x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ഇതരമത ദൈവശാസ്ത്രം

കണ്‍ഫ്യൂഷ്യനിസം

Authored by : Mar. Joseph Pamplany, Rev. Dr. Thomas Kochukarottu On 30-Jan-2021

ആമുഖം

ചൈനയില്‍ ഇന്ന് ഷാന്‍തുങ്ങ് എന്നറിയപ്പെടുന്ന 'ലു' (Lu) എന്ന പട്ടണത്തില്‍ ബി.സി. 551-ല്‍ കണ്‍ഫ്യൂഷ്യസ് ഭൂജാതനായി. കണ്‍ഫ്യൂഷ്യസ് എന്ന നാമം ചൈനീസ് ഭാഷയിലെ 'കുങ്ങ് ഫു-ത്സു' എന്ന പദത്തിന്‍റെ ലത്തീന്‍ ഭാഷാന്തരമാണ്. അതാകട്ടെ 17-ാം നൂറ്റാണ്ടിലെ ക്രൈസ്തവ മിഷനറിമാരുടെ സംഭാവനയാണ്. ഈ വാക്കിന്‍റെ അര്‍ത്ഥം തത്ത്വജ്ഞാനിയായ ഗുരു (കുങ്ങ്) എന്നാണ്. പണ്ഡിതന്‍, തത്ത്വജ്ഞാനി, രാഷ്ട്രതന്ത്രജ്ഞന്‍, ഉപദേഷ്ടാവ്, മജിസ്ട്രേട്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കണ്‍ഫ്യൂഷ്യസ് അക്കാലത്തുതന്നെ 3000-ത്തിലധികം ശിഷ്യന്മാരുടെ ആരാധനാ പാത്രമായിരുന്നു.

കണ്‍ഫ്യൂഷ്യസ് ഒരു വ്യവസ്ഥാപിത മതം പ്രസംഗിച്ചു എന്നു പറയാനാവില്ല. മറിച്ച് ഒരു ജീവിതരീതിയാണ് അഥവാ ജീവിതനിയമമാണ് അദ്ദേഹം പ്രസംഗിച്ചത്. ദൈവത്തെപ്പറ്റിയല്ല മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ എങ്ങനെ പെരുമാറണമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. സദാചാരസംഹിത അല്ലെങ്കില്‍ ശരിയായ പ്രവൃത്തി വഴിയുള്ള രക്ഷ എന്നതാണ് കണ്‍ഫ്യൂഷ്യസിന്‍റെ പ്രമാണം. കണ്‍ഫ്യൂഷ്യസ് പുരോഹിതതന്ത്രത്തെയും ബഹുദേവതാ ദര്‍ശനത്തെയും അപലപിക്കുകയും ധാര്‍മ്മിക മതസംഹിതകളാണു ജീവിതത്തിന് ആവശ്യമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ബി.സി. 6-ാം നൂറ്റാണ്ടില്‍ ധാര്‍മ്മികമായി അധഃപതനത്തില്‍ കഴിഞ്ഞിരുന്ന ചൈനയെ വിമലീകരിച്ച കണ്‍ഫ്യൂഷ്യനിസ്റ്റ് ചിന്തകളുടെ സ്വാധീനം പിന്നീടുള്ള തത്ത്വശാസ്ത്രങ്ങളിലും കാണാവുന്നതാണ്. അരിസ്റ്റോട്ടില്‍ (384-322 ബി.സി.), ഗ്രീസിലെ സ്റ്റോയിക്സ്, ചൈനയിലെ തത്ത്വജ്ഞാനികള്‍, ആധുനിക മാനവികതാ വാദികള്‍, നവീകരണ വാദികള്‍ തുടങ്ങിയവരിലൊക്കെ കണ്‍ഫ്യൂഷ്യനിസ്റ്റ് ധാര്‍മ്മികതയുടെ സ്വാധീനമുണ്ട്.

പ്രധാന മതഗ്രന്ഥങ്ങള്‍

"വൂ - ചിങ്ങ് "(Wu-Ching അഞ്ചു വിശ്വോത്തര കൃതികള്‍), സ്സു-ഷു Ssu-shu- നാലു ഗ്രന്ഥങ്ങള്‍) എന്നീ രണ്ടു ഗ്രന്ഥ സമാഹാരങ്ങളാണ് "കണ്‍ഫ്യൂഷ്യന്‍ കാനന്‍" എന്നറിയപ്പെടുന്നത്. മുന്‍കാലങ്ങളിലെ തത്ത്വജ്ഞാനികളുടെ പഠനങ്ങളെല്ലാം സമാഹരിച്ചും പുനഃക്രമീകരിച്ചും വ്യാഖ്യാനിച്ചും കണ്‍ഫ്യൂഷ്യസ് രൂപപ്പെടുത്തിയതാണ് ആദ്യ നാലു ഗ്രന്ഥങ്ങള്‍. അഞ്ചാമത്തേത് കണ്‍ഫ്യൂഷ്യസിന്‍റെ കൃതിയാണെന്നു കരുതപ്പെടുന്നു. എന്നാല്‍, ഇതിന്‍റെ രൂപീകരണത്തെക്കുറിച്ചും കാലഘട്ടത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളാണ് പിതന്മാര്‍ക്കുളളത്. "ചൗ" രാജവംശത്തിന്‍റെ കാലഘട്ടത്തിലായിരിക്കാം ഇതിന്‍റെ രൂപീകരണം നടന്നതെന്ന് ചിലര്‍ കരുതുന്നു. മറ്റു ചിലര്‍ "വു - ചിങ്ങ് "ഹാന്‍ രാജകുലത്തിന്‍റെ (202 ബി.സി.220 എ.ഡി) കാലഘട്ടത്തിലും "സ്സ - ഷു സുങ്ങ് " രാജവംശത്തിന്‍റെ (960 - 1269 എ.ഡി) കാലഘട്ടത്തിലുമാണ് രൂപീകരിക്കപ്പെട്ടതെന്നു വാദിക്കുന്നു.

അടിസ്ഥാന വിശ്വാസസംഹിതകള്‍

ദേവീദേവന്മാരും ആത്മാക്കളും

പുരാതന പാരമ്പര്യമനുസരിച്ച് ചൈനാക്കാര്‍ ബഹുദേവതാ വിശ്വാസികളായിരുന്നു. കുറേ ആത്മാക്കളും ദേവീദേവന്മാരുമാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതെന്ന് അവര്‍ വിശ്വസിച്ചു. ദേവീദേവന്മാര്‍ക്ക് പ്രത്യേക  ബലികള്‍ അര്‍പ്പിച്ചിരുന്നു. വസന്തകാലത്തും ശരത്കാലത്തും ചക്രവര്‍ത്തിമാര്‍ ചെലവേറിയ കാഴ്ചകള്‍ നല്കി. ഫലഭൂയിഷ്ഠമായ മണ്ണിനും വിളവിനും വേണ്ടിയാണ് ഇപ്രകാരം ചെയ്തിരുന്നത്. ദേവീദേവന്മാര്‍ക്കുളള പരമോന്നത ബലിയായ നരബലിയുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും ദേവീദേവന്മാര്‍ക്കു പുറമേ പ്രാദേശിക ആത്മാക്കളിലും അവര്‍ക്കു വിശ്വാസമുണ്ടായിരുന്നു. നന്മയ്ക്കു കാരണമായ വെളിച്ചത്തിന്‍റെ ആത്മാക്കളെ 'ഷെണ്‍ ' എന്നും തിന്മയ്ക്കു കാരണമായ ഇരുട്ടിന്‍റെ ആത്മാക്കളെ 'കൂയി' എന്നും അവര്‍ വിളിച്ചിരുന്നു. സാധാരണ ജനങ്ങള്‍ തിന്മയില്‍ നിന്നും സംരക്ഷിക്കപ്പെടാന്‍ മൃഗബലിയും ധാന്യബലിയും അര്‍പ്പിച്ചിരുന്നു.

'യിന്‍-യാങ്ങ്' പ്രപഞ്ച സങ്കല്പം

പ്രപഞ്ചത്തിന്‍റെ സ്വഭാവം വിവരിക്കാന്‍ പുരാതന ചൈനീസ് ആചാര്യന്മാര്‍ വികസിപ്പിച്ചെടുത്ത തത്ത്വചിന്തകളാണ് "യിന്‍-യാങ്ങ്" സങ്കല്പം. പ്രകൃതിയിലെ നിഷേധാത്മക ഭാവങ്ങളാണ് അഥവാ ശക്തിയാണ് 'യിന്‍.' ഇരുട്ട്, തണുപ്പ്, സ്ത്രൈണത, മ്ലാനത, ഭൂമി, ചന്ദ്രന്‍, നിഴലുകള്‍ ഇവയെല്ലാം 'യിന്‍' പ്രതിനിധാനം ചെയ്യുന്നു. 'യാങ്ങ്' ഭാവാത്മക ശക്തിയാണ്. പ്രകാശം, ഊഷ്മളത, പൗരുഷം, ഉറക്കം, സൂര്യന്‍ എന്നിവയാണ് യാങ്ങ്. ഇവ തമ്മിലുളള പരസ്പര പ്രവര്‍ത്തനമാണ് പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ഘടകം. സൂര്യനും ഭൂമിയുമൊഴികെ പ്രകൃതിയിലെ മനുഷ്യവംശവും ഇവിടെ നടക്കുന്ന സംഭവങ്ങളുമെല്ലാം 'യിന്‍ - യാങ്ങ്'ക്തികളുടെ സങ്കലനം വഴിയായി നടക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

സ്ത്രീപുരുഷ സങ്കല്‍പ്പം

പുരുഷ മേധാവിത്വമായിരുന്നു കണ്‍ഫ്യൂഷ്യനിസത്തില്‍ നിലനിന്നിരുന്നത്. ഒരു സ്ത്രീ വിവാഹിതയാകുന്നതോടെ ഭര്‍ത്താവിന്‍റെ നാമം സ്വീകരിക്കുന്നു. ആണ്‍കുട്ടികളില്ലാത്ത കുടുംബങ്ങള്‍ നിര്‍ഭാഗ്യ കുടുംബങ്ങളായാണ് കരുതപ്പെട്ടിരുന്നത്. ഇതിനു കാരണം, ആണ്‍കുഞ്ഞുങ്ങള്‍ ഇല്ലാതെ വന്നാല്‍ അടുത്ത തലമുറ അതോടെ അപ്രത്യക്ഷമാക്കുമെന്നുളളതാണ്. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും സ്ത്രീകള്‍ അവരുടെ ഭവനങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്വാതന്ത്യം അനുഭവിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്നു. പിശാചുകളും ദുഷ്ടാരൂപികള്‍ പോലും സ്ത്രീകളെ പുരുഷന്മാരേക്കാള്‍ അധികമായി ബഹുമാനിച്ചിരുന്നതായി കണ്‍ഫ്യൂഷ്യനിസ്റ്റുകള്‍ കരുതിപ്പോന്നു. പടിഞ്ഞാറന്‍ ചൈനക്കാരുടെ വിശ്വാസമനുസരിച്ച് പിശാചുക്കള്‍ ആണ്‍കുഞ്ഞുങ്ങളെ നശിപ്പിക്കുന്നതിനായി ശാരീരിക പീഡനകള്‍ ഏല്‍പ്പിക്കുമായിരുന്നു. ഇത്തരം പീഡകളില്‍നിന്ന് രക്ഷിക്കാനായി മാതാപിതാക്കള്‍ തങ്ങളുടെ പുത്രന്മാരെ പെണ്‍കുട്ടികളുടെ വേഷമണിയിച്ചാണ്  യാത്രയ്ക്ക് കൊണ്ടുപോയിരുന്നത്. പെണ്‍കുട്ടിയെ കണ്ടാല്‍ ദുഷ്ടാരൂപികള്‍ തങ്ങളുടെ മുഖം മറച്ച് ഓടി രക്ഷപ്പെടുമെന്നായിരുന്നു വിശ്വാസം.

അഞ്ചു മൗലിക സുകൃതങ്ങള്‍

കണ്‍ഫ്യൂഷ്യസിന്‍റെ പഠനമനുസരിച്ച് അഞ്ചു മൗലിക സുകൃതങ്ങളാണ് ഉള്ളത്. ജെന്‍ (Jen) - മറ്റുളളവരോട് തോന്നുന്ന അനുകമ്പ, യി (Yi) - തെറ്റായ പ്രവൃത്തിയിലുണ്ടാകുന്ന ലജ്ജ, ലി (Li) - ഔചിത്യം അഥവാ പെരുമാറ്റച്ചട്ടം, ചിച് (Chich) - നന്മയും തിന്മയും വിവേചിച്ചറിയാനുളള ജ്ഞാനം, ഹ് സിന്‍ ( H sin) - വിശ്വസ്തത എന്നിവയാണ് ഈ അഞ്ച് മൗലിക സുകൃതങ്ങള്‍. ഈ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവന്‍ സ്വര്‍ഗ്ഗത്തിന്‍റെ വഴിയേ (Way of Heaven) ചരിക്കുന്നു എന്ന സങ്കല്പം മാത്രമാണ് ഈ മൗലിക സുകൃതങ്ങളെ മതവുമായി ബന്ധപ്പെടുത്തുന്നത്. ഈ സുകൃതങ്ങള്‍ക്കു വിരുദ്ധമായി ജീവിക്കുന്ന കണ്‍ഫ്യൂഷ്യസ് വിശ്വാസിയുടെ അനുഭവം പാപബോധമായിരുന്നില്ല. മറിച്ച്, തന്നോടുതന്നെ തോന്നുന്ന ലജ്ജയായിരുന്നു. അതുകൊണ്ട് പാപമോചന കര്‍മ്മങ്ങള്‍ ഈ മതത്തില്‍ ഇല്ലായിരുന്നു.

Confucianism Mar. Joseph Pamplany Rev. Dr. Thomas Kochukarottu religion mananthavady diocese primitive religions confusious Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message