x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

ദയാവധം

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

മെഡിക്കല്‍ രംഗത്ത് ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയും. മരിക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ടെന്നു വാദിക്കുന്നവരെ കാണാന്‍ കഴിയും. തീരാവേദനകള്‍ അനുഭവപ്പെടുമ്പോള്‍ തന്നെത്തന്നെ ഇല്ലാതാക്കാന്‍വേണ്ടി മരിക്കുന്ന വ്യക്തികള്‍ ഉണ്ട്. രോഗികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കേണ്ട, അവരെക്കൊണ്ട് ഇനി പ്രയോജനമില്ല, അതുകൊണ്ട് വധത്തെ ധാര്‍മ്മികനിയമമായി അംഗീകരിക്കണമെന്നു വാദിക്കുന്നവര്‍ ഉണ്ട്.

യുത്തനേഷ്യ എന്ന ഗ്രീക്കു പദത്തില്‍നിന്നുമാണ് ദയാവധം വരുന്നത്. 'യൂ' എന്നതിന് നല്ലതെന്നും 'തനാത്തോസ്' എന്നതിന് മരണം എന്നുമാണ് അര്‍ത്ഥം. ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ മലയാളത്തില്‍ ദയാവധം, കാരുണ്യവധം എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നു.

  1. വിവിധതരം

ദയാവധത്തെ നടപ്പിലാക്കുന്ന രീതികള്‍, ഉദ്ദേശ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ വിശദമായി നിര്‍വ്വചിക്കുവാന്‍ സാധിക്കും. പ്രധാനമായും രണ്ടു തരത്തിലുള്ള ദയാവധമാണുള്ളത് പ്രത്യക്ഷമായതും (Direct or Active) പരോക്ഷമായതും (Indirect or Passive). നേരിട്ടുള്ള പ്രവൃത്തിയിലൂടെ രോഗിയുടെ ജീവന്‍ എടുക്കുന്നതാണ് പ്രത്യക്ഷമായിട്ടുള്ള ദയാവധം. ഉദാഹരണമായി ഒരു രോഗി തനിക്ക് ഭാവിയില്‍ ഭയാനകമായ മരണം സംഭവിക്കുന്ന ഒരു രോഗമാണെന്ന് മനസ്സിലാക്കുന്നു. ഈ അവസരത്തില്‍ വേദനയില്ലാതെ പെട്ടെന്ന് മരണം സംഭവിക്കാന്‍ മരുന്ന് കുത്തിവച്ച് ഡോക്ടര്‍ക്ക് രോഗിയെ മരിപ്പിക്കാന്‍ സാധിക്കും. പ്രത്യക്ഷ ദയാവധത്തെ പലരീതിയില്‍ കാണുവാന്‍ സാധിക്കും. വധിക്കപ്പെടുന്ന രോഗിയുടെ ആഗ്രഹപ്രകാരമോ, നിര്‍ദ്ദേശപ്രകാരമോ ഉള്ള ദയാവധത്തെ സ്വമനസാ ചെയ്യുന്ന ദയാവധമെന്നു പറയുന്നു (Active voluntary). ഇവിടെ രോഗിയുടെ പൂര്‍ണ്ണമായ അറിവും സമ്മതവുമുണ്ട്. രോഗിക്ക് സ്വന്തമായും പൂര്‍ണ്ണമായും സമ്മതംകൊടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ നടക്കുന്ന ദയാവധവുമുണ്ട് (Active non-Voluntary). ഇവിടെ രോഗി അബോധാവസ്ഥയിലോ, പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയിലോ ആയിരിക്കാം. രോഗിക്കുവേണ്ടി കുടുംബാംഗങ്ങളോ, മറ്റുള്ളവരോ തീരുമാനമെടുക്കുന്നു. പ്രത്യക്ഷ ദയാവധത്തിന്‍റെ മറ്റൊരു ഭാഗമാണ് വധിക്കപ്പെടുന്ന രോഗിയുടെ ആഗ്രഹത്തിന് എതിരായി ദയാവധം നടത്തുന്നത് (Active involuntary). ഇത് നേരിട്ടുള്ള കൊലപാതകമാണ് (Direct Killing).

പരോക്ഷമായ ദയാവധത്തില്‍ (Passive/indirect) രോഗിക്ക് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചികിത്സ നിറുത്തിവയ്ക്കുന്നതാണ്. ഇത് മരണത്തിലേക്ക് നയിക്കും. ഉദാഹരണമായി ജീവനെ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ മാറ്റുന്നത് (Turning off arespirator), മരുന്നുകള്‍ കൊടുക്കാതിരിക്കുക, ചികിത്സ നിറുത്തിവയ്ക്കുക, ഭക്ഷണവും, വെള്ളവും കൊടുക്കാതിരിക്കുക, ശ്വാസോച്ഛാസത്തിന് ഉപകരിക്കുന്ന ഉപകരണം മാറ്റുക (Cardio-Pulmonary) തുടങ്ങിയവ. പരോക്ഷ ദയാവധത്തേയും പലരീതിയില്‍ കാണുവാന്‍ സാധിക്കും. രോഗിയുടെ പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടി ചികിത്സ നിര്‍ത്തുന്നത് (Passive Voluntary),  രോഗിയുടെ ആഗ്രഹത്തിനെതിരായി ചികിത്സ നിര്‍ത്തുന്നത് (Passive involumtary) തുടങ്ങിയവ. സാധാരണയായി തീരാരോഗികളിലാണിതു ചെയ്യുന്നത്. കാരുണ്യവധവും ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു ഡോക്ടര്‍ രോഗിക്ക് ആത്മഹത്യ ചെയ്യുവാനുള്ള അറിവോ, മാര്‍ഗ്ഗങ്ങളോ നിര്‍ദ്ദേശിച്ചുകൊടുക്കുന്നതാണ് ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ. ഇവിടെ രോഗിക്ക് തന്‍റെ ജീവനെ സ്വന്തമായി നശിപ്പിക്കുവാന്‍ സാധിക്കും. ഉദാഹരണമായി ഉറക്ക ഗുളികകള്‍ കൂടുതല്‍ കഴിക്കുക. അല്ലെങ്കില്‍ കാര്‍ബണ്‍ മോണോസൈഡ് വാതകം ശ്വസിക്കുക തുടങ്ങിയവ. അവര്‍ ഇത് ഉപയോഗിക്കുമ്പോള്‍ മരണത്തിലേക്കുപോകും. ഇവിടെ തന്‍റെ മരണത്തിനുള്ള കാരണം താന്‍ തന്നെയാണ്. എന്നാല്‍ കാരുണ്യവധത്തില്‍ രോഗിയുടെ മരണത്തിന് ഡോക്ടറുടെ പ്രത്യക്ഷമായ ഇടപെടലുകള്‍ ഉണ്ട്.  ദയാവധവും ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യയും ധാര്‍മ്മികവും നിയമപരവുമായി ഒരുപോലെയാണ് വിലയിരുത്തുന്നത്.

  1. ദയാവധം രാജ്യാന്തര നിയമങ്ങള്‍

ദയാവധത്തെ അനുവദിച്ചുകൊണ്ട് പല രാജ്യങ്ങളും നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഒരിഗണ്‍ എന്ന സംസ്ഥാനത്തിലും, നെതര്‍ലാന്‍റ,് ബല്‍ജിയം എന്നീ രാജ്യങ്ങളിലുമാണ് ദയാവധമോ, ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയോ നിയമപരമായി അംഗീകരിച്ചിട്ടുള്ളത്. കാനഡ, ഓസ്ട്രേലിയ, കൊളംബിയ, ജപ്പാന്‍, സൗത്ത് ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു ഒറിഗണിലെയും നെതര്‍ലാന്‍റിലെയും ബല്‍ജിയത്തിലെയും നിയമങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

2.1. ഒറിഗണ്‍ (അമേരിക്ക)

ഒറിഗണ്‍ സംസ്ഥാനത്ത് 1994-ല്‍ ആണ് ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ (Death with dignity Act)  അംഗീകരിക്കുന്നത്. ഈ നിയമത്തിലെ പ്രധാനവ്യവസ്ഥകള്‍ താഴെപ്പറയുന്നവയാണ്.

  1. ഇതിനായി അപേക്ഷിക്കുന്ന വ്യക്തി 18 വയസ്സിനു മുകളിലുള്ള ഒറിഗണ്‍ പൗരനായിരിക്കണം.                                           
  2. രോഗി തന്‍റെ അന്ത്യഘട്ടത്തിലായിരിക്കണം; അതായത് ആറുമാസത്തിനുള്ളില്‍ മരിക്കുമെന്നുള്ള അവസ്ഥയിലായിരിക്കണം.                                                                                                                                     
  3. രോഗി, രണ്ടുതവണ, മരിക്കണമെന്ന് ആവശ്യപ്പെടുകയും ഒരുതവണ, മരിക്കാനുള്ള സഹായം വേണമെന്ന് എഴുതിക്കൊടുക്കുകയും വേണം.                                                                                                                            
  4. തന്‍റെ തീരുമാനം ആത്മാര്‍ത്ഥതയുള്ളതും സ്വന്തം ഇഷ്ടമനുസരിച്ചുള്ളതും ആണെന്ന് രോഗി രണ്ട് ഡോക്ടര്‍മാരെ ബോദ്ധ്യപ്പെടുത്തണം; മരിക്കാനുള്ള തീരുമാനം മാനസിക പിരിമുറുക്കത്തിന്‍റെ ഫലമാകരുത്.                                                                                                                                                             
  5. ഡോക്ടര്‍മാര്‍ രോഗത്തിന് സാധ്യമായ എല്ലാ പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കണം. അതില്‍ പ്രധാനമായും നല്ല ശുശ്രൂഷ, വേദനനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.                                                                                                                                                             
  6. രോഗി അപേക്ഷ സമര്‍പ്പിച്ച് 15 ദിവസം കഴിഞ്ഞേ തീരുമാനം അറിയിക്കുകയുള്ളൂ.

പ്രസ്തുത നിയമത്തില്‍ ഡോക്ടറുടെ ഉത്തരവാദിത്വങ്ങള്‍

  1. അപേക്ഷിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള കാര്യങ്ങള്‍: രോഗാവസ്ഥയെക്കുറിച്ച്, രോഗശമനത്തെക്കുറിച്ച്, രോഗിയുടെ അന്ത്യത്തെക്കുറിച്ച് - രണ്ട് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തണം.                                                                  
  2. രോഗി ആദ്യം അപേക്ഷ തന്ന സമയത്ത് എടുത്ത തീരുമാനം പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടിയായിരുന്നോ, രോഗിക്ക് തീരുമാനമെടുക്കാന്‍ കഴിവുണ്ടായിരുന്നോ എന്നീ കാര്യങ്ങളും രേഖപ്പെടുത്തണം.                                                                                                                                                           
  3. ആത്മഹത്യക്കായി കഴിക്കാന്‍ പോകുന്ന മരുന്നുകളുടെ അപകടസാധ്യതയെക്കുറിച്ച് രോഗിക്ക് അറിവു നല്‍കണം                                                                                                                                                                       
  4. മറ്റ് ചികിത്സാപദ്ധതിയെക്കുറിച്ച് രോഗിയെ അറിയിക്കണം.                                                                                      
  5. ഏതുസമയവും തന്‍റെ തീരുമാനം മാറ്റുവാനുള്ള അവസരമുണ്ടെന്ന കാര്യം രോഗിയെ ബോധ്യപ്പെടുത്തണം.

ഒറിഗണ്‍ നിയമമനുസരിച്ച്, മാനസിക രോഗമുള്ളവരുടെ അപേക്ഷ കൗണ്‍സിലിംഗ് നടത്തിയതിനുശേഷമേ സ്വീകരിക്കുകയുള്ളൂ. കുടുംബാംഗങ്ങളെ വിവരം അറിയിക്കാനോ, അറിയിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഈ നിയമം രോഗിക്ക് നല്‍കുന്നു. ദയാവധത്തെ അംഗീകരിക്കാത്ത ഈ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് മരണത്തിനു സഹായിക്കുന്ന ഡോക്ടര്‍മാര്‍ ഒരിക്കലും കുറ്റക്കാരല്ല.

1997, 2001, 2004 വര്‍ഷങ്ങളില്‍ ഒറിഗണ്‍ നിയമത്തിനെതിരെ പല വ്യക്തികളും സംസ്ഥാനതലത്തിലും ദേശീയതലത്തിലും കേസുകള്‍ കൊടുക്കുകയുണ്ടായി. 1998 മുതല്‍ 2004 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 246 രോഗികളാണ് ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യ സ്വീകരിച്ചത്. ഇപ്പോള്‍ ഒറിഗണിലെ 800 മരണങ്ങളില്‍ ഒരെണ്ണം ഈ നിയമംവഴി ഉള്ളതാണ്.

2.2. നെതര്‍ലാന്‍റ്

2001 ഏപ്രില്‍ 10-ാം തീയതിയാണ് ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള  ആത്മഹത്യയും നെതര്‍ലാന്‍റില്‍ ഔദ്യോഗികമായി അംഗീകരിച്ചത്. 2002 ഏപ്രില്‍ 1-ാം തീയതി പ്രാബല്യത്തില്‍ വന്ന ഈ നിയമത്തിന്‍റെ പ്രധാന പ്രത്യേകതകള്‍ താഴെ പറയുന്നവയാണ്.

  1. ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയും ചികിത്സയുടെ ഭാഗമാക്കി മാറ്റി. അതിനാല്‍ ആരോഗ്യരംഗത്തെ രീതികള്‍ക്കനുസരിച്ചായിരിക്കണം ഇവ നടത്തേണ്ടത്.                                                   
  2. സ്വന്തമായ തീരുമാനം എടുക്കാന്‍ കഴിവില്ലാത്ത രോഗികള്‍ക്കും ദയാവധം സ്വീകരിക്കുവാന്‍ സാധിക്കും. 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് മുന്‍കൂട്ടി തങ്ങളുടെ തീരുമാനം എഴുതിവയ്ക്കാവുന്നതാണ്. രോഗമാകുന്ന സമയത്ത് രോഗിയുടെ നേരത്തേയുള്ള ഈ തീരുമാനമനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് ദയാവധം നടത്താം.                                                                                                                                                                  
  3. 16 മുതല്‍ 18 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ദയാവധമോ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയോ സ്വീകരിക്കാം. ഇവര്‍ തീരുമാനം എടുക്കുമ്പോള്‍ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ ഉള്‍ക്കൊള്ളിച്ചിരിക്കണം. എന്നാല്‍ അവരുടെ സമ്മതമോ വിസമ്മതമോ രോഗിയുടെ അപേക്ഷയെ ബാധിക്കില്ല.                                                                                                                                                                                        
  4. 12 മുതല്‍ 16 വയസ്സുവരെയുള്ളവര്‍ അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെയോ, രക്ഷിതാക്കളുടെയോ സമ്മതം ആവശ്യമാണ്.                                                                                                                                                  
  5. രോഗിയുടെ സ്ഥിരമായുള്ള സഹനം, സഹിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ബോദ്ധ്യപ്പെടുന്ന ഡോക്ടര്‍ക്ക്, പ്രസ്തുത രോഗിയുടെ അപേക്ഷ സ്വീകരിക്കാം. ഈ രോഗി തന്‍റെ രോഗത്തിന്‍റെ അന്തിമഘട്ടത്തിലായിരിക്കണമെന്ന് നിര്‍ബ്ബന്ധമില്ല.                                                                                                 
  6. ദയാവധത്തിലോ ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യയിലോ സംഭവിക്കുന്ന തെറ്റുകള്‍ വിലയിരുത്തുന്നത് പ്രാദേശിക സമിതികളാണ്. ഇതില്‍ ഒരു ഡോക്ടറുണ്ടാവണം. ഒരു നിയമപണ്ഡിതനുണ്ടാവണം. ഒരു ധാര്‍മ്മികശാസ്ത്രപണ്ഡിതനോ തത്ത്വശാസ്ത്രപണ്ഡിതനോ ഉണ്ടാവണം.            
  7. നെതര്‍ലാന്‍റില്‍ സ്ഥിരതാമസമാക്കാത്ത വ്യക്തികള്‍ക്കും ദയാവധമോ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയോ സ്വീകരിക്കുന്നതിനു തടസ്സമില്ല.

പുതിയ നിയമം വന്നതോടുകൂടി മരണം സ്വീകരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. 2003-ല്‍ 1315 പേരും, 2004-ല്‍ 1883 പേരും, 2005 ല്‍ 1933 പേരുമാണ് ഈ നിയമമനുസരിച്ച് മരണം സ്വീകരിച്ചവര്‍. 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ദയാവധം സ്വീകരിക്കാന്‍ അനുവാദം നല്‍കുന്ന നിയമം കൊണ്ടുവരുന്നെന്ന വാര്‍ത്ത കഴിഞ്ഞമാസം ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നും പുറപ്പെടുവിക്കുകയുണ്ടായി. ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ഷവും നിയമസാധ്യത ഇല്ലാതെതന്നെ 15 ഓളം കുട്ടികള്‍ ദയാവധത്തിന് ഇരയാകുന്നുണ്ട്.

2.3. ബല്‍ജിയം

2002 മെയ് 28-ാം തീയതിയാണ് ദയാവധം അനുവദിക്കുന്ന നിയമം ബല്‍ജിയത്ത് അംഗീകരിച്ചത്. 2002 സെപ്തംബര്‍ 23-ാം തീയതി പ്രാബല്യത്തില്‍ വന്ന ഈ നിയമത്തിലെ പ്രധാനഭാഗങ്ങള്‍ താഴെപ്പറയുന്നവയാണ്.

  1. രോഗി പ്രായപൂര്‍ത്തിയായ വ്യക്തിയായിരിക്കണം.                                                                                                                 
  2. രോഗി എടുക്കുന്ന തീരുമാനം പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടിയതായിരിക്കണം; മറ്റുള്ളവരുടെ നിര്‍ബന്ധം ഉണ്ടാകരുത്.                                                                                                                      
  3. രോഗാവസ്ഥ ഗൗരവമേറിയതും, ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലാത്തതുമായിരിക്കണം. സഹിക്കാന്‍ ബുദ്ധിമുട്ടുള്ള മാനസികമോ ശാരീരികമോ ആയ സ്ഥിരവേദനയില്‍നിന്നും മോചനം പ്രാപിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമായിരിക്കണം.

നിയമത്തിലെ ഡോക്ടറുടെ ഉത്തരവാദിത്വങ്ങള്‍

  1. രോഗിയുടെ ആരോഗ്യസ്ഥിതി, ഫലപ്രദമായ മറ്റു ചികിത്സകള്‍, ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനത്തിന്‍റെ ഭവിഷ്യത്ത് എന്നിവ രോഗിയെ അറിയിക്കണം.                                                                            
  2. രോഗാവസ്ഥ നിര്‍ണ്ണയിക്കുന്ന ഡോക്ടര്‍ വിദഗ്ദ്ധനായിരിക്കണം. മറ്റൊരു ഫലപ്രദമായ ചികിത്സയും ഇല്ലെന്ന് ഉറപ്പുവരുത്തണം.                                                                                                                                                                               
  3. പല പ്രാവശ്യത്തെ കൂടിക്കാഴ്ചയിലൂടെ വേണം ഡോക്ടര്‍ക്ക് രോഗിയുടെ ശാരീരിക, മാനസിക വേദന സ്ഥിരമാണെന്ന് ബോധ്യം വരേണ്ടത്.                                                                                                                          
  4. രോഗിയുടെ തീരുമാനം സ്വതന്ത്രമാണോ എന്ന് അന്വേഷിക്കണം.                                                                            
  5. രണ്ടാമതൊരു ഡോക്ടര്‍കൂടി രോഗിയുടെ രോഗം സുഖപ്പെടുത്താനാവാത്തതാണോ എന്നും, വേദന അസഹ്യമാണോ എന്നും പരിശോധിക്കണം. ഈ ഡോക്ടറുടെ നിഗമനം ആദ്യത്തെ ഡോക്ടര്‍ രോഗിയെ അറിയിക്കണം.                                                                                                                                                         
  6. രോഗിയുടെ ചികിത്സ ഒരു സംഘം ഡോക്ടര്‍മാരാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍, അവരിലെ പ്രധാനപ്പെട്ട വ്യക്തികള്‍ രോഗിയുടെ ദയാവധത്തിനുള്ള അപേക്ഷ ചര്‍ച്ച ചെയ്യണം.                                                
  7. രോഗിക്ക് താല്‍പര്യമുണ്ടെങ്കില്‍, കാര്യങ്ങള്‍ അടുത്തുള്ള ബന്ധുക്കളുമായി ചര്‍ച്ച ചെയ്യാന്‍ ഡോക്ടര്‍ അവസരം കൊടുക്കണം.                                                                                                                                           
  8. രോഗിയുടെ മരണം ഉടനെ സംഭവിക്കുകയില്ലെന്ന് ഡോക്ടര്‍ക്ക് ബോധ്യമായാല്‍, മറ്റൊരു ഡോക്ടര്‍കൂടി രോഗിയെ പരിശോധിക്കുകയും പ്രസ്തുത വിവരം രോഗിയെ അറിയിക്കുകയും ചെയ്യണം.

ബല്‍ജിയം നിയമത്തില്‍ മറ്റു ചില വ്യവസ്ഥകള്‍ കൂടിയുണ്ട്. അപേക്ഷ സമര്‍പ്പിച്ച് ഒരു മാസം കഴിഞ്ഞേ ദയാവധം നടപ്പാക്കൂ. രോഗിക്ക് സ്വയം എഴുതാന്‍ സാധിക്കാത്ത അവസരത്തില്‍, അപേക്ഷകന്‍റെ താത്പര്യമനുസരിച്ച് ഒരു മുതിര്‍ന്ന പൗരന് എഴുതി ക്കൊടുക്കാം. എന്നാല്‍ ഈ വ്യക്തിക്ക് രോഗിയുടെ മരണംകൊണ്ട് യാതൊരു സാമ്പത്തികനേട്ടവും ഉണ്ടാകരുത്. ഡോക്ടറുടെ സാന്നിദ്ധ്യത്തിലായിരിക്കണം ഇത് എഴുതേണ്ടത്. ഡോക്ടറുടെ പേരും അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷകന് എപ്പോള്‍ വേണമെങ്കിലും തന്‍റെ തീരുമാനം മാറ്റുവാന്‍ അവകാശമുണ്ട്. സ്വന്തം മനസാക്ഷിയനുസരിച്ച് ഒരു ഡോക്ടര്‍ക്ക് ദയാവധം നടത്താന്‍

ബുദ്ധിമുട്ടുണ്ടെങ്കില്‍, രോഗിയുടെ താത്പര്യമനുസരിച്ച് മറ്റൊരു ഡോക്ടര്‍ക്ക് ദയാവധം നടപ്പാക്കാം. ഓരോ ദയാവധവും നടന്ന തിനുശേഷം 16 പേരടങ്ങുന്ന ഒരു വിദഗ്ദ്ധസംഘം അത് വിലയിരുത്തുന്നു. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറോട് വിശദീകരണം ആവശ്യപ്പെടാന്‍ ഇവര്‍ക്ക് അധികാരമുണ്ട്. കൂടാതെ ക്രമക്കേടുകള്‍ നടന്ന ദയാവധം ഔദ്യോഗികതലത്തില്‍ അറിയിക്കുകയും വേണം. കുട്ടികള്‍ക്കുകൂടി ദയാവധം സ്വീകരിക്കാന്‍ അനുവാദം നല്കണമെന്ന് ഇപ്പോഴത്തെ ഭരണകക്ഷി ഈ വര്‍ഷം ആവശ്യപ്പെടുകയുണ്ടായി. പുതിയനിയമം വന്നതിനുശേഷം ബല്‍ജിയത്ത് ദയാവധം സ്വീകരിക്കുവന്നവരുടെ നിരക്ക് കൂടുതലാണ്. 2003-ല്‍ 200 പേരും, 2004 ല്‍ 360 പേരുമാണ് ദയാവധം സ്വീകരിച്ചത്.

2.4. താരതമ്യപഠനം

സമാനതകള്‍

മൂന്നുനിയമങ്ങളിലും രോഗിയുടെ സ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്; മരിക്കാനുള്ള രോഗിയുടെ അവകാശവും വ്യക്തമാക്കുന്നുണ്ട്. അപേക്ഷകന്‍റെ തീരുമാനം സ്വതന്ത്രമാവണം: മറ്റാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയുള്ളതാവരുത്. മൂന്നിടത്തും കഠിനവേദനയും, വേദന സഹിക്കുവാനുള്ള ബുദ്ധിമുട്ടുമാണ് ദയാവധത്തിനും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയ്ക്കും കാരണങ്ങള്‍. രോഗിയുടെ അവസ്ഥയും വേദനയും ഒന്നിലധികം ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്ന നിബന്ധനയും മൂന്നു നിയമങ്ങളിലുമുണ്ട്.

വ്യത്യാസങ്ങള്‍

ഒറിഗണ്‍ നിയമം ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യമാത്രം അംഗീകരിക്കുമ്പോള്‍ നെതര്‍ലാന്‍റ്, ബല്‍ജിയം നിയമങ്ങള്‍ക്ക് ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയും സ്വീകാര്യമാണ്.

ഒറിഗണ്‍, ബല്‍ജിയം നിയമങ്ങളില്‍ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രമേ ദയാവധത്തിനോ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയ്ക്കോ അപേക്ഷിക്കാന്‍ സാധിക്കൂ; എന്നാല്‍ നെതര്‍ലാന്‍റ് നിയമത്തില്‍ 12 വയസ്സിന് മുകളിലേയ്ക്കുള്ള ആര്‍ക്കും ദയാവധത്തിന് അപേക്ഷിക്കാം

ഒറിഗണ്‍, ബല്‍ജിയം നിയമങ്ങളില്‍ രോഗി തന്‍റെ അന്ത്യഘട്ടത്തിലായിരിക്കണമെന്നു പറയുമ്പോള്‍ നെതര്‍ലാന്‍റ് നിയമത്തില്‍ അങ്ങനെയൊരു നിബന്ധനയില്ല.

ഒറിഗണ്‍ നിയമം രോഗിയുടെ ശാരീരിക വേദനയ്ക്കുമാത്രം പ്രാധാന്യം കൊടുക്കുമ്പോള്‍ ബല്‍ജിയം നിയമത്തില്‍ ഈ വേദന ശാരീരികമോ മാനസികമോ ആകാം. നെതര്‍ലാന്‍റ്നിയമത്തിലും വേദന ഒരിക്കലും ശാരീരികമായിരിക്കണമെന്ന് നിര്‍ബന്ധമില്ല.

ദയാവധം നടന്നതിനുശേഷം അതിനെക്കുറിച്ച് വിലയിരുത്തുന്നതിന് മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് നെതര്‍ലാന്‍റില്‍ ഉള്ളത്; എന്നാല്‍ ബല്‍ജിയത്തിലെ ഈ സംഘത്തില്‍ പതിനാറു പേരാണുള്ളത്.

2.5. വിലയിരുത്തല്‍

പുതിയനിയമം വന്നതിനുശേഷം ഒറിഗണ്‍, നെതര്‍ലാന്‍റ്, ബല്‍ജിയം എന്നിവിടങ്ങളില്‍ മരണം സ്വീകരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. മറ്റു പല രാജ്യങ്ങളും നിലവിലുള്ള ഈ നിയമങ്ങളെ അടിസ്ഥാനമാക്കി 'ദയാവധനിയമം' രൂപീകരിക്കുന്നതിന് ചര്‍ച്ച നടത്തുന്നു. ക്രൈസ്തവധാര്‍മ്മികതയുടെ കാഴ്ചപ്പാടില്‍ ഈ നിയമങ്ങളെ വിലയിരുത്തുമ്പോള്‍, രോഗിക്കു നല്‍കുന്ന അമിതമായ സ്വാതന്ത്ര്യം, മരിക്കുവാനുള്ള ഒരു വ്യക്തിയുടെ അവകാശം, ഡോക്ടര്‍ക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം, സഹനത്തെക്കുറിച്ചും ജീവനെക്കുറിച്ചും ഉള്ള വികലമായ കാഴ്ചപ്പാട് എന്നിവ അംഗീകരിക്കാന്‍ കഴിയില്ല. ഈ നിയമത്തിന്‍റെ മറവില്‍ പലക്രമക്കേടുകളും നടക്കുന്നുമുണ്ട്. ബുദ്ധിമാന്ദ്യമുള്ളവരെയും കുട്ടികളെയും മറ്റും ദയാവധത്തിന് പ്രോത്സാഹിപ്പിക്കുന്ന പ്രവണതകളുമുണ്ട്. ചുരുക്കത്തില്‍ നന്മ ചെയ്യണം തിന്മ ചെയ്യരുത് എന്ന അടിസ്ഥാനതത്ത്വത്തിന് എതിരാണ് ഇപ്പോഴുള്ള ഈ നിയമങ്ങള്‍.

  1. കത്തോലിക്കാസഭയുടെ കാഴ്ചപ്പാട്

എല്ലാത്തരത്തിലുമുള്ള ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയും ധാര്‍മ്മികമായി ഗൗരവമായ തെറ്റായിട്ടാണ് സഭ കാണുന്നത് (CCC 2277, ജീവന്‍റെ സുവിശേഷം 15). ചില അവസരങ്ങളില്‍ അസാധാരണമായ ചികിത്സ പിന്‍വലിക്കുവാനോ നിക്ഷേധിക്കുവാനോ രോഗിക്ക് അവകാശമുണ്ട്. സ്വാഭാവിക മരണത്തിന് തന്നെത്തന്നെ വിട്ടുകൊടുക്കാം. എന്നാല്‍ യാതൊരു കാരണവശാലും രോഗിയെ ദയാവധത്തിന് ഇരയാക്കാന്‍ പാടില്ല. വിശ്വാസതിരുസംഘം 1930 മെയ് 5-ന് പുറത്തിറക്കിയ ദയാവധത്തെക്കുറിച്ചുള്ള രേഖയില്‍ (Declaration on Euthanasia)  ദയാവധത്തിനെതിരായ സഭയുടെ പ്രധാന ആശയങ്ങള്‍ പറയുന്നു.

നമ്മള്‍ ജീവിക്കുന്നതും മരിക്കുന്നതും ദൈവത്തിലാണ് (റോമാ 14,8; ഫിലി 1,20). അതുകൊണ്ട് നമുക്ക് നമ്മുടെ ജീവനെ നശിപ്പിക്കാന്‍ അവകാശമില്ല. മനുഷ്യജീവനാണ് എല്ലാ നന്‍മയുടേയും അടിസ്ഥാനം. ജീവന്‍ മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തനത്തിന്‍റെയും അടിസ്ഥാനമാണ്. ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ഫലമാണ് ജീവന്‍. നിഷ്കളങ്കരുടേയും ദയനീയ അവസ്ഥയില്‍ കഴിയുന്നവരുടേയുമൊക്കെ ജീവന്‍ നശിപ്പിക്കുന്നത് തെറ്റാണെന്ന് സഭ പഠിപ്പിക്കുന്നു. ഇത് ജീവിക്കാനുള്ള അവരുടെ അടിസ്ഥാനപരമായ അവകാശത്തിന് എതിരാണ്.

ദൈവത്തിന്‍റെ പദ്ധതിയനുസരിച്ചാണ് ഓരോരുത്തരും ജീവിക്കേണ്ടത്. ദൈവം ഓരോ വ്യക്തിക്കും തങ്ങളുടെ ജീവനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഭൂമിയില്‍ ഈ ജീവനെ ഫലദായകമാക്കാനും നിത്യജീവനിലേക്ക് എത്തിക്കാനുമാണ് നാം പരിശ്രമിക്കേണ്ടത്.

സ്വന്തമായി മരിക്കണമെന്നാഗ്രഹിക്കുന്ന വ്യക്തികള്‍ തങ്ങളെത്തന്നെ നശിപ്പിക്കുന്ന കൊലപാതകികളാണ്. ദൈവത്തിന്‍റെ കൃപയും അവിടുത്തെ സ്നേഹവുമാണ് ഇങ്ങനെയുള്ള വ്യക്തികള്‍ നിരസിക്കുന്നത്. തന്നെത്തന്നെ സ്നേഹിക്കാതെ ജീവിതത്തിന്‍റെ സ്വാഭാവികതയെ നഷ്ടപ്പെടുത്തുകയാണ്. ഇത് നീതിക്കും സഹോദരസ്നേഹത്തിനും സമൂഹത്തിനും എതിരായി ചെയ്യുന്ന പ്രവൃത്തിയാണ്.

വേദനയുടെ അര്‍ത്ഥം കണ്ടെത്തുവാന്‍ തീരാരോഗികള്‍ പരിശ്രമിക്കണം. ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവന്‍റെ അവസാനശ്വാസംവരെ ദൈവത്തിന്‍റെ പദ്ധതിയില്‍ അവന് സ്ഥാനമുണ്ട്. ഇത് ഈശോയുടെ സഹനത്തിലുള്ള പങ്കുചേരലാണ്. പിതാവിന്‍റെ ഹിതത്തിന് തന്നെത്തന്നെ വിട്ടുകൊടുത്ത ഈശോയുടെ മനോഭാവമാണ് ഇവിടെ നാം ഉള്‍ക്കൊള്ളുന്നത്. രക്ഷാകരമായ അര്‍ത്ഥം സഹനത്തിനുണ്ട് (മത്താ 27,34).

ചുരുക്കത്തില്‍ എല്ലാ മനുഷ്യജീവനും സമൂഹത്തിന്‍റെ ഭാഗമാണെന്ന് സഭ പറയുന്നു. എല്ലാത്തരത്തിലുള്ള ജീവനേയും ബഹുമാനിക്കണം. എല്ലാ ജീവിക്കും ഏതെങ്കിലും തരത്തിലുള്ള മൂല്യം ഉണ്ട്. ജീവന്‍റെ സ്രഷ്ടാവ് ദൈവമാണ്. അതുകൊണ്ട് ദയാവധം നടത്തുന്നത് ധാര്‍മ്മികമായും സഭ ഒരിക്കലും അംഗീകരിക്കുന്നില്ല; ന്യായീകരിക്കുന്നുമില്ല. മരണം ജീവിതത്തില്‍നിന്ന് മാറ്റുവാന്‍ സാധിക്കത്തില്ല. ആ സമയത്ത് പെട്ടെന്ന് സ്വയം ഇല്ലാതാവുകയല്ല വേണ്ടത്   മറിച്ച് സ്വതന്ത്രമായി അതിനെ സ്വീകരിച്ച് ബഹുമാനിക്കുകയാണു വേണ്ടത്. മരണം ഭൂമിയിലെ ജീവിതത്തെ അവസാനിപ്പിച്ച് അനശ്വരതയുടെ ജീവിതം തുറക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് ക്രൈസ്തവമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മരണത്തെ സ്വീകരിക്കണമെന്ന് സഭ പഠിപ്പിക്കുന്നു.

Euthanasia view point of Christianity about euthanasia catholic malayalam Rev. Dr. Scaria Kanyakonil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message