We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 25-May-2021
വിശുദ്ധ ബലിയർപ്പണത്തിൻറെ വ്യത്യസ്തരീതികൾ: Ad Orientem (കിഴക്കോട്ട് തിരിഞ്ഞ്)/ Versus Populum (ജനാഭിമുഖമായി)
സീറോ മലബാർ സഭയിലെ വ്യത്യസ്ത രീതികളിലുള്ള കുർബാനയർപ്പണത്തെക്കുറിച്ച് മനസ്സിലാക്കുമ്പോൾ ചരിത്രപരവും പ്രായോഗികവുമായ കാരണങ്ങൾ ഈ വിഷയത്തിൽ ഒരു പൊതുധാരണയിലേക്കെത്തുന്നതിന് തടസ്സമായി നിലനില്ക്കുന്നുവെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്മേൽ ലത്തീൻ മിഷനറിമാരുടെ സ്വാധീനങ്ങൾ പലവിധത്തിലുമുള്ള മാറ്റങ്ങളും സൃഷ്ടിച്ചു എന്നത് ശരിതന്നെയാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം ജനാഭിമുഖമായ ബലിയർപ്പണവും ചില രൂപതകളിൽ ആരംഭിച്ചു. എന്നാൽ, അൾത്താരാഭിമുഖവും ജനാഭിമുഖവും അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലികളിൽകർത്താവ് ഏതാണ് സ്വീകരിക്കുക, ഏതാണ് തിരസ്കരിക്കുക, ഏതാണ് വാസ്തവമായത്, ഏതാണ് അവാസ്തവം എന്നതൊക്കെ തികച്ചും ബാലിശവും ഇടുങ്ങിയതുമായ ചിന്തകളും അതിൻറെ ഫലമായുണ്ടാകുന്ന വാദഗതികളുമാണ്.
ഒരു സഭയെന്ന നിലയിൽ ആരാധനാക്രമത്തിൽ ഐകരൂപ്യം ഉണ്ടാകണമെന്നത് സത്യം തന്നെയാണ്. എന്നാൽ അത്തരമൊരു ഐക്യരൂപത്തിലേക്ക് എത്തിച്ചേരുന്നതിന് തടസ്സമായി വ്യത്യസ്തമായ കാരണങ്ങളും മറ്റും നിലനിൽക്കുമ്പോൾ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുകയും ഈ വിഷയത്തിൽ പഠനം നടത്തുകയും തീരുമാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വപ്പെട്ടവർക്ക് അതിൻറേതായ സമയം അനുവദിക്കുകയും ചെയ്യുക എന്നത് സാമാന്യനീതിയുടെയും മര്യാദയുടെ ഭാഗമാണ്.
ഏതെങ്കിലും ഒരു കുർബാനക്രമം മാത്രമാണ് ശരിയെന്നും അതുമാത്രമേ നിയമപരമായി അംഗീകരിക്കാനവൂ എന്നുമൊക്കെ വാദിക്കുന്നത് തികച്ചും തെറ്റിദ്ധാരണാജനകമാണ്. ലോകമാകമാനം വ്യാപിച്ചുകിടക്കുന്ന ലത്തീൻ സഭയിലും ഈ രണ്ടു രീതിയിലും ബലിയർപ്പണം നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളും അപ്രകാരം ബലിയർപ്പിക്കപ്പെടുന്ന ദേവാലയങ്ങളുമുണ്ട്. പൗരസ്ത്യസഭകളുടെ ബലിയർപ്പണത്തെക്കുറിച്ച് പറയുമ്പോൾപോലും നസ്രാണികത്തോലിക്കരുടെ പാരമ്പര്യം ചേർന്നുപോകുന്ന കൽദായ കത്തോലിക്കാസഭയിലും ഇന്ന് ജനാഭിമുഖ കുർബാനയാണ് ഉള്ളത്. അതിനാൽത്തന്നെ ജനാഭിമുഖ കുർബാന നിയമവിരുദ്ധമാണെന്നും അവാസ്തവമാണെന്നും സ്ഥാപിക്കാനുള്ള ത്വര വെറുതെ ശക്തിപ്രകടനമായി അവശേഷിക്കുക മാത്രമേ ചെയ്യൂ. സാധാരണ ജനത്തിൻറെ വിശ്വാസത്തെ കൂടുതൽ അസ്വസ്ഥമാക്കാം എന്നതിൽക്കവിഞ്ഞ് ഇപ്പോൾസാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന പേക്കൂത്തുകൾ യാതൊന്നിനും വഴിവെക്കുകയില്ല.
അൾത്താരാഭിമുഖം എന്നാൽ ദൈവാഭിമുഖമോ?
Ad Orientem (കിഴക്കോട്ട് തിരിഞ്ഞ്/അൾത്താരാഭിമുഖം) എന്നാൽ Ad Deum (ദൈവാഭിമുഖം) എന്നാണെന്ന ഒരു ധാരണ പൊതുവായി നിലനിൽക്കുന്നുണ്ട്. ക്രൈസ്തവ ആരാധനയുടെ ആരംഭത്തിൽ കിഴക്കു നിന്ന് ഉദിച്ചുയരുന്ന സൂര്യനെ മിശിഹായായി കണ്ട് ദൈവജനം (കാർമ്മികനടക്കം) കിഴക്കോട്ട് തിരിഞ്ഞു നിന്നാണ് പ്രാർത്ഥിക്കുകയും ബലിയർപ്പിക്കുകയും ചെയ്തിരുന്നത്. ഇത് ഒരു ദൈവശാസ്ത്രചിന്തയാണ്, പുരാതനമാണ്. എന്നാൽ, ഒരു ദൈവശാസ്ത്രചിന്തയും അത് തുടങ്ങിയതുപോലെ തന്നെ ഒരുകാലത്തും നിലനിന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ആരാധനാക്രമം പോലും നൂറ്റാണ്ടുകളിലൂടെ പരിണമിച്ചുവന്നതാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പ്രാദേശികമായ വിജാതീയരീതികളെപ്പോലും ഉൾച്ചേർത്തുകൊണ്ടാണ് ക്രൈസ്തവ ആരാധനാശൈലികൾ വികസിച്ചത് എന്നത് ചരിത്രസത്യമാണ്.
ആയതിനാൽത്തന്നെ, കിഴക്കോട്ട് തിരിഞ്ഞുനിന്നു പ്രാർത്ഥിക്കുന്നത് ദൈവാഭിമുഖമുള്ള പ്രാർത്ഥനയാണ് എന്ന വാദം പിന്നീട് കിഴക്ക് മാത്രമേ ദൈവമുള്ളോ എന്ന ചോദ്യത്തെ അഭിമുഖീകരിച്ചു. അൾത്താരാഭിമുഖം നിൽക്കുമ്പോൾ മാത്രമാണ് ദൈവത്തെ അഭിമുഖീകരിക്കുന്നത് എന്ന് വാദിച്ചാൽജനത്തെ അഭിമുഖീകരിക്കുമ്പോൾ അവിടെ ദൈവമില്ലേ എന്ന ഗൗരവതരമായ മറുചോദ്യം തീർച്ചയായും ഉയരും. മിശിഹാക്കാലം 1330-ൽ ബോണിഫസ് 8-ാമൻമാർപാപ്പ ജനാഭിമുഖം കുർബാനയർപ്പിച്ചപ്പോൾ പ്രഖ്യാപിച്ചത് താൻ ദൈവാഭിമുഖം കുർബാനയർപ്പിക്കുന്നുവെന്നായിരുന്നു. അതിനാൽ ജനാഭിമുഖം അർപ്പിക്കപ്പെടുന്ന ബലി നിയമവിരുദ്ധമാണെന്ന് വാദിക്കുന്നത് ദൈവദൂഷണപരമാണ്.
അൾത്താരാഭിമുഖബലിയുടെ ദൈവശാസ്ത്രം
കിഴക്കോട്ട് തിരിഞ്ഞുനിന്നുള്ള (അൾത്താരാഭിമുഖമായുള്ള) കുർബാനയർപ്പണത്തിൽ വിശുദ്ധ കുർബാനയെ പ്രാഥമികമായി ഒരു ബലിയായിട്ടാണ് മനസ്സിലാക്കുന്നത്. ദൈവശാസ്ത്രപരമായ ഒരു കാഴ്ചപ്പാടാണ് അത്. സർവ്വാതിശായിയായ (Transcendent) ദൈവമാണ് ഇവിടെ ശ്രദ്ധാകേന്ദ്രം. ബലി ദൈവത്തിന് അർപ്പിക്കപ്പെടുന്നു. നല്ല ഇടയനായ മിശിഹാ തൻറെ ജനത്തെ നയിച്ചതുപോലെ ഇവിടെ കാർമ്മികൻ സമൂഹത്തെ പ്രാർത്ഥനയിൽ നയിക്കുന്നു.
ജനാഭിമുഖബലിയുടെ ദൈവശാസ്ത്രം
എന്നാൽ, ജനാഭിമുഖകുർബാനയുടെ ദൈവശാസ്ത്രചിന്ത മറ്റൊന്നാണ്. ജനാഭിമുഖകുർബാനയുടെ ദൈവശാസ്ത്രമനുസരിച്ച് കുർബാന പ്രാഥമികമായി ഒരു വിരുന്നാണ്. ഈ വിരുന്നിൽ പ്രഥമവും പ്രധാനവുമായ പരിഗണന വിരുന്നിന് ക്ഷണിക്കപ്പെട്ടിരിക്കുന്ന ജനമാണ്. ഈ ജനത്തിൽ ദൈവം അന്തർലീനമാണ് (Immanent). പുരോഹിതൻ ഇവിടെ ശിഷ്യർക്ക് ആതിഥ്യമരുളുന്ന ഗുരുവിൻറെ പകരക്കാരനാണ്.
ജനാഭിമുഖബലി അവാസ്തവമല്ല
വിശുദ്ധ കുർബാന ഒരേസമയം ബലിയും വിരുന്നുമാണ്. കുർബാന വിരുന്നാണെന്ന് നാം മറന്നാൽ ഈ ബലിയുടെ സ്വഭാവത്തെ നാം തെറ്റിദ്ധരിച്ചേക്കാം. ഇതൊരു ബലിയാണെന്ന വസ്തുത മറന്നാൽ വിശുദ്ധകുർബാന യാഗാർപ്പണമാകുന്ന ഒരു വിരുന്നാണെന്ന് നാം മനസ്സിലാക്കാതെ പോകും. മനുഷ്യനിൽ അന്തർലീനമായിരിക്കുകയും അതേസമയം സർവ്വാതിശായിയായിരിക്കുകയും ചെയ്യുന്ന ദൈവമാണ് ബൈബിളിലുള്ളത്. അവിടുത്തെ പരിമിതപ്പെടുത്തി മനസ്സിലാക്കിയാൽ നാം നമ്മെത്തന്നെ വിലകുറച്ചു കാണുകയായിരിക്കും ചെയ്യുക. നമ്മെ രക്ഷിക്കാൻഅവിടുന്ന് ഉന്നതങ്ങളെ ഉപേക്ഷിച്ചു താഴേക്കിറങ്ങി നമ്മോടൊത്തു വസിച്ചു എന്ന സത്യം വിസ്മരിച്ചാൽ മനുഷ്യാവതാരത്തെയാണ് നാം അപ്രസക്തമാക്കിത്തീർക്കുന്നത്.
അൾത്താരാഭിമുഖവും ജനാഭിമുഖവുമായ കുർബാനയർപ്പണം പരസ്പരപൂരകങ്ങളായ രണ്ട് ദൈവശാസ്ത്ര ചിന്താധാരകളുടെ ബാഹ്യപ്രകാശനങ്ങളാണ്. ഒന്ന് മറ്റൊന്നിനെ തള്ളിക്കളയുകയല്ല, പൂർണ്ണമാക്കുകയാണ് ചെയ്യുന്നത്. വളരുകയും വികസിക്കുകയും ആത്മീയാനുഭവത്തിലൂടെ ദൃഡപ്പെടുകയും ചെയ്യേണ്ട ബലിയർപ്പണത്തിൻറെ ദൈവശാസ്ത്രത്തെ ദൈവദൂഷണത്തിൻറെ ഉപാധിയാക്കുന്നവർക്ക് ഹാ കഷ്ടം, എന്നല്ലാതെന്തു പറയാൻ.
ജനാഭിമുഖം ബലിയർപ്പിക്കുന്ന സീറോ മലബാർ രൂപതകൾ നിയമങ്ങൾ ലംഘിക്കുന്നുണ്ടോ?
പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള തിരുസ്സംഘമാണ് സീറോ മലബാർ സഭയുടെ കുർബാന തക്സക്ക് അംഗീകാരം നല്കിയിരിക്കുന്നത്. വർഷങ്ങൾ നീണ്ട പഠനത്തിൻറെയും മറ്റും വെളിച്ചത്തിലാണ് തിരുസ്സംഘം തക്സ അംഗീകരിച്ചത്. സീറോ മലബാർ സഭ ഏറ്റവും പുതിയതായി അച്ചടിച്ചിരിക്കുന്ന തക്സയിലും 1989 ഏപ്രിൽ 3-ന് തിരുസംഘം നല്കിയ ഡിക്രിയുടെ വിവർത്തനം ചേർത്തിട്ടുണ്ട്. പ്രസ്തുത ഡിക്രിയിൽ വിവിധ രൂപതകളിൽ വ്യത്യസ്തമായ പതിവുകൾനിലവിലുണ്ടായിരുന്നവയത്രയും തുടരുന്നതിന് അനുവാദം നല്കിയിട്ടുണ്ട്. അതൊരു ആനുകൂല്യമാണെന്നും ആ ആനുകൂല്യം തക്സയിൽ അച്ചടിക്കാൻപാടുള്ളതല്ലെന്നും നിർദ്ദേശമുണ്ട്. ആയതിനാൽത്തന്നെ, വിശുദ്ധ കുർബാന ജനാഭിമുഖമാണോ അൾത്താരാഭിമുഖമാണോ അർപ്പിക്കേണ്ടത് എന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ കുർബാനക്രമത്തിന് നല്കിയിരിക്കുന്ന പൊതുനിർദ്ദേശങ്ങളിൽ (rubrics) നമുക്ക് കാണാൻ കഴിയുകയില്ല.
പിന്നീട് കുർബാനക്രമത്തിന് ഐക്യരൂപ്യം വരുത്തുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും സീറോ മലബാർ ബിഷപ്സ് സിനഡ് കൈക്കൊണ്ടെങ്കിലും അവ നടപ്പിൽവരുത്താൻ പിന്നീടും പ്രായോഗികബുദ്ധിമുട്ടുകളുണ്ടായതിനാൽ ഇപ്പോഴും തിരുസ്സംഘത്തിൻറെ മേൽപ്പറഞ്ഞ നിർദ്ദേശം വാസ്തവമായിത്തന്നെ നിലനിൽക്കുന്നുണ്ട്. അതിനു വിരുദ്ധമോ അതിൽ നിന്ന് വ്യത്യസ്തമോ ആയ യാതൊരു നിർദ്ദേശവും സീറോ മലബാർ ബിഷപ്സ് സിനഡ് തക്സയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
സമാപനം
ഈ ദിവസങ്ങളിൽ അൾത്താരാഭിമുഖമായ കുർബാന മാത്രമാണ് വാസ്തവമെന്നും ജനാഭിമുഖം അർപ്പിക്കപ്പെടുന്ന ബലി അവാസ്തവും നിയമവിരുദ്ധവുമാണ് എന്നുമുള്ള പലവിധ വാദമുഖങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കാണുകയുണ്ടായി. ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതും യാഥാർത്ഥ്യങ്ങളെ തമസ്കരിക്കുന്നതും പക്ഷം പിടിക്കുന്നതുമായ ഇത്തരം വാദഗതികൾ ഒരിക്കലും ഐക്യത്തിലേക്കല്ല കൂടുതൽഅകല്ചയിലേക്കും തങ്ങളുടെ ആശയങ്ങൾ സ്ഥാപിച്ചെടുക്കണമെന്ന വാശിയിലേക്കുമാണ് ആളുകളെ നയിക്കുക. വിശുദ്ധ കുർബാന മത്സരത്തിൻറെയും പരസ്പര ആക്ഷേപത്തിൻറെയും അവഹേളനത്തിൻറെയും കാരണമാക്കി മാറ്റുന്നവർ അതിൻറെ യഥാർത്ഥചൈതന്യത്തെ അംഗീകരിക്കാൻകഴിയാത്തവരും അനുഭവിക്കാനാവാത്തവരുമാണ്. സ്നേഹത്തെ പ്രതി ദൈവം പോലും തന്നെത്തന്നെ വിഭജിക്കുന്നിടത്ത് മുറിവേറ്റ ഈഗോയും മുറിപ്പെടാൻ താത്പര്യമില്ലാത്ത വാശികളുമായി നമ്മൾ നിലകൊള്ളുന്നു എന്ന് പറയുന്നത് തികച്ചും അഭംഗിയാണ്.
ചരിത്രം, ദൈവശാസ്ത്രം, ദൈവത്തിൻറെ ഇടപെടൽ എന്നിവയെ നാം മാനിക്കേണ്ടതുണ്ട്. ഒപ്പം, പെലാജിയനിസത്തിൻറെ സൂക്ഷ്മരൂപങ്ങളിൽ കുടുങ്ങിപ്പോകരുതെന്ന ഫ്രാൻസിസ് മാർപാപ്പയുടെ സമീപകാല ഉപദേശത്തെയും മുഖവിലക്കെടുക്കാം. കൂടുതൽ സ്നേഹിക്കാനും ആദരിക്കാനും ശാന്തമാകാനും സഹായിക്കാത്ത ആരാധന ആരാധനയേയല്ല എന്ന് തിരിച്ചറിയുകയും ചെയ്യാം.
eucharist different east ways Noble Thomas Parackal noble parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206