x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

സഭാവിജ്ഞാനീയം: പൗലോസിന്‍റെ വീക്ഷണത്തില്‍

Authored by : Mar Joseph Pamplany On 26-Jan-2021

പൗലോസിന്‍റെ ലേഖനങ്ങളില്‍ സുലഭമായി കാണുന്ന ഒരു പദമാണ് സഭ. ഈ പദം ആദ്യമായി കാണുക അപ്പ. പ്രവ. 5:1 ലാണ്. വീണ്ടും 8:1-3 ലും ഈ പദം കാണുന്നു. പക്ഷെ സഭ എന്ന പദത്തിന്‍റെ മുഴുവന്‍ അര്‍ത്ഥം ഈ വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. ക്രിസ്തുവില്‍ വിശ്വസിക്കുന്ന വിശ്വാസികളുടെ സമൂഹമായി സഭയെ ഇവിടെ കാണുന്നില്ല. പൗലോസിന്‍റെ മാനസാന്തരത്തില്‍ 'എന്തിനാണ് നീ എന്നെ പീഡിപ്പിക്കുന്നത്' (നട 9:4) എന്നല്ലാതെ സഭയെ പീഡിപ്പിക്കുന്നു എന്നു ചോദിച്ചു കാണുന്നില്ല (നട 22:78, 26:14-15). 22:4 ല്‍ പറയുന്ന 'മാര്‍ഗ്ഗത്തെ' സഭ എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിലും ആ പദം മനഃപൂര്‍വ്വം ഒഴിവാക്കിയിരിക്കുകയാണ്. 26:9 ലും 10 ലും സഭയെന്ന ഒറ്റപ്പദം കൊണ്ട് രണ്ടുമൂന്നു വാക്കുകള്‍ ഉപേക്ഷിക്കാമായിരുന്നെങ്കിലും പൗലോസ് അങ്ങനെ പറയുന്നതായി കാണുന്നില്ല.

തെസലോനിയര്‍ക്കുള്ള ലേഖനത്തില്‍ സഭയെന്ന പദം ഒന്നുകില്‍ പ്രാദേശിക സഭയെയോ (1 തെസ 1:1, 2 തെസ 1:1) അല്ലെങ്കില്‍ ദൈവത്തിന്‍റെ സഭയെയോ (1 തെസ 2:14; 2 തെസ 1:4) സൂചിപ്പിക്കുന്നു. തെസലോനിക്കയില്‍ വസിക്കുന്ന വിശ്വാസികളുടെ പ്രാദേശിക സമൂഹത്തെയാണ് ഈ പദം ഉള്‍ക്കൊള്ളുക. ലേഖനങ്ങളിലേക്ക് കടന്നു വന്നാല്‍ സഭയെന്ന പദം പ്രാദേശിക സമൂഹത്തെയാണ് ഉദ്ദേശിക്കുക. ഗലാത്തിയസഭ, ഫിലിപ്പിയന്‍സഭ, ലാവോദിച്ചിയന്‍സഭ... അങ്ങനെ പോകുന്നു ആ പട്ടിക (ഗലാ 1:2, 2 കോറി 8:1). റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ സഭയെന്ന പദം കാണുന്നില്ല; 16:1 ലൊഴിച്ച്. ഈ അധ്യായം പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഇടയലേഖനങ്ങളില്‍ സഭയെന്ന പദം സുലഭമായി കാണുന്നു. കാലത്തിന്‍റെ പുരോഗമനത്തോടെ സഭാവിജ്ഞാനീയത്തെക്കുറിച്ചുള്ള പൗലോസിന്‍റെ ദര്‍ശനങ്ങള്‍ വികസിക്കുകയാണ്. കൊറീന്ത്യര്‍ക്കുള്ള ഒന്നാംലേഖനത്തില്‍ അങ്ങനെയുള്ള ചിന്തയുടെ, വളര്‍ച്ചയുടെ പൂര്‍ണ്ണരൂപം കാണാവുന്നതാണ്. സഭയുടെ അഭിവൃദ്ധിക്കായി പരിശ്രമിക്കണമെന്ന് അദ്ദേഹം പലസ്ഥലങ്ങളിലും ആവശ്യപ്പെടുന്നു (1 കോറി 14:5-12). ഇവിടെ സഭയെന്ന പദം പ്രാദേശികസഭയെയല്ല സാര്‍വ്വത്രിക സഭയെയാണ് ഉദ്ദേശിക്കുക.

സഭ എവിടെ ആരംഭിച്ചു? സഭ എങ്ങനെ ആരംഭിച്ചു? ആര് സ്ഥാപിച്ചു? ക്രിസ്തുവിന്‍റെ സഭ ക്രിസ്തുവിനോടുകൂടി മാത്രമോ? ക്രിസ്തുവില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സമൂഹമാണ് സഭയെങ്കില്‍ അന്നുവരെ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സമൂഹമുണ്ടായിരുന്നല്ലോ- ഇസ്രായേല്‍ജനം. ഇവ രണ്ടും നിലനില്ക്കാമോ? ഉണ്ടെങ്കില്‍ ഏതാണ് യഥാര്‍ത്ഥ സഭ? ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട സമൂഹത്തിന് പാരമ്പര്യമുണ്ട്, നിയതരൂപമുണ്ട്, നിയമങ്ങളുമുണ്ട്. അവിടെ ദൈവികസാന്നിദ്ധ്യവുമുണ്ട്. ഇപ്പോള്‍ ക്രിസ്തു നല്കുന്ന സഭയ്ക്കു പക്വതയില്ല. നിയതരൂപങ്ങളില്ല, നിയമങ്ങളില്ല. ഒരുപക്ഷേ, ദൈവത്തിന്‍റെ സമൂഹത്തോടുള്ള വെല്ലുവിളിയോ? അതുകൊണ്ടാണല്ലോ സാവൂള്‍ തന്‍റെ ദൈവത്തിന്‍റെ സഭയക്ക് എതിരായിവന്ന എല്ലാ ശക്തികളെയും കീഴ്പ്പെടുത്തിയത്. പക്ഷെ ആ യാത്ര നിലച്ചു. പുതിയ ദര്‍ശനം നല്കപ്പെട്ടു. ക്രിസ്തുവില്‍ ചേര്‍ക്കപ്പെട്ടു. ക്രിസ്തുവിനോടു യോജിച്ച വിശ്വാസികളുടെ സമൂഹം വന്നതോടെ പഴയ ഇസ്രായേലിന്‍റെ അനന്യത്വം അര്‍ത്ഥമില്ലാതായി. അബ്രാഹത്തിന്‍റെ സന്തതിതന്നെയായ ക്രിസ്തുവിലൂടെ ഒരു ദൈവജനമായി രൂപീകരിക്കപ്പെടണമെന്നാണ് പൗലോസിനു ലഭിച്ച ദൈവികവെളിപാട്. അതുകൊണ്ടാണ് സഭയെന്നു പറയാതെ നട 9:4 ല്‍ 'എന്നെ' എന്ന പദം ഉപയോഗിക്കുന്നത്. സുവിശേഷപ്രഘോഷണത്തില്‍ പുതിയസഭയുടെ ഉദ്ഘാടനം കുറിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. യഹൂദമതത്തിന്‍റെ പിന്‍ബലത്തില്‍ത്തന്നെ അങ്ങനെ ദൈവത്തിന്‍റെ ജനമായ ഇസ്രായേലിനെ ക്രിസ്തുവിലൂടെ വളര്‍ത്തുന്ന സഭയാക്കി രൂപാന്തരപ്പെടുത്തി. ഇനി അബ്രാഹത്തിന്‍റെ സന്തതി ക്രൈസ്തവസഭയാണ് പഴയ ഇസ്രായേലല്ല (ഗലാ 3:29). ജഡപ്രകാരമുള്ള ഇസ്രായേലില്‍നിന്നും ഇവര്‍ വ്യത്യസ്തരാണ് (1 കോറി 10:18). മറ്റ് അപ്പസ്തോലന്മാരില്‍ സ്ഥാപിതമായ സഭ, തന്‍റെ പ്രഘോഷണത്താല്‍ സ്ഥാപിതമായ സഭ എന്നിവയെല്ലാം ഒരുമിച്ചു ഒരുസഭയാകണമെന്നു അദ്ദേഹത്തിനുണ്ടായിരുന്നു. സഭയെക്കുറിച്ചുള്ള അപ്പസ്തോലന്‍റെ വീക്ഷണം വിഭാവനം ചെയ്തുകിടക്കുന്നത് പല ലേഖനങ്ങളിലാണ്. സഭയെക്കുറിച്ച് വ്യക്തമായ ഒരു ദൈവശാസ്ത്രം നല്കുന്നില്ലെങ്കിലും വ്യത്യസ്ത ഭാഗങ്ങള്‍ പരിശോധിച്ചാല്‍ സഭാവിജ്ഞാനീയത്തെക്കുറിച്ച് അപ്പസ്തോലന്‍ ആഴമായി ചിന്തിച്ചിട്ടുണ്ടെന്ന് കാണാവുന്നതാണ്.

മുക്തിശാസ്ത്രത്തോടും ക്രിസ്തുവിജ്ഞാനീയത്തോടും, മനുഷ്യവിജ്ഞാനീയത്തോടും, പ്രേഷിതവിജ്ഞാനീയത്തോടും ബന്ധപ്പെട്ടുകിടക്കുന്ന ഒരു ശാഖയാണു സഭാവിജ്ഞാനീയം. സുവിശേഷം ജറുസലേമിന്‍റെ അതിര്‍ത്തിയില്‍നിന്നു മറ്റു ദേശങ്ങളിലേക്കും വ്യാപിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു (റോമാ 15:20-21). കാരണം സഭയുടെ സാര്‍വ്വത്രികസ്വഭാവത്തില്‍ അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ക്രിസ്തുവിന്‍റെ സുവിശേഷം ഒരു പുതിയ സമൂഹത്തിനുള്ള ആരംഭംകുറിക്കുന്നു. അതു ജാതി വര്‍ഗ്ഗ വര്‍ണ്ണ വിവേചനങ്ങളെയും അതിശയിക്കുന്നതാണ് ഇതിന്‍റെ യുഗാന്ത്യോന്മുഖത പൗലോസിന്‍റെ ലേഖനങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഹെബ്രായ ഭാഷയില്‍ സഭയ്ക്കു 'കഹാല്‍' എന്നാണു പറയുക. ഇതിനര്‍ത്ഥം ദൈവത്താല്‍ വിളിക്കപ്പെട്ട സമൂഹം എന്നാണ്. ദൈവത്തിന്‍റെ ഇസ്രായേല്‍ (ഗലാ 6:16; 3:7) എന്ന പ്രയോഗം څകഹാല്‍چ എന്ന പദത്തിന്‍റെയത്രേ! ഇടയലേഖനങ്ങളിലൊഴിച്ചു മറ്റുലേഖനങ്ങളിലായി 58 പ്രാവശ്യം എക്ലേസിയ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. 1 കോറി (21) 2 കോറി (9) ഗലാ (3) എഫേ (9) ഫിലി (2) കൊള (4) 1 തെസ (2) 2 തെസ (7) ഫിലെമോന്‍ (1).

സഭകളുടെ പ്രാദേശിക സ്വഭാവത്തെയാണ് അപ്പസ്തോലന്‍ തന്‍റെ ലേഖനത്തില്‍ കൂടുതലായി സ്വീകരിക്കുക. 1 കോറി 11:18; 14:19,28 എന്നിവിടങ്ങളില്‍ കാണുന്ന സഭായോഗങ്ങള്‍ പ്രാദേശിക സഭായോഗങ്ങളാണ്. ഒരു പ്രത്യേക സ്ഥലത്തു വസിക്കുന്ന ക്രൈസ്തവരുടെ സമൂഹത്തെ (1 കോറി 4:17, ഫിലി 4:15, സഭയെന്നു വിളിക്കുന്നു. സഭയെ ഏകവചനത്തില്‍ റോമ 16:1, 1 കോറി 1:1, 1 തെസ 1:1, 2 തെസ 1:1, ഫിലി 1 ലും കാണുന്നു. സഭകളെ ഗലാ 1:22, 1 തെസ 2:14, ഗലാ 1:2, കൊള 16:1, 1 കോറി 16:19, 2 കോറി 8:1 എന്നിവിടങ്ങളില്‍ കാണുന്നു. ഭവനങ്ങളിലെ സമ്മേളനങ്ങളെയും സഭയായി കാണുന്നു (റോമ 16:5, കൊളോ 4:13, ഫിലി 2). സാര്‍വ്വത്രികസഭയെ ഉള്‍ക്കൊള്ളുന്നതാണ്. 1 കോറി 6:4; എഫേ 1:22; 3:10; 5:23; 27-28,32 ഈ വാക്യങ്ങളില്‍നിന്നെല്ലാം ഒരുകാര്യം വ്യക്തമാകുന്നു. സഭ ജന്മമെടുക്കുക വചനശുശ്രൂഷകളിലൂടെയാണെന്ന്.

പ്രാദേശിക സഭയും, സാര്‍വ്വത്രിക സഭയും വളരെ ബന്ധപ്പെട്ടാണിരിക്കുന്നത്. പരസ്പര ബന്ധമില്ലാത്ത സഭയ്ക്ക് അസ്തിത്വമില്ല. കാരണം സഭയെന്ന പദത്തില്‍ എല്ലാ ദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും ഉള്‍പ്പെടുത്തുന്നു. സഭയില്‍ ദൈവത്തിന്‍റെ ബഹുമുഖജ്ഞാനം പ്രവര്‍ത്തിക്കണമെന്ന് അപ്പസ്തോലന്‍ എഫേസ്യര്‍ സഭയെ അനുസ്മരിപ്പിക്കുന്നുണ്ട് (3:10). സഭ മിശിഹായ്ക്കു കീഴ്പ്പെട്ടിരിക്കുന്നു. അവിടുന്ന് സഭയെ സ്നേഹിക്കുകയും ചെയ്യുന്നു (5:24). കൊറീന്ത്യര്‍ക്കുള്ള രണ്ടാം ലേഖനത്തില്‍ കൊറീന്ത്യയിലെ ദൈവത്തിന്‍റെ സഭയെന്ന് സംബോധന ചെയ്തിരിക്കുന്നത് സഭാതനയരെ മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് (സഭയെ ഒരു സ്ഥാപനമായോ സംഘടനയായോ നിഴലിച്ചുകാണുന്ന ഒരു ഭാഗവുമില്ല). ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്‍റെ സംയോജനം വ്യക്തമാക്കുന്നുണ്ടെങ്കിലും എപ്പോഴും ഒരു വ്യത്യാസം അപ്പസ്തോലന്‍ കണ്ടിരുന്നു. സഭ ക്രിസ്തുവാകുന്ന ശിരസ്സോടുകൂടിയുള്ള ശരീരമെങ്കിലും അത് ബലഹീനമാണ്. ക്രിസ്തു സഭയുടെ രക്ഷകനാണ് (എഫേ 5:23). ശിരസ്സില്ലാത്ത അംഗങ്ങള്‍ക്ക് നിലനില്പ്പില്ല. അംഗങ്ങളില്ലാത്ത ശിരസ്സ് പ്രവര്‍ത്തനരഹിതമത്രേ. സഭയില്‍ എല്ലാവരും പരസ്പരം ആശ്വസിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് (1 തെസ 5:11) അപ്പസ്തോലന്‍ നിര്‍ദ്ദേശിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ഭൂമിയിലെ വാസസ്ഥലവുംകൂടിയാണ് സഭ. ക്രിസ്തുവത്രേ അതിന്‍റെ മൂലക്കല്ല് (1 കോറി 3:11).

സഭയിലെ അംഗങ്ങളെ അപ്പസ്തോലന്‍ വിശുദ്ധരെന്നാണ് വിളിക്കുക. 40 പ്രാവശ്യം ഇപ്രകാരമുള്ള പദ പ്രയോഗങ്ങളുണ്ട്. വിശുദ്ധന്‍ എന്നു മലയാള വിവര്‍ത്തനങ്ങളില്‍ കാണുന്ന പദം Saints എന്ന ഇംഗ്ലീഷ് പദത്തിന്‍റേതത്രേ! മൂലപദം hagios ആണ്. പ്രസ്തുത വാക്കിനര്‍ത്ഥം പരിശുദ്ധിയെന്നാണ്. സഭയെ ക്രിസ്തുവിന്‍റെ ശരീരവും ക്രിസ്തുവിനെ സഭയുടെ ശിരസ്സുമായി ചിത്രീകരിക്കുന്നു. എഫേസിയ ലേഖനത്തിലാണ് സഭയെക്കുറിച്ചുള്ള അപ്പസ്തോലന്‍റെ വീക്ഷണം ഏറ്റവും ആഴമായി കാണുന്നത്. ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ലൗകികമായ എല്ലാ വ്യത്യാസങ്ങളും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവാകുന്ന ശിരസ്സിലാണ് ശരീരം മുഴുവന്‍ പോഷിപ്പിക്കുകയും സന്ധിബന്ധങ്ങളും സിരകളുംവഴി എല്ലാം സംയോജിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നത് (കൊളോ 2:19).

അപ്പസ്തോലന്‍ സഭയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അലങ്കാരങ്ങളും ഉപയോഗിക്കുന്നുണ്ട്.

  • റോമ 11:24 ഒലിവുമരം
  • റോമ 8:23 ദൈവഭവനം
  • 1 കോറി 4:1-2 ശുശ്രൂഷകന്‍
  • 1 കോറി 12:27 ക്രിസ്തുവിന്‍റെ ശരീരം
  • 1 കോറി 3:16 ദൈവമന്ദിരം
  • എഫേ 5:21 വരനും വധുവും
  • റോമ 1:7 വിശുദ്ധന്മാര്‍

ഈ പദങ്ങളെല്ലാം സൂചിപ്പിക്കുക സഭയ്ക്ക് അപ്പസ്തോലന്‍ പുതിയ മാനങ്ങള്‍ നല്കുന്നുവെന്നതാണ്.

 സഭ ദൈവത്തിന്‍റെ ജനം

പഴയനിയമത്തില്‍ 'ദൈവജനം' എന്ന സംജ്ഞ ഇസ്രായേല്‍ ജനതയെക്കുറിച്ചാണ് ഉപയോഗിക്കുന്നത്. ദൈവം ഇസ്രായേല്‍ വംശത്തെ തന്‍റെ ജനമായി തിരഞ്ഞെടുത്ത് അവരുമായി ഉടമ്പടി ചെയ്തു: "നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എന്‍റെ സ്വന്തജനമായിരിക്കും" എന്ന് അവിടുന്നു അവരോട് അരുളിചെയ്തു (പുറ 19:5). സീനായ്മലയില്‍വച്ച് നടന്ന ഉടമ്പടി വഴിയായി ഇസ്രായേല്‍ വംശം ദൈവത്തിന്‍റെ സ്വന്തം ജനവും അവകാശവുമായിത്തീര്‍ന്നു. അവര്‍ ദൈവത്തിന് രാജകീയ പുരോഹിതവര്‍ഗ്ഗവും വിശുദ്ധ ജനവുമായി മാറി (പുറ 19:6; അപ്പ 7:6). ഈജിപ്തില്‍നിന്ന് ഇസ്രായേലിനെ രക്ഷിക്കുന്നതിനും ഉടമ്പടി വഴിയായി അവരെ തന്‍റെ ജനമാക്കി തീര്‍ക്കുന്നതിനും ദൈവത്തെ പ്രേരിപ്പിച്ചത് അവിടുത്തെ സ്നേഹവും വിശ്വസ്തതയും ആയിരുന്നു. "കര്‍ത്താവ് നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പിതാക്കന്മാര്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കുകയും ചെയ്തു കൊണ്ടാണ്.... നിങ്ങളെ വീണ്ടെടുത്തത്'.' എഫേസ്യര്‍ക്കുള്ള ലേഖനത്തില്‍ വി. പൗലോസ് ക്രൈസ്തവസഭയെ ദൈവജനമായി ചിത്രീകരിക്കുന്നു. "നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം ലോകസ്ഥാപനത്തിനുമുമ്പുതന്നെ നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തു. യേശുക്രിസ്തുവഴി നമ്മെ തന്‍റെ മക്കളാക്കിത്തീര്‍ക്കുവാന്‍ ദൈവം സ്നേഹത്തില്‍ മുന്‍കൂട്ടി തീരുമാനിച്ചു" (എഫേ 1:3-5). തെരഞ്ഞെടുക്കപ്പെട്ടവര്‍ ദൈവത്തിന്‍റെ സ്വന്തവും അവകാശം പ്രാപിക്കുവാനുള്ളവരുമാണ് (എഫേ 1:14). തെരഞ്ഞെടുപ്പും അതിന് പ്രേരകമായ ദൈവത്തിന്‍റെ സ്നേഹവും ഇസ്രായേലിന്‍റെ കാര്യത്തിലെന്നതുപോലെ സഭയുടെ കാര്യത്തിലും ദര്‍ശിക്കാവുന്നതാണ് (എഫേ 1:3-5). ഇസ്രായേല്‍ ദൈവജനമായിത്തീര്‍ന്നത് ദൈവത്തിന്‍റെ രക്ഷാശക്തിയുടെ പ്രവര്‍ത്തനം മൂലമാണ്. ക്രൈസ്തവസഭയുടെ അസ്തിത്വത്തിന്‍റെ അടിസ്ഥാനവും യേശു ക്രിസ്തുവിലൂടെയുള്ള ദൈവികശക്തിയുടെ രക്ഷാകരപ്രവര്‍ത്തനമാണ്. ഇസ്രായേല്‍ ജനം ഉടമ്പടിയുടെ ചൈതന്യത്തില്‍നിന്നും വ്യതിചലിച്ചു. അവര്‍ ഉടമ്പടി ലംഘിച്ചു. ദൈവം അവരെ ശിക്ഷിച്ചെങ്കിലും കൈവിട്ടില്ല. അവരുമായി ഉണ്ടാക്കിയ ഉടമ്പടി നവീകരിക്കുവാന്‍ അവിടുന്ന് നിശ്ചയിച്ചു. അവിടുന്ന് പറയുന്നു: "അവര്‍ എന്‍റെ ജനമായിരിക്കും. ഞാന്‍ അവരുടെ ദൈവവും. നിത്യമായ ഒരുടമ്പടി ഞാന്‍ അവരുമായുണ്ടാക്കും. അവര്‍ക്കു നന്മ ചെയ്യുന്നതില്‍നിന്നു ഞാന്‍ പിന്തിരിയുകയില്ല" (ജറെ 32:38-40). ദൈവം തന്‍റെ ജനതയ്ക്ക് താന്‍ അവരുമായി ഉണ്ടാക്കുവാനിരിക്കുന്ന ഈ ഉടമ്പടിയെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ പ്രവാചകന്മാര്‍ വഴി നല്‍കിക്കൊണ്ടിരുന്നു. (ജറെ 24:7;30:32; 31:22; 31:1, 33; എസെ 11:20; 14:11; 36:28; 37:23,27, ഹോസ 2:3, 25; സഖ 8:8; 13:9).

ജറെമിയ പ്രവാചകന്‍ 'ഒരു പുതിയ ഉടമ്പടി' എന്നാണ് ഇതിനെ വിളിക്കുന്നത് (ജറെ 31:31). യുഗാന്ത്യത്തില്‍  ദൈവം തന്‍റെ ജനതയുമായി ഒരു പുതിയ ഉടമ്പടി ഉണ്ടാക്കുമെന്നും ആ യുഗാന്ത്യ ഉടമ്പടിയുടെ സമൂഹമാണ് പൂര്‍ണ്ണ അര്‍ത്ഥത്തില്‍  ദൈവജനമെന്നും പില്‍ക്കാല യഹൂദര്‍ വിശ്വസിച്ചിരുന്നു. യുഗാന്ത്യത്തിലെ ദൈവജനമാണ് വി. പൗലോസിന്‍റെ വീക്ഷണത്തില്‍ ക്രൈസ്തവസഭ. "ഞാന്‍ അവരില്‍ വസിക്കുകയും അവരുടെയിടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവവും  അവര്‍ എന്‍റെ ജനവുമായിരിക്കും" (എസെ 37:27). എന്നുള്ള ദൈവത്തിന്‍റെ വാഗ്ദാനം ക്രൈസ്തവസഭയില്‍ നിറവേറിയിരിക്കുന്നതായി വി. പൗലോസ് പ്രസ്താവിക്കുന്നു (2 കോറി 6:14).

മരുഭൂമിയില്‍ യാത്ര ചെയ്തിരുന്ന ദൈവജനതയുടെ തുടര്‍ച്ചയാണ് ക്രൈസ്തവസഭ എന്നു വിശ്വസിച്ചതുകൊണ്ടാണ് മരുഭൂമിയിലെ സമൂഹത്തെ കുറിക്കുന്നതിനു പഴയനിയമത്തില്‍ ഉപയോഗിക്കുന്ന  'കര്‍ത്താവിന്‍റെ സഭ' (നിയമ 23:1-8) എന്ന സംജ്ഞ വി. പൗലോസ് ക്രൈസ്തവസഭയ്ക്ക് നല്കിയിരിക്കുന്നത്. ജറുസലേമിലെ സഭയ്ക്ക് ദൈവത്തിന്‍റെ സഭയെന്നും (ഗലാ 1:11 മുതല്‍;        1 കോറി 11:16), യൂദയായിലെ സഭകള്‍ക്ക് ദൈവത്തിന്‍റെ സഭകളെന്നും (1 തെസ 2:14; 2 തെസ 1:4; ഗലാ 1:22; 1 കോറി 15:9), വി. പൗലോസ് പേരുകള്‍ നല്‍കി. 'ദൈവത്തിന്‍റെ സഭ' എന്ന സംജ്ഞ പിന്നീട് കൊറീന്ത്യന്‍ സഭയ്ക്കും വി. പൗലോസ് നല്കുകയുണ്ടായി (1 കോറി 1:2; 2  കോറി 1:1; 1 കോറി 10:32; 11:22). പഴയനിയമത്തില്‍ ഇസ്രായേല്‍ ജനതയെക്കുറിച്ച് ഉപയോഗിച്ചിരുന്ന വിശേഷണങ്ങളും അലങ്കാര പ്രയോഗങ്ങളും വി. പൗലോസ് ക്രൈസ്തവസഭയ്ക്ക് നല്കിയതും അതുകൊണ്ടുതന്നെയാണ്. പഴയനിയമത്തിന്‍റെ ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്തില്‍ ഇസ്രായേലിനെ കുറിക്കുന്നതിന് ഉപയോഗിച്ചിരുന്ന "ക്ലോത്തോയിഹഗിയോയി" (വിളിക്കപ്പെട്ട വിശുദ്ധര്‍) (പുറ 2:16; ലേവി 23:2-44; സംഖ്യ 28:15). "ഹഗിയോയി" (വിശുദ്ധര്‍) (നിയമ 7:6; പുറ 19:6), "എലികത്തോയി" (തെരഞ്ഞെടുക്കപ്പെട്ടവര്‍) (നിയമ 4:37; 7:7; 10:15; 14:2) എന്നീ സംജ്ഞകളും വിശേഷണങ്ങളും വി. പൗലോസ് ക്രൈസ്തവസഭയ്ക്ക് നല്കുന്നുണ്ട്. "ക്ലോത്തോയി ഹഗിയോയി" (വിളിക്കപ്പെട്ട വിശുദ്ധര്‍) എന്ന് റോമിലെയും കൊറീന്ത്യയിലെയും വിശ്വാസികളെ വി. പൗലോസ് അഭിസംബോധന ചെയ്യുന്നതായും കാണുന്നു (റോമ 1:7; 1 കോറി 1:2). 'ഹഗിയോയി' എന്ന  പദം പലപ്പോഴും വിശ്വാസികളെ  കുറിക്കുവാന്‍ വി. പൗലോസ് ഉപയോഗിക്കുന്നു (റോമ 8:27; 1 കോറി 6:1 ളള; കൊളോ 3:12; 1 തെസ്സ 3:13; 2 തെസ്സ 1:10). 'എലകത്തോയി' (തെരഞ്ഞെടുക്കപ്പെട്ടവര്‍) എന്ന പദവും വിശ്വാസികളെ കുറിക്കുന്നതിനാണ് വി. പൗലോസ് ഉപയോഗിക്കുന്നത് (റോമ 3:33; കൊളോ 3:12). ഇസ്രായേല്‍ ജനതയുടെ തുടര്‍ച്ചയാണ് ക്രൈസ്തവസമൂഹമെന്ന ആശയം റോമാക്കാര്‍ക്കുള്ള ലേഖനം 11:16-24 ഉം എഫേസ്യര്‍ക്കുള്ള ലേഖനം 2:11-22 ലും വി. പൗലോസ് വിശദീകരിക്കുന്നുണ്ട്. ക്രൈസ്തവസഭ എല്ലാ തരത്തിലും പഴയനിയമസമൂഹത്തില്‍നിന്ന് വിഭിന്നമായ ഒരു ജനതയല്ല, പ്രത്യുത അതിനോട് ഒട്ടിച്ചേര്‍ക്കപ്പെട്ട ഒരു സമൂഹമാണെന്ന് വി. പൗലോസ് പ്രസ്താവിക്കുന്നു. ക്രൈസ്തവസഭ ഒരു ഒലിവു മരമാണ്. അതിന്‍റെ വേരുകളാണ് പഴയനിയമ പിതാക്കന്മാരും പ്രവാചകന്മാരും. അതിന്‍റെ സ്വാഭാവിക ശിഖരങ്ങള്‍ യഹൂദക്രിസ്ത്യാനികളും. ഒലിവു മരത്തിന്‍റെ സമ്പന്നതയില്‍ ഭാഗഭാക്കാകാന്‍ ഒട്ടിച്ചേര്‍ക്കപ്പെട്ട ശിഖരങ്ങളാണ് പുറജാതികളില്‍നിന്ന് ക്രൈസ്തവരായിത്തീര്‍ന്നവര്‍. അങ്ങനെ യഹൂദരും പുറജാതികളും സഭയാകുന്ന ഒലിവുമരത്തില്‍ ഒരു ജനമായിത്തീരുന്നു. അങ്ങനെ പുറജാതികളേയും യഹൂദരേയും ക്രിസ്തു തന്നില്‍ ഒരു ജനമാക്കിതീര്‍ത്തു. അങ്ങനെ ഇരുകൂട്ടര്‍ക്കും ഒരുമിച്ച് പിതാവിന്‍റെ സന്നിധിയില്‍ പ്രവേശിക്കുവാനുള്ള സാധ്യത അവിടുന്ന് ഉണ്ടാക്കിക്കൊടുത്തു. യഹൂദരുടെ അവകാശങ്ങള്‍ ദൈവം എടുത്തുകളഞ്ഞില്ല. ഇസ്രായേലിന് നല്കപ്പെട്ട അനുഗ്രഹങ്ങളില്‍ പുറജാതിക്കാര്‍ക്കുകൂടി പങ്കാളിത്തം നല്കുക മാത്രമാണ് അവിടുന്ന് ചെയ്തത്.

 ക്രൈസ്തവസഭ ഒരു പുതിയ ജനത

ക്രൈസ്തവസഭ പഴയ ഇസ്രായേലിന്‍റെ തുടര്‍ച്ചയാണെങ്കിലും ക്രൈസ്തവസഭയും പഴയ ഇസ്രായേലും വ്യത്യസ്ത സ്വഭാവങ്ങള്‍ ഉള്ളവയാണ്. യുഗാന്ത്യ സമൂഹമെന്നനിലയില്‍ സഭ ഒരു പുതിയ യാഥാര്‍ത്ഥ്യമാണ്. ഒരു സമൂഹം വേറൊരു സമൂഹത്തോട് കൂട്ടിച്ചേര്‍ത്തോ കൂട്ടിച്ചേര്‍ക്കപ്പെട്ടോ ഉത്ഭവിച്ചതല്ല ക്രൈസ്തവസഭ. സഭ ഒരു പുതിയ സൃഷ്ടിയാണ്. ക്രിസ്തു പരിച്ഛേദിതരില്‍ നിന്നും അപരിച്ഛേദിതരില്‍ നിന്നും ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചു  (എഫേ 2:15). പൗലോസ് പറയുന്നു: "പരിച്ഛേദനമോ, അപരിച്ഛേദനമോ അല്ല, പുതിയ ഒരു സൃഷ്ടിയാകുക എന്നതത്രേ പ്രധാനപ്പെട്ടത്" (ഗലാ 6:15). വീണ്ടും അദ്ദേഹം പറയുന്നു: "ക്രിസ്തുവിലായിരിക്കുന്ന ഏതൊരാളും ഒരു പുതിയ സൃഷ്ടിയാണ്" (2 കോറി 5:17).

യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും മാമ്മോദീസാ സ്വീകരിക്കുകയും പരിശുദ്ധാത്മാവില്‍ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവരാണ് യുഗാന്ത്യസമൂഹമായ സഭയിലെ അംഗങ്ങള്‍. എഫേസ്യര്‍ക്കുള്ള ലേഖനത്തില്‍ ഈ ആശയം വി. പൗലോസ് സ്പഷ്ടമാക്കുന്നുണ്ട്. "രക്ഷയുടെ സദ്വാര്‍ത്തയായ സത്യത്തിന്‍റെ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്ത നിങ്ങളും വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു" (എഫേ 1:13). "വിശ്വാസംവഴി കൃപയാല്‍ നിങ്ങള്‍ രക്ഷപ്രാപിച്ചു" (എഫേ 2:8).

യേശുക്രിസ്തുവില്‍ വിശ്വസിക്കാതിരുന്ന യഹൂദര്‍ ഒലിവുമരത്തില്‍നിന്നും വെട്ടപ്പെട്ട ശിഖരങ്ങളാണ് (റോമ 11:19); ജനനം മാത്രം  കൊണ്ടു ഇസ്രായേല്‍ക്കാരായവരാണ് (1 കോറി 10:18). അവര്‍ അടിമയുടെ മക്കളാണ്; സ്വതന്ത്രയുടേതല്ല (ഗല 4:24-27). അബ്രാഹത്തില്‍നിന്ന് ജനിച്ചവരെങ്കിലും അവര്‍ അബ്രാഹത്തിന്‍റെ മക്കളല്ല (റോമ 9:7). ക്രൈസ്തവ വിശ്വാസികളാണ് അബ്രാഹത്തിന്‍റെ യഥാര്‍ത്ഥ മക്കള്‍; അവരാണ് യഥാര്‍ത്ഥ അവകാശികളും (റോമ 4:11-18). അവര്‍ തന്നെയാണ് ദൈവത്തിന്‍റെ യഥാര്‍ത്ഥ മക്കളും (റോമ 9:8). വിശ്വാസികളുടെ അമ്മയാണ് സ്വര്‍ഗ്ഗീയ ജറുസലേമായ ക്രൈസ്തവസഭ; സ്വതന്ത്രയായ സാറായാണ് അവളുടെ പ്രതിരൂപം (ഗലാ 4:26). വാഗ്ദാനപ്രകാരം  ജനിച്ചവരാണ് സഭയുടെ മക്കളായ വിശ്വാസികള്‍ (റോമ 9:8). യുഗാന്ത്യ സമൂഹത്തില്‍ പരിശുദ്ധാത്മാവ് വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നുള്ള ജറെമിയായുടെയും എസെക്കിയേലിന്‍റെയും പ്രവചനങ്ങളുടെ പശ്ചാത്തലത്തിലാണ് (ജറെ 31:31-34; എസെ 36:22-28) വി. പൗലോസ് പുതിയ സമൂഹത്തിന്‍റെ  പ്രത്യേകതകള്‍ വിശകലനം ചെയ്യുന്നത്. പുതിയ സമൂഹത്തില്‍ പരിശുദ്ധാത്മാവ് വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിശ്വാസികള്‍ ദൈവത്തിന്‍റെ ആത്മാവില്‍ സ്നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്തവരാണ് (1 കോറി 6:11); ഒരേ ആത്മാവില്‍ സ്നാനമേറ്റ് ഒരു ശരീരമായിത്തീര്‍ന്നവരാണവര്‍ (1 കോറി 12:13) 'ദൈവം നമ്മില്‍ തന്‍റെ മുദ്രപതിച്ച്, നമ്മുടെ ഹൃദയങ്ങളില്‍  തന്‍റെ ആത്മാവിനെ അച്ചാരമായി നല്കിയിരിക്കുന്നു' എന്ന് വി. പൗലോസ് (2 കോറി 1:21-22-ല്‍) പറയുന്നു. മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിന്‍റെ ആത്മാവുകൊണ്ടു എഴുതപ്പെട്ട ക്രിസ്തുവിന്‍റെ ലിഖിതമാണ് സഭയെന്ന് കൊറീന്ത്യാക്കാര്‍ക്കുള്ള ലേഖനത്തില്‍ വി. പൗലോസ് പ്രസ്താവിക്കുന്നുണ്ട് (2 കോറി 3:3). പരിശുദ്ധാത്മാവ് ഒരു ആലയത്തിലെത്തുന്നതുപോലെ വിശ്വാസികളുടെ ഹൃദയങ്ങളിലും സഭമുഴുവനിലും കുടികൊള്ളുന്നു (1 കോറി 3:16; 6:19). ദൈവമക്കളാണെന്ന അവബോധം വിശ്വാസികളില്‍ ജനിപ്പിക്കുന്നത് ഈ ആത്മാവാണ്. ദൈവത്തെ 'ആബാ', പിതാവേ എന്ന് വിളിക്കുവാന്‍ പരിശുദ്ധാത്മാവ് വിശ്വാസികളെ പ്രാപ്തരാക്കുന്നു. ദൈവത്തിന്‍റെ ഇഷ്ടം നിവര്‍ത്തിക്കുന്നതിനുള്ള ശക്തി വിശ്വാസികള്‍ക്ക് നല്‍കുന്നതും പരിശുദ്ധാത്മാവാണ് (റോമ 8:2-4). വിശ്വാസികള്‍ തമ്മിലുള്ള പരസ്പരബന്ധം സ്നേഹത്തിലധിഷ്ഠിതമാണ്. സ്നേഹമാകട്ടെ പരിശുദ്ധാത്മാവിന്‍റെ ഫലമാണ് (ഗലാ 5:22). എല്ലാ പ്രമാണങ്ങളുടെയും സാരവും സംഗ്രഹവുമാണ് സ്നേഹം (റോമ 13:8-16). പരിശുദ്ധാത്മാവ് കൃപാദാനങ്ങള്‍വഴി പുതിയ സമൂഹത്തിന് ആത്മീയ വളര്‍ച്ച നല്‍കുന്നു (1 കോറി 12:12-27).

യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ട യുഗാന്ത്യ ദൈവജനം ജാതീയവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രതിബന്ധങ്ങളെയും ഇല്ലാതാക്കുന്നു: യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള വ്യത്യാസം ഇല്ല; എല്ലാവരും ക്രിസ്തുവില്‍ ഒന്നാണ് (ഗലാ 3:28). കാരണം ക്രിസ്തുവില്‍ സ്നാനം സ്വീകരിച്ച എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു; യേശു ക്രിസ്തുവില്‍ എല്ലാവരും ദൈവപുത്രരായിതീര്‍ന്നിരിക്കുന്നു (ഗലാ 3:26-27, 1 കോറി 12:13). സഭാംഗങ്ങളെല്ലാവരും സഹോദരങ്ങളാണ്; ക്രിസ്തു അനേക സഹോദരരില്‍ ആദ്യ ജാതനും (കൊളോ 1:18, റോമ 8:29). യഹൂദരും വിജാതിയരും തമ്മില്‍ നിലനിന്നിരുന്ന ശത്രുതയുടെ പ്രതീകമായ മതില്‍ തല്ലിത്തകര്‍ത്തുകൊണ്ട് ക്രിസ്തു ഇരുവരേയും ഒരു ജനതയാക്കി. കുരിശുമരണംവഴി ക്രിസ്തു അവരുടെ ശത്രുത അവസാനിപ്പിച്ചു. ക്രിസ്തുവഴി യഹൂദര്‍ക്കും പുറജാതിക്കാര്‍ക്കും ഒരേ ആത്മാവില്‍ പിതാവിങ്കലേക്ക് പ്രവേശനം ഉണ്ടായി (എഫേ 2:11-18).

പഴയ ദൈവജനതയ്ക്ക് ഭൗതിക നന്മകളായിരുന്നു ദൈവം വാഗ്ദാനം ചെയ്തിരുന്നത്. പുതിയ ജനതയ്ക്കാകട്ടെ സ്വര്‍ഗ്ഗീയവും ആത്മീയവുമായ നന്മകളാണ് ദൈവം വാഗ്ദാനം ചെയ്യുന്നത്. സ്വര്‍ഗ്ഗീയമായ എല്ലാ ആത്മീയ വരങ്ങളാലും ദൈവം ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു (എഫേ 1:3); ലോകത്തിന്‍റെ അവകാശം (റോമ 4:13) അനശ്വരത (1 കോറി 15:50) നിത്യജീവന്‍ (തിമോ 3:7) മഹത്വം (എഫേ 1:18) ദൈവരാജ്യം (1 കോറി 6:9-10) എന്നിവയാണ് ദൈവം തന്‍റെ ജനതയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത് നിത്യരക്ഷ. ആ രക്ഷയുടെ അച്ചാരമായി പരിശുദ്ധാത്മാവിനെ അവിടുന്ന് അവര്‍ക്ക് നല്‍കിയിരിക്കുന്നു.

ക്രൈസ്തവസഭ ഒരു ആരാധനാസമൂഹം

ഇസ്രായേല്‍ ജനം ഒരു ആരാധനാ സമൂഹമായിരുന്നു. ദേവാലയവും പുരോഹിതന്മാരും ആരാധനാവിധികളും ഉണ്ടായിരുന്നു; പ്രത്യേകിച്ച് ബലി. ക്രൈസ്തവസഭയും ഒരു ആരാധനാസമൂഹമാണെന്ന് ആദിമസഭ വിശ്വസിച്ചു (1 പത്രോ 2:5).

വി. പത്രോസിന്‍റെ വീക്ഷണത്തില്‍ സഭ ദൈവത്തിന്‍റെ ആലയമാണ്. എഫേ 2:19 മുതലുള്ള വാക്യങ്ങളില്‍ ക്രൈസ്തവസഭയെ ഒരു നഗരമായിട്ടും ദേവാലയമായിട്ടും വി. പൗലോസ് വിവരിക്കുന്നുണ്ട്. നിങ്ങളിനിമേല്‍ പരദേശികളോ അന്യരോ അല്ല, പ്രത്യുത വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്; അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണു നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ഒരു ആലയമായി അത് വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്‍റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രിസ്തുവാകുന്ന അടിത്തറമേല്‍ പണിയപ്പെട്ട ദൈവത്തിന്‍റെ ആലയമാണ് സഭയെന്ന് വി. പൗലോസ് കൊറീന്ത്യക്കാരോടു പറയുന്നുണ്ട് (1 കൊറി 3:9-17); "ദൈവാത്മാവ് സഭയില്‍ വസിക്കുന്നുവെന്ന്  നിങ്ങള്‍ അറിയുന്നില്ലേ"യെന്ന് വി. പൗലോസ് അവരോട് ചോദിക്കുന്നു (1 കോറി 3:6).

ബാഹ്യാനുഷ്ഠാനങ്ങളെക്കാള്‍ ആദ്ധ്യാത്മിക ജീവിതത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു ആരാധനയാണ് ക്രൈസ്തവസഭയുടേത്. ആദ്ധ്യാത്മിക ജീവിതമാകുന്ന ആത്മീയ ബലിയാണ് സഭ ദൈവത്തിന് അര്‍പ്പിക്കുന്നത്. "നിങ്ങളെത്തന്നെ പരിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍, ഇതായിരിക്കട്ടെ നിങ്ങളുടെ ആത്മീയാരാധന" എന്ന് വി. പൗലോസ് റോമാക്കാരെ ഉപദേശിക്കുന്നു (റോമ 12:1). ആത്മീയാരാധനയാകുന്ന ക്രൈസ്തവജീവിതം എന്തിലടങ്ങിയിരിക്കുന്നുവെന്ന് വി. പൗലോസ് റോമാക്കാര്‍ക്കുള്ള ലേഖനം  12 മുതല്‍ 15 വരെയുള്ള അദ്ധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. അതിന്‍റെ ചുരുക്കം 12-ാം അദ്ധ്യായത്തിന്‍റെ രണ്ടാം വാക്യത്തില്‍ കാണാം "നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രത്യുത ഹൃദയ പരിവര്‍ത്തനത്തിലൂടെ  രൂപാന്തരം പ്രാപിക്കുവിന്‍; ദൈവതിരുമനസ്സ് എന്തെന്നും നല്ലതും, സ്വീകാര്യവും പരിപൂര്‍ണ്ണവുമായത് എന്തെന്നും വിവേചിച്ചറിയുവാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും".

ക്രൈസ്തവര്‍ അര്‍പ്പിക്കുന്ന ആരാധനയെക്കുറിച്ച് വിശുദ്ധ പൗലോസ് ഫിലിപ്പിയര്‍ക്കുള്ള ലേഖനം 3:3 ല്‍ പ്രസ്താവിക്കുന്നുണ്ട്. "ദൈവത്തെ ആത്മാവില്‍ ആരാധിക്കുകയും യേശുക്രിസ്തുവില്‍ അഭിമാനം കൊള്ളുകയും ശരീരത്തില്‍ ശരണം വയ്ക്കാതിരിക്കുകയും ചെയ്യുന്ന നമ്മളാണ് പരിച്ഛേദനം സ്വീകരിച്ചവര്‍". യഥാര്‍ത്ഥ പരിച്ഛേദനം ആത്മീയമാണെന്നും അത് സ്വീകരിച്ചവരാണ് വിശ്വാസികളെന്നും, വിശ്വാസികളുടെ ആരാധന ആത്മീയമാണെന്നുമാണ് വി. പൗലോസ് വിവക്ഷിക്കുന്നത്. ഫിലി 2:17- ല്‍ ഫിലിപ്പിയരുടെ വിശ്വാസജീവിതത്തെ അവര്‍ അര്‍പ്പിക്കുന്ന ബലിയായി ആരാധനയായി വി. പൗലോസ് കാണുന്നു. എപ്പഫ്രോദിത്തോസ്വഴി ഫിലിപ്പിയര്‍ വി. പൗലോസിനയച്ചുകൊടുത്ത സംഭാവന അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ അവര്‍ ദൈവത്തിനര്‍പ്പിച്ച പ്രസാദകരവും സ്വീകാര്യവും പരിമളം പരത്തുന്നതുമായ ബലിയാണ്.

ബാഹ്യാനുഷ്ഠാനങ്ങള്‍ ക്രൈസ്തവാരാധനയുടെ ഒരു ഭാഗമാണ്. ആദിമ സഭയില്‍ നിലവിലുണ്ടായിരുന്ന അനുഷ്ഠാനങ്ങളെക്കുറിച്ച് വി. പൗലോസിന്‍റെ ലേഖനങ്ങളില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. 1 കോറി 10:21; 11:23-34; 14:16 എന്നിവ പ്രത്യേകിച്ച് പരിഗണനാര്‍ഹങ്ങളാണ്. ക്രൈസ്തവജീവിതവുമായി അഭേദ്യം ബന്ധപ്പെട്ട് നിര്‍വ്വഹിക്കാനാണ് ഈ അനുഷ്ഠാനങ്ങള്‍. വി. കുര്‍ബ്ബാന ക്രൈസ്തവരുടെ കൂട്ടായ്മയുടെ അടയാളവും കാരണവുമാണ്. യേശുക്രിസ്തുവിന്‍റെ ബലിയിലുള്ള പങ്കുചേരലാണല്ലോ വി. കുര്‍ബ്ബാന. യേശുക്രിസ്തുവിന്‍റെ ബലിയാകട്ടെ ഏറ്റവും വലിയ സ്നേഹത്തിന്‍റെ പ്രവര്‍ത്തനമായിരുന്നു. ബാഹ്യാനുഷ്ഠാനങ്ങളും ക്രൈസ്തവജീവിതവും ഒരുമിച്ചു പോകേണ്ടതാണ്.

 സഭ ക്രിസ്തുവിന്‍റെ ശരീരം

സഭ ക്രിസ്തുവിന്‍റെ ശരീരമാണ് എന്ന ആശയം വിശുദ്ധ പൗലോസ് സഭാവിജ്ഞാനീയത്തിന് നല്‍കിയ പ്രത്യേക സംഭാവനയാണ്. വി. പൗലോസിന്‍റെ ലേഖനങ്ങളില്‍ മാത്രമേ ഈ ആശയം നാം കാണുന്നുള്ളൂ. വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ (15:1-8) മുന്തിരിവള്ളിയും ശാഖകളുമെന്ന അലങ്കാരപ്രയോഗത്തിലൂടെ അവതരിപ്പിച്ചിരിക്കുന്ന ആശയവും, വി. പത്രോസിന്‍റെ ഒന്നാം ലേഖനത്തില്‍ (1 പത്രോ 2:5) ആത്മീയ ഭവനമെന്ന അലങ്കാരപ്രയോഗത്തിലൂടെ വിശദീകരിക്കുന്ന ആശയവും വി. പൗലോസിന്‍റെ ആശയത്തോട് പൊരുത്തപ്പെടുന്നതാണ്.

സഭ ക്രിസ്തുവിന്‍റെ ശരീരം എന്ന ആശയം കൊറീന്ത്യര്‍ക്കുള്ള ലേഖനത്തിലാണ് വി. പൗലോസ് ആദ്യമായി അവതരിപ്പിക്കുന്നത്.

  • 1 കോറി 12:13 ഒരേ ആത്മാവില്‍ സ്നാനപ്പെട്ട് നാം ഒരു ശരീരമായിരിക്കുന്നു.
  • 1 കോറി 12:17 നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരമാകുന്നു; ഓരോരുത്തരും അതിന്‍റെ അവയവങ്ങളുമത്രേ.
  • 1 കോറി 6:15-17 നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങള്‍ ആണെന്ന് അറിഞ്ഞുകൂടേ.
  • 1 കോറി 10:17 നാം പലരെങ്കിലും എല്ലാവരും ഒരേ അപ്പത്തില്‍ പങ്കുചേരുന്നതുകൊണ്ട് ഏക ശരീരമാണ്.

സഭ ക്രിസ്തുവിന്‍റെ ശരീരമാണെന്നുള്ള ആശയം റോമാക്കാര്‍ക്കുള്ള ലേഖനത്തിലും ഉണ്ട്. 12:5 "അനേകരെങ്കിലും നാം ക്രിസ്തുവില്‍ ഒരു ശരീരമാകുന്നു. നാം ഓരോരുത്തരും അവയവങ്ങളും".

സഭ ക്രിസ്തുവിന്‍റെ ശരീരം ആണെന്നും, മാത്രമല്ല സഭയുടെ ശിരസ്സ് ക്രിസ്തുവാണെന്നുമുള്ള ആശയം എഫേസ്യര്‍ക്കും കൊളോസ്യര്‍ക്കുമുള്ള ലേഖനങ്ങളില്‍ വി. പൗലോസ് വിശദമായി വിവരിക്കുന്നത് കാണാം.

'സഭ ക്രിസ്തുവിന്‍റെ ശരീരം' എന്നതിന്‍റെ അര്‍ത്ഥം

ചില വേദപുസ്തക വ്യാഖ്യാതാക്കള്‍ ശരീരം എന്ന പദം രൂപാലങ്കാരമായി മനസ്സിലാക്കുന്നു. ഒരു സമൂഹത്തിന്‍റെ ഏകത്വവും വിവിധത്വവും കാണിക്കുന്നതിന് സ്റ്റോയിക്ക് ചിന്തകര്‍ അതിനെ  ശരീരത്തോട് ഉപമിച്ചിരിക്കുന്നു. ഒരു പട്ടണത്തില്‍ വസിക്കുന്നവരെ മുഴുവനും ഉദ്ദേശിച്ച് 'നാഗരിക ശരീരം' എന്നര്‍ത്ഥമുള്ള "സോമാ പൊളിറ്റിക്കോണ്‍" എന്ന സംജ്ഞ അവര്‍ ഉപയോഗിച്ചിരിക്കുന്നതു കാണാം. ഈ ചിന്തകരെ അനുകരിച്ച്, ക്രൈസ്തവസഭയുടെ ഏകത്വവും വിവിധത്വവും സൂചിപ്പിക്കുവാന്‍ "സഭ ക്രിസ്തുവിന്‍റെ ശരീരം" എന്ന പ്രയോഗം വി. പൗലോസ് സ്വീകരിച്ചുവെന്നാണ് മേല്പറഞ്ഞ വ്യാഖ്യാതാക്കള്‍ കരുതുന്നത്. പക്ഷേ ഇന്ന് നിരവധി പണ്ഡിതന്മാര്‍ 'ശരീര'മെന്ന പദപ്രയോഗം വി. പൗലോസ് തന്‍റെ ലേഖനങ്ങളില്‍ രൂപാലങ്കാരമായിട്ടല്ല ഉപയോഗിച്ചിരുക്കുന്നതെന്നാണ് കരുതുന്നത്. അവരുടെ വീക്ഷണത്തില്‍ ശരീരം "വ്യക്തി"യെ (Person) ആണ് സൂചിപ്പിക്കുന്നത്. സ്റ്റോയിക്ക് ചിന്തകരുടെ അലങ്കാര പ്രയോഗമല്ല, ഹീബ്രു ചിന്തകരുടെ 'സംഘാത വ്യക്തിത്വ'മെന്ന ആശയവും, 'ശരീര'മെന്നതിന് ഹീബ്രുചിന്തയിലുള്ള അര്‍ത്ഥവുമാണ് വി. പൗലോസിന്‍റെ ചിന്തയുടെ പശ്ചാത്തലമായി അവര്‍ കാണുക. രണ്ടാമത്തെ അഭിപ്രായമാണ് കൂടുതല്‍ സ്വീകാര്യമായിട്ടുള്ളത്. സഭയ്ക്ക് ക്രിസ്തുവിനോടുള്ള ബന്ധവും സഭാംഗങ്ങള്‍ക്ക് തമ്മില്‍ തമ്മിലുള്ള ബന്ധവുമാണ് 'സഭ ക്രിസ്തുവിന്‍റെ ശരീരം' എന്ന പദപ്രയോഗംകൊണ്ട് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സഭാംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനം അവര്‍ ക്രിസ്തുവിനോട് ഏകീഭവിച്ചിരിക്കുന്നു എന്നുള്ളതാണ്. ഈ ഐക്യം സത്താപരമല്ല. ദൈവശാസ്ത്രജ്ഞന്മാര്‍ അതിനെ 'മൗതികം' എന്ന് വിളിക്കുന്നു.

 

'സോമാ' (ശരീരം) എന്ന പദത്തിന്‍റെ അര്‍ത്ഥം സെമിറ്റിക് സാംസ്കാരിക പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതാണ്. വി. പൗലോസിന്‍റെ ചിന്തയുടെ പിന്നില്‍ പഴയനിയമത്തിന്‍റെയും യഹൂദചിന്തയുടെയും സ്വാധീനം വളരെ ഉണ്ട്. 'സോമാ' എന്ന പദം മനുഷ്യന്‍റെ ബാഹ്യമായ ഘടനയെയോ ഏതെങ്കിലും ഒരു ഭാഗത്തെയോ അല്ല സൂചിപ്പിക്കുന്നത്: പ്രത്യുത മനുഷ്യന്‍റെ ആളത്വത്തിന്‍റെ പൂര്‍ണ്ണത മുഴുവനേയും സൂചിപ്പിക്കുന്നു. ഈ അര്‍ത്ഥത്തിലാണ് റോമാക്കാര്‍ക്കുള്ള ലേഖനം 12:1 -ല്‍ 'സോമാ' എന്ന പദം വി. പൗലോസ് ഉപയോഗിച്ചിരിക്കുന്നത്. "നിങ്ങള്‍  നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവബലിയായി ദൈവത്തിനു സമര്‍പ്പിക്കുവിന്‍" (റോമ 12:1). ഈ വാക്യത്തില്‍ 'ശരീരം' ആളത്വത്തിന്‍റെ ഒരു ഘടകം എന്ന അര്‍ത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നത്, ആളത്വത്തെ മുഴുവന്‍ സൂചിപ്പിച്ചുകൊണ്ടാണ്. റോമ 6:12 'പാപം നിങ്ങളുടെ മര്‍ത്യ ശരീരത്തില്‍ ഭരണം നടത്താതിരിക്കട്ടെ' എന്നതിനു തുല്യമാണ്. 1 കോറി 6:15 'നിങ്ങളുടെ ശരീരങ്ങള്‍' എന്നത് 'നിങ്ങള്‍' എന്നതിനു തുല്യമാണ്. 2 കോറി 4:10-12 "ഞങ്ങളുടെ ശരീരത്തില്‍" എന്ന പ്രയോഗം ഞങ്ങളില്‍ എന്നതിന് തുല്യമായി നില്‍ക്കുന്നു. മനുഷ്യന് 'സോമാ' ഉണ്ടെന്നല്ല, മനുഷ്യന്‍ തന്നെ 'സോമ' ആണെന്നാണ് വി. പൗലോസിന്‍റെ വിവക്ഷ. സഭ ക്രിസ്തുവിന്‍റെ ശരീരമാണ് എന്ന പ്രസ്താവനവഴി സഭ ഒരുതരത്തില്‍ ക്രിസ്തുതന്നെയാണ്  എന്ന് വി. പൗലോസ് വിവക്ഷിക്കുന്നു. മഹത്വീകൃതനായ ക്രിസ്തുവിന്‍റെ മനുഷ്യത്വത്തോടുള്ള സഭയുടെ ഏകീഭാവമാണ് ഈ പ്രസ്താവനയില്‍ അന്തര്‍ലീനമായിരിക്കുന്നത്. ഹീബ്രു ചിന്തയിലെ സംഘാതവ്യക്തിത്വം എന്ന ആശയവും വി. പൗലോസ് 'സഭ ക്രിസ്തുവിന്‍റെ ശരീരമാണ്' എന്ന പ്രയോഗത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. മഹത്വീകൃതനായ ക്രിസ്തു തന്‍റെ മനുഷ്യത്വത്തില്‍ അവസാനത്തെ ആദമാണ്. അവസാനത്തെ ആദമാകട്ടെ ഒരു സംഘാത വ്യക്തിയാണ്. ഏകനില്‍ അനേകരാണ്; അനേകരില്‍ ഏകനും.

മൗതിക തലത്തില്‍ ക്രിസ്തുവുമായുള്ള സഭയുടെ ഏകീഭാവത്തെക്കുറിച്ച് പലപ്പോഴും വി. പൗലോസ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. "ക്രിസ്തുവില്‍" "ക്രിസ്തുവിനോടുകൂടെ" എന്നീ പദപ്രയോഗങ്ങളില്‍ പ്രതിഫലിക്കുന്ന ആശയം ഇതുതന്നെയാണ്. ക്രിസ്തുവും സഭയുമായുള്ള ബന്ധം വ്യക്ത്യോന്മുഖമാണെന്ന് പൗലോസിന്‍റെ പല പ്രസ്താവനകളും തെളിയിക്കുന്നു. ഉദാ. :- 1 കോറി 6:14-17 = നിങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങളാണ് (ശരീരമാണ്). വേശ്യയുമായി ചേരുന്നവന്‍ അവളുമായി ഒരു ശരീരമായിത്തീരുന്നതുപോലെ ക്രിസ്തുവിനോട് ചേരുന്നവന്‍ അവനുമായി ഏകാത്മാവായിത്തീരുന്നു. 1 കോറി 10:17 = നാം പലരെങ്കിലും എല്ലാവരും ഒരേ അപ്പത്തില്‍ പങ്കുചേരുന്നതുകൊണ്ട് ഒരു ശരീരമാകുന്നു. വി. കുര്‍ബ്ബാനവഴി നാം ക്രിസ്തുവിനോട് ഏകീഭവിക്കുന്നു. ആ എകീഭവിക്കല്‍ നമ്മെ പരസ്പരം ഐക്യപ്പെടുത്തുകയും ചെയ്യുന്നു. 'ഏക ശരീരം' ഉത്ഥാനം ചെയ്ത ക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത്. കര്‍ത്താവിന്‍റെ വിരുന്നിലുള്ള ഭാഗഭാഗിത്വംവഴി ക്രിസ്തുവും വിശ്വാസികളും തമ്മില്‍ ഏകീഭവിക്കുകയും അതിന്‍റെ ഫലമായി വിശ്വാസികള്‍ തമ്മില്‍ പരസ്പരം ബന്ധിക്കപ്പെടുകയും ചെയ്യുന്നു.

ഉത്ഥാനം ചെയ്ത ക്രിസ്തുവിനോടുള്ള  വിശ്വാസികളുടെ ഐക്യത്തെക്കുറിച്ച് റോമാക്കാര്‍ക്കുള്ള ലേഖനം 7-ാം അദ്ധ്യായം 4-ാം വാക്യത്തിലും, വി. പൗലോസ് പ്രസ്താവിക്കുന്നുണ്ട്.

1 കോറി 12:12-ല്‍ വി. പൗലോസ് പറയുന്നു. ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതാണെങ്കിലും ശരീരം ഒന്നുതന്നെ. അതുപോലെയാണ് ക്രിസ്തുവും. മനുഷ്യശരീരത്തില്‍ പല അവയവങ്ങള്‍ ഉള്ളതുപോലെ ഉത്ഥാനം ചെയ്ത ക്രിസ്തുവിനും പല അവയവങ്ങള്‍ ഉണ്ട്; ക്രിസ്തുവിനോട് ഏകീഭവിച്ച വിശ്വാസികളാണ് ഈ അവയവങ്ങള്‍. മനുഷ്യശരീരത്തിലെ അവയവങ്ങള്‍ പരസ്പരം ഐക്യത്തില്‍ ശരീരത്തിന്‍റെ പൊതു നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതുപോലെ, ക്രിസ്തുവിന്‍റെ അവയവങ്ങളായ വിശ്വാസികളും പൊതുനന്മയ്ക്കുവേണ്ടി ഐക്യത്തോടുകൂടി പ്രവര്‍ത്തിക്കണമെന്ന് വി. പൗലോസ് ഉപദേശിക്കുകയാണിവിടെ. കാരണം വിശ്വാസികള്‍ ഒരുമിച്ച സഭ ക്രിസ്തുവിന്‍റെ ശരീരമാണ് (1 കൊറി 12:27). ശരീരം എന്ന പദം ഇവിടെയും സെമിറ്റിക്ക് പശ്ചാത്തലത്തില്‍തന്നെ മനസ്സിലാക്കേണ്ടതാണ്.

വി. മാമ്മോദീസായും വി. കുര്‍ബ്ബാനയുംവഴി ഉത്ഥാനം ചെയ്ത ക്രിസ്തുവിനോട് ഏകീഭവിച്ചവരാണ് വിശ്വാസികള്‍, അതായത് സഭ, ക്രിസ്തു തന്നെയാണ്.

 ക്രിസ്തു സഭയുടെ ശിരസ്സ്

കൊളോസിയര്‍ക്കുള്ള ലേഖനത്തിലും എഫേസിയര്‍ക്കുള്ള ലേഖനത്തിലും തന്‍റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ് ക്രിസ്തുവെന്ന് വി. പൗലോസ് പ്രസ്താവിക്കുന്നുണ്ട് (കൊളോ 1:18; എഫേ 1:22; 4:15; 5:23). സഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധം ഈ പ്രസ്താവനയിലൂടെ വി. പൗലോസ് വിശദീകരിക്കുന്നു. സെമിറ്റിക്ക് പശ്ചാത്തലത്തിലും നിലവിലിരുന്ന ശരീരശാസ്ത്രത്തിന്‍റെയും  വൈദ്യശാസ്ത്രത്തിന്‍റെയും സിദ്ധാന്തങ്ങള്‍ അനുസരിച്ചും തന്‍റെ ക്രിസ്തീയ അനുഭവജ്ഞാനത്തിന്‍റെ വെളിച്ചത്തിലുമാണ് ക്രിസ്തു സഭയുടെ ശിരസ്സ് ആണ് എന്ന ആശയം വി. പൗലോസ് അവതരിപ്പിക്കുന്നത്.

കെഫാലെ (ശിരസ്സ്) എന്ന ഗ്രീക്കുപദം "റോഷ്" എന്ന ഹീബ്രുപദത്തിന് സമാന്തരമാണ്. 'റോഷ്' എന്ന ഹീബ്രുപദത്തിന് ആലങ്കാരികാര്‍ത്ഥത്തില്‍ "ഗോത്രത്തലവന്‍" 'ഭരണാധികാരി', 'സൈന്യാധിപതി' എന്നൊക്കെയാണ് അര്‍ത്ഥം (ന്യായാ 10:18; 11:8-9; 1 സാമു 15:17; ഏശ 7:8-9; ഹോസി 1:11; നിയമ 33:5; ജറെ 31:7; വിലാ 1:5; സങ്കീ 18:43). 2 ദിന 13:12-ല്‍ "ഇസ്രായേലിന്‍റെ റോഷ്" എന്ന സംജ്ഞ ദൈവത്തെക്കുറിച്ച് ഉപയോഗിച്ചിരിക്കുന്നു. പരിപാലിക്കുക, രക്ഷിക്കുക, യോജിപ്പിക്കുക തുടങ്ങിയ എല്ലാ കര്‍ത്തവ്യങ്ങളും "റോഷി"നുണ്ട്.

നിലവിലിരുന്ന ശരീരവൈദ്യശാസ്ത്രപ്രകാരം മസ്തിഷ്കം സിരാവ്യൂഹംവഴി വികാരങ്ങളെയും ചലനങ്ങളെയും സ്വാധീനിക്കുന്നു.

ക്രിസ്തു എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്സാണ് (കൊളോ 2:10). എന്ന പ്രസ്താവനയില്‍ 'റോഷ്' എന്ന ഹീബ്രുപദത്തിന്‍റെ സ്വാധീനം കാണുവാന്‍ സാധിക്കും. ദൈവം എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കുമുപരി ക്രിസ്തുവിനെ ഉപവിഷ്ടനാക്കുകയും എല്ലാ വസ്തുക്കളെയും അവന്‍റെ പാദങ്ങള്‍ക്കു കീഴിലാക്കുകയും അവനെ എല്ലാറ്റിനുമുപരി സഭയുടെ ശിരസ്സായി നിയമിക്കുകയും ചെയ്തു (എഫേ 1:21-22). എല്ലാറ്റിന്‍റെയും മേലുള്ള ക്രിസ്തുവിന്‍റെ ആധിപത്യമാണ് നാമിവിടെ കാണുന്നത്. ഈ അര്‍ത്ഥമാണ് പുരുഷന്‍റെ ശിരസ്സ് ക്രിസ്തുവാകുന്നു (1 കൊറി 11:3).  എന്ന പ്രസ്താവനയിലുള്ളത്. എഫേ 4:15-16 ലും, കൊളോ 2:19 ലും നിലവിലിരുന്ന വൈദ്യ-ശരീരശാസ്ത്രത്തിന്‍റെ  സ്വാധീനം കാണാം. പക്ഷെ  പ്രസ്തുത വൈദ്യ-ശരീരശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍മാത്രം മനസ്സിലാക്കുവാന്‍ കഴിയാത്ത പല പ്രസ്താവനകളും എഫേസ്യര്‍ക്കും, കൊളോസ്യര്‍ക്കുമുള്ള ലേഖനങ്ങളിലുണ്ട്: ഉദാ. എഫേ 4:16, കൊളോ 2:19, എഫേ 5:23,29 മസ്തിഷ്കം, സിരാവ്യൂഹം എന്നീ പദങ്ങള്‍ അല്ല, പ്രത്യുത ശിരസ്സ്, കൃപാദാനങ്ങള്‍ എന്നീ പദങ്ങളാണ് വി. പൗലോസ് ഉപയോഗിക്കുന്നത്. ക്രിസ്തു തന്‍റെ ശരീരമായ സഭയുടെ ശിരസ്സാണ് എന്ന പ്രസ്താവനയിലൂടെ വി. പൗലോസ് അവതരിപ്പിക്കുന്ന ആശയങ്ങള്‍ ഇവയാണ്.

ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം, സഭയുടെ മേലുള്ള ക്രിസ്തുവിന്‍റെ ആധിപത്യം, സഭയിലുള്ള ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം, ക്രിസ്തുവഴിയുള്ള സഭയുടെ വളര്‍ച്ച, സഭയുടെ ഐക്യം, സഭാംഗങ്ങളുടെ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ. ശിരസ്സായ ക്രിസ്തുവിനോടുള്ള ഗാഢബന്ധം നിമിത്തമാണ് ക്രിസ്തുവിന്‍റെ ശരീരമായ സഭയ്ക്ക് ദൈവികമായ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുവാന്‍ സാധിക്കുന്നത് (കൊളോ 2:19).

മൗതികതലത്തില്‍ സഭയും ക്രിസ്തുവും ഒരു വ്യക്തിയാണെങ്കിലും സത്താപരമായി വ്യത്യസ്ത വ്യക്തികളാണ്. ക്രിസ്തു സഭയുടെ നാഥനും, രക്ഷകനും, പരിപോഷകനും, ജീവനുമാകുന്നു. സഭ കീഴ്പ്പെട്ടവളും, ക്രിസ്തുവില്‍നിന്ന് ജീവനും ചൈതന്യവും പരിപൂര്‍ണ്ണതയും പ്രാപിക്കുന്നവളുമാകുന്നു.

 സഭ ക്രിസ്തുവിന്‍റെ പ്ളെറോമ (പൂര്‍ണ്ണത)

വി. പൗലോസ് സഭയെ ക്രിസ്തുവിന്‍റെ ശരീരമെന്നും പൂര്‍ണ്ണതയെന്നും നിര്‍വ്വചിക്കുന്നു. ഏത് അര്‍ത്ഥത്തിലാണ് സഭ ക്രിസ്തുവിന്‍റെ പൂര്‍ണ്ണത ആയിരിക്കുന്നത് എന്നത് പണ്ഡിതന്മാരുടെ ഇടയില്‍ വിവാദവിഷയമാണ്. ഒരു കൂട്ടര്‍ സഭ ക്രിസ്തുവിനെ പൂര്‍ണ്ണമാക്കുന്നുവെന്ന് അഭിപ്രായപ്പെടുമ്പോള്‍, മറ്റൊരു കൂട്ടര്‍ സഭ ക്രിസ്തുവിനാല്‍ പൂര്‍ണ്ണമാക്കപ്പെടുന്നു എന്ന് പറയുന്നു. ഒന്നാമത്തെ അഭിപ്രായമനുസരിച്ച് സഭയെകൂടാതെ ക്രിസ്തു അപൂര്‍ണ്ണനാണ്. വിളിക്കപ്പെട്ട ആളുകള്‍ ക്രിസ്തുവിനോടുകൂടി ചേരുമ്പോഴാണ് അവിടുന്ന് പൂര്‍ണ്ണനാകുന്നത്. ക്രിസ്തുവിന്‍റെ അപൂര്‍ണ്ണതയില്‍ സഭ നിറയുകയാണ് ചെയ്യുന്നത്. അതായത് സഭ ക്രിസ്തുവിന്‍റെ പൂരണമാണ്.

രണ്ടാമത്തെ അഭിപ്രായമനുസരിച്ച് സഭ ഒരു പാത്രമാണ്. ക്രിസ്തു സഭയാകുന്ന പാത്രത്തെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍കൊണ്ട് നിറക്കുന്നു. സഭ ക്രിസ്തുവിനെ പൂര്‍ണ്ണമാക്കുകയല്ല, പ്രത്യുത ക്രിസ്തു സഭയെ പൂര്‍ണ്ണമാക്കുകയാണ്.

'പ്ലെറോമാ' എന്ന ഗ്രീക്കുപദത്തിനു 'നിറയ്ക്കുന്നത്' എന്നും 'നിറയ്ക്കപ്പെടുന്നത്' എന്നും അര്‍ത്ഥമുണ്ട്, പ്ലെറോമാ എന്ന പദം 'സഭ ക്രിസ്തുവിന്‍റെ പ്ലെറോമയാണ്' എന്ന പദ സമുച്ചയത്തില്‍ വി. പൗലോസ് ഉപയോഗിച്ചിരിക്കുന്നത് പഴയനിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ രണ്ടാമത്തെ അഭിപ്രായമാണ് സ്വീകാര്യമായി തോന്നുന്നത്. ദൈവത്തിന്‍റെ തേജസ്സ് ദൈവാലയത്തെ നിറക്കുന്നതായി ഏശ 1:1, 3; 43:5; 44:4; സങ്കീ 72:19 എന്നീ ഭാഗങ്ങളില്‍ പറയുന്നുണ്ട്. ക്രിസ്തുവും സഭയും ദൈവത്തിന്‍റെ ആലയങ്ങളാണ്. ദൈവാലയത്തെ തന്‍റെ തേജസ്സുകൊണ്ട്, അതായത് രക്ഷാകര സാന്നിദ്ധ്യംകൊണ്ട് നിറച്ചതുപോലെ ദൈവം ക്രിസ്തുവിനെ തന്‍റെ രക്ഷാകരശക്തികൊണ്ട് നിറച്ചതുപോലെ ദൈവം ക്രിസ്തുവിനെ തന്‍റെ രക്ഷാകരശക്തികൊണ്ട് നിറക്കുന്നതായി വി. പൗലോസ് പറയുന്നതായി വിചാരിക്കാം. ക്രിസ്തുവാകട്ടെ സഭയെ നിറക്കുകയും ചെയ്യുന്നു.

കൊളോസിയര്‍ക്കുള്ള ലേഖനം 2:9-ല്‍ ഉത്ഥാനം ചെയ്ത ക്രിസ്തുവില്‍ ദൈവത്തിന്‍റെ പൂര്‍ണ്ണത മുഴുവന്‍ ശാരീരിക രൂപത്തില്‍ സ്ഥിതിചെയ്യുന്നുവെന്നും 1:18 - ല്‍ സര്‍വ്വ സമ്പൂര്‍ണ്ണതയും അവനില്‍ വസിക്കണമെന്നുമുള്ളത് ദൈവതിരുമനസ്സായിരുന്നുവെന്നും വി. പൗലോസ് പ്രസ്താവിക്കുന്നു. ഉത്ഥാനംചെയ്ത ക്രിസ്തുവിനെ ദൈവം  രക്ഷാകരമായ ശക്തികൊണ്ട് നിറച്ചു. ദൈവത്തിന്‍റെ സര്‍വ്വസമ്പൂര്‍ണ്ണതയും  ക്രിസ്തുവില്‍ വസിക്കണം എന്നതായിരുന്നു ദൈവത്തിന്‍റെ ഇഷ്ടം. ആകയാല്‍ ഉത്ഥാനംചെയ്ത ക്രിസ്തുവിലൂടെയല്ലാതെ മറ്റു രക്ഷയ്ക്കു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലെന്നും വിശുദ്ധ പൗലോസ് കൊളോസിയരെ ഉപദേശിക്കുന്നു. രക്ഷയ്ക്ക് ക്രിസ്തുമാത്രം പോരാ എന്ന് വിചാരിച്ചവര്‍ കൊളോസിയയില്‍ ഉണ്ടായിരുന്നു.

വി. പൗലോസ്, എഫേസിയര്‍ക്കുള്ള ലേഖനത്തില്‍ (1:23) സഭ ക്രിസ്തുവിന്‍റെ പ്ലെറോമാ ആകുന്നുവെന്ന് പ്രസ്താവിക്കുമ്പോള്‍ ഉത്ഥാനംചെയ്ത ക്രിസ്തു തന്‍റെ പിതാവില്‍നിന്ന് ലഭിച്ച സ്വര്‍ഗ്ഗീയ സമ്പന്നതകള്‍കൊണ്ട് സഭയെ നിറയ്ക്കുന്നുവെന്ന് പറയുന്നതായി കരുതാം. ക്രിസ്തുവിനാല്‍ നിറയ്ക്കപ്പെട്ട സമൂഹമാണ് സഭ.

ക്രിസ്തുവിനോട് വൈയക്തികമായി ഐക്യപ്പെട്ടിരിക്കുന്ന സഭ ക്രിസ്തുവിന്‍റെ ജീവനില്‍ പങ്കുകൊള്ളുന്നു. അവന്‍റെ പൂര്‍ണ്ണതയില്‍നിന്ന് നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നുവെന്ന് വി. യോഹന്നാന്‍ പറയുന്ന ആശയംതന്നെയാണ് വി. പൗലോസ് പറയുന്നത്. ക്രിസ്തു ദൈവത്തിന്‍റെ പ്ലെറോമയാണ്, സഭ ക്രിസ്തുവിന്‍റെ പ്ലെറോമായും, ക്രിസ്തു പിതാവിനെ പൂര്‍ണ്ണനാക്കുന്നില്ല. പിതാവ് ക്രിസ്തുവിനെയാണ് പൂര്‍ണ്ണനാക്കുന്നത്. അതുപോലെ സഭ ക്രിസ്തുവിനെ പൂര്‍ണ്ണനാക്കുകയല്ല; ക്രിസ്തു സഭയെ പൂര്‍ണ്ണയാക്കുകയാണ്. ക്രിസ്തുവിന്‍റെ രക്ഷാകരമായ സാന്നിദ്ധ്യത്തിന്‍റെയും പ്രവര്‍ത്തനത്തിന്‍റെയും മണ്ഡലമാണ് സഭ. ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ വിശ്വാസികള്‍ എല്ലാവിധ കൃപകള്‍കൊണ്ടും നിറവുള്ളവരായിരിക്കുന്നു (കൊളോ 2:10). എഫേസോസിലെ വിശ്വാസികള്‍ ദൈവത്തിന്‍റെ സമസ്ത പൂര്‍ണ്ണതയാലും പൂരിതരാകുവാന്‍ വി. പൗലോസ് പ്രാര്‍ത്ഥിക്കുന്നു (3:19). ദൈവികജീവന്‍, സമ്പന്നത, പരിശുദ്ധാത്മാവു വഴി ആന്തരിക മനുഷ്യന്‍ പ്രാപിക്കുന്ന ബലം (3:16), അറിവ്, സ്നേഹം, എന്നിവകൊണ്ടാണ് ദൈവം തന്‍റെ മഹത്വസമ്പത്തിനു അനുസൃതമായി വിശ്വാസികളെ നിറക്കുന്നത്.

 സഭ ക്രിസ്തുവിന്‍റെ മണവാട്ടി

പ്രവാചകന്മാര്‍ ഇസ്രായേല്‍ ജനതയെ ദൈവത്തിന്‍റെ വധുവായി ചിത്രീകരിക്കുന്നു. ഇസ്രായേല്‍ ജനതയുമായി ഉടമ്പടി ചെയ്ത് ദൈവം അതിനെ സ്വന്ത ജനതയാക്കി തീര്‍ത്തത് ഒരു വൈവാഹിക ഉടമ്പടിയായും, ഇസ്രായേല്‍ അന്യദൈവങ്ങളെ സേവിച്ചത്, ഒരു ഭാര്യ സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ച് പരസംഗം ചെയ്യുന്നതിനോടും ഹോസിയാ പ്രവാചകന്‍ ഉപമിക്കുന്നു (ഹോസ 1:3).

യാഹ്വേയെ മാത്രമേ ആരാധിക്കുകയുള്ളുവെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും (പുറ 24:3; ജോഷ്വ 24:16-17) ഇസ്രായേല്‍ അന്യദൈവങ്ങളെ സേവിച്ചു. യാഹ്വേ തന്‍റെ ജനതയെ താല്‍ക്കാലികമായി ശിക്ഷിച്ചെങ്കിലും അവരെ ഉപേക്ഷിച്ചില്ല. അനുതപിച്ച് യാഹ്വേയിലേക്കു പിന്‍തിരിഞ്ഞ ഇസ്രായേലിനെ ദൈവം സ്വീകരിച്ചു. ഇസ്രായേലിന്‍റെ അവിശ്വസ്തതയും പ്രത്യാഗമനവും വിവരിക്കുമ്പോള്‍ മണവാട്ടി എന്ന പ്രതിരൂപമാണ് ജറെമിയാ, ഏശയ്യാ എന്നീ പ്രവാചകന്മാര്‍ ഇസ്രായേലിനു നല്കിയിരിക്കുന്നത് (ജറെ 2:2,32; ഏശ 49:18; 61:10). ഭാര്യ എന്ന പ്രതിരൂപവും ഹോസിയാ, ഏശയ, എസെക്കിയേല്‍ എന്നീ പ്രവാചകന്മാര്‍ ഉപയോഗിച്ചിട്ടുണ്ട് (എസ 50:1, 54; 5; 16:1-14; ഹോസി 2:16-22).

വി. പൗലോസ് കൊറീന്ത്യന്‍ സഭയെ ക്രിസ്തുവിന്‍റെ മണവാട്ടിയായി ചിത്രീകരിച്ചിരിക്കുന്നു: നിര്‍മ്മലയായ കന്യകയെ അവളുടെ ഭര്‍ത്താവിന് എന്നതുപോലെ ഞാന്‍ നിങ്ങളെ ക്രിസ്തുവിനു വിവാഹനിശ്ചയം ചെയ്തുകൊടുത്തു (2 കോറി 11:2). വധു തന്‍റെ വരനോടെന്നതുപോലെ കൊറീന്ത്യന്‍സഭ ക്രിസ്തുവിനോട് വിശ്വസ്തത പുലര്‍ത്തണമെന്ന് പൗലോസ് അവരെ ഉപദേശിക്കുന്നു (11:3 മുതല്‍)

എഫേസിയര്‍ക്കുള്ള ലേഖനം 5:21-33 -ല്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള പരസ്പര ബന്ധത്തിനു മാതൃകയായി ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെ വി. പൗലോസ് അവതരിപ്പിക്കുന്നു, ക്രിസ്തു സഭയെ സ്നേഹിക്കുകയും സഭയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുകയും ചെയ്തു. സഭയെ വചനത്തിന്‍റെ ജലംകൊണ്ട് കഴുകി ക്രിസ്തു വിശുദ്ധീകരിച്ചു. ക്രിസ്തു സഭയെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ മരണം തന്‍റെ വധുവായ സഭയ്ക്കു വേണ്ടിയായിരുന്നു. മാമ്മോദീസായിലൂടെയും വി. കുര്‍ബ്ബാനയിലൂടെയും സഭയെ തനിക്ക് അനുയോജ്യയായ വധുവാക്കിത്തീര്‍ക്കുകയാണ് ക്രിസ്തു ചെയ്യുന്നത്. പുതിയ ഇസ്രായേല്‍ എന്ന നിലയിലാണ് സഭ ക്രിസ്തുവിന്‍റെ മണവാട്ടിയായിരിക്കുന്നത്.

വി. പൗലോസിന്‍റെ വീക്ഷണത്തില്‍ പുതിയ ദൈവജനം; ദൈവം വസിക്കുന്ന മന്ദിരമാണ്; നിരന്തരം ആരാധന നടത്തപ്പെടുന്ന ദൈവാലയവുമാണ്; അത് ക്രിസ്തുവിന്‍റെ ശരീരമാണ്; അവിടുത്തെ മണവാട്ടിയുമാണ്. അതേസമയം, പണിയപ്പെട്ടുകൊണ്ടിരിക്കുന്ന മന്ദിരമാണ് സഭ; ശിരസ്സായ ക്രിസ്തുവിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ശരീരമാണ്; തന്‍റെ മണവാളനുമായി പരിപൂര്‍ണ്ണമായി ചേരേണ്ട മണവാട്ടിയാണ് സഭ. ഭാവിയില്‍ പ്രാപിക്കുവാനിരിക്കുന്ന സൗഭാഗ്യങ്ങളുടെ ഒരു മുന്നാസ്വാദനമാണ് സഭയുടെ ഇപ്പോഴുള്ള ജീവിതം.

 

 ഫാ ലുക്ക് 

Ecclesiastical: In St.Paul's view Mar Joseph Pamplany theology catholic malayalam catholic apologetics Ecclesiology Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message