x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

സഭയ്ക്ക് പുറമേ രക്ഷയില്ല” എന്ന് കത്തോലിക്കാ സഭ ഇപ്പോഴും പഠിപ്പിക്കുന്നുണ്ടോ?

Authored by : Fr. George Panamthottam CMI On 30-Aug-2022

കത്തോലിക്കാ സഭയിൽ വിശ്വാസ ജീവിതം നയിക്കുന്നവർ മാത്രമേ നിത്യരക്ഷ പ്രാപിക്കുകയുള്ളൂ എന്നും മറ്റ് സഭകളിലും മതങ്ങളിലും വിശ്വസിക്കുന്നവർ രക്ഷപ്പെടുകയില്ലെന്നുമുള്ള സങ്കുചിതമായ ചിന്താഗതിയാണ് കത്തോലിക്കാ സഭയ്ക്കുള്ളതെന്ന് ചിലർ വിമർശിക്കാറുണ്ട്. എന്നാൽ, ഈ ചിന്ത നൂറ്റാണ്ടുകൾക്ക് മുമ്പ് സഭാ പിതാക്കന്മാർ സൂക്ഷിച്ചിരുന്നതാണെന്നും ഇപ്പോൾ സഭ അങ്ങനെ പഠിപ്പിക്കുന്നില്ലെന്നും ഏത് സഭയിലും ഏത് മതത്തിലും വിശ്വസിച്ചാലും നിത്യരക്ഷ പ്രാപിക്കാമെന്നാണ് ഇപ്പോൾ കത്തോലിക്കാ സഭ പഠിപ്പിക്കുന്നതെന്നും ചിന്തിക്കുന്ന വളരെ വലിയ ശതമാനം വിശ്വാസികൾ ഇന്ന് കത്തോലിക്കാ സഭയ്ക്കുള്ളിൽ തന്നെയുണ്ട്. ഇവർ പൊതുവേ വിശ്വാസജീവിതത്തോട് ഒരു അയഞ്ഞ സമീപനമാണ് പുലർത്തുന്നത്. ഈ ചിന്ത സുവിശേഷവൽകരണത്തെ ഇന്ന് സാരമായി ബാധിച്ചിട്ടുണ്ട്. മേൽപറഞ്ഞ രണ്ട് ചിന്തയും കത്തോലിക്കാ സഭയുടെ പഠനങ്ങൾക്ക് വിരുദ്ധമാണ്.

“സഭയ്ക്ക് പുറമേ രക്ഷയില്ല" എന്നു വിശുദ്ധ സിപ്രിയാൻ പഠിപ്പിച്ചു. ഈ പഠനങ്ങളിൽ കത്തോലിക്കാസഭ ഇന്നും ഉറച്ച് നിൽക്കുന്നു. എന്നാൽ, ഈ പ്രസ്താവനയെ ശരിയായ രീതിയിൽ നാം മനസിലാക്കേണ്ടതുണ്ട്. ഭാവനാത്മകമായി തിരുസഭ പറയുന്നു. എല്ലാ രക്ഷയും ശിരസ്സായ ക്രിസ്തുവിൽനിന്ന് അവിടുത്തെ ശരീരമായ തിരുസഭയിലൂടെ വരുന്നു. ഇങ്ങനെ വിശ്വസിക്കാൻ കാരണം; മനുഷ്യർക്ക് രക്ഷ പ്രാപിക്കാൻ ആകാശത്തിന്റെ കീഴിൽ ക്രിസ്തുവിന്റെതല്ലാത്ത മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല (അപ്പ. 4:12) എന്ന് തിരുവചനം വ്യക്തമായി പറയുന്നു. ക്രിസ്തുവാണ് ഏക മധ്യസ്ഥനും രക്ഷയുടെ മാർഗ്ഗവും. തിരുസഭയാകുന്ന തന്റെ ശരീരത്തിൽ അവിടുന്ന് സന്നിഹിതനാണ്. വിശ്വാസവും മാമോദീസയും നിത്യരക്ഷക്ക് അത്യാവശ്യമാണെന്ന് ക്രിസ്തു പ്രസ്താവിച്ചു. നിത്യരക്ഷ കൈവരിക്കാൻ, അവിടുത്തെ സഭയിൽ മാമോദീസ എന്ന കൂദാശയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടതിന്റെ ആവശ്യകതയും അവിടുന്നു ഉറപ്പിച്ചു പറഞ്ഞു. (മർക്കോ. 16:16, യോഹ. 3:5). അതിനാൽ, പിതാവായ ദൈവം ക്രിസ്തുവിലൂടെ സ്ഥാപിച്ച കത്തോലിക്കാ സഭ എല്ലാ മനുഷ്യയുടെയും നിത്യരക്ഷയ്ക്ക് ആവശ്യമാണ്. ഈ ആവശ്യകത പൂർണ്ണമായി ബോധ്യപ്പെട്ടിട്ടും അതിൽ പ്രവേശിക്കാനും നിലനിൽക്കാനുമുള്ള എല്ലാ സാധ്യതകളും സാഹചര്യങ്ങളും അനുകൂലമായിരുന്നിട്ടും ക്രിസ്തുവിനെയും ക്രിസ്തുവിന്റെ സഭയെയും നിരാകരിക്കുന്ന ഒരു മനുഷ്യനും രക്ഷിക്കപ്പെടുകയില്ലെന്നു തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ കത്തോലിക്കാ സഭ വിശ്വസിക്കുന്നു.

എന്നാൽ സ്വന്തം കുറ്റത്താലല്ലാതെ ക്രിസ്തുവിന്റെ സുവിശേഷത്തെയും അവിടുത്തെ സഭയെയും അറിയാതിരിക്കുകയും, മാമോദീസ സ്വീകരിച്ച് സഭയിൽ പ്രവേശിക്കാൻ സാധ്യതയും സാഹചര്യങ്ങളും ഇല്ലാതിരിക്കുകയും അതേസമയം നിർമ്മല ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയും മനഃസാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസിനെ കൃപാവരത്താൽ പ്രചോദിതമായി, നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്നവർ ഏത് സഭയിലും മതത്തിലുമായിരുന്നാലും അവർ നിത്യരക്ഷ പ്രാപിക്കുമെന്നും കത്തോലിക്കാ സഭ വിശ്വസിക്കുന്നു. ദൈവം തനിക്ക് മാത്രം അറിയാവുന്ന മാർഗ്ഗങ്ങളിലൂടെ തന്നെ പ്രസാദിപ്പിക്കാൻ അത്യന്താപേക്ഷിതമായ വിശ്വാസത്തിലേക്ക് നയിക്കാൻ പ്രാപ്തനാണ് (ഹെബ്ര. 11:6). മാത്രമല്ല ഇവരും അവർ അറിയാതെ തന്നെ രക്ഷപ്രാപിക്കുന്നത് ക്രിസ്തുവിലൂടെയായിരിക്കും. അതിനാൽ തിരുസഭയുടെ കടമ, എല്ലാ മനുഷ്യരെയും ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുകയും രക്ഷയുടെ മാർഗ്ഗത്തിലേക്ക് കൊണ്ടുവരികയുമാണ് (1 കോറി. 9:16).

കത്തോലിക്കാസഭ ഒരു സംഘടനയല്ല. അംഗത്വം സ്വീകരിക്കുന്നവർക്ക് മാത്രം രക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു പ്രസ്ഥാനമല്ല. ദൃശ്യമായ ഘടനയിൽ കത്തോലിക്കാസഭ ഒരു സാമൂഹിക യാഥാർഥ്യവുമാണെങ്കിലും തിരുസഭ അടയാളങ്ങളിൽ കാതോലികമാണ്. സകല മനുഷ്യരെയും ഉൾക്കൊള്ളുന്ന ക്രിസ്തുവിന്റെ ശരീരമാണ് തിരുസഭ. ക്രിസ്തു ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഉള്ളവനല്ല. അവിടുന്ന് സകല ജനത്തിനും രക്ഷ നൽകാൻ എത്തിയവനാണ്. അതിനാൽ പ്രത്യക്ഷമായോ പരോക്ഷമായോ എല്ലാ മനുഷ്യന്റെയും നിത്യ രക്ഷ ക്രിസ്തുവിലൂടെ മാത്രമേ സാധ്യമാകുകയുള്ളു. സകല ജനതകളെയും ഉൾക്കൊള്ളുന്ന ക്രിസ്തുവിന്റെ ശരീരമാകയാലാണ് കത്തോലിക്കാ സഭ കാതോലികമാകുന്നത്. തിരുസഭയുടെ കാതോലികത്വം മറ്റു മതസ്ഥരുടെയും ഇതരസഭാംഗങ്ങളുടെയും നിത്യരക്ഷയെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാടിനോട് ചേർത്തു വായിക്കാവുന്നതാണ്.

Living Faith Series : 2 (ചോദ്യം:5)

Living Faith Series : 2 (ചോദ്യം:5) അപ്പ. 4:12 മർക്കോ. 16:16 യോഹ. 3:5 ഹെബ്ര. 11:6 1 കോറി. 9:16 സഭയ്ക്ക് പുറമേ രക്ഷയില്ല” എന്ന് കത്തോലിക്കാ സഭ ഇപ്പോഴും പഠിപ്പിക്കുന്നുണ്ടോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message