x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ഡോഗ്മ (മൗലികദൈവശാസ്ത്രം)

ദൈവാസ്ഥിത്വം

Authored by : Bishop Joseph Pamplany On 22-Aug-2020

ദൈവം വിശ്വാസത്തിന്‍റെ വിഷയമാണെങ്കിലും സ്വാഭാവിക ബുദ്ധികൊണ്ട് ദൈവാസ്ഥിത്വം ഗ്രഹിക്കാനാകും എന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ബുദ്ധിയുടെ പ്രകാശത്തില്‍ ദൈവത്തെ അറിയാനാവില്ല എന്നു കരുതുന്നവരെ ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ സത്യവിശ്വാസ വിരുദ്ധരായാണ് കരുതിയിരുന്നത് (D 1806). മനുഷ്യന്‍റെ അറിവിന്‍റെ ആത്യന്തിക ലക്ഷ്യം ദൈവമാകയാലും അറിയാനുള്ള മനുഷ്യന്‍റെ സ്വാഭാവിക മാര്‍ഗ്ഗം ബുദ്ധിയാകയാലും ബുദ്ധി ദൈവത്തെ കണ്ടെത്താനുള്ള മാര്‍ഗ്ഗമാണെന്ന് കൗണ്‍സില്‍ പഠിപ്പിച്ചു. വിശ്വാസത്തിന്‍റെ പരിപ്രേക്ഷ്യത്തിനു വെളിയിലും ദൈവാസ്ഥിത്വത്തിനു സാധുതയുണ്ട് എന്ന ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ കണ്ടെത്തലിന് ഏറെ പ്രസക്തിയുണ്ട്. വിശുദ്ധഗ്രന്ഥവും ഇത്തരത്തില്‍ ചിന്തിക്കുന്നുണ്ട് എന്നതിനാല്‍ യുക്ത്യാധിഷ്ഠിതമായ ദൈവാന്വേഷണത്തിന്‍റെ പ്രസക്തിയും മാര്‍ഗ്ഗങ്ങളുമാണ് തുടര്‍ന്നു ചര്‍ച്ചചെയ്യുന്നത്.


1. സ്രഷ്ടപ്രപഞ്ചത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ സ്രഷ്ടാവിലെത്താന്‍ സാധിക്കും. ജ്ഞാനം 13:5ല്‍ സൃഷ്ടിയുടെ സൗന്ദര്യത്തില്‍ സ്രഷ്ടാവിന്‍റെ സൗന്ദര്യവും നന്മയുമാണ് വെളിപ്പെടുന്നത് എന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട്. റോമാ 1:20-ല്‍ "സൃഷ്ടിയ്ക്കപ്പെട്ട ദൃശ്യവസ്തുക്കളില്‍ നിന്ന് അദൃശ്യനായ സ്രഷ്ടാവിലേക്ക് എത്തിച്ചേരാനാകും" എന്നു വ്യക്തമാക്കുന്നുണ്ട്. ഒന്നോര്‍ത്താല്‍ ഈ ഭൂമിയുടെ സങ്കീര്‍ണ്ണത സ്രഷ്ടാവിന്‍റെ കരവിരുതിനു സാക്ഷ്യമല്ലേ. സൂര്യനു ചുറ്റും കറങ്ങി വര്‍ഷങ്ങളും ഋതുക്കളും സൃഷ്ടിക്കുന്ന ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങി ഇരവും പകലും ഉരുവാക്കുന്നു. ഭൗമിക അന്തരീക്ഷം നിലവിലുള്ള ഭൂമിയുടെ വലിപ്പവുമായി അഭേദ്യം ബന്ധപ്പെട്ടതാണ്. ഭൂമി വ്യാഴത്തെപ്പോലെ വലുതായാല്‍ അന്തരീക്ഷത്തില്‍ ഹൈഡ്രജന്‍ മാത്രമായും ശുക്രനെപ്പോലെ ചെറുതായാല്‍ അന്തരീക്ഷം തന്നെ അസാധ്യമായും തീരുമായിരുന്നു. സൂര്യനോട് കൂടുതല്‍ അടുത്തായിരുന്നെങ്കില്‍ അന്തരീക്ഷത്തിലെ ഊഷ്മാവ് നൂറു ഡിഗ്രിയ്ക്കു മുകളിലായിരുന്നേനെ. സൂര്യനില്‍നിന്ന് കുറേകൂടി അകലെയായിരുന്നെങ്കില്‍ അന്തരീക്ഷോഷ്മാവ് - 100ഡിഗ്രിയിലും താഴെ ആകുമായിരുന്നു. രണ്ടും ജീവന്‍റെ നിലനില്പ് അസാധ്യമാക്കുമായിരുന്നു. ഭൂമി കൃത്യമായ ഭ്രമണപഥത്തില്‍ കറങ്ങുന്നു എന്നതുതന്നെ ദൈവം എന്ന സ്രഷ്ടാവിനുള്ള തെളിവല്ലേ?

2. ഓരോ വ്യക്തിയുടെയും മനസ്സാക്ഷി ദൈവമുണ്ട് എന്നതിനുള്ള തെളിവാണ്. റോമാ 2:14 ല്‍ ഹൃദയങ്ങളില്‍ എഴുതപ്പെട്ട ദൈവനിയമമായിട്ടാണ് മനസ്സാക്ഷിയെ വിശേഷിപ്പിക്കുന്നത്. ശരീരത്തിന്‍റെ ഓരോ കോശങ്ങളും മനസ്സിന്‍റെ സര്‍വ്വമോഹങ്ങളും ചില പാപകരമായ സന്തോഷങ്ങള്‍ക്കായി ദാഹിക്കുന്ന സന്ദര്‍ഭങ്ങളിലും പ്രസ്തുത പ്രവൃത്തികള്‍ തിന്മയെന്നു വിധിക്കുന്ന ഒരു സ്വരം നാം കേള്‍ക്കാറുണ്ടല്ലോ. തീര്‍ച്ചയായും അത് വ്യക്തിക്ക് അതീതമായ ദൈവസ്വരമാണ്. നിരന്തരമായ മുന്നറിയിപ്പുകളെ അവഗണിച്ച് പാപത്തില്‍ വീഴാനിടയായാല്‍ തെറ്റുപറ്റിയതോര്‍ത്ത് അനുതപിക്കാനും തിരുത്താനും ആഹ്വാനം ചെയ്യുന്ന സ്വരവും അന്തരംഗത്തില്‍ നാം കേള്‍ക്കാറുണ്ട്. ഈ സ്വരവും നമ്മുടെ അസ്ഥിത്വത്തിന് അതീതമായ സത്യത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. സമാനമായി, സ്വതവേ സ്വാര്‍ത്ഥനായ മനുഷ്യന് അപരന്‍റെ സങ്കടങ്ങളില്‍ കരളലിയാനുള്ള പ്രേരണ നല്‍കുന്നതും അനീതിക്കെതിരായ നിലപാടുകള്‍ സ്വീകരിക്കാനുള്ള പ്രചോദനം ലഭിക്കുന്നതും ദൈവവിശ്വാസത്തില്‍നിന്നാണ്.

3. ദൈവത്തെക്കുറിച്ചുള്ള ധാരണ മനുഷ്യന്‍റെ ആന്തരികതയില്‍ സഹജമായുള്ളതാണ് (idea innata). സഭാപിതാക്കന്മാരായ വി. ജസ്റ്റിനും (Apol. 2.6) വി.ക്ലെമന്‍റും (Stran.V.14.133.7) ഈ ചിന്തയുടെ വക്താക്കളായിരുന്നു. മനുഷ്യാത്മാവില്‍ ദൈവം നല്‍കിയ ദാനമാണ് (animaedos) ദൈവാവബോധമെന്ന് തെര്‍ത്തുല്യനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. നമുക്കറിയാവുന്ന സ്വാഭാവിക യുക്തിയുടെ തത്വങ്ങളിലൂടെ ദൈവാസ്തിത്വം ബോധ്യപ്പെടാനാകും എന്നതിനാല്‍ ദൈവാവബോധം മനുഷ്യനില്‍ സഹജമായുള്ളതാണെന്ന് വി. തോമസ് അക്വീനാസും (Boe. Trin. q.i.a. 3ad.6) സമര്‍ത്ഥിക്കുന്നുണ്ട്. എത്ര കഠിനമായ രീതിയില്‍ നിരീശ്വരവാദം പ്രസംഗിക്കുന്നവരുടെയും ഉള്ളിന്‍റെയുള്ളില്‍ ദൈവാവബോധമുണ്ട്. അതിനാലാണ് ജീവിതസായാഹ്നത്തില്‍ പല നീരീശ്വരവാദികളും വിശ്വാസത്തിലേക്കും മതജീവിതത്തിലേക്കും തിരിച്ചു വരുന്നത്. മനുഷ്യന്‍റെ അന്തരാത്മാവിലെ ശ്രീകോവിലില്‍ സഹജമായുള്ള ദൈവാവബോധത്തോടുള്ള വ്യക്തിയുടെ പ്രതികരണമനുസരിച്ച് അത് വളരുകയോ തളരുകയോ ചെയ്യുന്നു. ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നതിന്‍റെ പൊരുളും മനുഷ്യനിലെ സഹജമായ ദൈവാവബോധത്തിലേക്കാണ് നയിക്കുന്നത്. ഒരു ഉദാഹരണത്തിലൂടെ മനുഷ്യനിലെ സഹജമായ ദൈവാവബോധം വ്യക്തമാക്കാം. സിംകാര്‍ഡുള്ള ഒരു മൊബൈല്‍ ഫോണ്‍ മൊബൈല്‍ റേഞ്ചില്ലാത്ത സ്ഥലത്തു സൂക്ഷിക്കുന്നിടത്തോളം കാലം ഫോണ്‍ ഉള്ളതും ഇല്ലാത്തതും തുല്യമാണ്. മൊബൈല്‍ റേഞ്ചില്ല എന്നത് ഫോണില്‍ സിംകാര്‍ഡില്ല എന്നതിനു തെളിവായി അവതരിപ്പിക്കുന്നത് വൈരുദ്ധ്യമാണ്. സമാനമായ രീതിയില്‍ ചിലരില്‍ ദൈവാഭിമുഖ്യമില്ല എന്നത് ദൈവമില്ല എന്നതിനുള്ള തെളിവില്ല.

4. അതിസ്വാഭാവികവും യുക്ത്യാതീതവുമായ അനേകം അത്ഭുതങ്ങള്‍ ലോകത്തു സംഭവിക്കുന്നുണ്ട്. ദൈവത്തോടുള്ള പ്രാര്‍ത്ഥനയിലൂടെ രോഗങ്ങള്‍ വിട്ടുമാറുന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത് പ്രാര്‍ത്ഥന വിജയിക്കുന്നെങ്കില്‍ അതിന്‍റെ അര്‍ത്ഥം പ്രാര്‍ത്ഥനയുടെ ലക്ഷ്യമായ ദൈവം സത്യമായും സജീവനും സര്‍വ്വശക്തനുമാണെന്നല്ലേ. സകലതിന്മകളിലും മുഴുകി ജീവിച്ചിരുന്നവര്‍ ദൈവാനുഭവത്തിന്‍റെ സ്പര്‍ശത്താല്‍ എന്നേയ്ക്കുമായി മാനസാന്തരപ്പെടുന്നതു നാം കാണുന്നില്ലേ? വി. ആഗസ്തീനോസു മുതല്‍ നമ്മുടെ നാട്ടില്‍പുറങ്ങളില്‍വരെ ഈ സത്യത്തിന് എത്രയോ സാക്ഷികളുണ്ട് ! ഇപ്രകാരമൊരു മാറ്റത്തിനു നിദാനമായി വര്‍ത്തിക്കുവാന്‍ ദൈവത്തിനല്ലാതെ മറ്റേതൊരു ശക്തിയ്ക്കാണു സാധിക്കുക? നിരീശ്വരവാദികള്‍ ദൈവവിശ്വാസികളെ അപേക്ഷിച്ച് ജീവിതനൈരാശ്യത്തിലും അര്‍ത്ഥശൂന്യതയിലുമാണ് ജീവിതം അവസാനിപ്പിക്കുന്നത്. ലോകം കണ്ട വിഖ്യാത നിരീശ്വരവാദികളില്‍ നല്ലൊരു പങ്കും ആത്മഹത്യചെയ്യുകയായിരുന്നു

5. ബൗദ്ധികവും യുക്ത്യാധിഷ്ഠിതവുമായവയ്ക്കപ്പുറത്താണ് യാഥാര്‍ത്ഥ്യം എന്ന് ജീവിതസത്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. സ്നേഹം എന്ന മൂല്യത്തെ യുക്തികൊണ്ട് അളക്കാനാകുമോ? സ്വന്തം ജീവന്‍ വിലകൊടുത്ത് അപരനെ രക്ഷിക്കുന്നതിന്‍റെ യുക്തിരാഹിത്യം യുക്തിവാദികള്‍ക്കു മനസ്സിലാകില്ല. മാതൃത്വം, പിതൃത്വം, ദാമ്പത്യവിശ്വസ്തത, പരസ്പരവിശ്വാസം തുടങ്ങിയവയൊക്കെ യുക്തികൊണ്ടു വിശദീകരിക്കാനാവാത്ത തലത്തിലാണ്. യുക്തി തന്നെ ദൈവാസ്ഥിത്വത്തിനു തെളിവാണെന്ന വിക്ടര്‍ റിപ്പെര്‍ട്ടിന്‍റെ അഭിപ്രായം ശരിയാണ്. കാരണം ഇന്ദ്രിയപരവും പദാര്‍ത്ഥപരവുമായവയ്ക്കപ്പുറത്താണല്ലോ യുക്തിയുടെ സ്ഥാനം. ഭൗതികവാദിയ്ക്ക് യുക്തിവാദിയാകാനാകില്ല എന്നാണ് ഈ ചിന്തകന്‍റെ വാദം. കാരണം യുക്തി ഭൗതികതയുടെ മേഖലയില്‍ നിന്നുള്ളതല്ല.
വി. അക്വീനാസിന്‍റെ അഞ്ചുവഴികള്‍ (Quinque Viea )

6. സ്വുമ്മാ തിയോളജിക്കായുടെ ആദ്യഭാഗത്ത് വി. തോമസ് അക്വീനാസ് ദൈവാസ്തിത്വം തെളിയിക്കാനുള്ള അഞ്ചു വഴികള്‍ നിരത്തുന്നുണ്ട്. അരിസ്റ്റോട്ടിലിന്‍റെ അതിഭൗതിക തത്വങ്ങളെ (Meta physical principles) ആധാരമാക്കിയുള്ള ഈ വഴികള്‍ പ്രമേയാനുബന്ധ വാദഗതി (infinite regression)) അനുസരിച്ചുള്ളതാകയാല്‍ ഒരു പ്രസ്താവനയുടെ സാധുത തൊട്ടുമുന്‍പുള്ള പ്രസ്താവനയുടെ സാധുതതയുമായി ബന്ധപ്പെട്ടതാണ്. ദൈവാസ്തിത്വം ഗ്രഹിക്കാനുള്ള അക്വീനാസിന്‍റെ അഞ്ചുവഴികള്‍ ചുവടെ ചേര്‍ക്കുന്നു:

(a) ചലനാത്മകമായ ഈ പ്രപഞ്ചത്തിന് അചഞ്ചലനായ ഒരു നിയന്താവുണ്ടായിരിക്കണം; ആ നിയന്താവു ദൈവമാണ് (S.T.I.2.3). ചലിക്കുന്നവയ്ക്കെല്ലാം ശക്തിപ്രദാനം ചെയ്യാന്‍ ഒരു ബാഹ്യഇടപെടലുണ്ട്. എത്ര നല്ല കാറും ഇന്ധനം തീര്‍ന്നാല്‍ ഓട്ടം നിലയ്ക്കും. എത്ര വിദഗ്ദമായി സംവിധാനം ചെയ്യപ്പെട്ട റോക്കറ്റും നിയന്ത്രണം നഷ്ടമായാല്‍ കടലില്‍ വീഴും. ഏറെ സൂക്ഷ്മതയോടെ നിര്‍മ്മിച്ച ബഹിരാകാശ ഉപഗ്രഹങ്ങള്‍ നിശ്ചിതകാലം കഴിഞ്ഞാല്‍ പ്രവര്‍ത്തനരഹിതമാകുന്നു. ചലനം അസ്തിത്വത്തിനു സഹജസ്വഭാവമല്ല. മനുഷ്യന്‍റെ ജീവന്‍ പിരിയുമ്പോള്‍ അവന്‍ നിശ്ചലനാകുന്നു. ചലനാത്മാകതയിലെ ബാഹ്യപ്രേരണയുടെ അനിവാര്യത ദൈവാസ്ഥിത്വത്തിനു തെളിവാണെന്നാണ് അക്വീനാസ് സമര്‍ത്ഥിക്കുന്നത്. "അനന്തമജ്ഞാതമവര്‍ണ്ണനീയമായ" അന്തമറ്റ പ്രപഞ്ചഗോളങ്ങളുടെ അനന്തപ്രയാണങ്ങള്‍ക്കു നിയന്താവില്ല എന്നു ചിന്തിക്കുന്നതിലെ യുക്തിഭംഗം നാസ്തികര്‍ തിരിച്ചറിയാത്തതിനെക്കുറിച്ചാണ് അക്വീനാസ് അത്ഭുതപ്പെടുന്നത്. യുക്തിവാദമാണ് ഏറ്റവും വലിയ യുക്തിനിഷേധം.

(b) ഉളവായതിനെല്ലാം ഒരു കാരണമുള്ളതിനാല്‍ സകലകാരണങ്ങള്‍ക്കും നിദാനമായി കാരണരഹിതമായ ഒരു ആദികാരണമുണ്ടായിരിക്കണം; ആ ആദികാരണമാണ് ദൈവം. മക്കളുടെ കാരണവര്‍ മാതാപിതാക്കള്‍ ആയിരിക്കുന്നതുപോലെ ചെടികള്‍ക്കു മാതൃവക്ഷങ്ങളുണ്ട്. കാരണമില്ലാത്ത ഉണ്‍മ മിഥ്യയാണ്. ഓരോ മനുഷ്യശരീരത്തിലെയും നാഭീനാളം പ്രസ്തുത ശരീരത്തെ അതിന്‍റെ കാരണമായ മാതാവിനോടു ബന്ധിപ്പിക്കുന്നു. ആരും സ്വയംഭൂവാകുന്നില്ല, എല്ലാവര്‍ക്കും മുന്‍തലമുറയോടു ബന്ധമുണ്ട് എന്നതിന്‍റെ മുദ്രയാണ് ശരീരത്തിലെ പുക്കിള്‍കുഴി. ആദ്യ മനുഷ്യന്‍റെ അസ്ഥിത്വത്തിനു നിദാനമായ ആദികാരണത്തെ അക്വീനാസ് ദൈവം എന്നു വിളിക്കുന്നു. കാരണമില്ലാതെയാണ് ഉണ്‍മ രൂപം കൊള്ളുന്നത് എന്നു ചിന്തിക്കുന്നതിനേക്കാള്‍ യുക്തി അക്വീനാസിന്‍റെ ആദികാരണം എന്ന വാദത്തിലുണ്ട്,

(c) അനുഭവയോഗ്യമായ നന്മകളെല്ലാം താരതമ്യത്തിലൂടെ മാത്രം മൂല്യനിര്‍ണ്ണയം നടത്താവുന്ന ആപേക്ഷിക നന്മകളാണ്. ഇന്ദ്രിയ വിഷയമായ ഈ നന്മകളെയെല്ലാം മൂല്യവത്താക്കാന്‍ ആപേക്ഷികമല്ലാത്ത ഒരു പരമനന്മയുണ്ടാകണം; ആ പരമനന്മയാണു ദൈവം. ദൈവമില്ലെങ്കില്‍ മനുഷ്യന്‍റെ സകല നന്മാസങ്കല്പങ്ങളും ആപേക്ഷികവും വ്യക്ത്യധിഷ്ഠിതവുമായി മാറും. കൊലപാതകം തിന്മയാണെന്ന് പറയുവാന്‍ പരമനന്മയായ ദൈവത്തിനേ കഴിയൂ. ഇഷ്ടമില്ലാത്തവരെയും ശത്രുസൈനികനെയും വധശിക്ഷ വിധിക്കപ്പെട്ടവനെയും കൊല്ലുന്നത് ശരിയാണ് എന്ന് പലപ്പോഴും പറയേണ്ടിവരുന്നത് നമ്മുടെ നന്മകള്‍ ആപേക്ഷികമായതുകൊണ്ടാണ്. പരമമായ നന്മയ്ക്കു മാത്രമേ വിശ്വമാനവികതയുടെ അതിരില്ലാത്ത സഹോദര്യത്തിന്‍റെ വാതില്‍ തുറക്കാനാകുകയുള്ളൂ. ദൈവമെന്ന പരമനന്മ നിഷേധിക്കപ്പെടുന്ന സമൂഹങ്ങളില്‍ നന്മകളത്രയും വൈയക്തികങ്ങളാകുന്നു; സനാതന മൂല്യങ്ങള്‍ അപ്രസക്തമാകുന്നു. നാസ്തികതയുടെ അനിവാര്യമായ ദുരന്തം വര്‍ഗ്ഗസമരമാണ്.

(d) ഇന്ദ്രിയവിഷയമായ അസ്ഥിത്വങ്ങളത്രയും ക്ഷണികമാകയാല്‍ അവ ഇല്ലാതിരുന്നതും ഇല്ലാതാകുന്നതുമായ ഒരു കാലം ഉണ്ടായിരുന്നു എന്നോ ഉണ്ടാകും എന്നോ കരുതണം. ക്ഷണികാസ്ഥിത്വങ്ങള്‍ അനിവാര്യമായൊരു നിത്യാസ്ഥിത്വത്തെക്കുറിച്ചുള്ള ചിന്തയിലേക്കു നയിക്കുമെന്നും പ്രസ്തുത നിത്യാസ്ഥിത്വം ദൈവമാണെന്നും അക്വിനാസ് കരുതുന്നു (ST.1.2.3). നാം ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. നാം ഇല്ലാതാകുന്ന കാലവുമുണ്ട്. എന്നാല്‍ നമ്മുടെ ചരിത്രത്തെ അസ്ഥിത്വത്തിന്‍റെ സമഗ്ര ചരിത്രവുമായി ബന്ധിപ്പിക്കണമെങ്കില്‍ നിത്യമായ ഒരു അസ്ഥിത്വം അനിവാര്യമാണ്. തെര്‍മോ ഡൈനാമിക്സിലെ ആദ്യ നിയമം തന്നെ "പദാര്‍ത്ഥത്തെയോ ഊര്‍ജ്ജത്തെയോ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ" സാധിക്കില്ല എന്നാണ്. അതായത് പ്രപഞ്ചത്തില്‍ യാതൊന്നും പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടുകയോ പ്രപഞ്ചത്തില്‍നിന്ന് യാതൊന്നും നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. പ്രപഞ്ചം ശൂന്യതയില്‍ നിന്നു വന്നു ശൂന്യതയിലേക്കു മടങ്ങുമെന്നു പഠിപ്പിക്കുന്ന നാസ്തികര്‍ ശാസ്ത്രീയ യുക്തി നഷ്ടപ്പെട്ടവരാണ്.

(e) ചിന്താശൂന്യവും യുക്തിരഹിതവുമായ ജീവികള്‍പോലും നിയതമായ ഒരു ലക്ഷ്യത്തിലേക്കാണ് അനുദിനം പ്രവര്‍ത്തിക്കുന്നത്. അചേതനമായവപോലും പ്രപഞ്ചത്തില്‍ അവയുടെ ലക്ഷ്യം നിറവേറ്റുന്നുണ്ട്. നിശ്ചിത സമയത്ത് പിടയോടു കൗതുകം തോന്നുന്ന കോഴിപ്പൂവനും തീരത്തടിച്ചു തകരാനായി മാത്രം വീണ്ടും വീണ്ടും ഓടിയെത്തുന്ന തിരമാലകളും വെയിലില്‍ നീരാവിയായുയരുന്ന കടല്‍വെള്ളവും മഴയായി പെയ്തിറങ്ങുന്ന മേഘങ്ങളും തേന്‍കുടിക്കുന്നതിനിടയില്‍ പൂക്കളില്‍ നിന്നു പൂക്കളിലേക്കു പരാഗണം നടത്തുന്ന പൂമ്പാറ്റകളും തങ്ങളുടെ പ്രവൃത്തിയുടെ യുക്തി അറിയാതെ പ്രവര്‍ത്തിക്കുന്നവയാണ്. യുക്തിയുടെ നിഗൂഢസമസ്യകളെ കൂട്ടിയോജിപ്പിച്ച് സകലപ്രവൃത്തികള്‍ക്കും നിയതമായ ഒരു ലക്ഷ്യം നല്‍കാന്‍ സര്‍വ്വജ്ഞാനീയ ദൈവത്തിനേ കഴിയൂ (S.T.1.2.3).

7. തത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ പാസ്കലിന്‍റെ (1623-62) അഭിപ്രായത്തില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന് അറിയാനാകില്ല. ദൈവം ഉണ്ടെന്നു വിശ്വസിച്ചാല്‍ മരണാനന്തരം നിത്യ ജീവിതം കിട്ടും എന്നു പറയപ്പെടുന്നതിനാല്‍ ദൈവത്തില്‍ വിശ്വസിക്കുക. ദൈവം ഇല്ലെന്നു കരുതി ജീവിച്ചാല്‍ ചില താത്കാലിക സന്തോഷങ്ങള്‍ മാത്രമേ കിട്ടൂ. താത്കാലിക സന്തോഷങ്ങള്‍ക്കുവേണ്ടി നിത്യാനന്ദം നഷ്ടമാക്കിയതിന്‍റെ ദുഃഖം ഒഴിവാക്കാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നതാണു ലാഭകരം എന്നതാണ് പാസ്കലിന്‍റെ ഒരു പരിധി വരെ അജ്ഞേയവാദപരമായ നിലപാട്.

8. കാന്‍റിന്‍റെ അഭിപ്രായത്തില്‍ യാഥാര്‍ത്ഥ്യത്തെ അതിന്‍റെ സത്തയില്‍ അറിയാന്‍ മനുഷ്യനു കഴിവില്ലാത്തതിനാല്‍ ദൈവാസ്തിത്വം പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ മനുഷ്യനു കഴിയില്ല. ദൈവത്തെക്കുറിച്ചുള്ള ചില അനുഭവങ്ങള്‍ മാത്രമേ മനുഷ്യനു സാധ്യമായിട്ടുള്ളൂ. ധാര്‍മ്മിക മേഖലയില്‍ സ്വയം പര്യാപ്തമായ തത്വങ്ങള്‍ ലക്ഷ്യമാക്കി ദൈവത്തില്‍ വിശ്വസിക്കുന്നത് പ്രായോഗികാര്‍ത്ഥത്തില്‍ മനുഷ്യന് പ്രയോജനകരമാണെന്ന് കാന്‍റ് വാദിച്ചു.

9. കാന്‍റര്‍ബറിയിലെ ആര്‍ച്ചുബിഷപ്പും വിഖ്യാതചിന്തകനുമായ വി.ആന്‍സെലമും പില്‍ക്കാലത്ത് ഡെക്കാര്‍ട്ടും വികസിപ്പിച്ച സത്താസ്ഥിത്വവാദം ഇപ്രകാരമാണ്: ദൈവത്തെക്കുറിച്ചുള്ള ആശയം നമ്മുടെ മനസ്സില്‍ രൂപപ്പെടുന്നതിനാല്‍ അതിനു സാദൃശ്യമായ അസ്ഥിത്വം ഉണ്ടായിരിക്കണം. അസ്ഥിത്വമില്ലാത്ത ചിന്ത അപൂര്‍ണ്ണമാകയാല്‍ ദൈവിക ചിന്ത ദൈവാസ്ഥിത്വത്തിനു തെളിവാണെന്ന് ഇവര്‍ വാദിച്ചു.

10. ന്യൂറോസയന്‍സിലെ പുതിയ കണ്ടെത്തലുകള്‍ മനുഷ്യന്‍റെ ദൈവാഭിമുഖ്യത്തിന് നിദാനമായ ദൈവകേന്ദ്രം (God Spot) കണ്ടെത്തിയിട്ടുണ്ട്. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന് കാലത്തില്‍ പ്രായമേറുന്നില്ലെന്ന കണ്ടെത്തലിലൂടെ ആപേഷികസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാക്കള്‍ മതങ്ങള്‍ പഠിപ്പിച്ച നിത്യജീവിതം എന്ന കാഴ്ചപ്പാടിന് ശാസ്ത്രീയ അടിത്തറ പ്രദാനം ചെയ്യുന്നു. സ്ഥല കാലങ്ങളില്‍ മാത്രം വിചിന്തനം നടത്തുന്ന ഭൗതികശാസ്ത്രം ഇന്ന് കാലഹരണപ്പെടുകയും ഭൗതികശാസ്ത്രത്തിന്‍റെ വിചിന്തനതലങ്ങള്‍ (categories) പതിനൊന്നോളം ആയി വളരുകയും ചെയ്തപ്പോള്‍ അതിഭൗതികതയും ഭൗതികതയും തമ്മിലുള്ള അതിരുകള്‍ അലിഞ്ഞില്ലാതാകുകയാണ്. കണികാപരീക്ഷണത്തിലൂടെ കണ്ടെത്തപ്പെട്ട ദൈവകണം പദാര്‍ത്ഥവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധത്തെ മാത്രമല്ല ഭൗതികവും അതിഭൗതികവും തമ്മിലുള്ള ബന്ധത്തെയും വെളിപ്പെടുത്തുന്നുണ്ട്. മതങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ട നിത്യസത്യങ്ങള്‍ക്ക് ശാസ്ത്ര ഗവേഷണാത്മക തെളിവുകളുമായി പിന്തുണ നല്‍കുന്ന കാഴ്ചയാണ് ആധുനികശാസ്ത്രം അവതരിപ്പിക്കുന്നത്.

Trinity Existence of God Church teachings on the existence of god Five principles of Thomas Aquinas proofs for the existence of God God in the nature God in the conscience Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message