x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

കത്തോലിക്കാ സഭയിൽ മാമോദീസ സ്വീകരിച്ചാൽ അതിനാൽ തന്നെ രക്ഷ പ്രാപിക്കുമോ?

Authored by : Fr. George Panamthottam CMI On 30-Aug-2022

ക്രിസ്തുവിന്റെ സഭയായ കത്തോലിക്കാ സഭയിൽ മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിക്ക് നിത്യരക്ഷയുടെ കവാടം തുറന്നു കിട്ടുമെന്നത് സത്യമാണ്. എന്നാൽ, ക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിക്കുകയും സഭയ്ക്ക് നൽകപ്പെട്ടിട്ടുള്ള രക്ഷയുടെ സകല മാർഗ്ഗങ്ങളോടുമൊപ്പം സഭയുടെ മുഴുവൻ ഘടനയും സ്വീകരിക്കുകയും മാർപാപ്പയിലൂടെയും മെത്രാന്മാരിലൂടെയും ഭരിക്കപ്പെടുന്ന സഭയുടെ ദൃശ്യഘടനയിൽ വിശ്വാസ പ്രഖ്യാപനം, കൂദാശകൾ, സഭാപരമായ ഭരണക്രമം, കൂട്ടായ്മ എന്നിവയിൽ സൃഷ്ടിക്കപ്പെടുന്ന ബന്ധങ്ങൾ വഴി ക്രിസ്തുവിനോട് യോജിച്ചിരിക്കുകയും സഭയുടെ സമൂഹത്തിലേക്ക് പൂർണ്ണമായി ചേർന്നിരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശരിയായ കത്തോലിക്കാ വിശ്വാസ ജീവിതം നയിക്കുന്ന വ്യക്തി. ഇതൊക്കെയായിരുന്നാലും, വിശ്വാസി സ്നേഹത്തിൽ നിലനിൽക്കുന്നില്ലെങ്കിൽ ഒരിക്കലും നിത്യരക്ഷയ്ക്ക് യോഗ്യത നേടില്ല. കാരണം, അങ്ങനെയുള്ള വിശ്വാസി ശരീരം കൊണ്ട് സഭയുടെ മടിയിലാണ്, എന്നാൽ ഹൃദയം കൊണ്ട് വിദൂരത്താണ്. ഈ കാരണങ്ങളാൽ, ഒരാൾ കത്തോലിക്കാ സഭയിൽ മാമോദീസ സ്വീകരിച്ച് "കത്തോലിക്കൻ” എന്ന് വിളിക്കപ്പെട്ടതുകൊണ്ട് മാത്രം രക്ഷിക്കപ്പെട്ടില്ല. രക്ഷയുടെ കവാടത്തിലൂടെ പ്രവേശിച്ച് സഭയിൽ വിശ്വാസ വളർച്ച പ്രാപിക്കാൻ വിശ്വാസി ബോധപൂർവം ശ്രമിക്കണം.

ഇതരസഭകളോടുള്ള തിരുസഭയുടെ ബന്ധം

മാമോദീസ സ്വീകരിക്കുകയും ക്രിസ്ത്യാനിയായി ജീവിക്കുകയും എന്നാൽ, കത്തോലിക്കാ വിശ്വാസം അതിന്റെ പൂർണ്ണതയിൽ ഏറ്റുപറയാതെ പത്രോസിന്റെ പിൻഗാമിയുടെ കീഴിൽ കൂട്ടായ്മയുടെ ഐക്യം കാത്തുസൂക്ഷിക്കാത്ത സഭകൾ (ഓർത്തഡോക്സ് യാക്കോബായ സഭകളും ശരിയായ മാമോദീസയുള്ള മറ്റ് സഭകളും) മറ്റ് പല കാര്യങ്ങളിലും കത്തോലിക്കാ സഭയുമായി വിവിധ രീതികളിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇവർ ക്രിസ്തുവിൽ വിശ്വസിക്കുകയും ശരിയായ രീതിയിൽ മാമോദീസ സ്വീകരിക്കുകയും ചെയ്തവരാണ്.

അപൂർണ്ണമാണെങ്കിലും ഈ സഭകളുമായി കത്തോലിക്കാ സഭയ്ക്ക് കൂട്ടായ്മയുണ്ട്. വിശ്വാസ സത്യങ്ങളെ നിരാകരിക്കുകയും, ശരിയായ മാമോദീസ ഇല്ലാതിരിക്കുകയും ചെയ്യുന്ന സമൂഹങ്ങളോട് കത്തോലിക്കാ സഭയ്ക്ക് ഐക്യപ്പെടാൻ കഴിയില്ല. കാരണം, അവർ പ്രത്യക്ഷമായി ക്രിസ്തുവിനെ അംഗീകരിക്കുകയും പരോക്ഷമായി അവിടുത്തെ ഹിതത്തെ നിരാകരിക്കുകയും ചെയ്യുന്നു. ഇതര ക്രൈസ്തവ സഭകളുമായി കത്തോലിക്കാ സഭയ്ക്ക് കൂട്ടായ്മ ഉണ്ടെങ്കിലും കൂദാശകളുടെ കാര്യത്തിൽ പ്രത്യേകിച്ച് വിശുദ്ധ കുർബാന, വിവാഹം തുടങ്ങിയവയിൽ ഈ സഭകളുമായിട്ടുള്ള ഐക്യത്തെ സംബന്ധിച്ച് തിരുസഭ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ കത്തോലിക്കാ വിശ്വാസികൾ ശ്രദ്ധിക്കേണ്ടതാണ്.

മറ്റ് മതങ്ങളോടുള്ള തിരുസഭയുടെ സമീപനം

കത്തോലിക്കാ സഭ നന്മയും സത്യവുമുള്ള എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സത്യവിശ്വാസം ദൈവത്തിന്റെ ദാനമാണെന്നും പരിശുദ്ധാത്മാവ് തന്റെ ഇഷ്ടാനുസരണം ഓരോരുത്തർക്കും അത് വിഭജിച്ച് നൽകുന്നു (1 കോറി. 12:11) എന്നും തിരുസഭ മനസിലാക്കുന്നു. ദൈവത്തിന്റെ അനുഗ്രഹദാനങ്ങളോട് സഹകരിക്കുന്ന സകല മനുഷ്യർക്കും അവരുടെ നിത്യ രക്ഷയ്ക്കാവശ്യമായ പ്രസാദവരം അവിടുന്ന് തന്റെ കൃപയിലും സ്നേഹത്തിലും നൽകുന്നു. ക്രിസ്തു എല്ലാവർക്കും വേണ്ടി മരിച്ചു (1 കോറി. 5:15). എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്നും ദൈവം ആഗ്രഹിക്കുന്നു (1 തിമോ. 2:4).

എല്ലാവരും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തിനുവേണ്ടി മറ്റ് മതങ്ങൾ നടത്തുന്ന അന്വേഷണം കത്തോലിക്കാ സഭ അംഗീകരിക്കുന്നു. അങ്ങനെ, ആ മതങ്ങളിൽ കാണപ്പെടുന്ന എല്ലാ നന്മകളും സത്യവും സഭ സ്വീകരിക്കുന്നു. എല്ലാവർക്കും ജീവനുണ്ടാകുന്നതിന് എല്ലാവരെയും പ്രകാശിപ്പിക്കുന്നവനാൽ നയിക്കപ്പെടുന്നവരായി ഇവരെ സഭ പരിഗണിക്കുന്നു. വിശ്വാസത്തിൽ വേരൂന്നി ഇതര മതങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പഠിക്കാനും തിരുസഭ പ്രോത്സാഹനം നൽകുന്നു.

തിരുസഭയും നിരീശ്വരത്വവും

നിരീശ്വരത്വത്തെ തിരുസഭ പാടേ നിഷേധിക്കുന്നു. നിരീശ്വരവാദ പ്രസ്ഥാനങ്ങളോട് തിരുസഭ അകലം സൂക്ഷിക്കുന്നു. എന്നാൽ, നിരീശ്വരവാദികളുമായി സംഭാഷണം നടത്തുന്നത് ഉപകാരപ്രദമായിരിക്കും എന്ന് തിരുസഭ വിശ്വസിക്കുന്നു. കാരണം, സൗഹൃദ സംഭാഷണങ്ങൾ വഴി അവരുടെ നിലപാടുകൾ വിശകലനം ചെയ്യുന്നതിനും സുവിശേഷ സിദ്ധാന്തങ്ങളെ തുറന്ന മനസോടെ പരിശോധിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താൻ തിരുസഭ ആഗ്രഹിക്കുന്നു. സകല മനുഷ്യരും ഒരുമിച്ച് ജീവിക്കുന്ന ഈ ലോകത്തിൽ ഉപരി നന്മയ്ക്കുവേണ്ടി വിശ്വാസികളും അവിശ്വാസികളും യോജിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥരാണെന്ന് സഭ വിശ്വസിക്കുന്നു. അതിനായി, ആത്മാർത്ഥവും വിവേകപൂർവ്വകവുമായ സംഭാഷണങ്ങൾ അഭിലഷണീയമാണ്.

ഏത് മതത്തിലും സഭയിലും വിശ്വസിച്ചാലും രക്ഷ പ്രാപിക്കാമെന്ന് അയഞ്ഞ സമീപനം കത്തോലിക്കാ സഭയ്ക്കില്ല. മാത്രമല്ല, സുവിശേഷ പ്രഘോഷണവും തിരുസഭയിലേക്ക് വിശ്വാസികളെ സ്വീകരിക്കുന്നതും തിരുസഭയുടെ അടിസ്ഥാന ദൗത്യങ്ങളാണ്. "ക്രിസ്തു ഏക രക്ഷകൻ" എന്ന സത്യത്തെ ലോകത്തോട് വിളിച്ചു പറയാൻ കത്തോലിക്കാ വിശ്വാസികൾ മടിക്കേണ്ടതില്ല. ക്രിസ്തുവിന്റെ രക്ഷാകര അനുഭവം ലോകം മുഴുവൻ പകർന്നുകൊടുക്കാനുള്ള വിളിയാണ് തിരുസഭയിലൂടെ ഓരോ വിശ്വാസിക്കും ലഭിച്ചിരിക്കുന്നത്. തിരുസഭയിലൂടെ അത് ലഭിക്കാനുള്ള അവകാശവും സകല മനുഷ്യർക്കുമുണ്ട്. വിശ്വാസം ജീവിക്കാൻ മാത്രമല്ല, അത് പ്രഘോഷിക്കാനും പഠിപ്പിക്കാനും പങ്കുവയ്ക്കാനുമുള്ള കലയും നിയമപരമായ സ്വാതന്ത്ര്യവും നമുക്ക് ഉണ്ട്. ഒന്നുമാത്രമേ വേണ്ടൂ. ക്രിസ്തുവിലും അവിടുത്തെ സഭയിലുമുള്ള വിശ്വാസവും സ്നേഹവും ആഴപ്പെടുത്തുക!

Living Faith Series : 2 (ചോദ്യം:6)

Living Faith Series : 2 (ചോദ്യം:6) ഇതരസഭകളോടുള്ള തിരുസഭയുടെ ബന്ധം മറ്റ് മതങ്ങളോടുള്ള തിരുസഭയുടെ സമീപനം തിരുസഭയും നിരീശ്വരത്വവും 1 കോറി. 12:11 1 തിമോ. 2:4 1 കോറി. 5:15 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message