We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
മൂന്നുമണിക്കൂര്‍ നീണ്ട അന്ധകാരമറ ഉയര്‍ത്തിക്കൊണ്ട് "എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു" എന്നു കരഞ്ഞ യേശു വീണ്ടും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ജീവന്‍ വെടിഞ്ഞു. അവന്‍ ഇപ്രകാരം മരിക്കുന്നതു കണ്ടുകൊണ്ട് കുരിശിന്‍റെ മുമ്പില്‍ നിന്നിരുന്ന ശതാധിപന്, ഇതിനുമുമ്പ് പല കുരിശുമരണങ്ങള്‍ക്കും സാക്ഷ്യംവഹിച്ചതുകൊണ്ടാവാം, ഈ മരണത്തില്‍ അസാധാരണത്വവും അസാമാന്യതയും കാണാന്‍ സാധിച്ചത്. അസാധാരണ ധൈര്യവും ശാന്തതയും പ്രകടിപ്പിച്ചുകൊണ്ട് മരണത്തെപ്പോലും വരിക്കാനുള്ള കഴിവ് അസാധാരണവും അമാനുഷികവുമായ വ്യക്തത്വത്തിന്‍റെ സൂചനയായി മധ്യധരണ്യ സംസ്കാരം കണക്കാക്കിയിരുന്നു എന്നത് ശതാധിപന്‍റെ അനുഭവജ്ഞാനത്തിന്‍റെ ഭാഗമായിരിക്കണം. യേശു തന്‍റെ മരണസമയത്ത് അമാനുഷികമായ ധൈര്യവും ശാന്തതയും പ്രകടിപ്പിച്ചു എന്ന് ലൂക്കാ വിവരിക്കുന്നു: പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി മാപ്പുചോദിച്ച് പിതാവിനോട് പ്രാര്‍ത്ഥിക്കുകയും ആ പിതാവിന്‍റെ കരങ്ങളില്‍ ആത്മാവിനെ അര്‍പ്പിക്കുകയും ചെയ്യുന്ന യേശു മധ്യധരണ്യസംസ്കാരത്തില്‍നിന്ന് ഉരുത്തിരിഞ്ഞ ഏറ്റം വലിയ വ്യക്തിത്വത്തിന്‍റെ മകുടപ്രതീകമാണ് (മര്‍ക്കോ 15,33-39; ലൂക്കാ 23,34-46). ശതാധിപന്‍ ആ അനുഭവം വാക്കുകളിലൂടെ ഉച്ചരിച്ചപ്പോള്‍ ഇപ്രകാരമായി: "ഈ മനുഷ്യന്‍ സത്യമായും ദൈവപുത്രനായിരുന്നു" (മര്‍ക്കോ 15,39). ആ വാക്കുകളാകട്ടെ ഒരു അമാനുഷികന്‍റെ അനുഭവത്തില്‍നിന്നുയര്‍ന്ന വാക്കുകള്‍ക്കതീതമായി ഒരു ദൈവശാസ്ത്രത്തിന്‍റെ ആമുഖമായിരുന്നു. മരണമാണ് അന്ധകാരമറ നീക്കുന്ന വെളിച്ചം എന്നും മരിച്ച യേശുവിലാണ് ദൈവം പൂര്‍ണ്ണരൂപത്തില്‍ മനുഷ്യര്‍ക്ക് പ്രത്യക്ഷീകരിച്ചതെന്നും വ്യക്തമാക്കുന്നതാണ് ഈ ദൈവശാസ്ത്രം. വൈരുദ്ധ്യാത്മകതയാണല്ലോ പരിമിതിനിറഞ്ഞ മനുഷ്യഭാഷയില്‍ സത്യത്തെ സമൂലതയിലും നഗ്നതയിലും അവതരിപ്പിക്കാനുള്ള മാധ്യമം.
ഈ വൈരുദ്ധ്യം ഒരു ഭാരമായിക്കണ്ട് ചുമലില്‍നിന്നും തള്ളി മാറ്റുകയും മരണത്തിനു മുന്‍പേ വയ്ക്കുന്ന ഒരു ഉത്ഥാനത്തില്‍ ആധാമരമിടുകയും അത്തരം മഹത്വലബ്ധിക്കായി ആണിപ്പഴുതുകള്‍ ഇല്ലാത്ത കൈകളും പിളര്‍ക്കപ്പെട്ട പാര്‍ശ്വവുമില്ലാത്ത യേശുവിന്‍റെ ചിത്രത്തിനുപിന്നില്‍ ഉപഭോഗമനോഭാവവും ലാഭേച്ഛയും ശീലമാക്കിയ ഒരു "ക്രൈസ്തവികത"യുടെ മദ്ധ്യത്തില്‍നിന്ന് മേല്‍പ്പറഞ്ഞ വൈരുദ്ധ്യാത്മകത ദൈവശാസ്ത്രത്തിന്‍റെ ചില മാനങ്ങള്‍ വിചിന്തനവിഷയമാക്കുകയാണ്, ഈ ലേഖനത്തിന്‍റെ ലക്ഷ്യം.
മരണത്തില്‍ ജീവന്‍ കണ്ട/കൊണ്ട ആദിമസമൂഹം
ആദിമക്രൈസ്തവസമൂഹം മരണത്തിലാണ് ജീവന്‍ കണ്ടതും, മരണത്തില്‍ നിന്നാണ് ജീവന്‍ കൊണ്ടതും. പത്രോസിന്‍റെ പ്രസംഗത്തില്‍ ക്രൂശിതനായ യേശുവാണ് പ്രധാന വിഷയം. "ജീവന്‍റെ നാഥനെ (archegos) നിങ്ങള്‍ കുരിശില്‍ തറച്ചു" എന്നാണ് പറയുന്നത് (നട 3,15). പക്ഷെ കുരിശില്‍ തറയ്ക്കപ്പെട്ട യേശു മരിച്ച് ഇല്ലാതാവുകയല്ല, മറിച്ച് മരിച്ച് ജീവിക്കുകയാണ്. അവിടുന്ന് ജീവന്‍റെയും രക്ഷയുടെയും നാഥനായി (archegose) അവരോധിക്കപ്പെട്ടു (നട 5,31). മരണത്തിലൂടെ യേശു മനുഷ്യര്‍ക്കു പാത തുറക്കുകയായിരുന്നു, പിതാവിലേക്ക്. പത്രോസിന്‍റെ ഒന്നാം ലേഖനത്തിലും ഈ ആശയം വ്യക്തമായി പ്രത്യക്ഷപ്പെടുന്നു. നമ്മള്‍ പാപത്തിന് മരിക്കാനും നീതിയിലേക്ക് ജീവിക്കാനുമായി യേശു നമ്മുടെ പാപങ്ങള്‍ വഹിച്ചു, സഹിച്ചു, മരിച്ചു. അവന്‍റെ മുറിവുകളാല്‍ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു (1 പത്രോ 2,21-24).
" യേശുവിനെക്കുറിച്ചല്ലാതെ അതും ക്രൂശിതനായവനെയല്ലാതെ മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ല" (1 കൊറി 2,2) എന്നു പറഞ്ഞ പൗലോസ് "നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാന്‍" എന്നു പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ഉത്ഥിതനെയാണ് ദമാസ്കസിലേക്കു പോകുംവഴി അനുഭവിച്ചത് (നട 9,5). യേശുവിനോടൊപ്പം ക്രൂശിതരാണ് നാം എന്ന് എഴുതുമ്പോള്‍ പൗലോസ്, തന്‍റെ ഉള്ളില്‍ നിറഞ്ഞുനില്ക്കുന്നത് കവിഞ്ഞൊഴുകാന്‍ അവരെ അനുവദിക്കുക മാത്രമാണ് ചെയ്യുന്നത് (ഗലാ 5,24). വിജാതീയര്‍ക്കും യഹൂദര്‍ക്കും വിഡ്ഢിത്തവും ഇടര്‍ച്ചയുമായ കുരിശ് പൗലോസിന് ജീവന്‍റെ സുവിശേഷമാണ് (1 കൊറി 1.22-24). ശൂന്യവത്കരണത്തിന്‍റെ കീര്‍ത്തനമാലപിക്കുമ്പോള്‍ കുരിശുമരണംവരെ അനുസരണയുള്ളവനായി ജീവിച്ച ദൈവമായിരിക്കെ അതില്‍ കടിച്ചുതൂങ്ങാതെ നമ്മിലൊരുവനായി സ്വയം ഇല്ലാതാക്കിയ യേശുവിനെയാണല്ലോ പൗലോസ് അവതരിപ്പിക്കുക (ഫിലി 2,6-11). മാത്രമല്ല, യേശുവിന്‍റെ മരണം ജീവിതാന്ത്യത്തില്‍ നടന്ന, ഏതാനും നിമിഷങ്ങളില്‍ ഒതുങ്ങുന്ന ഒരു സംഭവമല്ലെന്നും മനുഷ്യാവതാരസംഭവങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പ്രക്രീയയാണ് അതെന്നും വ്യക്തമാക്കപ്പെടുന്നു.
ആദിമസമൂഹം യേശുവിന്‍റെ മരണത്തെ ഒറ്റപ്പെട്ട ഒരു സംഭവമായോ ഒരു അസാധാരണ മനുഷ്യന്‍റെ അനുഭവമായോ അല്ല കണ്ടത്, പ്രത്യുത, ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയുടെ ഉള്ളില്‍ കൃത്യമായി തീരുമാനിച്ച് നടപ്പാക്കപ്പെട്ട ഒരു സംഭവമായിട്ടാണ്. പിതാവിന്‍റെ പദ്ധതിയുടെ പൂര്‍ത്തീകരണമാണ് കുരിശുമരണത്തിന്‍റെ അടിസ്ഥാനമെങ്കിലും അത് യേശുവിന്‍റെമേല്‍ അടിച്ചേല്പിക്കപ്പെട്ടതല്ല; യേശു പിതാവിന്‍റെ പദ്ധതിയോട് സ്വയം താദാത്മ്യപ്പെടുകയും പിതാവിന്‍റെ ഹിതത്തോട് പൂര്‍ണ്ണമായി അനുരൂപപ്പെടുകയും ചെയ്തതിനാല്‍ അത് സ്വയാര്‍പ്പണമാണ് (യോഹ 10,16-17).
പ്രവചനങ്ങള്‍ അറിയിച്ചത്
യേശുവിന്‍റെ മരണം പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ്. ദൈവത്തിന്‍റെ സ്വരം മനുഷ്യരെ അറിയിച്ച പ്രവാചകര്‍ വരാനിരിക്കുന്ന രക്ഷകനെക്കുറിച്ച് പറയുമ്പോള്‍ സഹനവും മരണവും രക്ഷകന്‍റെ ജീവിതഭാഗമാണെന്ന് സ്പഷ്ടമാക്കപ്പെടുന്നു. ജറമിയാപ്രവാചകന്‍റെ ജീവിതംതന്നെ ഇതിന്‍റെ സാക്ഷ്യമാകുമ്പോള്‍ ഏശയ്യാപ്രവാചകന്മാര്‍ സഹിക്കുന്ന ദൈവദാസനെക്കുറിച്ച് പാടുമ്പോഴെല്ലാം ഈ ആശയം നിറഞ്ഞുനില്ക്കുന്നു (ഏശയ്യാ 42-ാം അദ്ധ്യായം മുതല്‍).
പീഡാസഹനവും മരണവും: യേശുവിന്‍റെ പ്രബോധനങ്ങളില്‍
സമവീക്ഷണ സുവിശേഷങ്ങളില്‍ യേശു തന്‍റെ സഹനവും മരണവും പ്രവര്‍ത്തനത്തിന്‍റെ രണ്ടാംഘട്ടത്തില്‍ മാത്രമേ പ്രബോധനവിഷയമാക്കുന്നുള്ളു. കാരണം, സഹനവും മരണവും മിശിഹാത്വവുമായി ബന്ധിപ്പിച്ചു മനസ്സിലാക്കാന്‍ ശിഷ്യന്മാര്‍ക്കോ മറ്റു യഹൂദര്‍ക്കോ സാധ്യമല്ലായിരുന്നു. അവരുടെ വീക്ഷണത്തില്‍ രണ്ടും നിഷേധാത്മകമായ യാഥാര്‍ത്ഥ്യങ്ങളാണ്. രാഷ്ട്രീയതലത്തില്‍ രാജത്വത്തിന്‍റെയും ശക്തിയുടെയും മഹത്വത്തിന്‍റെയും രൂപത്തിലാണ് അവര്‍ മിശിഹാത്വത്തെയും രക്ഷയേയും സ്വപ്നംകണ്ടിരുന്നത്.
എന്നാല്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ യേശുവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ആരംഭം മുതല്‍ സഹനവും മരണവും പ്രബോധന വിഷയങ്ങളാണ്. കാനായില്‍ കല്യാണവിരുന്നിന്‍റെ വിവരണത്തില്‍ "എന്‍റെ സമയം ഇനിയും സമാഗതമായില്ല" എന്ന് യേശു സൂചിപ്പിക്കുമ്പോള്‍ "സഹനവും മരണവും" ഉദ്ദേശിക്കുന്നു (2,1-12). വീണ്ടും ജറുസലേം ദേവാലയത്തില്‍ "നിന്‍റെ ഭവനത്തെക്കുറിച്ചുള്ള തീക്ഷണത എന്നെ വിഴുങ്ങും" എന്നും "ഈ ദേവാലയം നശിപ്പിക്കുക" എന്നു പറയുമ്പോള്‍ സഹനവും മരണവുമാണ് സൂചന (2,13-21).
പീഡാസഹനപ്രവചനങ്ങള്‍
സമവീക്ഷണ സുവിശേഷങ്ങളില്‍ യേശുവിന്‍റെ പീഡാസഹനപ്രവചനങ്ങള്‍ കാണാം. ശുശ്രൂഷയുടെ രണ്ടാം ഭാഗത്താണ് മൂന്നു പ്രവശ്യം യേശു ഇത് പറയുക (മര്‍ക്കോ 8,31; 9,31; 10,32 മത്തായി ലൂക്കാ സമാന്തരഭാഗങ്ങള്‍). ആദിമസമൂഹത്തിന്‍റെ വിശ്വാസപ്രഖ്യാപനത്തിന്‍റെ സംഗ്രഹമാണ് ഇവിടെ ലഭ്യമാകുന്നത്. യേശു സഹിച്ച്, മരിച്ചു എന്നത് ആ വിശ്വാസത്തിന്‍റെ അവിഭാജ്യഘടകമാണ്. യേശു തന്‍റെ പ്രവര്‍ത്തസാഹചര്യത്തില്‍, ചരിത്രപശ്ചാത്തലത്തില്‍ തന്‍റെ മരണത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുമോ? മാത്രമല്ല, യേശുവിന് തന്‍റെ മരണത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞിട്ടുണ്ടാകുമോ?
എല്ലാ പ്രവാചകരുടെയും ഭാഗധേയം അക്രമവും മരണവുമായിരുന്നു എന്ന് രക്ഷാകരചരിത്രത്തില്‍ വ്യക്തമാണ്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുകയും ദൈവത്തിന്‍റെ സ്വരമായി ചരിത്രത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്കെല്ലാം ഇതേ അന്ത്യമാണ് ഉണ്ടാകുക എന്നും ആര്‍ക്കും അനുമാനിക്കാവുന്നതാണ്. കൂടാതെ, വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ സഹനവും മരണവും സൂചിപ്പിച്ചിട്ടുണ്ട് എന്ന് മേല്‍പ്പറഞ്ഞതാണല്ലോ. പഴയനിയമം, പ്രത്യേകിച്ചും പ്രവാചകവാക്യങ്ങള്‍ തന്‍റെ ജീവിതവുമായി ബന്ധിപ്പിച്ച് പുനര്‍വ്യാഖ്യാനം ചെയ്താണ് യേശു തന്‍റെ ദൗത്യം വിശദീകരിച്ചത്. അതിനാല്‍, സഹനത്തിന്‍റെ ആവശ്യകത വ്യക്തമായും യേശു അറിഞ്ഞിരിക്കണം.
പീഡാസഹന പ്രവചന ഫോര്‍മുല സമൂഹത്തിന്‍റെ വിശ്വാസപ്രഖ്യാപനത്തിന്‍റെ സംഗ്രഹരൂപമായി പുനര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണെങ്കിലും അതിന്‍റെ അന്ത:സത്ത ചരിത്രപരമാണ് എന്ന് വ്യക്തം.
യേശുവിന്‍റെ മറ്റു പ്രബോധനങ്ങളില്‍ മരണസൂചനകള്‍
പീഡാസഹന മരണ പ്രവചനങ്ങള്‍ക്ക് പുറത്ത് യേശു തന്‍റെ പ്രബോധനങ്ങളില്‍ മരണത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, യേശുവിന്‍റെ ജീവിതത്തിലെ ചില സംഭവങ്ങളില്‍ ഇത് വ്യക്തവുമാണ്. രൂപാന്തരീകരണവേളയില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സ്വരം "ഇവനെ ശ്രവിക്കുവിന്‍" എന്നു പറയുന്നുണ്ട്. രൂപാന്തരീകരണത്തിന് തൊട്ടുമുന്‍പാണ് സഹനത്തെയും മരണത്തെയും കുറിച്ച് യേശു പറഞ്ഞത്. ആ യേശുവിനെ ശ്രവിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ സഹനവും മരണവും ഏറ്റെടുക്കുന്ന യേശുവാണ് "താന്‍ പ്രസാദിച്ചിരിക്കുന്ന പ്രിയ മകന്‍" എന്നു വ്യക്തമാക്കുന്നു (മര്‍ക്കോ 9,1-8).
നിലത്ത് വീണ് അഴിയുന്ന ഗോതമ്പുമണിയെക്കുറിച്ച് പറയുന്ന യേശു, തന്‍റെ മരണമല്ലാതെ ഒന്നുമല്ല വിഷയമാക്കുന്നത്. തന്‍റെ മരണം ജീവന്‍റെ സ്രോതസ്സാകുമെന്നാണ് സൂചന.
യേശു മരിച്ചവരെ ഉയര്‍പ്പിക്കുന്ന രംഗങ്ങള്‍ (ജായ്റോസിന്‍റെ മകള്‍, നായിമിലെ വിധവയുടെ മകന്‍, ലാസര്‍, മര്‍ക്കോ 5,21-43; ലൂക്കാ 7,11, യോഹ 11,1ള). സ്വന്തം മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും മുന്നോടികളാണ്.
ഇവയും മറ്റ് പ്രബോധനങ്ങളും സംഭവങ്ങളും "സ്വയം നിഷേധിക്കുക" എന്ന അടിസ്ഥാനചിന്തയില്‍ അധിഷ്ഠിതമാണ്.
യേശുവിന്‍റെ മരണം: പാപപരിഹാരബലിയും വിമോചനമാര്‍ഗ്ഗവും
സെബദിപുത്രന്മാര്‍, വരാനിരിക്കുന്ന രാജ്യങ്ങളില്‍ യേശുവിന്‍റെ ഇടത്തും വലത്തും ഇരിക്കാനുള്ള ആഗ്രഹവുമായി അവന്‍റെ അടുക്കലെത്തുമ്പോള്‍ ദേഷ്യപ്പെടുന്ന പത്തു ശിഷ്യന്മാരോട് യേശു പറയുന്നുണ്ട്: "മനുഷ്യപുത്രന്‍ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും തന്‍റെ ജീവന്‍ അനേകര്‍ക്ക് മോചനദ്രവ്യമായി നല്കാനുമാണ്" (മര്‍ക്കോ 10,45). "അനേകര്‍ക്ക് മോചനദ്രവ്യമായി നല്കുക" എന്ന പ്രയോഗത്തില്‍ യേശു തന്‍റെ മരണം പാപപരിഹാരാര്‍ത്ഥമായുള്ള ബലിയായി കണ്ടിരുന്നു എന്ന് സൂചിപ്പിക്കപ്പെടുന്നു.
അന്തിമത്താഴവേളയില്‍ ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. യേശു പാനപാത്രമെടുത്ത് വാഴ്ത്തി ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അത് പുതിയ ഉടമ്പടിക്കായി ചിന്തപ്പെടുന്ന തന്‍റെ രക്തമെന്ന് പ്രഖ്യാപിക്കുന്നു (മര്‍ക്കോ 14,22-26). തന്‍റെ മരണത്തിലൂടെ സാധിതമാകുന്നത് പുതിയ ഉടമ്പടിയുടെ സ്ഥിരീകരണത്തിനുള്ള ബലിയര്‍പ്പണം-രക്തംചിന്തല്‍-ആണ് എന്ന് വ്യക്തം.
ലാസറിനെ ഉയര്‍പ്പിച്ച യേശുവിലേക്ക് അനേകര്‍ ആകര്‍ഷിക്കപ്പെടുന്നതുകണ്ട് അവനെ നശിപ്പിക്കാന്‍ മാര്‍ഗ്ഗംതേടുന്ന യഹൂദപ്രമാണികള്‍ കയ്യിഫാസില്‍നിന്നും കേള്‍ക്കുന്നത് മേല്‍പറഞ്ഞ ദൈവശാസ്ത്രമാണ്. "രാജ്യത്തിന്‍റെ രക്ഷയ്ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതാണ് നല്ലത്" (യോഹ 11,50-51). യേശുവിന്‍റെ മരണത്തിന്‍റെ രക്ഷാകരവശം ശത്രുവായ കയ്യഫാസിന്‍റെ അധരങ്ങളിലൂടെ വരുമ്പോള്‍ അത് വിരോധാഭാസരൂപേണ ശക്തമായി അവതരിപ്പിക്കപ്പെടുന്നു.
യേശുവിന്‍റെ മരണം പാപപരിഹാരമാണ് എന്ന് പൗലോസും ഒരിക്കല്‍ സൂചിപ്പിക്കുന്നുണ്ട് (റോമാ 3,25). എന്നാല്‍ ഹെബ്രായര്‍ക്കെഴുതിയ ലേഖനത്തിന്‍റെ പ്രധാന വിഷയമാണിത്. 8-10 അധ്യായങ്ങളില്‍ മഹാപുരോഹിതനായ യേശു എപ്രകാരമാണ് പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി സ്വരക്തംചിന്തി മരണത്തിലൂടെ ബലിയര്‍പ്പിച്ച് പിതാവിന്‍റെ സാന്നിദ്ധ്യത്തിലെത്തുകയും അങ്ങോട്ടു പോകാന്‍ മനുഷ്യര്‍ക്ക് വഴിയോരുക്കുകയും ചെയ്തത് എന്ന് വളരെ ശക്തമായി അവതരിപ്പിക്കുന്നു. മനുഷ്യന്‍റെ പാപപരിഹാരവും രക്ഷയും(മനസാക്ഷിയുടെ ശുദ്ധീകരണം) ആണ് യേശുവിന്‍റെ മരണത്തിന്‍റെ ഉദ്ദേശ്യം. പഴയനിയമബലികളെയും പൗരോഹിത്യത്തെയും യേശു തന്‍റെ സ്വയാര്‍പ്പണത്തിലൂടെ അതിശയിച്ചു എന്ന് സ്ഥാപിക്കപ്പെടുന്നു. അതിന്‍റെ അടിസ്ഥാനം ദൈവഹിതം അനുഷ്ഠിക്കാന്‍ സ്വന്തം ജീവന്‍ പൂര്‍ണ്ണമായി അര്‍പ്പിച്ചു എന്നതാണ്.
യോഹന്നാന്‍റെ സുവിശേഷത്തില്‍ "എല്ലാം പൂര്‍ത്തിയായി" എന്നു പ്രഖ്യാപിക്കുകയും "ദാഹിക്കുന്നു" എന്ന് പറഞ്ഞ് "ജീവന്‍ അര്‍പ്പിക്കുക"യും ചെയ്യുന്ന യേശുവിന്‍റെ പിളര്‍ക്കപ്പെട്ട പാര്‍ശ്വത്തില്‍നിന്നും രക്തവും ജലവും ഒഴുകുകയും ചെയ്യുമ്പോള്‍ (യോഹ 19,28-34) ഈ ബലിയര്‍പ്പണവും തത്ഫലമായി മനുഷ്യര്‍ക്ക് ലഭ്യമാകുന്ന ജീവനും വ്യക്തമാക്കപ്പെടുന്നു. യേശു നമ്മുടെ സമാധാനമാണെന്ന് പൗലോസ് പറയുമ്പോഴും (എഫേ 2,14), ബലികഴിക്കപ്പെട്ട കുഞ്ഞാടിന്‍റെ രക്തത്തില്‍ കഴുകിയാണ് മനുഷ്യര്‍ക്ക് രക്ഷ അനുഭവിക്കാന്‍ സാധിക്കുക എന്ന് വെളിപാടിന്‍റെ പുസ്തകം അവതരിപ്പിക്കുമ്പോഴും (വെളി 7,9,13-14) സന്ദേശം വ്യത്യസ്തമല്ല.
യേശുവിന്‍റെ മരണവും പെസഹാകുഞ്ഞാടും തമ്മിലുള്ള ബന്ധവും ശ്രദ്ധിക്കേണ്ടതാവിശ്യമാണ്. സ്നാപകന്‍ യേശുവിനെ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി അവതരിപ്പിക്കുമ്പോള്‍ പെസഹാകുഞ്ഞാടും സഹിക്കുന്ന ദൈവദാസനുമാണ് പശ്ചാത്തലചിത്രങ്ങള്‍ (യോഹ 1,29). പെസഹാ കുഞ്ഞാടിന്‍റെ ബലിയാണ് ഇസ്രായേല്യരെ ഈജിപ്തില്‍നിന്നും സ്വാതന്ത്ര്യത്തിലേക്ക് ഇറക്കി വിട്ടത്: ആ കുഞ്ഞാടിന്‍റെ രക്തം പുരണ്ടതിനാലാണ് സംഹാരദൂതന്‍ ആ വീടുകളെ "ചാടി" (പസാഹ്) പോയത്. ആ ചാട്ടമാണ് അവരെ മരണത്തില്‍നിന്നും രക്ഷിച്ചത്. അതായത് കുഞ്ഞാടിന്‍റെ മരണമാണ് അവരെ ജീവനിലേക്കു നയിച്ചത്.
യേശുവിന്‍റെ മരണം പുതിയ പുറപ്പാടിന് ഒരുക്കമായുള്ള കുഞ്ഞാടിന്‍റെ രക്തംചിന്തലാണ്. ഇത് നിര്‍ണ്ണായകവും അന്തിമവുമായുള്ള പുറപ്പാടാണ്. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിന്‍റെ ഉദ്ഘാടനവും പാതയുടെ തുറക്കലുമാണ് യേശുവിന്‍റെ മരണം. ഈ പുതിയ യുഗമാണ് "അപ്പോകാലിപ്റ്റിക്" ഭാഷയില്‍ യേശുവിന്‍റെ മരണവും ബന്ധപ്പെട്ട സംഭവങ്ങളും വിവരിച്ചുകൊണ്ട് മത്തായി സ്പഷ്ടമാക്കുന്നത് (മത്താ 27 ). "ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവില്‍ എത്തുന്നില്ല" (യോഹ 14,6) എന്ന വാക്യം നല്ലൊരു സംക്ഷേപമാണ്.
ക്രൈസ്തവന്‍റെ മരണം
ക്രൈസ്തവന് ജീവിതം നിരന്തര മരണമാണ്, സ്വയം നിഷേധമാണ്, രക്തം ചിന്തലാണ്, സ്വയം ബലിയര്‍പ്പിക്കലാണ്, സ്വയം ഇല്ലാതായി ജീവന്‍ പകരലാണ്. ചുരുക്കത്തില്‍ യേശുവിനെ അനുഗമിക്കുന്നവന് ഈ വൈരുദ്ധ്യത്തിന്‍റെ, വിരോധാഭാസത്തിന്‍റെ മാര്‍ഗ്ഗമേയുള്ളൂ ജീവന്‍ അനുഭവിക്കാനും കൊടുക്കാനും. സഭ അടിമുതല്‍ മുടിവരെ ശുശ്രൂഷയുടെ അടിസ്ഥാനമനോഭാവമണിഞ്ഞ് അനേകര്‍ക്ക് മോചനദ്രവ്യമാകുമ്പോള്‍ ഇന്നും പുറപ്പാട് നടക്കും, സ്വാതന്ത്ര്യത്തിലേക്ക്; നമ്മുടെ ജീവിതയാത്ര തീര്‍ത്ഥാടനമാകും, സ്വര്‍ഗ്ഗനാട്ടിലേക്ക്. അന്ധകാരമറനീങ്ങി വെളിച്ചമുദിക്കുകയും ചെയ്യും.
christ the church Mar Joseph Pamplany death of jesus goodfriday passion and crucifixion of jesus death of a christian christian death Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206