We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021
'ക്ലോണ്‍' എന്ന ഗ്രീക്ക് പദത്തിന് അനേകം ശാഖകളുള്ള, മുറിക്കുക എന്നൊക്കെയാണ് അര്‍ത്ഥം. രണ്ട് തരത്തിലുള്ള ക്ലോണിംഗുകളാണ് ഉള്ളത്. ആദ്യത്തേത് ഭ്രൂണത്തെ രണ്ടായി വിഭജിക്കുന്നതാണ്. രണ്ടാമത്തേത് ഒരു അണ്ഡത്തിലെ മര്‍മ്മം മാറ്റി മറ്റൊരു കോശത്തിലെ മര്‍മ്മം (nucleus) അതില്‍ ഘടിപ്പിക്കുന്ന പ്രക്രിയയാണ്. പ്രത്യേകം തയ്യാറാക്കി വച്ചിരിക്കുന്ന ചെറിയ ഗ്ലാസ്സ്ട്യൂബിലേയ്ക്ക് വൈദ്യുതി തരംഗങ്ങള്‍ കടത്തി വിടുന്നു. ഇതിന്‍റെ ഫലമായി കോശങ്ങള്‍ ഉണ്ടാകുന്നു. ഇപ്രകാരം ഉണ്ടാക്കിയെടുക്കുന്ന കോശങ്ങള്‍ ഒന്നുകില്‍ കൃത്രിമ ഗര്‍ഭപാത്രത്തിലോ അല്ലെങ്കില്‍ സ്ത്രീയുടെ ഗര്‍ഭപാത്രത്തിലോ വളര്‍ ത്തുന്നു.
ക്ലോണിംഗിന്‍റെ ലക്ഷ്യത്തെ അടിസ്ഥാനമാക്കി അതിനെ വീണ്ടും രണ്ടായി തിരിക്കാം. ക്ലോണിംഗിലൂടെ രൂപം കൊടുത്ത ഭ്രൂണത്തെ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തുന്നു. ഇതിന് പ്രത്യുല്പാദന ക്ലോണിംഗ് (Reproductive cloning) എന്നു പറയുന്നു. എന്നാല്‍ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാതെ സ്റ്റെംസെല്‍ ഗവേഷണങ്ങള്‍ക്കും പിന്നീട് സ്റ്റെംസെല്‍ ഉണ്ടാക്കുന്നതിനും ഭ്രൂണത്തെ ഉപയോഗിക്കുന്നതി നാണ് തെറാപ്പ്യൂട്ടിക് ക്ലോണിംഗ് എന്നു പറയുന്നത്.
ഭ്രൂണത്തിലെ ഏറ്റവും അടിസ്ഥാനപരമായ കോശങ്ങള്‍ക്കാണ് മാതൃകോശങ്ങള്‍ അഥവാ സ്റ്റെംസെല്‍ എന്നു പറയുന്നത്. ഈ കോശം വളരുകയും വികസിക്കുകയും ചെയ്യുമ്പോള്‍ അതില്‍നിന്ന് പ്രത്യേക ധര്‍മ്മമുള്ള കോശങ്ങളുണ്ടാകുന്നു. കോശസമൂഹങ്ങള്‍ക്കും അവയവങ്ങള്‍ക്കും ജന്മംനല്‍കുന്ന ഏറ്റവും അടിസ്ഥാനപരമായ കോശങ്ങളാണ് മാതൃകോശങ്ങള്‍. ഇങ്ങനെ കോശസമൂഹങ്ങളും അവയവങ്ങളുമായി മാറുന്നതിനുള്ള മാതൃകോശങ്ങളുടെ കഴിവിനെയാണ് പ്ലൂരി പൊട്ടെന്‍സി എന്നു പറയുന്നത്. ഭ്രൂണം വളര്‍ന്ന് അവയവങ്ങള്‍ രൂപം കൊണ്ടാല്‍ പിന്നെ മാതൃകോശങ്ങള്‍ ആവശ്യമില്ല. രോഗംകൊണ്ടോ മറ്റു കാരണങ്ങള്‍കൊണ്ടോ തകരാറിലായ കോശങ്ങള്‍ക്ക് (അവയവങ്ങള്‍ക്ക്) പകരം പുതിയവ ഉണ്ടാക്കിയെടുക്കാന്‍ മാതൃകോശങ്ങള്‍ ഉപയോഗപ്പെടുത്താമെന്നതാണ് മനുഷ്യന്‍ കൈവരിച്ച ജൈവസാങ്കേതിക നേട്ടം.
മനുഷ്യന്‍ ഇതിനോടകം തവള, പന്നി, മുയല്‍, പൂച്ച, ആട്, കുതിരഎന്നീ മൃഗങ്ങളെ ക്ലോണ്‍ ചെയ്തു കഴിഞ്ഞു. പല സ്ഥലങ്ങളിലും മനുഷ്യ ഭ്രൂണത്തെയും നിര്‍മ്മിച്ചു കഴിഞ്ഞു. ചില സ്ഥലങ്ങളില്‍ മനുഷ്യകോശത്തില്‍നിന്ന് മര്‍മ്മം എടുത്ത് മുയലിന്‍റെ അണ്ഡത്തില്‍ നിക്ഷേപിച്ച് വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ഭ്രൂണവും ഉണ്ടാക്കിക്കഴിഞ്ഞു.
പല രാജ്യങ്ങളും അന്തര്‍ദ്ദേശീയ സംഘടനകളും ക്ലോണിംഗിനെ ഭാഗികമായും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഉദാഹരണമായി ബ്രിട്ടണ്‍ പ്രത്യുല്പാദന ക്ലോണിംഗ് നിരോധിക്കുകയും തെറാപ്പ്യൂട്ടിക് ക്ലോണിംഗ് അനുവദിക്കുകയും ചെയ്യുന്നു. ജര്‍മ്മനി രണ്ടു ലക്ഷ്യങ്ങള്‍ക്കും വേണ്ടിയുള്ള ക്ലോണിംഗുകള്‍ നിരോധിച്ചിരിക്കുകയാണ്. 2003 ഫെബ്രുവരി 27 ന് അമേരിക്ക നിയമം വഴി മനുഷ്യക്ലോണിംഗ് നിരോധിച്ചു. 2001 ഡിസംബര്‍ 12 ലെ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി പ്രത്യുല്പാദനത്തിന് വേണ്ടിയുള്ള ക്ലോണിംഗ് നിരോധിച്ചു. 2003 ഫെബ്രുവരി 20 ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് സ്റ്റെംസെല്ലിന് വേണ്ടിയുള്ള ക്ലോണിംഗ് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് പല രാജ്യങ്ങളും മനുഷ്യ ഭ്രൂണത്തെ ക്ലോണ്‍ ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മതങ്ങള്‍ ഇതിന് എതിരാണ്. കത്തോലിക്കാസഭയുടെ ധാര്‍മ്മിക ദൈവശാസ്ത്രം ഇതിനെ ശക്തമായി അപലപിക്കുന്നു.
കത്തോലിക്കാസഭയുടെ കാഴ്ചപ്പാട് അനുസരിച്ച് പ്രത്യുല്പാദന ക്ലോണിംഗും തെറാപ്പ്യൂട്ടിക് ക്ലോണിംഗും ധാര്‍മ്മികമായി തെറ്റാണ്. കാരണം, രണ്ടിനു വേണ്ടിയും മനുഷ്യഭ്രൂണത്തെ നിര്‍മ്മിക്കേണ്ടിവരുന്നു. പ്രത്യുല്പാദനത്തിനുവേണ്ടിയുള്ള ക്ലോണിംഗ് തെറ്റാണെന്ന് സഭ പറയുന്നത് താഴെപ്പറയുന്ന കാരണങ്ങള്‍ കൊണ്ടാണ്. ഒറ്റ ഭ്രൂണംകൊണ്ട് ഈ പദ്ധതി വിജയിക്കുകയില്ല. അണ്ഡത്തിന്‍റെ മര്‍മ്മം മാറ്റി കോശത്തിന്‍റെ മര്‍മ്മം വയ്ക്കുന്നത് സാങ്കേതികമായി വളരെ ബുദ്ധിമുട്ടുള്ളതാണ്. അനേകം ഭ്രൂണങ്ങളില്‍ പരീക്ഷണം നടത്തിയാല്‍ മാത്രമേ ഒന്നെങ്കിലും വിജയിക്കുകയുള്ളൂ. ഇപ്രകാരം നിര്‍മ്മിക്കുന്ന ഭ്രൂണത്തിന് രോഗങ്ങളും ജനിതക വൈകല്യങ്ങളും കാണും. ഇങ്ങനെയുള്ള ഭ്രൂണങ്ങളില്‍ മരണനിരക്ക് കൂടുതലാണ്.
ക്ലോണ്‍ ചെയ്യപ്പെട്ട വ്യക്തി മറ്റൊന്നിന്‍റെ പകര്‍പ്പാണ്. ഇത് ഒരാളുടെ വ്യക്തിത്വത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണ്. ഒരാള്‍ക്ക് തന്‍റെതന്നെ അസുഖം, മാനസികാവസ്ഥ എല്ലാം നിഴലായി മറ്റൊരാളില്‍ കാണുവാന്‍ കഴിയുന്നു. ഇത് അയാളുടെ വ്യക്തിത്വത്തിനും മനഃസാക്ഷിക്കും കോട്ടം വരുത്തിവയ്ക്കും. ഇത് ജനിതക കൃത്രിമത്വത്തിന്‍റെ ഒരു പരിണിതഫലം ആണ്. ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവരെയോ ഒരേ ലിംഗത്തില്‍പ്പെട്ടവരെയോ ഉണ്ടാക്കുവാന്‍ സഹായിക്കുന്നത് കൂടാതെ നല്ല ഗുണമുള്ളവരെ മാത്രം നിര്‍മ്മിക്കാമെന്നതും മറ്റൊരു പോരായ്മയാണ്. ഇത് മനുഷ്യമാഹാത്മ്യത്തിനെതിരുമാണ്.
പല രോഗങ്ങള്‍ക്കും എതിരേയുള്ള പ്രതിവിധിയായാണ് തെറാപ്പ്യൂട്ടിക് ക്ലോണിംഗ് നടത്തുന്നത്. ഇവിടെ ഭ്രൂണത്തെ നശിപ്പിച്ച് സ്റ്റെംസെല്‍ എടുക്കുന്നതുവഴി ഭ്രൂണത്തെ ഒരു വസ്തുവായി തരംതാഴ്ത്തുന്നു. തെറാപ്പ്യൂട്ടിക് ക്ലോണിംഗിലും സാങ്കേതികമായ സുനിശ്ചിതത്വം കാണുവാന്‍ സാധിക്കുകയില്ല. എംബ്രിയോണിക് സ്റ്റെംസെല്ലുകള്‍ക്ക് രോഗപ്രതിരോധശേഷി എപ്പോഴും ഉണ്ടായിരിക്കണമെന്നില്ല. ഇവ തിരസ്കരിക്കപ്പെടുകയും ചെയ്യാം. വളര്‍ച്ച പ്രാപിച്ച കോശങ്ങളില്‍നിന്നും (adult stem cell) എടുക്കുന്ന സ്റ്റെംസെല്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ വിജയകരമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഇവിടെ ഭ്രൂണത്തെ നശിപ്പിക്കേണ്ടിവരുന്നില്ല. രോഗങ്ങള്‍ വരുമ്പോള്‍ ചികിത്സിക്കുവാനും അവയവങ്ങള്‍ ഉണ്ടാക്കുവാനും (Spare parts) വേണ്ടി ഭ്രൂണത്തെ സൂക്ഷിക്കുന്നത് ധാര്‍മ്മികമായി അംഗീകരിക്കാനാവില്ല. മനുഷ്യനെ വസ്തുക്കളെപ്പോലെ കാണുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
സ്റ്റെംസെല്ലില്‍ നിന്നു രൂപപ്പെടുന്ന പ്രത്യേക കോശങ്ങളാണ് ചികിത്സയ്ക്കുവേണ്ടി രോഗിയില്‍ കടത്തിവിടുന്നത്. രോഗിയിലെത്തുന്ന ഈ കോശം അയാളുടെ ജൈവപ്രവര്‍ത്തനങ്ങളുമായി ചേരണം. ഇത് വലിയ ഒരു വെല്ലുവിളിയാണ്. മറ്റു പല രോഗങ്ങള്‍ക്കും ഇത് വഴിതെളിച്ചേക്കാം. സ്റ്റെംസെല്‍ തെറാപ്പി പൂര്‍ണ്ണവിജയത്തിലെത്താന്‍ സമയമെടുക്കും. അഡല്‍റ്റ് സ്റ്റെംസെല്‍ തെറാപ്പിയാണ് സാങ്കേതികമായും ധാര്‍മ്മികമായും അംഗീകരിക്കാവുന്നത്. ഇത് മനുഷ്യന് പ്രതീക്ഷ നല്കുന്നതാണ്.
ക്ലോണിംഗ് പൊതുവായി തെറ്റാണെന്ന് സഭ പറയാന്‍ കാരണം, അതിന്‍റെ സാങ്കേതികത്വം ധാര്‍മ്മികതയ്ക്കു വിരുദ്ധമായതുകൊണ്ടാണ്. ക്ലോണിംഗിനുവേണ്ടി അനേകം ഭ്രൂണങ്ങള്‍ നിര്‍മ്മിക്കണം. ഇവയില്‍ പലതും നശിപ്പിക്കപ്പെടുന്നു. ഉദാഹരണത്തിന് "ഡോളി" എന്ന ആടിനെ നിര്‍മ്മിക്കുന്നതിന് നൂറുകണക്കിന് ഭ്രൂണങ്ങളാണു നശിപ്പിച്ചത്. ഭ്രൂണത്തിന്‍റെ അവസ്ഥയെത്തന്നെ ചോദ്യംചെയ്യുന്ന ഈ വസ്തുത മറ്റൊരു ചോദ്യത്തിലേയ്ക്ക് നയിക്കുന്നു: മനുഷ്യന്‍റെ അവസ്ഥയെക്കുറിച്ച് ഭ്രൂണത്തിനു മനുഷ്യാസ്തിത്വമാണുള്ളത്. കാരണം, ജൈവശാസ്ത്രപരമായ വികാസവും സ്വയമായുള്ള വളര്‍ച്ചയും ഭ്രൂണത്തിന് സാധ്യമാണ്. ഭ്രൂണത്തിന്‍റെ വളര്‍ച്ച മനുഷ്യന്‍റെതന്നെ വളര്‍ച്ചയാണ്. ഭ്രൂണത്തെ അതിന്‍റെ ആദ്യഘട്ടം മുതല്‍ വിലമതിക്കുന്നത് മനുഷ്യജീവനോടുള്ള ആദരവുകൊണ്ടാണ്.
മനുഷ്യഭ്രൂണത്തിന് അതിന്‍റെ ഉത്ഭവഘട്ടം മുതല്‍ മാഹാത്മ്യം കല്പിക്കേണ്ടതാണ്. ബീജസങ്കലനത്തിന്‍റെ ഫലം തന്നെയാണ് ക്ലോണിംഗിനും ഉള്ളത്. അതുകൊണ്ട് രണ്ടുരീതിയില്‍ വളര്‍ന്ന ഭ്രൂണങ്ങള്‍ക്കും ഒരേ അവകാശമാണുള്ളത്. ബീജവും അണ്ഡവും സംയോജിപ്പിച്ചുണ്ടാകുന്ന ഏകകോശമായ സൈഗോട്ടിനില്‍ നിന്നാണു മനുഷ്യജീവന്‍ ആരംഭിക്കുന്നത്. ഇത് കോശങ്ങളുടെ ഒരു ഘട്ടമല്ല; മറിച്ച് യഥാര്‍ത്ഥവ്യക്തിയാണ്. കൂടാതെ ഭ്രൂണത്തിന് തുടര്‍ച്ചയായ ഒരു വളര്‍ച്ചയാണുള്ളത്. ഈ വളര്‍ച്ച, സാധാരണയായി തടസ്സപ്പെടാത്ത, പടിപടിയായുള്ള വളര്‍ച്ചയാണ്.
സഭയുടെ കാഴ്ചപ്പാട്, ഭ്രൂണം ആദ്യകോശമാകുന്ന അവസ്ഥ മുതല്‍തന്നെ അതിനു മഹത്ത്വം കൊടുക്കണമെന്നുള്ളതാണ്. എന്നാല്‍ ക്ലോണിംഗിലൂടെ രൂപപ്പെടുത്തുന്ന ഭ്രൂണത്തിനു സ്വഭാവവും മനുഷ്യജീവനും ഇല്ല എന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. സഭ ഒരിക്കലും ഇത് അംഗീകരിക്കുന്നില്ല. ഭ്രൂണത്തിന്‍റെ ലക്ഷ്യം മനുഷ്യനായി വളരുക എന്നതാണ്. "ഡോളി" എന്ന ആടിനെ വികസിപ്പിച്ചെടുത്ത ഡോ. ഐ. വില്‍മുട്ടിന്‍റെ അഭിപ്രായത്തില്‍, സ്വയം വളരുവാനുള്ള ലക്ഷ്യം ഭ്രൂണത്തിന്‍റെ അസ്തിത്വത്തില്‍തന്നെ നിലകൊള്ളുന്നു. ക്ലോണിംഗിലൂടെ നിര്‍മ്മിച്ച ഭ്രൂണത്തെ മനുഷ്യനായല്ലാതെ മറ്റൊരു വര്‍ഗ്ഗമായി കണക്കാക്കുവാന്‍ സാധിക്കുകയില്ല. മനുഷ്യന്‍റെ ജനിതകഘടനയുള്ള ഒരു ഭ്രൂണം മനുഷ്യനല്ലാതെ മറ്റൊരു ജീവിയല്ല. ഒരു വസ്തുവിന്‍റെ മാഹാത്മ്യം നിശ്ചയിക്കുന്നത് ബാഹ്യമായ രൂപത്തെ അടിസ്ഥാനമാക്കിയല്ല; മറിച്ച്, അതില്‍ അന്തര്‍ലീനമായ അസ്തിത്വത്തിനനുസരിച്ചാണ്. അതിനാല്‍ മനുഷ്യജീവന്‍, ഏതു രീതിയിലുള്ള ശാരീരിക - ബൗദ്ധിക അവസ്ഥയിലാണെങ്കിലും അതിനെ ഒരിക്കലും ധാര്‍മ്മികമായി തെറ്റായ മാര്‍ഗ്ഗത്തില്‍, വെറുമൊരു വസ്തുവായി ഉപയോഗിക്കാന്‍ പാടില്ല.
ഭ്രൂണത്തിന് വ്യക്തിത്വം ഉണ്ട്. ക്ലോണിംഗിലൂടെ രൂപപ്പെടുത്തിയ ഭ്രൂണത്തിനും വ്യക്തിത്വം ഉണ്ട്. വ്യക്തിത്വമുള്ള മനുഷ്യജീവനെയാണ് ഇവിടെ നശിപ്പിക്കുന്നത്.
തെറാപ്പ്യൂട്ടിക് ക്ലോണിംഗ് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ആദ്യം ഭ്രൂണത്തെ ഉത്പാദിപ്പിക്കുന്നു; പിന്നീട് നശിപ്പിക്കുന്നു. ഇത് നാം സ്വീകരിക്കുകയാണെങ്കില്‍ മനുഷ്യനും മറ്റു മൃഗങ്ങളും തമ്മില്‍ വ്യത്യാസമില്ലെന്ന് വേണം കരുതാന്‍. തെറാപ്പ്യൂട്ടിക് ക്ലോണിംഗില്‍ ഒന്നിനെ നശിപ്പിച്ചുകൊണ്ട് മറ്റൊന്നിനെ സുഖപ്പെടുത്തുകയാണു ചെയ്യുന്നത്. പ്രയോജനവാദം, പരിണിതഫലവാദം, സ്വാതന്ത്ര്യവാദം തുടങ്ങിയവ ഇതിനു പിന്നിലുള്ള തത്ത്വശാസ്ത്രങ്ങളാണ്.
മേല്പ്പറഞ്ഞ കാര്യങ്ങള്‍ക്കുവേണ്ടി മനുഷ്യഭ്രൂണം നിര്‍മ്മിക്കുന്നത് മനുഷ്യജീവന്‍റെയും പ്രത്യുല്പാദനത്തിന്‍റെയും ലൈംഗികതയുടെയും മാഹാത്മ്യത്തിന് എതിരായ നീക്കമാണ്. പ്രത്യുല്പാദനം ഒരു ജൈവശാസ്ത്രപരമായ പ്രവൃത്തിമാത്രമല്ല, മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു സവിശേഷത കൂടിയാണ്. ക്ലോണിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍, ലൈംഗികതയുടെ പ്രത്യുല്പാദനപരമായ അര്‍ത്ഥം സ്നേഹത്തിന്‍റെ അര്‍ത്ഥത്തില്‍നിന്ന് വേര്‍തിരിക്കപ്പെടുകയാണ്. പ്രത്യുല്പാദനം നടക്കേണ്ടത്, ദമ്പതികള്‍ തമ്മിലുള്ള പൂര്‍ണ്ണമായ സംലയനത്തില്‍ നിന്നാണ്. ദാമ്പത്യബന്ധത്തിന്‍റെ ലക്ഷ്യം ജീവദായകവും സ്നേഹദായകവുമാണ്. ഇത് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദമ്പതികള്‍ സ്വന്തം ശരീരം പരസ്പരം ദാനം ചെയ്യുമ്പോള്‍ ഈ അര്‍ത്ഥങ്ങളാണ് അതില്‍ അടങ്ങിയിരിക്കുന്നത്. കുഞ്ഞുങ്ങള്‍ ജനിക്കേണ്ടത് ഈ സ്നേഹത്തില്‍നിന്നാണ്. എന്നാല്‍ മനുഷ്യഭ്രൂണത്തെ കൃത്രിമമായി നിര്‍മ്മിക്കുമ്പോള്‍ ഈ രണ്ട് അര്‍ത്ഥങ്ങളെ വേര്‍തിരിക്കുകയും വിവാഹജീവിതത്തെ തന്നെ നിരാകരിക്കുകയുമാണ് ചെയ്യുന്നത്. ക്ലോണിംഗില്‍ ലൈംഗികതയുടെ ആവശ്യമില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധത്തിനു പുറത്താണ് ഇവിടെ ജീവനുണ്ടാകുന്നത്. ഇത് പിതൃത്വവും മാതൃത്വവും നിഷേധിക്കുന്ന പ്രവൃത്തിയാണ്. ചുരുക്കത്തില്‍ മനുഷ്യജീവന്‍, ലൈംഗികത, വിവാഹം എന്നിവയ്ക്കെതിരായ പ്രവൃത്തിയാണ് ക്ലോണിംഗ്.
ക്ലോണിംഗ് ദൈവനിയമത്തിനും പ്രകൃതിനിയമത്തിനും എതിരായ പ്രവൃത്തിയാണ്. ഇത് "കൊല്ലരുത്" എന്ന പ്രമാണത്തിനും ലൈംഗികതയ്ക്കും എതിരാണ്. ക്ലോണിംഗിലൂടെ മനുഷ്യജീവനെ നിര്‍മ്മിച്ച് പിന്നീട് അവയെ നശിപ്പിക്കുന്നു. കൂടാതെ വിവാഹജീവിതത്തിന് പുറത്താണ് പ്രത്യുല്പാദനം നടക്കുന്നത്. ഇത് മനുഷ്യസ്വഭാവത്തിന് നിരക്കാത്തതാണ്.
മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ കത്തോലിക്കാസഭ ക്ലോണിംഗിനെ അനുകൂലിക്കുന്നില്ല. സാങ്കേതികവിദ്യകളും അതോടൊപ്പം മാര്‍ഗ്ഗങ്ങളും മനുഷ്യജീവനു മാഹാത്മ്യം കൊടുക്കുന്നവ ആയിരിക്കണം. മനുഷ്യജീവിതം ആരംഭിക്കുന്നത് ബീജസങ്കലനം നടക്കുന്ന നിമിഷം മുതലാണ്. സ്വാഭാവികമായും ഇതു നടക്കുന്നത് ദമ്പതികള്‍ പരസ്പരം ദാനം ചെയ്യുമ്പോഴാണ്. മനുഷ്യജീവന്‍ ഏതു രൂപത്തിലും ഭാവത്തിലും ഉള്ളതാണെങ്കിലും അതിനെ ബഹുമാനിക്കണം. മനുഷ്യജീവന്‍ എവിടെനിന്നു വന്നതാണെങ്കിലും മാര്‍ഗ്ഗം നല്ലതല്ലെങ്കിലും മഹത്ത്വവും ബഹുമാനവും അതിനു കൊടുക്കണം. ഭ്രൂണത്തിന്‍റെ ജീവിക്കുവാനുള്ള അവകാശത്തെ ആര്‍ക്കും നിഷേധിക്കുവാന്‍ അവകാശമില്ല. അതുകൊണ്ട് മനുഷ്യഭ്രൂണത്തെ നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള ക്ലോണിംഗിനെ എല്ലാസമയത്തും എല്ലാ സാഹചര്യങ്ങളിലും സഭ ശക്തമായി എതിര്‍ക്കുന്നു.
Cloning catholic malayalam mananthavady diocese Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206