We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Antony Nettikkattu C M On 03-Feb-2021
കുമ്പസാരം, രോഗീലേപനം എന്നീ കൂദാശകളുമായി ബന്ധപ്പെട്ട് സഭകള്‍ തമ്മില്‍ പല അഭിപ്രായാന്തരങ്ങളുമുണ്ട്. ഇവയില്‍ പ്രധാനമായവ ചുവടെ ചേര്‍ക്കുന്നു:
പഴയനിയമത്തിലെ കുമ്പസാരം: ദാവീദ് രാജാവ് വ്യഭിചാരം എന്ന പാപം നിമിത്തം യഹ്വെയില്‍നിന്ന് അകന്നപ്പോള്‍ നാഥാന്‍ പ്രവാചകന്‍ രാജാവിനെ നേരിട്ടുകണ്ടു. അനുതാപവിവശനായ ദാവീദ് തേങ്ങി: "ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തുപോയിڈ നാഥാന്‍ പറഞ്ഞു: കര്‍ത്താവ് നിന്‍റെ പാപം ക്ഷമിച്ചിരിക്കുന്നു. നീ മരിക്കുകയില്ല" (2 സാമു 12:13). ഇവിടെ രാജാവ് തന്‍റെ പാപം നാഥാനോട് ഏറ്റുപറയുന്നു. പ്രവാചകനിലൂടെ ദൈവത്തില്‍നിന്ന് പാപമോചനം നേടുന്നു. മറ്റു വാക്കുകളില്‍, നാഥാന്‍, കര്‍ത്താവിന്‍റെ പ്രതിനിധി ആയിരുന്നു. യഹ്വെ നാഥാനിലൂടെ ദാവീദിന്‍റെ കുമ്പസാരം കേള്‍ക്കുന്നു. അതേ പ്രവാചകനിലൂടെ അവിടുന്ന് ക്ഷമിച്ചു. പാപം മോചിപ്പിച്ചു എന്നത് ദാവീദിനെ അറിയിക്കുന്നു.
പുതിയനിയമത്തിലെ കുമ്പസാരം: വിവിധ പ്രദേശങ്ങളില്‍നിന്നുള്ള യഹൂദര്‍ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും ജോര്‍ദ്ദാനില്‍വച്ച് സ്നാപകയോഹന്നാനോട് അവ ഏറ്റുപറയുകയും ചെയ്തു. "ജറുസലേമിലും യൂദയാ മുഴുവനിലും ജോര്‍ദ്ദാന്‍റെ പരിസരപ്രദേശങ്ങളിലും നിന്നുള്ള ജനം അവന്‍റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദ്ദാന്‍ നദിയില്‍വച്ച് അവനില്‍നിന്ന് സ്നാനം സ്വീകരിച്ചു" (മത്താ 3:5-6). അനേകം വിശ്വാസികള്‍ അവരുടെ പാപങ്ങള്‍ അപ്പസ്തോലന്മാരോട് ഏറ്റുപറഞ്ഞു. തിന്മനിറഞ്ഞ അവരുടെ പ്രവൃത്തികള്‍ വെളിപ്പെടുത്തി. "വിശ്വാസം സ്വീകരിച്ച പലരും വന്ന് തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ് കുറ്റംസമ്മതിച്ചു" (അപ്പോ 19:18).
യേശുവിന് പാപങ്ങള്‍ ക്ഷമിക്കുവാനുള്ള അധികാരം ഉണ്ടായിരുന്നു. "അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്ഞരില്‍ ചിലര്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതിന്." (മര്‍ക്കോ 2:5-12, മത്താ 9:1-18). പിന്നീട്, യേശു, തന്‍റെ നാമത്തില്‍ പാപങ്ങള്‍ ക്ഷമിക്കുവാനുള്ള അധികാരം, ഇതേ അപ്പസ്തോലന്മാര്‍ക്കു നല്കി. സഭയുടെ ജീവിതം, ലക്ഷ്യം എന്നിവയോട് സംയോജിക്കപ്പെട്ടിരിക്കുകയാണ് ക്ഷമയുടെ ഈ ദൗത്യം. ക്രിസ്തുവിന്‍റെ പ്രതിപുരുഷനായി പ്രവര്‍ത്തിക്കുന്ന പുരോഹിതന്‍ ഈ അധികാരം ഉപയോഗിക്കുന്നു. അതായത് ക്രിസ്തുവിന്‍റെ വ്യക്തിസ്വരൂപത്തിലൂടെ.
"യേശു വീണ്ടും അവരോടു പറഞ്ഞു: "നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതുപറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിയ്ക്കുന്നുവോ അവ അവരോട് ക്ഷമിയ്ക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ, അവ ബന്ധിയ്ക്കപ്പെട്ടിരിക്കും" (യോഹ 20:21-23). മത്തായിയുടെ സുവിശേഷത്തില്‍ ഇങ്ങനെ പറയുന്നു: "നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; "നിങ്ങള്‍ ഭൂമിയില്‍ അഴിയ്ക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിയ്ക്കപ്പെട്ടിരിക്കും" (മത്താ 18:18).
പാപങ്ങള്‍ ക്ഷമിക്കുവാന്‍ യേശു അപ്പസ്തോലന്മാര്‍ക്കു നല്കിയ ഈ അധികാരം അവരില്‍മാത്രം ഒതുങ്ങിനിന്നില്ല. എല്ലാകാലങ്ങളിലും സ്ഥലങ്ങളിലും ശുശ്രൂഷാദൗത്യത്തില്‍ അവരുടെ പിന്‍ഗാമികളിലേക്കും വ്യാപിച്ചിരുന്നു. ലോകത്തില്‍ പാപം നിലനില്‍ക്കുന്നിടത്തോളം കാലം ക്ഷമിക്കുവാനുള്ള ശക്തിയും നിലനില്‍ക്കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവച്ചാല്‍, നമ്മുടെ ജീവിതത്തിലെല്ലായ്പ്പോഴും പാപമുണ്ട്. അതിനാല്‍, അതിനുള്ള പരിഹാരവും എല്ലായ്പ്പോഴും ലോകത്തിന് ഉണ്ടായിരിക്കും. ചുരുക്കത്തില്‍, ലോകത്തോടൊപ്പം ഔഷധവും സഹവസിക്കണം. രണ്ടാമത്, സുവിശേഷം പ്രസംഗിക്കുവാന്‍, ജ്ഞാനസ്നാനം നല്‍കുവാന്‍, സ്ഥൈര്യലേപനം നല്‍കുവാന്‍, പൗരോഹിത്യാഭിഷേകം നടത്തുവാന്‍ അപ്പസ്തോലന്മാര്‍ക്ക് യേശു നല്‍കിയ അധികാരം അവരുടെ പിന്‍ഗാമികളിലേക്കും സംക്രമിക്കപ്പെട്ടു. പാപങ്ങള്‍ ക്ഷമിക്കുവാന്‍ അവര്‍ക്കു ലഭിച്ച അധികാരം എന്തുകൊണ്ട് പിന്‍ഗാമികള്‍ക്ക് കൈമാറ്റം ചെയ്തുകൂടാ? ക്ഷമിക്കുവാനുള്ള ഈ അധികാരം, പാപങ്ങള്‍ ഏറ്റുപറയാന്‍ പാപികള്‍ക്കുള്ള ബാധ്യതയും ഉളവാക്കുന്നു. പുരോഹിതന്‍, തന്‍റെ അധികാരം, വിവേകത്തോടും, വിവേചനശക്തിയോടും കൂടി വിനിയോഗിക്കണം. വൈദികന്‍ പശ്ചാത്തപിക്കാത്തവനെ തിരസ്ക്കരിക്കുകയും, പശ്ചാത്തപിക്കുന്നവന് പാപമോചനം നല്‍കുകയും വേണം. ഇത് ചെയ്യുവാന്‍, അവന്, പാപിയുടെ മനോഭാവം അറിയുവാന്‍ സാധിക്കണം. ഇത് പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ മാത്രമേ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ള ആചാരം നോക്കുക: "കൂടാതെ, വിശ്വാസം സ്വീകരിച്ച പലരും വന്ന്, തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ് കുറ്റം സമ്മതിച്ചു" (അപ്പോ 19:18). പാപങ്ങള്‍ ഏറ്റുപറയാന്‍ ബാധ്യതയില്ലായിരുന്നു എങ്കില്‍ അവര്‍ അങ്ങനെ ചെയ്തത് എന്തിനാണ്? വിശുദ്ധകുര്‍ബാന അര്‍പ്പിക്കുവാനുള്ള അധികാരംപോലെതന്നെ, പാപങ്ങള്‍ ക്ഷമിക്കുവാനുള്ള അധികാരവും പൗരോഹിത്യത്തിന്‍റെ വരദാനവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. "പുതിയനിയമത്തില്‍ പ്രത്യക്ഷവും ബാഹ്യവുമായ പൗരോഹിത്യമോ, കര്‍ത്താവിന്‍റെ ശരീരരക്തങ്ങള്‍ നല്‍കുവാനും പവിത്രീകരിക്കുവാനുമുള്ള എന്തെങ്കിലും ശക്തിയോ, പാപങ്ങള്‍ മോചിപ്പിക്കുന്നതിനും ബന്ധിക്കുന്നതിനും ഉള്ള അധികാരമോ ഇല്ലാ എന്നും സുവിശേഷം പ്രസംഗിക്കുന്നതിനുള്ള ശുശ്രൂഷാദൗത്യവും അതിനുള്ള അധികാര പദവിയും മാത്രമേയുള്ളൂ എന്നും ആരെങ്കിലും പറഞ്ഞാല്‍ അവന്‍ ഭ്രഷ്ടനാകട്ടെ/പള്ളിവിലക്കിന് വിധേയനാകട്ടെ" (ട്രെന്‍റ് കൗണ്‍സില്‍ നമ്പര്‍ 961).
ക്രിസ്തീയതയുടെ പ്രാരംഭഘട്ടത്തില്‍ വിശ്വാസികള്‍ക്കിടയിലുള്ള ആചാരം, സഭാശ്രേഷ്ഠന്മാര്‍ക്കു മുമ്പില്‍ പാപങ്ങള്‍ പരസ്യമായി ഏറ്റുപറയുക എന്നതായിരുന്നു (അപ്പോ 19:18-19). ഈ പ്രധാനാചാര്യന്മാര്‍ പ്രായശ്ചിത്തം ചെയ്യുന്നവരുടെമേല്‍ പിഴ അഥവാ പ്രായശ്ചിത്തം ചുമത്തിയിരുന്നു. പാപങ്ങളുടെ ഗൗരവം അനുസരിച്ചായിരുന്നു പ്രായശ്ചിത്തം. തെറ്റായ രീതിയില്‍ ലഭിച്ച സാധനങ്ങള്‍ തിരിച്ചുകൊടുക്കുക, കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്കുക. തുടങ്ങിയവ പരിഹാരപ്രവൃത്തിക്ക് ആവശ്യമായ വ്യവസ്ഥകളായിരുന്നു. ഒരുവശത്ത് ക്രൈസ്തവരുടെ സംഖ്യ പൊടുന്നനെ വര്‍ദ്ധിച്ചു. മറുവശത്ത് മാരകപാപങ്ങളുടെ പരസ്യപ്രഖ്യാപനം വിവാദത്തിന്‍റെ ഉറവിടമായി. അത്തരം പരസ്യപ്രഖ്യാപനങ്ങള്‍ നിമിത്തം ആകുലരായ വ്യക്തികള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉടലെടുത്തു. അതിനാല്‍, പരസ്യമായ കുമ്പസാരത്തില്‍നിന്ന്, പ്രധാനാചാര്യന്മാരുടെ, ശ്രേഷ്ഠപുരോഹിതന്മാരുടെ ചെവിയില്‍ കുമ്പസാരിക്കുന്ന രീതി ആദിമസഭയില്‍ ഒരു യാഥാര്‍ത്ഥ്യമായി. ഈ ആചാരം ഇന്നും തുടരുന്നു.
ദൈവം തന്‍റെ ദൈവികപദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ദൈവം പ്രപഞ്ചത്തില്‍ നേരിട്ട് ഇടപെടുന്നില്ല അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നില്ല. അവിടുന്നു സ്ഥാപിച്ച നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുവാന്‍ അവിടുത്തെ ജീവജാലങ്ങളെ അനുവദിക്കുന്നു. ഈ കല്ലുകളില്‍നിന്ന് അബ്രാഹത്തിന് സന്താനങ്ങളെ ഉല്പാദിപ്പിക്കുവാന്‍ കഴിയും എന്ന് യേശു പരസ്യമായി പറഞ്ഞിട്ടുണ്ട് (മത്തായി 3:9). പക്ഷേ, വാസ്തവത്തില്‍ അവിടുന്ന് അങ്ങനെ ചെയ്യുന്നുണ്ടോ? ഇല്ല. അവിടുന്ന് സന്തതികളെ ഉല്പാദിപ്പിക്കുന്നതിനുള്ള ഏജന്‍റുമാരായി മതാപിതാക്കളെ അധികാരപ്പെടുത്തിയിരിക്കുന്നു. സര്‍വ്വശക്തനായവന് പുതിയ സസ്യങ്ങള്‍, വൃക്ഷങ്ങള്‍, ആകാശത്തിലെ പക്ഷികള്‍, ഭൂമിയിലെ മൃഗങ്ങള്‍ എന്നിവയെല്ലാം സൃഷ്ടിക്കാന്‍ കഴിഞ്ഞു. എന്നാല്‍, അവയുടെ വര്‍ദ്ധനവിന്, പ്രകൃതിനിയമങ്ങള്‍ ബാധകമാക്കുവാന്‍ അവിടുന്ന് അനുവദിക്കുന്നു. ഇപ്പോള്‍ ഒരു പുതിയ കല്പനയിലൂടെ ദൈവം പാപങ്ങള്‍ ക്ഷമിക്കുവാന്‍ പുരോഹിതരെ അധികാരപ്പെടുത്തി. അതുകൊണ്ട് നശ്വരമായ മനുഷ്യര്‍ക്ക് അത്തരം ഒരു ദൈവികശക്തി നല്കപ്പെട്ടിരിക്കുന്നത് എന്തിനാണ്, എങ്ങനെയാണ് എന്ന് ചോദ്യം ചെയ്യുന്നതിനേക്കാള്‍ വിശ്വാസികള്‍ ഈ പുതിയ നിയമം അനുസരിക്കേണ്ടതുണ്ട്.
പ്രൊട്ടസ്റ്റന്‍റുകാര്‍ കരുതുന്നതുപോലെ കൂടുതല്‍ കൂടുതല്‍ പാപം ചെയ്യാനുള്ള അനുവാദം അല്ല കുമ്പസാരം. അതിന്‍റെ ഫലം അനുഭവിക്കാത്തവര്‍ അനുരഞ്ജന കൂദാശയ്ക്കെതിരെ കണ്ണുമടച്ച് എറിയുകയാണ്. കുമ്പസാരക്കൂട്ടില്‍ ക്ഷമയുടെ മൂല്യം കത്തോലിക്കര്‍ക്ക് അറിയാം. സാധുവായ ഒരു കുമ്പസാരം വിശദമായ ആത്മപരിശോധന ആവശ്യപ്പെടുന്നു. സകലപാപങ്ങളെയും കുറിച്ച് അനുതപിക്കണം. വീണ്ടും പാപം ചെയ്യുകയില്ല എന്ന് ദൃഢനിശ്ചയം ചെയ്യണം. കൂടാതെ, ചെയ്ത പാപങ്ങള്‍ ഒരു പുരോഹിതനോട് ഏറ്റുപറയുകയും കുമ്പസാരകന്‍ നല്കുന്ന പ്രയശ്ചിത്തം നിറവേറ്റുകയും ചെയ്യണം. മേലില്‍ പാപം ചെയ്യുകയില്ല എന്ന തീരുമാനം താഴെപ്പറയുന്ന മനഃസ്താപപ്രകരണത്തിലൂടെ പ്രകടിപ്പിക്കണം: "ഓ, എന്‍റെ ദൈവമേ, എന്‍റെ സകല പാപങ്ങളെയും ഓര്‍ത്ത് ഞാന്‍ ഖേദിക്കുന്നു; ഞാന്‍ അവിടുത്തോട് മാപ്പിരക്കുന്നു. കാരണം, അങ്ങയുടെ കഠിനശിക്ഷ അര്‍ഹിയ്ക്കുന്നവയാണ് ആ പാപങ്ങള്‍. അവ അവിടുത്തെ അനന്തമായ നന്മയെ മുറിവേല്പിച്ചതിനാല്‍ എന്‍റെ ഏറ്റവും പ്രിയപ്പെട്ട രക്ഷകനായ യേശുക്രിസ്തുവിനെയും മറ്റു മിക്കവരെയും അവര്‍ കുരിശില്‍ തറച്ചു. അവിടുത്തെ കൃപയാല്‍, മേലില്‍ അങ്ങയെ വ്രണപ്പെടുത്താതിരിക്കുവാന്‍ ഞാന്‍ ദൃഢനിശ്ചയം ചെയ്യുന്നു."
ഈ ദൃഢനിശ്ചയത്താലും കൂദാശയുടെ ഫലത്താലും മനുഷ്യരുടെ പാപം കുറഞ്ഞു എന്ന് എനിക്ക് ബോദ്ധ്യമുണ്ട്. കുമ്പസാരവേളയില്‍ ക്രിസ്തുവിന്‍റെ രക്തത്താല്‍ നമ്മുടെ പാപക്കറ കഴുകികളയപ്പെടുന്നു. നമുക്ക് വിശുദ്ധീകരണത്തിനുള്ള കൃപ വര്‍ദ്ധിച്ചതോതില്‍ ലഭിക്കുന്നു. വിശുദ്ധിയിലേക്ക് പുരോഗമിക്കുവാനും നമ്മുടെ അനേകം ബലഹീനതകളെ അതിജീവിയ്ക്കുവാനും നമ്മെ സഹായിക്കുന്നു. കുമ്പസാരകനില്‍നിന്നു ലഭിച്ച ഉപദേശങ്ങള്‍ അനേകം ജീവിതങ്ങളുടെ ഗതി മാറ്റിയിട്ടുണ്ട്. അത്തരം ഒരു രൂപാന്തരീകരണത്തിന് ഞാന്‍ തന്നെ ഒരു ദൃക്സാക്ഷിയാണ്. എന്തായാലും, മാനുഷികമായ ബലഹീനതകളാല്‍ മിക്കപ്പോഴും വീഴ്ചകള്‍ അനുപേക്ഷണീയമായിട്ടുണ്ട്. നമുക്ക് യോഹന്നാന്‍റെ വാക്കുകള്‍ ശ്രവിക്കാം: "എന്‍റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാന്‍ ഇടയായാല്‍ത്തന്നെ, പിതാവിന്‍റെ സന്നിധിയില്‍ നമുക്ക് ഒരു മദ്ധ്യസ്ഥനുണ്ട് നീതിമാനായ യേശുക്രിസ്തു" (1 യോഹ 2:1-2). പുരോഹിതന്‍ നമ്മുടെ കര്‍ത്താവിന്‍റെ സ്ഥാനപതികള്‍ അല്ലെങ്കില്‍ പ്രതിനിധികള്‍ ആണ്; അവിടുത്തെ നാമത്തില്‍ പാപങ്ങള്‍ ക്ഷമിക്കുവാന്‍ ദൈവികമായ അധികാരം അവര്‍ക്കു നല്കപ്പെട്ടിരിക്കുന്നു. ഞങ്ങളെ ക്രിസ്തുവഴി ദൈവത്തോട് രമ്യപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്കുകയും ചെയ്ത ദൈവത്തില്‍ നിന്നാണ് ഇവയെല്ലാം... ഞങ്ങള്‍ ക്രിസ്തുവിന്‍റെ സ്ഥാനപതികളാണ്. ഞങ്ങള്‍വഴി ദൈവം നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു: "നിങ്ങള്‍ ദൈവത്തോട് രമ്യതപ്പെടുവിന്" (2 കോറി 5:18-20). അനുരഞ്ജനകൂദാശയുടെ ഒരു പ്രത്യേക സവിശേഷത, കുമ്പസാരക്കൂട്ടില്‍ പശ്ചാത്തപിക്കുന്ന ഒരുവന്‍ ഏറ്റുപറഞ്ഞ പാപങ്ങള്‍ ഒരിക്കലും വെളിപ്പെടുത്താന്‍ പാടില്ല എന്നതാണ്-പീഡനമോ മര്‍ദ്ദനമോ മരണംതന്നെയോ അഭിമുഖീകരിക്കേണ്ടി വന്നാല്‍പ്പോലും. കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിനേക്കാള്‍ മരിക്കുവാന്‍ സന്നദ്ധരായ അനവധി വാഴ്ത്തപ്പെട്ട വിശുദ്ധര്‍ സഭയിലുണ്ട്. കേരളത്തിലെ അന്തരിച്ച ഫാദര്‍ ബെനഡിക്ട് ഓണംകുളം അത്തരത്തിലുള്ള ഒരു രക്തസാക്ഷിയായിരുന്നു.
കുമ്പസാരം എന്ന കൂദാശ, പാപംനിറഞ്ഞ മനുഷ്യരാശിയ്ക്ക് യേശു നല്കിയ ഏറ്റവും വലിയ വരദാനങ്ങളില്‍ ഒന്നാണ്. അതിനുള്ള കാരണങ്ങളില്‍ ചിലത് താഴെക്കൊടുത്തിരിക്കുന്നു.
കുമ്പസാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വിശുദ്ധഗ്രന്ഥഭാഗങ്ങളുടെ ബലം, സഭാപിതാക്കന്മാരുടെ താഴെപ്പറയുന്ന ഉദ്ധരണികള്‍ അപഗ്രഥിയ്ക്കുമ്പോള്‍ കൂടുതല്‍ ശക്തമാകുന്നു:
മറ്റു സ്രോതസ്സുകള്‍: 4-ഉം 5-ഉം നൂറ്റാണ്ടുകളില്‍ സഭയില്‍നിന്നു കലഹിച്ചവരാണ് ഏരിയന്‍സും നെസ്തോറിയന്‍സും. അവര്‍ ഇപ്പോഴും പേര്‍ഷ്യയിലും അബിസ്സീനിയയിലുമുണ്ട്. അവര്‍ കുമ്പസാരമെന്ന കൂദാശയെ ഏറ്റവും വിലപ്പെട്ടതും ധന്യവുമായ ആചാരമായി നിലനിര്‍ത്തുന്നു. കൂടാതെ, 9-ാം നൂറ്റാണ്ടില്‍ ഫോത്തിയൂസിന്‍റെ നേതൃത്വത്തില്‍ റോമില്‍നിന്നു ഭിന്നിച്ചു മാറിയ ഗ്രീക്ക് ശീശ്മസഭ, കത്തോലിക്കര്‍ നല്കുന്നതുപോലെ തന്നെ രഹസ്യമായ കുമ്പസാരത്തിന് പ്രാധാന്യം നല്കി. ചില പ്രശസ്ത വ്യക്തികളുടെ സാക്ഷ്യം കൂട്ടിച്ചേര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ പറയുന്നു: രഹസ്യമായുള്ള കുമ്പസാരം ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ഇപ്പോള്‍ ഫാഷനായിത്തീര്‍ന്ന അത് പ്രയോജനകരമാണ്. അല്ല. ആവശ്യമാണ്. അത് ഞാന്‍ ഒഴിവാക്കുകയോ ഇല്ലായ്മ ചെയ്യുകയോ ചെയ്യില്ല. കാരണം, രോഗാതുരവും പീഡിതവുമായ മനഃസാക്ഷികള്‍ക്ക് അതാണ് പരിഹാരം. "ലോകപ്രശസ്ത ജര്‍മ്മന്‍ ദാര്‍ശനികന്‍ ലെയ്ബ്നിസ് കുമ്പസാരം ഒരു വലിയ ഗുണം, പ്രയോജനം ആണ് എന്ന് അംഗീകരിയ്ക്കുന്നു. ദൈവം മനുഷ്യനു നല്കിയതാണത്. പാപങ്ങള്‍ ക്ഷമിക്കുന്നതിനും, മോചിക്കുന്നതിനുമുള്ള അധികാരം അവിടുന്ന് സഭയ്ക്കു നല്കി." ക്രിസ്തീയതയുടെ വിരോധിയായിരുന്ന വോള്‍ട്ടയര്‍ ഇങ്ങനെ പറയുന്നു: "കുമ്പസാരത്തേക്കാള്‍ പ്രയോജനകരമായ മറ്റൊരു ആചാരസംഹിതയില്ല." റൂസ്സോയ്ക്കും കുമ്പസാരത്തെക്കുറിച്ച് ചിലതു പറയാനുണ്ട്: "കുമ്പസാരം കത്തോലിക്കര്‍ക്കിടയില്‍ എത്രയോ പരിഹാരങ്ങളും നഷ്ടപരിഹാരങ്ങളും ഉളവാക്കും!" റിഫര്‍മേഷനുശേഷം, കുമ്പസാരം നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയിലുണ്ടായ ധാര്‍മ്മിക വ്യതിചലനം നിമിത്തം ജര്‍മ്മനിയിലെ പ്രൊട്ടസ്റ്റന്‍റ് അധികാരികള്‍ അമ്പരന്നുപോയി എന്ന് ചരിത്രം നമ്മെ അനുസ്മരിപ്പിക്കുന്നു. അവരുടെ ചക്രവര്‍ത്തിയായ ചാള്‍സ് അഞ്ചാമനോട്, കുമ്പസാരം പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് അവര്‍ നിവേദനം നടത്തുകവരെ ചെയ്തു.
തന്‍റെ പരസ്യശുശ്രൂഷാകാലത്ത്, യേശു വിവിധ രോഗങ്ങള്‍ ബാധിച്ച ആയിരക്കണക്കിന് ആളുകള്‍ക്ക് സൗഖ്യം നല്കിയിട്ടുണ്ട്. സുവിശേഷ സന്ദേശം പ്രഘോഷിക്കുന്നതിനോടൊപ്പമായിരുന്നു ഇത്. ഭൂമിയില്‍ അവിടുത്തെ വാസം പരിമിതസമയത്തേക്കു മാത്രമായിരുന്നു. അതിനാല്‍ ലോകാവസാനംവരെ, ലോകമെമ്പാടും തന്‍റെ ശുശ്രൂഷ തുടരുവാന്‍ അവിടുന്ന് തന്‍റെ ശിഷ്യരെ നിയോഗിച്ചു. ഇതിനായി കര്‍ത്താവ് അവര്‍ക്ക് തന്‍റെ ദൈവികമായ അധികാരം നല്കി: "ഈ പന്ത്രണ്ടുപേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു... രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍... ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്" (മത്താ 10:5-8). വചനപ്രഘോഷണത്തിനും രോഗികള്‍ക്ക് സൗഖ്യം കൊടുക്കുന്നതിനുംവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉപകരണങ്ങള്‍ മാത്രമായിരുന്നു ശിഷ്യന്മാര്‍. യേശുവിന്‍റെ പരസ്യശുശ്രൂഷാകാലത്തും അപ്പസ്തോലന്മാര്‍ രോഗീലേപനം എന്ന കൂദാശ നല്കിയിരുന്നു എന്നത് ഏറെ പ്രസക്തമാണ്.
"ശിഷ്യന്മാര്‍ പുറപ്പെട്ട്, ജനങ്ങളോട് അനുതപിയ്ക്കണം എന്ന് പ്രസംഗിച്ചു. അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി" (മര്‍ക്കോ 6:12-13). ഈ ആചാരം വീണ്ടും തുടര്‍ന്നു. "നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും. കര്‍ത്താവ് അവനെ എഴുന്നേല്പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവന് മാപ്പു നല്കും" (യാക്കോ 5:14-15). ഈ ആചാരം, അപ്പസ്തോലന്മാരുടെ മരണശേഷവും ആദിമസഭയില്‍ പ്രചാരത്തിലായിരുന്നു. അത്, ഇന്നുവരെ ഇടമുറിയാതെ തുടരുന്നു. പ്രാചീന സഭാപിതാക്കന്മാര്‍ രോഗീലേപനം, അല്ലെങ്കില്‍ അന്ന് അറിയപ്പെട്ടിരുന്നതുപോലെ അന്ത്യകൂദാശ, ഉള്‍പ്പെടെ ഓരോ കൂദാശയെക്കുറിച്ചും തങ്ങളുടെ രചനകള്‍, സുവിശേഷപ്രസംഗങ്ങള്‍ എന്നിവ എങ്ങനെ അവശേഷിപ്പിച്ചു എന്നത് അതിശയകരമാണ്. അവയില്‍ ചിലത് നമുക്ക് ശ്രവിക്കാം:
കര്‍ത്താവിന്‍റെ പുരോഹിതനോട് പാപങ്ങള്‍ ഏറ്റുപറയുവാന്‍, പരിഹാരം തേടുവാന്‍ പാപി ലജ്ജ കാണിയ്ക്കാത്തപ്പോള്‍ അനുതാപത്തിലൂടെ പാപമോചനം സംഭവിക്കുന്നു. അതെക്കുറിച്ച് അപ്പസ്തോലനായ യാക്കോബ് ഇങ്ങനെ പറയുന്നു: "നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍, അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിയ്ക്കട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിയ്ക്കട്ടെ."
പ്രശസ്ത പ്രൊട്ടസ്റ്റന്‍റുകാരനായ ലെബ്നിസ്, ഒരു തുറന്ന സമ്മതപ്രകടനം നടത്തുന്നു. "രോഗീലേപനം സംബന്ധിച്ച ചര്‍ച്ചയ്ക്ക് ധാരാളം ഇടമുണ്ട്. വിശുദ്ധലിഖിത വചനത്തിന്‍റെയും സഭയുടെ വ്യാഖ്യാനത്തിന്‍റെയും പിന്തുണ അതിനുണ്ട്. ഭക്തരും കത്തോലിക്കരും ആയ മനുഷ്യര്‍ക്ക് അതില്‍ സുരക്ഷിതമായി വിശ്വസിക്കാം. സഭ സ്വീകരിക്കുന്ന ആ ആചാരത്തില്‍ കുറ്റപ്പെടുത്തേണ്ടതോ, നിന്ദിയ്ക്കേണ്ടതോ ആയി എന്തെങ്കിലും ആര്‍ക്കെങ്കിലും ദര്‍ശിയ്ക്കാം എന്ന് എനിക്കു തോന്നുന്നില്ല." ഒരു വ്യക്തിയുടെ ജീവിതത്തിലെ അവസാന മണിക്കൂറില്‍ കൃപയുടെ സമാശ്വാസകരമായ ഈ ഉപകരണത്തെക്കുറിച്ച് വിശുദ്ധ യാക്കോബിന്‍റെ മുന്നറിയിപ്പ് അവഗണിയ്ക്കുവാന്‍, വിശുദ്ധലിഖിതത്താല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്യപ്പെടുന്നു എന്ന് പ്രഖ്യാപിയ്ക്കുന്ന വേര്‍പെട്ടുപോയ സഹാദരങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നത് തികച്ചും നിഗൂഢവും അമ്പരപ്പിക്കുന്നതും ആണ്. ബൗദ്ധികമായ സൂക്ഷ്മതയിലൂടെ അവരെ എതിര്‍ക്കത്തക്കവിധം വിശുദ്ധ യാക്കോബിന്‍റെ വാക്കുകള്‍ സുവക്തമായിരുന്നു എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ മനസിലാക്കി. അതിനാല്‍, അദ്ദേഹത്തിനുള്ള ഏകമാര്‍ഗ്ഗം, വിശുദ്ധ യാക്കോബിന്‍റെ പുസ്തകം അപ്പാടെ തിരസ്കരിക്കുക എന്നതായിരുന്നു.
താഴെപ്പറയുന്ന വിശുദ്ധ ഗ്രന്ഥഭാഗങ്ങളെ ആസ്പദമാക്കി, രോഗീലേപനകൂദാശയെ സ്വീകരിക്കുവാന്‍ അനവധി പ്രൊട്ടസ്റ്റന്‍റു വിഭാഗങ്ങള്‍ കൂട്ടാക്കുന്നില്ല: "ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്" (പുറ 15:26). കര്‍ത്താവേ, മരുന്നോ, ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന" അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്" (ജ്ഞാനം 16:12). അവിടുന്ന് തന്‍റെ വചനം അയച്ച് അവരെ സൗഖ്യമാക്കി (സങ്കീ 107:20). ജറെമിയാ ഇങ്ങനെകൂട്ടിച്ചേര്‍ക്കുന്നു: "ഞാന്‍ നിനക്ക് വീണ്ടും ആരോഗ്യം നല്കും; നിന്‍റെ മുറിവുകള്‍ സുഖപ്പെടുത്തും" കര്‍ത്താവ് അരുളിചെയ്യുന്നു: (ജറെ 30:17)
രോഗികളെ സൗഖ്യപ്പെടുത്തുന്നത് കര്‍ത്താവാണ് എന്ന് കത്തോലിക്കാസഭ ഊന്നിപ്പറയുന്നു. വാസ്തവത്തില്‍, അഭിഷേക കൂദാശ നല്കപ്പെടുമ്പോള്‍, വിവിധ രോഗങ്ങള്‍ മൂലം ക്ലേശം അനുഭവിക്കുന്നവരെ പരിശുദ്ധ തൈലത്താല്‍ അഭിഷേകം ചെയ്യുമ്പോള്‍ അവിടുത്തെ സൗഖ്യസ്പര്‍ശം നല്കണമെന്ന് വൈദികര്‍ യേശുവിനോട് പ്രാര്‍ത്ഥിക്കുന്നു. കൂടാതെ, ദൈവവചനം വായിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്യുന്നു. ചില പ്രൊട്ടസ്റ്റന്‍റുവിഭാഗങ്ങള്‍ ദൈവവചനത്തില്‍ മാത്രം കുരുങ്ങിനില്ക്കുമ്പോള്‍, രോഗിയ്ക്ക് തൈലാഭിഷേകം നല്കുവാനും അവന്/ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച്, അപ്പോസ്തലന്മാരുടെ കാലത്ത് ചെയ്തിരുന്നതുപോലെതന്നെ യേശുവിന്‍റെ നാമത്തില്‍ ആശീര്‍വ്വാദം നല്കുവാനും കത്തോലിക്കര്‍ ഒരുപടികൂടി മുമ്പോട്ടുപോകുന്നു. വേര്‍പെട്ടുപോയ ചില സഹോദരങ്ങള്‍, ദൈവേച്ഛയ്ക്ക് വിരുദ്ധമെന്നു കരുതി, വൈദ്യസഹായം തേടാന്‍ കൂട്ടാക്കുന്നില്ല. രോഗീലേപനകൂദാശ നല്കല്‍ ഔഷധസേവയെ ഒരുതരത്തിലും ഒഴിവാക്കുന്നില്ല. അന്ത്യകൂദാശ യേശു സ്ഥാപിച്ചത് നമ്മുടെ പ്രയോജനത്തിനാണ് എന്ന വസ്തുത ഊന്നിപ്പറയുവാന്‍ ഞാനാഗ്രഹിക്കുന്നു. അതിനാല്‍ നാം അതിനെ അവഗണിക്കരുത്.
ഒരവസരത്തില്‍, അന്ധനു സൗഖ്യം നല്കുവാന്‍ യേശു തുപ്പല്‍ ഉപയോഗിച്ചു. യേശുവിന്‍റെ കാലത്ത്, തുപ്പലിന് സൗഖ്യപ്രദായകശക്തി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കൂടാതെ, തന്‍റെ ദൈവികപദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് ദൈവം സാധാരണഗതിയില്‍ ഉപകരണങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നു. ശാസ്ത്രഗവേഷണങ്ങളിലൂടെ ശസ്ത്രക്രിയ സാധ്യമാക്കി. മിക്കവാറും എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമായ ഔഷധങ്ങള്‍ ലഭ്യമാണ്. ഇത് എന്നത്തേക്കാള്‍ വേഗത്തില്‍ സൗഖ്യം സാദ്ധ്യമാക്കിയിരുന്നു. മറ്റെല്ലാ മേഖലകളിലും എന്നപോലെ വൈദ്യശാസ്ത്രമേഖലയിലെ ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുമായി സര്‍വ്വശക്തന്‍ തന്‍റെ സൃഷ്ടിപരമായ ശക്തി പങ്കുവച്ചു. ജീവിതത്തിന്‍റെ സമസ്തമേഖലയിലും നാം ശാസ്ത്രത്തിന്‍റെ പ്രയോജനങ്ങള്‍ അനുഭവിക്കുന്നു. അതുപോലെതന്നെ ആരോഗ്യപരിപാലന മേഖലയില്‍ വൈദ്യശാസ്ത്രത്തിന്‍റെ സഹായം നാം ഉപയോഗിക്കുന്നു. ഔഷധമേഖലയിലെയും വൈദ്യശാസ്ത്രത്തിലെയും ശാസ്ത്രീയ പുരോഗതി ഉള്‍പ്പെടെ ജീവിതത്തില്‍ നല്ലതായ സകലതിന്‍റെയും കര്‍ത്താവ് ദൈവമാണ്. അതിനാല്‍, ഔഷധത്തിലൂടെ സൗഖ്യം പ്രാപിക്കാന്‍ കൂട്ടാക്കാത്തവന്‍ ഒരുവശത്ത് ദൈവത്തെ പരീക്ഷിക്കുകയാണ്. മറുവശത്ത് അവിടുത്തെ സൗഖ്യസ്പര്‍ശം നിരാകരിക്കുന്നു. ഇത് നിന്ദാര്‍ഹമാണ്. ഈ സിദ്ധാന്തത്തിന്‍റെ വക്താക്കള്‍ ശാസ്ത്രീയ ഗവേഷണഫലം ഉപയോഗിച്ച് വിമാനയാത്ര നടത്തുന്നത് എന്തിനാണ്? അതേസമയം, ഔഷധങ്ങളുടെ പ്രയോജനം സ്വീകരിക്കുകയോ, അതിനെ വിലമതിക്കുകയോ ചെയ്യാന്‍ കൂട്ടാക്കാത്തത് എന്തുകൊണ്ടാണ്? സ്വന്തം ലക്ഷ്യത്തിനായി ദൈവവചനം വളച്ചൊടിക്കുന്നതിന്‍റെ വിപത്ത് ഇതിലുണ്ട്. രോഗീലേപനകൂദാശയും ഔഷധപ്രയോഗവും രോഗികള്‍ക്കു ലഭ്യമാക്കണം എന്നാണ് ഉപസംഹാരമായി പറയാനുള്ളത്. കാരണം, അവ മനുഷ്യരാശിയ്ക്കുള്ള ദൈവത്തിന്‍റെ വരദാനമാണ്.
ഡോ. ആന്‍റണി നെറ്റിക്കാട്ട് സി.എം
Confession and anointing of the sick Some Ecumenical Thoughts catholic malayalam Dr. Antony Nettikkattu C M Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206