x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

ലിറ്റര്‍ജിയുടെ അടിസ്ഥാനപ്രമാണങ്ങള്‍

Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 05-Feb-2021

ഭയുടേയും സഭാജീവിതത്തിന്‍റെയും പരമകാഷ്ഠയും (culmen) സ്രോതസ്സും (fons) ലിറ്റര്‍ജിയാണ്. ഈ പരമപ്രധാനമായ ഘടകത്തെക്കുറിച്ചും അതിന്‍റെ വിവിധങ്ങളായ വശങ്ങളെക്കുറിച്ചും ഇദംപ്രഥമമായി സമഗ്രമായ ശാസ്ത്രീയ പഠനം നടത്തിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആണ്. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആദ്യത്തെ പ്രാമാണിക രേഖകൂടിയായ ലിറ്റര്‍ജിയെക്കുറിച്ചുള്ള ഈ പ്രമാണരേഖ (Sacrosanctum concilium) 1963 ഡിസംബര്‍ 4-ാം തീയതിയാണ് പ്രസിദ്ധം ചെയ്തത്. ഇത് ലിറ്റര്‍ജിയെ നിര്‍വ്വചിക്കുന്നത് ഇപ്രകാരമാണ്. ആരാധനക്രമം ക്രിസ്തുവിന്‍റെ പൗരോഹിത്യശുശ്രൂഷയുടെ നിര്‍വ്വഹണമാണ്. അതില്‍ മനുഷ്യവിശുദ്ധീകരണം ഇന്ദ്രിയഗോചരണമായ അടയാളങ്ങളിലൂടെ പ്രകാശിപ്പിക്കുകയും അവയുടേതായ രീതിയില്‍തന്നെ അത് സാക്ഷാത്ക്കരിക്കുകയും ചെയ്യുന്നു. തിരുക്കര്‍മ്മത്തില്‍ പൊതുവായ ആരാധനയെല്ലാംതന്നെ നിര്‍വ്വഹിക്കുന്നത് ക്രിസ്തുവിന്‍റെ മൗതീകശരീരമാണ്, അതായത് ശിരസ്സും അംഗങ്ങളും (ലിറ്റര്‍ജി 7) ലിറ്റര്‍ജിയുടെ അടിസ്ഥാനഘടകങ്ങളെക്കുറിച്ച് ഈ നിര്‍വ്വചനം പരാമര്‍ശിക്കുന്നുണ്ട്. ഇവയില്‍ ഏതാനും ചില ഘടകങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പഠനം നടത്തിയിരിക്കുന്നത്. അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം തിരുക്കര്‍മ്മങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും സജീവമായി അവയില്‍ പങ്കെടുക്കാനും ഇന്ന് അവയില്‍ കണ്ടുവരുന്ന തെറ്റായ പ്രവണതകളെയും അവ്യക്തകളുടേയും തുടച്ചുനീക്കുവാനും ഉപകരിക്കുന്നതാണ്.

ദൈവശാസ്ത്രപരമായ അടിത്തറ (Thological aspect)

ആരാധനക്രമം അടിസ്ഥാനപരമായി ദൈവാരാധനയും സ്തുതിയുമാണ്. മനുഷ്യരെല്ലാം ദൈവത്തിന്‍റെ കലവേലയാണെന്നും ഒരു നിമിഷത്തേക്കുപോലും അവിടുത്തെ കരം പിന്‍വലിക്കുകയാണെങ്കില്‍ നമ്മള്‍ നാമാവശേഷരായി തീരുമെന്നുള്ള അടിസ്ഥാന ചിന്തയില്‍ നിന്നാണ് ഈ ദൈവാരാധന ഉടലെടുക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു ജീവിതായുസ്സുമുഴുവനും ഈ ആരാധനയും സ്തുതിയും നടത്തിയാലും ഒന്നുമാകില്ല എന്ന തിരിച്ചറിവിലേക്ക് നാം നയിക്കപ്പെടുന്നു.

ലിറ്റര്‍ജി ദൈവ-മനുഷ്യസാമാഗമമാണ്. അതിലൂടെ വിശ്വാസികള്‍ ത്രിത്വൈകദൈവത്തിന്‍റെ സന്നിധിയിലേക്ക് പ്രവേശിക്കുകയാണ്. സഭ തന്‍റെ ആരാധന നല്‍കുന്നത് എപ്പോഴും ദൈവത്തിനാണ്, ക്രിസ്തുവിലൂടെയും പരിശുദ്ധാത്മാവിന്‍റെ ഐക്യത്തിലുമാണെന്നു മാത്രം (To the Father through the Son and in the unity of the Holy Spirit) ആയതിനാല്‍ സഭയുടെ എല്ലാ പ്രാര്‍ത്ഥനകളും അഭിസംബോധന ചെയ്യുന്നത് ത്രിത്വത്തിലെ ആദ്യത്തെ ആളായ പിതാവായ ദൈവത്തെയാണ്. എല്ലാ ദിവ്യരഹസ്യങ്ങളുടേയും അടിസ്ഥാന രഹസ്യം ഈ ത്രിത്വൈക ദൈവത്തിന്‍റെ രഹസ്യമാണല്ലോ. ഈ ദൈവ രഹസ്യത്തിലേക്കാണ് വിശ്വാസികള്‍ നടന്നടുക്കേണ്ടതും. എല്ലാ സൃഷ്ടിയുടെയും രക്ഷയുടെയും ആദിയും അന്ത്യവും പിതാവായ ദൈവമാണ് (Mysterium Tremendum caritatis).

രക്ഷാകര ചരിത്രത്തില്‍ ദൈവം നിവര്‍ത്തിച്ച അത്ഭുതപ്രവൃത്തികളുടെ സജീവമായ ഓര്‍മ്മയാചരണം (anamnesis) കൂടിയാണ് ലിറ്റര്‍ജി. ക്രിസ്തുവില്‍ പൂര്‍ത്തീകരിച്ച ഈ ദൈവികമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ലിറ്റര്‍ജി തുടര്‍ന്നുകൊണ്ടുപോകുന്നു. അതുകൊണ്ട് ആരാധനക്രമം അടിസ്ഥാനപരമായി ദൈവകേന്ദ്രീകൃതമാണ്.

ലിറ്റര്‍ജി ക്രിസ്തുകേന്ദ്രീകൃതമാണ്

ലിറ്റര്‍ജിയെക്കുറിച്ചുള്ള നിര്‍വ്വചനത്തില്‍ രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞുവെച്ചു, യേശുക്രിസ്തുവിന്‍റെ പൗരോഹിത്യശുശ്രൂഷയുടെ നിര്‍വ്വഹണമാണ് ആരാധനക്രമമെന്ന്. അവിടുന്ന് ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രഘോഷിച്ചപ്പോഴും തന്‍റെ സഹനത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ആ ദൗത്യം പൂര്‍ത്തീകരിച്ചപ്പോഴും കര്‍ത്താവ് ഈ ശുശ്രൂഷതന്നെയാണ് നിര്‍വ്വഹിച്ചത്. ഇതാണ് ക്രിസ്തുവിന്‍റെ പെസഹാരഹസ്യം. ഈ ആശയം പൊതുവായി പറഞ്ഞാല്‍ സൃഷ്ടികര്‍മ്മം മുതല്‍ അവിടുത്തെ രക്ഷാകരമായ സഹനവും കുരിശുമരണവും ഉത്ഥാനവുംവരെയുള്ള എല്ലാ രക്ഷാകരകര്‍മ്മങ്ങളും ഇതില്‍പെടുന്നു. എന്നാല്‍ കൂടുതല്‍ കൃത്യമായി പറയുകയാണെങ്കില്‍ കര്‍ത്താവിന്‍റെ പീഡാസഹനവും കുരിശുമരണവും ഉത്ഥാനവുമാണ് പെസഹാരഹസ്യംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ രഹസ്യത്തിലൂടെയാണ് അവിടുന്ന് നമ്മെ രക്ഷിച്ചതും വിശുദ്ധീകരിച്ചതും വീണ്ടും ദൈവജനമാക്കിയതും. തിരുസഭ ഈ പെസഹാരഹസ്യം ആഘോഷിക്കുന്നതില്‍ ഒരിക്കലും വീഴ്ചവരുത്തിയിട്ടില്ല. (SC 6) എല്ലാ കൂദാശകളും കൂദാശാനുകരണങ്ങളും അവയുടെ ശക്തി വലിച്ചെടുക്കുന്നത് ഈ സ്രോതസ്സില്‍നിന്നാണ്. പെസഹാരഹസ്യത്തിന്‍റെ വിവിധങ്ങളായിട്ടുള്ള ആഘോഷങ്ങളുടെ ആകെത്തുകയാണ് ലിറ്റര്‍ജി. അതിനാല്‍ എല്ലാ തിരുകര്‍മ്മങ്ങളുടേയും ഹൃദയമാണ് ഈ രഹസ്യം. ഈ ക്രിസ്തുരഹസ്യം വെളിവാകുന്ന ആരാധനാ ക്രമവര്‍ഷത്തിന്‍റെ കേന്ദ്രബിന്ദുവാണ് ഈ രഹസ്യം. ഏതു തിരുക്കര്‍മം ആഘോഷിക്കുമ്പോഴും വിശുദ്ധരുടെ തിരുന്നാളുകള്‍ ആഘോഷിക്കുമ്പോഴും ക്രിസ്തുവിന്‍റെ പെസഹാരഹസ്യം തന്നെയാണ് അനുസ്മരിക്കുന്നത്.

ക്രിസ്തുകേന്ദ്രീകൃതം എന്ന അടിസ്ഥാനഘടകത്തെ കൂടുതല്‍ വെളിപ്പെടുത്തുന്നതാണ് തിരുക്കര്‍മ്മാഘോഷങ്ങളിലെ ക്രിസ്തുവിന്‍റെ സജീവസാന്നിദ്ധ്യം കുര്‍ബാനയിലെ കാഴ്ചവസ്തുക്കളായ തിരുവോസ്തിയിലും തിരുരക്തത്തിലും ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം ഉണ്ട്. ഇതുതന്നെയാണ് ദിവ്യസക്രാരിയിലെ അവിടുത്തെ നിരന്തരസാന്നിദ്ധ്യം. വീണ്ടും അവിടുന്ന് ദൈവവചനത്തില്‍ സന്നിഹിതനാണ്. സുവിശേഷപ്രഘോഷണത്തില്‍ ക്രിസ്തുതന്നെയാണ് ഇന്നും സംസാരിക്കുന്നത്. തിരുക്കര്‍മ്മങ്ങളിലെ കാര്‍മ്മികനായ പുരോഹിതനിലും കര്‍ത്താവിന്‍റെ സാന്നിദ്ധ്യംതന്നെയാണ് വിളിച്ചോതുന്നത്. (alter Christus) മറ്റൊരു ക്രിസ്തുവായിട്ടാണ് കുര്‍ബാനയും മറ്റുതിരുക്കര്‍മ്മങ്ങളും വൈദികന്‍ ദൈവത്തിന് സമര്‍പ്പിക്കുന്നത്. തിരുക്കര്‍മ്മങ്ങള്‍ക്കായി ദൈവാലയത്തില്‍ ഒരുമിച്ചുകൂടിയിരിക്കുന്ന വിശ്വാസികളുടെ സമൂഹത്തിലും കര്‍ത്താവ് സന്നിഹിതനാണ് (മത്താ 18, 20) (SC 7).

പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം

ലിറ്റജിയില്‍ പരിശുദ്ധാത്മാവിന്‍റെ പങ്കിനെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമാണ് ഈ ഭാഗത്ത് പ്രതിപാദിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥനകളും അപേക്ഷകളും ദൈവത്തിനുമുമ്പില്‍ സമര്‍പ്പിക്കാന്‍ ശക്തി നല്‍കുന്നത് പരിശുദ്ധാത്മാവാണ് (യൂദാ 20). ദൈവത്തെ "അബ്ബാ, പിതാവെ" എന്നു വിളിക്കാന്‍ പോലും നമുക്ക് സാധിക്കുന്നത് പരിശുദ്ധാത്മാവിന്‍റെ സഹായത്താലാണ് (റോമ 8, 15, ഗലാ 4,6) "യേശു കര്‍ത്താവാണ്" എന്നു പറയുവാന്‍ സാധിക്കുന്നതും പരിശുദ്ധാത്മാവില്‍ മാത്രമാണ് (എഫേ 5, 18).

തിരുക്കര്‍മ്മങ്ങളില്‍ പ. ആത്മാവിന്‍റെ ഒഴിച്ചുകൂടാനാവാത്ത പങ്കിനെപ്പറ്റിയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും കൂടുതല്‍ വ്യക്തമാക്കുന്ന പദമാണ് "എപ്പിക്ലേസിസ്" (Epiclesis), ഈ ഗ്രീക്കുപദത്തിന്‍റെ വാച്യാര്‍ഥം "സംബോധനംനം, "ആമന്ത്രണം" മുതലായവയാണ്. വി. കുര്‍ബ്ബാനയില്‍ ഈ പദം വളരെയധികം പ്രത്യേക പ്രാധാന്യത്തോടും അര്‍ത്ഥവ്യാപ്തിയോടുമാണ് ഉപയോഗിക്കുന്നത്. സ്തോത്രയാഗകര്‍മ്മത്തില്‍ ദിവ്യബലിയിലെ കാഴ്ചദ്രവ്യങ്ങളായ അപ്പത്തിന്‍റേയും വീഞ്ഞിന്‍റേയും മേല്‍ പ. ആത്മാവിനെ അയച്ച് അവ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളാക്കണമെന്നുള്ള ദൈവത്തോടുള്ള അപേക്ഷയെയാണ് ഒന്നാമത്തെ അല്ലെങ്കില്‍ വിശുദ്ധീകരണ എപ്പിക്ലേസിസ് (consecratory epiclesis) എന്നു വിളിക്കുന്നു.

കര്‍ത്താവിന്‍റെ ശരീരരക്തങ്ങളുടെ സ്വീകരണം വഴി വിശ്വാസികളെല്ലാവരും ക്രിസ്തുവില്‍ ഒരു ശരീരവും ഒരാത്മാവുമായിത്തീരുവാന്‍ പ. ആത്മാവിന്‍റെ ആമന്ത്രണം വിശ്വാസികളുടെ മേല്‍ യാചിക്കുന്നു. ഇതാണ് രണ്ടാമത്തെ അല്ലെങ്കില്‍ ദിവ്യഭോജന എപ്പിക്ലേസിസ് (Comunion Epiclesis). ഈ രണ്ടു എപ്പിക്ലേസിസും പരസ്പരപൂരകങ്ങളാണ്. കൂടാതെ ആദ്യത്തേതിന്‍റെ തുടര്‍ച്ചയും പൂര്‍ണ്ണതയുമാണ് രണ്ടാമത്തേത്.

സഭാകേന്ദ്രീകൃതമാണ് ലിറ്റര്‍ജി

ഓരോ ആരാധനാകര്‍മ്മവും സഭയുടെ ഏറ്റവും പ്രധാനപ്പെട്ട തിരുക്കര്‍മ്മമാണ്. അത് ക്രിസ്തുവിന്‍റെ പ്രവൃത്തിയെന്നതുപോലെ സഭയുടേയും കൂട്ടായ പ്രവൃത്തിയാണ്. "പുരോഹിതരുടെ കരങ്ങളാല്‍", "ഒരു വ്യക്തി ജ്ഞാനസ്നാനം കൊടുക്കുമ്പോള്‍," "തിരുവചനങ്ങള്‍ പ്രഘോഷിക്കപ്പെടുമ്പോള്‍," "സഭ പ്രാര്‍ത്ഥിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുമ്പോള്‍" മുതലായ പദപ്രയോഗങ്ങള്‍ ആരാധനക്രമത്തിലെ തിരുസഭയുടെ ശുശ്രൂഷാഭാഗത്തെയാണ് സൂചിപ്പിക്കുന്നത്. ആയതിനാല്‍ ലിറ്റജി സഭയുടെ മറ്റെല്ലാപ്രവൃത്തികളെയും കവച്ചുവക്കുന്നതും വൈശിഷ്ട്യത്തിലും ഫലദായകത്വത്തിലും യാതൊരു പ്രവൃത്തിയും അതിനെ പിന്നിലാക്കാന്‍ പോരുന്നതല്ലാത്തതുമാണ് (SC 7).

തിരുകര്‍മ്മങ്ങള്‍ ഒരാളുടെ മാത്രം സ്വകാര്യപ്രവര്‍ത്തിയല്ല; മറിച്ച് സഭയുടെ മുഴുവനായുള്ള പ്രവൃത്തിയാണ് (SC 26). സഭാംഗങ്ങള്‍ക്ക് അവരോരുത്തരുടേയും വ്യത്യസ്തമായ ശുശ്രൂഷയും പദവിയുമനുസരിച്ച് വിവിധങ്ങളായ ധര്‍മ്മങ്ങളാണുള്ളതെങ്കിലും തിരുകര്‍മ്മങ്ങള്‍ തിരസഭയെ മുഴുവനായും വെളിപ്പെടുത്തുന്നു. ആയതിനാല്‍ സ്വാകാര്യവും വ്യക്തിപരവുമായ തിരുക്കര്‍മ്മാഘോഷത്തെക്കാള്‍ സമൂഹത്തോടുകൂടിയുള്ള തിരുക്കര്‍മ്മാഘോഷങ്ങള്‍ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്. ദൈവജനം ഒരുമിച്ച് വൈദികരും മറ്റുശുശ്രൂഷികളും കൂടി രൂപാതാദ്ധ്യക്ഷന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന തിരുക്കര്‍മ്മത്തിലാണ് സഭയുടെ പൂര്‍ണ്ണരൂപം തെളിവാകുന്നത്.

ഇന്ദ്രിയഗോചരങ്ങളായ അടയാളങ്ങള്‍ (Perceptible)

ലിറ്റര്‍ജി നടത്തപ്പെടുന്നത് എപ്പോഴും ഇന്ദ്രിയഗോചരങ്ങളായ അടയാളങ്ങളിലൂടെയാണ് . അടയാളങ്ങളിലൂടെയും ബിംബങ്ങളിലൂടെയും മാത്രമെ ലിറ്റര്‍ജി ആഘോഷിക്കുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന് ശരീരം എത്രമാത്രം ആവശ്യമായ് വരുന്നോ അത്രമാത്രം ആവശ്യമാണ് ആരാധനക്രമത്തിന് അടയാളങ്ങള്‍. പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന നിര്‍വ്വചനം സൂചിപ്പിക്കുന്നതുപോലെ, മറ്റൊന്നിന്‍റെ അറിവിലേക്കുനയിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കു ഗോചരമായ വസ്തുവാണ് അടയാളം (വി. അഗസ്റ്റിന്‍).

അടയാളങ്ങള്‍, പ്രകൃതിദത്തമായ അടയാളങ്ങള്‍, വ്യവസ്ഥാപിതമായ (Convetional) അടയാളങ്ങള്‍ മുതലായവയുണ്ടെങ്കിലും ആരാധനക്രമത്തിലെ അടയാളങ്ങളെ അല്ലെങ്കില്‍ പ്രതീകങ്ങളെക്കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത്. ലിറ്റര്‍ജി അടിസ്ഥാനപരമായി ഒരു തിരുവടയാളം തന്നെയാണ്. സഭയുടേയും സഭാംഗങ്ങളുടേയും വിശുദ്ധീകരണത്തിനായുള്ള തിരുവടയാളം. ഈ തലത്തിലൂടെയാണ് നമുക്ക് ലിറ്റര്‍ജിയുടെ പ്രധാന ആഘോഷങ്ങളായ കൂദാശകളെയും കൂദാശാനുകരണങ്ങളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ സാധിക്കുന്നത്. കാണാന്‍ സാധിക്കാത്ത അതിസ്വാഭാവിക വരപ്രസാദം നല്‍കുന്ന കാണപ്പെടുന്ന അടയാളങ്ങളാണല്ലോ കൂദാശകള്‍. ഈ അര്‍ത്ഥത്തിലാണ് സഭാപിതാക്കന്മാര്‍ ലിറ്റര്‍ജിയെ കൂദാശ അല്ലെങ്കില്‍ രഹസ്യം എന്നുവിളിച്ചത് (Sacrementum or mysterium). "ഞാന്‍ ക്രിസ്തുവിനെ അവിടുത്തെ രഹസ്യങ്ങളില്‍ കാണുന്നു" എന്നാണ് വി. അബ്രോംസ് ഉദ്ഘോഷിച്ചത്. ഈ ലോകത്തു ജീവിച്ചപ്പോള്‍ യേശുവില്‍ കണ്ടിരുന്നവ ഇപ്പോള്‍ നാം കാണുന്നത് ദിവ്യരഹസ്യങ്ങളിലാണെന്ന് മഹാനായ വി. ലോയാ പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ഇന്ന് യേശുക്രിസ്തു എന്ന വ്യക്തിയെ അവിടുത്തെ രക്ഷാകരപ്രവൃത്തികളോടും വചനങ്ങളോടുംകൂടെ നാം കാണുന്നത് ആരാധനയുടെ ദിവ്യരഹസ്യങ്ങളിലാണ്.

വിവിധങ്ങളായ അടയാളങ്ങള്‍ ലിറ്റര്‍ജിയില്‍ ഉള്ളതുകൊണ്ട് വിവിധങ്ങളായ തിരുക്കര്‍മ്മങ്ങളുണ്ട്. ആരാധനക്രമത്തിലെ അടയാളങ്ങള്‍ അല്ലെങ്കില്‍ പ്രതീകങ്ങള്‍ കൂദാശാവചനങ്ങള്‍ പോലെയുള്ള വാക്കുകളും, കൈവയ്പുപോലെയുള്ള അംഗവിക്ഷേപങ്ങളും, ജലം, അപ്പം, വീഞ്ഞ്, തൈലം തുടങ്ങളിയ വസ്തുക്കളും ഉള്‍പ്പെടുന്നതാണ്. ഉദാഹരണമായി ദിവ്യബലിയില്‍ നാം കാഴ്ചവയ്ക്കുന്ന അടയാളങ്ങളായ സാധാരണ അപ്പത്തിന്‍റേയും വെള്ളംചേര്‍ത്ത വീഞ്ഞിന്‍റേയും മേല്‍ വൈദികന്‍ കൂദാശാവചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ അവ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളാകുന്നു. അങ്ങനെ നിത്യജീവന്‍ പ്രദാനം ചെയ്യുന്ന രക്ഷാകരമായ ചാലുകളായി (Channels) ഈ തിരുവടയാളങ്ങള്‍ മാറുന്നു.

വചനാധിഷ്ഠിതം

തിരുവചനം തിരുക്കര്‍മ്മങ്ങളുടെ അതിപ്രധാനഘടകങ്ങളിലൊന്നാണ് (SC 24). രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമായി പറയുന്നതുപോലെ, തിരുവചനമില്ലാത്ത ഒരു ആരാധനക്രമവുമില്ല. എല്ലാ തിരുകര്‍മ്മങ്ങളുടെയും ആദ്യത്തെ പ്രധാനഘടകം വചനപ്രഘോഷണകര്‍മ്മമായിരിക്കും. തിരുവചനകര്‍മ്മത്തില്‍ വി. ഗ്രന്ഥവായനകള്‍ മാത്രമല്ല, സുവിശേഷപ്രഭാഷണത്തിലൂടെയുള്ള വ്യാഖ്യാനവും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ, ലിറ്റര്‍ജിയിലുള്ള പ്രാര്‍ത്ഥനകള്‍, തിരുക്കര്‍മ്മഗീതങ്ങള്‍ എല്ലാംതന്നെ വി. ഗ്രന്ഥത്തില്‍നിന്നുമാണ് പ്രചോദനം ഉള്‍കൊള്ളുന്നത്. തിരുവചനത്തില്‍നിന്നുതന്നെയാണ് ആരാധനക്രമത്തിലെ ശാരീരികാംഗ്യങ്ങളും അടയാളങ്ങളും അര്‍ത്ഥം സ്വീകരിക്കുന്നത് (SC 24). അങ്ങനെ ദൈവവചനത്തിന്‍റെ മേശയില്‍നിന്നും പോഷകപ്രദങ്ങളായ വിഭവങ്ങള്‍ ധാരാളമായി ലഭിക്കുന്നതിനുവേണ്ടി വി. ഗ്രന്ഥത്തിലടങ്ങിയിരിക്കുന്ന നിക്ഷേപങ്ങള്‍ വിശ്വാസികള്‍ക്കു പകര്‍ന്നുകൊടുക്കണമെന്ന് കൗണ്‍സില്‍ നിഷ്കര്‍ഷിക്കുന്നു (SC 51). ആയതിനാല്‍ വചനത്തോടുള്ള നിരന്തരമായ സ്നേഹവും തീവ്രമായ ദൈഹവും അഭിവാഞ്ചയും വിശ്വാസികള്‍ വളര്‍ത്തണമെന്ന് കൗണ്‍സില്‍ ഓര്‍മ്മിപ്പിക്കുന്നു (SC 24).

ലിറ്റര്‍ജിയുടെ ആത്യന്തികമായ ലക്ഷ്യം

ആരാധനക്രമത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം ദൈവമഹത്വവും മനുഷ്യവിശുദ്ധീകരണവുമാണ് (SC 7) ലിറ്റര്‍ജിയില്‍ നമ്മുടെ ആരാധനയും പ്രാര്‍ത്ഥനയും സ്തുതിയും പുകഴ്ചയുമെല്ലാം ദൈവമഹത്വത്തിനുവേണ്ടിയാണ് (1 പീറ്റര്‍ 4,11) (എഫേ 5,19). ഇതിന്‍റെ ഒരു തുടര്‍ ഫലമെന്നോണം ലിറ്റര്‍ജിയില്‍ പങ്കെടുക്കുന്ന ഓരോ അംഗവും കൂടുതല്‍ കൂടുതല്‍ വിശുദ്ധീകരിക്കപ്പെടുന്നു. അങ്ങനെ ആരാധനക്രമത്തില്‍ രണ്ടുതരം ഗതികളുണ്ട് . ആരോഹണഗതിയും അവരോഹണഗതിയും. നമ്മുടെ പ്രാര്‍ത്ഥനകളും അപേക്ഷകളും സ്തുതികളും ദൈവസന്നിധിയിലേക്ക് നാം ഉയര്‍ത്തുന്നു. ഇതാണ് ആരോഹണഗതി. അവരോഹണഗതിയില്‍ ദൈവത്തില്‍നിന്ന് നമ്മെ വിശുദ്ധീകരിക്കുവാന്‍ സമൃദ്ധമായ അനുഗ്രഹങ്ങളും കൃപകളും നമ്മിലേക്ക് വര്‍ഷിക്കപ്പെടുന്നു (SC 10).

തിരുകര്‍മ്മങ്ങളും ഭക്തകൃത്യങ്ങളും

തുരുസഭയില്‍ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമാണ് ലിറ്റര്‍ജി. തിരുകര്‍മ്മങ്ങളില്‍ കൂദാശകള്‍, കൂദാശാനുകരണങ്ങള്‍ (മൃതസംസ്കാരകര്‍മ്മം, ആശീര്‍വ്വാദങ്ങള്‍) യാമപ്രാര്‍ത്ഥനകള്‍, ആരാധനക്രമവര്‍ഷത്തിലെ ആഘോഷങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

എന്നാല്‍, തിരുസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ലിറ്റര്‍ജി ഉള്‍ക്കൊള്ളുന്നില്ല (SC 9). മാത്രമല്ല ആരാധനക്രമത്തില്‍ പങ്കെടുക്കുന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല ആദ്ധ്യാത്മികജീവിതം (SC 12). വ്യക്തിപരമായ (സ്വീകാര്യമായ) പ്രാര്‍ത്ഥനയ്ക്ക് ഒരു വിശ്വാസി സമയം കണ്ടെത്തേണ്ടതുണ്ട്. എല്ലാ രഹസ്യങ്ങളും അറിയുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ പ്രതിഫലം സ്വീകരിക്കുന്നതില്‍ ഇതിനുള്ള പങ്ക് ഒട്ടും നിസ്സാരമല്ല (മത്താ 6,6). നമ്മുടെ ജീവിതത്തെ ഇടതടവില്ലാത്ത ഒരു ആത്മീയബലിവസ്തുവായി പിതാവിന് സമര്‍പ്പിക്കണമെന്നുള്ള വി. പൗലോസിന്‍റെ ആഹ്വാനം ഇവിടെ നാം അനുസ്മരിക്കേണ്ടതുണ്ട് (1 തെസ 5,18; റോമ 12,1).

കൂടാതെ വിശ്വാസികളുടെ ആദ്ധ്യാത്മിക വളര്‍ച്ചയില്‍ ഭക്തകൃത്യങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമുണ്ട്. തിരുസഭ അവയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാതന്നെ തിരുസഭയുടെ നിയമങ്ങള്‍ക്കനുസരിച്ചായിരിക്കണെ നടത്തപ്പെടേണ്ടത്. എങ്കില്‍മാത്രമെ അവയില്‍നിന്നു കൂടുതലായി ഫലങ്ങള്‍ സ്വീകരിക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കുകയുള്ളൂ (SC 13). മാത്രവുമല്ല, ഭക്താനുഷ്ഠാനങ്ങള്‍ ലിറ്റര്‍ജിക്കനുസരിച്ചും, ആരാധനാക്രമവര്‍ഷത്തിലെ വിവിധകാലങ്ങള്‍ക്കനുസരിച്ചുമായിരിക്കണം നടത്തപ്പെടേണ്ടത്. അവ ആരാധനാക്രമത്തില്‍നിന്ന് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഉടലെടുക്കുന്നതും ജനങ്ങളെ അതിലേക്കുതന്നെ ആനയിക്കുന്നതുമായിരിക്കണം (SC 13). പരമ്പരാഗതമായി അനുഷ്ഠിച്ചുവരുന്ന ഭക്താഭ്യാസങ്ങളായ ജപമാലയും കുരിശിന്‍റെ വഴിയും വിശുദ്ധരുടെ നാമത്തിലുള്ള നൊവേനകളും വണക്കമാസങ്ങളും തീര്‍ത്ഥാടനങ്ങളും ആദ്ധ്യാത്മികജീവിതത്തിന്‍റെ പൈതൃകങ്ങളാണ്. അവ അവയില്‍തന്നെ വളരെ നല്ലതാണ്. എന്നാല്‍ അവയ്ക്ക് ലിറ്റര്‍ജിയേക്കാള്‍ പ്രാധാന്യം കൊടുത്തുകൊണ്ട് ആഘോഷിക്കപ്പെടുമ്പോള്‍ അവയുടെ ലക്ഷ്യത്തില്‍നിന്ന് മാറിപ്പോവുകയാണ് ചെയ്യുന്നത്. പിന്നീട് അത് പല തെറ്റിദ്ധാരണകളിലേക്കും ആദ്ധ്യാത്മിക അപജയങ്ങളിലേയ്ക്കും വൈകൃതങ്ങളിലേക്കും ജനങ്ങളെ കൊണ്ടെത്തിക്കുന്നു. ആയതിനാല്‍ എപ്പോഴും സൂക്ഷ്മമായ നിരീക്ഷണവും ശ്രദ്ധയും ഈ രംഗത്ത് ആവശ്യമാണ്. എവിടെയെല്ലാം ഭക്തകൃത്യങ്ങള്‍ വളരയെധികം ആവേശകരമായി കാണപ്പെടുന്നുവോ, അവിടെയെല്ലാം അവ ആരാധനക്രമവുമായി ബാലന്‍സുചെയ്യപ്പെടേണ്ടതാണ്. മാത്രവുമല്ല, ഭക്തകൃത്യങ്ങളും ലിറ്റര്‍ജിയും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കേണ്ടതാണ്. ഭക്തമുറകള്‍ക്ക് ലിറ്റര്‍ജിയുടെ അനുശാസനകള്‍ ഉണ്ടാകുന്നതും അതുപോലെതന്നെ ആരാധനക്രമത്തിന് കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടാകുന്നതും ഏറ്റവും ആവശ്യമായ വസ്തുതകളാണ്. എങ്കില്‍ മാത്രമെ അവകൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഉപസംഹാരം

ലിറ്റര്‍ജിയുടെ അടിസ്ഥാനപരമായ ചില ഘടകങ്ങളെക്കുറിച്ചാണ് മേല്‍ വിവരിച്ചത്. ഇവയെക്കുറിച്ച് വ്യക്തമായ അവബോധവും ജ്ഞാനവുമുണ്ടെങ്കില്‍ തിരുക്കര്‍മ്മങ്ങള്‍ അടുക്കും ചിട്ടയുമോടെയും സജീവമായും ഫലപ്രദവുമായി ആഘോഷിക്കുവാന്‍ സാധിക്കുകയുള്ളൂ. ആരാധനക്രമത്തില്‍ ഇന്നുകാണുന്ന പല അവ്യക്തതകളുടേയും തെറ്റായ പ്രവണതകളുടേയും കാരണം അജ്ഞത തന്നെയാണ്. ഈ അറിവില്ലായ്മ ഒരു പരിധിവരെ ദൂരീകരിക്കുവാന്‍ ഈ ചെറുപഠനം ഉപകരിക്കുമെന്നു കരുതുന്നു. എങ്കില്‍ മാത്രമെ, നമ്മുടെ രക്ഷാകരകര്‍മ്മം നിറവേറ്റപ്പെടുന്ന ലിറ്റര്‍ജി ഓരോ വിശ്വാസിയുടേയും ക്രൈസ്തവജീവിതത്തിന്‍റെ പാരമ്യവും സ്രോതസ്സുമായി വിരാജിക്കുകയുള്ളൂ.

Fundamentals of Liturgy catholic malayalam mananthavady diocese Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message