x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ പരിശുദ്ധ ത്രിത്വം

ദൈവം ഏകനാകുന്നു എന്നു ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. ഏകനായ ദൈവത്തിൽ വ്യത്യസ്ത സ്വഭാവമുള്ള മൂന്നു വ്യക്തികൾ എങ്ങനെയുണ്ടാകും. ഈ വിശ്വാസത്തെ എങ്ങനെ മനസിലാക്കണം?

Authored by : Fr. George Panamthottam CMI On 22-Aug-2022

ദൈവം ഏകാനാകുന്നുവെന്നും ഏകനായിരിക്കുന്ന അവിടുന്നിൽ വ്യത്യസ്ത വ്യക്തിത്വമുള്ള മൂന്നു വ്യക്തികളായ പിതാവും പുത്രനും പരിശുദ്ധാത്മാവും ഉണ്ടെന്നുമുള്ള വിശ്വാസം ഒരു രഹസ്യമാണ്. ഈ രഹസ്യത്തെ പരിശുദ്ധതമ ത്രിത്വം എന്നു നാം വിശേഷിപ്പിക്കുന്നു. ഈ വിശ്വാസസത്യമാണു ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്ര രഹസ്യം. പരിശുദ്ധ ത്രിത്വത്തിൽ, മഹത്വത്തിൽ തുല്യരും പ്രതാപത്തിൽ അവിഭക്തരുമായ മൂന്ന് ആളുകളുണ്ടെന്നും എന്നാൽ അവർ നിത്യാരാധ്യനായ ഏക കർത്താവും ഏക ദൈവവുമാണെന്നു നാം വിശ്വസിക്കുന്നു. ഈ രഹസ്യം മനുഷ്യന്റെ സ്വാഭാവിക ബുദ്ധിക്ക് അതീതമാണെങ്കിലും യുക്തിക്ക് വിരുദ്ധമല്ല. എന്നാൽ ഈ രഹസ്യം ദൈവവിശ്വാസം വഴി മാത്രമേ മനുഷ്യനു മനസിലാക്കാൻ കഴിയുകയുള്ളൂ. വിശ്വാസം സംബന്ധിച്ച കാര്യങ്ങളിൽ ദൈവസാക്ഷ്യം അംഗീകരിക്കുന്നവർക്കു മാത്രമേ അവ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറയുന്നതുപോലെ “ഞങ്ങൾ നടക്കുന്നതു കണ്ണിന്റെ കാഴ്ച കൊണ്ടല്ല; വിശ്വാസം കൊണ്ടാണ്" (2 കോറി.5:6,7).

പരിശുദ്ധ ത്രിത്വം ബൈബിളിൽ

രക്ഷാകര ചരിത്രത്തിന്റെ ആരംഭത്തിൽ, പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള സത്യം പൂർണ്ണവ്യക്തതയിൽ വെളിപ്പെടുത്തപ്പെട്ടിരുന്നില്ല. പഴയനിയമത്തിൽ അതിന്റെ പ്രതിരൂപങ്ങൾ കാണാൻ കഴിയുമെങ്കിലും ത്രിത്വത്തിന്റെ രഹസ്യം പൂർണ്ണമായി വെളിപ്പെടുന്നില്ല, എന്നാൽ പുതിയനിയമത്തിൽ മാത്രമാണു ഈ രഹസ്യം വ്യക്തമായി വെളിപ്പെടുന്നത്. 'ത്രിത്വം' എന്ന പദം പുതിയനിയമ ഗ്രന്ഥത്തിലും പ്രയോഗിച്ചു കാണുന്നില്ല. 'ആൾ', 'സ്വഭാവം' എന്നീ പ്രയോഗങ്ങളാണ് കൂടുതലായി കാണുന്നത്.

പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തിൽ ഒരുഭാഗം പഴയനിയമം വ്യക്തമായി പ്രബോധിപ്പിക്കുന്നുണ്ട്. ദൈവം ഒന്നുമാത്രമേയുള്ളുവെന്നു വ്യക്തമായി പ്രസ്താവിക്കുന്നു. “ഇസ്രായേലേ ശ്രവിച്ചാലും; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവത്രേ.. കണ്ടാലും, ഞാൻ മാത്രമേ ദൈവമായുള്ളൂ; വേറെ ദൈവമില്ല" (നിയമ 6:4; 32:39). എങ്കിലും, ദൈവത്തിലെ വ്യത്യസ്തരായ ആളുകളെപ്പറ്റി പരോക്ഷമായ സൂചനകൾ നൽകുന്നവയും, ആ സത്യത്തിന്റെ വെളിപ്പെടുത്തലിനു വഴിയൊരുക്കുന്നവയുമായി കരുതാവുന്ന ചില വാക്യങ്ങൾ പഴയനിയമത്തിൽ കാണുന്നുണ്ട്. ദൈവത്തെക്കുറിച്ചു ബഹുവചനനാമവും സർവ്വനാമ ബഹുവചനവും (ഉല്പത്തി 1:26; 3:22; 11:7) പ്രയോഗിച്ചിരിക്കുന്നത് അതിന്റെ സൂചനയാണ്. ദൈവനാമത്തിന്റെയും ദൈവവിശേഷണങ്ങളുടെയും മുമൂന്നു പ്രാവശ്യമുള്ള ആവർത്തനങ്ങളിലും (നിയമ. 6:4; സങ്കി. 67:7,8; ഏശയ്യ 6:3) അതേ സൂചനകൾ തന്നെ നാം കാണുന്നു. ദൈവത്തെക്കുറിച്ചു 'ജ്ഞാനം', 'ആത്മാവു' (ജ്ഞാനം 7, ഏശയ്യ 32:15; 42:1) എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നതും പരിശുദ്ധ ത്രിത്വത്തിന്റെ സൂചനകളാണെന്ന് സഭാ പിതാക്കന്മാരും ബൈബിൾ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.

പുതിയനിയമത്തിൽ, ദൈവം ഒന്നേയുള്ളൂവെന്നും, ദൈവപുത്രനും സത്യദൈവവുമായ ക്രിസ്തു പിതാവിൽ നിന്നു വ്യതിരക്തനും പിതാവിനാൽ അയയ്ക്കപ്പെട്ടവനുമായ ദൈവമാണെന്നും പരിശുദ്ധാത്മാവ് ദൈവവും വിശ്വാസികളെ സമാശ്വാസിപ്പിക്കുന്നതിനും പ്രകാശിപ്പിക്കുന്നതിനും വേണ്ടി പിതാവിനാലും പുത്രനാലും അയയ്ക്കപ്പെട്ടവനുമാണെന്നു വ്യക്തമായി പരാമർശിക്കപ്പെടുന്നുണ്ട്. ക്രിസ്തുവിന്റെ ജ്ഞാനസ്നാനവേളയിൽ പരിശുദ്ധ ത്രിത്വത്തിന്റെ പ്രകടമായ വെളിപ്പെടുത്തൽ നടക്കുന്നത് സമാന്തര സുവിശേഷങ്ങളിൽ നാം കാണുന്നു (മത്തായി 3:13-17; മർക്കോസ് 1:9-11; ലൂക്കാ 3:21,22).

പുതിയനിയമത്തിലെ ചില വാക്യങ്ങളിൽ പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തെ സമഗ്രമായി പ്രകടമാക്കുന്നു. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ" (മത്തായി 28:19) നിങ്ങൾ ജ്ഞാനസ്നാനം നൽകുവിൻ എന്നാണു ക്രിസ്തു ശിഷ്യന്മാർക്കു നൽകിയ നിർദ്ദേശം. തിരുവത്താഴവേളയിൽ ചെയ്ത പ്രസംഗത്തിൽ ക്രിസ്തു ത്രിത്വത്തിലെ ആളുകളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. “ഞാൻ പിതാവിനോടു അഭ്യർത്ഥിക്കുകയും അവിടുന്നു മറ്റൊരാശ്വാസകനെ നിങ്ങൾക്ക് അയച്ചുതരികയും ചെയ്യും; ആ ആശ്വാസകൻ എന്നേയ്ക്കും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. സത്യത്തിന്റെ ആത്മാവാണ് പ്രസ്തുത ആശ്വാസകൻ" (യോഹ. 14:16,17). ക്രിസ്തുവിന്റെ ദിവ്യദൗത്യം പരിശുദ്ധാത്മാവിന്റെ ദിവ്യദാനത്തിലാണ് പൂർത്തിയാക്കപ്പെടുന്നത്. (യോഹ. 12:49, 15:26, 14:9-21). തിത്വത്തിലെ ആളുകളുടെ വ്യതിരക്തതയെ പരാമർശിക്കുന്ന പല വാക്യങ്ങളും വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലുണ്ട് (യോഹ. 1:29-35; 14:16; 14:26; 16:15). 

പരിശുദ്ധ ത്രിത്വത്തിലെ മൂന്നു ആളുകളെയുംക്കുറിച്ച് പല അവസരങ്ങളിലും ഒരേ വാക്യത്തിൽ സംഗ്രഹിച്ച് പ്രതിപാദിക്കുന്നത് ലേഖനഭാഗങ്ങളിൽ കാണാം. “നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ” (2 കോറി. 13:13). "കൃപാവരങ്ങളിൽ വൈവിധ്യമുണ്ടെങ്കിലും ആത്മാവു ഒന്നുതന്നെ, ശുശ്രൂഷകളിൽ വ്യത്യാസമുണ്ടെങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒന്നേയുള്ളൂ (1 കോറി. 12:4-6; cf. 2 തെസ. 2:13,14; ഗലാ. 4:6; റോമ 15:30). “പിതാവായ ദൈവത്തിന്റെ പൂർവ നിശ്ചയമനുസരിച്ചു ആത്മാവിന്റെ വിശുദ്ധീകരണത്തിനും ഈശോമിശിഹായോടുള്ള അനുസരണത്തിനും തെരഞ്ഞെടുക്കപ്പെട്ടവരേ!” (1 പത്രോ. 1:2; cf. തിത്തോ. 3:4-6; 6. ഹെബ്ര 10:29). 

ഇങ്ങനെ പഴയനിയമത്തിൽ പരോക്ഷമായും പുതിയ നിയമത്തിൽ പ്രത്യക്ഷമായും പരിശുദ്ധ ത്രിത്വം സ്വയം വെളിപ്പെടുത്തുന്നുണ്ട്. വിശുദ്ധഗ്രന്ഥത്തിലെ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദൈവം ഒന്നേയുള്ളൂവെന്നും ആ ദൈവത്തിൽ വ്യത്യസ്ത സ്വഭാവമുള്ള മൂന്നു ആളുകൾ ഉണ്ടെന്നുമുള്ള സത്യം ആദ്യകാലം മുതലേ തിരുസഭ മുറുകെ പിടിക്കുന്നു.

Living faith series : 1 (ചോദ്യം:5)

Living faith series : 1 (ചോദ്യം:5) ദൈവം ഏകനാകുന്നു എന്നു ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. ഏകനായ ദൈവത്തിൽ വ്യത്യസ്ത സ്വഭാവമുള്ള മൂന്നു വ്യക്തികൾ എങ്ങനെയുണ്ടാകും. ഈ വിശ്വാസത്തെ എങ്ങനെ മനസിലാക്കണം? പരിശുദ്ധ ത്രിത്വം പരിശുദ്ധ ത്രിത്വം ബൈബിളിൽ ദൈവത്തിൽ വ്യത്യസ്ത സ്വഭാവമുള്ള മൂന്നു ആളുകൾ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message