We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
സാമൂഹികപ്രവര്‍ത്തനത്തിനുള്ള സാര്‍വത്രികസഭയുടെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ കോര്‍ ഊനും (Cor Unum) 2004-ലാണ് സാര്‍വത്രികസഭയുടെ സാമൂഹിക പ്രബോധനത്തിന്‍റെ സംക്ഷേപം (Compendium of the Social Doctrine of the Church) പ്രസിദ്ധീകരിച്ചത്. സാമൂഹികമേഖലയിലും അതിനു സഹായിക്കുന്ന രാഷ്ട്ര നിര്‍മ്മിതിയിലും സഭ ശരിയായി ഇടപെടാനും ക്രിയാത്മകമായ ശുശ്രൂഷ നിര്‍വഹിക്കാനും സഭയുടെ സാമൂഹികപ്രബോധനം ആഹ്വാനം ചെയ്യുന്നു. പന്ത്രണ്ട് അധ്യായങ്ങളുള്ള സാമൂഹികപ്രബോധനത്തിലെ എട്ടാം അധ്യായം രാഷ്ട്രീയസമൂഹത്തെക്കുറിച്ചു പ്രതിപാദിക്കുന്നതാണ്. ഈ അധ്യായത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഇതിലെ ആശയങ്ങളാണ്.
ബൈബിള്‍പരമായ വശങ്ങള്‍
ദൈവത്തിന്‍റെ ആധിപത്യം
ചരിത്രത്തിന്‍റെ ആരംഭത്തില്‍ ഇസ്രായേല്‍ജനത ഒരു കാര്യത്തില്‍ മറ്റു ജനതകളില്‍നിന്നു വ്യത്യസ്തരായിരുന്നു. അതായത്, അവര്‍ക്കു രാജാവുണ്ടായിരുന്നില്ല. എന്തെന്നാല്‍, അവര്‍ യാഹ്വേയുടെ മാത്രം ആധിപത്യം അംഗീകരിച്ചിരുന്നു. ന്യായാധിപന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ, ഇസ്രായേലിനുവേണ്ടി സിദ്ധരിലൂടെ ഇടപെടുന്നത് ദൈവമായിരുന്നു. അത്തരം വ്യക്തികളില്‍ അവസാനത്തെയാളായിരുന്നു സാമുവേല്‍. അദ്ദേഹം പ്രവാചകനും ന്യായാധിപനുമായിരുന്നു. ഇസ്രായേല്‍ജനം അദ്ദേഹത്തെ സമീപിച്ച് ഒരു രാജാവിനെ ആവശ്യപ്പെട്ടു (cf. 1 സാമു 8:5; 10:18-19). രാജത്വം സ്വേച്ഛാധിപത്യപരമായി പ്രയോഗിക്കുന്നതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് സാമുവേല്‍ ഇസ്രായേല്‍ജനത്തിനു മുന്നറിയിപ്പു നല്കി. (cf. 1 സാമു 8:11:18 ). എന്നാലും തന്‍റെ ജനത്തെ സഹായിക്കാന്‍ വരുന്ന യാഹ്വേയുടെ ദാനമായി രാജാവിന്‍റെ അധികാരം അനുഭവിക്കാന്‍ സാധിക്കും (cf. 1 സാമു. 9:16). അവസാനം സാവൂള്‍ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. (രള. 1 സാമു 10:1-2). സമീപസ്ഥരായ ജനങ്ങള്‍ മനസ്സിലാക്കുന്നതില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ രാജത്വം മനസ്സിലാക്കാന്‍ ഇസ്രായേല്‍ജനത്തെ കൊണ്ടെത്തിച്ച മാനസിക സംഘര്‍ഷം ഈ സംഭവങ്ങള്‍ കാണിക്കുന്നു. യാഹ്വേ തെരഞ്ഞെടുത്ത് (cf. നിയമാ 17:15; 1 സാമു 9:16) അവിടുന്ന് അഭിഷേകം ചെയ്ത (cf. 1 സാമു 16:12-13) രാജാവിനെ ദൈവത്തിന്‍റെ പുത്രനായി അവര്‍ കണ്ടു (cf. സങ്കീ 2:7). അയാള്‍ ദൈവത്തിന്‍റെ ആധിപത്യവും രക്ഷാകരപദ്ധതിയും ദൃശ്യമാക്കാനുള്ള വ്യക്തിയായി കരുതപ്പെട്ടു (cf. സങ്കീ 72). അങ്ങനെ, രാജാവ് ദുര്‍ബലരുടെ സംരക്ഷകനും ജനങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തുന്നവനുമായി. പ്രവാചകന്മാര്‍ രാജാക്കന്മാര്‍ക്കെതിരേ നടത്തിയ ആരോപണങ്ങളെല്ലാം ഈ ധര്‍മ്മങ്ങള്‍ നിറവേറ്റുന്നതിന് രാജാക്കന്മാര്‍ക്കുണ്ടായ പരാജയത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് (1 രാജാ 21; ഏശ 10:14; ആമോ 2:6-8, 8:4-8; മിക്ക 3:1-4).
യാഹ്വേ തെരഞ്ഞെടുത്ത രാജാവിന്‍റെ ആദിരൂപം ദാവീദാണ്. അദ്ദേഹത്തിന്‍റെ എളിയ ഉത്പത്തി ബൈബിള്‍ വിവരണത്തിന്‍റെ പ്രിയപ്പെട്ട ഒരു വിഷയമാണ് (cf. 1 സാമു 16:1-13). ദാവീദ് വാഗ്ദാനത്തിന്‍റെ സ്വീകര്‍ത്താവാണ് (cf. 2 സാമു 7:13-6; സങ്കീ 89:2-38, 132:11-18). അത് അദ്ദേഹത്തെ സവിശേഷമായ രാജകീയപാരമ്പര്യത്തിന്‍റെ, മിശിഹാപരമായ പാരമ്പര്യത്തിന്‍റെ ആരംഭത്തില്‍ പ്രതിഷ്ഠിക്കുന്നു. ദാവീദിനും അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ക്കും പാപങ്ങളും അവിശ്വസ്തതകളുമുണ്ടായിരുന്നു. അവയെല്ലാമുണ്ടെങ്കിലും, ഈ പാരമ്പര്യം വിശിഷ്ട വ്യക്തിയായ യേശുക്രിസ്തുവില്‍ പൂര്‍ണമാകുന്നു. അവിടുന്നാണ് യാഹ്വേ അഭിഷേകം ചെയ്ത വ്യക്തി. അതായത്, അവിടുന്നാണ് കര്‍ത്താവിന്‍റെ അഭിഷിക്തന്‍, (cf. 1 സാമു 2:35, 24:7,11, 26:9,16. പുറ 30; 2232), അവിടുന്ന് ദാവീദിന്‍റെ പുത്രനാണ് (cf. മത്താ 1:1-17; ലൂക്കാ 3:233, റോമാ 1:3).
ചരിത്രപരമായ തലത്തില്‍ രാജത്വം പരാജയപ്പെട്ടു. പക്ഷേ, അത് യാഹ്വേയോടുള്ള വിശ്വസ്തതയില്‍ ജ്ഞാനത്തോടെ ഭരിക്കുകയും നീതിയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാജാവ് എന്ന ആദര്‍ശത്തിന്‍റെ തിരോധാനത്തിലേക്കു നയിച്ചിട്ടില്ല. ഈ പ്രത്യാശ സങ്കീര്‍ത്തനങ്ങളില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട് (cf. 1 സങ്കീ2,18,20,21,27). മിശിഹാപരമായ പ്രവചനങ്ങളില്‍, കര്‍ത്താവിന്‍റെ ചൈതന്യം നിറഞ്ഞ, ജ്ഞാനംനിറഞ്ഞ, ദരിദ്രര്‍ക്കു നീതി നടത്തിക്കൊടുക്കാന്‍ കഴിവുള്ള ഒരു രാജാവ് യുഗാന്തകാലത്ത് പ്രതീക്ഷിക്കപ്പെടുന്നു (cf. ഏശ 11:2-5; ജറെ 23:5-6). ഇസ്രായേല്‍ ജനത്തിന്‍റെ യഥാര്‍ത്ഥ ഇടയനെന്ന നിലയില്‍ (cf. എസെ 34:23-24, 37:24) അവിടുന്ന് ജനതകള്‍ക്ക് സമാധാനം എത്തിച്ചുകൊടുക്കും (cf. സഖ 9:9-10). ജ്ഞാനസാഹിത്യത്തില്‍ രാജാവിനെ ചിത്രീകരിച്ചിരിക്കുന്നത്, നീതിപൂര്‍വം വിധിക്കുന്നവനും ദുഷ്പ്രവൃത്തികള്‍ വെറുക്കുന്നവനും (cf. സുഭാ 16:12), ദരിദ്രരെ ന്യായത്തോടെ വിധിക്കുന്നവനും (cf. സുഭാ. 29:14), ഹൃദയശുദ്ധിയുള്ളവരുടെ സുഹൃത്തും (രള. സുഭാ 22:11) ആയാണ്. നസ്രത്തിലെ യേശുവില്‍ നിറവേറിയതായി സുവിശേഷങ്ങളും മറ്റു പുതിയനിയമഗ്രന്ഥങ്ങളും പ്രഘോഷിക്കുന്നത് ക്രമേണ വെളിവാകുന്നു. രാജാവെന്ന വ്യക്തിയെപ്പറ്റി പഴയനിയമം പ്രവചിച്ച സുനിശ്ചിതമായ മനുഷ്യാവതാരമാണ് നസ്രത്തിലെ യേശു.
യേശുവും രാഷട്രീയാധികാരവും
ദേശാധിപതികള്‍ കൈയാളുന്ന പീഡനപരവും സ്വേച്ഛാധിപത്യപരവുമായ അധികാരം യേശു നിഷേധിക്കുന്നു (cf. മര്‍ക്കോ 10:42). തങ്ങള്‍ ഉപകാരികളാണെന്ന അവരുടെ നാട്യം അവിടുന്നു തള്ളിക്കളയുന്നു (cf. 22:25). എന്നാല്‍, യേശു തന്‍റെ കാലഘട്ടത്തിലെ അധികാരികളെ നേരിട്ട് എതിര്‍ത്തിട്ടില്ല. സീസറിന് നികുതി കൊടുക്കുന്നതിനെക്കുറിച്ച് അവിടുന്നു പ്രസ്താവിച്ചു (cf. മര്‍ക്കോ 12:13-17, മത്താ 22:15-22; ലൂക്കാ 20:20-26). ദൈവത്തിനുള്ളത് ദൈവത്തിനു നല്‍കണമെന്ന് ആ പ്രസ്താവനയില്‍ ഉറപ്പിച്ചു പറഞ്ഞു ഭൗതികാധികാരം ദൈവികമോ കേവലമോ ആക്കാനുള്ള ഏതു പരിശ്രമത്തെയും പരോക്ഷമായി ശപിച്ചു തള്ളികൊണ്ടാണ് അങ്ങനെ പറഞ്ഞത്. മനുഷ്യനില്‍നിന്ന് എല്ലാം ആവശ്യപ്പെടാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. അതേസമയം, ഭൗതികാധികാരത്തിന് അവകാശപ്പെട്ടത് ആവശ്യപ്പെടാന്‍ അതിനു കഴിയും. സീസറിനു നികുതി കൊടുക്കുന്നത് അന്യായമായി യേശു കരുതുന്നില്ല.
വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ രാഷ്ട്രീയ മിശിഹാത്വത്തെക്കുറിച്ചുള്ള പ്രലോഭനത്തിനെതിരേ പോരാടി അതിനെ കീഴടക്കി. രാഷ്ട്രീയ മിശിഹാത്വത്തിന്‍റെ സവിശേഷത ദേശങ്ങളെ കീഴടക്കുകയെന്നതാണ് (cf. മത്താ 4:18-11; ലൂക്കാ 4:5-8). യേശു സേവനം ചെയ്യാനും തന്‍റെ ജീവന്‍ നല്‍കാനും വേണ്ടി (മര്‍ക്കോ 10:45; cf. മത്താ 20:24-28; ലൂക്കാ 22:24-27) വന്ന മനുഷ്യപുത്രനാണ്. അവിടുത്തെ ശിഷ്യന്മാര്‍ തങ്ങളില്‍ ആരാണ് ഏറ്റവും വലിയവന്‍ എന്ന് ചര്‍ച്ച ചെയ്തപ്പോള്‍, അവര്‍ തീര്‍ത്തും എളിയവരും എല്ലാവരുടെയും ദാസരുമായിരിക്കണമെന്ന് യേശു പഠിപ്പിക്കുന്നു (cf. മര്‍ക്കോ 9:33-35). തന്‍റെ വലതുവശത്തിരിക്കാന്‍ ആഗ്രഹിക്കുന്ന സെബദിപുത്രന്മാരായ യാക്കോബിനും യോഹന്നാനും കുരിശിന്‍റെ പാത കാണിച്ചുകൊണ്ട് അവിടുന്ന് അങ്ങനെ ചെയ്തു (cf. മര്‍ക്കോ 10:35-40; മത്താ 20:20-23).
ആദിമക്രൈസ്തവ സമൂഹങ്ങള്‍
അധികാരത്തോട് നിസ്സംഗമല്ലാത്ത, എന്നാല്‍ മനസ്സാക്ഷിയെ കരുതി (റോമാ 13:5) കാണിക്കുന്ന വിധേയത്വമാണ് ദൈവം സ്ഥാപിച്ച ക്രമം. അധികാരികളോട് ഒരു ക്രൈസ്തവനുണ്ടായിരിക്കേണ്ട ബന്ധങ്ങളെയും കടമകളെയും വിശുദ്ധ പൗലോസ് നിര്‍വചിക്കുന്നുണ്ട് (cf. റോമാ 13:1-7). നികുതി കൊടുക്കാനുള്ള പൗരനടുത്ത കടമ അദ്ദേഹം ഊന്നിപ്പറയുന്നു: "ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നത് കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവന് ബഹുമാനം" (റോമാ 13:7). ഏത് അധികാരത്തെയും നിയമാനുസൃതമാക്കാന്‍ അപ്പസ്തോലന്‍ തീര്‍ച്ചയായും ഉദ്ദേശിക്കുന്നില്ല. "എല്ലാവരുടെയും ദൃഷ്ടിയില്‍ ശ്രേഷ്ഠമായത് പ്രവര്‍ത്തിക്കാന്‍" (റോമാ 12:17) ക്രിസ്ത്യാനികളെ സഹായിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അവരുടെ അധികാരികളോടുള്ള ബന്ധവും അതില്‍ പെടുന്നു. അധികാരികള്‍ ദൈവസേവനത്തില്‍ വ്യക്തിയുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും (രള. റോമാ 13:4; 1 തിമോ 2:1-2; തീത്തോ 3:1) തിന്മ ചെയ്യുന്നവന്‍റെ മേല്‍ ദൈവകോപം നടപ്പാക്കുകയും (റോമാ 13:4) ചെയ്യുന്നിടത്തോളം അങ്ങനെ ചെയ്യാനാണ് അദ്ദേഹം പറയുന്നത്. "എല്ലാ മാനുഷിക സ്ഥാപനങ്ങളോടും കര്‍ത്താവിനെപ്രതി വിധേയത്വമുള്ളവരായിരിക്കാന്" (1 പത്രോ 2:13) വിശുദ്ധ പത്രോസ് ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്യുന്നു. തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കാനും ശരിയായത് പ്രവര്‍ത്തിക്കുന്നവരെ പ്രശംസിക്കാനും രാജാവിനും അദ്ദേഹത്തിന്‍റെ ഗവര്‍ണര്‍മാര്‍ക്കും (1 പത്രോ 2:14) കടമയുണ്ട്. അവരുടെ ഈ അധികാരം "ആദരിക്കപ്പെടണം" (1 പത്രോ 2:17) അതായത്, അംഗീകരിക്കപ്പെടണം. എന്തെന്നാല്‍ "മണ്ടന്മാരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കുന്ന" (1 പത്രോ 2:15) ശരിയായ പെരുമാറ്റം ദൈവമാവശ്യപ്പെടുന്നു. സ്വാതന്ത്ര്യം തിന്മ ചെയ്യാനുള്ള ഉടക്കുന്യായമായി ഉപയോഗിക്കരുത്, പിന്നെയോ, ദൈവസേവനത്തിനായി ഉപയോഗിക്കണം (cf. 1 പത്രോ 2:16). നീതി ആദരിക്കപ്പെടാന്‍ പ്രേരിപ്പിക്കുകയും പൊതുനന്മ ഉറപ്പു വരുത്തുകയും ചെയ്യുന്ന അധികാരത്തോട് സ്വതന്ത്രവും ഉത്തരവാദിത്വ പൂര്‍ണവുമായ അനുസരണം സംബന്ധിക്കുന്നതാണത്.
വിശുദ്ധ പൗലോസ്, താന്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന സമയത്തും, അധികാരികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. രാഷ്ട്രീയാധികാരം ഉറപ്പു നല്‍കേണ്ടത് എന്താണെന്ന് അത് പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്: ഭക്തിയോടും മഹത്വത്തോടും കൂടെ നയിക്കപ്പെടുന്ന സമാധാനപൂര്‍ണവും പ്രശാന്തവുമായ ജീവിതം (cf. 1 തിമോ 2:1-2). "മാന്യമായ ഏതു ജോലിയും (തീത്തോ 3:1) ചെയ്യാന്‍ ക്രിസ്ത്യാനികള്‍ സന്നദ്ധരായിരിക്കണം. എല്ലാവരോടും തികഞ്ഞ മര്യാദ" (തീത്തോ 3:2) പ്രകടിപ്പിച്ചുകൊണ്ടും തങ്ങള്‍ രക്ഷപ്പെട്ടത് തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ടല്ല, പിന്നെയോ, ദൈവത്തിന്‍റെ കാരുണ്യം കൊണ്ടാണ് എന്ന ബോധ്യത്തോടെയും അങ്ങനെ ചെയ്യണം. "നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെ അവിടുന്ന് നമ്മുടെമേല്‍ സമൃദ്ധമായി ചൊരിഞ്ഞ പരിശുദ്ധാത്മാവില്‍ പുനര്‍ജനനത്തിന്‍റെയും നവീകരണത്തിന്‍റെ സ്നാനം" (തീത്തോ 3:5-6) കൂടാതിരുന്നപ്പോള്‍ എല്ലാ മനുഷ്യരും "മൂഢന്മാരും അനുസരണമില്ലാത്തവരും തെറ്റായ മാര്‍ഗ്ഗത്തിലൂടെ നയിക്കപ്പെട്ടവരും പലതരം മോഹങ്ങള്‍ക്കും സുഖേച്ഛകള്‍ക്കും അടിമപ്പെട്ടവരും ദ്രോഹബുദ്ധിയിലും അസൂയയിലും ദിവസങ്ങള്‍ കഴിച്ചവരും മനുഷ്യരാല്‍ വെറുക്കപ്പെട്ടവരും പരസ്പരം വെറുക്കുന്നവരും" (തീത്തോ 3:3) ആയിരുന്നു. മനുഷ്യാവസ്ഥയുടെ ദയനീയസ്ഥിതി നാം മറക്കരുത്. അതു പാപത്താല്‍ കളങ്കമാക്കപ്പെട്ടതും എന്നാല്‍ ദൈവത്തിന്‍റെ സ്നേഹത്താല്‍ വീണ്ടെടുക്കപ്പെട്ടതുമാണ്.
മാനുഷികാധികാരം ദൈവം നിശ്ചയിച്ച അതിരുകള്‍ക്ക് അപ്പുറത്തേക്ക് കടക്കുമ്പോള്‍ അത് തന്നെത്തന്നെ ഒരു ദൈവമാക്കുന്നു; സമ്പൂര്‍ണ്ണമായ വിധേയത്വം ആവശ്യപ്പെടുന്നു. അത് വെളിപാടു പുസ്തകത്തില്‍ പറയുന്ന മൃഗമായിത്തീരുന്നു. പീഡകനായ ചക്രവര്‍ത്തിയുടെ അധികാരത്തിന്‍റെ പ്രതിബിംബമാണ് മൃഗം. ആ പീഡകന്‍ "വിശുദ്ധരുടെ രക്തവും യേശുവിന്‍റെ രക്തസാക്ഷികളുടെ രക്തവും കുടിച്ചവന്‍" (വെളി 17:6) ആണ്. മൃഗം കള്ളപ്രവാചകന്മാരാല്‍ (വെളി 19:20) സേവിക്കപ്പെടുന്നു. അവരാകട്ടെ, കബളിപ്പിക്കുന്ന അടയാളങ്ങളാല്‍ മൃഗത്തെ ആരാധിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. പ്രവചനപരമായ ഒരു സൂചനയാണീ ദര്‍ശനം. മനുഷ്യരെ ഭരിക്കാന്‍ നുണകള്‍കൊണ്ട് മനുഷ്യരുടെ മനസ്സുകളിലേക്ക് ഒളിച്ചുകടന്നുകൊണ്ട് സാത്താന്‍ ഉപയോഗിക്കുന്ന കെണികള്‍ അതു സൂചിപ്പിക്കുന്നു. എന്നാല്‍ ക്രിസ്തു വിജയം വരിക്കുന്ന കുഞ്ഞാടാണ്. ചരിത്രഗതിയില്‍ സ്വയം സര്‍വാധിപത്യമായി മാറുന്ന അധികാരത്തെയും അതു കീഴടക്കുന്നു. അത്തരമൊരു അധികാരത്തിന്‍റെ മുമ്പില്‍ രക്തസാക്ഷികളുടെ ചെറുത്തുനില്പാണ് വിശുദ്ധ യോഹന്നാന്‍ നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ, ദുഷ്ടവും പൈശാചികവുമായ അധികാരത്തിനു തങ്ങളുടെമേല്‍ ഒരു അധികാരവുമില്ലാത്തതുകൊണ്ട് അതിനെ തോല്പിച്ചിരിക്കുന്നുവെന്ന് വിശ്വാസികള്‍ സാക്ഷ്യം വഹിക്കുന്നു.
മരണത്തെ കീഴടക്കിയ ക്രിസ്തു താന്‍തന്നെ വീണ്ടെടുത്ത പ്രപഞ്ചം ഭരിക്കുന്നെന്ന് സഭ പ്രഘോഷിക്കുന്നു. ഇപ്പോഴത്തെ കാലഘട്ടത്തെയും അവിടുത്തെ രാജ്യം ഉള്‍കൊളളുന്നു. പിതാവിന് എല്ലാം കൈയാളിക്കുകയും അന്തിമവിധിയില്‍ മനുഷ്യചരിത്രം പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ആ രാജ്യം അവസാനിക്കുകയുള്ളൂ (cf. 1 കോറി 15:20-28). അധീശത്വം പുലര്‍ത്താനുള്ള ആഗ്രഹത്താല്‍ എപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്ന മാനുഷികാധികാരത്തിന് അതിന്‍റെ യഥാര്‍ത്ഥവും പൂര്‍ണവുമായ അര്‍ത്ഥം സേവനമാണെന്ന് ക്രിസ്തു വെളിപ്പെടുത്തുന്നു. ദൈവം ഏകപിതാവാണ്. ക്രിസ്തു മുഴുവന്‍ മനുഷ്യവംശത്തിന്‍റെയും ഏക ഗുരുവാണ്. മനുഷ്യരെല്ലാം സഹോദരീ സഹോദരന്മാരാണ്. സര്‍വാധിപത്യം ദൈവത്തിന്‍റേതാണ്. എന്നാല്‍ "അധികാരത്തിന്‍റെ വിനിയോഗം മുഴുവനും തനിക്കായി മാത്രം പിടിച്ചുവയ്ക്കാന്‍ ദൈവം ആഗ്രഹിച്ചില്ല. അതതിന്‍റെ പ്രകൃതിക്കു ചേര്‍ന്ന കഴിവുകളനുസരിച്ചു നിര്‍വഹിക്കാന്‍ സാധിക്കുന്ന ജോലികള്‍ ദൈവം ഓരോ സൃഷ്ടിയെയും ഏല്പിച്ചിരിക്കുന്നു. സമൂഹജീവിതത്തില്‍ ഈ ഭരണക്രമ മാതൃക അനുവര്‍ത്തിക്കേണ്ടതാണ്. ദൈവം ഈ ലോകം ഭരിക്കുന്ന രീതി മാനവസമൂഹങ്ങളെ ഭരിക്കുന്നവരുടെ ജ്ഞാനത്തെ പ്രചോദിപ്പിക്കേണ്ടതാണ്. മനുഷ്യസ്വാതന്ത്ര്യത്തിന് ദൈവം കല്പിക്കുന്ന വലിയ പ്രാധാന്യത്തിനു സാക്ഷ്യം വഹിക്കുന്നതാണ് ഈ ഭരണരീതി. മാനവസമൂഹങ്ങളുടെ ഭരണകര്‍ത്താക്കള്‍ ദൈവിക പരിപാലനയുടെ ശുശ്രൂഷകരായി വര്‍ത്തിക്കണം."
രാഷ്ട്രീയാധികാരത്തെക്കുറിച്ച് ക്രൈസ്തവ വിചിന്തനത്തിനുള്ള അനന്തമായ പ്രചോദനം ബൈബിളിലെ സന്ദേശം പ്രദാനം ചെയ്യുന്നു. രാഷ്ട്രീയാധികാരം ദൈവത്തില്‍നിന്നു വരുന്നെന്നും അവിടുന്നു സൃഷ്ടിച്ച ക്രമത്തിന്‍റെ സമഗ്ര ഭാഗമാണ് അതെന്നും ആ സന്ദേശം ഓര്‍മ്മിപ്പിക്കുന്നു. ഈ ക്രമം മനുഷ്യ മനസ്സാക്ഷി കാണുന്നു. സാമൂഹിക ജീവിതത്തില്‍ സമാധാനം നല്കാന്‍ കഴിയുന്ന സത്യത്തിലും നീതിയിലും സ്വാതന്ത്ര്യത്തിലും ദൃഢൈക്യത്തിലും അതിന്‍റെ നിറവേറല്‍ കണ്ടെത്തുകയും ചെയ്യുന്നു.
രാഷ്ട്രീയസമൂഹത്തിന്‍റെ അടിസ്ഥാനവും ലക്ഷ്യവും
രാഷ്ട്രീയസമൂഹം, മനുഷ്യവ്യക്തിയും ഒരു ജനവും
രാഷ്ട്രീയ ജീവിതത്തിന്‍റെ അടിസ്ഥാനവും ലക്ഷ്യവും മനുഷ്യവ്യക്തിയാണ്. മനുഷ്യന് ഭൗതിക പ്രകൃതിയുണ്ട്. അതുകൊണ്ട് അവന് സ്വന്തം തീരുമാനങ്ങള്‍ സംബന്ധിച്ച് ഉത്തരവാദിത്വമുണ്ട്. വ്യക്തിപരവും സാമൂഹികവുമായ തലത്തില്‍ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്ന പദ്ധതികളില്‍ പരിശ്രമിക്കാന്‍ അവനു കഴിയും. സര്‍വാതിശായിയായവനോടും മറ്റുള്ളവരോടും തുറവുള്ളവനായിരിക്കുകയെന്നതാണ് അവന്‍റെ സവിശേഷതയും അവനെ വ്യതിരിക്തനാക്കുന്ന ലക്ഷണവും. മനുഷ്യവ്യക്തി സമഗ്രവും സമ്പൂര്‍ണവുമായ സാക്ഷാത്കാരത്തില്‍ എത്തിച്ചേരുന്നത് സര്‍വാതിശായിയോടും മറ്റുള്ളവരോടുമുള്ള ബന്ധത്തിലാണ്. സ്വാഭാവികമായ സാമൂഹിക ജീവിയും രാഷ്ട്രീയ ജീവിയുമായ മനുഷ്യവ്യക്തിയെ സംബന്ധിച്ചിടത്തോളം ڇസാമൂഹികജീവിതം അവനോടു കൂട്ടിച്ചേര്‍ക്കപ്പെട്ട ഒന്നല്ല. പിന്നെയോ, സത്താപരവും മായ്ക്കാനാവാത്തതുമായ ഒരു മാനത്തിന്‍റെ ഭാഗമാണ്.
രാഷ്ട്രീയസമൂഹം വ്യക്തികളുടെ പ്രകൃതിയില്‍ ജനിക്കുന്നു. ദൈവം തന്‍റെ എല്ലാ സൃഷ്ടികളിലും മുദ്രിതമാക്കിയിരിക്കുന്ന ക്രമം അവരുടെ മനസ്സാക്ഷി "അവര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുകയും അത് അനുസരിക്കാന്‍ അവരെ കടപ്പെടുത്തുകയും ചെയ്യുന്നു." അത് "ധാര്‍മ്മികവും മതപരവുമായ ഒരു ക്രമമാണ്. വ്യക്തികളെന്ന നിലയിലും സമൂഹത്തിലെ അംഗങ്ങളെന്ന നിലയിലും ജീവിതസംബന്ധമായി അവര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിലും രാഷ്ട്രങ്ങളെയും അവയുടെ പരസ്പരബന്ധങ്ങളെയും സംബന്ധിച്ച പ്രശ്നങ്ങളുടെ പരിഹാരത്തിലും ഈ ക്രമത്തിനാണ് - കേവലം ബാഹ്യമായ ഭൗതിക ക്രമത്തിനല്ല - ഏറ്റവും കൂടിയ സാധുതയുള്ളത്." ഈ ക്രമം മനുഷ്യവംശക്രമേണ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യണം. രാഷ്ട്രീയസമൂഹമെന്നത് മനുഷ്യവംശത്തില്‍ ലീനമായിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. മറ്റു വിധത്തില്‍ നേടാനാവാത്ത ലക്ഷ്യം നേടാന്‍ വേണ്ടിയാണ് അതു നിലകൊള്ളുന്നത്: അതിന്‍റെ ഓരോ അംഗത്തിന്‍റെയും പൂര്‍ണവളര്‍ച്ചയാണ് ആ ലക്ഷ്യം. അംഗങ്ങളാകട്ടെ, പൊതുനന്മ പ്രാപിക്കാന്‍ സ്ഥിരം സഹകരിക്കേണ്ടവരാണ്. സത്യവും നന്മയുമായതിനോട് അവര്‍ക്കുള്ള സ്വാഭാവികമായ ചായ്വിന്‍റെ സ്വാധീനംവഴി സഹകരിക്കേണ്ടവരാണ്.
രാഷ്ട്രീയസമൂഹം അതിന്‍റെ യഥാര്‍ത്ഥമാനം ജനങ്ങളോടുള്ള പരാമര്‍ശത്തില്‍ കണ്ടെത്തുന്നു. "അത് പ്രയോഗത്തില്‍ ഒരു യഥാര്‍ത്ഥ ജനതയുടെ ജീവപരവും സംഘടനാപരവുമായ ഐക്യമാണ്. അത് അങ്ങനെ ആയിരിക്കുകയും വേണം." "ഒരു ജനതڈയെന്ന പദത്തിന് ദുരുപയോഗിക്കപ്പെടുകയും ചൂഷണവിധേയരാക്കപ്പെടുകയും ചെയ്യുന്ന ആകൃതിയില്ലാത്ത ഒരു കൂട്ടമെന്ന, ജീവനില്ലാത്ത ഒരു പിണ്ഡമെന്ന അര്‍ത്ഥമല്ല ഉള്ളത്. പിന്നെയോ, ഓരോ അംഗത്തിനും പൊതുകാര്യങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായം രൂപീകരിക്കാന്‍ കഴിവുള്ള, രാഷ്ട്രീയാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള, പൊതുനന്മയെ ആ വികാരങ്ങള്‍ വഴി സ്വാധീനിക്കാന്‍ കഴിവുള്ള - "ഇതെല്ലാം സ്വന്തം സ്ഥലത്ത് സ്വന്തം രീതിയിലൂടെ ചെയ്യാന്‍ കഴിയുന്ന ഒരു ഗ്രൂപ്പ് എന്നാണര്‍ത്ഥം. ഒരുജനത" അതിന്‍റെ അംഗങ്ങളായ സ്ത്രീ പുരുഷന്മാരുടെ ജീവിതത്തിന്‍റെ പൂര്‍ണതയില്‍ നിലകൊള്ളുന്നു. അവരില്‍ ഓരോ വ്യക്തിയും തന്‍റെ ഉത്തരവാദിത്വങ്ങളെയും അവബോധങ്ങളെയുംകുറിച്ച് അറിയുന്ന ഒരു വ്യക്തിയാണ്." ഒരു രാഷ്ട്രീയസമൂഹത്തിന്‍റേതായിരിക്കുന്നവര്‍, അവര്‍ ഒരു ജനമായി ജീവപരമായി ഐക്യപ്പെട്ടവരാണെങ്കിലും, വ്യക്തിപരമായ അസ്തിത്വത്തിന്‍റെ തലത്തിലും നേടേണ്ട ലക്ഷ്യങ്ങളുടെ തലത്തിലും അദമ്യമായ സ്വയം ഭരണാവകാശം നിലനിറുത്തുന്നവരാണ്.
ഒരു ജനതയുടെ പ്രാഥമിക സവിശേഷത ജീവിതത്തിലും മൂല്യങ്ങളിലും പങ്കുചേരുകയെന്നതാണ്. ആധ്യാത്മികവും ധാര്‍മ്മികവുമായ തലത്തില്‍ കൂട്ടായ്മയുടെ ഉറവിടമതാണ്. മാനവസമൂഹത്തെ ഒന്നാമതായി ആധ്യാത്മികമണ്ഡലത്തോടു ബന്ധപ്പെട്ട ഒന്നായി കരുതണം. അതിലൂടെ സത്യത്തിന്‍റെ ഉജ്ജ്വലപ്രകാശത്തില്‍ മനുഷ്യര്‍ തങ്ങളുടെ അറിവു പങ്കുവയ്ക്കണം, തങ്ങളുടെ അവകാശങ്ങള്‍ വിനിയോഗിക്കാനും കടമകള്‍ നിര്‍വഹിക്കാനും കഴിയണം. ആധ്യാത്മിക മൂല്യങ്ങള്‍ അന്വേഷിക്കാന്‍ പ്രചോദിപ്പിക്കപ്പെടണം. ഏതു ക്രമത്തില്‍പ്പെട്ട സൗന്ദര്യത്തില്‍ നിന്നും യഥാര്‍ത്ഥ സന്തോഷം പരസ്പരം സ്വീകരിക്കണം. സ്വന്തം സാംസ്കാരികപൈതൃകത്തിന്‍റെ ഏറ്റവും നല്ല അംശങ്ങള്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ എപ്പോഴും സന്നദ്ധതയുള്ളവരാകണം. മറ്റുള്ളവരുടെ ആധ്യാത്മിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ആകാംക്ഷയോടെ പരിശ്രമിക്കണം. ഈ ഉപകാരങ്ങള്‍ സ്വാധീനിക്കുക മാത്രമല്ല ചെയ്യുന്നത്. അവ ഒരേസമയം സാംസ്കാരികാവിഷ്കരണങ്ങള്‍ക്കും സാമ്പത്തിക സാമൂഹിക സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അവയുടെ രൂപങ്ങള്‍ക്കും നിയമങ്ങള്‍ക്കും സമൂഹം ബാഹ്യമായി സ്ഥാപിക്കപ്പെടുകയും സ്ഥിരം വികസിക്കുകയും ചെയ്യുന്നത് മറ്റുള്ള ഏതെല്ലാം സംവിധാനങ്ങളാലാണോ ആ സംവിധാനങ്ങള്‍ക്കും ലക്ഷ്യവും വ്യാപ്തിയും നല്കുക കൂടി ചെയ്യുന്നു."
ഓരോ ജനതയ്ക്കും പൊതുവേ ഒരു ദേശമുണ്ട്. പക്ഷേ, വിവിധ കാരണങ്ങളാല്‍ ദേശീയ അതിരുകളും വംശപരമായ അതിരുകളും ഒന്നായിരിക്കുന്നില്ല. അങ്ങനെ ന്യൂനപക്ഷങ്ങള്‍ എന്ന പ്രശ്നമുണ്ടാകുന്നു. അതു ചരിത്രപരമായി കുറേ സംഘര്‍ഷങ്ങള്‍ക്കു കാരണമായിട്ടുണ്ട്. കൃത്യമായ അവകാശങ്ങളോടും കടമകളോടും കൂടിയ ഗ്രൂപ്പുകളാണ് ന്യൂനപക്ഷങ്ങളെന്നും ആ അവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിലനില്ക്കാനുള്ള അവകാശമാണെന്നും സഭയുടെ പ്രബോധനാധികാരം ഊന്നിപ്പറയുന്നു. "ആ അവകാശം പല രീതിയിലും അവഗണിക്കപ്പെടാം. പരസ്യമായോ പരോക്ഷമായോ നടത്തുന്ന വംശഹത്യയിലൂടെ അതു നിഷേധിക്കുകയെന്ന അങ്ങേയറ്റം കടുത്തരീതിയും അവഗണനയുടെ രീതിയില്‍പ്പെടുന്നു." കൂടാതെ, ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ ഭാഷ ഉള്‍പ്പെടെ തങ്ങളുടെ സംസ്കാരം നിലനിറുത്താനും അവകാശമുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ ആദരിക്കപ്പെടാനുള്ള നിയമാനുസൃതമായ അന്വേഷണത്തില്‍, ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ സ്വയംനിര്‍ണയാവകാശം നേടാന്‍ പ്രേരിപ്പിക്കപ്പെട്ടേക്കാം. ചിലപ്പോള്‍ സ്വാതന്ത്ര്യത്തിനുപോലും പ്രേരിപ്പിക്കപ്പെടാം. വൈകാരിക പ്രാധാന്യമുള്ള അത്തരം സാഹചര്യങ്ങളില്‍ സംവാദം നടത്തുകയും കൂടിയാലോചന വഴി പ്രശ്നം പരിഹരിക്കുകയും ചെയ്യുകയെന്നതാണ് സമാധാനത്തിലേക്കുള്ള പാത. ഏതു സാഹചര്യത്തിലും ഭീകര പ്രവര്‍ത്തനത്തെ ആശ്രയിക്കുന്നത് നീതിവത്കരിക്കാനാവാത്തതാണ്. അന്വേഷിക്കപ്പെടുന്ന ലക്ഷ്യം അതു നശിപ്പിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് കടമകളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്, സര്‍വോപരി, അവര്‍ ജീവിക്കുന്ന സ്റ്റേറ്റിന്‍റെ പൊതുനന്മയ്ക്കുവേണ്ടി അധ്വാനിക്കുകയെന്നതാണ്. പ്രത്യേകിച്ച്, "ഒരു ന്യൂനപക്ഷത്തിന് അതിന്‍റെ ഓരോ അംഗത്തിന്‍റെയും തീരുമാനങ്ങള്‍ ആദരിക്കാനുള്ള കടമയുണ്ട്. ഒരു വന്‍ഭൂരിപക്ഷത്തിന്‍റെ സംസ്കാരം സ്വീകരിക്കാന്‍ തീരുമാനിച്ചാലും ആ കടമയുണ്ട്.
മനുഷ്യാവകാശം സംരക്ഷിക്കലും അതു വളര്‍ത്തലും
മനുഷ്യവ്യക്തിയെ രാഷ്ട്രീയസമൂഹത്തിന്‍റെ അടിസ്ഥാനവും ലക്ഷ്യവുമായി കരുതുന്നു എന്നതിന്‍റെ അര്‍ത്ഥം ഇതാണ്: മൗലികവും അന്യാധീനപ്പെടുത്താനാവാത്തതുമായ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതിലൂടെ മനുഷ്യമഹത്വം അംഗീകരിക്കാനും ആദരിക്കാനും പരിശ്രമിക്കുക: "നമ്മുടെ കാലഘട്ടത്തില്‍ വൈയക്തി അവകാശങ്ങളും കടമകളും നിലനിര്‍ത്തുമ്പോള്‍ പ്രധാനമായും പൊതുനന്മയ്ക്ക് ഉറപ്പു നല്കപ്പെടുന്നു." ഒരു രാഷ്ട്രീയസമൂഹത്തിന്‍റെ നിര്‍മ്മാണത്തിനു മേല്‍നോട്ടം വഹിക്കേണ്ട സുപ്രധാന ധാര്‍മ്മിക നൈയാമികാവശ്യങ്ങളുടെ ഒരു സംഗ്രഹം വ്യക്തിയുടെ അവകാശങ്ങളിലും കടമകളിലും ഉള്‍ക്കൊണ്ടിരിക്കുന്നുണ്ട്. ആ ആവശ്യങ്ങള്‍ വസ്തുനിഷ്ഠമായ നിയമം നിര്‍മ്മിക്കുന്നു. അതിന്മേലാണ് ഭാവാത്മക നിയമം അടിയുറച്ചിരിക്കുന്നത്. രാഷ്ട്രീയസമൂഹം അത് അവഗണിക്കാന്‍ പാടില്ല. എന്തെന്നാല്‍ മനുഷ്യവ്യക്തി അസ്തിത്വത്തിലും ആത്യന്തികലക്ഷ്യത്തിലും രാഷ്ട്രീയസമൂഹത്തിനു മുമ്പേ ഉള്ളവനാണ്. ഭാവാത്മകനിയമം മൗലിക മാനുഷികാവശ്യങ്ങള്‍ നിറവേറുന്നുണ്ടെന്നതിന് ഉറപ്പു നല്‍കണം.
പൗരന്മാര്‍ക്ക് അവരുടെ മനുഷ്യാവകാശങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിനിയോഗിക്കാനും അവയ്ക്കു ചേര്‍ന്ന കടമകള്‍ പൂര്‍ണമായി നിര്‍വഹിക്കാനും സഹായിക്കുന്ന മാനുഷിക പരിസ്ഥിതി സൃഷ്ടിക്കാന്‍ രാഷ്ട്രീയസമൂഹം പരിശ്രമിക്കുമ്പോള്‍ അതു പൊതുനന്മയ്ക്കായി അധ്വാനിക്കുന്നു. "സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ കാര്യങ്ങളില്‍ അധികാരികള്‍ ഫലപ്രദമായ നടപടികളെടുക്കാതിരുന്നാല്‍, പ്രത്യേകിച്ച്, ആധുനിക ലോകത്ത് പൗരന്മാര്‍ക്കിടയിലുള്ള അസമത്വങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യാപകമാകാനുള്ള പ്രവണത കാണിക്കും. തത്ഫലമായി മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ഫലരഹിതങ്ങളാകുകയും ചുമതലകളുടെ നിര്‍വഹണം സന്ദിഗ്ധാവസ്ഥയിലെത്തുകയും ചെയ്യും. അനുഭവം നമ്മെ ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട്." പൊതുനന്മ പൂര്‍ണമായി പ്രാപിക്കണമെങ്കില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ദ്വന്ദ്വാത്മകവും പരസ്പരപൂരകവുമായ ഒരു നടപടി രാഷ്ട്രീയസമൂഹത്തെ നവീകരിക്കണം. "തങ്ങളുടെ മുന്‍ഗണനാപരമായ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്ന വസ്തുതയില്‍നിന്ന് ചില വ്യക്തികളോ ഗ്രൂപ്പുകളോ സവിശേഷമായ ആനുകൂല്യം സ്വീകരിക്കുകയെന്നത് സംഭവിക്കരുത്. അതുപോലതു ആ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഗവണ്‍മെന്‍റുകള്‍ അവയുടെ പൂര്‍ണമായ പ്രകാശനത്തിനും സ്വതന്ത്രമായ ഉപയോഗ ത്തിനും തടസ്സമായിത്തീരുകയെന്നതും സംഭവിക്കരുത്."
സിവില്‍സൗഹൃദത്തില്‍ അടിയുറപ്പിച്ച സാമൂഹിക ജീവിതം
പൗരപരവും രാഷ്ട്രീയവുമായ ജീവിതത്തിന്‍റെ അഗാധമായ അര്‍ത്ഥം വ്യക്തിപരമായ അവകാശങ്ങളുടെയും കടമകളുടെയും പട്ടികയില്‍നിന്ന് നേരിട്ട് ഉദ്ഭവിക്കുന്നില്ല. സമൂഹത്തിലെ ജീവിതം പൗരപരമായ സൗഹൃദത്തിലും സാഹോദര്യത്തിലും അടിയുറച്ചതായിരിക്കുമ്പോള്‍ അതിന്‍റെ മുഴുവന്‍ അര്‍ത്ഥവും നേടുന്നു. യഥാര്‍ത്ഥത്തില്‍ അവകാശങ്ങളുടെ മണ്ഡലം, സുരക്ഷിതമാക്കപ്പെട്ട താത്പര്യങ്ങളുടെയും ബാഹ്യമായ ആദരത്തിന്‍റെയും ഭൗതികവസ്തുക്കളുടെ സംരക്ഷണത്തിന്‍റെയും സുസ്ഥാപിത നിയമങ്ങളനുസരിച്ച് അവയുടെ വിതരണത്തിന്‍റെയും കാര്യമാണ്. സൗഹൃദത്തിന്‍റെ മണ്ഡലം, നേരേമറിച്ച്, നിസ്വാര്‍ത്ഥതയുടെ മണ്ഡലമാണ്; ഭൗതികസ്വത്തുക്കള്‍ സംബന്ധിച്ച അനാസക്തിയുടേതാണ്. സൗജന്യമായി നല്‍കുന്നതിന്‍റേയും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ ആന്തരികമായി സ്വീകരിക്കുന്നതിന്‍റേയുമാണ്. ഈ വിധത്തില്‍ മനസ്സിലാക്കപ്പെടുന്ന "സിവില്‍ സൗഹൃദം" സാഹോദര്യ തത്ത്വത്തിന്‍റെ ഏറ്റവും യഥാര്‍ത്ഥമായ സാക്ഷാത്കാരമാണ്. ആ തത്ത്വമാകട്ടെ സ്വാതന്ത്ര്യത്തിന്‍റെയും സമത്വത്തിന്‍റെയും തത്ത്വത്തില്‍നിന്ന് വേര്‍തിരിക്കാനാവാത്തതുമാണ്. ആധുനിക രാഷ്ട്രീയസമൂഹത്തിന്‍റെ വസ്തുനിഷ്ഠമായ സാഹചര്യങ്ങളില്‍ ഈ തത്ത്വം പ്രയോഗത്തിലാക്കിയിട്ടില്ല. അതിന്‍റെ കാരണം, സര്‍വോപരി, വ്യക്തിവാദപരവും സമഷ്ടിപരവുമായ പ്രത്യയശാസ്ത്രങ്ങളാണ്.
വ്യക്തിയുടെയും പൊതുനന്മയുടെയും സമഗ്രമായ വളര്‍ച്ചയിലേക്കും ചാഞ്ഞിരിക്കുമ്പോള്‍ ഒരു സമൂഹം ഉറപ്പുള്ള അടിസ്ഥാനങ്ങളുള്ളതായിരിക്കും. അത്തരം സാഹചര്യത്തില്‍ നിയമം നിര്‍വചിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും. ഒരുവന്‍റെ അയല്‍ക്കാരനോടുള്ള ദൃഢൈക്യത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും രീതിയനുസരിച്ച് അത് ജീവിക്കപ്പെടും. ഓരോ വ്യക്തിക്കും തന്‍റെ വസ്തുക്കളും അവകാശങ്ങളും അനുഭവിക്കാന്‍ കഴിയണമെന്ന് നീതി ആവശ്യപ്പെടുന്നു. ഇത് സ്നേഹത്തിന്‍റെ മിനിമം അളവായി പരിഗണിക്കപ്പെടാം. സാമൂഹികജീവിതം അതിന്‍റെ ലക്ഷ്യമായിരിക്കേണ്ട ആദര്‍ശത്തിന്‍റെ കൂടുതല്‍ പക്വമായ ബോധമുണ്ടാകാനുള്ള പരിശ്രങ്ങളാല്‍ എത്രകൂടുതല്‍ സവിശേഷമാക്കപ്പെടുന്നുവോ അത്രകൂടുതല്‍ മാനുഷികവുമാകും. ആ ആദര്‍ശമാകട്ടെ, "സ്നേഹസംസ്കാര"മാണ്.
മനുഷ്യജീവി ഒരു വ്യക്തിയാണ്, കേവലം ഒരൊറ്റ വസ്തുവല്ല. "ബുദ്ധിശക്തിയും സ്വതന്ത്രമനസ്സുമുള്ള ഒരു പ്രകൃതി" എന്നാണ് വ്യക്തി എന്ന പദം സൂചിപ്പിക്കുന്നത്. അതുകൊണ്ട് കേവലം ഭൗതികമാനത്തില്‍നിന്നുണ്ടാകുന്ന ആവശ്യങ്ങളാല്‍ നിര്‍വചിക്കപ്പെടുന്ന ഒരു വിഷയത്തേക്കാള്‍ ഏറെ ഉന്നതമായ ഒരു യാഥാര്‍ത്ഥ്യമാണവന്‍. മനുഷ്യവ്യക്തി കുടുംബത്തിലും പൗരപരവും രാഷട്രീയവുമായ സമൂഹത്തിലുമുള്ള ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ ആസൂത്രണം ചെയ്യപ്പെട്ട പദ്ധതികളില്‍ പങ്കുചേരുന്നുണ്ട്. എന്നാലും വാസ്തവത്തില്‍, അതുവഴി പൂര്‍ണമായ ആത്മസാക്ഷാത്കാരം നേടുന്നില്ല. ആവശ്യങ്ങളുടെ മനോഭാവത്തിന് അപ്പുറത്തേക്ക് നീങ്ങുകയും ഉദാരതയുടെയും ദാനത്തിന്‍റെയും മനോഭാവത്തിലേക്ക് പ്രവേശിക്കുകയും വേണം. അത് അവന്‍റെ സാരാംശത്തിനും സാമൂഹിക വിളിക്കും ചേര്‍ന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ പൂര്‍ണമായ ആത്മസാക്ഷാത്കാരം നേടുകയുള്ളൂ.
പരസ്നേഹത്തെക്കുറിച്ചുള്ള സുവിശേഷ കല്പന രാഷ്ട്രീയജീവിതത്തിന്‍റെ അത്യഗാധമായ അര്‍ത്ഥം കണ്ടെത്താന്‍ ക്രൈസ്തവരെ പ്രകാശിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ "മനുഷ്യോചിതമായ ഒരടിസ്ഥാനത്തില്‍ രാഷ്ട്രീയജീവിതം ഉറപ്പിക്കാന്‍ ആന്തരികമായ നീതിബോധം, ഭൂതദയ, പൊതുക്ഷേമോന്മുഖമായ സേവനം എന്നിവ പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രജനതയുടെ യഥാര്‍ത്ഥ സ്വഭാവം, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനപരിധി, രാഷ്ട്രാധികാരത്തിന്‍റെ ശരിയായ വിനിയോഗം, ലക്ഷ്യം എന്നിവ സംബന്ധിച്ച മൗലികബോധ്യങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നതിനേക്കാള്‍ മെച്ചമായ മാര്‍ഗമൊന്നുമില്ല." വിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട ലക്ഷ്യം ജനങ്ങളുടെയിടയില്‍ സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കുകയെന്നതായിരിക്കണം. രാഷ്ട്രീയസമൂഹത്തെക്കുറിച്ചുള്ള ക്രൈസ്തവ ദര്‍ശനം സമൂഹമെന്ന മൂല്യത്തിനും പരമപ്രാധാന്യം കല്പിക്കുന്നു. സമൂഹത്തില്‍ ജീവിതം സംഘടിപ്പിക്കുന്നതിനുള്ള മാതൃകയെന്ന നിലയിലും അനുദിനജീവിതത്തിന്‍റെ ശൈലിയെന്ന നിലയിലും അപ്രകാരം ചെയ്യുന്നു.
രാഷ്ട്രീയാധികാരം
രാഷ്ട്രീയാധികാരത്തിന്‍റെ അടിത്തറ
സഭ എപ്പോഴും അധികാരത്തെ മനസ്സിലാക്കുന്നതിന്‍റെ വിവിധ രീതികള്‍ പരിഗണിച്ചിട്ടുണ്ട്. വ്യക്തിയുടെ സാമൂഹികസ്വഭാവത്തില്‍ അടിസ്ഥാനമുറപ്പിച്ച ഒരു അധികാരമാതൃക സംരക്ഷിക്കാനും നിര്‍ദ്ദേ ശിക്കാനും ശ്രമിച്ചുകൊണ്ടാണ് അപ്രകാരം ചെയ്തിട്ടുള്ളത്. "പ്രകൃത്യാ സാമൂഹികസ്വഭാവമുള്ളവനായാണ് മനുഷ്യന്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടത്. ഒരുവന്‍ എല്ലാവരുടെയും മുകളിലായി നിലകൊള്ളുകയും പൊതുനന്മയ്ക്ക് എല്ലാവരും ഉത്സാഹപൂര്‍വം പരിശ്രമിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഒരു സമൂഹത്തിനും ഒന്നിച്ചുനില്കാനാവുകയില്ല. ഇക്കാരണങ്ങളാല്‍ ഓരോ പരിഷ്കൃത സമൂഹത്തിനും ഭരിക്കുന്ന ഒരധികാരമുണ്ടായിരിക്കണം. ഈ അധികാരത്തിനും സമൂഹത്തെപ്പോലെതന്നെ അതിന്‍റെ ഉറവിടം പ്രകൃതിയിലാണ്. തത്ഫലമായി അതിന്‍റെ കര്‍ത്താവായി ദൈവമുണ്ട്. രാഷ്ട്രീയാധികാരം പൗരപരമായ ജീവിതത്തിന്‍റെ ഭാവാത്മകവും പകരം വയ്ക്കപ്പെടാനാവാത്തതുമായ ഘടകമാണ്, അങ്ങനെ ആയിരിക്കുകയും വേണം."
ക്രമവത്കൃതവും സത്യസന്ധവുമായ ഒരു സമൂഹജീവിതം നയിക്കാന്‍ രാഷ്ട്രീയാധികാരം ഉറപ്പുനല്‍കണം. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സ്വതന്ത്രപ്രവര്‍ത്തനം ദുരുപയോഗിക്കാതെ ഈ സ്വാതന്ത്ര്യത്തിന് ശിക്ഷണവും ദിശാബോധവും നല്‍കണം. വ്യക്തികളുടെയും സമൂഹാംഗങ്ങളുടെയും സ്വാതന്ത്ര്യം ആദരിച്ചും സംരക്ഷിച്ചും പൊതുനന്മ നേടാന്‍ അപ്രകാരം ചെയ്യണം. രാഷ്ട്രീയാധികാരം ഏകോപനത്തിന്‍റെയും നേതൃത്വത്തിന്‍റെയും ഒരു ഉപകരണമാണ്. അതുവഴി അനേകം വ്യക്തികളും ഇടനില ഗ്രൂപ്പുകളും ഒരു ക്രമസംവിധാനത്തിലേക്കു നീങ്ങണം. അതില്‍ ബന്ധങ്ങളും സ്ഥാപനങ്ങളും നടപടികളും സമഗ്രമായ മാനുഷിക വളര്‍ച്ചയ്ക്ക് സേവനം ചെയ്യാന്‍ ഉപയോഗിക്കണം. യഥാര്‍ത്ഥത്തില്‍ "രാഷ്ട്രീയാധികാരം ജനങ്ങളുടെയിടയിലായാലും രാഷ്ട്രത്തിന്‍റെ പ്രതിനിധികളായിരുന്ന സ്ഥാപനങ്ങളിലായാലും രാഷ്ട്രത്തിന്‍റെ പ്രതിനിധികളായിരിക്കുന്ന സ്ഥാപനങ്ങളിലായാലും ധാര്‍മ്മികക്രമത്തിന്‍റെ പരിധിക്കുള്ളിലായിരിക്കണം കൈകാര്യം ചെയ്യപ്പെടുന്നത്. പൊതുക്ഷേമമായിരിക്കണം അതിന്‍റെ ലക്ഷ്യം. ഈ പൊതുക്ഷേമത്തെക്കുറിച്ച് ചലനാത്മകമായ ഒരു ധാരണയുണ്ടായിരിക്കണം. നൈയാമികമായി നടപ്പിലാക്കിയിരിക്കുന്നതോ നടപ്പിലാക്കാനിരിക്കുന്നതോ ആയ നിയമവ്യവസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തിലേ രാഷട്രീയാധികാരം വിനിയോഗിക്കാവൂ. അങ്ങനെ അധികാരം കൈകാര്യം ചെയ്യപ്പെടുമ്പോള്‍ അത് അനുസരിക്കാന്‍ പൗരന്മാര്‍ മനഃസാക്ഷിപ്രകാരം ബാധ്യസ്ഥരാണ്."
രാഷ്ട്രീയാധികാരത്തിന്‍റെ വിഷയം സ്വയംഭരണാധികാരമുള്ളവരെന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന ജനം മുഴുവനുമാണ്. ഈ ജനം, വിവിധരൂപങ്ങളില്‍ സ്വയംഭരണാധികാരം തങ്ങള്‍ പ്രതിനിധികളായി സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുക്കുന്നവര്‍ക്കു കൈമാറുന്നു. എന്നാല്‍, ഭരിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ ജോലി വിലയിരുത്തുമ്പോഴും അവര്‍ അവരുടെ ജോലികള്‍ തൃപ്തികരമാംവിധം നിര്‍വഹിക്കാതിരിക്കുമ്പോള്‍ അവര്‍ക്കുപകരം മറ്റുള്ളവരെ നിയോഗിക്കുമ്പോഴും ജനം ഈ സ്വയംഭരണാവകാശം ഉപയോഗിക്കുകയെന്ന വിശേഷാധികാരം കൈയാളുകയാണ്. ഈ അവകാശം ഓരോ സ്റ്റേറ്റിലും എല്ലാത്തരം രാഷ്ട്രീയഭരണത്തിലും പ്രവര്‍ത്തനക്ഷമമാണ്. എന്നാലും സര്‍ക്കാരിന്‍റെ ജനാധിപത്യരൂപം അതിന്‍റെ പൂര്‍ണമായ വിനിയോഗം അനുവദിക്കുകയും അതിന് ഉറപ്പുനല്കുകയും ചെയ്യുന്നു. സ്ഥിരീകരണ പരിശോധനയ്ക്കുള്ള അതിന്‍റെ പ്രക്രിയകള്‍ വഴിയാണ് അങ്ങനെ ചെയ്യുന്നത്. എന്നാലും രാഷ്ട്രീയാധികാരം വിനിയോഗിക്കുന്നത് "നീതിപൂര്‍വകമായാണെന്നു" പരിഗണിക്കാന്‍ ജനങ്ങളുടെ സമ്മതം മാത്രം പോരാ.
അധികാരം ധാര്‍മ്മികശക്തിയെന്ന നിലയില്‍
അധികാരം ധാര്‍മ്മികനിയമത്താല്‍ നയിക്കപ്പെടണം. ധാര്‍മ്മികക്രമത്തിന്‍റെ സാഹചര്യത്തിനുള്ളില്‍ വിനിയോഗിക്കുന്നു എന്നതില്‍ നിന്നാണ് അതിന്‍റെ മഹത്ത്വമെല്ലാം ഉണ്ടാകുന്നത്. ധാര്‍മ്മിക ക്രമത്തിന്‍റെ "പ്രഥമ ഉറവിടവും അന്തിമലക്ഷ്യവും ദൈവമാണ്." കേവലം സാമൂഹികശാസ്ത്രപരമോ ചരിത്രപരമോ ആയ മാനദണ്ഡങ്ങളാല്‍ നിശ്ചയിക്കപ്പെടുന്ന ഒരു ശക്തിയായി അധികാരത്തെ മനസ്സിലാക്കാന്‍ പാടില്ല. അതിനുമുമ്പേ ഉണ്ടായിരിക്കുന്നതും അതിന്‍റെ അടിസ്ഥാനമായിരിക്കുന്നതുമായ ധാര്‍മ്മിക ക്രമത്തോടുള്ള അതിന്‍റെ അവശ്യകബന്ധം മൂലവും അതിന്‍റെ ലക്ഷ്യം മൂലവും അതിന്‍റെ ലക്ഷ്യമായിരിക്കുന്ന ജനങ്ങള്‍ മൂലവും അധികാരത്തെ അങ്ങനെ മനസ്സിലാക്കാന്‍ പാടില്ല. "സര്‍വാതിശായിയും സംപൂര്‍ണവും സാര്‍വത്രികവും എല്ലാവരെയും തുല്യതോതില്‍ കടപ്പെടുത്തുന്നതുമായ ധാര്‍മ്മികക്രമത്തിന്‍റെ അസ്തിത്വം നിഷേധിക്കുന്നിടംവരെ പോകുന്നവരുണ്ട്. നീതിയുടെ ഒരേ നിയമത്തോട് എല്ലാവരും ഒട്ടിച്ചേര്‍ന്നു നില്‍ക്കാത്തിടത്ത് ജീവത്പ്രധാനമായ പ്രശ്നങ്ങളെക്കുറിച്ച് തുറവുള്ളതും പൂര്‍ണവുമായ സമ്മതത്തില്‍ എത്തിച്ചേരാമെന്ന് മനുഷ്യര്‍ക്കു പ്രതീക്ഷിക്കാനാവുകയില്ല. ആ ക്രമത്തിന് ദൈവത്തിലല്ലാതെ മറ്റെങ്ങും അസ്തിത്വമില്ല. അതിനെ ദൈവത്തില്‍നിന്നും വിച്ഛേദിച്ചാല്‍ അത് നശിച്ചുപോകുമെന്നുള്ളതു തീര്‍ച്ചയാണ്." കടമകള്‍ ചുമത്താന്‍ അധികാരത്തിനു ശക്തി ലഭിക്കുന്നത് ധാര്‍മ്മിക ക്രമത്തില്‍ നിന്നാണ്. അതിന് ധാര്‍മ്മികനൈയാമികത്വം ലഭിക്കുന്നത് തന്നിഷ്ടപ്രകാരമുള്ള ഇച്ഛാശക്തിയില്‍നിന്നോ അധികാരത്തിനുവേണ്ടിയുള്ള ദാഹത്തില്‍നിന്നോ അല്ല. പൊതുനന്മ പ്രാപിക്കാന്‍ വസ്തുനിഷ്ഠമായ പ്രവര്‍ത്തനത്തിലേക്ക് ഈ ക്രമത്തെ പരിവര്‍ത്തനം ചെയ്യിക്കണം.
മാനുഷികവും ധാര്‍മ്മികവുമായ മൗലികമൂല്യങ്ങള്‍, അധികാരം അംഗീകരിക്കുകയും ബഹുമാനിക്കുകയും വളര്‍ത്തുകയും വേണം. അവ ജന്മസിദ്ധമാണ്. "അവ മനുഷ്യജീവിയുടെ യഥാര്‍ത്ഥസത്യത്തില്‍ നിന്ന് ഉദ്ഭവിക്കുന്നു. മനുഷ്യവ്യക്തിയുടെ മഹത്ത്വം പ്രകാശിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിക്കും ഒരു ഭൂരിപക്ഷത്തിനും ഒരു സ്റ്റേറ്റിനും ഒരിക്കലും സൃഷ്ടിക്കാനോ പരിഷ്കരിക്കാനോ നശിപ്പിക്കാനോ കഴിയാത്ത മൂല്യങ്ങളാണവ." താത്കാലികമോ മാറ്റാവുന്നതോ ആയ "ഭൂരിപക്ഷാഭിപ്രായങ്ങളി"ലല്ല ഈ മൂല്യങ്ങള്‍ അടിയുറച്ചിരിക്കുന്നത്. പിന്നെയോ, വസ്തുനിഷ്ഠമായ ധാര്‍മ്മിക നിയമത്തിന്‍റെ ഘടകങ്ങളായും മനുഷ്യഹൃദയത്തില്‍ എഴുതപ്പെട്ടിരിക്കുന്ന (cf. റോമാ 2:15) സ്വാഭാവികനിയമമായും സിവില്‍നിയമത്തിന്‍റെ തന്നെ മാനദണ്ഡപരമായ സംശോധനാകേന്ദ്രമായും അവ നിരുപാധികം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും വളര്‍ത്തപ്പെടുകയും വേണം. പൊതുജനമനസ്സാക്ഷിക്കുണ്ടാകുന്ന ദുരന്തപരമായ മങ്ങല്‍മൂലം ധാര്‍മ്മികനിയമത്തിന്‍റെ മൗലികതത്ത്വങ്ങളെക്കുറിച്ചു സംശയമുണ്ടാക്കുന്നതില്‍ സംശയവാദം വിജയിച്ചാല്‍ രാഷ്ട്രത്തിന്‍റെ നൈയാമിക സംവിധാനം അടിത്തറയോടെ ഇളകിപ്പോകും. വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധങ്ങളുമായ താത്പര്യങ്ങള്‍ പ്രായോഗികമായി നിയന്ത്രിക്കാനുള്ള ഒരു യന്ത്രസംവിധാനത്തില്‍ കൂടുതലായൊന്നുമായിരിക്കുകയില്ല അത്.
അധികാരം നീതിപൂര്‍വകമായ, അതായത്, മനുഷ്യവ്യക്തിയുടെ മഹത്ത്വത്തിനു ചേര്‍ന്നതും ശരിയായ യുക്തി ആവശ്യപ്പെടുന്നതെന്തോ അതിനു ചേര്‍ന്നതുമായ നിയമങ്ങള്‍ നിര്‍മ്മിക്കണം. "ശരിയായ യുക്തിക്കു ചേര്‍ന്നതും അതുകൊണ്ട് ശാശ്വതനിയമത്തില്‍ നിന്ന് ഉദ്ഭവിച്ചതുമായിരിക്കുന്നിടത്തോളം മാനുഷികനിയമം ഒരു നിയമമാണ്. എന്നാല്‍ ഒരു നിയമം യുക്തിക്കു വിരുദ്ധമായിരിക്കുമ്പോള്‍, അത് അന്യായമായ നിയമമെന്നു വിളിക്കപ്പെടും. അത്തരമൊരു സന്ദര്‍ഭത്തില്‍ അത് നിയമമല്ലാതാകും. പകരം അക്രമത്തിന്‍റെ ഒരു പ്രവൃത്തിയായിത്തീരും. യുക്തിയനുസരിച്ചു ഭരിക്കുന്ന ഭരണാധികാരി പൗരന്മാരെ, മറ്റൊരു വ്യക്തിയുടെ കീഴിലായിരിക്കുകയെന്ന ബന്ധത്തിലെന്നതിനെക്കാള്‍, ധാര്‍മ്മികക്രമത്തോടുള്ള അനുസരണത്തിന്‍റെ ബന്ധത്തില്‍ സ്ഥാപിക്കുന്നു. അതുകൊണ്ട് അതിന്‍റെ ആത്യന്തിക ഉറവിടമായി ദൈവത്തോടുള്ള ബന്ധത്തില്‍ പ്രതിഷ്ഠിക്കുന്നു. ധാര്‍മ്മികക്രമമനുസരിച്ചു പ്രവര്‍ത്തിക്കുന്ന അധികാരത്തെ അനുസരിക്കാന്‍ വിസമ്മതിക്കുന്ന ഏതു വ്യക്തിയും ڇദൈവം നിയോഗിച്ചതിനെ എതിര്‍ക്കുന്നു" (റോമാ 13:2). അതുപോലെ, പൊതുഅധികാരം പൊതുനന്മ തേടുന്നതില്‍ പരാജയപ്പെടുമ്പോഴെല്ലാം അത് ശരിയായ ലക്ഷ്യം പരിത്യജിക്കുകയും അങ്ങനെ സ്വയം നിയമാനുസൃതമല്ലാതാവുകയും ചെയ്യുന്നു. പൊതു അധികാരത്തിന്‍റെ അടിത്തറ മനുഷ്യപ്രകൃതിയിലാണ്. ദൈവം മുന്‍കൂട്ടി കല്പിച്ച ക്രമത്തിന്‍റേതുമാണ്.
മനസ്സാക്ഷിപ്രകാരം എതിര്‍ക്കാനുള്ള അവകാശം
സിവില്‍ അധികാരികളുടെ കല്പനകള്‍ ധാര്‍മ്മികക്രമത്തിനോ വ്യക്തികളുടെ മൗലികാവകാശങ്ങള്‍ക്കോ സുവിശേഷപ്രബോധനങ്ങള്‍ക്കോ വിരുദ്ധമാണെങ്കില്‍ അവ അനുസരിക്കാന്‍ പൗരന്മാര്‍ക്ക് മനസ്സാക്ഷി പ്രകാരം കടമയില്ല. അന്യായനിയമങ്ങള്‍ ധാര്‍മ്മികമായി സജ്ജനങ്ങളായിരിക്കുന്നവരുടെ മനസ്സാക്ഷിക്കുനേരേ നാടകീയപ്രശ്നങ്ങള്‍ ഉണര്‍ത്തുന്നു. ധാര്‍മ്മികമായി തിന്മ നിറഞ്ഞ പ്രവൃത്തികളില്‍ സഹകരിക്കാന്‍ അവര്‍ വിളിക്കപ്പെടുമ്പോള്‍ അവര്‍ ആ വിളി നിരസിക്കണം. ആ നിരസനം ഒരു ധാര്‍മ്മിക കടമയാണ്. മാത്രമല്ല, അത് ഒരു മൗലിക മനുഷ്യാവകാശവുമാണ്. മൗലികാവകാശം അംഗീകരിക്കാനും സംരക്ഷിക്കാനും സിവില്‍നിയമത്തിനു കടമയുണ്ടാല്ലോ. "മനസ്സാക്ഷിപ്രകാരം എതിര്‍ക്കുന്നവരെ നിയമപരമായ ശിക്ഷകളില്‍നിന്നു മാത്രമല്ല, പിന്നെയോ നൈയാമികവും ശിക്ഷണപരവും ധനപരവും തൊഴില്‍പരവുമായ മണ്ഡലത്തിലെ നിഷേധാത്മക പ്രത്യാഘാതങ്ങളില്‍ നിന്നെല്ലാം സംരക്ഷിക്കണം".
സിവില്‍നിയമപ്രകാരം അനുവദിക്കപ്പെട്ടതാണെങ്കിലും ദൈവത്തിന്‍റെ നിയമത്തിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ആചാരാനുസാരിയായാണെങ്കില്‍പ്പോലും സഹകരിക്കുകയെന്നത് മനസ്സാക്ഷിപ്രകാരമുള്ള ഗൗരവാവഹമായ ഒരു കടമയാണ്. യഥാര്‍ത്ഥത്തില്‍ അത്തരമൊരു സഹകരണം ഒരിക്കലും നീതിവത്കരിക്കപ്പെടാന്‍ സാധ്യമല്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാന്‍ വേണ്ടിയാണെന്നോ സിവില്‍നിയമം മുന്‍കൂട്ടി കണ്ടതും ആവശ്യപ്പെടുന്നതുമാണെന്നോ വാദിക്കുന്നതുകൊണ്ട് നീതിവത്കരിക്കാനാവുകയില്ല. അങ്ങനെ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചുള്ള ധാര്‍മ്മികോത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആര്‍ക്കും സാധ്യമല്ല. ഈ ഉത്തരവാദിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാവരും ദൈവത്താല്‍ തന്നെ വിധിക്കപ്പെടും (cf. റോമാ 2:6; 14:12).
ചെറുത്തുനില്ക്കാനുള്ള അവകാശം
സ്വാഭാവികനിയമമാണ് മനുഷ്യ നിര്‍മ്മിതനിയമത്തിന്‍റെ അടിസ്ഥാനമെന്നും സ്വാഭാവിക നിയമം അതിന് അതിരുകള്‍ കല്പിക്കുന്നെന്നും നാം മനസ്സിലാക്കുന്നു. സ്വാഭാവിക നിയമത്തിന്‍റെ തത്ത്വങ്ങള്‍ ഗൗരവപൂര്‍ണമായ രീതിയില്‍ അല്ലെങ്കില്‍ വീണ്ടും വീണ്ടും ലംഘിക്കുന്ന അധികാരത്തെ എതിര്‍ക്കുന്നത് നിയമാനുസൃതമാണെന്നാണ് അതിന്‍റെ അര്‍ത്ഥം. വിശുദ്ധ തോമസ് അക്വീനാസ് ഇങ്ങനെ എഴുതുന്നു: "നീതിയുടെ ക്രമം ആവശ്യപ്പെടുന്നിടത്തോളം അനുസരിക്കാന്‍ ഒരുവന്‍ കടപ്പെട്ടിരിക്കുന്നു". അതുകൊണ്ട്, എതിര്‍ക്കാനുള്ള അവകാശത്തിന്‍റെ അടിസ്ഥാനം സ്വാഭാവികനിയമമാണ്.
ഈ അവകാശം വിനിയോഗിക്കുന്നതിന് വ്യത്യസ്തങ്ങളും വസ്തുനിഷ്ഠവുമായ അനേകം മാര്‍ഗങ്ങളുണ്ടാകാം. പരിശ്രമിച്ചു നേടേണ്ട അനേകം വ്യത്യസ്തലക്ഷ്യങ്ങളുമുണ്ടാകാം. അധികാരത്തോടുള്ള എതിര്‍പ്പ് കാര്യങ്ങള്‍ വ്യത്യസ്ത രീതിയില്‍ കാണുന്നതിന്‍റെ സാധുതയ്ക്ക് സാക്ഷ്യം നല്കലാണ്. ഭാഗികമായ മാറ്റം - ഉദാഹരണമായി ചില നിയമങ്ങളുടെ പരിഷ്കരണം - നേടാനായാലും സാഹചര്യത്തില്‍ മൗലികമാറ്റം വരുത്താന്‍ വേണ്ടി പടപൊരുതാനായാലും ആ സാധുതയ്ക്കു സാക്ഷ്യം നല്കലാണ്.
എതിര്‍ക്കാനുള്ള അവകാശം വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സഭയുടെ സാമൂഹികസിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നുണ്ട്: "രാഷ്ട്രീയാധികാരം നടത്തുന്ന പീഡനത്തെ ആയുധങ്ങളുപയോഗിച്ച് എതിര്‍ക്കുന്നത്, താഴെപ്പറയുന്ന എല്ലാ വ്യവസ്ഥകളും നിലനില്ക്കുന്നില്ലെങ്കില്‍, നിയമാനുസൃതമല്ല. 1) മൗലികാവകാശങ്ങളുടെ ഗൗരവപൂര്‍വവും സുദീര്‍ഘവുമായ ലംഘനമുണ്ടായിരിക്കുക 2) ആശ്വാസത്തിനുള്ള മറ്റെല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുകഴിഞ്ഞിരിക്കുക 3) അത്തരം എതിര്‍പ്പ് കൂടുതല്‍ മോശമായ ക്രമക്കേടുകള്‍ ഉണ്ടാക്കാതിരിക്കുക 4) വിജയിക്കാമെന്ന് നല്ല അടിസ്ഥാനമുള്ള പ്രത്യാശയുണ്ടായിരിക്കുക 5) കൂടുതല്‍ നല്ലൊരു പരിഹാരമാര്‍ഗം മുന്‍കൂട്ടി കാണാന്‍ യുക്തിപരമായി അസാധ്യമായിരിക്കുക. "മൗലികമായ വൈയക്തികാവകാശങ്ങള്‍ക്ക് വലിയതോതില്‍ നാശം വരുത്തുകയും രാജ്യത്തിന്‍റെ പൊതുനന്മയെ അപകടകരമാംവിധം ദ്രോഹിക്കുകയും ചെയ്യാവുന്ന സുവ്യക്തവും ദീര്‍ഘകാലമായി നിലനില്ക്കുന്നതുമായ പീഡനാത്മകസ്വേച്ഛാധിപത്യത്തിന്" അന്തംവരുത്താനുള്ള അങ്ങേയറ്റത്തെ പരിഹാരമാര്‍ഗമായാണ് ആയുധങ്ങളെ ആശ്രയിക്കാന്‍ കാണപ്പെടുന്നത്. അക്രമമാര്‍ഗം സ്വീകരിക്കുന്നതില്‍ ഇന്ന് ഗൗരവാവഹമായ അപകടം ഉള്‍ക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നിസ്സഹകരണ ചെറുത്തുനില്പ് എന്ന മാര്‍ഗം ഉപയോഗിക്കുകയായിരിക്കും ഏതു സാഹചര്യത്തിലും കൂടുതല്‍ നല്ലത്. "ആ മാര്‍ഗം ധാര്‍മ്മികതത്ത്വങ്ങളോടു കൂടുതല്‍ യോജിക്കുന്നവയാണ്. അതിന് വിജയസാധ്യത കുറവല്ലതാനും."
ശിക്ഷകൊടുക്കല്‍
പൊതുനന്മ സംരക്ഷിക്കുന്നതിനു വേണ്ടി, നിയമാനുസൃതമായ പൊതുഅധികാരി കുറ്റകൃത്യങ്ങളുടെ ഗൗരവമനുസരിച്ച് ശിക്ഷിക്കാനുള്ള ആവകാശവും കടമയും നിര്‍വഹിക്കണം. രാഷ്ട്രത്തിന് ഇരട്ട ഉത്തരവാദിത്വമുണ്ട്: മനുഷ്യാവകാശത്തിനും സിവില്‍ ജീവിതത്തിന്‍റെ മൗലികനിയമങ്ങള്‍ക്കും ദ്രോഹകരമായ പെരുമാറ്റം നിരുത്സാഹപ്പെടുത്തുക; കുറ്റകരമായ പ്രവര്‍ത്തനം വഴി സൃഷ്ടിക്കപ്പെട്ട ക്രമരാഹിത്യം ശിക്ഷാസമ്പ്രദായമനുസരിച്ച് പരിഹരിക്കുക. നിയമവാഴ്ചയുള്ള ഒരു സ്റ്റേറ്റില്‍ ശിക്ഷ നല്കാനുള്ള അധികാരം ശരിയായിത്തന്നെ കോടതികള്‍ക്കു നല്കപ്പെട്ടിരിക്കുന്നു. "നിയമനിര്‍മ്മാണപരവും ഭരണനിര്‍വഹണപരവും നീതിന്യായപരവുമായ അധികാരങ്ങള്‍ തമ്മിലുള്ള ശരിയായ ബന്ധങ്ങള്‍ നിര്‍വചിക്കുന്നതില്‍ ആധുനിക രാഷ്ട്രങ്ങളിലെ ഭരണഘടനകള്‍ നീതിന്യായാധികാരത്തിന് നിയമമണ്ഡലത്തില്‍ അത്യാവശ്യമായ സ്വാതന്ത്ര്യം ഉറപ്പുവരുത്തിയിട്ടുണ്ട്."
പൊതുക്രമം സംരക്ഷിക്കുകയും വ്യക്തികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യം മാത്രമല്ല ശിക്ഷയ്ക്കുള്ളത്. കുറ്റക്കാരനെ തിരുത്താനുള്ള ഒരു ഉപകരണം കൂടിയാണത്. കുറ്റം ചെയ്തവ്യക്തി സന്മനസ്സോടെ ശിക്ഷ സ്വീകരിക്കുമ്പോള്‍ പാപപരിഹാരത്തിന്‍റേതായ ധാര്‍മ്മികമൂല്യം കൂടി സ്വീകരിക്കുന്ന തെറ്റു തിരുത്തലാണത്. ഇവിടെ ഇരട്ട ലക്ഷ്യമാണുള്ളത്: ഒരു വശത്ത്, ശിക്ഷിക്കപ്പെട്ട വ്യക്തിയെ സമൂഹത്തിലേക്ക് വീണ്ടും പ്രവേശിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. മറുവശത്ത്, അനുരഞ്ജനം സാധിക്കുന്ന നീതി വളര്‍ത്തുന്നു. കുറ്റകരമായ കൃത്യം വഴി തകര്‍ക്കപ്പെട്ട സാമൂഹികബന്ധങ്ങളില്‍ സമന്വയം പുനഃസ്ഥാപിക്കാന്‍ കഴിവുള്ള നീതിയാണത്.
ഈ വിഷയത്തില്‍, തടവുകാരുടെ ചാപ്ലയിന്മാര്‍ ഏറ്റെടുക്കാന്‍ വിളിക്കപ്പെട്ട പ്രവര്‍ത്തനം സുപ്രധാനമാണ്. ഈ പ്രവര്‍ത്തനത്തിന്‍റെ സവിശേഷാത്മകമായ മതാത്മകമാനത്തില്‍ മാത്രമല്ല, തടവുകാരുടെ മഹത്ത്വം സംരക്ഷിക്കുന്നതിലും അതിനു പ്രാധാന്യമുണ്ട്. നിര്‍ഭാഗ്യവശാല്‍, തടവുകാര്‍ കഴിഞ്ഞു കൂടുന്ന സാഹചര്യങ്ങള്‍ എപ്പോഴും അവരുടെ മഹത്ത്വത്തോടുള്ള ആദരം പോഷിപ്പിക്കുന്നില്ല. തടവറകള്‍ മിക്കപ്പോഴും പുതിയ കുറ്റങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സ്ഥലങ്ങളായിത്തീരുകയും ചെയ്യുന്നു. എന്തൊക്കെയായാലും, ക്രൈസ്തവര്‍ക്ക് സാമൂഹിക പ്രശ്നങ്ങളോടുള്ള താത്പര്യത്തിനു സാക്ഷ്യംവഹിക്കാനുള്ള ഒരു സവിശേഷ സ്ഥലം, ശിക്ഷാസ്ഥാപനങ്ങളുടെ സാഹചര്യം നല്കുന്നുണ്ട്. "ഞാന്‍ തടങ്കലിലായിരുന്നു, നീ എന്‍റെയടുത്തുവന്നു" (മത്താ 25:35-36).
കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്വം സ്ഥാപിക്കാനുള്ള ജോലി എപ്പോഴും വ്യക്തിപരമായ സ്വഭാവമുള്ളതാണ്. അതു സത്യത്തിനു വേണ്ടി സൂക്ഷ്മപരിശോധന നടത്തണം. മനുഷ്യവ്യക്തിയുടെ മഹത്ത്വത്തോടും അവകാശങ്ങളോടുമുള്ള തികഞ്ഞ ആദരത്തോടെ നടത്തണം. കുറ്റക്കാരുടെ അവകാശങ്ങളും കുറ്റം ചെയ്യാത്തവരുടെ അവകാശങ്ങളും ഉറപ്പാക്കണമെന്നാണ് ഇതിന്‍റെ അര്‍ത്ഥം. കുറ്റം തെളിയിക്കപ്പെടാതെ ശിക്ഷിക്കാന്‍ പാടില്ലെന്ന നീതിന്യായതത്ത്വം ഓര്‍മ്മിച്ചിരിക്കണം.
അന്വേഷണങ്ങള്‍ നടത്തുന്നതില്‍ പീഡനം പാടില്ലെന്ന നിയമം, ഗൗരവമുള്ള കുറ്റങ്ങളുടെ കാര്യത്തില്‍പോലും കര്‍ശനമായി പാലിക്കപ്പെടണം. "അത്തരം രീതികളുടെ എല്ലാ ഉപയോഗവും ക്രിസ്തുവിന്‍റെ ശിഷ്യന്‍ തള്ളിക്കളയുന്നു. ആ രീതി ഒന്നുംതന്നെ നീതിവത്കരിക്കുകയില്ല. അവയില്‍ മനുഷ്യന്‍റെ മഹത്ത്വം തരം താഴ്ത്തപ്പെടുന്നു. പീഡനത്തില്‍ പീഡകന്‍റെ ഇരയിലെന്നപോലെ തരംതാഴ്ത്തപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര നൈയാമിക പ്രമാണരേഖകള്‍ പീഡനം നിരോധിക്കുന്ന നിര്‍ദ്ദേശം ശരിയായിത്തന്നെ നല്കുന്നു. ഒരു സാഹചര്യത്തിലും ലംഘിക്കാന്‍ പാടില്ലാത്ത ഒരു തത്ത്വമെന്ന നിലയിലുള്ള നിര്‍ദ്ദേശമാണത്.
"വിസ്താരത്തിനുവേണ്ടി സുപ്രധാനവിവരം ലഭിക്കാന്‍ പരിശ്രമിക്കുകയെന്ന ഏകലക്ഷ്യത്തോടെ തടവില്‍ പാര്‍പ്പിക്കുന്നതും" ഇതുപോലെതന്നെ തള്ളിക്കളയപ്പെട്ടിരിക്കുന്നു. കൂടാതെ, "വിസ്താരം വേഗത്തില്‍ നടത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുണ്ടായിരിക്കണം. അതിന്‍റെ അമിതദൈര്‍ഘ്യം പൗരന്മാര്‍ക്ക് അസഹ്യമായിത്തീരുന്നു. അതിന്‍റെ ഫലമായി യഥാര്‍ത്ഥ അനീതിയുണ്ടാകുന്നു."
അന്വേഷണങ്ങളില്‍ വേണ്ടത്ര വിവേചനാശക്തി ഉപയോഗിക്കാന്‍ കോടതി ഉദ്യോഗസ്ഥര്‍ക്കു കടമയുണ്ട്. കുറ്റാരോപിതര്‍ക്ക് രഹസ്യം സൂക്ഷിക്കാനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാനും നിരപരാധിത്വം സംബന്ധിച്ച മുന്‍ധാരണയെന്ന തത്ത്വം നശിപ്പിക്കാതിരിക്കാനും വേണ്ടിയാണത്. ജഡ്ജിമാര്‍ക്കും തെറ്റുപറ്റാം. അതുകൊണ്ട് ന്യായവിധിപരമായ തെറ്റുകള്‍ക്ക് ഇരയായവര്‍ക്ക് ഉചിതമായ പരിഹാരം നല്കാന്‍ നിയമമുണ്ടാകുകയെന്നതും ഉചിതമാണ്.
മരണശിക്ഷയോടുള്ള പൊതുവായ എതിര്‍പ്പ് വളര്‍ന്നുവരുന്നുണ്ട്. സമൂഹത്തിന്‍റെ ഒരുതരം നിയമാനുസൃത പ്രതിരോധമായി അത്തരം ശിക്ഷയെ കാണുമ്പോഴും അതിനോടുള്ള എതിര്‍പ്പു വളരുന്നു. പ്രത്യാശയുടെ ഒരു അടയാളമായി സഭ അതിനെ കാണുന്നു. "കുറ്റവാളികള്‍ക്ക് സ്വയം നന്നാകാനുള്ള അവസരം എന്നേക്കുമായി നിഷേധിക്കാതെ അവരെ നിരുപദ്രവകാരികളാക്കിക്കൊണ്ട് കുറ്റകൃത്യങ്ങളെ കാര്യക്ഷമമായി അമര്‍ച്ചചെയ്യാനുള്ള മാര്‍ഗങ്ങള്‍ ആധുനിക സമൂഹത്തിന് യഥാര്‍ത്ഥത്തില്‍ ഉണ്ട്". അതേസമയം, കുറ്റക്കാരനെ തിരിച്ചറിയലും അയാളുടെ ഉത്തരവാദിത്വവും പൂര്‍ണമായും തീര്‍ച്ചയുള്ള കാര്യമാണെങ്കില്‍, സഭയുടെ പരമ്പരാഗത പ്രബോധനം വധശിക്ഷ ഒഴിവാക്കുന്നില്ല. "മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ അക്രമിക്കെതിരേ ഉപയോഗിക്കാവുന്ന ഏകപ്രായോഗിക നടപടി ഇതാണെങ്കില്" ഇത് ഒഴിവാക്കുന്നില്ല. തടവില്‍ പാര്‍പ്പിക്കലിന്‍റെയും ശിക്ഷയുടെയും രക്തരഹിതരീതികള്‍ക്കാണു മുന്‍ഗണന നല്കേണ്ടത്. എന്തെന്നാല്‍ "അവ പൊതുനന്മയുടെ വ്യവസ്ഥകള്‍ക്കു കൂടുതല്‍ യോജിച്ചതാണ്. മനുഷ്യവ്യക്തിയുടെ മഹത്ത്വത്തിനു കൂടുതല്‍ ചേരുന്നതുമാണ്." മരണശിക്ഷ ഇല്ലായ്മ ചെയ്യാനോ അതിന്‍റെ പ്രയോഗം നിര്‍ത്തിവയ്ക്കാനോ നിയമങ്ങളുണ്ടാക്കുന്ന രാജ്യങ്ങളുടെ സംഖ്യ വര്‍ദ്ധിച്ചുവരുന്നുവെന്നത് ഒരു വസ്തുതയാണ്. കുറ്റവാളിയെ വധിക്കുകയെന്നത് തികച്ചും ആവശ്യമായിരിക്കുന്ന സംഭവങ്ങള്‍ "പ്രായോഗികമായി ഇല്ലാതിരിക്കുന്നില്ലെങ്കിലും വളരെ അപൂര്‍വമാണെ"ന്നതിന്‍റെ തെളിവാണ് ആ വസ്തുത. മരണശിക്ഷയെ പൊതുജനാഭിപ്രായം കൂടുതല്‍ കൂടുതല്‍ വെറുക്കുന്നു. അത് നിര്‍ത്തലാക്കാനോ അതിന്‍റെ പ്രയോഗം തടഞ്ഞുവയ്ക്കാനോ ഉള്ള വിവിധ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. ഇതെല്ലാം ഉന്നതമാക്കപ്പെട്ട ധാര്‍മ്മിക ബോധത്തിന്‍റെ ദൃശ്യമായ പ്രകടനങ്ങളാണ്.
ജനാധിപത്യസമ്പ്രദായം
"ചെന്തേസിമൂസ് അന്നൂസ്" (നൂറാംവര്‍ഷം) എന്ന ചാക്രികലേഖനത്തില്‍ ജനാധിപത്യം സംബന്ധിച്ച പ്രകടവും കൃത്യമായ ഒരു വിധിപ്രസ്താവനയുണ്ട്: രാഷ്ട്രപരമായ തിരഞ്ഞെടുപ്പുകളില്‍ പൗരന്മാര്‍ക്കു പങ്കാളിത്തം ഉറപ്പുവരുത്തുന്നതുകൊണ്ടും, ഭരണീയര്‍ക്ക് ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കാനും അവരെ ഉത്തരവാദികളായി കരുതാനും ആവശ്യം വരുമ്പോള്‍ അവരെ സമാധാനപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മാറ്റാനുള്ള സാധ്യത ഉറപ്പുവരുത്തുന്നതുകൊണ്ടും സഭ ജനായത്തഭരണസമ്പ്രദായത്തെ വിലമതിക്കുന്നു. അതുകൊണ്ട് വ്യക്തിപരമായ താത്പര്യങ്ങള്‍ക്കോ പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങള്‍ക്കോവേണ്ടി രാഷ്ട്രാധികാരം ദുരുപയോഗിക്കുന്ന ചെറിയ ഭരണഗ്രൂപ്പുകളുടെ രൂപവത്കരണം പ്രോത്സാഹിപ്പിക്കാന്‍ സഭയ്ക്കു സാധ്യമല്ല. യഥാര്‍ത്ഥമായ ജനാധിപത്യം നിയമത്താല്‍ ഭരിക്കപ്പെടുന്ന ഒരു രാഷ്ട്രത്തില്‍ മാത്രമേ സാധ്യമാവുകയുള്ളൂ. മാത്രമല്ല, മനുഷ്യവ്യക്തിയെപ്പറ്റിയുള്ള ശരിയായ ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രമേ അതു സാധിക്കുകയുള്ളൂ. വ്യക്തികള്‍ വിദ്യാഭ്യാസത്തിലൂടെയും ശരിയായ ആദര്‍ശങ്ങളിലൂടെയുമുള്ള സ്വഭാവരൂപവത്കരണത്തിലൂടെയും പുരോഗമിക്കണം. ഭാഗഭാഗിത്വത്തിന്‍റെയും പങ്കുവയ്ക്കപ്പെടുന്ന ഉത്തരവാദിത്വത്തിന്‍റെയും സംവിധാനങ്ങളുടെ സൃഷ്ടിക്കലിലൂടെ സമൂഹത്തിന്‍റെ കര്‍തൃത്വവും പുരോഗമിക്കണം. ഈ ദ്വിവിധ വളര്‍ച്ചയ്ക്ക് അവശ്യാവശ്യകമായ സാഹചര്യങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അത് ആവശ്യപ്പെടുന്നു.
മൂല്യങ്ങളും ജനാധിപത്യവും
യഥാര്‍ത്ഥമായ ജനാധിപത്യമെന്നത് കുറെ നിയമങ്ങളുടെ ആചാരപരമായ പാലനമല്ല. പിന്നെയോ, ജനാധിപത്യപരമായ പ്രക്രിയകള്‍ പ്രചോദിപ്പിക്കുന്ന മൂല്യങ്ങള്‍ ബോധപൂര്‍വം സ്വീകരിക്കുന്നതിന്‍റെ ഫലമാണ്. ഓരോ മനുഷ്യവ്യക്തിയുടെയും മഹത്ത്വം, മനുഷ്യാവകാശങ്ങളോടുള്ള ആദരം, രാഷ്ട്രീയജീവിതത്തിന്‍റെ ലക്ഷ്യവും മാര്‍ഗനിര്‍ദ്ദേശകമാനദണ്ഡവുമെന്ന നിലയിലുള്ള പൊതുനന്മയോടുള്ള സമര്‍പ്പണം. ഈ മൂല്യങ്ങള്‍ സംബന്ധിച്ച് പൊതുസമ്മതിയില്ലെങ്കില്‍ ജനാധിപത്യത്തിന്‍റെ അത്യഗാധമായ അര്‍ത്ഥം നഷ്ടപ്പെടും. അതിന്‍റെ സ്ഥിരത ദ്രോഹിക്കപ്പെടും.
സഭയുടെ സാമൂഹികപ്രബോധനം ധാര്‍മ്മിക ആപേക്ഷികതാവാദ (ethical relativism) ത്തെ ഇന്നത്തെ ജനാധിപത്യങ്ങള്‍ക്കെതിരേയുള്ള ഏറ്റവും വലിയ ഭീഷണികളിലൊന്നായി കരുതുന്നു. മൂല്യങ്ങളുടെ ശരിയായ ഒരു ഹയരാര്‍ക്കിയുടെ അടിസ്ഥാനം ഉറപ്പിക്കാന്‍ വസ്തുനിഷ്ഠവും സാര്‍വത്രികവുമായ മാനദണ്ഡങ്ങളില്ലെന്ന് അഭിപ്രായപ്പെടുന്ന ഒന്നാണ് ആ വാദം. "ഇന്നൊരു പ്രത്യേക പ്രവണത കാണുന്നുണ്ട്. അജ്ഞേയവാദവും സംശയവാദപരമായ ആപേക്ഷികതാവാദവും ആണ് രാഷ്ട്രീയജീവിതത്തിന്‍റെ ജനായത്തഭരണപരമായ രൂപങ്ങളോടു ചേര്‍ന്നു പോകുന്ന തത്ത്വചിന്തകളും മൗലിക മനോഭാവവുമെന്ന് അവകാശപ്പെടാനുള്ള പ്രവണതയാണത്. തങ്ങള്‍ സത്യം അറിയുന്നു എന്ന അവബോധമുള്ളവരും സത്യത്തില്‍ ഉറച്ചു നില്ക്കുന്നവരുമായ വ്യക്തികള്‍ ജനായത്തഭരണപരമായ വീക്ഷണപ്രകാരം വിശ്വസിക്കാന്‍ കൊള്ളുകയില്ലാത്തവരായി കരുതപ്പെടുന്നു. കാരണം, സത്യം ഭൂരിപക്ഷത്താല്‍ നിശ്ചയിക്കപ്പെടുന്നതാണെന്ന് അവര്‍ അംഗീകരിക്കുന്നില്ല. അല്ലെങ്കില്‍ വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികളനുസരിച്ച് അതു മാറ്റത്തിനു വിധേയമായിത്തീരുന്നു എന്ന് അവര്‍ കരുതുന്നില്ല. ഇതിനെ സംബന്ധിച്ചിടത്തോളം ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, രാഷ്ട്രീയ പ്രവര്‍ത്തനത്തെ നയിക്കാനും നിയന്ത്രിക്കാനും പരമമായ സത്യമല്ലെങ്കില്‍, ആശയങ്ങളും ബോധ്യങ്ങളും അധികാരത്തിനുവേണ്ടി എളുപ്പത്തില്‍ വളച്ചൊടിക്കപ്പെടും. മൂല്യങ്ങളില്ലാത്ത ജനാധിപത്യഭരണം തുറന്ന സ്വേച്ഛാധിപത്യത്തിലേക്കോ അല്ലെങ്കില്‍ സൂക്ഷ്മമായി തിരിച്ചറിയാവുന്ന സ്വേച്ഛാധിപത്യത്തിലേക്കോ എളുപ്പത്തില്‍ തിരിയും. ചരിത്രം അതു തെളിയിക്കുന്നുണ്ട്. ജനാധിപത്യം അടിസ്ഥാനപരമായി "ഒരു സമ്പ്രദായമാണ്." അതു പ്രകൃത്യാ ഒരു മാര്‍ഗമാണ്; ഒരു ലക്ഷ്യമല്ല. അതിന്‍റെ ധാര്‍മ്മിക മൂല്യം സ്വയം ചാലകമല്ല, പിന്നെയോ ധാര്‍മ്മിക നിയമത്തോടുള്ള ചേര്‍ച്ചയെ അത് ആശ്രയിക്കുന്നു. മാനുഷിക പെരുമാറ്റത്തിന്‍റെ മറ്റെല്ലാ രൂപങ്ങളുമെന്നപോലെ അത് ധാര്‍മ്മിക നിയമത്തിനു വിധേയമായിരിക്കണം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അതിന്‍റെ ധാര്‍മ്മികത അതു നേടാന്‍ പരിശ്രമിക്കുന്ന ലക്ഷ്യങ്ങളുടെ ധാര്‍മ്മികതയെയും അതുപയോഗിക്കുന്ന മാര്‍ഗങ്ങളുടെ ധാര്‍മ്മികതയെയും ആശ്രയിക്കുന്നു.
സ്ഥാപനങ്ങളും ജനായത്ത ഭരണവും
രാഷ്ട്രത്തിലെ അധികാരങ്ങള്‍ വിഭജിക്കുന്നതിനെ സംബന്ധിച്ച തത്ത്വത്തിന്‍റെ സാധുത സഭയുടെ പ്രബോധനാധികാരം അംഗീകരിക്കുന്നു. ഓരോ അധികാരവും മറ്റ് അധികാരങ്ങളാലും അതിന്‍റെ പരിധിക്കുള്ളില്‍ നിറുത്തുന്ന ഉത്തരവാദിത്വങ്ങളുടെ മറ്റു മണ്ഡലങ്ങളാലും സന്തുലിതമാക്കപ്പെടുക അഭികാമ്യമാണ്. ഇതാണ് നിയമവാഴ്ചയുടെ തത്ത്വം. അതില്‍ നിയമത്തിനാണ് വ്യക്തികളുടെ തോന്നലുകള്‍ അനുസരിച്ചുള്ള ഇഷ്ടത്തിനല്ല പരമാധികാരം.
ജനായത്ത സമ്പ്രദായത്തില്‍ രാഷ്ട്രീയാധികാരികള്‍ ജനങ്ങള്‍ക്ക് കണക്ക് കൊടുക്കണം. പ്രതിനിധി സമൂഹം കാര്യക്ഷമമായ, സാമൂഹിക നിയന്ത്രണത്തിനും വിധേയരാക്കപ്പെടണം. ഈ നിയന്ത്രണം, സര്‍വോപരി, സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ നടപ്പാക്കാം. അത് പ്രതിനിധികളെ തിരഞ്ഞെടുക്കാനും മാറ്റാനും അനുവദിക്കുന്നു. തങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ കണക്കുകൊടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള കടമ ജനാധിപത്യപരമായ പ്രാതിനിധ്യത്തിന്‍റെ അടിസ്ഥാനപരമായ ഘടകമാണ്. അവരുടെ പ്രവര്‍ത്തനമാകട്ടെ, തിരഞ്ഞെടുപ്പു വ്യവസ്ഥകളെ ആദരിക്കുന്നതുവഴി ഉറപ്പാക്കപ്പെടുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാര്‍ അവരുടെ സവിശേഷ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ (നിയമനിര്‍മ്മണം, ഭരണം, ചെക്ക് ആന്‍റ് ബാലന്‍സ് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍) പൗരജീവിതം ആകപ്പാടെയുള്ള അതിന്‍റെ ഗതിയില്‍ നന്നായി മുന്നേറാന്‍ സഹായിക്കുന്നത് അന്വേഷിക്കാനും നേടാനും പരിശ്രമിക്കണം.
ഭരണീയരോട് ഉത്തരം പറയാന്‍ ഭരിക്കുന്നവര്‍ കടപ്പെട്ടിരിക്കുന്നു. ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കുന്നവരുടെ നിഷ്ക്രിയരായ ഏജന്‍റുമാരാണെന്ന് ഇതിനൊട്ടും അര്‍ത്ഥമില്ല. നേടേണ്ട ലക്ഷ്യങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ക്കുള്ള നിയോഗം നിറവേറ്റുന്നതിന് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ആസ്വദിക്കേണ്ട സ്വാതന്ത്ര്യത്തെ വാസ്തവത്തില്‍, പൗരന്മാര്‍ വിനിയോഗിക്കുന്ന നിയന്ത്രണം ഒഴിവാക്കുന്നില്ല. അവര്‍ പ്രത്യേക താത്പര്യങ്ങളെ മാത്രം ആശ്രയിക്കുന്നില്ല. പൊതുനന്മയ്ക്കു സേവനം ചെയ്യുന്ന ഉദ്ഗ്രഥനത്തിന്‍റെയും മധ്യസ്ഥതയുടെയും ധര്‍മ്മത്തെയാണ് അവര്‍ കൂടുതലായി ആശ്രയിക്കുന്നത്. പൊതുനന്മയാകട്ടെ, രാഷ്ട്രീയാധികാരത്തിന്‍റെ സാരാംശപരവും അനുപേക്ഷണീയവുമായ ലക്ഷ്യങ്ങളിലൊന്നാണ്.
രാഷ്ട്രീയ പ്രാതിനിധ്യത്തിന്‍റെ ധാര്‍മ്മിക ഘടകങ്ങള്‍
രാഷ്ട്രീയ പ്രാതിനിധ്യത്തിന്‍റെ ധാര്‍മ്മികമാനത്തെ രാഷ്ട്രീയ ഉത്തരവാദിത്വങ്ങളുള്ളവ മറക്കുകയോ വിലകുറച്ചു കാണുകയോ ചെയ്യരുത്. ആ മാനമാകട്ടെ ജനത്തിന്‍റെ ഭാഗധേയത്തില്‍ പൂര്‍ണമായി പങ്കുചേരാനും സാമൂഹിക പ്രശ്നങ്ങളുടെ പരിഹാരം അന്വേഷിക്കാനുമുള്ള സമര്‍പ്പണത്തിലാണ് അടങ്ങിയിരിക്കുന്നത്. ഈ വീക്ഷണപ്രകാരം ഉത്തരവാദിത്വപൂര്‍ണമായ അധികാരത്തിന് ഇങ്ങനെ ഒരു അര്‍ത്ഥം കൂടി ഉണ്ട്: അധികാരം സേവനമെന്ന നിലയില്‍ പ്രയോഗിക്കാന്‍ കഴിവു നല്‍കുന്ന സദ്ഗുണങ്ങളോടെ പ്രയോഗിക്കപ്പെടുന്ന അധികാരം; (സഹിഷ്ണുത, അടക്കം, മിതത്വം, പരസ്നേഹം, പങ്കുവയ്ക്കാനുള്ള പരിശ്രമങ്ങള്‍); തങ്ങളുടെ ജോലിയുടെ യഥാര്‍ത്ഥ ലക്ഷ്യമായി അഭിമാനത്തെയോ വ്യക്തിപരമായ ലാഭങ്ങളെയോ കരുതാതെ, പൊതുനന്മയെ സ്വീകരിക്കാന്‍ കഴിവുള്ള വ്യക്തികളാല്‍ പ്രയോഗിക്കപ്പെടുന്ന അധികാരം.
ജനാധിപത്യ സമ്പ്രദായത്തിന്‍റെ വൈകല്യങ്ങളില്‍ ഏറ്റവും ഗൗരവപൂര്‍ണമായത് രാഷ്ട്രീയ അഴിമതി ആണ്. എന്തെന്നാല്‍ അത് ഒരേ സമയത്ത് ധാര്‍മ്മിക തത്ത്വങ്ങളെയും സാമൂഹിക നീതിയുടെ നിയമങ്ങളെയും ഒറ്റിക്കൊടുക്കുന്നു. രാഷ്ട്രത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തെ ദ്രോഹിക്കുന്നു. ഭരണകര്‍ത്താക്കളും ഭരണരീതിയും തമ്മിലുള്ള ബന്ധത്തെ അത് നിഷേധാത്മകമായി സ്വാധീനിച്ചുകൊണ്ട് അങ്ങനെ ചെയ്യുന്നു. പൊതു സ്ഥാപനങ്ങളെ സംബന്ധിച്ച വര്‍ദ്ധമാനമായ അവിശ്വാസത്തിനു കാരണമാകുന്നു. രാഷ്ട്രീയത്തെയും അതിന്‍റെ പ്രതിനിധികളെയും സംബന്ധിച്ച് പൗരന്മാരുടെയിടയില്‍ വര്‍ദ്ധമാനമായ അസംതൃപ്തി ഉളവാക്കുന്നു. അതിന്‍റെ ഫലമായി സ്ഥാപനങ്ങള്‍ ദുര്‍ബലമാക്കപ്പെടുന്നു. പ്രാതിനിധ്യ സ്വഭാവമുള്ള സ്ഥാപനങ്ങളെ അഴിമതി അടിസ്ഥാനപരമായി തലകീഴാക്കുന്നു. എന്തെന്നാല്‍ അവ കക്ഷികളുടെ അഭ്യര്‍ത്ഥനകളും സര്‍ക്കാര്‍പരമായ സേവനങ്ങളും തമ്മില്‍ രാഷ്ട്രീയ മാറ്റക്കച്ചവടം നടക്കുന്ന ഒരു പോര്‍ക്കളമായിത്തീരും. അങ്ങനെ രാഷ്ട്രീയമായ പ്രത്യേക താത്പര്യങ്ങള്‍ ആ താത്പര്യങ്ങളെ സ്വാധീനിക്കാന്‍ മാര്‍ഗമുള്ളവരുടെ ഇടുങ്ങിയ ലക്ഷ്യങ്ങളെ അനുകൂലിക്കുന്നു. എല്ലാ പൗരന്മാര്‍ക്കും പൊതുനന്മ പ്രദാനം ചെയ്യുന്നതിനു തടസ്സമാകുകയും ചെയ്യും.
ദേശീയമോ റീജിയണലോ സമൂഹപരമോ ആയ ഏതു തലത്തിലുമുള്ള പബ്ലിക് അഡ്മിനിസ്ട്രേഷന്‍ സ്റ്റേറ്റിന്‍റെ ഒരു ഉപകരണമെന്ന നിലയില്‍ പൗരന്മാര്‍ക്കുള്ള സേവനത്തെ ലക്ഷ്യം വയ്ക്കുന്നതാണ്. "സ്റ്റേറ്റ് പൗരന്മാരുടെ സേവനത്തിനുള്ളതായിരിക്കേ അത് ജനങ്ങളുടെ വിഭവങ്ങളുടെ കാര്യസ്ഥനാണ്. ആ വിഭവങ്ങളെ സ്റ്റേറ്റ് പൊതുനന്മ ലക്ഷ്യംവച്ച് ഭരിക്കണം". അമിതമായ ഉദ്യോഗസ്ഥമേധാവിത്വവത്കരണം ഈ ദര്‍ശനത്തിന് എതിരാണ്. ڇസ്ഥാപനങ്ങള്‍ അവയുടെ സംഘാടനത്തില്‍ സങ്കീര്‍ണ്ണമാകുകയും കൈയെത്തുന്ന ഏതു മേഖലയിലും ഭരിക്കാമെന്ന് അവ ഭാവിക്കുകയും ചെയ്യുമ്പോള്‍ അത് ഉണ്ടാകുന്നു. അവസാനം അവയുടെ കാര്യക്ഷമത നഷ്ടപ്പെടുന്നു. ആര്‍ക്കെന്നില്ലാത്ത പ്രവര്‍ത്തനം, അമിതമായി വളര്‍ന്ന ഉദ്യോഗസ്ഥ മേധാവിത്വം, അന്യായമായ സ്വകാര്യതാത്പര്യങ്ങള്‍, കടമയെക്കുറിച്ചുള്ള ബോധത്തില്‍നിന്ന് എളുപ്പത്തിലുള്ള പൊതുവാക്കപ്പെട്ട ഒഴിവാകല്‍ എന്നിവയാണ് അതിന്‍റെ കാരണങ്ങള്‍.ڈ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ജോലി ചെയ്യുന്നവരുടെ ധര്‍മ്മം നിര്‍വ്യക്തികമോ ഉദ്യോഗസ്ഥമേധാവിത്വപരമോ അല്ല, പിന്നെയോ സേവനചൈതന്യത്തോടെ ഏറ്റെടുക്കുന്നതും പൗരന്മാര്‍ക്കുവേണ്ടിയുള്ളതുമായ ഉദാരതാപൂര്‍ണമായ സഹായമാണ്.
രാഷ്ട്രീയ ഭാഗഭാഗിത്വത്തിനുവേണ്ടിയുള്ള ഉപകരണങ്ങള്‍
വ്യാപകമായ ഭാഗഭാഗിത്വത്തെ പരിപോഷിപ്പിക്കുകയും പൊതു ഉത്തരവാദിത്വങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യുക രാഷ്ട്രീയ പാര്‍ട്ടികളുടെ കടമയാണ്. സിവില്‍ സമൂഹത്തിന്‍റെ അഭിനിവേശങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാഖ്യാനിക്കണം. പൊതുനന്മയിലേക്ക് അവയെ നയിച്ചുകൊണ്ട് അങ്ങനെ ചെയ്യണം. രാഷ്ട്രീയമായ പ്രത്യേക താത്പര്യങ്ങളുടെ രൂപീകരണത്തിനു സഹായിക്കാനുള്ള കാര്യക്ഷമമായ സാധ്യത പൗരന്മാര്‍ക്കു നല്കിക്കൊണ്ട് അപ്രകാരം ചെയ്യണം. അവ ആന്തരികഘടനയില്‍ ജനാധിപത്യപരമായിരിക്കണം. രാഷ്ട്രീയ ഉദ്ഗ്രഥനത്തിനും ആസൂത്രണത്തിനും കഴിവുള്ളതുമായിരിക്കണം.
രാഷ്ട്രീയ ഭാഗഭാഗിത്വത്തിനുള്ള മറ്റൊരു ഉപകരണം ജനഹിതപരിശോധന ആണ്. അതുവഴി രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന്‍റെ ഒരു രൂപം അഭ്യസിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ പ്രാതിനിധ്യത്തിന്‍റെ സ്ഥാപനം, സാമൂഹിക ജീവിതത്തെക്കുറിച്ച് വലിയ പ്രാധാന്യമുള്ള തീരുമാനങ്ങളെ സംബന്ധിച്ചിടത്തോളം നേരിട്ട് പൗരന്മാരുടെ അഭിപ്രായം ചോദിക്കാനുള്ള സാധ്യത ഒഴിവാക്കുന്നില്ല.
വിവരവിതരണവും ജനാധിപത്യവും
ജനാധിപത്യപരമായ ഭാഗഭാഗിത്വത്തിന്‍റെ സുപ്രധാന ഉപകരണങ്ങളിലൊന്നാണ് വിവരദാനം. രാഷ്ട്രീയസമൂഹത്തിന്‍റെ അവസ്ഥയെക്കുറിച്ച് മനസിലാക്കാതെ വസ്തുതകളും പ്രശ്നങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന പരിഹാരമാര്‍ഗങ്ങളും മനസ്സിലാക്കാതെ പങ്കുചേരല്‍ അചിന്ത്യമാണ്. സാമൂഹിക ജീവിതത്തിന്‍റെ വൈകാരിക പ്രാധാന്യമുള്ള ആ മണ്ഡലത്തില്‍ യഥാര്‍ത്ഥമായ ബഹുത്വം ഉറപ്പുവരുത്തുക അത്യാവശ്യമാണ്. വിവരവിതരണത്തിനും സമ്പര്‍ക്കങ്ങള്‍ക്കും അനേകം രൂപങ്ങളും ഉപകരണങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട് അങ്ങനെ ചെയ്യണം. അതുപോലെ ഈ ഉപകരണങ്ങളുടെ കൈവശംവയ്ക്കലിലും ഉപയോഗത്തിലും സമത്വത്തിന്‍റെ അവസ്ഥകളെ എളുപ്പമുള്ളതാക്കുകയെന്നതും അത്യാവശ്യമാണ്. ഉചിതമായ നിയമങ്ങള്‍ വഴി അങ്ങനെ ചെയ്യണം. വിവരവിതരണത്തില്‍ വസ്തുനിഷ്ഠതയ്ക്കുള്ള അവകാശം പൂര്‍ണമായി വിനിയോഗിക്കുന്നതിനെ തടയുന്ന തടസ്സങ്ങളില്‍ ഒരു പ്രതിഭാസത്തെ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചു വ്യക്തികളോ ഗ്രൂപ്പുകളോ വാര്‍ത്താ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്നതാണ് ആ പ്രതിഭാസം.
church teachings on political community building the church theology Mar Joseph Pamplany catholic malayalam catholic apologetics Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206