x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

നിത്യകന്യകയും സ്വര്‍ഗ്ഗാരോപിതയും

Authored by : Mar Joseph Pamplany On 24-Mar-2022

പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള വിശ്വാസസത്യങ്ങളായ നിത്യകന്യാത്വം സ്വര്‍ഗ്ഗാരോപണം എന്നീ രഹസ്യങ്ങളാണ് ഈ അധ്യായത്തിന്‍റെ ഉള്ളടക്കം.

നിത്യകന്യക

1.  അവിടുന്ന് "കന്യകാ" മറിയത്തില്‍നിന്നും ശരീരമെടുത്ത് മനുഷ്യനായി പിറന്നു എന്ന വിശ്വാസപ്രഖ്യാപനംവഴി മറിയത്തിന്‍റെ നിത്യകന്യാത്വം സഭയുടെ വിശ്വാസസത്യമാകുന്നു. മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഏ.ഡി. 649 ല്‍ നടന്ന ലാറ്ററന്‍ സൂനഹദോസ് ഈ വിശ്വാസസത്യത്തെ കൂടുതല്‍ വ്യക്തതയോടെ നിര്‍വ്വചിക്കുന്നുണ്ട്: "അനുഗൃഹീത കന്യകയും അമലോത്ഭവയുമായ മറിയം പുരുഷസംസര്‍ഗ്ഗംകൂടാതെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥയാവുകയും തന്‍റെ കന്യാത്വത്തിനു ഭംഗംവരാതെ പുത്രനു ജന്മം നല്‍കുകയും യേശുവിന്‍റെ ജനനശേഷവും അവളുടെ കന്യാത്വം അഭംഗുരം കാത്തുസൂക്ഷിക്കുകയും ചെയ്തു."

ഈ വിശ്വാസപ്രഖ്യാപനത്തില്‍ യേശുവിന്‍റെ (1) ജനനത്തിനുമുമ്പും (2) ജനനസമയത്തും (3) ജനനത്തിനുശേഷവും മറിയത്തിന്‍റെ കന്യാത്വം അഭംഗുരം പരിരക്ഷിക്കപ്പെട്ടു എന്ന വിശ്വാസമാണ് ഏറ്റുപറയുന്നത്.

2.  യേശുവിന്‍റെ ജനനത്തിനുമുമ്പ് മറിയം കന്യകയായിരുന്നു: മംഗളവാര്‍ത്ത ലഭിക്കുന്ന സമയംവരെ അവള്‍ കന്യകയായിരുന്നു എന്ന് ലൂക്കാ 1:26 ല്‍ നിസ്സംശയം പറയുന്നുണ്ട്. മറിയം ഗര്‍ഭം ധരിച്ചത് പുരുഷ സംസര്‍ഗ്ഗത്താലല്ല പരിശുദ്ധാത്മാവിലാണ് എന്നതിനാല്‍ ഗര്‍ഭധാരണത്തിലൂടെ അവളുടെ കന്യാത്വത്തിനു ഭംഗം വന്നില്ല. എമ്മാനുവേലിന്‍റെ അമ്മ കന്യകയായിരിക്കുമെന്ന് ഏശയ്യാ പ്രവചിച്ചിരുന്നു (ഏശ 7:4).

3.  യേശുവിന്‍റെ ജനനസമയത്ത് മറിയം കന്യകയായിരുന്നു. വേദപാരംഗതനായ വി. തോമസ് അക്വീനാസ് പഠിപ്പിക്കുന്നതുപോലെ "സാധാരണ പ്രസവങ്ങളില്‍ സംഭവിക്കുന്നതുപോലെ സ്ത്രീയുടെ കന്യാത്വത്തിന്‍റെ അടയാളങ്ങള്‍ ഭേദിച്ചുകൊണ്ടുള്ള ജനനമായിരുന്നില്ല തിരുപ്പിറവിയില്‍ സംഭവിച്ചത് (ST. III. 28.2). എന്നാല്‍ കന്യാത്വത്തെ കേവലം ശാരീരിക അടയാളവുമായി (hymen) ബന്ധിപ്പിക്കുന്ന ഈ വാദഗതിക്കുപരിയായി യേശുവിന്‍റെ ജനനം മറിയത്തിന്‍റെ കന്യാത്വത്തിനു ഭംഗം വരുത്തിയില്ല എന്ന വിശ്വാസത്തിനാണ് നാം ഊന്നല്‍ കൊടുക്കേണ്ടത്. കന്യാത്വഭംഗം കൂടാതെയുള്ള ജനനം ദൈവം മറിയത്തില്‍ അനുവദിച്ച അത്ഭുതമായിരുന്നു എന്ന് കാത്സിഡോണ്‍ കൗണ്‍സില്‍ (451) പഠിപ്പിക്കുന്നുണ്ട്. സഭാപിതാവായ വി. അഗസ്തീനോസിന്‍റെ ഭാഷ്യമനുസരിച്ച് കണ്ണാടിയ്ക്കു പോറലേല്പിക്കാതെ സൂര്യപ്രകാശം കടന്നുപോകുന്നതുപോലെ, അടഞ്ഞ വാതില്‍ തുറക്കാതെ ഉത്ഥിതന്‍ അകത്തുകടന്നതുപോലെ പരിശുദ്ധ മറിയത്തിന്‍റെ ഉദരത്തില്‍നിന്ന് അമ്മയുടെ കന്യാത്വത്തിനു ഭംഗംവരാതെ പുത്രന്‍ ജന്മമെടുത്തു എന്നാണ് ഈ വിശ്വാസസത്യം പഠിപ്പിക്കുന്നത്. 

4.  ഈശോയുടെ ജനനശേഷവും മറിയം കന്യകയായിത്തന്നെ തുടര്‍ന്നു എന്ന് സഭാപാരമ്പര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 553 ലെ അഞ്ചാം സാര്‍വ്വത്രിക സൂനഹദോസ് മറിയത്തിന്‍റെ നിത്യകന്യാത്വം (eiparthenos) വിശ്വാസസത്യമായി പ്രഖ്യാപിച്ചു. "ഞാന്‍ പുരുഷനെ അറിയുന്നില്ല" (ലൂക്കാ 1:34) എന്ന മറിയത്തിന്‍റെ പ്രസ്താവനയും മരണനേരത്ത് ഈശോ തന്‍റെ അമ്മയെ യോഹന്നാനു ഭരമേല്‍പിച്ചു എന്ന സത്യവും (യോഹ 19:27) മറിയത്തിന് യേശുവിനെക്കൂടാതെ മറ്റുമക്കള്‍ ഇല്ലായിരുന്നു എന്നതിനു തെളിവായി സഭാപിതാവായ ഒരിജന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (In Ioan I. 4.23).

5. യേശുവിന്‍റെ സഹോദരന്മാര്‍ എന്ന പരാമര്‍ശം പുതിയനിയമത്തിലുണ്ടെങ്കിലും "മറിയത്തിന്‍റെ മക്കള്‍" എന്ന് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. യേശുവിന്‍റെ സഹോദരന്മാരായി പരാമര്‍ശിക്കപ്പെടുന്ന യാക്കോബും ജോസെയും (മര്‍ക്കോ 6:3) യേശുവിനെ അനുഗമിച്ചിരുന്ന സ്ത്രീകളില്‍ ഒരുവളായ മറിയത്തിന്‍റെ മക്കളായിരുന്നു എന്ന് മര്‍ക്കോസ് സുവിശേഷകന്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് (15:40). ഈ മറിയത്തെയാണ് "മറ്റേ മറിയം" എന്ന് മത്തായി (27:56) വിശേഷിപ്പിക്കുന്നത്. ഈ മറിയം കന്യകാമറിയത്തിന്‍റെയോ യൗസേപ്പിതാവിന്‍റെയോ ബന്ധുവായിരുന്നു എന്നു കരുതാം. തന്മൂലം ഇവളുടെ മക്കളെ യേശുവിന്‍റെ സഹോദരന്മാരായി (Cousins) പൊതുജനം കരുതുക തികച്ചും സ്വഭാവികമാണല്ലോ. യേശുവിന്‍റെ സഹോദരനായി പരാമര്‍ശിക്കപ്പെടുന്ന യൂദാ തന്‍റെ ലേഖനത്തില്‍ പ്രാരംഭ വാക്യത്തില്‍തന്നെത്തന്നെ യേശുക്രിസ്തുവിന്‍റെ ദാസനായിട്ടാണ് (സഹോദരനായിട്ടല്ല) വിശേഷിപ്പിക്കുന്നത് എന്ന വസ്തുതയും ശ്രദ്ധേയമാണ്. ഗലാത്തിയ ലേഖനം 1:18-19 നെ ആധാരമാക്കി കര്‍ത്താവിന്‍റെ സഹോദരനും അപ്പസ്തോലനുമായ യാക്കോബ് ഹെല്‍പ്പയുടെ പുത്രനായ യാക്കോബ് (മാര്‍ക്കോ 3:13-19) ആണ് എന്ന് അനുമാനിക്കാം. ചുരുക്കത്തില്‍ യേശുവിന്‍റെ സഹോദരങ്ങളായി വിശേഷിക്കപ്പെട്ടവരാരും പരി. കന്യാമറിയത്തിന്‍റെ മക്കളല്ല. മറിച്ച് മറിയത്തിന്‍റെയും യൗസേപ്പിന്‍റെയും കുടുംബ ബന്ധുക്കളുടെ മക്കളാണെന്ന് വി. ഗ്രന്ഥം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

6.  മത്താ 1:25 ല്‍ "പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല" എന്ന പരാമര്‍ശത്തെ മറിയത്തിനു മറ്റു മക്കളുണ്ടായിരുന്നു എന്നതിനു തെളിവായി ചിലര്‍ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാല്‍ ഇതു ശരിയല്ല. യവനകാലഘട്ടത്തിലെ ഭാഷാശൈലിയെക്കുറിച്ചുള്ള അജ്ഞതമൂലമാണ് ഇപ്രകാരമുള്ള തെറ്റിദ്ധാരണകള്‍ ഉളവാകുന്നത്. "അതുവരെ" എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന "ഹെയ്യോസ്" എന്ന ഗ്രീക്കുപദത്തിന് "അതിനുശേഷം വിപരീതമായത് സംഭവിച്ചു" എന്ന ധ്വനിയില്ല.ചില ഉദാഹണങ്ങള്‍ ശ്രദ്ധിക്കുക:

  • 2 സാമു 6:23 "സാവൂളിന്‍റെ പുത്രി മിശേല്‍ മരണം വരെ സന്താനരഹിതയായിരുന്നു." മരിച്ചതിനുശേഷം സന്താനഭാഗ്യമുണ്ടായി എന്ന് ഇതിനര്‍ത്ഥമില്ലല്ലോ.
  • ഏശ 46: 4 "നിങ്ങളുടെ വാര്‍ദ്ധക്യം വരെ ഞാന്‍........ നിങ്ങളെ രക്ഷിക്കും." വാര്‍ദ്ധക്യത്തിനുശേഷം നശിപ്പിക്കും എന്ന് വ്യാഖ്യാനിക്കുന്നത് വിഡ്ഢിത്തമല്ലേ?
  • സങ്കീ 110:1 "ഞാന്‍ നിന്‍റെ ശത്രുക്കളെ പാദപീഠമാക്കുന്നതുവരെ നീ എന്‍റെ വലത്തുഭാഗത്തിരിക്കുക." ശത്രുക്കളെ തോല്‍പ്പിച്ചു കഴിഞ്ഞാല്‍ നീ എഴുന്നേറ്റുപോകണം എന്ന അര്‍ത്ഥം ഈ വചനത്തിലില്ല. തന്മൂലം ഈശോയുടെ ജനനശേഷം മറിയത്തിനു മക്കളുണ്ടായി എന്ന അര്‍ത്ഥത്തില്‍ ഈ വചനം വ്യാഖ്യാനിക്കാനാവില്ല.

അവന്‍ അവളെ അറിഞ്ഞില്ല എന്ന പ്രസ്താവനയിലെ അറിയുക എന്ന ക്രിയാരൂപത്തിന് ദാമ്പത്യബന്ധത്തിലേര്‍പ്പെടുക എന്ന അര്‍ത്ഥംകൂടി ചില പഴയനിയമ ഭാഗങ്ങളിലുണ്ട് എന്നതിനാലാണ് ഈ വചനത്തിന് മറിയവും യൗസേപ്പും തമ്മിലുള്ള ദാമ്പത്യബന്ധം എന്ന അര്‍ത്ഥം കൈവന്നത്. എന്നാല്‍ അറിയുക എന്ന ക്രിയയുടെ സാമാന്യഗതിയിലുള്ള അര്‍ത്ഥം മനസ്സിലാക്കുക, ഗ്രഹിക്കുക, വെളിപാട് സ്വീകരിക്കുക എന്നൊക്കെയാണ്. തന്മൂലം ഈ വചനഭാഗത്തിലെ അറിയുക എന്ന ക്രിയയെ അതിന്‍റെ സാമാന്യ അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. അപ്രകാരം വ്യാഖ്യാനിക്കുമ്പോള്‍ "പുത്രനെ പ്രസവിക്കുന്നതുവരെ മറിയത്തെ (മറിയത്തിലൂടെ വെളിപ്പെടുന്ന ദൈവീകമായ രക്ഷാകര രഹസ്യത്തെ) യൗസേപ്പിനു മനസ്സിലായില്ല" എന്ന അര്‍ത്ഥത്തിലാണ് മത്തായി 1:25 നെ മനസ്സിലാക്കേണ്ടത്. മറിയവും യൗസേപ്പും തമ്മിലുള്ള ബന്ധം എപ്രകാരമായിരുന്നുവെന്ന് സഭാപിതാവായ എഫ്രേം കീര്‍ത്തിക്കുന്നത് ശ്രദ്ധിക്കുക: പരിപാവനമാം വസ്തുക്കള്‍ നിറയും പെട്ടക സവിധത്തില്‍ വിരവൊടു ശുശ്രൂഷകള്‍ ചെയ്യും ആചാര്യനു തുല്യം..........

വിശുദ്ധ സക്രാരിക്കു മുന്നില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്‍റെ മനോഭാവത്തോടെയാണ് മറിയത്തോടൊപ്പം യൗസേപ്പ് ജീവിച്ചത് എന്നാണ് വി. എഫ്രേം പാടുന്നത്.

7.  മധ്യപൗരസ്ത്യദേശങ്ങളിലെയും യവന പുരാണങ്ങളിലെയും അത്ഭുതജനനകഥകളെ അവലംബമാക്കി രൂപപ്പെട്ട ഐതിഹ്യമാണ് മറിയത്തിന്‍റെ കന്യാത്വത്തിലുള്ള വിശ്വാസമെന്ന് ആക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍ കന്യകാജനനം എന്ന വിശ്വാസത്തിന്‍റെ പേരില്‍ ക്രൈസ്തവര്‍ ഒന്നാം നൂറ്റാണ്ടുമുതല്‍ ഏറെ അവഹേളനങ്ങളും അപമാനങ്ങളും സഹിച്ചിരുന്നു എന്നതാണ് വസ്തുത (Justin, Dialogue 99.7; Origen, Contra Celsum 1.32.69). യേശു ജാരസന്തതിയാണെന്നുള്ള അധിക്ഷേപംപോലും സഹിച്ച് ആദിമസഭ ഈ വിശ്വാസം മുറുകെപ്പിടിച്ചെങ്കില്‍ അത് അത്രമേല്‍ സത്യമായിരുന്നതുകൊണ്ടാണ് എന്ന് സാര്‍വ്വത്രിക മതബോധനഗ്രന്ഥം (498) ചൂണ്ടിക്കാട്ടുന്നുണ്ട്. 
വി. അഗസ്റ്റിന്‍റെ പ്രസ്താവന മറിയത്തിന്‍റെ കന്യാത്വത്തെക്കുറിച്ചുള്ള വിശ്വാസപ്രഖ്യാപനമായി സഭ എക്കാലവും കൊണ്ടാടുന്നുണ്ട്: Virgo Concepit, Virgo Perperit, Virgo Permanist (ഗര്‍ഭധാരണത്തിലും കന്യക, പ്രസവത്തിലും കന്യക, നിത്യമായും കന്യക - Sermo 196.1.1).

സ്വര്‍ഗ്ഗാരോപിത

8. പരിശുദ്ധ മറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നത് 1950 നവംബര്‍ 1 ന് പരി. പിതാവ് പന്ത്രണ്ടാം പീയൂസ് പാപ്പ ങൗിശളശരലിശേശൈാൗെ എന്ന തിരുവെഴുത്തിലൂടെ വിശ്വാസസത്യമായി പ്രഖ്യാപിച്ചു: "അമലോത്ഭവയും നിത്യകന്യകയും ദൈവമാതാവുമായ മറിയം തന്‍റെ ഇഹലോകവാസം പൂര്‍ത്തിയാക്കിയപ്പോള്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്കു സംവഹിക്കപ്പെട്ടു." 1946 മുതല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ സഭയിലെ എല്ലാ മെത്രാന്മാരുടെയും വിശ്വാസികളുടെയും അഭിപ്രായം ആരാഞ്ഞശേഷമാണ് ഈ വിശ്വാസസത്യം പ്രഖ്യാപിച്ചത് എന്നതിനാല്‍ ഏറ്റവും ജനകീയമായി പ്രഖ്യാപിക്കപ്പെട്ട വിശ്വാസസത്യം എന്ന പ്രത്യേകതയും ഇതിനുണ്ട്.

9. സ്വര്‍ഗ്ഗാരോപണം എന്ന വിശ്വാസസത്യത്തിന് വി. ഗ്രന്ഥത്തില്‍ അടിസ്ഥാനമുണ്ട്. 1 കോറി 15:23 ല്‍ ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും ഉയിര്‍ക്കുക; ആദ്യം ക്രിസ്തു. പിന്നെ.... അവനുള്ളവരും. ഈ ക്രിസ്തുവിനുള്ളവരില്‍ ഏറ്റവും പ്രധാനപ്പെട്ടവള്‍ എന്ന നിലയില്‍ മറിയത്തിന്‍റെ ഉയിര്‍പ്പും സ്വര്‍ഗ്ഗാരോപണവും യുഗാന്ത്യത്തിനു മുന്‍പേ സംഭവിച്ചു എന്ന് ന്യായമായും കരുതാം. കൂടാതെ മത്താ 27:52-53 ല്‍ വിശുദ്ധര്‍ യേശുവിന്‍റെ മരണനേരത്ത് ഉയിര്‍ക്കുന്നതിന്‍റെ വിവരണമുള്ളതിനാല്‍ യുഗാന്ത്യത്തിനു മുമ്പേയുള്ള ഉയിര്‍പ്പ് എന്ന ആശയം വി. ഗ്രന്ഥത്തിന് അന്യമാണെന്ന് കരുതാനാവില്ല.

ലൂക്കാ 1:28 ല്‍ മറിയത്തെ കൃപയായവള്‍ (കൃപനിറഞ്ഞവള്‍) എന്നാണു വിളിക്കുന്നത്. കൃപതന്നെയായ മറിയത്തിന് അക്ഷയത്വം നല്‍കാന്‍ ദൈവം തിരുമനസ്സായി എന്നു കരുതുന്നത് തികച്ചും യുക്തിസഹമാണ്. മരണം പാപത്തിന്‍റെ ഫലമാകയാല്‍ പാപരഹിതയായവള്‍ മരണമെന്ന ഉറക്കത്തെ മറികടന്ന് സ്വര്‍ഗ്ഗത്തിലെത്തി എന്ന വിശ്വാസം യുക്തിഭദ്രമാണ്.
വെളി 12:1 ല്‍ പരാമര്‍ശിക്കുന്ന സ്ത്രീ ഒരേസമയം സഭയുടെയും മറിയത്തിന്‍റെയും പ്രതീകമാകയാല്‍, "സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കിപ്പെടുന്ന ആ സ്ത്രീ" സ്വര്‍ഗ്ഗാരോപിതയാകുന്ന മറിയത്തെക്കുറിച്ചുള്ള പരോക്ഷ സൂചനയായി വ്യാഖ്യാനിക്കാം. സങ്കീ 131:8 ല്‍ വാഗ്ദാനപേടകം അക്ഷയമായ തടികൊണ്ടു നിര്‍മ്മിച്ചതാണെന്ന പരാമര്‍ശവും ഉത്ത 8:5 ല്‍ തന്‍റെ മണവാളനോടു ചാരിനില്‍ക്കുന്ന വധുവിനെക്കുറിച്ചുള്ള പരാമര്‍ശവും മറിയത്തിന്‍റെ അക്ഷയത്വത്തെയും സ്വര്‍ഗ്ഗപ്രവേശനത്തെയും സൂചിപ്പിക്കുന്നതായി സഭാപിതാക്കന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.

10. പാപരഹിതയായിരുന്നു എന്നതും ക്രിസ്തുവിന്‍റെ ശരീരം രൂപംകൊണ്ട ശരീരം എന്നനിലയിലും അവിടുത്തെ രക്ഷാകര പദ്ധതിയില്‍ ആദ്യന്തം സഹകാരിയായി വര്‍ത്തിച്ചവള്‍ എന്നതും നിത്യകന്യക എന്നതും അവളുടെ ശരീരത്തിന് ദൈവം അക്ഷയത്വവും സ്വര്‍ഗ്ഗപ്രവേശനവും ഉറപ്പുവരുത്താന്‍ കാരണമായി.
പൗരസ്ത്യ സഭകള്‍ ആറാം നൂറ്റാണ്ടുമുതലും റോമന്‍സഭ ഏഴാം നൂറ്റാണ്ടുമുതലും ആഗസ്ത് 15 ന് മറിയത്തിന്‍റെ ഉറക്കത്തിരുനാള്‍ ആഘോഷിച്ചിരുന്നു. ഗ്രിഗോറിയന്‍ ആരാധനാക്രമപഞ്ചാംഗമാണ് ഉറക്കത്തിരുനാളിനെ "സ്വര്‍ഗ്ഗാരോപണതിരുനാള്‍" എന്ന് പുനര്‍നാമകരണം ചെയ്തത്. 
സ്വര്‍ഗ്ഗാരോപിതയായ മറിയം സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി അവരോധിക്കപ്പെട്ടതായി 1954 ല്‍ പന്ത്രണ്ടാം പീയൂസ് പാപ്പാ പ്രഖ്യാപിച്ചു.

holy mary mother of god ever virgin Mar Joseph Pamplany Assumption of mother Mary നിത്യകന്യാത്വം Concepit Virgo Perperit Virgo Permanist സ്വർഗ്ഗാരോപണം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message