We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Kallarangatt On 26-Jan-2021
'എസ്കത്താ' (അന്തിമയാഥാര്‍ത്ഥ്യങ്ങള്‍) 'ലോഗോസ്' (പഠനശാസ്ത്രം) എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്നാണ് 'എസ്കത്തോളജി', അല്ലെങ്കില്‍ യുഗാന്ത്യോന്മുഖ ദൈവശാസ്ത്രം എന്ന വാക്ക് രൂപപ്പെട്ടത്. മനുഷ്യജീവിതത്തിലെ യുഗാന്ത്യോന്മുഖ യാഥാര്‍ത്ഥ്യങ്ങളായ നിത്യജീവന്‍, മരണം, വിധി, നരകം, സ്വര്‍ഗ്ഗം, ശുദ്ധീകരണസ്ഥലം, സ്വര്‍ഗ്ഗീയജീവിതം തുടങ്ങിയവയെക്കുറിച്ചുള്ള സഭാപ്രബോധനമാണ് നമ്മുടെ പഠന വിഷയം. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ജീവിതാന്ത്യത്തില്‍ മാത്രം ഒരുവനെ സ്വാധീനിക്കുന്നവയല്ല; മറിച്ച് ജീവിതത്തിലുടനീളം മനുഷ്യജീവിതത്തെ ബാധിക്കുന്നവയാണ്. 'എസ്കത്തോളജി' എന്നത് മിശിഹായുടെ മഹത്വമേറിയ ആഗമനവുമായി (പരൂസിയ) ബന്ധപ്പെട്ടതാണ്. ആധുനിക ദൈവശാസ്ത്രത്തില്‍ യുഗാന്ത്യോന്മുഖ വീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കത്തോലിക്കാസഭ തീര്‍ത്ഥാടക സഭയാണ്, സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി എല്ലാവരും തീര്‍ത്ഥാടനം ചെയ്തു കൊണ്ടിരിക്കുന്നു. ആയതിനാല്‍ ക്രൈസ്തവ അസ്ഥിത്വം തന്നെ യുഗാന്ത്യോന്മുഖമാണ്; സ്വര്‍ഗ്ഗീയജറുസലെമിനെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്ന സമൂഹമാണ് സഭ. ഇപ്രകാരം ഭൂമിയില്‍ ജീവിക്കുന്ന എല്ലാവരെയും ലക്ഷ്യോന്മുഖരാക്കി നയിക്കുന്നതിനും തങ്ങളുടെ അന്ത്യത്തെപ്പറ്റി കൂടുതല്‍ ബോധവാന്‍മാരാക്കുന്നതിനും ഈ പഠനം സഹായകമാണ്.
മനുഷ്യ ജീവിതത്തിന്‍റെ അര്‍ത്ഥം എന്ത്? മരണം, മരണാനന്തരജീവിതം, പ്രത്യാശ എന്നിവയുടെ വിവിധ വശങ്ങളെ അപഗ്രഥിച്ച് ദൈവശാസ്ത്രപരമായി വിലയിരുത്തി പ്രത്യാശയുടെ പാതയിലേക്ക് നയിക്കുകയാണ് ഇവിടെ ലക്ഷ്യമാക്കുന്നത്.
മരണം
ഈ ലോകത്തില്‍ ജനിച്ച ആര്‍ക്കും മരണത്തെ മറികടക്കുവാനാവില്ല. ശാസ്ത്രസാങ്കേതിക നേട്ടങ്ങളെല്ലാം മനുഷ്യന്‍റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുവാനും, മരണത്തെ മറികടക്കുവാനും പരിശ്രമിക്കുന്നു. എന്നാല്‍ അവയൊന്നും പൂര്‍ണ്ണ വിജയത്തില്‍ എത്തുന്നില്ല. ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മരണം മനുഷ്യനില്‍ ഭയാശങ്കകള്‍ ഉയര്‍ത്തുന്നു. മരണത്തെ കേവലം കോശശോഷണമെന്ന് നിര്‍വ്വചിക്കുന്നവരുണ്ട്. ഷാര്‍ദാന്‍ എന്ന ദൈവശാസ്ത്രചിന്തകന്‍ മനുഷ്യന്‍റെ അന്ത്യത്തെ 'മരണമെന്ന പരിണാമമായും' അസ്ഥിത്വചിന്തകര്‍ മരണത്തെ നിരര്‍ത്ഥകതയായും കാറല്‍ മാക്സും കൂട്ടരും മരണത്തെ ഒരു ചൂഷണമായും കണ്ടു. എന്നാല്‍ ക്രിസ്തുവിന്‍റെ മരണം മനുഷ്യന്‍റെ മരണത്തിന് നൂതനമായ ഒരു അര്‍ത്ഥം നല്‍കി. മരണം നിത്യ ജീവിതത്തിലേക്കുള്ള യാഥാര്‍ത്ഥ ജനനമാണെന്ന ബോധ്യം ഉറപ്പിക്കുകയാണ് ക്രിസ്തുവിന്‍റെ മരണത്തിലൂടെ ചെയ്തത്. മരണത്തെ ഒരു സാമൂഹിക പ്രതിഭാസമായും ധാര്‍മ്മിക പ്രശ്നമായും നമുക്ക് കാണുവാന്‍ സാധിക്കും. മനുഷ്യന്‍റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുവാന്‍ ശാസ്ത്രം പരിശ്രമിക്കുമ്പോഴും മരണം ഈ പ്രകൃതിക്ക് അനിവാര്യമായ യാഥാര്‍ത്ഥ്യമായി നില കൊള്ളുന്നു.
മരണാനന്തരജീവിതം
മരണത്തിനുള്ള ഉത്തരമാണ് മരണാനന്തരജീവിതം. മരണത്തെ മറികടക്കുക, അമര്‍ത്യതയുടെ ചക്രവാളങ്ങളില്‍ പറന്നുയരുക എന്നത് മനുഷ്യന്‍റെ ഒരു സ്വപ്നമാണ്. മരണത്തിനു ശേഷം ഒരു ജീവിതം - മരണമില്ലാത്ത ജീവിതം - ഉണ്ടെന്ന് മിക്കവാറും എല്ലാ മനുഷ്യരും വിശ്വസിക്കുന്നു. പ്രാചീനമനുഷ്യരുടെയും വിവിധമതങ്ങളുടെയും മൃതസംസ്കാരചടങ്ങുകള്‍ ഇതിന് തെളിവാണ്. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവാണ് ക്രൈസ്തവന്‍റെ മരണാനന്തര ജീവിതത്തിന്‍റെ കാതല്‍. വിശുദ്ധഗ്രന്ഥങ്ങളില്‍ ഉത്ഥിതജീവിതത്തിന്‍റെ സ്വഭാവം വിവരിക്കുന്നുണ്ട്. വി.പൗലോസ് ശ്ലീഹായുടെ ഉയര്‍ത്തെഴുന്നേറ്റ 'ആത്മീയശരീരം' (1 കോറി, 15:40) എന്ന പ്രതിപാദനം ഇതിന് ഉദാഹരണമാണ്. എല്ലാ മനുഷ്യരുടെയും ഉയര്‍പ്പ് സുനിശ്ചിതമാണ്. ക്രിസ്തുവിന്‍റെ ഉയിര്‍പ്പാണ് എല്ലാ മനുഷ്യരുടെയും ഉയര്‍പ്പിന്‍റെ അച്ചാരവും ആണിക്കല്ലും. ലോകവസാനത്തില്‍ സാര്‍വ്വത്രിക ഉയിര്‍പ്പ് നടക്കുമെന്ന് കത്തോലിക്കാസഭ വിശ്വസിക്കുന്നു. മരണാനന്തരം എല്ലാവരുടെയും വിധി നടക്കും. ജീവിതത്തില്‍ നിരന്തരം നടക്കുന്ന ഒരു കാര്യമാണ് വിധി. ക്രിസ്തുവിനെ സ്വീകരിക്കുക അല്ലെങ്കില്‍ തിരസ്കരിക്കുക അതാണ് വിധി.
'ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ, ചെവികള്‍ കേള്‍ക്കുകയോ, മനുഷ്യ മനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, നമുക്ക് അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തരുന്നു' (1 കോറി 2:9-10). മനുഷ്യവ്യക്തികളുടെയും സൃഷ്ടപ്രപഞ്ചം മുഴുവന്‍റെയും ആത്യന്തികമായ ലക്ഷ്യത്തെക്കുറിച്ച് പരിശുദ്ധാത്മാവ് ബൈബിളിലൂടെയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനത്തിലൂടെയും വെളിപ്പെടുത്തി തന്നിട്ടുള്ള കാര്യങ്ങളാണ് നാമിവിടെ വിശദീകരിക്കുന്നത്. മരിച്ച മനുഷ്യന് എന്ത് സംഭവിക്കുന്നു? ശുദ്ധീകരണസ്ഥലം ഉള്ളതാണോ? മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് എന്ത് പ്രസക്തിയാണുള്ളത്? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ നമ്മെ അലട്ടുന്നുണ്ട്. മരണവും മരണാനന്തരജീവിതവും നമുക്ക് അഗ്രാഹ്യമാണ് പക്ഷേ ദൈവം പടിപടിയായി തിരുവചനങ്ങളിലൂടെ യുഗാന്ത്യരഹസ്യങ്ങള്‍ നമുക്ക് വെളിപ്പെടുത്തി തരുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ ഇതിന്‍റെ പൂര്‍ണ്ണത നമുക്ക് ദര്‍ശിക്കാനാവും.
വ്യക്തിയുടെ അന്ത്യം
മരണം എന്നതിനെ ഒരു വ്യക്തിയുടെ സ്വഭാവിക അന്ത്യമായും പാപത്തിന്‍റെ പരിണിതഫലമായും നമുക്ക് കാണാനാവും. ക്രിസ്തുവിന്‍റെ മരണം എല്ലാവരെയും മരണത്തില്‍ നിന്നും രക്ഷിച്ചു. പാപമാണ് മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം .പരിശുദ്ധദൈവമാതാവ് പാപമില്ലാത്തവളായിരുന്നതിനാല്‍
മരിച്ച് മണ്ണോട് ചേരാതെ സ്വര്‍ഗ്ഗാരോപണം ചെയ്തു. ഹെബ്രയാര്‍ക്കുള്ള ലേഖനത്തില്‍ നാം വായിക്കുന്നു, 'മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു' (ഹെബ്രാ 9:27-28).
ക്രിസ്തുവിലൂടെ മരണത്തില്‍മേല്‍ നാം വിജയം നേടി എങ്കിലും ഗദ്സമെനിലെയും ഗാഗുല്‍ത്തായിലെയും ക്രിസ്തുവിന്‍റെ മരണവേദന സൂചിപ്പിക്കുന്നത് പാപത്തിന്‍റെ കാഠിന്യമാണ്. യേശുവിന്‍റെ പ്രവര്‍ത്തി പറൂദീസയില്‍ നടന്നതിന് എതിരാണ്; ദൈവഹിതത്തിന് തന്നെതന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ച യേശുവിന്‍റെ ഉത്ഥാനത്തിലൂടെ പാപം നിര്‍വീര്യമാക്കപ്പെട്ടു.
ക്രൈസ്തവന്‍റെ മരണം
മാമോദീസായിലൂടെയും ക്രൈസ്തവ ജീവിതത്തിലൂടെയും മരണത്തിലൂടെയും ക്രിസ്തുവിന്‍റെ ജീവിതത്തില്‍ നാം പങ്കുചേരുന്നു. പഴയമനുഷ്യനെ ഉരിഞ്ഞ് മാറ്റി പുതിയമനുഷ്യനെ ധരിക്കുന്നു. ഈശോ തന്‍റെ ശിഷ്യന്മാരോട് പറയുന്നു 'തന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവന്‍ അത് നഷ്ടപ്പെടുത്തും, എന്നാല്‍ തന്‍റെ ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ നിലനിര്‍ത്തും' (ലൂക്കാ 17:23; മത്താ 10:39).
ക്രൈസ്തവന്‍റെ മരണം ജീവിതാവസാനമല്ല, ജീവിതത്തിന്‍റെ പൂര്‍ത്തീകരണമാണ്. ക്രൈസ്തവന്‍ തന്‍റെ ജീവിതം ഒരു ബലിയായി അര്‍പ്പിക്കുന്നു. അവന്‍റെ മരണം നിത്യജീവിതത്തിലേക്കുള്ള ജനനമാണ്. ഉദാഹരണമായി, വിശുദ്ധരുടെ മരണദിനം അവരുടെ തിരുനാളായി സ്വര്‍ഗ്ഗത്തിലേക്കുള്ള ജന്മദിനമായി സഭ ആചരിക്കുന്നു. യേശു എല്ലാവരെയും നിത്യജീവിതത്തിലേക്ക് കൂട്ടി ചേര്‍ക്കുന്നു. രോഗിലേപനവും വിശുദ്ധകുര്‍ബ്ബാനയും നമ്മുടെ ശരീരത്തെ വിശുദ്ധീകരിച്ച് കര്‍ത്താവിനോടൊപ്പമുള്ള ബലിക്ക് തയ്യാറാക്കുന്നു. വി. കുര്‍ബ്ബാന സ്വര്‍ഗ്ഗീയ യാത്രയ്ക്കുള്ള ആഹാരമാണ്, (Viaticum-തിരുപ്പാഥയം). വി.യോഹന്നാന്‍റെ സുവിശേഷത്തില്‍ നാം വായിക്കുന്നു, "എന്‍റെ ശരീരം ഭക്ഷിക്കുകയും, എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കൂം" (യോഹ 6:54).
തനതുവിധി
നിത്യതയിലേക്കുള്ള മനുഷ്യന്‍റെ തീര്‍ത്ഥാടനം മരണത്തോടെ അവസാനിക്കുന്നു. മരണാവസരത്തില്‍ തന്നെ വ്യക്തിപരമായ വിധി നടക്കുന്നു. നീതിമാന് നിത്യസൗഭാഗ്യവും ദുഷ്ടന് നിത്യശിക്ഷയും നല്‍കുന്നു. ലഘുപാപങ്ങള്‍ ചെയ്തവര്‍ക്ക് അതില്‍ നിന്നുള്ള മോചനത്തിനായി ശുദ്ധീകരണസ്ഥലം ലഭിക്കുന്നു. വ്യക്തിയുടെ അന്ത്യത്തെക്കുറിച്ചുള്ള വിധി നിര്‍ണ്ണയം 'തനതുവിധി' എന്നറിയപ്പെടുന്നു. യുഗാന്ത്യത്തില്‍ സംഭവിക്കാന്‍ ഇരിക്കുന്ന പൊതുവിധിയില്‍ നിന്നും വ്യത്യസ്തമാണിത്.
സ്വര്‍ഗ്ഗം
വി.ആഗതീനോസ് പറയുന്നു: 'നാം അവിടത്തെ നേടുമ്പോള്‍ അവിടുന്ന് നമ്മുടെ സ്വര്‍ഗ്ഗമാകുന്നു. നഷ്ടപ്പെടുത്തുമ്പോള്‍ നമ്മുടെ നരകവും'. 'നീതിമാന്മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല....... അവരാകട്ടെ ശാന്തി അനുഭവിക്കുന്നു' (ജ്ഞാനം 3:1-3). സ്വര്‍ഗ്ഗമെന്ന പദത്തിന് ദൈവീക സാന്നിദ്ധ്യം, ദൈവം എന്നീ പര്യായപദങ്ങളുണ്ട്. ആയതിനാല്‍ സ്വര്‍ഗ്ഗമെന്ന് പറഞ്ഞാല്‍ ദൈവമാണ്. യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്ന് പറയുമ്പോള്‍ പിതാവിന്‍റെ മഹത്വത്തില്‍ പ്രവേശിച്ചു എന്ന് അര്‍ത്ഥമാകുന്നു (അപ്പ. 2:36; യോഹ. 13:1). ദൈവത്തിന്‍റെ പൈതൃകവാത്സല്യം അനന്തമായി അനുഭവിക്കുകയും അവിടത്തെ സാന്നിദ്ധ്യത്തില്‍ ആനന്ദിക്കുകയും ചെയ്യുന്ന അവസ്ഥയെ സ്വര്‍ഗ്ഗത്തിലായിരിക്കുക എന്ന് വിളിക്കുന്നു. മരിച്ചവര്‍ക്ക് ഉടനെതന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുമെന്ന് യേശു പഠിപ്പിച്ചിട്ടുണ്ട്. നല്ല കള്ളന്‍റെയും, ലാസറിന്‍റെയും സംഭവം ഇത് വിശദമാക്കുന്നു (ലൂക്കാ 23:43, 16:22-25).
മരണാനന്തരം ലഭിക്കുന്ന ഒന്നുമാത്രമല്ല സ്വര്‍ഗ്ഗാനുഭവം അത് ഈ ഭൂമിയില്‍ തന്നെ ആരംഭിക്കുന്നു. മനുഷ്യര്‍ പരസ്പരം സ്നേഹിച്ചും പങ്കുവെച്ചും ദൈവീക സാന്നിദ്ധ്യത്തില്‍ ജീവിക്കുന്നിടത്ത് ഇതിന്‍റെ മുന്നാസ്വാദനം ലഭിക്കുന്നു. ഒരു നല്ല കുടുംബം ഭൂമിയിലെ സ്വര്‍ഗ്ഗമാണ്. നന്മചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം സ്വര്‍ഗ്ഗീയാനുഭവത്തിന്‍റെ മുന്നാസ്വാദനമാണ്.
നരകം
കഠിനപാപികള്‍ നിത്യശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. മണവറയില്‍ പ്രവേശനം നിഷേധിക്കപ്പെടുക (മത്താ 25:11), വിരുന്നുശാലയില്‍ നിന്നും പുറന്തള്ളപ്പെടുക (മത്താ 25:30), പുറത്തുള്ള അന്ധകാരത്തിലേക്ക് വലിച്ചെറിയപ്പെടുക (മത്താ 7:27) എന്നീ പരാമര്‍ശങ്ങള്‍ ഉദാഹരണങ്ങളാണ്. നരകത്തെ സൂചിപ്പിക്കുവാന്‍ ഗേഹെന്നാ എന്ന പദമാണ് യേശു കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ജറുസലെം പട്ടണത്തിനടുത്തുള്ള ബെന്‍ഹിന്നോം താഴ്വരയുടെ ഒരു പര്യായമാണ് ഗേഹെന്നാ. ബി.സി. 527-ല്‍ ജറുസലെം നശിപ്പിക്കപ്പെട്ടപ്പോള്‍ ഈ താഴ്വരയില്‍ ശവങ്ങള്‍ നിറഞ്ഞു. പിന്‍കാലത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ടുകത്തിക്കുന്ന ഒരു സ്ഥലമായി മാറി അത്. അവിടെ എപ്പോഴും നീറിപുകയുന്ന തീ ഉണ്ടായിരുന്നു. മാര്‍ക്കോസിന്‍റെ സുവിശേഷം 9:48 ഈ വിവരണത്തില്‍ നിന്നും രൂപപ്പെട്ടതാണ്.
ശുദ്ധീകരണസ്ഥലം
ശുദ്ധീകരണസ്ഥലം കത്തോലിക്കാ വിശ്വാസത്തിന്‍റെ ഭാഗമാണ്. മരണാവസ്ഥയില്‍ ദൈവത്തോട് ഐക്യത്തില്‍ കഴിയുന്നവരെങ്കിലും പാപത്തിന്‍റെ കെട്ടുപാടുകളില്‍ നിന്ന് പൂര്‍ണമായും വിമുക്തരല്ലാത്തവര്‍ക്ക്, പൂര്‍ണ്ണമായ ശുദ്ധീകരണം പ്രാപിച്ചതിനുശേഷമേ ദൈവസന്നിധിയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളു എന്ന വിശ്വാസമാണ് ശുദ്ധീകരണസ്ഥലം എന്ന ആശയത്തിന്‍റെ അടിസ്ഥാനം. ജീവിച്ചിരിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ മരിച്ചവരെ സഹായിക്കാന്‍ കഴിയും. തന്മൂലം ശുദ്ധീകരണസ്ഥലമെന്നത് ഒരു വ്യക്തിയുടെ മരണത്തിനും സ്വര്‍ഗ്ഗപ്രവേശനത്തിനും മദ്ധ്യേയുള്ള ഒരവസ്ഥയായി കണക്കാക്കപ്പെടുന്നു.
വി.ഗ്രന്ഥത്തില്‍ ശുദ്ധീകരണാവസ്ഥയെ സാധൂകരിക്കുന്ന സൂചനകളുണ്ട്. 2 മക്ക 12:18-46; മത്താ 5:26: 12:32;1 കോറി 3:11-15 എന്നീ വചന ഭാഗങ്ങള്‍ ഈ വിശ്വാസത്തിന് ഉപോദ്ബലകമായി ഉദ്ധരിക്കാറുണ്ട്. "മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിനു വേണ്ടി അവന്‍ (യുദാസ് മക്കബായന്‍) പാപപരിഹാരകര്‍മ്മം അനുഷ്ഠിച്ചു" (2 മക്ക 12;46). മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വി. ഗ്രന്ഥാധിഷ്ഠിതമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ. പരിശുദ്ധാത്മാവിനെ ദൂഷണം പറയുന്നവരോട് ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ലെന്ന് സത്യം തന്നെയായവന്‍ പറയുന്നു. ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും എന്നാല്‍ മറ്റു ചിലത് വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടുകയില്ല. ഈ വാചകത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നു (മത്താ 12:31).
ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മില്‍ സജീവമായ ഒരു ബന്ധം നിലനില്‍ക്കുന്നുവെന്ന ബോധ്യവും (പുണ്യവാന്‍മാരുടെ ഐക്യം) മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ക്രൈസ്തവര്‍ക്ക് പ്രചോദനമായിത്തീര്‍ന്നു.
ആരംഭകാലം മുതല്‍ സഭ മരിച്ചവരുടെ അനുസ്മരണത്തെ ആദരിക്കുകയും അവര്‍ക്കുവേണ്ടി പരിഹാര പ്രാര്‍ത്ഥനകള്‍ സര്‍വ്വോപരി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. മരിച്ചവര്‍ക്കുവേണ്ടിയുള്ള ധര്‍മ്മദാനം, പ്രായശ്ചിത്ത പ്രവൃത്തികള്‍ എന്നിവയും സഭ പ്രോത്സാഹിപ്പിക്കുന്നു. (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം (1030-1032)).
പ്രൊട്ടസ്റ്റന്‍റ് സഭകള്‍, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന പാടെ നിരാകരിക്കാന്‍ കാരണം രക്ഷയെപ്പറ്റിയുള്ള അവരുടെ കാഴ്ചപ്പാടാണ്: കൃപയാലാണ് രക്ഷ സാധിതമാകുന്നത്. മനുഷ്യന്‍റെ പ്രവൃത്തിയിലല്ല. അതിനാല്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതു നിരര്‍ത്ഥകമാണെന്ന് അവര്‍ വാദിക്കുന്നു.
കര്‍ത്താവിന്‍റെ ദിവസം
ഞായറാഴ്ച കര്‍ത്താവിന്‍റെ ദിവസമായി നാം ആചരിക്കുന്നു. അതിനു കാരണം യേശു ആ ദിവസം ഉത്ഥാനം ചെയ്തുവെന്നുള്ളതാണ്. ഞായറാഴ്ച ആചരിക്കുമ്പോള്‍ യേശുവിന്‍റെ ഉത്ഥാനത്തിന്‍റെ ഓര്‍മ്മ ആചരിക്കുക മാത്രമല്ല, പുതിയ യുഗത്തിന്‍റെ പൂര്‍ത്തീകരണത്തിലുള്ള പ്രത്യാശ ഏറ്റുപറയുകയും ചെയ്യുന്നു. ഈ പൂര്‍ത്തീകരണം അഞ്ച് കാര്യങ്ങള്‍ ഉള്‍കൊള്ളുന്നു. 1) ലോകത്തിന്‍റെ രൂപാന്തരീകരണം. 2) മരിച്ചവരുടെ പുനരുത്ഥാനം. 3) കര്‍ത്താവിന്‍റെ ആഗമനം. 4) പൊതുവിധി. 5) നിത്യഭാഗ്യം.
ലോകത്തിന്‍റെ അവസാനം ശൂന്യതമാത്രമെന്ന് വിചാരിക്കുന്നവരും ലക്ഷ്യമില്ലാത്ത ആവര്‍ത്തനമാണെന്ന് വിചാരിക്കുന്നവരും ഈ ലോകത്തില്‍ ഉണ്ട്. കാലചക്രം, ചക്രംപോലെ തിരിയുകയല്ല ഒരു ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയാണ്. ഈ ലോകം മുഴുവന്‍ തീര്‍ത്ഥാടകരെ പോലെ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന് വെളിപാടുകളിലൂടെ സഭ പഠിപ്പിക്കുന്നു. ആധുനിക ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയും വികാസവുമെല്ലാം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. ദൈവം എല്ലാത്തിനും ആരംഭം കുറിച്ചു. എല്ലാം ദൈവത്തില്‍ അവസാനിക്കുന്നു.
യേശുവിന്‍റെ പെസഹാ രഹസ്യത്തിലൂടെ, അതായത് മരണത്തിലൂടെയും ഉയിര്‍പ്പിലൂടെയും ലോകം രക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതു പോലെ ലോകം മുഴുവന്‍ മരിച്ച് ഉയിര്‍ക്കണം; ഇതാണ് ലോകാവസാനം (മര്‍ക്കോ 13:24-25; വെളി 6:13-14). എന്നാല്‍ മരണം ലോകത്തിന്‍റെ അവസാനമല്ല പുതിയ ജീവിതത്തിന്‍റെ തുടക്കം മാത്രമാണ്. ലോകാവസാനം സമ്പൂര്‍ണ്ണ നാശമല്ല, സമ്പൂര്‍ണ്ണ നവീകരണമാണ്. പൗലോസ് ശ്ലീഹാ പറയുന്നു 'സമസ്ത സൃഷ്ടികളും ഒന്നുചേര്‍ന്ന് ഇതുവരെയും ഈറ്റുനോവ് അനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നുവെന്ന് നമുക്ക് അറിയാം' (റോമ. 8:22). പുതിയ ജനനത്തിനു വേണ്ടി എല്ലാവരും കാത്തിരിക്കുന്നു. എന്നാല്‍ എങ്ങനെയെന്നോ, എപ്പോഴെന്നോ, ദൈവം മാത്രമേ അറിയുന്നുള്ളു.
വിശ്വാസപ്രമാണത്തിന്‍റെ ഭാഗമാണ് മരിച്ചവരുടെ പുനരുത്ഥാനം. പഴയനിയമത്തില്‍ ഏശ 26:19; 2 മക്കാ 7; 12:44 എന്നിവയും പുതിയ നിയമത്തില്‍ യോഹ 5:29 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് പഠിപ്പിക്കുന്നു. യേശുവിന്‍റെ പുനരുത്ഥാനമാണ് മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനം (1 കോറി 15:12-19). ഈ ഭൂമിയില്‍ ജീവിക്കുന്ന അതേ ശരീരമായിരിക്കും ഉയര്‍പ്പിക്കപ്പെടുക. എന്നാല്‍ അത് രൂപാന്തരീകരിക്കപ്പെട്ടതായിരിക്കും, നമ്മുടെ മരിച്ച ശരീരം തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്‍റെ കൈകളിലെ ആണിപഴുതുകളും തിരുവിലാവിലെ മുറിവും ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ രൂപാന്തരീകരണം സംഭവിച്ച ശരീരം സ്ഥലകാലപരിമിതിക്ക് അതീതമാണ്.
അവസാന വിധി ദിവസം ക്രിസ്തു സകലപ്രതാപത്തോടും കൂടി മടങ്ങിവരും 'ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കി കഴിയുമ്പോള്‍ ഞാനായിരിക്കുന്നിടത്ത് നിങ്ങളുമായിരിക്കേണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും' (യോഹ 14:3). കര്‍ത്താവിന്‍റെ രണ്ടാം വരവിനെ പരുസിയ എന്നാണ് പുതിയനിയമം വിശേഷിപ്പിക്കുന്നത് രാജാവോ യുദ്ധത്തില്‍ ജയിച്ച സേനാധിപനോ സാഘോഷം നഗരത്തില്‍ പ്രവേശിക്കുന്നതിനെ സൂചിപ്പിക്കാന്‍ വേണ്ടി ഗ്രീക്കുകാരും റോമാക്കാരും ഉപയോഗിച്ചിരുന്ന ഒരു ഗ്രീക്ക് പദമാണിത്. ദൈവത്തിന് വിരുദ്ധമായി നില്‍ക്കുന്ന സകല ശത്രുക്കളുടെയും മേല്‍ പരിപൂര്‍ണ്ണ വിജയം നേടിയ കര്‍ത്താവ് തന്നെ മഹത്വത്തില്‍ എഴുന്നള്ളുന്നുവെന്ന് ഈ പദം സൂചിപ്പിക്കുന്നു. എന്നാല്‍ സമയം പിതാവായ ദൈവത്തിന് മാത്രമറിയാം ആയതിനാല്‍ ജാഗരൂകരായിരിക്കുവാന്‍ വി.ലൂക്കാ സുവിശേഷകന്‍ ഓര്‍മ്മിപ്പിക്കുന്നു (ലൂക്കാ 21:34;36).
'മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും' (മത്താ. 25:31-32). യേശു ലോകം മുഴുവന്‍റെയും വിധികര്‍ത്താവാണ്. പഴയ നിയമത്തില്‍ സങ്കീ 98:7-8; ഉം പുതിയനിയമത്തില്‍ അപ്പ 17:31; എഫേ 1:10; മത്താ 25:32-40; 1 കോറി 15:28 എന്നിവയും ദൈവത്തെ വിധികര്‍ത്താവായി ചിത്രീകരിക്കുന്നു. ആദിയില്‍ ആകാശവും, ഭൂമിയും സൃഷ്ടിച്ചവന്‍ തന്‍റെ പദ്ധതി പൂര്‍ത്തികരിച്ചു കഴിയുമ്പോള്‍ അവസാനമില്ലാത്ത ആനന്ദത്തിന്‍റെ പുതിയ യുഗം ആരംഭിക്കുകയായി.
ദൈവരാജ്യത്തിന്‍റെ പൂര്‍ത്തീകരണമാണിത്. മനുഷ്യഹൃദയത്തിന്‍റെ തീവ്രമായ ആഗ്രഹം ദൈവത്തിനു വേണ്ടിയാണ്. 'നീര്‍ചാല്‍ തേടുന്ന മാന്‍പേടയെ പോലെ ദൈവമേ, എന്‍റെ ഹൃദയം അങ്ങയെ തേടുന്നു; എന്‍റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു' (സങ്കീ 42;1). യേശുവിന്‍റെ വരവിനായി നാം എല്ലാവരും കാത്തിരിക്കുന്നു. 'നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്ന് ഞാന്‍ കരുതുന്നു' (റോമാ 8, 18). വിശ്വാസത്തില്‍ നിന്നു ലഭിക്കുന്ന ശക്തിയോടെ, പ്രത്യാശയില്‍ നിന്നുയരുന്ന ധൈര്യത്തോടെ, ദൈവരാജ്യത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്ന ക്രിസ്തുശിഷ്യന്‍റെ പ്രാര്‍ത്ഥനയിതാണ്: 'മാറാനാത്താ-കര്‍ത്താവായ യേശുവേ, വരണമേ!' (വെളി 22,20).
Epoch-making theology theology catholic study Bishop Joseph Kallarangatt Eschatology Parousia particular judgment final judgment heaven hell purgatory gehenna the second coming of Jesus Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206