We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Jose Poovannikunnel On 05-Feb-2021
പന്തക്കുസ്തയെ തുടര്‍ന്ന് അപ്പസ്തോലന്മാര്‍ മിശിഹായുടെ സുവിശേഷത്തിന്‍റെ സാക്ഷികളായിക്കൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും സഭാസമൂഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ദൈവത്തിന്‍റെ അനന്തമായ സ്നേഹവും അവര്‍ണ്ണനീയമായ കരുണയും അനിര്‍വചനീയമായ രക്ഷയും മിശിഹായില്‍നിന്നും അപ്പസ്തോലന്മാര്‍ അനുഭവിച്ചറിഞ്ഞത് തങ്ങളുടെ വ്യക്തിത്വ സവിശേഷതകളോടുകൂടിയായിരുന്നു. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും ഭാഷകളും ആചാരാനുഷ്ഠാനങ്ങളുമുള്ള ജനപദങ്ങള്‍ അപ്പസ്തോലന്മാരില്‍നിന്നും മിശിഹാനുഭവം ഏറ്റുവാങ്ങിയതും അവരവരുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലങ്ങളില്‍ തന്നെയാണ്. ഇപ്രകാരം സ്ഥാപിക്കപ്പെട്ട സഭാസമൂഹങ്ങള്‍ അതാതു സംസ്കാരങ്ങളും പ്രത്യേകതകളും ഉള്‍ക്കൊണ്ട് വളര്‍ന്നുവന്നു. ഇപ്രകാരം അപ്പസ്തോലന്മാരാല്‍ സ്ഥാപിതവും വിവിധ സ്ഥലങ്ങളിലും സംസ്കാരങ്ങളിലും വളര്‍ന്നു വികസിതവുമായ വിവിധ സഭകളുടെ കൂട്ടായ്മയാണ് തിരുസ്സഭ.
വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ അപ്പസ്തോലിക പ്രവര്‍ത്തനങ്ങളുടെ ഫലമായി റോമിലും തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഫലമായി ഭാരതത്തിലും സഭകള്‍ രൂപം കൊള്ളുകയും വളര്‍ന്ന് പരിപുഷ്ടമാവുകയും ചെയ്തു. ഇതുപോലെ ജറുസലേമിലും, എഫേസൂസിലും ഗ്രീസിലും, ഈജിപ്തിലും അന്ത്യോക്യായിലുമൊക്കെ സഭകള്‍ രൂപംകൊണ്ടു. ഇങ്ങനെ രൂപംകൊണ്ട സഭകളുടെ ഐക്യമാണ്, കൂട്ടായ്മയാണ് സാര്‍വ്വത്രിക സഭ. ഇപ്രകാരമുള്ള വ്യക്തിസഭകളെയാണ് റീത്ത് എന്ന് സാധാരണ വിളിക്കുക.
ഒരു റീത്തിന്‍റെ തനതായ വ്യക്തിത്വത്തെ ഏറ്റവും കൂടുതല്‍ പ്രകടമാക്കുന്നത് അവയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മിക ജീവിതശൈലി, ഭരണസംവിധാനം, ശിക്ഷണക്രമം എന്നിവയിലൂടെയാണ്. ചിലപ്പോള്‍ ഇവയില്‍തന്നെ ചിലതെല്ലാം പരസ്പരം പങ്കുവയ്ക്കാറുമുണ്ട്. ഉദാഹരണത്തിന്, ഒരേ ആരാധനാക്രമം തന്നെ പല സഭകള്‍ ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ ഇവയോടൊപ്പം എല്ലാ സഭകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പൊതുവായ ചില ഘടകങ്ങളുണ്ട്. വിശ്വാസം, വി. ഗ്രന്ഥം, കൂദാശകള്‍, സന്മാര്‍ഗ്ഗം, ദൈവികാധികാരം എന്നിവ എല്ലാവരെയും പൊതുവായി ബാധിക്കുന്നതും പരസ്പരം ബന്ധപ്പെട്ടതുമാണ്. അതിനാല്‍ സഭകളുടെ ഐക്യം അതിന്‍റെ ബാഹ്യരൂപത്തിലല്ല, ആന്തരികതയിലാണ്. എന്നാല്‍ ബാഹ്യഘടകങ്ങളാണ് ഇവയെ പരസ്പരം വ്യത്യാസപ്പെടുത്തിക്കാണിക്കുന്നത്. ഇവയിലൂടെയാണ് ഓരോ സഭയുടേയും വി. പാരമ്പര്യങ്ങള്‍ പ്രകടമാകുന്നതും.
സാര്‍വ്വത്രിക സഭയെ ഒരു പൂന്തോട്ടത്തോട് ഉപമിക്കാവുന്നതാണ്. ഒരു പൂന്തോട്ടം മനോഹരമാകുന്നതു വിവിധ ചെടികളും പുഷ്പങ്ങളും അതില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ്. പൂന്തോട്ടം മുഴുവനിലും ഒരേ ജാതി ചെടികളും പുഷ്പങ്ങളുമാണുള്ളതെങ്കില്‍ അത് അത്രമാത്രം മനോഹരമായിരിക്കുകയില്ല. അതിനാല്‍ ഭൂമിയില്‍ മനോഹരങ്ങളായ വിവിധയിനം പുഷ്പങ്ങള്‍ (പ്രാര്‍ത്ഥനാരീതികള്‍, ആദ്ധ്യാത്മികത etc.) വിടര്‍ന്നു പുഷ്പിക്കുന്ന മനോഹരമായ മലര്‍വാടിയാണ് സഭ. വൈവിധ്യത്തില്‍ ഏകത്വം എന്ന പൊതുതത്വമാണ് ഇവിടെ ഏറ്റവും പ്രകടമാകുന്നത്.
വിവിധ സ്ഥലങ്ങളില്‍ അപ്പസ്തോലന്മാരോടു ബന്ധപ്പെട്ടു രൂപമെടുത്ത സഭാസമൂഹങ്ങളില്‍ അംഗങ്ങളെല്ലാം അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്പര്യപൂര്‍വ്വം പങ്കെടുത്തു (അപ്പ 2:46). ഇപ്രകാരം അപ്പസ്തോലന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും നേതൃത്വത്തില്‍ സഭാസമൂഹം ഒരുമിച്ചു കൂടുമ്പോള്‍ അതു പ്രഥമവും പ്രധാനവുമായി ഒരു ആരാധനാസമൂഹമായിട്ടാണ് വര്‍ത്തിച്ചിരുന്നത്.
അപ്പസ്തോലന്മാരും അവരുടെ പിന്‍ഗാമികളും തങ്ങള്‍ക്കു മിശിഹാനുഭവം ഏറ്റവും കൂടുതലായി പങ്കുവച്ച സന്ദര്‍ഭങ്ങളായിരുന്നു ഇപ്രകാരമുള്ള ആരാധനാ സമ്മേളനങ്ങള്‍. ആരാധനാ സമ്മേളനങ്ങളില്‍ വച്ച് വി. ഗ്രന്ഥഭാഗങ്ങള്‍ വായിക്കുകയും ധ്യാനിക്കുകയും വ്യാഖ്യാനിച്ചു പഠിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ മിശിഹായുടെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ഓര്‍മ്മയാചരണവും അനുഷ്ഠാനവുമായ അപ്പംമുറിക്കല്‍ ശുശ്രൂഷ നടത്തുകയും ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്കു കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തുപോന്നു.
യഹൂദ പശ്ചാത്തലത്തില്‍ രൂപംകൊണ്ട സഭ യഹൂദരുടെ പ്രാര്‍ത്ഥനാരീതികള്‍ തന്നെയാണ് അടിസ്ഥാനപരമായി അനുവര്‍ത്തിച്ചു പോന്നത്. പുതിയനിയമ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടതോടുകൂടി പഴയനിയമ ഗ്രന്ഥങ്ങളെക്കാള്‍ പുതിയനിയമഗ്രന്ഥങ്ങള്‍ക്കു പ്രാമുഖ്യം ലഭിക്കുകയും അവ ഇപ്രകാരമുള്ള ആരാധനാസമൂഹത്തില്‍വച്ചു പരസ്യമായി വായിക്കുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു.
ആദ്യമാദ്യം ഇപ്രകാരമുള്ള സമ്മേളനങ്ങളില്‍ വി. ഗ്രന്ഥവായനയ്ക്കും അപ്പംമുറിക്കല്‍ കര്‍മ്മങ്ങള്‍ക്കും പ്രാര്‍ത്ഥനാരീതികള്‍ക്കും ക്ലിപ്തമായ രൂപമൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ മതപീഢനം ശക്തമായിരുന്നതിനാല്‍ ഇപ്രകാരമുള്ള സഭാസമ്മേളനങ്ങള്‍ പലപ്പോഴും രഹസ്യമായിട്ടാണ് നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ കാലം മുന്നോട്ടു പോയതനുസരിച്ചു പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ക്കും പ്രാര്‍ത്ഥനാരീതികള്‍ക്കുമെല്ലാം നിയതമായ രൂപങ്ങള്‍ കൈവന്നു തുടങ്ങി. ഏതാണ്ട് ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയും രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെയും ഇവയ്ക്കെല്ലാം ഒരു ഏകദേശരൂപം ലഭിക്കുകയുണ്ടായി. ഇത് എല്ലാ സഭകളുടെയും കാര്യത്തില്‍ വാസ്തവമാണ്. എങ്കില്‍ത്തന്നെയും അവയൊന്നും ഈ കാലയളവില്‍ പൂര്‍ണ്ണമായി ലിഖിത രൂപങ്ങള്‍ സ്വീകരിച്ചിരുന്നില്ല.
അപ്പസ്തോലന്മാരുടെയും അവരുടെ ആദ്യകാല പിന്‍ഗാമികളുടെയും കാലം കഴിഞ്ഞപ്പോള്‍ ക്രിസ്തുസംഭവത്തിനു ദൃക്സാക്ഷികളായവരുടെ നിര അവസാനിക്കുവാനും അനുഭവസാക്ഷ്യം നല്‍കാന്‍ കഴിയുന്നവരുടെ സംഖ്യ കുറയുവാനും തുടങ്ങി. തന്മൂലം, ഈ കാലയളവില്‍ സമൂഹത്തില്‍ ആരാധനാരീതികള്‍ക്ക് ക്ലിപ്തമായ ഒരു രൂപം ഉണ്ടാകേണ്ടതായി വന്നു. അക്കാലത്തെ പ്രമുഖങ്ങളായ മതാദ്ധ്യായന കേന്ദ്രങ്ങളോടും സഭാകേന്ദ്രങ്ങളോടും ബന്ധപ്പെട്ട് ആരാധന ക്രമങ്ങള്‍ രൂപംകൊള്ളുവാന്‍ ഇടയായപ്പോള്‍ അതാതുകേന്ദ്രങ്ങളോടു ബന്ധപ്പെട്ട സഭകള്‍ അവിടെ രൂപംകൊണ്ട ആരാധനാക്രമങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
ചില സഭകള്‍ക്ക് ശ്രദ്ധേയങ്ങളായ മതാദ്ധ്യായന കേന്ദ്രങ്ങള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ അപ്രകാരമുള്ള സഭകള്‍ തങ്ങള്‍ ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മതാദ്ധ്യയന കേന്ദ്രത്തിലോ സഭാ കേന്ദ്രത്തിലോ രൂപംകൊണ്ട ആരാധനക്രമങ്ങള്‍തന്നെ ഉപയോഗിക്കുവാന്‍ ഇടയായി. അതിനാല്‍ എല്ലാ സഭകളും സ്വന്തമായി ആരാധനക്രമങ്ങള്‍ക്കു രൂപം കൊടുക്കണമെന്നു വരുന്നില്ല; മറിച്ച്, ഒരേ ആരാധനക്രമം തന്നെ പല സഭകള്‍ ഉപയോഗിക്കാന്‍ ഇടയാവുന്ന സാഹചര്യങ്ങളാണുള്ളത്. അതുപോലെതന്നെ ഒരു സ്ഥലത്തു രൂപംകൊണ്ട ആരാധനക്രമം ആ സ്ഥലത്തു മാത്രം ഉപയോഗിക്കപ്പെടേണ്ടതാണെന്നും വരുന്നില്ല. മറിച്ച്, അതാതു സഭകളോടു ബന്ധപ്പെട്ട് ലോകത്ത് എവിടെ വേണമെങ്കിലും അത് ഉപയോഗിക്കപ്പെടാം. ഭാരതത്തിലെ സീറോ മലബാര്‍ സഭയുടെയും മലങ്കര സഭയുടെയും ലത്തീന്‍ സഭയുടെയും ആരാധനക്രമങ്ങള്‍ ഇവയില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല എന്നു നമുക്കു കാണാവുന്നതാണ്.
തന്നിമിത്തം എല്ലാ അപ്പസ്തോലിക സഭകളുടെയും ആരാധനക്രമങ്ങള്‍ അതാത് അപ്പസ്തോലന്‍മാരാല്‍ തന്നെ വിരചിതമാവണമെന്നില്ല. കാരണം, അപ്പസ്തോലന്മാരാണ് ഓരോ സ്ഥലത്തും സഭയ്ക്കു രൂപം കൊടുത്തതെങ്കിലും ആരാധന ക്രമങ്ങള്‍ അതില്‍തന്നെ അതിന്‍റെ വികാസപരിണാമങ്ങള്‍ക്കു വിധേയമായി ക്ലിപ്തമായ രൂപം സ്വീകരിച്ചത് മൂന്നു നാലു നൂറ്റാണ്ടുകളിലാണ്. ഇതു സുവിശേഷ രചനയുടെ കാര്യത്തിലും വാസ്തവമാണല്ലോ. സുവിശേഷം പ്രസംഗിച്ച എല്ലാ അപ്പസ്തോലന്മാരും സുവിശേഷം എഴുതിയിട്ടില്ല; അതേ സമയം അപ്പസ്തോലന്മാരല്ലാത്തവര്‍ എഴുതുകയും ചെയ്തിട്ടുണ്ട്. സുവിശേഷങ്ങള്‍ എഴുതിയതാവട്ടെ സുവിശേഷപ്രഘോഷണം ആരംഭിച്ചിട്ടു ദശാബ്ദങ്ങള്‍ പിന്നിട്ടതിനുശേഷം മാത്രമാണ്. എഴുതപ്പെട്ട സുവിശേഷങ്ങള്‍ ഇന്ന് എല്ലാ സഭകളും സ്വന്തമെന്നപോലെയാണ് കാണുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നത്.
വിവിധ ആരാധനക്രമ കുടുംബങ്ങള്‍
പ്രമുഖങ്ങളായ മതാദ്ധ്യാപന കേന്ദ്രങ്ങളോടും സഭാകേന്ദ്രങ്ങളോടും ബന്ധപ്പെട്ടാണ് ആരാധനക്രമങ്ങളുടെ രൂപീകരണം നടന്നത് എന്നു നാം കാണുകയുണ്ടായി. അതിന്‍പ്രകാരം നാലു പ്രമുഖ മതാദ്ധ്യായന കേന്ദ്രങ്ങളും നാലു ആരാധനക്രമ കുടുംബങ്ങളുമാണ് നമുക്കു കാണുവാന്‍ കഴിയുക. റോം, അന്ത്യോക്യാ, അലക്സാണ്ഡ്രിയാ, എദേസാ എന്നിവയാണ് ആ നാലു മതാദ്ധ്യായന കേന്ദ്രങ്ങള്‍. തന്നിമിത്തം ഈ കേന്ദ്രങ്ങളോടു ബന്ധപ്പെട്ടാണ് നാല് ആരാധനാക്രമ കുടുംബങ്ങളെ നാം കണ്ടെത്തുക.
റോമന്‍ (ലത്തീന്‍) ആരാധനാക്രമ കുടുംബം
അപ്പസ്തോല പ്രമുഖനായ വി. പത്രോസിന്‍റെയും വിജാതീയരുടെ അപ്പസ്തോലനായിരുന്ന വി. പൗലോസിന്‍റെയും പ്രവര്‍ത്തനകേന്ദ്രമായിരുന്ന റോം ആദിമകാലംമുതലേ ഒരു മതാദ്ധ്യാപനകേന്ദ്രവും സഭാകേന്ദ്രവുമായിരുന്നു. റോമിനെ കേന്ദ്രമാക്കി വളര്‍ന്ന ആരാധനാക്രമത്തെയാണ് റോമന്‍ ആരാധനാക്രമം എന്നും ഭാഷയുടെ അടിസ്ഥാനത്തില്‍ ലത്തീന്‍ ക്രമം എന്നും വിളിക്കുന്നു. റോമന്‍ ആരാധനാക്രമം റോമില്‍മാത്രം ഉപയോഗിക്കപ്പെടുന്നതാണെന്നു വരുന്നില്ല. റോമിനെ കേന്ദ്രീകരിച്ചുകൊണ്ട് ആദിമകാല മിഷനറിമാര്‍ പാശ്ചാത്യ നാടുകളില്‍ മുഴുവന്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയപ്പോള്‍ ആ നാടുകളിലെല്ലാം റോമന്‍ ആരാധനാക്രമമാണ് അവര്‍ ഉപയോഗിച്ചത്. 16-ാം നൂറ്റാണ്ടില്‍ പാശ്ചാത്യ മിഷനറിമാര്‍ ഭാരതത്തില്‍ വരുകയും പ്രേഷിതപ്രവര്‍ത്തനം നടത്തുകയും ചെയ്തപ്പോള്‍ മുതല്‍ ഇവിടെയും ലത്തീന്‍ ആരാധനാക്രമം ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കേരളത്തിലും ലത്തീന്‍ സഭയും ലത്തീന്‍ ആരാധനക്രമവും പ്രചാരത്തില്‍ വന്നത്.
റോമന്‍ ആരാധനാക്രമ കുടുംബത്തില്‍ വേറെ നാലു ആരാധനക്രമങ്ങള്‍ കൂടിയുണ്ട്. അവയാണ് അംബ്രോസിയന്‍, മൊസാറബിക്, കെല്‍ട്ടിക്, ഗാള്ളിക്കന്‍ ആരാധനാക്രമങ്ങള്‍. പാശ്ചാത്യനാടുകളിലെ ചില സഭാകേന്ദ്രങ്ങളെ ആസ്ഥാനമാക്കിയാണ് അവ രൂപം പ്രാപിച്ചതെങ്കിലും അവയ്ക്കൊന്നും കാര്യമായ വളര്‍ച്ചയോ പ്രചാരമോ ലഭിച്ചില്ല. ഇന്നവ നാമമാത്രമായി ചില സ്ഥലങ്ങളില്‍ മാത്രം ഉപയോഗിക്കുന്നുണ്ട്. അതിന്‍പ്രകാരം അംബ്രോസിയന്‍ ആരാധനക്രമം ഇറ്റലിയിലെ മിലാന്‍ രുപതയിലും, കെല്‍ട്ടിക് ആരാധനാക്രമം ഫ്രാന്‍സിലെ ലിയോണ്‍സിലും മൊസാറബിക് ആരാധനക്രമം സ്പെയിനിലെ ടൊളേഡോ കത്തീഡ്രലിലും മാത്രമാണ് ഇന്നു ഉപയോഗത്തിലുള്ളത്.
അന്ത്യോക്യന്‍ ആരാധനാക്രമ കുടുംബം
ആദിമകാലങ്ങളില്‍ തന്നെ അന്ത്യോക്യാ സഭാപ്രവര്‍ത്തനങ്ങളുടെ ഒരു ആസ്ഥാനവും മതാദ്ധ്യായനകേന്ദ്രവുമായിരുന്നു. അവിടെ രൂപംകൊണ്ട ആരാധനാക്രമം അന്ത്യോക്യന്‍ ആരാധനക്രമം എന്നാണറിയപ്പെടുക. ഈ ആരാധനാക്രമം ഭാഷയുടെ അടിസ്ഥാനത്തില്‍ "പാശ്ചാത്യ സുറിയാനി ആരാധനക്രമം" എന്നും വിളിക്കപ്പെടുന്നുണ്ട്. ഈ ആരാധനാക്രമമാണ് ഇന്ന് അന്ത്യോക്യായിലെ സിറിയന്‍ കത്തോലിക്കരും, മാറോനീത്താ സഭക്കാരും, കേരളത്തിലെ സീറോ മലങ്കര കത്തോലിക്കാസഭയും ഉപയോഗിക്കുന്നത്. കൂടാതെ യാക്കോബായക്കാരും ഓര്‍ത്തഡോക്സുകാരും മാര്‍ത്തോമ്മാക്കാരും തൊഴിയൂര്‍ സഭയും ഈ ആരാധനക്രമം ഉപയോഗിക്കുന്നുണ്ട്. പാശ്ചാത്യ മിഷണറിമാര്‍ കേരളത്തിലെ നമ്മുടെ സഭയുടെ ഭരണം നടത്തിയപ്പോഴുണ്ടായ സഭാവിഭജനത്തെ തുടര്‍ന്നാണ് ഈ ആരാധനക്രമം കേരളത്തില്‍ പ്രചരിച്ചത്.
ബൈസന്‍റയിന്‍ ആരാധനാക്രമം
അന്ത്യോക്യ ഒരു മതാദ്ധ്യയന കേന്ദ്രവും സഭാകേന്ദ്രവുമായിരുന്നെങ്കിലും പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ ആസ്ഥാനം ബൈസാന്‍സിയം ആയതിനെ തുടര്‍ന്ന് അതും ഒരു സഭാകേന്ദ്രമായി പരിണമിക്കുവാന്‍ തുടങ്ങി. ബൈസാന്‍സിയം കേന്ദ്രമായി വളര്‍ന്നുവന്ന ആരാധനാക്രമത്തെയാണ് ബൈസന്‍റയിന്‍ ആരാധനാക്രമം എന്നു വിളിക്കുക. ഇന്നു ഗ്രീസിലേയും റഷ്യയിലേയും മറ്റും നിരവധി സഭകള്‍ ഈ ആരാധനാക്രമമാണ് ഉപയോഗിക്കുക. ഗ്രീക്കു മല്‍ക്കൈറ്റ്, യുക്രേനിയന്‍, അല്‍ബേനിയന്‍, റൊമേനിയന്‍ തുടങ്ങി കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലുള്ള 13 സഭകളും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ, ബൈസന്‍റയിന്‍ ഓര്‍ത്തഡോക്സ് സഭ തുടങ്ങി ഒട്ടേറെ അകത്തോലിക്കാ സഭകളും ഈ ആരാധനാക്രമമാണ് ഇന്ന് ഉപയോഗിക്കുക. ഗ്രീക്കു ഭാഷയിലാണ് ഈ ആരാധനാക്രമം രൂപം കൊണ്ടിട്ടുള്ളത്.
അര്‍മേനിയന്‍ ആരാധനാക്രമം
എ.ഡി. 384 മുതല്‍ മറ്റു സഭകളുമായുള്ള ബന്ധം വിടര്‍ത്തി സ്വതന്ത്രമായ ശൈലിയില്‍ വര്‍ത്തിക്കുവാനിടയായ അര്‍മേനിയന്‍ സഭ ഉപയോഗിക്കുന്ന ആരാധനക്രമത്തെയാണ് അര്‍മേനിയന്‍ ആരാധനക്രമം എന്നു വിളിക്കുക.
അലക്സാണ്ഡ്രിയന്‍ ആരാധനാക്രമ കുടുംബം
അലക്സാണ്ഡ്രിയ ആദിമകാലത്തെ ഒരു പ്രമുഖ മതബോധന കേന്ദ്രമായിരുന്നു. അലക്സാണ്ഡ്രിയയെ കേന്ദ്രമാക്കി രണ്ടു ആരാധനക്രമങ്ങള്‍ രൂപം പ്രാപിക്കുകയുണ്ടായി: കോപ്റ്റിക് ആരാധനക്രമവും എത്യോപ്യന്‍ ആരാധനക്രമവും. എത്യോപ്യായിലും ഈജിപ്തിലുമുള്ള സഭകളാണ് ഇവ പ്രധാനമായും ഉപയോഗിക്കുക.
പേര്‍ഷ്യന്‍ ആരാധനാക്രമ കുടുംബം
ഏറെനാള്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍ കീഴിലായിരുന്ന എദേസ്സായിലാണ് ഇത് രൂപംകൊണ്ടത്. അതുകൊണ്ടാണ് ഇതിനെ പേര്‍ഷ്യന്‍ ആരാധനാക്രമം എന്നുവിളിക്കുക. എദേസ്സ ഒരു ആദിമകാല മതാദ്ധ്യായന കേന്ദ്രമായിരുന്നു. സഭാപിതാവായ മാര്‍ അപ്രേം ഈ മതാദ്ധ്യായന കേന്ദ്രത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. റോം, അന്ത്യോക്യാ, അലക്സാണ്ഡ്രിയ ഇവയെല്ലാം റോമാ സാമ്രാജ്യത്തിലെ മതാദ്ധ്യായന കേന്ദ്രങ്ങളായിരുന്നപ്പോള്‍ എഡേസാ മാത്രമാണ് അതിന് അപവാദമായി നിലകൊണ്ടത്. അതിനാല്‍തന്നെ എഡേസായില്‍ രൂപംകൊണ്ട ആരാധനാക്രമം റോമാ സാമ്രാജ്യത്തിനു വെളിയില്‍ രൂപംകൊണ്ട ഏക ആരാധനക്രമവുമാണ്. അതിനാല്‍ ഇതിന് സാര്‍വ്വത്രിക പൈതൃകത്തില്‍ അതുല്യവും അഭികാമ്യവുമായ ഒരു സ്ഥാനവും മാഹാത്മ്യവുമുണ്ട്.
ഭാഷാപരമായി "പൗരസ്ത്യ സുറിയാനി ആരാധനക്രമം" എന്ന പേരിലാണ് ഇത് ഏറ്റവും കൂടുതലായി അറിയപ്പെടുന്നത്. എഡേസായില്‍ ഈ ആരാധനക്രമം രൂപംകൊണ്ടതിനെ തുടര്‍ന്ന് തോമാശ്ലീഹായുടെ അപ്പസ്തോലിക പൈതൃകമുള്ള ഭാരതത്തിലെയും എഡേസായിലെയും, പാര്‍സിലെയും സെലൂഷ്യ-സ്റ്റെസിഫോണിലെയും സഭകള്‍ ഈ ആരാധനാക്രമം തന്നെയാണ് ഉപയോഗിച്ചുപോന്നത്. എഡേസായിലേയും പാര്‍സിലെയും സെലൂഷ്യ-സ്റ്റെസിഫോണിലെയും സഭകളാണ് പില്ക്കാലത്ത് കാല്‍ഡിയന്‍ സഭ എന്ന് അറിയപ്പെടുവാന്‍ തുടങ്ങിയത്. ഇന്നു കാല്‍ഡിയന്‍ കത്തോലിക്കാ സഭയും സീറോ മലബാര്‍ സഭയും ഈ ആരാധനാക്രമമാണ് ഉപയോഗിക്കുന്നത്.
പാശ്ചാത്യ-പൗരസ്ത്യ സഭകളും ആരാധനാക്രമങ്ങളും
സഭ വിവിധ സഭകളുടെ കൂട്ടായ്മയാണെന്ന് നാം കാണുകയുണ്ടായി. ഈ സഭകളെ പൊതുവില്‍ രണ്ടായി തിരിക്കാവുന്നതാണ്-പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും. ഈ തിരിവിനു അടിസ്ഥാനമായിട്ടുള്ളത് റോമാ സാമ്രാജ്യത്തിന്‍റെ വിഭജനം തന്നെയാണ്. റോമാ സാമ്രാജ്യത്തെ പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും വേര്‍തിരിച്ചപ്പോള്‍, പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്‍റെ പരിധിയില്‍ വന്ന സഭയെ പാശ്ചാത്യസഭയെന്നും, പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ പരിധിയില്‍ വന്ന സഭകളെ പൗരസ്ത്യസഭകളെന്നും വിളിക്കുവാനിടയായി.
പിന്നീട് ഈ തിരിവ് ആഗോളവ്യാപകമായ ഒരു തിരിവായി പരിണമിച്ചു. അതിന്‍പ്രകാരം പാശ്ചാത്യ റോമാസാമ്രാജ്യത്തിന്‍റെ പരിധിയില്‍പ്പെട്ടതും അതിനു പടിഞ്ഞാറോട്ടുള്ളതുമായ സഭയെ പാശ്ചാത്യ സഭയെന്നും, പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ പരിധിയിലുള്ളതും അതിനു കിഴക്കോട്ടുള്ളതുമായ സഭകളെ പൗരസ്ത്യ സഭകളെന്നും വിളിക്കുവാനിടയായി.
അതിനാല്‍ ഇന്ന് പാശ്ചാത്യ-പൗരസ്ത്യ സഭകള്‍ എന്നു പറയുമ്പോള്‍ അതു ഭൂമിശാസ്ത്രപരമായ ഒരുതരം തിരിവിലേക്കല്ല; മറിച്ച് വ്യക്തിസഭകളുടെ ഉത്ഭവത്തിലേക്കാണ് വിരല്‍ ചൂണ്ടുക. അതായത് പാശ്ചാത്യ നാട്ടിലും പൗരസ്ത്യ നാട്ടിലുമായി രൂപം കൊണ്ടതും വളര്‍ന്നു വികസിച്ചതുമായ സഭകളെയാണ് അര്‍ത്ഥമാക്കുക. അതിന്‍പ്രകാരം ഇന്ന് പൗരസ്ത്യസഭകളെ പാശ്ചാത്യ നാടുകളിലും പാശ്ചാത്യ സഭകളെ പൗരസ്ത്യ നാടുകളിലും നമുക്ക് കണ്ടെത്താനാവും. ഉദാഹരണത്തിന്, ലത്തീന്‍ സഭയ്ക്ക് ഇന്നു കേരളത്തില്‍ പല രൂപതകളുമുണ്ട്. സീറോ മലബാര്‍ സഭയ്ക്ക് ഇന്ന് അമേരിക്കയിലെ ചിക്കാഗോയില്‍ ഒരു രൂപതയുണ്ട്.
പാശ്ചാത്യ സഭയില്‍ ലത്തീന്‍സഭ മാത്രമാണുള്ളത്. റോമില്‍ കേന്ദ്രീകരിച്ചു വളര്‍ന്ന ലത്തീന്‍സഭ എല്ലാ പാശ്ചാത്യരാജ്യങ്ങളിലും ഒട്ടേറെ പൗരസ്ത്യരാജ്യങ്ങളിലും ഇന്നു നിലനില്‍ക്കുന്നു. ലത്തീന്‍സഭയൊഴിച്ചുള്ള മറ്റെല്ലാ സഭകളും പൗരസ്ത്യസഭകളുടെ നിരയിലാണ് വരിക. അതിന്‍പ്രകാരം സീറോ മലബാര്‍ സഭയും സീറോ മലങ്കരസഭയും ബൈസന്‍റയിന്‍ സഭയും അലക്സാണ്ഡ്രിയന്‍ സഭയും അന്ത്യോക്യന്‍ സഭയുമെല്ലാം പൗരസ്ത്യ സഭകളാണ്.
പാശ്ചാത്യ-പൗരസ്ത്യ ആരാധനക്രമങ്ങളുടെ തിരിവും ഏതാണ്ട് ഇപ്രകാരം തന്നെയാണ്. പാശ്ചാത്യ സഭയില്‍ രൂപംകൊണ്ട ആരാധനക്രമം പാശ്ചാത്യ ആരാധനക്രമമെന്നും, പൗരസ്ത്യസഭകളില്‍ രൂപംകൊണ്ട ആരാധനക്രമങ്ങള്‍ പൗരസ്ത്യ ആരാധനക്രമങ്ങള്‍ എന്നുമാണ് അറിയപ്പെടുക. ദൈവശാസ്ത്രം, ആദ്ധ്യാത്മികത, സഭാനിയമം, ഭരണരീതി എന്നീ തലങ്ങളിലും പാശ്ചാത്യ-പൗരസ്ത്യ വിഭജനം നമുക്ക് കണ്ടെത്താനാവുന്നതാണ്. ഇതനുസരിച്ച് സീറോ മലബാര്‍ സഭയുടെ ആരാധനാക്രമം പൗരസ്ത്യ ആരാധനക്രമമാണ്. അതിനാല്‍, സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്രവും, ആദ്ധ്യാത്മികതയും സഭാഭരണവും സഭാനിയമവുമെല്ലാം പൗരസ്ത്യം തന്നെയായിരിക്കുക യുക്തിയുക്തമാണല്ലോ.
പൗരസ്ത്യസഭകളും പൗരസ്ത്യ-ആരാധനക്രമങ്ങളും
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വളരെ അഭിമാനത്തോടെയാണ് പൗരസ്ത്യസഭകളെയും പൗരസ്ത്യ ആരാധനക്രമങ്ങളെയും നോക്കിക്കാണുന്നത്. അപ്പസ്തോലികമായ ഉറവിടങ്ങളോടുകൂടിയും സമ്പന്നവും ആദരണീയവുമായ വി. പാരമ്പര്യങ്ങളുടെ ചുവടുപിടിച്ചും തനതായ വ്യക്തിത്വം കാത്തുസൂക്ഷിച്ചും വളര്‍ന്നുവന്നിട്ടുള്ള പൗരസ്ത്യസഭകള്‍ സാര്‍വ്വത്രിക സഭയുടെ വലിയ മുതല്‍ക്കൂട്ടാണെന്ന് ഈ കൗണ്‍സില്‍ വ്യക്തമാക്കുന്നു. പൗരസ്ത്യസഭയെയും ആരാധനക്രമങ്ങളെയും കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ "പൗരസ്ത്യസഭകള്‍", "എക്യുമെനിസം" എന്നീ ഡിക്രികളില്‍ വ്യക്തമാക്കുന്ന ശ്രദ്ധേയങ്ങളായ ചില പരാമര്‍ശങ്ങള്‍ ഇവിടെ എടുത്തു കാട്ടുവാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.
പൗരസ്ത്യസഭകള്‍ എന്ന പ്രമാണരേഖ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു:
"പൗരസ്ത്യസഭയുടെ ആരാധനക്രമങ്ങള്‍, ക്രൈസ്തവജീവിതരീതി എന്നിവയെ വലിയ മതിപ്പോടെയാണ് കത്തോലിക്കാസഭ വീക്ഷിക്കുന്നത്. കാരണം, അഭികാമ്യമായ അവരുടെ പൗരാണികത്വം ഒരു പ്രത്യേകസ്ഥാനം അവര്‍ക്കു നല്കുന്നുണ്ട്. സഭാപിതാക്കന്മാരിലൂടെ കൈവന്ന അപ്പസ്തോലിക പാരമ്പര്യം അവരില്‍ പ്രശോഭിക്കുന്നുണ്ട്. ഈ പാരമ്പര്യമാകട്ടെ, സാര്‍വത്രികസഭയുടെ ദൈവാവിഷ്കൃതവും അവിഭാജ്യവുമായ പിതൃസമ്പത്തിന്‍റെ ഭാഗമാണ്. അതിനാല്‍ പൗരസ്ത്യസഭകളുടെ കാര്യത്തില്‍ പ. സൂനഹദോസിന് അതിയായ താല്പര്യമാണുള്ളത്. പ്രസ്തുത സഭകള്‍ ഈ പാരമ്പര്യത്തിന്‍റെ സജീവസാക്ഷികളാണല്ലോ. അവ വളര്‍ന്നു വികസിക്കുവാനും അതോടൊപ്പം അവയില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം നവമായ അപ്പസ്തോലികചൈതന്യത്തോടെ പൂര്‍ണ്ണമാക്കാനും ഈ സൂനഹദോസ് ആഗ്രഹിക്കുന്നു" (പൗരസ്ത്യസഭകള്‍ 1).
"സാര്‍വത്രികസഭ പൗരസ്ത്യസഭകളോടു വളരെ അധികം കടപ്പെട്ടിരിക്കുന്നു. ഇതിന് ചരിത്രവും എണ്ണമറ്റ സഭാ സ്ഥാപനങ്ങളും വ്യക്തമായ സാക്ഷ്യം വഹിക്കുന്നുണ്ട്. സഭാപരവും ആദ്ധ്യാത്മികവുമായ പിതൃസ്വത്തിനെ കൗണ്‍സില്‍ വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇതിനെ ക്രിസ്തുവില്‍ സാര്‍വത്രികസഭയുടേതായി പരിഗണിക്കുകയും ചെയ്യുന്നു. അതിനാല്‍ പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യസഭകളെപ്പോലെ തന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കുവാനുള്ള അവകാശവും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഇവയെല്ലാം സംപൂജ്യമായ പൗരാണികത്വത്താല്‍ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളോട് ഏറ്റം ഒത്തുപോകുന്നതും ആത്മാക്കളുടെ നന്മക്ക് കൂടുതല്‍ ഉപകരിക്കുന്നതുമാണ്. അതിനാല്‍ അവ അത്യന്തം അഭിനന്ദനീയം തന്നെ." (പൗരസ്ത്യസഭകള്‍. 5)
എക്യുമെനിസം എന്ന പ്രമാണ രേഖയില്‍ പൗരസ്ത്യ സഭകളെക്കുറിച്ചുള്ള പ്രധാന പരാമര്‍ശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
* "തുടക്കംമുതലേ പൗരസ്ത്യസഭകള്‍ക്ക് ഒരു ആധ്യാത്മിക ഭണ്ഡാഗാരം ഉണ്ടായിരുന്നു. അതില്‍നിന്നാണ് പാശ്ചാത്യസഭ ആരാധനക്രമവും ആദ്ധ്യാത്മികപാരമ്പര്യവും നിയമവും ഗണ്യമായ തോതില്‍ പകര്‍ന്നെടുത്തത്. ഇക്കാര്യം വിസ്മരിക്കപ്പെടാവുന്നതല്ല." (എക്യുമെനിസം 14.b)
* "എത്രയധികം സ്നേഹാദരങ്ങളോടെയാണ് പരിശുദ്ധമായ ആരാധനക്രമം, പ്രത്യേകിച്ച്, സഭാജീവന്‍റെ ഉറവിടവും ഭാവി സൗഭാഗ്യത്തിന്‍റെ അച്ചാരവുമായ ദിവ്യകാരുണ്യമെന്ന രഹസ്യം, പൗരസ്ത്യസഭകള്‍ അനുഷ്ഠിക്കുന്നതെന്നു ഏവര്‍ക്കും അറിയാവുന്നതാണ്" (എക്യു. 15a).
* സന്യാസജീവിതത്തില്‍ പ്രത്യേകിച്ചും പ്രകടിതമാകുന്ന ആദ്ധ്യാത്മിക പാരമ്പര്യസമ്പത്തു പൗരസ്ത്യസഭകളിലും കാണുന്നുണ്ട്. വിഖ്യാതരായ പരിശുദ്ധപിതാക്കന്മാരുടെ കാലം മുതല്‍ സന്യാസജീവിതത്തിന്‍റെ ആദ്ധ്യാത്മികത്വം കിഴക്കന്‍ സഭകളില്‍ പുഷ്പിക്കുകയും പിന്നീട് അത് പാശ്ചാത്യനാടുകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തു. അങ്ങനെ ലത്തീന്‍ സന്യാസജീവിതത്തിനു ബീജാവാപം ചെയ്ത അന്നുമുതലിന്നോളം ലത്തീന്‍ സന്യാസജീവിതം അവിടെനിന്നു പുതുചൈതന്യം നേടിയിട്ടുണ്ട്. മനുഷ്യനെ ദൈവിക കാര്യങ്ങളിലുള്ള ധ്യാനനിര്‍ലീനതയിലാഴ്ത്തുന്ന പൗരസ്ത്യപിതാക്കളുടെ ആദ്ധ്യാത്മിക സമ്പത്തില്‍നിന്ന് അടുക്കലടുക്കല്‍ ഫലമെടുക്കാന്‍ കത്തോലിക്കരെ ആത്മാര്‍ത്ഥമായി ആഹ്വാനം ചെയ്യുന്നു. (എക്യു 15 d)
* "പൗരസ്ത്യ സഭകളുടെ സമൃദ്ധിയാര്‍ന്ന ആരാധനപരവും ആദ്ധ്യാത്മികവുമായ പിതൃസ്വത്ത് എല്ലാവരും അറിയണം, ആദരിക്കണം, കാത്തുസൂക്ഷിക്കുകയും വേണം. പൂര്‍ണ്ണമായ ക്രിസ്തീയ പാരമ്പര്യത്തെ വിശ്വസ്തതാപൂര്‍വം സംരക്ഷിക്കാനും കിഴക്കും പടിഞ്ഞാറുമുള്ള ക്രൈസ്തവര്‍ തമ്മില്‍ ഐക്യം കൈവരുത്തുവാനും ഇതനുപേക്ഷണീയ ആവശ്യമാണ് എന്ന് അവര്‍ മനസ്സിലാക്കണം" (എക്യു. 15 e.)
* "പൗരസ്ത്യസഭകളുടെ സാക്ഷത്തായ ദൈവശാസ്ത്ര പാരമ്പര്യങ്ങളെപ്പറ്റി വിചിന്തനം ചെയ്യുമ്പോള്‍ അവ വേദപുസ്തകത്തില്‍ ആഴത്തില്‍ വേരോടുകയും ആരാധനക്രമജീവിതത്തിലൂടെ പോഷിപ്പിക്കപ്പെടുകയും പ്രകാശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്. അവ അപ്പസ്തോലന്മാരുടെ സജീവ പാരമ്പര്യത്താലും പിതാക്കന്മാരുടേയും പൗരസ്ത്യസഭകളിലെ ആദ്ധ്യാത്മിക ഗ്രന്ഥകര്‍ത്താക്കളുടേയും കൃതികളാലും പരിപോഷിപ്പിക്കപ്പെട്ടിട്ടുള്ളവയാണ്. അങ്ങനെ അവ ശരിയായ പരിശീലനം നല്‍കുന്നു. പോരാ, ക്രിസ്തീയസത്യത്തിന്‍റെ സമ്പൂര്‍ണ്ണ വീക്ഷണത്തിന് വഴിതെളിക്കുന്നു."(എക്യു17 a).
* ഈ ആദ്ധ്യാത്മികത്വത്തിന്‍റെയും, ആരാധനക്രമത്തിന്‍റെയും, നിയമത്തിന്‍റെയും, ദൈവശാസ്ത്രത്തിന്‍റെയും പിതൃസ്വത്ത്, അവയുടെ വിവിധപാരമ്പര്യങ്ങളില്‍, പൂര്‍ണ്ണവും കാതോലികവും അപ്പസ്തോലികവുമായ സഭയുടെ സ്വഭാവത്തിലുള്‍പ്പെട്ടുവെന്ന് ഈ പരിശുദ്ധ സൂനഹദോസ് ഉറപ്പിച്ചു പറയുന്നു. കത്തോലിക്കാസഭയിലെ പൗരസ്ത്യ സന്താനങ്ങള്‍ ഈ പിതൃസ്വത്ത് കാത്തുസൂക്ഷിക്കുകയും അതിനെ കൂടുതല്‍ വിശ്വസ്തതാപൂര്‍വം പൂര്‍ണ്ണമായി തങ്ങളുടെ ജീവിതത്തിലൂടെ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവര്‍ പാശ്ചാത്യസഭാപാരമ്പര്യത്തെ പിന്‍ചെല്ലുന്ന അവരുടെ സഹോദരങ്ങളുമായി പൂര്‍ണ്ണമായ ഐക്യത്തിലാണ് വര്‍ത്തിക്കുന്നത്. ഇവ ദൈവത്തിനു നന്ദി പറയാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന വസ്തുതകളാണ്" (എക്യു 17 b)
പൗരസ്ത്യ സഭകള്‍
"നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളര്‍ച്ചയ്ക്കു വേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയില്‍വരുത്താവുന്നതല്ല. അതിനാല്‍ ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യര്‍ തന്നെ അനുസരിക്കണം. മുമ്പത്തേക്കാള്‍ കൂടുതലായി ഇവ പഠിക്കുകയും പൂര്‍ണ്ണമായി ആചരിക്കുകയും വേണം. കാലത്തിന്‍റേയോ വ്യക്തികളുടേയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്ക് ചേരാത്ത വിധത്തില്‍ ഇവയില്‍നിന്ന് വ്യതിചലിച്ചു പോയിട്ടുണ്ടെങ്കില്‍ പൗരാണിക പാരമ്പര്യത്തിലേക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഉദ്യോഗം, അപ്പസ്തോലിക സേവനം എന്നിവയില്‍ പൗരസ്ത്യ സഭകളോടോ അവയിലെ വിശ്വാസികളോടോ അടുത്തു സമ്പര്‍ക്കം പുലര്‍ത്തുന്നവരുണ്ട്. തങ്ങള്‍ ചെയ്യുന്ന ജോലിയുടെ ഗൗരവമനുസരിച്ച് പൗരസ്ത്യരുടെ റീത്തുകള്‍, ശിക്ഷണം, പഠനം, ചരിത്രം, സ്വഭാവം, എന്നിവയെ സംബന്ധിച്ച ശരിയായ അറിവ് അവര്‍ സമ്പാദിക്കുകയും അവയെ വിലമതിക്കുകയും വേണം. പൗരസ്ത്യദേശങ്ങളിലോ പൗരസ്ത്യരുടെ ഇടയിലോ ജോലി ചെയ്യുന്ന ലത്തീന്‍ റീത്തില്‍പ്പെട്ട സന്യാസസ്ഥാപനങ്ങളും സംഘടനകളും പ്രേഷിതവേലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍വേണ്ടി കഴിയുന്നിടത്തോളം പൗരസ്ത്യ റീത്തിലുള്ള ഭവനങ്ങളും പ്രവിശ്യകളും സ്ഥാപിക്കണമെന്ന് ശക്തിയായി ഉദ്ബോധിപ്പിക്കുന്നു." (പൗ. സ. 6)
"പൗരസ്ത്യസഭകളില്‍ കാണുന്ന കൂദാശകളുടെ പരികര്‍മ്മരീതി അതിപുരാതനമാണ്. അതിനെ കൗണ്‍സില്‍ സ്ഥിരീകരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ അര്‍പ്പിക്കുകയും പരികര്‍മ്മം ചെയ്യുകയും ചെയ്യുന്ന വിധത്തെ കൗണ്‍സില്‍ അംഗീകരിച്ചുറപ്പിക്കുന്നു. ആവശ്യമെങ്കില്‍ പരമ്പരാഗതമായ രീതിതന്നെ പുനഃസ്ഥാപിക്കണമെന്ന് കൗണ്‍സില്‍ ആഗ്രഹിക്കുന്നു" (പൗ. സ. 12).
"എല്ലാ വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും റീത്തുകളെ സംബന്ധിച്ചും അവ തമ്മിലുള്ള ഇടപാടുകള്‍ നിയന്ത്രിക്കുന്ന പ്രായോഗിക മാനദണ്ഡങ്ങളെ സംബന്ധിച്ചും ശരിയായ പരിശീലനം നല്‍കണം. മതാദ്ധ്യായനാവസരങ്ങളില്‍ റീത്തുകളേയും അവയുടെ നിബന്ധനകളെയും പറ്റിയുള്ള ജ്ഞാനം അത്മായര്‍ക്കും നല്‍കണം. എല്ലാ കത്തോലിക്കരും തങ്ങളുടെ റീത്തുതന്നെ തുടരേണ്ടതാണ്. അതുപോലെതന്നെ കത്തോലിക്കാ സഭയോടുള്ള പൂര്‍ണ്ണമായ യോജിപ്പിനെ ആശ്ലേഷിക്കുന്ന അകത്തോലിക്കാ സഭകളിലേയും സമൂഹങ്ങളിലേയും മാമ്മോദീസ സ്വീകരിച്ച എല്ലാ അംഗങ്ങളും ലോകത്തില്‍ എവിടെ ആയിരുന്നാലും തങ്ങളുടെ റീത്തില്‍ ഉറച്ചുനില്‍ക്കണം" (പൗ. സ. 4).
നവീകരണം അത്യന്താപേക്ഷിതം
പൗരസ്ത്യവും ഭാരതീയവുമായ നമ്മുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ വിടര്‍ന്നുപുഷ്പിച്ച ഒരു അപ്പസ്തോലിക പാരമ്പര്യവും സഭാജീവിതവും നമുക്കിവിടെ കണ്ടെത്താനാവും. അപ്പസ്തോലിക പൈതൃകത്തിന്‍ കീഴില്‍ സത്യവിശ്വാസത്തില്‍ വേരുറപ്പിച്ച് ആദിമസഭാ പാരമ്പര്യത്തില്‍ നിന്ന് ജലവും വളവും സ്വീകരിച്ച് ബൈബിള്‍ പശ്ചാത്തലത്തില്‍ വിരിഞ്ഞ നമ്മുടെ ആരാധനക്രമം ദൈവശാസ്ത്ര സമ്പന്നവും സഭാത്മകജീവിത്തെ പ്രസ്പഷ്ടമാക്കുന്നതും ദൈവാനുഭവത്തിന്‍റെ ഉന്നത മേഖലകളിലേയ്ക്ക് നമ്മെ ആനയിക്കുന്നതുമാണ്. അതിനാല്‍ അതിനെ നാം സ്നേഹിക്കുകയും ആഴത്തില്‍ പഠിക്കുകയും അതിന്‍റെ ചൈതന്യം ഉള്‍ക്കൊള്ളുകയും ചെയ്യുക ഇന്നിന്‍റെ ആവശ്യമാണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്യുന്നതു പോലെ ഉറവിടങ്ങളിലേയ്ക്ക് മടങ്ങിച്ചെന്ന് നമുക്കു നഷ്ടപ്പെട്ടുപോയതു കണ്ടെത്തി അതിന്‍റെ സമ്പന്നത മനസ്സിലാക്കി സഭയുടെ വ്യക്തിത്വം വീണ്ടെടുത്ത് ക്രൈസ്തവ ജീവിതത്തിന്‍റെ അടിത്തറ നമുക്ക് ഉറപ്പിക്കാം. പാറയില്‍ അടിസ്ഥാനമിടുന്ന ഭവനം ഏതു പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് സ്ഥിരമായി ഉറച്ചുനില്ക്കും (രള. മത്ത. 7:24 ff). പുരോഗതിയുടേയും, ശാസ്ത്രസാങ്കേതിക വിദ്യകളുടേയും, കുത്തഴിഞ്ഞുകൊണ്ടിരിക്കുന്ന ധാര്‍മ്മിക വ്യവസ്ഥിതികളുടേയും, മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന ആധുനിക സംസ്കാരത്തിന്‍റേയും, അതിന്‍റെ നൂതന പ്രവണതകളുടേയും ആശയഗതികളുടേയും മദ്ധ്യത്തില്‍ ക്രൈസ്തവ ജീവിതത്തിന് സ്ഥായിയായ ഒരു അടിത്തറ നമുക്കു പണിയുവാന്‍ കഴിയുന്നില്ലെങ്കില്‍, നമ്മുടെ ഇന്നുള്ള വിശ്വാസം മണലില്‍ അടിസ്ഥാനമിട്ടു പണിചെയ്ത വീടുപോലെ തകര്‍ന്നു തരിപ്പണമാകാന്‍, ക്ഷയിച്ചു നിര്‍ജ്ജീവമാകാന്‍ അധികം കാലമൊന്നും വേണ്ടിവരികയില്ല. ഈ നൂറ്റാണ്ടിനപ്പുറത്തേയ്ക്കു കടന്നുചിന്തിക്കാന്‍ നമുക്കു കഴിയണമെങ്കില്‍, വിശ്വാസം നിലനിര്‍ത്തണമെങ്കില്‍ നമ്മുടെ വിശ്വാസത്തെ ശരിയായ അടിസ്ഥാനങ്ങളില്‍ ഉറപ്പിക്കുകയും ശരിയായി പോഷിപ്പിക്കുയും ചെയ്യുക അത്യന്താപേക്ഷിതമാണ്.
റവ. ഡോ. ജോസ് പൂവന്നിക്കുന്നേല്‍
formation of liturgies catholic malayalam Rev. Dr. Jose Poovannikunnel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206