x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ക്രിസ്തുവിജ്ഞാനീയത്തിൽനിന്നും പാരിസ്ഥിതികപാഠങ്ങൾ

Authored by : Saji Mathew Kanayinkal CST On 29-May-2021

ക്രിസ്തുവിജ്ഞാനീയത്തിൽനിന്നും പാരിസ്ഥിതികപാഠങ്ങൾ                                                                                                                 
സമകാലികലോകത്തെ മഥിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ലോകം ഇന്ന് വേണ്ടത്ര അറിവ് നേടിയിട്ടുണ്ട്. എങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളോടുള്ള സമീപനത്തില്‍ നാം വേണ്ടത്ര ജാഗരൂകത കാട്ടുന്നില്ല. അന്തരീക്ഷത്തില്‍ അനുവദനീയമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ പരമാവധി അളവായ 400ppm 2013 മെയ് മാസത്തില്‍ പിന്നിട്ടതിനെപ്പറ്റിയുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ എത്ര ശുഷ്ക്കമായിരുന്നു.[1 ]പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നും നാം കരയേറണമെങ്കില്‍ കേവലം ശാസ്ത്ര സാമൂഹിക രാഷ്ട്രീയ അറിവുകള്‍ക്ക് അതീതമായ ഒരു ധാര്‍മ്മിക ദര്‍ശനവും പ്രപഞ്ചത്തെക്കുറിച്ചുള്ള ആഴമേറിയ അവബോധവും അനിവാര്യമാണെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു[2]. മനുഷ്യന് പ്രപഞ്ചത്തോടുള്ള അടിസ്ഥാനസമീപനങ്ങള്‍ക്ക് ഉണ്ടാവുന്ന മാറ്റം കൊണ്ടുമാത്രമേ പ്രപഞ്ചത്തിന്‍റെ നഷ്ടമായ താളക്രമത്തെ വിണ്ടെടുക്കാന്‍ കഴിയൂ. നാം രൂപീകരിക്കുന്ന കാഴ്ചപ്പാടുകളും, പങ്കുവയ്ക്കുന്ന ദര്‍ശനങ്ങളും, വിശകലനം ചെയ്യുന്ന താത്വികാപഗ്രഥനങ്ങളും, മനനം ചെയ്യുന്ന ദൈവശാസ്ത്രചിന്തകളുമെല്ലാമാണ് പ്രപഞ്ചത്തോട് പുതിയ സമീപനരീതികള്‍ സ്വീകരിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നു. മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിലേയ്ക്കുള്ള ഒരു മടക്കയാത്രയും, ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ഒരു പുനര്‍വായനയും നവമായ പാരിസ്ഥിതികദര്‍ശനങ്ങള്‍ക്ക് ജന്മമരുളുവാന്‍ പര്യാപ്തമാണ് എന്ന ചിന്തയാണ് ഈ ലേഖനത്തിന് ആധാരം.

1. ക്രിസ്തുവും പ്രപഞ്ചസൃഷ്ടിയും                                                                                                                                                            
പുതിയനിയമത്തിലെ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പ്രഥമപാഠം സൃഷ്ടി- സ്രഷ്ടാവ് ബന്ധമാണ്. വി. ഗ്രന്ഥത്തിലെ ആദ്യപുസ്തകത്തിലെ പ്രഥമ അദ്ധ്യായംതന്നെ സൃഷ്ടി-സ്രഷ്ടാവ് ബന്ധമെന്തെന്നുള്ള അന്വേഷണത്തിന്‍റെ ഉത്തരമാണ്. പ്രപഞ്ചവും അതിലുള്ള സമസ്തവും ശൂന്യതയില്‍നിന്നും വചനത്താല്‍ ഉരുവാക്കപ്പെട്ടു എന്ന് വിശുദ്ധ ഗ്രന്ഥകാരന്‍ സാക്ഷിക്കുമ്പോള്‍ പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പിന്‍റെ ആദികാരണമായി ദൈവത്തിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണ് ചെയ്യുന്നത്. ഉണ്ടായിട്ടുള്ളതെല്ലാം അവന്‍ വഴിയെന്നു സ്ഥാപിക്കുമ്പോള്‍ പ്രപഞ്ചത്തിന്‍റെ രൂപകല്പനയ്ക്കും നിലിനില്പിനും സ്രഷ്ടാവായ ദൈവമാണ് കാരണമെന്ന് അര്‍ത്ഥശങ്കയില്ലാതെ വിശുദ്ധ ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. പഴയനിയമത്തിലെ ഈ സൃഷ്ടി-സ്രഷ്ടാവ് ബന്ധത്തിന് പുതിയനിയമത്തില്‍ മാറ്റം വരുന്നില്ലെങ്കിലും പിതൃകേന്ദ്രീകൃതമായ (ദൈവകേന്ദ്രീകൃതമായ/യാഹ്വേ കേന്ദ്രീകൃതമായ) പഴയനിയമപാഠങ്ങളെ ത്രിത്വത്തിന്‍റെ വിശാലതയില്‍ ആവിഷ്കരിക്കാനാണ് പുതിയനിയമം ശ്രദ്ധിക്കുന്നത്. പുതിയനിയമത്തിലെ സൃഷ്ടിവിവരണങ്ങളില്‍ ത്രിത്വത്തിന് സൃഷ്ടികര്‍മ്മത്തിലുള്ള പങ്കാളിത്തത്തിന് പ്രാമുഖ്യം നല്കുന്നു. പരിശുദ്ധ ത്രിത്വത്തിന് സൃഷ്ടിയിലുള്ള പങ്കുചേരലിന് പ്രാധാന്യം നല്കുമ്പോഴും പഴയനിയമപാഠങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമോ നവീനമോ ആയ കണ്ടത്തലുകള്‍ പുതിയനിയമം നല്കുന്നില്ല എന്നതാണ് ശരി. ഉല്പ്പത്തി ഗ്രന്ഥകാരന്‍റെ ഭാഷ്യത്തില്‍ സൃഷ്ടി ദൈവവചനത്തിന്‍റെ ആവിഷ്കാരമാണ്.

'ഉണ്ടാകട്ടെ', 'വേര്‍തിരിക്കപ്പെടട്ടെ' എന്നീ വചനങ്ങളാല്‍ (ഉല്‍ 1:3,6,7, 9,14) പ്രപഞ്ചത്തിന്‍റെ പ്രഥമരൂപകല്പന പൂര്‍ത്തിയായി. വചനത്തിലൂടെ സമസ്തവും ഉണ്ടായിയെന്നുള്ള പഴയനിയമ ദര്‍ശനത്തെ വചനം ആദിമുതല്‍ ഉണ്ടായിരുന്നെന്നും, അവന്‍ ദൈവമായിരുന്നെന്നും, അവന്‍ വഴി സമസ്തവുമുണ്ടായിയെന്നും കീര്‍ത്തിച്ചുകൊണ്ട് യോഹന്നാന്‍ ക്രിസ്തുവിനെ അവതരിപ്പിക്കുന്നു. ഈ അവതരണത്തില്‍ സൃഷ്ടിയുടെ ആദികാരണത്തിന്‍റെ പൊരുള്‍ നിവരുകയാണ്. പിതാവും പുത്രനും തമ്മിലുള്ള ഈ ബന്ധം കാലദേശങ്ങള്‍ക്ക് അതീതമായി നില്‍ക്കുന്ന ഒന്നാണ്; പ്രപഞ്ചത്തിന്‍റെ പ്രഥമസൃഷ്ടിയ്ക്കും മുന്‍പേയുള്ള യാഥാര്‍ത്ഥ്യമാണ്.
യോഹന്നാന്‍റെ ഈ വചനകീര്‍ത്തനത്തില്‍ ക്രിസ്തുവും പ്രപഞ്ചവും തമ്മിലുള്ള ആഴമേറിയ ബന്ധമാണ് ലീനമായിരിക്കുന്നത് (യോഹ 17:5, 17:24, 1 പത്രോ 1:20, എഫേ 1:4, 1 യോഹ 1:1, 2,13).
ആദിമുതലേയുള്ളവനാകയാല്‍ അവന്‍ മൂലമാണ് സമസ്തവും സൃഷ്ടിക്കപ്പെട്ടത്; സൃഷ്ടിയും തുടക്കവും അവന്‍ തന്നെ. ഉണ്ടായിട്ടുള്ളതെല്ലാം അവന്‍വഴിയാണെന്ന് യോഹന്നാന്‍ സമര്‍ത്ഥിക്കുമ്പോള്‍, സമസ്തസൃഷ്ടിയുടേയും മകുടമായി ക്രിസ്തുവിനെ പ്രതിഷ്ഠിക്കുന്നു. ക്രിസ്തുവഴിയാണ് എല്ലാം സൃഷ്ടിക്കപ്പെട്ടത് എന്ന് അംഗീകരിക്കുന്നതോടൊപ്പം പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും ആധാരമായി ക്രിസ്തുവിനെ ദര്‍ശിക്കുന്ന ഒരു പ്രപഞ്ചവീക്ഷണവും ഇവിടെ ഉരുത്തിരിയുന്നുണ്ട്.

സൃഷ്ടിയുടെ തുടക്കമെന്നതുപോലെ സൃഷ്ടിക്കപ്പെട്ടതിനെയെല്ലാം ഭരിക്കുന്നതും നിയന്ത്രിക്കുന്നതും അവനാണ്. ക്രിസ്തുകേന്ദ്രീകൃതമായ ഈ പ്രപഞ്ചദര്‍ശനത്തെ വ്യാഖ്യാനിക്കുന്ന വിന്‍സെന്‍റ് എ. ഹന്‍സോടോ അഭിപ്രായപ്പെടുന്നതുപോലെ, "ആദിമുതല്‍ സൃഷ്ടികര്‍മ്മത്തില്‍ പങ്കെടുത്തുവെന്നു മാത്രമല്ല അവന്‍തന്നെയാണ് സൃഷ്ടിയുടെ ലക്ഷ്യവും, അവസാനവും"[3]. ക്രിസ്തുവിനെ പ്രപഞ്ചസ്രഷ്ടാവായി കാണുന്ന ഈ പ്രപഞ്ചദര്‍ശനത്തിന്‍റെ സാരം നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്, ക്രിസ്തു ആദിമുതല്‍ പ്രപഞ്ചത്തില്‍ ലീനമായിരുന്നു. രണ്ട്, അവന്‍ ആദിമുതലേ പ്രപഞ്ചത്തിലുണ്ടായിരുന്നതുകൊണ്ട് ഈ പ്രപഞ്ചത്തില്‍ ഇന്നുള്ളതെല്ലാം അവനില്‍ നിന്നുമാണ് അസ്തിത്വം സ്വീകരിച്ചിരിക്കുന്നത്. മൂന്ന്, അവനില്‍ നിന്നും അസ്തിത്വം സ്വീകരിച്ചിരിക്കുന്ന ഈ പ്രപഞ്ചത്തിലെ ചരാചരങ്ങള്‍ക്ക് അവനില്‍നിന്ന് വേര്‍തിരിഞ്ഞ അസ്തിത്വമില്ല: അവന്‍തന്നെയാണ് അവയുടെ പരമമായ ലക്ഷ്യവും. നാല്, സമസ്ത ജീവജാലങ്ങളും, പ്രപഞ്ചം തന്നെയും ക്രിസ്തുവില്‍ നിന്നായതുകൊണ്ട് ഈ പ്രപഞ്ചമൊന്നാകെ അതിന്‍റെ നിലനില്‍പ്പിനായും, പൂര്‍ത്തീകരണത്തിനായും ക്രിസ്തുവിനെ ആശ്രയിക്കുന്നു. അവന്‍റെ സ്നേഹവും, സാന്നിദ്ധ്യവും കരുതലുമില്ലെങ്കില്‍ പ്രപഞ്ചത്തിന് നിലനില്‍ക്കാനാവില്ല.

ക്രിസ്തുകേന്ദ്രീകൃതമായ പ്രപഞ്ചത്തെക്കുറിച്ചുള്ള പാഠങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ച് പുതിയ അവബോധം നമ്മില്‍ നിറയ്ക്കുവാന്‍ പര്യാപ്തമാണ്. ക്രിസ്തുവില്‍ അടിസ്ഥാനമിട്ടിരിക്കുന്നതും, അവനില്‍ ആധാരമുറപ്പിച്ചരിക്കുന്നതുമായ ഈ പ്രപഞ്ചത്തെ മാനിക്കുവാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് ഉത്തരവാദിത്വവും കടമയുമുണ്ട്. ഈ അര്‍ത്ഥത്തില്‍ പാരിസ്ഥിതികമായ നമ്മുടെ ഉത്തരവാദിത്വം കേവലം ഭൗതികാര്‍ത്ഥത്തില്‍ എന്നതിലല്ല, മറിച്ച് നമ്മുടെ ആത്മീയവും ദൈവശാസ്ത്രപരവുമായ ഒരു പ്രത്യുത്തരമാണ് എന്ന് സാരം. ഇവിടെ ഒരാള്‍ പ്രകൃതിയെ മാനിക്കുന്നതിനുള്ള പ്രധാനമായ കാരണം അതിന്‍റെ അസ്തിത്വത്തെ ആധാരമാക്കിയാണ്. ഇന്നുദിച്ചിരിക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ലെങ്കില്‍കൂടി, ഈ പ്രപഞ്ചം ദൈവത്താല്‍/ക്രിസ്തുവാല്‍ സൃഷ്ടിക്കപ്പെട്ടു എന്ന ഒറ്റക്കാരണത്താല്‍ നാം ഈ പ്രപഞ്ചത്തെ ബഹുമാനിച്ചേ പറ്റൂ. ഇത് പ്രകൃതിയോടുള്ള എന്‍റെ സ്ഥായിയായ ഒരു മനോഭാവവും, സമീപനരീതിയുമായി മാറേണ്ടിയിരിക്കുന്നു.

2. മനുഷ്യാവതാരവും പാരിസ്ഥിതികചിന്തകളും                                                                                                                                   
സൃഷ്ടാവായ ദൈവം തന്നെത്തന്നെ പ്രപഞ്ചസാകല്യതയിലേയ്ക്ക് സമന്വയിപ്പിച്ചതിന്‍റെ മൂര്‍ത്തമായ ആവിഷ്കാരമാണ് മനുഷ്യാവതാരം. ചുരുക്കത്തില്‍, പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെയാളായ വചനത്തിന്‍റെ തികച്ചും വ്യക്തിപരമായ പ്രവൃത്തി (personal act) കൂടിയാണിത്. ഈ വചനം മാംസം ധരിച്ച് നമ്മുടെയിടയില്‍ വസിച്ചു (യോഹ1,19) എന്ന് യോഹന്നാന്‍ രേഖപ്പെടുത്തുമ്പോള്‍ ദൈവം തന്‍റെ പൂര്‍ണ്ണതയില്‍ പ്രപഞ്ചത്തിന്‍റെ സമസ്തഭാവങ്ങളിലേയ്ക്കും ഇറങ്ങിവന്നു എന്ന് സാക്ഷിക്കുന്നു. വിശുദ്ധഗ്രന്ഥഭാഷ്യത്തില്‍ പ്രപഞ്ചത്തിന്‍റെ സൃഷ്ടിയും മനുഷ്യാവതാരവും രക്ഷയും എല്ലാം പൂരിതമാണ്. ഒന്നിനെ മാറ്റി മറ്റൊന്നിനെ അപഗ്രഥിക്കാനോ മനസ്സിലാക്കുവാനോ ആവില്ല. വിശ്രുത ദൈവശാസ്ത്രജ്ഞനനായ കാള്‍ റാനറുടെ ഭാഷ്യത്തില്‍, "വ്യാപകാര്‍ത്ഥത്തില്‍ സൃഷ്ടിയും (creation) മനുഷ്യാവതാരവും (incarnation) രണ്ട് വ്യത്യസ്തസംഭവങ്ങളാണെങ്കില്‍പോലും ദൈവത്തിന്‍റെ ആത്മദാനത്തിന്‍റെയും (self-giving) ആത്മപ്രകാശനത്തിന്‍റെയും (self-expression) രണ്ട് തലങ്ങളിലുള്ള ഒരേ ആവിഷ്കാരമായിവേണം നാം ഇവയെ മനസ്സിലാക്കാന്‍"[4]. ക്രൈസ്തവവിശ്വാസമനുസരിച്ച് ക്രിസ്തുസംഭവം മുഴുവനും - മനുഷ്യാവതാരം, ജീവിതം, മരണം, ഉത്ഥാനം, സ്വര്‍ഗ്ഗാരോഹണം - ക്രിസ്തുവിന്‍റെ രക്ഷാകരപ്രവര്‍ത്തനത്തില്‍ രൂഢമൂലമായിരിക്കുന്ന രക്ഷണീയകര്‍മ്മത്തിന്‍റെ വ്യത്യസ്തസംഭവങ്ങളാണ്.

മനുഷ്യാവതാരം, അതിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ മനുഷ്യമഹത്വം വര്‍ദ്ധിപ്പിക്കുന്നുവെന്നതിന് സംശയമില്ല. ദൈവത്തിന്‍റെ കൃപാവരം, അതിന്‍റെ പൂര്‍ണ്ണതയില്‍ പ്രപഞ്ചത്തില്‍ അവതരിച്ചതാണല്ലോ മാംസം ധരിച്ച ക്രിസ്തു. ജെയിംസ് നാഷ് നിരീക്ഷിക്കുന്നതുപോലെ, "മനുഷ്യാവതാരത്തിലൂടെ ദൈവത്തിന്‍റെ കൃപാപൂര്‍ണ്ണത ഭൗതികതയിലേയ്ക്ക് അന്തര്‍ലീനമായി. അനശ്വരത, നശ്വരതയുമായി താദാത്മ്യം പ്രാപിച്ച് രക്ഷിക്കുന്ന ദൈവത്തിന്‍റെയും രക്ഷിക്കപ്പെടുന്ന മനുഷ്യന്‍റെയും സ്വഭാവം ഒരേ വ്യക്തിയില്‍ സന്നിവേശിപ്പിക്കപ്പെട്ടു"[5]. മാംസം ധരിച്ച് വചനം മന്നില്‍ അവതരിച്ചത് പ്രപഞ്ചത്തില്‍ അധിവസിക്കുന്ന മനുഷ്യനുമായി എല്ലാ വിധത്തിലും താദാത്മ്യപ്പെടുവാനായിട്ടാണ്. ഇവിടെ മനുഷ്യന്‍റെ സകല പാരിസ്ഥിതികപശ്ചാത്തലങ്ങളുമായി താദാത്മ്യപ്പെടുന്ന ദൈവത്തെയാണ് നാം കണ്ടുമുട്ടുന്നത്. ലെയനാര്‍ഡോ ബോഫ് ക്രിസ്തുവിന്‍റെ ഈ താദാത്മ്യം പ്രാപിക്കലിനെ മാനവികതയുടെ സമഗ്രതയിലുള്ള പങ്കുചേരലായാണ് വ്യാഖ്യാനിക്കുന്നത്. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ മനുഷ്യാവതാരം ഒരു പങ്കുവെയ്ക്കലിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. മാനവികതയുടെ മുഴുവന്‍ ഭാവങ്ങളുമായി ഈ പ്രപഞ്ചത്തില്‍ ഉയിര്‍ക്കൊള്ളുകയും ജീവന്‍ പങ്കുവെയ്ക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ ഭൗതികവും ആത്മീയവും പ്രാപഞ്ചികവുമായ സമഗ്രതലങ്ങളുമായി ക്രിസ്തു മനുഷ്യാവതാരത്തിലൂടെ താദാത്മ്യപ്പെട്ടു. ദൈവം ഉന്നതങ്ങള്‍ വെടിഞ്ഞ് ഭൂമിയൂടെ - പ്രപഞ്ചത്തിന്‍റെ - ശൂന്യതയിലേയ്ക്ക് ഇറങ്ങിവന്ന മഹാരഹസ്യമാണിത്. മനുഷ്യന്‍ പ്രപഞ്ചത്തില്‍ ആവിഷ്കരിക്കുന്ന നാനാതരത്തിലുള്ള ബന്ധങ്ങളിലൂടെയും കെട്ടുപാടുകളിലൂടെയും, ഈ പ്രപഞ്ചത്തിന്‍റെ സമഗ്രമായ പ്രാപഞ്ചികാനുഭൂതികളിലൂടെയും മനുഷ്യനായി അവതരിച്ച ദൈവം കടന്നുപോയി. ശരീരത്തിലും, ആത്മാവിലും മനുഷ്യനായി തീര്‍ന്നവന്‍ ഈ ഭൂമിയില്‍ ഒരാള്‍ അനുഭവിക്കേണ്ട സമസ്തവും - രോഗവും ദാരിദ്ര്യവും ഏകാന്തതയും ഒറ്റപ്പെടുത്തലും സഹനവും നിന്ദയും അനുഭവിച്ചു. ഏതൊരു മനുഷ്യനും അനുഭവിക്കുന്ന സകലതും അവന്‍ തന്‍റെ ജീവിതാനുഭവത്തിന്‍റെ ഭാഗമാക്കി മാറ്റി. പാരമ്പര്യദൈവശാസ്ത്രചിന്താധാരകളെ കൂട്ടുപിടിച്ചാല്‍ മനുഷ്യാവതാരത്തിലൂടെ അവന്‍ പ്രപഞ്ചത്തെ മുഴുവനും ദൈവികമേഖലയാക്കി മാറ്റാനായി ശ്രമിച്ചു[6].

മനുഷ്യാവതാരം യഥാര്‍ത്ഥില്‍ ഒരു പ്രാപഞ്ചികസംഭവമാണ് (cosmic event). ദൈവം ഭൂമിയുടെ സമസ്ത ഭാവങ്ങളിലേയ്ക്കും ഇറങ്ങി വരുന്നു. ദൈവികസത്തയുടെ സമ്പൂര്‍ണ്ണമായ ശൂന്യവത്ക്കരണമാണ് ഇവിടെ നടക്കുന്നത്. പ്രപഞ്ചവുമായി പൂര്‍ണ്ണമായി ഐക്യപ്പെടുവാനാണ് ഈ പ്രപഞ്ചത്തിലേയ്ക്ക് അവിടുന്ന് അവതരിച്ചത്. ചരിത്രാതീതകാലം മുതല്‍ ഈ പ്രപഞ്ചസത്തയില്‍ നിറഞ്ഞവനും, കാലദേശങ്ങള്‍ക്കതീതനുമായവന്‍, ചരിത്രത്തിന്‍റെയും, സംസ്കാരത്തിന്‍റെയും, മനുഷ്യബന്ധത്തിന്‍റെയും ഭാഗഭാക്കായി മാറി കൃത്യമായും വ്യക്തമായും ഈ പ്രപഞ്ചത്തിന്‍റെ ഭാഗമാവുകയാണ് ചെയ്തത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മനുഷ്യാവതാരമെന്ന ഈ രഹസ്യത്തെ പ്രപഞ്ചയാഥാര്‍ത്ഥ്യവുമായുള്ള ദൈവപുത്രന്‍റെ താദാത്മ്യപ്പെടല്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹം പറയുന്നു, "ഒരര്‍ത്ഥത്തില്‍ ജൈവികമായതെല്ലാം - മാംസബദ്ധമായതെല്ലാം - മാനവികതയുടെ സമഗ്രത അതിന്‍റെ സമസ്തഭാവത്തിലും, കാഴ്ചയ്ക്ക് ഗോചരമായ ഭൗതികലോകം മുഴുവനും മനുഷ്യാവതാരത്തിലൂടെ ദൈവപുത്രന്‍റെ ഭാഗധേയമായി മാറി."[7] മറ്റേതു മനുഷ്യനെപ്പോലെയും മനുഷ്യപ്രകൃതി സ്വീകരിച്ച അവന്‍റെ ഞരമ്പിലൂടെ പ്രവഹിക്കുന്ന ഇരുമ്പും, അവന്‍റെ എല്ലുകളെ ശക്തിപ്പെടുത്തുന്ന ഫോസ്ഫറസും, അവന്‍റെ രക്തത്തിലൂടെ പ്രവഹിച്ച പൊട്ടാസ്യവും സോഡിയവും കാര്‍ബണുമെല്ലാം മനുഷ്യാവതാരം സത്യസന്ധവും സുതാര്യവുമായ പ്രാപഞ്ചികാനുഭവമാക്കി മാറ്റിയെന്ന് ലെയണാര്‍ദോ ബോഫും നിരീക്ഷിക്കുന്നുണ്ട്.[8]

നിത്യനും സര്‍വ്വാതിശായിയുമായവന്‍ പ്രപഞ്ചഹൃദയത്തിലേക്ക് താണിറങ്ങിയത് തന്‍റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും പ്രപഞ്ചത്തെ നവീകരിക്കാനും ഈ പ്രപഞ്ചത്തിന്‍റെ ആത്മീയവും ദൈവികവുമായ മാനങ്ങളെക്കുറിച്ച് മനുഷ്യരെ ഓര്‍മ്മപ്പെടുത്തുവാനുമാണ്. സമസ്തസൃഷ്ടികളും ഒന്നുചേര്‍ന്ന് ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്തുകൊണ്ട് ദൈവമക്കളുടെ മഹത്വത്തിനായി കാത്തിരിക്കുന്നുവെന്ന് (റോമ 8, 22-24) പൗലോസ്ശ്ലീഹാ പറയുമ്പോള്‍ പ്രപഞ്ചത്തിന്‍റെ സമസ്തതലങ്ങളെയും ആശ്ലേഷിക്കുന്ന രക്ഷയുടെ സാര്‍വ്വത്രികതയെയാണ് ദ്യോതിപ്പിക്കുന്നത്. മനുഷ്യാവതാരത്തിലൂടെ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുമായി സ്ഥാപിതമായ ഐക്യത്തിലേക്കും ഏകതാനതയിലേക്കും ഇതു നമ്മെ നയിക്കുന്നു. മനുഷ്യന്‍റെ വേദന ഒറ്റതിരിയപ്പെട്ട വേദനയല്ല. മനുഷ്യരക്ഷയും ഒറ്റതിരിഞ്ഞു സംഭവിക്കുന്നതല്ല. പ്രപഞ്ചത്തിന്‍റെ സമഗ്രതയിലുള്ള പങ്കാളിത്തമാണത്.[9] മനുഷ്യാവതാരത്തിലൂടെ മനുഷ്യകുലത്തിന്‍റെ മാത്രമല്ല, ഇന്നലെകളില്‍ ഉണ്ടായിരുന്നവരെയും ഉണ്ടായിരുന്നവയേയും വരുവാനിരിക്കുന്ന കാലത്തുള്ളവയേയും തന്‍റെ അസ്തിത്വവുമായി മനുഷ്യന്‍ ബന്ധപ്പെട്ടിട്ടുള്ള എല്ലാറ്റിനെയും അതിന്‍റെ സമഗ്രതയില്‍ ആശ്ലേഷിക്കുവാനാണ് അവന്‍ ആഗ്രഹിച്ചത്. സൃഷ്ടവസ്തുക്കളിലൂം ഈ പ്രപഞ്ചം മുഴുവനിലും വ്യത്യസ്തരീതിയില്‍ നിറഞ്ഞിരിക്കുന്ന ദൈവികസാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായി മനുഷ്യാവതാരം ഇവിടെ നിറയുന്നു. മനുഷ്യമഹത്വത്തിനും അവന്‍റെ/അവളുടെ മാനവികതയ്ക്കും അന്തസ്സിനും യാതൊരു ഭംഗവും വരുത്താതെ ഈ പ്രപഞ്ചത്തിന്‍റെ മഹത്വവും മാഹാത്മ്യവും മനുഷ്യാവതാരം ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു.

3. ജ്ഞാനകീര്‍ത്തനത്തിലെ പ്രാപഞ്ചികക്രിസ്തു                                                                                                                                      
പഴയനിയമത്തിലെ വിജ്ഞാനഗ്രന്ഥങ്ങളില്‍ ജ്ഞാനത്തെ സൃഷ്ടിയുടെ കാരണമായും മദ്ധ്യസ്ഥശക്തിയായും ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നുണ്ട്. വി. ഗ്രന്ഥത്തില്‍ ക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനമായിട്ടാണ് വിശേഷിപ്പിക്കുന്നതും. പഴയനിയമപാരമ്പര്യത്തില്‍ രൂഢമൂലമായിരുന്ന ഈ ജ്ഞാനദൈവശാസ്ത്രത്തിന്‍റെ ചുവടുപിടിച്ചാണ് പൗലോസ് തന്‍റെ പ്രഖ്യാതമായ ക്രിസ്തുകീര്‍ത്തനം (കൊളോ 1,15-20) വിരചിക്കുന്നത്. പ്രപഞ്ചത്തില്‍ നിറഞ്ഞുനില്ക്കുന്ന ക്രിസ്തുസാന്നിദ്ധ്യത്തെ ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്ന മറ്റു വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍ വിരളമാണ്.

വിജ്ഞാനഗ്രന്ഥകാരന്‍റെ ഭാഷ്യത്തില്‍ ജ്ഞാനം ആദിമുതല്‍ ദൈവത്തിന്‍റെ സന്തതസഹചാരിയാണ്. ഈ ജ്ഞാനത്തിലൂടെയാണ് സമസ്തവും സൃഷ്ടിക്കപ്പെട്ടതും. ജ്ഞാനം ഒരുവനെ ദൈവികമേഖലയിലേക്കാണ് എത്തിക്കുന്നത്. ഈ ജ്ഞാനത്തിലൂടെയാണ് എല്ലാം നിലനില്‍ക്കുകയും വളരുകയും ഫലമണിയുകയും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നത്. 1 കോറി 8,6-ല്‍ എല്ലാം അവനിലൂടെയാണ് സൃഷ്ടിക്കപ്പെട്ടത് എന്നുപറയുമ്പോള്‍ പഴയനിയമത്തിലെ ജ്ഞാനദൈവശാസ്ത്രത്തിലൂടെ പരിചിതമായ പ്രപഞ്ചദര്‍ശനമാണ് പൗലോസ് പുനരവതരിപ്പിക്കുന്നത്. പഴയനിയമത്തിലെ ഈ ദൈവശാസ്ത്രചിന്താധാരയെ പുതിയ തലത്തിലെത്തിക്കുമ്പോള്‍ സൃഷ്ടിയും മനുഷ്യാവതാരവും ക്രിസ്തുരഹസ്യങ്ങളും തമ്മിലുള്ള ആന്തരികബന്ധത്തിന് അടിവരയിടാനുള്ള ശ്രമമാണ് നടക്കുന്നത്. ദൈവികജ്ഞാനത്തെ അതിന്‍റെ നിര്‍വ്വചനത്തില്‍ത്തന്നെ ദൈവത്തിന്‍റെ സാന്നിദ്ധ്യമായും ആത്മാവിഷ്കാരമായും ദൈവികമാധ്യമമായും വിശേഷിപ്പിക്കുന്നുണ്ട്. പ്രഥമജാതനായും (സുഭാ 8,22) എല്ലാറ്റിനും മുമ്പുള്ളവനായും (പ്രഭാ 1,4) സര്‍വ്വതിന്‍റെയും ആധാരമായും (ഉത്പ 1,6-7) ദൈവത്തിന്‍റെ സാദൃശ്യമായും (ജ്ഞാനം 7,1) പ്രപഞ്ചത്തിലും ലോകത്തിലുമുള്ള ദൈവത്തിന്‍റെ ശക്തിയായും ആദിമുതല്‍ സ്രഷ്ടാവിനോടുകൂടി വസിക്കുന്നവനുമായും (പ്രഭാ 3,19; 8, 22-31; സങ്കീ 104,24) ജ്ഞാനത്തെ പഴയനിയമം വിശേഷിപ്പിക്കുന്നു. എല്ലാറ്റിന്‍റെയും ആധാരശിലയായി ജ്ഞാനത്തെയാണ് വിജ്ഞാനഗ്രന്ഥകാരന്‍ കാണുന്നത്. വി. യോഹന്നാന്‍ തന്‍റെ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇതേ വിജ്ഞാനദൈവശാസ്ത്രവും wisdom theology) പ്രാപഞ്ചികക്രിസ്തുവിനെ (cosmic Christ) അവതരിപ്പിച്ചപ്പോള്‍ പൗലോസിനെ സ്വാധീനിച്ചിരിക്കണം.

പൗലോസിന്‍റെ പ്രഖ്യാതമായ ക്രിസ്തുകീര്‍ത്തനത്തിലൂടെ പ്രപഞ്ചത്തില്‍ മുഴുവന്‍ നിറയുന്ന ദൈവികതയിലേക്ക് നാം എത്തിച്ചേരുന്നു. പൗലോസിന്‍റെ വീക്ഷണത്തില്‍ പ്രപഞ്ചത്തിന് മുഴുവനും അര്‍ത്ഥം നല്കുന്നത് ക്രിസ്തുവാണ്. അവന്‍റെ സമഗ്രതയിലാണ് നാം ഈ പ്രപഞ്ചത്തിന് മൂല്യം കണ്ടെത്തേണ്ടതും. സ്ഥലകാലങ്ങളെയും ചരിത്രത്തെയും അതിലംഘിച്ചു നില്‍ക്കുന്ന ക്രിസ്തു സമാനതകളില്ലാത്തവനാണ്; പ്രപഞ്ചത്തിലെ ആദ്യജാതനാണ്; ദൈവത്തിന്‍റെ ഛായയും സാദൃശ്യവുമാണ്; സൃഷ്ടിക്കപ്പെട്ടതെല്ലാം അവന്‍വഴിയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. എല്ലാറ്റിന്‍റെയും നിലനില്പ് അവനെ ആധാരമാക്കിയാണ്. ദൈവം പ്രപഞ്ചത്തിലുള്ള സമസ്തവും ഏകീകരിച്ചത് അവന്‍വഴിയാണ്. പ്രപഞ്ചമൊന്നാകെ അവനിലാണ് സമന്വയിക്കപ്പെട്ടിരിക്കുന്നതും. ഭിന്നവും വിരുദ്ധവുമായതിനെ രമ്യതയിലെത്തിച്ചതും അവന്‍ തന്നെയത്രേ. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല സൃഷ്ടികള്‍ക്കും അവന്‍റെ മരണംവഴി കൈവന്ന സമാധാനത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഈ കീര്‍ത്തനം അവസാനിക്കുന്നത്.
സമസ്തസൃഷ്ടിയുടെയും കാരണമായി ക്രിസ്തുവിനെ കാണുന്ന ഈ ദര്‍ശനം സൃഷ്ടവസ്തുക്കളുടെ മുഴുവനും നിലനില്പിന്‍റെ ആധാരമായും അവനെ വിശേഷിപ്പിക്കുന്നു. ഈ കീര്‍ത്തനത്തിന്‍റെ അവസാനത്തിലാകട്ടെ പ്രപഞ്ചത്തിന്‍റെ മുഴുവനും രക്ഷയ്ക്ക് നിദാനമായും ക്രിസ്തുവിനെ അവതരിപ്പിക്കുന്നു. പൗലോസിന്‍റെ വീക്ഷണത്തില്‍ ക്രിസ്തുവില്‍നിന്നും വേറിട്ട് പ്രപഞ്ചത്തിന് അസ്തിത്വമില്ല; വളര്‍ച്ചയില്ല; രക്ഷയുമില്ല. സൃഷ്ടിയെക്കുറിച്ചുള്ള ചിന്തകള്‍ അതില്‍ത്തന്നെ നിലനില്പിനെക്കുറിച്ചും രക്ഷയെക്കുറിച്ചുമുള്ള ചിന്തകളാണ്. പ്രപഞ്ചം മുഴുവനും പ്രവര്‍ത്തനനിരതമായിരിക്കുന്ന ദൈവികോര്‍ജ്ജമായി ക്രിസ്തുവിനെ കാണേണ്ടിയിരിക്കുന്നുവെന്ന് ഡെന്നീസ് എഡ്വേര്‍ഡ് വ്യാഖ്യാനിക്കുന്നുണ്ട്.[10] മനുഷ്യാവതാരവും കുരിശുമരണവുമെന്നതുപോലെ ക്രിസ്തുവിന്‍റെ ഉത്ഥാനവും പ്രാപഞ്ചികരക്ഷയുടെ കാരണമായി പൗലോസ് ഇവിടെ മനസ്സിലാക്കുന്നു. പൗലോസിന്‍റെ വീക്ഷണത്തില്‍ ആദിമുതല്‍ ഉണ്ടായിരുന്ന ക്രിസ്തുവും ഉത്ഥിതനായവനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ദൈവത്തിന്‍റെ "ജ്ഞാനവും ശക്തിയുമാകുന്ന" ക്രിസ്തു (1 കോറി 1,22-23) കുരിശിലാണ് അതിന്‍റെ സമഗ്രതയില്‍ ആവിഷ്കൃതമായിരിക്കുന്നതും. കുരിശ് വിജാതീയര്‍ക്ക് ഭോഷത്തമാകാം; യഹൂദര്‍ക്ക് ഇടര്‍ച്ചയാകാം; എങ്കിലും പ്രപഞ്ചത്തിന്‍റെ സമഗ്രതയില്‍ ആവിഷ്കൃതമായിരിക്കുന്ന കുരിശ് ദൈവസ്നേഹത്തിന്‍റെ ഏറ്റവും ഉദാത്തമായ പ്രകടനവും അടയാളവുമാണ്. ഭോഷത്തമായതും ഇടര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നതുമായ സ്നേഹത്തിന്‍റെ ഈ വിഢിത്തം സഹിക്കുന്ന സമസ്തസ്രഷ്ടജാലങ്ങളുടെയും വിമോചനത്തിനും സൗഖ്യത്തിനുമായിട്ടാണ് മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നത്. കുരിശിന്‍റെ ഈ നീതിശാസ്ത്രമാണ് സമസ്തപ്രപഞ്ചത്തിന്‍റെയും രക്ഷയ്ക്ക് നിദാനമെന്ന് പൗലോസ് തന്‍റെ ലേഖനത്തിലൂടെ സമര്‍ത്ഥിക്കുന്നു. കുരിശില്‍ തന്‍റെ ജീവിതത്തെ സമഗ്രമായി ആവിഷ്കരിച്ച ക്രിസ്തു സ്രഷ്ടാവിന്‍റെ സ്നേഹത്തെ പ്രകാശിപ്പിക്കുന്നവനായി മരിക്കുകയും ചെയ്തു.
ക്രിസ്തുവിനോടു ചേര്‍ന്നുനിന്നുകൊണ്ട് രൂപപ്പെടുത്തിയെടുക്കുന്ന ഒരു പാരിസ്ഥിതികദര്‍ശനത്തിനു മാത്രമേ ദൈവവിജ്ഞാനീയമണ്ഡലത്തില്‍ ഇടമുള്ളൂ എന്നാണ് ഈ പ്രപഞ്ചദര്‍ശനം നമുക്ക് നല്കുന്ന പാഠം. ക്രിസ്തു താന്‍ ജീവിച്ചിരുന്നപ്പോള്‍ പ്രകൃതിയെ നോക്കിക്കണ്ടതും സ്നേഹിച്ചതുമൊക്കെ നമുക്ക് മാതൃകയാക്കാം. വിശുദ്ധ ഗ്രന്ഥത്തിന്‍റെ പല സമകാലികവ്യാഖ്യാനങ്ങളും നല്കിയിരിക്കുന്ന തോട്ടക്കാരന്‍റെയും സംരക്ഷകന്‍റെയും (ലെേംമൃറ) മാതൃകകളും നമുക്ക് ഉപയുക്തമാക്കാമായിരിക്കും. എന്നാല്‍ കേവലം പ്രപഞ്ചസംരക്ഷകനും സൂക്ഷിപ്പുകാരനുമെന്ന പാരമ്പര്യപാഠങ്ങള്‍ക്കപ്പുറം പ്രപഞ്ചസത്തയുടെ സാരത്തിലേക്ക് നമ്മുടെ ദര്‍ശനത്തിന്‍റെ വ്യാപ്തികള്‍ വ്യാപിപ്പിക്കണമെന്ന് ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ഈ പഠനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രപഞ്ചത്തില്‍ ഞാന്‍ വ്യാപരിക്കുമ്പോള്‍ മനുഷ്യന്‍/ഞാന്‍ ഇവിടെ ആരായിരിക്കണം, എങ്ങനെ വ്യാപരിക്കണം എന്ന മനുഷ്യകേന്ദ്രീകൃതമായ (മിവേൃീുീരലിൃശേര) സമീപനത്തിന്‍റെ ഉപരിപ്ലവതലത്തില്‍ നിന്നും സ്രഷ്ടപ്രപഞ്ചത്തിന്‍റെ ആത്മാവിലേക്ക് ആഴത്തില്‍ മനനം ചെയ്യുവാനുള്ള ക്ഷണമാണ് ഈ കീര്‍ത്തനം. മനുഷ്യനെന്ന പോലെ ഈ പ്രപഞ്ചവും എന്‍റെ ധ്യാനത്തിന്‍റെ ഭാഗമാകുമ്പോള്‍ ഈ പ്രപഞ്ചത്തിന്‍റെ താളലയങ്ങളില്‍ വിടരുന്ന ക്രിസ്തുസാന്നിദ്ധ്യം എന്‍റെ ജീവിതാനുഭവമായി മാറും. അവിടെ ഉയിര്‍കൊള്ളുന്ന ദര്‍ശനത്തിന്‍റെ വ്യാപ്തിയില്‍ ഭൂമിയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുകയും ചെയ്യും. ക്രിസ്തുകേന്ദ്രീകൃതമായി വികസിക്കേണ്ട ഈ പാരിസ്ഥിതിക ദൈവവിജ്ഞാനീയത്തിന് നഷ്ടമാകുന്ന പ്രപഞ്ചത്തിന്‍റെ താളക്രമങ്ങള്‍ വീണ്ടെടുക്കാനാവുമെന് പ്രത്യാശിക്കുകയും ചെയ്യാം

ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.
.
Notes
1 2013 മെയ്മാസത്തിലാണ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ അളവ് 400ppm കടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നമ്മുടെ പല മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തതുപോലുമില്ല.
2 1990 ജനുവരി 01-ന് ലോകസമാധാനദിനത്തോടനുബന്ധിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നല്കിയ സന്ദേശത്തിലാണ് പരിസ്ഥിതിയുടെ ധാര്‍മ്മികതയെ ആദ്യം പരാമര്‍ശിച്ചത്. see, John Paul II, “Peace with God the Creator, Peace with all Creation”, message of Blessed John Paul II for the celebration of the world day of Peace, 1990.
3 Vincent A. Pizzuto, “A Cosmic Leap of Faith”, Biblical Exegesis and Theology (Leuven: Peters, 2006) 262.
4 Karl Rahner, Foundations of Christian Faith (New York: Seabury Press, 1978) 178.
5 James A Nash, Loving Nature: Ecological Integrity and Christian Responsibility, (Nashville Abingden Press, 1991) 108.
6 cf. Leonardo Boff, Cry of the Earths, Cry of the Poor, (Maryknell, NY, Orbis Books, 1997), 116.
7 John Paul II, Dominum et Unificatum, no.50.
8 Boff, Cry of the Earth, 179.
9 cf. Henry Allan Halne, The Corruption and Redemption of Creation, (NewYork, T and T clerk, 2006) 173.
10 Dennis Edwards, Jesus the Wisdom of God (Maryknell, Orbis Books, 1995) 83.

christian theology ecological lessons from christian theology saji mathew kanayinkal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message