x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

വികലമാക്കപ്പെടുന്ന ക്രിസ്തുദർശനം നവസഭാവിഭാഗങ്ങളിലും നവയുഗപ്രസ്‌ഥാനങ്ങളിലും

Authored by : Dominic Vechoor On 29-May-2021

ആമുഖം
സമീപകാലത്ത് കേരളത്തില്‍ രൂപംകൊണ്ട ചില നവസഭാവിഭാഗങ്ങള്‍ (വിഘടിതഗ്രൂപ്പുകള്‍/ഛിന്നസഭകള്‍/സെക്ടുകള്‍) കത്തോലിക്കാവിശ്വാസികളെ സത്യവിശ്വാസത്തില്‍നിന്നും വ്യതിചലിപ്പിക്കുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. യുഗാന്ത്യം, മരണം, മരണാനന്തരജീവിതം തുടങ്ങിയവയോട് ബന്ധപ്പെടുത്തിയാണ് പ്രസ്തുത വിഘടിതഗ്രൂപ്പുകളുടെ പ്രബോധനങ്ങളിലധികവും. ത്രിയേകദൈവത്തിലും പുത്രനായ ഈശോമിശിഹായിലും പരിശുദ്ധാത്മാവിലുമുള്ള അവരുടെ വിശ്വാസം വളരെയേറെ വ്യതിചലിച്ചതും വികലമാക്കപ്പെട്ടതുമാണ്. അതുപോലെതന്നെ, പരമ്പരാഗത മതവിശ്വാസപ്രബോധനങ്ങളില്‍ നിന്ന് വേറിട്ട് ചിന്തിക്കുന്നതും എന്നാല്‍ ക്രമീകൃതപഠനമോ അടിത്തറകളോ ഒന്നുമില്ലാത്തതുമായ നവയുഗപ്രസ്ഥാനങ്ങളും ഇന്ന് വളര്‍ന്നുവരുന്നുണ്ട്. ഈ ലേഖനഭാഗത്ത് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് പ്രസ്തുത വിഘടിതഗ്രൂപ്പുകളുടെയും നവയുഗപ്രസ്ഥാനങ്ങളുടെയും വികലമായ ക്രിസ്തുദര്‍ശനമാണ്. അവയുടെ ഉത്ഭവമോ ചരിത്രമോ ഇതരപ്രബോധനങ്ങളോ ഇവിടെ ചര്‍ച്ചയ്ക്ക് വിഷയമാക്കുന്നില്ല. ലേഖനത്തിന്‍റെ വ്യക്തതയ്ക്കും നിജപ്പെടുത്തലിനുമായി ഇന്ന് കേരളത്തില്‍ പ്രബലമായി പ്രചരിക്കുന്ന പ്രധാന വിഘടിതഗ്രൂപ്പുകളും നവയുഗപ്രസ്ഥാനങ്ങളും മാത്രമേ ഇവിടെ പഠനവിധേയമാക്കുന്നുള്ളു.

1. സ്പിരിറ്റ് ഇന്‍ ജീസസ്സ് പ്രസ്ഥാനം                                                                                                                                                              
കത്തോലിക്കാസത്യവിശ്വാസത്തില്‍ നിന്നും അടര്‍ത്തി മാറ്റിയ ദിവ്യകാരുണ്യഭക്തിയും മരിയഭക്തിയും അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന വിഘടിതപ്രസ്ഥാനമാണ് സ്പിരിറ്റ് ഇന്‍ ജീസസ്സ്. ക്രിസ്തുവിനെയും ക്രിസ്തുവുമായി ബന്ധപ്പെട്ട രക്ഷാദര്‍ശനത്തെയും അബദ്ധജടിലമായി അവര്‍ വ്യാഖ്യാനിക്കുന്നു.

1.1 വികലമായ രക്ഷാദര്‍ശനം (sotereology )
വികലവും അപക്വവുമായ രക്ഷാദര്‍ശനമാണ് (sotereology) സ്പിരിറ്റ് ഇന്‍ ജീസസ്സിന്‍റേത്. മരണത്തിനുശേഷമുള്ള തനതുവിധിയെയും സ്വര്‍ഗ്ഗ/നരകപ്രാപ്തിയെയും അവര്‍ നിഷേധിക്കുന്നു. തനതുവിധിയില്ല; പൊതുവിധി മാത്രമേയുള്ളു എന്നതാണ് അവരുടെ അബദ്ധപ്രബോധനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇപ്രകാരമൊരു ചിന്ത നിലനില്ക്കുന്നതിനാല്‍ അവരെ സംബന്ധിച്ചിടത്തോളം മരണശേഷവും അനുതാപത്തിനും മാനസാന്തരത്തിനും അവസരമുണ്ട്.

പൊതുവിധിവരെ നിത്യനരകം ആര്‍ക്കും ലഭിക്കുകയില്ല എന്ന ചിന്ത പുതിയനിയമത്തിലെ രക്ഷാദര്‍ശനത്തിന് കടകവിരുദ്ധമാണ്. ക്രിസ്തുദര്‍ശനവും (christology) രക്ഷാദര്‍ശനവും (sotereology) പരസ്പരം ചേര്‍ന്നുപോകുന്നതാണ്. ഈശോയുടെ രക്ഷാകരദൗത്യം (mission) പൂര്‍ത്തിയാകുന്നത് പെസഹാരഹസ്യങ്ങളിലൂടെയാണ്. ഈശോയിലൂടെ കരഗതമായ രക്ഷ പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യവത്കരിക്കപ്പെടുന്നത് ആ രക്ഷയില്‍ നാം വ്യക്തിപരമായി പങ്കുചേരുമ്പോഴാണ്. ഓരോ വിശ്വാസിയും തന്‍റെ ഉത്തരവാദിത്വപൂര്‍ണ്ണമായ ജീവിതംകൊണ്ട് ഈ രക്ഷ അനുഭവിച്ച് സ്വന്തമാക്കി മരണമാകുന്ന വാതിലിലൂടെ കടന്ന് നിത്യജീവനില്‍ പ്രവേശിക്കുമ്പോഴാണ് രക്ഷയുടെ അനുഭവത്തില്‍ നാമോരോരുത്തരും പൂര്‍ണ്ണമായും പങ്കുചേരുന്നത്. മരണത്തോടെ വിധിയുണ്ട് എന്നത് വിശുദ്ധ ഗ്രന്ഥാധിഷ്ഠിതമായ പ്രബോധനമാണ്. "മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം. അതിനുശേഷം വിധി എന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്നു" (ഹെബ്രാ. 9,27). വിധിക്കാനുള്ള അധികാരം നല്കപ്പെട്ടിരിക്കുന്നത് ദൈവപുത്രനായ ഈശോയ്ക്കാണ് (യോഹ. 5,19-29). അതിനാല്‍ തനതുവിധിയില്ല എന്നു പറയുമ്പോള്‍ ഈശോയുടെ ദൈവത്വം സ്പിരിറ്റ് ഇന്‍ ജീസസ്സുകാര്‍ നിഷേധിക്കുകയാണ്.

വിധിയെക്കുറിച്ചുള്ള ആധികാരികപ്രബോധനങ്ങള്‍ സഭാപിതാക്കന്മാരുടെ പഠനങ്ങളിലും ലഭ്യമാണ്. മരണസമയത്തുതന്നെ തനതുവിധിയുണ്ടെന്നും അതിനെത്തുടര്‍ന്ന് സ്വര്‍ഗമോ നരകമോ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അനുഭവിക്കുന്നുവെന്നും സഭാപിതാക്കന്മാര്‍ പഠിപ്പിച്ചു (Hilary, Ps,cxxxiv, 22). മഹാനായ ഗ്രിഗറി മാര്‍പാപ്പായും ഇതേസത്യം തന്നെ പറയുന്നു, "മരണസമയത്തെ തനതുവിധിയോടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ സ്വര്‍ഗ്ഗഭാഗ്യം അനുഭവിച്ചുതുടങ്ങുന്നതുപോലെ തങ്ങളുടെ മരണസമയം മുതല്‍ ദുഷ്ടര്‍ നരകശിക്ഷ അനുഭവിച്ചു തുടങ്ങുന്നു" (Dialogue IV. 28). പാപരഹിതരുടെ ആത്മാക്കള്‍ മരണസമയത്തുതന്നെ സ്വര്‍ഗ്ഗത്തിലെത്തുമെന്ന് 1274-ലെ രണ്ടാം ലിയോണ്‍സ് കൗണ്‍സില്‍ പഠിപ്പിച്ചു mox in caelum). തനതുവിധിയെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ പ്രബോധനം എവുജിന്‍ കഢ (1439)ന്‍റെ ഐക്യരേഖയിലാണ് (union degree) നാം കാണുന്നത്. 1336-ല്‍ Benedictus Deus എന്ന ചാക്രികലേഖനത്തിലൂടെ പന്ത്രണ്ടാം ബനഡിക്ട് പാപ്പായും തനതുവിധിയെക്കുറിച്ച് ആധികാരികമായി പഠിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്‍റെ നാല് അന്ത്യങ്ങള്‍--മരണം, വിധി, സ്വര്‍ഗ്ഗം, നരകം--കത്തോലിക്കാവിശ്വാസപ്രബോധനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഈശോയിലൂടെ കരഗതമായ രക്ഷ എല്ലാവര്‍ക്കുമുള്ളതാണ്.[1] എന്നാല്‍ ഈ രക്ഷ വ്യക്തിപരമായി അനുഭവിക്കുക എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. അതുകൊണ്ട് സ്വന്തം അശ്രദ്ധകൊണ്ടും കഠിനഹൃദയംകൊണ്ടും ഒരാള്‍ നരകത്തിന് അര്‍ഹനായിത്തീരാം.

മരണശേഷം ഈശോ നരകത്തില്‍ ചെന്ന് നരകശിക്ഷയില്‍ കഴിഞ്ഞിരുന്നവരെ രക്ഷിച്ച് സ്വര്‍ഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോയി എന്നത് സ്പിരിറ്റ് ഇന്‍ ജീസസ്സുകാരുടെ മറ്റൊരു പ്രബോധനമാണ്. 1 പത്രോ 3,19; 4,6; എഫേ 4,8; യൂദാ 1,6; യോഹ 5,26 തുടങ്ങിയ വചനഭാഗങ്ങളുടെ ദുര്‍വ്യാഖ്യാനത്തിലാണ് തെറ്റായ ഈ ആശയം രൂപംകൊള്ളുന്നത്. ക്രിസ്തു പാതാളത്തിലിറങ്ങിയെന്ന വിശ്വാസസത്യം 1989 ജനുവരി 11-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൂന്നു കാര്യങ്ങള്‍ ഊന്നല്‍ നല്കി വിശദീകരിക്കുന്നുണ്ട്. അവ ചുവടെ ചേര്‍ക്കുന്നു:

1. പാതാളത്തിലിറങ്ങിയെന്ന പ്രഖ്യാപനത്തിലൂടെ യേശു യഥാര്‍ത്ഥത്തില്‍ മരിച്ചുവെന്ന വിശ്വാസമാണ് പ്രഖ്യാപനം ചെയ്യുന്നത്.
2. യേശുവിന്‍റെ കുരിശിലെ ബലിയിലൂടെ ലഭിച്ച വരപ്രസാദം, യേശുവിന്‍റെ മരണത്തിനുമുമ്പ് മരണമടഞ്ഞ സകല നീതിമാന്മാര്‍ക്കും ലഭിച്ചുവെന്നതിന്‍റെ പ്രതീകാത്മകമായ ആഖ്യാനമാണ് ഈ പ്രഖ്യാപനം.
3. ഈശോ മരണശേഷം നിത്യശിക്ഷയുടെ സ്ഥലമായ നരകം സന്ദര്‍ശിക്കുകയോ അവിടെ അകപ്പെട്ടുപോയ ആത്മാക്കളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല.
തന്മൂലം യേശുവിന്‍റെ പാതാളസന്ദര്‍ശനം ആധാരമാക്കി മരണാനന്തരജീവിതത്തെക്കുറിച്ച് തെറ്റായി പഠിപ്പിക്കുന്നത് വിശുദ്ധഗ്രന്ഥത്തിനും സഭാപാരമ്പര്യത്തിനും വിരുദ്ധമാണ്.[2]

1.2 വികലമായ മനുഷ്യവീക്ഷണം
മനുഷ്യരെക്കുറിച്ച് ഇവരുടെ പൊതുവായുള്ള കാഴ്ചപ്പാട് ക്രൈസ്തവവിരുദ്ധം മാത്രമല്ല, മനുഷ്യത്വവിരുദ്ധവും കൂടിയാണ്. മനുഷ്യരെ നല്ലവരെന്നും മോശക്കാരെന്നും അവര്‍ തരംതിരിക്കുന്നു. ഈ തരംതിരിവിന് ദൈവത്തിന്‍റെ മക്കളും സാത്താന്‍റെ സന്താനങ്ങളും, രക്ഷിക്കപ്പെട്ടവരും രക്ഷിക്കപ്പെടാത്തവരും എന്നിങ്ങനെ വേറിട്ട വകഭേദങ്ങളുമുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസ്സ് പ്രസ്ഥാനത്തിന്‍റെ സഹകാരികളും വിശ്വാസികളുമാണ് എല്ലായ്പോഴും ആദ്യത്തെ ഗണത്തില്‍ വരിക. രക്ഷയുടെ മാര്‍ഗ്ഗം ഈ പ്രസ്ഥാനത്തിന്‍റെ അംഗത്വത്തില്‍ത്തന്നെ അടങ്ങിയിരിക്കുന്നു. ഇതിനോട് സഹകരിക്കാത്തവരും ഇവരുടെ പ്രബോധനങ്ങള്‍ വിശ്വസിക്കാത്തവരുമാണ് എതിര്‍ചേരിയിലുള്ള സാത്താന്‍റെ സന്താനങ്ങളും രക്ഷിക്കപ്പെടാത്തവരും.
മനുഷ്യവ്യക്തിയുടെ തുല്യമഹത്ത്വത്തെക്കുറിച്ചുള്ള കത്തോലിക്കാപ്രബോധനത്തിന് തികച്ചും വിരുദ്ധമായ വീക്ഷണമാണ് ഈ വിഘടിതഗ്രൂപ്പിന്‍റേത്.[3] വ്യക്തിയെ ജന്മനാ തിന്മനിറഞ്ഞവനായും തിന്മയുടെ അവതാരമായും കാണുന്നത് വികലമായ മനുഷ്യദര്‍ശനമാണ്. ഇവരുടെ വ്യാഖ്യാനമനുസരിച്ച് കായേന്‍റെ തെറ്റിന് ഉത്തരവാദി കായേനല്ല, അവന്‍റെ പിതാവായ ആദമാണ്. പാപത്തിന്‍റെ വ്യക്തിപരമായ ഉത്തരവാദിത്വമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. പാപത്തിന്‍റെ കാരണം ഒരു ബാഹ്യവ്യക്തിയുടെ മേല്‍ ആരോപിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണതയാണിത് (exteriorization of sin). ലോകത്തിലെ സമസ്തപ്രശ്നങ്ങള്‍ക്കും കാരണമായി പരേതാത്മാക്കളെ കരുതുന്ന ഇക്കൂട്ടരുടെ അബദ്ധപ്രബോധനത്തിന്‍റെ അടിസ്ഥാനവും ഈ തെറ്റായ മനുഷ്യവീക്ഷണമാണ്.

1.3 ക്രിസ്തുവിന്‍റെ അരൂപിയില്ലാത്ത മതാത്മകത
ഇതരമതങ്ങളെയും അവയുടെ ആചാരാനുഷ്ഠാനങ്ങളെയും അനുയായികളെയും അവഹേളനയോടെ കാണുന്ന മനോഭാവവും ക്രൈസ്തവചൈതന്യത്തിന് വിരുദ്ധമാണ്. ഇതരമതാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പൈശാചികസാന്നിദ്ധ്യം ദര്‍ശിക്കുന്നത് ക്രിസ്തീയതയ്ക്ക് നിരക്കുന്നതല്ല. സ്പിരിറ്റ് ഇന്‍ ജീസസ്സിന്‍റെ ഇത്തരം കാഴ്ചപ്പാടുകള്‍ മതസ്പര്‍ദ്ധയ്ക്കും വര്‍ഗ്ഗീയധ്രുവീകരണത്തിനും കാരണമാകുന്നുണ്ട്. മറ്റ് മതങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളില്‍ ദൈവികതയില്ലെന്നു പറയുകയും മറ്റു മതങ്ങളെ പുച്ഛിച്ചു തള്ളുകയും സത്യദൈവം തങ്ങളുടെകൂടെ മാത്രമാണെന്നു വാദിക്കുകയും ചെയ്യുന്നത് ഒരര്‍ത്ഥത്തില്‍ തീവ്രവാദമാണ്.

മറ്റുള്ളവരെ അധിക്ഷേപിക്കുന്ന അരൂപി ക്രിസ്തുവിന്‍റെ അരൂപിയല്ലെന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. "താന്‍ പ്രകാശത്തിലാണെന്നു പറയുകയും അതേസമയം തന്‍റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്. . . സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്. അവന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുട്ട് അവന്‍റെ കണ്ണുകളെ അന്ധമാക്കിയതിനാല്‍ എവിടേക്കാണ് പോകുന്നതെന്ന് അവന്‍ അറിയുന്നില്ല" (1 യോഹ 2,9-11). ഇതരമതങ്ങളോട് വൈരാഗ്യബുദ്ധി പുലര്‍ത്തുന്നവര്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുന്നത് ഉചിതമാണ്: മറ്റു മതങ്ങളില്‍ നന്മയും സത്യവുമായ അംശങ്ങളുണ്ട് (LG 16); ദൈവാനുഭവത്തിന്‍റെ വിത്തുകള്‍ അവയിലുണ്ട് (AG 18); സത്യത്തിന്‍റെയും പ്രസാദവരത്തിന്‍റെയും വിത്തുകള്‍ മറ്റുമതങ്ങളില്‍ ദൃശ്യമാണ് (AG 9); വചനത്തിന്‍റെ വിത്തുകളും (AG 11,15) എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്‍റെ രശ്മിയുടെ പ്രതിഫലനവും മറ്റു മതങ്ങളിലുണ്ട് (NA 2) അതിനാല്‍ മറ്റു മതങ്ങളെ ബഹുമാനിക്കാനും അവയുടെ ആദ്ധ്യാത്മികസമ്പത്തിനെ ആദരിക്കാനും (NA 2,3) സഭ ഓര്‍മ്മിപ്പിക്കുന്നു.

അതിനാല്‍ മതാന്തരസംവാദത്തിന്‍റെയും സംഭാഷണങ്ങളുടെയും പൊതുവേദികള്‍ സഭ എപ്പോഴും സ്വാഗതം ചെയ്യുന്നു. നവസുവിശേഷവത്കരണം സംബന്ധിച്ച ആഗോളമെത്രാന്മാരുടെ സിനഡുസമ്മേളനത്തിനുള്ള മാര്‍ഗരേഖയില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്കുന്ന ഉള്‍ക്കാഴ്ച ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്. ദേവാലയം സകല ജനപദങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാലയമായിരിക്കണമെന്ന ഏശയ്യാപ്രവാചകന്‍റെ ചിന്ത (56,7) യേശുവിനുമുണ്ടായിരുന്നു (മര്‍ക്കോ 11,17) എന്ന് മാര്‍പാപ്പ പറയുന്നു. യേശു ദേവാലയത്തിന്‍റെ "വിജാതീയര്‍ക്കുള്ള അങ്കണ"മാണ് ശുദ്ധീകരിക്കുന്നത്. ഏകദൈവത്തോട് പ്രാര്‍ത്ഥിക്കാനാഗ്രഹിക്കുന്ന വിജാതീയര്‍ക്ക് ദേവാലയത്തില്‍ സ്വസ്ഥവും സ്വതന്ത്രവുമായ ഇടമുണ്ടാകണമെന്ന് ഈശോ ആഗ്രഹിച്ചു. "വിജാതീയര്‍ക്കായുള്ള അങ്കണ"ത്തെക്കുറിച്ച് മതാന്തരസംവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ഗ്ഗരേഖ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: "എല്ലാ ജനതയ്ക്കും പ്രാര്‍ത്ഥിക്കാനുള്ള സ്ഥലം എന്നുപറയുമ്പോള്‍ അവിടുന്ന് ചിന്തിച്ചത് ദൈവത്തെ അകലെനിന്നുകൊണ്ടുമാത്രം അറിയുന്നവരെയാണ് . . . ദൈവം അവരെ സംബന്ധിച്ചിടത്തോളം 'അജ്ഞാതദൈവം' (അപ്പ 17,23) ആയിരുന്നു . . . എന്നാലും അപ്രകാരം അവര്‍ ഒരു യഥാര്‍ത്ഥദൈവവുമായി ബന്ധപ്പെട്ടു. ഇന്നും സഭ "വിജാതീയര്‍ക്കുള്ള ഒരങ്കണം" തുറക്കണമെന്ന് ഞാന്‍ കരുതുന്നു. . . . ആളുകള്‍ക്ക് അവിടെ ഒരുതരത്തില്‍ ദൈവത്തെ അല്പാല്പമായി കാണാന്‍ കഴിയും" (no. 5).

ഇതരമതസ്ഥരെ മാത്രമല്ല നിരീശ്വരവാദികളോടുപോലും സംവാദവും സംഭാഷണവുമാകാമെന്ന സഭയുടെ നിലപാട് പുരോഗമനാത്മകവും പരിശുദ്ധാത്മപ്രേരിതവുമാണ്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറയുന്നു, "അജ്ഞേയവാദികളെന്നോ നിരീശ്വരന്മാരെന്നോ സ്വയം വിളിക്കുന്ന വ്യക്തികളോടും നമ്മള്‍ വിശ്വാസികളെന്ന നിലയില്‍ താത്പര്യമുള്ളവരായിരിക്കണം."[4] യഥാര്‍ത്ഥമായ ക്രൈസ്തവചൈതന്യമാണിത്. നൂറ്റാണ്ടുകളായി ഇതരമതങ്ങളോടും സംസ്കാരങ്ങളോടും സഭ പുലര്‍ത്തുന്ന സഹിഷ്ണുതയുടെയും കരുതലിന്‍റെയും മനോഭാവത്തിനാണ് സ്പിരിറ്റ് ഇന്‍ ജീസസ്സിന്‍റെ വിരുദ്ധചിന്തകള്‍ ക്ഷതമേല്പിക്കുന്നത്.

2. എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റ്                                                                                                                                                                  
യുഗാന്ത്യപ്രഘോഷകരായി സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടര്‍ അനാദികാലം മുതല്‍ക്കേ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങളെന്ന് അവകാശപ്പെടുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ യുഗാന്ത്യവിവരണത്തെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്ന ഇവര്‍ അമേരിക്കന്‍ ഐക്യനാടുകളിലും ദക്ഷിണകൊറിയ പോലുള്ള ചില രാജ്യങ്ങളിലും വ്യാപകമായിരുന്ന യുഗാന്ത്യവിചാരത്തെയാണ് കേരളപശ്ചാത്തലത്തില്‍ കച്ചവടവത്കരിക്കുന്നത്. എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റിന്‍റെ സത്യവിശ്വാസവിരുദ്ധമായ ക്രിസ്തുവീക്ഷണങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം:

2.1 രക്ഷകന്‍ ഇനിയും വന്നിട്ടില്ല
രക്ഷകന്‍ ഇതുവരെയും ഭൂമിയില്‍ ജാതനായിട്ടില്ല. കന്യകയില്‍ നിന്നും ജനിക്കുവാനിരിക്കുന്ന എമ്മാനുവല്‍ എംപററിലൂടെയാണ് രക്ഷകൈവരുന്നത്. എംപറര്‍ എമ്മാനുവലിന്‍റെ ആഗമനം ഉടന്‍ ഉണ്ടാകുമെന്നും എമ്മാനുവല്‍ എംപററിന്‍റെ യുഗത്തിനുവേണ്ടി ഒരുങ്ങണമെന്നും അടുത്തകാലത്ത് അത്ഭുതശിശുവായി എംപറര്‍ ജനിച്ചുവെന്നുമെല്ലാം ഇവര്‍ പ്രഘോഷിക്കുന്നു.
ത്രിത്വൈകദൈവത്തിലെ രണ്ടാമത്തെ ആളും ദൈവത്തിന്‍റെ ഏകപുത്രനും കന്യകാമറിയത്തില്‍ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായി പിറന്നവനും പന്തിയോസ് പീലാത്തോസിന്‍റെ കാലത്തു കുരിശില്‍ മരിച്ച് ഉയിര്‍ത്തവനുമായ യേശുക്രിസ്തുവാണ് ക്രൈസ്തവവിശ്വാസത്തിന് ആധാരം. യേശുവിലൂടെ കൈവന്ന രക്ഷയും നല്കപ്പെട്ട പരിശുദ്ധാത്മാവുമാണ് ക്രിസ്തീയപ്രത്യാശയുടെ ഉറവിടം. രക്ഷകന്‍ ഇനിയും പിറന്നിട്ടില്ലെന്ന എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റുകാരുടെ പഠനം അതിഗൗരവമായ അസത്യപ്രചരണമാണ്.

2.2 രക്ഷ 1,44,000 പേര്‍ക്കു മാത്രം
യുഗാന്ത്യം സമീപസ്ഥമായിരിക്കുന്നുവെന്നും എംപറര്‍ എമ്മാനുവലിന്‍റെ കൂടാരത്തില്‍ ആദ്യം പ്രവേശിക്കുന്ന 1,44,000 പേര്‍ മാത്രമേ രക്ഷപ്പെടുകയുള്ളു എന്നും അവര്‍ പഠിപ്പിക്കുന്നു. ഇത് ജനങ്ങളില്‍ പരിഭ്രാന്തി വളര്‍ത്തുന്നു. യേശു നേടിത്തന്ന സാര്‍വ്വത്രികരക്ഷ നിഷേധിക്കുന്നതിലൂടെ തിരുസ്സഭയുടെ കൂദാശകള്‍, ശുശ്രൂഷാക്രമം (ഹയരാര്‍ക്കി) എന്നിവയെയാണ് അവര്‍ നിഷേധിക്കുന്നത്. രക്ഷയെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസത്തെ പാടേ നിഷേധിക്കുന്ന നിലപാടാണ് ഇത്. സഭയുടെ വിശ്വാസത്തില്‍ ക്രിസ്തുവിലൂടെ കരഗതമായ രക്ഷ മനുഷ്യരാശിക്കു മുഴുവന്‍ അവകാശപ്പെട്ടതാണ്. അത് ആര്‍ക്കുംവേണ്ടിയും പ്രത്യേകം മാറ്റിവച്ചിരിക്കുന്നതല്ല. തങ്ങളുടെ ധാര്‍മ്മികവും ഉത്തരവാദിത്വപൂര്‍ണ്ണവും വിശ്വാസാധിഷ്ഠിതവുമായ ജീവിതത്തിലൂടെ എല്ലാവര്‍ക്കും കരഗതമാക്കാവുന്ന ക്രിസ്തുവിന്‍റെ സമ്മാനമാണത്.

2.3 പരിശുദ്ധ മറിയം ത്രിത്വൈകദൈവത്തിലെ ഒരാള്‍
നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസുകളുടെ ത്രിത്വൈകദൈവവീക്ഷണത്തെ ഖണ്ഡിക്കുന്ന അവരുടെ മറ്റൊരു പ്രബോധനമാണിത്. എംപറര്‍ എമ്മാനുവലിന് ജന്മം നല്കുന്ന മറിയത്തെ ദൈവികസത്തയുടെ ഭാഗമായാണ് ഇവര്‍ അവതരിപ്പിക്കുന്നത്.
മിശിഹായെ ശരിയായി മനസ്സിലാക്കാത്തവര്‍ക്ക് മറിയത്തെയും ശരിയായി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. വികലമായ ക്രിസ്തുദര്‍ശനവുമായി നിലകൊള്ളുന്ന ഈ ഗ്രൂപ്പുകാരുടെ മരിയദര്‍ശനവും വികലമാണ്. ഏറ്റവും അനുഗ്രഹീതയും ഭാഗ്യവതിയുമായ മറിയം ദൈവമാതാവും നിത്യകന്യകയും അമലോത്ഭവയും സ്വര്‍ഗ്ഗാരോപിതയുമാണെന്നു തിരുസ്സഭ പഠിപ്പിക്കുന്നു (CCC 936-972). മറിയത്തെക്കുറിച്ചുള്ള ഈ നാലു പരമ്പരാഗത വിശ്വാസസത്യങ്ങളിലും പരിശുദ്ധ അമ്മ ദൈവത്തിന്‍റെ സൃഷ്ടിയാണെന്നും രക്ഷിക്കപ്പെട്ടവളാണെന്നും അതിനാല്‍ ദൈവമല്ലെന്നും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.

3. പെന്തക്കോസ്തുതത്വങ്ങളോട് സാധര്‍മ്മ്യമുള്ള ഗ്രൂപ്പുകള്‍                                                                                                                     
കേരളത്തില്‍ അടുത്തകാലത്ത് രൂപംകൊണ്ട പല വിഘടിതസഭാവിഭാഗങ്ങളും പെന്തക്കോസ്തു തത്വങ്ങള്‍ പിന്തുടരുന്നവയാണ്. ആത്മാഭിഷേകസഭ, കവനന്‍റ് പീപ്പിള്‍, സ്വര്‍ഗ്ഗീയവിരുന്ന് തുടങ്ങിയവ ഈ ഗണത്തില്‍പ്പെട്ടവയാണ്. ഇവരുടെ ക്രിസ്തുദര്‍ശനം വളരെ ഏകപക്ഷീയവും വികലവുമാണ്.
ഈശോയെ ഇക്കൂട്ടര്‍ ഏകരക്ഷകനായി ഏറ്റുപറയുന്നുണ്ടെങ്കിലും അവിടുത്തെ സുവിശേഷപ്രബോധനങ്ങളെ അവസരോചിതമായി വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നു. പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാലാഖമാരുടെയും മാദ്ധ്യസ്ഥം ഇവര്‍ അംഗീകരിക്കുന്നില്ല; തിരുസ്സഭയുടെ കൂദാശകളില്‍ മാമ്മോദീസ ഒഴികെ ഒന്നും ഇവര്‍ അംഗീകരിക്കുന്നില്ല. ഈശോ മാത്രമാണ് ഏകപുരോഹിതനെന്നും ഈശോയുടെ ഏകബലി ആവര്‍ത്തിക്കാനാവുകയില്ലെന്നും വാദിച്ചുകൊണ്ട് ഇക്കൂട്ടര്‍ പൗരോഹിത്യശുശ്രൂഷയെയും വിശുദ്ധ കുര്‍ബാനയെയും നിഷേധിക്കുന്നു.

4. യഹോവാസാക്ഷികള്‍                                                                                                                                                                           
ദൈവപുത്രനായ ഈശോയിലൂടെ കരഗതമായ രക്ഷ നിഷേധിച്ച് പഴയനിയമചിന്തയില്‍ വ്യാപരിക്കുന്നവരാണ് യഹോവാസാക്ഷികള്‍. ഈശോ ദൈവപുത്രനും രക്ഷകനുമാണെന്ന അടിസ്ഥാനവിശ്വാസവും ഈശോയുടെ മനുഷ്യാവതാരവും ഇവര്‍ നിഷേധിക്കുന്നു. ഈശോയെ കേവലം ഒരു മനുഷ്യവ്യക്തിയായി മാത്രമേ ഇവര്‍ കരുതുന്നുള്ളു. ഇശോ, രക്ഷ, കൂദാശകള്‍, പരി. അമ്മ തുടങ്ങിയവ സംബന്ധിച്ച ഇവരുടെ പ്രബോധനങ്ങള്‍ തികച്ചും വിചിത്രങ്ങളാണ്:

1. ക്രിസ്തു പ്രധാന മാലാഖയായ മിഖായേലാണ്: ക്രിസ്തു ഒരിക്കലും ദൈവത്തോട് സമനല്ല, ഒരു സൃഷ്ടി മാത്രമാണ്. ക്രിസ്തു സത്തയില്‍ പിതാവിന് തുല്യനാണ് എന്ന പഠനം നിഷേധിക്കുന്ന ആര്യന്‍ പാഷണ്ഡതയുടെ ആധുനികരൂപമാണിത്. ക്രിസ്തു ആദ്യം പ്രധാനമാലാഖയായിരുന്ന മിഖായേല്‍ ആയിരുന്നുവെന്നതാണ് അവരുടെ വിശദീകരണം. പിന്നീട് ദൈവത്തിന്‍റെ പ്രവര്‍ത്തനഫലമായി കന്യകയില്‍ നിന്ന് ജനിച്ച അവിടുന്ന് തന്‍റെ അരൂപി അസ്തിത്വം ഉപേക്ഷിക്കുകയാണുണ്ടായത്.

2. ക്രിസ്തു അഗ്നിയില്‍ വെന്തുമരിച്ചു: എ.ഡി. 33-ല്‍ ക്രിസ്തു അഗ്നിയില്‍ വെന്തുമരിക്കുകയാണത്രേ ഉണ്ടായത്. നാട്ടിനിര്‍ത്തിയിരുന്ന ഒരു മരക്കുരിശിന്മേല്‍ക്കിടന്ന് അവിടുന്ന് അഗ്നിയില്‍ വെന്താണ് മരിച്ചതെന്നും പിന്നീട് യഹോവ അവിടുത്തെ ഉയിര്‍പ്പിച്ചുവെന്നുമാണ് അവരുടെ വിശദീകരണം.

3. വിശുദ്ധ കുര്‍ബാന ഒരനുസ്മരണ അത്താഴം മാത്രമാണ്: ദിവ്യകാരുണ്യം ഒരനുസ്മരണ അത്താഴം മാത്രമാണ്. അതിനാല്‍ അത് ആണ്ടിലൊരിക്കല്‍ മാത്രമാണ് അവര്‍ ആഘോഷിക്കുന്നത്. അപ്പവും വീഞ്ഞും വെറും പ്രതീകങ്ങള്‍ മാത്രമാണ്.

4. ക്രിസ്തുവിനോടൊപ്പം യഹോവസാക്ഷികള്‍ മാത്രം: ക്രിസ്തുവും സാത്താനും തമ്മിലുള്ള യുദ്ധത്തില്‍ യഹോവാസാക്ഷികളല്ലാത്ത എല്ലാ മനുഷ്യരും ചത്തൊടുങ്ങുമെന്നും ഈ യുദ്ധത്തിന്‍റെ അവസാനം ഭൗമികപറുദീസാ സ്ഥാപിക്കപ്പെടുമെന്നും അത് യഹോവാസാക്ഷികള്‍ക്ക് മാത്രമുള്ളതാണെന്നും ഇവര്‍ കരുതുന്നു. അന്ത്യവിധിയോ നിത്യനരകമോ ഇല്ലെന്നും എല്ലാം ഭൗമികപറുദീസായില്‍ സ്ഥാപിക്കപ്പെടുന്ന ആയിരം വര്‍ഷത്തെ ദൈവികഭരണത്തിന്‍റെ തുടര്‍ച്ചയാണെന്നും ഇവര്‍ പഠിപ്പിക്കുന്നു.[5]

ഈശോയുടെ രക്ഷകസ്ഥാനം അംഗീകരിക്കുന്നില്ല എന്നതിനാല്‍ത്തന്നെ പരിശുദ്ധ മറിയത്തെയും കൂദാശകളെയും ഇവര്‍ അംഗീകരിക്കുന്നില്ല. ജലത്തില്‍ മുങ്ങിയുള്ള സ്നാനംവഴി ഒരാള്‍ യഹോവാസാക്ഷിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. 1,44,000 പേര്‍ മാത്രമേ അരൂപിയിലുള്ള രണ്ടാം മാമ്മോദീസാ സ്വീകരിക്കൂ. യഹോവാസാക്ഷികള്‍ മാത്രമാണ് അതിന് യോഗ്യരാകുന്നത്.

5. നവയുഗപ്രസ്ഥാനങ്ങള്‍                                                                                                                                                                                   
ജ്ഞാനവാദം, ആത്മവാദം, പരേതാത്മാക്കള്‍ വഴിയുള്ള പരലോകജ്ഞാനം, മന്ത്രവാദം, ജ്യോതിഷം, ഗൂഢവിദ്യകള്‍, ജ്ഞാനവിദ്യകള്‍ തുടങ്ങിയവയിലധിഷ്ഠിതമായ നവയുഗപ്രസ്ഥാനങ്ങള്‍ക്ക് ക്രിസ്തുവിജ്ഞാനീയം പോയിട്ട് ദൈവചിന്തപോലുമില്ല എന്നുള്ളതാണ് വാസ്തവം.[6] ഇവര്‍ ദൈവികവെളിപാടും ദൈവവചനവും നിഷേധിച്ച് പൈശാചികശക്തികളോട് സംവദിക്കുന്നതിനും പരേതാത്മാക്കളെ വിളിച്ചുവരുത്തി ഭാവികാര്യങ്ങള്‍ അറിയുന്നതിനുമാണ് ശ്രമിക്കുന്നത്. ക്രിസ്റ്റലുകളെ ഊര്‍ജ്ജഉറവിടമായും സൗഖ്യശക്തിയുള്ളതായും കണക്കാക്കുന്നു. അതീന്ദ്രീയ അനുഭവങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം കൊടുക്കുന്നത്. സാത്താന്‍ആരാധനയും കറുത്തകുര്‍ബാനയും ഓജോബോര്‍ഡിന്‍റെ ഉപയോഗവും ഇതരഗൂഢവിദ്യകളുമെല്ലാം നവയുഗപ്രസ്ഥാനങ്ങളുടെ സന്തതികളാണ്.

നവയുഗപ്രസ്ഥാനങ്ങള്‍ എല്ലാംതന്നെ ആശയങ്ങളിലും വിശ്വാസങ്ങളിലും വ്യത്യസ്തതകള്‍ പുലര്‍ത്തുന്നവയാണ്. മുകളില്‍ വിവരിച്ചവ സാത്താനികശക്തികളെ ഉപയോഗപ്പെടുത്തിയാണ് കാര്യസാധ്യം നേടുന്നതെങ്കില്‍ ഇനിയൊരു വിഭാഗം അതീന്ദ്രീയധ്യാനരീതികളാണ് അവലംബിക്കുന്നത്. സെന്‍, താവോ, ബുദ്ധിസ്റ്റ് ആശയങ്ങളും ഇതര ആത്മാധിഷ്ഠിത ധ്യാനരീതികളും ഇവര്‍ സ്വീകരിക്കുന്നു. ഹരേകൃഷ്ണ പ്രസ്ഥാനം, ജീവനകല, സായ്പ്രസ്ഥാനം, അമൃതാനന്ദപ്രസ്ഥാനം എന്നിവയെല്ലാം ഇത്തരത്തിലുള്ള അതീന്ദ്രീയധ്യാനരീതികളെ അവലംബമാക്കിയാണ് പച്ചപിടിക്കുന്നത്. ഇവയുടെ പൊതുആശയധാരയനുസരിച്ച് ദൈവം ഒരു വ്യക്തിയല്ല; മറിച്ച്, പ്രപഞ്ചത്തിലും മനുഷ്യവ്യക്തിയിലും നിറഞ്ഞുനില്ക്കുന്ന ഒരു ശക്തിവിശേഷമാണ്. ചരിത്രത്തില്‍ ജീവിച്ച ഈശോ ഇവരെ സംബന്ധിച്ച് ക്രിസ്തുസ്വഭാവത്തിന്‍റെ അനേകരൂപങ്ങളില്‍ ഒന്നുമാത്രമാണ്. ബോധോദയവും ജ്ഞാനോദയവും സിദ്ധിച്ച ലോകഗുരുക്കന്മാരുടെ പൊതുനാമമാണ് ക്രിസ്തു. ബുദ്ധനും മഹാവീരനും പോലുള്ള മഹത്വ്യക്തികള്‍ ഈ ക്രിസ്തുനാമത്തിന്‍റെ ഭിന്നരൂപങ്ങളത്രേ. ദൈവസങ്കല്പമില്ലാത്തതുകൊണ്ടുതന്നെ ഇവര്‍ക്ക് പാപ-പുണ്യ സങ്കല്പങ്ങളും അപ്രസക്തമാണ്. ഇവര്‍ക്ക് നന്മതിന്മകളെ വേര്‍തിരിക്കുന്ന അതിര്‍വരമ്പുകളുമില്ല.

ക്രൈസ്തവചിന്തയിലും വിശുദ്ധഗ്രന്ഥചിന്തയിലും ദൈവം ഒരു വ്യക്തിയാണ് (personal God). സൃഷ്ടപ്രപഞ്ചത്തിലും സൃഷ്ടിയായ മനുഷ്യനിലുമെല്ലാം ദൈവികസാന്നിദ്ധ്യമുണ്ടെങ്കിലും അവയൊന്നും ദൈവമല്ല. ദൈവവുമായി ലയിച്ചുചേരുന്നുമില്ല. വാക്കുകള്‍ക്കും നിര്‍വചനങ്ങള്‍ക്കും അതീതമായ ഒരു യാഥാര്‍ത്ഥ്യമാണ് ദൈവം. ക്രൈസ്തവന്‍ ദൈവത്തെക്കാണുന്നത് സ്രഷ്ടാവും പരിപാലകനും എല്ലാത്തിന്‍റെയും പൂര്‍ണ്ണതയുമായിട്ടാണ്. അതിനാല്‍ത്തന്നെ ദൈവത്തെ വെറും ചിന്തയായും എനര്‍ജിയായും മാത്രമവതരിപ്പിക്കുന്ന നവയുഗപ്രസ്ഥാനങ്ങള്‍ വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. ദൈവത്തെ മനുഷ്യമനസ്സില്‍ ഉരുത്തിരിയുന്ന കേവലം ഒരു ശക്തിയെന്നതിലുപരിയായി സര്‍വ്വലോകത്തിന്‍റെയും ആദികാരണവും ആത്യന്തികലക്ഷ്യവുമായി കാണാന്‍ കഴിയണം. ചരിത്രപുരുഷനും രക്ഷകനുമായ യേശുവിനെ ജീവിതപശ്ചാത്തലങ്ങളില്‍ നിന്നടര്‍ത്തിമാറ്റി അവ്യക്തവും സങ്കീര്‍ണവുമായ ഒരു പ്രാപഞ്ചികശക്തിയായി തരംതാഴ്ത്തുന്നത് യുക്തിഭദ്രമല്ല; ഈശോയില്‍ പൂര്‍ത്തിയായ ദൈവികവെളിപാടിന് നിരക്കുന്നതുമല്ല. കാല്‍വരിയില്‍ സ്വയം ബലിയായി അര്‍പ്പിച്ച് മൂന്നാം ദിവസം മഹത്വപൂര്‍ണ്ണനായി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ശ്രീകൃഷ്ണനേയോ മുഹമ്മദ് നബിയെയോ ശ്രീബുദ്ധനേയോ മഹാവീരനെയോ പോലെ ഒരു ഗുരുവായി മാത്രം അവതരിപ്പിച്ചാല്‍ യേശുക്രിസ്തുവിന്‍റെ അനന്യതയെ നാം വിസ്മരിക്കുകയായിരിക്കും ചെയ്യുക.

ഉപസംഹാരം
ഈശോയുടെ ദൈവത്വവും കര്‍ത്തൃത്വവും നിഷേധിക്കുന്നവര്‍ ഈശോയുടെ വൈരികളാണ് (1 യോഹ 4,18-25). വിഘടിതഗ്രൂപ്പുകളേയും സമാനസ്വഭാവമുള്ള കപട ആത്മീയപ്രസ്ഥാനങ്ങളെയും ക്രൈസ്തവസമൂഹങ്ങളായി കരുതാനോ അവയുമായി സഭൈക്യസംഭാഷണങ്ങളില്‍ ഏര്‍പ്പെടാനോ സാധിക്കുകയില്ല (Ecclesia in Asia, 3). മാത്രവുമല്ല സഭൈക്യശ്രമങ്ങളില്‍ സകല ക്രൈസ്തവസമൂഹങ്ങള്‍ക്കും ഇവര്‍ ഭീഷണിയുമാണ് (Redemptoris Missio, 47). സഹോദരസമൂഹങ്ങളായി ഇവരെ കരുതാനാവില്ല. സത്യവിശ്വാസത്തില്‍ നിന്ന് അകന്ന് കൂട്ടംതെറ്റിപ്പോയ ഇവരെ തിരിച്ചുകൊണ്ടുവരികയെന്നതാണ് സഭയുടെ ദൗത്യം.

നവീനസഭാവിഭാഗങ്ങളുടെയും നവയുഗപ്രസ്ഥാനങ്ങളുടെയും എണ്ണവും അബദ്ധപ്രബോധനങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സത്യവിശ്വാസത്തിന്‍റെ സംരക്ഷണത്തിന് നാം സ്വീകരിക്കേണ്ട ചില പ്രതിരോധമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കട്ടെ.

1. സമഗ്രമായ വചനവ്യാഖ്യാനം: ദൈവശാസ്ത്രപഠനങ്ങളും പ്രബോധനങ്ങളും ദൈവവചനാധിഷ്ഠിതമായി നല്കണം. മാത്രവുമല്ല, വചനം അതിന്‍റെ സമഗ്രതയിലും സഭാത്മകമായും വ്യാഖ്യാനിച്ചുപഠിപ്പിക്കണം. വ്യക്തിപരമായ വചനവ്യാഖ്യാനങ്ങളല്ല ഉണ്ടാകേണ്ടത് (ദൈവാവിഷ്കരണം 7-13).

2. ശരിയായ ക്രിസ്തുവിജ്ഞാനീയം: ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നാം വായിക്കുന്നു: "ഈശോമിശിഹാ ഇന്നലെയും ഇന്നും എന്നും ഒരാള്‍ തന്നെയാണ് എന്നാല്‍, വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍" (13,8). ദൈവികവെളിപാടിന്‍റെ മുഴുവന്‍ പൂര്‍ണ്ണതയും യേശുക്രിസ്തുവിലാണ് നമുക്ക് നല്കപ്പെട്ടിരിക്കുന്നത് (ഹെബ്രാ 1, 1-3) എന്ന ബോധ്യത്തില്‍ വളരാനാണ് നാം ശ്രമിക്കേണ്ടത്. ഈശോയില്‍ പൊതുവായ ദൈവികവെളിപാട് പൂര്‍ണ്ണമാകുന്നു എന്നതാണ് സഭയുടെ പ്രബോധനം (ദൈവാവിഷ്കരണം, 2-6). 'ഈശോയെ നല്കിയതിലൂടെ ദൈവം നിശബ്ദനായി' (God has become dumb by giving Jesus Christ to the World) എന്ന് ആവിലായിലെ വിശുദ്ധ ജോണ്‍ നിരീക്ഷിക്കുന്നത് ഇവിടെ പ്രസക്തമാണ്.

3. ആഴമുള്ള ആദ്ധ്യാത്മികജീവിതവും പ്രേഷിതചൈതന്യവും: "ആഴത്തിലേക്കു നീക്കി വലയിറക്കുക" എന്ന ക്രിസ്തുനാഥന്‍റെ വചനങ്ങള്‍ വിശാസജീവിതത്തിന്‍റെ ആഴമുള്ള ബോദ്ധ്യങ്ങള്‍ സ്വന്തമാക്കാനുള്ള നിരന്തരമായ ക്ഷണമാണ്. പലപ്പോഴും അപകടസാധ്യതകള്‍ കുറഞ്ഞതും സുഖകരമായതുമായ തീരദേശവാസമാണ്--പരിമിതമായ അറിവും ആഴമില്ലാത്ത വിശ്വാസവും--നമുക്ക് പഥ്യം. തിരുവചനങ്ങളും വിശുദ്ധ കൂദാശകളുമാകുന്ന ഉറവയില്‍ നിന്ന് ശുദ്ധജലം പാനംചെയ്യുന്നവരായി നാം മാറണം (വിശ്വാസത്തിന്‍റെ വാതില്‍, 3). ഭൗതികനേട്ടങ്ങള്‍ക്കും താത്കാലികആശ്വാസങ്ങള്‍ക്കും പുറകെ പോകാതെ സ്ഥായിയായ ജീവിതബോധ്യങ്ങളും ദൈവാനുഭവവും സ്വന്തമാക്കണം. ചൂടോ തണുപ്പോ ഇല്ലാത്ത മന്ദോഷ്ണരായി (വെളി 3,15-16) മാറാതെ, ഏലിയാപ്രവാചകനെ പോലെ, ദൈവമായ കര്‍ത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാല്‍ നാം എരിയുമ്പോള്‍ സത്യവിശ്വാസത്തില്‍ നിന്നും വഴിതെറ്റിയവര്‍ക്ക് വിശ്വാസത്തിന്‍റെ ജീവിതസാക്ഷ്യം നല്കാന്‍ നാം പ്രാപ്തരാകും.

4. ഇടവകകേന്ദ്രീകൃതവിശ്വാസജീവിതം:ഇടവകകേന്ദ്രീകൃതവിശ്വാസജീവിതമാണ് വിശ്വാസത്തില്‍ പരിശീലിപ്പിക്കപ്പെടാനുള്ള ഏറ്റവും നല്ല വേദി. ഇടവക വിശ്വാസജീവിതത്തിന്‍റെ കളരി എന്നാണ് പറയുക (school of faith). നമ്മുടെ ഇടവകദേവാലയങ്ങളുടെ അള്‍ത്താരകള്‍ തങ്ങളുടെ ജീവിതത്തിന്‍റെ കേന്ദ്രമാക്കാന്‍ ദൈവജനത്തിന് സാധിക്കണം. ജീവന്‍റെ വചനങ്ങള്‍ ശ്രവിച്ച്, നിത്യജീവന്‍റെ അപ്പം ഭക്ഷിച്ച്, കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും ജീവിതത്തിലൂടെ നടത്തി വിശുദ്ധിയിലേക്കുള്ള പടവുകള്‍ കയറാന്‍ അപ്പോള്‍ അവര്‍ക്കു സാധിക്കും. "സഭ വിശ്വസ്തതാപൂര്‍വ്വം കൈമാറിയ ദൈവവചനവും യേശു ശിഷ്യന്മാര്‍ക്കു ഭക്ഷണമായി നല്കിയ ജീവന്‍റെ അപ്പവുംകൊണ്ട് നമ്മെത്തന്നെ പോഷിപ്പിക്കുവാനുള്ള താത്പര്യം നാം വീണ്ടും കണ്ടെത്തണം" (വിശ്വാസത്തിന്‍റെ വാതില്‍, 3). ദൈവവചനാധിഷ്ഠിതവും കൂദാശാകേന്ദ്രീകൃതവും സഭാത്മകവുമായ വിശ്വാസജീവിതമാണ് വളര്‍ത്തേണ്ടത്.

വിഘടിതസഭാവിഭാഗങ്ങളും സമാനമായ ഇതരപ്രസ്ഥാനങ്ങളും യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസത്തിന്‍റെ ഉരകല്ലുകളാണ്. ക്രിസ്തുവിലുള്ള ദൈവജനത്തിന്‍റെ വിശ്വാസത്തെ നേരെയാക്കാനും ആഴപ്പെടുത്താനുമുള്ള അവസരങ്ങളാണ് അവ സൃഷ്ടിക്കുന്നത്. എങ്കിലും ഇത്തരം വിഘടിതവിഭാഗങ്ങളെക്കുറിച്ചുള്ള ജാഗ്രത സഭയ്ക്കുണ്ടാകണം. വിശ്വാസസത്യങ്ങളെക്കുറിച്ചുള്ള ആധികാരികവും ലളിതവുമായ പഠനങ്ങള്‍ കാലോചിതമായി വിശ്വാസികളിലേക്കെത്തിക്കാന്‍ സഭ ശ്രദ്ധചെലുത്തുമ്പോള്‍, ഏകരക്ഷകനായ ക്രിസ്തുവിനെ കൂടുതല്‍ അറിയാനും അവനിലേക്കു കൂടുതല്‍ അടുക്കാനും സത്യസഭയോട് ചേര്‍ന്നുനില്ക്കാനും വിശ്വാസികള്‍ക്ക് കഴിയും. "ലോകത്തിന്‍റെ ഏകരക്ഷകനായ ഈശോയിലേക്കുള്ള ആത്മാര്‍ത്ഥവും നവീകൃതവുമായ മാനസാന്തരത്തിനുള്ള വിളിയാണ് വിശ്വാസവര്‍ഷം . . . കര്‍ത്താവിനോടൊപ്പം നില്ക്കാന്‍ തീരുമാനിക്കലാണ് വിശ്വാസം. അങ്ങനെ നില്ക്കുന്നത് അവിടുത്തോടു കൂടി ജീവിക്കുവാനാണ്. . ." (വിശ്വാസത്തിന്‍റെ വാതില്‍, 6,10). ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരമായി നമ്മെ അനുസ്മരിപ്പിക്കുന്നതും ഇതുതന്നെയാണ്: "ഈശോ ആയിരിക്കട്ടെ വിശ്വാസജീവിതത്തിന്‍റെ അടിസ്ഥാനമാനദണ്ഡം; സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈശോയെ കൊടുക്കുന്നതായിരിക്കട്ടെ."

ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നു

Neo pagan movements distorted philosophy of christ in neo pagan and neo pagan movements Dominic Vechoor Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message