We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 25-May-2021
വിശുദ്ധ കുർബാന എന്ന വിരുന്ന്
വിശുദ്ധ കുർബാന ബലിയാണ് ഒപ്പം വിരുന്നുമാണ്. ഈ വിരുന്നിൽ നാം ഉൾക്കൊള്ളുന്നത് മിശിഹായുടെ ശരീരവും രക്തവുമാണ്. കുർബാന സ്വീകരിക്കുന്നതിലൂടെ നാം സ്വീകരിക്കുന്നത് മിശിഹായെത്തന്നെയാണ്.
അൾത്താരമേശ
അൾത്താരമേശ ഒരേ രഹസ്യത്തിന്റെ രണ്ടു വശങ്ങളെ ഉൾക്കൊള്ളുന്നുണ്ട്: ഈശോയുടെ ബലിയർപ്പണം നടന്ന ഗാഗുൽത്തായും ശരീരരക്തങ്ങൾ തിരുമാംസനിണങ്ങളായി നല്കിയ വിരുന്നുമേശയും. ബലിപീഠം ഈശോയുടെ തന്നെയും പ്രതീകമാണ്. വിശ്വാസികളായ നമ്മുടെ ഇടയിൽ സന്നിഹിതനായിക്കൊണ്ട് നമ്മെ ദൈവത്തോടും പരസ്പരവും അനരഞ്ജനപ്പെടുത്തുന്നതിനുവേണ്ടി അർപ്പിക്കപ്പെടുന്ന ബലിവസ്തുവും നമുക്കായി തന്നെത്തന്നെ പകുത്തു നല്കുന്ന സ്വർഗ്ഗീയമായ ഭക്ഷണവും അതിന്മേൽ സ്ഥാപിക്കപ്പെടുന്നു, അല്ലെങ്കിൽ അവിടെ രൂപപ്പെടുന്നു. അതിനാലാണ് വി. അംബ്രോസ് പറയുന്നത് “അൾത്താര ഈശോയുടെ ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു, ഈശോയുടെ ശരീരം അൾത്താരയിലാണ് താനും”.
വി. കുർബാനയുടെ സ്വീകരണം
കുർബാനയെന്ന കൂദാശയിൽ ഈശോയെ സ്വീകരിക്കാൻ നമ്മെ ക്ഷണിക്കുന്നത് ഈശോ തന്നെയാണ്. “സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ മനുഷ്യപുത്രൻറെ ശരീരം ഭക്ഷിക്കുകയും അവൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ജീവനുണ്ടായിരിക്കുകയില്ല” (യോഹ. 6,53). ഈ ക്ഷണത്തിന് മറുപടി നല്കിക്കൊണ്ട് ആ പരിശുദ്ധനിമിഷത്തിനുവേണ്ടി നാം നമ്മെത്തന്നെ ഒരുക്കേണ്ടതുണ്ട്. അതിന് മുന്നോടിയായി നാം നമ്മുടെ മനസാക്ഷിയെ പരിശോധിക്കണം. വി. പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഇപ്രകാരമാണ്: “തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കർത്താവിൻറെ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്താൽ അവൻ കർത്താവിൻറെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാൽ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാൽ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവൻ തൻറെ തന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും” (1 കോറി. 11,27-29). അതിനാൽ താൻ ഗൗരവമേറിയ പാപാവസ്ഥയിലാണെന്ന് ബോദ്ധ്യമുള്ള ഏതു വ്യക്തിയും കുർബാനസ്വീകരണത്തിനുമുന്പ് അനുരഞ്ജനത്തിന്റെ കൂദാശ സ്വീകരിക്കേണ്ടതുണ്ട്.
വിശുദ്ധ കുർബാന സ്വീകരണത്തിൻറെ ഒരുക്കം
യോഗ്യമായ രീതിയിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിന് തിരുസ്സഭ ആവശ്യപ്പെടുന്ന രീതിയിൽ ഒരുമണിക്കൂറെങ്കിലും ഉപവാസം അനുഷ്ഠിക്കണം. ശാരീരികമായ ഒരുക്കവും പ്രധാനപ്പെട്ടതാണ്. ഈശോ നമ്മുടെ അതിഥിയായിത്തീരുന്ന വിരുന്നിൽ ശാരീരികമായ വിശുദ്ധിയും ശ്രദ്ധയും വസ്ത്രധാരണത്തിലെ മാന്യതയുമെല്ലാം പ്രധാനപ്പെട്ടതാണ്. നമ്മുടെ ആദരവും സന്തോഷവും പ്രകടിപ്പിക്കാനുതകുന്ന വിധത്തിൽ കുർബാനയിൽ സംബന്ധിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
എപ്പോഴൊക്കെ വിശുദ്ധ കുർബാന സ്വീകരിക്കണം?
കഴിയുമെങ്കിൽ എല്ലാ ദിവസവും ഈശോയെ ഉൾക്കൊള്ളാൻ പരിശ്രമിക്കുന്നത് നല്ലതാണ്. എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും തിരുനാൾ ദിനങ്ങളിലും ദിവ്യകാരുണ്യസ്വീകരണം നടത്താൻ സഭ വിശ്വാസികളെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് വർഷത്തിലൊരിക്കലെങ്കിലും – അങ്ങനെയാണെങ്കിൽ അത് പെസഹാക്കാലത്ത് ആണ് നല്ലത് – അനുരഞ്ജനകൂദാശ സ്വീകരിച്ച് വിശുദ്ധ കുർബാന കൈക്കൊള്ളണമെന്ന് തിരുസ്സഭ വിശ്വാസികളെ കടപ്പെടുത്തുന്നുണ്ട്. അതിനർത്ഥം വർഷത്തിലൊരിക്കൽ മതിയെന്നല്ല, മറിച്ച്, വർഷത്തിലൊരിക്കലെങ്കിലും വേണം എന്നാണ്. ജീവൻ പിടിച്ച് നിർത്താൻ ദിവസം മൂന്ന് സ്പൂൺ ഭക്ഷണം കഴിച്ചാൽ മതി എന്നു പറഞ്ഞാൽ അതുമാത്രം മതി എന്നല്ലല്ലോ അർത്ഥമാക്കുന്നത്.
വി. കുർബാന സ്വീകരണം ഇരുസാദൃശ്യങ്ങളിൽ
വ. കുർബാനയുടെ രണ്ട് സാദൃശ്യങ്ങളിലും ഈശോ പൂർണ്ണമായും സന്നിഹിതനാകയാൽ അപ്പത്തിൻറെ സാദൃശ്യത്തിൽ മാത്രം വി.കുർബാന നല്കുന്നതും ഇന്ന് കാണാനാകും. ലത്തീൻ റീത്തിൽ ഇത്തരമൊരു ശൈലി നിലനിൽക്കുന്നുവെന്ന് മതബോധനഗ്രന്ഥം പറയുമ്പോഴും ആ രീതി മാറിവരുന്നതിന് വർത്തമാനകാലസാഹചര്യങ്ങൾ ഇടയാക്കുന്നുണ്ട്. പൗരസ്ത്യറീത്തുകൾ ഇരുസാദൃശ്യങ്ങളിലും നല്കുന്ന വിശുദ്ധ കുർബാനയിൽ ദിവ്യകാരുണ്യവിരുന്നിൻറെ അടയാളം കൂടുതൽ വ്യക്തതയോടെയും പൂർണ്ണതയോടെയും ദർശിക്കുന്നതിനാൽ അപ്രകാരമാണ് നല്കുന്നത് എന്നും മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു.
സമാപനം
വിശുദ്ധ കുർബാനയെ ബലിയും വിരുന്നുമായി സ്വീകരിക്കുന്ന ക്രൈസ്തവൻ എപ്രകാരമാണ് അതിനായി ഒരുങ്ങേണ്ടത് എന്ന ഓർമ്മപ്പെടുത്തൽ ഈ ഭാഗം നമുക്ക് നല്കുന്നു. ശ്രദ്ധയും ഒരുക്കവും ആദരവും പ്രകടിപ്പിച്ചുകൊണ്ടാണ് ജീവിക്കുന്ന ദൈവവും ഏകരക്ഷകനുമായി മിശിഹായെ നാം ഉൾക്കൊള്ളേണ്ടത്. ഉപവാസം, ഒരുക്കം, സ്വീകരണം തുടർന്നുള്ള ജീവിതം എന്നിവയെല്ലാം പരസ്പരബന്ധിതമായതിനാലാണ് ക്രൈസ്തവൻറെ ജീവിതം ദിവ്യകാരുണ്യത്താൽ പ്രചോദിതവും അതിൽ ചുറ്റപ്പെട്ടതുമാണ് എന്ന് പറയുന്നത്.
നോബിൾ തോമസ് പാറക്കൽ
holy eucharist noble parackal noble thomas parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206