We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. George Panamthottam CMI On 17-Oct-2022
പഴയനിയമ പൗരോഹിത്യം പുതിയ നിയമത്തിൽ ക്രിസ്തുവിലൂടെ പൂർണ്ണമാക്കപ്പെടുന്നു. മോശവഴി അഹറോനിലൂടെ ദൈവം ലേവ്യപൗരോഹിത്യം ഇസ്രായേലിൽ സ്ഥാപിക്കുന്നതായി പഴയനിയമത്തിൽ നാം കാണുന്നു. ലേവ്യപൗരോഹിത്യം ക്രിസ്തുവിലൂടെ വരാനിരുന്ന നിത്യ പൗരോഹിത്യത്തിന്റെ മുന്നോടിയാണ്. "ലേവ്യ പൗരോഹിത്യം വഴിയാണല്ലോ ജനങ്ങൾക്ക് നിയമം നല്കപ്പെട്ടത്. ആ പൗരോഹിത്യം വഴി പൂർണത പ്രാപിക്കാൻ കഴിയുമായിരുന്നെങ്കിൽ, അഹറോന്റെ ക്രമത്തിൽ നിന്ന് വ്യത്യസ്തമായി മെൽക്കിസദേക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ ഉണ്ടാവുക ആവശ്യമായിരുന്നോ? പൗരോഹിത്യത്തിൽ വ്യത്യാസം വരുമ്പോൾ നിയമത്തിലും അവശ്യം മാറ്റം വരുന്നു” (ഹെബ്ര.7 : 11,12). പഴയ നിയമ പൗരോഹിത്യവും പുതിയ നിയമ പൗരോഹിത്യവും തമ്മിലുള്ള കാതലായ വ്യത്യാസം ബലിയർപ്പകനിലും ബലിവസ്തുവിലുമാണ്. പഴയ നിയമത്തിൽ ബലിയർപ്പകൻ പുരോഹിതനായിരുന്നു. ബലിവസ്തു പക്ഷികൾ, മൃഗങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയും. എന്നാൽ, പുതിയ നിയമത്തിൽ ബലിയർപ്പകനും ബലിവസ്തുവും ഒരാൾ തന്നെയാണ്. നിത്യപുരോഹിതനായ ക്രിസ്തു സ്വയം ബലി വസ്തുവായി ബലിയർപ്പിക്കുകയാണിവിടെ.
ക്രിസ്തു നിത്യപുരോഹിതനാണ്. “എന്തെന്നാൽ നീ മൽക്കിസദേക്കിന്റെ ക്രമപ്രകാരം എന്നേയ്ക്കും പുരോഹിതനാകുന്നു". (ഹെബ്ര. 5:6, ഹെബ്ര. 7:17, സങ്കീ. 110:4). പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളിൽ നിന്ന് വേർതിരിക്കപ്പെട്ടവനും സ്വർഗ്ഗത്തിനുമേൽ ഉയർത്തപ്പെട്ടവനുമായ ഒരു പ്രധാന പുരോഹിതൻ നമ്മുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു. അന്നത്തെ പ്രധാന പുരോഹിതന്മാരെപ്പോലെ, ആദ്യമേ സ്വന്തം പാപങ്ങൾക്കുവേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങൾക്കു വേണ്ടിയും അനുദിനം അവൻ ബലിയർപ്പിക്കേണ്ടതില്ല. അവൻ തന്നെത്തന്നെ അർപ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കൽ ബലിയർപ്പിച്ചിരിക്കുന്നു.” (ഹെബ്രാ. 7 :26, 27). ഈ ബലിയർപ്പണം പൂർണ്ണമാണ്. ഹെബ്രായ ലേഖനത്തിൽ പറയുന്നു: “മുൻകാലങ്ങളിൽ അനേകം പുരോഹിതന്മാരുണ്ടായിരുന്നു. എന്നാൽ, ശുശ്രൂഷയിൽ തുടരാൻ മരണം അവരെ അനുവദിച്ചില്ല. യേശുവാകട്ടെ എന്നേയ്ക്കും നിലനിൽക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറ്റപ്പെടുന്നില്ല” (ഹെബ്ര. 7: 23,24).
ക്രിസ്തുവിന്റെ പൗരോഹിത്യം കൈമാറ്റപ്പെടുന്നില്ലെങ്കിൽ അവിടുത്തോടുകൂടി പൗരോഹിത്യം അവസാനിച്ചോ? ഇല്ല. അവിടുത്തെ പൗരോഹിത്യം കൈമാറ്റപ്പെടുന്നില്ലെങ്കിലും ക്രിസ്തു തന്റെ നിത്യപൗരോഹിത്യത്തിൽ പങ്കുകാരാകാൻ ചിലരെ തെരഞ്ഞെടുക്കുന്നുണ്ട്. ആദ്യം അപ്പസ്തോലന്മാരെയും പിന്നീട് അവരുടെ പിൻഗാമികളെയുമാണ് അവിടുന്നു തെരഞ്ഞെടുത്തത്. തന്റെ ബലിയർപ്പണത്തിലൂടെ നേടിയെടുത്ത പാപമോചനവും രക്ഷയും എല്ലാമനുഷ്യർക്കും ലഭ്യമാക്കുന്നതിനുവേണ്ടിയാണു ക്രിസ്തു തന്റെ പൗരോഹിത്യത്തിലും ബലിയർപ്പണത്തിലും സഭയെ മുഴുവൻ പങ്കാളിയാക്കുന്നത്.
ക്രിസ്തുവിന്റെ നിത്യപുരോഹിത്യത്തിലുള്ള പങ്കാളിത്തം മൂലം സഭയെ പുരോഹിതഗണം എന്നാണു വിശുദ്ധ പത്രോസ് അഭിസംബോധന ചെയ്യുന്നത്. “നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്” (1 പത്രോ. 2:9). “യേശു ക്രിസ്തുവഴി ദൈവത്തിനു സ്വീകാര്യമായ ബലിയർപ്പിക്കുന്നതിനു വിശുദ്ധമായ ഒരു പുരോഹിതജനമാവുകയും ചെയ്യട്ടെ” (1 പത്രോ. 2:5). പുതിയ നിയമത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുകയും ജ്ഞാനസ്നാനത്തിലൂടെ അവിടുത്തെ മരണത്തിലും ഉത്ഥാനത്തിലും പങ്കാളികളാകുകയും ചെയ്യുന്ന എല്ലാവരും പുരോഹിതരാണ്. ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിൽ പങ്കുചേരുന്നതുകൊണ്ടു സത്യവിശ്വാസികളെല്ലാം രാജകീയ പുരോഹിതരാണ്. “നമ്മെ സ്നേഹിക്കുകയും സ്വന്തം രക്തത്താൽ നമ്മെ പാപത്തിൽനിന്ന് മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരുമാക്കുകയും ചെയ്തവന് മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേൻ (വെളി. 1: 5,6).
ദൈവജനത്തിന്റെ ഈ പൊതു പൗരോഹിത്യത്തിൽ നിന്നും വ്യത്യസ്തമാണു വൈദികരുടെ ശുശ്രൂഷാപൗരോഹിത്യം. ഇവ രണ്ടും ക്രിസ്തുവിന്റെ നിത്യപൗരോഹിത്യത്തിലുള്ള പങ്കുചേരലാണെങ്കിലും ശുശ്രൂഷാപൗരോഹിത്യം പൊതു പൗരോഹിത്യത്തിൽ നിന്ന് വ്യത്യസ്തമാണെന്നു ഹെബ്രായ ലേഖനം വ്യക്തമാക്കുന്നു. “ജനങ്ങളിൽ നിന്ന് ജനങ്ങൾക്കു വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതൻ, ദൈവിക കാര്യങ്ങൾക്കു നിയമിക്കപ്പെടുന്നത് പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അർപ്പിക്കാനാണ്” (ഹെബ്രാ. 5:1). ക്രിസ്തു കാൽവരിയിൽ അർപ്പിച്ച ബലിയിൽ പങ്കുചേരാൻ ദൈവജനത്തിന് അവസരം നല്കുകയാണ് ശുശ്രൂഷാ പുരോഹിതൻ. പുതിയ നിയമത്തിലെ പുരോഹിത ശുശ്രൂഷയെക്കുറിച്ച് വിശുദ്ധ പൗലോസ് പറയുന്നു. “വിജാതീയരാകുന്ന ബലിവസ്തു സ്വീകാര്യവും പരിശുദ്ധാത്മാവിനാൽ പവിത്രീകൃതവും ആകാൻ വേണ്ടി ഞാൻ ദൈവത്തിന്റെ സുവിശേഷത്തിന് പുരോഹിത ശുശ്രൂഷ ചെയ്യുന്നു” (റോമ. 15 :16).
ക്രിസ്തു, അവിടുത്തെ നിത്യപൗരോഹിത്യത്തിൽ പങ്കുകാരായി ശുശ്രൂഷകൾ നിർവഹിക്കാൻ പ്രത്യേകം ചിലരെ തിരഞ്ഞെടുക്കുന്നതായി വിശുദ്ധ ഗ്രന്ഥത്തിൽ കാണാൻ കഴിയും (മത്തായി 4 : 18-22, മർക്കോ. 1 : 16-20, ലൂക്കാ 5:11, യോഹ. 1 : 35-49). തന്നോടുകൂടെ ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയക്കുന്നതിനും പിശാചുകളെ ബഹിഷ്കരിക്കാൻ അധികാരം നല്കുന്നതിനുമായി (മർക്കോ 3 : 14, 15) അവിടുന്ന് ചിലരെ തിരഞ്ഞെടുത്ത് നിയോഗിക്കുന്നു. അവിടുന്ന് അവർക്ക് ദൗത്യങ്ങൾ നല്കി. “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു" (യോഹ. 2:21). “നിങ്ങൾ ആരുടെ പാപം ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും" (യോഹ. 21:23). വിശുദ്ധ പൗലോസ് പറയുന്നു: “ഞങ്ങൾ ക്രിസ്തവിന്റെ സ്ഥാനപതികളാണ്" (1 കോറി. 5: 19). “ക്രിസ്തുവിന്റെ ദാസന്മാരും ദൈവരഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമായിട്ടാണ് ഞങ്ങളെ പരിഗണിക്കേണ്ടത്” (1 കോറി. 4:1). ക്രിസ്തു സ്വന്തം രക്തത്താൽ വീണ്ടെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാൻ പരിശുദ്ധാത്മാവ് നിയോഗിക്കുന്ന അജപാലകരാണ് വൈദികർ (അപ്പ. 20:28). ഈ കാരണങ്ങളാൽ, ശുശ്രൂഷ പൗരോഹിത്യം ക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ടതാണെന്നും അതു തികച്ചും തിരുവചനാധിഷ്ഠിതവുമാണെന്നും നാം മനസിലാക്കുന്നു.
കത്തോലിക്കാ സഭയിലെ ശുശ്രൂഷാ പൗരോഹിത്യം വചനാധിഷ്ഠിതമാണോ? ക്രിസ്തുവിന്റെ ആഗമനത്തോടെ പൗരോഹിത്യം അവസാനിച്ചോ? Living faith series : 7 (ചോദ്യം:1) ഹെബ്ര.7 : 11 ഹെബ്ര. 5:6 ഹെബ്ര. 7:17 സങ്കീ. 110:4 ഹെബ്രാ. 7 :26 1 പത്രോ. 2:9 വെളി. 1: 5 ലൂക്കാ 5:11 യോഹ. 1 : 35-49 മത്തായി 4 : 18-22 മർക്കോ. 1 : 16-20 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206