x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ദളിത് ക്രിസ്തുശാസ്ത്രം

Authored by : Vincent Kundukulam On 29-May-2021

സംസ്കൃതഭാഷയില്‍ 'ദലിത്' എന്ന പദത്തിന് 'തകര്‍ക്കപ്പെട്ട', 'അടിച്ചമര്‍ത്തപ്പെട്ട' എന്നെല്ലാമാണ് അര്‍ത്ഥം. ഈ പശ്ചാത്തലത്തില്‍, പിന്നോക്കാവസ്ഥയില്‍ തളച്ചിട്ടിരിക്കുന്ന എല്ലാ വിഭാഗം മനുഷ്യരും ദലിതരെന്ന സംജ്ഞയില്‍ ഉള്‍പ്പെടുന്നവരാണ്. അതേസമയം ഭാരതത്തിന്‍റെ പ്രത്യേകസാഹചര്യത്തില്‍ ജാതിവ്യവസ്ഥിതിയ്ക്ക് പുറമെ സ്ഥിതിചെയ്യുന്നതും ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്നതുമായ 'ഹരിജന്‍' അഥവാ 'ഷെഡ്യൂള്‍ഡ് കാസ്റ്റ്' വിഭാഗത്തിലുള്ള ജനങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.[1]

കേരളത്തിലെ പ്രശസ്ത വിമോചനദൈവശാസ്ത്രജ്ഞരിലൊരാളായ സാമുവല്‍ രായന്‍ ദലിതന്‍റെ വേഷമിട്ട് ആ സമൂഹത്തെ ഇങ്ങനെ പരിചയപ്പെടുത്തുന്നു: "3500-ലധികം വര്‍ഷങ്ങളായി ഭാരതത്തില്‍ ഞങ്ങളുടെ കഷ്ടകാലം ആരംഭിച്ചിട്ട്. ഞങ്ങളുടെ പുരയും പുരയിടവും കണ്ടുകെട്ടി. അഭിമാനവും സ്വാതന്ത്ര്യവും നഷ്ടമായി. അവകാശങ്ങള്‍ കവര്‍ന്നെടുത്തു. വസ്തുക്കളെയും മൃഗങ്ങളെയും പോലെ ചന്തകളില്‍ വാങ്ങുകയും വില്ക്കുകയും ചെയ്തു. സഞ്ചാരസ്വാതന്ത്ര്യമില്ലാത്ത അടിമകള്‍. കെണിയിലകപ്പെട്ടവര്‍. കുറ്റം ചെയ്യാതിരുന്നിട്ടും ശിക്ഷയേറ്റവര്‍. പരാതി കേള്‍ക്കാന്‍ ആരുമില്ലാതെ ഞങ്ങള്‍ നിസ്സഹായരായി ഏകാന്തതയില്‍ കരഞ്ഞു. എല്ലാത്തിലും ഉപരിയായി ഈ സഹനങ്ങളെല്ലാം ഞങ്ങളുടെ തന്നെ ജന്മപാപഫലമെന്ന അപരാധവും പേറേണ്ടിവന്നു".[2]

മേലുദ്ധരിച്ച ദലിത് വിലാപത്തിന് യേശുകേന്ദ്രീകൃതമായി ജീവിക്കുന്ന സഭയ്ക്ക് നല്കാവുന്ന പ്രത്യുത്തരമാണ് ദലിത് ക്രിസ്തുശാസ്ത്രത്തിന്‍റെ കാതല്‍. ദലിതരെ ക്രിസ്തുവിന്‍റെ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കമല്ലിത്. സകല മനുഷ്യരേയുംപോലെ ഈശ്വരന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും മനുഷ്യോചിതമല്ലാത്തവണ്ണം ജീവിക്കാന്‍ വിധിക്കപ്പെട്ട ഭാരതത്തിലെ ഈ പുരാതന സമൂഹത്തിന് മനുഷ്യതുല്ല്യമായ അംഗീകാരവും കുലീനത്വവും നല്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ക്രിസ്തുശാസ്ത്രചിന്തകള്‍ തേടിയുള്ള ലഘുഅന്വേഷണം മാത്രം.

1. ദലിത് ദൈവശാസ്ത്രത്തിന്‍റെ ആവിര്‍ഭാവം
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ഭാരതത്തിന്‍റെ മതസാംസ്കാരികപശ്ചാത്തലത്തില്‍ ക്രിസ്തുവിനും സുവിശേഷത്തിനും നവഭാഷ്യങ്ങള്‍ തീര്‍ക്കാനുളള ദൈവശാസ്ത്രജ്ഞരുടെ ശ്രമം സാംസ്ക്കാരികാനുരൂപണം, മതാന്തരസംഭാഷണം എന്നീ മേഖലകളിലുളള വിചിന്തനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിവെച്ചത്. എന്നാല്‍ എഴുപതുകളില്‍ ലാറ്റിന്‍ അമേരിക്കയില്‍ രൂപംകൊണ്ട വിമോചനദൈവശാസ്ത്രത്തിന്‍റെ അലയടികള്‍ ഇന്ത്യയിലെത്തിയതോടെ ക്രിസ്തു നല്കിയ വിമോചനാനുഭവത്തിന് ഈ നാടിന്‍റെ നിറവും മണവും നല്കാന്‍ ദൈവശാസ്ത്രജ്ഞന്‍മാര്‍ക്ക് ശ്രമിച്ചു. അപ്പോഴാണ് നൂറ്റാണ്ടുകളായി തമസ്ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്ന ദലിത് സമൂഹത്തിന്‍റെ സങ്കടങ്ങളിലേയ്ക്ക് സഭയുടെ ശ്രദ്ധ തിരിഞ്ഞത്. ഈ നീക്കത്തെ അനിവാര്യമാക്കാന്‍ അക്കാലത്ത് വര്‍ദ്ധിച്ചുവന്ന ദലിതര്‍ക്കെതിരെയുള്ള വ്യാപകമായ അക്രമങ്ങളും അതിനെതിരെ ദലിത് പ്രസ്ഥാനങ്ങള്‍ നടത്തിയ സമരങ്ങളും സഹായിക്കുകയും ചെയ്തു.

ദലിത് സമൂഹങ്ങളില്‍ നിന്ന് മതം മാറി ക്രിസ്തുമതത്തിലെത്തിയവരുടെ ശോചനീയമായ അവസ്ഥയും ദലിത് ദൈവശാസ്ത്രത്തിന്‍റെ അനിവാര്യത വര്‍ദ്ധിപ്പിച്ച ഘടകങ്ങളിലൊന്നായിരുന്നു. ഹൈന്ദവസമൂഹത്തിലെ മേല്‍ജാതിക്കാരുടെ ആട്ടും തൊഴിയും സഹിക്കവയ്യാഞ്ഞിട്ടാണ് ഇവര്‍ മാമ്മോദീസാ സ്വീകരിച്ചത്. ക്രിസ്ത്യാനികളായതുവഴി മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യങ്ങളും സാമ്പത്തികസഹായങ്ങളും ലഭിച്ചെങ്കിലും പല സഭാസമൂഹങ്ങളിലും അവര്‍ക്ക് ഉച്ചനീചത്വങ്ങള്‍ അനുഭവിക്കേണ്ടിവന്നു. കത്തോലിക്കരുടെ ഇടയിലെ മേല്‍ജാതിക്കാരും പാരമ്പര്യക്രിസ്ത്യാനികളും മതംമാറിവന്ന ദലിതരെ കീഴാളന്മാരായിത്തന്നെയാണ് കണ്ടത്.

ചിലേടങ്ങളിലെ പള്ളികളില്‍ അവര്‍ക്ക് താഴ്ന്ന ഇരിപ്പിടങ്ങളാണ് നല്കിയത്. സിമിത്തേരികളില്‍ പോലും അവരെ മേല്‍ജാതിക്കാരില്‍ നിന്ന് വേറിട്ട് താഴേത്തട്ടുകളില്‍ അടക്കം ചെയ്തുപോന്നു. പലപ്പോഴും കീഴാളസമുദായത്തിന്‍റെ പേരു മാമ്മോദീസ പേരിനോടൊപ്പം ഒട്ടിനിന്നു. അങ്ങനെയാണ് കേരളത്തിലെ ഇടവകകളില്‍ 'തോമ പുലയനും' 'പരവന്‍ മത്തായിയും' 'ചെറോന്‍ മാത്തിരിയും' ഉണ്ടായത്. കേരള സുറിയാനി കത്തോലിക്കര്‍ ഈ വിഭാഗത്തില്‍പ്പെട്ടവരെ 'പുതുക്രിസ്ത്യാനികള്‍', 'മാര്‍ഗ്ഗവാസികള്‍', 'മാര്‍ക്കം കൂടിയവര്‍' എന്നൊക്കെ ഇന്നും വിളിച്ചുപോരുന്നു. ദലിത്-ഗോത്രവിഭാഗങ്ങളില്‍നിന്ന് വളരെ വിരളമായേ പുരോഹിതവൃത്തിയിലേയ്ക്ക് അര്‍ത്ഥികളെ സ്വീകരിച്ചിരുന്നുള്ളൂ.[3] ഉദാഹരണത്തിന്, തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ചില ദലിത് ക്രൈസ്തവര്‍ പുറത്തിറക്കിയ കുറിപ്പില്‍ ഉന്നയിച്ച ചോദ്യം കാണുക: 'മരിച്ചവരുടെയിടയില്‍ പോലും ഞങ്ങളെ വേര്‍പെടുത്തിയിട്ടിരിക്കുന്നു. ഞങ്ങളുടെ മരിച്ചവര്‍ മേല്‍ജാതിക്കാരുടെ കബറിടങ്ങളിലേയ്ക്ക് നടന്നുചെന്ന് അവരെ അശുദ്ധരാക്കുമെന്ന് ഭയപ്പെട്ടിട്ടാണോ സിമിത്തേരിയില്‍ ഞങ്ങള്‍ക്കും അവര്‍ക്കും ഇടയില്‍ മതില്‍ പണിതിരിക്കുന്നത്?'

ക്രൈസ്തവദലിത് സഹോദരങ്ങള്‍ അഞ്ചുരീതികളില്‍ അന്യവത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഒന്നാമത്തേത് രാഷ്ട്രീയമായ ഒറ്റപ്പെടലാണ്. ക്രിസ്ത്യാനികളായി മതം മാറുന്നതോടെ പട്ടികജാതികള്‍ക്കും വര്‍ഗ്ഗങ്ങള്‍ക്കുമായി ഇന്ത്യന്‍ ഭരണകൂടം അനുവദിച്ചിട്ടുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ക്രിസ്ത്യന്‍ ദലിതുകള്‍ക്കു നഷ്ടപ്പെടുന്നു. രണ്ടാമത്തേത് സഹ ദലിത് സമൂഹങ്ങളില്‍ നിന്നുളള ഒറ്റപ്പെടലാണ്. ക്രിസ്ത്യാനികളായവര്‍ക്കു വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന നിഗമനത്തില്‍ അക്രൈസ്തവ പിന്നോക്കവിഭാഗങ്ങള്‍ ഇവരോട് അനുഭാവവും സഹതാപവും പ്രകടിപ്പിക്കുന്നില്ല. മൂന്നാമത്തെ അന്യവത്ക്കരണം സഭയ്ക്കുള്ളില്‍ നിന്നു തന്നെയാണ്. സഭാഗാത്രത്തിലെ പരമ്പരാഗത ക്രിസ്ത്യാനികള്‍ മുകളില്‍ വിവരിച്ചതുപോലെ ഇവരോട് അയിത്തമനോഭാവം തുടരുന്നു. നാലാമതായി ക്രിസ്ത്യന്‍ ദലിതുകളുടെയിടയില്‍ തന്നെ അവരിലെ ഉപസമൂഹങ്ങള്‍ തമ്മിലുള്ള ശീതസമരഫലമായി വേര്‍തിരിവുകള്‍ ഉണ്ടാകുന്നു; വ്യക്തികളും കുടുംബങ്ങളും തൃണവത്ഗണിക്കപ്പെടുന്നു. മതസംസ്കാരിക ഒറ്റപ്പെടലാണ് അഞ്ചാമത്തേത്.
ക്രിസ്ത്യന്‍ദലിതുകള്‍ പാശ്ചാത്യസ്വഭാവമുള്ള ആരാധനാക്രമങ്ങള്‍ പാലിക്കുന്നതിനാല്‍ നൂറ്റാണ്ടുകളായി ജീവിച്ചുപോന്ന ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും വിട പറയുന്നു[4]. ഇങ്ങനെ സഭയ്ക്കുള്ളില്‍ നിന്നും പുറത്തുനിന്നും അവഗണന ഏറ്റുകിടക്കുന്ന ഈ സമൂഹത്തിന്‍റെ പ്രശ്നങ്ങളെ ക്രിസ്തുവിന്‍റെ വെളിപാടിനോട് ചേര്‍ത്തുവെച്ചു ചിന്തിച്ചപ്പോള്‍ നവീനമായ ഒരു ക്രിസ്തുശാസ്ത്രത്തിന് കളമൊരുങ്ങുകയാണുണ്ടായത്.
ദലിത് ദൈവശാസ്ത്രം വിവിധങ്ങളായ ശാഖകളിലായി വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഉത്തരാധുനിക ചിന്തകളുടേയും വിമോചനദൈവശാസ്ത്രത്തിന്‍റെയും ചുവടുപിടിച്ചുകൊണ്ട് ദലിത് സ്വത്വത്തെ നിര്‍വ്വചിക്കാനും മതം, രാഷ്ട്രീയം, പ്രകൃതി, ധാര്‍മ്മികത, സഭ, രക്ഷ, സമ്പത്ത്, സ്ത്രീത്വം തുടങ്ങി ഒട്ടേറെ അനുബന്ധവിഷയങ്ങളുമായി ദലിത് പ്രശ്നങ്ങളെ ബന്ധപ്പെടുത്തി വിശകലനം ചെയ്യാനും ശ്രമിക്കുന്നതുവഴി ക്രിസ്തീയ ദലിത് മീമാംസയില്‍ത്തന്നെ വ്യത്യസ്തങ്ങളായ ദൈവശാസ്ത്രധാരകള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ഇവയില്‍ ക്രിസ്തുശാസ്ത്രശാഖയില്‍ ഉരുത്തിരിയുന്ന ഉള്‍ക്കാഴ്ചകള്‍ മാത്രമാണ് ഈ ലേഖനത്തിന്‍റെ പ്രമേയമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.

2. ദലിത് ക്രിസ്തുശാസ്ത്ര അടിസ്ഥാനങ്ങള്‍

2.1 ആത്മാവബോധത്തിലൂടെ നേടുന്ന യേശുസ്വത്വം
യേശുവിന്‍റെ മനുഷ്യാവതാരം ക്രിസ്തുശാസ്ത്രത്തിന്‍റെ അടിത്തറയാണ്. പിതാവിനോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യനായിത്തീര്‍ന്ന യേശു, ആരാണ് ക്രിസ്തു എന്ന് മനസ്സിലാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ ദലിത് ക്രിസ്തുവിഞ്ജാനീയത്തിന്‍റെ അടിസ്ഥാനങ്ങളില്‍ പ്രഥമമാകേണ്ടതാണ് ദലിതരുടെ സ്വത്വത്തിന് മനുഷ്യാവതാര രഹസ്യത്തോടുള്ള പാരസ്പര്യവും വൈപരീത്യവും.

മനുഷ്യവതാരത്തില്‍ വെളിപ്പെട്ട ശൂന്യവത്ക്കരണത്തിന്‍ നിന്ന് വ്യതിരിക്തമാണ് ദലിത് ജന്മങ്ങളിലെ സ്വത്വനിഷ്ക്കാസനം. യേശു ദൈവവുമായുള്ള സമാനത വെടിഞ്ഞാണ് മനുഷ്യനായതെങ്കില്‍ ദലിതര്‍ മനുഷ്യനോടുള്ള സമാനത അടിയറവു വെച്ചാണ് ദലിതാവസ്ഥ സ്വീകരിക്കുന്നത്. യേശു സ്വന്തം അഭീഷ്ടം അനുസരിച്ചും മനുഷ്യനോടുള്ള സ്നേഹത്തെപ്രതിയുമാണ് സ്വയം താഴാന്‍ തീരുമാനിച്ചതെങ്കില്‍ ദലിതര്‍ ചൂഷകവിഭാഗത്തിന്‍റെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി 'മുന്‍കാലപാപങ്ങളുടെ കര്‍മ്മഫലവും പേറി' ജന്മമെടുക്കാന്‍ ഏല്‍പ്പിക്കപ്പെടുകയാണ്. മറ്റുവാക്കില്‍, അടിച്ചേല്‍പ്പിക്കപ്പെട്ട പരിചാരകവേഷമാണ് ദലിത് ജന്മത്തിന്‍റെ കാതല്‍. ദലിതരിലെ വന്ധീകരിക്കപ്പെട്ട മനുഷ്യസ്വത്വവും യേശുവിന്‍റെ മനുഷ്യവതാരത്തിലെ തനിമയും ചേര്‍ത്തുവായിക്കുമ്പോള്‍ ക്രിസ്തുശാസ്ത്രത്തില്‍ പുതിയ മാനങ്ങള്‍ തെളിഞ്ഞുവരും. അവയാണ് ദലിത് ക്രിസ്തുശാസ്ത്രത്തിന്‍റെ വ്യതിരിക്തത.
യേശുവിന്‍റെ മനുഷ്യവതാരരഹസ്യം തുടര്‍ന്നുകൊണ്ടുപോകാന്‍ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. ക്രിസ്ത്യാനിയാവുകയെന്നാല്‍ യേശുവിനെപ്പോലെ ആന്തരികസ്വതന്ത്ര്യത്താലും പരസ്നേഹപ്രേരണയാലും ശൂന്യവത്കരണത്തെ അസ്തിത്വത്തിന്‍റെ ആത്മായി സ്വീകരിക്കുകയെന്നാണ്. ദലിതരെ സംബന്ധിച്ചിടത്തോളം ദാസരൂപം സ്വന്തം ഇച്ഛയ്ക്കപ്പുറം അവരില്‍ കെട്ടിയേല്‍പ്പിക്കപ്പെട്ടതിനാല്‍ ആത്മജ്ഞാനത്തിന്‍റെ ക്ലേശകരമായ പാതയിലൂടെ യാത്ര ചെയ്തുവേണം അതിനെ മനുഷ്യാവതാരരഹസ്യത്തിന്‍റെ സഹജഭാവത്തിലേയ്ക്ക് വളര്‍ത്തിയെടുക്കാന്‍.
ദൈവത്തിന്‍റെ ഈ ലോകത്തിലെ രക്ഷണീയവേലയ്ക്ക് രണ്ടുഭാവങ്ങളുണ്ടെന്ന് കെ. വില്‍സണ്‍ അഭിപ്രായപ്പെടുന്നു. അതിലൊന്ന് പൂര്‍ണ്ണമനുഷ്യനാകുന്നതില്‍ തടസ്സമായി നില്ക്കുന്നവയെ അതിജീവിക്കലും മറ്റേത് മനുഷ്യത്വത്തില്‍ നിര്‍ലീനമായിരിക്കുന്ന ഭാവാത്മകഗുണങ്ങള്‍ പ്രകാശിപ്പിക്കലുമാണ്[5]. യേശു മനുഷ്യാവതാരത്തിലൂടെ സാധിച്ച ഈ രണ്ടു യാഥാര്‍ത്ഥ്യങ്ങളെയും മിഴിവോടെ ഗ്രഹിക്കാന്‍ സഹായിക്കുന്നതാണ് ദലിതരുടെ ജീവിതങ്ങള്‍. സാധാരണ മനുഷ്യര്‍ക്കു ലഭിക്കേണ്ട നീതിയും സമത്വവും സ്നേഹവും ലഭിക്കാന്‍ ദലിതര്‍ക്കു മുന്നിലുളള വിലങ്ങുകളേതെന്നതിനെക്കുറിച്ചുള്ള അറിവും അവരില്‍ സുഷുപ്താവസ്ഥയിലിരിക്കുന്ന മാനുഷികഭാവങ്ങളെ പരോന്മുഖമായി വളര്‍ത്തിയെടുക്കാനുള്ള യത്നങ്ങളും യേശുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ ആഴവും അര്‍ത്ഥവും ഈ ലോകത്തിന് കൂടുതലായി വെളിപ്പെടുത്താന്‍ പ്രാപ്തമാണ്.

സുവിശേഷത്തിന്‍റെ മര്‍മ്മം മനുഷ്യനെ ദൈവത്തിന്‍റെ അടിമയാക്കുകയോ അല്ലെങ്കില്‍ അതിമാനുഷനാക്കുകയോ അല്ല. അവന്‍റെ സ്വാതന്ത്ര്യത്തെ യുക്തിയോടും ഉത്തരവാദിത്വത്തോടും കൂടി ഉപയോഗിച്ച് ജീവിതധര്‍മ്മങ്ങള്‍ നിറവേറ്റാനുള്ള കെല്‍പ്പ് നല്‍കലാണ്. ഈ ശക്തി കൈവരിക്കണമെങ്കില്‍ ദലിത് സമൂഹം തല്‍പരകക്ഷികള്‍ അവരില്‍നിന്ന് മറച്ചുവെച്ചിരിക്കുന്ന അവരുടെ യഥാര്‍ത്ഥസ്വത്വത്തെപ്പറ്റി ബോധവാന്മാരാകണം. തങ്ങള്‍ ആരായിരുന്നു, ഇപ്പോള്‍ ആരാണ്, ഭാവിയില്‍ ആരായിരിക്കണം, എന്നൊക്കെ അറിയണം. തങ്ങളെ അധമപ്പെടുത്താന്‍ ആരോപിക്കപ്പെട്ട കപടസ്വത്വത്തില്‍നിന്ന് വിടുതല്‍ പ്രാപിക്കണം. സുവിശേഷങ്ങളിലെ ക്രിസ്തു സഹായകമാകുന്നത് ഇവിടെയാണ്[6].

പരമ്പരാഗതമായി ക്രിസ്തുശാസ്ത്രത്തെ രണ്ടാമാളായ പുത്രന്‍തമ്പുരാനില്‍ പ്രകടമായ ദൈവത്തെക്കുറിച്ചുള്ള ജ്ഞാനമായി മനസ്സിലാക്കാറുണ്ട്. വാസ്തവത്തില്‍ അത്തരമൊന്നായിരിക്കില്ല ദലിത് ക്രിസ്തുശാസ്ത്രം. ദലിതരിലൂടെ വെളിപ്പെടുന്ന ക്രിസ്തുവിന്‍റെ മാനുഷികതയെക്കുറിച്ചും ആ മാനുഷികതയിലേക്കു വളരാന്‍ ദലിതര്‍ ക്രിസ്തുദര്‍ശനങ്ങളിലൂടെ കണ്ടെത്തുന്ന ആത്മാവബോധത്തിന്‍റെ തലങ്ങളെപ്പറ്റിയുമുള്ള ജ്ഞാനമായിരിക്കും ആ മീമാംസ.

പരസ്യജീവിതകാലത്ത് യേശു നടത്തിയസംഭാഷണങ്ങളും അത്ഭുതങ്ങളും ആത്യന്തികമായി ലക്ഷ്യംവെച്ചത് ശ്രോതാക്കളുടെ ദൈവവുമായുള്ള അനുരജ്ഞനമാണെങ്കിലും അതിന്‍റെ ആദ്യപടിയായി സംഭവിച്ചത് അവരുടെ പാപകരമായ ജീവിതരീതിയെപ്പറ്റിയുള്ള തിരിച്ചറിവും അവരായിത്തീരേണ്ട മഹത്തായ ജീവിതാവസ്ഥയെപ്പറ്റിയുള്ള ജ്ഞാനവും നേടലാണ്. സക്കേവൂസ് പറഞ്ഞു: "കര്‍ത്താവേ ഇതാ എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു" (ലൂക്കാ 19,8). നിക്കേദേമോസിന് കിട്ടിയ വെളിച്ചം യേശു ലോകത്തിന്‍റെ പ്രകാശമാണെന്നു മാത്രമല്ല, പ്രത്യുത ആ പ്രകാശത്തില്‍ ചരിക്കണമെങ്കില്‍ ഞാന്‍ ആത്മാവില്‍ വീണ്ടും ജനിക്കണമെന്ന ബോധ്യമാണ് (യോഹ 3,1-21). സമരിയാക്കാരിയുടെ ക്രിസ്തു ദൈവപുത്രനാണെന്ന കണ്ടെത്തല്‍ തന്‍റെ ഹിതകരമല്ലാത്ത ജീവിതത്തെപ്പറ്റിയുള്ള തിരിച്ചറിവിലൂടെയാണ് പക്വത പ്രാപിച്ചത്. അവള്‍ പറഞ്ഞു: "ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം എന്നോടുപറഞ്ഞ ഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍. ഇവന്‍ തന്നെയായിരിക്കുമോ ക്രിസ്തു" (യോഹ 4,29).

ഇതെല്ലാം വ്യക്തമാക്കുന്നത് ദലിതരുടെ ക്രിസ്തുശാസ്ത്രം കേവലം ദൈവത്തെക്കുറിച്ചുള്ള പ്രബോധനങ്ങളായിരിക്കില്ല, പിന്നെയോ ദൈവികവെളിച്ചത്തില്‍ അവരുടെ അസ്തിത്വത്തെ ദൈവികമായി കാണാനുള്ള വെളിച്ചമായിരിക്കുമെന്നാണ്. ദലിതര്‍ക്ക് അവരുടെ വ്യതിചലിക്കപ്പെട്ടുപോയ ആത്മബോധത്തില്‍ നിന്നു രക്ഷപ്പെടാനും മാനുഷികപൂര്‍ണ്ണതയിലേയ്ക്ക് വളരാനും സഹായിക്കുന്ന വെളിച്ചം. ഇങ്ങനെ മനുഷ്യവത്കരിക്കപ്പെടുന്ന ദലിത്സ്വത്വവും ശൂന്യവത്കരിക്കപ്പെട്ട വചനസ്വത്വവും തമ്മിലുള്ള ക്രിയാത്മകസംവേദനങ്ങളാണ് ക്രിസ്തുശാസ്ത്രത്തിന്‍റെ സ്രോതസ്സുകളിലൊന്ന്.

2.2 പരിചാരകപക്ഷം ചേര്‍ന്ന വിമോചകനായ നസ്രായന്‍
മനുഷ്യാവതാരത്തേപ്പോലെ, ക്രിസ്തുശാസ്ത്രത്തിന്‍റെ അടിസ്ഥാനങ്ങളില്‍ മറ്റൊന്ന് യേശു അരുള്‍ച്ചെയ്ത വാക്കുകളും അതിനേക്കാളേറെ അവിടുത്തെ പ്രവൃത്തികളും ഇടപെടലുകളുമാണ്. ദലിത്ക്രിസ്തുശാസ്ത്രത്തിന് സുവിശേഷങ്ങളിലുള്ള യേശുവിന്‍റെ ഈ വെളിപാടുകളെ അവഗണിക്കുക വയ്യ. പലസ്തീനായില്‍ ചൂഷണവിധേയരായിക്കൊണ്ടിരുന്ന ജനതകള്‍ക്കു സദ്വാര്‍ത്തയായി യേശു പറഞ്ഞതും ചെയ്തതും അവര്‍ക്കു സമാനമായി ഇന്ന് ഇന്ത്യയില്‍ പട്ടിണികൊണ്ട് പൊറുതിമുട്ടിയും മനുഷ്യത്വം ചവിട്ടിമെതിക്കപ്പെട്ടും സാംസ്കാരികമായി പിന്തള്ളപ്പെട്ടും സാമൂഹികമായി ഒറ്റപ്പെട്ടും കഴിയുന്ന ദലിതരുടെ ക്രിസ്തുദര്‍ശനത്തിന്‍റെ സ്രോതസ്സുകളാകണം.

പരസ്യജീവിതസന്ദേശത്തിന്‍റെ അടരുകളിലൊന്ന് ദൈവവും ധനവും തമ്മിലും ദൈവവും മേലാളത്തവും തമ്മിലും പൊരുത്തമില്ലെന്നതാണ്. യേശുവിന്‍റെ കാലത്ത് ധനം ദൈവപ്രസാദത്തിന്‍റെ ദൃശ്യഅടയാളമായി യഹൂദര്‍ വ്യാഖ്യാനിച്ചിരുന്നു; ദാരിദ്ര്യം ദൈവകോപത്തിന്‍റെയും. യേശു ഈ അബദ്ധധാരണയെ തിരുത്തി[7].
ധനം സ്വാഭാവികമായി ദൈവാനുഗ്രഹത്തിന് ദൃഷ്ടാന്തമാകുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ യേശു ഭോഷനായ ധനികന്‍റെയും (ലൂക്കാ 12,13-21) ധനവാന്‍റെയും ലാസറിന്‍റെയും (ലൂക്കാ 16,19-31) ഉപമകള്‍ അരുള്‍ച്ചെയ്തു. ചിലപ്പോള്‍ സമ്പത്ത് ദൈവരാജ്യാംഗമാകാന്‍ തടസ്സമാകാം എന്ന് പഠിപ്പിക്കാന്‍ ധനികനായ യുവാവിനെ നോക്കി അവന്‍ പറഞ്ഞു: "സമ്പത്തുള്ളവന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്കരം" (മര്‍ക്കോ 10, 17-24). "രണ്ടു യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല . . . ദൈവത്തെയും മാമ്മോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല" (മത്താ 6,24). ധനത്തിന് ദൈവവുമായി അവിഭക്തബന്ധമില്ലെന്ന് സ്ഥാപിച്ച യേശു ദാരിദ്ര്യം ദൈവരാജ്യത്തിലേക്കുള്ള വഴി എളുപ്പമാക്കുമെന്ന് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്: "ദരിദ്രരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോള്‍ വിശപ്പുസഹിക്കുന്നവരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ തൃപ്തരാക്കപ്പെടും" (ലൂക്കാ 6, 20-21).

സമ്പത്തിനെന്നപോലെ ഉന്നതസ്ഥാനങ്ങളും അവശ്യം ദൈവാനുഗ്രഹമായി കാണേണ്ടതില്ലെന്ന് യേശു സൂചിപ്പിച്ചിട്ടുണ്ട്. നസ്രായന്‍ സ്ഥാപിക്കുന്ന രാജ്യത്തില്‍ ഇടതും വലതും ഇരിക്കാനുള്ള അവസരം തേടിവന്ന സബദീപുത്രന്മാര്‍ക്ക് നല്കിയ പ്രത്യുത്തരത്തില്‍ അവിടുത്തെ മനസ്സ് വ്യക്തമാണ്: "വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ നിങ്ങളുടെയിടയില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം" (മര്‍ക്കോ 10,42-44). സമൂഹത്തെ മേല്‍ജാതി-കീഴ്ജാതി എന്നിങ്ങനെ വേര്‍തിരിക്കുന്നത് യേശു ഇഷ്ടപ്പെട്ടില്ല. എല്ലാവരും എല്ലാവര്‍ക്കും ദാസരായിരിക്കുന്ന സാമൂഹികവ്യവസ്ഥിതിയാണവന്‍ ആഹ്വാനം ചെയ്തത്.

ഉന്നതസ്ഥാനീയര്‍ക്കു പ്രത്യേകസ്ഥാനം നല്കിയില്ലെന്നു മാത്രമല്ല താഴേക്കിടയിലുള്ളവര്‍ക്കും അധികാരമില്ലാത്തവര്‍ക്കും ബലഹീനര്‍ക്കും ദൈവരാജ്യത്തില്‍ പ്രത്യേകസ്ഥാനം ഉണ്ടാകുമെന്ന് യേശു പഠിപ്പിക്കുകയും ചെയ്തു. സ്വര്‍ഗ്ഗരാജ്യത്തില്‍ "മുമ്പന്മാരാകുന്ന പിമ്പന്മാരും പിമ്പന്മാരാകുന്ന മുമ്പന്മാരും ഉണ്ടായിരിക്കും" (ലൂക്കാ 13,30). ആരാണ് തങ്ങളില്‍ വലിയവനെന്ന് തര്‍ക്കിച്ചുകൊണ്ടിരുന്ന ശിഷ്യന്മാരോട് ശിശുവിനെ അടുത്തുനിര്‍ത്തി അവിടുന്ന് പറഞ്ഞു: "നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയവന്‍" (മര്‍ക്കോ 9,33-37). പെസഹാതിരുനാളിനും യേശു ഇതാവര്‍ത്തിച്ചു: "നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനേപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനേപ്പോലെയുമായിരിക്കട്ടെ" (മത്താ 20,25-27).

വാക്കുകളില്‍ മാത്രമല്ല സ്വജീവിതത്തില്‍ത്തന്നെ യേശു പരിചാരകപക്ഷം ചേര്‍ന്നിരുന്നു. ആശാരിപ്പണി ചെയ്തുപോന്ന യൗസേപ്പിന്‍റെയും മറിയത്തിന്‍റെയും മകനായി അവന്‍ പിറന്നു. യഹൂദര്‍ അല്പം അവജ്ഞയോടെ കണ്ടിരുന്ന ചുങ്കക്കാരെയും മീന്‍പിടുത്തക്കാരെയും ശിഷ്യഗണത്തിലുള്‍പ്പെടുത്തി. അവരോടൊപ്പം വിരുന്നിനിരുന്നു (മത്താ 9,9-13). ചുരുക്കത്തില്‍ യഹൂദജനത മഹാന്മാരെന്ന് കരുതിയ അവരിലെ അധികാരപക്ഷത്തെ ദൈവരാജ്യത്തിലെ വലിയവരായോ ഉന്നതശിഷ്യരായോ യേശു കണ്ടില്ലെന്നത് സത്യം.
അതേസമയം അന്നത്തെ പാലസ്തീനില്‍ ഇന്നത്തെ ദലിതര്‍ക്കു സമാനമായ അവസ്ഥകളില്‍ കഴിഞ്ഞിരുന്നവരെ മോചിപ്പിക്കുന്നതിലാണ് ദൈവപുത്രനെന്ന നിലയിലുള്ള തന്‍റെ രക്ഷണീയകര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നതെന്ന് യേശു വെളിപ്പെടുത്തിയിരുന്നതായിക്കാണാം. അതിനു പ്രഥമതെളിവാണ് പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ സ്വന്തം നാട്ടിലെ സിനഗോഗില്‍ച്ചെന്ന് ഏശയ്യായുടെ 61-ാം അദ്ധ്യായം വായിച്ച് നല്കിയ വ്യാഖ്യാനം: "ദരിദ്രര്‍ക്കു സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചവര്‍ത്തപ്പെട്ടിരിക്കുന്നവര്‍ക്കു സ്വാതന്ത്ര്യവും നല്കാന്‍ ഞാന്‍ വന്നിരിക്കുന്നു" (ലൂക്കാ 4,18). പിന്നീടങ്ങോട്ട് ദാരിദ്ര്യത്തിലും രോഗത്തിലും ബന്ധനങ്ങളിലും മരണത്തിലും പെട്ടവര്‍ക്കു സ്വാതന്ത്ര്യവും മോചനവും നല്കലായിരുന്നു അവന്‍റെ ദൗത്യം. കുഷ്ഠരോഗികള്‍ക്ക് (മത്താ 8,1-4), തളര്‍വാതരോഗിക്ക് (മര്‍ക്കോ 2,1-12), വിധവയുടെ മകന് (ലൂക്കാ 7,11-17), പാപിനിക്ക് (ലൂക്കാ 7, 36-50), രക്തസ്രാവക്കാരിക്ക് (മര്‍ക്കോ 5,21-43), പിശാചുബാധിതര്‍ക്ക് (മത്താ 8,28-34; 17,14-18) അങ്ങനെ നീണ്ടുപോകുന്നു അവിടുന്ന് വിമോചിപ്പിച്ചവരുടെ പട്ടിക. ദലിത്ക്രിസ്തുശാസ്ത്രത്തിന്‍റെ നെടുംതൂണുകളിലൊന്നായി നില്ക്കേണ്ടത് യേശു നല്കിയ വിമോചനം തന്നെയാണ്.

യേശുവിന്‍റെ സ്വാതന്ത്ര്യദാനപ്രവൃത്തികള്‍ ദലിതരെ സംബന്ധിച്ചിടത്തോളം കേവലം പ്രചോദനപരമായ സങ്കല്പം മാത്രമായിരുന്നാല്‍ പോരാ; അതവരുടെ സര്‍വ്വതോന്മുഖമായ മോചനം യാഥാര്‍ത്ഥ്യമാക്കുന്ന ഘടകമായി മാറണം. മറ്റു ഇന്ത്യക്കാരേപ്പോലെ മാന്യതയുള്ളവരായി ദലിതര്‍ അംഗീകരിക്കപ്പെടുന്ന അവസ്ഥയിലേ ദലിത്ക്രിസ്തുശാസ്ത്രം വളര്‍ന്നുവെന്ന് പറയാനാകൂ. നേരേചൊവ്വേ തുറന്നുപറഞ്ഞാല്‍, പ്രയോഗത്തിലൂടെ സാധൂകരിക്കേണ്ട സംഹിതയാണ് ദലിത്ക്രിസ്തുശാസ്ത്രം. ക്രിസ്തു ദൈവപുത്രനാണെന്ന് യേശുവിന്‍റെ സമകാലികര്‍ക്കു ബോധ്യപ്പെട്ടത് സൗഖ്യത്തിന്‍റെയും ജീവന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അനുഭവങ്ങളിലൂടെയായിരുന്നുവെങ്കില്‍, ദലിത്മീമാംസ ക്രിസ്തുമീമാംസയാവുക ക്രിസ്തു ഇവര്‍ക്കു നല്കാനാഗ്രഹിക്കുന്ന വിമോചനം അവരുടെ ജീവിതത്തിലും സംഭവിക്കുമ്പോഴാണ്. ഒരു പടികൂടിക്കടന്ന് ചിന്തിച്ചാല്‍, ക്രിസ്തുവിന്‍റെ രക്ഷാകര അനുഭവം സമൂഹത്തിന്‍റെ പ്രാന്തങ്ങളില്‍ കഴിയുന്ന ഏതൊരു വിഭാഗത്തിനും യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാന്‍ പാകത്തില്‍ ദലിത്സമൂഹം സ്വമേധയാ വിമോചകനായ ക്രിസ്തുവിനെ സംവഹിക്കുമ്പോഴാണ് ദലിത് ക്രിസ്തുശാസ്ത്രം സ്വാശ്രയദൈവശാസ്ത്രമായിത്തീരുക.

2.3 കുരിശിലൂടെ ഉയിര്‍പ്പിക്കപ്പെട്ട സഹനദാസനായ യേശു
കുരിശില്‍ മരിച്ച യേശുവിനെ അവതരിപ്പിക്കാത്ത ക്രിസ്തുശാസ്ത്രമില്ല; ഉണ്ടാകാനും തരമില്ല. കാരണം ദൈവം ആരാണെന്ന് യേശു വെളിപ്പെടുത്തിയ സമോന്നതസംഭവമാണ് കുരിശുമരണം. എങ്കില്‍ സഹനദാസനായ യേശു ദലിത് ക്രിസ്തുശാസ്ത്രത്തിന്‍റെയും ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാനമാകണം; നീതിമാനായിരിക്കേ പിതാവിന്‍റെ ഇഷ്ടം നിറവേറ്റാനായി മനുഷ്യരാല്‍ വെറുമയാക്കപ്പെട്ടതും നിസ്സാരനാക്കപ്പെട്ടതും കുരിശിലേറ്റപ്പെട്ടതുമായ ഈശോ.

ബൈബിളിലെ ഗ്രന്ഥകര്‍ത്താക്കള്‍ യേശുവിനെ പരിചയപ്പെടുത്താന്‍ വ്യത്യസ്തങ്ങളായ നാമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ദൈവപുത്രന്‍, മനുഷ്യപുത്രന്‍, കര്‍ത്താവ്, വചനം, വിമോചകന്‍, പ്രധാനപുരോഹിതന്‍ എന്നിങ്ങനെ നീണ്ടുപോകുന്നു ആ സംജ്ഞകളുടെ പട്ടിക. ഇവയില്‍ ദലിത്ജനതയ്ക്ക് രാജാവ്, പ്രഭു തുടങ്ങിയ വിശേഷണങ്ങളോട് ഒട്ടും പൊരുത്തപ്പെടാനാവുന്നില്ല. ഇവരുടെ പീഡകരുടെയും ചൂഷകരുടെയും ധ്വനിയാണ് ഇത്തരം രാജകീയപദങ്ങള്‍ക്കുള്ളത്. അതേസമയം 'സഹനദാസനായ മിശിഹാ' എന്ന നാമമാകട്ടെ അവരുടെ സ്വന്തമെന്ന അനുഭൂതിയോടെ ഉപയോഗിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു.

പഴയനിയമകാലത്ത് കുരിശുമരണം അവഹേളനത്തിന്‍റെ ചിഹ്നമായിരുന്നു. ഇന്നത്തെ സ്ഥിതിവിശേഷവുമായി താരതമ്യം ചെയ്താല്‍ വധശിക്ഷയ്ക്ക് തുല്യം. ക്രിമിനല്‍ കുറ്റവാളികള്‍ക്കും സാമൂഹികദ്രോഹികള്‍ക്കും സൈനികമായും രാഷ്ട്രീയമായും നടപ്പിലാക്കുന്ന ശിക്ഷാരീതിയായിരുന്നു അത്. പലസ്തീനായിലെ താഴ്ന്നവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അടിമകള്‍ക്കും ഇത്തരം ദുര്യോഗങ്ങള്‍ ഏല്ക്കേണ്ടിവന്നിരുന്നു. അതുകൊണ്ടാണ് ആദിമസഭാകാലഘട്ടത്തില്‍ യേശുവിനെ മിശിഹായായി സ്വീകരിക്കുവാന്‍ പല യഹൂദര്‍ക്കും ബുദ്ധിമുട്ട് തോന്നിയത്[8].

കുരിശില്‍ സഹിക്കുന്ന യേശുവിന്‍റെ ചിത്രം ദലിത്ക്രിസ്ത്യാനികള്‍ നെഞ്ചോട് ചേര്‍ക്കുന്നതിന്‍റെ കാരണം വ്യക്തമാണ്. അവന്‍റെ പീഡാസഹനങ്ങളും കുരിശുമരണവും വിവരിക്കുന്നതിലൂടെ അവര്‍ അവരുടെ തന്നെ ദുഃഖങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഫെലിക്സ് വില്‍ഫ്രഡ് സൂചിപ്പിക്കുന്നതുപോലെ അവരോടുകൂടി സഹിക്കുന്ന യേശുവിനെയാണ് ദലിതര്‍ പെസഹാരഹസ്യത്തില്‍ അനുഭവിക്കുന്നത്. അവഗണിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ബലികൊടുക്കപ്പെടുകയും ചെയ്ത യേശുവില്‍ അവരുടെ നിത്യേനയുള്ള പങ്കപ്പാടുകളുടെ പരിസമാപ്തി അവര്‍ക്കു കാണാം. ഇത് നമുക്കു നേരെമറിച്ചും പറയാവുന്നതാണ്: നിന്ദിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന ദലിതരില്‍ ക്രൂശിതനായ ക്രിസ്തു പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.

കുരിശിലെ യേശു ദലിത്ക്രിസ്തുശാസ്ത്രത്തിന്‍റെ അടിത്തറയായിരിക്കുന്നത് യേശുവിനും ദലിതര്‍ക്കും സഹിക്കുന്ന കാര്യത്തില്‍ സമാനതയുണ്ടെന്നതുകൊണ്ടു മാത്രമല്ല; കുരിശുമരണത്തോളം വരുന്ന പാടുപീഡകള്‍ ശിഷ്യത്വത്തിന്‍റെ അനിവാര്യതയാണെന്ന് യേശു അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതു കൊണ്ടുകൂടിയാണ്. "ആരെങ്കിലും എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെതന്നെ പരിത്യജിച്ച് അനുദിനം തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" (ലൂക്കാ 9,23). "സ്വന്തം കുരിശുവഹിക്കാതെ എന്‍റെ പിന്നാലെ വരുന്നവന് എന്‍റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല" (ലൂക്കാ 14,27).

മനുഷ്യപുത്രന്‍ സഹനത്തിലൂടെ വേണം മഹത്വത്തിലേക്ക് പ്രവേശിക്കാനെന്നു പലപ്പോഴും യേശു ശിഷ്യരെ ഓര്‍മ്മിപ്പിച്ചിരുന്നു: "തനിക്കു ജറുസലേമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരില്‍നിന്നും പ്രധാനപുരോഹിതരില്‍ നിന്നും നിയമജ്ഞരില്‍ നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേല്ക്കുമെന്നും ശിഷ്യന്മാരെ അറിയിച്ചു" (മത്താ 16,21). യേശു ഈ സഹനങ്ങള്‍ ഏറ്റെടുത്തത് സഹനം അതില്‍ത്തന്നെ നന്മയായതുകൊണ്ടല്ല. മനുഷ്യനോടുള്ള സ്നേഹത്തെപ്രതിയും അവനെ രക്ഷിക്കുന്നതിനുംവേണ്ടിയാണ്. വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ പറഞ്ഞു: "ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്‍റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു" (റോമാ 5,8). പിതാവായ ദൈവത്തിന് ദരിദ്രരോടും പുറന്തള്ളപ്പെടുന്നവരോടും നികൃഷ്ടരാക്കപ്പെടുന്നവരോടുമുള്ള ഐക്യദാര്‍ഢ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് യേശു സ്വജീവന്‍ ബലികൊടുക്കുകയാണ് ചെയ്തത്.

സഹനദാസനായ യേശുവിനെ ദലിത് ക്രിസ്തുശാസ്ത്രത്തിന്‍റെ അടിസ്ഥാനമായി വയ്ക്കുമ്പോള്‍ സഹനത്തെ ഇവര്‍ ഭാവാത്മകമായി കാണുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. യേശു പെസഹാരഹസ്യത്തിലൂടെ കടന്നുപോയത് നിവൃത്തികേടുകൊണ്ടല്ല; സ്വര്‍ഗ്ഗരാജ്യത്തിനടുത്ത നീതിയും സമത്വവും സ്നേഹവും അക്കാലത്തെ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ക്കു സംലഭ്യമാക്കാന്‍ വേണ്ടി അവിടുന്ന് ദീര്‍ഘവീക്ഷണത്തോടെ എടുത്ത നിലപാടുകളുടെ പേരില്‍ വന്നുചേര്‍ന്നതാണ് കുരിശുമരണം. കുരിശില്‍ ഘോഷിക്കപ്പെട്ടത് ദൈവപുത്രന്‍റെ നിസ്സഹായതയല്ല, പ്രവാചകനടുത്ത ധീരതയാണ്. ദലിത്പ്രസ്ഥാനം ക്രൈസ്തവമായിത്തീരുന്നത് സഹനദാസനായ യേശുവിനെപ്പോലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ രക്ഷയ്ക്കായി അക്രമമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ ജീവന്‍പോലും പണയംവച്ച് സമരരംഗത്തിറങ്ങുമ്പോഴാണ്. സഹനദാസനായ യേശുവിനെ പ്രതിനിധീകരിക്കുന്ന ദളിത്മുന്നേറ്റങ്ങള്‍ക്കു ചൂഷകശക്തികളുടെ ഉരുക്കുമുഷ്ടികളെ അതിജീവിക്കാന്‍ കഴിയുകതന്നെ ചെയ്യും.

3. ദലിത്ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ചേരുവകള്‍
യേശുവിന്‍റെ മനുഷ്യാവതാരം, പ്രവാചകദൗത്യം, കുരിശുമരണം എന്നീ മൂന്നു അടിസ്ഥാനതൂണുകളിലാണ് ദലിത്ക്രിസ്തുശാസ്ത്രം ഉയര്‍ത്തപ്പെടുന്നതെന്ന് നമ്മള്‍ കണ്ടു. ക്രിസ്തുരഹസ്യത്തില്‍ പണിയപ്പെടുന്ന ഈ സൗധത്തിലെ അവിഭാജ്യഇടങ്ങള്‍ ഏതെല്ലാമെന്നുകൂടി ഇനി ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രധാനപ്പെട്ട മൂന്നു ഘടകങ്ങള്‍ മാത്രം ഇവിടെ സൂചിപ്പിക്കുട്ടെ.

3.1 വിദേശ-മേല്‍ജാതി നിര്‍മ്മിത ക്രിസ്തുവില്‍ നിന്നുള്ള മോചനം
കത്തോലിക്കാസഭയിലെ ദൈവശാസ്ത്രവിചിന്തനങ്ങള്‍ വലിയൊരളവുവരെ ഇന്നും പാശ്ചാത്യവത്കൃതമാണ്. യേശു പിറന്ന നാടിന്‍റെ മണമില്ല അതിന്. റോമിന്‍റെയും ഫ്രാന്‍സിന്‍റെയും ജര്‍മ്മനിയുടെയും സ്വാദുകളാണവയ്ക്ക്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം പ്രാദേശിക ദൈവശാസ്ത്രങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ഉണ്ടായെങ്കിലും അവയെല്ലാം ഇന്നും മുഖ്യധാരയില്‍ ഇടംപിടിക്കാതെ പാര്‍ശ്വവത്കരിക്കപ്പെട്ടു കിടക്കുകയാണ്.

ഭാരതത്തിലേക്കുവന്നാല്‍ ഇവിടുത്തെ ദൈവശാസ്ത്രചിന്തകളില്‍ വലിയൊരളവും വിദേശ-മേലാള സ്വാധീനമുള്ളവയാണെന്നു മനസ്സിലാകും. അതിനുകാരണം ദൈവശാസ്ത്രമേഖലയില്‍ ഇടപെടുന്നവരില്‍ ഭൂരിഭാഗവും പാശ്ചാത്യസര്‍വ്വകലാശാലകളില്‍ പരിശീലിപ്പിക്കപ്പെട്ടവരും ജന്മംകൊണ്ട് മധ്യവര്‍ഗ്ഗത്തിലോ മേല്‍ജാതിയിലോ ഉള്‍പ്പെട്ടവരുമാണ് എന്നതാണ്. എന്നാല്‍ ദലിതരുടെ ചരിത്രവും സംസ്കാരവും വിശ്വാസങ്ങളും മേല്പറഞ്ഞവരുടേതില്‍നിന്നും ഏറെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ക്രിസ്തുശാസ്ത്രം ദലിതരുടേതാകണമെങ്കില്‍ അവരുടെ തനതായ പൈതൃകങ്ങളില്‍ ക്രിസ്തുരഹസ്യത്തെ മനനംചെയ്യുന്നവരും വ്യാഖ്യാനിക്കുന്നവരും ഉണ്ടാകണം. സമ്പത്തും അധികാരവും ആധിപത്യവും കയ്യാളുന്നവരുടെ തൂലികയില്‍നിന്ന് രാജത്വത്തിന്‍റേതായ ക്രിസ്തുശാസ്ത്രങ്ങളല്ലേ പുറപ്പെടുകയുള്ളൂ? വിജയിക്കുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ മുഖമാണ് അത്തരം ദൈവശാസ്ത്രങ്ങള്‍ക്കും ക്യാപിറ്റലിസ്റ്റ് താല്പര്യങ്ങളെ സംരക്ഷിക്കുന്ന രീതിയിലേ അവര്‍ തിരുവചനങ്ങളെ വ്യാഖ്യാനിക്കൂ. ഴാക് ദറിദ 'Of Grammatology'യില്‍ വികസിപ്പിച്ചെടുത്ത അപനിര്‍മ്മാണസിദ്ധാന്തത്തിന്‍റെ ഭാഷ കടമെടുത്ത് നമുക്ക് ഇങ്ങനെ പറയേണ്ടിവരും: "മേലാളരുടെ മനസ്സില്‍ ക്രിസ്തുവിനെക്കുറിച്ച് കുടിയിരിക്കുന്ന മുന്‍വിധികളില്‍ നിന്ന് മോചിതമായില്ലെങ്കില്‍ ദലിത്ക്രിസ്തുവിന്‍റെ മുഖം തെളിഞ്ഞുവരികയില്ല." യേശു കീഴാളസമൂഹങ്ങളുടെയിടയില്‍ അവതീര്‍ണ്ണനാകാന്‍ മേലാളസംസ്കാരത്തിന്‍റെ പുറങ്കുപ്പായങ്ങള്‍ ഊരിവയ്ക്കണമെന്നു സാരം.

 

3.2 ദലിത് സംസ്കൃതിയും ജീവിതാനുഭവങ്ങളും
ദൈവശാസ്ത്രം പലപ്പോഴും അഭ്യസ്തവിദ്യര്‍ക്കു മാത്രം വഴങ്ങുന്ന ബൗദ്ധികവ്യായാമമാണ്. സാധാരണക്കാര്‍ക്ക് അത് കാര്യമായി പിടികിട്ടാറില്ല. അതിനൊരു കാരണം പിന്നോക്കവര്‍ഗ്ഗങ്ങളിലുള്ള അവരുടെ സംസ്കാരവും ഭാഷയും അതില്‍ ഉള്‍ച്ചേരുന്നില്ലെന്നതുതന്നെ. ആയതിനാല്‍ ദലിത്-ക്രിസ്തുശാസ്ത്രത്തിന്‍റെ മറ്റൊരു പ്രധാനചേരുവയാകേണ്ടത് ദലിതരുടെ ചരിത്രവും അനുഭവങ്ങളുമാണ്. അവരുടെ പരാജയങ്ങളുടെയും വിജയങ്ങളുടെയും കഥകള്‍. അസ്തിത്വാത്മകവൈരുദ്ധ്യങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ചരിത്രങ്ങള്‍. കീഴാളസ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഗാഥകള്‍. ഇവയെല്ലാം പ്രകാശിതമായിരിക്കുന്ന പാട്ടുകളും പഴഞ്ചൊല്ലുകളും നാടോടിക്കഥകളും മിത്തുകളും വിശ്വാസങ്ങളും മൂല്യങ്ങളും ചടങ്ങുകളും അനുഷ്ഠാനങ്ങളും പശ്ചാത്തലമായി സ്വീകരിച്ച് ക്രിസ്തുവിന്‍റെ മുഖം മിനുക്കിയെടുക്കണം.
ഇങ്ങനെ സ്വന്തം അടിമത്തങ്ങളുടെയും അതില്‍നിന്നു മോചനംനേടാന്‍ നടത്തിയ പോരാട്ടങ്ങളുടെയും സ്മരണകളില്‍ ക്രിസ്തുദര്‍ശനങ്ങളെ പുനര്‍നിര്‍മ്മിക്കുന്ന പ്രക്രിയയില്‍ ക്രൈസ്തവേതര പുണ്യപുരുഷന്മാര്‍ക്കും അര്‍ഹമായ ഇടംനല്കുന്നത് ഉചിതമാണ്. കാരണം, ക്രിസ്തുവിനെ അറിയാതെ കഴിഞ്ഞ ഈ ജനതയ്ക്ക് ദൈവം സ്വയം വെളിപ്പെടുത്തിയത് അവരുടെതന്നെ ധര്‍മ്മിഷ്ഠരായ വ്യക്തിത്വങ്ങളിലൂടെയായിരിക്കും. ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട ദലിതരിലും ആത്മാവിന്‍റെ പ്രവര്‍ത്തനം ആദിമുതലേ ഉണ്ടായിരുന്നത് തര്‍ക്കമറ്റ കാര്യമാണ്. വചനത്തിലൂടെ ദൈവം മനുഷ്യനെ സൃഷ്ടിച്ചതുമൂലം വചനത്തിന്‍റെ വിത്തുകള്‍ ദലിതരിലും പാകപ്പെട്ടിരുന്നു. അതുമുളച്ച് ഫലംകണ്ട വ്യക്തികളാണല്ലോ ക്രൈസ്തവേതരസംസ്കാരങ്ങളില്‍ ലോകം ആദരിക്കുന്ന ആത്മീയനേതാക്കള്‍. ബുദ്ധന്‍, തിരുവള്ളുവര്‍, നാഗാര്‍ജ്ജുന, കബീര്‍, രവിദാസ് എന്നിങ്ങനെ അനേകം പുണ്യാത്മാക്കള്‍ ദലിതരിലേക്കു അന്യാദൃശമായ ക്രിസ്തുവചനത്തിന്‍റെ നിവേശനങ്ങള്‍ കൈമാറിയിട്ടുണ്ട്. അവരുടെ പഠനങ്ങളിലും ചെയ്തികളിലും സുവിശേഷാത്മകമായിക്കാണുന്ന എല്ലാത്തിനെയും ക്രിസ്തുരഹസ്യവുമായി കോര്‍ത്തിണക്കിവേണം ദലിത്ക്രിസ്തുശാസ്ത്രം രൂപപ്പെടുത്താന്‍.

3.3 പരിവര്‍ത്തനശേഷി
ക്രമംപാലിക്കാന്‍ മനുഷ്യനെ സഹായിക്കുന്നതാണ് മതം. ധര്‍മ്മം നിര്‍വ്വഹിക്കപ്പെടുമ്പോഴാണ് ക്രമം നിലനില്ക്കുന്നത്. ധര്‍മ്മനിരാസം അക്രമത്തിലേക്കു വഴിതുറക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍ഷഭാരതത്തില്‍ മതത്തിന് പകരമായി ധര്‍മ്മം എന്ന വാക്കുപയോഗിച്ചിരുന്നത്. ജീര്‍ണ്ണിച്ചതും വക്രീകരിച്ചതുമായ ധര്‍മ്മത്തെ നവീകരിക്കാന്‍ ഉതകുമ്പോഴാണ് ദൈവശാസ്ത്രം അര്‍ത്ഥപൂര്‍ണ്ണവും കാര്യക്ഷമവുമായിത്തീരുന്നത്. എങ്കില്‍ ദലിത്ക്രിസ്തുവിജ്ഞാനീയത്തിന്‍റെ സവിശേഷതകളിലൊന്നായിരിക്കേണ്ടത് അധര്‍മ്മത്തിന്‍റെ വ്യവസ്ഥിതികളെയും വിഭാഗങ്ങളേയും രൂപാന്തരപ്പെടുത്താനുള്ള ശേഷിയാണ്.
താത്ത്വികമായ അറിവുകള്‍ പ്രചോദനാത്മകമായ നിവേശനങ്ങളാലും അനുഭവങ്ങളാലും നെയ്തെടുക്കുമ്പോഴാണ് വ്യക്തിയിലും സമൂഹത്തിലും മാറ്റമുണ്ടാവുക. ദലിതരുടെ ക്രിസ്തുശാസ്ത്രം യേശുവിനെക്കുറിച്ച് നവമായ ആത്മീയഉള്‍ക്കാഴ്ചകള്‍ സംലഭ്യമാക്കുന്നതു കൊണ്ടുമാത്രം തൃപ്തിപ്പെടുന്നതാകരുത്. അടിമത്വത്തില്‍ക്കഴിയുന്ന ജനതയ്ക്ക് ക്രിസ്തു നല്കേണ്ടത് ചങ്ങലകളില്‍നിന്നുള്ള വിടുതലാണ്. രാഷ്ട്രീയവും സാമൂഹികവും മതാത്മകവുമായി ഭാരതത്തിലെ ചൂഷകവിഭാഗങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വിലങ്ങുകളില്‍ നിന്ന് മോചിപ്പിക്കുന്ന രാസത്വരകമായിത്തീരണം ദലിത്ക്രിസ്തുശാസ്ത്രം. സുവിശേഷാധിഷ്ഠിത പ്രവര്‍ത്തനത്തെ ദൈവശാസ്ത്രരൂപീകരണ മാധ്യമമാക്കുന്ന പോപ്പ് ഫ്രാന്‍സീസിനെപ്പോലെ അവശവിഭാഗങ്ങളുടെ വിമോചനപ്രക്രിയതന്നെ ദലിതുക്രിസ്തുശാസ്ത്രത്തിന്‍റെ മാര്‍ഗ്ഗവും ലക്ഷ്യവും ആയിരിക്കണം.

4. ചില മുന്‍കരുതലുകള്‍
ദലിത്ക്രിസ്തുശാസ്ത്രം കേവലം ദലിതര്‍ക്കു മാത്രമുള്ളതാകരുത്. പാശ്ചാത്യവത്കരിക്കപ്പെട്ട എല്ലാ സമൂഹങ്ങള്‍ക്കും മോചനത്തിനുള്ള പ്രവര്‍ത്തനപദ്ധതിയായിത്തീരാവുന്ന തുറവിയുള്ളതും വിശാലവുമായ രീതിശാസ്ത്രം അതിനുണ്ടാകണം. ദലിതരുടെ തനതായ പശ്ചാത്തലങ്ങളും പ്രശ്നങ്ങളും വിശകലനം ചെയ്യുന്നതോടൊപ്പം ഇതര അധഃസ്ഥിതഗ്രൂപ്പുകളുടെ സ്വത്വപ്രതിസന്ധികളെക്കൂടി ഉള്‍ച്ചേര്‍ത്ത് ഗവേഷണം നടത്തിയില്ലെങ്കില്‍ ദലിത്ക്രിസ്തുശാസ്ത്രം വര്‍ഗ്ഗീയസ്വഭാവമുള്ള ഒരു ഗെറ്റോശാസ്ത്രമായി തരംതാഴും. യേശു നല്കുന്ന വിമോചനം സാര്‍വ്വത്രികമാണ്. ഇതരമതവിഭാഗങ്ങളിലും രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്നവരുടെ ഉയിര്‍ത്തെഴുന്നേല്പ് ക്രിസ്തുവിന്‍റെ രക്ഷാകരപദ്ധതിയില്‍പ്പെടുന്നതാണ്. യേശു ക്രിസ്ത്യന്‍ ദലിതരുടെ മാത്രം ദൈവമല്ല;چഅങ്ങനെ ആക്കുന്നതാകരുത് അവരുടെ ക്രിസ്തുശാസ്ത്രം.
സാര്‍വ്വത്രികമെന്നപോലെ യേശുവിന്‍റെ വിമോചനം സമഗ്രമായിരിക്കണം. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ സമത്വവും നീതിയും കൈവരിക്കുന്നതോടൊപ്പം ആത്മീയമീമാംസയിലും അടിയുറച്ചാതാകണം ദലിത് യേശുവീക്ഷണങ്ങള്‍. മറിച്ചാകാനുള്ള പ്രലോഭനങ്ങള്‍ നിരവധിയാണ്. ദലിത്വിഭാഗങ്ങള്‍ നേരിടുന്ന പരാധീനതകള്‍ കൂടുതലും സാമ്പത്തിക-സാമൂഹിക-സാംസ്കാരിക മേഖലകളില്‍പ്പെടുന്നതിനാല്‍ ലൗകികമായ നീതിയും സമത്വവും ഉറപ്പുവരുത്തുന്നതിലേക്കു വിചിന്തനങ്ങളും പ്രവൃത്തികളും ചുരുങ്ങിപ്പോയേക്കാം. ആത്മീയപക്വത മറന്നുകൊണ്ടുള്ള ചിന്താപദ്ധതികള്‍ ക്രിസ്തുശാസ്ത്രത്തെ കേവലം ദലിതിസമായി അധഃപതിപ്പിക്കും.

ഉപസംഹാരം
ദലിത് ക്രിസ്തുശാസ്ത്രത്തിന്‍റെ തുടക്കം കീഴാളര്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളുടെയും ഉച്ചനീചത്വങ്ങളുടെയും താഴ്വാരങ്ങളില്‍നിന്നാണ്. അവരുടെ അടിമത്തത്തിന്‍റെ കാരണങ്ങളെക്കുറിച്ചുള്ള പക്വവും പൂര്‍ണ്ണവുമായ അവബോധത്തില്‍നിന്നു മാത്രമേ അവരുടേതായ യേശുവീക്ഷണധാരകള്‍ ഉറവയെടുക്കൂ. അതിന് ജീവന്‍ നല്കുന്ന സുപ്രധാനഘടകങ്ങളിലൊന്ന് അവരുടെതന്നെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള പാട്ടുകളിലും പഴങ്കഥകളിലും മിത്തുകളിലും ആചാരങ്ങളിലുമുള്ള ആത്മോത്കര്‍ഷത്തിന്‍റെയും വിമോചനത്തിന്‍റെയും അടരുകളാണ്. അതിന് താങ്ങായി വിവിധ മതപാരമ്പര്യങ്ങളിലും സാമൂഹികനവോത്ഥാനപ്രസ്ഥാനങ്ങളിലും ഉയര്‍ന്നുവന്നിട്ടുള്ള പ്രവാചകരും നേതാക്കളും പ്രചരിപ്പിച്ച ദര്‍ശനങ്ങളും നടത്തിയ പോരാട്ടങ്ങളും നിലകൊള്ളുന്നു. സര്‍വ്വോപരി മനുഷ്യരൂപത്തിലേക്കിറങ്ങിവരികയും കീഴാളരോട് പക്ഷംചേരുകയും സഹനദാസനായി ക്രൂശിലേറപ്പെടുകയും ചെയ്ത യേശു തന്നെയാണ് ദലിത് ക്രിസ്തുശാസ്ത്രത്തിന്‍റെ അടിസ്ഥാനം.

ദലിത്ശാസ്ത്രം ക്രിസ്തുശാസ്ത്രങ്ങളിലൊന്നായിത്തീരുന്നത് സുവിശേഷങ്ങളുടെ ബലംകൊണ്ടു മാത്രമല്ല. അവ പ്രാവര്‍ത്തികമാക്കുന്നതിലൂടെ അനുഭവവേദ്യമാകുന്ന ക്രിസ്തുവിമോചനാനുഭവം കൊണ്ടുകൂടിയാണ്. ജോണ്‍ സൊബ്രീനോ തന്‍റെ 'Christology at the Crossroads എന്ന ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത് ഇവിടെ പ്രത്യേകം സ്മര്‍ത്തവ്യമാണ്: "യേശുവിനെ അറിയാനുള്ള ഒരേ ഒരുവഴി അവിടുത്തെ അനുഗമിക്കലാണ്; യേശുവിന്‍റെ ചരിത്രനിയോഗങ്ങളോട് നമ്മുടെ ജീവിതം ചേര്‍ത്തുവയ്ക്കുകയാണ്; യേശുവിന്‍റെ രാജ്യം നമ്മുടെയിടയില്‍ പരിപോഷിപ്പിക്കുകയാണ്. മറ്റുവാക്കില്‍, ക്രിസ്തീയമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ നമുക്ക് യേശുവിലേക്ക് അടുക്കാനാകൂ. അവനെ അറിയുന്നതിനുള്ള അവശ്യഉപാധി അവനെ അനുകരിക്കുകയാണ്"[10].

ക്രിസ്തുശാസ്ത്രത്തില്‍ തനതായ ശാഖ വികസിപ്പിച്ചെടുക്കാന്‍ ദലിത് ദൈവശാസ്ത്രജ്ഞര്‍ നടത്തുന്ന പരിശ്രമങ്ങള്‍ ദലിതിസത്തില്‍ ചെന്നവസാനിക്കാതിരിക്കണമെങ്കില്‍ ഭാരതത്തിലെന്നല്ല ലോകത്തെമ്പാടുമുള്ള വ്യത്യസ്തങ്ങളായ കീഴാളവിഭാഗങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാകുംവിധം സാര്‍വ്വത്രികവും അക്രമരഹിതവുമായ മീമാംസയായി അതിനെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതുതന്നെയാണ് ദലിത് ക്രിസ്തുശാസ്ത്രം നേരിടുന്ന പ്രതിസന്ധിയും വെല്ലുവിളിയും.

ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.

Notes
1 M. E. Prabhakar (ed.), Towards a Dalit Theology, Delhi: ISPK, 1989, p.1.
2 S. Rayan, ‘A Vision of mission for the New Millennium: Dalit Perspective’ in Vision of Mission in the New Millennium, T. Malipurath and L. Stanislaus (eds.), Mumbai: St. Pauls, 2000, p. 115.
3 Jose Kannanaikil, Christians of Scheduled Caste Origin, New Delhi: Indian Social Institute, 1983, pp. 20-22.
4 M. E. Prabhakar, ‘The search for a Dalit Theology’ in Towards a Dalit Theology, p.38.
5 K. Wilson, ‘An Approach to Christian Dalit Theology’ in Towards a Dalit Theology, p.49.
6 K. Wilson, pp. 50-52.
7 S. Kappen, Jesus and Culture, Delhi: ISPCK, 2002, pp. 13-14.
8 M. A. Hinsdale, M. Shawn Copeland’s “To Live at the Disposal of the Cross: Mystical-Political Discipleship as Christological Locus”. A response in Christology: Memory, Inquiry, Practice, Ann M. Clifford, Anthony J. Godzieba (eds.), New York: Orbis Books, 2002, pp.198-199.
9 Felix Wilfred, Dalit Empowerment, Bangalore, NBCLC, 2007, pp. 160-161.
10 Jon Sobrino, Christology at the Crossroads: A Latin American Approach, New York: Orbis, 2001, p. XIII.

dalit christianity vincent kundukulam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message