We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
മരണം ഒരു സാര്‍വ്വലൗകിക പ്രതിഭാസമാണെന്നും മനുഷ്യ ബുദ്ധിക്കു പൂര്‍ണ്ണമായും ഗ്രഹിക്കാനാവാത്ത മഹാരഹസ്യമാണെന്നും വ്യക്തമാണ്. മരണമെന്ന രഹസ്യത്തിന്‍റെ ഉള്ളറകളിലേക്കിറങ്ങിചെല്ലാന്‍ വിവിധ ദര്‍ശനങ്ങള്‍ നടത്തുന്ന ശ്രമങ്ങളും സുവിദിതമാണ്. ക്രൈസ്തവദര്‍ശനം യുക്തിയുടെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തില്‍ മരണമെന്ന രഹസ്യത്തിന്‍റെ ഉള്‍പ്പൊരുള്‍ ഗ്രഹിക്കാന്‍ നടത്തിയ പരിചിന്തനങ്ങളെ വിശകലനം ചെയ്യാനാണ് ഈ അധ്യായത്തില്‍ നാം ശ്രമിക്കുന്നത്.
മരണം - അല്പം വിശദീകരണം
മരണമെന്ന യാഥാര്‍ത്ഥ്യം പരമാര്‍ത്ഥത്തില്‍ നിര്‍വ്വചനക്ഷമമല്ല. വെളിപാടിന്‍റെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ മരണം ഒരിക്കലും ഒരു പ്രശ്നമല്ല, രഹസ്യമാണ്. രക്ഷാകരപദ്ധതിയില്‍ ദൈവം പ്രകടിപ്പിക്കുന്ന സ്നേഹത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും നിദര്‍ശനമായിട്ടേ മരണത്തെ വിശ്വാസിക്കു മനസ്സിലാക്കാനാവൂ. മനുഷ്യന്‍റെ ഗ്രാഹ്യമണ്ഡലത്തെ മറികടന്ന് അനന്തതയെ തൊട്ടുരുമ്മി നില്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് മരണം. മനുഷ്യനും ദൈവവും തമ്മിലുള്ള സൗഹൃദത്തെ ദ്യോതിപ്പിക്കുന്ന പ്രകാശവലയമാണത്. അനിവാര്യമായ മരണത്തിന്‍റെ മുന്‍പില്‍ സ്വാര്‍ത്ഥപൂരണത്തിനുള്ള മനുഷ്യന്‍റെ അഭിലാഷം വഴിമാറിക്കൊടുക്കുകയും ദൈവവും താനും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരവും തനിക്കു ദൈവത്തിലുള്ള സമ്പൂര്‍ണ്ണാശ്രയത്വവും അവന്‍ ഗ്രഹിക്കുകയും ചെയ്യുന്നു. മനുഷ്യരെല്ലാം മരണവിധേയരാണ്. ഈശ്വരന്‍ മാത്രമാണ് മരണാതീതന്‍. അവിടുന്ന് മനുഷ്യന്‍റെ സത്തയുടെതന്നെ നാഥനാണ്. മനുഷ്യനു ജീവന്‍ നല്കിയത് ദൈവത്തിന്‍റെ സ്വതന്ത്രമായ തീരുമാനമാണ്. അതിനാല്‍ മനുഷ്യന്‍റെ അന്ത്യവും ദൈവകരങ്ങളിലാണ്.
മരണം പാപഫലം
വി. ഗ്രന്ഥകാരന്‍ ഉല്‍പ്പത്തിപ്പുസ്തകത്തില്‍ സാര്‍വ്വലൗകിക പ്രതിഭാസങ്ങളായ പാപത്തിനും മരണത്തിനും വിശദീകരണം നല്‍കുവാന്‍ ശ്രമിക്കുന്നുണ്ട്. മരണവും ദുഷ്ടതയും പരമപരിശുദ്ധനും ചിരംജീവിയുമായ ദൈവത്തിന്‍റെ പ്രവൃത്തികളല്ല. സന്തോഷത്തിന്‍റെ പറുദീസായില്‍ ചിരകാലം ജീവിക്കാന്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ പരാപരന്‍റെ പരമാധിപത്യത്തെ ധിക്കരിച്ചു (സൃഷ്ടി 2:17-18). പാപത്തിന്‍റെ ഫലമാണ് മരണമെന്നു കലവറയില്ലാതെ കരുതിയിരുന്ന കാലമുണ്ടായിരുന്നു. മരണാതീതനായിട്ടാണ് മനുഷ്യനെ ദൈവം അസ്ഥിത്വത്തിലേക്കാനയിച്ചത്. ജീവിക്കുകയെന്നുവച്ചാല്‍ ദൈവത്തിന്‍റെ അവകാശാധികാരങ്ങളില്‍ ഭാഗഭാക്കാകുകയാണ്. ദൈവവുമായുള്ള ഐക്യം നിലനില്ക്കുന്നിടത്തോളം മനുഷ്യന് ജീവനാശമനുഭവിക്കേണ്ടിയിരുന്നില്ല. എന്നാല്‍ 'ദുഷ്ടതയുടെ അരൂപി, അവനില്‍ ആവസിച്ച് ദൈവവുമായുള്ള ബന്ധം വിടര്‍ത്താന്‍ അവനെ പ്രേരിപ്പിച്ചു'. ആ പ്രലോഭനത്തിനു വഴങ്ങുകയോ വഴങ്ങാതിരിക്കുകയോ ചെയ്യാനുള്ള സമ്പൂര്‍ണ്ണസ്വാതന്ത്യം മനുഷ്യനുണ്ടായിരുന്നിട്ടും അവന്‍ ദുഷ്ടാരൂപിയുടെ ആഹ്വാനം ചെവിക്കൊണ്ടു. അതിന്‍റെ ഫലമായി മനുഷ്യനിലെ ദൈവികജീവന്‍ മരിച്ചു. അങ്ങനെ "ഒരു മനുഷ്യന്‍ മൂലം ലോകത്തില്‍ പാപവും തല്‍ഫലമായി മരണവുമുണ്ടായി. മരണം എല്ലാവരിലേക്കും പ്രവേശിക്കുകയും ചെയ്തു" (റോമ 5:12).
ഈ പ്രബോധനത്തെ അടിസ്ഥാനമാക്കി മരണത്തെ പാപത്തിന്‍റെ ശിക്ഷയായി വിലയിരുത്താമോ? ആദിമനുഷ്യന്‍റെ അമര്‍ത്യത സൂചിപ്പിക്കുന്നത് കാലാകാലത്തോളം അയാള്‍ തന്‍റെ ഐഹിക ജീവിതം തുടരുമെന്നായിരുന്നുവെന്നാണോ? പാപം ഇല്ലായിരുന്നുവെങ്കില്‍ മരണം ഉണ്ടാകുമായിരുന്നില്ല എന്നു തീര്‍പ്പുകല്പിക്കുമാറ് മരണം ഒരിക്കലും പാപത്തിന്‍റെ ശിക്ഷയല്ല. പാപത്തിന്‍റെ അഭാവത്തിലും മനുഷ്യന്‍റെ ഈലോകജീവിതം അവസാനിക്കുകയും അവന്‍ നിത്യത്വത്തിലേക്കു പ്രവേശിക്കുകയും ചെയ്യുമായിരുന്നു. തന്‍റെ ഉടമ്പടിയെ വിശ്വസ്തതാപൂര്‍വ്വം പാലിച്ചിരുന്നുവെങ്കില്‍ ഇന്നത്തേതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു മരണത്തിലൂടെ മനുഷ്യന്‍ തന്‍റെ പരമാന്ത്യത്തെ പ്രാപിക്കുമായിരുന്നിരിക്കണം. കാള്‍ റാനറിന്‍റെ വാക്കുകളില്‍ 'മരിക്കാത്ത ഒരു മരണത്തിലൂടെ' മനുഷ്യന്‍ തന്‍റെ ലക്ഷ്യത്തിലെത്തിയേനെ. എപ്രകാരമുള്ള ഒരമര്‍ത്യതയാണ് മനുഷ്യനെ ആവരണം ചെയ്തിരുന്നതെന്നതിനെക്കുറിച്ച് നിഷ്കൃഷ്ടമായൊരു നിഗമനത്തിലെത്തുക സുസാദ്ധ്യമല്ല. മരണത്തിന്‍റെ പിടിയില്‍പെടാതെ നിലകൊള്ളുന്നതിനുള്ള ശക്തിവിശേഷമെന്നതിലുപരി അതൊരുതരം രൂപാന്തരീകരണം ആയിരുന്നിരിക്കാമെന്നാണ് ദൈവശാസ്ത്രജ്ഞന്മാരുടെ അഭിമതം. പാപത്തിനു മുന്‍പ് മരണം ഒരു 'രൂപാന്തരീകരണം' ആയിരുന്നുവെങ്കില്‍ പാപത്തോടുകൂടി അതൊരു 'ഭഞ്ജനം' (break) ആയി മാറി; ഈ ആശയംതന്നെയാണ് പാപമാണ് മരണത്തിന് 'വിഷദംശനം' നല്‍കിയതെന്ന പ്രസ്താവനയിലൂടെ (1 cor.15:5-6) സെന്‍റ് പോള്‍ പ്രകടിപ്പിക്കുന്നത്. സമയത്തില്‍നിന്നു നിത്യത്വത്തിലേയ്ക്കുള്ള പ്രയാണമാണ് മരണം വഴി സംഭവിക്കുക. ഇത് ആകുലതയുടെയും വേദനയുടെയും പരിവേഷമണിഞ്ഞുവെന്നതാണ് പാപംവഴി വന്ന മാറ്റം. ഉത്ഭവപാപവും വ്യക്തിപരമായ പാപങ്ങളും മൂലം വികലമായ മനുഷ്യപ്രകൃതിക്കു മരണം അരോചകമായൊരു സഹനമാണ്. 'പാപം മൂലം മരണം ലോകത്തില്‍ പ്രവേശിച്ചു'(റോമ 5:12) എന്ന് സെന്‍റ് പോള്‍ പറയുന്നത് ഈ അര്‍ത്ഥത്തിലാണ്. വേദനനിറഞ്ഞ മരണം പാപത്തോടെ മനുഷ്യന്‍റെ സ്വാഭാവികാന്ത്യമായി മാറി. പാപമില്ലാത്ത അവസ്ഥയില്‍ മരണം ജീവന്‍റെ പരിപൂര്‍ത്തിയും സാക്ഷാത്ക്കാരവും ആകുമായിരുന്നു. ആത്മബോധത്തോടെയും സന്തോഷത്തോടെയും മനുഷ്യന്‍ ആ നിമിഷം നേരിടുമായിരുന്നു. മരണത്തിന് ഇന്നുള്ള 'ശാപം' പാപത്തിന്‍റെ ഫലം തന്നെ. പാപമില്ലായിരുന്നെങ്കില്‍ മരണത്തിലൂടെ മനുഷ്യന്‍റെ മര്‍ത്യശരീരം ആത്മീയശരീരമായി രൂപാന്തരപ്പെടുകയായിരുന്നു ചെയ്യുക. ജീവിതാനുഭവങ്ങളില്‍നിന്നുതന്നെ ഇക്കാര്യം വ്യക്തമല്ലേ? നീതിമാന്‍ മരണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുമ്പോള്‍ ദുഷ്ടന് മരണം വെറുക്കപ്പെടേണ്ട ഒരു പേടിസ്വപ്നമാണ്.
മരിക്കുന്നത് സമഗ്രമനുഷ്യന്‍
പരമ്പരാഗത ക്രൈസ്തവ ദൈവശാസ്ത്രം മനുഷ്യന്‍റെ മരണത്തെ ആത്മ ശരീരങ്ങളുടെ വേര്‍പാടായിട്ടാണ് വിശദീകരിച്ചിരുന്നത്. ഈ വേര്‍പാടില്‍ ശരീരം അനുഭവിക്കുന്ന വിരഹദുഃഖത്തെ മരണവേദനയായി വ്യാഖ്യാനിച്ചിരുന്നു. മാത്രമല്ല മരണത്തോടെ ആത്മാവു സ്വതന്ത്രമാകുകയും ശരീരം ജീര്‍ണ്ണതയ്ക്ക് വിധേയമാകയും ചെയ്യുന്നു. മനുഷ്യനെക്കുറിച്ചുള്ള ഈ ദ്വൈതവീക്ഷണത്തിന്‍റെ സ്വാധീനമാണ് ഈ പരമ്പരാഗത ചിന്താഗതിയില്‍ നമുക്കു ദര്‍ശിക്കാന്‍ കഴിയുക. മരണത്തെ ആത്മശരീരങ്ങളുടെ വേര്‍പാടായി മാത്രം കാണുക തികച്ചും അപര്യാപ്തമാണെന്ന് ഇന്നു ദൈവശാസ്ത്രജ്ഞന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. ശരീരം മാത്രമല്ല മനുഷ്യവ്യക്തിയാണ് മരിക്കുന്നത്. മനുഷ്യന്‍റെ സത്തയെ ആകമാനം സ്പര്‍ശിക്കുന്ന, അവന്‍റെ ലൗകിക ജീവിതത്തിന് അന്ത്യം കുറിക്കുന്ന, മൗലികമായ മാറ്റമാണ് മരണം. ആത്മാവിന്‍റെ കാര്യത്തിലും മരണത്തിലൂടെ സുപ്രധാനമായ ഒന്നു സംഭവിക്കുന്നുണ്ട്. മനുഷ്യനെ 'ആത്മാവ്', 'ശരീരം' എന്നിങ്ങനെ രണ്ടു ഘടകങ്ങളായി കാണാതെ 'പ്രകൃതി', 'പുരുഷന്‍' എന്നിങ്ങനെയുള്ള ഒരു വ്യാഖ്യാനമാണ് പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ കാള്‍ റാനര്‍ സ്വീകരിക്കുക. അങ്ങനെ ചിന്തിക്കുമ്പോള്‍ മരണത്തിന് പ്രകൃതിപരവും അസ്തിത്വാത്മകവുമെന്ന് രണ്ടു വശങ്ങളുണ്ട്. ആത്മശരീരങ്ങളുടെ ഐക്യം മരണംവഴി ഭഞ്ജിക്കപ്പെടുന്നുണ്ട്. ഇതു മരണത്തിന്‍റെ പ്രകൃതിപരമായ, സ്വാഭാവികമായ വശമാണ്.
മരണം, ഐഹികതീര്‍ത്ഥാടനത്തിന്‍റെ അന്ത്യം
മരണത്തിന്‍റെ പൗരുഷേയവശത്തെ റാനര്‍ വിശദീകരിക്കുന്നത്, മരണം മനുഷ്യന്‍റെ തീര്‍ത്ഥാടകസ്ഥിതിയുടെ അന്ത്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ്. മനുഷ്യജീവിതം ഒരു തീര്‍ത്ഥാടനമാണ്. ഗര്‍ഭപാത്രത്തിലാരംഭിച്ച് നിത്യതയിലെത്തിച്ചേരേണ്ട ഒരു നീണ്ടയാത്ര. ഈ ലോകത്തില്‍ ജീവിക്കുകയും ചരിക്കുകയും ചെയ്യുന്നെങ്കിലും എപ്പോഴും ഈ ലോകത്തിന് അതീതനായി വര്‍ത്തിക്കേണ്ടവനാണ് മനുഷ്യന്‍. ഈ ലോകത്തില്‍, നിത്യഭവനത്തെ ലാക്കാക്കി മുന്നോട്ടു നീങ്ങുന്ന പഥികന്‍ മാത്രമാണ് മനുഷ്യന്‍. ശരീരത്തില്‍ വസിക്കുന്നിടത്തോളം കാലം കര്‍ത്താവിന്‍റെ ഭവനത്തില്‍നിന്നും അകലെയാണെന്ന (2 cori 5:6) ബോധ്യത്തോടെ സെന്‍റ് പോളിനോടൊപ്പം "എന്‍റെ പിന്നിലുള്ളവയെല്ലാം മറന്ന് മുമ്പിലുള്ളവയ്ക്കുവേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണ് ഞാന്‍. ഈശോമിശിഹാവഴി സമ്മാനമായി ലഭിച്ചിരിക്കുന്ന ദൈവികാഹ്വാനമാകുന്ന പരമലക്ഷ്യം പ്രാപിക്കുന്നതിനു ഞാന്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്"(ഫിലി. 3:13-14) എന്ന് ഓരോരുത്തര്‍ക്കും പറയാനാകണം. മാനുഷികമായ കാഴ്ചപ്പാടില്‍ മരണത്തോടെ ജീവിതം അവസാനിക്കുകയാണ്. എന്നാല്‍ ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ജ്ഞാനസ്നാനത്തിലൂടെ തുടക്കമിട്ട ദൈവവുമായുള്ള ഐക്യത്തിന്‍റെ പൂര്‍ണ്ണ സാക്ഷാത്ക്കാരമാണ് മരണത്തിലൂടെ സംഭവിക്കുന്നത്. അതായത് മരണം മനുഷ്യജീവിതത്തിന്‍റെ അന്തിമ പ്രതിഭാസമല്ല. പിന്നെയോ നിത്യമായ മനുഷ്യജീവിതത്തിലെ ഒരു നിര്‍ണ്ണായക സംഭവം മാത്രമാണ്. ഇവിടെ ഈ ലോകജീവിതത്തിന് അനുയോജ്യമായിരുന്ന ആത്മശരീരൈക്യം ശിഥിലമാകുകയും പുതിയൊരു ജീവിതസാഹചര്യത്തിനു യോജിച്ച തരത്തില്‍ മനുഷ്യസത്ത പരിണാമപ്പെടുകയും ചെയ്യുന്നു. കൂടുതല്‍ പൂര്‍ണ്ണവും പരിപക്വവുമായ രീതിയില്‍ അസ്തിത്വത്തെ ഉള്‍ക്കൊള്ളാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള അവസരമാണത്. സമയമാണ് മരണത്തിനു മുന്‍പും പിന്‍പുമുള്ള മനുഷ്യാസ്ഥിത്വത്തെ കൂട്ടിയിണക്കുന്ന കണ്ണി. നിത്യതയെപ്പറ്റി ചിന്തിക്കുമ്പോള്‍ 'ആരംഭ'മെന്ന പദപ്രയോഗം തന്നെ വിരോധാഭാസമായി തോന്നാമെങ്കിലും മരണം നിത്യതയുടെ 'ആരംഭ'മാണെന്നുതന്നെ നമുക്കു പറയാം.
മരണം ഒരു മാനുഷിക പ്രവൃത്തി
ജീവിതത്തിന്‍റെ അന്ത്യമാണു മരണം. പക്ഷേ ഇതു ജീവിതത്തിന്‍റെ ലക്ഷ്യമെന്ന അര്‍ത്ഥത്തിലല്ല, പൂര്‍ത്തീകരണമെന്ന അര്‍ത്ഥത്തിലാണ്. ജീവിതത്തിന്‍റെ വ്യക്തിഗതമായ പൂര്‍ത്തീകരണമാണ് മരണം. ഈ ലോകജീവിതത്തിന്‍റെ സ്വാഭാവികമായ അന്ത്യവും നിത്യത്വത്തിലേയ്ക്കുള്ള കവാടവുമാണത്. അതുകൊണ്ട് നിസ്സഹായനായി മനുഷ്യന്‍ മരണത്തിന്‍റെ മുമ്പില്‍ തലകുനിച്ചു കൊടുക്കണമെങ്കിലും വ്യക്തിപരമായി സ്വാംശീകരിക്കേണ്ട പല മൂല്യങ്ങളും അതിനുണ്ട്. സര്‍വ്വേശ്വരനോടും സഹജീവികളോടുമുള്ള തന്‍റെ സമര്‍പ്പണത്തിന് യോജിച്ചവിധം ജീവിക്കുന്ന ഒരുവന് മൃത്യു ജീവിതപൂരകമായൊരു അനുഭവമാണ്. മരണത്തോടെ വ്യക്തിപരമായ ജീവിതം അവസാനിക്കുകയും പുരുഷപരത പൂര്‍ണ്ണത പ്രാപിക്കുകയും ചെയ്യുന്നു. ഒരു പ്രവൃത്തിയെന്ന നിലയില്‍ ജീവിതയാത്രയില്‍ മനുഷ്യനു ചെയ്യാന്‍കഴിയുന്ന അവസാനത്തെ പ്രവൃത്തിയാണു മരണം. ഒരു വൈയക്തിക പ്രവൃത്തിയെന്ന നിലയില്‍ അതു തികച്ചും സ്വതന്ത്രപൂര്‍വ്വകവുമായിരിക്കണം. തികച്ചും അനിവാര്യമായ ഒരു ജീവിതയാഥാര്‍ത്ഥ്യമാണു മരണമെങ്കിലും അതിനെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ സ്വന്തം ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടു സ്വാതന്ത്യപൂര്‍വ്വം പ്രവര്‍ത്തിക്കുക എന്നതു സ്വാഭാവികമാണ്.
മനുഷ്യജീവിതം അനുക്രമമായി സംഭവിക്കുന്ന അനേകം പരിണാമങ്ങളുടെ നിരന്തര പ്രക്രിയയാണ.് തീരുമാനങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സ്വയം സൃഷ്ടിക്കുകയും വളരുകയും ചെയ്യുന്നവനാണ് -'ആയിത്തീര്‍ന്നുകൊണ്ടിരിക്കുന്നവനാണ്'- മനുഷ്യന്‍. ഈ ആയിത്തീരലിന്‍റെ ശില്പി അവന്‍ തന്നെയാണ്. മരണനിമിഷത്തില്‍ സമയത്തിന്‍റെ പ്രവാഹം നിലയ്ക്കുകയും സ്ഥലത്തിന്‍റെ സ്ഥൂലത അപ്രത്യക്ഷമാകുകയും ചെയ്യുമ്പോള്‍ സ്വന്തമായ ഒരു തീരുമാനത്തിലൂടെ ജീവിതത്തിനു മുഴുവന്‍ പൂര്‍ണ്ണതയുടെയോ അപൂര്‍ണ്ണതയുടെയോ മുദ്രകുത്തുവാനുള്ള സ്വാതന്ത്ര്യമാണ് മനുഷ്യനുള്ളത്, അല്ലാതെ മരണത്തെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനല്ല. ഇങ്ങനെ നോക്കുമ്പോള്‍ ഒരുവന്‍റെ വ്യക്തിഗതമായ തീരുമാനവും പ്രവൃത്തിയുമാണ് മരണമെന്നു കാണാം.
മരണം മനുഷ്യന്‍റെ ആത്യന്തിക തീരുമാനം
കാള്‍ റാനര്‍, ലഡിസ്ലാവോസ് ബോറോസ് തുടങ്ങിയ കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാര്‍ മരണത്തെ മനുഷ്യന്‍റെ ആത്യന്തിക തീരുമാനമായിട്ടാണ് വീക്ഷിക്കുന്നത്. ഓരോ മനുഷ്യന്‍റെയും ജീവിതം ഒന്നിനു പുറകെ മറ്റൊന്നായി അവന്‍ എടുക്കുന്ന തീരുമാനങ്ങളുടെയും അവയ്ക്കനുസൃതമായ പ്രവര്‍ത്തനങ്ങളുടെയും നിരന്തരപ്രക്രിയയാണ്. ഇവമനുഷ്യന്‍റെ സത്താപരവും ധാര്‍മ്മികവുമായ വളര്‍ച്ചയെ സഹായിക്കുന്നവയോ അതിനെ തടസ്സപ്പെടുത്തുന്നവയോ ആകാം. അങ്ങനെ വൈരുദ്ധ്യാത്മക സ്വാഭാവങ്ങളോടുകൂടിയ തീരുമാനങ്ങളിലൂടെയും പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളിലൂടെയും ഓരോ വ്യക്തിയും തന്‍റെ പൂര്‍ണ്ണതയിലേയ്ക്കോ പരാജയത്തിലേയ്ക്കോ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സംഭവപരമ്പരയുടെ അന്ത്യംകുറിക്കുന്ന ആത്യന്തിക തീരുമാനമാണ് മരണത്തില്‍ മനുഷ്യനെടുക്കുന്നത്. ജീവിതത്തിന്‍റെ ഓരോ നിമിഷവും മനുഷ്യന്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്നു പറയുന്നത് ഈ അര്‍ത്ഥത്തിലാണ്. മരണത്തെ മനുഷ്യന്‍റെ തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ദൈവശാസ്ത്രപരമായി റാനര്‍ വ്യാഖ്യാനിക്കുന്നുണ്ട്. മരണനിമിഷത്തിലാണ് മനുഷ്യചേതന ശരീരത്തിന്‍റെ പരിമിതികളില്‍നിന്നുയര്‍ന്ന് സ്വാവബോധത്തിന്‍റെ തികവിലെത്തിച്ചേരുക. മരണനിമിഷത്തില്‍ അതുവരെയുള്ള ജീവിതതീരുമാനങ്ങളിലൂടെ കൈവന്ന വ്യക്തിയാഥാര്‍ത്ഥ്യത്തിന് അന്ത്യനിശ്ചിതത്വം ലഭിക്കുന്നു.
മാനുഷികപ്രവൃത്തികളുടെ ആകെത്തുകയും പൂര്‍ത്തീകരണവുമെന്ന നിലയില്‍ അവയുടെ സഫലീകരണമാണ് മരണം. ജീവിതത്തില്‍ ഒരുവനെടുത്ത തീരുമാനങ്ങളുടെ സ്വാധീനം മരണത്തിലെ ആത്യന്തിക തീരുമാനത്തിലുമുണ്ടായിരിക്കും. 'ജീവിതമെങ്ങനെയോ മരണവും അങ്ങനെതന്നെ' എന്ന സാധാരണ ചൊല്ലിന്‍റെ അര്‍ത്ഥവും ഇതുതന്നെയാണ്. മരണക്കിടക്കയില്‍വെച്ചുള്ള മാനസാന്തരം പ്രതീക്ഷിച്ചുകഴിഞ്ഞുകൂടുന്നവരുടെ ബുദ്ധിശൂന്യത ഇവിടെ തികച്ചും വ്യക്തമാണല്ലോ. മാനുഷിക പ്രവൃത്തികളാകുന്ന ശൃംഖലയുടെ അവസാനത്തെ കണ്ണിയെന്ന നിലയില്‍ നിശ്ചയമായും മരണത്തിന്മേല്‍ ഇതരപ്രവൃത്തികളുടെ സ്വാധീനമുണ്ടായിരിക്കും. സ്വതന്ത്രമായ ഒരു പ്രവൃത്തിയെന്ന നിലയില്‍ ദൈവസ്നേഹത്തോടുള്ള മനുഷ്യന്‍റെ അന്ത്യമായ സമ്മതം മൂളലോ അതില്‍ നിന്നുള്ള പുറംതിരിയലോ ആണ് മരണം. മറ്റു മാനുഷിക പ്രവൃത്തികളില്‍നിന്നെല്ലാം മരണം വ്യത്യസ്തമാണ്. കാരണം മറ്റെല്ലാ പ്രവൃത്തികളും മനുഷ്യന്‍റെ ആത്മശരീരങ്ങളുടെ സമഞ്ജസസമ്മേളനത്തില്‍നിന്നും ഉരുത്തിരിയുമ്പോള്‍ മരണം അപ്രകാരമുള്ള ഒരൈക്യത്തിന്‍റെ വേര്‍പാടില്‍ നിന്നാണുണ്ടാകുക. മരണം ഒരിക്കലും ആവര്‍ത്തനക്ഷമമല്ലാത്തതിന്‍റെ കാരണവും മറ്റൊന്നല്ല. ജീവിതത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കി ജീവിക്കുന്നവനെ സംബന്ധിച്ചിടത്തോളം തന്‍റെ സ്വന്തമായ നിര്‍ണ്ണായക ശക്തിയുടെ സ്വതന്ത്രപ്രവൃത്തിവഴി ഒരുവന്‍ മരിക്കുമ്പോള്‍ മര്‍ത്യതയെ അതിജീവിക്കുകയാണവന്‍. മനുഷ്യന്‍ ജീവിതസാകല്യത്തിന്‍റെ അന്തിമാഭിമുഖം എന്നന്നെയ്ക്കുമായി സ്ഥിരപ്പെടുത്തുന്ന സത്യത്തിന്‍റെ നിമിഷമാണ് മരണം.
മറ്റു ചില പ്രശ്നങ്ങള്‍ക്കൂടി ഇവിടെ നമുക്കു പരിഗണിക്കേണ്ടതുണ്ട്. മരണം മനുഷ്യന്‍റെ നിത്യമായ ഭാവിയെ നിര്‍ണ്ണയിക്കുന്ന അന്ത്യതീരുമാനവും അടിസ്ഥാനപരമായ തിരഞ്ഞെടുപ്പുമാണെങ്കില്‍ ദീര്‍ഘനാള്‍ അബോധാവസ്ഥയില്‍ കിടന്നിട്ട് ആ അവസ്ഥയില്‍തന്നെ മരണം പ്രാപിക്കുന്നവരുടെയും ശിശുക്കളുടെയും കാര്യമെങ്ങിനെയാണ്? മരണത്തില്‍ എല്ലാമനുഷ്യര്‍ക്കും പൂര്‍ണ്ണമായ സ്വയാവബോധവും സ്വാതന്ത്ര്യവും കൈവരുന്നുണ്ടെന്നും അതിനാല്‍ ജീവിതകാലത്തു മുഴുവന്‍ തങ്ങളെടുത്ത തീരുമാനങ്ങളും ശുദ്ധീകരിക്കുവാനോ സ്ഥിരീകരിക്കുവാനോ അവര്‍ പ്രാപ്തരാണെന്നും ദൈവശാസ്ത്രജ്ഞന്മാര്‍ അംഗീകരിക്കുന്നുണ്ട്. തന്‍റെ അസ്ഥിത്വത്തിനു മുഴുവന്‍ പൂര്‍ണ്ണതയുടെയോ അപൂര്‍ണ്ണതയുടെയോ മുദ്ര ചാര്‍ത്തിക്കൊണ്ട് ദൈവസ്നേഹത്തെ സ്വീകരിക്കുകയോ നിരസിക്കുകയോ ആണ് മരണനിമിഷത്തില്‍ മനുഷ്യന്‍ ചെയ്യുന്നത്. ശിശുവായി ആരും മരിക്കുന്നില്ല. കാരണം മരണനിമിഷത്തില്‍ നമ്മെ വിട്ടുപിരിയുന്ന ശിശുവിന്, നമ്മുടെ ദൃഷ്ടിയില്‍ ശിശുവാണെങ്കിലും പൂര്‍ണ്ണമായ അവബോധം സിദ്ധിച്ചിരിക്കും.
കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരായ റാനര്‍, ബോറോസ്, ഗ്ലീസണ്‍ തുടങ്ങി വളരെപ്പേര്‍ മരണത്തെ മനുഷ്യന്‍റെ ആത്യന്തിക തീരുമാനമായി പരിഗണിക്കുന്നവരാണ്. വേദപുസ്തകത്തിലോ സഭാപിതാക്കന്മാരുടെ പഠനങ്ങളിലോ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളിലോ പ്രത്യക്ഷമായ അടിസ്ഥാനമൊന്നും ഇത്തരം വിശകലനത്തിനില്ല. എന്നിരുന്നാലും ഈ അഭിപ്രായത്തിന് ഉപോദ്ബലകമായിട്ടുള്ള വേദപുസ്കതഭാഗമായി തിമോത്തിക്കുള്ള ഒന്നാം ലേഖനത്തിലെ സാര്‍വ്വത്രിക രക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗം പരിഗണിച്ചുകൂടെ? എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്‍റെ അറിവിലേയ്ക്കെത്തിച്ചേരണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. എന്തെന്നാല്‍ ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളൂ. മനുഷ്യനായ യേശുക്രിസ്തു. അവന്‍ എല്ലാവര്‍ക്കുംവേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്‍കി (തിമോ 2:4-6). എല്ലാ മനുഷ്യരും രക്ഷപെടണമെന്ന ദൈവത്തിന്‍റെ ആഗ്രഹത്തെ, എല്ലാവര്‍ക്കും മരണത്തില്‍ രക്ഷകനായ ക്രിസ്തുവിനെ അഭിമുഖീകരിക്കുവാനും, അവിടുത്തെ നിത്യമായി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്ന ഒരു ആത്യന്തികതീരുമാനം (വ്യക്തമായ അവബോധത്തോടും പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തോടും കൂടെ) എടുക്കുവാനുമുള്ള അവസരം നല്കപ്പെടുന്നു എന്നും മനസ്സിലാക്കാമെങ്കില്‍ മുന്‍ പറഞ്ഞ അഭിപ്രായം കൂടുതല്‍ പരിഗണനാര്‍ഹമാകും. ആത്യന്തികമായ തീരുമാനത്തിലുള്ള അവസരവും അനുഗ്രഹവും നല്‍കപ്പെടുന്നു എന്നത്, എല്ലാ മനുഷ്യര്‍ക്കുംവേണ്ടി മരിച്ച ക്രിസ്തുവിന്‍റെ സ്നേഹത്തിനും കാരുണ്യത്തിനും തികച്ചും ഉചിതമാണ്; അതുപോലെ, മരണം കേവലം ശാരീരികമായ അനിവാര്യതയോ നിഷ്ക്രിയത്വമോ അല്ല, മനുഷ്യന്‍റെ ഏറ്റവും സ്വതന്ത്രമായ തീരുമാനവും, അതിലൂടെ അവന്‍റെ ഭാവിഭാഗധേയ നിര്‍ണ്ണയവുമാണെന്നും കരുതുക, മനുഷ്യന്‍റെ മാഹാത്മ്യത്തെയും ശ്രേഷ്ഠതയെയും ഒന്നുകൂടി സ്ഥിരീകരിക്കുകയുമാണ്.
മരണം - കൂദാശകളുടെ പൂര്‍ത്തീകരണം
ക്രിസ്തുവുമായുള്ള ഐക്യവും ഭാവിമഹിമയുടെ അച്ചാരവുമാണ് കൂദാശകള്‍. ഒരുവന്‍ ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളില്‍ സജീവമായി പങ്കുപറ്റുന്നത് കൂദാശകളിലൂടെയാണ്. കൂദാശസ്വീകരണത്തില്‍ ആരംഭമിട്ടവയൊക്കെ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കപ്പെടുന്നത് മരണത്തിലാണെന്നു കാണാം. ജ്ഞാനസ്നാനസ്വീകരണത്തിലൂടെ ഒരുവന്‍ ക്രിസ്തുവിന്‍റെ മരണത്തിലും ഉത്ഥാനത്തിലും തന്നെത്തന്നെ ആമഗ്നനാക്കുകയും വരുവാനിരിക്കുന്ന നിത്യജീവന്‍റെ അച്ചാരമെന്നോണം പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്യുന്നു. ക്രിസ്തീയപക്വതയുടെ കൂദാശയായ സ്ഥൈര്യലേപനത്തിലൂടെ വിശ്വാസം ധീരമായി ഏറ്റുപറയുവാനും അനുദിന ജീവിതത്തില്‍ ക്രിസ്തുവിനോടു വിശ്വസ്തത പുലര്‍ത്തുവാനുമുള്ള ദൈവാര്‍പ്പണം അഗാധതരമാക്കുന്നു. വി. കുര്‍ബാനയും കുമ്പസാരവും പാപത്തില്‍നിന്നുള്ള പിന്തിരിയലും, ഒരു ആത്മനവീകരണ പ്രക്രിയയിലൂടെ ദൈവവുമായുള്ള ഐക്യപ്പെടലുമാണ്. രോഗാവസ്ഥയില്‍ അനുഭവപ്പെടാവുന്ന അത്യുഗ്രമായ പൈശാചിക പരീക്ഷണങ്ങളെ എതിര്‍ക്കുവാനും പൂര്‍വ്വപാപസ്മരണയാലുണ്ടാകാവുന്ന മാനസിക ദൗര്‍ബല്യം, നിരാശ, ശാരീരിക ക്ലേശങ്ങള്‍ എന്നിവയെ അതിജീവിക്കുവാനും രോഗത്തെയും വേദനയെയും ധീരതയോടെ നേരിടുവാനുമുള്ള ക്രിസ്തുവിന്‍റെ സഹായമാണല്ലോ രോഗീലേപനം. ഇവയെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നത്, ഇവയുടെ ഫലങ്ങളെല്ലാം പൂര്‍ണ്ണമാകുന്നത് മരണ നിമിഷത്തിലാണ്. അതുകൊണ്ട് മരണത്തെ ഒരു കൗദാശികാവസ്ഥയെന്നാണ് ദൈവശാസ്ത്രജ്ഞന്മാര്‍ പറയുക. ക്രിസ്തുവിനെ നേരില്‍ അഭിമുഖീകരിക്കുന്ന നിമിഷമെന്ന നിലയില്‍ ഏറ്റവും അടിസ്ഥാനപരമായ, ഉല്‍കൃഷ്ടമായ കൂദാശയെന്നുപോലും ബോറോസ് മരണത്തെ വിളിക്കുന്നു.
സഹജീവികള്‍ക്കായി ജീവന്‍ ഹോമിച്ച ക്രിസ്തുവിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കുകയാണ് വിശ്വാസത്തിനുവേണ്ടി മരിക്കുകവഴി ഒരുവന്‍ ചെയ്യുക. സ്വന്തം ജീവനെക്കാളുപരിയായി സുവിശേഷാദര്‍ശങ്ങളെ കാണുവാനുള്ള ക്രിസ്തുനാഥന്‍റെ ആഹ്വാനത്തെ സ്വീകരിക്കുകയാണ് രക്തസാക്ഷിത്വം. ലോകരക്ഷയ്ക്കുവേണ്ടി സ്വമേധയാ മരിച്ച ക്രിസ്തുവിനോട് (യോഹ10:18) ഒരുവനെ ഒന്നിപ്പിക്കുകയും രക്തച്ചൊരിച്ചിലിലൂടെ അവിടുത്തോടു സദൃശനാക്കുകയും ചെയ്യുന്ന രക്തസാക്ഷിത്വം അസാധാരണമായ ദൈവികദാനവും ക്രൈസ്തവ സ്നേഹത്തിന്‍റെ ഏറ്റവും വീരോചിതവും പരമോന്നതവുമായ മാതൃകയുമാണ് (യോഹ15:13, യോഹ3:16). നിത്യജീവന്‍ നിശ്ചയമായും നല്കുന്ന രക്തസാക്ഷിത്വം, രക്തം ചിന്തിക്കൊണ്ടുള്ള ഈ കൂദാശ, പൂര്‍ണ്ണമായ യോഗ്യതയോടുകൂടി മാത്രമേ സ്വീകരിക്കാനാവൂ. അതുകൊണ്ട് 'അത്യുല്‍ക്കൃഷ്ടമായ കൂദാശ' എന്നാണ് രക്തസാക്ഷിത്വമരണത്തെ റാനര്‍ വിളിക്കുന്നത്. സ്വാതന്ത്ര്യവും സ്വമേധയാ സ്വീകരിക്കുന്നതുമായ മരണമായി ആത്മഹത്യയെ ഒരിക്കലും പരിഗണിക്കാന്‍ നിര്‍വ്വാഹമില്ല എന്നതും സുവ്യക്തമാണല്ലോ.
മരണശേഷം
മരണശേഷം ആത്മാവിന് എന്തുസംഭവിക്കുന്നു? മരണത്തോടെ ആത്മാവിന് പ്രപഞ്ചത്തോടുള്ള സകല ബന്ധങ്ങളും വിടര്‍ത്തപ്പെടുന്നു എന്നും ആത്മാവ് ഈ ലോകജീവിതത്തിനനുസരിച്ച് പ്രതിസമ്മാനമോ ശിക്ഷയോ അനുഭവിക്കുന്നു എന്നുമാണ് സാധാരണ ഉത്തരം. മനുഷ്യനിലെ ഉന്നതമൂല്യവും ജീവിതത്വവും ആത്മാവാകയാല്‍ ആത്മാവുതന്നെ സമ്മാനമോ ശിക്ഷയോ അനുഭവിക്കണം എന്നാണ് പരമ്പരാഗത തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിച്ചിരുന്നത്. സ്കൊളാസ്റ്റിക് ദര്‍ശനമനുസരിച്ച് ആത്മാവു പ്രകൃത്യാ അപൂര്‍ണ്ണമെങ്കിലും വസ്തുപരതയില്‍ പൂര്‍ണ്ണമായതുകൊണ്ട് മരണശേഷം ശരീരബന്ധമില്ലാതെതന്നെ അതിന് അസ്ഥിത്വമുണ്ടായിരിക്കും. അവസാന ഉയിര്‍പ്പുവരെ, മരിച്ചവര്‍ സ്വര്‍ഗ്ഗഭാഗ്യമോ ശിക്ഷയോ അനുഭവിക്കുക ഈ സ്ഥിതിയിലാണ്.
റാനര്‍, ബോറോസ് തുടങ്ങിയ ആധുനിക ദൈവശാസ്ത്രജ്ഞന്മാര്‍ ശരീരത്തെ പൂര്‍ണ്ണമായും മരണാനന്തരാവസ്ഥയില്‍നിന്നു തള്ളിപ്പറയുവാന്‍ ആഗ്രഹിക്കുന്നില്ല. മരണത്തോടെ ജീര്‍ണ്ണിക്കുന്ന ശരീരത്തിന്‍റെ സ്ഥിതിയും അംഗീകരിച്ചുകൊണ്ട് അവര്‍ നല്കുന്ന വിശദീകരണമെന്തെന്നു നോക്കാം. ആത്മാവ് ശരീരവുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുക. ആത്മാവിനു ശരീരത്തിന്മേലുള്ള നിവേശനപരമായ പ്രവര്‍ത്തനം സത്താപരമാണ്. തന്മൂലം ആത്മാവിനു ശരീരത്തിന്മേലുള്ള നിവേശനം ഇല്ലാതാകണമെങ്കില്‍ ആത്മാവുതന്നെ ഇല്ലാതാകണം. ഇത് ആത്മാവിന്‍റെ അമര്‍ത്യസ്വഭാവത്തിനു നിരക്കുന്നതല്ല. അതായത്, ശരീരത്തോട് അല്ലെങ്കില്‍ പദാര്‍ത്ഥത്തോടുള്ള മനുഷ്യാത്മാവിന്‍റെ ബന്ധം മരണശേഷവും തുടരേണ്ടത് ആവശ്യമാണ്. സ്വാഭാവിക മരണത്തിലൂടെ, സമയത്തിന്‍റെയും സ്ഥലത്തിന്‍റെയും പരിമിതികളിലൊതുങ്ങുന്ന ശരീരത്തോടുള്ള ബന്ധം വിടര്‍ത്തപ്പെടുകയും പ്രപഞ്ചത്തോടു മുഴുവനായുള്ള തുറന്ന ബന്ധംവഴി ആത്മാവു പദാര്‍ത്ഥവുമായി ഐക്യം പുലര്‍ത്തുകയും ചെയ്യുന്നു. ഇതിനെ ആത്മാവിന്‍റെ 'സാര്‍വ്വപ്രാപഞ്ചികബന്ധം' (Pancosmic relation of the soul) എന്നാണ് റാനര്‍ നിര്‍വ്വചിക്കുക. മരണത്തോടെ ശാരീരികജീവിതം അവസാനിക്കുന്നുവെങ്കിലും ആത്മാവിന്‍റെ സ്വതന്ത്രമായ തീരുമാനവും പ്രവൃത്തിയുംവഴി മരിക്കുന്ന വ്യക്തിയുടെ ആത്മസത്ത പുതിയൊരു ജീവിതത്തിനായി പുനഃസൃഷ്ടി പ്രാപിക്കുന്നു.
മരണശേഷം ആത്മാവിനു പദാര്‍ത്ഥത്തോടുള്ള അതിസ്വാഭാവിക ബന്ധത്തെക്കുറിച്ച് (Transcendental relationship) തോമസ് അക്വീനാസ്തന്നെ പരാമര്‍ശിക്കുന്നുണ്ട്. 'പദാര്‍ത്ഥ'ത്തെ വ്യാപകമായ അര്‍ത്ഥത്തില്‍ പരിഗണിച്ചാല്‍ റാനറിന്‍റെ പുതിയവീക്ഷണം തൊമിസ്റ്റിക് പാരമ്പര്യത്തിലധിഷ്ഠിതമാണെന്നുകാണാം. ആത്മാവിന്‍റെ സാര്‍വ്വപ്രാപഞ്ചിക ബന്ധമെന്നതുകൊണ്ടുദ്ദേശിക്കുക ശരീരത്തോടെ ജീവിക്കുന്നകാലത്ത് മനുഷ്യാത്മാവിനു പ്രപഞ്ചത്തോടു തുറന്ന ബന്ധമില്ലെന്നോ, പ്രപഞ്ചത്തിന്‍റെ എല്ലായിടത്തും ആത്മാവിന്‍റെ സാന്നിദ്ധ്യം വ്യാപിക്കുന്നുവെന്നോ, ആത്മാവ്, ശരീരവുമായിട്ടെന്നപോലെ സത്താപരമായിട്ട് പ്രപഞ്ചവുമായി ബന്ധപ്പെടുന്നുവെന്നോ അല്ല; ശരീരത്തിലായിരിക്കുമ്പോള്‍ തന്നെ നിരന്തരമായ പരിണാമത്തിലൂടെയും പ്രപഞ്ചവസ്തുക്കളോടും ഇതരമനുഷ്യരോടുമുള്ള സമ്പര്‍ക്കത്തിലൂടെ ആത്മാവു ക്രമാനുഗതമായി കൈക്കൊള്ളുന്ന സ്വഭാവവിശേഷം മരണത്തിലൂടെ സ്ഥലകാലസ്ഥിതി വിട്ടുയര്‍ന്ന് മറ്റൊരു തലത്തില്‍ പ്രപഞ്ചസാകല്യവുമായി ബന്ധപ്പെടുന്നുവെന്നാണ്. ജീവിതകാലത്ത് സൃഷ്ടപ്രപഞ്ചത്തിന്‍റെ നന്മകളെ സ്വാംശീകരിച്ച ഒരാള്‍ക്ക് ഈശ്വരസായൂജ്യം സാദ്ധ്യമാണ്. എന്നാല്‍ ജീവിതകാലത്ത് സ്വാര്‍ത്ഥപൂരണത്തിനായി മാത്രം പ്രപഞ്ചബന്ധം പുലര്‍ത്തിയിരുന്നവര്‍ക്ക് മരണശേഷവും തത്സമമായൊരു പ്രാപഞ്ചികബന്ധമേ സാധ്യമാകൂ; ഈശ്വരസായൂജ്യം സാധ്യമല്ല.
ക്രിസ്തുവിന്‍റെ മരണം
മനുഷ്യാവതാരമെടുത്ത ദൈവപുത്രന്‍ മരണവിധേയനായെന്ന വസ്തുത മരണത്തിന്‍റെ ദൈവവിജ്ഞാനീയത്തെ സമൂലം ബാധിക്കുന്നു. ക്രൈസ്തവകാഴ്ചപ്പാടില്‍, മരണമെന്ന യാഥാര്‍ത്ഥ്യത്തിന്, ഉല്‍കൃഷ്ടമായൊരര്‍ത്ഥവും വ്യാപ്തിയും കൈവന്നത് മനുഷ്യപുത്രന്‍റെ മരണത്തോടെയാണ്. അവതീര്‍ണ്ണവചനം മനുഷ്യപ്രകൃതി സ്വീകരിച്ചപ്പോള്‍ അതിന്‍റെതായ മര്‍ത്യതയും മറ്റെല്ലാ ബലഹീനതകളും കൈക്കൊണ്ടു. ലോകപാപങ്ങളെ തന്നില്‍ സംവഹിച്ച ബലിവസ്തുവായ ക്രിസ്തുനാഥന്‍ പാപത്തിന്‍റെ ഫലങ്ങളും - സഹനവും മരണവും - സ്വയം ഏറ്റെടുത്തു. ക്രിസ്തുവിന്‍റെ മരണത്തിന് രക്ഷാകരപ്രവര്‍ത്തനത്തില്‍ സവിശേഷമായൊരു പ്രാധാന്യമുണ്ട്. ക്രിസ്തുവിന്‍റെ രക്ഷാകരപ്രവൃത്തിയുടെ പരമകോടിയാണ് അവിടുത്തെ മരണം. പാപപങ്കിലമായ മനുഷ്യകുലവുമായി അവിടുന്നു താദാത്മ്യപ്പെടുന്നതു കുരിശിന്‍റെ നിസ്സഹായാവസ്ഥയിലാണ്. ആത്മസമര്‍പ്പണത്തിന്‍റെ അത്യുദാത്തമായ പ്രവൃത്തിയിലൂടെയാണ് മരണത്തിന്‍റെ നിഷ്ക്രിയത്വം ക്രിസ്തു സ്വീകരിച്ചത്. പാപം മനുഷ്യപ്രകൃതിയിലേല്പിച്ച പരിമിതികളെയും ശൂന്യഭാവത്തെയും ആഞ്ഞുപുല്കിയ സ്നേഹത്തിലാണ് ക്രിസ്തുവിന്‍റെ മരണം രക്ഷാകരമാകുന്നത്. പ്രകൃത്യാതന്നെ ക്രിസ്തുവിന്‍റെ മരണം അവിടുത്തെ ജീവിതത്തിന്‍റെ ആകെത്തുകയും മകുടമണിയലുമാണ്. ദൈവപിതാവിനോടുള്ള സമ്പൂര്‍ണ്ണമായ അടുപ്പവും ദൈവത്തെ വെറുക്കുന്ന സകലത്തില്‍നിന്നുമുള്ള സമ്പൂര്‍ണ്ണമായ അകല്‍ച്ചയുമാണ് ക്രിസ്തുവിന്‍റെ മരണം.പാപകരമായ ഈ ലോകത്തില്‍നിന്നു പിതാവിന്‍റെ പക്കലേക്കുള്ള കടന്നുപോകലായി ക്രിസ്തു മരണത്തെ മാറ്റിയെടുത്തു.
ക്രിസ്തുവിന്‍റെ മരണം പുതിയ ഉടമ്പടിയുടെ അച്ചാരമാണ്. ക്രിസ്തുവിന്‍റെ എല്ലാപ്രവര്‍ത്തനങ്ങളും നമ്മുടെ ചെയ്തികളെ സ്വാധീനിക്കുന്നവയാണ്. സ്നേഹത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സമ്പൂര്‍ണ്ണ പ്രവര്‍ത്തനമായിരുന്ന ആ മരണത്തിലൂടെ മനുഷ്യന്‍റെ മരണവും സ്വാധീനിക്കപ്പെട്ടു കഴിഞ്ഞു. ദൈവപുത്രന്‍ മരണത്തിനു വിധേയനായതുകൊണ്ട്, മരിക്കുക ഒരിക്കലും നിരാലംബതയുടെയൊ നിരാശയുടെയൊ പ്രതീകമല്ലെന്ന് വ്യക്തമാണ്. മരണം ഭയജനകമായ ഒന്നല്ല. പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ "മക്കള്‍ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാകുന്നപോലെ അവനും അവയില്‍ ഭാഗഭാക്കായി. അതു മരണത്തിന്മേല്‍ അധികാരമുള്ള പിശാചിനെ തന്‍റെ മരണത്താല്‍ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാകുന്നു"(ഹെബ്രാ 2:14-15).
മരണത്തിനടിപ്പെടാതെ ചിരകാലം ജീവിച്ചുകൊണ്ടല്ല ക്രിസ്തുനാഥന്‍ മരണത്തിന്മേല്‍ വിജയം വരിച്ചത്. പ്രത്യുത മരണത്തിനു വിധേയനായി, അതുവഴി അനശ്വരത പ്രാപിച്ചു കൊണ്ടാണ് അവിടുന്ന് മരണത്തിനുവിധേയനായത്. സാര്‍വ്വത്രികമായ മരണത്തില്‍ പങ്കുചേരുന്നതിനും തന്‍റെ വ്യക്തിത്വത്തിന്‍റെ അതുല്യപ്രഭയാല്‍ അതിനെ ഉദാത്തീകരിക്കുന്നതിനുമായിരുന്നു. തന്‍റെ മരണത്തിലൂടെ ജീവിതവും മരണവും തമ്മില്‍ നിലനിന്ന വിടവ് അവിടുന്നു മാറ്റിക്കളഞ്ഞു. മാത്രമല്ല അവയെ തമ്മില്‍ സുഹൃദ്ബന്ധത്തിലുമാക്കി. വി. പൗലോസ് എഴുതുകയാണ്. നമ്മിലൊരുവനും തനിക്കുവേണ്ടിത്തന്നെ ജീവിക്കുന്നില്ല. തനിക്കുവേണ്ടി മാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍ ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാകുന്നു. എന്തെന്നാല്‍ ജീവിക്കുന്നവരുടെയും മരിച്ചവരുടെയും കര്‍ത്താവായിരിക്കുന്നതിനാണ് അവിടുന്ന് മരിച്ചതും ഉത്ഥാനം ചെയ്തതും"(റോമ 14:7-9). ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ജീവിതവും മരണവും ഒന്നുപോലെ അനുഗ്രഹപ്രദമാണ്. "എല്ലാം നിങ്ങളുടെ സ്വന്തമാണ്... ലോകവും ജീവനും മരണവും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ" (1കോറി.3:22).
ഉത്ഥാനം മരണമെന്ന രഹസ്യത്തിന് വിശദീകരണം
ക്രിസ്തുവിന്‍റെ ഉത്ഥാനമാണ് അവിടുത്തെ മരണത്തെ സാര്‍ത്ഥകമാക്കുന്നത്; അതുപോലെ മരണം ഉയിര്‍പ്പിനെയും. അതായത് ക്രിസ്തുവിന്‍റെ മരണവും ഉയിര്‍പ്പും അവശ്യാവശ്യകവും വേര്‍തിരിക്കാനാവാത്തതുമാണ്. മരണമെന്ന മഹാരഹസ്യത്തെ വിശദീകരിക്കുന്ന ഏകഘടകംപുനരുത്ഥാനമാണ്. "ക്രിസ്തു മരണത്തെ നശിപ്പിക്കയും സുവിശേഷംവഴി ജീവനും അക്ഷയത്വവും വെളിപ്പെടുത്തുകയും ചെയ്തു(2തിമോ1:10). ഷര്‍ദ്ദാന്‍റെ വീക്ഷണത്തില്‍ ക്രിസ്തു മരണത്തെ കീഴടക്കിയിരിക്കുന്നു. അതിന്‍റെ ദൂഷ്യഫലങ്ങളെ അമര്‍ച്ച ചെയ്തിരിക്കുന്നു. മരണത്തിന്‍റെ മാരകമായ വിഷം ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ ജീവാമൃതമായി മാറിയിരിക്കുന്നു. നാം ഇനിമേല്‍ മരണത്തിനുള്ളവരല്ല, പ്രത്യുത മരണം നമ്മുടെ അവകാശമാണ്. നമ്മുടെ മഹത്വപൂര്‍ണ്ണമായ ഉത്ഥാനത്തിന്‍റെ മാതൃകയും ജീവനിലേക്കുള്ള തിരിച്ചുവരവിന്‍റെ സാക്ഷ്യവുമാണ് ക്രിസ്തുവിന്‍റെ ഉത്ഥാനം. മഹത്വപൂര്‍ണ്ണമായ ഉത്ഥാനത്തിനുമുമ്പ് ക്രിസ്തുനാഥന്‍ മരണം കൈവരിക്കേണ്ടിയിരുന്നു(ലൂക്കാ 24:26). മരണത്തിലൂടെ മരണത്തിന്‍റെ അന്തഃസത്തയ്ക്കു തന്നെ വ്യതിയാനം വരുത്തിക്കൊണ്ട്, അന്ത്യമായിക്കരുതിയിരുന്ന മരണത്തെ ആരംഭത്തിന്‍റെ പ്രതീകമായും ദൈവത്തില്‍നിന്നുള്ള വേര്‍പാടെന്നു വിധിച്ചിരുന്നതിനെ ദൈവൈക്യത്തിനുള്ള ഉപാധിയായും മാറ്റിക്കൊണ്ട്, അവിടുന്ന് ഉത്ഥിതനായി. ഉത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസം ക്രൈസ്തവ വിശ്വാസത്തിന്‍റെ കേന്ദ്രമാണ് (1 കോറി15:11).
മരണം മനുഷ്യന്‍റെ ഉയിര്‍പ്പിന്‍റെ ഒരു മാനം മാത്രമാണ്. ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ പങ്കുപറ്റണമെങ്കില്‍, നിത്യം ജീവിക്കണമെങ്കില്‍, മരണത്തിലൂടെ കടന്നുപോയേ മതിയാവൂ. മരണം ഒരു താല്ക്കാലിക യാഥാര്‍ത്ഥ്യമാണെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ക്രിസ്തുവിന്‍റെ ഉത്ഥാനം. ഗോതമ്പുമണി നിലത്തുവീണഴുകുന്നില്ലായെങ്കില്‍ അതില്‍ നിന്നു പുതുജീവന്‍ പുറപ്പെടുകയില്ല (യോഹ 12:24). ഉത്ഥാനം വഴി രൂപാന്തരപ്പെടാനാണ് നാം മരണമാകുന്ന മാമ്മോദീസാ സ്വീകരിക്കുന്നത്. ശിരസ്സായ ക്രിസ്തുവുമായുള്ള ഐക്യത്തിന്‍റെ സാധ്യതയാല്‍ പുതിയ നിയമത്തിലുടനീളം മരണത്തെ ഒരു വിജയമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്രിസ്തു തന്‍റെ രക്ഷാകര കൃത്യത്താല്‍ മരണത്തിന്മേല്‍ നിത്യമായ വിജയം നേടിയതുകൊണ്ട് നമുക്ക് അതില്‍ പങ്കുപറ്റാന്‍ സഹകരിച്ചാല്‍ മതി. "ഞാന്‍ ജീവനും പുനരുത്ഥാനവുമാകുന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. എന്നില്‍ വിശ്വസിച്ചു ജീവിക്കുന്നവന്‍ നിത്യമായി മരിക്കുകയില്ല" (യോഹ 11:25-26) എന്ന് യേശു വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ നമ്മെ നമ്മുടെ നിത്യഭവനത്തില്‍ കൊണ്ടെത്തിക്കുന്ന യാനപാത്രമാണ് മരണം. അവിടെ ശാശ്വതമായ സമാശ്വാസവും സ്ഥിരമായ ശാന്തിയും നാം അനുഭവിക്കും വി. യോഹന്നാന്‍റെ ശൈലിയില്‍: "ഇതാ മനുഷ്യരുടെ മദ്ധ്യേയുള്ള മഹോന്നതന്‍റെ മന്ദിരം! അവിടുന്ന് അവരോടൊപ്പം വസിക്കും. അവര്‍ അവിടുത്തെ ജനതയായിരിക്കും. ദൈവം അവരോടു കൂടെ അവരുടെ ദൈവമായി വര്‍ത്തിക്കും. മേലില്‍ മരണമോ ദുഃഖമോ വിലാപമോ കഷ്ടതയോ ഉണ്ടാവില്ല. ആദ്യത്തെ സ്ഥിതിഗതികളൊക്കെ മാറിപ്പോയിരിക്കുന്നു" (വെളി.21:3-4). മരണംവഴി സംലഭ്യമാകുന്ന മഹത്വത്തിന്‍റെ ഏകദേശരൂപമല്ലേ ഇത്? മാനവനയനങ്ങള്‍ ദര്‍ശിക്കയോ മനുഷ്യമനസ്സ് ആസ്വദിക്കയോ ചെയ്തിട്ടില്ലാത്ത അഭികാമ്യവും സവിശേഷവുമായ സ്ഥിതിവിശേഷം.
മരണഭീതിയോ?
മനുഷ്യനു മരണത്തോടുള്ള ഭയപ്പാടിനു നിദാനം മരണം അര്‍ത്ഥരഹിതമാണെന്ന ചിന്തയാണ്. സ്വയരക്ഷയ്ക്കുള്ള നൈസര്‍ഗ്ഗിക വാസനയെ കവച്ചുവെയ്ക്കുന്നതാണീ ഭയപ്പാട്. തന്‍റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും ചെയ്തികളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളതാണിതിനു കാരണം. കത്തോലിക്കാ ദൈവശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടില്‍, എല്ലാവരും ഒരുനാള്‍ മരിക്കുമെന്ന യാഥാര്‍ത്ഥ്യം ദൈവനീതി പൂരണത്തിന്‍റെ ഒരു ഘടകമാണ്. മരണം സുകൃതത്തില്‍ വളരുവാനുള്ള സാധ്യതയ്ക്കു പൂര്‍ണ്ണവിരാമമിടുകയും, ആദ്ധ്യാത്മികോന്നതിയെ അന്ത്യത്തിന്‍റെ വക്കത്തെത്തിക്കുകയും ചെയ്യുന്നു. എങ്കിലും ദൈവത്തിന്‍റെ കാരുണ്യത്തിനും നീതിക്കും തിലകക്കുറിയെന്നപോലെ അതുശോഭിക്കുന്നു. മരണം സംഭവിക്കുന്ന അനര്‍ഘനിമിഷം മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവപരിപാലനയുടെ പ്രത്യക്ഷ പ്രവൃത്തിയാണ്. പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ഐഹികവാസത്തിന് അന്ത്യം കുറിക്കുന്നത് മരണമാണ്. അതേസമയം തന്നെ അര്‍ഹനെങ്കില്‍ ദൈവവുമായി നിത്യസഹവാസത്തിനൊരാരംഭവുമാണത്. ഷര്‍ദ്ദാന്‍റെ വീക്ഷണത്തില്‍ മരണം ഏറ്റവും പ്രയോജനപ്രദമായ ഒരു ദൈവീക പ്രവര്‍ത്തനമാണ്; അല്ലാതെ ക്രൂരമായ പ്രകൃതിശക്തികള്‍ നടത്തുന്ന വെറും നശീകരണപ്രക്രിയയല്ല. ആ പ്രവര്‍ത്തനം കൂടാതെ നമ്മുടെ ജീവിതലക്ഷ്യമായ വിശുദ്ധി നേടാന്‍ നമുക്കു സാദ്ധ്യമല്ല. ദൈവവുമായി പരിപൂര്‍ണ്ണ ഐക്യത്തിലാണ് നാം വിശുദ്ധി നേടുക. ഈ ഐക്യത്തിന് "തന്നില്‍ നിന്നു തന്നെ പുറത്തുകടക്കു"ക ആവശ്യമാണ്. വിശുദ്ധീകരണത്തിന്‍റെയും മഹത്വീകരണത്തിന്‍റെയും നിര്‍ണ്ണായകഘട്ടത്തില്‍ നമ്മെക്കൊണ്ടെത്തിക്കുന്ന മരണം ഒരിക്കലും ഒരു നശീകരണ പ്രക്രിയയല്ല, മറിച്ച് മഹത്തായ നിര്‍മ്മാണപ്രവര്‍ത്തനമാണ്. മരണത്തില്‍ ദൈവം നമ്മുടെ കുറവുകളെ പരിഹരിക്കുകയും നമ്മുടെ അസ്ഥിത്വത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിവന്ന് നമ്മെ തന്നിലേക്ക് ആവഹിക്കുകയും ചെയ്യുന്നു. മരണത്തെ ഈവിധം വീക്ഷിക്കുന്നവരുടെ ജീവിതത്തില്‍ മരണഭീതിക്കു സ്ഥാനമേയില്ല.
മരണത്തിലെ വൈരുദ്ധ്യാത്മികത
പ്രകൃതിയും പുരുഷപരതയും, അരൂപിയും പദാര്‍ത്ഥവും, സ്വാതന്ത്ര്യവും നിശ്ചിതത്വവുമെല്ലാം മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വൈരുദ്ധ്യാത്മകതത്വങ്ങളാണ്. ഇവയുടെയെല്ലാം പ്രവര്‍ത്തനവും സ്വാധീനവും മറ്റു ജീവിത പ്രതിഭാസങ്ങളിലെന്ന പോലെ മരണത്തിലും നാം കാണുന്നുണ്ട്. മരണത്തില്‍ വേര്‍പാടും വേദനയുമുണ്ട്. പക്ഷേ നവജീവിതത്തിന്‍റെയും പ്രാപഞ്ചികാഭിമുഖ്യത്തിന്‍റെയും കവാടം കൂടിയാണത്. മരണത്തിനു നിഷ്ക്രിയാത്മകവും ക്രിയാത്മകവുമായ രണ്ടു വശങ്ങളുണ്ട്. ഒന്ന് പ്രവര്‍ത്തനരഹിതമായൊരു വിധേയത്വവും മറ്റേത് സ്വതന്ത്രമായൊരു വൈയക്തിക പ്രവൃത്തിയും. അതായത് മരണം ഒരു ഭേദനവും വിഘടനവും മാത്രമല്ല, മനുഷ്യന്‍റെ മുഴുവന്‍ വ്യക്തിത്വത്തെയും ഒരുമിച്ചുകൂട്ടുകയും അതിന്‍റെ പാരമ്യത്തിലെത്തിക്കുകയും ചെയ്യുന്ന ഏറ്റം ശ്രേഷ്ഠമായ മാനുഷിക പ്രവൃത്തികൂടിയാണ്. ഈ പരമമായ പ്രവൃത്തി തന്‍റെ ജീവിതം മുഴുവനിലും നിര്‍വ്വഹിച്ചിട്ടുള്ള വ്യക്തിപരമായ തീരുമാനങ്ങള്‍ക്കു മകുടം ചാര്‍ത്തുന്നു. ശ്രേഷ്ഠമായ ആ സ്വയം തീരുമാനസമയത്ത്, "സത്യത്തിന്‍റെ നിമിഷമായ" മരണസമയത്ത്, മനുഷ്യന്‍ തന്‍റെ ജീവിതത്തില്‍ നിലനിര്‍ത്തിയിരുന്ന ആഭിമുഖ്യം നിത്യമായി ഉറപ്പിക്കുന്നു. വ്യക്തിപരമായ തീരുമാനമെന്ന ഈ സമൂലപ്രവൃത്തിയില്‍ മനുഷ്യന്‍റെ നിത്യമായ വിധി നിര്‍ണ്ണയിച്ചുകഴിഞ്ഞു. അങ്ങനെ മരണം ഒഴിവുകഴില്ലാത്തൊരു വിധിയെങ്കിലും, സ്വയം ഏറ്റെടുക്കേണ്ട ഒരു തീരുമാനവും പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പിന്‍റേതായ പ്രവൃത്തിയുമാണ്.
ക്രിസ്തുവിന്‍റെ മരണത്തിലും ഈ ദൈവശാസ്ത്രം നമുക്കു വ്യക്തമായി വീക്ഷിക്കാനാവും. നമ്മെപ്പോലെതന്നെ അവിടുത്തേക്കു മരണം പരിപൂര്‍ണ്ണമായ പരിത്യക്താവസ്ഥയുടെ സമയമായിരുന്നു; അതേസമയം പരിപൂര്‍ണ്ണമായ സ്വയം തീരുമാനപ്രക്രിയയില്‍ ക്രിസ്തു തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും (ലൂക്കാ 23:46, ഗലാ 2:20, യോഹ 10:17-18) പരമമായ പരീക്ഷണഘട്ടത്തിലേക്കു പ്രവേശിക്കുകയും ചെയ്തു. വ്യക്തമായ തീരുമാനത്താല്‍, വര്‍ദ്ധിച്ച സ്നേഹത്താല്‍ ക്രിസ്തു സ്വയം സ്വീകരിച്ച മരണം രക്ഷാകരമായ ഒന്നായിത്തീര്‍ന്നു. പാപം മൂലം നഷ്ടപ്പെട്ട, മനുഷ്യബന്ധത്തിന്‍റെ പുനഃസ്ഥാപനമായി അതു മാറി. ദൈവത്തില്‍നിന്നു നമ്മെ വേര്‍തിരിച്ചു നിര്‍ത്തിയ പാപത്തിന്‍റെ കനത്ത ഭിത്തി തകര്‍ത്തുകൊണ്ട് ദൈവവും മനുഷ്യനും തമ്മില്‍ നവമായൊരു സ്നേഹസംഭാഷണത്തിനും കണ്ടുമുട്ടലിനും കുരിശില്‍വെച്ചു ക്രിസ്തു തുടക്കമിട്ടു. കൂദാശകളിലൂടെ നാമും ക്രിസ്തുവുമായി താദാത്മ്യപ്പെടുകയാണ്. ജ്ഞാനസ്നാനം ഒരുവനെ ക്രിസ്തുവിന്‍റെ മരണത്തില്‍ നിമജ്ജനം ചെയ്യുന്നുവെന്നും അതിന്‍റെ പ്രതിഫലനം ഉത്ഥിതമായ അവന്‍റെ ശിഷ്ടജീവിതത്തില്‍ മുഴുവന്‍ തെളിഞ്ഞുകാണേണ്ടതുണ്ടെന്നും പൗലോസ് അപ്പസ്തോലന്‍ പറയുന്നത് (റോമ 6:3-5) ഈ അര്‍ത്ഥത്തിലാണ്. ക്രൈസ്തവജീവിതത്തിന്‍റെ ആകെത്തുകതന്നെ മരണമെന്ന രഹസ്യത്തിന്‍റെയും പുനരുത്ഥാനത്തിന്‍റെയും നിദര്‍ശനമായി അനുഭവപ്പെടുന്നിവിടെ.
ഉപസംഹാരം
ആധുനിക ദൈവശാസ്ത്രജ്ഞന്മാരുടെ വീക്ഷണങ്ങളുടെ സഹായത്തോടെ സാര്‍വ്വലൗകിക പ്രതിഭാസമായ മരണത്തിനു ദൈവശാസ്ത്രപരമായ ഒരു വിശദീകരണം കണ്ടെത്തുവാന്‍ നാം ശ്രമിക്കുകയായിരുന്നു. മരണത്തിന്‍റെ സാര്‍ത്ഥകത വ്യക്തമാകുന്നതനുസരിച്ചാണ് ഐഹിക ജീവിതത്തിന്‍റെ സമ്പന്നത. അതുകൊണ്ട് മരണത്തെക്കുറിച്ച് വ്യക്തമായ ഒരു ക്രൈസ്തവവീക്ഷണം കരുപ്പിടിപ്പിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. ജീവിതത്തിന്‍റെ വ്യക്തിഗതമായ പൂര്‍ത്തീകരണമാണ് മരണം. ഈ ലോകജീവിതത്തിന്‍റെ സ്വാഭാവികമായ അന്ത്യവും നിത്യത്വത്തിലേക്കുള്ള കവാടവുമാണത്. മരണത്തോടെ വ്യക്തിപരമായ ജീവിതം രൂപാന്തരവിധേയമാകുന്നു. ജീവിതത്തില്‍ മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും അവസാനത്തെ പ്രവൃത്തിയാണ് മരണം. തികച്ചും സ്വതന്ത്രവും ബോധപൂര്‍വ്വകവുമായ ഈ പ്രവൃത്തിയെ ഒരാളുടെ ജീവിതത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സ്വാധീനിക്കും. മാനുഷിക പ്രവൃത്തികളുടെയെല്ലാം സഫലീകരണമായ മരണം ഒരിക്കലും ആവര്‍ത്തനക്ഷമമല്ല. പുതിയ നിയമത്തിലുടനീളം മരണത്തെ ഒരു വിജയമായിട്ടാണ് വിവരിച്ചിരിക്കുന്നത്. ക്രിസ്തുവിന്‍റെ മരണം യഥാര്‍ത്ഥത്തില്‍ മരണത്തിന്മേലുള്ള വിജയമായിരുന്നു. അതോടെ മരണം ഉയിര്‍പ്പിന്‍റെ ഒരു മാനം മാത്രമായി. മരണമെന്ന മഹാരഹസ്യത്തെ നമുക്കു മനസ്സിലാക്കാന്‍ കഴിയുക പുനരുത്ഥാനത്തിന്‍റെ പ്രത്യാശയിലൂടെയാണ്. ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ പങ്കുപറ്റണമെങ്കില്‍ അവിടുത്തെ മരണത്തിലും പങ്കുകാരായേ തീരൂ. കാലികമായ ഈലോകജീവിതത്തെയും നിത്യമായ പരലോക ജീവിതത്തെയും ബന്ധിക്കുന്ന കണ്ണിയാണ് മരണം.
കടപ്പാട്
ബിഷപ് ബോസ്കോ പുത്തൂര്‍ (എഡി.) മരണവും മരണാനന്തര ജീവിതവും (ആലുവാ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, 1981 )
Death: From a theological point of view death christian point Mar Joseph Pamplany life after death resurrection Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206