Vol 1, 536). പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ യേശുവിലൂടെ പിതാവായ ദൈവവുമായി ബോധപൂർവ്വം സൃഷ്ട്‌ടിക്കുന്ന വ്യക്തിബന്ധണ് പ്രാർത്ഥന.
വിവിധതരം പ്രാർത്ഥനകൾ
പ്രാർത്ഥനയുടെ രീതിയനുസരിച്ച് ആറ് വിധത്തിൽ തിരിക്കാവുന്നതാണ്.
1. മാനസിക പ്രാർത്ഥന. ഹൃദയം ദൈവവുമായി കണ്ടുമുട്ടുകയും ആത്മാവ് ദൈവത്തോടുകൂടെ ആയിരിക്കുകയും ചെയ്യുന്നതാണ്.
2. വിചിന്തനം. മാനസിക പ്രാർത്ഥനയുടെ മറ്റൊരു രൂപമാണ്. ആശയയാവബോധത്തിൽ നിന്നും യുക്തിയിൽ നിന്നും ആദ്ധ്യാത്മികതയിലേക്ക് എത്തിച്ചേരുന്നു.
3. ധ്യാനം. ദൈവികസത്യങ്ങൾ സ്നേഹത്തിലും ആനന്ദത്തിലും ഹൃദയത്തിൽ സ്വീകരിക്കുന്നു.
4. വാചികപ്രാർത്ഥന. ബാഹ്യമായ വാക്കുകളാൽ പ്രകടിപ്പിക്കുന്നത്.
5. സ്വയം പ്രേരിത പ്രാർത്ഥന. മനസ്സിലെ ചിന്തകളും ഹൃദയവികാരങ്ങളും സ്വാഭാവികമായി പ്രകടിപ്പിക്കുന്നത്.
6. പ്രാർത്ഥനാ സൂക്തങ്ങൾ. വിശുദ്ധരുടെ ദൈവാനുഭവവും ഉൾക്കാഴ്ചകളും പാരമ്പര്യമായി കൈമാറി ലഭിച്ചിട്ടുള്ള കർമ്മങ്ങളോ, പ്രാർത്ഥനകളോ ആണ് (ജപമാല). വ്യക്തിപരമായ പ്രാർത്ഥനകളിൽ വ്യക്തിയെ സഹായിക്കുന്നു.
പ്രാർത്ഥനയുടെ സ്വഭാവമനുസരിച്ച് അഞ്ച് തരമുണ്ട്
1. ആരാധനക്രമപ്രാർത്ഥന. വിശുദ്ധകുർബാന, കൂദാശകൾ, യാമപ്രാർത്ഥനകൾ, കൂദാശാനുകരണങ്ങൾ എന്നിവ സഭയുടെ പൊതുവായ പ്രാർത്ഥനകളാണ്. ക്രിസ്തുവിനോടൊപ്പം സഭാംഗങ്ങൾ ഒരുമിച്ച് ചേർന്ന് പ്രാർത്ഥിക്കുന്നു.
2. പൊതുപ്രാർത്ഥന. സഭ നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ പുരോഹിതനോ, ശുശ്രൂഷികളോ സഭയുടെ നാമത്തിൽ നടത്തുന്ന പ്രാർത്ഥന.
3. സ്വകാര്യ പ്രാർത്ഥന. ഓരോ വ്യക്തിയുടെയും താല്പര്യ പ്രകാരമുള്ള പ്രാർത്ഥന.
4. ജനകീയ ഭക്തികൾ. വിശ്വാസികളിൽ നിലനില്ക്കുന്ന ഭക്തി പ്രകടനങ്ങളാണ് (ജപമാല). രണ്ടാം വത്തിക്കാൻ കൗൺസിൽ ഭക്തി പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ട് (ആരാധനക്രമം 13).
5. സമൂഹപ്രാർത്ഥന. സമൂഹത്തിൽ നടത്തപ്പെടുന്ന പ്രാർത്ഥന. പ്രാർത്ഥന കൂട്ടായ്മകൾ, ഗ്രൂപ്പ് ചേർന്ന് നടത്തുന്ന ജപമാല.)
പ്രാർത്ഥിക്കാനുള്ള കടമ
ദൈവിക പുണ്യങ്ങളോട് എപ്പോഴും തുറവിയുള്ളവരായിരിക്കുവാൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നു. യേശുവിന്റെ വാക്കുകളും (മത്താ 26, 4), മാതൃകയും (മത്താ 14,20; മർക്കോ 1,35; ലൂക്കാ 6,12) പ്രാർത്ഥനയുടെ ആവശ്യം വ്യക്തമാക്കുന്നു. നിത്യരക്ഷക്ക് പ്രാർത്ഥന അത്യന്താപേക്ഷിതമാണ്
ഒന്നാം പ്രമാണത്തിന്റെ രണ്ടാം ഭാഗമാണ്. ഇവിടെ ഒന്നാം പ്രമാണത്തെ രണ്ടായി വേർതിരിക്കുകയല്ല മറിച്ച് പഠനത്തിന് വേണ്ടി നടത്തുന്ന അവതരണം മാത്രമാണ്. പ്രപഞ്ച സൃഷ്ടാവായ ദൈവം ജനത്തിന് സ്വയം വെളിപ്പെടുത്തിക്കൊടുത്തുകൊണ്ട് ഒന്നാം പ്രമാത്തിലൂടെ കല്പ്‌പിക്കുന്നത് മറ്റൊരു ദൈവ സങ്കല്പത്തെ ബഹുമാനിക്കരുതെന്നാണ്. ദൈവത്തിൻ്റെ യഥാർത്ഥമായ വെളിപ്പെടുത്തലുകൾക്കനുസൃതമായി മാത്രമേ മനുഷ്യൻ ആരാധന നടത്തുവാൻ പാടുള്ളൂ. മറിച്ചുള്ള എല്ലാ ആരാധനകളും ദൈവം ഈ കല്പനയിലൂടെ വിലക്കുന്നു. ദൈവത്തിൻ്റെ വെളിപ്പെടുത്തലിലൂടെ രൂപപ്പെട്ട മതാത്മകതക്ക് എതിരായ തിന്മകൾ ഇവിടെ പ്രതിപാദിക്കുന്നു.
അന്ധവിശ്വാസങ്ങൾ
മതപരമായ ആരാധനയിൽ കാണുന്ന തിന്മയാണ്. ശരിയായവിധത്തിൽ ദൈവത്തെ ആരാധിക്കാതെ അർഹതപ്പെടാത്തവർക്ക് നല്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ് അന്ധവിശ്വാസം.
ശരിയായ വിധത്തിൽ ദൈവത്തിന് സമർപ്പിക്കപ്പെടാത്ത ആരാധനകൾ
തെറ്റായ ആരാധന
കർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും രഹസ്യ ശക്തി ആരോപിക്കപ്പെടുന്നു. സഭയുടെ കല്പന ഇല്ലാതെ സഭയുടെ ഔദ്യോഗിക ശുശ്രൂഷി ബലിയർപ്പിക്കുമ്പോഴും ഇത് സംഭവിക്കുന്നു. ചില ഭൗതികാവശിഷ്ടങ്ങൾ പൂജ്യമാണെന്ന് വരുത്തിത്തീർക്കുന്നതിലൂടെയും സഭ അംഗീകരിക്കാത്ത അത്ഭുതങ്ങളും അടയാളങ്ങളും പ്രചരിപ്പിക്കുന്നതിലൂടെയും തെറ്റായ ദൈവാരാധന നടക്കുന്നു.
2. ഉപരിപ്ലവമായ ആരാധന
ദൈവത്തിന്റെ മഹത്ത്വമോ നമുക്ക്ദൈവത്തോടുള്ള വിധേയത്വമോ സ്പഷ്ടമാക്കാത്ത അടയാളങ്ങളോടെ നടത്തുന്ന ആരാധന. ഇത് പലവിധത്തിൽ സംഭവിക്കാം. നരബലിപോലെ അതിൽതന്നെ തിന്മയായത്; അടയാളങ്ങൾക്കും പ്രതീകങ്ങൾക്കും അമിതമായ പ്രാധാന്യം നല്കുന്നത്. അടയാളങ്ങളും പ്രതീകങ്ങളും അർത്ഥവത്താണെങ്കിലും അവയുടെ അനുഷ്‌ഠാനത്തിന് നല്‌കുന്ന അമിതമായ പ്രാധാന്യം അവയുടെ അർത്ഥം നഷ്‌ടപ്പെടുത്തുന്നു. അതിൽത്തന്നെ തിന്മയായ അടയാളങ്ങളോടെ നടത്തുന്ന ആരാധന ഗൗരവമായ പാപമാണ്. മറ്റുള്ളവ ലഘുപാപവുമാണ്.
3. വിഗ്രഹാരാധന
വിഗ്രഹങ്ങളെ ആരാധിക്കുന്നതിനെയാണ് വിഗ്രഹാരാധന എന്ന് പറയുന്നത്. സൃഷ്ടവസ്‌തുക്കളിൽ ദൈവത്വം ആരോപിച്ച് അനുഗ്രഹങ്ങൾ നേടുന്നതിനായി അവയെ ആരാധിക്കുന്നതാണ്. വിഗ്രഹാരാധനയുടെ പ്രധാന കാരണം അജ്ഞതയാണ്. പാരമ്പര്യമായി തുടർന്ന് പോരുന്നത് കാരണമാണ്. ലോകത്തെക്കുറിച്ചുള്ള ദ്വൈത ചിന്തയും വിഗ്രഹാരാധനക്ക് കാരണമാകുന്നുണ്ട്. ലോകത്തിൽ നന്മയും തിന്മയും ഉണ്ട്. തിന്മ നന്മയോളം തന്നെ പ്രബലമായതിനാൽ ബലികളും കാഴചകളും അർപ്പിച്ച് തിന്മയെ പ്രസാദിപ്പിക്കാനുള്ള ശ്രമമാണ് ഇത്. രാജാക്കന്മാർ, പൂർവ്വികർ, കീഴടക്കാനാവാത്ത മൃഗങ്ങൾ, പ്രകൃതിശക്തികൾ, ഇവയെ ദൈവങ്ങളായി കരുതുന്നതും വിഗ്രഹാരാധനയുടെ കാരണങ്ങളാണ്.
വിഗ്രഹാരാധനകൾ മൂന്ന് വിധത്തിലാകാം.
1. ദ്രവ്യപരം. ഇവിടെ ആരാധന സാങ്കല്പികം മാത്രമാണ്. ആരാധനക്ക് വിഗ്രഹം വേണമെന്നില്ല. പണം, ജഡികത, വ്യക്തികൾ, അധികാരം ഇവയെല്ലാം വിഗ്രഹങ്ങളാകാം.
2. കപടാരാധന. ബാഹ്യമായി ആരാധനയുടെ പ്രവൃത്തികൾ ചെയ്യുന്നുണ്ടെങ്കിലും വിഗ്രഹങ്ങൾ ദൈവങ്ങളല്ലെന്ന് അറിവുള്ളതിനാൽ ആന്തരിക സമ്മതമില്ലാതെ ചെയ്യുന്ന പ്രവൃത്തിയാണ്.
3. ഔപചാരികമായത്. ബാഹ്യവും ആന്തരികവുമായ സമ്മതത്തോടെ സ്വന്തം ഇച്ഛാനുസരണം വിഗ്രഹത്തിനർപ്പിക്കുന്ന ആരാധനയാണ്.
ഇസ്രായേൽ ജനതയുടെ 400 വർഷത്തെ ഈജിപ്തിലെ അടിമത്ത കാലഘട്ടത്തിൽ അവരുടെ മതജീവിതത്തിൽ വിഗ്രഹാരാധന സ്ഥാനം പിടിക്കുകയുണ്ടായി. ഇസ്രായേലിന്റെ ചരിത്രത്തിൽ മുഴുവനും വിഗ്രഹാരാധനയ്ക്കെതിരായ പ്രവാചകശബ്ദം മുഴങ്ങിയിരുന്നു. വിഗ്രഹാരാധനയെ വേശ്യാവൃത്തിയായി പ്രവാചകന്മാർ പരിഗണിച്ചിരുന്നു. ദൈവത്തിലുള്ള വിശ്വാസരാഹിത്യവും ആത്മവിശ്വാസക്കുറവുമാണ് ഇതിൻ്റെ അടിസ്ഥാന കാരണം. വിഗ്രഹാരാധന ഗൗരവമായ പാപമാണ്.
4. മന്ത്രവാദം
പ്രകൃത്യാതീതമാർഗ്ഗങ്ങൾ ഉപയോഗിച്ച് ദുഷ്‌ടശക്തികളുടെ സഹായത്തോടെ നേട്ടങ്ങൾ ഉണ്ടാക്കുവാനുള്ള ശ്രമമാണ് മന്ത്രവാദം. അനുവദനീയമോ സഹായമോ ആയ ചില ലക്ഷ്യങ്ങൾ നേടാനോ ദോഷം വരുത്താനോ ലക്ഷ്യമിടുന്നത് ദുർമന്ത്രവാദം അഥവാ ക്ഷുദ്രപ്രയോഗമാണ്. പ്രകൃത്യാ തന്നെ ചില അത്ഭുതകരമായ കഴിവുകൾ ലഭിച്ചിട്ടുള്ള വ്യക്തികൾ (അതീന്ദ്രിയശക്തി) മന്ത്രവാദത്തിലൂടെയും ക്ഷുദ്രപ്രയോഗത്തിലൂടെയും മറ്റു തെറ്റായ വഴികളിലൂടെയും മറ്റുള്ളവരുടെ നാശത്തിനായി തങ്ങളുടെ കഴിവുകൾ ഉപയോഗിക്കുന്നു.
5. ശകുനങ്ങൾ, ആഭിചാരം
ഇഷ്ടകാര്യസാദ്ധ്യത്തിനായി ദൈവവിശ്വാസത്തിന് നിരക്കാത്ത പ്രവർത്തനങ്ങളാണ് ഇവ. അടയാളങ്ങളും, മാർഗ്ഗങ്ങളും, ഉപയോഗിക്കുന്നു. രാഹുകാലം, മഷിനോട്ടം, പ്രശ്നം വയ്ക്കൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. ആത്യന്തികമായി ഈ പ്രവർത്തനങ്ങൾ ദൈവമഹത്ത്വത്തെ ചോദ്യം ചെയ്യുന്നതും ചഞ്ചല ചിത്തരുടെ വിശ്വാസത്തെ നശിപ്പിക്കുന്നതുമാണ്. ദൈവത്തിലുള്ള യഥാർത്ഥ വിശ്വാസത്തിന്റെയും അറിവിൻ്റെയും കുറവാണ്.
ക്ഷുദ്രപ്രയോഗങ്ങളും, ഭാവി ഫലം പറയുന്നതും, പ്രശ്‌നം വയ്ക്കുന്നതും, ജ്യോത്സ്യം ശകുനം മന്ത്രവാദം കൂടോത്രം എന്നിവ ചെയ്യുന്നതും, വ്യാജ പ്രവചനം സ്വപ്‌ന വ്യാഖ്യാനം എന്നിവ നടത്തുന്നതും ആഭിചാരത്തിൽപ്പെടുന്നവയാണ് (2 രാജാ 9,22, ഏശ 44, 25-26; ജറെ 27, 9-10). ആഭിചാരം മരണശിക്ഷയർഹിക്കുന്ന കുറ്റമാണെന്ന് പഴയ നിയമം പഠിപ്പിക്കുന്നു (ലേവ്യ 20, 27). ആഭിചാരികൾ ദൈവത്തിന്റെ ശത്രുവാണ് (അപ്പ 13, 10). ആഭിചാരം വിഗ്രഹാരാധനക്ക് തുല്ല്യമായ ഗൗരവമായ കുറ്റമാണ് (ഗലാ 5, 19-21). കള്ളന്മാരോടും കൊലപാതകികളോടുമൊപ്പമാണ് വിശുദ്ധ യോഹന്നാൻ ആഭിചാരികളെ കാണുന്നത് (വെളി 9, 21; 18, 23; 21, 8; 22, 15).
6. ഭാവി പ്രവചനം
ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ അല്ലാതെ വ്യക്തമായോ അവ്യക്തമായോ പ്രകൃത്യാതീത ശക്തികളെ ഉപയോഗിച്ച് രഹസ്യങ്ങളോ ഭാവി കാര്യങ്ങളോ അറിയാനുള്ള ശ്രമമാണ്. അതീന്ദ്രിയമായ ഉൾക്കാഴ്ചയുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിൽ തെറ്റില്ല. ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ കുറ്റകരമാകരുത്. അതുപോലെ മറ്റുള്ളവർക്ക് അപകടം ഉണ്ടാകുകയുമരുത്. അതീന്ദ്രിയശക്തിയുള്ളവരുമായുള്ള സമാഗമം മാനസിക നിലയും വിശ്വാസവും അപകടപ്പെടുവാൻ കാരണമാകാം. പ്രധാനമായും മൂന്ന് തരം ഭാവി പ്രവചന രീതികളുണ്ട്.
1. ജ്യോതിഷം. ഒരു വ്യക്തിയുടെ ഭാവിയും സ്വഭാവവും വിധിയും ആ വ്യക്തിയുടെ ജനനസമയവും നക്ഷത്രങ്ങളുടെ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇതിൽ പറയുന്നു. ജ്യോതിഷം ഏറ്റവും പുരാതനവും വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ളതുമായ ഒരു രീതിയാണ്. ജാതകം ഇതിൻ്റെ മറ്റൊരു വകഭേദമാണ്. ജാതകം നോക്കൽ അന്ധ വിശ്വാധിഷ്ഠിതമായ ഒരു പ്രവൃത്തിയാണ്. അത് യാഥാർത്ഥ ശാസ്ത്രമായി അംഗീകരിച്ചിട്ടില്ല.
2. ഹസ്‌തരേഖ മുതലായവ. ഹസ്തരേഖ, തേയില, സ്ഫടിക ഗോളം, കാർഡുകൾ മുതലായവയുടെ സഹായത്തോടെയുള്ള ഭാവി പ്രവചനം- ഇവയെല്ലാം സമീപിക്കുന്ന വ്യക്തികളുടെ നിഷ്കളങ്കമായ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു.
3. സ്പിരിറ്റിസം. നിഗൂഢ രഹസ്യങ്ങളും ഭാവിയെക്കുറിച്ചും അറിയാൻ മരിച്ചുപോയ ആളുടെ അരൂപിയെയോ അരൂപിലോകത്തെ മറ്റെന്തെങ്കിലുമോ ആശ്രയിക്കുന്നതാണ്. ഇതൊരു മതമായി ഇന്ന് വളർന്നിട്ടുണ്ട്. ഇത് സത്യവിശ്വാസത്തിനെതിരായ വെല്ലുവിളിയാണ്.
7. മറ്റുമാർഗ്ഗങ്ങൾ
ഇവ കൂടാതെ മറ്റു മാർഗ്ഗങ്ങളും ഭാവി പ്രവചനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് സ്വപ്നവ്യാഖ്യാനങ്ങൾ. തനിക്ക് സംഭവിക്കുന്നതായി ഉറക്കത്തിൽ കാണുന്നവയാണ് സ്വപ്നം. സാധാരണ കാരണങ്ങളാണ് പലപ്പോഴും സ്വപ്നങ്ങൾക്കുള്ളത്. ഉറക്കത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരാൾ ചിന്തിച്ച കാര്യം സ്വപ്നത്തിൽ കാണാൻ സാധ്യതയുണ്ട്. നമ്മുടെ ഭാവനയെ സ്വാധീനിക്കാൻ ശക്തിയുള്ള ദുഷ്ടടാരൂപിക്ക് സ്വപ്‌നങ്ങളെയും സ്വാധീനിക്കാൻ കഴിയും. പക്ഷെ സ്വപ്‌നങ്ങൾ സാത്താൻ്റെ വെളിപാടുകളാണെന്ന് കരുതുന്നത് അന്ധവിശ്വാസമാണ്. ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്ന് കരുന്നതും വിഡ്ഢിത്തമാണ്. ഫ്രോയിഡിനെപ്പോലുള്ള മനഃശാസ്ത്രജ്ഞർ സ്വപ്നങ്ങളെപ്പറ്റി ഗവേഷണം നടത്തി വ്യാഖ്യാനിച്ചിട്ടുണ്ട്. പരഹൃദയ ജ്ഞാനത്തിൻ്റെ സഹായത്താൽ വിശദീകരിക്കുന്നത് തെറ്റല്ല. വിശുദ്ധരായ മനുഷ്യരിൽ അത് ദൈവം വെളിപാടാകാം.
ഹിപ്പ്നോട്ടിസം. കൃത്രിമമായി മനുഷ്യനെ ഉറക്കിക്കിടത്തി അവനിൽ നിന്നും അസാധാരണമായ ഫലങ്ങൾ പുറപ്പെടുവിക്കുന്ന രീതിയാണ്. ഇതിൽ തന്നെ തെറ്റില്ലെങ്കിലും ലക്ഷ്യം തെറ്റായ കാര്യങ്ങൾ ആകുമ്പോഴും, അന്ധവിശ്വാസപരമായ കാര്യങ്ങൾക്കായി നടത്തുമ്പോഴും ഇത് പാപമാകുന്നു.
ദൈവത്തെ അനാദരിക്കൽ
ക്രിയാത്മകമായി ദൈവത്തോട് ബഹുമാനക്കുറവ് കാണിക്കുന്ന നാസ്തികത്വമാണിത്. പ്രത്യക്ഷമോ, പരോക്ഷമോ ആയ പ്രവൃത്തികളിലൂടെ ആകാം. ദൈവത്തെ അനാദരിക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
1. ദൈവത്തെ പരീക്ഷിക്കൽ. ദൈവത്തിൻ്റെ ശക്തിയും ജ്ഞാനവും പരീക്ഷിക്കാനായി ദൈവത്തോടെന്തെങ്കിലും ആവശ്യപ്പെടുകയോ, എന്തെങ്കിലും പ്രവർത്തിക്കുകയോ, പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുന്നതാണ്. രോഗാവസ്ഥയിൽ ദൈവം സുഖപ്പെടുത്തട്ടെ എന്ന് പറഞ്ഞ് മരുന്ന് കഴിക്കാതിരിക്കുന്നത് ഒരു ഉദാഹരണമാണ്.
വാക്കുകളാലോ, അടയാളങ്ങളാലോ, ദൈവത്തെ പരീക്ഷിക്കുന്നത് പ്രകടമായ പരീക്ഷണമാണ്. ഇത് ഗൗരവമായ പാപമാണ്. ചില പ്രത്യേക സന്ദർഭങ്ങളിൽ ഒരു വ്യക്തിയുടെ പെരുമാറ്റം തന്നെ ദൈവത്തെ പരീക്ഷിക്കുന്നതാണെങ്കിൽ അത് പരോക്ഷമായ പരീക്ഷണമാണ്. ഇതും ഗൗരവമായ പാപമാണ്.
2. ദൈവനിന്ദ. നിയതമായ രീതിയിലും വ്യക്തമായ ലക്ഷ്യത്തോടും ദൈവത്തിന് സമർപ്പിതമായിരിക്കുന്ന ഏതെങ്കിലും വ്യക്തിയെയോ, സ്ഥലത്തെയോ, വസ്‌തുവിനെയോ, ധ്വംസിക്കുന്നതാണ് ദൈവനിന്ദ. ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്നവയോട് ചെയ്യുന്ന ധ്വംസനം ആത്യന്തികമായി ദൈവീകാധികാരത്തെ നിഷേധിക്കലാണ്. അതിനാൽ ദൈവനിന്ദ ഗുരുതരമായ പാപമായി കരുതുന്നു.
ദൈവനിന്ദ മൂന്ന് വിധത്തിൽ സംഭവിക്കാം
a. വ്യക്തിസംബന്ധമായ ദൈവനിന്ദ. ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന വ്യക്തിയെ ധ്വംസിക്കുന്നതിനെയാണ് വ്യക്തി സംബന്ധമായ ദൈവനിന്ദ എന്ന് വിളിക്കുന്നത്. ഇതും മൂന്ന് വിധത്തിലുണ്ട്. (i) ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന വ്യക്തിയെ മനഃപൂർവ്വം വേദനിപ്പിക്കുകയോ, ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുന്നത്. ഇത്തരം പ്രവൃത്തികൾക്ക് സഭയിൽ നിന്ന് ബഹിഷ്‌കരണം ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാവുന്നതാണ് (CCEO 1445). (ii) ദൈവത്തിന് സമർപ്പിതരായിരിക്കുന്ന വ്യക്തികൾ തങ്ങളുടെ സമർപ്പണത്തിന് വിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നത്. (iii) ബ്രഹ്മചര്യവ്രതം വഴി ദൈവത്തിന് സമർപ്പിക്കപ്പെട്ടവർ ആ വ്രതം ലംഘിക്കുന്നത്. തിരുപ്പട്ടം സ്വീകരിച്ചവരും, ലളിതമോ ആഘോഷമോ ആയ സന്ന്യാസ നിത്യവ്രതം നേർന്നിട്ടുള്ളവരുമാണ് ഈ ഗണത്തിൽ ഉൾപ്പെടുന്നത്. ഇവർ തമ്മിൽ തമ്മിലോ മറ്റാരെങ്കിലുമോ ആയി ബ്രഹ്മചര്യത്തിനെതിരായി പ്രവർത്തിക്കുമ്പോൾ വ്യക്തിസംബന്ധമായ ദൈവനിന്ദയായിതീരുന്നു.
b. സ്ഥലസംബന്ധമായ ദൈവനിന്ദ. ആരാധനക്രമങ്ങളോ ആശീർവ്വാദമോ വഴി അഭിഷേകം ചെയ്യപ്പെട്ടതോ വിശുദ്ധീകരിക്കപ്പെട്ടതോ ആയ സ്ഥലങ്ങളെ മലിനപ്പെടുത്തുന്നതാണ്. ദൈവാലയങ്ങളും കുരിശുപള്ളികളും സെമിത്തേരികളും പ്രധാനമായും ഇവയിൽ ഉൾപ്പെടുന്നു. സ്ഥലസംബന്ധമായ ദൈവനിന്ദ രണ്ടു വിധത്തിൽ സംഭവിക്കാം. i. വിശുദ്ധ സ്ഥലങ്ങളിലെ ആത്മഹത്യ, കൊലപാതകം, അക്രമം വഴിയുള്ള രക്തം ചൊരിയൽ മുതലായവ സ്ഥല സംബന്ധമായ ദൈവനിന്ദക്ക് കാരണമായിത്തീരുന്നു. ഇത്തരം സംഭവങ്ങൾ മൂലം അശുദ്ധമാക്കപ്പെട്ട വിശുദ്ധസ്ഥലങ്ങളിൽ തിരുക്കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് മുമ്പായി സ്ഥലമേലദ്ധ്യക്ഷന്റെയോ അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ നേതൃത്വത്തിൽ ശുദ്ധീകരണ കർമ്മങ്ങൾ നടത്തേണ്ടതുണ്ട്. ശുദ്ധതക്കെതിരെ ശാരീരിക സംയോഗത്തോടെ വിശുദ്ധസ്ഥലത്ത് ചെയ്യുന്ന പാപവും, അക്രൈസ്തവരെയോ മഹറോൻ ശിക്ഷയിൽപ്പെട്ടവരെയോ പള്ളിയിൽ അടക്കുന്നതും സ്ഥലസംബന്ധമായ ദൈവിന്ദയാണ്. ii. ദൈവാലയത്തെയും മറ്റു വിശുദ്ധസ്ഥലങ്ങളെയും അവയുടെ പവിത്രതക്ക് ചേരാത്ത കാര്യംങ്ങൾക്കായി വിനിയോഗിക്കുന്നതും സ്ഥലസംബന്ധമായ ദൈവനിന്ദയാണ്. ദൈവാലയത്തിനകത്ത് കച്ചവടവും സിനിമയും കലാപരിപാടികളും നടത്തുന്നതും ഇതുപോലുള്ള മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പടുന്നതും ഇതിൽപ്പെടുന്നു.
C. വസ്തുസംബന്ധമായ ദൈവനിന്ദ. സ്വഭാവേന വിശുദ്ധമോ? (കൂദാശകൾ, ദൈവവചനം, തിരുശേഷിപ്പുകൾ മുതലായവ) അഭിഷേകമോ, ആശീർവ്വാദമോ വഴി പവിത്രമാക്കപ്പെട്ടിരിക്കുന്നതോ ആയ വസ്തുക്കളെ (തിരുപാത്രങ്ങൾ, തിരുവസ്ത്രങ്ങൾ, ബലിപീഠം, വിശുദ്ധ തൈലങ്ങൾ, ഹന്നാൻ വെള്ളം, കുരുത്തോല മുതലായവ) മലിനമാക്കുന്നതാണ് വസ്‌തുസംബന്ധമായ ദൈവനിന്ദ. ഇത് രണ്ടു രീതിയിൽ സംഭവിക്കുന്നു. i. കൂദാശകളുടെ അയോഗ്യമായ സ്വീകരണവും പരികർമ്മവും മൂലം, ഇപ്രകാരമുള്ള വിശുദ്ധകുർബാന സ്വീകരണത്തെപ്പറ്റി കാനൻ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട് (CCEO 1442). ii വിശുദ്ധ വസ്‌തുക്കൾ അയോഗ്യതയോടെ കൈകാര്യം ചെയ്യുന്നതുമൂലം. തിരുപാത്രങ്ങളും തിരുവസ്ത്രങ്ങളും യോഗ്യമായ വണക്കവും വിശുദ്ധിയുമില്ലാതെ കൈകാര്യം ചെയ്യുന്നത് വസ്തു സംബന്ധമായ ദൈവനിന്ദയാണ്. ദൈവാലയ ശുശ്രൂഷകരും ദൈവാലയ സൂക്ഷിപ്പുകാരും ഈ പാപം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വിശുദ്ധ വസ്തുവില്പന
ഭൗതിക വസ്തുക്കൾക്ക് പകരമായി ആദ്ധ്യാത്മിക വസ്‌തുക്കൾ കൈമാറ്റം ചെയ്യുന്നതിനെയാണ് വിശുദ്ധ വസ്‌തുവില്പന എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. പരിശുദ്ധാത്മാവിനെ വർഷിക്കാനുള്ള വരം ധനം ഉപയോഗിച്ചുവാങ്ങാൻ ശ്രമിച്ച ശിമയോനെ ആധാരമാക്കിയാണ് ഇംഗ്ലീഷിൽ സൈമണി എന്ന പദപ്രയോഗം ഉടലെടുത്തത് (അപ്പ 8, 18-24). വിശുദ്ധ വസ്‌തുവില്‌പനയുമായി ബന്ധപ്പെടുത്തുമ്പോൾ ഭൗതികവസ്‌തുക്കൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇവയാണ്.
1. പണമോ അതിന് സമാനമായ മറ്റെന്തെങ്കിലും വസ്‌തുക്കളോ
2. പ്രശംസ, അഭിനന്ദനം തുടങ്ങിയ ധാർമ്മിക ഘടകങ്ങൾ
3. കീഴ്വഴക്കം, അനുസരണം, സേവനം തുടങ്ങിയ ശുശ്രൂഷകൾ.
ഭൗതിക വസ്തുക്കൾക്ക് പകരമായി കൈമാറ്റം ചെയ്യപ്പെടാൻ പാടില്ലാത്ത ആദ്ധ്യാത്മിക കാര്യങ്ങൾ ഇവയാണ്. കൂദാശകൾ, കൂദാശാനുകരണങ്ങൾ, പ്രാർത്ഥനകൾ, സഭയിലെ വിവിധ ശുശ്രൂഷാധികാരങ്ങൾ, സന്ന്യാസ സമൂഹങ്ങളിലെ പ്രവേശനം തുടങ്ങിയവ. ഇവ കൂടാതെ ആദ്ധ്യാത്മിക വിഷയങ്ങളോട് ബന്ധമുള്ള ഭൗതിക വസ്തുക്കളും ഉണ്ട്. സഭാശുശ്രൂഷകർക്കുള്ള ജീവനാശം, അഭിഷിക്തകാസകൾ തുടങ്ങിയവ.
വിശുദ്ധ വസ്തുവിൽപന രണ്ടു വിധത്തിലുണ്ട്.
1. ആദ്ധ്യാത്മികമായിട്ടുള്ളതിനോട് നേരിട്ട് ബന്ധപ്പെട്ട ഭൗതിക വസ്തുക്കളോ അതിൽ തന്നെ ആദ്ധ്യാത്മികമായിട്ടുള്ള എന്തെങ്കിലൂമോ വില്ക്കുന്നത്. സന്ന്യാസ സമൂഹങ്ങളിലേക്കുള്ള പ്രവേശനം പണത്തിന് വില്ക്കുന്നത് ഉദാഹരണമാണ്.
2. ആദ്ധ്യാത്മിക കാര്യങ്ങളോട് ബന്ധപ്പെട്ട വസ്‌തുക്കൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഉണ്ടാകാവുന്ന അനാദരവ് ഒഴിവാക്കാനായി സഭ നിരോധിച്ചിരിക്കുന്ന വില്‌പനകൾ ഉണ്ട്. വെഞ്ചരിച്ച കൊന്ത വില്ക്കുമ്പോൾ വെഞ്ചരിപ്പിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ വിലയിൽ നിന്ന് കൂട്ടി വില്ക്കുന്നത് ഈ ഗണത്തിൽപ്പെടുന്നു.
വിശുദ്ധ കുർബാനക്കും മറ്റ് തിരുകർമ്മങ്ങൾക്കും ധർമ്മം സ്വീകരിക്കുന്നത് വിശുദ്ധ വസ്‌തു വില്‌പനയുമായി ബന്ധമില്ല. സഭാശുശ്രൂഷകരുടെ സംരക്ഷണത്തിനായി തിരുകർമ്മങ്ങൾക്ക് ധർമ്മം ഈടാക്കുന്ന പതിവ് സഭാരംഭം മുതൽ നിലവിലുണ്ടായിരുന്നു (1 കോറി 9,14). വിശ്വാസികൾ നല്‌കുന്ന ധർമ്മം സ്വസമർപ്പണത്തിന്റെയും പരിത്യാഗത്തിൻ്റെയും പ്രതീകമായിട്ടാണ് സ്വീകരിക്കപ്പെടുന്നത് (CCEO 715, 716, 1013, 1461) സഭയിലെ നൈയാമിക അധികാരികളാണ് നിയമാനുസൃതം തിരുകർമ്മ ധർമ്മം നിശ്ചയിക്കുന്നത്.
വിശുദ്ധ വസ്തു വില്‌പന പ്രകാരമുള്ള കരാർ ധാർമ്മികമായിത്തന്നെ അസാധുവാണ്. എങ്കിലും അപ്രകാരം നല്‌കിയതോ സ്വീകരിച്ചതോ ആയ വസ്തുക്കൾ ഉത്തരിപ്പുകടത്തിൻകീഴിൽ മടക്കിക്കൊടുക്കാൻ ഇരുകൂട്ടരും ബാദ്ധ്യസ്ഥരാണ്.
ഉപസംഹാരം
ഏകകർത്താവായ ദൈവം, തന്റെ സ്നേഹഭാജനങ്ങളായ ഇസ്രായേൽ മക്കൾ തന്നെ മാത്രമേ ആരാധിക്കാവൂ എന്ന് ആഗ്രഹിച്ചതിന്റെ ഫലമാണ് ഒന്നാം പ്രമാണം. ദൈവത്തിൻ്റെ രക്ഷ ആവോളം അനുഭവിച്ചിട്ടുള്ള ഇസ്രായേൽ ജനം അവിടുത്തെ ആരാധിക്കുന്നതിൽ വീഴ്ചവരുത്തുക മൂലം ശിക്ഷകൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇസ്രായേൽ ജനതയെ സംബന്ധിച്ചിടത്തോളം ഈ പ്രമാണത്തിന് ഒരേ ഒരു അർത്ഥം മാത്രമേ ഉള്ളൂ! നിന്നെ സൃഷ്ടിച്ച് പരിപാലിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവം മാത്രമാണ് ഏകദൈവം! അതിനാൽ മറ്റു ദൈവസങ്കല്‌പങ്ങളെ ആരാധിക്കുകയോ രൂപങ്ങൾ ഉണ്ടാക്കുകയോ ചെയ്യരുത്. ദൈവത്തിൻ്റെ രൂപം പോലും ഉണ്ടാക്കരുത്.
എന്നാൽ ഇന്ന് സഭയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ ഈ പ്രമാണം വളരെയധികം അർത്ഥങ്ങളും വ്യാഖ്യാനങ്ങളും ഉൾക്കൊണ്ടിരിക്കുന്നുവെന്ന് കാണാം. അവയാണ് ആ അദ്ധ്യായത്തിൽ വിശദമാക്കാൻ ശ്രമിച്ചിട്ടുള്ളത്, അടിസ്ഥാന പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, ഉപവി എന്നിവ ഈ പ്രമാണങ്ങളുടെ നെടും തൂണുകളായി നിലകൊള്ളുമ്പോൾ മതാത്മക പുണ്യങ്ങളായ ഭക്തി, ആരാധന, ബലികൾ, കാഴ്‌ചകൾ എന്നിവ മേൽക്കൂരയും തീർക്കുന്നു. അടിസ്ഥാന ശില ക്രിസ്‌തുവായ സഭാസൗധത്തിൻ്റെ ഘടന തന്നെ ഇതാണെന്ന് പറയുന്നതിൽ തെറ്റില്ല.
ദൈവത്തിന്റെ കല്‌പനകൾ പത്തു കല്പനകൾ' ദൈവം ഇസ്രായേൽ ജനത്തിനു മോശ വഴി നൽകിയ നിയമങ്ങൾ പത്തു പ്രമാണങ്ങളുടെ പശ്ചാത്തലം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206