x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ഓംകാരത്തില്‍ നിന്ന് ഒമേഗയിലേക്ക്

Authored by : Mar Joseph Pamplany On 27-Jan-2021

"വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ, ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണമോ"? (മത്താ 11:4)

"അവന്‍ എവിടെയാകുന്നു" (മത്താ 2:4).

"യേശുവിനെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു; ഞങ്ങള്‍ക്ക് അവനെ കാണിച്ചുതരുമോ"?  (യോഹ 19:21).

സുവിശേഷങ്ങളില്‍ യേശുവന്വേഷകരുടെ അധരങ്ങളില്‍ വിടരുന്ന മൂന്നുചോദ്യങ്ങളാണ് മേല്‍പറഞ്ഞവ. ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയത്തെപ്പറ്റിയുള്ള ചിന്തയില്‍ ഈ മൂന്നുചോദ്യങ്ങളും പ്രസക്തമാണ്. ആദ്യചോദ്യം യേശുവിന്‍റെ പഠനങ്ങളെ അംഗീകരിക്കുകയും ദൈവീകതയെ നിരാകരിക്കുകയും ചെയ്യുന്ന ഹൈന്ദവചിന്തകരെ പ്രതിനിധീകരിക്കുമ്പോള്‍ രണ്ടാമത്തെ ചോദ്യം ഭാരതക്രൈസ്തവരുടെ ക്രിസ്ത്വന്വേഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ്. മൂന്നാമത്തെ ചോദ്യമാകട്ടെ ഇന്നാട്ടിലെ നിസ്വരും നിസ്സാഹയരുമായവരുടെ കണ്ഠങ്ങളില്‍ നിന്നുയരുന്നതാണ്. മേല്‍പറഞ്ഞ ത്രിവിധചിന്താധാരകളുടെ അപഗ്രഥനമാണ് ഈ ലേഖനത്തിന്‍റെ ഉള്ളടക്കം.

പാശ്ചാത്യര്‍ പഠിപ്പിച്ചവയുടെ ഭാഷാന്തരീകരണം മാത്രമായിരുന്നു ഇദപര്യന്തം ഇന്ത്യന്‍സെമിനാരി വിദ്യാര്‍ത്ഥികളും സാമാന്യജനങ്ങളും പഠിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തുവിജ്ഞാനീയം. അംഗീകൃതമായൊരു ഇന്ത്യന്‍ക്രിസ്തുവിജ്ഞാനീയം നിലവിലില്ലെന്നുമാത്രമല്ല അതിനുവേണ്ടിയുള്ള ഔദ്യോഗിക സംരഭങ്ങള്‍പോലുമില്ല എന്നതാണ് സത്യം. ഉള്ളതാവട്ടെ, ഏതാനും ഒറ്റപ്പെട്ട ശ്രമങ്ങള്‍മാത്രം. പാശ്ചാത്യപാണ്ഡിത്യത്തിനന്യമായതൊക്കെ പാഷണ്ഡതയായി പരിഗണിക്കപ്പെടുന്ന പരിതോവസ്ഥയില്‍ ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ മുന്നിലുള്ള ചക്രവാളങ്ങള്‍പോലും ഇരുണ്ടതാണ്. ഗ്രീക്കുചിന്തയെ ഉപജീവിച്ച് ക്രിസ്തുദര്‍ശനം രൂപപ്പെടുത്താന്‍ ആദിമസഭ കാണിച്ച തന്‍റേടമാണ് ഇന്ത്യന്‍ചിന്തയെ ഉപജീവിച്ച് ക്രിസ്തുദര്‍ശനം നടത്താന്‍ ഭാരതീയര്‍ക്കുണ്ടാവേണ്ടത്. ഇത്തരത്തിലുള്ള മൂന്ന് സംരഭങ്ങളുടെ വിശകലനമാണിവിടെ നടത്തുന്നത്. പാശ്ചാത്യ-പൗരസ്ത്യ ചിന്താരീതികളുടെ വ്യത്യാസം കണക്കിലെടുത്തെങ്കില്‍ മാത്രമേ പാശ്ചാത്യരീതിയില്‍ പരിശീലിപ്പിക്കപ്പെട്ട മനസ്സുകള്‍ക്ക് ഇന്ത്യന്‍ദര്‍ശനം മനസ്സിലാകൂ.

 I. ഹൈന്ദവരുടെ ക്രിസ്തുവിജ്ഞാനീയം

യേശുക്രിസ്തുവിനെക്കുറിച്ച് അക്രൈസ്തവരായ ഭാരതീയര്‍ ചിന്തനീയങ്ങളായ പല പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. ഒരു ദൈവസാസ്ത്ര ചിന്താധാരയുടെ പരിപ്രേഷ്യത്തില്‍ ഒതുക്കാനാവാത്തവിധം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് പ്രസ്തുത ചിന്താധാരകളില്‍ പലതും. അവയുടെ വസ്തുനിഷ്ഠമായ വിശകലനം വിസ്താരഭയംമൂലം അസാധ്യമാണെന്നിരിക്കെ പ്രസ്തുത ചിന്താധാരകളിലൂടെ ഒരു ഓട്ടപ്രതിക്ഷണം മാത്രമേ ഇവിടെ ലക്ഷ്യമാക്കുന്നുള്ളു. ഇന്ത്യന്‍ ദേശീയതയുടെ പ്രചാരകനും പ്രവാചകനുമായ രാജാറാം മോഹന്‍റോയി ബ്രഹ്മസമാജത്തിന്‍റെ പ്രയോക്താക്കളായ കേശവ് സുന്ദര്‍സെന്‍, പി.സി. മസൂന്ദാര്‍, നവീനാദ്വൈതത്തിന്‍റെ വക്താക്കളായ ശ്രീരാമകൃഷ്ണപരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, ശ്രീ. എസ്. രാധാകൃഷ്ണന്‍; രാഷ്ട്രപിതാവായ മഹാത്മാഗാന്ധി എന്നിവരുടെ ചിന്തകളില്‍ വിരിഞ്ഞ ക്രിസ്തുദര്‍ശനത്തിന്‍റെ വിശകലനമാണിവിടെ വിവക്ഷിക്കുന്നത്.

 രാജാറാം മോഹൻറോയ്

യുക്തിയുടെ സ്പടികകണ്ണാടിയിലൂടെ മതാത്മകതയെ കടത്തിവിട്ട് വിശ്വാസവിശ്ലേഷണം നടത്തിയ സത്യാന്വേഷിയായിരുന്ന രാജാറാമിന്‍റെ ക്രിസ്തുദര്‍ശനങ്ങള്‍ പലതും പാശ്ചാത്യ മിഷിനറിമാരുമായുള്ള വാദപ്രതിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇതള്‍ വിടര്‍ത്തുന്നത്. പ്രധാനമായും, ബംഗാളിലെ ബാപ്റ്റിസ്റ്റു സഭാംഗമായ ഡോ. ജോഷ്വാ മാര്‍ഷ്മാന്‍ എന്ന പാശ്ചാത്യ പണ്ഡിതനുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ വാദപ്രതിവാദം.

ആത്മസാക്ഷാത്കാരത്തിലേക്കുള്ള വഴികാണിച്ചുതന്ന മഹാനായ ഗുരുവായി രാജാറാം യേശുവിനെ അംഗീകരിക്കുന്നു. സകല സൃഷ്ടികള്‍ക്കും മുമ്പേയുള്ളവനും സകലത്തിലും ആദ്യജാതനും മനുഷ്യാവതാരത്തിനു മുമ്പ് ഉണ്ടായിരുന്നവനുമാണ് യേശു എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാല്‍ യേശു ദൈവമായിരുന്നു എന്ന് വിശ്വസിക്കാന്‍ അദ്ദേഹം തയ്യാറല്ല. ആദ്യജാതനെങ്കിലും യേശു ഒരു സൃഷ്ടിയാണെന്ന് അദ്ദേഹം വാദിച്ചു. താന്‍ പിതാവിന് അതീനനാണെന്ന് യേശുതന്നെ പറയുന്ന വചനങ്ങള്‍ യേശുവിന്‍റെ ദൈവികതയുടെ നിരാസനത്തിന് നിദര്‍ശനങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു:

"യേശുതന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് താന്‍ പിതാവിനെക്കാള്‍ താഴ്ന്നവനാണെന്ന് (യോഹ 17:5, 6:24, 9:35-37; 17:1-2, 1:34-42). പിതാവില്‍നിന്ന് ലഭിച്ചതാണ് തന്‍റെ ദൗത്യമെന്നും താന്‍ പിതാവിനെ അനുസരിക്കേണ്ടവനാണെന്നും യേശു പറയുന്നു. പിതാവ് തന്നെക്കാള്‍ വലിയവനാണെന്ന് യേശു പറയുന്നതില്‍നിന്നും യേശു ദൈവമല്ലെന്ന് അനുമാനിക്കാം." താനും പിതാവും ഒന്നാണെന്ന് യേശു പറയുമ്പോള്‍ അസ്തിത്വത്തിന്‍റെ ഐക്യമല്ല ഇച്ഛാശക്തിയുടെ ഐക്യമാണ് വിവക്ഷിക്കുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ വാദം (Unitty of Will; not Identitiy of  being). പാപപരിഹാരാര്‍ത്ഥമുള്ള ബലിയായിരുന്നു യേശുവിന്‍റെ മരണം എന്ന ആശയവും അദ്ദേഹത്തിന് അസ്വീകാര്യമായിരുന്നു. ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ് മനുഷ്യാവതാരം ചെയ്ത ക്രിസ്തുവെന്ന ക്രൈസ്തവദര്‍ശനം ഏകദൈവവിശ്വാസത്തിന് എതിരാണെന്ന് അദ്ദേഹം വാദിച്ചു.

രാജാറാമിന്‍റെ ആശയങ്ങളെ എതിര്‍ത്തുകൊണ്ട് ദൈവശാസ്ത്രവിജിന്തനം നടത്തിയ പ്രമുഖരായിരുന്നു  ലാല്‍ ബാഹാരിഡെയും നെഹെമിയാ ഗോറെഹും.

 കേശവ് സുന്ദര്‍ സെന്‍

എല്ലാ മനുഷ്യരിലും ദൈവികതയുടെ ആവിഷ്കാരമുണ്ടെന്ന ഉപനിഷദര്‍ശന (ഈശോ 1,1) മായിരുന്നു സുന്ദര്‍സെന്നിന്‍റെ ചിന്തയുടെ പ്രതിമാനം. യേശുവില്‍ ദൈവിതയുടെ പൂര്‍ണ്ണമായ ആവിഷ്കാരം നിലവിലുണ്ടെന്ന് അദ്ദേഹം കരുതി. ദൈവവുമായുള്ള ഗാഢബന്ധം മൂലം യേശു പൂര്‍ണ്ണതയുള്ള മനുഷ്യനായിരുന്നു. ഈ ഗാഢബന്ധം സാമീപ്യംമൂലമാണെന്നും സത്താപരമല്ലെന്നും വാദിച്ചുകൊണ്ട് യേശുവിന്‍റെ ദൈവികതയെ അദ്ദേഹം നിഷേധിച്ചു. ക്രൈസ്തവ മിഷിനറിമാരുടെ മതപരിവര്‍ത്തനത്തെ എതിര്‍ത്ത അദ്ദേഹം "ക്രിസ്തുവിന്‍റെ ഹൈന്ദവസഭ" (Hindu Church of Christ) എന്ന നവീന ആശയം പകരമായി മുന്നോട്ടുവച്ചു. ആശയതലത്തില്‍ നിന്ന് പ്രായോഗികതലത്തിലേക്ക് നയിച്ചുകൊണ്ട് പ്രസ്തുതദര്‍ശനത്തിന് അദ്ദേഹം ജീവന്‍ നല്കി. 1866 ല്‍ അദ്ദേഹവും അനുയായികളും യേശുവിന്‍റെ ദര്‍ശനം അംഗീകരിക്കുന്ന ഹൈന്ദവസമൂഹം സ്ഥാപിച്ചു. യഥാര്‍ത്ഥ യോഗിയായി (true Yogi) യേശുവിനെ പരിഗണിച്ച സുന്ദര്‍സെന്‍ മതപരിവര്‍ത്തനത്തെക്കുറിച്ചുയര്‍ത്തിയ ചോദ്യങ്ങളിന്നും പ്രസക്തമാണ്. ഹൈന്ദവസഭയെ കൂടുതല്‍ അറിയാന്‍ ഈ ചോദ്യങ്ങള്‍ ഉപകരിക്കും.

 1. അക്രൈസ്തവസംസ്കാരങ്ങളോടും മതങ്ങളോടുമുള്ള ക്രൈസ്തവമതത്തിന്‍റെ നിലപാട് എന്താണ്?
 2. ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയില്‍ അക്രൈസ്തവമതങ്ങളുടെ പങ്ക് എന്താണ്?
 3. ഹിന്ദുക്കളുടെ പരിവര്‍ത്തനമാണോ, ഹിന്ദുമതത്തിന്‍റെ പരിവര്‍ത്തനമാണോ ഭാരതക്രൈസ്തവര്‍ലക്ഷ്യമാക്കുന്നത്?
 4. ഒരു ഹിന്ദുവിനെ ക്രിസ്തുവിലേക്കു നയിക്കാന്‍ ഹിന്ദുമതത്തിനാവുകയില്ലേ?
 5. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിലൂടെ ഒരു ഹൈന്ദവന് ക്രിസ്തുവിനെക്കുറിച്ച് പുതുതായി എന്തെങ്കിലും ലഭിച്ചുന്നുണ്ടോ?
 6. ഹിന്ദുമതത്തില്‍തന്നെയുള്ള നന്മയിലേക്കുള്ള നവീകരണത്തെക്കുറിച്ച് ക്രിസ്തുമതത്തിന്‍റെ അഭിപ്രായമെന്താണ്?
 7. ഹൈന്ദവ-ക്രൈസ്തവര്‍ എന്ന ആശയം എന്തുകൊണ്ട് സ്വീകരിച്ചുകൂടാ?

ക്രിസ്തുവിനെ മാര്‍ഗ്ഗദര്‍ശിയായി അംഗീകരിച്ച സുന്ദര്‍സെന്‍ ക്രിസ്തുമതത്തിന്‍റെ സംവിധാനങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിച്ചു. സുന്ദര്‍സെന്നിന്‍റെ ശിഷ്യനായിരുന്ന പി. സി. മൊസൂന്ദാറും ഇതേപാതയിലാണ് ചിന്തിച്ചിരുന്നത്.

 ബ്രഹ്മോ ബാന്ധവ് ഉപാധ്യായ

ക്രിസ്തുവിനെക്കുറിച്ച് പഠിക്കുകയും ക്രിസ്ത്യാനിയാവുകയും ചെയ്ത ഭാരതീയ ചിന്തകനാണ് ഉപാധ്യായ. ശ്രീരാമകൃഷ്ണന്‍റെ ശിഷ്യനും സ്വാമി വിവേകാനന്ദന്‍റെ സഹപാഠിയുമായിരുന്ന ഉപാധ്യായ സച്ചിദാനന്ദദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രിസ്തുദര്‍ശനം നടത്തിയ വ്യക്തിയാണ്. സച്ചിദാനന്ദ (Sat- Cit- Ananda) ത്തിലെ രണ്ടാമത്തെ ഘടകമായ ചിത്താണ് (Cit) വചന (Logos) മായ യേശു എന്ന് അദ്ദേഹം കരുതുന്നു. വേദങ്ങളെ ഇന്ത്യയുടെ പഴയനിയമ ഗ്രന്ഥങ്ങളായി പരിഗണിക്കണമെന്നും ഭാരതീയ സന്യാസജീവിതശൈലി ക്രൈസ്തവസന്യാസികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വാദിച്ചു. കേശവ് സുന്ദര്‍സെന്നിന്‍റെ 'ഹൈന്ദവസഭ' എന്ന ആശയം അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. ഒരു ഹൈന്ദവ കത്തോലിക്കനായി സ്വയം പരിചയപ്പെടുത്തുന്ന ഉപാധ്യായ പറയുന്നു:

"ജന്മംകൊണ്ട് എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്. മരണംവരെ അങ്ങനെയായിരിക്കുകയും ചെയ്യും.എന്നാല്‍ നാം ദ്വിജരായതിനാല്‍ കൗദാശിക ജന്മത്തിലൂടെ യേശുവുമായി കാലദേശങ്ങളെ അതിജീവിക്കുന്ന ബന്ധത്തിലേര്‍പ്പെടുന്നു".

വ്യത്യസ്തമായ ഇന്ത്യന്‍ ദര്‍ശനശാഖകളില്‍ ക്രിസ്തുമതത്തിന്‍റെ എല്ലാ ദര്‍ശനങ്ങളും കണ്ടെത്താനാകുമെന്ന് ഉപാധ്യായ വിശ്വസിച്ചു: എല്ലാം ഉത്ഭവിച്ചത് പരമമായ സത്തയില്‍ (eternal essence) നിന്നാണ് (വേദാന്തദര്‍ശനം), മനുഷ്യാവതാരവും ദൈവത്തിന്‍റെ കൃപാവരവും രക്ഷയ്ക്ക് അനുപേക്ഷണീയമാണ് (വൈഷ്ണവദര്‍ശനം), അനുഷ്ഠാനവിധികള്‍ (Sacramental rites) ശുദ്ധീകരണോപാധികളാണ് (സാംഖ്യദര്‍ശനം). ചുരുക്കിപ്പറഞ്ഞാല്‍, "ശാരീരിക മാനസികഘടനയില്‍ നാം ഹൈന്ദവരും അമര്‍ത്യമായ ആത്മാവിന്‍റെ ഘടനയില്‍ നാം ക്രൈസ്തവരുമാണ്". അതുകൊണ്ടാണ് എല്ലാം ഭാരതക്രൈസ്തവരും ഹൈന്ദവ-ക്രൈസ്തവരാണ് എന്ന് അദ്ദേഹം വാദിച്ചത്. ക്രിസ്തു ദൈവമാണെന്ന് അദ്ദേഹം വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു.

 ശ്രീരാമകൃഷ്ണനും വിവേകാനന്ദനും

അനുഭവമാണ് ഈശ്വരസാക്ഷാത്കാരത്തിനുള്ള മാധ്യമമെന്നും എല്ലാ മതങ്ങളും ഈശ്വരനിലേക്കുള്ള വഴികളണെന്നുമുള്ള മതേതരവാദമായിരുന്നു ശ്രീരാമകൃഷ്ണന്‍റേത്. എല്ലാ നദികളും സമുദ്രത്തിലെത്തുന്നു; സമുദ്രത്തിലെത്തിയാല്‍ നദിയില്ല. സമുദ്രം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതുപോലെ, മതദര്‍ശനങ്ങള്‍ അന്തിമ വിശകലനകത്തില്‍ അപ്രസ്ക്തമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. മതം അദ്ദേഹത്തിന് ആത്മ സാക്ഷാത്ക്കാരമാണ് (Individual realisation). ക്രിസ്തുവിനെ ഇഷ്ടദേവനായി ഭജിച്ചിരുന്ന ജുഹൂമല്ലിക് എന്ന ഹിന്ദു സന്യാസിയില്‍നിന്നാണ് രാമകൃഷ്ണന്‍ ക്രിസ്തുവിനെക്കുറിച്ച് പഠിച്ചത്. ആത്മസാക്ഷാത്ക്കാരത്തിനുള്ള അനവധി സാധനകളില്‍ (മാര്‍ഗ്ഗങ്ങളില്‍) ഒന്നായി അദ്ദേഹം ക്രിസ്തുമതത്തെയും കണ്ടു.

അദ്വൈതവേദാന്തത്തെ ലോകത്തിന്‍റെ അതിരുകളോളം പ്രചരിപ്പിച്ച സ്വാമി വിവേകാന്ദന്‍ അദ്വൈതപശ്ചാത്തലത്തില്‍ തന്നെയാണ് ക്രിസ്തുദര്‍ശനവും ഉള്‍ക്കൊണ്ടത്. ദ്വൈതവാദവും വിശിഷ്ടാദ്വൈതവും അദ്വൈതവും ഒരേ ചിന്തയുടെ വളര്‍ച്ചയിലെ ത്രിവിധ ഘടകങ്ങളാണെന്നും അദ്ദേഹം വിശ്വസിച്ചു. അദ്വൈതത്തിലേക്കുള്ള വളര്‍ച്ചയുടെ പടികളിലൊന്നായി ക്രിസ്തു മതത്തെ അദ്ദേഹം കരുതി. ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തത്തിലെ "ജീവന്‍മുക്ത"രില്‍ (ജീവിച്ചിരിക്കുമ്പോള്‍തന്നെ ബ്രഹ്മസാക്ഷാത്കാരം നേടിയവര്‍) ഒരുവനായിട്ടാണ് വിവേകാന്ദന്‍ ക്രിസ്തുവിനെ കാണുന്നത്. താരതമ്യപഠനം അപ്രസക്തമാണെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും ക്രിസ്തുവിനേക്കാള്‍ വലിയ "ജീവന്‍മുക്ത" ബുദ്ധനാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. "ജീവിതസാഗരത്തില്‍നിന്നുയര്‍ന്നുവരുന്ന ഈശ്വരന് കാലദേശങ്ങള്‍ക്കനുസൃതമായി നല്‍കപ്പെടുന്ന നാമരൂപങ്ങളാണ് കൃഷ്ണന്‍, ബുദ്ധന്‍, ക്രിസ്തു തുടങ്ങിയവ"രെന്ന് അദ്ദേഹം പറഞ്ഞു.

യേശു ഒരു യഥാര്‍ത്ഥ യോഗിയാണെന്നും തന്‍റെയുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ബ്രഹ്മചൈതന്യത്തെപൂര്‍ണ്ണമായും തിരിച്ചറിയുകയും ബ്രഹ്മവും (പിതാവും) ഒന്നാണെന്ന് കണ്ടെത്തുകവഴി "ജീവന്‍മുക്തക്തി" നേടിയവനാണെന്നും വിവേകാന്ദന്‍ വിശ്വസിച്ചു. ഈ അദ്വൈതദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ യേശുവിന്‍റെ മരണം പാപപരിഹാരബലിയാകുന്നില്ല. "ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെകുഞ്ഞാട്" (യോഹ 1:29) എന്ന വിശേഷണത്തെക്കുറിച്ച് വിവേകാന്ദന്‍ പറയുന്നു:

"ലോകത്തിന്‍റെ പാപം നീക്കുക എന്നാല്‍ പൂര്‍ണ്ണതയിലേക്കുള്ള വഴികാണിക്കുക എന്നാണ്  അര്‍ത്ഥം. ദൈവം ക്രിസ്തുവായത് മനുഷ്യന് അവന്‍റെ യഥാപ്രകൃതി കാണിച്ചുകൊടുക്കാനാണ് അഥവാ ഓരോ മനുഷ്യനും ദൈവമാണെന്ന് പഠിപ്പിക്കാനാണ്". അദ്വൈതദര്‍ശനത്തില്‍ ധാര്‍മ്മികാപഗ്രഥനം അപ്രസക്തമായതിനാല്‍ ധാര്‍മ്മികതയുടെ വക്താവായി യേശുവിനെ കാണാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ല. ദ്വൈതചിന്തയിലാരംഭിച്ച് വിശിഷ്ടാദ്വൈതത്തിലൂടെ വളര്‍ന്ന് അദ്വൈതത്തില്‍ പൂര്‍ണ്ണതപ്രാപിക്കുന്നതാണ് യേശുദര്‍ശനമെന്ന് വിവേകാനന്ദന്‍ വിലയിരുത്തുന്നു.

 ഡോ.രാധാകൃഷ്ണന്‍

നവീനാദ്വൈതവേദാന്തത്തിന്‍റെ പ്രചാരകനായിരുന്ന ഡോ രാധാകൃഷ്ണന്‍ യേശുവിനെ "മിസ്റ്റിക് ക്രിസ്തു" എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹംതന്നെ ഈ വിശേഷണത്തെ വിശദമാക്കുന്നുണ്ട്.

"ആന്തരചൈതന്യത്തില്‍ വിശ്വസിച്ചിരുന്ന യോഗി ആയിരുന്നു യേശു... അതായത്, ആചാരാനുഷ്ഠാനങ്ങളെ അവഗണിക്കുകയും നൈയാമിക ഭക്തകൃത്യങ്ങളെ നിസംഗതയോടെ വീക്ഷിക്കുകയും ചെയ്തവനാണ് യേശു".

യേശുദര്‍ശനത്തിന്‍റെ സിരാകേന്ദ്രങ്ങളായ ഉത്ഥാനം, ദൈവരാജ്യം, നിത്യജീവന്‍ എന്നിവയെ അദ്വൈതദൃഷ്ടിയില്‍ വിശദമാക്കാന്‍ ശ്രീ. രാധാകൃഷ്ണന്‍ ശ്രമിക്കുന്നുണ്ട്. ഉത്ഥാനം എന്നത് മൃതശരീരങ്ങളുടെ ഉയിര്‍പ്പല്ല. സ്വാര്‍ത്ഥതയില്‍ നിന്ന് പരാര്‍ത്ഥതയിലേക്കും ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കും അസത്യത്തില്‍നിന്ന് സത്യത്തിലേക്കുമുള്ള പ്രയാണമാണ്. ദൈവരാജ്യം "ബ്രഹ്മലോക"മാണെന്നും മനുഷ്യഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യമാണ് അതിന്‍റെ പ്രതിമാനമെന്നും അദ്ദേഹം വിശ്വസിച്ചു. ബ്രഹ്മചൈതന്യം എല്ലാവരിലും എല്ലാമായിത്തീരുന്നതാണ് നിത്യജീവിതമെന്നു കരുതുന്ന രാധാകൃഷ്ണന് യേശുവിന്‍റെ ജീവിതം ചരിത്രസംഭവമായിരുന്നില്ല. ആത്മീയതയുടെ പാതയില്‍ മുന്നേറുമ്പോള്‍ ആത്മാവിലുണ്ടാകുന്ന വളര്‍ച്ചയുടെ പൂര്‍ണ്ണതയാണ് ക്രിസ്തുത്വം (Christhood) എന്നും ഇത് എല്ലാ ആത്മാക്കള്‍ക്കും പ്രാപ്യമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

 മഹാത്മാഗാന്ധി

മറ്റേതൊരു ഭാരതീയ ചിന്തകനേയുംകാള്‍ ആഴത്തില്‍ ക്രിസ്തുദര്‍ശനത്തിന്‍റെ മര്‍മ്മം കണ്ടറിഞ്ഞ വ്യക്തിയായിരുന്നു മഹാത്മാഗാന്ധി. യേശുവിന്‍റെ ഗിരിപ്രഭാഷണവും ഗീതോപദേശവും സമാനസ്വഭാവമുള്ളതായി കണ്ട ഗാന്ധി തന്‍റെ ദര്‍ശനത്തിന്‍റെ ആധാരശിലകളായ സത്യവും അഹിംസയും സ്വദേശിയും രൂപപ്പെടുത്തിയത് ഗീതയുടേയും ഗിരിപ്രഭാഷണത്തിന്‍റേയും സ്വാധീനത്താലാണെന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. ഗീതയുടെ ഉത്തമപുരുഷന്‍റെ ( Perfectman) എല്ലാ ലക്ഷണങ്ങളും യേശുവില്‍ കണ്ടെത്തിയ ഗാന്ധി മനുഷ്യകുലത്തിന് അനുകരിക്കാവുന്ന ഉത്തമമാതൃകകളിലൊന്നായി യേശുവിനെ ചൂണ്ടിക്കാട്ടി. വിവേകാനന്ദനും രാധാകൃഷ്ണനും ചിന്തിച്ചതിന് വിരുദ്ധമായി യേശുവിനെ ഒരു ധാര്‍മ്മിക പ്രതീകമായി (Moral figure) ട്ടാണ് ഗാന്ധി കണ്ടെത്.

യേശുദര്‍ശനങ്ങള്‍ ഗാന്ധിയെ ഹഠാദാകര്‍ഷിച്ചിരുന്നെങ്കിലും യേശുവിന്‍റെ ചരിത്രപരതയില്‍ അദ്ദേഹത്തിന് തെല്ലും താല്പര്യമില്ലായിരുന്നു. ഗാന്ധി തന്നെ പറയുന്നു:

"ചരിത്രപുരുഷനായ ക്രിസ്തുവില്‍ എനിക്കു തെല്ലും താല്പര്യമില്ല. യേശു എന്ന വ്യക്തി ജീവിച്ചിരുന്നോ ഇല്ലയോ എന്നത് എനിക്കു വിഷയമല്ല. സുവിശേഷങ്ങളില്‍ വിവരിച്ചിരിക്കുന്നവ ആരുടെയെങ്കിലും ഭാവനയില്‍ രൂപംകൊണ്ടതാണെങ്കിലും ഞാനത് കാര്യമാക്കുന്നില്ല".

വ്യക്തിയെക്കാളേറെ തത്വത്തെ മാനിക്കുന്ന ഗാന്ധിയന്‍ ദര്‍ശനത്തിന്‍റെ സവിശേഷതയാണ് ഈ സമീപനവും. മാത്രമല്ല, യേശു ദൈവപുത്രനാണെന്ന് ഗാന്ധി ഒരിക്കലും വിശ്വസിച്ചിരുന്നില്ല.

"യേശു ദൈവത്തിന്‍റെ ഏകപുത്രനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏകജാതനില്‍ വിശ്വസിക്കുന്നവനു മാത്രമേ നിത്യജീവനുള്ളൂ എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ദൈവത്തിന് മക്കളുണ്ടെങ്കില്‍ നാമെല്ലാവരും ദൈവത്തിന്‍റെ മക്കളാണ്. യേശു ദൈവമാണെങ്കില്‍ നാമെല്ലാവരും ദൈവങ്ങളാണ്".

മനുഷ്യനു ചെന്നെത്താവുന്ന പൂര്‍ണ്ണതയുടെ സാകല്യം യേശുവിലുണ്ടെന്നു വിശ്വസിക്കുകയും യേശുദര്‍ശനങ്ങള്‍ക്ക് അതിമാത്രപ്രാധാന്യം നല്കുകയും ചെയ്തിട്ടും യേശുവിന്‍റെ ദൈവികതയെ ഗാന്ധി നിരാകരിച്ചു. അതുകൊണ്ടുതന്നെ ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപരിവര്‍ത്തനങ്ങളെ ഗാന്ധി മനസ്സാ എതിര്‍ത്തിരുന്നു.

 II. ഭരതക്രൈസ്തവരുടെ ക്രിസ്തുവിജ്ഞാനീയം

യേശുവിനെ കണ്ടിട്ട് നിസംഗതയോടെ കടന്നുപോകാന്‍ ആര്‍ക്കുമാവില്ല എന്നതിന്‍റെ നിദര്‍ശനങ്ങളാണ് ഭാരതഹൈന്ദവ ചിന്തകരുടെ യേശുദര്‍ശനങ്ങള്‍. ഭാരത ക്രിസ്ത്യാനികളും തികച്ചും ഭാരതീയമായ ഒരു ക്രിസ്തുവിജ്ഞാനീയത്തിന്‍റെ രൂപീകരണത്തിനുവേണ്ടി അക്ഷീണം യത്നിച്ചിരുന്നു. ഗ്രീക്കു തത്വചിന്തയുടെ ചുവടുപിടിച്ച് അവതരിപ്പിക്കപ്പെട്ട ക്രിസ്തുവിജ്ഞാനീയത്തിന്‍റെ സ്വഭാവം, പ്രകൃതി, വ്യക്തി തുടങ്ങിയ സങ്കല്പങ്ങളും ഭാഷാന്തരീകരണം പോലും അസാധ്യമായ 'ഹൈപോസ്റ്റാറ്റിക് യൂണിയനും' 'ഹോമോഊസിയാ'യുമൊക്കെ ഭാരതീയ മനസ്സിന് അജീര്‍ണ്ണഹേതുകങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഈ നാടിന്‍റെ സമ്പന്നമായ ദാര്‍ശനിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സ്വതന്ത്രമായൊരു ക്രിസ്തുവിജ്ഞാനീയം കരുപ്പിടിപ്പിക്കാനാണവര്‍ ശ്രമിച്ചിരുന്നത്. ക്രിസ്തുവിജ്ഞാനീയം പദാനുപദം വിശ്വാസസത്യമായി മുന്‍കൂട്ടി നിര്‍വ്വചിക്കപ്പെട്ടു കഴിഞ്ഞതിനാലും മൂന്നാംലോകത്തിന്‍റെ ദര്‍ശനങ്ങളെ പരമ്പരാഗതമായി മൂന്നാംകിടയായി പലപാശ്ചാത്യ 'പണ്ഡിതരും' കരുതുന്നതിനാലും ഭാരതക്രൈസ്തവരുടെ ക്രിസ്തുവിജ്ഞാനീയം ഏറെ ശ്രദ്ധിക്കപ്പെടാതെപോയി. അവയില്‍ പലതും പാശ്ചാത്യദര്‍ശനങ്ങളെ നിഷ്പ്രഭമാക്കാന്‍ പോരുന്നവയായിരുന്നിട്ടും, അംഗീകാരത്തിനു പകരം തിരസ്കരണമാണ് പലപ്പോഴും ലഭിച്ചത്. തന്നെയുമല്ല, ഔദ്യോഗികമായി തെറ്റിദ്ധരിക്കപ്പെടുകയും ശിക്ഷണത്തിനുപോലും വിധേയമാക്കപ്പെടുകയുമുണ്ടായി.

               ഋഗ്വേദത്തില്‍ സവിസ്തരം പ്രതിപാദിച്ചിരുന്ന പ്രചാപതിയായി യേശുവിനെ അവതരിപ്പിച്ച കെ. എം. ബാനര്‍ജിയും മൂന്‍പ് സൂചിപ്പിച്ചതുപോലെ സച്ചിദാനന്ദത്തിലെ 'ചിത്' (Cit) ആയി യേശുവിനെ മനസ്സിലാക്കിയ ബ്രഹ്മോബാന്ധവ് ഉപാധ്യായയുമായിരുന്നു ഈ രംഗത്ത് പുതുവഴി വെട്ടിത്തുറന്നവര്‍. ഈ രംഗത്ത് ഏറ്റവും ഈടുറ്റ സംഭാവന നല്കിയത് അയ്യാദുരൈ യേശുദാസന്‍ അപ്പസ്വാമി എന്ന CSI മെത്രാനാണ്. ഭാരതീയ പുരാണങ്ങളിലെ അവതാരങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവതാരത്തെ വിശദീകരിച്ച അപ്പസ്വാമിയുടെ പാതയില്‍ത്തന്നെയാണ് വി. ചക്കരൈയും ക്രിസ്തുദര്‍ശനം നടത്തിയത്. സംഖ്യാദര്‍ശനത്തിന്‍റെ ചുവടുപിടിച്ച് യേശുവിനെ 'ആദിപുരുഷനായും' 'ശക്തി'യായും അവതരിപ്പിച്ച പി. ചെഞ്ചയ്യ പരമ്പരാഗതക്രിസ്തുവിജ്ഞാനീയത്തെ അംഗീകരിച്ചുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയം രൂപപ്പെടുത്താന്‍ സഹായിച്ച വ്യക്തിയാണ്. നാദബ്രഹ്മമായി ഈശ്വരനെ കണ്ടിരുന്ന ഭാരതീയചിന്തയുടെ പശ്ചാത്തലത്തില്‍ "നിത്യമായ ഓംകാര"മായി യേശുവിനെ അവതരിപ്പിച്ചത് എസ്. യേശുദാസനാണ്. നാലാമത്തെ സുവിശേഷത്തിന്‍റെ ഉപോദ്ഘാതത്തെ പ്രതിമാനമാക്കിയാണ് അദ്ദേഹം തന്‍റെ ചിന്ത അവതരിപ്പിക്കുന്നത്. റെയ്മണ്ട് പണിക്കര്‍ ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയത്തില്‍ പ്രാതസ്മരണീയനായ പ്രതിഭയാണ്. ഇന്ത്യന്‍ സംസ്കാരത്തിലുടനീളം അദൃശ്യനും അജ്ഞാതനുമായി നില്ക്കുന്ന ക്രിസ്തുവിനെ കണ്ടെത്തിയതാണ്, അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സംഭാവന. മിഷന്‍ പ്രവര്‍ത്തനം യേശുവിനെ നല്കലല്ല ഭാരതീയന്‍റെ ഉള്ളിലുള്ള യേശുവിനെ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതാണെന്ന് അദ്ദേഹം കരുതി.

 III. ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയം നൂതനാഭിമുഖ്യങ്ങള്‍

ഇന്ത്യന്‍ ചിന്തകരും ഇന്ത്യന്‍ ക്രൈസ്തവരും ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയം രചിക്കാന്‍ ശ്രമിച്ചത് വേദോപനിഷത്തുകളുടെ സാങ്കേതിക പദാവലിയിലൂടെയാണ്. പാശ്ചാത്യമിഷനറിമാര്‍ ഹിന്ദുമതത്തിന്‍റെ പരിമിതികളും പരാധീനതകളും എടുത്തുകാട്ടാനായി ക്രിസ്തുദര്‍ശനങ്ങളെ ഉപയോഗിച്ചപ്പോള്‍ ക്രിസ്തുദര്‍ശനത്തിന്‍റെ അനന്തസാധ്യതകള്‍ പ്രകാശിപ്പിക്കാനുള്ള മാധ്യമമായി ഹൈന്ദവദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നു ഇന്ത്യന്‍ ചിന്തകര്‍. എന്നാല്‍ 1960 കളില്‍ വളര്‍ന്നുവന്ന ദളിത് പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരത്തിലുള്ള ദൈവസാസ്ത്ര വിശകലനം അസ്വീകാര്യമായിരുന്നു. കാരണം ദളിതരെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടുകളായി അവരെ അടിച്ചമര്‍ത്താന്‍ സവര്‍ണ്ണ മേധാവിത്വം വിദഗ്തമായി ഉപയോഗിച്ചിരുന്ന സങ്കേതങ്ങളായിരുന്നു വേദോപനിഷത്തുകള്‍. ഈ പുതിയ ചിന്താഗതി ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയത്തെയും സാരമായി സ്വാധീനിച്ചു. സംസ്കൃതപദാവലിയും ഹൈന്ദവസങ്കേതങ്ങളും ദൈവശാസ്ത്രസരണിയില്‍നിന്ന് ഗളഹസ്തം ചെയ്യപ്പെടുകയും 'മര്‍ദ്ദിതരുടെ വിമോചനം' ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ അനുപേക്ഷണീയഘടകമായി മാറുകയും ചെയ്തു.

ഇന്ത്യയിലെ കൊടിയ ദാരിദ്ര്യത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയം വിചിന്തനം നടത്തുന്നത്. "യേശു ആരാണ്?" എന്നചോദ്യം ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്കും ചികിത്സാമാര്‍ഗ്ഗമില്ലാത്ത രോഗികള്‍ക്കും ദൈവശാസ്ത്രരപരമായ ഒരു ചോദ്യമല്ല. അവരെ സംബന്ധിച്ചിടത്തോളം ജീവനും മരണത്തിനും മധ്യേ നിന്നുയരുന്ന ചോദ്യമാണിത്. തകര്‍ന്നടിഞ്ഞ ഒരു മനുഷ്യ പ്രകൃതിയാണിവിടെ രക്ഷകനെ തേടുന്നത്. ഇവിടെ രക്ഷയുടെ ആദിതാളം ഭൗതീകതയലാരംഭിക്കേണ്ടതുണ്ട്. രക്ഷകനെതേടുന്ന ജനമാണിത്. അവനെ കണ്ടെത്താത്തവര്‍...അവന്‍ ആരാണ് എന്ന ചോദ്യം കണ്ടെത്തിയശേഷം ചോദിക്കേണ്ട ചോദ്യമാണ്. ഈ അര്‍ത്ഥത്തിലാണ് ദാരിദ്ര്യത്തിന്‍റെ നടുവിലാണ് ഇന്ത്യന്‍ ക്രിസ്തു വിജ്ഞാനീയം ആരംഭിക്കേണ്ടത് എന്നുപറയുന്നത്.

ഈ ചുവടുമാറ്റത്തിന് നാന്ദികുറിച്ചത് 1964-ല്‍ ജബല്‍പൂറില്‍ നടന്ന ഇന്ത്യന്‍ദൈവശാസ്ത്രസമ്മേളനമായിരുന്നു. പ്രസ്തുത സമ്മേളനം ധീരമായ ചില പരാമര്‍ശങ്ങള്‍ നടത്തി.

 1. ക്രിസ്തുവിജ്ഞാനീയത്തിലെ നിര്‍വ്വചിക്കപ്പെട്ട വിശ്വാസസത്യങ്ങള്‍ ഉപരിവിചിന്തനത്തെ തടസ്സപ്പെടുത്തുകയല്ല, അനന്തസാധ്യതകള്‍ക്കു മാതൃകയാവുക മാത്രമാണ്. അതായത് സാര്‍വ്വത്രികവും പദാനുപദവുമായ വിശ്വാസസത്യമില്ല.                        
 2. പുതിയനിയമത്തില്‍ യേശുവിന്‍റെ അഭിധാനങ്ങള്‍ ക്രിസ്തുവിജ്ഞാനീയത്തിലെ സാധ്യതകള്‍ മാത്രമാണ്. മറ്റൊരു ഭാഷയില്‍പറഞ്ഞാല്‍ പുതിയനിയമത്തിന് നിയതമായൊരുക്രിസ്തുവിജ്ഞാനീയം ഇല്ല.                                                                    
 3. യേശു ആരാണ്? എന്ന ചോദ്യത്തിന് എല്ലാ കാലത്തേക്കും പ്രസക്തമായ ഉത്തരം നല്കാന്‍ ആര്‍ക്കും സാധ്യമല്ല.                                              
 4. പ്രാദേശിക ദൈവശാസ്ത്രം പാശ്ചാത്യദൈവശാസ്ത്രത്തിന്‍റെ ഭാഷാന്തരീകരണമല്ല. ഇന്ത്യയിലെ ജീവിതത്തിന്‍റെ ദൈന്യതകളോടുള്ള യേശുവിന്‍റെ പ്രതികരണമായിരിക്കണം ഇവിടുത്തെ ക്രിസ്തുവിജ്ഞാനത്തിന്‍റെ കാതല്‍.

തുടര്‍ന്ന്, വിമോചനദൈവശാസ്ത്രത്തിന്‍റെ സ്വാധീനം കൂടി ശക്തമായപ്പോള്‍ ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയം ഇടതുപക്ഷത്തേക്കു ചായുകയാണെന്ന ആശങ്ക പലരും പ്രകടിപ്പിച്ചു തുടങ്ങി. ഇതിനു കാരണവുമുണ്ട്: ഇന്ത്യന്‍ ജനസമൂഹത്തിന്‍റെ ഉന്നമനത്തിനു വിഘാതമായി നില്ക്കുന്നത് ജാതിവ്യവസ്ഥയായതിനാല്‍ ജാതിരഹിതസമൂഹ (casteless society) മെന്ന സങ്കല്പം ഇന്ത്യന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ മുന്നോട്ടുവച്ചു. വര്‍ഗ്ഗരഹിതസമൂഹം (classless society) എന്ന മാര്‍ക്സിയന്‍ സങ്കല്പവുമായി ഇതിനു സാമ്യവുമുണ്ടായിരുന്നു. എന്നാല്‍ ഈ സാമ്യം കേവലം ആപേക്ഷികമായിരുന്നു. സെബാസ്റ്റ്യന്‍ കാപ്പനെപ്പോലുള്ള ഇന്ത്യന്‍ ദൈവശാസ്ത്രജ്ഞന്മാരുടെ ഈടുറ്റ ഗ്രന്ഥങ്ങള്‍ പുറത്തുവന്നു തുടങ്ങിയതും ഇന്ത്യയ്ക്ക് സ്വന്തമായൊരു ദൈവശാസ്ത്രവിചിന്തനരീതിയുണ്ടെന്നു പുറംലോകം അറിഞ്ഞു തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. ഇവരുടെ വീക്ഷണത്തില്‍ ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പ്രസക്തി എന്നത് ക്രിസ്തുദര്‍ശനത്തിന് ഇന്ത്യയുടെ ദൈന്യാവസ്ഥയുടെ ഉന്നമനത്തിനായി എന്തുചെയ്യാനാകും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

 സംസാര ചക്രത്തില്‍നിന്നുള്ള മോചനം

ഭാരതീയമനസ്സിന്‍റെ ഏറ്റവും വലിയ നിസ്സഹായതയാണ് സംസാരചക്രത്തിലുള്ള വിശ്വാസം. ജനിക്കാനും വേദനിക്കാനും മരിക്കാനും വീണ്ടും ജനിക്കാനും വിധിക്കപ്പെടുന്ന സംസാരചക്രത്തില്‍നിന്ന് ആര്‍ക്കും മോചനമില്ലെന്നും താനിന്നായിരിക്കുന്ന നികൃഷ്ടാവസ്ഥയും അധഃകൃതപ്രകൃതിയും ഈശ്വരേഷ്ടമാണെന്നും അതിനാല്‍ നിസ്സംഗതയോടെ ഈ സഹനങ്ങള്‍ ഏറ്റുവാങ്ങാനല്ലാതെ എതിര്‍ക്കാന്‍ തനിക്കവകാശമില്ലെന്നാണ് അവന്‍ വിശ്വസിക്കുന്നത്. ചാതുര്‍വര്‍ണ്ണ്യവും മനുസ്മൃതിയുമൊക്കെ ഈ വിശ്വാസത്തിന്‍റെ ബാക്കിപത്രങ്ങളാണ്.

ചരിത്രം ചാക്രികമല്ലെന്നും മുന്നോട്ടുഗമിക്കുന്നതാണെന്നും ആര്‍ക്കും ആരെയും അടിമകളാക്കിവയ്ക്കാനാവില്ലെന്നുമുള്ള നിതാന്ത സത്യമാണ് ക്രിസ്തുദര്‍ശനത്തിന്‍റെ അന്തസ്സത്ത. ഈജിപ്തിലെ അടിമത്തംമുതലുള്ള സകല അടിമത്തങ്ങളേയും വി. ഗ്രന്ഥം എതിര്‍ത്തിട്ടുണ്ട്. അടിമയാകാന്‍ ആരും ദൈവത്താല്‍ വിധിക്കപ്പെട്ടിട്ടില്ല എന്ന സന്ദേശമാണ് യേശു നല്കിയത്. എല്ലാ അടിമത്തത്തില്‍നിന്നും മനുഷ്യരെ മോചിപ്പിക്കാനാണ് യേശു വന്നത്. യേശുദര്‍ശനത്തിന്‍റെ ഈ വിമോചകസ്വഭാവമാണ് ഭാരതത്തിലെ ക്രിസ്തുദര്‍ശനത്തിന്‍റെ അടിസ്ഥാന ഭാവമായി മാറേണ്ടത്. ഈ പരിവര്‍ത്തനത്തിനു നാന്ദി കുറിക്കാന്‍ അപ്പോള്‍ മാത്രമേ ക്രിസ്തുദര്‍ശനം പ്രാപ്തമാവൂ. "ദളിത് ദൈവശാസ്ത്ര"ത്തിനു പിന്നില്‍ ശക്തിപ്രാപിക്കുന്ന ചിന്താധാരയും ഇതുതന്നെയാണ്.

 മുക്തിയും അതിജീവനവും  

മുക്തിയെക്കുറിച്ച് ഭാരതീയര്‍ക്കുള്ള സങ്കല്പം ക്രിസ്തുദര്‍ശനത്തില്‍നിന്നും ഭിന്നമാണ്. സംസാര ചക്രത്തില്‍ നിന്നും ചരിത്രത്തിന്‍റെ പിടിയില്‍ നിന്നുള്ള രക്ഷപ്പെടലാണ് മുക്തി. അതുകൊണ്ടു തന്നെ ചരിത്രത്തെ സ്വാധീനിക്കാനോ നവീകരിക്കാനോ പരിവര്‍ത്തനവിധേയമാക്കാനോ ഉള്ള ദൗത്യം ഭാരതീയമനസ്സുകള്‍ക്കന്യമാണ്. വരാനിരിക്കുന്നവയ്ക്ക് നിലവിലുള്ളതായി യാതൊരു ബന്ധവുമില്ലെന്ന ചിന്താഗതി ഭാരതീയരെ പരലോകദൃക്കുകളാക്കി മാറ്റി. വര്‍ദ്ധിച്ച കായബലത്തിനു നടുവിലും അലസതയും ദാരിദ്ര്യവും ഇവിടെ വളരുന്നതിന്‍റെ കാരണമാണിത്.

ഇവിടെയാണ് യേശുദര്‍ശനത്തിന്‍റെ പ്രസക്തി. ദൈവരാജ്യം വരാനിരിക്കുന്നതല്ല വന്നുകഴിഞ്ഞതാണെന്നും മനുഷ്യവത്കരണത്തിന്‍റെ തുടര്‍ച്ചയാണ് ദൈവവത്കരണമെന്നും യേശു പഠിപ്പിച്ചു. പുതിയ ആകാശവും പുതിയ ഭൂമിയും നിലവിലുള്ള ആകാശവും ഭൂമിയുമായി ബന്ധമുള്ളതാണ്. ഈ ലോകത്തിലെ തിന്മയെ വിട്ടുപേക്ഷിച്ച് നന്മയെ മുറുകെപ്പുണര്‍ന്നുകൊണ്ടാണ് സ്വര്‍ഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തില്‍നിന്നുള്ള രക്ഷപ്പെടലല്ല ചരിത്രത്തിന്‍റെ അതിജീവനം (transcension) ആണ് യേശുദര്‍ശനത്തില്‍ മുക്തി. 'രക്ഷയെക്കുറിച്ചുള്ള ഋണാത്മദര്‍ശനം മാറ്റിയാല്‍ത്തന്നെ ഭാരതീയരുടെ അധകൃതാവസ്ഥ പകുതി മാറും' എന്ന് അംബേദ്കര്‍ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയം ലക്ഷ്യമാക്കേണ്ട രണ്ടാമത്തെ പടിയാണിത്.

 ധര്‍മ്മവും ധാര്‍മ്മികതയും

ഇന്ത്യന്‍ ചിന്താഗതിയനുസരിച്ച് ധാര്‍മ്മിക നിയമങ്ങള്‍ പ്രാപഞ്ചികനിയമങ്ങളോട് ബന്ധപ്പെട്ടവയാണ്. ഓരോ വ്യക്തിയും ജാതിധര്‍മ്മവും കുലധര്‍മ്മവും സ്വധര്‍മ്മവും നിര്‍വ്വഹിക്കുന്നതിലൂടെമാത്രമേ പ്രപഞ്ചം സുഗമമായി മുന്നോട്ടു പോകൂ. അതായത്, ധാര്‍മ്മികനാവുക എന്നതിന്‍റെഅര്‍ത്ഥം ആചാരങ്ങള്‍ക്ക് വിധേയനാവുക എന്നതാണ്. അപരന്‍ 'തത്വമസി'യാണെന്നു ചിന്തിച്ചപ്പോഴും അപരനെ അവനായിരിക്കുന്ന അവസ്ഥയില്‍ അഗീകരിച്ചു സ്നേഹിക്കാന്‍ ഭാരതീയര്‍ പരാജയപ്പെടുകയായിരുന്നു. ജാതിചിന്തയ്ക്കു വെളിയില്‍വന്ന് സാര്‍വ്വത്രിക സാഹോദര്യം പ്രചരിപ്പിക്കാന്‍ ഇന്നും ഭാരതീയര്‍ക്ക് കഴിയാറില്ല. സ്നേഹദര്‍ശനം ഇന്ത്യന്‍ ചിന്താഗതിക്ക് അന്യമാണ്.

ഈ പശ്ചാത്തലത്തിലാണ് യേശുവിന്‍റെ ധര്‍മ്മസംഹിതകള്‍ പ്രസക്തമാവുന്നത്. സ്നേഹത്തിന്‍റെ ധാര്‍മ്മികശക്തിയിലൂടെനിന്നു മാത്രമേ ധര്‍മ്മാധിഷ്ടിതമായ ഇന്ത്യന്‍ വ്യവസ്ഥിതിക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാനാവൂ.

ആത്മസാക്ഷാത്ക്കാരവും സമൂഹരക്ഷയും

ഇന്ത്യന്‍ചിന്തയില്‍ രക്ഷയുടെ സാമൂഹികഭാവം അപ്രസക്തമാണ്. ഓരോ മനുഷ്യനും രക്ഷിക്കപ്പെടുന്നത് ഒരുവന്‍റെ വ്യക്തിപരമായ പുണ്യപൂര്‍ണ്ണതയിലൂടെയാണ്. അപരനുമായി അതിനു ബന്ധമൊന്നുമില്ല. ഇത് സമൂഹത്തെ അവഗണിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നു. തത്വമസി എന്ന ചിന്തയിലൂടെ എല്ലാവരും ബ്രഹ്മാവതാരങ്ങളാണെന്നും പഠിപ്പിക്കുന്നുണ്ടെങ്കിലും ഈ അതിഭൗതികസമത്വം സാമൂഹികാസമത്വത്തിലേക്കാണ് ഭാരതത്തെ നയിച്ചത്. (റാം മനോഹര്‍ ലോഹ്യ ഈ വൈരുദ്ധ്യത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുണ്ട്).                                                                                                                                   
രക്ഷയുടെ സാമൂഹികമാനം യേശുദര്‍ശനത്തിന്‍റെ അനന്യശ്രേഷ്ഠതയാണ്. അപരനോടുള്ള ഉത്തരവാദിത്വങ്ങളുടെ നിര്‍വ്വഹണമാണ് ക്രിസ്തുവിന്‍റെ വീക്ഷണത്തില്‍ രക്ഷയുടെ പ്രതിമാനം (മത്തായി 25:30-45). ഭാരതക്രിസ്തുവിജ്ഞാനീയം ശ്രദ്ധകേന്ദ്രീകരിക്കേണ്ട മറ്റൊരു മേഖലയാണിത്.                                                                                                                                     
സാധാരണക്കാരനെ നിസ്സാഹായനാക്കുന്ന പരിതസ്ഥിതികളുടെ പരിവര്‍ത്തനമാണ് ക്രിസ്തുദര്‍ശനം ലക്ഷ്യമാക്കുന്നത്, അഥവാ ലക്ഷ്യമാക്കേണ്ടത്. മുകളില്‍നിന്നുള്ളതോ (descending Christology) താഴെനിന്നുള്ളതോ (ascending Christology) ആയ ക്രിസ്തുവിജ്ഞാനീയം ഭാരതത്തില്‍ അപ്രസക്തമാണ്. ഇവിടെ പാര്‍ശ്വങ്ങളില്‍നിന്നുള്ള ക്രിസ്തുവിജ്ഞാവവനീയമാണ് (A Christology from Sides) പ്രസക്തം. കാരണം സമൂഹത്തിന്‍റെ പുറംമ്പോക്കുകളിലേക്ക് മാറ്റിനിറുത്തപ്പെട്ടവരില്‍നിന്നുയിര്‍ക്കൊള്ളുന്നതാണ് ഈ ക്രിസ്തുവിജ്ഞാനീയം.

ഉപസംഹാരം

ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍, അക്രൈസ്തവരായ ഭാരതീയര്‍ യേശുവിനെ മാഹാനായൊരു ഗുരുവും മാര്‍ഗ്ഗദര്‍ശ്ശിയുമായി കാണാന്‍ തയ്യാറാണ്. പക്ഷെ, യേശു ദൈവപുത്രനാണെന്നു വിശ്വസിക്കാന്‍ അവര്‍ തയ്യാറല്ല. വേദോപനിഷത്തുകളുടെ ചുവടുപിടിച്ച് ക്രിസ്തുദര്‍ശനം നടത്തിയിരുന്ന ഇന്ത്യന്‍ ക്രൈസ്തവരും പലപ്പോഴും ഇതേപാതയിലാണ് ചരിച്ചിരുന്നത്. യേശുവിന്‍റെ ഏകതാനത ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയത്തില്‍ അസന്നിഗ്ദമായി സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇവിടെ പ്രസക്തമായൊരു ചോദ്യമുണ്ട്. ഓരോ ഭാരതീയനെയും അവന്‍ ആചരിക്കുന്ന വിശ്വാസത്തില്‍ ആഴപ്പെടുത്തുകയാണ് സുവിശേഷവത്കരണം ലക്ഷ്യമാക്കുന്നതെങ്കില്‍, അതായത്, ഹിന്ദുവിന് കൂടുതല്‍ നല്ല ഹിന്ദുവും മുസ്ലീമിനെ കൂടുതല്‍ നല്ല മുസ്ലീമും ആക്കുകയാണെങ്കില്‍ യേശുമാര്‍ഗ്ഗത്തിന്‍റെ അനന്യതയെവിടെ? ഇന്ത്യന്‍ ക്രിസ്തുവിജ്ഞാനീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുമിതാണ്.                                                                                                    
യേശു എന്നുപറയുമ്പോള്‍ നാം അര്‍ത്ഥമാക്കുന്നത് എന്താണെന്നതിനെ ആശ്രയിച്ചാണ് ഈ പ്രശ്നത്തിനുത്തരം പറയാനാകുന്നത്: ആദിയില്‍ ഉണ്ടായ വചനത്തെയാണോ, (യോഹ 1:3-5,9) മനുഷ്യാവതാരം ചെയ്ത യേശുവിനെയാണോ (ഫിലി 2:6-11), ഉത്ഥാനംചെയ്ത് ചരിത്രത്തിനതീതനായിത്തീര്‍ന്ന ക്രിസ്തുവിനെയാണോ (നടപടി 10), അഥവാ യുഗാന്ത്യത്തിലെ ക്രിസ്തുവിനെയാണോ (എഫേ 1:23). ഇവയെല്ലാം ഒരേ വ്യക്തിതന്നെയാണെങ്കിലും വെളിപാടിന്‍റെ ഭിന്നതലങ്ങളാണ്. അതുകൊണ്ടാണ് റെയ്മണ്ട് പണിക്കര്‍ പറഞ്ഞത്: "യേശു സത്യമായും ക്രിസ്തുവാണ് എന്നാല്‍ ക്രിസ്തുവെന്നത് യേശു മാത്രമല്ല". ചരിത്രപുരുഷനായ യേശുവിന്‍റേതെന്നതിനേക്കാള്‍ യുഗാന്ത്യത്തില്‍, "എല്ലാവരിലും എല്ലാമായിത്തീരുന്ന ക്രിസ്തു"വിന്‍റെ ഏകതാനതയാണ് ഇന്ത്യന്‍പശ്ചാത്തലത്തിനു പ്രസക്തമെന്നതാണ് ഭാരതീയക്രിസസ്തുവിജ്ഞാനീയത്തിന്‍റെ നിലപാട്. യേശുവിന്‍റെ രക്ഷയുടെ സാര്‍വ്വത്രികത സഭയുടെ സാര്‍വ്വത്രികതയ്ക്കുപരിയാണെന്നു സാരം.

From Omkar to Omega christ christianity Mar Joseph Pamplany catholic malayalam catholic apologetics hindu christology indian hindu mystics on jesus indian christology hinduism and christology Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message