We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : G. Ricciotti, Translator-Thomas Nadakal On 29-Sep-2022
അധ്യായം 3
ഹേറോദേസിന്റെ പിൻഗാമികൾ
അർക്കെലാവോസ്, അന്തിപ്പാസ്, ഫിലിപ്പ്
13. ഹേറോദേസിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂന്നു വിൽപ്പത്രങ്ങളിൽ അവസാനത്തേത് നടപ്പിൽ വരുത്തേണ്ടിയിരുന്നു. ആ മരണശാസനമനുസരിച്ച്, അദ്ദേഹത്തിന്റെ ഭാര്യമാരിലൊരുത്തിയായ സമരിയാക്കാരി മാൽത്തസിൽനിന്നു അദ്ദേഹത്തിനുണ്ടായ അർക്കെലാവോസിന് യൂദയാ, സമരിയ, ഇദുമേയ എന്നീ പ്രദേശങ്ങളുടെമേൽ രാജസ്ഥാനത്തോടുകൂടിയ അധികാരവും, മാൽത്താസിൽനിന്നുതന്നെ ജനിച്ച മറ്റൊരു പുത്രനായ അന്തിപ്പാസിന് ഗലീലി, പേരിയ എന്നീ പ്രദേശങ്ങളുടെ മേൽ തെത്ത്റാർക്കാ (ഒരു രാജ്യത്തിന്റെ നാലിലൊരു ഭാഗത്തിന്റെ ഭരണാധികാരി, നാലാംകൂറധികാരി) അധികാരവും, ജറുസലേമിലെ ക്ലിയോപാട്രയിൽനിന്നു ജനിച്ച ഫിലിപ്പിന് വടക്കു ഭാഗത്തുള്ള ത്രാക്കോണിത്തിസ്, ഗൗലാനിത്തിസ്, ബറ്റനേയ, അവുരാനിത്തിസ്, ഇട്ടൂരിയ എന്നീ പ്രദേശങ്ങളുടെ മേൽ തെത്ത്റാർക്കാ അധികാരവും നല്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു .
പക്ഷേ, പ്രസ്തുത വിൽപ്പത്രം അഗസ്റ്റസ് അംഗീകരിച്ചെങ്കിൽ മാത്രമേ നടപ്പിലാകുമായിരുന്നുള്ളു. അതിനും പുറമേ പലരും അതിനെതിരുമായിരുന്നു; അക്കൂട്ടരിൽ പ്രധാനി അന്തിപ്പാസും. അവസാനത്തേതിനു മുമ്പെഴുതിയ വിൽപ്പത്രത്തിൽ അന്തിപ്പാസിനെയായിരുന്നു സിംഹാസനാവകാശിയായി നിശ്ചയിച്ചിരുന്നത്. അതിൻപ്രകാരം അദ്ദേഹം തെത്ത്റാർക്കാ ആയിരുന്നില്ല. കാലംചെയ്ത ഹേറോദേസിനെക്കൊണ്ടു പൊറുതി മുട്ടിയ നല്ലൊരു ഗണം പ്രസിദ്ധരായ യഹൂദരും അതിനെതിരായിരുന്നു. ഹേറോദേസിന്റെ പിൻഗാമികളിൽ നിന്ന് കൂടുതൽ തിന്മകളെ ഉണ്ടാകയുള്ളു എന്നു കരുതിയ അവർ തങ്ങളുടെ രാജ്യം റോമിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ കൊണ്ടുവരാനാണു ഇച്ഛിച്ചത്.
ആദ്യം അർക്കെലാവോസും തുടർന്നു അദ്ദേഹത്തിന്റെ എതിരാളിയും സഹോദരനുമായ അന്തിപ്പാസും തങ്ങളുടെ കേസ് വാദിക്കുന്നതിനായി റോമിലേക്കു തിരിച്ചു. അവരിരുവരും പ്രത്യേകിച്ച് അർക്കെലാവോസ് രാജാധികാരം തനിക്കു കിട്ടുമെന്നും അങ്ങനെ പ്രതാപത്തോടെ തിരിച്ചു വരാമെന്നും കരുതി. രാജസ്ഥാനം കരസ്ഥമാക്കാനുള്ള ഈ യാത്രയെ ആയിരിക്കണം സുവിശേഷത്തിലെ ആ ഉപമ സൂചിപ്പിക്കുന്നത്: ''ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചുവരാൻവേണ്ടി ദൂരദേശത്തേയ്ക്കു പോയി...', ( ലുക്കാ : 19:12 ff ). എന്നാൽ, ഹേറോദേസിന്റെ രാജകുടുംബത്തെ വെറുത്തിരുന്ന യഹൂദരും വെറുതെയിരുന്നില്ല. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നു ജറുസലേമിൽ ഒന്നിനു പിറകെ ഒന്നായി പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾ റോമൻ പട്ടാളം അടിച്ചമർത്തിയപ്പോൾ, യഹൂദർ അമ്പതുപേരടങ്ങുന്ന ഒരു പ്രതിനിധിസംഘത്തെ റോമിലേക്കയച്ചു. ഹേറോദേസിന്റെ രാജകുടുംബത്തെ ഭരണത്തിൽനിന്നു നീക്കുകയും തങ്ങളുടെ രാജ്യം സിറിയാ പ്രാേവിൻസിനോടു ചേർക്കുകയും അങ്ങനെ റോമിന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിൽ, പരമ്പരാഗതമായ തങ്ങളുടെ ആചാരങ്ങളനുസരിച്ചു സമാധാനപൂർവ്വം ജീവിക്കാൻ തങ്ങളെ അനുവദിക്കുകയും ചെയ്യണമെന്നായിരുന്നു അവരുടെ അപേക്ഷ. മുമ്പ് പറഞ്ഞ ഉപമ ഈ പ്രതിനിധിസംഘത്തെയും സൂചിപ്പിക്കുന്നുണ്ട്: ''അവന്റെ പൗരന്മാർ അവനെ വെറുത്തിരുന്നു. ഈ മനുഷ്യൻ ഞങ്ങളെ ഭരിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവർ ഒരു പ്രതിനിധി സംഘത്തെ അവന്റെ പിന്നാലെ അയച്ചു'' (ibid: 19:14-cf. § 499).
ഈ സാഹചര്യത്തിൽ, അഗസ്റ്റസ് നിർണ്ണായകമായ ഒരു തീരുമാനം എടുക്കേണ്ടിയിരുന്നു. പ്രത്യക്ഷത്തിൽ റോമിന്റെ താത്പര്യങ്ങൾക്കനുസൃതമല്ലെന്നു തോന്നിയേക്കാവുന്ന ഒരു തീരുമാനമാണ് കുശാഗ്രബുദ്ധിയായ അഗസ്റ്റസ് എടുത്തത്. അമ്പതു പേരടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ നിവേദനം അപ്പാടെ അദ്ദേഹം തിരസ്കരിച്ചു. അർക്കെലാവോസിന് നിർദ്ദിഷ്ട ഭൂവിഭാഗങ്ങൾ തന്നെ അദ്ദേഹം നല്കി; പക്ഷേ, രാജാവെന്ന സ്ഥാനപ്പേര് നല്കിയില്ല. പകരം തൽക്കാലത്തേയ്ക്കു തെത്ത്റാർക്കാസ്ഥാനംമാത്രം നല്കി. സദ്ഭരണം കാഴ്ചവയ്ക്കുകയാണെങ്കിൽ ഭാവിയിൽ രാജസ്ഥാനം പ്രതീക്ഷിക്കത്തക്ക ഒരു പഴുതിട്ടുകൊണ്ടാണ് തെത്ത്റാർക്കാസ്ഥാനം അഗസ്റ്റസ് അദ്ദേഹത്തിനു കൊടുത്തത്. മറ്റു രണ്ടുപേർക്കും വിൽപ്പത്രത്തിൽ നിർദ്ദേശിച്ചിരുന്ന പ്രദേശങ്ങളും സ്ഥാനപ്പേരുകളും നല്കി. ഹേറോദേസ് മരിച്ച ബി. സി. 4-ൽ തന്നെയാണിതെല്ലാം സംഭവിച്ചത്.
സാമ്രാജ്യത്തിന്റെ വിപുലീകരണത്തിനും ശ്രേയസ്സിനും ഉപകാരപ്രദമായ ഒരു നിർദ്ദേശമാണു യഹൂദ പ്രതിനിധിസംഘം മുന്നോട്ടുവച്ചതെങ്കിലും അഗസ്റ്റസിൽനിന്നും തികച്ചും നിരാശാജനകമായ ഒരു പ്രതികരണമാണവർക്കു കിട്ടിയത്. എന്നാൽ കുശാഗ്രബുദ്ധിയും നലം തികഞ്ഞ രാഷ്ട്രതന്ത്രജ്ഞനുമായ അഗസ്റ്റസ് ഭാവിയെ നന്നായി വിലയിരുത്തിക്കൊണ്ടുതന്നെയാണു അങ്ങനെ ചെയ്തതെന്നു വ്യക്തം. ഒന്നുകിൽ തന്റെ പരേതനായ ഭൃത്യന്റെ പിൻഗാമികൾ നന്നായി ഭരിച്ചു തന്റെ വിശ്വസ്തദാസന്മാരായിമാറും. അങ്ങനെ പലസ്തീനയുടെ യഥാർത്ഥഭരണാധികാരി മുമ്പെന്നപോലെ അവരുടെ കാലത്തും താൻതന്നെയായിരിക്കും. മറിച്ചാണു അവർ തെളിയിക്കുന്നതെങ്കിൽ അവരെ നിഷ്കാസിതരാക്കി പ്രതിനിധിസംഘത്തിന്റെ താല്പര്യമനുസരിച്ചു പ്രവർത്തിച്ച് പലസ്തീന സാമ്രാജ്യത്തിൽ ലയിപ്പിക്കാം എന്നായിരുന്നു അദ്ദേഹത്തിൻറ കണക്കുകൂട്ടൽ. ചുരുക്കത്തിൽ, ഈ പിൻതുടർച്ചക്കാരെ നന്നായിട്ടൊന്നു പരീക്ഷിക്കുന്നതിനുള്ള അവസരമത്രെ അദ്ദേഹത്തിനു കൈവന്നത്.
14. അനന്തര സംഭവങ്ങൾ അഗസ്റ്റസിന്റെ കാഴ്ചപ്പാട് ശരിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആ തീരുമാനം ബുദ്ധിപൂർവ്വകമായിരുന്നുവെന്നും തെളിയിച്ചു. അർക്കെലാവോസ് ആ അഗ്നിപരീക്ഷയെ കുറച്ചു കാലം മാത്രമേ പിടിച്ചു നിന്നുള്ളു. അദ്ദേഹത്തിന്റെ ക്രൂരവും സ്വേച്ഛാധിപത്യപരവുമായ ദുർഭരണം രാജസ്ഥാനമല്ലാ, സ്ഥാനത്യാഗമാണു അദ്ദേഹത്തിനു നേടിക്കൊടുത്തത്. എ.ഡി. 6-ൽ യഹൂദരും സമരിയാക്കാരുമുൾപ്പെടുന്ന ഒരു സംയുക്ത പ്രതിനിധിസംഘം അർക്കെലാവോസിനെതിരായുള്ള പരാതികളുമായി ചക്രവർത്തിയുടെ പക്കലെത്തി. ചക്രവർത്തി അർക്കെലാവോസിനെ റോമിലേയ്ക്കു വിളിപ്പിച്ചു; വിസ്തരിച്ചു. കുറ്റക്കാരനെന്നു കണ്ടപ്പോൾ, ചക്രവർത്തി, അദ്ദേഹത്തെ ഗോളിലുള്ള വിയെന്നിലേക്കു നാടുകടത്തി. അദ്ദേഹം ഭരിച്ചിരുന്ന പ്രദേശങ്ങൾ സാമ്രാജ്യത്തോട് ചേർക്കുകയും ചെയ്തു.
15. അന്തിപ്പാസ് തെത്ത്റാക്കായുടെ ഭരണം സുദീർഘമായ ഒന്നായിരുന്നെങ്കിലും അവസാനം ആ മനുഷ്യനും സ്വസഹോദരന്റെ അനുഭവം തന്നെ ഉണ്ടായി. ബി. സി. 4-ൽ പതിനേഴു വയസ്സുള്ളപ്പോഴാണു അയാൾ ഭരണമേറ്റത്. എ. ഡി. 40-വരെ അതു നീണ്ടുനിന്നു. അയാൾ വിദ്യാഭ്യാസകാലം കഴിച്ചുകൂട്ടിയത് റോമിലായിരിക്കണം. അധികാരപ്രമത്തത ആഡംബരപ്രിയം എന്നിവയിൽ, മഹാനായ ഹേറോദേസിനോടു കൂടുതൽ സാദൃശ്യമുള്ള പുത്രൻ അയാളായിരുന്നു. എന്നാൽ, അയാൾക്കു തന്റെ പിതാവിന്റെ കഠിനാദ്ധ്വാനശീലമോ കർമ്മശക്തിയോ ഇല്ലായിരുന്നു. അയാൾ സ്വപിതാവിനെപ്പോലെ ചക്രവർത്തിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ തന്റെ ഭരണപ്രദേശങ്ങളിൽ സൗധങ്ങളും രമ്യഹർമ്മ്യങ്ങളും നിർമ്മിച്ചു ചക്രവർത്തിയെ പ്രീണിപ്പിച്ചു. ജറീക്കോ നഗരത്തിനു എതിർഭാഗത്തു തെക്കൻപേരിയായിലുണ്ടായിരുന്ന ഒരു പഴയ നഗരം അയാൾ പുനരുദ്ധരിക്കുകയും മനോഹരമാക്കുകയും ചെയ്തു. അഗസ്റ്റസിന്റെ സഹധർമ്മിണിയായ ലിവിയായുടെ പേര് അതിനു നല്കി (പില്ക്കാലത്ത് ലിവിയായുടെ പേര് ജൂലിയാ എന്നാക്കിയപ്പോൾ ഈ നഗരത്തിന്റെയും പേര് ജൂലിയാ എന്നാക്കി.) അയാൾ തിബേരിയാസ് കടലിന്റെ പടിഞ്ഞാറെ തീരത്തു മനോഹരമായ ഒരു പുതിയ നഗരം പണികഴിപ്പിക്കുകയും പുതിയ ചക്രവർത്തിയായ തിബേരിയസിന്റെ നാമം അതിനു നല്കുകയും ചെയ്തു. നസ്രത്തിനടുത്തു സ്ഥിതി ചെയ്തിരുന്ന സെപ്പോറിസ് നഗരം അയാൾ ബലപ്പെടുത്തുകയും മനോഹരമാക്കുകയും ചെയ്തു. ചക്രവർത്തിമാരുടെ സ്മരണയെ നിലനിറുത്താൻ പോരുന്ന ഒരു ഔദ്യോഗികനാമം- സീസറിയ അതിനു കൊടുത്തു. പിന്നീട് ഈ സീസറിയനഗരം ദിയോസീസറിയ (Dioseasaria) ആയി.
16. അന്തിപ്പാസിന് അഗസ്റ്റസിൽനിന്ന് കാര്യമായ ഭാഗ്യലാഭമുണ്ടായില്ല; എന്നാൽ തിബേരിയസിൽ നിന്നുണ്ടായി. സംശയാലുവായ തിബേരിയസിന്റെ ബലഹീനവശം മനസ്സിലാക്കിയ അയാൾ അദ്ദേഹത്തിനുവേണ്ടി ചാരപ്പണിയിലേർപ്പെട്ടു. പൗരസ്ത്യദേശത്തുള്ള റോമൻ മജിസ്ട്രേട്ടുമാരെ പറ്റിയുള്ള വിവരങ്ങൾ വിശ്വസ്തതയോടെ അപ്പപ്പോൾ ചക്രവർത്തിക്ക് എത്തിച്ചുകൊണ്ടിരുന്നു. ഇക്കാരണത്താൽ അവർക്കു അയാളോടു കടുത്ത വിരോധമുണ്ടായിരുന്നു (26, 583). തന്റെ സമീപവർത്തികളായിരുന്ന അവരേക്കാൾ, അകലെയായിരുന്ന തിബേരിയസായിരുന്നു അയാൾക്കു പ്രധാനം. തിബേരിയസിന്റെ ഭരണകാലം മുഴുവനും ഈ നില തുടർന്നു. പക്ഷേ, തിബേരിയസിന്റെ അന്ത്യത്തോടെ അന്തിപ്പാസിന്റെ അന്ത്യവും കുറിക്കപ്പെട്ടു.
വാസ്തവത്തിൽ അയാളുടെ ശവക്കുഴി തോണ്ടിയത് പ്രസിദ്ധയായ ഹേറോദ്യാ എന്ന സ്ത്രീയായിരുന്നു. ചാരപ്പണിയുമായി ബന്ധപ്പെട്ടായിരിക്കണം -എ. ഡി. 27 അവസാനത്തോടെ അയാൾ റോമിലെത്തി. അവിടെ അയാൾ തന്റെ ഒരർദ്ധസഹോദരനായ (മറ്റൊരു ഭാര്യയിൽ ഹേറോദേസിനുണ്ടായ പുത്രൻ) --അയാളെ ജോസിഫസ് ഹേറോദേസ് എന്നാണു വിളിച്ചിരുന്നത്, മർക്കോസ് സുവിശേഷകനാകട്ടെ ഫിലിപ്പെന്നും (6: 17)-ഹേറോദേസിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയാധികാരമൊന്നുമില്ലാതെ ഒരു സ്വകാര്യവ്യക്തിയെപ്പോലെയാണ് ഈ ഹേറോദേസ് ഫിലിപ്പ് റോമിൽ താമസിച്ചിരുന്നത്. അയാൾ തന്റെ സഹോദരനും ഹേറോദേസിനാൽ വധിക്കപ്പെട്ടവനുമായ അരിസ്റ്റോബുളസിന്റെ പുത്രി ഹേറോദ്യായെയാണു വിവാഹം കഴിച്ചിരുന്നത്. ഈ ഹേറോദ്യായാകട്ടെ വലിയ അധികാരമോഹിയും ആഡംബരപ്രിയയുമായിരുന്നു. ഹേറോദേസ് ഫിലിപ്പിന്റെ ഒതുങ്ങിക്കൂടിയുള്ള അലസജീവിതം അവൾക്കു വിരസമായി തോന്നി. തിബേരിയസ് സീസറിന്റെ പക്കൽ അമിതസ്വാധീനവും നിലയുമുണ്ടായിരുന്ന അന്തിപ്പാസ് ഇവളോട് നേരത്തെതന്നെ അല്പം അടുപ്പം കാണിച്ചിരുന്നു. മുൻപേതന്നെ അവർ രണ്ടുപേരും കൂടി ആലോചിച്ചുറച്ചിരുന്ന ഒരു പ്ലാൻ നടപ്പാക്കാൻ പറ്റിയ അവസരം ഈ സന്ദർശനവേളതന്നെ എന്നവർ തീർച്ചപ്പെടുത്തി. എന്നാൽ, അവർ തമ്മിൽച്ചേരുന്നതിന് പല പ്രതിബന്ധങ്ങളുമുണ്ടായിരുന്നു. അന്തിപ്പാസ് അപ്പോൾ ഒരു യുവാവൊന്നുമായിരുന്നില്ല. മറിച്ച് അമ്പതോടടുത്ത ഒരു മധ്യവയസ്കനായിരുന്നു. അതിനും പുറമെ, ഒരു നിയമാനുസൃതഭാര്യ അയാൾക്കുണ്ടായിരുന്നുതാനും. നബറ്റേയൻസിന്റെ രാജാവായ അരീത്താസ് നാലാമന്റെ മകളായിരുന്നു അവൾ. തന്നെയുമല്ല, ഹേറോദ്യാ തന്നെ യഹൂദനിയമമനുസരിച്ചായിരുന്നു തന്റെ പിതൃവ്യന്മാരിൽ ഒരാളായ ഹേറോദേസ് ഫിലിപ്പിനെ വിവാഹം കഴിച്ചിരുന്നതും. അയാൾ ജീവിച്ചിരിക്കുമ്പോൾ മറ്റൊരു പിതൃ സഹോദരനെ വിവാഹം ചെയ്യാനുള്ള യാതൊരു പഴുതും വ്യാഖ്യാനവും യഹൂദനിയമം അനുവദിക്കുമായിരുന്നില്ല. എങ്കിലും, അന്തിപ്പാസിന്റെ കാമഭ്രാന്തും അവളുടെ അധികാരമോഹവും ഈ തടസ്സങ്ങളെയെല്ലാം തട്ടിത്തെറിപ്പിച്ചു. തിരിച്ചു നാട്ടിലെത്തിയാലുടനെ തന്റെ നിയമാനുസൃത ഭാര്യയെ ഉപേക്ഷിക്കാമെന്നും ഭർത്താവിനെയുപേക്ഷിച്ച് അവൾ പലസ്തീനയിലെത്തുമ്പോൾ ഭാര്യയാക്കിക്കൊള്ളാമെന്നും അന്തിപ്പാസ് വാഗ്താനം ചെയ്തു. അവൾ ആനന്ദതുന്ദിലയായി. പക്ഷേ, റോമിൽ വച്ചു നടന്ന ഈ ഗൂഢാലോചനയെക്കുറിച്ച് അയാളുടെ യഥാർത്ഥ പത്നി യഥാസമയം അറിയുകയും ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുക എന്ന അവമതിക്കിടയാകാതിരിക്കുവാൻ അവൾ അയാളുടെ തന്നെ അനുവാദത്തോടെ ഏതോ കാരണം പറഞ്ഞു ബലവത്തായ മക്കേരൂസ് കോട്ടയിലേക്കു കടന്നുകളയുകയും ചെയ്തു. പ്രസ്തുതകോട്ട അന്തിപ്പാസിന്റെയും അരീത്താസിന്റെയും ഭരണപ്രദേശങ്ങളുടെ അതിർത്തിയിലായിരുന്നു. അവിടെനിന്ന് അവൾ സ്വപിതാവിന്റെ പക്കലേയ്ക്കു പലായനം ചെയ്തു. അങ്ങനെ ആ തടസ്സം ഒഴിവായി. ഹേറോദ്യാ റോമിൽനിന്നു അന്തിപ്പാസിന്റെ പക്കലെത്തി. ഫിലിപ്പിൽനിന്നു അവൾക്കുണ്ടായ സലോമി എന്ന പെൺകുട്ടിയെക്കൂടി അവൾ തന്റെ കൂടെ അന്തിപ്പാസിന്റെ അന്തഃപുരത്തിലേക്കു കൊണ്ടുപോന്നു. സലോമി റോമിൽ വച്ച് നൃത്തം നന്നായി അഭ്യസിച്ചിരുന്നു.
17. തന്റെ പുത്രിയോടു അന്തിപ്പാസ് ചെയ്ത കൊടിയ ദ്രോഹത്തിനു പ്രതികാരം ചെയ്യണമെന്ന ഒരു വിചാരം മാത്രമേ അന്നുമുതൽ അരീത്താസ് രാജാവിനുണ്ടായിരുന്നുള്ളു. അന്തിപ്പാസിന്റെ പ്രജകൾ, അയാൾ കാണിച്ച മതപരവും ദേശീയവുമായ നിയമങ്ങളുടെ ലംഘനത്തിൽ കടുത്ത അമർഷം മുറുമുറുപ്പിലൂടെ മാത്രം പ്രകടിപ്പിച്ചിരുന്നു. അപ്രകാരമുള്ള പ്രതിഷേധ പ്രകടനം അയാളുടെ ഭരണസീമയ്ക്കുള്ളിൽ സാർവ്വത്രികമായിരുന്നെങ്കിലും രഹസ്യ സ്വഭാവത്തോടുകൂടിയ ഒന്നായിരുന്നു. കാരണം, അന്തിപ്പാസിന്റെ കോപവെറിയെയും വ്യഭിചാരിണിയും അഗമ്യഗാമിനിയുമായ ഹേറോദ്യായുടെ അസൂയാകലുഷിതമായ വിദ്വേഷത്തെയും അവർ ഭയപ്പെട്ടിരുന്നു. എന്നാൽ, ഒരാൾ മാത്രം ധൈര്യം കാണിച്ചു- സ്നാപകയോഹന്നാൻ. ജനങ്ങളുടെയിടയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അംഗീകാരവും സ്വാധീനവും വലുതായിരുന്നു. (Antiquities of the Jews, XVIII, 116 ff). സ്നാപകയോഹന്നാനെ അന്തിപ്പാസ്പോലും അന്ധമായിട്ടെന്നോണം ആദരിച്ചിരുന്നു. മക്കേരൂസിന്റെ തടവറയിൽ യോഹന്നാൻ അടയ്ക്കപ്പെട്ടു. ഈ നടപടി അന്തിപ്പാസ് സ്വീകരിച്ചത് സുവിശേഷത്തിൽ പറയുന്നതുപോലെ ഒന്നുകിൽ അയാൾ കാട്ടിക്കൂട്ടിയ ധർമ്മ ഭ്രംശത്തെ യോഹന്നാൻ നിശിതമായി വിമർശിച്ചതുകൊണ്ടോ അല്ലെങ്കിൽ ജോസിഫസ് പറയുന്നതുപോലെ യോഹന്നാനു ബഹുജനങ്ങളുടെയിടയിലുണ്ടായിരുന്ന സ്വാധീനത്തിലും സമ്മതിയിലും രാജ്യവൃത്തങ്ങൾക്കുണ്ടായ ഭയാശങ്കകൾകൊണ്ടോ ആണ്. അസൂയാകലുഷിതരായ പ്രീശന്മാർക്ക് ഇക്കാര്യത്തിൽ പങ്കില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു (292).
യോഹന്നാൻ പത്തുമാസം ജയിലിൽ കഴിച്ചുകൂട്ടി. അദ്ദേഹം, ജയിലിലാണെങ്കിൽക്കൂടി, ജീവിച്ചിരിക്കുന്നതു ഹേറോദ്യായ്ക്കു ഇഷ്ടപ്പെട്ട കാര്യമായിരുന്നില്ല. വിട്ടുവീഴ്ചയില്ലാത്ത ഈ നിശിത വിമർശകനെ എത്രയും വേഗം കഥാവശേഷകനാക്കുക എന്നതായിരുന്നു അവളുടെ ഏക ആഗ്രഹം.
അന്തിപ്പാസ് അദ്ദേഹത്തെ ജയിലിലടച്ചതുകൊണ്ടു തൃപ്തിയടഞ്ഞു. യോഹന്നാന്റെ രക്തംകൊണ്ടു തന്റെ കൈ കറപുരണ്ടതാക്കാൻ അയാൾ ആഗ്രഹിച്ചില്ല. ഇത് രണ്ടു കാരണങ്ങളാലാകാം: ഒന്ന്, യോഹന്നാനോട് അയാൾക്ക് തോന്നിയ അത്യാദരവും ബഹുമാനവും; രണ്ട്, അദ്ദേഹത്തെ വധിച്ചാൽ ജനങ്ങൾ വിപ്ലവമുണ്ടാക്കിയേക്കുമോ എന്ന ഭയം . ഹേറോദ്യയാകട്ടെ യോഹന്നാനെ നശിപ്പിക്കാൻ പറ്റിയ അവസരം പാർത്തു കഴിഞ്ഞു. അവസാനം അത് സമാഗതമാകയും ചെയ്തു. അവളുടെ നർത്തകിയായ മകൾ അമ്മയ്ക്കുവേണ്ടി ആ കാരാഗൃഹവാസിയുടെ തല നേടിയെടുത്തു. വ്യഭിചാരിണിയായ ആ മാതാവ് അദ്ദേഹത്തിന്റെ തല തന്റെ കൈകളിലെടുത്തപ്പോൾ പ്രതികാരം ചെയ്തവളായി, വിജയം വരിച്ചവളായി തന്നെത്തന്നെ കരുതി.
അത് അവളുടെ നാശത്തിന്റെ ആരംഭമായിരുന്നു. കാരണം, അരീത്താസ് രാജാവും അന്തിപ്പാസിനോട് പ്രതികാരം ചെയ്യാൻ തക്കം പാർത്തിരിക്കുകയായിരുന്നല്ലോ. എ. ഡി. 36-ൽ രണ്ടു ഭരണാധികാരികളും തമ്മിൽ അതിർത്തി സംബന്ധിച്ചുണ്ടായ ഒരു തർക്കം യുദ്ധത്തിൽ കലാശിച്ചു. യുദ്ധത്തിൽ അന്തിപ്പാസ് ദയനീയമായി പരാജയപ്പെട്ടു. അപ്പോൾ അഹങ്കാരിയായ ആ തെത്ത്റാർക്ക് വിനയപൂർവ്വം വിദൂരസ്ഥനായിരുന്ന തിബേരിയസിന്റെ സഹായമഭ്യർത്ഥിച്ചു. ഗലീലിയിലെ തന്റെ ചാരപ്പണിക്കാരനെ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന തിബേരിയസ് ഉടനെതന്നെ സിറിയയിലെ റോമൻ ഡെലഗേറ്റ് (Legate) വിറ്റേല്ലിയസിന് കല്പനകൊടുത്തു അരീത്താസിനെതിരായി പടയോട്ടം നടത്താനും ആ ധിക്കാരിയായ അറബിയെ പിടിച്ചു റോമിലേയ്ക്കയയ്ക്കാനും, ''ജീവനോടെ ചങ്ങലകളാൽ ബന്ധിച്ച്, അല്ലെങ്കിൽ കൊന്നിട്ട് ശിരസ്സ് അദ്ദേഹത്തിനു അയച്ചുകൊടുക്കാൻ' (Antiquities of the Jews, XVIII, 115). എന്നാൽ, അരീത്താസ് യോഹന്നാനല്ല! നർത്തകിയുടെ ഭാഗമഭിനയിക്കാൻ വിറ്റേല്ലിയസിനെ കിട്ടുകയുമില്ല! ചാരവേല നടത്തി ദ്രോഹിച്ചതിനു മുമ്പേതന്നെ അന്തിപ്പാസിനോടു കടുത്ത അമർഷമുണ്ടായിരുന്ന വിറ്റേല്ലിയസ് തിബേരിയസിന്റെ കല്പന അനുസരിക്കാനെന്ന ഭാവേന മനസ്സില്ലാമനസ്സോടെ, പടയുമായി സാവധാനം മാർച്ചുതുടങ്ങി; ആ യുദ്ധം ഒഴിവാക്കാനുള്ള പഴുതുകളെല്ലാം അദ്ദേഹം തേടുകയും ചെയ്തു. ഭാഗ്യദേവത അദ്ദേഹത്തെ കടാക്ഷിച്ചു. സൈന്യവുമായി അദ്ദേഹം ജറുസലേം നഗരംവരെ ചെന്നപ്പോൾ തിബേരിയസ് അന്തരിച്ചു (മാർച്ച് 16, എ. ഡി. 37) വെന്ന വാർത്തയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. സ്വാഭാവികമായും അത് ആ പടനീക്കത്തിന്റെ അന്ത്യം കുറിച്ചു. അങ്ങനെ അരീത്താസ് ഒരുപദ്രവവും കൂടാതെ രക്ഷപ്പെടുകയും അന്തിപ്പാസിന്റെ തോൽവി പ്രതികാരം ചെയ്യപ്പെടാതെ അവശേഷിക്കുകയും ചെയ്തു.
18. അയാളുടെ അന്ത്യനാശം വന്നത് പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞായിരുന്നു. അതിന്റെ കാരണക്കാരി ഹേറോദ്യയായിരുന്നു. അധികാരമത്തുപിടിച്ച ആ സ്ത്രീ, തന്റെ സ്വന്തം സഹോദരനായ ഹേറോദേസ് അഗ്രിപ്പാ ഒന്നാമൻ എ. ഡി. 38-ൽ പലസ്തീനയിൽ ആഗതനായപ്പോൾ, അസൂയ കൊണ്ടു നിറഞ്ഞു. ഏതാനും മാസങ്ങൾക്കു മുമ്പ് ഈ അഗ്രിപ്പാ കടംകേറി മുടിയ, ജയിലിൽ കഴിഞ്ഞിട്ടുള്ള ഒരു സാഹസികനായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായ ഗായിയൂസ് കലിഗുള തിബേരിയസിനെത്തുടർന്നു ചക്രവർത്തിയായപ്പോൾ അദ്ദേഹത്തിനു നല്ലകാലം വന്നു. കലിഗുള അഗ്രിപ്പായ്ക്കു പല ആനുകൂല്യങ്ങളും നല്കിയതിനു പുറമെ, അദ്ദേഹത്തെ അന്തിപ്പാസിന്റെ ഭരണസീമയ്ക്കു വടക്കുള്ള പ്രദേശങ്ങളുടെ രാജാവാക്കുകകൂടി ചെയ്തു. അങ്ങനെ പുതിയ ചക്രവർത്തിയുടെ ശക്തനായ സുഹൃത്ത് അധികാരമേല്ക്കാൻ പലസ്തീനയിൽ എത്തിയിരിക്കുകയാണ്. അഗ്രിപ്പാ ഇങ്ങനെ അധികാരശൃംഗത്തിലേറിയപ്പോൾ ഹേറോദ്യായ്ക്ക് അതു സഹിച്ചില്ല. അവളിലേ അസുയ സടകുടഞ്ഞെഴുന്നേറ്റു. അവൾ അന്തിപ്പാസിനെ അഗ്രിപ്പായുമായി തട്ടിച്ചുനോക്കി. റോമിനുവേണ്ടി ഇത്രയും നാൾ ദാസ്യവേലചെയ്ത അന്തിപ്പാസ് - ശത്രുക്കൾ ദയനീയമായി പരാജയപ്പെടുത്തിയപ്പോൾ സഹായത്തിനെത്താൻ ഉപേക്ഷ കാണിച്ച റോമിന്റെ സുഹൃത്തായ അന്തിപ്പാസ്- ഇപ്പോഴും ഒരു തെത്ത്റാർക്കാ മാത്രമായി കഴിയുന്നു! ഇത് സഹിക്കാൻ പറ്റുകില്ല. അതുകൊണ്ട്, അന്തിപ്പാസ് റോമിൽ ചെന്ന് തന്റെ അവകാശാധികാരങ്ങൾ ചോദിച്ചു വാങ്ങിക്കണമെന്ന് താനും ഒരു രാജാവായി മാറാൻ വാദിക്കണമെന്ന് ഹേറോദ്യാ തന്റെ കാമുകനെ പേർത്തും പേർത്തും നിർബന്ധിച്ചു. മനസ്സില്ലാമനസ്സോടെ അയാൾ അവളുടെ ഇംഗിതത്തിനു വഴങ്ങി.
ഹേറോദ്യായുമൊത്തു യാത്രതിരിച്ച അന്തിപ്പാസ് ബായിയ (Baia) എന്ന സ്ഥലത്തുവച്ചു കലിഗുളയെ കണ്ടു. എന്നാൽ ഈ ഇണകളുടെ യാതാദ്ദേശ്യത്തെക്കുറിച്ചു സംശയം തോന്നിയ അഗ്രിപ്പാ തന്റെ ഒരു സ്വതന്ത്രസേവകനെ കത്തുകളുമായി അവരുടെ പിന്നാലെ അയച്ചു. ആ കത്തുകൾ അന്തിപ്പാസിനെതിരായുള്ള കുറ്റങ്ങൾ ഉൾക്കൊണ്ടിരുന്നുവെന്നു അനുമാനിക്കാം. പ്രതീക്ഷിച്ചിരുന്ന രാജസ്ഥാനത്തിനു പകരം രാജദ്രോഹകുറ്റം അവിചാരിതമായി ആരോപിക്കപ്പെട്ടപ്പോൾ തക്ക സമാധാനം ബോധിപ്പിക്കുന്നതിനു അന്തിപ്പാസിനു കഴിയാതെ പോയി. തന്മൂലം, കലിഗുള അയാളെ കുറ്റക്കാരനായി വിധിച്ചു; ഗോളിലുള്ള ലിയോൺസിലേയ്ക്കു (Lyons) നാടുകടത്തി. അയാൾ ഭരിച്ചിരുന്ന പ്രദേശങ്ങൾ കൂടി അഗ്രിപ്പായുടെ പ്രദേശങ്ങളോടു ചേർക്കപ്പെട്ടു. ആരുടെ അധികാരക്കൊതിമൂലം ഈ നാശംവന്നുപെട്ടോ ആ ഹേറോദ്യ അഗ്രിപ്പായുടെ സഹോദരിയായിരുന്നതുകൊണ്ട് അവൾക്കു സ്വന്തം സ്വത്തുക്കൾ ഇഷ്ടം പോലെ കൈകാര്യം ചെയ്യുന്നതിനുവേണ്ട സ്വാതന്ത്ര്യം കലിഗുളയിൽനിന്നു ലഭിച്ചു. എങ്കിലും, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സ്വഭർത്താവിനോടൊത്തു ജീവിതം സ്വമനസ്സാലെ സ്വീകരിക്കുകയാണുണ്ടായത്.
എ. ഡി. 39-നും 40-നും ഇടയ്ക്കാണു ഈ സംഭവം നടന്നത്.
19. മഹാനായ ഹേറോദേസിന്റെ പിൻഗാമികളിൽ മൂന്നാമനായ തെത്ത്റാർക്കാ ഫിലിപ്പ് യേശുവിന്റെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്നില്ല. അയാൾ തന്റെ കീഴിലുള്ള പ്രദേശങ്ങൾ മരിക്കുന്നതുവരെ (എ.ഡി 34 വരെ) ഭരിച്ചു. അയാൾ പൊതുവെ ശാന്തനും പക്വമതിയുമായ ഒരു ഭരണാധികാരിയായിരുന്നുവെന്നുവേണം കരുതാൻ. എന്നാൽ ഒരവസരത്തിൽ അയാൾക്കും അല്പം ബുദ്ധിഭ്രമം സംഭവിച്ചില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഹേറോദ്യായുടെ മകളും അയാളുടെ മരുമകളുടെ പുത്രിയും അയാളെക്കാൾ മുപ്പതുവയസ്സെങ്കിലും പ്രായക്കുറവുള്ള നർത്തകിയുമായ സലോമിയെ വാർദ്ധക്യകാലത്തു അയാൾ വേളികഴിക്കുകയുണ്ടായി.
ജോർദാൻ നദിയുടെ ഉൽപ്പത്തിസ്ഥലമായ "പനെയാസ്'' അയാൾ പൂർണ്ണമായി പുനരുദ്ധരിച്ചു. അഗസ്റ്റസിന്റെ ബഹുമാനാർത്ഥം സീസറിയ എന്ന പേരും അതിനുകൊടുത്തു. എങ്കിലും, സാധാരണയായി സീസറിയാ ഫിലിപ്പി എന്നാണതു അറിയപ്പെട്ടിരുന്നത്. മഹാനായ ഹേറോദേസ് മെഡിറ്ററേനിയൻ തീരത്തു നിർമ്മിച്ച സീസറിയ നഗരത്തെ തിരിച്ചറിയാൻ ഈ പേര് ഉപകരിച്ചു. പഴയ നാമധേയമായ പനെയാസ് (ഇന്നത്തെ ബാനിയാസ്) എന്ന പേര് ഉരുത്തിരിഞ്ഞത് ജോർദാൻ നദിയുടെ ഉത്ഭവസ്ഥലത്തിനടുത്തുള്ള ഒരു ഗ്രോട്ടോയിൽ നിന്നാണ്. ഗ്രോട്ടോ പ്രതിഷ്ഠിക്കപെട്ടിരുന്നത് 'പാൻ '' ദേവനായിരുന്നു. ഫിലിപ്പിന്റെ സമൂല പുനരുദ്ധാരണ പ്രക്രിയയുടെ ഫലമായി ആ ഗ്രോട്ടോയുടെ അടുത്ത് ഒരു വെൺമാർബിൾ ക്ഷേത്രം ഉയർന്നുവന്നു. അയാൾ അത് അഗസ്റ്റിസിനായി പ്രതിഷ്ഠിക്കുകയും ചെയ്തു. പാറമേൽ തലയുയർത്തി നില്ക്കുന്ന ആ ഉത്തുംഗസൗധമാണു നഗരത്തെ സമീപിക്കുന്ന ഒരാൾ ആദ്യം കാണുന്നത്.
ജനെസറത്തു തടാകത്തിന്റെ വടക്കേക്കരയിൽ, ജോർദാൻ നദി തടാകത്തിൽ പ്രവേശിക്കുന്നിടത്തു നിന്നല്പം കിഴക്കായി ബെദ്സൈദാ എന്ന നഗരവും ഫിലിപ്പ് സമൂലം പുതുക്കിപ്പണിതു. അതിന് അഗസ്റ്റസിന്റെ പുത്രി ജൂലിയായുടെ ബഹുമാനാർത്ഥം ജൂലിയാ എന്ന പേരും അയാൾ നല്കി.
ഹേറോദേസിന്റെ പിൻഗാമികൾ അർക്കെലാവോസ് അന്തിപ്പാസ് ഫിലിപ്പ് ഹേറോദ്യാ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206