x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

ജനിതകശാസ്ത്രം: ധാര്‍മ്മികാപഗ്രഥനം

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

നിതകശാസ്ത്രം ദിനംപ്രതി അദ്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പുതിയ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജീവികളുടെ ജനിതകമാറ്റം മുതല്‍ അതിമാനുഷരുടെ സൃഷ്ടിവരെ അത് എത്തിനില്‍ക്കുന്നു. പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകള്‍ കൂടി ഉളവാ ക്കുന്ന ഈ കണ്ടുപിടിത്തങ്ങളെ ധാര്‍മ്മികമായി  വിലയിരുത്തുകയാണ് ഈ ലേഖനത്തില്‍. ജനിതകഘടനാപദ്ധതി (Human Genome Project), ജീന്‍ തെറാപ്പി എന്നിവയാണ് ഇവിടെ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

  1. ജനിതകഘടനാപദ്ധതി

മനുഷ്യനെ എങ്ങനെയാണ് ജീനുകള്‍കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്നത് എന്നു മനസ്സിലാക്കുന്ന പദ്ധതിക്കാണ് ജനിതകഘടനാപദ്ധതിയെന്നു പറയുന്നത്.1 ഓരോ ജീനും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, ശരീരത്തിന്‍റെ എല്ലാ ഭാഗത്തുമുള്ള അതിന്‍റെ പ്രതികരണം എങ്ങനെയാണ്, മനുഷ്യന്‍റെ വളര്‍ച്ചയില്‍ അത് എങ്ങനെയാണ് സഹായിക്കുന്നത്, മറ്റു ജീവജാലങ്ങളുടെ ജനിതകഘടന എങ്ങനെയാണ്, ഓരോ ജീവജാലത്തിന്‍റെയും  ഉദ്ഭവം എങ്ങനെയാണ് എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

ജനിതകഘടനാ സംഘടനയുടെ (Human Genome Organization) മറ്റൊരു പദ്ധതിയായിരുന്നു Human Genome Diversity Project. ഓരോ മനുഷ്യവംശത്തിന്‍റെയും ജനിതകത്തിന്‍റെ മേന്മ മനസ്സിലാക്കുകയാണ് ഇതിന്‍റെ പ്രധാനലക്ഷ്യം. കൂടാതെ ഇത് മനുഷ്യന്‍റെ ചരിത്രത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സഹായിക്കും.

അമേരിക്കയിലെ ഡിപ്പാര്‍ട്ടുമെന്‍റ് ഓഫ് എനര്‍ജിയും നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹെല്‍ത്തും കൂടി 1990 ല്‍ ജനിതകഘടനാപദ്ധതി തുടങ്ങുകയും 2003-ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ബ്രിട്ടന്‍, ജര്‍മ്മനി, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ ഈ പദ്ധതിയുടെ വിജയത്തിനായി സഹകരിക്കുകയുണ്ടായി. ജനിതകഘടനാപദ്ധതി പ്രധാനമായും ശ്രദ്ധിച്ചത് മനുഷ്യനിലെ 20,000 മുതല്‍ 25,000 വരെയുള്ള ജീനുകളെ മനസ്സിലാക്കുക, മനുഷ്യ ഡി.എന്‍.എ യുടെ ഘടന ഏത് പദാര്‍ത്ഥം കൊണ്ട് രൂപവത്കരിക്കപ്പെട്ടുവെന്നറിയുക, ഈ അറിവുകള്‍ ശേഖരിക്കുക, കിട്ടുന്ന അറിവുകള്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്കുക എന്നിവയായിരുന്നു.2

  1. ജീനുകളും ജീനോമും

ഡി.എന്‍.എ എന്ന നെടുനീളന്‍ തന്മാത്രയുടെ ചില സവിശേഷ ഖണ്ഡങ്ങള്‍ക്കാണ് ജീനുകള്‍ എന്നു പറയുന്നത്. കോശവിഭജനത്തിനും പ്രോട്ടീന്‍ നിര്‍മ്മാണത്തിനും ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ ജീനുകള്‍ നല്കുന്നു. എല്ലാ ജീനുകളും ഒരേ സമയത്ത് സജീവമായിരിക്കുകയില്ല. ഏതു ജീന്‍, എപ്പോള്‍ പ്രവര്‍ത്തിക്കുമെന്ന് കൃത്യമായി പറയുവാന്‍ നമുക്കിപ്പോള്‍ കഴിയുകയില്ല. ഒരു ധര്‍മ്മവും നിര്‍വ്വഹിക്കാനില്ലാത്ത ജീനുകളും ഉണ്ട്. അവയാണ് ചവര്‍ജീനുകള്‍ എന്നു പറയുന്നത്.3

ഇരുപത്തിമൂന്ന് ക്രോമസോമുകളിലായി പടര്‍ന്നുകിടക്കുന്ന ജീവന്‍റെ മുഴുവന്‍ രഹസ്യവിവരണത്തിനും കൂടി പറയുന്ന പേരാണ് ജീനോം. ഓരോ കോശത്തിലും 23 ജോഡി ക്രോമസോമുള്ള രണ്ട് പതിപ്പ് ജീനോം കാണും. എന്നാല്‍ അണ്ഡകോശങ്ങളിലും ബീജകോശങ്ങളിലും ഒരു പതിപ്പ് മാത്രമേ കാണുകയുള്ളൂ. അണ്ഡകോശവും ബീജകോശവും ഒരുമിച്ചുചേരുമ്പോള്‍ ഉണ്ടാകുന്ന കോശത്തില്‍ ഇരുപത്തിമൂന്ന് ജോഡി ക്രോമസോമുണ്ടാകും.4 ജീനോം മുഴുവന്‍ എഴുതപ്പെട്ടിട്ടുള്ള കോഡുകളെ മനസ്സിലാക്കുക എന്നതാണ് ജീനോം സ്വീക്വന്‍സിങ്ങ് കൊണ്ടര്‍ത്ഥമാക്കുന്നത്.

  1. എപ്പിജീനോം

കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി ജനിതകശാസ്ത്രത്തില്‍ നടന്ന ഗവേഷണങ്ങള്‍ എപ്പിജീനോമിന്‍റെ കണ്ടുപിടുത്തങ്ങള്‍ക്ക് കാരണമായി. ജീനുകളുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കോശപദാര്‍ത്ഥങ്ങള്‍ക്കാണ് എപ്പിജീനോം എന്നുപറയുന്നത്. എപ്പി (Epi) എന്ന വാക്കിന്‍റെ അര്‍ത്ഥം മുകളിലെന്നാണ്. ജീനുകളില്‍ നടക്കുന്ന വ്യത്യാസങ്ങള്‍ പഠിക്കുന്നതിനുള്ളതാണ് എപ്പിജനിതകശാസ്ത്രം. ഒരാളുടെ ജനിതകകോഡുകളില്‍ വ്യത്യാസം വരുന്നത് എപ്പിജീനോമിന്‍റെ പ്രവര്‍ത്തനം കൊണ്ടാണ്. ജീനിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഇതാണ്. മനുഷ്യന്‍റെ ഭക്ഷണക്രമം, വൈകാരികാവസ്ഥ, ഗര്‍ഭാവസ്ഥയിലുള്ള അമ്മയുടെ മാനസികാരോഗ്യനില എന്നിവ എപ്പിജീനോമിനെ സ്വാധീനിക്കുകയും തുടര്‍ന്ന് എപ്പിജീനോം ജീനുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയും ചെയ്യും.5 ജനറ്റിക് കോഡുകളില്‍ വരുന്ന മാറ്റം അടുത്തതലമുറയിലേക്ക് പകരും.

എപ്പിജീനോമിന്‍റെ കണ്ടുപിടുത്തം മനുഷ്യനു കിട്ടാന്‍ സാധ്യതയുള്ള നന്മയും തിന്മയും ഏതെന്നു മനസ്സിലാക്കാന്‍ സഹായിച്ചു. പുകവലിക്കുന്നതും, അമിതമായി ഭക്ഷണം കഴിക്കുന്നതും എപ്പിജനറ്റിക്സില്‍ മാറ്റം വരുത്തും. അത് ജീനുകളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍റെ ജീവിതത്തെ തന്നെ നശിപ്പിക്കും. ജീനുകളില്‍ വരുന്ന മാറ്റം ദുഷ്സ്വഭാവങ്ങള്‍ കുട്ടികളിലേക്ക് പകരാന്‍ കാരണമാകും. ഇത് ശിശുമരണത്തിനും രോഗത്തിനും ഇടയാക്കും.

എപ്പിജീനോമിനെക്കുറിച്ചുള്ള പഠനത്തില്‍ നല്ലവാര്‍ത്തയെന്നു പറയാവുന്നത് ശാസ്ത്രജ്ഞര്‍ ഇന്ന് എപ്പിജീനോമില്‍ മാറ്റം വരുത്തുവാന്‍ പരിശ്രമിക്കുന്നു എന്നതുതന്നെ. എപ്പിജനറ്റിക്സ് മരുന്നുകള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള മരുന്നുകളിലൂടെ ജീനിന്‍റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ കഴിയും.6 ഉദാഹരണമായി തെറ്റായ ജീനുകളെ നിയന്ത്രിക്കാനും പുതിയ ജീനുകളെ പ്രവര്‍ത്തിപ്പിക്കാനും കഴിയും.

എപ്പിജനറ്റിക്സിന്‍റെ പ്രവര്‍ത്തനത്തെ മനസ്സിലാക്കിയത്  പല ശാസ്ത്രീയരഹസ്യങ്ങള്‍ക്കും ഉത്തരം നല്കി. ഉദാഹരണമായി ഇരട്ടകളില്‍ ഒരാള്‍ ആരോഗ്യവാനായിരിക്കുന്നതും, മറ്റൊരാള്‍ അനാരോഗ്യവാനായിരിക്കുന്നതും എന്തുകൊണ്ടാണ്? ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരാളുടെ ആയുസിനെ എങ്ങനെയാണ് നിയന്ത്രിക്കുന്നത്? മേല്‍പ്പറഞ്ഞ പ്രശ്നങ്ങളില്‍ ഇരട്ടകളില്‍ ജീനുകള്‍ക്ക് വ്യത്യാസം കാണുകയില്ല. പക്ഷേ എപ്പിജീനോം ജീനുകളുടെ പ്രവര്‍ത്തനക്ഷമതയില്‍ വ്യത്യാസം വരുത്തും. അതുകൊണ്ടാണ് ഇരട്ടകളില്‍ ഇങ്ങനെയുള്ള വ്യത്യാസം കാണുന്നത്. ജീവശാസ്ത്രഞ്ജര്‍ ഈ പ്രതിഭാസത്തെ കംപ്യൂട്ടറിന്‍റെ ഹാര്‍ഡ് വെയറിനോടും സോഫ്റ്റ് വെയറിനോടുമാണ് ഉപമിക്കുന്നത്. ഹാര്‍ഡ്വെയര്‍ ജീനോമും സോഫ്റ്റ് വെയര്‍ എപ്പിജീനോമുമാണ്. മറ്റുതരത്തില്‍പ്പറഞ്ഞാല്‍ എല്ലാവരുടെയും ജീനോം ഒരുപോലിരിക്കും. എന്നാല്‍ എപ്പിജീനോമിന്‍റെ പ്രവര്‍ത്തനഫലമായി ജീനുകളില്‍നിന്നും വ്യത്യസ്ത കോശങ്ങള്‍ ഉണ്ടാകും. അത് മനുഷ്യന്‍റെ നന്മയ്ക്കോ തിന്മയ്ക്കോ കാരണമാകാം.7

  1. ജനിതക ഗവേഷണനേട്ടങ്ങള്‍

ജനിതകഘടനാപദ്ധതിയിലൂടെ സസ്യങ്ങളിലും മൃഗങ്ങളിലും മനുഷ്യനിലും ജനിതകമാറ്റം വരുത്തുവാനും തത്ഫലമായി വലിയനേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കുന്നു.

ജനിതകഘടനാപദ്ധതി കൃഷിവിഭവങ്ങള്‍ക്ക് ഉപകാരപ്രദമാണ്. വിളകളുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും ഉല്‍പാദന ക്ഷമത കൂട്ടുവാനും സഹായിക്കുന്നു.

വീഞ്ഞുണ്ടാക്കാനുപയോഗിക്കുന്ന പ്രസിദ്ധമുന്തിരിയിനമായ 'പിനോനോയിറിന്‍റെ' (Pinot Noir) ജനിതകസാരം ഇറ്റലിയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. ഒരു ഫലസസ്യത്തിന്‍റെ ജനിതക അനുക്രമം ഇതുവഴി ഗവേഷകര്‍ നിര്‍വ്വഹിച്ചു. ഇതിന്‍റെ ഫലമായി കൃഷി മുറകള്‍ മെച്ചപ്പെടുത്താനും കൂടാതെ ജനിതകമാറ്റത്തിലൂടെ നല്ല ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാനും സാധിക്കും.8

കല്ലിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന പായലിന്‍റെ ജനിതക സാരം ജര്‍മ്മനിയിലെ ലിഡ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ മനസ്സിലാക്കി. അതികഠിനമായ ചൂടും ശൈത്യവുമുള്ള വ്യത്യസ്ത കാലാവസ്ഥയില്‍ ഈ പായല്‍ എങ്ങനെ വളരുന്നുവെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. വേനലിനെ ചെറുക്കാനും കൃഷിവിഭവങ്ങള്‍ വികസിപ്പിക്കാനും ഈ അറിവ് ഉപകാരപ്പെടും.9

അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ജനിതകമാറ്റത്തിലൂടെ ഭീമന്‍ മരച്ചീനി ഉല്‍പാദിപ്പിച്ചു. ഒരു ബാക്ടീരിയായുടെ ജീന്‍ മരച്ചീനിയില്‍ നിറച്ചു. ഇതിന്‍റെ ഫലമായി അന്നജോല്‍പ്പാദനം കൂടുതല്‍ നടന്നു. ജനിതകമാറ്റം വരുത്തിയ മരച്ചീനിക്ക് പഞ്ചസാരകളെ അന്നജമാക്കാനുള്ള ശേഷി പതിന്‍മടങ്ങ് കിട്ടുകയുണ്ടായി. ഇങ്ങനെയുള്ള മരച്ചീനിയുടെ കിഴങ്ങുകള്‍ക്ക് സാധാരണ മരച്ചീനിയെക്കാള്‍ 2.6 ഇരട്ടി വലിപ്പം ഉണ്ടാകാം.10

ജനിതകമാറ്റം വരുത്തിയ വിളകളെയാണ് ജി. എം. വിളകള്‍ എന്നുപറയുന്നത് (Genetically Modified Crops). ഇതില്‍ പ്രധാനപ്പെട്ട ഒരിനമാണ് ബി.ടി. വിളകള്‍. ബാസില്ലസ് തുറിന്‍ ജിയന്‍സിസ് എന്ന ബാക്ടീരിയയുടെ ജീന്‍ നിക്ഷേപിച്ചാണ് ബി.ടി. വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.11 അമേരിക്കയില്‍ ബി.ടി. വിളകള്‍ കഴിഞ്ഞ പത്തുവര്‍ഷമായി കൃഷിചെയ്യുന്നു. ഇപ്പോള്‍ 25 രാജ്യങ്ങളിലായി 12.5 കോടി ഹെക്ടറില്‍ ബി.ടി. വിളകള്‍ ഉല്‍പാദിപ്പിക്കുന്നു.

ഇന്ത്യയില്‍ ബി.ടി. പരുത്തിയും ബി.ടി. വഴുതനയുമാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി ബി.ടി. പരുത്തി കൃഷി ചെയ്യുന്നു. 2001-ല്‍ ഹെക്ടറില്‍ 308 കിലോഗ്രാം ആയിരുന്ന ഉല്‍പാദനം 2006-ല്‍ 508 കിലോഗ്രാമായി വര്‍ദ്ധിച്ചു.12 ബഹുരാഷ്ട്രകമ്പനിയായ 'മോണ്‍ സാന്‍റോ മഹീകോ ബയോടെക് ആണ് ബി.ടി. വഴുതന വികസിപ്പിച്ചത്. കൃഷിച്ചെലവ് കുറവാണെന്നതും ഉല്‍പാദനം കൂടുമെന്നതുമാണ് ഇതിന്‍റെ മേന്മ. ബി.ടി. വഴുതന തിന്നാന്‍ ശ്രമിക്കുന്ന കീടങ്ങളെ ഇതിലെ ബി.ടി. ജീന്‍ വിഷവസ്തു  ഉല്‍പാദിപ്പിച്ചു ചെറുക്കുകയാണ്. പരിസ്ഥിതിക്കും നാടന്‍ വഴുതനയ്ക്കും ദോഷകരമല്ലായെന്നു തെളിയുന്നതുവരെ ഇന്ത്യയില്‍ ബി.ടി. വഴുതനയുടെ ഉല്‍പാദനം തല്‍ക്കാലം നിരോധിച്ചിരിക്കുകയാണ്.13

വളരെ ആരോഗ്യമുള്ള മൃഗങ്ങളുടെ വര്‍ദ്ധനവിനും തങ്ങള്‍ക്ക് ഇഷ്ടമുള്ള വളര്‍ത്തുമൃഗങ്ങളുടെ സൃഷ്ടിക്കും ജനിതകശാസ്ത്രം സഹായകമാകുന്നു.

കൊറിയയിലെ ചിയോങ് നാക്ക് നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ജനിതകമാറ്റത്തിലൂടെ ചുവപ്പ്, പച്ച നിറങ്ങളില്‍ രാത്രി തിളങ്ങുന്ന പൂച്ചകളെ സൃഷ്ടിച്ചു. ത്വക്ക് കോശങ്ങളില്‍ റെസ് ഫ്ളുറന്‍സ് പ്രോട്ടീന്‍ ജനിതകമാറ്റത്തിലൂടെയാണ് തിളങ്ങുന്ന മാര്‍ജാരന്മാരെ രൂപപ്പെടുത്തിയത്. പ്രൊഫ. കോക്ക് ക്യൂയെന്‍ "അമ്മപ്പൂച്ചയുടെ ത്വക്ക്കോശങ്ങളില്‍ വൈറസുകളെ വാഹകരായുപയോഗിച്ച് അന്യജീന്‍ മാറ്റിവെച്ചതിലൂടെ തിളങ്ങാനുള്ള ജനിതകശേഷി" നിര്‍മ്മിച്ചു.14 പിന്നീട് ഈ ജനിതകദ്രവ്യത്തെ പൂച്ചയുടെ അണ്ഡകോശത്തില്‍ നിറച്ചു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ 979 പൂച്ചകളുടെ ജീനുകള്‍ പരിശോധിച്ച് പൂച്ചകളുടെ പൂര്‍വികനെ കണ്ടെത്തുന്നതില്‍ വിജയിച്ചു.

ജോര്‍ജിയ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ മനുഷ്യരോട് ഏറ്റവും അടുത്തബന്ധം ചിമ്പാന്‍സികള്‍ക്കാണെന്ന് കണ്ടെത്തുകയുണ്ടായി. മനുഷ്യരുടെയും ചിമ്പാന്‍സികളുടെയും ജീനോമില്‍ വലിയ വ്യത്യാസമില്ലത്രേ. ഡി. എന്‍. എ. യുടെ 63 ദശലക്ഷം അടിസ്ഥാന ജോഡികള്‍ നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.15 മനുഷ്യന്‍റെ ജനിതക കോഡ് 98 ശതമാനം ചിമ്പാന്‍സിയുടെ തന്നെയാണ്.

മനുഷ്യരും കുരങ്ങുകളും തമ്മിലുള്ള ഏറ്റവും പ്രധാന വ്യത്യാസം ഒരു ക്രോമസോമിന്‍റെ എണ്ണം മനുഷ്യര്‍ക്ക് കുറവാണെന്നുള്ളതാണ്. ചിമ്പാന്‍സികള്‍ക്കും ഗറില്ലകള്‍ക്കും ഒറാങ്ങ് ഉട്ടാനുകള്‍ക്കുമെല്ലാം 24 ജോഡി ക്രോമസോമുകളുണ്ട്. പക്ഷേ മനുഷ്യനില്‍ 23 ജോഡിയേ ഉള്ളൂ. ചിമ്പാന്‍സികളിലും ഗോറില്ലകളിലും ഒക്കെയുള്ള രണ്ട് ക്രോമസോമുകള്‍ ഒരുമിച്ചുചേര്‍ന്ന് മനുഷ്യനില്‍ ഒറ്റ ക്രോമസോമായിരിക്കുകയാണ്. ഈ കൂടിച്ചേരല്‍ കൃത്രിമമായി മനുഷ്യന്‍റെ രണ്ടാം ക്രോമസോം പരിശോധിച്ചാല്‍ തെളിയും. കാഴ്ചയില്‍ കാണുന്ന വ്യത്യാസത്തെക്കാളേറെ വളരെ നേര്‍ത്തതാണ് മനുഷ്യനും ചിമ്പാന്‍സികളും തമ്മിലുള്ള അകലം. വെറും മൂന്നുദശലക്ഷം തലമുറകള്‍ക്കപ്പുറം മനുഷ്യരും ചിമ്പാന്‍സികളും ഒരു പൊതുപൂര്‍വ്വികനില്‍നിന്ന് വേര്‍തിരിയും മുന്‍പേ ഇരുകൂട്ടരുടെയും ജനിതകഘടന ഒരുപോലെയായിരുന്നു.16

ജനിതകശാസ്ത്രം മനുഷ്യനില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. മനുഷ്യന്‍ കൈവരിച്ചതും, കൈവരിക്കാവുന്നതുമായ ചില നേട്ടങ്ങളാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.

ജനിതകഗവേഷണം രോഗങ്ങളെക്കുറിച്ച് കൃത്യമായ അറിവ്നേടുവാന്‍ സഹായിച്ചു. ഡി.എന്‍.എ.യുടെ ഏറ്റവും വലിയ പ്രത്യേകത കോശവിഭജനത്തിന്‍റെ സമയത്ത് സ്വന്തം പതിപ്പുകളെടുക്കാന്‍ കഴിയുന്ന തന്മാത്രാ ശ്രേണിയാണെന്നതാണ്. ഡി. എന്‍. എ. അതിന്‍റെ പകര്‍പ്പുകളെടുക്കുന്നത് വളരെ പ്രത്യേകത നിറഞ്ഞ ഒരു പ്രതിഭാസത്തിലൂടെയാണ്. ഈ പകര്‍പ്പെടുക്കല്‍ പ്രതിഭാസത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്ന കോഡുകള്‍ക്ക് ചിലപ്പോള്‍ കൃത്യത നഷ്ടപ്പെടാം. ജനിതകകോഡുകളില്‍ ഉണ്ടാകുന്ന വളരെ സൂക്ഷ്മമായ പോരായ്മകള്‍ പോലും അതിനെ പ്രോട്ടീനുകളാക്കി വിവര്‍ത്തനം ചെയ്യുന്ന സമയത്ത് വലിയ മാറ്റങ്ങള്‍ക്ക് നിദാനമാകും.17 ജീനുകളില്‍ വരുന്ന തീരെ ചെറിയ കോഡ് തകരാറുകളാണ് ഒട്ടുമിക്ക ജനിതകരോഗങ്ങള്‍ക്കും കാരണം. മറ്റൊരുതരത്തില്‍പ്പറഞ്ഞാല്‍ ജീനുകള്‍ക്ക് അബദ്ധത്തില്‍ സംഭവിക്കുന്ന ചില പിഴവുകളാണ് രോഗങ്ങളിലേക്ക് നയിക്കുന്നത്. കാരണം അനേകതവണ പകര്‍പ്പുകളെടുക്കുമ്പോള്‍ ഈ കോഡിന്‍റെ ആവര്‍ത്തനങ്ങള്‍ക്കിടയ്ക്ക് വളരെ ചെറിയ ചില പിശകുകള്‍ പറ്റും. ഈ പിശക് ബീജകോശത്തിലോ അണ്ഡകോശത്തിലോ ആണുണ്ടാകുന്നതെങ്കില്‍ അത് അടുത്ത തലമുറയിലേക്ക് കൈമാറും. ദീര്‍ഘകാലം ഒരുപക്ഷേ രോഗങ്ങള്‍ ഉണ്ടാകാതെ ഈ ചെറിയ പോരായ്മ നിലനില്‍ക്കും. എന്നാല്‍ അടുത്ത തലമുറയിലെ കോശങ്ങളില്‍ ഇതിന്‍റെ അളവ് കൂടുകയും സാധാരണയില്‍ കവിഞ്ഞ വ്യത്യസ്തമായ പ്രോട്ടീന്‍ പുറപ്പെടുവിക്കുകയും മാരകരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.18 ക്രോമസോമിലെ രോഗങ്ങളുടെ കൃത്യമായ ഇരിപ്പിടങ്ങള്‍ തിരിച്ചറിയാന്‍ ജനിതകശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്.  മനുഷ്യനിലെ നാലാം ക്രോമസോമില്‍ ഉള്ള ഒരു ജീനിലാണ് ഹണ്‍ടിങ്ങ്ടണ്‍ എന്ന രോഗത്തിന്‍റെ രഹസ്യം ഒളിഞ്ഞിരിക്കുന്നതെന്ന് 1993-ല്‍ കണ്ടെത്തി. ഇത് ഓര്‍മയെ നശിപ്പിക്കുന്ന രോഗമാണ്. തലച്ചോറിലെ ന്യൂറോണുകളുടെ തകരാറ് വര്‍ദ്ധിച്ച് ഓര്‍മകള്‍ നശിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. ഒരു തല മുറയില്‍നിന്നും അടുത്ത തലമുറയിലേക്ക് ഇത് പാരമ്പര്യമായി സംക്രമിക്കുന്നു. ഉദാഹരണമായി മാതാപിതാക്കന്മാരില്‍ ഈ രോഗത്തിന്‍റെ ജീന്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഈ രോഗം വന്നിരിക്കും.19

  1. ജീന്‍തെറാപ്പി

പാരമ്പര്യമായുള്ള രോഗങ്ങളെ കണ്ടെത്താന്‍ ജനിതക ശാസ്ത്രം സഹായിക്കുന്നു. ഇതേതുടര്‍ന്നു ഗവേഷകര്‍ പുതിയ ചികിത്സകള്‍ കണ്ടുപിടിച്ചു. പോരായ്മ വന്ന ജീനുകളെ പരിഹരിക്കുന്ന പ്രക്രിയയ്ക്കാണ് ജീന്‍തെറാപ്പി എന്നു പറയുന്നത്. പല രീതികളിലാണ് ജീനുകളെ സുഖപ്പെടുത്താന്‍ കഴിയുന്നത്. പ്രവര്‍ത്തനരഹിതമായ ജീനിന്‍റെ സ്ഥാനത്ത് സാധാരണജീനിനെ നിക്ഷേപിക്കുന്നതാണ് ഒരു രീതി. വൈകല്യമുള്ള ജീനുകളെ അതുപോലെതന്നെയുള്ള മറ്റു ജീനുകളുമായി യോജിപ്പിച്ച് നേരെയാക്കുന്ന രീതിയുണ്ട്. ജീനുകളുടെ പ്രവര്‍ത്തനം കൂട്ടുകയോ, കുറയ്ക്കുകയോ നീട്ടുകയോ ചെയ്യാം. വൈകല്യമുള്ള ജീനുകളെ എതിരായി പ്രവര്‍ത്തിപ്പിച്ച് സാധാരണപ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരുവാനും സാധിക്കും.20

രോഗശമനശേഷിയുള്ള ജീന്‍, പോരായ്മകളുള്ള ജീനുകളില്‍ നിക്ഷേപിച്ചാണ് ജീന്‍ തെറാപ്പി നടത്തുന്നത്. രോഗബാധിതങ്ങളായ കോശങ്ങളിലേക്ക് രോഗശമനജീനുകളെ എത്തിക്കാന്‍ കഴിയും. വൈറസുകളുടെ സഹായത്തോടെയാണ് ഇതു സാധിക്കുന്നത്. വൈറസുകള്‍ വളര്‍ന്ന് അവയുടെ ജീനുകള്‍ ശരീരത്തിന്‍റെ

എല്ലാ കോശങ്ങളിലും ആക്രമിക്കുന്നു. ശാസ്ത്രജ്ഞര്‍ ഇതിന്‍റെ മേന്മ മനസ്സിലാക്കി വൈറസ് ജീനുകളെ മാറ്റി അവയുടെ സ്ഥാനത്ത്രോഗശമനജീനുകളെ നിക്ഷേപിച്ചു. ഈ ജീനുകള്‍ രോഗം ബാധിച്ച ജീനുകളെ സുഖപ്പെടുത്തും.21 ഇന്നു പല രീതികളിലുള്ള വൈറസുകളെ ഈ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട് (Retro Viruses, Adeno Viruses, Adeno-Associated Viruses, Herpes Simple Viruses).

ചില ജീനുകളുടെ പ്രവര്‍ത്തനംകൊണ്ടാണ് നമ്മുടെ ശരീരത്തിന് വാര്‍ദ്ധക്യം സംഭവിക്കുന്നത്. ശരീരത്തില്‍ പുതിയ കോശങ്ങള്‍ ഉണ്ടാകുന്ന സമയത്ത് "വ്യത്യസ്തങ്ങളായ പാരിസ്ഥിതിക ആന്തരികസ്വഭാവങ്ങള്‍ മനസ്സിലാക്കി നിയന്ത്രിക്കുക എന്നതാണ്" ഇത്തരം ജീനുകളുടെ ധര്‍മ്മം. ശരീരത്തില്‍ ക്യാന്‍സര്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതിന്‍റെ പരിണിതഫലമായിട്ടുകൂടിയാണ് പുതിയ കോശവിഭജനങ്ങള്‍ക്ക് നിയന്ത്രണം വരുന്നത്. മനുഷ്യന് ജരാനരകള്‍ വരുന്നത് ഈ നിയന്ത്രണം കൊണ്ടാണ്. അനിയന്ത്രിതമായ പുതുക്കല്‍ പണി നമ്മുടെ ശരീരത്തില്‍ നടന്നുകൊണ്ടിരുന്നാല്‍ വാര്‍ദ്ധക്യം നമ്മെ ബാധിക്കുകയില്ല.22 നമ്മുടെ വാര്‍ദ്ധക്യത്തെയും ജരാനരകളെയും നിയന്ത്രിക്കുന്ന പല ജീനുകളെയും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യന്‍റെ ലൈംഗികതയുമായി ബന്ധപ്പെട്ട സ്വഭാവത്തെയും ജനിതകശാസ്ത്രം പഠനവിഷയമാക്കുന്നുണ്ട്. X, Y ക്രോമസോമുകള്‍ മനുഷ്യരുടെ ലിംഗനിര്‍ണയം നടത്തുമ്പോള്‍ അതിലുപരിയായി  മനുഷ്യന്‍റെ ലൈംഗികസ്വഭാവത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നത് ചില ജീനു കളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.23 ലൈംഗികക്രോമസോമുകളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ഒരാളിലും സ്വവര്‍ഗരതി പോലുള്ള ലൈംഗിക ചായ്വുകളുടെ ക്രോമസോമുകളെ ഇന്നേവരെ കണ്ടെത്തിയിട്ടില്ല.24

ആന്തരികവും ബാഹ്യവുമായ ചിന്തയുടെയും വികാരത്തിന്‍റെയും പ്രവര്‍ത്തനത്തിന്‍റെയും ആകെത്തുകയാണ് വ്യക്തിത്വം. വ്യക്തിത്വത്തെ രൂപീകരിക്കുന്ന ഘടകങ്ങള്‍ പാരമ്പര്യം, സംസ്കാരം, സാഹചര്യം എന്നിവയാണ്. മാതാപിതാക്കളുടെ ജീവശാസ്ത്രപരമായ, ശാരീരികമാനസികഘടകങ്ങള്‍ പരമ്പരാഗതമായി കുഞ്ഞുങ്ങളിലേക്ക് കൈമാറ്റപ്പെടുന്നു. പിരിമുറുക്കങ്ങളെയും പ്രശ്നങ്ങളെയും നേരിടാനുള്ള കഴിവിനെയും, രോഗപ്രതിരോധശേഷിയേയും നിയന്ത്രിക്കുന്ന ജീനുകളെ ഓരോന്നോരോന്നായി ജനിതകശാസ്ത്രം ഇന്ന് വേര്‍തിരിച്ചെടുത്തുകൊണ്ടിരിക്കുകയാണ്.25 ഡി.എന്‍.എ. പരിശോധനയിലൂടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ജനിതകശാസ്ത്രത്തിനു കഴിയും. വെറുതെ കുറ്റം ചുമുത്തപ്പെടുന്നവരെ രക്ഷിക്കാന്‍ ഇതു ഉപകാരപ്പെടും. കൂടാതെ പിതൃത്വം, മാതൃത്വം, കുടുംബബന്ധങ്ങള്‍ എന്നിവ മനസ്സിലാക്കാനും എളുപ്പമാകും.26

മനുഷ്യന്‍റെ തന്നെ ഉദ്ഭവത്തെ മനസ്സിലാക്കാന്‍ ജനിതകശാസ്ത്രം പ്രയോജനപ്പെടുന്നു. വംശവര്‍ദ്ധനവില്‍ ശ്രദ്ധിക്കാനും അവിടെ മാറ്റം വരുത്താനും സാധിക്കും. X,Y ക്രോമസോമുകളുടെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തുവാനും ജനിതകശാസ്ത്രത്തിനു  കഴിയും. ജനസംഖ്യാവര്‍ദ്ധനവ്-കുറവ് ഇവയുടെ ചരിത്രപരമായ കാരണങ്ങള്‍ ജനിതകശാസ്ത്രത്തിലൂടെ കണ്ടെത്താന്‍ സാധിക്കുന്നു.

 

ജനിതകശാസ്ത്രത്തിന്‍റെ നേട്ടങ്ങളിലൊന്നാണ് ഭാവി പ്രവചനം. വിവാഹം,  ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലാണ് ഇത് പ്രയോജനപ്പെടുത്തുക. പ്രതിശ്രുതവരന്‍റെയോ, വധുവിന്‍റെയോ രോഗസാധ്യതകള്‍, കഴിവുകള്‍, കഴിവുകേടുകള്‍ എന്നിവയൊക്കെ  ജീനോം സീക്വന്‍സ് പരിശോധിക്കുന്നതിലൂടെ മനസ്സിലാക്കാന്‍ കഴിയും. സ്വന്തം ജനിതകരേഖ മുഴുവന്‍ എഴുതി ലഭിക്കുന്ന കാലത്ത് ഒരു മനുഷ്യന്‍റെ സകല ജീവിതരഹസ്യങ്ങളും നോക്കി മനസ്സിലാക്കി മാത്രമേ വിവാഹത്തിലേര്‍പ്പെടുകയുള്ളു എന്നു വന്നേക്കാം.28 പലരുടെയും വിവാഹം നടക്കാതിരിക്കാനും ഇതു കാരണമാകും.

ഇന്‍ഷുറന്‍സ് മേഖലയില്‍ പോളിസികള്‍ എടുക്കുന്നത് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ്. ഭാവിയില്‍ ഈ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ശരീരത്തിന്‍റെ മുഴുവന്‍ ജീനോം സ്വീക്വന്‍സ് ഉള്‍ക്കൊള്ളുന്നതാകും. അപ്പോള്‍ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി മനസ്സിലാക്കി തങ്ങള്‍ക്ക് ലാഭമുണ്ടാകുന്ന രീതിയിലുള്ള ഇന്‍ഷുറന്‍സ് പോളിസികളെ കമ്പനികള്‍ കൊടുക്കുകയുള്ളൂ.29

നൂറായിരം രഹസ്യങ്ങളാണ് മനുഷ്യശരീരത്തിലുള്ള ജീനുകളില്‍ ഒളിച്ചിരിക്കുന്നത്. ഈ രഹസ്യങ്ങള്‍ മുഴുവനും മനസ്സിലാക്കുക പലപ്പോഴും സാധ്യമാണെന്നു വരുകയില്ല. എങ്കിലും ജനിതകസാങ്കേതികവിദ്യ ജനിതകകോഡുകളെ മുഴുവനായും വായിക്കുന്നതിലൂടെ മനുഷ്യന്‍റെ മുമ്പില്‍ തുറക്കുന്നത് ജീവന്‍റെ അടിസ്ഥാനപരമായ ഘടനതന്നെയായിരിക്കും.30 പക്ഷേ മനുഷ്യജീവനെ ആസ്വാദ്യമാക്കിത്തീര്‍ക്കുന്നത് അപ്രവചനീയമായ രഹസ്യങ്ങളാണ്. എന്നാല്‍ മനുഷ്യന്‍റെ മുഴുവന്‍ ജനിതകരഹസ്യങ്ങളും എഴുതുന്ന ജീനോം സീക്വന്‍സിന് നമ്മുടെ ജീവിതത്തിന്‍റെ സന്തോഷം മുഴുവനും നശിപ്പിക്കാന്‍ കഴിയും. ജീവിതം ആകുലതയും ഭയവുമായി കലാശിക്കാം.

  1. ജനിതകഗവേഷണം ഉളവാക്കുന്ന പ്രശ്നങ്ങള്‍

ഒരേ സമയം നന്മയും തിന്മയും വിതയ്ക്കുന്ന ജനിതകശാസ്ത്രത്തിന് ധാര്‍മ്മികമായി നിരവധി പ്രശ്നങ്ങള്‍ ഉണ്ട്.

ബി.ടി. വിളകളിലുള്ള വിഷജീന്‍ മനുഷ്യരില്‍ ഉണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വിശദമായ പഠനം നടന്നിട്ടില്ല. വിളകളുടെ തനതായ ഗുണങ്ങള്‍ നഷ്ടപ്പെടുത്താനും പരിസ്ഥിതി പ്രശ്നമുണ്ടാക്കാനും ബി.ടി. വിളകള്‍ കാരണമായേക്കാം.27 ജനിതകമാറ്റം വരുത്തിയ വിളകള്‍ എലികളില്‍ പരീക്ഷിച്ചപ്പോള്‍ വിവിധ തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടായി. ബി.ടി.പരുത്തിയുടെ ഇല കഴിച്ച പശുക്കളുടെ ആമാശയങ്ങളില്‍ ദ്വാരങ്ങള്‍ കണ്ടെത്തി. ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ചുള്ള ആശങ്കകള്‍ പലതാണ്.

എങ്ങനെയാണ് ഒരാളുടെ ജനിതകഘടനയില്‍നിന്ന് കിട്ടിയ അറിവ് പ്രയോജനപ്പെടുത്തുന്നത്? ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, കോടതി, സ്കൂള്‍, സൈന്യം എന്നിവയ്ക്ക് ഈ അറിവ് കൊടുക്കുന്നത് ശരിയാണോ? ഒരാളുടെ ജനിതകത്തെക്കുറിച്ചുള്ള അറിവ് സ്വകാര്യമാണോ? ആര്‍ക്കാണ് അത് സൂക്ഷിക്കാനുള്ള അവകാശം? ഒരാളുടെ ജീനോം സ്വീക്വന്‍സ് എങ്ങനെ സമൂഹത്തെയും കുടുംബത്തെയും സഹായിക്കും? ഇനിയും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ചോദ്യങ്ങളാണിവ.

1865-ല്‍ ഡാര്‍വിന്‍റെ കസിനായിരുന്ന സന്‍ഫ്രാന്‍സിസ് ഗാള്‍ട്ടനാണ് മനുഷ്യബുദ്ധിയും കഴിവും പാരമ്പര്യമായി ലഭിക്കുന്നതാണെന്ന ആശയം മുന്നോട്ട് വച്ചത്. ഇത് യുജെനിക്സ് എന്ന വലിയ ചിന്താപദ്ധതിയായി വളര്‍ന്നുവന്നു. കഴിവുകള്‍ തലമുറയിലൂടെ കൈമാറ്റം ചെയ്യപ്പെടണമെങ്കില്‍ ബുദ്ധികുറഞ്ഞവരും വൈകല്യമുള്ളവരുമായ മനുഷ്യരെ പ്രത്യുല്‍പാദനം നടത്താന്‍ അനുവദിക്കരുതെന്ന ചിന്ത വളരെ വേഗം വളര്‍ന്നു. ഇത് പ്രാവര്‍ത്തികമാക്കിയ വ്യക്തിയാണല്ലോ അഡോള്‍ഫ് ഹിറ്റ്ലര്‍. ഗ്യാസ് ചേമ്പറുകളിലൂടെയും യുദ്ധങ്ങളിലൂടെയും അദ്ദേഹം താണനിലവാരമുള്ള അനേകം മനുഷ്യരെ നിര്‍മ്മാര്‍ജനം ചെയ്തു.31  തകരാറുള്ള മനുഷ്യര്‍ തകരാറുള്ള കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കരുതെന്ന ആശയവും യൂജെനിക്സിലുണ്ട്. ജനിതകരേഖ മനസ്സിലാക്കുന്നതുവഴി ഭ്രൂണാവസ്ഥയില്‍ തന്നെ ഗുണനിലവാരമില്ലാത്ത അനേകം ജീവനെ നശിപ്പിക്കാനിടയുണ്ട്. ജനിതകശാസ്ത്രം ഇത്തരുണത്തില്‍ ആധുനിക യുജെനിക്സിനു വഴിതെളിക്കുകയല്ലേയെന്ന് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

6.1 ഉയര്‍ന്ന ബുദ്ധിശക്തി

ബുദ്ധി കൂടുതലോ കുറവോ എന്നളക്കുന്ന IQ കൂട്ടുന്നതിന്‍റെ പൊരുള്‍ മനുഷ്യന്‍റെ ആറാം നമ്പര്‍ ക്രോമസോമിലുള്ള IGFZR എന്നു വിളിക്കുന്ന ജീനിലാണന്ന് 1997-ല്‍ ഒരു സംഘം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭാഷയെ സ്വയം ആര്‍ജിക്കാനും ഉപയോഗിക്കാനുമുള്ള മനുഷ്യന്‍റെ സഹജവാസനയുടെ അടിസ്ഥാനം ഏഴാം ക്രോമസോമിലുള്ള ചില ജീനുകളിലാണെന്ന് തിരിച്ചറിഞ്ഞു.32

ചില മാതാപിതാക്കന്മാര്‍ പറയും തങ്ങള്‍ക്ക് IQ വേണ്ടത്രയില്ല. എന്നാല്‍ തങ്ങളുടെ കുട്ടിക്ക് ആ ഗതി വരരുത്. ജനിതക എഞ്ചിനിയറിങ്ങ് ഉപയോഗിച്ച് കഝവിനെ നിയന്ത്രിക്കുന്ന ജീനില്‍ മാറ്റം വരുത്താന്‍ കഴിയും. ഇതിന്‍റെ ഫലമായി ബുദ്ധികുറഞ്ഞ കുട്ടികള്‍ക്ക് ബുദ്ധികൂട്ടാന്‍ കഴിയും. IQ ജീന്‍ എങ്ങനെയെന്ന് നോക്കിയായിരിക്കാം ഭാവിയില്‍ കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശനം കൊടുക്കുന്നത്. ഇത്തരുണത്തില്‍ ജനിതകഎഞ്ചിനിയറിങ്ങ് വഴി IQ കൂട്ടിയ കുട്ടികള്‍ക്ക് അഡ്മിഷന്‍ ഉറപ്പായിരിക്കും.33

തങ്ങളുടെ മാതാപിതാക്കളില്‍നിന്ന് ഭാവിയില്‍ തങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള തീരാരോഗങ്ങളെ അറിയുവാനുള്ള അവകാശം കുട്ടികള്‍ക്കുണ്ടോ? ഉദാഹരണമായി വിറയല്‍ രോഗമുള്ള ഒരു അമ്മയ്ക്ക് അറിയാം തന്‍റെ കുട്ടികള്‍ക്ക് ഈ രോഗം വരുമെന്ന്. മുന്‍ കരുതലുകളെടുക്കാന്‍ ഈ സ്ത്രീക്ക് മക്കളോട് പറയാമോ? സ്വന്തം ജനിതകസൂത്രങ്ങള്‍ അറിയുവാന്‍ അവകാശമുണ്ടോ എന്നത് സുപ്രധാനമായ ഒരു ധാര്‍മ്മികപ്രശ്നമാണ്.34

6.2 ജനിതകമേന്മ കൈവരിക്കല്‍

ജനിതകമായി മനുഷ്യന്‍റെ പോരായ്മകള്‍ പരിഹരിച്ച് ഒരുവന്‍റെ മേന്മ വര്‍ദ്ധിപ്പിക്കുന്നതിനാണ് ജനിതകമേന്മ കൈവരിക്കുകയെന്നു പറയുന്നത് (Genetic Enhancement).35 ജീനുകളിലൂടെ ഒരുവന്‍റെ സൗന്ദര്യം കൂട്ടുക, കലാപരമായ കഴിവുകള്‍ മെച്ചപ്പെടുത്തുക,  ബുദ്ധിവര്‍ദ്ധിപ്പിക്കുക, കായികശേഷി കൂട്ടുക തുടങ്ങിയവ ജനിതകമേന്മ കൈവരിക്കലിലൂടെ സാധ്യമാകും. രോഗങ്ങള്‍ക്കുള്ള ചികിത്സയും ജനിതകമേന്മ വര്‍ദ്ധിപ്പിക്കാനുള്ള ചികിത്സയും തമ്മില്‍ ധാര്‍മ്മികമായി എന്ത് വ്യത്യാസമാണുള്ളതെന്ന് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

ജീനുകളുടെ പ്രവര്‍ത്തനമാണ് സ്വഭാവരൂപീകരണത്തിന് നിദാനം. എന്നാല്‍ എപ്പിജീനോമിനെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത് ബാഹ്യവും ആന്തരികവുമായ മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ ജീനുകളില്‍ വ്യത്യാസം ഉണ്ടാക്കുന്നുവെന്നതാണ്. വ്യക്തിക്ക് ബാഹ്യലോകവുമായി ഉണ്ടാകുന്ന ഇന്ദ്രിയപരമായ ഇടപെടലുകള്‍ ജീനിന്‍റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു.36 ഇത്തരുണത്തില്‍ ജനിതകം മാത്രമാണോ ജീവിതമെന്ന ചോദ്യം പ്രസക്തമാണ്.

ജനിതകശാസ്ത്രം ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് അവികസിതരാഷ്ട്രങ്ങള്‍ക്കാണ്. ആഗോളവത്കരണത്തിന്‍റെ ഫലമായി ജനിതകമാറ്റം വരുത്തിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, കൃഷിവിളകള്‍ എന്നിവ രോഗങ്ങളെത്തന്നെ ഇറക്കുമതി ചെയ്യാനിടയുണ്ട്. ഒരു രാജ്യത്തിന്‍റെ സ്വാഭാവികഭക്ഷണരീതിയെയും പരമ്പരാഗതമായ കൃഷിവിളകളെയും ഇതു ബാധിക്കും. സാമ്പത്തികമായ പ്രശ്നങ്ങളും സൃഷ്ടിക്കും.

ബഹുരാഷ്ട്രകമ്പനികള്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് അവികസിതരാജ്യങ്ങള്‍ക്ക് ബി.ടി. വിളകള്‍ നല്കുന്നത്. കര്‍ഷകരെ രക്ഷിക്കാനുള്ള ലക്ഷ്യത്തോടെ ബി.ടി. വിളകള്‍ ഉല്‍പാദിപ്പിക്കുന്നതിനെ ന്യായീകരിക്കാനാവും. എന്നാല്‍ ഒരു രാജ്യത്തിന്‍റെ കാര്‍ഷികതകര്‍ച്ചയ്ക്കും പരമ്പരാഗതമായ കൃഷി വിളകളുടെ നാശത്തിനും കാരണമാകുന്ന ജനിതകമാറ്റ പദ്ധതികളെ ധാര്‍മ്മികമായി അംഗീകരിക്കാന്‍ കഴിയുകയില്ല.

  1. കത്തോലിക്കാസഭയുടെ പ്രബോധനം

ജനിതകശാസ്ത്രത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് സമൂഹത്തിലുള്ളത്. കത്തോലിക്കാസഭയുടെ പ്രബോധനമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ, 1953-ല്‍ ജനിതകഗവേഷണത്തെക്കുറിച്ച് എഴുതുകയുണ്ടായി. മനുഷ്യന്‍റെ ആരോഗ്യത്തിനും രോഗശമനത്തിനും ഉപകാരപ്രദമാകുന്ന ഗവേഷണം നല്ലതും പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. നന്മയെ കണ്ടെത്തി അതിനെ പരിപോഷിപ്പിക്കാനും തിന്മയെ കണ്ടെത്തി അതിനെ നിയന്ത്രിക്കാനും ധാര്‍മ്മികനിയമങ്ങളുടെ വെളിച്ചത്തില്‍ സാധിക്കണം. ജനിതക ശാസ്ത്രം മനുഷ്യന്‍റെ നന്മയ്ക്കായി വിനിയോഗിക്കണം.37 എന്നാല്‍ ചിലര്‍ നടത്തുന്ന ജനിതകഗവേഷണം ധാര്‍മ്മിക നിയമങ്ങള്‍ക്ക് അനുസൃതമല്ല.

ജനിതകശാസ്ത്രത്തിലെ കണ്ടെത്തലുകള്‍ ദൈവത്തെ മഹത്ത്വപ്പെടുത്താന്‍ ഹേതുവായിത്തീരണമെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ആഹ്വാനം ചെയ്തു.38 ജനിതകഗവേഷണം മനുഷ്യന്‍റെ  രോഗാവസ്ഥ കണ്ടെത്താന്‍ സഹായിക്കണം. മനുഷ്യശരീരം ദൈവത്തിന്‍റെ ഇരിപ്പിടമാണ്. പരിശുദ്ധാത്മാവിന്‍റെ വാസസ്ഥലമാണ് ശരീരം (1 കോറി 3:17) എന്ന മനോഭാവം ഉണ്ടെങ്കില്‍ മാത്രമേ ദൈവത്തിന്‍റെ ആലയമായ ശരീരത്തിലൂടെ ദൈവത്തെ മഹത്ത്വപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

ജനിതകഘടനയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വെറുമൊരു വസ്തുവായി മാത്രം കാണുന്നത് ശരിയല്ല. ഒരു മനുഷ്യനെപ്പോലും അവന്‍റെ ജനിതകഘടനയനുസരിച്ച് തരം താഴ്ത്തരുത്. മനുഷ്യനു ശാരീരികവും വൈകാരികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായ മാനങ്ങളാണ് ഉള്ളത്. അവ സംരക്ഷിക്കപ്പെടണം.39

ജനിതകഗവേഷണം ധാര്‍മ്മികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം. അതു മനുഷ്യമഹത്ത്വത്തിന് എതിരാകാന്‍ പാടില്ല. കാരണം മനുഷ്യന്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഉത്പ 1:27-28). പൊതുവായ

ജീവശാസ്ത്രസ്വഭാവത്തെ ജനിതകപദ്ധതി ബഹുമാനിക്കേണ്ട തുണ്ട്. ജീനുകളില്‍ വ്യത്യാസം വരുത്തി ഇഷ്ടമുള്ള രീതിയില്‍ മനുഷ്യനെ സൃഷ്ടിക്കുന്നത് ധാര്‍മ്മികമായി സഭ അംഗീകരിക്കുന്നില്ല. ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടെങ്കില്‍ മാത്രമേ മനുഷ്യനെ ബഹുമാനിക്കാന്‍ കഴിയൂ.40

മനുഷ്യജീനുകളെക്കുറിച്ചുള്ള അറിവും അവകാശവും കുറച്ചുപേര്‍ക്ക് മാത്രമുള്ളതല്ല. എല്ലാ സമൂഹത്തിനും അതു പ്രയോജനപ്പെടണം. എല്ലാ മനുഷ്യരുടെയും സ്വകാര്യത ബഹുമാനിക്കപ്പെടണം. ഒരാളുടെ ശാരീരികസ്വകാര്യത അയാളുടെ സമ്മതമില്ലാതെ നശിപ്പിക്കുകയോ കണ്ടെത്തുവാന്‍ പരിശ്രമിക്കുകയോ ചെയ്യരുത്.  ഒരാളുടെ ജനിതകഘടനയെക്കുറിച്ചുള്ള അറിവ് ചികിത്സാപരമായ ആവശ്യത്തിനല്ലാതെ അയാളുടെ സമ്മതമില്ലാതെ പരസ്യമാക്കുന്നത് ശരിയല്ല. ജനിതകഘടനയെക്കുറിച്ചുള്ള അറിവും അവകാശവും വ്യക്തികള്‍ക്ക് തന്നെയാണ്.41 ജനിതകഗവേഷണത്തിനു വിധേയരാകുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ജനിതക അറിവ് പ്രയോജനപ്പെടണം. ഇതില്‍ പങ്കെടുക്കാത്ത വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കൗണ്‍സിലിംഗ് കൊടുക്കുകയും വേണം.

ചില ഭ്രൂണങ്ങള്‍ക്ക് ക്രോമസോമുകളില്‍ ക്രമക്കേടുകളുണ്ടാകാം. അല്ലെങ്കില്‍ പരമ്പരാഗതമായ രോഗം കാണാം. അത്തരത്തിലുള്ള ഭ്രൂണങ്ങളെ നശിപ്പിക്കുന്നത് ധാര്‍മ്മികമായി സഭ അംഗീകരിക്കുന്നില്ല. മനുഷ്യജീവനെ അതിന്‍റെ ആരംഭംമുതല്‍ ഏത് അവസ്ഥയിലായിരുന്നാലും ബഹുമാനിക്കണം. ഗവേഷകര്‍ കൃത്രിമ പ്രത്യുല്‍പാദനത്തിലൂടെ ഭ്രൂണത്തെ നിര്‍മ്മിക്കുന്നതും, മനുഷ്യ ജീനുകളില്‍ മറ്റ് വംശത്തിന്‍റെ ജീനുകളെ കലര്‍ത്തി പുതിയ വംശത്തെ നിര്‍മ്മിക്കുന്നതും സഭ അംഗീകരിക്കുന്നില്ല.

ജനിതകഗവേഷണം ഒരിക്കലും മനുഷ്യന്‍റെ അടിസ്ഥാന പരമായ സ്വഭാവത്തെയും വ്യക്തിത്വത്തെയും ഹനിക്കുന്നതാകരുതെന്ന്  സഭ പഠിപ്പിക്കുന്നു. ഗവേഷണം പരിശോധനയ്ക്കും ചികിത്സക്കും വേണ്ടിയുള്ളതായിരിക്കണം. ഇങ്ങനെയുള്ള ഗവേഷണത്തിന്‍റെ ലക്ഷ്യം ചില വര്‍ഗ്ഗത്തെ നശിപ്പിക്കാനോ ചില സമൂഹത്തെ അനീതിപരമായി ഇല്ലാതാക്കാനോ ആകരുത്.42

രോഗശമനത്തിനുവേണ്ടി ഒരാളുടെ ശരീരത്തിലെ കോശങ്ങളില്‍ നടത്തുന്ന ജീന്‍ തെറാപ്പി സഭ അംഗീകരിക്കുന്നു. ഈ ചികിത്സയിലൂടെ പോരായ്മ വന്ന ജീനുകളെ നന്നാക്കുവാനും, വൈകല്യമുള്ളതിനെ മാറ്റുവാനും ജീനുകളുടെ പ്രശ്നങ്ങളിലൂടെ ഉണ്ടായ മറ്റു രോഗങ്ങളെ ഭേദപ്പെടുത്തുവാനും സാധിക്കും.43

എന്നാല്‍ ലൈംഗികകോശങ്ങളില്‍ നടത്തുന്ന ജീന്‍ തെറാപ്പിയെ മറ്റൊരുതരത്തിലാണ് ധാര്‍മ്മികമായി വിലയിരുത്തുന്നത്. ലൈംഗികകോശങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ജനിതകമാറ്റങ്ങള്‍ ഭാവിതലമുറയ്ക്ക് അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കും.44 ഇന്ന് ഇത്തരത്തിലുള്ള ചികിത്സ മനുഷ്യന്‍റെ നിയന്ത്രണത്തിന് അതീതമാണ്, അപകടകരവുമാണ്. അതുകൊണ്ട് ഇന്നത്തെ പശ്ചാത്തലത്തില്‍ ലൈംഗികകോശങ്ങളില്‍ നടത്തുന്ന ജീന്‍തെറാപ്പിയെ സഭ ധാര്‍മ്മികമായി അംഗീകരിക്കുന്നില്ല.

ഭാവിതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വം എങ്ങനെയാണ്? അവരുടെ അവകാശം, തിരഞ്ഞെടുപ്പ്, ആരോഗ്യം എന്നിവയൊക്കെ നമുക്കു നിശ്ചയിക്കുവാന്‍ കടമയുണ്ടോ? ജനിതക ശാസ്ത്രത്തിന്‍റെ ദീര്‍ഘകാലഫലം എന്തായിരിക്കാം എന്നു മുന്‍കൂട്ടി വിലയിരുത്താന്‍ കഴിയുമോ? ഇങ്ങനെയുളള ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് അനുസരിച്ച് ഉത്തരം കണ്ടെത്തുമ്പോള്‍ മാത്രമേ മനുഷ്യന്‍റെ നന്മയ്ക്ക് ജനിതകശാസ്ത്രം ഉപകാരപ്പെടുകയുള്ളൂ.

ഉപസംഹാരം

ജനിതകശാസ്ത്രം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസത്തിന്‍റെയും മറ്റു മൂല്യങ്ങളുടെയും വെളിച്ചത്തില്‍ വേണം ഇതിനെ വിലയിരുത്തുവാന്‍. ഒരു തലത്തില്‍ അന്ധവിശ്വാസത്തിലൂടെ മനുഷ്യന്‍ തന്‍റെ ഭാവിയെ അറിയാന്‍ പരിശ്രമിച്ചു. മറ്റൊരുതലത്തില്‍ ജനിതകവായനയിലൂടെ ഭാവിയെ മനസ്സിലാക്കാന്‍ വെമ്പല്‍കൊള്ളുന്നു. ഈ രണ്ട് തലങ്ങളിലും ദൈവത്തിലുള്ള വിശ്വാസക്കുറവ് കാണാന്‍ കഴിയും. മനുഷ്യന്‍റെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്ക് അതീതമായി ദൈവം പ്രവര്‍ത്തിക്കുമെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. സഭ ഒരിക്കലും ശാസ്ത്രീയ ഗവേഷണത്തിന് എതിരല്ല. പക്ഷേ ശാസ്ത്രത്തെ അന്ധമായി ആശ്രയിക്കുമ്പോള്‍, വിശ്വാസമില്ലാത്ത യുക്തി, സ്വന്തം സര്‍വ്വാധിപത്യത്തിന്‍റെ മിഥ്യാചിന്തയില്‍ കുടുങ്ങാന്‍ വിധിക്കപ്പെടും. ഇന്ന് നമുക്ക് ആവശ്യമായിരിക്കുന്നത് വിശ്വാസത്തിലധിഷ്ഠിതമായ ശാസ്ത്രീയ അന്വേഷണമാണ്. മരണസംസ്കാരത്തില്‍നിന്നും ജീവസംസ്കാരം വളര്‍ത്തുവാന്‍ ജനിതകശാസ്ത്രത്തിന് സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

 

Genetics: Moral analysis genetics catholic malayalam gentics moral Rev. Dr. Scaria Kanyakonil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message