x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ പരിശുദ്ധ ത്രിത്വം

ആദിയില്‍ മൂന്നു വ്യക്തികളുടെ കൂട്ടായ്മ - ഒരു വ്യക്തിയുടെ ഏകാന്തതയല്ല

Authored by : Leonardo Boff On 10-Feb-2021

ആദിയില്‍ മൂന്നു വ്യക്തികളുടെ കൂട്ടായ്മ -

ഒരു വ്യക്തിയുടെ ഏകാന്തതയല്ല

  1. ഒരു വ്യക്തിയുടെ ഏകാന്തതയില്‍നിന്ന് മൂന്നു വ്യക്തികളുടെ കൂട്ടായ്മയിലേക്ക്

നമ്മുടെ വിശ്വാസത്തിന്‍റെ ദൈവം എങ്ങനെയുള്ളവനാണ് ? അനന്തസത്തയായി, സര്‍വ്വശക്തനായി, സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവായി, സര്‍വ്വ സൃഷ്ടികളെയും പാദാന്തികത്തിലാക്കി സ്വര്‍ഗ്ഗത്തില്‍ ഏകനായി വസിക്കുന്ന ഒരു ദൈവത്തെയാണ് നിരവധി ക്രൈസ്തവര്‍ വിഭാവനം ചെയ്യുന്നത്. അവിടുന്ന് ദയാമയനെങ്കിലും ഏകാകിയായ ദൈവമാണ്. മറ്റുചിലര്‍ ദൈവത്തെ ദയാപരനായ പിതാവായോ കര്‍ക്കശനായ ന്യായാധിപനായോ കാണുന്നു. എന്നാല്‍ ദൈവം എപ്പോഴും അത്യുന്നതനായ വ്യക്തിയും അനന്യനും എതിരില്ലാത്തവനും മഹത്വത്തിന്‍റെ പ്രഭയില്‍ കഴിയുന്നവനുമാണെന്ന് അവര്‍ വിചാരിക്കുന്നു. അവന്‍ സ്ത്രീ പുരുഷന്മാരായ വിശുദ്ധരോടും മാലാഖമാരോടുംകൂടെ സ്വര്‍ഗ്ഗത്തില്‍ വാഴുന്നു. പക്ഷേ അവരെല്ലാം അവന്‍റെ സൃഷ്ടികളാണ്. അവര്‍ അതിവിശിഷ്ടരാണെങ്കിലും ദൈവകരങ്ങളില്‍നിന്നു വന്നവരാണ്. അതിനാല്‍  അവര്‍ ദൈവത്തിനധീനരും ദൈവസാദൃശ്യം മാത്രമുള്ളവരുമാണ്. അടിസ്ഥാനപരമായി ദൈവം ഏകനാണ്. എന്തെന്നാല്‍ ദൈവം ഒന്നേയുള്ളൂ. പഴയനിയമത്തിന്‍റെയും യഹൂദരുടെയും മുസ്ലീങ്ങളുടെയും വിശ്വാസം ഇതാണ്. പൊതുവേ ക്രൈസ്തവരുടെയും വിശ്വാസം ഇതുതന്നെ.

ഒരുവന്‍റെ ഏകാകിതയില്‍നിന്ന് മൂന്നു ദൈവിക വ്യക്തികളുടെ, പിതാവും പുത്രനും പരിശുദ്ധാത്മാവുമടങ്ങിയ കൂട്ടായ്മയിലേക്ക് നാം മുന്നോട്ടു പോകണം. ആദിയില്‍ത്തന്നെ വൈവിധ്യത്തിന്‍റെ സമ്പന്നതയോടുകൂടെ ഒരു ദൈവികവ്യക്തി ഇതരവ്യക്തികള്‍ക്ക് സ്വയം സമര്‍പ്പിക്കുന്ന പ്രകാശമാനമായ ഐക്യത്തോടുകൂടെ വിവിധ വ്യക്തികളുടെ കൂട്ടായ്മയുണ്ടായിരുന്നു.

മൂന്നു ദൈവിക വ്യക്തികളുടെ നിതാന്തമായ പരസ്പര ഐക്യമാണ് ദൈവമെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെങ്കില്‍ മക്കളായ നമ്മളും ഐക്യത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് അനുമാനിക്കണം. നമ്മള്‍ നിത്യത്വത്തിന്‍റെ പ്രതിച്ഛായയും സാദൃശ്യവുമാണ്. അതിനാല്‍ നമ്മള്‍ കൂട്ടായ്മയുടെ വ്യക്തികളാണ്. ഏകാകികത നരകമാണ്. ആരും ഒറ്റപ്പെട്ട ദ്വീപല്ല. വ്യക്തികളും വസ്തുക്കളും സത്തകളും നമ്മെ എല്ലായിടത്തും ചൂഴ്ന്നു നില്‍ക്കുന്നു. പരിശുദ്ധ ത്രിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാവരുമായി കൂട്ടായ്മയുടെ ബന്ധം നിലനിര്‍ത്താന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. കൊണ്ടും കൊടുത്തും  സമ്പന്നവും തുറന്ന പങ്കാളിത്തമുള്ളതും വ്യത്യസ്തതകളെ ആദരിച്ചുകൊണ്ടുള്ളതും എല്ലാവര്‍ക്കു നന്മചെയ്യുന്നതുമായ ഒരു ജീവിതം നയിക്കണം.

ഏകദൈവമേ ഉള്ളൂ എന്ന പ്രസ്താവനയെ ക്രൈസ്തവ വിശ്വാസം നിഷേധിക്കുന്നില്ല. എന്നാല്‍ ദൈവത്തിന്‍റെ ഏകത്വം വ്യത്യസ്തമായ രീതിയിലാണ് മനസ്സിലാക്കുന്നത്. പുതിയനിയമത്തിലെ വെളിപ്പെടുത്തലനുസരിച്ച് യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമാണ്. ദൈവം നിത്യനാണ്.ദൈവികരായ മൂന്ന് വ്യക്തികളുടെ കൂട്ടായ്മയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും അത്രമേല്‍ സ്നേഹിച്ചുകൊണ്ട് അത്രമേല്‍ പരസ്പരം പങ്കുചേര്‍ന്നുകൊണ്ട് നിത്യമായി ഐക്യപ്പെട്ടിരിക്കുന്നു.  മൂന്നു ദൈവിക വ്യക്തികളുടെ കൂട്ടായ്മയാണ് നിലനില്ക്കുന്നത്. ഈ കൂട്ടായ്മ ഏകദൈവമാകത്തക്കരീതിയില്‍ അത്ര അഗാധവും അടിസ്ഥാനപരവുമാണ്. ഒരേ തടാകത്തിനു രൂപംനല്‍കുന്ന മൂന്നു ജലസ്രോതസ്സുകള്‍പോലെയാണത്. ഒരു ജലസ്രോതസ്സ് മറ്റതിലേക്ക് ഒഴുകിച്ചേരുന്നു. ഓരോന്നും അതതിന്‍റെ മുഴുവന്‍ ജലവും ഏകതടാകമാക്കാന്‍ സമര്‍പ്പിക്കുന്നു. അല്ലെങ്കില്‍ ഒരു ആലക്തിക ദീപത്തിലെ മൂന്നു ബള്‍ബുകള്‍ ഒരേ പ്രകാശത്തെ ഉളവാക്കുന്നതുപോലെയാണത്.

ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ക്രൈസ്തവമായിത്തീരണം. ദൈവം എപ്പോഴും മൂന്നു ദൈവിക വ്യക്തികളുടെ കൂട്ടായ്മയാണ്. പുത്രനായ ദൈവത്തെയും പരിശുദ്ധാത്മാവായ ദൈവത്തെയും കൂടാതെ പിതാവായ ദൈവമില്ല. യേശു ദൈവമാണ് എന്നു മാത്രം ഏറ്റു പറഞ്ഞാല്‍ പോരാ പിന്നെയോ പിതാവായ ദൈവത്തിന്‍റെ പുത്രനും പരിശുദ്ധാത്മാവോടുകൂടിയവനുമാണ് യേശു എന്നു പറയേണ്ടതുണ്ട്. മറ്റു രണ്ടു വ്യക്തികളെ പരാമര്‍ശിക്കാതെ ഒരു വ്യക്തിയെക്കുറിച്ച് പറയുവാനാകില്ല.

  1. കൂട്ടായ്മ ആദിയിലേ ഉണ്ടായിരുന്നു

പരസ്പര കൂട്ടായ്മയില്‍ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമാണ്. നിത്യകാലം മുതല്‍ അവര്‍ ഒരുമിച്ചു നിലനില്‍ക്കുന്നു. ഓരോ വ്യക്തിയും മറ്റു വ്യക്തികള്‍ക്ക് മുമ്പോ പിമ്പോ അല്ല, അധീശനോ അധീനനോ അല്ല. ഓരോ വ്യക്തിയും മറ്റു വ്യക്തികളെ ഉള്‍ക്കൊള്ളുന്നു. ഓരോരുത്തരും മറ്റു വ്യക്തികളെ സാന്ദ്രമാക്കുന്നു. ഓരോ വ്യക്തിയും മറ്റു വ്യക്തികളില്‍ ജീവിക്കുന്നു. ത്രിത്വൈക കൂട്ടായ്മയുടെ യാഥാര്‍ത്ഥ്യം ഇതത്രേ. അത്ര അനന്തവും അഗാധവുമായ രീതിയില്‍ മൂന്നു ദൈവിക വ്യക്തികള്‍ ഒന്നുചേര്‍ന്നിരിക്കുന്നു. അതിനാല്‍ അവര്‍ ഏകദൈവമായിരിക്കുന്നു. ദൈവിക ഐക്യം കൂട്ടായ്മയുടേതാണ്. എന്തെന്നാല്‍ ഓരോ വ്യക്തിയും മറ്റു വ്യക്തികളോട് കൂട്ടായ്മയിലാണ്.

ദൈവം കൂട്ടായ്മയാണെന്നും അതിനാല്‍ ത്രിത്വമാണെന്നും പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്? വ്യക്തികള്‍ക്കു മാത്രമേ കൂട്ടായ്മയിലിരിക്കാന്‍ സാധിക്കൂ. അതിന്‍റെയര്‍ത്ഥം ഒരാള്‍ മറ്റൊരാളുടെ സാന്നിധ്യത്തിലാണ് എന്നത്രേ. മറ്റുള്ളവരില്‍നിന്നു വ്യതിരിക്തരാണെങ്കിലും അടിസ്ഥാനപരമായി പരസ്പരപങ്കാളിത്തത്തിലാണ്. യഥാര്‍ത്ഥ കൂട്ടായ്മയുണ്ടാകണമെങ്കില്‍, കണ്ണോടു കണ്ണ്, മുഖത്തോടുമുഖം, ഹൃദയത്തോടു ഹൃദയമെന്ന രീതിയില്‍ പ്രത്യക്ഷവും നേരിട്ടുള്ളതുമായ ബന്ധങ്ങള്‍ ആവശ്യമാണ്. പരസ്പര സമര്‍പ്പണത്തിന്‍റെയും പങ്കുചേരലിന്‍റെയും ഫലമാണ് കൂട്ടായ്മ. ഓരോ വ്യക്തിയും അവന്‍ അല്ലെങ്കില്‍ അവള്‍ ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കപ്പെടുകയും ഓരോ വ്യക്തിയും മറ്റുള്ളവരോടു തുറവി പുലര്‍ത്തുകയും അവരവരുടെ വ്യക്തിത്വത്തിന്‍റെ സമ്പന്നതയെ സംഭാവന ചെയ്യുകയും ചെയ്യുമ്പോഴാണ് കൂട്ടായ്മ ഉണ്ടാകുന്നത്.

ദൈവം കൂട്ടായ്മയാണെന്നു പറയുമ്പോള്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന മൂന്നു നിത്യവ്യക്തികള്‍ പരസ്പരോന്മുഖരായിരിക്കുന്നു എന്നര്‍ത്ഥം. ഓരോ ദൈവിക വ്യക്തിയും ജീവനും സ്നേഹവും ജ്ഞാനവും നന്മയും സ്വന്തമായ സര്‍വ്വവും മറ്റു രണ്ടു വ്യക്തികള്‍ക്കും നല്‍കിക്കൊണ്ട് തന്നില്‍നിന്നു പുറപ്പെട്ട് സ്വയം സമര്‍പ്പിക്കുന്നു. വ്യക്തികള്‍ വ്യത്യസ്തരാണ് (പിതാവ് പുത്രനോ പരിശുദ്ധാത്മാവോ അല്ല, നേരേ മറിച്ചും) അവര്‍ വ്യത്യസ്തരായിരിക്കുന്നത് വ്യത്യസ്തരായി നില്‍ക്കുവാനല്ല, ഒന്നിച്ചു ചേരുവാനും പരസ്പരം ദാനം ചെയ്യുവാനുമാണ്.

അനന്തവും നിത്യവും ഏകവുമായ സത്തയുടെ ഏകാകിതയല്ല ആദിയിലേ ഉണ്ടായിരുന്നത്. പ്രത്യുത, മൂന്ന് അനന്യ വ്യക്തിത്വങ്ങളുടെ കൂട്ടായ്മയാണ് ഏറ്റവും അഗാധവും അടിസ്ഥാനപരവുമായ യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നത്. കൂട്ടായ്മയുടെ ഫലമായിട്ടാണ് സ്നേഹം, കാരുണ്യം, പങ്കുവയ്ക്കല്‍ മനുഷ്യവ്യക്തികളുടെയും ദൈവിക വ്യക്തികളുടെയുമിടയില്‍ കാണപ്പെടുന്നത്. പരി.ത്രിത്വത്തിന്‍റെ കൂട്ടായ്മ അതില്‍ത്തന്നെ പരിമിതമായി നില്‍ക്കുന്ന ഒന്നല്ല. അത് പുറത്തേക്കു തുറക്കപ്പെടുന്നതാണ്. സര്‍വ്വസൃഷ്ടജാലങ്ങളും മൂന്നു ദൈവിക വ്യക്തികളുടെ ജീവന്‍റെയും  കൂട്ടായ്മയുടെയും ബഹിര്‍ഗമനമാണ്. ഈ സത്യം എല്ലാ സൃഷ്ടികളെയും പ്രത്യേകിച്ച്, മനുഷ്യരെ പരസ്പരമുള്ള കൂട്ടായ്മയിലേക്കും ദൈവിക വ്യക്തികളുമായുള്ള കൂട്ടായ്മയിലേക്കും ക്ഷണിക്കുന്നു.

"അവരെല്ലാവരും ഒന്നായിരിക്കുന്നതിനുവേണ്ടി പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ഒന്നായിരിക്കുന്നതിന്" (യോഹ 17:21) എന്ന് യേശു തന്നെ പ്രാര്‍ത്ഥിക്കുകയുണ്ടായി.

"നമ്മുടെ ദൈവം അവിടുത്തെ ഏറ്റവും ആന്തരികമായ രഹസ്യത്തില്‍ ഏകാകിയല്ല പിന്നെയോ ഒരു കുടുംബമാണ് എന്ന് മനോഹരമായി, അഗാധ സ്പര്‍ശിയായി പറയപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ പിതൃത്വവും പുത്രത്വവും കുടുംബത്തിന്‍റെ സാരാംശമായ സ്നേഹവും ദൈവം ആന്തരികമായി സംവഹിക്കുന്നു. ദൈവിക കുടുംബത്തിലെ ഈ സ്നേഹമാണ് പരിശുദ്ധാരൂപി" (ജോണ്‍പോള്‍ രണ്ടാമന്‍ 1979 ജനുവരി 28ന് പ്ല്യൂബ്ളയില്‍ സേലാം (Celam) സമ്മേളനം അഭിസംബോധന ചെയ്തു സംസാരിച്ചപ്പോള്‍ പറഞ്ഞത്).

  1. എന്തുകൊണ്ട് മൂന്ന് ദൈവിക വ്യക്തികള്‍? എന്തുകൊണ്ട് രണ്ടോ ഒന്നു മാത്രമോ അല്ല.

നിരവധിയാളുകളെ സംബന്ധിച്ച് ത്രിത്വത്തിലെ മൂന്ന് വ്യക്തികള്‍ എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമാണ് ദൈവമെന്നും അതിനാല്‍ മൂന്നു ദൈവിക വ്യക്തികളാണെന്നുമാണല്ലോ നാം പറയുക.

ഈ മൂന്നു വ്യക്തികളുംകൂടെ ഒരേ ദൈവമാണ് എന്ന് പറയുമ്പോള്‍ പ്രശ്നം ഇരട്ടിക്കുന്നു. മൂന്ന് ഒന്നിനു തുല്യമാകുക എന്നത് എന്തൊരു ഗണിത ശാസ്ത്രമാണ്? ഇത്തരത്തിലുള്ള യുക്തി ചിന്ത മൂലം ത്രിത്വത്തിലുള്ള വിശ്വാസത്തെ, ക്രിസ്തുമതത്തിലെ ഏറ്റവും അത്ഭുതകരമായ യാഥാര്‍ത്ഥ്യത്തെ അവര്‍ കൈവെടിയുന്നു, ഒന്നുകില്‍ മൂന്നു ദൈവങ്ങളുടെ സാന്നിധ്യം അംഗീകരിക്കുക; അല്ലെങ്കില്‍, ഒരേ ഒരു ദൈവത്തെക്കൊണ്ട് തൃപ്തിപ്പെടുക എന്നാണ് അവര്‍ പറയുന്നത്.

തുടക്കത്തിലേതന്നെ ത്രിത്വം (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) ഗണിതശാസ്ത്ര സംഖ്യ സംബന്ധിച്ചുള്ള കാര്യമല്ല എന്നു മനസ്സിലാക്കണം. കൂട്ടുകയും, ഹരിക്കുകയും, ഗുണിക്കുകയും ചെയ്യുന്ന ഗണിതശാസ്ത്രവീഥിയിലല്ല നാം. ത്രിത്വം എന്നു പറയുമ്പോള്‍ 1+1+1=3 എന്ന് കൂട്ടുകയല്ല നമ്മുടെ ഉദ്ദേശ്യം. ത്രിത്വം എന്ന പദംതന്നെ നമ്മുടെ ഭാഷാപരമായ ഒരു പ്രയോഗമാണ്. ബൈബിളില്‍ അങ്ങനെയൊരു പദം പ്രയോഗിച്ചിട്ടില്ല. 150 ADമുതലാണ് ഈ പദം ഉപയോഗിച്ചു തുടങ്ങിയത്. പാഷണ്ഡിയായ തേയോഡോറ്റസ് ആണ് ആദ്യമായി അതു ഉപയോഗിച്ചത്. അല്മായ ദൈവശാസ്ത്രജ്ഞനായ തെര്‍ത്തുല്യന്‍ (220-ല്‍) ആ പദം ഏറ്റെടുക്കുകയാണ് ചെയ്തത്. ദൈവത്തില്‍ സംഖ്യയില്ല. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നു നാം പറയുമ്പോള്‍ നമ്മള്‍ അനന്യമായ ഒന്നിനെത്തന്നെയാണ് വിശേഷിപ്പിക്കുന്നത്. അനന്യമായ ഒന്ന് എല്ലാ സംഖ്യകളുടെയും നിഷേധമാണ്. അനന്യമായ ഒന്ന് എന്ന് പറയുമ്പോള്‍ ആകാശവിതാനത്തിലെ ഏക മത്സ്യം എന്നപോലെ ഭൂതലത്തിലെ ഏകമനുഷ്യനെപ്പോലെ എന്നാണര്‍ത്ഥം. വേറൊന്നില്ല. അതുകൊണ്ട് നാം ഇപ്രകാരം ചിന്തിക്കണം പിതാവായി പിതാവു മാത്രം മറ്റാരുമില്ല. പരിശുദ്ധാത്മാവായി പരിശുദ്ധാത്മാവു മാത്രം മറ്റാരുമില്ല. കൃത്യമായി പറഞ്ഞാല്‍ മൂന്ന് അനന്യവ്യക്തികള്‍ എന്നു നാം പറയരുത്. ഓരോ സമയവും അനന്യമായ ഒന്ന് അനന്യം എന്നു തന്നെയാണ് പറയേണ്ടത്. അങ്ങനെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്, പക്ഷേ പറയുവാനുള്ള എളുപ്പത്തിന് മൂന്ന് അനന്യവ്യക്തികള്‍ - അതായത് ത്രിത്വം എന്ന് കൃത്യതയില്ലാതെ നാം പറയുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള ചിന്തകൊണ്ടു നമുക്ക് തൃപ്തിപ്പെടാനാവില്ല. അല്ലെങ്കില്‍ ഒരു അനന്യവ്യക്തി മൂന്നായിരിക്കുന്നു അതിനാല്‍ മൂന്ന് ദൈവങ്ങള്‍ എന്നു പറയുന്നതിനു തുല്യമായിരിക്കുമത്. അപ്പോള്‍ ത്രിത്വദൈവസിദ്ധാന്തത്തില്‍ നാം ചെന്നുപെടുമെന്നു കാണാം. ഈ കാലഘട്ടത്തില്‍ പരസ്പരബന്ധം എന്ന മറ്റൊരു സത്യത്തെ നാം കൊണ്ടു വരണം. ഓരോ വ്യക്തിയുടെയും അന്തര്‍വ്യാപനം (incusion) (പെരികോറേസിസ്). മൂന്ന് അനന്യ വ്യക്തിത്വങ്ങള്‍ അവരില്‍തന്നെ നിലനില്‍ക്കുന്നതല്ല. അവര്‍ പരസ്പരം നിത്യമായി ബന്ധപ്പെട്ടിരിക്കുന്നു. പിതാവ് നിത്യമായും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും പിതാവാണ്. പുത്രനാകട്ടെ നിത്യം പരിശുദ്ധാത്മാവിനോടു കൂടിയ പുത്രന്‍റെയും പിതാവിന്‍റെയും പുത്രനാണ്. പരിശുദ്ധാത്മാവ് നിതാന്തമായും പുത്രന്‍റെയും പിതാവിന്‍റെയും ആത്മാവാണ്. ഓരോ അനന്യവ്യക്തിയുമായുള്ള ഈ പരസ്പരബന്ധവും സംലയനവും ഒരു ദൈവകൂട്ടായ്മയുടെ ഐക്യമാണ് അര്‍ത്ഥമാക്കുന്നത്.

വസ്തുതകള്‍ ഇങ്ങനെയായിരിക്കുന്നതാണ് അഭികാമ്യം. മൂന്നു വ്യക്തികള്‍ എന്നാല്‍ ഒരേ സ്നേഹം - മൂന്ന് അനന്യരായവര്‍ എന്നാല്‍ ഒരേ കൂട്ടായ്മ.

ഒരേ ഒരു അനന്യവ്യക്തിയേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഒരു ദൈവം. ഏകാകിതയായിരിക്കും അനന്തരഫലം. അപ്പോള്‍ അത്യധികം വ്യത്യസ്തവും അതേസമയം സന്തുലിതവുമായ പ്രപഞ്ചത്തിന്‍റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് കൂട്ടായ്മയായിരിക്കുകയില്ല ഏകാന്തതയായിരിക്കും. ഒരു പിരമിഡിന്‍റെ അഗ്രബിന്ദു പോലെ ഒരേ ഒരു ബിന്ദുവില്‍ എല്ലാം അവസാനിക്കും.

രണ്ട് അനന്യവ്യക്തികളുണ്ടായിരുന്നുവെങ്കില്‍ - പിതാവും പുത്രനും - അകല്‍ച്ച അതിന്‍റെ മൂര്‍ദ്ധന്യത്തിലായിരിക്കും. ഒരാള്‍ മറ്റൊരാളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. അപ്പോള്‍ സംലയനം ഉണ്ടാവില്ല. ഒന്ന് മറ്റൊന്ന് ആയിരിക്കുകയില്ല. അതിനാല്‍ പിതാവും പുത്രനും തമ്മില്‍ ഐക്യവും ഉണ്ടായിരിക്കുകയില്ല.

ത്രിത്വത്തിന്‍റെ കൂട്ടായ്മയും ഉള്‍ച്ചേരലുംവഴി നമ്മള്‍ പൂര്‍ണ്ണതയില്‍ എത്തിച്ചേരുന്നു. ത്രിത്വത്തിലൂടെ ഒരു വ്യക്തിയായിരിക്കുന്നതിലുള്ള ഏകാന്തത ഒഴിവാക്കപ്പെടുന്നു. രണ്ട് വ്യക്തികളായിരിക്കുന്നതിലെ (പിതാവും, പുത്രനും) അകല്‍ച്ചയെ അതിജീവിക്കുന്നു. ഒരു വ്യക്തി ഇതര വ്യക്തിയില്‍നിന്ന് ബഹിഷ്കരിക്കപ്പെടുന്ന അവസ്ഥ (പിതാവ് പുത്രനില്‍നിന്നും പുത്രന്‍ പിതാവില്‍ നിന്നും) മറികടക്കുന്നു. ത്രിത്വം ഉള്‍ച്ചേരലിനെയും കൂട്ടായ്മയെയും ഉളവാക്കുന്നു. മൂന്നാമത്തെ വ്യക്തി വിരുദ്ധ സ്വഭാവങ്ങളുടെ ( വൈരുദ്ധ്യങ്ങളുടെ) ഐക്യത്തെയും തുറവിയേയും വെളിപ്പെടുത്തുന്നു. അതിനാല്‍ മൂന്നാമത്തെ ദൈവിക വ്യക്തിയായ പരിശുദ്ധാത്മാവ്, പിതാവും, പുത്രനും തമ്മിലുള്ള ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും ഘടകമായി എന്നും കണക്കാക്കപ്പെടുന്നു. ജീവന്‍റെ പ്രവാഹമായും ദൈവികമായ അനന്യവ്യക്തികളുടെ ബന്ധത്തില്‍ നിറഞ്ഞുനില്ക്കുന്ന പരസ്പരാന്തര്‍വ്യാപനത്തിന്‍റെ പ്രകാശനമായും പരിഗണിക്കപ്പെടുകയും ചെയ്തു.

അതിനാല്‍ മൂന്ന് അനന്യവ്യക്തികളുടെ കൂട്ടായ്മയാണ് ദൈവം എന്നത് കല്പിത യാഥാര്‍ത്ഥ്യമല്ല. അസ്തിത്വമുള്ളതും ചലനാത്മകവുമായ എല്ലാത്തിന്‍റെയും അന്തര്‍ധാരയായി വ്യത്യസ്തരായവരുടെ ഐക്യത്തിനും കൂട്ടായ്മക്കും നിത്യമായ ഉദ്ഗ്രന്ഥനത്തിനും പ്രേരിപ്പിക്കുന്ന ശക്തിവിശേഷം നിലകൊള്ളുന്നു എന്ന കാര്യം ത്രിത്വത്തിലൂടെ വെളിവാക്കപ്പെടുന്നു.

അനന്തവും സജീവവും വ്യക്തിപരവും സ്നേഹാര്‍ദ്രവും അത്യന്തം നിര്‍വൃതിദായകവുമായ ഒരു സമ്പൂര്‍ണ്ണതയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്.

എല്ലാവര്‍ക്കും അറിയാന്‍ മൗലികാവകാശമുള്ള യഥാര്‍ത്ഥ സത്യം അവര്‍ക്ക് എന്തിനാണ് നാം നിഷേധിക്കുന്നത്.? എവിടെ നിന്നാണ് അവര്‍ വരുന്നത്, ഏതു ലക്ഷ്യത്തിലേക്കാണ് അവര്‍ പ്രയാണം ചെയ്യുന്നത്. അവരുടെ യഥാര്‍ത്ഥ കുടുംബം ഏത്? തുടങ്ങിയ സത്യങ്ങള്‍.

നമ്മള്‍, ത്രിത്വത്തില്‍നിന്നു വരുന്നു; പിതാവിന്‍റെ ഹൃദയത്തില്‍ നിന്ന്, പുത്രന്‍റെ ജ്ഞാനത്തില്‍നിന്ന് പരിശുദ്ധാത്മാവിന്‍റെ സ്നേഹത്തില്‍ നിന്ന്. സമ്പൂര്‍ണ്ണ കൂട്ടായ്മയും നിത്യജീവിതവുമാകുന്ന ത്രിത്വത്തിന്‍റെ ഭരണത്തിലേക്കാണ് തീര്‍ത്ഥാടകരായി നാം യാത്ര ചെയ്യുന്നത്.

  1. സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവവും ഭൂമിയില്‍ ഒരു തലവനും എന്നത് അപകടകരമായ പ്രസ്താവനയാണ്

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും കൂട്ടായ്മയായ പരി.ത്രിത്വത്തെക്കുറിച്ചു ചിന്തിക്കാതെ ഒരു ഏകനായ ദൈവത്തിലുള്ള വിശ്വാസത്തോട് ഒട്ടിച്ചേര്‍ന്നു നില്ക്കുന്നത് സമൂഹത്തിനും രാഷ്ട്രജീവിതത്തിനും സഭയ്ക്കും അപകടകരമാണ്. മൂന്നു ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മയാണ് ദൈവം എന്നു പറയുന്നത് കുടുംബത്തിലും സമൂഹത്തിലും സഭയിലും ഉള്ള വ്യത്യസ്തരായ വ്യക്തികളുടെ സഹകരണത്തെയും നല്ല ബന്ധങ്ങളെയും ഐക്യത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ്. ത്രിത്വത്തെ മനസ്സിലാക്കാതെയുള്ള കര്‍ക്കശമായ ഏക ദൈവസിദ്ധാന്ത (ഏക ദൈവം എന്ന പ്രസ്താവന) ത്തിന്‍റെ അപകടങ്ങളെ നമുക്കു പരിശോധിക്കാം. ഇത് രാഷ്ട്രീയത്തില്‍ സര്‍വ്വാധിപത്യത്തിലേക്കും മതത്തില്‍ അധികാര പ്രവണതയിലേക്കും സമൂഹത്തില്‍ പൈതൃകാധികാരത്തിലേക്കും കുടുംബത്തില്‍ പുരുഷാധിപത്യത്തിലേക്കും നയിക്കുകയും അവയെ നീതീകരിക്കുകയും ചെയ്യും.

രാഷ്ട്രത്തില്‍ സര്‍വ്വാധിപത്യം

സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവം എന്നതുപോലെ ഭൂമിയില്‍ ഒരു തലവന്‍ മാത്രം എന്ന് ചില ആളുകള്‍ പറഞ്ഞിരുന്നു. അതിന്‍റെ ഫലമായി സ്വര്‍ഗ്ഗത്തിലുള്ള ദൈവത്തെ അനുകരിക്കുന്നവര്‍ എന്ന രീതിയില്‍ ജനങ്ങളുടെമേല്‍ ആധിപത്യം ചെലുത്തിയ രാജാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും പ്രമുഖന്മാരും ഉണ്ടായി. ആര്‍ക്കും ഒരു വിശദീകരണം നല്കാതെ ദൈവം ഏകനായി ലോകത്തെ ഭരിക്കുകയും നയിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ സര്‍വാധിപത്യം നേതാക്കളില്‍ ധാര്‍ഷ്ട്യവും നയിക്കപ്പെടുന്നവരില്‍ വിധേയത്വവും സൃഷ്ടിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും നല്ലത് എന്തെന്ന് തങ്ങള്‍ക്കാണ് അറിയാവുന്നതെന്ന് സര്‍വ്വാധിപതികള്‍ അവകാശപ്പെടുന്നു. അവര്‍ക്ക് സ്വാതന്ത്ര്യം വിനിയോഗിക്കണം. മറ്റുള്ളവരെല്ലാം അവരുടെ കല്പനകള്‍ സ്വീകരിക്കുകയും അവരെ അനുസരിക്കുകയും ചെയ്യണം. മിക്ക രാജ്യങ്ങളും അധികാരത്തെക്കുറിച്ചുള്ള ഇത്തരം ധാരണയുടെ അവകാശികളാണ്. ഈ ധാരണ ജനങ്ങളുടെ മസ്തിഷ്ക്കത്തിലേക്ക് അടിച്ചു കയറ്റുന്നു. അതുകൊണ്ടാണ് എല്ലാവര്‍ക്കും സ്വാതന്ത്ര്യം വിനിയോഗിക്കാവുന്നതും എല്ലാവരും ദൈവ സുതരുമായിരിക്കുന്ന ജനാധിപത്യ സംവിധാനത്തെ ഉള്‍ക്കൊള്ളാന്‍ വിഷമമായിരിക്കുന്നത്.

മതത്തിലെ ആധിപത്യസംവിധാനം

ഒരേയൊരു ദൈവം ആയിരിക്കുന്നതുപോലെ ഒരേയൊരു ക്രിസ്തുവും ആയിരിക്കുന്നു എന്നു പറയുന്നവരുണ്ട്. അതുകൊണ്ട് ഒരു മതവും ഒരു ആത്മീയ ശിരസ്സുമേ ഉണ്ടാകുവാന്‍ പാടുള്ളൂ എന്ന് അവര്‍ ശഠിക്കുന്നു.  ഈ ധാരണയനുസരിച്ച്, എല്ലാം അറിയുന്ന എല്ലാം ആജ്ഞാപിക്കുന്ന, എല്ലാം പ്രവര്‍ത്തിക്കുന്ന ഒരു അധികാരകേന്ദ്രത്തിനു ചുറ്റുമായി മതാത്മക സമൂഹത്തെ സംഘടിപ്പിച്ചു നിര്‍ത്തുന്നു. മറ്റുള്ളവരെല്ലാം തലവന്‍ തീരുമാനിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാധാരണ വിശ്വാസികള്‍ മാത്രം. എന്നാല്‍ ഇങ്ങനെയല്ല സുവിശേഷത്തില്‍ ഉദ്ദര്‍ശനം ചെയ്തിരിക്കുന്ന വസ്തുതകള്‍. അവിടെ എപ്പോഴും കൂട്ടായ്മയുടെ സമൂഹത്തെയാണ് നാം കാണുന്നത്. ആ സമൂഹത്തില്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന ശുശ്രൂഷകരായി പ്രവര്‍ത്തിക്കുന്ന സംഘാടകരെയും.

സമൂഹത്തിലെ പിതൃത്വാധികാര സംവിധാനം

ചിലര്‍ ദൈവത്തെ വലിയ ഒരു പിതാവായി വിഭാവനം ചെയ്യുന്നു. അവിടുന്നു എല്ലാ അധികാരവും കൈയാളുന്നു. ഈ ലോകത്തിന്‍റെ നാഥന്മാര്‍ ദൈവത്തെ മേലധികാരിയും ഉടമസ്ഥനുമായി സമൂഹത്തിലും കുടുംബത്തിലും അവതരിപ്പിച്ചുകൊണ്ട് ആധിപത്യം ചെലുത്തുന്നു. ദൈവത്തിനു ഒരു പുത്രനുണ്ടെന്നും പരിശുദ്ധാത്മാവിനോടൊത്ത് പൂര്‍ണ്ണ സമത്വത്തില്‍ ജീവിക്കുന്നുവെന്നും ഉള്ള സത്യം അവര്‍ മറക്കുന്നു. പിതാവായ ദൈവം പുത്രന്മാരുടെയോ പുത്രിമാരുടെയോ പരിശ്രമങ്ങള്‍ക്കു പകരം വയ്ക്കുന്നില്ല. പിന്നെയോ സഹകരണത്തിനു നമ്മെ ക്ഷണിക്കുകയാണ് ചെയ്യുന്നത്. ദൈവകൂട്ടായ്മയിലും ഐക്യത്തിലുമുള്ള വിശ്വാസം മാത്രമേ കുടുംബചൈതന്യമുള്ള ഒരു സമൂഹജീവിതത്തെ സൃഷ്ടിക്കുകയുള്ളൂ.

കുടുംബത്തിലെ പുരുഷാധിപത്യം (Machismo)

പിതാവെന്ന നിലയില്‍ ദൈവത്തെ പുരുഷനായിട്ടാണ് അവതരിപ്പിക്കുന്നത്. അതിന്‍റെ ഫലമായി സ്ത്രീയെ താഴ്ത്തിക്കെട്ടിക്കൊണ്ട് പുരുഷന്‍ എല്ലാ മൂല്യങ്ങളെയും സ്വാംശീകരിക്കുന്നു. അങ്ങനെയാണ് പുരുഷ പ്രാധാന്യമുള്ള സമൂഹത്തില്‍ പുരുഷാധിപത്യം ഉയര്‍ന്നു വരുന്നത്. ഈ സംസ്കാരം എല്ലാ ബന്ധങ്ങളെയും കഠിനതരമാക്കുന്നു. മൃദുല വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍നിന്ന് പ്രത്യേകിച്ചും പുരുഷന്മാരെ ശുശ്രൂഷിക്കുക എന്ന നിയോഗം മാത്രം ഏല്പിച്ചു കൊടുക്കപ്പെടുന്ന സ്ത്രീകളോട് അനുഭാവം കാണിക്കുന്നതില്‍നിന്ന് ആളുകളെ മാറ്റി നിര്‍ത്തുന്നു. സൃഷ്ടികര്‍മ്മം നടത്തുന്നവനാണ് ദൈവം. വെളിപാടില്‍ ദൈവം സ്ത്രൈണവും മാതൃസഹജവുമായ ഭാവങ്ങള്‍ പ്രകടമാക്കിയിട്ടുണ്ട്. അതിനാല്‍ അതിര്‍ത്തിയില്ലാത്ത നന്മയുടെ മാതാവായി ദൈവത്തെ നാം മനസ്സിലാക്കുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വത്തിലെ മൂന്നുപേരെയും തുല്യരും ഒരേ മഹത്വത്തിനുടമകളുമായി വിചാരിക്കുന്നതുവഴി കുടുംബബന്ധങ്ങള്‍ക്ക് ഏറ്റവും ഉപദ്രവകരമായ പുരുഷാധിപത്യ മതത്തെ നാം ബഹിഷ്ക്കരിക്കുന്നു. പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസം നമ്മുടെ വ്യതിചലനങ്ങളെ തിരുത്താന്‍ പ്രേരകമാകും. സഭയിലും ലോകത്തിലും ശരിയായ ജീവിതം നയിക്കുവാന്‍ ശക്തമായ പ്രചോദനം നല്കുകയും ചെയ്യുന്നു.

ദൈവം വ്യക്തികളുടെ ത്രിത്വമാണെങ്കില്‍, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും കൂട്ടായ്മയാണെങ്കില്‍ സമൂഹത്തിലും സഭയിലും എല്ലാ വിഭാഗങ്ങളുടെയും ഐക്യം നിലനിര്‍ത്തുന്ന സര്‍ഗ്ഗാത്മകതത്വം എല്ലാ അംഗങ്ങളുടെയും ഐക്യമായിരിക്കണം. അതായത് സ്നേഹസമന്വിതവും സഹോദരനിര്‍വിശേഷവുമായ മന:പൊരുത്ത (പരസ്പര സമ്മതം) മായിരിക്കണം.

  1. പരിശുദ്ധത്രിത്വത്തിന്‍റെ ശിഥിലീകൃതാനുഭവം

പിതാവും പുത്രനും പരിശുദ്ധാത്മാവും സദാസമയവും ഒരുമിച്ചാണ്. അവര്‍ ഒരുമിച്ച് സൃഷ്ടികര്‍മ്മം നിര്‍വഹിക്കുന്നു. അവരുടെ ജീവനിലേക്കും സ്നേഹത്തിലേക്കും നമ്മെ ഒരുമിച്ച് ആനയിക്കുന്നു. മൂന്നുപേരുടെയും കൂട്ടായ്മയില്ലാതെ പരി. ത്രിത്വം ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ത്രിത്വൈക ദൈവത്തിന്‍റെ അനുഭവത്തെ നിരസിക്കുന്ന രീതിയിലാണ് നിരവധി വിശ്വാസികളുടെ ഭക്തിപ്രകടനം. ചിലര്‍ പിതാവിനോടുമാത്രം, മറ്റു ചിലര്‍ പുത്രനോടുമാത്രം; ഇനിയും ചിലര്‍ പരിശുദ്ധാത്മാവിനോടു മാത്രം ബന്ധപ്പെടുന്നു. ഇത് നമ്മുടെ കൂട്ടായ്മയെത്തന്നെ തകര്‍ക്കുന്ന വികലമായ ദൈവസമാഗമത്തിലേക്കു നയിക്കുന്നു.

പിതാവിന്‍റേതു മാത്രമായ മതം

കുടുംബത്തിലും പരമ്പരാഗതമായ സമൂഹത്തിലും പിതൃബിംബം കേന്ദ്ര വര്‍ത്തിയായി നിലകൊള്ളുന്നു. അദ്ദേഹമാണ് നയിക്കുന്നത്, തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്, അറിയുന്നത്. അങ്ങനെ ചിലര്‍ ദൈവത്തെ ജീവന്‍റെയും മരണത്തിന്‍റെയും പുത്രീപുത്രന്മാരുടെയുംമേല്‍ ആധിപത്യമുള്ള വിധിയാളനായ സര്‍വ്വശക്തിയുള്ള പിതാവായി അവതരിപ്പിക്കുന്നു. നാമെല്ലാം അവിടുത്തെ ആശ്രയിച്ചു നിലകൊള്ളുന്നു. അതിനാല്‍തന്നെ നാം പ്രായപൂര്‍ത്തിയാവാത്ത ബാലന്മാരായി കണക്കാക്കപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു ധാരണ ക്രൈസ്തവരെ അവരുടെ ദുരിതങ്ങളില്‍ ഒതുങ്ങി നില്ക്കുന്ന മനോഭാവത്തിലേക്കു നയിക്കാം. അധികാരത്തിലുള്ളവരോട്, മാര്‍പാപ്പയോടും മെത്രാന്മാരോടും സര്‍ഗ്ഗാത്മകമല്ലാത്ത ഒരു തരം വിധേയത്വം വളര്‍ത്തുകയും ചെയ്യാം. ദൈവം തീര്‍ച്ചയായും പിതാവു തന്നെ. എന്നാല്‍ അതു പുത്രനോടും പരിശുദ്ധാത്മാവോടുമുള്ള ഐക്യത്തിലും തുല്യതയിലും വസിച്ചുകൊണ്ടാണ്.

പുത്രന്‍റേതുമാത്രമായ മതം

മറ്റു ചിലര്‍ യേശുക്രിസ്തുവാകുന്ന പുത്രന്‍റെ ഛായയോടു ചേര്‍ന്നാണ് നിലകൊള്ളുന്നത്. അവിടുന്ന് സുഹൃത്തും ഗുരുവും നേതാവുമാണ്. യുവജനങ്ങള്‍ക്കിടയില്‍ എല്ലാവരുടെയും സുഹൃത്തും. സ്ത്രീ പുരുഷന്മാരുടെ ഉജ്ജ്വലനേതാവുമായ ഊര്‍ജ്ജസ്വലനും യുവാവുമായ ക്രിസ്തുവിന്‍റെ ചിത്രമാണ് വളര്‍ന്നു വന്നിട്ടുള്ളത്. കുര്‍സില്ലോ (Cursillo) പ്രസ്ഥാനത്തില്‍ ഇതു പ്രത്യേകിച്ചും പ്രകടമാണ്. തന്‍റെ സമീപസ്ഥരോടു മാത്രം ബന്ധപ്പെടുന്ന ഒരു യേശുവിന്‍റെ ചിത്രമാണിത്. പിതാവിനോടു ലംബമാനമായ ഒരു ബന്ധമില്ല. ഇത്തരത്തിലുള്ള ഒരു മതം ജനങ്ങളോടും സമൂഹങ്ങളുടെ തീര്‍ത്ഥാടനത്തോടും ബന്ധമില്ലാത്ത ഒന്നായിരിക്കും.

പരിശുദ്ധാത്മാവിന്‍റേതുമാത്രമായ മതം

ചില ക്രിസ്തീയ വിഭാഗങ്ങള്‍ പ. ആത്മാവിനെ കേന്ദ്രീകരിച്ചു മാത്രം നിലകൊള്ളുന്നു. അവര്‍ പ്രാര്‍ത്ഥനാ ചൈതന്യം വളര്‍ത്തുന്നു. ഭാഷാവരത്തില്‍ സംസാരിക്കുന്നു, കൈവയ്പു ശുശ്രൂഷ നടത്തുന്നു. തങ്ങളുടെ ആന്തരികവും വ്യക്തിപരവുമായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു. അങ്ങനെയുള്ള ക്രൈസ്തവര്‍ പരിശുദ്ധാത്മാവ് യേശുവിന്‍റെ വിമോചനപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പിതാവിനാല്‍ അയക്കപ്പെട്ട പുത്രന്‍റെ ആത്മാവാണെന്ന സത്യമേ മറന്നുപോകുന്നു. ആന്തരികമായി പരിശുദ്ധാത്മാവിനോടു മാത്രമോ സമീപസ്ഥരുമായി ചേര്‍ന്ന് പുത്രനോടു മാത്രമോ ലംബമാനമായി പിതാവിനോടു മാത്രമോ ഉള്ള ഒരു ബന്ധം ഉണ്ടായാല്‍ പോരാ. മൂന്നും ഉദ്ഗ്രഥിക്കപ്പെടണം. നമുക്ക് തണലേകാന്‍ പിതാവില്ലെങ്കില്‍ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു? നമ്മെയും പുത്രന്മാരാക്കാന്‍ പിതാവ് തന്‍റെ പുത്രനെ നമുക്ക് നല്കിയിരുന്നില്ലെങ്കില്‍ നമ്മുടെ സ്ഥിതി ഏതു വിധമാകുമായിരുന്നു? നമ്മില്‍ വസിക്കാനും നമ്മുടെ രക്ഷ പൂര്‍ത്തിയാക്കുവാനും പുത്രന്‍റെ  പ്രാര്‍ത്ഥനയനുസരിച്ച് പിതാവ് പരിശുദ്ധാത്മാവിനെ അയച്ചു തന്നില്ലെങ്കില്‍ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു? ത്രിത്വൈക ദൈവത്തിന്‍റെ സമ്പൂര്‍ണ്ണപ്രതിച്ഛായയുടെ സമ്പൂര്‍ണ്ണമായ അനുഭവം സ്വന്തമാക്കിക്കൊണ്ട് ഒരു സമ്പൂര്‍ണ്ണ വിശ്വാസ ജീവിതം നമുക്കു നയിക്കാം.

മനുഷ്യവ്യക്തി പൂര്‍ണ്ണമായും മനുഷ്യവ്യക്തിയാകുവാന്‍ മൂന്നു മാനങ്ങളിലുള്ള ബന്ധം ആവശ്യമാണ്. ലംബമാനവും തിരശ്ചീനവും ആന്തരികവും. ത്രിത്വം നമ്മളുമായി ബന്ധപ്പെടുന്നത് അങ്ങനെയാണ്. പിതാവ് അനന്തമായ ഔന്നത്യമായി, പുത്രന്‍ മൗലികമായ സഹസാന്നിധ്യമായി പരിശുദ്ധാത്മാവ് സമ്പൂര്‍ണ്ണമായ ആന്തരികശക്തിയായി നമ്മോടു ബന്ധപ്പെടുന്നു.

  1. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഒരേ മഹത്വം

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടാണ് ഒരു ക്രൈസ്തവന്‍, അവന്‍റെ ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. ഇത് ത്രിയേക ദൈവത്തിലുള്ള വിശ്വാസപ്രഖ്യാപനം മാത്രമല്ല, ചരിത്രത്തില്‍ സ്വയം വെളിപ്പെടുത്തുകയും തങ്ങളുടെ കൂട്ടായ്മയില്‍ പങ്കുചേരുവാന്‍ ക്ഷണിക്കുകയും ചെയ്ത മൂന്നു ദൈവിക വ്യക്തികള്‍ക്കുള്ള സ്തുതിപ്പു കൂടിയാണ്. പരിശുദ്ധത്രിത്വത്തിന്‍റെ വെളിപ്പെടുത്തലിന് മാനുഷികമായി നല്‍കാവുന്ന പ്രതികരണം മഹത്വപ്പെടുത്തുകയും നന്ദിപറയുകയും ചെയ്യുക എന്നതാണ്. ആദ്യമായിത്തന്നെ ഉത്സാഹത്തിമര്‍പ്പിനാല്‍ നാം നിറയുന്നു. എന്തെന്നാല്‍ മൂന്നു ദൈവിക വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ അവരുടെ ആന്തരികകൂട്ടായ്മയില്‍നിന്നു പ്രസരിക്കുന്ന സ്നേഹവും ജീവനും നമ്മെ ചൂഴ്ന്നുനില്ക്കുന്നു. പിന്നീട് എങ്ങനെയാണ് ഈ മൂന്നു വ്യക്തിത്വങ്ങള്‍ കൂട്ടായ്മയിലായിരിക്കുന്നതെന്നും എന്തെല്ലാം വിശിഷ്ട ഭാവങ്ങളാണ് അവര്‍ക്കു സ്വന്തമായുള്ളതെന്നും എങ്ങനെ അവര്‍ സൃഷ്ട പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം പരിഗണിക്കുന്നു.

യേശു പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി ഒരു പ്രാര്‍ത്ഥനയിലാണ് താന്‍ പുത്രനാണെന്ന രഹസ്യവും പിതാവുമായുള്ള തന്‍റെ ആത്മബന്ധവും നമുക്ക് വെളിപ്പെടുത്തിത്തന്നത്. "സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു...... പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല. പിതാവ് ആരെന്ന് പുത്രനും, പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല" (ലൂക്കാ 10: 21-22)

അങ്ങനെ നമ്മളും പ്രാര്‍ത്ഥനയിലൂടെയും ആരാധനയിലൂടെയും കൃതജ്ഞതയിലൂടെയുമാണ് പരിശുദ്ധ ത്രിത്വത്തെ സമീപിക്കുന്നത്.മഹത്വമുണ്ടായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ നാം എന്താണ് പറയുന്നത്. മൂന്ന് വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായിരിക്കുന്ന ത്രിത്വത്തിന്‍റെ പ്രകാശനമാണ് മഹത്വം. ചരിത്രത്തിലുള്ള ത്രിയേകദൈവത്തിന്‍റെ സാന്നിധ്യത്തെ വെളിപ്പെടുത്തല്‍ എന്നാണ് മഹത്വം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആ സാന്നിധ്യം എപ്പോഴും സന്തോഷവും ആവേശവും കൂട്ടായ്മയുടെ അവബോധവും കൊണ്ടുവരുന്നു. അനന്തമായും നിത്യമായും പരസ്പരം സ്നേഹിക്കുന്ന മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ് ദൈവം എന്നറിയുന്നത്വഴി ദൈവത്തിന്‍റെ സൗന്ദര്യവും പ്രഭയും സന്തോഷവും കണ്ടെത്തുകയാണ് നാം ചെയ്യുന്നത്. ഏകവ്യക്തിയായ ദൈവം എന്നത് സൗന്ദര്യരഹിതവും സന്തോഷരഹിതവുമായ അവസ്ഥയായിരിക്കും. കൂട്ടായ്മയിലും ജീവനിലും പങ്കുചേരുകയും പരസ്പരം നിത്യമായി സമര്‍പ്പിക്കപ്പെടുകയും ചെയ്യുന്ന മൂന്ന് വ്യക്തിത്വങ്ങളുടെ കൂട്ടായ്മ നമ്മെ വിസ്മയിപ്പിക്കുകയും സന്തോഷഭരിതരാക്കുകയും ചെയ്യുന്നു. ആ പങ്കാളിത്തത്തിലേക്കു നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്നറിയുമ്പോള്‍ ആ സന്തോഷം വര്‍ദ്ധമാനമാകുകയും ചെയ്യുന്നു.

മഹത്വമുണ്ടായിരിക്കട്ടെ എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തില്‍നിന്നു നാം കണ്ടെത്തിയ മഹത്വം അവിടുത്തേക്കു തിരിച്ചുനല്കുവാനാണ് ശ്രമിക്കുന്നത്. മഹത്വം മഹത്വത്താല്‍ത്തന്നെ കൊടുത്തുവീട്ടുന്നു. പരിശുദ്ധത്രിത്വം സ്വയം വെളിപ്പെടുത്താനും നമ്മോടൊപ്പം വന്നു വസിക്കുവാനും ആഗ്രഹിച്ചതിനു നാം നന്ദി പറയുകയാണ് ചെയ്യുന്നത്. തന്‍റെ ഏകജാതനായ പുത്രനില്‍ പരിശുദ്ധാത്മാവിന്‍റെ സ്നേഹശക്തിയാല്‍ നമ്മെ പുത്രന്മാരും പുത്രിമാരും ആയി സൃഷ്ടിച്ചതിന് പിതാവിനു നാം നന്ദിപറയുന്നു. ദൈവം തന്‍റെ പുത്രനെത്തന്നെ നമ്മുടെ സഹോദരനും രക്ഷകനുമായി അയച്ചതില്‍ നാം ആനന്ദഭരിതരായിരിക്കുന്നു. പിതാവും പുത്രനും നമ്മുടെമേല്‍ പരിശുദ്ധാത്മാവിനെ വര്‍ഷിച്ചതില്‍ നാം സന്തോഷിക്കുന്നു. ഈ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തെ അവിടുത്തെ ആലയമാക്കി മാറ്റുകയും നമ്മെ വിശുദ്ധീകരിച്ച് ത്രിത്വൈക കൂട്ടായ്മയിലേക്ക് ആകര്‍ഷിച്ചുകൊണ്ട് ഞങ്ങളുടെ പിതാവേ, എന്നു പറഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍ നമ്മെ പഠിപ്പിക്കുകയും യേശുക്രിസ്തുവിനെ സ്വന്തമാക്കുവാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

  1. പരി.ത്രിത്വം എന്നു പുതുതായി അറിയപ്പെടേണ്ട രഹസ്യം

ഏറ്റവും മഹത്തായ വിശ്വാസ രഹസ്യമാണ് പരി.ത്രിത്വം എന്ന് നാം സാധാരണ പറയാറുണ്ട്. എങ്ങനെയാണ് മൂന്ന് വ്യക്തികള്‍ ഒരു ദൈവമായിരിക്കുക? തീര്‍ച്ചയായും പരി.ത്രിത്വം ഉദാത്തമായ ഒരു രഹസ്യമാണ്. ഈ രഹസ്യത്തെ സംബന്ധിച്ചിത്തോളം നിശബ്ദതയാണ് വാക്കുകളേക്കാള്‍ ഉത്തമം. എന്നാല്‍ രഹസ്യം എന്നു പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നാം ശരിയായി മനസ്സിലാക്കണം. മനുഷ്യ ബുദ്ധിക്കു മനസ്സിലാക്കാന്‍ പറ്റാത്തതും ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ടതുമായ ഒരു സത്യം എന്നാണ് രഹസ്യം എന്നതുകൊണ്ട് നാം സാധാരണയായി മനസ്സിലാക്കുന്നത്. അതിന്‍റെ അസ്തിത്വത്തെക്കുറിച്ച് അറിയാനാവില്ല. അസ്തിത്വം വെളിപ്പെടുത്തപ്പെട്ടു കഴിഞ്ഞാല്‍ അതിന്‍റെ ഉള്ളടക്കവും അറിയാനാവില്ല.

ഈ അര്‍ത്ഥത്തില്‍ മനുഷ്യബുദ്ധിയുടെ പരിമിതികളെ രഹസ്യം പ്രകടമാക്കുന്നു. മനുഷ്യബുദ്ധി അത് മനസ്സിലാക്കാന്‍ പരിശ്രമിക്കുന്നു. എന്നാല്‍ ബുദ്ധിയുടെ കഴിവുകള്‍ പരാജയപ്പെടുന്നിടത്ത് യുക്തിചിന്ത അവസാനിപ്പിക്കുകയും ദൈവികാധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ വിനീതമായി സ്വീകരിക്കുകയും ചെയ്യുന്നു. ദൈവിക വെളിപാടിന്‍റെ സ്ഥാനത്ത് തത്വചിന്തയെ പ്രതിഷ്ഠിക്കുവാന്‍ ദാര്‍ശനികന്മാര്‍ പരിശ്രമിച്ച ചരിത്രസന്ധിയിലാണ് രഹസ്യത്തെക്കുറിച്ചുള്ള ഈ ആശയം ഉടലെടുത്തത്. ക്രിസ്തുമതത്തിന്‍റെ എല്ലാ സത്യങ്ങളും വെറും സ്വാഭാവിക സത്യങ്ങള്‍ മാത്രമാണെന്നുപോലും പറയുവാന്‍ ചില ചിന്തകന്മാര്‍ 19-ാം നൂറ്റാണ്ടില്‍ മുന്നോട്ടുവന്നു. അതുവഴി വെളിപ്പെടുത്തപ്പെട്ട സത്യങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവയെ തങ്ങളുടെ ദര്‍ശനപദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സഭകളെ ഒഴിവാക്കുവാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് അവര്‍ വിചാരിച്ചു.

രഹസ്യത്തെക്കുറിച്ചുള്ള മൗലികവും ഉചിതവുമായ ധാരണ പുരാതനസഭയില്‍നിന്നാണ് വരുന്നത്. രഹസ്യം എന്നതുകൊണ്ട് നിഗൂഢവും മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവുമായ യാഥാര്‍ത്ഥ്യം എന്ന് അര്‍ത്ഥമാക്കിയിരുന്നില്ല. പ്രത്യുത, മിസ്റ്റിക്കുകള്‍, വിശുദ്ധരായ വ്യക്തികള്‍, പ്രവാചകന്മാര്‍, അപ്പസ്തോലന്മാര്‍ തുടങ്ങിയ പ്രത്യേക വ്യക്തികള്‍ക്ക് വെളിപ്പെടുത്തപ്പെട്ടതും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്കിയതുമായ ദൈവികപദ്ധതിയായിരുന്നു രഹസ്യം. രഹസ്യം എല്ലാവരാലും, സ്ത്രീകളാലും പുരുഷന്മാരാലും അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യണം. അത് അര്‍ത്ഥമാക്കുന്നത് ബുദ്ധിയുടെ അതിരുകളല്ല. പിന്നെയോ ബുദ്ധിയുടെ അതിരില്ലായ്മയാണ്. ദൈവത്തെക്കുറിച്ചും മനുഷ്യജീവികളോടുള്ള ദൈവത്തിന്‍റെ കൂട്ടായ്മയുടെ പദ്ധതിയെക്കുറിച്ചും അറിയുംതോറും കൂടുതല്‍ ആഴത്തിലേക്കും അറിവിലേക്കും ഇറങ്ങിച്ചെല്ലുവാനുമുള്ള വെല്ലുവിളിയാണ് നമ്മുടെ മുമ്പിലുള്ളത്.

ഒരിക്കലും അന്ത്യത്തില്‍ എത്തിച്ചേരാത്തവിധം അനന്തകാലത്തേക്ക്, അത്യഗാധങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കും. അറിവിന്‍റെ ഒരു തലത്തില്‍നിന്ന് മറ്റൊരു തലത്തിലേക്കു നമുക്കു കടന്നു ചെല്ലുവാന്‍ കഴിയും. അതിരുകള്‍ കണ്ടെത്താനാവാത്ത, ദൈവിക ജീവന്‍റെ അനന്തതയിലേക്ക് അറിവിന്‍റെ ചക്രവാളങ്ങളെ വികസിപ്പിച്ചു കൊണ്ടുള്ള അന്വേഷണമാണത്. അപ്രകാരം ദൈവം, നമ്മെത്തന്നെ നിമജ്ജനം ചെയ്യാവുന്ന ജീവനും സ്നേഹവും അപ്രതിരോധ്യമായ സമാഗമവുമായിരിക്കുന്നു. രഹസ്യത്തെക്കുറിച്ചുള്ള ഈ ദര്‍ശനം നമ്മില്‍ ആശങ്ക ഉളവാക്കുകയല്ല, നമ്മുടെ ഹൃദയത്തെ വിശാലമാക്കുകയാണ് ചെയ്യുന്നത്. പരി.ത്രിത്വം ഇപ്പോഴും നിത്യകാലത്തേക്കും രഹസ്യമായിത്തന്നെ തുടരും. ഈ രഹസ്യത്തിന്‍റെ ഉള്‍പ്പൊരുള്‍ കൂടുതലായി നാം അറിയും. അറിയുവാനുള്ള ആഗ്രഹം ഒരിക്കലും വറ്റിപ്പോവുകയില്ല. ക്രമാനുഗതമായി നേടുന്ന അറിവ് നമ്മെ സന്തോഷഭരിതരാക്കുകയും ചെയ്യും. അറിവ് നമ്മെ സ്തുതികീര്‍ത്തനത്തിലേക്കും, സ്തുതികീര്‍ത്തനം സ്നേഹത്തിലേക്കും, സ്നേഹം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മയിലേക്കും നയിക്കുകയും ചെയ്യും. നമ്മുടെ ധാരണയ്ക്കപ്പുറത്തു നില്ക്കുന്നവനാണ് ദൈവം (വി.ഹിലാരി).

"ഹാ! ദൈവത്തിന്‍റെ സമ്പത്തിന്‍റെയും ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും ആഴം!  അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്ഞേയം ! അവിടുത്തെ മാര്‍ഗ്ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം!".എന്തെന്നാല്‍ എല്ലാം അവിടുന്നില്‍ നിന്ന്, അവിടുന്ന് വഴി, അവിടുന്നിലേക്ക്. അവിടുത്തേക്ക് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമ്മേന്‍ (റോമ 11:33-26).

  1. അന്തര്‍വ്യാപനം - മൂന്നു ദൈവിക വ്യക്തികളെക്കുറിച്ചുള്ള വ്യാഖ്യാനം

പരി. ത്രിത്വത്തെക്കുറിച്ച് ചിന്തിക്കുമ്പൊഴെല്ലാം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മൂന്ന് ദൈവിക വ്യക്തികളുടെ കൂട്ടായ്മയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഈ കൂട്ടായ്മയുടെ അര്‍ത്ഥം വ്യക്തികളുടെ ഐക്യവും തത്ഫലമായി ത്രിയേകദൈവത്തിന്‍റെ വെളിപ്പെടുത്തലുമാണ്. ഈ ദൈവിക വ്യക്തികളുടെ കൂട്ടായ്മ എങ്ങനെയാണ് ഉണ്ടാകുന്നത്? പ്രാചീന ദൈവശാസ്ത്രജ്ഞന്മാര്‍ അതിന് ഒരു വാക്കു കണ്ടുപിടിച്ചു. 7-ാം നൂറ്റാണ്ടു മുതല്‍ അത് പ്രചാരത്തിലായി. പ്രത്യേകിച്ചും വി.ജോണ്‍ ഡാമീഷനാണ് (എ.ഡി 750) അത് പ്രായോഗത്തിലാക്കിയത് -പെരിക്കൊറേസിസ് (ജലൃശരവീൃലശെെ). ഈ ഗ്രീക്കുപദം ശരിയായ രീതിയില്‍ പോര്‍ച്ചുഗീസിലേക്കോ ഇംഗ്ലീഷിലേക്കോ മറ്റു ഭാഷകളിലേക്കോ വിവര്‍ത്തനം ചെയ്യുക വിഷമമാണ്. ഗ്രീക്കുപദംതന്നെ നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നാം ശരിയായി മനസ്സിലാക്കണം. പരി.ത്രിത്വത്തെക്കുറിച്ചുള്ള ഫലപ്രദമായ ഉള്‍ക്കാഴ്ചയിലേക്ക് അത് നമുക്കു തുറവി തരും. ആദ്യമായി അത് അര്‍ത്ഥമാക്കുന്നത് ഒരു വ്യക്തി മറ്റു രണ്ടുവ്യക്തികളില്‍ അന്തര്‍ഭവിക്കുന്ന പ്രവര്‍ത്തനമാണ്. ഓരോ വ്യക്തിയും മറ്റു രണ്ടു വ്യക്തികളില്‍ ഉള്‍ച്ചേരുകയും അവര്‍ പ്രസ്തുത വ്യക്തിയില്‍ ഉള്‍ച്ചേരുകയും ചെയ്യുന്ന അവസ്ഥയാണത്. ഈ അന്തര്‍വ്യാപകത്വം ദൈവികസ്വഭാവത്തെ രൂപപ്പെടുത്തുന്ന സ്നേഹവും ജീവനും പ്രകടിപ്പിക്കുന്നു. സ്വയം ദാനം ചെയ്യുക എന്നത് സ്നേഹത്തിന്‍റെ അടിസ്ഥാന പ്രകൃതിയാണ്. ജീവന്‍ സ്വാഭാവികമായും വ്യാപിക്കുവാനും വര്‍ദ്ധമാനമാകുവാനും പ്രവണത കാണിക്കുന്നു. അങ്ങനെ ത്രിത്വം നിത്യകാലം മുതല്‍ തങ്ങളെത്തന്നെ ഒരു വ്യക്തിയില്‍നിന്നു മറ്റൊരു വ്യക്തിയിലേക്കുള്ള സ്നേഹത്തിന്‍റെയും ജീവന്‍റെയും അനന്തവിസ്ഫോടനമായി (പ്രവാഹമായി) കാണുന്നു. ഈ അന്തര്‍വ്യാപനത്തിന്‍റെ ഫലമായി ഓരോ വ്യക്തിയും മറ്റു വ്യക്തികളില്‍ വസിക്കുന്നു. ഇതാണ് പെരിക്കൊറേസിസ് (അന്തര്‍വ്യാപനം) എന്നതിന്‍റെ രണ്ടാമത്തെ അര്‍ത്ഥം. ലളിതമായി പറഞ്ഞാല്‍ പിതാവ് ജീവനും സ്നേഹവും ചൊരിഞ്ഞുകൊണ്ട് എന്നും പുത്രനില്‍ ആയിരിക്കുന്നു. പുത്രനാകട്ടെ പിതാവിനെ അറിഞ്ഞുകൊണ്ടും പിതാവായി അംഗീകരിച്ചുകൊണ്ടും എന്നും പിതാവില്‍ ആയിരിക്കുന്നു. സ്നേഹത്തിന്‍റെയും ജീവന്‍റെയും പരസ്പര പ്രകാശനമായി പിതാവും പുത്രനും പരിശുദ്ധാത്മാവിലായിരിക്കുന്നു. പരിശുദ്ധാത്മാവ് സ്നേഹത്തിന്‍റെയും ജീവന്‍റെയും സ്രോതസും പ്രകാശനവുമായി പിതാവിലും പുത്രനിലും ആയിരിക്കുന്നു. ഈ സ്രോതസാകട്ടെ അതിരുകളില്ലാത്തതും. എല്ലാവരും എല്ലാവരിലുമാണ്. 1441-ല്‍ ഫ്ളോറന്‍സ് സൂനഹദോസ് ഈ സത്യം ഭംഗിയായി നിര്‍വചിച്ചിട്ടുണ്ട്. പിതാവ് പൂര്‍ണ്ണമായും പുത്രനിലും പരിശുദ്ധാത്മാവിലുമാണ്.  പുത്രന്‍ പൂര്‍ണ്ണമായും പിതാവിലും പരിശുദ്ധാത്മാവിലുമാണ്. പരിശുദ്ധാത്മാവ് പൂര്‍ണ്ണമായും പിതാവിലും പുത്രനിലുമാണ്. നിത്യതയില്‍ ആരും മറ്റൊരു വ്യക്തിക്കു മുമ്പല്ല. മഹത്വത്തില്‍ ആരും മറ്റൊരു വ്യക്തിക്കു മുകളിലല്ല. ശക്തിയില്‍ ആരും മറ്റൊരു വ്യക്തിയെ അതിലംഘിക്കുന്നുമില്ല.

പരി.ത്രിത്വം അങ്ങനെ ഉള്‍ചേര്‍ച്ചയുടെ ഒരു രഹസ്യമായി നിലകൊള്ളുന്നു. ഈ ഉള്‍ചേര്‍ച്ച ഒരു വ്യക്തിയെ മറ്റുള്ളവരില്‍നിന്നും വ്യതിരിക്തനായി മനസ്സിലാക്കുന്നതില്‍നിന്ന് നമ്മെ തടയുന്നു. പിതാവിനെ പുത്രനോടും പരിശുദ്ധാത്മാവിനോടുമൊപ്പം വേണം നാം മനസ്സിലാക്കാന്‍. അതുപോലെതന്നെ മറ്റു വ്യക്തികളെയും. അപ്പോള്‍ ചിലര്‍ ഇപ്രകാരം വിചാരിച്ചേക്കാം. അങ്ങനെയാണെങ്കില്‍ മൂന്ന് ദൈവങ്ങളില്ലേ, പിതാവും പുത്രനും പരിശുദ്ധാത്മാവും? മറ്റുള്ളവരോട് ബന്ധമില്ലാതെ സമാന്തരമായി ഓരോ വ്യക്തിയും നിലനിന്നിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നു. മൂന്നു ദൈവിക വ്യക്തികളും പരസ്പരം ഉള്‍ച്ചേര്‍ന്നിരുന്നില്ലെങ്കിലും അങ്ങനെ സംഭവിക്കുമായിരുന്നു. മൂന്നു ദൈവിക വ്യക്തികളും പരസ്പരം ഉള്‍ച്ചേര്‍ന്നിരുന്നില്ലെങ്കിലും അങ്ങനെ സംഭവിക്കുമായിരുന്നു. മൂന്നുപേരും ആദ്യം നിലനില്ക്കുകയും പിന്നീട് ബന്ധപ്പെടുകയുമല്ല ചെയ്യുന്നത്. ആരംഭമില്ലാതെതന്നെ നിത്യമായി അവര്‍ ഒരുമിച്ച് പരസ്പരം ബന്ധപ്പെട്ട് വസിക്കുന്നു. അതുകൊണ്ടാണ് അവര്‍ ഒരു ദൈവമാകുന്നത്; ദൈവത്രിത്വമാകുന്നത്.

"പുതിയ ലോകദര്‍ശനത്തില്‍ പ്രപഞ്ചം പരസ്പരബന്ധിതമായ സംഭവങ്ങളുടെ ചലനാത്മകമായ ഘടനാവിശേഷമാണ്.... എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആത്യന്തികമായി പരസ്പരബന്ധിതമാണ്. അതിനാല്‍  ഒന്നിനെ വിശദീകരിക്കുവാന്‍ മറ്റുള്ളതെല്ലാം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.... ഈ അര്‍ത്ഥത്തില്‍ ഓരോ ഭാഗവും മറ്റെല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നു എന്നു പറയാം. പരസ്പരസംലയനത്തിന്‍റെ ദര്‍ശനം പ്രകൃതിയുടെ യോഗാത്മക അനുഭവത്തിന്‍റെ സവിശേഷതയാണ്" (ഫ്രിറ്റ്ജാഫ് കാപ്രാ (The Tao Physics).

  1. പുത്രനും പരിശുദ്ധാത്മാവും പിതാവിന്‍റെ ഇരു കരങ്ങള്‍

പരി.ത്രിത്വം നമുക്ക് വെളിപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്? നമ്മള്‍ അനുധാവനം ചെയ്യേണ്ട രണ്ടു വഴികളുണ്ട്. ആദ്യമായി മൂന്ന് മനുഷ്യരുടെ ജീവിതത്തിലും മതങ്ങളിലും ചരിത്രത്തിലും അവിടുന്ന് വെളിപ്പെട്ടിട്ടുണ്ട്. പിന്നീട് യേശുവിന്‍റെ ജീവിതത്തിലൂടെയും പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ആദിമസഭയുടെ കൂട്ടായ്മകളിലൂടെയും ഇന്നുവരെയെത്തുന്ന ചരിത്രത്തിന്‍റെ പ്രക്രിയകളിലൂടെയും പരി.ത്രിത്വം വെളിപ്പെടുകയുണ്ടായി. പരി.ത്രിത്വത്തെക്കുറിച്ച് മനുഷ്യര്‍ക്ക്, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒന്നും അറിഞ്ഞുകൂടാതെയിരുന്നപ്പോള്‍പോലും അവിടുന്നു എപ്പോഴും മനുഷ്യജീവിതങ്ങളില്‍ വസിച്ചു. അവര്‍ എപ്പോഴൊക്കെ മന:സാക്ഷിയുടെ നിയന്ത്രണങ്ങള്‍ക്കു വിധേയരായി വര്‍ത്തിച്ചുവോ, ശരീരത്തിന്‍റെ മോഹങ്ങളേക്കാള്‍ പ്രകാശത്തെ അവര്‍ എപ്പോഴൊക്കെ അനുസരിച്ചുവോ മനുഷ്യബന്ധങ്ങളില്‍ നീതിയും സ്നേഹവും എപ്പോഴൊക്കെ അവര്‍ പ്രാവര്‍ത്തികമാക്കിയോ അപ്പോഴൊക്കെ പരി.ത്രിത്വത്തിന്‍റെ സാന്നിധ്യം അവരോടൊപ്പമുണ്ടായിരുന്നു. മുകളില്‍ പറഞ്ഞ മൂല്യങ്ങള്‍ക്കു പുറമേ ത്രിയേക ദൈവത്തെ കണ്ടെത്താനാവില്ല. വി.ഇരണേവൂസ് (ഏ.ഡി 200)ഇപ്രകാരം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. പുത്രനും പരിശുദ്ധാത്മാവും പിതാവിന്‍റെ രണ്ടു കരങ്ങളാണ്. നമ്മെ സ്പര്‍ശിക്കുകയും ആലിംഗനം ചെയ്യുകയും അവിടുത്തെ ഛായയിലും സാദൃശ്യത്തിലും നമ്മെ രൂപപ്പെടുത്തുകയും ചെയ്യുന്ന കരങ്ങള്‍. 'പുത്രനും പരിശുദ്ധാത്മാവും ലോകത്തിലേക്ക് അയക്കപ്പെട്ടത് നമ്മുടെ മധ്യേ വസിക്കുവാനും ത്രിത്വൈക കൂട്ടായ്മയിലേക്ക് നമ്മെ ആനയിക്കുവാനുമാണ്.

ഈ അര്‍ത്ഥത്തില്‍ പരി.ത്രിത്വം എന്നും ചരിത്രത്തിലും ആളുകളുടെജീവിതങ്ങളിലുംസംഘര്‍ഷങ്ങളിലുംസന്നിഹിതമായിരുന്നു.പരി.ത്രിത്വത്തിന്‍റെ യാഥാര്‍ത്ഥ്യവും പരി.ത്രിത്വത്തെക്കുറിച്ചുള്ള വിശ്വാസസത്യവും നാം വ്യത്യസ്തമായി മനസ്സിലാക്കണം. മൂന്നു ദൈവിക വ്യക്തികളെന്ന യാഥാര്‍ത്ഥ്യം മനുഷ്യ ചരിത്രത്തോടൊപ്പം എന്നും ഉണ്ടായിരുന്നു. വിശ്വാസ സത്യം ഉണ്ടായതാകട്ടെ പരി.ത്രിത്വത്തിന്‍റെ വെളിപാട് ഗ്രഹിക്കുവാനും ത്രിത്വസിദ്ധാന്തങ്ങളെ ആവിഷ്ക്കരിക്കുവാനും ആളുകള്‍ക്ക് സാധിച്ചപ്പോഴാണ്.

പരി.ത്രിത്വത്തെക്കുറിച്ചുള്ള കൃത്യമായ വെളിപാട് പൂര്‍ണ്ണവ്യക്തതയോടെ ലഭിച്ചത് ക്രിസ്തുവിലൂടെയും പരിശുദ്ധാത്മാവിന്‍റെ പ്രകാശനത്തിലൂടെയുമാണ്. അതുവരെ മതങ്ങളിലും യഹൂദ പ്രവാചകന്മാരിലും ജ്ഞാന ഗ്രന്ഥങ്ങളിലും മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. യേശുവിനോടുകൂടെ വ്യക്തമായ ഈ അവബോധം ഉണ്ടായി. ദൈവം പിതാവാണ്. തന്‍റെ ഏകജാതനെ അവന്‍ ലോകത്തിലേക്കയച്ചു. നസ്രായനായ യേശുവായി അവന്‍ അവതരിച്ചു. പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണ് അതു സംഭവിച്ചത്. കന്യകാമറിയത്തിന്‍റെ ഉദരത്തില്‍ യേശുവിന്‍റെ ദിവ്യമായ മനുഷ്യത്വത്തിനു രൂപം കൊടുത്തത് ഈ ആത്മാവാണ്. അവിടുന്ന് പ്രസംഗിക്കുവാനും രോഗശാന്തി നല്കുവാനുമുള്ള ആവേശംകൊണ്ട് യേശുവിനെ പൂരിതനാക്കി. സാക്ഷ്യം വഹിക്കുവാനും സഭാ കൂട്ടായ്മകളെ പടുത്തുയര്‍ത്തുവാനും അപ്പസ്തോലന്മാര്‍ക്ക് പ്രചോദനമേകി.പിതാവിന്‍റെ പുത്രനും പരിശുദ്ധാത്മാവാല്‍ നിറഞ്ഞവനുമായിട്ടാണ് സുവിശേഷങ്ങള്‍ യേശുവിനെ അവതരിപ്പിക്കുന്നത്. ഇതു മനസ്സിലാക്കിയാല്‍ മാത്രമേ യേശുക്രിസ്തുവിനെ ശരിയായി മനസ്സിലാക്കുവാന്‍ നമുക്കു സാധിക്കൂ. ത്രിത്വം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത് ഒരു വിശ്വാസമായിട്ടല്ല, മറിച്ച് യേശുവിന്‍റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ലോകത്തിലും ആളുകളുടെയിടയിലുമുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിലൂടെയും ആവിഷ്ക്കരിക്കപ്പെടുന്ന പ്രായോഗിക യാഥാര്‍ത്ഥ്യമായിട്ടാണ്.

"പിതാവേ നിന്‍റെ കരം നീട്ടി ഞങ്ങളെ ദുരിതത്തില്‍നിന്നും രക്ഷിക്കണമേ..മര്‍ദ്ദിതരായ പുത്രന്മാരുടെയും പുത്രിമാരുടെയും വിലാപം ശ്രവിക്കുന്ന പിതാവ് നമ്മെ വിമോചിപ്പിക്കുവാനും അവിടുത്തെ കരുണാര്‍ദ്രമായ അങ്കതലത്തിലേക്ക് വലിച്ചടുപ്പിക്കുവാനും തന്‍റെ കരങ്ങളെ - പുത്രനും പരിശുദ്ധാത്മാവുമായ കരങ്ങളെ നീട്ടിത്തന്നു."

 

                       ലെയനാര്‍ഡോ ബോഫ് (Holy Trinity: Perfect Community)

                      (പരിഭാഷ: ഫാ. ജിയോ പുളിക്കല്‍)

fellowship-of-three-persons-in-the-beginning-not-the-loneliness-of-an-individual catholic malayalam mananthavady diocese Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message