x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

സഭ: ഘടനയും കൂട്ടായ്മയും

Authored by : Mar Joseph Pamplany On 26-Jan-2021

രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിനുമുമ്പുള്ള സഭാവിജ്ഞാനീയം 16-ാം നൂറ്റാണ്ടിലുണ്ടായ മത നവീകരണത്തോടുള്ള ഒരു പ്രതികരണമായിരുന്നു.

ഘടനാപ്രധാനമായ സഭാവിജ്ഞാനീയം 

മത നവീകരണക്കാര്‍ സഭയുടെ ആദ്ധ്യാത്മിക മാനങ്ങള്‍ക്ക് ആക്കം കൂട്ടുവാന്‍വേണ്ടി അതിന്‍റെ ദൃശ്യവും ഘടനാപരവുമായ വശങ്ങളെ നിരാകരിക്കയോ ന്യൂനീകരിക്കുകയോ ചെയ്തതിനാല്‍ കത്തോലിക്കാ സഭ ഈ രണ്ടാമത്തേതിന് അമിതമായ ഊന്നല്‍ കൊടുത്തു. അങ്ങനെ ഘടനാപ്രധാനമായ (institutionalistic) ഒരു സഭാ വിജ്ഞാനീയമായിത്തീര്‍ന്നു കത്തോലിക്കാസഭയുടേത്. സഭയുടെ നിര്‍വ്വചനം തന്നെ അതിന്‍റെ ഘടനാപരമായ വശത്തെ മുന്‍നിര്‍ത്തിയായി. വി. റോബര്‍ട്ട് ബല്ലാര്‍മിന്‍റെ നിര്‍വചനം നമുക്കു സുപരിചിതമാണ്. "ഒരേ ക്രിസ്തീയവിശ്വാസത്തെ ഏറ്റുപറയുകയും, ഒരേ കൂദാശയുടെ കൂട്ടായ്മയില്‍ പങ്കുചേരുകയും, നിയമാനുസൃതമായ അജപാലകരുടെ വിശേഷിച്ച് ക്രിസ്തുവിന്‍റെ ഭൂമിയിലെ ഏക പ്രതിപുരുഷനായ റോമായിലെ മാര്‍പ്പാപ്പയുടെ ഭരണത്തിനു വിധേയരാകുകയും ചെയ്യുന്ന മനുഷ്യരുടെ സമൂഹമത്രേ ഏകവും സത്യവുമായ സഭ". റോമന്‍ ജനസമൂഹവും ഫ്രാന്‍സ് രാജ്യവും വെനീസ് റിപ്പബ്ലിക്കുംപോലെ ദൃശ്യവും സ്പര്‍ശ്യവുമാണ് സഭാസമൂഹവും. ഈ സമൂഹത്തിന്‍റെ ഏറ്റവും വ്യക്തമായ മുഖമുദ്രയാകട്ടെ അതിലെ അധികാരസ്ഥാനം (hierarchy) ആണ്. ഹയരാര്‍ക്കിക്കും വിശിഷ്യ പാപ്പാസ്ഥാനത്തിനുമെതിരായുള്ള മതനവീകരണക്കാരുടെ മൂര്‍ച്ചയേറിയ അസ്ത്രങ്ങള്‍ ഇവയെ ഒന്നുകൂടി ഉയര്‍ത്തിപ്പിടിക്കുവാന്‍ സഭാധികാരികളെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്. പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ഭരിക്കുവാനും ക്രിസ്തുവില്‍നിന്നു ഹയരാര്‍ക്കിക്കു ലഭിച്ചിരുന്ന വിശിഷ്ടാധികാരമാണ് സഭയെ നിലനിര്‍ത്തുന്നത്. ഹയരാര്‍ക്കിയില്‍ നിന്നു ലഭിക്കുന്ന പ്രബോധനവും കൂദാശകളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് ജീവിക്കുകയാണ് അല്‍മായരുടെ ധര്‍മ്മം. ഈ വീക്ഷണം സഭയെ വൈദികഗണമെന്നും (clergy) അല്‍മായഗണമെന്നും (laity) രണ്ടായി തരംതിരിക്കുന്നു. പദവിയിലും അവകാശങ്ങളിലും അവര്‍ വ്യത്യസ്തരാണ്. "എല്ലാവിശ്വാസികള്‍ക്കും ഒരേ അവകാശങ്ങളുള്ള സമന്മാരുടെ ഒരു സമൂഹമല്ല ക്രിസ്തുവിന്‍റെ സഭ, അസമന്മാരുടെ ഒരു സമൂഹമാണത്. വിശ്വാസികളില്‍ കുറേപ്പേര്‍ വൈദികരും മറ്റുള്ളവര്‍ അത്മായരുമാണെന്നതു മാത്രമല്ല അതിലുപരി, വിശുദ്ധീകരിക്കാനും പഠിപ്പിക്കാനും ഭരിക്കാനുമുള്ള ദൈവദത്തമായ അധികാരം സഭയില്‍ ചിലര്‍ക്കുണ്ടെന്നതും മറ്റവര്‍ക്ക് ഇല്ലെന്നതുമാണ് ഇതിനാധാരം." വൈദികഗണത്തില്‍ത്തന്നെ ഉയര്‍ന്നവരും താഴ്ന്നവരുമുണ്ട്. ഫ്യൂഡലിസ്റ്റിക് സമ്പ്രദായത്തില്‍ അധിഷ്ഠിതമായിരുന്ന അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന ഉച്ചനീചത്വങ്ങള്‍ സഭയിലും ആവര്‍ത്തിക്കപ്പെട്ടു. ഈ വ്യവസ്ഥയുടെ മടിത്തട്ടില്‍തന്നെ ഉടലെടുത്ത സഭാവിജ്ഞാനീയം അതിനു സാധുതയും നല്‍കി.

ഘടനാപ്രധാനമായ ഈ സഭാവീക്ഷണം 19-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ അതിന്‍റെ മൂര്‍ദ്ധന്യത്തിലെത്തിയെന്നുപറയാം. ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിനുവേണ്ടി തയ്യാറാക്കിയ സഭയെ സംബന്ധിച്ച പ്രമാണരേഖയുടെ ഡ്രാഫ്റ്റ് ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. ഇതനുസരിച്ച്, സഭയാകുന്ന പൂര്‍ണ്ണസമൂഹത്തിന്‍റെ ഭരണഘടനതന്നെ ശാശ്വതമായി കര്‍ത്താവില്‍നിന്നു ലഭിച്ചിട്ടുള്ളതാണ്. പാപ്പാസ്ഥാനവും മെത്രാന്മാര്‍, വൈദികര്‍, ശെമ്മാശന്മാര്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കപ്പെട്ടിരിക്കുന്ന ഹയരാര്‍ക്കിയും ക്രിസ്തുനാഥന്‍തന്നെ സ്ഥാപിച്ചതാണ്. സഭാസൗധം ഒരു പിരമിഡ്പോലെയാണ്. ഏറ്റവും മുകളില്‍ മാര്‍പ്പാപ്പ, അതിനടിയില്‍ മെത്രാന്മാര്‍, പിന്നെ വൈദികര്‍, അതുകഴിഞ്ഞ് സന്യസ്തര്‍, ഏറ്റവും ഒടുവില്‍ അല്‍മേനികളും നിലകൊള്ളുന്നു. ഭരണസംവിധാനത്തിന്‍റെ മേല്‍ത്തട്ടിലുള്ള മാര്‍പ്പാപ്പായിലും അതുകഴിഞ്ഞാല്‍ മെത്രാന്മാരിലുമാണ് സഭയിലെ ദൈവദത്തമായ നിയന്ത്രണാധികാരവും പ്രവര്‍ത്തനാധികാരവുമെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. വൈദികരും അവരില്‍നിന്നു പങ്കുപറ്റിക്കൊണ്ട് ഈ അധികാരം അല്‍മായരുടെമേല്‍ പ്രയോഗിക്കുന്നു.  അധികാരമാണ് പൗരോഹിത്യത്തിന്‍റെ മുഖമുദ്ര. കൂദാശാപരികര്‍മ്മത്തില്‍  മാത്രമല്ല, പ്രബോധനത്തിലും അജപാലനത്തിലുമെല്ലാം ഈ അധികാരമാണ് പ്രവര്‍ത്തിക്കുന്നത്, കാര്യക്ഷമതയല്ല. പ്രബോധനത്തില്‍ സത്യം നിര്‍ണ്ണയിക്കപ്പെടുന്നത് അധികാരത്തിന്‍റെ അളവുകോല്‍ കൊണ്ടാണ്; ദൈവവിജ്ഞാനീയത്തിന്‍റെ അവഗാഹം കൊണ്ടല്ല. ദൈവവിജ്ഞാനീയത്തിന്‍റെ പ്രഥമമായ കടമ സഭ പഠിപ്പിക്കുകയും വിശ്വാസസത്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് ബൈബിളില്‍ നീതീകരണം കണ്ടുപിടിക്കയും അവയെ പിന്താങ്ങുകയുമായിരുന്നു. അങ്ങനെ സഭയിലെ അധികാരഘടനയ്ക്കും കൂദാശകളുടെ സ്ഥാപനത്തിനും മാര്‍പ്പാപ്പയുടെ അപ്രമാദിത്വത്തിനും മറിയത്തിന്‍റെ അമലോത്ഭവത്തിനും സ്വര്‍ഗ്ഗാരോപണത്തിനുമെല്ലാം ബൈബിളില്‍ തെളിവുകള്‍ കണ്ടുപിടിക്കുന്ന ഒരു പരിശ്രമമായിത്തീര്‍ന്നു ദൈവശാസ്ത്രം.

ഈ സഭാ വിജ്ഞാനീയത്തെ അതിന്‍റെ തനിമയില്‍ പ്രതിഫലിപ്പിക്കുവാന്‍ പോരുന്ന ഒന്നാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രാരംഭസമ്മേളനത്തിനു മുമ്പു തയ്യാറാക്കിയ സഭയെ സംബന്ധിക്കുന്ന ഡ്രാഫ്റ്റ്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് ബ്രൂജ് മെത്രാന്‍ എമില്‍ ദ് സ്മെഡ്റ്റ് (Emile De smedt)  പറയുകയുണ്ടായി, ക്ലെരിക്കലിസം (clericalism), ജൂറിഡിസിസം (Juridicism), ട്രയംഫലിസം (triumphalism) എന്നീ ത്രി പീഡകളാണ് ഈ ഡ്രാഫ്റ്റിനെ പ്രധാനമായും രോഗബാധിതമാക്കുന്നതെന്ന്. ഘടനാപ്രധാനമായ സഭാ വിജ്ഞാനീയത്തിന്‍റെയും മുഖ്യരോഗലക്ഷണങ്ങള്‍ ഇവതന്നെ. സഭാസൗധമാകുന്ന പിരമിഡിന്‍റെ മുകളില്‍ പൗരോഹിത്യത്തെയും താഴെ അല്‍മായരെയും പ്രതിഷ്ഠിച്ച് അധികാരത്തിന്‍റെയും അവകാശങ്ങളുടെയും ആസ്ഥാനം മുകളിലും വിഷയം താഴെയും കാണുന്നതാണെന്ന് പറയാം ക്ലരിക്കലിസം.

ഘടനാപ്രധാനമായ സഭാവിജ്ഞാനീയത്തിന്‍റെ മുഖ്യധാരകളാകേണ്ട അല്‍മായര്‍ ഇതുവഴി വെറും മൂകസാക്ഷികളായി മാറുന്നു. നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ചട്ടക്കൂട്ടില്‍ സഭാസമൂഹത്തെ ബന്ധിച്ചിടുന്നതാണെന്നു പറയാം ജൂറിഡിസിസം. പ്രബോധനങ്ങളുടെയും വിശുദ്ധീകരണത്തിന്‍റെയും അജപാലനത്തിന്‍റെയുമെല്ലാം ഫലദായതക്വം അന്തിമമായി നിര്‍ണ്ണയിക്കപ്പെടുന്നത് നിയമങ്ങളുടെ നിഷ്കൃഷ്ടമായ പാലനത്തിലത്രേ. ലോകത്തെ നല്ലതും ചീത്തയുമായി തരംതിരിച്ച്, നല്ല ലോകത്തിന്‍റെ പടനായകത്വവും, സത്യത്തിന്‍റെ കുത്തകാവകാശവും ഏറ്റെടുത്ത് വിജയാഹ്ലാദത്തോടെ മുന്നേറുന്ന മനോഭാവത്തിന് ട്രയംഫലിസം എന്ന് പറയാമെന്നു തോന്നുന്നു.  ഘടനാപ്രധാനമായ സഭയുടെ പ്രസ്താവനകളിലും ആഘോഷങ്ങളിലും കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ഒരു മനോഭാവമായിരുന്നു ഇതെന്നു വേണം പറയുവാന്‍.

ഘടനയും അധികാരവും സ്ഥാപനങ്ങളുമൊന്നു സഭയ്ക്ക് ആവശ്യമില്ലെന്നല്ല ഈ വിശകലനത്തിനര്‍ത്ഥം. ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്‍റെ രക്ഷാകര പ്രവൃത്തി വഴി രക്ഷിക്കപ്പെട്ടവരും ലോകത്തില്‍ ജീവിക്കുന്നവരുമായ വിശ്വാസികളുടെ സമൂഹമാണ് സഭയെങ്കില്‍, അതിന് ഘടയും സ്ഥാപനങ്ങളും അധികാരവുമെല്ലാം ആവശ്യമാണ്. മനുഷ്യജീവിതത്തിന്‍റെ സാമൂഹ്യസ്വഭാവം തന്നെ അതാവശ്യപ്പെടുന്നുണ്ട്. അവ കൂടാതെ തന്‍റെ ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാന്‍ സഭയ്ക്കു കഴിയുകയില്ല. സഭയുടെ ആരംഭം മുതല്‍ ഇവയൊക്കെയുണ്ടായിരുന്നുതാനും. ഘടനാപ്രധാനമായ സഭാവിജ്ഞാനീയത്തെ എതിര്‍ക്കുന്ന ചിലര്‍ മറന്നു പോകുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. എന്നാല്‍, സഭാവിജ്ഞാനീയത്തില്‍ ഇവയ്ക്കു മുഖ്യമായ ഊന്നല്‍ കൊടുക്കുന്നിടത്താണ് പ്രശ്നങ്ങള്‍ ആരംഭിക്കുക. ഘടന വിശ്വാസികളുടെ കൂട്ടായ്മയായ സഭയ്ക്കുവേണ്ടിയാകണം. സഭ ഘടനയ്ക്കുവേണ്ടിയാകരുത്. ഘടനാപ്രധാനമായി സഭയെകാണുന്നത് സഭയ്ക്ക് ആവശ്യമായ ഘടനയെ സംബന്ധിച്ചിടത്തോളം ദോഷമായിരിക്കും ചെയ്യുക.

ഇതു മനസ്സിലാക്കിയ ദൈവശാസ്ത്രജ്ഞന്മാര്‍ സഭാ വിജ്ഞാനീയത്തിന് കൂടുതല്‍ ബലവത്തായ അടിത്തറ കണ്ടുപിടിക്കുവാന്‍ വേണ്ടിയുള്ള ശ്രമങ്ങളില്‍ നേരത്തേതന്നെ മുഴുകിയിരുന്നു. എങ്കിലും രണ്ടാം വത്തിക്കാന്‍ സൂനഹദോസോടുകൂടിയാണ് അവരുടെ പരിശ്രമങ്ങള്‍ ആഗോളശ്രദ്ധ ആകര്‍ഷിച്ചതും അംഗീകാരം നേടിയതുമെന്നു പറയാം. ജോണ്‍ മാര്‍പ്പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയതു തന്നെ പ്രധാനമായും സഭയുടെ അന്തഃസത്തയെയും ദൗത്യത്തെയും പറ്റിയുള്ള ധാരണയും അവബോധവും നവീകരിക്കുവാനായിരുന്നു. കൗണ്‍സിലിന്‍റെ പ്രഥമശ്രദ്ധ സഭയെപ്പറ്റിയാണെന്ന് "എക്ലേസിയാം സൂആം" (Eaclesiam suam) എന്ന തന്‍റെ ഒന്നാമത്തെ ചാക്രികലേഖനത്തില്‍ ആറാം പോള്‍ മാര്‍പാപ്പായും വ്യക്തമാക്കുകയുണ്ടായി. സഭാ വിജ്ഞാനീയ നവീകരണത്തിന് നിര്‍ണ്ണായകമായ പ്രചോദനം നല്‍കിയത് ജോണ്‍ മാര്‍പാപ്പതന്നെയായിരുന്നു. ഈ നവീകരണത്തിനുള്ള ചില മാനദണ്ഡങ്ങളും തന്‍റെ ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം നല്‍കുകയുണ്ടായി. ചരിത്രത്തെ ജീവിതത്തിന്‍റെ ഗുരുനാഥയായി സ്വീകരിക്കാനും വിശ്വാസത്തിന്‍റെയും ദൈവശാസ്ത്രങ്ങളുടെയും ആവിഷ്ക്കരണ രൂപങ്ങളിലെ ചരിത്രപരതയെ അംഗീകരിക്കാനും കൗണ്‍സില്‍ പിതാക്കന്മാരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ദൈവശാസ്ത്ര പരിചിന്തനത്തിലും, സഭാ ജീവിത നവീകരണത്തിലും, ഉറവിടങ്ങളായ ബൈബിളിലേക്കും സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങളിലേക്കും തിരിച്ചു പോകുന്നതോടൊപ്പം, കാലത്തിന്‍റെ അടയാളങ്ങളെയും ആധുനിക മനുഷ്യന്‍റെ ആവശ്യങ്ങളെയും കണക്കിലെടുക്കേണ്ടതുണ്ടെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവ ലോകത്തിന്‍റെയും മനുഷ്യകുലത്തിന്‍റെയും ഐക്യം കൗണ്‍സിലിന്‍റെ മറ്റൊരു സുപ്രധാന ലക്ഷ്യമായി അദ്ദേഹം പ്രഖ്യാപിച്ചു. ജോണ്‍ മാര്‍പാപ്പ നല്കിയ ഈ മാനദണ്ഡങ്ങളുടെയും കൗണ്‍സിലിന്‍റെ ആദ്യത്തെ സമ്മേളനത്തില്‍തന്നെ പ്രകടമായ പുതിയൊരു സഭാവീക്ഷണത്തിന്‍റെയും വെളിച്ചത്തില്‍, സഭയെപ്പറ്റി തയ്യാറാക്കപ്പെട്ടിരുന്ന ആദ്യത്തെ ഡ്രാഫ്റ്റ് കൗണ്‍സില്‍ അപ്പാടെ തള്ളിക്കളഞ്ഞു. കാരണം, സഭാഘടനയ്ക്കും ഹയരാര്‍ക്കിയ്ക്കും അമിതപ്രാധാന്യം നല്‍കുന്ന നെയോ സ്കൊളാസ്റ്റിക് സഭാവിജ്ഞാനീയത്തിന്‍റെ ഒരു സംക്ഷേപമായിരുന്നു ഈ ആദ്യത്തെ ഡ്രാഫ്റ്റ്. മാര്‍പാപ്പയുടേയും കൗണ്‍സിലിന്‍റെയും ചിന്താഗതിയെ വ്യക്തമാക്കുന്ന മറ്റൊരു സംഭവവും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. അടുത്ത കാലംവരെ അപകടകാരികളായി സംശയിക്കപ്പെടുകയും വിലക്കുകള്‍ക്കു വിധേയരാകുകയും ചെയ്തിരുന്ന പല ദൈവശാസ്ത്രജ്ഞന്മാരും കൗണ്‍സില്‍ വിദഗ്ധന്മാരായി നിയമിക്കപ്പെട്ടതാണ് ഈ സംഭവം. ദൈവശാസ്ത്രത്തിന്‍റെയും സഭാനവീകരണത്തിന്‍റെയും പുതിയ ചക്രവാളങ്ങളിലേക്ക് നീങ്ങുവാനുള്ള സഭയുടെ അദമ്യമായ അന്തര്‍ദാഹമാണ് ഇവിടെ നാം ദര്‍ശിക്കുക.

കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവന്ന സഭയെപ്പറ്റിയുള്ള അടുത്ത ഡ്രാഫ്റ്റുകള്‍ പല പുതിയ ഉള്‍ക്കാഴ്ചകളും നല്‍കുന്നവയാണ്. സഭയെ പുതിയൊരു വെളിച്ചത്തിലൂടെ കാണുവാന്‍ കൗണ്‍സില്‍ പിതാക്കന്മാര്‍ക്ക് അവ ഉത്തേജനം നല്‍കി. ഈ ഡ്രാഫ്റ്റുകളുടെ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ മാറ്റങ്ങളും തിരുത്തലുകളും പലതുണ്ടാ യെങ്കിലും പുതിയതായി ലഭിച്ച ഉള്‍ക്കാഴ്ചകളെ ഒന്നിനൊന്നിന് ആഴമാക്കുകയും ഉറപ്പിക്കുകയുമാണ് അവ ചെയ്തത്. 1964 നവംബര്‍ 21-ാം തീയതി മഹാഭൂരിപക്ഷത്തോടെ കൗണ്‍സില്‍ പാസ്സാക്കിയ സഭയെപ്പറ്റിയുള്ള പ്രമാണരേഖ അങ്ങനെ തിരുസഭാചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായമാണ് തുറന്നിരിക്കുന്നത്. ഈ പ്രമാണരേഖ കൂടുതലും സഭയുടെ ആന്തരിക സ്വഭാവത്തെയും മാനങ്ങളെയും പറ്റിയത്രേ പ്രതിപാദിക്കുന്നത്. സഭ ആധുനികലോകത്തില്‍ എന്ന സഭയെപ്പറ്റിയുള്ള രണ്ടാമത്തെ പ്രമാണരേഖയാകട്ടെ സഭയും ലോകവും തമ്മിലുള്ള ബന്ധത്തെയാണ് പ്രതിപാദ്യവിഷയമാക്കിയിരിക്കുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കുശേഷം കൗണ്‍സില്‍ പാസ്സാക്കിയ ഈ പ്രമാണരേഖ ലോകത്തോടുള്ള സഭയുടെ സമീപനത്തിനും പുതിയൊരു ശൈലി കുറിക്കുന്നതാണ്. ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, ഈ രണ്ടു പ്രമാണരേഖകളിലും പ്രതിഫലിക്കുന്ന സഭാവിജ്ഞാനീയപരമായ ഉള്‍കാഴ്ചകളെയും വീക്ഷണങ്ങളെയും ആസ്പദമാക്കിയാണ് കൗണ്‍സിലിനു ശേഷമുള്ള സഭാവിജ്ഞാനീയം വളര്‍ന്നിട്ടുള്ളത്. അതിനാല്‍ കൗണ്‍സില്‍ രേഖകളില്‍ കാണുന്ന സഭാവിജ്ഞാനീയപരമായ മുഖ്യധാരകളെ പിന്തുടര്‍ന്നുകൊണ്ട് പുതിയ ആഭിമുഖ്യങ്ങളിലേക്കു വെളിച്ചം വീശുവാന്‍ കഴിയുമെന്നു കരുതുന്നു.

ബൈബിളില്‍നിന്നെടുത്ത അനവധിരൂപകങ്ങളും പ്രതീകങ്ങളും കൗണ്‍സില്‍ രേഖകളില്‍ സഭയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി, രക്ഷയുടെ കൂദാശ, ദൈവജനം, വിശുദ്ധജനം, പുതിയ ഉടമ്പടിയുടെ ജനം, ദൈവത്തിന്‍റെ കുടുംബം, മനുഷ്യരുടെ മധ്യേയുള്ള ദൈവത്തിന്‍റെ വാസസ്ഥലം, വിശുദ്ധ നഗരം, പരിശുദ്ധാരൂപിയുടെ ആലയം, ക്രിസ്തുവിന്‍റെ മണവാട്ടി, ക്രിസ്തുവിന്‍റെ ശരീരം, മൗതികശരീരം, ക്രിസ്തുവിന്‍റെ മൗതികശരീരം, ക്രിസ്തുവിന്‍റെ പൂര്‍ണ്ണത, മാതാവ്, മാതാവും കന്യകയും, ആട്ടിന്‍പറ്റം, ദൈവത്തിന്‍റെ മുന്തിരിത്തോട്ടം തുടങ്ങിയവ. ഇവയുടെ വിശദമായ ഒരു വ്യാഖ്യാനം ഇവിടെ ഉദ്ദേശിക്കുന്നില്ല. ചില പ്രതീകങ്ങളെ സഭാവിജ്ഞാനീയത്തിലെ അടിസ്ഥാനാശയങ്ങളായി കൗണ്‍സില്‍ ഉദ്ദേശിച്ചിട്ടുമില്ലല്ലോ. എന്നാല്‍ സഭയെ സംബന്ധിച്ച കൗണ്‍സിലിന്‍റെ മുഖ്യമായ ചില ചിന്താധാരകള്‍ ഇപ്പറഞ്ഞ മിക്ക പ്രതീകങ്ങളിലും രൂപകങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഈ മുഖ്യ ചിന്താധാരകളെപ്പറ്റി മാത്രമായിരിക്കും ഇവിടെ പ്രതിപാദിക്കുക. ക്രമബദ്ധമായ ഒരു പ്രതിപാദനത്തില്‍ ലഘൂകരണങ്ങള്‍ ഉണ്ടാകുക സ്വഭാവികമാണല്ലോ. അതു ക്ഷന്തവ്യമാണെന്നു കരുതുന്നു.

 സഭയെന്ന കൂട്ടായ്മ

ഘടനാ പ്രധാനമായ സഭാവിജ്ഞാനീയത്തില്‍ വളരെയധികം അവഗണിക്കപ്പെട്ട ഒന്നാണ് സഭ പരിശുദ്ധാരൂപിയില്‍ ഒന്നിക്കപ്പെട്ട വിശ്വാസികളുടെ കൂട്ടായ്മ (Communio Koinonia) ആണെന്ന സത്യം. ഇതിനാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഏറ്റവുമധികം ഊന്നല്‍ കൊടുത്തതും. സഭയെ സംബന്ധിച്ച കൗണ്‍സിലിന്‍റെ അടിസ്ഥാന ചിന്തതന്നെ ഇതാണെന്നു പറയാം. ഈ കൂട്ടായ്മ ബാഹ്യമായി പ്രകാശിക്കപ്പെടുന്നത് കൗദാശികവും ഘടനാപരവുമായ മാനങ്ങളിലൂടെയാണെങ്കിലും സഭയുടെ അന്തഃസത്ത ഈ കൂട്ടായ്മതന്നെയാണ്. അതിനാല്‍ സഭയെ മനസ്സിലാക്കേണ്ടത് പ്രഥമവും പ്രാധാനവുമായി അതിന്‍റെ ഘടനയില്‍നിന്നോ ഹയരാര്‍ക്കിയില്‍നിന്നോ അല്ല, പ്രത്യുത ഘടനയും ഹയരാര്‍ക്കിയുമെല്ലാം ഉള്‍ക്കൊള്ളുന്ന വിശ്വാസികളുടെ കൂട്ടായ്മയില്‍നിന്നാണ്. യേശുവിന്‍റെ അരൂപിയില്‍ രൂപംകൊണ്ടിരിക്കുന്ന ഈ കൂട്ടായ്മയിലെ മൗലികമായ ബന്ധം 'Communio' അഥവാ സ്നേഹവും പങ്കുചേരലും, സ്വയം ദാനവുമത്രേ. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, അതു പരിശുദ്ധാരൂപിതന്നെ. മൗലികമായി ഈ കൂട്ടായ്മയിലുള്ള എല്ലാവരും പദവിയിലും അവകാശങ്ങളിലും തുല്യരാണ്. പരിശുദ്ധാരൂപിയില്‍ ദൈവത്തോടും പരസ്പരവും ഐക്യപ്പെട്ട വിശ്വാസികള്‍ക്കിടയില്‍ സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയുമല്ലാത്ത പദവികള്‍ക്കും മുന്‍ഗണനകള്‍ക്കും സ്ഥാനമില്ലല്ലോ. സഭയെപ്പറ്റിയുള്ള ഈ വീക്ഷണത്തിന്‍റെ ഉറവിടം യേശുവിന്‍റെ പ്രബോധനവും മാതൃകയും തന്നെയാണ്. ഭൗതികസമൂഹത്തിന്‍റെ മാറ്റംമറിച്ചിലുകള്‍ക്കിടയില്‍ സഭയില്‍തന്നെ അവഗണിക്കപ്പെട്ട ഈ സത്യത്തെ വീണ്ടും ക്രിസ്തീയാവബോധത്തിലേക്കു കൊണ്ടുവന്നത്, മനുഷ്യന്‍റെ മൗലികമഹത്വത്തേയും ജനാധിപത്യമൂല്യങ്ങളെയുംപറ്റി ഭൗതികസമൂഹത്തില്‍തന്നെയുണ്ടായ നവോത്ഥാനമാണെന്നു വേണം പറയുവാന്‍. മനുഷ്യജീവിതത്തെപ്പറ്റിയുള്ള സമൂഹശാസ്ത്രത്തിന്‍റെ പഠനങ്ങള്‍ ഇതിനെ വളരെയധികം സഹായിക്കുകയും ചെയ്തു. സമൂഹജീവിതത്തെ വിശകലനം ചെയ്തുകൊണ്ട് 1887-ല്‍ ഫെര്‍ഡിനാന്‍ഡ് റ്റോയ്നീസ് എഴുതിയ "കൂട്ടായ്മയും സംഘടനയും" (Gemeinschaft and Gesellschaft) എന്ന പുസ്തകം സാമൂഹ്യശാസ്ത്രത്തിന് ഒരു വിലപ്പെട്ട സംഭാവനയായിരുന്നു. വ്യക്തമായ ഘടനകളോടും നിയമങ്ങളോടും അധികാരസ്ഥാനങ്ങളോടും കൂടിയ സമൂഹത്തെയാണ്  "സംഘടന" (Gesellschaft) എന്ന പദംകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. നിയതമായ ചട്ടക്കൂടുകളില്ലാത്ത പരസ്പരമുള്ള വ്യക്തിബന്ധങ്ങളാല്‍ മാത്രം നിബന്ധിതമായ സമൂഹത്തിന് കൊടുത്ത പേരാണ് 'കൂട്ടായ്മ' (Gemeinchaft). ഏതാണ്ട് ഈ ആശയംതന്നെയാണ് ചാള്‍സ് എച്ച്. കൂലി എന്ന സാമൂഹ്യസാസ്ത്രജ്ഞന്‍ "സോഷ്യല്‍ ഓര്‍ഗനൈസേഷന്‍" എന്ന തന്‍റെ പുസ്തകത്തില്‍ "പ്രഥമ സമൂഹങ്ങള്‍" (primary groups) "ദ്വിതീയ സമൂഹങ്ങള്‍" (Secondary groups) എന്ന തരംതിരിവുകൊണ്ടും ഉദ്ദേശിച്ചത്. സഭയുടെ അന്ത:സത്തയെ കുറിക്കുവാന്‍ ഈ വിവേചനം വളരെ പ്രയോജനകരമാണെന്ന് പല ദൈവശാസ്ത്രജ്ഞന്മാര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. ഇവിടെനിന്നും പ്രചോദനം ഉള്‍ക്കൊണ്ട റുഡോള്‍ഫ് സോം, എമില്‍ ബ്രൂണര്‍ തുടങ്ങിയ പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞന്മാര്‍ സഭയുടെ ഘടനാപരകമായ വശങ്ങളെ പരിപൂര്‍ണ്ണമായി നിരാകരിച്ചു. സഭ അവരുടെ വീക്ഷണത്തില്‍ നിയമങ്ങളോ ഘടനയോ കൂദാശകളോ, നേത്യത്വമോ ഇല്ലാത്ത വെറുമൊരു സാഹോദര്യം മാത്രമാണ്. ഘടനാപരമായ വശങ്ങളെ നിഷേധിക്കാതെതന്നെ സഭയുടെ കൂട്ടായ്മ സ്വഭാവത്തിന് വളരെയേറെ പ്രാധാന്യം കൊടുത്ത  ഒരു പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞനാണ് ഡീട്രിക് ബോണ്‍ഹോഫര്‍. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ നിയമത്താലും ഘടനയാലും നിബന്ധിതമായ ബന്ധങ്ങളല്ല, പ്രത്യുത സ്നേഹത്തിന്‍റെ സ്വയം ദാനത്തിലും ശൂന്യവല്‍ക്കരണത്തിലും ഉദയം ചെയ്യുന്ന ഉദാത്ത ബന്ധങ്ങളാണ് സഭാസമൂഹത്തിലെ അംഗങ്ങളെ തമ്മില്‍ സംയോജിപ്പിക്കുന്നത്.

ഈ ചിന്താഗതി പിന്തുടര്‍ന്ന ആദ്യത്തെ കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്‍ ആര്‍നോള്‍ഡ് റാഡെമാഖര്‍ ആണെന്നുപറയാം. "കൂട്ടായ്മയും സംഘടനയുമായ സഭ" (Die Kirche als Gemeinschaft und Gesellschaft) എന്ന പുസ്തകത്തില്‍, സഭയുടെ അന്ത:സത്തയെ കൂട്ടായ്മയായും ബാഹ്യരൂപത്തെ സംഘടനയായും റാഡെമാഖര്‍ കാണുന്നു. ദൈവരാജ്യമെന്നും വിശുദ്ധരുടെ ഐക്യമെന്നും വിശേഷിപ്പിക്കാവുന്ന യഥാര്‍ത്ഥ സഭ കൂട്ടായ്മയാണ്, സംഘടനയല്ല. വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സഭാവിജ്ഞാനീയത്തെ ഏറെ സ്വാധീനിച്ച ഈവസ് കോണ്‍ഗാര്‍ (Yeves Congar), ജറോം ഹാമര്‍ (Jerome Hamer) എന്നീ ദൈവശാസ്ത്രജ്ഞന്മാരും കൂട്ടായ്മയെ കേന്ദ്രീകരിച്ച ഒരു സഭാവിജ്ഞാനീയത്തിന്‍റെ വക്താക്കളാണ്. "രക്ഷയുടെ സമൂഹം", "രക്ഷയുടെ സ്ഥാപനം" എന്നീ രണ്ടു വശങ്ങളിലൂടെയാണ് കോണ്‍ഗാര്‍ സഭയെ കാണുന്നത്. ആദ്യത്തേത്, ദൈവത്തോടും പരസ്പരമുള്ള വ്യക്തികളുടെ യേശുവിലുള്ള കൂട്ടായ്മയത്രേ. രണ്ടാമത്തേതാകട്ടെ ഈ കൂട്ടായ്മയുടെ ഉത്ഭവത്തിനും വളര്‍ച്ചയ്ക്കുമുള്ള ഉപാധികളുടെ ആകെത്തുകയും. ആത്യന്തികമായി സഭ രക്ഷയുടെ സ്ഥാപനമല്ല, സമൂഹമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ വ്യക്തികളുടെ കൂട്ടായ്മയാണ്. അല്പവ്യത്യാസങ്ങളോടെ ഹാമര്‍ സ്വീകരിക്കുന്ന നിലപാടും ഏതാണ്ട് ഇതുതന്നെ. പക്ഷേ സഭയെ സാമൂഹികശാസ്ത്രത്തിന്‍റെ വീക്ഷണത്തിലൂടെ ഒരു കൂട്ടായ്മയായി മാത്രം കണ്ടാല്‍പ്പോരാ. സഭയിലെ കൂട്ടായ്മ വ്യക്തികള്‍ തമ്മിലുള്ള സ്നേഹബന്ധത്തില്‍ മാത്രമല്ല, പ്രത്യുത പിതാവ് പുത്രനില്‍ ആവിഷ്കരിച്ച് പരിശുദ്ധാരൂപിയിലൂടെ പകര്‍ന്നു തരുന്ന ദൈവികജീവനിലാണ് അധിസ്ഥിതമായിരിക്കുന്നത്. ബാഹ്യവും ദൃശ്യവുമായ വശങ്ങളും സഭാസമൂഹത്തിന്‍റെ ഒരവശ്യഘടകം തന്നെ. എന്നാല്‍ പരിശുദ്ധാത്മാവിലുള്ള കൂട്ടായ്മയില്‍ വേണം അവ വേരുറയ്ക്കുവാന്‍.

സഭയുടെ ഈ കൂട്ടായ്മസ്വഭാവത്തെ വിശേഷവിധമായി പ്രകാശിപ്പിക്കുവാനാണ് ദൈവജനമായും  ക്രിസ്തുവിന്‍റെ ശരീരവുമായും വത്തിക്കാന്‍ കൗണ്‍സില്‍ സഭയെ ചിത്രീകരിച്ചത്. ബൈബിളില്‍തന്നെ ആഴത്തില്‍ വേരൂന്നിയിട്ടുള്ള രണ്ടു പ്രതീകങ്ങളാണ് ഇവ. പഴയനിയമത്തില്‍ ഇസ്രായേല്‍ ദൈവത്തിന്‍റെ  തിരഞ്ഞെടുക്കപ്പെട്ട ജനമായിട്ടാണല്ലോ കണക്കാക്കപ്പെട്ടിരുന്നത്. പുതിയനിയമം പലപ്പോഴും സഭയെ പുതിയ ഇസ്രായേലും പുതിയ ഉടമ്പടിയിലെ ദൈവജനവുമായി വിശേഷിപ്പിക്കാറുണ്ട് (റോമ 9:2126; ഹെബ്രാ 8:10; യാക്കോബ് 1:1; 1 പത്രോ 2:9). ഈ ചിന്താധാരയില്‍ത്തന്നെയാണ് കൗണ്‍സിലും സഭയെ ദൈവത്തിന്‍റെ ജനമായി അവതരിപ്പിക്കുന്നത്. സഭയെ സംബന്ധിച്ച പ്രമാണരേഖയുടെ രണ്ടാം അധ്യായത്തിനു കൊടുത്തിരിക്കുന്ന തലക്കെട്ടുതന്നെ "ദൈവത്തിന്‍റെ ജനം" എന്നാണ്. ഹയരാര്‍ക്കിയെപ്പറ്റി പ്രതിപാദിക്കുന്ന മൂന്നാം അധ്യായത്തിനുമുമ്പ് ദൈവജനത്തെപ്പറ്റിയുള്ള ഈ അധ്യായം ചേര്‍ത്തതുതന്നെ ദൈവശാസ്ത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വസ്തുതയാണ്. ദൈവജനത്തിന്‍റെ വിശേഷ സ്വഭാവമാണ് കൂട്ടായ്മ. പ്രമാണരേഖ അത് പലവട്ടം എടുത്തുപറയുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി: "മനുഷ്യരെ ശാരീരികമായി  മാത്രമല്ല, അരൂപിയില്‍ക്കൂടി ഒന്നിപ്പിക്കാനും അങ്ങനെ അവര്‍ ദൈവത്തിന്‍റെ പുതിയ ജനമായിത്തീരാനും വേണ്ടി യൂദരില്‍നിന്നും പുറജാതിയില്‍നിന്നും അവരെ വിളിച്ചുകൂട്ടിക്കൊണ്ടാണ്" യേശുനാഥന്‍ പുതിയ ഉടമ്പടിയും സഭയും സ്ഥാപിച്ചത്. ദൈവജനത്തിന്‍റെ "നിയമമാകട്ടെ ക്രിസ്തുനാഥന്‍ നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കുക എന്ന പുതിയ കല്പനയാണ്"; "ഇവരെ ജീവന്‍റെയും സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സമ്പര്‍ക്കത്തില്‍ (കൂട്ടായ്മയില്‍) ഒരു സമൂഹമായിട്ടാണ് ക്രിസ്തു സ്ഥാപിച്ചത്." ദൈവജനത്തിന്‍റെ വിവരണത്തില്‍ കത്തോലിക്കാ സഭയെയാണ് കൗണ്‍സില്‍ മുഖ്യമായും ഉദ്ദേശിക്കുന്നതെങ്കിലും രണ്ടിനെയും അതു സമീകരിക്കുന്നില്ല. ഘടനാപരമായ ഏതെങ്കിലും യാഥാര്‍ത്ഥ്യവുമായി ദൈവജനത്തിന് അത് അനന്യത കല്പിക്കുന്നുമില്ല. കൂട്ടായ്മയായ സഭ സ്ഥാപനാകാരമായ സഭയെക്കാളും വിസ്തൃതമാണ്. മറ്റ് ക്രൈസ്തവസഭാംഗങ്ങളും അക്രൈസ്തവര്‍പോലും ദൈവജനവുമായി പലതരത്തില്‍ ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്.

സഭയുടെ കൂട്ടായ്മാ സ്വഭാവത്തെ സൂചിപ്പിക്കാന്‍ കൗണ്‍സില്‍ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന പ്രതീകമാണ് "ക്രിസ്തുവിന്‍റെ ശരീരം". വിവിധ അംഗങ്ങളോടു കൂടിയതും ദൈവികമായ ജീവസ്സാരത്താല്‍ ചൈതന്യവത്കരിക്കപ്പെടുന്നതുമായ ഒരു ശരീരമായിട്ടാണ് സഭയെ ഇവിടെ സങ്കല്പിക്കുന്നത്. വി. പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കും കോറിന്തോസുകാര്‍ക്കുമെഴുതിയ ലേഖനങ്ങളില്‍ സഭയെ ക്രിസ്തുവിന്‍റെ ശരീരമായി സങ്കല്പിച്ചിരിക്കുന്നത് കാണാം (റോമാ 12:4-5; 1 കോറി 12:12-27). സഭാംഗങ്ങള്‍ക്കിടയിലൂണ്ടായിരിക്കേണ്ട പരസ്പരൈക്യം, സ്നേഹം, സേവനമനോഭാവം, പങ്കുചേരല്‍ ഇതൊക്കെ സൂചിപ്പിക്കുകയായിരുന്നു പൗലോസിന്‍റെ ലക്ഷ്യം. എഫേസോസുകാര്‍ക്കും കൊളോസോസുകാര്‍ക്കുമെഴുതപ്പെട്ട ലേഖനങ്ങളിലും ഈ പ്രതീകം കാണുന്നുണ്ടെങ്കിലും (എഫേ 1:23, 4:15-16, 5:30; കൊളോ 1:18-2:19). അവിടെ ലേഖകന്‍ ഊന്നല്‍ കൊടുക്കുന്നത് ക്രിസ്തു സഭയുടെ ശിരസും സഭ ക്രിസ്തുവിനു വിധേയവുമാണെന്ന ആശയത്തിനാണ്. പൗലോസിന്‍റെ ചിന്താരീതിതന്നെ അവലംബിച്ചുകൊണ്ട് സഭാപിതാക്കന്മാരും സഭയെ ക്രിസ്തുവിന്‍റെ ശരീരമായി പലയിടത്തും ചിത്രീകരിച്ചിട്ടുണ്ട്. ക്രിസ്തുവിന്‍റെ പ്രസാദവരത്താല്‍ ജീവിക്കുന്ന സഭാംഗങ്ങളുടെ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ബന്ധത്തിനാണ് അവരും ഊന്നല്‍ കൊടുത്തത്. വി. തോമസ് അക്വീനാസിന്‍റെ ദര്‍ശനത്തില്‍, ശിരസ്സായ ക്രിസ്തുവില്‍നിന്നു പ്രവഹിക്കുന്ന പ്രസാദവരത്താല്‍ ദൈവവുമായി ഐക്യപ്പെട്ടിരിക്കുന്ന എല്ലാവരും കൂടിയതാണ് സഭ. അതിനാല്‍ ക്രിസ്തുവിന്‍റെ ശരീരത്തെ അദ്ദേഹം കാണുന്നത് പ്രഥമവും പ്രധാനവുമായി ഘടനാപരവും ദൃശ്യവുമായ ഒരു സമൂഹമായിട്ടല്ല, പ്രത്യുത ഒരു കൂട്ടായ്മയായിട്ടാണ്.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ബൈബിളിന്‍റെയും സഭാപിതാക്കന്മാരുടെ ചിന്തകളുടെയും ചൂവടുപിടിച്ച് സഭാവിജ്ഞാനീയത്തെ നവീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായി. ബല്‍ജിയംകാരനും ജസ്യൂട്ട് വൈദികനുമായ എമില്‍ മേര്‍ഷന്‍റെ (Emil Merseh) പേരാണ് ഇവിടെ വിശേഷിച്ച് എടുത്തു പറയേണ്ടിയിരിക്കുന്നത്. സഭയെ മൗതികശരീരമായി കാണുന്ന സഭാവിജ്ഞാനീയത്തിന് തുടക്കംകുറിച്ചത് അദ്ദേഹമാണ്. ഇത് ബൈബിളില്‍ അധിഷ്ഠിതമായ ഒരു ആശയമാണെങ്കിലും, സഭാവിജ്ഞാനീയത്തിന്‍റെ മുഖ്യചിന്താധാരയായി അന്നുവരെ ആരും അതിനെ പ്രയോജനപ്പെടുത്തിയിരുന്നില്ല. ഘടനാപ്രധാനമായ സഭാവിജ്ഞാനീയം സഭയെ പൂര്‍ണ്ണസമൂഹമായ ഒരു ഭൗമികരാജ്യത്തോട് ഉപമിച്ചെങ്കിലും മേര്‍ഷ് സഭയെ ഉപമിച്ചത് ജീവനുള്ള ഒരു ശരീരത്തോടാണ്. ഈ ശരീരത്തിലെ വിവിധ അംഗങ്ങള്‍ ശിരസ്സുമായും പരസ്പരം ഐക്യപ്പെട്ടിരിക്കുന്നതുപോലെ സഭയാകുന്ന മൗതിക ശരീരത്തിലെ അംഗങ്ങള്‍ ശിരസ്സായ ക്രിസ്തുവുമായും തമ്മില്‍ തമ്മിലും ഐക്യപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്‍റെ ജീവനില്‍ പങ്കുചേര്‍ന്നുകൊണ്ടു ജീവിക്കുന്ന ഇവരുടെ ക്രിസ്തുവുമായും തമ്മില്‍ തമ്മിലുമുള്ള ഐക്യമാണ് മൗതിക  ശരീരമായ സഭ. ഈ സഭയെ ജ്ഞാനസ്നാനം സ്വീകരിച്ചവരും നിയമാനുസൃതരായ അജപാലകരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് ജീവിക്കുന്നവരുമായ വിശ്വാസികളുടെ ദൃശ്യസമൂഹത്തില്‍നിന്നു വ്യത്യസ്തമായി കാണേണ്ടിയിരിക്കുന്നു.

മേര്‍ഷിന്‍റെ ആശയങ്ങള്‍ക്ക് അനുകൂലമായ പ്രതികരണങ്ങള്‍ പലയിടത്തുമുണ്ടായി. ഈ ആശയങ്ങളുടെ ഏറ്റവും ഉന്നതമായ അംഗീകാരമായിരുന്നു 1943-ല്‍ 12-ാം പീയൂസ് മാര്‍പാപ്പ പുറപ്പെടുവിച്ച "മിസ്റ്റിസി കോര്‍പൊറീസ്" എന്ന ചാക്രികലേഖനം. യേശുക്രിസ്തുവിന്‍റെ സത്യസഭയെ-ഏറ്റവും പരിശുദ്ധവും കാതോലികവും അപ്പസ്തോലികവുമായ റോമന്‍ സഭയെ-നിര്‍വചിക്കയോ വിശേഷിപ്പിക്കയോ ചെയ്യാന്‍ യേശുക്രിസ്തുവിന്‍റെ മൗതികശരീരമെന്ന സംജ്ഞയെക്കാള്‍ ഉല്‍കൃഷ്ടവും ഉദാത്തവും ദൈവികവുമായ മറ്റൊരു സംജ്ഞ കണ്ടുപിടിക്കാന്‍ കഴിയുകയില്ല എന്നത്രെ പന്ത്രണ്ടാം പീയൂസ് പ്രസ്താവിച്ചിരിക്കുന്നത്. എന്നാല്‍ മേര്‍ഷിന്‍റെ അഭിപ്രായം അപ്പാടെ മാര്‍പാപ്പ സ്വീകരിക്കുന്നില്ല. മൗതികശരീരത്തെയും ദൃശ്യസമൂഹത്തെയും മേര്‍ഷ് വ്യത്യസ്തമായി കണ്ടെങ്കില്‍, മാര്‍പാപ്പ അവയെ ഒരേ യാഥാര്‍ത്ഥ്യമായിട്ടാണ് കാണുന്നത്. റോമന്‍ സഭ തന്നെയാണ് ഈ മൗതികശരീരം. ഈ ശരീരത്തിലെ സന്ധിബന്ധങ്ങളത്രേ മാര്‍പാപ്പയും മെത്രാന്മാരും. വിശുദ്ധ അധികാരം പ്രയോഗിക്കുന്നവരാണ് ഈ ശരീരത്തിലെ പ്രധാന അംഗങ്ങള്‍. ദിവ്യരക്ഷകന്‍റെ രാജ്യം വ്യാപിപ്പിക്കുന്നതില്‍ ഹയരാര്‍ക്കിയെ തുണയ്ക്കുന്നവരാണ് അല്‍മായര്‍. ആ നിലയില്‍ താഴ്ന്നതെങ്കിലും ബഹുമാന്യമായ ഒരു സ്ഥാനമാണ് ക്രിസ്തീയ സമൂഹത്തില്‍ അവര്‍ക്കുള്ളത്. അങ്ങനെ മൗതികശരീരത്തെ കേന്ദ്രീകരിച്ചുള്ള സഭാവിജ്ഞാനീയത്തെ ഘടനാപ്രധാനമായ സഭാവിജ്ഞാനീയവുമായി അനുരഞ്ജനപ്പെടുത്തുന്ന ഒന്നായിരുന്നു പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ നിലപാട്.

1940 നും 1950 നുമിടയ്ക്ക് മൗതികശരീരത്തെ കേന്ദ്രീകരിച്ചുള്ള സഭാവിജ്ഞാനീയത്തിന് വളരെയധികം പ്രചാരം ലഭിച്ചെങ്കിലും, സാവധാനം അതിന്‍റെ പോരായ്മകളെയും പരിധികളെയുംപറ്റി വിമര്‍ശനങ്ങള്‍ പൊന്തിവന്നു. ചിലര്‍ ഈ ആശയത്തെ വളരെയേറെ അതിശയോക്തി കലര്‍ത്തി അവതരിപ്പിച്ചതു മാത്രമായിരുന്നില്ല അതിനു കാരണം. ജീവശാസ്ത്രത്തെ അമിതമായി ആശ്രയിക്കുന്നതും അവ്യക്തത നിറഞ്ഞതുമായ ഒരു ആശയത്തിലൂടെ സഭയെ നിര്‍വ്വചിക്കുന്നതും പന്തിയല്ലെന്നതായിരുന്നു മുഖ്യമായ ആക്ഷേപം.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയെ ക്രിസ്തുവിന്‍റെ ശരീരമായി ചിത്രീകരിക്കുമ്പോള്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ എടുത്ത നിലപാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഹയരാര്‍ക്കിക്കല്‍ സമൂഹമായ സഭയെയും ക്രിസ്തുവിന്‍റെ  ശരീരമായ സഭയെയും അഭേദ്യമായിട്ടാണ് പന്ത്രണ്ടാം പീയൂസ് കണ്ടത്. വത്തിക്കാന്‍ കൗണ്‍സിലാകട്ടെ ഇവയെ  തമ്മില്‍ വിവേചിക്കുന്നുണ്ട്. കൗണ്‍സിലിന്‍റെ കാഴ്ചപ്പാടില്‍ ഏറെക്കുറെ ക്രിസ്തുവിന്‍റെ മനുഷ്യസ്വഭാവവും ദൈവസ്വഭാവവും തമ്മിലുള്ള ബന്ധമാണ് ഇവ തമ്മിലുള്ളത്. സഭാഘടനയെ ഉപകരണമാക്കിക്കൊണ്ട് പരിശുദ്ധാരൂപി ക്രിസ്തുവിന്‍റെ ശരീരത്തെ ജീവിപ്പിക്കയും പോഷിപ്പിക്കയും ചെയ്യുന്നു. റോമന്‍സഭതന്നെയാണ് ക്രിസ്തുവിന്‍റെ ശരീരമെന്ന കാഴ്ചപ്പാടും കൗണ്‍സില്‍ തിരുത്തുകയുണ്ടായി.

"ദൈവജന"മായും "ക്രിസ്തുവിന്‍റെ ശരീര"മായും സഭയെ ചിത്രീകരിക്കുന്നതില്‍ പരിമിതികളുണ്ടെന്നു സമ്മതിച്ചേ തീരൂ. പ്രതീകങ്ങളിലും രൂപകങ്ങളിലുംകൂടെ ഒരു യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ പരിമിതികള്‍ അനിവാര്യമാണല്ലോ. എങ്കിലും സഭയെ ഭൗതികരാജ്യത്തോടുപമിച്ചിരുന്ന പ്രവണതയുടെ വെളിച്ചത്തില്‍ ഈ പ്രതീകങ്ങള്‍ കൂടുതല്‍ അര്‍ത്ഥസംപുഷ്ടമാണെന്നതിനു സംശയമില്ല. സഭയുടെ കൂട്ടായ്മാസ്വഭാവത്തെ ഈ രണ്ടു പ്രതീകങ്ങളും വ്യക്തമായി ദ്യോതിപ്പിക്കുന്നു. സഭയുടെ ആന്തരിക ജീവനായ പരിശുദ്ധാരൂപിയുമായി സഭാംഗങ്ങള്‍ക്കുള്ള നിര്‍ണ്ണായക ബന്ധത്തെ അവ പ്രകടമാക്കുന്നുണ്ട്. അതുപോലെതന്നെ സഭാംഗങ്ങള്‍ തമ്മിലുള്ള സ്നേഹത്തിന്‍റേയും സേവനത്തിന്‍റെയും സ്വയംദാനത്തിന്‍റെയും പങ്കുചേരലിന്‍റേതുമായ പരസ്പരബന്ധത്തെയും അവ സൂചിപ്പിക്കുന്നു. പ്രഥമമായി വ്യക്തികള്‍ തമ്മിലുള്ള ആന്തരികമായ കൂട്ടായ്മയാണ് ഊന്നല്‍ കൊടുക്കുന്നതെങ്കിലും, അതിന്‍റെ ബാഹ്യപ്രകടനങ്ങളായ വിശ്വാസപ്രഖ്യാപനത്തെയും കൂദാശകളെയും സഭാനേതൃത്വത്തെയും ഈ വീക്ഷണം ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്.

 

 സഭയുടെ കൂട്ടായ്മാസ്വഭാവത്തിനു കൗണ്‍സില്‍ നല്കിയ പ്രാധാന്യത്തിന്‍റെ വെളിച്ചത്തില്‍, ഈ കൂട്ടായ്മയുടെ ഉറവിടമായ പരിശുദ്ധാരൂപിയെ കേന്ദ്രീകരിച്ചുള്ള ഒരു സഭാവിജ്ഞാനീയത്തിന് രൂപരേഖ നല്കുവാനുള്ള പ്രയത്നങ്ങള്‍ കൗണ്‍സിലിനുശേഷം അങ്ങിങ്ങു നാം കാണുന്നുണ്ട്. കരിസ്മാറ്റിക് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഈ പ്രയത്നങ്ങള്‍ ക്രിസ്തീയ ജീവിതത്തില്‍ അനുഭവത്തിനുള്ള പ്രാധാന്യത്തെ ഊന്നിപ്പറയുന്നവയാണ്. സഭയുടെ അംഗമായിരിക്കുന്നത് ഒരു സംഘടനയില്‍ പേരുകൊടുത്ത് അംഗമായിരിക്കുന്നതുപോലെയല്ല. പരിശുദ്ധാരൂപിയുടെ അനുഭവം ഓരോ ക്രൈസ്തവനുമുണ്ടാകണം. ഈ പരിശുദ്ധാരൂപിയാണ് നമ്മെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ പുത്രനാക്കി ഭാവി മഹത്വത്തിന്‍റെ ഒരു നാന്ദി നമുക്ക് അനുഭവവേദ്യമാക്കിക്കൊണ്ട് ഈ ലോകത്തില്‍ നമ്മെ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാക്കുന്നത്. സഭയുടെ ഘടനാപരമായ വശങ്ങളെ വളരെയധികം വെട്ടിച്ചുരുക്കിക്കൊണ്ട് കരിസ്മാڈകേന്ദ്രമാക്കിയുള്ള ഒരു സഭാവിജ്ഞാനീയത്തിനുവേണ്ടി വാദിക്കുന്ന ഗോട്ട്ഹോള്‍ഡ് ഹാസന്‍ ഹ്യൂട്ടലിനെപ്പോലെ ചില ദൈവശാസ്ത്രജ്ഞന്മാരെയും കാണുവാന്‍ കഴിയും. ഘടനാപ്രധാനമായ സഭാവീക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന അതിശയോക്തി മറുവശത്തേയ്ക്ക് മാറുന്നതാണ് ഇവിടെ കാണുന്നത്. പരിശുദ്ധാരൂപിയെ കേന്ദ്രീകരിച്ചുള്ള ക്രമവത്കൃതമായ ഒരു സഭാവിജ്ഞാനീയത്തിന് രൂപംകൊടുത്ത പ്രധാന വ്യക്തിയാണ് ഹെരിബര്‍ട്ട് മ്യൂലന്‍. സഭയില്‍ വ്യക്തികള്‍ തമ്മിലുള്ള പരസ്പരബന്ധത്തിന് മ്യൂലന്‍ ഏറെ പ്രാധാന്യം നല്കുന്നുണ്ട്. വ്യക്തികളുടെ വ്യതിരിക്തതകള്‍ നശിപ്പിക്കാതെ അവരെ ഐക്യപ്പെടുത്തുന്നത് പരിശുദ്ധാരൂപിയാണ്. പരി. ത്രിത്വത്തില്‍ പലയാളുകളില്‍ നിലകൊള്ളുന്ന ഒരാളാണ് പരിശുദ്ധാരൂപി (One Person in Many Persons). അതുപോലെ മനുഷ്യര്‍ക്കിടയില്‍ പലരെ അവരുടെ വ്യത്യസ്തതകള്‍ മായിച്ചുകളയാതെ ഒന്നാക്കിക്കൊണ്ടു നിലകൊള്ളുന്ന ദൈവിക ആളാണ് പരിശുദ്ധാരൂപി. ക്രിസ്തുവും നാമും ആകുന്ന പല ആളുകളില്‍ നിലനില്ക്കുന്ന ഒരാള്‍ അഥവാ പരിശുദ്ധാരൂപിതന്നെയാണ് സഭ. ദൈവത്തില്‍ ഒരു സ്വഭാവവും മൂന്നാളുകളുമുണ്ട്. ക്രിസ്തുവില്‍ ഒരാളും രണ്ടു സ്വഭാവവുമാണ്. അതുപോലുള്ള മറ്റൊരു ദിവ്യപ്രതിഭാസമാണ് മ്യൂലന്‍റെ വീക്ഷണത്തില്‍ സഭയും. അത് പല ആളുകളില്‍ നിലകൊള്ളുന്ന ഒരാളാണ്.

സഭയിലെ പരിശുദ്ധാരൂപിയുടെ സാന്നിദ്ധ്യത്തെ വിസ്മരിക്കാതെതന്നെ, സമൂഹശാസ്ത്രത്തിലെ പ്രാഥമികസമൂഹങ്ങളുടെ മാതൃകയില്‍ സഭയെ നവീകരിക്കുന്നതിനുവേണ്ടി വാദിക്കുന്ന ചിലരെയും ഇന്ന് കണ്ടെത്തുവാന്‍ കഴിയും. അവരുടെ വീക്ഷണത്തില്‍ സഭ, പരസ്പര ധാരണയിലും സ്നേഹത്തിലും അധിഷ്ഠിതമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ സഹായിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായിത്തീരണം. പരസ്പരബന്ധിതമായ പലകൂട്ടായ്മകളുടെ ഒരു സംയുക്ത കൂട്ടായ്മയായിട്ടാണ് സഭയെ വിഭാവനം ചെയ്യുന്നത്. ഐക്യദായകമായ പരിശുദ്ധാരൂപിയുടെ സാന്നിദ്ധ്യം ഈ കൂട്ടായ്മകളുടെ കൂട്ടായ്മയെ സാധ്യമാക്കുന്നു.

സഭയുടെ കൂട്ടായ്മസ്വഭാവത്തെപ്പറ്റി വത്തിക്കാന്‍ കൗണ്‍സിലില്‍ ഉരുത്തിരിഞ്ഞ അവബോധം കൗണ്‍സിലില്‍ത്തന്നെ താത്വികമായും പ്രായോഗികമായും ഫലമണിയിക്കുകയുണ്ടായി. താത്വികമായി ഈ അവബോധം ഫലമണിഞ്ഞതാണ്, മെത്രാന്മാരുടെ സംഘാത്മകത്വത്തെയും കൂട്ടുത്തരവാദിത്വത്തെപ്പറ്റിയും പ്രാദേശിക സഭകളുടെ പ്രാധാന്യത്തെപ്പറ്റിയുമുള്ള കൗണ്‍സിലിന്‍റെ പ്രഖ്യാപനങ്ങള്‍. ഒന്നാംവത്തിക്കാന്‍ സൂനഹദോസ് രാഷ്ട്രീയകാരണങ്ങളാല്‍ പെട്ടെന്നു നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തില്‍ മാര്‍പാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും അസന്തുലിതങ്ങളായ വിശ്വാസസത്യങ്ങളുമായി ഒരു നൂറ്റാണ്ടോളം നിലനിന്നു. ഇതിനൊരു പരിഹാരം വരുത്തി എന്നതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ വലിയ ഒരു നേട്ടം. കൗണ്‍സിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച മെത്രാന്മാരുടെ സംഘാത്മകത്വവും കൂട്ടുത്തരവാദിത്വവും സഭയാകുന്ന കൂട്ടായ്മയ്ക്ക് ഒരു പുതിയ മുഖച്ഛായതന്നെ നല്‍കിയെന്നു പറയാം. അതുപോലെതന്നെ പ്രാദേശികസഭകള്‍ റോമന്‍ സഭയുടെ ഭരണപരമായ ഭാഗങ്ങളല്ല, പ്രത്യുത അവ ഓരോന്നും അവയില്‍ തന്നെ പൂര്‍ണ്ണസഭകളാണെന്നും, സാര്‍വ്വത്രികസഭയെ അവ ഓരോന്നും പ്രതിനിധാനം ചെയ്യുന്നുവെന്നുമുള്ള കൗണ്‍സിലിന്‍റെ പ്രഖ്യാപനങ്ങള്‍ സഭാവിജ്ഞാനീയത്തില്‍ വളരെയേറെ പ്രാധാന്യ മര്‍ഹിക്കുന്നവയാണ്. തുല്യപ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അല്‍മായരുടെ പൊതുപൗരോഹിത്യത്തെപ്പറ്റിയുള്ള കൗണ്‍സിലിന്‍റെ പ്രബോധനവും. മതനവീകരണക്കാര്‍ സഭയിലെ സമത്വത്തെയും കൂട്ടായ്മയെയും ഊന്നിപറയുവാന്‍ വളരെയധികം പ്രാധാന്യം കൊടുത്തിരുന്ന ഒരു വിഷയമാണ് സഭാംഗങ്ങളുടെ പൊതുപൗരോഹിത്യം. വത്തിക്കാന്‍ കൗണ്‍സില്‍ അത് അംഗീകരിച്ചത് എക്യുമെനിക്കലായി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അല്‍മായരുടെ പൗരോഹിത്യത്തിന് പൗരസ്ത്യ സഭകള്‍ അധികം പ്രാധാന്യം നല്കാറില്ലാത്തതിനാല്‍ അവിടുന്നുള്ള പിതാക്കന്മാര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും കൗണ്‍സിലില്‍ ഇത് സഭയുടെ ഒരു ഉറച്ച ബോധ്യമായിത്തീര്‍ന്നു.

പ്രായോഗികതലത്തില്‍ ഈ അവബോധം വിശേഷവിധമായി ദൃശ്യമായത് മെത്രാന്മാരുടെ സിനഡുകളെപ്പറ്റിയും കോണ്‍ഫറന്‍സു കളെപ്പറ്റിയും അതുപോലെതന്നെ രൂപതാ കൗണ്‍സിലുകളെയും ഇടവകാ കൗണ്‍സിലുകളെയുംപറ്റിയുമുള്ള തീരുമാനങ്ങളിലും നിര്‍ദ്ദേശങ്ങളിലുമാണ്. 1965 സെപ്തംബര്‍ 15 ന് മെത്രാന്മാരുടെ സിനഡിനെ സ്ഥാപിച്ചുകൊണ്ട് പോള്‍ ആറാമന്‍ പുറപ്പെടുവിച്ച തിരുവെഴുത്തും അതിന്‍റെ ഫലമായി കൗണ്‍സിലിനുശേഷം നടന്ന മെത്രാന്മാരുടെ വിവിധ സിനഡുകളും കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ തന്നെയാണ്. അതുപോലെതന്നെ വിവിധ രാജ്യങ്ങളില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സിലുകള്‍ സഭാ ജീവിതത്തില്‍ സഭയെ മുഴുവന്‍ ഉള്‍പ്പെടുത്തുകയും പങ്കുചേര്‍ ക്കുകയും ചെയ്യുന്ന കൂട്ടായ്മയുടെ ദൃശ്യമായ പ്രകടനങ്ങളായിരുന്നു. അല്‍മായരുടെ ഭാഗഭാഗിത്വത്തെ പ്രധാനമായും ഉന്നംവെയ്ക്കുന്ന രൂപതാ കൗണ്‍സിലുകളെയും ഇടവകാ കൗണ്‍സിലുകളെയും പറ്റിയുള്ള നിര്‍ദ്ദേശം കൂട്ടായ്മയെപ്പറ്റി സഭയിലുണ്ടായ പുതിയ അവബോധത്തിന്‍റെ പ്രത്യക്ഷലക്ഷണമാണ്.

ബിഷപ് മാർ ബോസ്‌കോ പൂത്തൂർ

church church-structure-and-fellowship Mar Joseph Pamplany theology catholic malayalam catholic apologetics Ecclesiology Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message