We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 02-Jun-2021
യേശുവിന്റെ അമ്മയായ മറിയത്തിന് യേശുവിനെ കൂടാതെ വേറെയും മക്കൾ ഉണ്ടായിരുന്നതായി പാരമ്പര്യത്തിലോ ചരിത്രത്തിലോ കാണുന്നില്ല . മത്തായിയുടെ സുവിശേഷവിവരണത്തിൽ പുത്രനെ പ്രസവിക്കുന്നതുവരെ അവൻ അവളെ അറിഞ്ഞില്ല ( മത്താ 1:25 ) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ചിലരുടെ അഭിപ്രായത്തിൽ മറിയത്തിനു യേശുവിനെക്കൂടാതെ വേറെയും മക്കൾ ഉണ്ടായിരുന്നുവെന്നതിനു പരോക്ഷമായ തെളിവായി ഇതിനെ വ്യാഖ്യാനിക്കാറുണ്ട് . എന്നാൽ യാഥാർത്ഥ്യം അപ്രകാരമാകാൻ സാദ്ധ്യതകൾ ഇല്ലായെന്ന് മറ്റുചില സാഹചര്യങ്ങൾ വെളിപ്പെടുത്തുന്നു . മദ്ധ്യപൂർവ്വദേശങ്ങളിലെ ഒരു ഭാഷാപ്രയോഗമായി ഇതിനെ കണ്ടാൽ മതി . സാമുവലിന്റെ പുസ്തകത്തിൽ പറയുന്നു : മീഖൽ മരണംവരെ സന്താന രഹിതയായിരുന്നു ( 2 സാമു 6:23 ) . ഇതിന് മീഖലിന് മരണശേഷം കുട്ടികൾ ഉണ്ടായി - എന്നർത്ഥമില്ല . 1 തിമോത്തി 4:13 ൽ വിശുദ്ധ പൗലോസ് പറയുന്നു, 'ഞാൻ വരുന്നതുവരെ', എന്ന്, ഇതിന് വന്നതിനു ശേഷം വ്യത്യസ്ഥ രീതിയിൽ ആകാം എന്നർത്ഥമില്ല . 1 തിമോത്തി 6:14 ൽ പറയുന്നു കർത്താവായ യേശുക്രിസ്തു വരുന്നതുവരെ എന്ന് ,ഇതിന് യേശു വന്നതിനുശേഷം മറിച്ച് ആകാം എന്നർത്ഥമുണ്ടോ ? 1 കോറി 15:25ൽ പറയുന്നു : സകല ശത്രുക്കളെയും പാദസേവകർ ആക്കുന്നതുവരെ എന്ന് , അതിനാൽ അതിനുശേഷം നേരെ വിപരീതമായാണ് സംഭവിക്കുന്നത് എന്നർത്ഥമുണ്ടോ ? അതിനാൽ ഇത്തരത്തിലുള്ള പ്രയോഗം വിശുദ്ധഗ്രന്ഥത്തിലെ ഒരു ശൈലിയാണ് എന്ന് മനസ്സിലാക്കേണ്ടതേയുള്ളു . അല്ലാതെ അതിനുശേഷം സംഭവിക്കുന്നതെല്ലാം മുൻ സൂചിപ്പിച്ചവയിൽനിന്നും വ്യത്യസ്ഥമാണെന്നു വരുന്നില്ല . മത്തായിയുടെ സുവിശേഷം 13 : 53-55 - ൽ പറയുന്നു : ഇവൻ ആ തച്ചന്റെ മകനല്ലേ ? മറിയമല്ലെ ഇവന്റ അമ്മ ; യാക്കോബ് , ജോസഫ് , ശിമയോൻ , യൂദാസ് എന്നിവരല്ലെ ഇവന്റെ സഹോദരന്മാർ ? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിൽ ഉണ്ടല്ലോ .... മർക്കോസ് 6 : 3 ലും സമാനമായ വിവരണം കാണാം . ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം മത്തായി 27:56 ൽ പറയുന്നു : കുരിശിന്റെ ചുവട്ടിൽ യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും ഉണ്ടായിരുന്നു . മർക്കോസ് 15:40 പറയുന്നു : ചെറിയ യാക്കോബിന്റെയും ( Jacob the minor ) യൊസെയുടെയും അമ്മയായ മറിയവും അവിടെ ഉണ്ടായിരുന്നു . മേൽപറഞ്ഞ രണ്ടു വിവരണങ്ങളും ഏതാണ്ട് ഒരുപോലെയാണ് . മാത്രമല്ല , ഒരേകാര്യംതന്നെയാണ് സൂചിപ്പിക്കുന്നത് . ആയതിനാൽ ഇപ്പറഞ്ഞ പേരുകളുള്ള വ്യക്തികളുടെ അമ്മയായ മറിയവും യേശുവിന്റെ അമ്മയായ മറിയവും ഒരേ വ്യക്തി തന്നെയെന്ന് വിശ്വസിക്കുക പ്രയാസമാണ് . യേശുവിന്റെ സഹോദരങ്ങളെന്ന് അറിയപ്പെടുന്നവർ യേശുവിന്റെ അമ്മയായ മറിയത്തിന് ജനിച്ച മക്കൾ ആയിരിക്കണമെന്നില്ല . മറിയത്തിനു വേറെ മക്കൾ ഉണ്ടായിരുന്നുവെങ്കിൽ കുരിശിൻ ചുവട്ടിൽ യേശുവും മാതാവായ മറിയവും ശിഷ്യനായ യോഹന്നാനും തമ്മിലുണ്ടായ സംഭാഷണത്തിന് യാതൊരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല . കാരണം ചരിത്രപരമായി ചിന്തിച്ചാൽ മറിയത്ത് ഏറ്റെടു ക്കാൻ മറ്റു മക്കൾ കടന്നുവരേണ്ടതായിരുന്നു . യേശുവിന്റെ സഹോദരൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന യാക്കോബ് ( എ . ഡി . 46 ജീവിച്ചിരുന്ന കാലഘട്ടവുമായിരുന്നു അത് ( ഗലാ 1:19 ) . യേശുവിന്റെ സ്വന്തം സഹോദരനായിരുന്നെങ്കിൽ മറിയത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ അദ്ദേഹം വരേണ്ടതായിരുന്നു . യൊസെയും ചെറിയ യാക്കോബും സഹോദരങ്ങളായിരുന്നു എന്നു നേരത്തെ വിവരിച്ച കാര്യങ്ങളിൽനിന്നു മനസ്സിലാക്കാം . വിശുദ്ധഗ്രന്ഥത്തിൽ സഹോദരൻ , സഹോദരന്മാർ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ വ്യത്യസ്ഥരീതികളിൽ കാണാം . ലോത്ത് അബ്രാഹത്തിന്റെ സഹോദരപുത്രനായിരുന്നു . എന്നാൽ സഹോദരൻ എന്നാണ് അറിയപ്പെട്ടിരുന്നത് ( ഉത്പത്തി 11 : 27-31 ; 13 : 8 ; 14 : 14-16 ) . ഹീബ്രുഭാഷയിലെ “ മവ ' പലതരത്തിലുള്ള ബന്ധങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നു . ഹീബ്രുഭാഷയിൽ സഹോദരൻ /സഹോദരി - പുത്രിക്ക് ( cousin ) പ്രത്യേക പദമില്ല . ഇപ്രകാരമുള്ളവരെയെല്ലാം വിളിച്ചിരുന്നത് ബെൻ- ദോദ് എന്നാണ് . ഗ്രീക്കു പഴയ നിയമം ഉൽപത്തി പുസ്തകത്തിലെ അബ്രാഹത്തിന്റെയും ലോത്തിന്റെയും ബന്ധത്തിന്റെ കാര്യം പറയുമ്പോൾ അദേൽഫോസ് എന്ന പദമാണ് ഉപയോഗിക്കുന്നത് . പഴയനിയമത്തിൽ ഒരേമാതാപിതാക്കളിൽനിന്നും ജനിച്ചവരെമാത്രമല്ല സഹോദരൻ എന്നു വിളിച്ചിരുന്നത് . ഒരേ വർഗ്ഗത്തിലും , ഗോത്രത്തിലും , കൂട്ടുകുടുംബത്തിലും പെട്ടവരെ സഹോദരങ്ങൾ എന്നാണ് വിളിച്ചിരുന്നത് . ഗ്രീക്കുഭാഷയുമായി തുലനം ചെയ്യുമ്പോൾ Cousin ബന്ധം സൂചിപ്പിക്കാൻ വിവിധ പദങ്ങളുണ്ട് . എന്നാൽ സുവിശേഷങ്ങൾ അദേൽഫോസ് ( Adelphos ) എന്ന പദമാണ് യേശുവിനോടു ബന്ധമുള്ള എല്ലാവരെയും കാണിക്കാൻ ഉപയോഗിക്കുന്ന ത് . അദേൽഫോസ് എന്നപദം ഒരമ്മയിൽനിന്നുള്ള മക്കൾ എന്നു ദ്യോദിപ്പിക്കുന്ന സഹോദരൻ ( real brother ) എന്നർത്ഥത്തിലാണ് സാധാരണയായി ഉപയോഗിക്കുന്നത് .
പുതിയ നിയമത്തിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച എല്ലാവരും പരസ്പരം സംബോധന ചെയ്തിരുന്നത് സഹോദരാ / സഹോദരി എന്നായിരുന്നു . പുതിയനിയമത്തിൽ ഏതാണ്ട് 160 പ്രാവശ്യം ഇപ്രകാരം ഉപയോഗിക്കുന്നതായികാണാം . യേശുതന്നെ പറഞ്ഞു ദൈവവചനം അനുസരിച്ചു ജീവിക്കുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും എന്ന് ( മത്താ 12 ; 50 ; മർക്കോ 3:35 ; ലൂക്കാ 8:21 ) . ഇപ്രകാരം ചിന്തിക്കുമ്പോൾ ഇവിടെ പരാമർശന വിഷയമാകുന്ന സഹോദരങ്ങൾ എന്ന പദം പ്രയോഗത്തിൽ അതിന്റെ വാച്യാർത്ഥത്തിലുള്ള ഉപയോഗമല്ലെന്നു സുവിദിതമാണ് . എന്നാൽ യേശുവിനെ അടുത്ത് അനുകരിക്കുന്നവർക്കെല്ലാം പരസ്പരം ഒരമ്മയുടെ മക്കൾ എന്നപോലെ അടുപ്പവും ബന്ധവും ഉണ്ടായിരുന്നതായും കാണാം . - സഭയുടെ പാരമ്പര്യപഠനങ്ങളുടെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ ചുരുക്കം ചില വിമർശനങ്ങൾ ഒഴികെ വസ്തുതാപരമായി ആരും ഇതിനെ ചോദ്യംചെയ്തിരുന്നതായികാണുന്നില്ല . മറിയത്തിന്റെ കന്യാത്വത്തെക്കുറിച്ച് വിശ്വാസപരമായി ഒരേ അഭിപ്രായമായിരുന്നു എല്ലാവർക്കും . അത് യേശുവിന്റെ ജനനത്തിനുമുമ്പും അതിനുശേഷവും മറിയം സമ്പൂർണ്ണമായും ദൈവത്തിനുമാത്രം സമർപ്പിതയായിരുന്നു എന്നാണ് . ഈ വിഷയം സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തിയിട്ടുള്ള മെയിയർ ( Meier ) എന്ന് പണ്ഡിതന്റെ അഭിപ്രായത്തിൽ മർക്കോസ് 3 : 20-22 ൽ പറയുന്ന അവന്റെ സ്വന്തക്കാർ എന്നു പറയുന്നവർ മറിയത്തിന്റെ മക്കളായ യേശുവിന്റെ ഇളയസഹോദരന്മാർ ആയിരിക്കാൻ ഇടയില്ല . കാരണം അന്നാട്ടിലെ സംസ്കാരശൈലിയനുസരിച്ച് ഇളയ സഹോദരങ്ങൾ ഒരിക്കലും ഇത്തരത്തിലുള്ള ഒരു പ്രവൃത്തിക്കുതുനിയില്ല . മാത്രമല്ല , യേശു പ്രഥമ സന്താനമാണെന്ന സൂചന യേശുവിന്റെ ശൈശവത്തെകുറിച്ചുള്ള വിവരണത്തിൽനിന്നും മനസ്സിലാക്കാനും കഴിയും . ഏതായാലും യേശുവിനു പന്ത്രണ്ടു വയസ്സായ സമയംവരെ മറിയത്തിനു മറ്റുകുട്ടികൾ ഉണ്ടായിരുന്നതായും തെളിവുകൾ ഇല്ല . ഉണ്ടായിരുന്നെങ്കിൽ യേശുവിനെ ദൈവാലയത്തിൽ കാണാതായ സംഭവം വിവരിക്കുന്ന സന്ദർഭത്തിൽ സ്വാഭാവികമായും അക്കാര്യം പ്രതിപാദനാവിഷയമാകുമായിരുന്നു . വിശുദ്ധഗ്രന്ഥത്തിൽനിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ ഉത്തരം കണ്ടെത്താൻ പ്രയാസമാണെങ്കിലും ക്രൈസ്തവസമൂഹം രൂപംകൊണ്ട ആദിമ കാലംമുതൽ സഭയുടെ പാരമ്പര്യത്തിന്റെയും പഠനത്തിന്റെയും ഭാഗമാണ് മറിയത്തിന് മറ്റുമക്കൾ ഉണ്ടായിരുന്നില്ലായെന്നും മറിയം നിത്യകന്യകയായിരുന്നുവെന്നതും . പഴ യനിയമത്തിലെ മോശ തനിക്കുണ്ടായ ദൈവാനുഭവത്തിനുശേഷം ഭാര്യയുമായുള്ള ബന്ധത്തിൽനിന്ന് ഒഴിവായിനിന്നിരുന്നു . തനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ ആദർശപൂർണ്ണമായ ഒരു തീരുമാനം മോശ എടുത്തെങ്കിൽ തന്റെ മാംസരക്തവികാരങ്ങളോടു ചേർത്ത് വചനാനുഭവത്തിൽ ജീവിച്ച മറിയം എപ്രകാരം തന്റെ ഭൗതികവും ശാരീരികവുമായ ബന്ധത്തിൽനിന്നും ഒഴിവാകുകയായിരുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളു . ആയതിനാൽ സഭ മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതുപോലെ മറിയം യേശുവിനു ജന്മം നല്കിയപ്പോഴും അതിനുശേഷവും കന്യകയായിരുന്നു . യേശുവിന്റെ സഹോദരന്മാരെക്കുറിച്ചുള്ള പരാമർശനം മാതാവിൽ നിന്നും ജനിച്ച വരെക്കുറിച്ചല്ല അത് മറ്റൊരുമറിയത്തിന്റെ മക്കളായിരുന്നു ; അവർ യേശുവിന്റെ അടുത്ത ബന്ധുക്കളായിരുന്നു .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)
children jesus mother mary virgin mary Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206