x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ക്രിസ്തുവിന്റെ ഭിന്നമുഖങ്ങൾ സാങ്കേതികലോകത്തിൽ

Authored by : Jiss Kizhakkel CST On 29-May-2021

വിശ്വാസവും ശാസ്ത്രവും ഇതിനകം വിവിധ സംവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വിശ്വാസപിന്‍ബലമില്ലാത്ത ശാസ്ത്രത്തിന്‍റെ മുടന്തും ശാസ്ത്രപിന്‍ബലമില്ലാത്ത വിശ്വാസത്തിന്‍റെ അന്ധതയും നിരന്തരസംവാദത്തിലാണ്. ഇത്തരുണത്തില്‍ ക്രിസ്തുവിജ്ഞാനീയവും ശാസ്ത്രസാങ്കേതികവിദ്യയും ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ രണ്ടു വീക്ഷണങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഒന്ന്, ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ച എപ്രകാരം ക്രിസ്തുവിജ്ഞാനീയത്തെ സഹായിച്ചു എന്നതും രണ്ടാമത്തേത്, ശാസ്ത്രസാങ്കേതികവിദ്യയുടെ വാദഗതികള്‍ ക്രിസ്തുവിജ്ഞാനീയത്തിന് എപ്രകാരം പ്രതിബന്ധം സൃഷ്ടിക്കുന്നു എന്നതുമാണ്. ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ച പൊതുവായ അര്‍ത്ഥത്തില്‍ പലപ്പോഴും വിശ്വാസജീവിതത്തെ പിടിച്ചുലയ്ക്കാറുണ്ട്. ക്രിസ്തുവിജ്ഞാനീയത്തില്‍ ശാസ്ത്രം ചെലുത്തുന്ന സ്വാധീനം ക്രൈസ്തവവിശ്വാസത്തിന്‍റെ അന്തസത്തയായ ഏകരക്ഷകനും സത്യദൈവവുമായ ഈശോമിശിഹായിലുള്ള വിശ്വാസബോധ്യത്തെ വ്യതിചലിപ്പിച്ചുകൊണ്ടാണ്. ഇങ്ങനെ നോക്കുമ്പോള്‍ അനുദിനം വളര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന ശാസ്ത്രസാങ്കേതിക സാധ്യതകള്‍ വിശ്വാസജീവിതത്തെത്തന്നെ അപജയപ്പെടുത്താനുമിടയുണ്ട്. ഈ പഠനത്തിലൂടെ ശാസ്ത്രസാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ക്രിസ്തുവിജ്ഞാനീയത്തെ എപ്രകാരം പ്രതികൂലമായി ബാധിക്കുന്നു എന്ന് പരിശോധിക്കുകയാണ്.

1. സമഗ്രതയ്ക്കുള്ള (Integrity) അഭിനിവേശം                                                                                                                                       
ആധുനിക മനുഷ്യന്‍റെ ജീവിതം ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളുടെ സുരക്ഷിതത്വത്തില്‍ അരക്ഷിതമാണ്. അതുകൊണ്ട് ഏറ്റവും അനുയോജ്യമായത് അന്വേഷിച്ചും അനുയോജ്യമല്ലാത്തത് നവീകരിച്ചും ജീവിതം അവന്‍ മുന്‍പോട്ട് നയിക്കുന്നു. ഇതിനുപിന്നിലുള്ള പ്രേരണ സമഗ്രതയ്ക്കുവേണ്ടിയുള്ള അഭിനിവേശമാണ് - എല്ലാം അനുയോജ്യമായ രീതിയില്‍ സംലഭ്യമാക്കിതീര്‍ക്കുന്ന ഒന്ന്. ഇന്ന് വളരെ വ്യാപകമായി വിപണിയില്‍ വന്നുകൊണ്ടിരിക്കുന്ന ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ (Tablet PC) ഇതിനുദാഹരണമാണ്. കമ്പ്യൂട്ടറിന്‍റെയും മൊബൈല്‍ ഫോണിന്‍റെയും ആപ്ലിക്കേഷനുകള്‍ സമീകൃതമായി ഇതില്‍ ഒരുക്കിയിരിക്കുന്നു. ഇത് ശാസ്ത്രസാങ്കേതിക വിദ്യയുടെ കേന്ദ്രാശയമാണ്. സാധ്യമായ സാങ്കേതികവിദ്യകളും ഗവേഷണങ്ങളും ആഭിമുഖ്യങ്ങളും ഒരുകുടക്കീഴിലാക്കി ഭരിക്കുന്ന സംവിധാനമാണിത്. ഈ സമഗ്രത ഇന്ന് മനുഷ്യജീവിതത്തിന്‍റെ സമസ്ത മേഖലകളിലും പ്രകടമാണ്. ശാസ്ത്രസാങ്കേതികവിദ്യയുടെ ഈ മുന്നേറ്റം കാണുന്നതെല്ലാം വിശ്വസിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ച് മനുഷ്യന്‍ എന്തിനും പോന്നവനാണ് എന്ന മിഥ്യാബോധത്തില്‍ എത്തിക്കുന്നു. ശാസ്ത്രത്തിന്‍റെ സമഗ്രവീക്ഷണത്തില്‍നിന്ന് രൂപികൃതമായ പുത്തന്‍ വാദഗതികളില്‍ അവന്‍ വിശ്വാസമര്‍പ്പിക്കുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് മനുഷ്യാതീത മനുഷ്യവാദത്തിലെ (Transhumanism) ചിന്താധാരകളും തുടര്‍ന്നുവരുന്ന നവചിന്താരീതികളും.

1.1 മനുഷ്യാതീത മനുഷ്യവാദം (Transhumanism)
സമഗ്രതയ്ക്കുള്ള അഭിനിവേശത്തില്‍ ശാസ്ത്രത്തിന്‍റെ പുതിയ സമവാക്യമാണ് മനുഷ്യാതീത മനുഷ്യവാദം. മനുഷ്യാസ്തിത്വത്തിന്‍റെ എല്ലാ പരിമിതികളെയും അതിലംഘിച്ച് അതിമാനുഷികതലത്തിലേയ്ക്ക് മനുഷ്യനെ ഉയര്‍ത്താനുള്ള ഒരു ശാസ്ത്ര - സാംസ്ക്കാരിക - ബൗദ്ധിക പദ്ധതിയും സംരംഭവുമാണ് മനുഷ്യാതീത മനുഷ്യവാദം.[1] മനുഷ്യന്‍റെ സുരക്ഷതേടിയുള്ള അന്വേഷണ ത്വര ഈ മുന്നേറ്റത്തെ കൂടുതല്‍ ജനകീയമാക്കിയിരിക്കുന്നു. മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല ജീവിതത്തിലെ സഹനാവസ്ഥ, വാര്‍ദ്ധക്യം, സ്വാഭാവിക മരണം തുടങ്ങിയ പരാധീനതകളെ അതിജീവിക്കാനും ശാസ്ത്രീയമായി ഇത് ശ്രമിക്കുന്നു. സാഹസികവും ധീരവും ഭാവനാസൃഷ്ടവും ആദര്‍ശാധിഷ്ഠിതവുമായ ഒരു പദ്ധതിയായിട്ടാണ് ശാസ്ത്രജ്ഞന്മാര്‍ ഇതിനെ വിലയിരുത്തുന്നത്.
പുതിയൊരു ചിന്താരീതി അഥവാ ദര്‍ശനം എന്ന നിലയില്‍ മതവിശ്വാസം, തത്വശാസ്ത്രം, ദൈവശാസ്ത്രം, രാഷ്ട്രചിന്ത തുടങ്ങിയ മേഖലകളില്‍ മനുഷ്യാതീത മനുഷ്യവാദത്തിന്‍റെ സ്വാധീനവും പങ്കാളിത്തവും വിപ്ലവകരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പലശാസ്ത്രജ്ഞന്മാരും ദൈവശാസ്ത്രപണ്ഠിതന്മാരും തത്വചിന്തകന്മാരും ഇതിന്‍റെ അനന്ത സാധ്യതകളെക്കുറിച്ച് ബോധവാന്മാരാണ്. എങ്കിലും ഇതിനെ ലോകത്തിലെ ഏറ്റവും അപകടകരമായ ആശയമായും ദൈവവിശ്വാസത്തെ സാരമായി കളങ്കപ്പെടുത്തുന്ന വികലചിന്തയായും വ്യാഖ്യാനിക്കുന്നവരുണ്ട്.[2] അന്വേഷണത്തിലൂടെയും പഠനത്തിലൂടെയും കൂടുതല്‍ പ്രകടമാകേണ്ട ഒരു യാഥാര്‍ത്ഥ്യമെന്നനിലയില്‍ മനുഷ്യ മഹത്വത്തെയും ദൈവവിശ്വാസത്തെയും വീക്ഷിക്കുന്നവര്‍ക്ക് ഈ ശാസ്ത്രദര്‍ശനം ഭാവിയുടെ പ്രതീക്ഷയാണ്. ദൈവവിശ്വാസവും സാങ്കേതികവിദ്യയും ഭിന്നമായ തലങ്ങളാണെങ്കിലും സാങ്കേതികവിദ്യ മനുഷ്യജനനത്തെയും മരണത്തെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ അടിസ്ഥാനപരമായ ചോദ്യങ്ങളുയര്‍ത്തുന്നത് ദൈവവിശ്വാസത്തെ കാലോചിതമായി പുനരാവിഷ്ക്കരിക്കാനും വ്യാഖ്യാനിക്കാനും വേദിയൊരുക്കുന്നു. ഒരു ബൗദ്ധികമുന്നേറ്റമായി ആരംഭിച്ച ഈ മനുഷ്യദര്‍ശനം ഒരു സാംസ്കാരികമുന്നേറ്റമായും ഇപ്പോള്‍ പരിണമിച്ചിരിക്കുന്നു. നീഷേയുടെ തത്വചിന്തയിലെ സൂപ്പര്‍മാന്‍ പോലെ ഒരു അപ്രായോഗിക ആശയമായി ഇതിനെ കാണാന്‍ സാധ്യമല്ല. പ്രായോഗികമായ പല മാനങ്ങളും ഈ ദര്‍ശനം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഉദാഹരണത്തിന് വാര്‍ദ്ധക്യമെന്ന സമസ്യ എക്കാലവും മനുഷ്യന്‍റെ ചിന്തയ്ക്ക് വിഷയീഭവിച്ചിട്ടുണ്ട്. പ്രായമെന്ന ബന്ധനത്തില്‍നിന്ന് മോചനം സാധിക്കുക എന്നത് ഈ വാദക്കാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി അവര്‍ ശാസ്ത്ര സാങ്കേതികവിദ്യകളെ ക്രമാനുഗതമായി ഉപയോഗിക്കുന്നുമുണ്ട്.

1.1.1 മനുഷ്യാതീത മനുഷ്യവാദത്തിന്‍റെ വേരുകള്‍
മനുഷ്യാതീത മനുഷ്യവാദത്തിന്‍റെ ശ്രോതസ്സായി ഹ്യൂമനിസമാണ് (Humanism) വിലയിരുത്തപ്പെടുക. വാഗ്രൂപം തന്നെ അവ തമ്മിലുള്ള സാദൃശ്യം ദ്യോതിപ്പിക്കുന്നുണ്ട്. സ്കൂള്‍ പാഠ്യപദ്ധതിയുടെ (Curriculam) ഭാഗമായി ആരംഭിച്ച ഹ്യൂമനിസത്തിന് രൂപാന്തരീകരണം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഇന്ന് മനുഷ്യനെ പ്രപഞ്ചത്തിന്‍റെ കേന്ദ്രബിന്ദുവും ദൈവത്തിന്‍റെ കടുത്ത എതിരാളിയുമായി ചിത്രീകരിക്കുന്ന ഒരു പ്രത്യയശാസ്ത്രമായാണ് ഹ്യൂമനിസം വിലയിരുത്തപ്പെടുന്നത്.[3] തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനുവേണ്ടി അവര്‍ കണ്ടെത്തിയത് മതവിശ്വാസം, സാഹിത്യം, തത്വശാസ്ത്രം, കല തുടങ്ങിയ മാധ്യമങ്ങളാണ്. ഈ സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ മനുഷ്യനെ അന്യവത്ക്കരിക്കുന്ന എല്ലാ സംരംഭങ്ങളെയും പ്രത്യേകിച്ച് മതത്തേയും ഹ്യൂമനിസ്റ്റുകള്‍ യുക്തിപൂര്‍വ്വം വിമര്‍ശിച്ചു; സ്വാതന്ത്ര്യത്തെയും ക്രിയാത്മകതയേയും പ്രോത്സാഹിപ്പിച്ചു. ഹ്യൂമനിസത്തിന്‍റെ പുത്തന്‍ ആവിര്‍ഭാവമാണ് മനുഷ്യാതീത മനുഷ്യവാദം. ഇത് മനുഷ്യനെ പ്രപഞ്ചത്തിന്‍റെ കേന്ദ്രബിന്ദുവായി ചിത്രീകരിക്കുക മാത്രമല്ല, ശാസ്ത്രസാങ്കേതിക മാര്‍ഗ്ഗങ്ങളുപയോഗിച്ച് മാനുഷിക പരിമിതികളും ബലഹീനതകളും ഒഴിവാക്കാന്‍ അത്യധികം പരിശ്രമിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിന്‍റെ ക്രിയാത്മകതയും സമഗ്രതയും നവമനുഷ്യസൃഷ്ടിക്കുവേണ്ടി ഉപയോഗിക്കുകയാണ് ഇവരുടെ ലക്ഷ്യം
.
1.1.2 ക്രിസ്തീയ വിശ്വാസവും മനുഷ്യാതീത മനുഷ്യവാദവും
അന്ധവിശ്വാസികളും നിരീശ്വരന്മാരും വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും മതവിശ്വാസം ഇന്നും സമൂഹത്തിന്‍റ സമസ്തമേഖലകളിലും സ്വാധീനം ചെലുത്തുന്ന ഒരു ശക്തിതന്നെയാണ്. ഓരോ മതവിശ്വാസത്തിലും വിശ്വാസത്തിന്‍റെ വിവിധ വേലിയേറ്റങ്ങള്‍ കാണാന്‍ കഴിയും; ഉത്തമവിശ്വാസികളും സാധാരണ വിശ്വാസികളും. ക്രിസ്തീയ മതപശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ പരമ്പരാഗതമായി വിശ്വാസം സ്വീകരിച്ചവരും, സ്വീകരിച്ച വിശ്വാസത്തില്‍ ആഴം കണ്ടെത്തിയവരും തമ്മില്‍ വലിയ അന്തരമുണ്ട്. ജീവിതത്തില്‍ അപ്രതീക്ഷിതവെല്ലുവിളികളുണ്ടാകുമ്പോള്‍ വിശ്വാസം ഉപേക്ഷിച്ചു പോകുന്നവര്‍ ആദ്യഗണത്തില്‍പ്പെട്ടവരാണ്. ഇതിനു കാരണം പലപ്പോഴും ദൈവവിശ്വാസത്തെ ഒരു കുറുക്കുവഴിയായി കാണുന്നതുകൊണ്ടാണ്. താന്‍ അതീതനല്ലാത്ത, പര്യാപ്തനല്ലാത്ത ഒരു കാര്യത്തിന്‍റെ ഫലപ്രാപ്തിക്കായുള്ള ഉപായം. സ്വന്തം പരിമിതികളാണ് ഒരുവനെ വിശ്വാസത്തില്‍ തുടരുവാന്‍ പ്രേരിപ്പിക്കുക. ഈ സാഹചര്യത്തില്‍ സ്വന്തം പരിമിതികളെ ഒരുവന്‍ മറികടക്കുമ്പോള്‍, സ്വയം പര്യാപ്തനാകുമ്പോള്‍, വന്നുചേരാവുന്ന പ്രതികൂലസാഹചര്യങ്ങളെ മുന്‍കൂട്ടിക്കാണാനും ഒഴിവാക്കാനും സാധിക്കുമ്പോള്‍ മറ്റൊരു ശക്തിയെ ആശ്രയിക്കേണ്ടതില്ല. ഇവിടെ ഒരു സ്വയം സുരക്ഷാ സംവിധാനം ഒരുക്കപ്പെടുന്നു. മനുഷ്യശക്തിക്കതീതമായി ദൈവീകശക്തിക്ക് ഇടപെടാനാകുമെന്ന് ബോധ്യമില്ലാത്തവന് വിശ്വസിക്കുക സാധ്യമല്ല. ഒരുവനെ ഭരിക്കുന്നത് താന്‍ അമര്‍ത്യനും അതീതനുമാണെന്ന ചിന്തയാണ്. താന്‍ ആഗ്രഹിക്കുന്നതിലും ഉപരിയായി പ്രവര്‍ത്തിക്കുവാന്‍ ദൈവം അപ്രാപ്യനാണ് എന്ന അവസ്ഥാവിശേഷത്തിലേയ്ക്കാണ് മനുഷ്യാതീത മനുഷ്യവാദക്കാര്‍ നടന്നടുക്കാന്‍ ശ്രമിക്കുന്നത്.

1.2 ശാസ്ത്രീയ വ്യക്തിവല്‍കരണങ്ങള്‍ (Personifications)
സമഗ്രതക്കുള്ള മനുഷ്യന്‍റെ ആഭിമുഖ്യത്തില്‍ മനുഷ്യാതീതമനുഷ്യനോട് കിടപിടിക്കുന്ന ശാസ്ത്രവ്യക്തിവല്‍കരണങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. സാങ്കേതിക വിദ്യയുടെ നവീനത്രയങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ടെക്നിസിസം (technicism), സയന്‍റിസം (Scientism), കണ്‍സ്യൂമറിസം (Consumerism) എന്നിവയാണിവ. ഇവയില്‍ അദ്യത്തേത് സാങ്കേതിക വിദ്യയ്ക്കു രക്ഷകപരിവേഷം നല്കി വര്‍ത്തിക്കുന്ന ടെക്നിസിസമാണ്.[4] മനുഷ്യന്‍റെ സര്‍വ്വപ്രതിസന്ധികള്‍ക്കും പ്രതിവിധി കണ്ട് ഭൗതികമുന്നേറ്റവും പുരോഗതിയും സംലഭ്യമാക്കുന്ന സ്വയം പ്രഖ്യാപിത യജമാനന്‍മാരായി (Self Declared Masters) ഇവ പ്രവര്‍ത്തിക്കുന്നു. ഇതിനു പിന്നിലെ യുക്തിയാണ് സയന്‍റിസം.[5] മനുഷ്യനെയും അവന്‍റെ രീതികളെയും സംബന്ധിക്കുന്ന യാതൊരറിവും ശാസ്ത്രത്തിന് അപ്രാപ്യമല്ല എന്നാണിതിന്‍റെ വാദം. ഈ വാദത്തിന്‍റെ പ്രചോദനമായി ടെക്നിസിസവും കണ്‍സ്യൂമറിസവും നിലകൊള്ളുന്നു. ഭൗതിക വസ്തുകളുടെ ഉപഭോഗം വഴി ആധുനിക മനുഷ്യന്‍ സന്തോഷംകണ്ടെത്തുന്ന ഉപാധിയായി ഇപ്പോള്‍ കണ്‍സ്യൂമറിയത്തെ വിലയിരുത്തിപ്പോരുന്നു.[6]

ഇന്നിന്‍റെ സംസ്കാരത്തിന്‍റെ ഏറ്റവും ശക്തമായ പ്രതിഭാസങ്ങളാണ് ഈ നവീനത്രയങ്ങള്‍. ഇവ സങ്കേതിക വിദ്യയ്ക്കു ഒരു സമഗ്രതയുടെ മുഖം നല്ക്കുകയും നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഒന്നായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഭൗതികവസ്തുക്കളോടുള്ള മനുഷ്യന്‍റെ പ്രതിബദ്ധത അറിഞ്ഞ് ശാസ്ത്രസങ്കേതികവിദ്യ പ്രവര്‍ത്തിക്കുമ്പോള്‍ ഒരോ വ്യക്തിയും അതിന്‍റെ കരാളഹസ്തത്തില്‍ പെട്ടുപോവുക സ്വാഭാവികം. ഇവിടെ മനുഷ്യന്‍റെ യജമാനന്‍ ഭൗതികതയാണ്. ആത്മീയതയ്ക്കും ധാര്‍മ്മികതയ്ക്കും ഉള്ള സ്ഥാനം പുനര്‍നിര്‍ണയിക്കപ്പെടുന്നു. ഏക രക്ഷകനിലുള്ള വിശ്വാസത്തേക്കാള്‍ മാനവനിവിടെ പ്രതിബദ്ധത ഭൗതിക യാഥാര്‍ത്ഥ്യങ്ങളോടായിരിക്കും.

1.3 സങ്കേതികവിദ്യയുടെ നൂതനാഭിമുഖ്യങ്ങളും ദൃശ്യമാധ്യമങ്ങളും.
പദാര്‍ത്ഥം മാത്രമാണ് സത്യം, ദൃശ്യമാവുന്നവ മാത്രമാണ് വിശ്വാസയോഗ്യം തുടങ്ങിയ ആശയഗതികള്‍ക്ക് കാലപ്പഴക്കം സംഭവിച്ചെങ്കിലും ദൃശ്യമാധ്യമരംഗത്ത് അവ ചെലുത്തുന്ന സ്വാധീനം ഇന്ന് വളരെ വലുതാണ്. ഇതിനു സഹായിച്ചത് സങ്കേതികവിദ്യയുടെ ത്വരിതമായ വളര്‍ച്ചയാണ്. മനുഷ്യശക്തിക്കതീതമായ അമാനുഷിക ശക്തിയുടെ പ്രതിരൂപങ്ങളെ കേന്ദ്രീകരിച്ച് രൂപംകൊണ്ട ഹോളിവുഡ് ചിത്രങ്ങള്‍ സങ്കേതിക വിദ്യയുടെ സാധ്യത കൂടുതല്‍ വെളിവാക്കി. തന്‍റെ ചിന്തകള്‍ക്കും ഭാവനകള്‍ക്കും അനുസരിച്ച് എന്തിനും രൂപം കൊടുക്കാന്‍ മനുഷ്യന്‍ പ്രാപ്തനാണ് എന്ന മിഥ്യാബോധം പ്രേക്ഷകനില്‍ അടിച്ചേല്പിച്ചു.

സമീപകാലത്ത് പുറത്തിറങ്ങിയ യന്തിരന്‍ (Robort) എന്ന തമിഴ് ചലച്ചിത്രം ഇതിനുദാഹരണമാണ്. ഇതിലെ കേന്ദ്ര കഥാപാത്രമായ റോബോട്ട് മനുഷ്യന്‍റെ ബുദ്ധിശക്തിക്കും ശാരീരിക ക്ഷമതയ്ക്കും അതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒന്നാണ്. ഇത് പ്രേക്ഷകരില്‍ ഉണര്‍ത്തുന്നത് സങ്കേതിക വിദ്യ ഉപയോഗിച്ച് ശക്തിമത്തായ സൃഷ്ടികള്‍ നടത്താന്‍ മനുഷ്യന്‍ പ്രാപ്തനാകും എന്ന മിഥ്യബോധമാണ്. സാങ്കേതിക വിദ്യ തീര്‍ത്ത ഭൗതികയാഥാര്‍ത്ഥ്യങ്ങള്‍ തനിക്കു സുരക്ഷിതമായ ഭാവിയും പ്രതീക്ഷയും പ്രദാനം ചെയ്യുമെന്ന് മനുഷ്യന്‍ വിശ്വസിക്കുന്നു. ഭൗതികതകള്‍ക്കപ്പുറമുള്ള ദൈവത്തിലേക്കു അവന്‍ തിരിയുന്നില്ല. ഇവിടെ ദൈവവിശ്വാസത്തിന് അര്‍ത്ഥമില്ലാതാകും. എല്ലാറ്റിനും താന്‍ പര്യാപ്തനാണെന്ന ചിന്ത ഈ തെറ്റിദ്ധാരണ ഉറപ്പിക്കുകയും ചെയ്യും.

1.4 മാനുഷികബന്ധങ്ങളും സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങളും
സാങ്കേതികവിദ്യയുടെ വളര്‍ച്ച ഗണ്യമായി സ്വാധീനിച്ച ഒരു മേഖലയാണ് സാമൂഹിക സമ്പര്‍ക്കമാധ്യമമേഖല. ഉപഭോക്താവിന്‍റെ ആവശ്യാനുസാരം വര്‍ത്തിച്ചാലേ വാണിജ്യം ദ്രുതഗതിയിലാവുകയുള്ളു. സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങളുടെ സ്വാധീനം തിരിച്ചറിഞ്ഞ് സമ്പര്‍ക്ക മാധ്യമങ്ങള്‍ പുതുരൂപത്തിലും ഭാവത്തിലും അവതരിപ്പിക്കപ്പെട്ടപ്പോള്‍ അവയെ സ്വീകരിക്കാന്‍ ഒട്ടേറെ ആളുകളുണ്ടായി. മൊബൈല്‍ ടെക്നോളജിയും അതിവേഗഇന്‍റര്‍നെറ്റ് ശൃംഖലകളും ആധുനിക ആശയവിനിമയഉപാധികളും മനുഷ്യബന്ധങ്ങള്‍ക്കും പുതിയൊരു മുഖം ഒരുക്കി. മാനുഷികസമ്പര്‍ക്കങ്ങളും ബന്ധങ്ങളും - ഉപരിപ്ലവമാണെങ്കിലും - ദ്രുതഗതിയില്‍ വളര്‍ന്നു. മാനുഷികബന്ധത്തിന്‍റെ അകലങ്ങള്‍ അനുദിനം കുറയുകയും ചെയ്തു. സുഹൃത്തുക്കളെ സമ്പാദിക്കുന്നതിലും ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനും മനുഷ്യന്‍ ദിവസത്തിന്‍റെ സിംഹഭാഗം മാറ്റിവച്ചു. ഇവിടെ അപചയം സംഭവിച്ചത് ഒരുവന്‍റെ വിശ്വാസജീവിതത്തിന് തന്നെയാണ്.

വിശ്വാസത്തിന്‍റെ കണ്ണുകള്‍കൊണ്ടും കൗദാശിക ജീവിതത്തിലൂടെയും അനുഭവിച്ചറിയേണ്ട ദൈവത്തെക്കാള്‍ അവനു പഥ്യം തന്‍റെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന കൂട്ടുകാരനും കൂട്ടുകാരിയുമായി. ദേവാലയത്തിലെത്തിയാല്‍ പോലും അവന്‍റെ മനസ്സ് തന്‍റെ ആശയവിനിമയശൃംഖലയില്‍ മാത്രമായി ഒതുങ്ങി. കൗദാശികജീവിതം അവന് ക്രമേണ വിരസമായി. ജീവിതത്തില്‍ പ്രാമുഖ്യം കൊടുക്കേണ്ടത് ദൈവത്തിനാണെന്നത് വിസ്മരിക്കപ്പെട്ടു. ക്രിസ്തുവെന്നത് മേഘങ്ങള്‍ക്കപ്പുറമുള്ളതും പ്രാപ്യനല്ലാത്തതും മാധ്യമശൃംഘലയില്‍പെടാത്തതുമായ ഒരപരിചിതനായി. ചുരുക്കത്തില്‍, ക്രിസ്തുവിന്‍റെ സ്ഥാനം സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങള്‍ അപഹരിച്ചുവെന്ന് തന്നെ പറയാം.

1.5 സാങ്കേതികതയുടെ സവിശേഷസമയം (technological Singularity)
മാനുഷിക ബൗദ്ധിക തലങ്ങള്‍ക്കുപരിയായി നിലകൊള്ളുന്ന സാങ്കേതികവിദ്യയുടെ സമൂര്‍ത്തമായ അവസ്ഥയാണ് സാങ്കേതിക സവിശേഷസമയം.[7] നമ്മുടെ ചിന്തകള്‍ക്കും പ്രവചനങ്ങള്‍ക്കും ഉപരിയായി വരുന്ന ഒരു ബൗദ്ധികവിസ്ഫോടനമാണിത്. ക്രമാനുഗതമായി വരുന്ന സാങ്കേതികസംവിധാനങ്ങള്‍ മനുഷ്യന്‍റെ യുക്തിചിന്തയ്ക്ക് ഉപരിയായി നിലകൊള്ളുമെന്നു സാരം. മാനുഷ്യതീത മനുഷ്യവാദത്തിന്‍റെ മുഖ്യവക്താക്കളിലൊരാളായ റേയ് കര്‍സെയ്ല്‍ ആണ് ഇതിന്‍റെ ഉപജ്ഞാതാവ്. ജീവശാസ്ത്രത്തെ അതീന്ദ്രിയമായി രൂപാന്തരപ്പെടുത്താന്‍ മനുഷ്യന് സാധിക്കുമ്പോള്‍ ഈ അവസ്ഥ സംജാതമാകും. ഇവിടെ മനുഷ്യന്‍ സമാന്തരമായി നീങ്ങുന്നത് ദൈവികശക്തിക്കൊപ്പമാണ്. പദാര്‍ത്ഥവും (matter) ഊര്‍ജ്ജവും (energy) എല്ലാം ഈ മനുഷ്യയന്ത്രസംസ്കാരത്തില്‍ ഉള്‍ച്ചേര്‍ന്ന് രൂപാന്തരീകരണം പ്രാപിക്കും. കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്കും സൗന്ദര്യത്തിലേക്കും ക്രിയാത്മകതയിലേക്കുമുള്ള ഒരു പരിണാമമാണിത്.[8]
സാങ്കേതികവിദ്യയുടെ സമഗ്രത അതീന്ദ്രിയമായ (Transcental) അവസ്ഥയിലേക്കു കടക്കുമെന്നും അവിടെ ദൈവികശക്തിക്കു സമാന്തരമായി വരാന്‍ മനുഷ്യന് അഥവാ അവന്‍റെ സാങ്കേതികവിദ്യയ്ക്കു സാധിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ ദൈവികത അഥവാ അതീതാവസ്ഥപോലെ ഒന്ന് സാങ്കേതികവിദ്യയ്ക്ക് സ്വന്തമാകുമെന്ന സൂചന ഇവിടെയുണ്ട്. പരിമിതമായ ബോധ്യങ്ങളുടെ വെളിച്ചത്തില്‍ വിശ്വാസം സംരക്ഷിച്ചുപോരുന്ന ഒരു ക്രിസ്തീയവിശ്വാസിയുടെ വിശ്വാസജീവിതത്തെ മേല്‍പറഞ്ഞ ചിന്താധാര പിടിച്ചുകുലുക്കാനിടയുണ്ട്. ശാസ്ത്രത്തോട് അല്പം ആഭിമുഖ്യം വച്ചുപുലര്‍ത്തുന്നവര്‍ ഈ ആശയത്തോട് യോജിച്ചുവെന്നും വരാം. കാരണം ഭൗതികശാസ്ത്ര മേഖലയിലും ഇതിനു സമാനമായ ഒരാശയം 'നഗ്നസവിശേഷ സമയം' (Naked singularity) എന്നൊരാശയം ഉത്ഭൂതമായിട്ടുണ്ട്.[9] ചുരുക്കത്തില്‍ സാങ്കേതിക സവിശേഷസമയത്തിന്‍റെ ഭാവി പ്രവചാനാതീതമാണ്.

2. പുത്തന്‍ മതനിരപേക്ഷത (Modern Secularism)                                                                                                                                                
യാതൊരു പ്രസ്ഥാനത്തിന്‍റെയോ സംവിധാനത്തിന്‍റെയോ ഭാഗമാകാതെ സ്വതന്ത്രമായി തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനും ഒരുവനെ ഒരുക്കുന്ന ആദര്‍ശമാണ് മതനിരപേക്ഷത.[10] മതനിയന്ത്രണത്തില്‍ നിന്നും സംവിധാനങ്ങളില്‍ നിന്നും മാത്രമുള്ള അകല്‍ച്ചയായാണ് ഇന്നിതിനെ കാണുന്നത്. യൂറോപ്പിലെ ഒരു വിഭാഗം പുരോഗമനവാദികളുടെ ചിന്തയില്‍ മതനിരപേക്ഷത ആധുനികതയിലേക്കുള്ള നവമുന്നേറ്റമാണ്. ഇത് പ്രവര്‍ത്തിക്കുന്നത് സാമൂഹിക-താത്വിക മേഖലകള്‍ കേന്ദ്രീകരിച്ച് രാഷ്ട്രസംവിധാനത്തെ സഹായിക്കാനാണ്. ഇന്നിപ്പോള്‍ ഈ സംവിധാനം മനുഷ്യനെ ഒരു തിരശ്ചീനമേഖലയില്‍ മാത്രം ഒതുക്കിനിര്‍ത്തി ദൈവത്തില്‍ നിന്നകറ്റുന്ന ഒന്നാണ്.[11] ക്രിസ്തീയവിശ്വാസത്തിന്‍റെ ഈറ്റില്ലമായിരുന്ന പല രാജ്യങ്ങളിലെയും വിശ്വാസജീവിതം തച്ചുടക്കപ്പെട്ടതും ദൈവവിശ്വാസമില്ലാത്ത പുതിയ മാനവികതയ്ക്ക് രൂപംകൊടുത്തതും ഈ മതനിരപേക്ഷത തന്നെയാണ്.

ഇന്നത്തെ സാഹചര്യത്തില്‍ രൂപം കൊണ്ടിരിക്കുന്നത് ഒരു പുത്തന്‍ മതനിരരേക്ഷതയാണ്. സാങ്കേതികവിദ്യയുടെ പുത്തന്‍ ആവിഷ്കാരങ്ങളില്‍ അഭയംപ്രാപിച്ച് മനുഷ്യന്‍ തിരശ്ചീനമേഖലയില്‍ തന്നെ ഒതുങ്ങുന്നു. അതീന്ദ്രിയമായ യാതൊന്നും അവനെ സ്വാധീനിക്കുന്നുമില്ല. യൂറോപ്പിലെ ക്രിസ്തീയവിശ്വാസം അനുദിനം തകര്‍ച്ചപ്രാപിക്കുന്നതിന്‍റെ പ്രധാനകാരണം വിശ്വാസശോഷണമാണ്. മനുഷ്യന്‍റെ ദൈവവിശ്വാസം തലച്ചോറിലെ ചില ന്യൂറോണുകളുടെ പ്രവര്‍ത്തനമാണെന്നുള്ള ന്യൂറോതിയോളജിയുടെ പുതിയവാദം ഈ വസ്തുതയെ കൂടുതല്‍ ദൃഢമാക്കി.

3. ക്രൈസ്തവ വിശ്വാസവും ക്രിസ്തുവിജ്ഞാനീയവും                                                                                                                                      
സാങ്കേതിക വിദ്യയുടെ പുത്തന്‍ ആഭിമുഖ്യങ്ങളും സമഗ്രതയ്ക്കുവേണ്ടിയുള്ള അവയുടെ പരക്കംപാച്ചിലും വിശ്വാസജീവിതത്തിന് അപചയം വരുത്തിവയ്ക്കുന്നുണ്ട്. ആധുനിക ഗവേഷണപരീക്ഷണങ്ങളില്‍ അമിതവിശ്വാസമര്‍പ്പിക്കുന്ന മനുഷ്യന്‍ തനുക്കുപരിയായി മറ്റൊരു യാഥാര്‍ത്ഥ്യമുണ്ടോ എന്നന്വേഷിക്കുന്നതില്‍ വിമൂഖത കാട്ടുമെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശാസ്ത്രസാങ്കേതിക പുരോഗതിയുടെ അനിവാര്യഘടകമാണ് മതത്യാഗം എന്ന് വിലയിരുത്തുന്നവരുമുണ്ട്. ഇവിടെ വിശ്വാസജീവിതവും ശാസ്ത്രപുരോഗതിയും വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന ആശയം കടന്നു വരുന്നുണ്ട്. രക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസവും അതിന്‍റെ വളര്‍ച്ചയും അപ്രാപ്യമാണെന്ന മിഥ്യാബോധം ഇതുവഴിയുണ്ടാകും.

ക്രിസ്തുവിജ്ഞാനീയവും ക്രിസ്തുവ്യക്തിത്വവും തങ്ങള്‍ക്കു വ്യക്തമാകുന്ന രീതിയില്‍ അനാവരണം ചെയ്യപ്പെടണമെന്ന് ആധുനിക മനുഷ്യന്‍ ആഗ്രഹിച്ചാല്‍ തെറ്റില്ല. ഇതിന്‍പ്രകാരം ക്രിസ്തുവിനെ തങ്ങളുടെ ജീവിതസാഹചര്യത്തില്‍ വെളിപ്പെടുത്തുന്ന ഒരു ക്രിസ്തുവിജ്ഞാനീയശാഖ - അസ്തിത്വാത്മക സമീപനം (Existential Approach) ആളുകള്‍ തീര്‍ച്ചയായും സ്വീകരിക്കും. ഇതിന്‍റെ പ്രധാന ഉപജ്ഞാതാവ് ആര്‍. ബുള്‍ട്ട്മാനാണ്. ക്രിസ്തുവിനെ വ്യക്തിപരമായി അവതരിപ്പിക്കുന്ന പുതിയനിയമഗ്രന്ഥം പോലും അനൈതിഹ്യവത്കരിക്കണമെന്ന (De-mythologization) അഭിപ്രായക്കാരനാണ് ബുള്‍ട്ട്മാന്‍.[12] ഇതിനോട് ചേര്‍ന്ന് റോജര്‍ ഹെയ്റ്റിന്‍റെ 'ദി ഫ്യൂച്ചര്‍ ഓഫ് ക്രിസ്റ്റോളജി' (The Future of Christology)എന്ന പഠനത്തില്‍ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ഭാവിയെ മൂന്നു മാതൃകകളില്‍ (Models) അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേത് സ്ഥലകേന്ദ്രീകൃതവും (Space) രണ്ടാമത്തേത് സമയകേന്ദ്രീകൃതവും (Time) മൂന്നാമത്തേത് അനുഭവതലകേന്ദ്രീകൃതവുമാണ് (Experiancial Level) .[13] ക്രിസ്തുവിന്‍റ ദൈവികത, മറ്റു മതങ്ങളുമായുള്ള ബന്ധം എന്നിവ മേല്‍പറഞ്ഞ മാതൃകകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തികൊണ്ടാണ് ഇവിടെ ഭാവിയെ അവതരിപ്പിക്കുന്നത്. ഇപ്രകാരം ക്രിസ്തുവിജ്ഞാനീയമേഖലയില്‍ ക്രിസ്തുവിനെ മനസ്സിലാക്കുന്നതിന് വിവിധ സമീപനങ്ങള്‍ ഉടലെടുക്കുന്നുണ്ട്. സാങ്കേതികമുന്നേറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുവരെയും ഒരു സമീപനവും ഉരിത്തിരിഞ്ഞിട്ടില്ല.

ക്രിസ്തുവിനെ മനസ്സിലാക്കാനും ക്രിസ്തീയവിശ്വാസത്തില്‍ ആഴപ്പെടാനും നവീകരണം ആവശ്യമില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. വസ്തുതകളെ നോക്കികാണുന്നതിലുള്ള വ്യത്യാസം മാത്രമാണ് ഇവിടെയുള്ളത്. ക്രിസ്തുവെന്ന വ്യക്തി, അവന്‍റെ അസ്തിത്വം, ജീവിതം, വ്യക്തിത്വം, ദൗത്യം, സാധ്യമാക്കിയ രക്ഷ എന്നിവ പഠിക്കുകയാണ് പ്രാഥമിക പടി. ക്രിസ്തു ഒരു വ്യക്തിയും രഹസ്യവുമാണ്. ഒന്ന് ഒന്നിലേക്കുള്ള വഴി എന്ന നിലയിലാണ് വിലയിരുത്തേണ്ടത്. ക്രിസ്തുവെന്ന വ്യക്തിയെ മനസ്സിലാക്കുമ്പോള്‍ ക്രിസ്തീയവിശ്വാസത്തിന്‍റെ അന്തസ:ത്തയായ ക്രിസ്തുവെന്ന രഹസ്യം അല്പമെങ്കിലും അനാവരണം ചെയ്യാന്‍ വ്യക്തിപരമായി നമുക്ക് സാധിക്കും. ഇതിനുള്ള മാര്‍ഗമാണ് വിശ്വാസം. ഇവിടെ വിശ്വാസത്തെ മനസിലാക്കേണ്ടത് ഞാനറിയുന്ന ദൈവത്തോടുള്ള പ്രത്യുത്തരമെന്ന നിലയിലാണ്.

3.1 ക്രിസ്തു മനുഷ്യനും ദൈവവും
ക്രിസ്തു മനുഷ്യ സ്വഭാവം സ്വീകരിച്ച ദൈവികവ്യക്തിയാണ്. ഈ മനുഷ്യസ്വഭാവ സ്വീകരണം മാനവരാശിയുടെ രക്ഷയും ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണവും ലക്ഷ്യം വച്ചുള്ളതുമാണ്. മനുഷ്യസ്വഭാവവും ദൈവികസ്വഭാവവും പേറുന്ന ക്രിസ്തുവ്യക്തിത്വത്തെ ശാസ്ത്രസാങ്കേതികവിദ്യ കാണുന്നത് ഭൗതികതലത്തില്‍ നിന്നു മാത്രമാണ്. ക്രിസ്തുവിന് സമാനമായി ഒരു ഭൗതികയാഥാര്‍ത്ഥ്യത്തെ അണിയിച്ചൊരുക്കാന്‍ ശാസ്ത്രം ശ്രമിക്കുന്നത് ഈ ചിന്തയില്‍ നിന്നാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഓരോ സംവിധാനവും ഭൗതികതലത്തില്‍ മാത്രമാണ് വിരാജിക്കുന്നത്. ഗവേഷണങ്ങളും പരീക്ഷണങ്ങളും ഈ തലത്തില്‍ മാത്രമേ പ്രവര്‍ത്തനനിരതമാകൂ. മനുഷ്യാതീത മനുഷ്യനും ഒരു ഭൗതികസംവിധാനം തന്നെ. സാങ്കേതികവിദ്യയുടെ സമഗ്രത ഒരു ഭൗതികസമഗ്രത മാത്രമാണ്.

ക്രിസ്തുവിന്‍റേത് കേവലം മനുഷ്യാവതാരം മാത്രമായിരുന്നില്ല, മനുഷ്യസ്വഭാവം സ്വീകരിക്കലായിരുന്നു. ദൈവികപദ്ധതിയുടെ ഭാഗമായിരുന്ന മനുഷ്യാവതാരം രക്ഷയുടെ നിത്യസ്വഭാവം വെളിവാക്കുന്നതാണ്. എക്കാലത്തും എവിടെയും പ്രാപ്യനായ ഒരാളാണ് ദൈവമെന്ന് ഇതു വ്യക്തമാക്കുന്നു. സാങ്കേതിക അതിപ്രസരത്തിനിടയിലും ദൈവം സമീപസ്ഥന്‍ തന്നെയാണ്. ഇവിടെയാണ് നാം പറഞ്ഞ വിശ്വാസത്തിന്‍റെ അകമ്പടി ആവശ്യമുള്ളത്. ഏതൊരു മനുഷ്യവ്യക്തിയേയും സമീപിക്കുന്ന മനോഭാവത്തോടെ ക്രിസ്തുവിനേയും സമീപിക്കാവുന്നതാണ്. താനെന്തിനും പോന്നവനാണെന്ന മുന്‍വിധിയോടെ ക്രിസ്തുവിനെ സമീപിക്കുമ്പോള്‍ അകലം വര്‍ദ്ധിക്കുന്നു. പരിശുദ്ധ ത്രിത്വത്തിലെ ഒരു വ്യക്തിയെന്ന നിലയില്‍ ക്രിസ്തുവിന് ദൈവികമായി ഒരു ഹൃദയവും മനുഷ്യാവതാരം ചെയ്ത വ്യക്തി എന്ന നിലയില്‍ മാനുഷികമായ ഒരു ഹൃദയവുമുണ്ട്.[14]

3.2 ഏകരരക്ഷകനായ ക്രിസ്തു
സാങ്കേതിക വിദ്യയുടെ സമഗ്രത ക്രിസ്തുവിന് സമനായ ഒരു രക്ഷകനെ ഒരുക്കാനല്ലേ എന്നു സംശയിക്കേണ്ടതുണ്ട്. ഭൗതിക ലോകത്തില്‍ മനുഷ്യന് സുരക്ഷിതത്വവും രക്ഷയും നല്കുന്ന ഒരു ഭൗതികരക്ഷകന്‍. മനുഷ്യാതീത മനുഷ്യവാദത്തിന്‍റെ മുഖ്യ വക്താക്കളിലൊരാളായ റേയ് കര്‍സെയ്ന്‍ തന്‍റെ ഗ്രന്ഥത്തില്‍ പറയുന്ന ഒരു യുദ്ധസന്നാഹമുണ്ട്.[15] രാജാക്കന്മാരുടെ രാജാവായ ക്രിസ്തുവിനെതിരെ തങ്ങള്‍ക്ക് ലഭിച്ച സാങ്കേതിക ശക്തിയുടെ അമര്‍ത്യതയെ മുന്‍നിര്‍ത്തി മനുഷ്യഗണം ഒന്നാകെയാണ് ഈ യുദ്ധത്തിനിറങ്ങുക. ഇതൊരു ആത്മീയ പോരാട്ടമല്ല സായുധ പോരാട്ടമാണ്. ഇതിനു തെളിവായി അദ്ദേഹം രണ്ടാം സങ്കീര്‍ത്തനം 1-4 വാക്യങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്. ഇതിന്‍റെ മുന്നോടി എന്ന നിലയില്‍ ചൂണ്ടിക്കാണിക്കുക ബാബേല്‍ ഗോപുരം പണിയാന്‍ മനുഷ്യന്‍ തുനിഞ്ഞിറങ്ങിയ സംഭവമാണ്. ഇവിടെയും സമാനമായത് സംഭവിക്കുമെന്നത് വ്യഗ്യമായി ഗ്രഹിക്കാന്‍ അനുവാചകര്‍ക്ക് കഴിയും.

സാങ്കേതിക സമഗ്രത കൂട്ടിയിണക്കിയും മാനവികശക്തി പതിന്മടങ്ങാക്കിയും രക്ഷകന്‍റെ വിവിധ പരിവേഷങ്ങള്‍ വരച്ചുകാണിക്കുന്നുണ്ടെങ്കിലും 'ഇതാണു രക്ഷകന്‍ ഇവനില്‍ വിശ്വസിക്കൂ'എന്നു ചൂണ്ടിക്കാട്ടാന്‍ സാങ്കേതികവിദ്യക്കായിട്ടില്ല. ആകാശത്തിലും ഭൂമിയിലും മനുഷ്യന് രക്ഷയ്ക്കായി നല്കപ്പെട്ട ഏകനാമം യേശുക്രിസ്തുവാണ്. യേശുവെന്ന വാക്കിന്‍റെയര്‍ത്ഥം തന്നെ 'ദൈവം രക്ഷിക്കുന്നു' എന്നാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ "കര്‍ത്താവായ ക്രിസ്തു" എന്ന ഡിക്രി ആരംഭിക്കുന്നത് തന്നെ യേശുവിന്‍റെ രക്ഷാകരദൗത്യം സൂചിപ്പിച്ചുകൊണ്ടാണ്.[16] എല്ലാവര്‍ക്കും വേണ്ടിയുള്ള രക്ഷകനായ ക്രിസ്തുവാണ് പിതാവിനെ വെളിപ്പെടുത്തിയതും പിതാവിലേയ്ക്കു നമ്മെ നയിക്കുന്നതുമെന്ന് തന്‍റെ ചാക്രികലേഖനത്തിലൂടെ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പറയുന്നുണ്ട്.[17] വിശുദ്ധ ഗ്രന്ഥത്തിലുടനീളം ക്രിസ്തുവെന്ന ഏകരക്ഷകനെ വിവിധ തലങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ ഈ അനന്യനതയും (Identity) വ്യക്തിത്വവും (Personality) നിത്യമായി നിലകൊള്ളുന്നതാണ്.

4. സാങ്കേതിക വിദ്യ ക്രിസ്തീയ വീക്ഷണത്തില്‍                                                                                                                                      
സാങ്കേതിക വിദ്യയോടും വികസനത്തോടും വിരുദ്ധമായ സമീപനമല്ല സഭയ്ക്കുള്ളത്. മാനവിക പ്രവൃത്തികളുടെ ലക്ഷ്യം, ഒരുവനിലെ പ്രതിഭയെ കണ്ടെത്തല്‍ തുടങ്ങിയവ നിര്‍വഹിക്കുന്നത് സാങ്കേതികവിദ്യയാണ്. ഭൂമിയുടെ സംരക്ഷണം മനുഷ്യനെ ഏല്‍പ്പിക്കുന്നത് അവന്‍റെ ഉത്തരവാദിത്തം ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു.[18] മനുഷ്യന്‍റെ സര്‍ഗശക്തികളുടെ ഫലവും വ്യക്തിസ്വാതന്ത്രത്തിന്‍റെ ഉപകരണവുമെന്ന നിലയില്‍ സാങ്കേതികവിദ്യയെ സമ്പൂര്‍ണ്ണ സ്വാതന്ത്രത്തിന്‍റെ പ്രകടനമായി കാണാവുന്നതാണ്. സാങ്കേതികവിദ്യയുടെ അത്ഭുതങ്ങളിലൂടെ മനുഷ്യവര്‍ഗത്തെ പുനസൃഷ്ടിക്കാനാവുമെന്ന് മനുഷ്യന്‍ ചിന്തിക്കുന്നത് അവന്‍റെ തന്നെ പുരോഗതിക്ക് തടസ്സമാണ്.[19] സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്:[20]

1. മനുഷ്യന്‍റെ സ്വയഭരണാവകാശവും സ്വാതന്ത്ര്യവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന മാനുഷികമായ ഒരു യാഥാര്‍ത്ഥ്യമാണ് സാങ്കേതികവിദ്യ.
2. പദാര്‍ത്ഥത്തിന്‍റേമേലുള്ള ചേതനയുടെ വിജയത്തെ വെളിവാക്കുന്നതും ഉറപ്പിക്കുന്നതും സാങ്കേതികവിദ്യയാണ്.
3. അദ്ധ്വാനിച്ച് ഉപജീവനം കഴിക്കാനുള്ള ദൈവവിളിക്ക് സാങ്കേതികവിദ്യയിലൂടെ ഉത്തരം നല്‍കാന്‍ സാധിക്കും.
4. ബുദ്ധിയുടെ ഉല്പന്നമെന്നനിലയില്‍ സാങ്കേതികവിദ്യയിലൂടെ മനുഷ്യന്‍ സ്വയം തിരിച്ചറിയുകയും സ്വന്തം വ്യക്തിത്വം പണിതുയര്‍ത്തുകയും ചെയ്യുന്നു.
5. മാനുഷികപ്രവര്‍ത്തനത്തിന്‍റെ വസ്തുനിഷ്ഠമാനമാണ് സാങ്കേതികവിദ്യ.
ഇപ്രകാരം സാങ്കേതികവിദ്യ മനുഷ്യനേയും അവന്‍റെ പുരോഗതിയേയും അഭിവാഞ്ജയേയും വെളിവാക്കുന്നു. സാങ്കേതികവിദ്യയുടെ ധാര്‍മ്മികോപയോഗത്തെ സംരക്ഷിക്കാന്‍ സഭ ശ്രദ്ധാലുവാണ്. ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്നുയിര്‍കൊള്ളുന്ന തീരുമാനങ്ങളിലൂടെ സാങ്കേതികവിദ്യയുടെ വശീകരണങ്ങളോട് പ്രതികരിക്കാന്‍ മനുഷ്യന് സ്വതന്ത്രമായി സാധിക്കണം. വികസനത്തിന്‍റേയും സമാധാനത്തിന്‍റേയും മേഖലകളിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗങ്ങളില്‍ അടിസ്ഥാന മാനവിക മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനം ഇന്ന് കാണാന്‍ സാധിക്കും. ഇതിനു കാരണമാകുന്ന സാങ്കേതിക മനോഭാവം വളര്‍ത്തിയെടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ജൈവധാര്‍മ്മിക മേഖലയിലും സജീവമാണ്. മനുഷ്യജീവന്‍റെ ഉല്പത്തിവരെ കൈപിടിയിലൊതുങ്ങി, തനിക്കെല്ലാം അതീനമാണെന്ന് മനുഷ്യന്‍ ചിന്തിക്കാനിടയുണ്ട്. മരണസംസ്ക്കാരത്തിന്‍റെ വിവിധ പൊയ്മുഖങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ മനുഷ്യന്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കണം. മനുഷ്യന്‍ സ്വതന്ത്രമായി വര്‍ത്തിക്കുമ്പോള്‍ സാങ്കേതികവിദ്യയുടെ പ്രതിസന്ധികള്‍ അവനെ ഒരിക്കലും പ്രതികൂലമായി ബാധിക്കുകയില്ല.

 

ഉപസംഹാരം
സൃഷ്ടിയുടെ പുസ്തകത്തില്‍ ദൈവം ആദ്യമനുഷ്യനെ തോട്ടം നട്ടുവളര്‍ത്താനും സംരക്ഷിക്കാനും ഭരമേല്പ്പിക്കുന്നുണ്ട്. മനുഷ്യന്‍ ഈ വാഗ്ദാനം ഇന്നും സൂക്ഷിക്കുകയും അതിന്‍റെ വിജയത്തിനായി യത്നിക്കുകയും ചെയ്യുന്നു. ചിന്താശക്തിയുള്ള മനുഷ്യന്‍ ഈ ലക്ഷ്യസാധ്യത്തിനുവേണ്ടി വിവിധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. സാങ്കേതികവിദ്യകള്‍ ഉത്ഭവിച്ചത് ഈ പശ്ചാത്തലത്തിലാണ്. ചിലപ്പോഴൊക്കെ മനുഷ്യന്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുകയും തന്‍റെ മഹത്ത്വം സ്ഥാപിക്കാന്‍ തന്ത്രപ്പാടുകള്‍ കാട്ടുകയും ചെയ്യാറുണ്ട്. അതിനുദാഹരണമായിരുന്നു ബാബേല്‍ ഗോപുരം. ഇന്നും പലവിധ മാര്‍ഗ്ഗങ്ങളിലൂടെ മാനവികശക്തിയുടെ ഗോപുരങ്ങള്‍ ഉയര്‍ന്നുപൊങ്ങാറുണ്ട്. അവയുടെ അവസ്ഥയും വിഭിന്നമായ ഒന്നായിരിക്കുകയില്ല. സാങ്കേതികവിദ്യയുടെ കൂട്ടുപിടിച്ച് ഭൗതികശക്തികളെ ഒരുക്കുന്നതും അവയ്ക്കു ദൈവികത ചാര്‍ത്തുന്നതും ബാബേല്‍ ഗോപുരത്തിന്‍റെ തനി ആവര്‍ത്തനംതന്നെ. ഭൗതികകയ്ക്ക് ഒരിക്കലും ആത്മീയതയെ കീഴടക്കാനാവില്ല. ഭൗതികയാഥാര്‍ത്ഥ്യങ്ങള്‍ ആത്മീയതയിലേക്കുള്ള ചാലകശക്തിയാണ്. അതായത് മനുഷ്യന്‍റെ ദൈവാന്വേഷണത്തില്‍ സഹായിക്കുക, അതിന്‍റെ കുറവുകള്‍ പരിഹരിക്കുക തുടങ്ങിയവ ഒരു സ്വാധീനശക്തിയെന്നനിലയില്‍ ശാസ്ത്രസാങ്കേതികവിദ്യയുടെ ദൗത്യമാണ്. മാര്‍ഗ്ഗത്തെ തന്നെ ലക്ഷ്യമായി കാണുന്നത് അജ്ഞതകൊണ്ടാണെന്നേ അനുമാനിക്കാനാവൂ.

ഒരേ സമയം മനുഷ്യസ്വഭാവവും ദൈവികസ്വഭാവവും ധരിക്കുന്ന ക്രീസ്തീയവ്യക്തിത്വം അപ്രാപ്യമെന്ന് പറയുന്നത് ശുദ്ധഭോഷത്തമാണ്. ക്രിസ്തു ഇന്നലെയും ഇന്നും നാളെയും ഒരാള്‍ തന്നെയാണ്. അവിടുത്തെ വ്യക്തിത്വത്തിന് യാതൊരു വ്യതിയാനവും സംഭവിക്കുന്നില്ല. എങ്കിലും ക്രിസ്തുവിജ്ഞാനിയവും ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളുടെ വെളിച്ചത്തില്‍ പുത്തന്‍ സമീപനങ്ങള്‍ (Approaches) സ്വീകരിച്ച് അവതരിപ്പിക്കുന്നത് അത്യുത്തമമായിരിക്കും. ആധുനികര്‍ ക്രിസ്തുരഹസ്യം പൂര്‍ണ്ണമായും ഗ്രഹിക്കേണ്ടതിന് ഇത്തരം മുന്‍കരുതലുകള്‍ ക്രിസ്തുവിജ്ഞാനീയമേഖലയില്‍നിന്നുതന്നെ ഉത്ഭവിക്കണം.
സാങ്കേതികവിദ്യയുടെ വിവിധ സങ്കലനങ്ങളും സമഗ്രതയ്ക്കുവേണ്ടിയുള്ള അവയുടെ വിവിധ ആവിഷ്ക്കാരങ്ങളുമാണ് നാം കണ്ടത്. സാങ്കേതികവിദ്യയ്ക്ക് അതവകാശപ്പെടുന്ന അമര്‍ത്യതയും സുരക്ഷിതത്വവും ഇനിയും നല്‍കാനായിട്ടില്ല. സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന മിഥ്യാബോധം പലപ്പോഴും മനുഷ്യന്‍റെ ദൈവവിശ്വാസത്തിന് തടയിടാനേ ഉപകരിച്ചിട്ടുള്ളൂ. അതേസമയം ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാക്കളായ ശാസ്ത്രഞ്ജന്മാര്‍ പോലും ദൈവത്തിന്‍റെ അദൃശ്യസാന്നിദ്ധ്യം അംഗീകരിച്ചുകഴിഞ്ഞു.[21]

വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇനിയും പരിഹരിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യയും വിശ്വാസവും തുടര്‍ന്നും വ്യത്യസ്ത ധ്രുവങ്ങളില്‍ നീങ്ങുകയാണെങ്കില്‍ ഭാവിയില്‍ പുത്തന്‍ ആശങ്കകള്‍ ഇരുഭാഗത്തും വന്നുചേരും. സാങ്കേതികവളര്‍ച്ച വരുത്തുന്ന വിസ്ഫോടനങ്ങള്‍ വിവിധ മേഖലകളില്‍ വരുമ്പോള്‍ അന്ധാളിച്ചു നില്ക്കാതെ സ്വതന്ത്രമായി വര്‍ത്തിക്കാന്‍ മനുഷ്യനു സാധിക്കണം. ചുരുക്കത്തില്‍, നമുക്കു എത്തിച്ചേരാനുള്ള ലക്ഷ്യം ക്രിസ്തുവാണ്. ശാസ്ത്രസാങ്കേതികവിദ്യ അതിലേക്കുള്ള ഭൗതികമാര്‍ഗ്ഗം മാത്രം. മാര്‍ഗ്ഗം ഒരിക്കലും ക്രിസ്തുവെന്ന ലക്ഷ്യത്തേക്കാള്‍ ഉപരിയല്ല. ക്രിസ്തു വെറുമൊരു കെട്ടുകഥയും അടയാളവുമല്ല, പ്രത്യുത 'ആകുന്നവനാ'കുന്നു. അവിടുന്ന് 'ആകുന്നവനാ'ണെങ്കില്‍ അവിടുത്തേപോലെ മറ്റാരും ഉണ്ടാകേണ്ട ആവശ്യമില്ല; അത് സാധ്യവുമല്ല. ചരിത്രപുരുഷനായ ക്രിസ്തു യുഗപ്രഭാവവാനാണ്, പ്രപഞ്ചത്തിന്‍റെ സമഗ്രതയാണ്, നന്മകളുടെ പ്രഭവസ്ഥാനമാണ്. ക്രിസ്തുമാത്രമാണ് ഒരേയൊരു രക്ഷകന്‍; മറ്റാരേയും നമ്മള്‍ കാത്തിരിക്കേണ്ടതില്ല.

ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.

Notes
1 Stephen G. Post, “Transhuamanism and Posthumanism” in Encyclopedia of Bioethics, 3rd ed., vol.1, (New York, 2004) xviii.
2 Justin L. Barret, “Is the Spell Really Broken? Bio-Physical Explanation of Religion and Theistic Belief”, Theology and Science 05.03 (2007) 23.
3 Augustine Pamplany, (Ed.), “Rehumanizing the Human”(Bangalore, 2006) 56-58.
4 Derek C. Schuurman, “Faith in Technology”- A Paper presented on ‘Forming a Christian View of Computer Technology, Department of Computer Science, Redeemer University College, California, http://redeemeruc.org/computer_technology/html (access 25.10.2012) 2.
5 Derek C. Schuurman, “Faith in Technology”, 2.
6 Derek C. Schuurman, “Faith in Technology”, 2.
7 Cf. An article on “Technological Singularity,” http://en.wikipedia.org/wiki/Technological_singularity (access25.10.2012).
8 Cf. An article on “Technological Singularity,” http://en.wikipedia.org/wiki/Technological_singularity (access 25.10.2012).
9 Pankaj S. Joshy, “Naked Singularities”, Scientific American India 04.02 (2008) 28.
10 Cf. An article on “Secularislism” (December 11, 2008), http://en.wikipedia.org/wiki/Secularislism (access 25.10.2012).
11 Cf. John XXIII, Encyclical Letter Mater et Magistra, No.53.
12 Sebastian Chalackal, An Introduction to Christology (Kottayam, 2011) 118.
13 Rojer Height S.J.,The Future of Christology (New York, 2005) 182.
14 Sebastian Chalackal, An Introduction to Christology (Kottayam, 2011) 164.
15 Cf. Britt Gillete, “The Transhumanist movement”, (September 2012), http://www.brittgillette.com (access 25.10.2012).
16 Cf. Paul VI, Decree on Pastoral office of Bishops in Church- Christus Dominus,No.01.
17 Cf. John Paul II, Encyclical Letter Redemptoris Missio, No.05.
18 Cf. Benedict XVI, Encyclical Letter Caritas In Veritate, No.71.
19 Cf. Benedict XVI, Encyclical Letter Caritas In Veritate, No.68.
20 Cf. Benedict XVI, Encyclical Letter Caritas In Veritate, No.69.
21 Cf. P. Kesavan Nair, “Manushya Manassum kvantam Siddathantavum” (Kottayam, 2012) 48.

different faces of christ in the world of technology jizz kizhakkel CST Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message