We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Scaria Kanyakonil On 06-Feb-2021
കത്തോലിക്കാ ധാര്‍മ്മികദൈവശാസ്ത്രത്തില്‍ വിശ്വാസത്തി ലധിഷ്ഠിതമായ കാഴ്ചപ്പാടും തത്ത്വങ്ങളുമാണ് ധാര്‍മ്മിക പ്രവൃത്തികളെ വിലയിരുത്തുന്നതിന്‍റെ അടിസ്ഥാനം. എന്നാല്‍ തത്ത്വശാസ്ത്ര പരമായ ചിന്തകളുടെയോ മതേതര സാന്മാര്‍ഗിക ആശയങ്ങളുടെയോ വെളിച്ചത്തിലും ധാര്‍മ്മിക പ്രവൃത്തികള്‍ ശരിയോ തെറ്റോ എന്നു വിലയിരുത്തപ്പെടാറുണ്ട്. ഇക്കാരണത്താല്‍ കത്തോ ലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രത്തെ ചിലര്‍ വിമര്‍ശനപരമായി കാണുന്നു. അതിനാല്‍ കത്തോ ലിക്കാ ധാര്‍മ്മികരീതിയും മറ്റു രീതികളും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നതിനായി പ്രധാനപ്പെട്ട ധാര്‍മ്മിക വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ അധ്യായത്തില്‍.
ധാര്‍മ്മികരീതികളെ പ്രധാനമായും മതപരം, മതേതരം (തത്ത്വ ശാസ്ത്രപരം) എന്ന് രണ്ടായി തിരിക്കാം.
ഓരോ മതത്തിനും അവയുടേതായ ധാര്‍മ്മിക വീക്ഷണങ്ങള്‍ ഉണ്ട്. അതുകൊണ്ട് ചില മതങ്ങള്‍ ശരിയെന്നു കരുതുന്നത് മറ്റു മതങ്ങള്‍ക്ക് തെറ്റായിരിക്കാം. കത്തോലിക്കാ ധാര്‍മ്മിക ദൈവ ശാസ്ത്ര ത്തില്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായി പ്രവൃത്തികള്‍, മാര്‍ഗ്ഗം, ലക്ഷ്യം എന്നിവ എപ്പോഴും നല്ലതായിരിക്കണം. മറ്റുള്ള അവസരങ്ങളില്‍ ദ്വിഫലസിദ്ധാന്തം, സമഗ്രതത്ത്വം, തിന്മപ്രവൃത്തി കളിലുള്ള സഹകരണത്തിനുള്ള തത്ത്വങ്ങള്‍ എന്നിവയുടെ വെളിച്ചത്തിലാണ് ധാര്‍മ്മിക പ്രവൃത്തികളെ വിലയിരുത്തുന്നത്. ഇന്ന് പല പുതിയ ധാര്‍മ്മികരീതികളും അവതരിപ്പിക്കുന്നുണ്ട്. ചില ധാര്‍മ്മിക രീതികളെ (Utilitarianism,Teleology, Propptionality, Sitution Ethics ) "സത്യത്തിന്‍റെ പ്രഭ" എന്ന ചാക്രികലേഖനത്തില്‍ സഭ നിരാകരിക്കുന്നു (No. 74,79,90). മതേതര ധാര്‍മ്മികതയില്‍ ധാരാളം രീതികളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് താഴെ വിവരിക്കുന്നത്.
വിവിധ തത്ത്വശാസ്ത്രജ്ഞരുടെ ചിന്തകളെയും തത്ത്വങ്ങളെയും അടിസ്ഥാനമാക്കി ധാര്‍മ്മിക പ്രവൃത്തികളെ വിലയിരുത്തുന്ന രീതിയാണിത്. മെറ്റാ എത്തിക്സ്, നോര്‍മറ്റീവ് എത്തിക്സ്, അപ്ലൈഡ് എത്തിക്സ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തത്ത്വശാസ്ത്ര സിദ്ധാന്തങ്ങളെ തിരിക്കാറുണ്ട്. ധാര്‍മ്മിക തത്ത്വങ്ങള്‍ എവിടെ നിന്നുവരുന്നു; അവ എന്താണ് അര്‍ത്ഥമാ ക്കുന്നത് എന്നീ കാര്യങ്ങ ളാണ് മെറ്റാ എത്തിക്സ് ചര്‍ച്ച ചെയ്യുന്നത്. നോര്‍മറ്റീവ് എത്തിക്സില്‍ പ്രായോഗിക വശത്തിനാണ് പ്രാധാന്യം. ധാര്‍മ്മിക പ്രശ്നങ്ങളാണ് അപ്ലൈഡ് എത്തിക്സിന്‍റെ വിഷയം (ഉദാ. ഗര്‍ഭഛിദ്രം, മൃഗങ്ങളുടെ അവകാശം). മെറ്റാ എത്തിക്സും നോര്‍മറ്റീവ് എത്തിക്സും ഉപയോഗിച്ച് ധാര്‍മ്മിക പ്രശ്നങ്ങള്‍ക്ക് ഇവിടെ പരിഹാരം കണ്ടെത്തുന്നു. നോര്‍മറ്റീവ് എത്തിക്സില്‍ കര്‍ത്തവ്യ ധാര്‍മ്മികത, പ്രയോജനവാദം, ലക്ഷ്യവാദം എന്നീ ഉപവിഭാഗങ്ങളുണ്ട്.
1.1 കര്‍ത്തവ്യ ധാര്‍മ്മികത (Deontology)
ഗ്രീക്കുഭാഷയിലെ 'ഡിയോന്‍' (കടമ), 'ലോഗോസ്' (വാക്ക്, പഠനം, ശാസ്ത്രം) എന്നീ പദങ്ങളില്‍ നിന്നാണ് ഡിയന്തോളജി എന്ന വാക്ക് ഉണ്ടായത്. സി.ഡി.ബ്രോഡിന്‍റെ അഭിപ്രായത്തില്‍ ചില പ്രവൃ ത്തികള്‍ പരിണിതഫലത്തിന് അതീതമായി അതിനാല്‍ തന്നെ നന്മയോ തിന്മയോ ആയിരിക്കും. കര്‍ത്തവ്യ ധാര്‍മ്മികത പ്രധാനമായും രണ്ടു തരമാണുള്ളത്: പ്രവൃത്തികര്‍ത്തവ്യ ധാര്‍മ്മികതയും നിയമകര്‍ത്തവ്യ ധാര്‍മ്മികതയും. പ്രവൃത്തി കര്‍ത്തവ്യ ധാര്‍മ്മികതയനുസരിച്ച് ഒരു പ്രവൃത്തി ശരിയോ തെറ്റോ എന്ന് വിലയിരുത്തുന്നതിന് ആ പ്രവൃത്തിയുടെ എല്ലാ വശങ്ങളെയും മനസ്സിലാക്കണം. അന്തര്‍ ജ്ഞാനത്തില്‍ (intuition) നിന്നുമാണ് ഇവിടെ തീരുമാനമെടുക്കുന്നത്. ഓരോ പ്രവൃ ത്തിയും പ്രത്യേകമായി ഇവിടെ വിലയിരുത്തപ്പെടുന്നു. നിയമകര്‍ത്തവ്യ ധാര്‍മ്മികതയ നുസരിച്ച് ഓരോ സാഹചര്യങ്ങളില്‍ ഓരോരോ രീതിയിലായിരിക്കും നാം പ്രവര്‍ത്തിക്കുന്നത്. കൂടാതെ ചിലപ്പോള്‍ ഒരു തത്ത്വത്തിന്‍റെ വെളിച്ചത്തിലും മറ്റുചിലപ്പോള്‍ ഒന്നിലധികം തത്ത്വങ്ങളുടെ വെളിച്ചത്തിലും ശരിയും തെറ്റും വിലയിരുത്തപ്പെടാം.
കര്‍ത്തവ്യധാര്‍മ്മികത പാലിക്കുന്നവര്‍ പ്രവൃത്തികളെ വിലയിരു ത്താന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ പലതാണ്. മതവിശ്വാസി കള്‍ ദൈവികനിയമം മാനദണ്ഡമാക്കുമ്പോള്‍ മറ്റു ചിലര്‍ പ്രകൃതി നിയമം സ്വീകരിക്കുന്നു. വേറെ ചിലര്‍ അന്തര്‍ജ്ഞാനമാണ് (intuition) അടിസ്ഥാനമായി സ്വീകരിക്കുന്നത്. തത്ത്വചിന്തകരായ ഇമ്മാനുവല്‍ കാന്‍റ്, സാമുവല്‍ ക്ലാര്‍ക്ക്, റിച്ചാര്‍ഡ് പ്രൈസ്, തോമസ് റീഡ്, ഡബ്ലു. ഡി. റോസ് തുടങ്ങിയവര്‍ കര്‍ത്തവ്യധാര്‍മ്മികരീതി അനുകൂലിക്കുന്നവരാണ്. കര്‍ത്തവ്യധാര്‍മ്മികതയിലെ പല തത്ത്വങ്ങളും കത്തോലിക്കാ ധാര്‍മ്മിക ശാസ്ത്രത്തോട് ചേര്‍ന്നു പോകുന്നവയുമാണ്.
1.2 പ്രയോജനവാദം (Utilitarianism)
ആംഗ്ലേയ തത്ത്വശാസ്ത്രജ്ഞനായ ജറമി ബന്താമാണ് ഇതിന്‍റെ ഉപജ്ഞാതാവ്. ജോണ്‍ സ്റ്റുവര്‍ട്ട് മില്‍, ഹെന്‍റി സിഡ്വിക് എന്നിവര്‍ പ്രയോജനവാദത്തിന്‍റെ വളര്‍ച്ചയില്‍ സഹായിച്ചിട്ടുണ്ട്. ڇഏറ്റവും കൂടുതല്‍ നന്മ ഏറ്റവും കൂടുതല്‍ പേര്‍ക്ക്; ഏറ്റവും കുറച്ചു തിന്മ ഏറ്റവും കുറച്ചു പേര്‍ക്ക്ڈ എന്നതാണ് പ്രയോജനവാദത്തിന്‍റെ അടിസ്ഥാന തത്ത്വം. പ്രവൃത്തിയിലധിഷ്ഠിതം, നിയമത്തില ധിഷ്ഠിതം എന്നിങ്ങനെ രണ്ടായി പ്രയോജനവാദത്തെ തരം തിരിക്കാറുണ്ട്. പ്രവൃത്തിയിലധിഷ്ഠിതമായ പ്രയോജന വാദത്തിന്‍റെ വീക്ഷണത്തില്‍ പ്രയോജന ത്തിന്‍റെ അടിസ്ഥാനത്തി ലാണ് ഒരു പ്രവൃത്തി ശരിയോ തെറ്റോ എന്ന് തീരുമാനിക്ക പ്പെടുന്നത്. ഏതു നിയമമാണ് ഏറ്റവും കൂടുതല്‍ നന്മ ചെയ്യാന്‍ സഹായിക്കുന്നത് എന്നതാണ് നിയമത്തിലധിഷ്ഠിതമായ പ്രയോജനവാദത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ആധുനിക സാന്മാര്‍ഗ്ഗിക തത്ത്വങ്ങള്‍ അനുസരിച്ച് പ്രയോജന വാദത്തിന് നാലു ശാഖകള്‍ ഉണ്ട്. (a) ക്ഷേമത്തിലധിഷ്ഠിത തത്ത്വം (welfarism) : ഇവിടെ മനുഷ്യന്‍റെ ക്ഷേമമാണ് ഏറ്റവും പ്രധാനം.(b)പരിണിതഫലതത്ത്വം (consequetialism): ഇവിടെ ഒരു പ്രവൃത്തി ശരിയോ തെറ്റോ എന്നു വിലയിരുത്തപ്പെടുന്നത് അതിന്‍റെ ഫലത്തെ ആസ്പദമാക്കിയാണ്; ലക്ഷ്യത്തെയോ പ്രവൃത്തിയെയോ അടിസ്ഥാന മാക്കിയല്ല. (c) ഒന്നിച്ചുള്ള തത്ത്വം (aggregative): ഇവിടെ ഒരു മനുഷ്യന്‍റെ പ്രവൃത്തിയിലുള്ള സന്തോഷവും ദുഃഖവും ഒരുമിച്ചു ചേര്‍ത്ത് മൊത്തത്തില്‍ ആ പ്രവൃത്തിയെ വിലയിരു ത്തുന്നു. (d) പരമാവധിതത്ത്വം (maximum): ഇവിടെ ഏറ്റവും കൂടുതല്‍ സന്തോഷം പ്രദാനം ചെയ്യുന്ന പ്രവൃത്തിയാണ് നല്ല പ്രവൃത്തി.
കത്തോലിക്കാസഭ പ്രയോജനവാദത്തെ ഒരിക്കലും അംഗീകരി ക്കുന്നില്ല (VS 74). പ്രയോജനവാദം മനുഷ്യന്‍റെ പരമാന്ത്യത്തെ അവഗണിക്കുന്നു; പുണ്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്കുന്നില്ല; കുടുംബ ബന്ധങ്ങള്‍ അവഗണിക്കുന്നു.
1.3 ലക്ഷ്യാധിഷ്ഠിത രീതി (Teleological Ethics)
ഗ്രീക്കുഭാഷയിലെ 'തെലോസ്' (ലക്ഷ്യം, ഉദ്ദേശ്യം), 'ലോഗോസ്' (പഠനം, വാക്ക്, ശാസ്ത്രം) എന്നീ പദങ്ങളില്‍ നിന്നാണ് റ്റെലയോളജി എന്ന വാക്കുണ്ടായത്. ഒരു പ്രവൃത്തി ശരിയോ തെറ്റോ എന്ന് ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവിടെ വിലയിരുത്തു ന്നത്. ഒരു പ്രവൃത്തിക്ക് ഒന്നോ അതിലധികമോ ലക്ഷ്യങ്ങള്‍ ഉണ്ടാവാം.
ചില തത്ത്വശാസ്ത്രജ്ഞന്മാരും ദൈവശാസ്ത്രജ്ഞരും ഈ രീതിയെ അനുകൂലിക്കുന്നുണ്ട്. ഉദാഹരണമായി അരിസ്റ്റോട്ടിലിന്‍റെ അഭിപ്രായത്തില്‍ നന്മയാണ് ആത്യന്തികലക്ഷ്യം. ലൂയിസ് ജാന്‍സണ്‍, റിച്ചാര്‍ഡ് മകോര്‍മിക്, ചാള്‍സ് കറന്‍ എന്നിവരുടെ കൃതികള്‍ ഈ രീതിയെ ന്യായീകരിക്കുന്നുണ്ട്. എന്നാല്‍ കത്തോലിക്കാ സഭ ഈ രീതിയെ ഒരിക്കലും അംഗീകരിക്കുന്നില്ല. "സത്യത്തിന്‍റെ പ്രഭ" എന്ന ചാക്രികലേഖനത്തില്‍ (No. 78) ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ലക്ഷ്യസിദ്ധാന്തത്തെ പൂര്‍ണ്ണമായും നിരാകരിക്കുന്നു.
പ്രയോജനവാദവും ലക്ഷ്യവാദവും തമ്മില്‍ വ്യത്യാസം ഉണ്ട്. പ്രയോജനവാദത്തില്‍ ഫലത്തിനാണ് പ്രാധാന്യം. ലക്ഷ്യവാദം പ്രവൃത്തിയുടെ ഉദ്ദേശത്തിനാണ്, ലക്ഷ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഈ ലക്ഷ്യം നന്മയില്‍ അധിഷ്ഠിതവുമാണ്. ലക്ഷ്യവാദത്തിന്‍റെ രണ്ട് ഉപവിഭാഗങ്ങളാണ് ആനുപാതിക സിദ്ധാന്തവും വ്യക്തിഗത ധാര്‍മ്മികരീതിയും.
ആനുപാതിക ധാര്‍മ്മികരീതി (The Principle of Proportionality): അനുപാതം എന്ന വാക്കിന്‍റെ അര്‍ത്ഥം രണ്ടു ഭാഗങ്ങള്‍ തമ്മിലുള്ള താരതമ്യമെന്നാണ്. സന്മാര്‍ഗ്ഗ ശാസ്ത്രത്തില്‍ ആനുപാതി കത്വം. മാര്‍ഗ്ഗങ്ങളും ലക്ഷ്യവും തമ്മിലുള്ള ആനുപാതികബന്ധവും, പ്രവൃത്തിയുടെ നന്മയും തിന്മയും തമ്മിലുള്ള ആനുപാതിക ബന്ധവും വിലയിരുത്തുന്നു. ആനുപാതികയുക്തി (Proportionate Reasoning) എന്നാല്‍ ഒരു പ്രവൃത്തി ചെയ്താല്‍ ഉണ്ടാകാവുന്ന നന്മയും തിന്മയും ആനുപാതികമായി വിലയിരുത്തിയതിനുശേഷം ആ പ്രവൃത്തി ചെയ്യാന്‍ തീരുമാനിക്കുന്ന അവസ്ഥയാണ്. ഇനിയും ഒരു പ്രവൃത്തി യിലെ നന്മ അല്ലെങ്കില്‍ മൂല്യം എന്നു പറയുന്നത് പലതായിരിക്കും; ചിലപ്പോള്‍ സത്യമാകാം; മറ്റു ചിലപ്പോള്‍ സ്വാതന്ത്ര്യമോ, ബഹുമാനമോ ആകാം. റിച്ചാര്‍ഡ് മകോര്‍മിക്കിന്‍റെ അഭിപ്രായത്തില്‍ ആനുപാതി കയുക്തി നാലുരീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കും (1) മാര്‍ഗ്ഗവും ലക്ഷ്യവും വിരുദ്ധമാകരുത്. (2) ലക്ഷ്യത്തിന് ആവശ്യമായ മാര്‍ഗ്ഗം മാത്രമേ ഉപയോഗിക്കാവൂ. (3) മാര്‍ഗ്ഗവും ലക്ഷ്യവും തമ്മില്‍ ആനു പാതിക ബന്ധം ഉണ്ടായിരിക്കണം. (4) മാര്‍ഗ്ഗം ലക്ഷ്യത്തിന് എതിരാകരുത്.
ലക്ഷ്യാധിഷ്ഠിതരീതിപോലെ ആനുപാതികരീതിയും കത്തോ ലിക്കാസഭ അംഗീകരിക്കുന്നില്ല (VS 79). കത്തോലിക്കാ ദൈവ ശാസ്ത്രത്തിന് എതിരായ രീതിയാണിത്. ജെര്‍മയിന്‍ ഗ്രിസെയ്സി ന്‍റെ അഭിപ്രായത്തില്‍ ആനുപാതികസിദ്ധാന്തം സ്വീകരിക്കുന്നവര്‍ തങ്ങളുടെ വൈകാരിക അവസ്ഥയും വ്യക്തിഗതതാത്പര്യവും അനുസരിച്ചാണ് തീരുമാനമെടുക്കുന്നത്. ധാര്‍മ്മിക പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്കുവാന്‍ ആനുപാതികരീതിക്ക് സാധിക്കുന്നില്ല.
വ്യക്തിഗതധാര്‍മ്മികത (Personalistic Ethics): വ്യക്തിഗത ധാര്‍മ്മികത പല തരത്തിലുണ്ട്. ഇവിടെ ധാര്‍മ്മിക തീരുമാന ങ്ങളുടെ കേന്ദ്രം വ്യക്തിയാണ്. ലുവയ്ന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനായ ലൂയിസ് ജാന്‍സന്‍സ് അവതരിപ്പിച്ച ലുവയ്ന്‍ വ്യക്തിഗത ധാര്‍മ്മിക രീതിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. മതപരവും മതേതരവുമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടെ പ്രവൃത്തികള്‍ വിലയിരുത്തപ്പെടുന്നത്.
ലൂയി ജാന്‍സന്‍സിന്‍റെ അഭിപ്രായത്തില്‍ വ്യക്തിഗത ധാര്‍മ്മി കത ഉത്തരവാദിത്വപൂര്‍ണ്ണമായ രീതിയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ "സഭ ആധുനികയുഗത്തില്" (GS 51) എന്ന പ്രമാണരേഖയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹം ഈ രീതി രൂപീകരിച്ചത്. കൗണ്‍സില്‍ പറയുന്നു: "സാന്മാര്‍ഗ്ഗിക സ്വഭാവം നിശ്ചയിക്കേണ്ടത് വെറും നിഷ്കളങ്കമായ ഉദ്ദേശ്യ ശുദ്ധിയെയോ പ്രേരണയുടെ വിലയിരുത്തലിനെയോ മാത്രം ആശ്രയിച്ചല്ല. പ്രത്യുത വ്യക്തിയുടെയും അവന്‍റെ പ്രവൃത്തികളുടെ യും സ്വഭാവത്തില്‍ അടിയുറച്ച വസ്തുനിഷ്ഠമായ മാനദണ്ഡ ങ്ങള്‍ക്ക് അനുസൃതമായിട്ടാണ്." അതിനാല്‍ മനുഷ്യപ്രവൃത്തികളെ വിലയിരുത്തേണ്ടത് അവനെ സമഗ്രമായും പൂര്‍ണ്ണമായും മനസിലാക്കിക്കൊണ്ടായിരിക്കണമെന്ന് ജാന്‍സസ് വാദിക്കുന്നു. അദ്ദേഹം പറയുന്നു: (1) മനുഷ്യന്‍ വസ്തുവല്ല, വ്യക്തിയാണ്. (2) ശരീരത്തോടുകൂടിയ വ്യക്തിയാണ് (3) ശരീരം ഭൗതികമായ തിനാല്‍ നമ്മുടെ സത്ത (യലശിഴ) ഈ ലോകത്തിലാണ് (4) മനുഷ്യന്‍ മറ്റുള്ളവരുമായി ബന്ധപ്പെട്ടിരിക്കുന്നു (5) മനുഷ്യന്‍ സമൂഹജീവി യാണ്. സമൂഹം അവന് വ്യക്തമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്കുന്നുണ്ട്. (6) മനുഷ്യമനസ്സ് ദൈവത്തിലേക്ക് തുറന്നിരിക്കണം. ഈ തുറവ് മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സ്വാധീനി ക്കുന്നു (7) ഓരോ മനുഷ്യനും അവന്‍റേതായ ചരിത്രം ഉണ്ട്. (8) എല്ലാ മനുഷ്യരും തുല്യരാണ്. അതോടൊപ്പം എല്ലാവര്‍ക്കും അവരവരുടേതായ അനന്യത ഉണ്ട്. മേല്‍പറഞ്ഞ ഘടകങ്ങളുടെ വെളിച്ചത്തിലാണ് മനുഷ്യനെ പൂര്‍ണ്ണമായും സമഗ്രമായും മനസ്സി ലാക്കാന്‍ കഴിയുന്നത്.
വ്യക്തിഗത ധാര്‍മ്മികരീതിയില്‍, ആനുപാതിക രീതിയാണ് ധാര്‍മ്മിക തീരുമാനമെടുക്കാന്‍ ഉപയോഗിക്കുന്നത്. ലൂയിസ് ജാന്‍സന്‍സ്, റിച്ചാര്‍ഡ് മകോര്‍മിക്, ബ്രൂണോ ഷുള്ളര്‍, ചാള്‍സ് കറന്‍ എന്നിവരുടെ അഭിപ്രായത്തില്‍ വ്യക്തിയെ പൂര്‍ണ്ണമായും സമഗ്രമായും മനസ്സിലാക്കുമ്പോള്‍ അവന്‍ ചെയ്യുന്ന പ്രവൃത്തി കളൊന്നും തെറ്റെന്ന് പറയുവാന്‍ കഴിയുകയില്ല. വ്യക്തിഗത ധാര്‍മ്മിക രീതിയില്‍ ചില ധാര്‍മ്മിക പ്രവൃത്തികള്‍ പ്രാഗ്ധാര്‍മ്മിക തിന്മകളും (Pre moral evil) മറ്റു ചിലവ പ്രാഗ്ധാര്‍മ്മിക നന്മകളും (Pre moral good) ആണ്. ഇവരുടെ അഭിപ്രായത്തില്‍ വ്യക്തിയെ പൂര്‍ണ്ണമായും മനസ്സിലാ ക്കാതെ പ്രവൃത്തികള്‍ അതില്‍ തന്നെ തെറ്റെന്ന് (intrisically evil act) പറയുവാന്‍ കഴിയില്ല. കത്തോലിക്കാസഭ ഈ വാദത്തെ ശക്തമായി എതിര്‍ക്കുന്നു. "സത്യത്തിന്‍റെ പ്രഭ"യില്‍ ഇങ്ങനെ പറയുന്നു: ചില പ്രവൃത്തികള്‍, പ്രവര്‍ത്തിക്കുന്നവന്‍റെ ഉദ്ദേശ്യങ്ങളെയും സാഹചര്യ ങ്ങളെയും വിലയിരുത്താതെ തന്നെ, അതില്‍ തന്നെ തിന്മയാണ് (intrinsecemalum). കൊലപാതകം, വംശനശീകരണം, ഗര്‍ഭഛിദ്രം, കാരുണ്യവധം, മനസ്സറിഞ്ഞുള്ള ആത്മഹത്യ എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.
മതേതര ധാര്‍മ്മിക രീതിയില്‍ വരുന്ന മറ്റുചില സിദ്ധാന്തങ്ങളെ ക്കുറിച്ചാണ് തുടര്‍ന്ന് ചുരുക്കമായി പ്രതിപാദിക്കുന്നത്.
ആരോഗ്യരംഗത്തെ ധാര്‍മ്മിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാശ്ചാത്യലോകത്ത് നിലനില്‍ക്കുന്ന ഒരു രീതിയാണ് പ്രിന്‍സിപ്പി ലിസം. അമേരിക്കയിലെ റ്റോം ബക്കാം, ജെയിംസ് ചിള്‍ഡ്രസ് എന്നീ രണ്ടു തത്ത്വശാസ്ത്രജ്ഞരാണ് ഈ രീതിക്ക് രൂപം നല്‍കിയത്. കര്‍ത്തവ്യ നിര്‍വ്വഹണരീതിയും പ്രയോജനരീതിയും കൂട്ടിച്ചേര്‍ ത്താണ് ഇതിലെ നാലു തത്ത്വങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക, ഹാനികരമായത് ചെയ്യാതിരിക്കുക, നന്മ ചെയ്യുക, നീതി കൊടുക്കുക എന്നിവയാണ് ആ തത്ത്വങ്ങള്‍. ഇവയെ പ്രായോഗിക ധാര്‍മ്മിക നിയമങ്ങള്‍ എന്നും വിളിക്കാറുണ്ട്. രണ്ടു വ്യത്യസ്ത തത്ത്വശാസ്ത്ര രീതികള്‍ കൂട്ടിച്ചേര്‍ത്ത് രൂപപ്പെടുത്തിയിരിക്കുന്നതിനാല്‍ വ്യക്തതയില്ലാ യ്മയും പരസ്പരവിരുദ്ധമായ തത്ത്വങ്ങളും ഇതില്‍ കാണാന്‍ കഴിയും. അമേരിക്കയിലെ മിക്ക ആശുപത്രികളും ഈ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രിന്‍സിപ്പിലിസത്തിനെതിരായി കെ.ഡി.ക്ലോസര്‍, ബി.ജര്‍ട്ട് എന്നിവര്‍ രൂപപ്പെടുത്തിയ രീതിയാണിത്. നിയമങ്ങളും ആദര്‍ശങ്ങളും മനുഷ്യന്‍റെ സ്വഭാവത്തില്‍നിന്നു രൂപപ്പെടുത്തണ മെന്നും, ധാര്‍മ്മികത യുക്തിപരവും നിഷ്പക്ഷവും പൊതുവ്യവ സ്ഥകള്‍ അനുസരിച്ചു ള്ളതും ആയിരിക്കണമെന്നും അവര്‍ വാദിക്കുന്നു. ഇത് പ്രകൃതിനിയമ ത്തോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയാണ്.
ഇത് പൊതുധാര്‍മ്മികതയുമായി ഒന്നിച്ചു പോകുന്ന രീതിയാണ്. ഈ തത്ത്വമനുസരിച്ച് മനുഷ്യന്‍റെ സ്വഭാവത്തില്‍ തന്നെ ധാര്‍മ്മിക നിയമങ്ങള്‍ അടങ്ങിയിരിക്കുന്നു. മനുഷ്യന് സത്താപരമായും അറിവുപരമായും തന്‍റെ പ്രവൃത്തികള്‍ ശരിയോ തെറ്റോ എന്ന് വിലയിരുത്തുവാന്‍ സാധിക്കും. സ്റ്റോയിക് തത്ത്വശാസ്ത്രജ്ഞരും ഈ ആശയം അവതരിപ്പിച്ചവരാണ് (B.C.5). സ്വഭാവത്തിനനുസരിച്ച് ജീവിക്കാന്‍ അവര്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു. പ്രകൃതി തന്നെ ധാര്‍മ്മിക വ്യവസ്ഥിതിയെക്കുറിച്ചും മനുഷ്യന്‍റെ സ്വഭാവത്തെ ക്കുറിച്ചും പഠിപ്പിക്കുന്നുണ്ടെന്നാണ് അവരുടെ പക്ഷം. പ്രകൃതി നിയമം പ്രായോഗി കമായ തീരുമാനമെടുക്കാന്‍ മനുഷ്യനെ സഹായിക്കുന്നു എന്ന് തോമസ് അക്വീനാസ് പറയുന്നു. വസ്തുനിഷ്ഠമായ പൊതുധാര്‍മ്മിക തത്ത്വങ്ങളെ അവതരിപ്പി ക്കുന്ന പ്രകൃതിനിയമരീതി എല്ലാ മതങ്ങള്‍ക്കും, വിശ്വാസമില്ലാ ത്തവര്‍ക്കുപോലും സ്വീകാര്യമാണ്. ചുരുക്കത്തില്‍ പ്രായോഗിക യുക്തിയും മനുഷ്യസ്വഭാവത്തില്‍ അധിഷ്ഠിതമായ ധാര്‍മ്മികത യുമാണ് പ്രകൃതിനിയമത്തിലെ പ്രധാന ഘടകങ്ങള്‍.
അമേരിക്കയിലെ സന്മാര്‍ഗ്ഗ തത്ത്വശാസ്ത്രജ്ഞനായ Trisram Engelhardt ആണ് ആരോഗ്യരംഗത്ത് ഈ രീതി കൊണ്ടുവരുന്നത്. ഇവിടെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് അല്ലെങ്കില്‍ തീരുമാനത്തിനാണ് പ്രാധാന്യം; വ്യക്തിയെ ഒരിക്കലും മാര്‍ഗ്ഗമായി ഉപയോഗിച്ചു കൂടാ.
ഇവിടെ മൂല്യങ്ങളും പുണ്യങ്ങളുമാണ് ധാര്‍മ്മിക പ്രവൃത്തിക ളുടെ അടിസ്ഥാനം - നന്മയിലധിഷ്ഠിതമായി ഓരോ സാഹചര്യ ത്തിലും പ്രവര്‍ത്തിക്കുവാന്‍ ഈ രീതി വ്യക്തിയെ പ്രേരിപ്പിക്കുന്നു. പ്രധാനമായും അഞ്ചുകാര്യങ്ങളാണ് ഇവിടെ പരിഗണനാ വിഷയമാകു ന്നത്: (1) ഒരു വ്യക്തി ഒരു സാഹചര്യത്തില്‍ സദ്ഗുണത്തിനനുസൃതമായി പ്രവര്‍ത്തിക്കുമ്പോഴാണ് അത് നല്ല പ്രവൃത്തിയാകുന്നത് (2) നന്മയെപ്പോഴും ശരിയായ തീരുമാനത്തെ ക്കാളും മുന്‍പിലായി രിക്കും (3) പുണ്യങ്ങള്‍ പല നന്മകളും സ്വീകരിക്കുന്നു (4) പുണ്യങ്ങള്‍ വസ്തുനിഷ്ഠമായും നന്മയാണ് (5) ശരിയായ പ്രവൃത്തിയില്‍ ഏറ്റവും കൂടുതല്‍ നന്മ ഉണ്ടായിരി ക്കണമെന്നില്ല.
സദ്ഗുണ ധാര്‍മ്മികരീതി മാതൃകാപരമായ രീതിയാണ്. കാരണം സമൂഹം എപ്പോഴും ആഗ്രഹിക്കുന്നത് മനുഷ്യന്‍ പുണ്യത്തിനും മൂല്യങ്ങള്‍ക്കും അനുസരിച്ച് തീരുമാനമെടുക്കണമെന്നാണ്. എന്നാല്‍ എല്ലാവരും പുണ്യത്തിനനുസരിച്ച് തീരുമാനമെടുക്കു ന്നില്ല, സ്വന്തം സ്വഭാവത്തിനനുസരിച്ചാണ് തീരുമാനമെടുക്കുന്നത് എന്ന വസ്തുത വലിയ പോരായ്മയായി നിലകൊള്ളുന്നു. ഇത് സമൂഹജീവിതം ബുദ്ധിമുട്ടാക്കുകയും ചെയ്യും.
കഴിഞ്ഞകാല സംഭവങ്ങളുടെ കൃത്യമായ വിവരണം ധാര്‍മ്മിക തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുമെന്ന് ഈ രീതി ഉറപ്പുതരുന്നു. കഥ, കവിത, നാടകം, നോവല്‍ എന്നിവയിലൂടെ കഴിഞ്ഞകാലം പുനരവതരിപ്പിക്കുവാന്‍ കഴിയും. ഓരോ കഥയ്ക്കും ചരിത്രവും സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ട്. പഴയകാലഘട്ടവും, അന്നത്തെ മനുഷ്യന്‍റെ ജീവിതവും കഥയിലൂടെയും മറ്റും ആഖ്യാനം ചെയ്യപ്പെടുമ്പോള്‍, അവ വായിക്കുന്ന നാമും അതിലെ കഥാപാത്രങ്ങ ളാകുന്നു. നമ്മുടെ തന്നെ ചരിത്രത്തിലേക്കും നാം കടന്നുപോകുന്നു. ഇത് നമ്മുടെ ധാര്‍മ്മിക സ്വഭാവരൂപീകരണത്തിന് സഹായകമാവു കയും അതുവഴി നല്ല തീരുമാനങ്ങളെടുക്കാന്‍ നമുക്ക് സാധിക്കുകയും ചെയ്യും. എന്നാല്‍ വ്യക്തി എത്രമാത്രം ധാര്‍മ്മിക മൂല്യങ്ങളെ സ്വാംശീ കരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നത്. ഇത് സദ്ഗുണ ധാര്‍മ്മികരീതിയുമായി ചേര്‍ന്നു പോകുന്നതാണ്.
ഇവിടെ ധാര്‍മ്മിക തീരുമാനങ്ങളുടെ പ്രധാന തത്ത്വം പരിഗണനയാണ്. പാലിക്കുക, സംരക്ഷിക്കുക, നന്നായി സൂക്ഷി ക്കുക എന്നതാണ് പരിഗണനയുടെ പൊതുസ്വഭാവം. സ്നേഹം, വിശ്വസ്തത, സൗഹൃദം എന്നിവയ്ക്കാണ് ഇവിടെ പ്രാധാന്യം.
തത്ത്വശാസ്ത്രസിദ്ധാന്തങ്ങള്‍ എപ്പോഴും നീതിയില്‍ അധിഷ്ഠിതമാണ്. നിയമങ്ങള്‍ സാഹചര്യങ്ങള്‍ക്ക് അതീതമായി നീതിയുക്തമായി തീരുമാനമെടുക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ അമേരിക്കയില്‍ ജീവിച്ചിരുന്ന മനഃശാസ്ത്രജ്ഞയായ Carol Gilligan തന്‍റെ "In a Different Voice" എന്ന ഗ്രന്ഥത്തില്‍ പരിഗണനയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു ധര്‍മ്മരീതി ആരംഭിക്കുകയു ണ്ടായി. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണ മെന്നാണ് ഈ രീതി ആവശ്യപ്പെടുന്നത്. മറ്റുള്ളവര്‍ക്ക് പരിഗണന കൊടുക്കുവാനുള്ള നമ്മുടെ സ്വാഭാവിക കഴിവ് നാം വളര്‍ത്തിയെടു ക്കണം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് പരിഗണന നല്കാനുള്ള കഴിവ് കൂടുതല്‍. പുരുഷന്മാരുടെ തീരുമാനങ്ങള്‍ യുക്തി യില്‍ നിന്നുവരുമ്പോള്‍ സ്ത്രീകളുടെ തീരുമാനങ്ങള്‍ വൈകാരിക മാണ്. ഈ രീതി പ്രചരിപ്പിച്ച മറ്റു വ്യക്തികളാണ് Nel Noddings,Sandra Bakty,rita Manning,Grace Clement,Eva Feder Kittay, Virginia Heid എന്നിവര്‍.
പരിഗണന ധര്‍മ്മരീതി അഞ്ച് ഘടകങ്ങളില്‍ അടിസ്ഥാനപ്പെട്ടി രിക്കുന്നു. (1) ധാര്‍മ്മിക ശ്രദ്ധ (Moral Attention) : ഒരു വ്യക്തിയുടെ സാഹചര്യം ശ്രദ്ധിക്കുന്നു (2) സഹതാപം (Sympathetic Under standing) : അന്യരുടെ വികാരങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നു (3) വ്യക്തിബന്ധം (Relationship Awareness): മറ്റുള്ളവരുമായി നല്ല സൗഹൃദം സ്ഥാപിക്കുന്നു. (4) ഉള്‍ക്കൊള്ളല്‍ (Accomodation) : മറ്റുള്ളവരുടെയും എന്‍റെയും ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. (5) പ്രതി കരണം (Response) : പരിഗണനയുടെ ധാര്‍മ്മികത നമ്മില്‍ എപ്പോഴും പ്രതികരണം ഉളവാക്കുന്നു.
ഇതൊരു നല്ല രീതിയാണ്. എന്നാല്‍ മൂല്യങ്ങള്‍ക്കും തത്ത്വങ്ങ ള്‍ക്കും അതീതമായി പരിഗണനയ്ക്ക് പ്രാധാന്യം നല്കുമ്പോള്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കാനും തീരുമാനങ്ങളെടുക്കാനും അവസരമുണ്ടാകുന്നു.
ഇത് പരിഗണനാ ധര്‍മ്മരീതിയോട് ചേര്‍ന്നു പോകുന്ന രീതി യാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ താത്പര്യങ്ങള്‍ ക്കും അവകാശങ്ങള്‍ക്കും വളരെക്കുറച്ചു പ്രാധാന്യമേ പാശ്ചാത്യ ധര്‍മ്മ ശാസ്ത്രം നല്കിയിരുന്നുള്ളൂ. പാചകം, കുട്ടികളെയും വൃദ്ധരെയും രോഗികളെയും ശുശ്രൂഷിക്കല്‍, വീട് വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയ ജോലികള്‍മാത്രം സ്ത്രീകള്‍ക്കായി നല്കിയിരുന്നു. കൂടാതെ ധാര്‍മ്മികമായും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് കീഴിലാണ് എന്ന ചിന്തയും വളര്‍ന്നുവന്നിരുന്നു. പുരുഷന്മാര്‍ക്കുള്ള തൊഴില്‍, സ്ത്രീകള്‍ക്കുള്ള തൊഴില്‍ എന്ന വേര്‍തിരിവും ഉണ്ടായി. പുരുഷ ചിന്തയ്ക്ക് അനുസൃതമായി നിയമങ്ങള്‍, പൊതുധാര്‍മ്മികത, നിഷ്പക്ഷത എന്നിവയ്ക്ക് ഏറെ പ്രാധാന്യം നല്കപ്പെട്ടു; സ്നേഹം, പരിഗണന മുതലായവ അവഗണിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്ത്രീത്വത്തിന് പ്രാധാന്യം നല്കിക്കൊണ്ടുള്ള വിവിധ ധര്‍മ്മരീതികള്‍ ഉത്ഭവിച്ചത്.
ഇന്ന് വിവിധ തരത്തിലുള്ള സ്ത്രീത്വ ധര്‍മ്മ രീതികള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് ഫെമിനിന്‍ (Feminine) മെറ്റേണല്‍ (Maternal), ലെസ്ബിയന്‍ (Lesbian) രീതികള്‍. ഇവയിലെല്ലാം സ്ത്രീകള്‍ക്കാണ് കേന്ദ്രസ്ഥാനം. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ബൗദ്ധിക, സാമൂഹിക, ധാര്‍മ്മിക വ്യത്യാസങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. വര്‍ഗ്ഗ തുല്യതയ്ക്കും, പരിഗണനയ്ക്കും ഇവ പ്രാധാന്യം നല്കുകയും ചെയ്യുന്നു.
സ്ത്രീത്വത്തെ ബഹുമാനിക്കുകയും, അവരുടെ അവകാശങ്ങളെ അംഗീകരിക്കുകയും, അനീതിപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യണമെന്ന് കത്തോലിക്കാസഭ വാദി ക്കുന്നു. എന്നാല്‍ വനിതാ പൗരോഹിത്യം, ഗര്‍ഭഛിദ്രം, ലെസ്ബിയ നിസം തുടങ്ങിയവയെ പ്രോല്‍സാഹിപ്പിക്കുന്ന സ്ത്രീത്വധര്‍മ്മ രീതികള്‍ക്ക് സഭ എതിരാണ്.
പൊതുധാര്‍മ്മിക തത്ത്വങ്ങളുടെ വെളിച്ചത്തില്‍ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന രീതിയാണിത്. ഇവിടെ പുതിയ പ്രശ്നങ്ങള്‍ കഴിഞ്ഞകാല പ്രശ്നങ്ങളുമായി താരതമ്യപ്പെടുത്തുകയും വ്യത്യാസ ങ്ങളും സമാനതകളും മനസിലാക്കി ധാര്‍മ്മിക തത്ത്വങ്ങള്‍ക്ക നുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞകാല പ്രശ്നങ്ങളും അവയുടെ ഉത്തരങ്ങളും പുതിയ പ്രശ്നത്തില്‍ മാതൃകയായിത്തീരുന്നു. ആരോഗ്യരംഗത്ത് തിരക്കുള്ള ഡോക്ടര്‍ മാര്‍ക്ക് പുതിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ എളുപ്പത്തില്‍ തീരുമാന മെടുക്കാന്‍ ഈ രീതി സഹായിക്കുന്നു. എന്നാല്‍ വ്യക്തിക്കും അവന്‍റെ പ്രശ്നത്തിനും അര്‍ഹമായ പരിഗണന ഈ രീതിയില്‍ ലഭിക്കുന്നില്ല. കഴിഞ്ഞകാല പ്രശ്നങ്ങളുടെ വെളിച്ചത്തിലുള്ള തീരുമാനമായതുകൊണ്ട് പുരോഗതിയോ വ്യത്യസ്ത തീരുമാന ങ്ങളോ ഉണ്ടാകുവാനും വഴിയില്ല.
മേല്‍പ്പറഞ്ഞ മതേതര ധര്‍മ്മരീതികള്‍ കൂടാതെ മതപരമായ ധര്‍മ്മരീതിയില്‍ മാറ്റം വരുത്തണമെന്ന് വാദിക്കുന്നവരെയും കാണാന്‍ കഴിയും. മതത്തിന്‍റെ ഉള്ളില്‍ നിന്നുകൊണ്ടുതന്നെ ധര്‍മ്മരീതിയില്‍ മാറ്റം വരുത്തണമെന്ന് പറയുന്ന ചില പുതിയ രീതികളാണ് താഴെ പറയുന്നത്.
സാന്ദര്‍ഭിക ധര്‍മ്മരീതി (Situation Ethics): വ്യക്തിപരമായ ഇഷ്ടമനുസരിച്ച് തീരുമാനമെടുക്കണമെന്നാണ് ഇവിടെ പറയുന്നത്. സ്നേഹമാണിവിടെ ധാര്‍മ്മികതയുടെ അടിസ്ഥാനം. ജോസഫ് ഫ്ളച്ചറാണ് ഈ രീതിയുടെ ഉപജ്ഞാതാവ്. പ്രത്യേക സഹാചര്യ ത്തിലും സമയത്തും എടുത്ത തീരുമാനം മുന്‍കൂട്ടി എടുക്കുന്ന തീരുമാനത്തെക്കാള്‍ ഉത്തമമാണെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. സ്നേഹം സന്ദര്‍ഭങ്ങളില്‍ നിന്നുമുണ്ടാകുന്നുവെന്നും അതനുസരിച്ച് നാം തീരുമാനമെടുക്കണമെന്നും അവര്‍ പഠിപ്പിച്ചു. എന്നാല്‍ സനാതന ധാര്‍മ്മിക നിയമങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്തതു കൊണ്ട് കത്തോലിക്കാസഭ ഈ രീതി അംഗീകരിക്കുന്നില്ല.
പശ്ചാത്തലാധിഷ്ഠിത രീതി (Contextual Method): പശ്ചാത്തലത്തിനാണ് ധാര്‍മ്മിക തീരുമാനങ്ങളില്‍ പ്രാധാന്യ മെന്നും അനുഭവങ്ങളാണ് ധാര്‍മ്മിക ചിന്തയെ സ്വാധീനിക്കുന്ന തെന്നും ഈ രീതി ഉറപ്പിച്ചു പറുയന്നു. നിയമങ്ങള്‍ക്ക് അതീതമായി പശ്ചാത്തലം മനസിലാക്കിവേണം ദൈവസ്നേഹം എങ്ങനെയാവ ണമെന്നു നിശ്ചയിക്കാനെന്ന് ഇക്കൂട്ടര്‍ കരുതുന്നു. പോള്‍ ലേമാന്‍റെ ഗ്രന്ഥങ്ങളില്‍ ഈ രീതിയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
ഉത്തരവാദിത്വപരമായ രീതി (Responsibility Ethics): ധാര്‍മ്മിക തീരുമാനങ്ങള്‍ ഉത്തരവാദിത്വപരമായിരിക്കണമെന്നും അതാണ് ശരിയെന്നും ഈ രീതി പറയുന്നു. ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതുവഴി നാം ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളോട് അനുരൂപപ്പെടുന്നു. നിരുത്തരവാദപരമായ പ്രവൃത്തികള്‍ തിന്മയി ലേക്ക് നയിക്കുന്നു. Richard Niebuhr തന്‍റെ "Responsible Self" എന്ന പുസ്തകത്തില്‍ വ്യക്തിയുടെ ഉത്തരവാദിത്വത്തെക്കുറിച്ച് പറയുന്നുണ്ട്.
വിമോചനരീതി (Liberation Ethics): മനുഷ്യന്‍റെ വിമോചനമാണ് ഇവിടുത്തെ പ്രധാന ആശയം. അനീതി, അസമത്വം എന്നിവ സമൂഹത്തില്‍ നിന്ന് നിര്‍മ്മാര്‍ജനം ചെയ്ത് നീതി സംസ്ഥാപിക്കണമെന്ന് ഈ രീതി ആവശ്യപ്പെടുന്നു. ദൈവം വിമോചകനാകയാല്‍ സ്ത്രീവിമോചനം, കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചനം, ദുഃഖിതരുടെ വിമോചനം തുടങ്ങിയവ അത്യന്താ പേക്ഷിതമായി ഇവര്‍ കാണുന്നു. ഗുസ്താവോ ഗുട്ടിയറസ്സാണ് വിമോചന ദൈവശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ്. ലാറ്റിനമേരിക്കയി ലെ കൊളോണിയല്‍ പശ്ചാത്തലത്തില്‍ നിന്നുമാണ് ഈ ദര്‍ശനം രൂപപ്പെട്ടത്. വിമോചനം എന്ന ലക്ഷ്യം സ്വന്തമാക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കുന്നതു കൊണ്ട് കത്തോലിക്കാസഭ ഈ രീതി അംഗീകരിക്കുന്നില്ല.
ആപേക്ഷികവാദം (Relativism): സനാതന മൂല്യങ്ങളെ നിരാകരിക്കുന്ന ഏതൊരു സിദ്ധാന്തത്തെയും ആപേക്ഷിക വാദമെന്ന് പറയുന്നു. അറിവ്, സത്യം, ധാര്‍മ്മികത എന്നിവ ആപേ ക്ഷികമായതിനാല്‍ ഒരു സമൂഹത്തിനും വസ്തുനിഷ്ഠമോ സാന്മാര്‍ഗ്ഗികമോ ആയ നിയമങ്ങളില്ലെന്ന് ഇവര്‍ വാദിക്കുന്നു. ധാര്‍മ്മികതയും ധാര്‍മ്മിക നിയമവും സാഹചര്യം, വ്യക്തികള്‍, ചുറ്റുപാടുകള്‍ എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടു കൊണ്ടിരി ക്കുന്നു.
വിശ്വാസം, വസ്തുനിഷ്ഠമായ ധാര്‍മ്മികത, സനാതന നിയമ ങ്ങള്‍ എന്നിവയ്ക്ക് എതിരായതിനാല്‍ കത്തോലിക്കാസഭ ഈ ധാര്‍മ്മിക രീതി അംഗീകരിക്കുന്നില്ല. ബെനഡിക്ട് പതിനാറാമന്‍ മാര്‍ പാപ്പാ ആപേക്ഷികവാദത്തിന്‍റെ പോരായ്മകളെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കുന്നുണ്ട് (ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ധാര്‍മ്മിക ദര്‍ശനം എന്ന ഭാഗം കാണുക).
മേല്‍പ്പറഞ്ഞ ധാര്‍മ്മിക രീതികള്‍ കൂടാതെ ഇന്ന് ധാര്‍മ്മിക ദൈവശാസ്ത്രജ്ഞര്‍ കൊണ്ടുവരുന്ന ഒരു രീതിയാണ് അനുകമ്പാര്‍ദ്ര ഉത്തരവാദിത്വ ധാര്‍മ്മികത. ഇതിനെക്കുറിച്ചാണ് അടുത്ത അദ്ധ്യായ ത്തില്‍ പ്രതിപാദിക്കുന്നത്.
ഉപസംഹാരം
സന്മാര്‍ഗ്ഗ ശാസ്ത്രത്തിലും ധാര്‍മ്മിക ദൈവശാസ്ത്രത്തിലും നിലനില്ക്കുന്ന ചില രീതികളാണ് ഇവിടെ പ്രതിപാദിച്ചത്. ഇവയില്‍ കര്‍ത്തവ്യധാര്‍മ്മികത, പൊതുധാര്‍മ്മികത, പ്രകൃതി നിയമം, സദ്ഗുണ ധാര്‍മ്മികത തുടങ്ങിയവ കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രത്തോട് ചേര്‍ന്നുപോകുന്നതാണ്. എന്നാല്‍ ഈ അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മറ്റുരീതികളൊന്നും സഭ ഇന്നുവരെ അംഗീകരി ച്ചിട്ടില്ല. ഇവ മനസ്സിലാക്കുന്നതുവഴി കത്തോലിക്കാസഭയുടെ ധാര്‍മ്മിക പ്രബോധനത്തിന്‍റെ സവിശേഷത നമുക്ക് തിരിച്ചറിയാന്‍ കഴിയും.
ഗ്രന്ഥസൂചി
ഡോ.സ്കറിയാ കന്യാകോണില്‍
Different moral perspectivesv catholic malayalam theology mananthavady diocese Dr. Scaria Kanyakonil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206