x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ രാഷ്ട്രീയ ദൈവശാസ്ത്രം

സുവിശേഷവത്കരണവും പാവങ്ങളുടെ പക്ഷംചേരലും

Authored by : Mar Joseph Pamplany On 27-Jan-2021

"അക്രമത്തിനെതിരെ പ്രതികരിക്കാത്തവന്‍ ക്രൈസ്തവനല്ല" എന്നു പ്രഖ്യാപിച്ചുകൊണ്ട്, മൗലികാവകാശമായ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പാക്കിസ്ഥാന്‍ ക്രിസ്ത്യാനികള്‍ക്കു വേണ്ടി ഒരു മെത്രാന്‍ ആത്മാഹൂതി നടത്തി. 1 (ഈ മരണത്തിന്‍റെ നീതിയും ന്യായവും വ്യവച്ഛേദിക്കുന്ന പണി ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാര്‍ക്കു വിടുന്നു). എല്‍സാല്‍വദോറിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി വാദിച്ച ആര്‍ച്ചുബിഷപ്പ് റൊമേരോ ബലിവേദിയില്‍ വെടിയേറ്റുവീണു. "വിപ്ലവകാരിയല്ലാത്ത ക്രൈസ്തവന്‍ ചാവുദോഷത്തില്‍ ജീവിക്കുന്നു" എന്നു പഠിപ്പിക്കുകയും കിരാതമായ പട്ടാളഭരണത്തെ അട്ടിമറിക്കാന്‍ ഒളിപ്പോരിലേര്‍പ്പെട്ടു മരിക്കുകയും ചെയ്ത പുരോഹിതരുടെ നീണ്ട നിരതന്നെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുണ്ട്. നിസ്വരും ബലഹീനരുമായ ദൈവജനത്തിന്‍റെ പക്ഷം ചേര്‍ന്ന ഇടയന്മാരുടെ ചിത്രങ്ങളാണിവ. ഓരോ പക്ഷംചേരലും മറുപക്ഷത്തിന്‍റെ ശത്രുത ക്ഷണിച്ചുവരുത്തുമെന്നറിഞ്ഞിട്ടും അവര്‍ പക്ഷം ചേരാന്‍ തയ്യാറായി. അജഗണം കരയുമ്പോള്‍ ഇടയനു ചിരിക്കാനവകാശമില്ലെന്ന തിരിച്ചറിവാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്.

"പാവങ്ങളുടെ പക്ഷംചേരല്‍" എന്ന പദത്തിന്‍റെ ഉപജ്ഞാതാക്കള്‍ വിമോചന ദൈവശാസ്ത്രജ്ഞരാണെങ്കിലും ഈ ആശയത്തിനു സുവിശേഷത്തോളം പഴക്കമുണ്ട്. ഈ പക്ഷംചേരലിനെ മാര്‍ക്സിയന്‍ വര്‍ഗ്ഗസമരമായി തെറ്റിദ്ധരിക്കുകയും  ഇതിന്‍റെ പ്രണേതാക്കളെ സഭയിലെ ഇടതുപക്ഷക്കാരെന്നു മുദ്രകുത്തി വേലിക്കു പുറത്താക്കുകയും ചെയ്യാനുള്ള ശ്രമമാണ് പലപ്പോഴും നടന്നിട്ടുള്ളത്. പക്ഷം ചേരല്‍ സുവിശേഷവത്കരണത്തിന്‍റെ അടിയന്തിരാവശ്യമാണെന്നു സമര്‍ത്ഥിക്കുകയാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം.

 ദരിദ്രര്‍- വി. ഗ്രന്ഥഭാഷ്യം

സകലജാതികളോടുമായി പ്രഘോഷിക്കാന്‍ ആജ്ഞാപിക്കപ്പെട്ടിരുന്ന സുവിശേഷം (മത്താ 28:19;  മര്‍ക്കോ 16:15) കേവലമൊരു വിഭാഗത്തിന്‍റെ പക്ഷംചേരലായി പരിണമിപ്പിക്കുന്നതിന്‍റെ സാധുത ചോദ്യംചെയ്യപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍, യേശു തന്നെ പറഞ്ഞു താന്‍ ദരിദ്രരോടു സുവിശേഷം പ്രസംഗിക്കാന്‍ അഭിഷേകം ചെയ്യപ്പെട്ടവനാണെന്ന് (ലൂക്കാ 4: 18). യേശുവിന്‍റെ തന്നെ പ്രസ്താവനകളിലുള്ള വൈരുദ്ധ്യമാണ് ഇവിടെ വിവാദ വിഷയമാകുന്നത്. ദരിദ്രര്‍ എന്ന പദത്തിന്‍റെ പരിപ്രേക്ഷ്യമാണ് ഇവിടെ സൂക്ഷ്മാപഗ്രഥനത്തിനു വിധേയമാകേണ്ടത്. താന്‍ ലക്ഷ്യമാക്കുന്ന ദരിദ്രവിഭാഗങ്ങളുടെ പട്ടികയും വ്യത്യസ്ത സാഹചര്യങ്ങളിലായി യേശു വ്യക്തമാക്കുന്നുണ്ട്: അടിച്ചമര്‍ത്തപ്പെട്ടവര്‍, അന്ധര്‍, മുടന്തര്‍, കുഷ്ഠരോഗികള്‍, തളര്‍വാതരോഗികള്‍, ഊമര്‍, ബധിരര്‍, ചുങ്കക്കാര്‍, വിജാതീയര്‍, വേശ്യകള്‍ തുടങ്ങിയവര്‍. യേശുവിന്‍റെ വീക്ഷണത്തില്‍ ദാരിദ്ര്യം കേവലം സാമ്പത്തികമല്ലെന്ന് ഈ പട്ടികയില്‍ നിന്നുതന്നെ വ്യക്തമാണ്. സ്വന്തമായി മേല്‍വിലാസമില്ലാത്തവരും സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരും മുഖമില്ലാത്തവരുമാണിവര്‍. ഇക്കൂട്ടര്‍ ഏതെങ്കിലും വിധത്തിലുള്ള പരാധീനത അനുഭവിക്കുകയും അതില്‍നിന്നുള്ള രക്ഷ കാംക്ഷിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, രക്ഷ തേടുന്നവരെല്ലാം - അത് ആത്മീയമോ ശാരീരികമോ മാനസികമോ ആകട്ടെ - യേശുവിന്‍റെ ദൃഷ്ടിയില്‍ ദരിദ്രരാണ്. ഇപ്രകാരം ദാരിദ്ര്യമനുഭവിച്ചവരാണ് യേശുവില്‍ രക്ഷതേടിയത്. താന്‍ രക്ഷിക്കപ്പെടേണ്ടവനാണെന്ന അവബോധമാണ് ദരിദ്രന്‍റെ സഹജാവബോധം. ഇതിനു വിരുദ്ധമായി ചിന്തിച്ചവര്‍ അതായത്, തങ്ങളില്‍തന്നെ രക്ഷകരെ കണ്ടെത്തിയവരായിരുന്നു നിയമജ്ഞരും ഫരിസേയരും. പുറമേ നിന്നുള്ള ഏതു രക്ഷകനും അവര്‍ക്ക് വര്‍ഗ്ഗശത്രുവും കുലദ്രോഹിയുമാണ്. രക്ഷിക്കപ്പെട്ടവര്‍ എന്ന മിഥ്യാവബോധത്തിന്‍റെ പിന്‍ ബലത്തില്‍ അവര്‍ അരക്ഷിതരെ (ദരിദ്രരെ) സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്നു ഗളഹസ്തം ചെയ്തു. ചുരുക്കത്തില്‍, താന്‍പോരിമയ്ക്കെതിരായതെല്ലാം വിശുദ്ധ ഗ്രന്ഥദൃഷ്ടിയില്‍ ദാരിദ്ര്യത്തിന്‍റെ വകഭേദങ്ങളാണ്. രക്ഷ കാംക്ഷിക്കുന്നവരെല്ലാം ദരിദ്രരാണ്. തന്‍മൂലം ദരിദ്രന്‍ എന്ന പദത്തിന്‍റെ പരിപ്രേക്ഷ്യം ഏറെക്കുറെ സര്‍വാശ്ലേഷിയാണെന്നു കാണാം.

 സുവിശേഷ പ്രഘോഷണം യേശുവിന്‍റെ ദൃഷ്ടിയില്‍

വി. ഗ്രന്ഥത്തില്‍ സുവിശേഷമെന്നതു കേവലമൊരു സന്ദേശമല്ല അതൊരു വ്യക്തിയാണ്. മനുഷ്യാവതാരം ചെയ്ത യേശുക്രിസ്തു വ്യക്തിയില്‍നിന്ന് വ്യതിരിക്തമായൊരു സന്ദേശം സുവിശേഷവത്ക്കരണമാവില്ല. തന്മൂലം യേശുവാകുന്ന അടിസ്ഥാനപ്രതിമാനത്തെ ആധാരമാക്കി വേണം സുവിശേഷവത്ക്കരണത്തിന്‍റെ ഏതു പാഠവും പഠിക്കാന്‍. യേശു ദൈവപുത്രനാണെന്നു തിരിച്ചറിയുന്നതും (മര്‍ക്കോ. 1 : 1) യേശുവിലൂടെ കൈവന്ന രക്ഷ പ്രഘോഷിക്കുന്നതും (1 കോറി. 9: 14; ഫില. 1: 5; 2: 22) സുവിശേഷമാണ്. യേശു ദൈവപുത്രനാണെന്നുള്ള തിരിച്ചറിവ് രക്ഷാകരമാണ്. പ്രസ്തുത രക്ഷയുടെ പ്രഘോഷണമാണ് സുവിശേഷപ്രഘോഷണം.

യേശു ദൈവപുത്രനാണെന്ന് സമകാലീനര്‍ തിരിച്ചറിഞ്ഞതെങ്ങനെയാണ്? പത്രോസ് യേശുവിന്‍റെ ദിവ്യത്വം തിരച്ചറിഞ്ഞ് അവിടുത്തെ ജീവദായകമായ വചോവിലാസത്താല്‍ ആകൃഷ്ടനായിട്ടാണെങ്കില്‍ (മത്താ. 16:16; യോഹ. 6:68) ഉത്ഥിതന്‍റെ സ്നേഹ ശാസനത്തിലൂടെയാണ് തോമസ് യേശുവിന്‍റെ ദൈവികത തിരിച്ചറിയുന്നത്. അന്ധനായിരുന്നവന്‍ തനിക്കു കാഴ്ച ലഭിച്ചപ്പോള്‍ യേശു ദൈവപുത്രനാണെന്നു വിളിച്ചു പറഞ്ഞു (യോഹ. 9:33). ബധിരരും, മൂകരും, ഊമരും, കുരുടരും തങ്ങളുടെ അംഗവൈകല്യം നിവാരണം ചെയ്തവനില്‍ ദൈവപുത്രനെ ദര്‍ശിച്ചു.തന്നെത്തന്നെ ജനത്തിനു സദ്വാര്‍ത്തയായി നല്കുന്നതില്‍ യേശു ദത്താവധാനനായിരുന്നു. അന്ധനായവനെ സംബന്ധിച്ചിടത്തോളം കാഴ്ചയില്‍ കുറഞ്ഞതൊന്നും അവനു സുവിശേഷമാകില്ലെന്ന് യേശുവിനറിയാമായിരുന്നു. കുഷ്ഠരോഗിക്കു വചനത്തെക്കാള്‍ രോഗസൗഖ്യമാണ് സുവിശേഷമാകുന്നതെന്ന് മറ്റാരും പറയാതെ മനസ്സിലാക്കുവാന്‍ യേശുവിനു കഴിഞ്ഞിരുന്നു. സുവിശേഷവത്കരണത്തെ കേവലം വചനപ്രഘോഷണത്തിലൊതുക്കുന്ന ശൈലി യേശുവിന് അന്യമായിരുന്നു. ബധിരന്‍റെ കാതും ഊമന്‍റെ വായും കുരുടന്‍റെ കണ്ണും തുറന്നപ്പോഴും മരവിച്ച മൃതശരീരത്തിനു ജീവന്‍ കൊടുത്തപ്പോഴും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോഴും യേശു തന്നെത്തന്നെ സുവിശേഷമായി അവതരിപ്പിക്കുകയായിരുന്നു. വിശക്കുന്നവന്‍റെ മുമ്പില്‍ അപ്പമായി പ്രത്യക്ഷപ്പെടുന്ന ദൈവത്തിനു മാത്രമേ അവന്‍റെ രക്ഷകനാകാന്‍ കഴിയൂ എന്ന് യേശുവിനറിയാമായിരുന്നു. സുവിശേഷവത്കരണത്തിന്‍റെ സൃഷ്ടിപരമായ ഈ മാനം കൈമോശം വന്നതാണ് അഭിനവസുവിശേഷപ്രഘോഷണത്തിന്‍റെ നിഷ്ഫലതയ്ക്കു കാരണം.

ദൈവരാജ്യമെന്നത് സമാഗതമായിക്കഴിഞ്ഞ വര്‍ത്തമാനകാലസത്യം കൂടിയാണെന്ന വസ്തുത നാം പാടേ മറന്നു പോകുന്നു. പകരം ദൈവരാജ്യത്തിന്‍റെ ഇനിയും പൂര്‍ണ്ണമാകാത്ത ഭാവികാലമാനത്തിനു നാം അമിത പ്രാധാന്യം നല്കി. ദൈവരാജ്യമെന്നത് വരാനിരിക്കുന്നതല്ല വന്നുകഴിഞ്ഞതാണ്  എന്ന തിരിച്ചറിവാണ് ഈ ലോകത്തിലെ അനീതിയും അഴിമതിയും അടിച്ചമര്‍ത്തലും എതിര്‍ക്കപ്പെടേണ്ടതാണെന്ന അവബോധം ജനിപ്പിക്കുന്നത്. ദൈവരാജ്യം ഈഭൂമിയില്‍ ആരംഭിച്ചു കഴിഞ്ഞെങ്കില്‍ ദൈവരാജ്യവ്യവസ്ഥിതിക്കെതിരായി നിലവിലുള്ള എല്ലാ വ്യവസ്ഥിതികളും തിന്മയാണ്. അവയ്ക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിക്കേണ്ടതും, അവയെ പരാജയപ്പെടുത്തേണ്ടത് ദൈവരാജ്യത്തിന്‍റെ വ്യാപനത്തിന് അനുപേക്ഷണീയവുമാണെന്ന തിരിച്ചറിവില്‍ നിന്നാണ് പാവങ്ങളുടെ പക്ഷംചേരാന്‍ സഭ നിര്‍ബന്ധിതയാകുന്നത്. പാവങ്ങളുടെ പക്ഷംചേരുക എന്നാല്‍ ദൈവരാജ്യത്തിന്‍റെ വര്‍ത്തമാനകാലമാനം അംഗീകരിക്കുകയെന്നര്‍ത്ഥം.  

1971-ല്‍ റോമില്‍ നടന്ന മെത്രാന്മാരുടെ സിനഡിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച പ്രമാണ രേഖയില്‍ സുവിശേഷവത്കരണത്തിന്‍റെ സൃഷ്ടിപരവും ദൈവരാജ്യത്തിന്‍റെ വര്‍ത്തമാനകാലപരവുമായ മാനത്തിനു പ്രാധാന്യം നല്‍കിയിട്ടുണ്ട്: "നീതിയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സുവിശേഷവത്കരണത്തിന്‍റെ സര്‍ഗ്ഗാത്മക വശങ്ങളാണ്. എല്ലാവിധത്തിലുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്നും മനുഷ്യനെ വിമോചിപ്പിക്കുന്നതിലൂടെയാണ് സുവിശേഷം ജീവദായകമാകുന്നത്."

സുവിശേഷവത്കരണദശകത്തോടനുബന്ധിച്ച് കേരളസഭ പ്രഖ്യാപിച്ച വിവിധ വര്‍ഷങ്ങള്‍ (കര്‍ഷക വര്‍ഷം, യുവജനവര്‍ഷം, ജീവന്‍രക്ഷാവര്‍ഷം എന്നിവ) കേവലം സെമിനാറുകളും പ്രഭാഷണങ്ങളുമായാണ് നാം കൊണ്ടാടിയത്. ഇതു തികച്ചും സുരക്ഷിതമായൊരു സുവിശേഷവത്കരണപ്രക്രിയയാണ്. ഇവിടെ അപകടത്തിന്‍റെയോ ഭീഷണിയുടെയോ വെല്ലുവിളിയുടെയോ ലാഞ്ചനപോലുമില്ല. കാരണം സുവിശേഷവത്കരണത്തിന്‍റെ സൃഷ്ടിപരമായ മാനം നാം സൗകര്യപൂര്‍വ്വം മറന്നു. സാമാന്യജനത്തിന്‍റെ നീറുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദ്ദേശിക്കാന്‍ സുവിശേഷത്തിനും സഭയ്ക്കും കഴിവില്ലെന്ന പ്രതീതിയാണ് നാം ജനിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിശക്കുന്ന മനുഷ്യനോട് വരാനിരിക്കുന്ന ലോകത്തിന്‍റെ മഹത്വം വര്‍ണ്ണിച്ച് അവനെ തൃപ്തനാക്കാനുള്ള ശ്രമമായിരുന്നു ഇതുവരെയുള്ള നമ്മുടെ സുവിശേഷവത്കരണം. മനുഷ്യനെ കേവലം പരലോകപ്പാറ്റകളാക്കി മാറ്റാനേ നാം ശ്രമിച്ചുള്ളൂ. മതപരമോ അതിഭൗതികമോ യുഗാന്ത്യപരമോ അല്ലാത്ത പ്രശ്നങ്ങള്‍ക്ക് നാം മതപരവും അതിഭൗതികവും യുഗാന്ത്യപരവുമായ ഉത്തരം നല്കുന്നു എന്നതാണ് അഭിനവസുവിശേഷവത്കരണത്തിന്‍റെ പോരായ്മ. വിശപ്പ്, ദാഹം,  വസ്ത്രമില്ലായ്മ, പാര്‍പ്പിടമില്ലായ്മ, തൊഴിലില്ലായ്മ, അഴിമതി, സ്വജനപക്ഷപാതം, കൈക്കൂലി, കരിഞ്ചന്ത തുടങ്ങിയവയൊന്നും അതിഭൗതികമോ യുഗാന്ത്യപരമോ ആയ പ്രശ്നമല്ല. ഇന്നിന്‍റെ നിമിഷങ്ങളില്‍ ജീവിക്കുന്ന മനുഷ്യന്‍റെ നീറുന്ന പ്രശ്നങ്ങളാണ്. പ്രസ്തുത പ്രശ്നങ്ങള്‍ക്ക് യുഗാന്ത്യപരമായ പരിഹാരം നിര്‍ദ്ദേശിക്കുന്നത് സുവിശേഷവിരുദ്ധമാണെന്നു മാത്രമല്ല കൃത്യവിലോപം കൂടിയാണ്.

 പക്ഷംചേരലിലൂടെ സുവിശേഷവത്കരണം

വരേണ്യവര്‍ഗ്ഗം സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്നു ഗളഹസ്തം ചെയ്ത ദരിദ്രരുടെ - അരക്ഷിതരുടെ പക്ഷം ചേര്‍ന്നാണ് യേശു സുവിശേഷമായതും സുവിശേഷമേകിയതും. ജാതിയുടെയും മതത്തിന്‍റെയും പാണ്ഡിത്യത്തിന്‍റെയും പരിശുദ്ധിയുടെയും കുലീനതയുടെയും പേരില്‍ ഉച്ചനീചത്വങ്ങളും അസ്പൃശതയും പുലര്‍ത്തിയിരുന്ന ഒരു സമൂഹത്തിലാണ് യേശു ജീവിച്ചിരുന്നത്. ശക്തരെ സിംഹാസനങ്ങളില്‍ നിന്ന് മറിച്ചിട്ട് പതിതരെ ഉയര്‍ത്തുന്ന ദൈവസ്നേഹത്തിന്‍റെ മനുഷ്യരൂപമാണ് യേശു. അതുകൊ ണ്ടുതന്നെ വരേണ്യവര്‍ഗ്ഗം വേലിക്കെട്ടിനപ്പുറത്തു നിറുത്തിയ "മ്ലേച്ഛന്മാ"രോടൊത്ത് യേശു ഊണ്‍മേശ പങ്കിട്ടു (ലൂക്കാ 5:30; 14:13). സമ്പന്നര്‍ ദൈവാനുഗ്രഹത്തിന്‍റെ നിറകുടങ്ങളായി വാഴ്ത്തപ്പെട്ടിരുന്ന സമൂഹത്തില്‍ സമ്പന്നര്‍ക്കു നാശവും ദരിദ്രര്‍ക്കു ഭാഗ്യവും പ്രവചിക്കാനുള്ള ചങ്കൂറ്റം യേശുവിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ (6:20). മതസംവിധാനം ഹീനരാക്കി ഭ്രഷ്ടുകല്പിച്ച ചുങ്കക്കാരും പാപികളുമാണു ദൈവസന്നിധിയില്‍ സ്വീകാര്യര്‍ (7:29-30; 11:52; 18:14) എന്നു പ്രഖ്യാപിക്കുക മാത്രമല്ല മതനേതൃത്വം കുലദ്രോഹിയായി വിധിച്ച സക്കേവൂസിന്‍റെ വീട്ടില്‍ അവന്‍ അത്താഴത്തിനുമെത്തി (19:7). യഹൂദനേതൃത്വം നായ്ക്കളെന്നു വിളിച്ചാക്ഷേപിച്ച സമരിയാക്കാരിലൊരുവനെ ദൈവസ്നേഹത്തിന്‍റെ അക്ഷുണ്ണമാതൃകയാക്കി (10:33). മാന്യനായ യഹൂദപ്രമാണിക്ക് പാപിനിയുടെ പകുതിപോലും ആതിഥ്യമര്യാദയില്ലെന്ന് അവിടുന്ന് ആക്ഷേപിച്ചു (7:44). സമ്പന്നന്‍റെ ധാരാളിത്വം വിസര്‍ജ്ജിക്കുന്ന ലക്ഷങ്ങളുടെ സംഭാവന വിധവയുടെ ചില്ലിക്കാശിനു മുന്‍പില്‍ ഒന്നുമല്ലെന്നു തെളിയിച്ച യേശു (21:3) ദൈവസ്നേഹത്തിന്‍റെ പക്ഷംചേരല്‍ വ്യക്തമാക്കുകയായിരുന്നു. മനുഷ്യര്‍ വെറുത്തവര്‍ ദൈവതിരുമുമ്പില്‍ കൂടുതല്‍ വിലയുള്ളവരായി മാറുന്ന പരമമായ സത്യം സുവിശേഷത്തിന്‍റെ അന്തസത്തയാണ്.  

"യേശുവിന്‍റെ മതാത്മകതയുടെ കേന്ദ്രബിന്ദു മനുഷ്യനായിരുന്നു". മനുഷ്യമഹത്വത്തിനെതിരുനില്‍ക്കുന്ന എന്തും ദൈവികതയ്ക്കുമെതിരാണെന്ന് യേശു പ്രഖ്യാപിച്ചു. മനുഷ്യന്‍റെ മഹത്വം നിഷേധിക്കുന്നതു മതമാണെങ്കില്‍ ആ മതത്തിന്‍റെ പ്രമാണങ്ങളെയും ഉല്ലംഘിക്കാന്‍ അവിടുന്നാവശ്യപ്പെട്ടു. സാബത്തുപ്രമാണങ്ങളെക്കാള്‍ കൂനിപ്പോയ ഒരു സ്ത്രീയുടെ ഗദ്ഗദത്തിന് അവിടുന്ന് വില നല്കി. മോശയുടെ പരിപാവനമായ നിയമത്തെക്കാള്‍ വേശ്യയുടെ കണ്ണീരിന് അവന്‍ വില കല്പിച്ചു. ധാന്യക്കതിര്‍ പറിച്ചതിനു ശിഷ്യര്‍ക്കുനേരെ വാളോങ്ങിയ ഫരിസേയമതാത്മകതയ്ക്കെതിരെ അവന്‍ സ്വരമുയര്‍ത്തി. മനുഷ്യര്‍ മതത്തിനു വേണ്ടിയല്ല മതം മനുഷ്യനുവേണ്ടിയാണെന്ന വിപ്ലവകരമായ സന്ദേശം ലോകത്തെ പഠിപ്പിച്ചത് യേശുവാണ്. യേശു തന്‍റെ പരസ്യജീവിതത്തിലുടനീളം യത്നിച്ചത് മഹത്വമില്ലാത്ത മനുഷ്യപുത്രര്‍ക്കു മഹത്വം  നേടിക്കൊടുക്കാനാണ്. വാടിപ്പോയ ജീവിതങ്ങളും കോടിപ്പോയ വദനങ്ങളും കൊഴിഞ്ഞുപോയ സ്വപ്നങ്ങളും ദൈവസ്നേഹത്തിന്‍റെ നീര്‍ധാരയില്‍ ജീവസ്സുറ്റതാക്കി മനുഷ്യമഹത്വത്തിന്‍റെ സുവിശേഷവത്കരണമാണ് യേശു നടത്തിയത്. മനുഷ്യന്‍റെ തലയിലെ മുടിനാരിഴപോലും പൊഴിയുന്നത് അറിയുന്ന ദൈവം മനുഷ്യന്‍റെ കാര്യത്തില്‍ സര്‍വദാ തല്‍പരനാണെന്ന് അവിടുന്നു പഠിപ്പിച്ചു. മനുഷ്യവത്കരണം സുവിശേഷവത്കരണത്തിന്‍റെ ആദ്യപടിയാണെന്ന യേശുപാഠം പഠിക്കുമ്പോഴാണ് മനുഷ്യത്വം നിഷേധിക്കപ്പെട്ടവരുടെ-ദരിദ്രരുടെ പക്ഷം ചേരേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നത്. സുവിശേഷത്തോടുള്ള പ്രതിബദ്ധത ദരിദ്രനോടുള്ള പ്രതിബദ്ധതയില്‍ നിന്നാണ് ആരംഭിക്കുന്നത്.

 പാവങ്ങളുടെ പക്ഷംചേരല്‍ കേരളസഭയില്‍

ഈ പശ്ചാത്തലത്തിലാണ് കേരളസഭയിലെ സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളിലെ പാവങ്ങളുടെ പക്ഷംചേരലിനെ വിലയിരുത്തേണ്ടത്. പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയിലൂടെ ഹീനജാതിക്കാരനു സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരുന്ന ജാതിവ്യവസ്ഥയ്ക്കെതിരെ പാവങ്ങളുടെ പക്ഷംചേര്‍ന്ന് ധീരമായി പൊരുതാന്‍ ആദ്യമായി ചങ്കൂറ്റം കാണിച്ചതു ക്രൈസ്തവസഭയാണ്. ക്ഷേത്രപ്രവേശനം പോയിട്ടു ദേവനാമം പോലും ഉച്ചരിക്കാന്‍ അനുവാദമില്ലാത്ത അസ്പൃശ്യര്‍ക്ക് ക്രിസ്തീയ ദേവാലയങ്ങളില്‍ സമത്വം അനുവദിച്ചു. "ശുദ്രമക്ഷരസംയുക്തം ദുരിത പരിവര്‍ജ്ജേയതം" എന്നു പാടിയിരുന്ന സമൂഹത്തില്‍ അധഃകൃതന്‍റെ കുട്ടിക്ക് അക്ഷരം പഠിക്കാനുള്ള ഏക അത്താണി ക്രിസ്ത്യന്‍ പള്ളിക്കൂടങ്ങളായിരുന്നു. ജാതിയുടെ പേരില്‍ വരേണ്യവര്‍ഗ്ഗം സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്നു ചവിട്ടിപ്പുറത്താക്കി കാല്‍ക്കീഴിലമര്‍ത്തിയവന്‍റെ ഒപ്പം നില്‍ക്കാന്‍ ഒരുകാലത്തു കത്തോലിക്കാസഭ കാട്ടിയ ചങ്കൂറ്റം കേരളചരിത്രത്തില്‍ തങ്കലിപികളില്‍തന്നെ ആലേഖനം ചെയ്യേണ്ടതുണ്ട്. ജാതിശ്രേണിയില്‍ താഴേക്കിടയിലുള്ള സ്ത്രീകള്‍ക്കു മാറുമറയ്ക്കാനും പുലയര്‍ക്കു പപ്പടം കാച്ചിക്കൂട്ടാനും പോലും അനുവാദം നിഷിദ്ധമായിരുന്ന സമൂഹത്തിലാണ് എല്ലാവരും ദൈവമക്കളാണെന്ന സന്ദേശം ക്രിസ്തുമതം പഠിപ്പിച്ചത്. അക്കാലങ്ങളില്‍ തന്‍റെ സാന്നിധ്യമറിയിക്കുവാന്‍ മാത്രം സഭ ഇവിടെ സജീവമായിരുന്നു. ക്രിസ്തുമതത്തിലേക്ക് ഏറ്റവുമധികം പരിവര്‍ത്തനം നടന്ന കാലഘട്ടവും മറ്റൊന്നായിരുന്നില്ല. മനുഷ്യന്‍റെ നീറുന്ന പ്രശ്നങ്ങളോടു പ്രതികരിക്കാന്‍ കേരളസഭ ആഭിമുഖ്യം കാട്ടിയപ്പോഴൊക്കെ ക്രിസ്തുമാര്‍ഗ്ഗം ഇവിടെ ആകര്‍ഷണീയമായിരുന്നു.

സമൂഹത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ കേരളസഭ ഒരു പരിധിവരെ ശ്രദ്ധിച്ചിരുന്നു. സാമൂഹികസേവനരംഗത്തും ദാരിദ്ര്യോച്ചാടനപ്രവര്‍ത്തനങ്ങളിലും ഇത്രമാത്രം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച മറ്റൊരു ഏജന്‍സിയും കേരളത്തിലുണ്ടായിട്ടില്ല. ഗൂഡല്ലൂരിലും ഷിമോഗയിലും കൊട്ടിയൂരുമൊക്കെ കുടിയിറക്കും കുടിയിറക്കു ഭീഷണിയുമുണ്ടായപ്പോള്‍ വഴിയാധാരമാകുമായിരുന്ന പാവപ്പെട്ടവന്‍റെ പക്ഷംചേരാന്‍ കേരളസഭയ്ക്കു കഴിഞ്ഞു. വടക്കേക്കളം ഭൂമിയില്‍നിന്ന് 1600-ഓളം കുടുംബങ്ങളെ കുടിയിറക്കാന്‍ 1998-ല്‍ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ നിസ്സഹായരായിത്തീര്‍ന്ന പാവപ്പെട്ട കര്‍ഷകരെ സംഘടിപ്പിച്ച് കളക്ട്രേറ്റു പടിക്കല്‍ തലശ്ശേരി ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് വലിയമറ്റം ഉപവാസമിരുന്നു. മൂന്നാര്‍ കുടിയിറക്ക് എന്ന രാഷ്ട്രീയ നാടകത്തിനെതിരെ ധീരമായി പൊരുതിയ ഇടുക്കി മെത്രാന്‍ മാര്‍ ആനിക്കുഴിക്കാട്ടിലിന്‍റെ സാമൂഹിക പ്രതിബദ്ധതയും എടുത്തുപറയേണ്ടതാണ്. പാവങ്ങളുടെ പക്ഷംചേരല്‍ എന്ന തന്‍റെ പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്ന് കേരളസഭ ബഹുദൂരം വേറിട്ടുപോയിട്ടില്ല എന്നാണ് ഈ വസ്തുതകള്‍ വെളിവാക്കുന്നത്.

എന്നാല്‍, പതിതരുടെ പക്ഷത്ത് സ്ഥിരമായി ചുവടുറപ്പിക്കാന്‍ കേരളസഭയ്ക്കു കഴിഞ്ഞിട്ടില്ല. വരേണ്യവര്‍ഗ്ഗത്തിന്‍റെ ലാവണങ്ങള്‍ അവളെ പലപ്പോഴും ഹഠാദാകര്‍ഷിച്ചിട്ടുണ്ട്. ഈ ചാഞ്ചല്യം മുതലെടുത്താണ് ഇടതുപക്ഷ വിപ്ലവപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ശക്തിപ്രഖ്യാപിച്ചത്. വേലക്കാരനു കൂലികൊടുക്കണമെന്നും വേതനം ജന്മിയുടെ ഔദാര്യമല്ല, തൊഴിലാളിയുടെ അവകാശമാണെന്നും കേരളക്കരയില്‍ ആദ്യം പറഞ്ഞത് ക്രിസ്ത്യന്‍ മിഷനറിമാരാണ്. കാരണം, വി. ഗ്രന്ഥം അനുശാസിക്കുന്ന കാര്യങ്ങളാണിവ. എന്നാല്‍ മാതാവും ഗുരുനാഥയുമാകേണ്ട സഭ ഗൃഹപാഠം ചെയ്യാന്‍ മറന്നപ്പോള്‍ പ്രസ്തുതപാഠം സാമാന്യജനത്തിനു പകര്‍ന്നുകൊടുക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ക്കു കഴിഞ്ഞു. നീതിബോധം ജനമധ്യേ മുളയെടുപ്പിക്കാന്‍ മാര്‍ക്സിസം അശക്തമാണ്. ക്രിസ്തുമതം ശക്തമായി വേരോടിയിരുന്നിടങ്ങളില്‍ മാത്രമേ ഇടതു പ്രസ്ഥാനങ്ങള്‍ക്കു ചുവടുറപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. ഒരു ക്രിസ്ത്യന്‍ പാഷണ്ഡതയായിട്ടാണ് മാര്‍ക്സിസം വിലയിരുത്തപ്പെടുന്നത്. കാരണം അതിന്‍റെ അടിസ്ഥാനങ്ങളില്‍ പലതും ക്രിസ്തീയതയില്‍നിന്നു കടമെടുത്തതാണ്. ഇതു കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം വസ്തുതയല്ല ലോകത്താകമാനം ദൃശ്യമായ പ്രതിഭാസമാണ്. സ്വതന്ത്രകേരളത്തിന്‍റെ ചരിത്രത്തിലെ ആദ്യ ദശകങ്ങള്‍ കത്തോലിക്കാസഭയും മാര്‍ക്സിസവും തമ്മിലുള്ള ബലപരീക്ഷണത്തിന്‍റെ നാളുകളായിരുന്നു. കത്തോലിക്കാസഭ വരേണ്യരുടെ പക്ഷത്താണെന്ന ധാരണ ജനിപ്പിക്കാന്‍ ഈ ബലപരീക്ഷണങ്ങള്‍ മാര്‍ക്സിസിറ്റുകാരെ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. കുടിയാനെ ഭൂവുടമയാക്കുന്ന ഐതിഹാസികമായ ഭൂപരിഷ്കരണനിയമം മാര്‍ക്സിസ്റ്റു സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയപ്പോള്‍ കത്തോലിക്കാസഭ അതിനെ എതിര്‍ത്തു. തന്മൂലം സഭ പാവങ്ങള്‍ക്കെതിരാണെന്ന പ്രതീതി സാധാരണക്കാരുടെയിടയില്‍ വളര്‍ന്നു ശക്തിപ്പെടാന്‍ തുടങ്ങി.

ഭരണത്തിന്‍റെ ശീതളഛായയില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ വിപ്ലവവും സാമൂഹികനീതിയും മറന്ന് അധികാരത്തിന്‍റെ സുരപാനം ചെയ്യുകയാണ്. നീതിയെക്കാള്‍ വലുത് അധികാരമാണെന്നും വര്‍ഗ്ഗ രഹിതസമൂഹമെന്നത് വങ്കത്തരമാണെന്നും അവര്‍ക്കു ബോധോദയം ലഭിച്ചു. മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ കുത്തക മുതലാളിമാരുടെ അങ്കണത്തില്‍ ആനൂകൂല്യത്തിനായി അട്ടിപ്പേറുകിടക്കുകയും  മുതലാളിമാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് നയങ്ങള്‍ രൂപികരിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാര്‍ വീണ്ടും രക്ഷകനെ തേടുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളസഭ സാമൂഹ്യനീതിയുടെ പുനഃസ്ഥാപനത്തിനായി പുനരര്‍പ്പണം ചെയ്യേണ്ടത്. ഇന്നാട്ടിലെ വേദനിക്കുന്നവന്‍റെ ഹൃദയസ്പന്ദനങ്ങള്‍ സഭയുടേതുമാകണം. വത്തിക്കാന്‍ കൗണ്‍സില്‍ അനുശാസിക്കുന്നതുപോലെ "ഇക്കാലത്തെ മനുഷ്യരുടെ വിശിഷ്യാ പാവങ്ങളുടെയും പീഡിതരുടെയും സന്തോഷങ്ങളും പ്രതീക്ഷകളും സങ്കടങ്ങളും ഉത്ക്കണ്ഠയുമെല്ലാം ക്രിസ്തുവിന്‍റെ അനുയായികളുടെയും കൂടിയാണ്."4  പാവപ്പെട്ടവന്‍റെയും അടിച്ചമര്‍ത്തപ്പെട്ടവന്‍റെയും നിശ്ശബ്ദരോദനങ്ങളായിരിക്കണം നയരൂപീകരണത്തില്‍ സഭയുടെ ചാലകശക്തി. കൊളംബിയായിലെ കര്‍ഷകരോടു പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞു, "ഇപ്പോള്‍ നിങ്ങള്‍ നിശ്ശബ്ദരായി എന്നെ ശ്രവിക്കുന്നു. എന്നാല്‍, നിങ്ങളുടെ വേദനകളില്‍ നിന്നുയരുന്ന ദയനീയസ്വരം ഞാന്‍ കേള്‍ക്കുന്നു."5 ഇത്തരം ദയനീയസ്വരങ്ങള്‍ കേള്‍ക്കാനുള്ള ശ്രവണ ശക്തിയാണ് കേരളസഭ കൈവരിക്കേണ്ടത്.

കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ജനങ്ങളുടെ  ഏറ്റവും വലിയ പ്രശ്നം ദാരിദ്ര്യമാണ്. ഇതാകട്ടെ സാമ്പത്തികവിതരണത്തിലെ അനീതിപരമായ അസമത്വംമൂലം സംഭവിക്കുന്നതാണുതാനും. അനീതിയും അഴിമതിയും പാവപ്പെട്ടവന്‍റെ ചോരയൂറ്റിക്കുടിക്കുന്നു. ഉള്ളവനു കൂടുതല്‍ നല്‍കപ്പെടുകയും ഇല്ലാത്തവനില്‍നിന്ന് ഉള്ളതുകൂടി എടുക്കപ്പെടുകയും ചെയ്യുന്ന അഭിനവ സമ്പദ്വ്യവസ്ഥിതിയില്‍ സഭയ്ക്കു വ്യക്തമായ നിലപാടുകളുണ്ടോ? 

വന്‍കിട കമ്പനികളുടെ കപ്പലുകളും കൂറ്റന്‍ ബോട്ടുകളും തീരത്തോടടുത്തു ട്രോളിങ്ങ് നടത്തുന്നതിനാല്‍, പകലന്തിയോളം വല വലിച്ചിട്ടും ഒരു മത്തിക്കുഞ്ഞിനെപ്പോലും കിട്ടാതെ കേരളത്തിലങ്ങോളമിങ്ങോളമുള്ള കടലോരമക്കള്‍ കണ്ണീരൊഴുക്കിയപ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ശബ്ദിച്ചവരുടെ വായടയ്ക്കാനുള്ള ശ്രമവും എണ്‍പതുകളില്‍ ഔദ്യോഗിക നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടായി. തികച്ചും ന്യായവും യുക്തവുമായ കാരണങ്ങളാലാണ് സഭ അപ്രകാരം പ്രതികരിച്ചതെന്നു കരുതിയാലും പാവങ്ങളുടെ പക്ഷംചേര്‍ന്ന ക്രിസ്തുവിന്‍റെ തുടര്‍ച്ചയാണോ കേരളസഭയെന്നു സന്ദേഹിക്കാന്‍ ഈ സംഭവം നിമിത്തമായി.

കൈക്കൂലി കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ കാര്യസാധ്യത്തിനായി പഞ്ചായത്താപ്പീസു മുതല്‍ സെക്രട്ടറിയേറ്റുവരെ കയറിയിറങ്ങി കാലുതേഞ്ഞവന്‍റെ ഉള്ളംകാലിലെ പൊള്ളലും ഉള്ളിലെ വികാരത്തള്ളലും കാണാനുള്ള സൂക്ഷ്മദൃഷ്ടി സഭയ്ക്കുവേണം. കഴിവും പ്രാഗല്‍ഭ്യവുമുള്ളവര്‍ ജോലിതേടി തെണ്ടുമ്പോള്‍ പണവും പിടിപാടുമുള്ളവര്‍ മികച്ച ജോലികള്‍ പങ്കിട്ടെടുക്കുന്നു. അഴിമതി അടിമുടി ഗ്രസിച്ച ഈ സമൂഹഗാത്രത്തില്‍ ചൂഷണത്തിനിരയാകുന്നവരുടെ ഒപ്പം നില്‍ക്കാനുള്ള പ്രതിബദ്ധത സഭയ്ക്കുണ്ടോ? ഒരു പുരുഷായുസ്സു മുഴുവന്‍ അധ്വാനിച്ചു മലമടക്കില്‍ കനകം വിളയിച്ച കുറ്റത്തിനു നിയമത്തിന്‍റെ നൂലാമാലയില്‍ കുടുക്കി പാവപ്പെട്ട കര്‍ഷകനെ കുടിയിറക്കുന്ന കിരാതനിയമങ്ങള്‍ക്കു മുന്നില്‍ എതിര്‍പ്പിന്‍റെ സുവിശേഷനാദം മുഴക്കാന്‍ സഭയ്ക്കു കഴിയുമോ? ഒരു ചാണ്‍ വയറിന്‍റെ നിറവിനായി എച്ചില്‍തൊട്ടിയില്‍ പട്ടികളുമായി മല്ലിട്ടു പരാജയപ്പെട്ടു കരയുന്ന കുഞ്ഞിന്‍റെ ദൈന്യത കണ്ടു കൂടെക്കരയാന്‍ കഴിയുമ്പോഴും മനുഷ്യന്‍റെ ബലഹീനതയെ ചൂഷണം ചെയ്തു മദ്യമൊഴുക്കി പണംവാരുന്ന അബ്കാരി പ്രഭൃതികള്‍ക്കെതിരെയും അഴിമതിക്കെതിരെയും ചെറുവിരലനക്കാന്‍ കൂട്ടാക്കാത്ത ഭരണകൂടത്തിനെതിരെയും കുരിശുയുദ്ധം പ്രഖ്യാപിക്കാനുള്ള തന്‍റേടം നേടുമ്പോഴാണ് നാം പാവങ്ങളുടെ പക്ഷത്താണെന്നു തെളിയിക്കുന്നത്.

 പക്ഷംചേരലും വര്‍ഗ്ഗസമരവും

ദരിദ്രന്‍റെ പക്ഷംചേരണം എന്നതിന്‍റെ മറുവശം ചൂഷകരായ ധനികന് എതിരു നില്‍ക്കണം എന്നതുതന്നെയാണ് (To be with the oppressed is to be ageinst be against the oppressor ). സര്‍വ്വാശ്ലേഷിയായ ദൈവസ്നേഹത്തിന്‍റെ വെളിച്ചത്തില്‍ ഈ പക്ഷംചേരല്‍ സുവിശേഷാനുസൃതമാണോ എന്നതാണ് അടിസ്ഥാന പ്രശ്നം. ഇത് മാര്‍ക്സിയന്‍ വീക്ഷണത്തിലെ വര്‍ഗ്ഗസമരത്തിന്‍റെ തനിയാവര്‍ത്തനമല്ലേ എന്നു സംശയിക്കുന്നവരുണ്ട്.

ദരിദ്രന്‍റെ പക്ഷംചേരാതെ ധനികനോടും ദരിദ്രനോടും സമദൂരസിദ്ധാന്തം പാലിക്കുന്നത് സുവിശേഷാനുസൃതമോ? എല്ലാവരേയും പ്രീണിപ്പിക്കാനുള്ള നയം പിശാചുമായിപോലും ഒത്തുതീര്‍പ്പിനുള്ള ശ്രമമാണ്. ഈ പ്രീണനനയം സുവിശേഷവിരുദ്ധവും പ്രതിസാക്ഷ്യജന്യവുമാണ്. അനീതിയുടെ വ്യവസ്ഥിതികള്‍ക്കെതിരെ സ്വരമുയര്‍ത്തിയതിന്‍റെ പരിണിതഫലമാണ് യേശുവിന്‍റെ കുരിശ്. സമൂഹത്തിലെ  പാവപ്പെട്ടവനുവേണ്ടി അവന്‍റെ ഒപ്പം നിന്ന് അവരിലൊരാളായി വാദിച്ചതിനാലാണ് അവന്‍ കുരിശിലേറ്റപ്പെട്ടത്. പാവപ്പെട്ടവന്‍റെ പക്ഷംചേര്‍ന്നതിന്‍റെ ഫലമായി മരണം വരിച്ച യേശുവിന്‍റെ മരണത്തിലൂടെ കൈവന്ന രക്ഷയുടെ പ്രഖ്യാപനമാണു സുവിശേഷപ്രഘോഷണമെങ്കില്‍ സുവിശേഷവത്കരണത്തിന്‍റെ അടിസ്ഥാന പ്രതിമാനംതന്നെ പാവങ്ങളുടെ പക്ഷം ചേരല്‍ ആവശ്യപ്പെടുന്നുണ്ട്. എതിര്‍ക്കപ്പെടേണ്ട വ്യവസ്ഥിതികള്‍ എതിര്‍ക്കപ്പെടണം. അവയുമായുള്ള ഒത്തുതീര്‍പ്പ് യേശുമാര്‍ഗ്ഗത്തിനന്യമാണ്. വിശന്നു കരയുന്നവനോടുള്ള അനുഭാവം പക്ഷം ചേരലിന്‍റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. അവന് അപ്പം നിഷേധിച്ച വ്യസ്ഥിതികള്‍ക്കെതിരെനിന്ന് അവന്‍റെ അവകാശമായി അപ്പത്തെ അനുസ്യൂതം പ്രാപ്തമാക്കുന്നതിലൂടെ മാത്രമെ പക്ഷം ചേരല്‍ പൂര്‍ണ്ണമാവൂ.

ഈ എതിര്‍പ്പ് ഒരു വര്‍ഗ്ഗസമരമല്ല, കാരണം അത് ആരുടെയും നാശമാഗ്രഹിക്കുന്നില്ല. അനീതിയുടെ വ്യവസ്ഥിതികളെ തകിടം മറിക്കുന്നതിലൂടെ ചൂഷകനെയും ചൂഷിതനെയും ദൈവരാജ്യ വ്യവസ്ഥിതിയുടെ ഭാഗമാക്കി മാറ്റുക എന്നതാണ് ഈ എതിര്‍പ്പിന്‍റെ ലക്ഷ്യം. ചൂഷകനെ കൊന്ന് ചൂഷിതന്‍ രാജാവാകുന്ന മാര്‍ക്സിസ്റ്റു വ്യവസ്ഥിതിയുമായി ഈ പക്ഷംചേരലിന് (option for the poor) ഇരുളും വെളിച്ചവും തമ്മിലുള്ള വ്യത്യാസമുണ്ട്. പതിതരെത്തേടി വന്ന പരമകാരുണികനായ ദൈവത്തിന്‍റെ രാജ്യത്തിലെ നിത്യനൂതനമായ ദൈവസ്നേഹത്തിന്‍റെ നീര്‍ധാരയില്‍ ധനികനും ദരിദ്രനും ഒന്നാകണം. വര്‍ഗ്ഗസമരം സാഹോദര്യത്തിനു വഴിമാറണം. തന്മൂലം ദരിദ്രനോടുള്ള പക്ഷംചേരല്‍ ധനികന് എതിരായിട്ടാണെങ്കിലും, അവനു കഷ്ടനഷ്ടങ്ങള്‍ക്കു കാരണമായേക്കാമെങ്കിലും, അടിസ്ഥാനപരമായി അവനേയും രക്ഷിക്കുവാനാണ്. ഈ പക്ഷംചേരലിനു സഭ സന്നദ്ധമാകാതെ വരുമ്പോള്‍ ധനികനും ദരിദ്രനും രക്ഷിക്കപ്പെടാതെപോകുന്നു.

കേരളസഭ പലപ്പോഴും പക്ഷംചേരാന്‍ മടിക്കുന്നത് സുരക്ഷിതത്വത്തിന്‍റെ ലാവണങ്ങള്‍ നഷ്ടമാകുമെന്നു ഭയന്നാണ്. ഭരണകക്ഷിനിയമം കൈയിലെടുത്ത് അമ്മാനമാടി രാഷ്ട്രീയപ്രതിയോഗികളെ ഒന്നൊന്നായി മലബാറില്‍ വകവരുത്തുമ്പോള്‍ പ്രതികരിക്കാന്‍ സഭ ഭയക്കുന്നു. കാരണം, ഭരണകക്ഷിയുടെ അപ്രീതി സുരക്ഷിതത്വത്തിനു ഭീഷണിയാണ്. പതിനായിരങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്ന നാട്ടില്‍ വികലമായ വികസനനയത്തെക്കുറിച്ച് വീരവാദം മുഴക്കുന്നവര്‍ക്കെതിരെ വാ തുറക്കാന്‍ മടിക്കുന്നതിനും കാരണം മറ്റൊന്നല്ല. ജീവിതായോധനത്തിന്‍റെ നീറുന്ന മുറിവുകള്‍ക്കും പുകയുന്ന സംഘര്‍ഷങ്ങള്‍ക്കും മധ്യേ ഇറങ്ങിച്ചെന്ന് ദൈവസ്നേഹത്തിന്‍റെ നീര്‍ധാര നിര്‍ഭയം ഒഴുക്കാനാണ് യേശു സഭ സ്ഥാപിച്ചത്. ഭീരുക്കള്‍ ദൈവരാജ്യം അവകാശമാക്കുകയില്ല (വെളി. 21, 3). സുരക്ഷിതത്വത്തിന്‍റെ തീരത്തു സ്വസ്ഥമായി നങ്കൂരമിട്ടു നൂറ്റാണ്ടുകളായി കിടന്നു ചലനശേഷി കൈമോശം വന്നുതുടങ്ങിയ കേരളസഭയെ ഇന്നാട്ടിലെ പാവപ്പെട്ടവന്‍റെ പ്രശ്നസങ്കീര്‍ണ്ണമായ ജീവിതസാഗരത്തിലേക്ക് തള്ളിയിറക്കേണ്ടതുണ്ട്. ചുറ്റുമുയരുന്ന നിലവിളിക്കു കാതുകൊടുക്കാത്ത നോഹയുടെ യാനപാത്രമല്ല സഭ.

പക്ഷം ചേരലിനെ എതിര്‍ക്കാന്‍ കേരളസഭയിലെ യാഥാസ്ഥി തിക ദൈവശാസ്ത്ര പക്ഷം സാധാരണമായി മുന്നോട്ടു വയ്ക്കുന്ന വാദം. "മനസ്ഥിതിയാണുമാറേണ്ടത്, വ്യവസ്ഥിതിയല്ല" എന്നതാണ്. പ്രത്യക്ഷത്തില്‍ യുക്തിസഹവും ആകര്‍ഷകവുമായി തോന്നാമെങ്കിലും ഈ വാദം വസ്തുതകള്‍ക്കു നിരക്കുന്നതല്ല. തഴകിപ്പോയ അനീതിയുടെ വ്യവസ്ഥിതികള്‍ സംവിധാനാത്മകതിന്മയായി രൂപപ്പെട്ടുകഴിഞ്ഞാല്‍ അവയെ കേവലം വൈയക്തിക പരിവര്‍ത്തനത്തിലൂടെ അതിജീവിക്കാനാവില്ല. ഉദാഹരണമായി കേരളത്തില്‍ നിലവിലുണ്ടായിരുന്ന അയിത്താചാരം തികച്ചും നീതിയുക്തവും ദൈവഹിതാനുസൃതവുമാണെന്ന് ഒരുപോലെ   വിശ്വസിച്ചിരുന്നവരാണ് ഇവിടുത്തെ അധീനരും അധീശരും. സാമൂഹികവിപ്ലവത്തിലൂടെ പ്രസ്തുത വ്യവസ്ഥിതിയ്ക്ക് അന്ത്യം കുറിച്ചപ്പോഴാണ് ഇരു കൂട്ടരുടെയും മനോഭാവങ്ങള്‍ക്ക് മാറ്റം വന്നത്. തന്മൂലം വ്യവസ്ഥിതിയല്ല മനസ്ഥിതിയാണു മാറേണ്ടത് എന്ന തത്വത്തെ ദൈവദത്തമായ നിയമംപോലെ മുറുകെപ്പിടിക്കാന്‍ കേരളസഭ പ്രതിജ്ഞാ ബദ്ധമാകരുത്.

പക്ഷംചേരലിന്‍റെ പ്രായോഗികത

എപ്രകാരമാണ് പക്ഷംചേരേണ്ടത് എന്ന പ്രശ്നമാണ് സുവിശേഷപ്രഘോഷകനെ പലപ്പോഴും അലട്ടുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് വ്യക്തമായ ലക്ഷ്യബോധവും വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാര്‍ഢ്യവും സ്പഷ്ടമായ ജീവിതസാക്ഷ്യവും ദരിദ്രരോട് ആത്മാര്‍ത്ഥമായ പക്ഷപാതവും വഴി സഭാസമൂഹത്തിന് നേതൃത്വം നല്കാനുറച്ച ലാറ്റിനമേരിക്കന്‍ മെത്രാന്മാരുടെ (CELAM) "സഭയും രാഷ്ട്രവും" എന്ന പ്രമാണരേഖയില്‍നിന്ന് ഏതാനും വിചിന്തനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.6

"മെത്രാന്മാരും വൈദികരും ധനികരോടു പക്ഷംചേരുന്നു എന്ന ആവലാതിയ്ക്ക് അറുതി വരുത്തുകയാണ് നാം ആദ്യം ചെയ്യേണ്ടത്. ഇവിടെ വസ്തുതകളുടെ പുറന്തോടും സത്യാവസ്ഥയും തമ്മില്‍ പലപ്പോഴും അന്തരമുണ്ട് എന്ന കാര്യം ഞങ്ങള്‍ അനുസ്മരിപ്പിക്കട്ടെ. ഔദ്യോഗികസഭയെ ധനികയായി ചിത്രീകരിക്കുന്നതിനു പല സംഗതികള്‍ കാരണമായിട്ടുണ്ട്. വലിയ അരമനകള്‍, സാധാരണ ജനത്തിന്‍റെതിനേക്കാള്‍ മെച്ചമായ വൈദികമന്ദിരങ്ങള്‍, സന്ന്യാസഭവനങ്ങള്‍, കൊട്ടാരസമാനമായ കാറുകള്‍, കഴിഞ്ഞകാലത്തു നിന്നു കടംവാങ്ങിയ വേഷവിധാനങ്ങള്‍ മുതലായവ ഇതില്‍പ്പെടുന്നു."7

  • മനുഷ്യോചിതമായി ജീവിക്കാനാവശ്യമായ ഭൗതിക വസ്തുക്കളുടെ അഭാവം എന്ന അര്‍ത്ഥത്തില്‍ ദാരിദ്ര്യം തിന്മയും അപലപനീയവുമാണെന്ന ധാരണ ജനങ്ങളില്‍ വളര്‍ത്തുക. 8                                                                                                                
  • ഭൗതികവസ്തുക്കളെ സ്വന്തമാക്കി സൂക്ഷിക്കുന്ന സ്വാര്‍ത്ഥതയുടെ കെട്ടുകള്‍ പൊട്ടിച്ച് ശക്തിയും സമ്പത്തും പൊതുനന്മയെ ലക്ഷ്യം വച്ചു ക്രമീകരിക്കുന്നതിനു ക്രൈസ്തവനെ ഉത്തേജിപ്പിക്കുന്ന ദാരിദ്ര്യം മെത്രാന്മാരും വൈദികരും അല്മായരും സന്ന്യസ്തരും സ്വന്തമാക്കണം.9                                                                                                                                              
  • ഏറ്റവുമധികം ദാരിദ്ര്യമനുഭവിക്കുകയും ഏതെങ്കിലും കാരണവശാല്‍ ഒറ്റപ്പെടുത്തുകയും ചെയ്യപ്പെട്ടവരുടെ ഒപ്പം നില്‍ക്കാന്‍ സഭയ്ക്കുകഴിയണം. 10                                                                                                                                                           
  • ദരിദ്രരുടെ പ്രശ്നങ്ങളും അവരുടെ സമരങ്ങളും സഭയുടേതുമാകണം. ദരിദ്രരുടെ ഭാഷ സംസാരിക്കാന്‍ സഭയ്ക്കുകഴിയണം.11                                                                                                                                                                      
  • അനീതിയ്ക്കും മര്‍ദ്ദനത്തിനുമെതിരെ ശബ്ദമുയര്‍ത്തുക ദരിദ്രര്‍ അനുഭവിക്കേണ്ടിവരുന്ന ദുസ്സഹമായ സാഹചര്യങ്ങള്‍ക്കെതിരെ സമരം ചെയ്യുക. പ്രസ്തുത സാഹചര്യത്തിനുത്തരവാദികളായ വ്യക്തികളുമായി സംവാദത്തിലേര്‍പ്പെട്ട് അവരെ തങ്ങളുടെ കടമയെക്കുറിച്ച് ബോധവാന്മാരാക്കുക.12                                                                                                    
  • സ്വയം പരിത്യജിച്ച് ദരിദ്രരോടൊത്തു പ്രവര്‍ത്തിക്കുന്ന പ്രേഷിതരോട് എപ്പോഴും ചേര്‍ന്നുനിന്ന് മെത്രാന്മാര്‍ അവര്‍ക്ക് ഉത്തേജനവും പ്രോത്സാഹനവും നല്കണം. അതുവഴി തങ്ങള്‍ എപ്പോഴും അവരുടെ പക്ഷത്താണെന്നും അവരുടെ പ്രവൃത്തികളെ താറടിക്കാന്‍ ശ്രമിക്കുന്ന തല്പരകക്ഷികളെ തങ്ങള്‍ ഒരിക്കലും ശ്രവിക്കുകയില്ലെന്നും അവരെ ബോധ്യപ്പെടുത്തണം.13 ഇവയില്‍ പലതും കേരളസഭയിലും പ്രായോഗികമാക്കാവുന്നതല്ലേ?

 ഉപസംഹാരം

സുവിശേഷവത്കരണം സുവിശേഷാനുസൃതമാകണമെങ്കില്‍ പാവങ്ങളുടെ പക്ഷംചേരേണ്ടതുണ്ട്. സുവിശേഷവത്കരണ യത്നങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം മാമ്മോദീസയാണ്. എന്നാല്‍ അത് സുവിശേഷവത്കരണത്തിന്‍റെ ആദ്യപടിയാകരുത്. ഒരുവനെ മനുഷ്യനാക്കാനുള്ള ശ്രമമാണ് ആദ്യം വേണ്ടത്. മനുഷ്യോചിതമായ മഹത്വവും ജീവിതസാഹചര്യങ്ങളും നിഷേധിക്കപ്പെട്ടവരോടു ചേര്‍ന്ന് അവയ്ക്കുവേണ്ടി പോരാടുമ്പോള്‍ സുവിശേഷം പ്രായോഗികമാക്കപ്പെടുകയാണ്. സുവിശേഷവത്കരണത്തെ കേവലം ബോധവത്കരണമോ (Conscientization) വിമോചനമോ (liberation) മാത്രമാക്കി മാറ്റാനുള്ള ഏതു ശ്രമവും അപലപിക്കപ്പെടേണ്ടതാണ്. വിമോചനവും ബോധവത്കരണവും മാര്‍ഗ്ഗമല്ലാതുള്ള സുവിശേഷവത്കരണവും അപലപിക്കപ്പെടേണ്ടതാണ്.   

ആടയാഭരണങ്ങളണിഞ്ഞ് അലങ്കരിച്ച വേദികളില്‍ നിന്നു നടത്തുന്ന ഗംഭീരപ്രസംഗങ്ങളല്ല സുവിശേഷ പ്രഘോഷണം. കര്‍ത്താവു ചെയ്തത് അതല്ല. വേദനിക്കുന്നവനോടൊപ്പം നില്‍ക്കാനാണവിടുന്ന് പഠിപ്പിച്ചത്. ഈ പാഠം മറക്കുമ്പോള്‍ സാമാന്യ ജനത്തിനും സുവിശേഷത്തിനും അപ്രസക്തമായവയില്‍ ചിന്തകളെ ചുറ്റിത്തിരിയാന്‍ സഭ നിര്‍ബന്ധിതയാകും എന്നതിന്‍റെ ഉത്തമോദാഹരണമാണു കേരളസഭ. മീന്‍നാറുന്ന പടവിനെ വചനവേദിയാക്കി, മുറിവേറ്റ ഹൃദയങ്ങളെ തന്‍റെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി, മനുഷ്യഹൃദയത്തിന്‍റെ തീവ്രദുഃഖങ്ങളെ ദൈവസ്നേഹത്തിന്‍റെ അമൃതധാരയില്‍ പുളകമണിയിച്ച യേശുവിന്‍റെ അനുയായികള്‍ ഇന്നു വചനത്തെക്കുറിച്ചുപോലും ചിന്തിക്കാതെ വചനവേദിയുടെ സ്ഥാനത്തെച്ചൊല്ലി കലഹിക്കുന്നു. ദരിദ്രന്‍റെ പക്ഷംചേരുന്നതിനു തന്നെത്തന്നെ ബലിയര്‍പ്പിക്കേണ്ടിവന്നവന്‍റെ അനുയായികള്‍ക്ക് ദരിദ്രനോ ബലിയോ വിഷയമല്ലാതാകുന്നു. ഒരുമയുടെ നവജീവന്‍ സിരകളില്‍ പകരാന്‍ മരിച്ചവന്‍റെ പേരില്‍ റീത്തുകളും സങ്കുചിത താല്പര്യങ്ങളും ഫണം വിടര്‍ത്തി അന്യോന്യം വിഷംചീറ്റുന്നു. കൊതുകിനെ അരിച്ചുനീക്കി ഒട്ടകത്തെ വിഴുങ്ങാനുള്ള (മത്താ. 23:24) ഈ പ്രവണത ദരിദ്രന്‍റെ പക്ഷം ചേരാനുള്ള കേരളസഭയുടെ വൈമുഖ്യത്തിന്‍റെ ദുരന്തഫലമാണ്.

 

the church Mar Joseph Pamplany Evangelism and affiliation to the poor Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message