We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. George Karukapparampil On 30-Jan-2021
'മരിയാലീസ്കുള്‍ത്തൂസ്" എന്ന അപ്പസ്തോലിക് പ്രബോധനവും "രക്ഷകന്‍റെ അമ്മ" എന്ന ചാക്രികലേഖനവും പൗരസ്ത്യ-പാശ്ചാത്യസഭകള്‍ക്കു വിശ്വാസത്തിലും ആരാധനയിലും യോജിപ്പുണ്ടെന്നും കന്യകാമറിയം എല്ലാവരുടെയും പൊതുമാതാവാണെന്നും ഐക്യത്തിന്‍റെ മാതാവാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പൗരസ്ത്യരും പാശ്ചാത്യരും പരസ്പരം കൈമാറിയതിരുനാളുകള്‍
മരിയഭക്തിയില്‍ പൗരസ്ത്യസഭയും പാശ്ചാത്യസഭയും പരസ്പരം സ്വാധീനിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൗരസ്ത്യസഭയാണു പാശ്ചാത്യസഭയുടെമേല്‍ മരിയശാസ്ത്രത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ളത്. അതുകൊണ്ടാണു ജറുസലേംസഭ മരിയന്‍ തിരുനാളുകളുടെ കാര്യത്തില്‍ മറ്റു സഭകളുടെ മാതാവാണെന്നു പറയുന്നത്. പാശ്ചാത്യ കത്തോലിക്കാ സഭയിലെ മരിയന്‍ തിരുനാളുകള്‍ പൗരസ്ത്യ കത്തോലിക്കാ സഭകളില്‍ വളരെ വിരളമായി സ്വീകരിച്ചിട്ടുണ്ട്. പാശ്ചാത്യസഭ പലതിരുനാളുകള്‍ പൗരസ്ത്യസഭയില്‍നിന്നു സ്വീകരിച്ചെങ്കിലും പൗരസ്ത്യസഭകളുടെ ആരാധനാ സവിശേഷതയോ തിരുക്കര്‍മ്മഗാനങ്ങളുടെ ധന്യതയോ അധികം ഉള്‍ക്കൊണ്ടിട്ടില്ല. പരിശുദ്ധ അമ്മയെ പൗരസ്ത്യര്‍ ബഹുമാനിക്കുന്ന രീതികണ്ട് പാശ്ചാത്യര്‍ അദ്ഭുതസ്തബ്ധരായിനില്‍ക്കുന്നു എന്നതാവാം കൂടുതല്‍ യാഥാര്‍ത്ഥ്യം.
പൗരസ്ത്യസഭകളിലെ ആരാധനയും ഭക്താഭ്യാസവും തമ്മിലുള്ള ആഴമായ ബന്ധം റോമന്‍ റീത്തില്‍ വ്യക്തമല്ല. ആരാധനയും മരിയഭക്താഭ്യാസവും തമ്മിലുള്ള ബന്ധം മറ്റുള്ളവര്‍ക്കു മനസ്സിലാക്കാന്‍ എളുപ്പമാകണമെന്നില്ല. മരിയഭക്തിയുടെ വളര്‍ച്ചയെപ്പറ്റിയും സ്വാധീനത്തെപ്പറ്റിയും പലപഠനങ്ങളും ഉണ്ടായിട്ടുണ്ട്.
റിതംതോരിസ് മാത്തര്‍ "രക്ഷകന്‍റെ അമ്മ", "Ecclesiastca Diplomatica" എന്നീ രേഖകളില്‍ (വത്തിക്കാന്‍ 1987) വിവിധ റീത്തുകളിലെ മരിയന്‍ തിരുന്നാളുകളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ക്രിസ്തുവുമായി ബന്ധപ്പെട്ട മംഗളവാര്‍ത്ത, തിരുപ്പിറവി, ഈശോയുടെ ദൈവാലയസമര്‍പ്പണം എന്നിവ പൗരസ്ത്യരും പാശ്ചാത്യരും പൊതുവായി ആഘോഷിക്കുന്നവയാണ്. എന്നാല്‍, ഈശോയ്ക്കോ മറിയത്തിനോ ആര്‍ക്കാണു പ്രാധാന്യം നല്‍കുന്നത് എന്നതില്‍ വ്യത്യാസമുണ്ടെന്നും പഠനത്തില്‍ വ്യക്തമായികാണാം.
ജറുസലേമില്‍ ആരംഭിച്ചവ
മറിയത്തെ സംബന്ധിച്ച തിരുനാളുകളായ അന്നാ ഉമ്മയുടെ ഉദരത്തില്‍ മറിയം ജനിക്കുന്നത്, മറിയത്തിന്‍റെ ജനനം, ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നത്, സ്വര്‍ഗ്ഗത്തിലേയ്ക്കെടുക്കപ്പെടുന്നത് എന്നിവ ജറുസലേം സഭയില്‍ ആരംഭിച്ചു മറ്റു സഭകളിലേയ്ക്കു പ്രചരിച്ചതാണ്. ഒരുപക്ഷേ, ദൈവശാസ്ത്രത്തിലും ആഘോഷരീതിയിലും തീയതിയിലും ഓരോ സഭയിലും വ്യത്യാസം കണ്ടെന്നു വരാം. മറിയത്തിന്‍റെ മരണം ജനുവരിയിലും സ്വര്‍ഗ്ഗാരോപണം ആഗസ്റ്റിലും ഏതാണ്ട് 206 ദിവസം അകന്ന് ആഘോഷിക്കുന്നതു ശ്രദ്ധാര്‍ഹമാണ്. അലക്സാണ്‍ഡ്രിയായിലെ തിയഡോഷ്യസ് (566) ഈ രീതിക്കു സാക്ഷ്യം നല്‍കുന്നുണ്ട്. മറിയത്തിന്‍റെ തിരുശേഷിപ്പുകളായി അങ്കിയും അരക്കെട്ടും കണ്ടു ബഹുമാനിക്കുന്ന രീതി കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ ആരംഭിച്ച് ബൈസന്‍റയിന്‍ സഭയില്‍ പ്രചരിച്ചിരുന്നു. പ്രാദേശികതലത്തില്‍ റോമന്‍ സഭയിലും ഈ ദൃശ്യവണക്കം കാണാവുന്നതാണ്. അര്‍മ്മേനിയന്‍ റീത്തിലും പാശ്ചാത്യസുറിയാനി റീത്തിലും മറിയത്തെ ഈ രീതിയിലുള്ള തിരുശേഷിപ്പുകള്‍ വഴി ബഹുമാനിക്കുന്നുണ്ട്. മറിയത്തിന്‍റെ ഐക്കണും മറ്റു ചിത്രങ്ങളും വഴി അദ്ഭുതങ്ങള്‍ നടക്കുന്നതായിക്കാണുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിലെ മരിയനാമത്തിലുള്ള ദൈവാലയങ്ങള്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളായി തീര്‍ന്നിട്ടുണ്ട് പൗരസ്ത്യസഭയിലും.
മറ്റു തിരുനാളുകള്‍
സ്ലാവ് ക്രിസ്ത്യാനികളുടെ ഇടയില്‍ "സജീവ അരൂപി"യായി മറിയത്തെ പെസഹാ വെള്ളിയാഴ്ച അനുസ്മരിക്കുന്നതും അവളുടെ ബഹുമാനാര്‍ത്ഥമുള്ള ഒരു കീര്‍ത്തനം പഠിപ്പിക്കുവാന്‍ മറിയം പ്രത്യക്ഷപ്പെട്ടതിന്‍റെ തിരുനാള്‍ ആചരിക്കുന്നതും ശ്രദ്ധാര്‍ഹമാണ്. ഏത്യോപ്യന്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ "കാരുണ്യത്തിന്‍റെ ഉടമ്പടി" (Kedana Mehrat ) എന്ന പേരില്‍ ഏറ്റവും പ്രധാനമായ ഒരു തിരുനാളും ആഘോഷിക്കുന്നുണ്ട്. പാശ്ചാത്യസഭയിലുള്ള ഈ ദൃശ്യതിരുനാളുകള്‍ രണ്ടാം സഹസ്രാബ്ദത്തില്‍ തുടങ്ങിയവയാണ് (ഉദാഹരണം- ജപമാല, മറിയത്തിന്‍റെ രാജ്ഞിത്വം, മറിയത്തിന്‍റെ വിമലഹൃദയം, വ്യാകുലമാതാവ്). പൗരസ്ത്യസഭകളില്‍ ഈ തിരുനാളുകള്‍ ഇപ്പോള്‍ ആഘോഷിക്കുന്നുണ്ട്.
കൃഷിയും കര്‍ഷകരുമായി ബന്ധപ്പെട്ട മൂന്നു തിരുനാളുകള്‍ പാശ്ചാത്യസുറിയാനി സഭയില്‍ കാണാം-വിത്തിന്‍റെ മാതാവ് (ജനുവരി മാസം) കതിരിന്‍റെ മാതാവ് (മെയ് മാസം) ഫലത്തിന്‍റെ മാതാവ് (മുന്തിരിങ്ങ മാതാവ്-ഓഗസ്റ്റ് മാസം). പൗരസ്ത്യസുറിയാനി സഭയിലും കൃഷിയോടുബന്ധപ്പെട്ടു മറിയത്തിന്‍റെ തിരുനാളുകളുണ്ട്. ഏത്യോപ്യന്‍ സഭയിലെ "മീറയുടെയും ഗ്രാമ്പുവിന്‍റെയും തോട്ടം" എന്ന ശീര്‍ഷകത്തില്‍ മറിയത്തെ ബഹുമാനിക്കുന്നു.
കര്‍ത്താവിന്‍റെ തിരുനാളുകളോടനുബന്ധിച്ചുള്ള മാതാവിന്‍റെ അനുസ്മരണകാലം പൗരസ്ത്യസഭകളിലും പാശ്ചാത്യസഭയിലും ദൃശ്യമാണ്. "സുബാറാ" എന്ന പേരില്‍ സുറിയാനിസഭകളിലും "കിയാക്" എന്ന പേരില്‍ കോപ്റ്റിക്സഭയിലും "ആഗമനകാലം" എന്ന പേരില്‍ ലത്തീന്‍ സഭകളിലും ഉള്ള കാലഘട്ടങ്ങള്‍ ഈ രീതിയിലുള്ളവയാണ്. ആരാധനക്രമവത്സരത്തില്‍ മറിയത്തിന്‍റെ നിദ്ര, സ്വര്‍ഗ്ഗാരോപണം, കടന്നുപോകല്‍ എന്നീ പേരുകളിലറിയപ്പെടുന്ന തിരുനാളുകള്‍ക്ക് ഒരുക്കമായി നോമ്പും തുടര്‍ന്നുള്ള എട്ടാമിടവും പൊതുവായിട്ടുള്ളതാണ്. മെയ്മാസവണക്കം അക്കാലത്തെ ആരാധനക്രമവത്സരവുമായി ചേര്‍ന്നുപോകാത്തതുമാണ്.
ആഴ്ചയിലെ അനുസ്മരണം
ആഴ്ചയിലൊരു ദിവസം മറിയവണക്കത്തിനായി നിയോഗിക്കുന്നരീതി പൗരസ്ത്യസഭകളില്‍ ദൃശ്യമാണ്. ബൈസന്‍റയിന്‍ സഭ, പാശ്ചാത്യ സുറിയാനി സഭ, അര്‍മേനിയന്‍ സഭ എന്നിവ ബുധനാഴ്ച മറിയത്തെ അനുസ്മരിക്കുന്നു. ബുധനാഴ്ചയാണു മറിയം ജനിച്ചതെന്നും മംഗളവാര്‍ത്ത സ്വീകരിച്ചതെന്നും മരിച്ചതെന്നുമുള്ള പാരമ്പര്യമാണിതിനാധാരം. 10-ാം നൂറ്റാണ്ടുമുതല്‍ പാശ്ചാത്യസഭയില്‍ മറിയത്തെ ശനിയാഴ്ച അനുസ്മരിക്കുന്നു. കര്‍ത്താവിന്‍റെ ഉത്ഥാനദിവസമായ ഞായറാഴ്ചയുടെ തലേദിവസം മാതാവ് വിശ്വാസത്തോടെ കര്‍ത്താവിനെ കാത്തിരുന്നതാവാം ഈ ദിനമാചരിക്കാന്‍ കാരണം.
മരിയന്‍ തിരുനാളുകള്‍ ലത്തീന്‍സഭയില്‍
വിശുദ്ധരോടും പരി. കന്യകമറിയത്തോടുമുള്ള ബഹുമാനവും ഭക്തിയും പ്രകടിപ്പിക്കുന്നതിനും വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമായി പലമാര്‍ഗ്ഗങ്ങള്‍ വിശ്വാസികള്‍ ഉപയോഗിച്ചു വന്നിരുന്നു. അതില്‍ പ്രധാനമായ ഒന്നാണു തിരുന്നാളാഘോഷങ്ങള്‍. കര്‍ത്താവിന്‍റെതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ തിരുനാളുകള്‍ ആഘോഷിക്കുന്നതു പരി. കന്യകാമറിയത്തിന്‍റെ നാമത്തിലാണ്. ഒരേ തിരുനാളുതന്നെ കത്തോലിക്ക, ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളിലും, പാശ്ചാത്യപൗരസ്ത്യസഭകളിലും വ്യത്യാസപ്പെട്ട തീയതികളില്‍ ആഘോഷിച്ചു വരുന്നു. ആദ്യനൂറ്റാണ്ടുകളില്‍ത്തന്നെ പല തിരുനാളുകളും പരി. കന്യകാമറിയത്തിന്‍റെ നാമത്തില്‍ ആഘോഷിച്ചു വന്നിരുന്നു.
രണ്ടാം നൂറ്റാണ്ടുമുതല്‍, ജനുവരി 6-ാം തീയതി ഈശോയുടെ ജനനത്തിന്‍റെയും ബാല്യകാലത്തിന്‍റെയും തിരുനാളായി സഭ ആഘോഷിച്ചിരുന്നു. നാലാം നൂറ്റാണ്ടായപ്പോഴേയ്ക്കും ഈശോയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്ന തിരുനാള്‍ ജെറുസലേമില്‍ ആഘോഷിച്ചിരുന്നതായി ഏജേറിയ എന്ന സ്പാനിഷ് തീര്‍ത്ഥാടക സാക്ഷ്യപ്പെടുത്തുന്നുണ്ട്. A.D. 400-ാം ആണ്ടിനുമുമ്പു പാലസ്തീനായ്ക്കു പുറത്തുള്ള പൗരസ്ത്യസഭകളില്‍ ഡിസംബര്‍ 25ന് കര്‍ത്താവിന്‍റെ ജനനത്തിരുനാള്‍ കൊണ്ടാടിയിരുന്നു.
മംഗളവാര്‍ത്തക്കാലത്തും ക്രിസ്തുമസ്സിനോടനുബന്ധിച്ചും മറിയത്തിനു പ്രത്യേകമായിട്ടുള്ള അനുസ്മരണം ഉണ്ടായിരുന്നു. ഡിസംബര്‍ 26-ാം തീയതി ദൈവമാതാവിന്‍റെ ഒരു തിരുനാളുതന്നെ ആഘോഷിച്ചു. റോമന്‍സഭ ജനുവരി ഒന്ന് മാതാവിന്‍റെ ജനനത്തിരുനാളായി ആഘോഷിച്ചു പോരുന്നു (600). ഗാള്ളിയ്ക്കന്‍ സഭ (ഫ്രാന്‍സ്) ജനുവരി 18 മാതാവിന്‍റെ തിരുനാളായി ഏഴാം നൂറ്റാണ്ടു മുതല്‍ ഘോഷിച്ചുപോന്നു. ഈശോയുടെ ജനനത്തിരുനാളിനോടനുബന്ധിക്കാതെ ആദ്യമായിട്ടു ദൈവമാതാവായ മറിയത്തിന്‍റെ തിരുനാള്‍ ജറുസലേം സഭയില്‍ 430-ാമാണ്ടോടുകൂടി ആഘോഷിച്ചു. ഈ തിരുനാള്‍ ആഗസ്റ്റ് 15ന് ആയിരുന്നു. ബെത്ലഹേമിലേയ്ക്കു പോകുന്നവഴി വി. യൗസേപ്പും മറിയവും വിശ്രമിച്ചു എന്നു കരുതുന്ന സ്ഥലത്താണ് ഒരു ദൈവാലയം പണികഴിപ്പിച്ചു തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയത്. ജറുസലേമിലെ ജുവനാല്‍ മെത്രാന്‍, ഒലിവുമലയില്‍ മറിയം ജീവിച്ചു മരിച്ചു എന്നു കരുതപ്പെടുന്ന സ്ഥലത്ത്, ഒരു ദൈവാലയം പണിതതോടെ "മറിയത്തിന്‍റെ ഉറക്കം" (സ്വര്‍ഗ്ഗാരോപണം) അവിടെ തിരുനാളായി ആഘോഷിച്ചു തുടങ്ങി. നാലാം നൂറ്റാണ്ടില്‍ മറിയത്തിന്‍റെ പിറവി, ദൈവാലയ സമര്‍പ്പണം എന്നീ രണ്ടു തിരുനാളുകള്‍കൂടി ആരംഭിച്ചു. ProtomEvangelium ത്തിന്‍റെ സ്വാധീനത്തില്‍ സെപ്തംബര്‍ 8 ഉം, നവംബര്‍ 24 ഉം ഈ തിരുനാളുകളായി. 550 നോടുകൂടി ജറുസലേമില്‍ത്തന്നെ മാര്‍ച്ച് 25ന് മംഗലവാര്‍ത്തതിരുനാള്‍ ആരംഭിച്ചതായി കരുതപ്പെടുന്നു. ഏഴാം നൂറ്റാണ്ടോടുകൂടി മാതാവിന്‍റെ ഈ നാലുതിരുനാളുകള്‍ (ഫെബ്രുവരി 2, മാര്‍ച്ച് 25, ആഗസ്റ്റ് 15, സെപ്റ്റംബര്‍ 8) റോമിലും ബൈസന്‍റിയന്‍ സാമ്രാജ്യം മുഴുവനിലും പ്രചരിച്ചു. സേര്‍ജിയൂസ് ഒന്നാമന്‍ മാര്‍പാപ്പായുടെ കാലത്ത് (687-701) ഈ തിരുനാളുകള്‍ക്കെല്ലാം ഓരോ പ്രദക്ഷിണവും കൂട്ടിച്ചേര്‍ത്തു. ജറുസലേമിലെ വി. അന്നയുടെ ദൈവാലയത്തില്‍ ഏഴാം നൂറ്റാണ്ടുമുതല്‍ വൃദ്ധദമ്പതികള്‍ക്കുണ്ടായ പുത്രിയായ മാതാവിന്‍റെ ജനനം ആഘോഷിക്കാന്‍ തുടങ്ങി. കാന്‍റെര്‍ബറിയിലെ അന്‍സലം, ഈയാഡ്മെര്‍ എന്നിവരുടെ സ്വാധീനത്തില്‍ ഈ തിരുനാള്‍ ഇംഗ്ലണ്ടിലും ആചരിച്ചു. ഫ്രാന്‍സിസ്കന്‍ സഭാംഗമായിരുന്ന സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പ റോമന്‍കുര്‍ബാനക്രമത്തില്‍ ഈ തിരുനാള്‍ ഉള്‍ക്കൊള്ളിച്ചു. 12-ാം നൂറ്റാണ്ടു മുതല്‍ പാശ്ചാത്യദേശത്തും മറിയത്തെ ദൈവാലയത്തില്‍ സമര്‍പ്പിച്ച തിരുനാള്‍ ആഘോഷിച്ചു തുടങ്ങി. ജൂലൈ 2-ാം തീയതി മാതാവിന്‍റെ അങ്കിയുടെ തിരുനാള്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ ആരംഭിച്ചു (Deposition of Mary's Robe). അഞ്ചാം പീയൂസ് മാര്‍പാപ്പ മറിയത്തിന്‍റെ ഏഴു തിരുനാളുകളെ നിര്‍ദ്ദേശിച്ചിരുന്നുള്ളു (Feb-2,March-21,July-2, August-15, Sept-.8, Dec-.8) എന്നതു ശ്രദ്ധേയമാണ്.
നവംബര്‍ 21-ലെ സമര്‍പ്പണത്തിരുനാള്‍ ഉപേക്ഷിച്ചെങ്കിലും ഫ്രാന്‍സിസ്കന്‍ അംഗമായിരുന്ന സിക്സ്റ്റസ് അഞ്ചാമന്‍ മാര്‍പാപ്പ അതു (1985-90) വീണ്ടും ആഘോഷിക്കുവാന്‍ അനുവദിച്ചു.
ഒരു നൂറ്റാണ്ടിനുശേഷം ഇവയോടൊപ്പം പല നൂറ്റാണ്ടിലും ആചരിച്ചിരുന്ന തിരുനാളുകള്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ, മറിയത്തിന്‍റെ നാമം സെപ്റ്റംബര്‍ 8 കഴിഞ്ഞു വരുന്ന ഞായറാഴ്ചയും (1716-മുതല്‍) കര്‍മ്മല മാതാവിന്‍റെ തിരുനാള്‍ ജൂലൈ 16-നും (1726-മുതല്‍) ലൂര്‍ദ്ദ് മാതാവിന്‍റെ തിരുനാള്‍ ഫെബ്രുവരി 13നും മാതാവിന്‍റെ മാതൃത്വം ഒക്ടോബര്‍ - 11നും (1931 എഫേസൂസ് സൂനഹദോസിന്‍റെ 15-ാം ശതാബ്ദി) മാതാവിന്‍റെ വിമലഹൃദയം ആഗസ്റ്റ് 22 (1942)നും മാതാവിന്‍റെ രാജ്ഞിത്വം മെയ് 31 (1954)നും സഭയില്‍ ആഘോഷിച്ചു തുടങ്ങി.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ആരാധനക്രമം (Sacrosanctum Concilium) എന്ന രേഖയില്‍ വിശുദ്ധരുടെ തിരുനാള്‍ കര്‍ത്താവിന്‍റെ തിരുനാളിന്‍റെ പ്രാധാന്യം നഷ്ടപ്പെടുത്താതെ മാത്രമേ നടത്താവൂ എന്നു നിര്‍ദ്ദേശിച്ചു (107-178, 103). തത്ഫലമായി 1969ലെ ലത്തീന്‍ കുര്‍ബാനക്രമത്തില്‍ മധ്യയുഗങ്ങളില്‍ ചേര്‍ത്ത പല അപ്രധാന മരിയന്‍ തിരുനാളുകളും ഉപേക്ഷിച്ചു. ആഗമനകാലത്തിന്‍റെ അവസാനത്തെ ആഴ്ച (ഡിസംബര്‍ 18-25)യിലെ പ്രാര്‍ത്ഥനകളില്‍ പാശ്ചാത്യസഭയ്ക്കു ശക്തമായുണ്ടായിരുന്ന മരിയന്‍ ആഭിമുഖ്യം പുനഃസ്ഥാപിച്ചു.
വിവിധ സ്ഥലങ്ങളിലെ സാംസ്കാരിക പാരമ്പര്യത്തില്‍ വളര്‍ന്നുവന്നതും പൊതുസഭ അംഗീകരിച്ചതുമായ 380 മരിയന്‍ തിരുന്നാളുകളാണ് ലത്തീന്‍സഭയില്‍ ഉള്ളത്. ഈ തിരുന്നാളുകളെ പ്രാധാന്യമനുസരിച്ചു മൂന്നായി തിരിച്ചിരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും അവയുടെ തീയതിയും താഴെ ചേര്‍ത്തിരിക്കുന്നു.
1 മറിയത്തിന്‍റെ ദൈവമാതൃത്വം ജനുവരി 1
2 മറിയം സഹായക ജനുവരി 8
3 മറിയത്തിന്‍റെ ശുദ്ധീകരണം ഫെബ്രുവരി 2
4 ലൂര്‍ദ്ദുമാതാവ് ഫെബ്രുവരി 11
5 മംഗലവാര്‍ത്ത മാര്‍ച്ച് 25
6 ആലോചനാ മാതാവ് ഏപ്രില്‍ 26
7 സ്വര്‍ഗ്ഗീയ റാണി മെയ് 1
8 ഫാത്തിമ മാതാവ് മെയ് 13
9 ക്രിസ്ത്യാനികളുടെ സഹായക മെയ് 24
10 മറിയത്തിന്‍റെ സന്ദര്‍ശനത്തിരുന്നാള്‍ മെയ് 31
11 നിത്യസഹായമാതാവ്1 ജൂണ്‍ 27
12 കര്‍മ്മലമാതാവ് ജൂലൈ 16
13 മാലാഖമാരുടെ രാജ്ഞി ഓഗസ്റ്റ് 2
14 മരിയമജോറ സമര്‍പ്പണത്തിരുന്നാള്‍ ഓഗസ്റ്റ് 5
15 സ്വര്‍ഗ്ഗാരോപണം ഓഗസ്റ്റ് 15
16 നോക്ക്മാതാവ് ഓഗസ്റ്റ് 21
17 രാജ്ഞിപദത്തിരുന്നാള്‍ ഓഗസ്റ്റ് 22
18 ചെക്കോസ്ലാവിയായിലെ കറുത്ത മാതാവ് ഓഗസ്റ്റ് 22
19 മറിയം മദ്ധ്യസ്ഥ ഓഗസ്റ്റ് 31
20 മറിയത്തിന്‍റെ ജനനം സെപ്റ്റംബര്‍ 8
21 മറിയത്തിന്‍റെ നാമത്തിരുന്നാള്‍ സെപ്റ്റംബര്‍ 12
22 വ്യാകുലമാതാവ് സെപ്റ്റംബര്‍ 15
23 ലാസലറ്റ് മാതാവ് സെപ്റ്റംബര്‍ 19
24 വാന്‍റസിംഗം മാതാവ് സെപ്റ്റംബര്‍ 24
25 ജപമാലരാജ്ഞി ഒക്ടോബര്‍ 7
26 കരുണയുടെ മാതാവ് നവംബര്‍ 16
27 മറിയത്തിന്‍റെ സമര്‍പ്പണം നവംബര്‍ 21
28 അമലോദ്ഭവമാതാവ് ഡിസംബര്‍ 8
29 ഗ്വാഡലപ്പ മാതാവ് ഡിസംബര്‍ 12
30 അപ്പസ്തോലന്മാരുടെ മാതാവ്
സ്വര്‍ഗ്ഗാരോപണത്തിന്‍റെ പിറ്റെന്നാള്‍
31 സഭയുടെ മാതാവ് : പന്തക്കുസ്താത്തിരുന്നാളിന്‍റെ പിറ്റെന്നാള്‍
32 മറിയത്തിന്‍റെ വിമലഹൃദയം: കുര്‍ബാനയുടെ തിരുന്നാളിന് ഒമ്പതാംദിവസം
33 മെയ്മാസറാണി മെയ് മാസം
34 ജപമാലറാണി ഒക്ടോബര്‍ മാസം
മരിയന്‍ തിരുനാളുകള്‍ പൗരസ്ത്യസഭകളില്‍
മറിയത്തിന്‍റെ തിരുന്നാളുകള്‍ സമുചിതമായി ആഘോഷിക്കുന്ന പതിവ് എല്ലാ സഭകളിലും നിലനില്‍ക്കുന്നുണ്ട്. സഭാവിശ്വാസത്തിന്‍റെ ഭാഗമായാണ് ഇതു തുടരുന്നത്. വെളിപാടുകളുടെ വെളിച്ചത്തിലും തുടര്‍ന്നു സംസ്കാരിക പാശ്ചാത്തലത്തിലും പ്രദേശികമായ നിരവധി തിരുന്നാളുകളും പൗരസ്ത്യസഭകളിലാണു തുടക്കം കുറിച്ചത്. ഇവയില്‍ പ്രധാനപ്പെട്ടവ എല്ലാംതന്നെ പൗരസ്ത്യസഭാപിതാക്കന്മാരായ മാര്‍ അപ്രേം, നര്‍സെ, ബാബായ്, മഹാനായ തിമോത്തി, ജോര്‍ജ് വര്‍ദാ, ഗ്രീക്കു സഭാപിതാക്കന്മാര്‍ തുടങ്ങിയവരുടെ പഠനങ്ങളുടെയും ആദ്യനൂറ്റാണ്ടുകളിലും സൂനഹദോസുകളിലും നിര്‍വചിക്കപ്പെട്ട മരിയശാസ്ത്രത്തിന്‍റെയും വെളിച്ചത്തിലായിരുന്നു. ഇങ്ങനെ തുടങ്ങിയ തിരുന്നാളുകള്‍ എല്ലാംതന്നെ ബൈസന്‍റൈന്‍ സഭയില്‍ ഇന്നു ആഘോഷിച്ചു വരുന്നു. കാലക്രമത്തില്‍ പൗരസ്ത്യസഭകളില്‍നിന്നു പാശ്ചാത്യസഭകളിലേയ്ക്കും ഈ തിരുന്നാളുകള്‍ കടന്നുവന്നു. പൗരസ്ത്യസഭകളിലെ (ഗ്രീക്കു-സുറിയാനി) മരിയന്‍ തിരുന്നാളുകളുടെ പ്രത്യേകത അവയിലെ പ്രധാനപ്പെട്ടവ സഭ ഔദ്യോഗികവിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിനുമുമ്പു തന്നെ ദൈവശാസ്ത്രാടിസ്ഥാനത്തില്‍ ആഘോഷിച്ചു തുടങ്ങി എന്നതാണ്.
1 സെപ്റ്റംബര്‍ 1-ാം തീയതി ആരാധനക്രമവത്സരം ആരംഭിക്കുന്നസഭകളില്‍, ആദ്യ ഞായറാഴ്ച മറിയത്തിന്‍റെ തിരുന്നാള്‍ ആഘോഷിച്ചുവരുന്നു. A.D 850ല്‍ മറിയത്തിന്‍റെ ഒരു ഐക്കണ്‍ miasena എന്ന സ്ഥലത്തു കണ്ടുപിടിച്ചതിന്‍റെ ഓര്‍മ്മയാണിത്. മറിയത്തിന്‍റെ പരിരക്ഷണത്തിനും നിയന്ത്രണത്തിനുമായി ഈ തിരുന്നാളില്‍ പ്രാര്‍ത്ഥിക്കുന്നു. ബൈസന്‍റൈന്‍സഭയില്‍ ഈ തിരുന്നാള്‍ ആചരിച്ചുവരുന്നു
2 ഒക്ടോബര്‍ 1-ാം തീയതി മറിയത്തിന്‍റെ "മേലങ്കിയുടെ സുരക്ഷിതത്വം" എന്ന ഒരു തിരുന്നാള്‍ ആഘോഷിച്ചിരുന്നു. ഒരു വലിയ പകര്‍ച്ചവ്യാധി പിടിപെട്ടതിനെത്തുടര്‍ന്നു മറിയം തന്‍റെ മേലങ്കി വിരിച്ചു രക്ഷിച്ചു എന്ന വെളിപാടില്‍ നിന്നു തുടങ്ങിയതാണ് ഈ തിരുന്നാള്‍.
3 മറിയം ജീവജലത്തിന്‍റെ ഉറവ എന്ന ഒരു തിരുന്നാള്‍ എഡി 474 മുതല്‍ ഒക്ടോബറില്‍ ആചരിച്ചുവരുന്നു.
4 കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പട്ടണത്തിന്‍റെ സംരക്ഷക എന്ന ചിന്തയില്‍ എഡി 330 മാര്‍ച്ച് 11 മുതല്‍ സംരക്ഷക എന്ന പേരില്‍ ഒരു തിരുന്നാള്‍ ആഘോഷിച്ചുതുടങ്ങി.
5 എഡി 940 മുതല്‍ "മറിയത്തിന്‍റെ അരക്കെട്ടിന്‍റെ തിരുന്നാള്‍" ആചരിച്ചുതുടങ്ങി.
6 ജനുവരി 6-ാം തീയതി ഈശോയുടെ ജനനത്തിന്‍റെയും ബാല്യകാലത്തിന്‍റെയും തിരുന്നാള്‍ ആഘോഷിച്ചു തുടങ്ങി.
7 ഈശോയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്ന തിരുന്നാള്‍ 4-ാം നൂറ്റാണ്ടുമുതല്‍ ജറുസലത്ത് ആഘോഷിച്ചിരുന്നു എന്ന് എജേറിയ രേഖപ്പെടുത്തിയിട്ടുണ്ട്.
8 പാലസ്തീനയ്ക്കു പുറത്ത് എ.ഡി. 400-നു മുമ്പ് ഡിസംബര്‍ 25-ന് ഈശോയുടെ ജനനത്തിരുന്നാളായി ആഘോഷിച്ചിരുന്നു.
9 എ.ഡി. 430ല്‍ ദൈവമാതാവായ മറിയത്തിന്‍റെ തിരുന്നാള്‍ ജറുസലമില്‍ ആഘോഷിച്ചു തുടങ്ങി. ആദ്യകാലത്ത് ഓഗസ്റ്റ് 15 നായിരുന്നു ഈ തിരുന്നാള്‍. പൗരസ്ത്യസഭകളില്‍ പുരാതനകാലം മുതല്‍ ആഘോഷിച്ചിരുന്ന ഏറ്റവും പ്രധാന തിരുന്നാളാ ണിത്.
10 മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോഹണം: (മറിയത്തിന്‍റെ ഉറക്കം, മറിയത്തിന്‍റെ വാങ്ങിപ്പ്) ജറുസലമിലെ യുവനാല്‍ ബിഷപ്പ്, ഒലിവുമലയില്‍ മറിയം വസിച്ചിരുന്നു എന്നു കരുതുന്ന സ്ഥലത്തു നിര്‍മ്മിച്ച ദൈവാലയത്തിന്‍റെ പ്രതിഷ്ഠയോടെയാണ് ഈ തിരുന്നാള്‍ ആഘോഷിച്ചുതുടങ്ങിയത്.
11 മംഗലവാര്‍ത്തതിരുന്നാള്‍: എ.ഡി. 550 മുതല്‍ മാര്‍ച്ച് 25ന്, മറിയത്തിനു ലഭിച്ച മംഗലവാര്‍ത്തയുടെ തിരുന്നാള്‍ ആഘോഷിച്ചുതുടങ്ങി.
12 കര്‍ത്താവിന്‍റെ ജനനത്തിരുന്നാള്‍: മൂന്നാംനൂറ്റാണ്ടോടെ ആഘോഷിച്ചുതുടങ്ങി.
13 ഡിസംബര്‍ 8ന് മറിയത്തിന്‍റെ അമലോദ്ഭവത്തിരുന്നാള്‍ 8-ാം നൂറ്റാണ്ടോടെ ആഘോഷിച്ചുതുടങ്ങി. എവുബോയിലെ വി. യോഹന്നാന്‍ (John of Euboea) ആണ് ഇത്തരത്തില്‍ ഇതു നാമകരണം ചെയ്തിരിക്കുന്നത്
14 എ.ഡി. 700 മുതലെങ്കിലും നവംബര്‍ 21ന് മറിയത്തിന്‍റെ ദൈവാലയസമര്‍പ്പണത്തിരുന്നാള്‍ ആഘോഷിച്ചുതുടങ്ങി
15 ഏഴാംനൂറ്റാണ്ടോടെ ഫെബ്രുവരി 2ന് ഈശോയെ ദൈവാലയത്തില്‍ സമര്‍പ്പിച്ചതിന്‍റെ ഓര്‍മ്മത്തിരുന്നാള്‍ തുടങ്ങി.
16 7-ാം നൂറ്റാണ്ടു മുതല്‍ മറിയത്തിന്‍റെ ജനനത്തിരുന്നാള്‍ സെപ്റ്റംബര്‍ 8-നു ആഘോഷിച്ചുതുടങ്ങി.
17 12-ാം നൂറ്റാണ്ടു മുതല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ മറിയത്തിന്‍റെ അങ്കിയുടെ തിരുന്നാള്‍ ആഘോഷിച്ചുതുടങ്ങി. എല്ലാ പൗരസ്ത്യസഭകളിലും ഈ തിരുന്നാളുകള്‍ എല്ലാം ആഘോഷിക്കുന്നിലെങ്കിലും എല്ലാ സഭകളിലെയും ആരാധനക്രമകലണ്ടറില്‍ ഇവ രേഖപ്പെടുത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളും ഗീതകങ്ങളും യാമപ്രാര്‍ത്ഥനകളില്‍ ഇന്നും കാണാവുന്നതാണ്.
ഡോ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍
Dr. George Karukapparampil mariology marian history Devotion to Mary In the Western Church mary mary in church catholic malayalam bible catholic apologitics Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206