We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Pamplany, Rev. Fr. Joseph Kakkaramattathil, Rev. Dr. Thomas Kochukarottu On 11-Feb-2021
സഭാപിതക്കന്മാര്‍
ഗുരുക്കന്മാരെ പിതാക്കന്മാരെന്ന് പുരാതനകാലത്തു വിളിക്കുക പതിവായിരുന്നു. 'നിങ്ങള്‍ക്ക് ക്രിസ്തുവില്‍ പതിനായിരം ഉപദേഷ്ടാക്കള്‍ ഉണ്ടായിരിക്കാം. എന്നാല്‍ പിതാക്കന്മാര്‍ വളരെയില്ല. സുവിശേഷപ്രസംഗംവഴി യേശുക്രിസ്തുവില്‍ നിങ്ങള്‍ക്ക് ജന്മം നല്‍കിയത് ഞാനാണ്' എന്ന് പൗലോസ് ശ്ലീഹാ പറയുന്നു (1 കോറി 4:15). ശിഷ്യന്മാരുടെ പിതാക്കന്മാരായിരുന്നു ഗുരുക്കന്മാര്‍. പഠിപ്പിക്കുക എന്നത് മെത്രാന്മാരുടെ പ്രധാന കര്‍ത്തവ്യങ്ങളില്‍ ഒന്നായിരുന്നതിനാല്‍, പിതാവ് എന്ന് മെത്രാന്മാരെ വിളിക്കുന്ന പതിവ് പ്രാചീനക്രിസ്തീയ സഭയില്‍ ഉടലെടുത്തു. കാലാന്തരത്തില്‍ സഭയുടെ പൊതുപാരമ്പര്യത്തിന്‍റെ വക്താക്കളായ എഴുത്തുകാരെയെല്ലാം പിതാക്കന്മാര്‍ എന്നു വിളിച്ചുതുടങ്ങി.
പില്‍ക്കാല ക്രൈസ്തവസഭ സഭാപിതാക്കന്മാരുടെ കാലഘട്ടത്തിന് അതിരും കുറിച്ചിട്ടുണ്ട്. പാശ്ചാത്യസഭയില്‍ മഹാനായ ഗ്രിഗറി വരെ (+604), അഥവാ സെവിലിലെ ഇസിദോര്‍ വരെ (+636); അതായത് ഈ കാലഘട്ടത്തിനു മുമ്പ് ജീവിച്ചിരുന്നവര്‍ മാത്രമേ പട്രോളജിയില്‍ ഉള്‍പ്പെടുന്നുള്ളു. അവരെ മാത്രമേ നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ സഭാപിതാക്കന്മാരെന്നു വിളിക്കാന്‍ പാടുള്ളു എന്നു സാരം.
സഭാപിതാക്കന്മാര്‍ എന്ന സംജ്ഞയ്ക്ക് അര്‍ഹരായവര്‍ ചില സവിശേഷതകളുടെ അവകാശികളായിരിക്കണം. ഒന്നാമത്തെ നിബന്ധന രക്ഷാസന്ദേശം അവികലമായും പൂര്‍ണ്ണമായും അവര്‍ ഗ്രഹിച്ചിരിക്കണം; ജീവിതത്തിന്‍റെ ഭാഗമാക്കിയിരിക്കണം; കളങ്കരഹിതമായി പകര്‍ന്നു കൊടുത്തിരിക്കണം. നിര്‍മ്മലവും ശ്രേഷ്ഠവും ധീരോദാത്തവുമായ ക്രൈസ്തവജീവിതത്തിന്‍റെ ഉടമയെ മാത്രമേ സഭാപിതാവ് എന്നു വിളിക്കാനാവൂ. അദ്ദേഹം വരച്ചുകാട്ടുന്ന ക്രിസ്തുചിത്രം പൂര്‍ണ്ണമായിരിക്കണം. ജീവിതത്തില്‍ ആസ്വദിച്ചറിഞ്ഞ ദിവ്യസന്ദേശം അവികലമായി കൈമാറണം. സഭാപിതാവ് സത്യവിശ്വാസത്തിന്‍റെ വക്താവാണ്, എന്നുപറഞ്ഞാല്‍ സത്യവിശ്വാസത്തോടുള്ള അദമ്യമായ ഭക്തി, സത്യസഭയോടുള്ള വിശ്വസ്തമായ ഒന്നുചേരല്‍ എന്നേ അര്‍ത്ഥമുള്ളൂ. യാതൊരു രീതിയിലുമുള്ള തെറ്റും അല്പംപോലും ഇല്ലാത്തവരായിരുന്നു എല്ലാ പിതാക്കന്മാരും എന്നു പറയുക അല്പം സാഹസമാണ്. രണ്ടാമത്തെ നിബന്ധന ജീവിതവിശുദ്ധിയാണ്. അതേപ്പറ്റിയും ഇങ്ങനെ തന്നെ പറയാനാവും. അവരും തങ്ങളുടെ സാഹചര്യത്തിന്‍റെ സന്താനങ്ങളായിരുന്നു. ഇന്നത്തെ വിശുദ്ധരെ ബഹുമാനിക്കുന്നതുപോലെ ആദിമസഭ അവരെ വണങ്ങി ബഹുമാനിച്ചിരുന്നു. ഏറ്റവും ശോഭയോടെ ഇന്നും ജ്വലിക്കുന്ന നക്ഷത്രങ്ങള്‍ പിതാക്കന്മാരില്‍ നിരവധി ഉണ്ടെന്നുള്ള കാര്യം ഒരിക്കലും വിസ്മരിക്കത്തക്കതല്ല. എല്ലാ നക്ഷത്രങ്ങളും ഒരുപോലെയല്ലല്ലോ. സഭാപിതാവായി ഒരാള്‍ അംഗീകരിക്കപ്പെടാനുള്ള മൂന്നാമത്തെ ഘടകം സഭയുടെ അംഗീകാരമത്രേ. പില്‍ക്കാലസഭ അംഗീകരിച്ചുകഴിയുമ്പോള്‍ അതു സഭയുടെ അംഗീകാരമായി മാറുകയായിരുന്നു പതിവ്. ഇന്നത്തെ മാനദണ്ഡങ്ങളൊന്നും അന്നില്ലായിരുന്നു. അവര്‍ പൗരാണികത്വം ഉള്ളവരായിരിക്കണം എന്നതാണ് നാലാമത്തെ സവിശേഷത. അതായത് ആദ്യത്തെ എട്ടര നൂറ്റാണ്ടിനു മുമ്പ് ജീവിച്ചിരുന്നവര്‍ ആയിരിക്കണം.
സഭാപിതാക്കന്മാര്‍ എന്ന സംജ്ഞയുടെ കീഴില്‍ വരുന്നവര്‍ മാത്രമല്ല പട്രോളജിയിലെ ചര്‍ച്ചാവിഷയം. പിതാക്കന്മാര്‍ അല്ലാത്തവരെയെല്ലാംകൂടി ക്രൈസ്തവസഭാ സാഹിത്യകാരന്മാര്‍ എന്നു വിളിക്കുന്നു. പട്രോളജി പാഷണ്ഡികളെപ്പറ്റിയും (ആരിയൂസ്:+336) ശീശ്മക്കാരെപ്പറ്റിയും (നൊവേഷ്യന്‍:+257/8) പരാമര്‍ശിക്കുന്നു. എന്നാല്‍ ഫീലോ, ജൊസേഫൂസ് എന്നീ യൂദന്മാരുടെയും ആദിമ സഭാകാലത്തുള്ള മറ്റ് അക്രൈസ്തവരുടെയും കൃതികള്‍ ആദിമസഭയെപ്പറ്റി പഠിക്കാന്‍ സഹായകമാണെങ്കിലും, അവയൊന്നും പട്രോളജിയില്‍ ഉള്‍പ്പെടുന്നില്ല.
സഭാപിതാവും സഭാമല്‍പാനും തമ്മില്‍ വ്യത്യാസമുണ്ട്. എട്ടാം നൂറ്റാണ്ടിനുശേഷവും സഭാമല്‍പാന്മാര്‍ ഉണ്ടായിട്ടുണ്ട്. എല്ലാ മല്‍പാന്മാരും പിതാക്കന്മാരല്ല; എന്നാല്‍ പിതാക്കന്മാരെല്ലാം മല്‍പാന്മാരാണ്. പിതാക്കന്മാരില്‍തന്നെ വളരെ പ്രശസ്തരായവരുണ്ട്. അത്തരത്തില്‍പ്പെട്ട വലിയ സഭാപിതാക്കന്മാര്‍ കുറച്ചേയുള്ളു. പാശ്ചാത്യലോകത്തു നാലും പൗരസ്ത്യലോകത്തു നാലും; അവര്‍ വി. അംബ്രോസ് (+397), വി. ജറോം (+420), വി. അഗസ്റ്റിന്‍ (+430), മഹാനായ ഗ്രിഗറി (+604) എന്നീ പാശ്ചാത്യരും മഹാനായ വി. ബേസില്‍ (+ 379), വി. ഗ്രിഗറി നസ്യാന്‍സന്‍ (+390), വി. ജോണ്‍ ക്രിസൊസ്തോം (+407), വി. അത്തനാസ്യോസ് (+373) എന്നീ പൗരസ്ത്യരുമാണ്. രണ്ടാമത്തെ വിഭാഗത്തിലെ ആദ്യത്തെ മൂന്നുപേരെ സാര്‍വ്വത്രിക മല്പാന്മാരായി ഗ്രീക്കുസഭ കണക്കാക്കുന്നു.
യൊഹാന്നെസ് ഗെര്‍ഹാര്‍ഡ് എന്നയാളാണ് പട്രോളജി എന്ന നാമം ഈ ദൈവശാസ്രശാഖയെ കുറിക്കാന്‍ ആദ്യമായി ഉപയോഗിച്ചത്. പട്രൊളോജിയ എന്ന പേരില്‍ 1653-ല്‍ അദ്ദേഹം ഒരു കൃതി പ്രസിദ്ധീകരിച്ചു. പ്രാചീന ക്രൈസ്തവ സാഹിത്യകാരന്മാരെപ്പറ്റിയും അവരുടെ ദൈവശാസ്ത്ര സംഭാവനകളെപ്പറ്റിയും വിചിന്തനം ചെയ്യുന്ന രീതി വളരെ നേരത്തേയുണ്ടായിരുന്നു. സഭാചരിത്രകാരനായ എവുസേബിയസാണ് (+339) ആദ്യമായി ഇപ്രകാരം ഒരു സംരംഭത്തിന് മുതിര്‍ന്നത്. അന്നുവരെയുള്ള സഭാസാഹിത്യകാരന്മാരുടെ കൃതികളില്‍ നിന്നുള്ള ഉദ്ധരണികള്‍, അവരുടെ വിശദവിവരങ്ങള്‍, കൃതികള്‍ എന്നിവ തന്‍റെ സഭാചരിത്രത്തില്‍ അദ്ദേഹം നല്‍കി.
എങ്കിലും ആദ്യമായി ക്രൈസ്തവ ദൈവശാസ്ത്ര സാഹിത്യചരിത്രം എഴുതിയത് ജറോമാണ് (+420). മഹദ്വ്യക്തികള്‍ എന്ന തന്‍റെ കൃതിയില്‍ അന്നുവരെയുള്ള പ്രമുഖരായ ക്രൈസ്തവ സാഹിത്യകാരന്മാരെപ്പറ്റി വിവരിക്കുന്നു. ബേത്ലഹേമില്‍വച്ചു 392-ല്‍ ഡെക്സ്ടെര്‍ എന്ന പ്രൊട്ടോറിയന്‍ പ്രീഫെക്ടിന്‍റെ ആവശ്യപ്രകാരമാണു ജറോം ഇപ്രകാരം ചെയ്തത്. പത്രോസ് മുതല്‍ ജറോം വരെയുള്ളവരെല്ലാം അതില്‍ ഉള്‍പ്പെടുന്നു. 135 തലക്കെട്ടിലായിട്ടാണ് ജറോമിന്‍റെ വിവരണം. ഫീലോ, ജോസേഫൂസ് എന്നീ യൂദസാഹിത്യകാരന്മാരെയും, സെനെക്കായെയും ചില അബദ്ധോപദേശകരെയും ജറോം തന്‍റെ കൃതിയില്‍ ഉള്‍പ്പെടുത്തി. 78 തലക്കെട്ടുകള്‍ എവുസേബിയസിനെ പദാനുപദം ആശ്രയിച്ച് എഴുതിയിട്ടുള്ളതാണ്. ഈ കൃതി പ്രസിദ്ധീകൃതമായ ഉടന്‍തന്നെ അഗസ്റ്റിന്‍ (ലേഖനം 40) ഇതിന്‍റെ കുറവു ചൂണ്ടിക്കാട്ടി. ജറോം സത്യവിശ്വാസികളെയും അബദ്ധോപദേശകരെയുംതമ്മില്‍ വേര്‍തിരിച്ചു കാണിച്ചില്ല. മിക്കയിടങ്ങളിലും വസ്തുനിഷ്ഠമല്ലാത്ത വിവരണങ്ങള്‍ ഇതില്‍ ദൃശ്യമാണ്. ജറോമിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ അതില്‍ ഉടനീളം കാണാം. എങ്കിലും ഒരായിരം വര്‍ഷത്തേക്കു ജറോമിന്‍റെ ഈ കൃതിയായിരുന്നു പട്രോളജിയുടെ വലിയൊരു ഉറവിടം.
ജന്നാഡിയൂസ് ഇതേപേരില്‍ 480-ല്‍ ഒരു കൃതി പ്രസിദ്ധീകരിച്ചു. ജറോമിന്‍റെ കൃതിയുടെ തുടര്‍ച്ചയായിട്ടാണ് ഇതു വിരചിതമായത്. ഇസിദോര്‍ ഇതേപേരില്‍ 615-നും 618-നും മധ്യേ ഒന്നെഴുതി. ഇതും ജറോമിന്‍റെ കൃതിയുടെ തുടര്‍ച്ചയായിരുന്നു. സ്പെയിനിലെ ഗ്രന്ഥകര്‍ത്താക്കള്‍ക്കായിരുന്നു അതില്‍ മുന്‍തൂക്കം. തൊളേദോയിലെ ഇല്‍ഫോണ്‍ സുസ് (+667) ഇതേപേരില്‍ പ്രാദേശികചായ്വുള്ള ഒരു കൃതി പ്രസിദ്ധീകരിച്ചു. വി. ജറോമിന്‍റെയും ജൊന്നാഡിയുസിന്‍റെയും ചുവടുപിടിച്ചു മധ്യകാലഘട്ടത്തില്‍ പലരും ക്രൈസ്തവസാഹിത്യചരിത്രം എഴുതാന്‍ ശ്രമിച്ചു.
സഭാപിതാക്കന്മാരുടെ ഭാഷ
രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനംവരെ ഗ്രീക്കായിരുന്നു സഭയുടെ പ്രധാനഭാഷ. റോമന്‍ സാമ്രാജ്യത്തിലെ നഗരങ്ങളിലെല്ലാം ഗ്രീക്കുഭാഷ പ്രചരിച്ചിരുന്നു. റോം, ഉത്തരാഫ്രിക്കാ, ഗാള്‍ എന്നിവിടങ്ങളും ഇതിനപവാദമായിരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഗ്രീക്കായിരുന്നു പട്രോളജിയുടെ ഭാഷ. പിന്നീട് പാശ്ചാത്യലോകത്ത് ലത്തീന്‍ പ്രഗത്ഭരെത്തി. പൗരസ്ത്യദേശങ്ങളില്‍ സുറിയാനി, കോപ്റ്റിക്, അര്‍മേനിയന്‍ എന്നീ ഭാഷകളിലും പിതാക്കന്മാര്‍ കൃതികള്‍ രചിക്കുവാന്‍ തുടങ്ങി. എങ്കിലും ഗ്രീക്കുതന്നെ ഒന്നാം സ്ഥാനത്തുനിന്നു.
സഭാപിതാക്കന്മാരുടെ പ്രസക്തി
സഭാപിതാക്കന്മാരുടെ പ്രസക്തിയെന്താണ്? സഭാപിതാക്കന്മാര്‍ വികസിപ്പിച്ചെടുത്ത ദൈവശാസ്ത്രത്തിന്‍റെ പ്രത്യേകതകള്‍ എന്തെല്ലാം? ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സഭാപിതാക്കന്മാരുടെ പ്രാധാന്യം എന്താണ്? നൂറ്റാണ്ടുകള്‍ പിന്നിട്ട സഭ പിതാക്കന്മാരെ എപ്രകാരം പരിഗണിച്ചിരുന്നു?
'സഭാപിതാക്കന്മാര്‍' സഭയുടെ ബലിഷ്ഠസ്തംഭങ്ങളാണ്. സര്‍വകാലിക സഭയ്ക്കുവേണ്ടി അവര്‍ ശാശ്വത ധര്‍മ്മം നിര്‍വ്വഹിക്കുന്നു. അവരുടെ പ്രബോധനത്തോടും അധ്യാപനത്തോടും പൊരുത്തപ്പെട്ടുപോയെങ്കിലേ ഇന്നത്തെ സുവിശേഷപ്രഘോഷണവും ഔദ്യോഗിക പ്രബോധനവും അവികലമാകൂ. സഭാപിതാക്കന്മാരാകുന്ന സജീവ ഉറവയില്‍നിന്ന് ഉത്ഭവിക്കേണ്ടവയാണ് എല്ലാ ആദ്ധ്യാത്മിക സൃഷ്ടികളും സഭാശുശ്രൂഷകളും. അനുദിനം വളരുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വിശുദ്ധ സഭാസൗധത്തോടു കൂട്ടിച്ചേര്‍ത്തു പണിയുന്ന ഓരോ പുതിയ കല്ലും സഭാപിതാക്കന്മാര്‍ നേരത്തെ പണിതിട്ടുള്ളതിനോട് അനൂരൂപപ്പെടുന്നതായിരിക്കണം. ഈ സൗധത്തോട് ഓരോ കല്ലും ഇളകാത്തവിധം സ്ഥാപിക്കണം. ക്രിസ്തു മൂലക്കല്ലും വിശുദ്ധ ശ്ലീഹന്മാര്‍ അടിസ്ഥാനവുമായ സൗധത്തിലെ ബലമേറിയ തൂണുകളാണ് സഭാപിതാക്കന്മാര്‍ എന്നു പരിശുദ്ധപിതാവ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പഠിപ്പിക്കുന്നതു തികച്ചും ശരിയാണ്. സഭയുടെ ഉത്ഭവത്തില്‍ വിശുദ്ധ ശ്ലീഹന്മാര്‍ക്കുള്ള അതുല്യസ്ഥാനം പോലൊന്നു സഭയുടെ വളര്‍ച്ചയില്‍ സഭാപിതാക്കന്മാര്‍ക്കുണ്ട്. അവര്‍ നിര്‍വ്വഹിച്ച ധര്‍മ്മം സാര്‍വ്വത്രിക സഭയ്ക്കുവേണ്ടിയാണ്. തങ്ങളുടെ ചുറ്റുപാടുമുള്ളവരെ മുന്നില്‍ക്കണ്ടുകൊണ്ടാണ് അവര്‍ വചനം പ്രസംഗിച്ചത്. എന്നാല്‍ ക്രിസ്ത്വാനുഭവത്തോട് അടുത്തു പെരുമാറുകയും അതു സ്വാംശീകരിക്കുകയും വ്യാഖ്യാനിച്ചു കൊടുക്കുകയും ചെയ്തതുകൊണ്ട് അവരുടെ വ്യാഖ്യാനങ്ങള്‍ക്കു സഭയില്‍ സവിശേഷമായ സ്ഥാനമുണ്ട്.
ആധുനികസഭയുടെ ആരാധനക്രമം, കാനന്‍നിയമം, സന്യാസപ്രസ്ഥാനം ആദിയായവയെല്ലാം സഭാപിതാക്കന്മാരാകുന്ന സജീവ സ്രോതസ്സിലൂടെ വരുന്നവയാണ്. അവരുടെ പ്രാര്‍ത്ഥനാജീവിതമാണ് പിന്‍തലമുറയുടെ മാതൃക. അവരുടെ പ്രാര്‍ത്ഥനാനുഭവം പില്‍ക്കാലസഭയുടെ പ്രാര്‍ത്ഥനാ നിയമമായി. കെട്ടിടത്തില്‍ പുതിയ കല്ലുകള്‍ കണക്കെ, തലമുറകള്‍ ഈ സഭാസൗധത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു; പണിതുയര്‍ത്തപ്പെടുന്നു; പിന്നെപ്പിന്നെ വയ്ക്കപ്പെടുന്ന കല്ലുകള്‍ നേരത്തെ കൂട്ടിച്ചേര്‍ക്കപ്പെട്ട കല്ലുകളോട് ചേര്‍ന്നുപോകുന്നതായിരിക്കണം. എങ്കിലെ അവ ഫലദായകമാകൂ.
സ്ഥലകാല സംസ്കാരങ്ങളുടെ കാര്യത്തില്‍ കുറെയൊക്കെ വിഭിന്നമായിരുന്നെങ്കിലും സത്യവിശ്വാസപ്രഘോഷണത്തില്‍ സഭാപിതാക്കന്മാര്‍ ഏകാഭിപ്രായക്കാരായിരുന്നു. അവികലമായും പൂര്‍ണ്ണമായും ഗ്രഹിച്ച രക്ഷാസന്ദേശം ജീവിതത്തിന്‍റെ ഭാഗമാക്കുകയും കളങ്കരഹിതമായി പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നതില്‍ അവര്‍ ദത്തശ്രദ്ധരായിരുന്നു. സത്യവിശ്വാസത്തോടുള്ള വിശ്വസ്തമായ ഒന്നുചേരലും അവരുടെ മുഖമുദ്രയായിരുന്നു. അക്കാരണത്താല്‍ അവര്‍ പിന്‍തലമുറയുടെ മാര്‍ഗദര്‍ശികളായി; എല്ലാകാലത്തുമുള്ള ക്രൈസ്തവരുടെ മാതൃകകളായി, നിയമദാതാക്കളായി.
പ്രാചീനസഭതന്നെയും തൊട്ടുമുമ്പേ കടന്നുപോയ പണ്ഡിതരും പരിശുദ്ധരുമായ സഭാനേതാക്കന്മാരെ സഭാപിതാക്കന്മാര്‍ എന്ന് അഭിസംബോധന ചെയ്യുകയും ആദരിക്കുകയും ചെയ്തു. അങ്ങനെ 'ക്രിസ്ത്യാനികളുടെ പിതാവ്', 'പിതാവ് എലവുത്തേരൂസ്', 'സിപ്രിയാന്‍ പാപ്പ (പിതാവ്)' എന്നുതുടങ്ങുന്ന പദപ്രയോഗങ്ങള്‍ നാം ദര്‍ശിക്കുന്നു. നിഖ്യാസൂനഹദോസിനുശേഷം (325) ജീവിച്ച സഭാതനയര്‍ നിഖ്യായിലെ '318' മെത്രാന്മാരെ 'പിതാക്കന്മാര്‍', എന്നു വിളിക്കുന്നു. കേസറിയായിലെ വിശുദ്ധ ബേസില്‍ (+379) എഴുതുന്നു: 'ഞങ്ങളുടെ പ്രബോധനം ഞങ്ങളുടെ ചിന്താസന്താനമൊന്നുമല്ല, പിന്നെയോ വിശുദ്ധ പിതാക്കന്മാരില്‍നിന്നു ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതാണ്'. നാലും അഞ്ചും നൂറ്റാണ്ടുകളിലെ സഭാസംബന്ധമായ തര്‍ക്കങ്ങളില്‍ പിതാക്കന്മാരിലേക്കു തിരിയുകയും അവരുടെ പ്രബോധനങ്ങളുമായി താരതമ്യപ്പെടുത്തി സത്യവിശ്വാസത്തിന്‍റെ നിജസ്ഥിതി വെളിപ്പെടുത്തുകയും ചെയ്യുന്ന രീതി പൊതുസവിശേഷതയായിത്തീര്‍ന്നു. വിശ്വാസസത്യങ്ങളുടെ ന്യായീകരണത്തിന് പിതാക്കന്മാരില്‍നിന്നുള്ള ഉദ്ധരണികളുടെ സമാഹാരങ്ങള്‍ ശേഖരിക്കുന്ന പ്രവണത ഉടലെടുത്തു.
'സഭാപിതാക്കന്മാര്‍' ഉജ്ജ്വലപ്രകാശം ലഭിച്ച ദൈവശാസ്ത്രജ്ഞന്മാരാണ്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ സര്‍വ്വാത്മനാ ശ്രദ്ധിച്ചു. ജനങ്ങളോടു അവികലമായി ദൈവവചനം പ്രസംഗിക്കാനും അവരുടെ ക്രൈസ്തവജീവിതത്തിന് അവ ഉപയുക്തമാക്കാനും പരിശ്രമിച്ച അജപാലകരാണവര്‍. അപ്പസ്തോലിക പ്രസംഗത്തിന് നിശ്ചിത രൂപഭാവങ്ങള്‍ നല്‍കാന്‍ ശ്രമിച്ച ആദ്യവ്യക്തികളാണവര്‍. അജപാലകര്‍ എന്നനിലയില്‍ സുവിശേഷസന്ദേശം ചുറ്റുപാടുമുള്ള മനുഷ്യര്‍ക്കു മനസ്സിലാകത്തക്ക രീതിയില്‍ വിവരിച്ചുകൊടുക്കാന്‍ പിതാക്കന്മാര്‍ തത്രപ്പെട്ടു. വേദപാഠം, ദൈവശാസ്ത്രം, വിശുദ്ധ ഗ്രന്ഥം, ലിറ്റര്‍ജി, അജപാലന ജോലികള്‍ എന്നിവയെല്ലാം ഒന്നിച്ചുപോകുന്നവയായിരുന്നു, വെറും ഭൗതികതലത്തില്‍മാത്രം ഒതുങ്ങുന്നതായിരുന്നില്ല അവരുടെ പ്രവര്‍ത്തനം പിന്നെയോ, സമ്പൂര്‍ണ്ണ വ്യക്തിയെ ഉന്നംവച്ചുകൊണ്ടുള്ളതായിരുന്നു.
അവര്‍ വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ചു ദൈവശാസ്ത്രം വളര്‍ത്തിയെടുത്തു. വേദപുസ്തകവ്യാഖ്യാനത്തില്‍ സഭാപിതാക്കന്മാര്‍ നമ്മുടെ പ്രബോധകരും ഗുരുക്കന്മാരുമാണ്. അവരുടെ വ്യാഖ്യാനത്തെ മറികടന്നു വിശുദ്ധഗ്രന്ഥത്തിനു സ്വതന്ത്രവ്യാഖ്യാനം നല്‍കുന്നതു വലിയ തെറ്റാണ്. അവരെല്ലാം സ്നാപകനെപ്പോലെ രക്ഷകനായ മിശിഹായിലേക്കു വിരല്‍ചൂണ്ടി. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ജീവിക്കുന്ന നമുക്ക് അവരുടെ വ്യാഖ്യാനവും വ്യാഖ്യാനരീതികളും തള്ളിക്കളയാനാവില്ല. അവരും നാമും ഒരേ സംഗതിയെപ്പറ്റി ചിന്തിക്കുന്നു: 'നമുക്കുവേണ്ടി ദൈവം മനുഷ്യനായി നമ്മുടെയിടയില്‍ അവതരിച്ചു'. അതിനപ്പുറത്തൊന്നും നമുക്കു പറയാനില്ല. സ്ഥലകാലസാഹചര്യങ്ങള്‍ക്കനുസൃതം ഇക്കാര്യം വിവരിക്കുമ്പോള്‍ വ്യത്യാസം വരുമെങ്കിലും അടിസ്ഥാനതത്വം ഒന്നുതന്നെ. വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്ന പ്രസ്തുത യാഥാര്‍ത്ഥ്യം ശ്ലീഹന്മാരില്‍നിന്നും അവരുടെ പിന്‍ഗാമികളില്‍നിന്നും പിതാക്കന്മാര്‍ ഗ്രഹിച്ചു. ആ അനുഭവം അവര്‍ പകര്‍ന്നുകൊടുത്തു. ശാസ്ത്രസാങ്കേതികജ്ഞാനം പുരോഗമിച്ചെങ്കിലും പിതാക്കന്മാരുടെ അതുല്യാവസ്ഥ ഇന്നും നിലനില്ക്കുന്നു. സഭാപിതാക്കന്മാര്‍ക്കു വിശുദ്ധഗ്രന്ഥത്തോടുള്ള സ്നേഹത്തെപ്പറ്റി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിക്കുന്നു:
'പിതാക്കന്മാര്‍ ദൈവവചനം തങ്ങളുടെ ആദ്ധ്യാത്മികജീവിതത്തിന്‍റെയും അജപാലനജീവിതത്തിന്‍റെയും ഭക്ഷണവും നിരന്തര ചിന്താവിഷയവുമാക്കി. അവര്‍ വിശുദ്ധഗ്രന്ഥം പഠിക്കുകയും ഭാഷ്യങ്ങള്‍ രചിക്കുകയും ജനങ്ങള്‍ക്കു വ്യാഖ്യാനിച്ചുകൊടുക്കുകയും ചെയ്തു. വിശുദ്ധഗ്രന്ഥത്തിന്‍റെ ആഴം, പ്രസക്തി, അപ്രമാദിത്വം എന്നിവയ്ക്ക് അവര്‍ വലിയ പ്രാധാന്യം നല്‍കി. 'നിങ്ങള്‍ക്കു ദൈവവചനമുണ്ടല്ലോ, മറ്റൊരു പ്രബോധകനെ അന്വേഷിക്കേണ്ട' എന്നു വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ചുകൊണ്ട് നിരവധി വിശിഷ്ടപ്രഭാഷണങ്ങള്‍ നടത്തിയ വിശുദ്ധ ജോണ്‍ ക്രിസോസ്തോം പറയുന്നു. 'നിന്‍റെ വിശുദ്ധ ലിഖിതങ്ങള്‍ എന്‍റെ കലര്‍പ്പില്ലാത്ത ആനന്ദമാകട്ടെ, അവയുടെ പഠനത്തില്‍ എനിക്കു വഞ്ചനപറ്റാതെയും, വഞ്ചനയ്ക്കു വിധേയമായി ഞാന്‍ അവയെ ഉപേക്ഷിച്ചു കളയാതെയും ഇരിക്കട്ടെ.' എന്നു വിശുദ്ധഗ്രന്ഥം മനസ്സിലാക്കാനുള്ള കൃപയ്ക്കായി അപേക്ഷിച്ച വിശുദ്ധ അഗസ്റ്റിന്‍റെ പ്രാര്‍ത്ഥന അനുസ്മരിക്കാത്തവരില്ലല്ലോ. വിശുദ്ധഗ്രന്ഥത്തില്‍ പൂര്‍വ്വാപരവിരുദ്ധമായി ഒന്നുമില്ല; വിശുദ്ധഗ്രന്ഥത്തില്‍ തെറ്റുകള്‍ ആരോപിക്കാതെ സ്വന്തം അജ്ഞത ഏറ്റുപറയുകയാണ് ശരിയായ മനോഭാവം എന്നു വിശുദ്ധ ജസ്റ്റിന്‍ പറയുന്നു. ഇതു സഭാപിതാക്കന്മാരുടെ പൊതുവായ മനോഭാവമാണ്. ഹിപ്പോയിലെ മെത്രാന്‍ ഇതാവര്‍ത്തിച്ചുകൊണ്ട് വളരെ ശക്തമായ ഭാഷയില്‍ പറയുന്നു. '.... വിശുദ്ധഗ്രന്ഥത്തിന്‍റെ കര്‍ത്താവ് സത്യംപറഞ്ഞിട്ടില്ലാ' എന്നു നീ പറയാന്‍പാടില്ല, പിന്നെയോ, 'ഈ കൈയ്യെഴുത്തുപ്രതിയില്‍ തെറ്റുവരാം; വിവര്‍ത്തനത്തിലും തെറ്റുവരാം, നിനക്കു മനസ്സിലായില്ലെന്നുവരാം' എന്നേ പറയാവൂ.'
പിതാക്കന്മാരെല്ലാവരും വി. ഗ്രന്ഥത്തില്‍ അഗാധപാണ്ഡിത്യമുള്ളവരായിരുന്നു. അവരെല്ലാവരും വചനത്തിന്‍റെ ശുശ്രൂഷയ്ക്കായി തങ്ങളെത്തന്നെ സമര്‍പ്പിച്ചു. ബൈബിള്‍ വിജ്ഞാനീയത്തിന്‍റെ മഹാസമുദ്രമാണു പിതാക്കന്മാരുടെ കൃതികള്‍. ബൈബിള്‍ വ്യാഖ്യാനത്തിന്‍റെ പ്രഥമഗുരുക്കന്മാര്‍ എന്ന് അവരെ വിളിക്കാവുന്നതാണ്. ദൈവവചനാധിഷ്ഠിതമായ ദൈവരാജ്യം പടുത്തുയര്‍ത്താന്‍ അവര്‍ തത്രപ്പെട്ടു. അജപാലകോന്മുഖമായിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ തങ്ങള്‍ വിശദീകരിച്ചു കൊടുത്തവ അതേ അരൂപിയില്‍ വിശ്വാസികള്‍ സ്വീകരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വിവിധ രീതികളിലുള്ള വ്യാഖ്യാനങ്ങള്‍ പിതാക്കന്മാരില്‍നിന്നു നമുക്ക് ലഭിച്ചിട്ടുണ്ട്. വി. സുവിശേഷം തന്നെ വൈവിധ്യാധിഷ്ഠിതമായതിനാലും ഭാഷ്യകാരന്മാര്‍ വൈവിധ്യമുള്ളവരാകയാലും വിവിധതരം ഭാഷ്യങ്ങള്‍ നമുക്കു ലഭിച്ചിരിക്കുന്നു. അവയൊക്കെ സമഗ്രക്രിസ്തുരഹസ്യം നന്നായി മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു.
പ്രതീകാത്മവ്യാഖ്യാനം, രൂപകാത്മവ്യാഖ്യാനം, അന്തര്‍ജ്ഞാനീയവ്യാഖ്യാനം എന്നിങ്ങനെ വ്യാഖ്യാനരീതികളെ മൂന്നായി തിരിക്കാം. എങ്കിലും ഒരു സംഗതിയില്‍ അവര്‍ യോജിക്കുന്നു. അവരുടെയെല്ലാം വ്യാഖ്യാനം, ക്രിസ്തു കേന്ദ്രീകൃതമാണ്. 'വെളിപാടിന്‍റെയും രക്ഷാകരപദ്ധതിയുടെയും ആരംഭവും കേന്ദ്രബിന്ദുവും അവസാനവും' ക്രിസ്തുവാണ്. വി. ഗ്രന്ഥത്തിന്‍റെ മൊത്തത്തിലുള്ള ഐക്യവും രക്ഷാകരപദ്ധതിയുടെ ക്രമേണയുള്ള വെളിപ്പെടുത്തലുകളും പുരോഗതിയും രക്ഷകന്‍റെ ഏകത്വവും പിതാക്കന്മാരുടെ ബൈബിള്‍ വിജ്ഞാനീയത്തില്‍ മുഴച്ചുനില്‍ക്കുന്നു. ഗാഢമായ വേദപുസ്തക പരിചയവും അടിയുറച്ച വിശ്വാസവും അവരെ നലംതികഞ്ഞ ബൈബിള്‍ ഭാഷ്യകാരന്മാരാക്കി. അതുപോലെ ക്രിസ്തീയ ജീവിതവുമായി ബന്ധപ്പെടുത്തി പഠിപ്പിച്ചതിനാല്‍ അവര്‍ ശാശ്വതീകരിക്കപ്പെട്ടു.
അപ്പസ്തോലിക പ്രബോധനങ്ങളിലാണു തങ്ങള്‍ പാദമൂന്നിയിരിക്കുന്നതെന്ന് പിതാക്കന്മാര്‍ വിശ്വസിച്ചിരുന്നു. അവര്‍ അത് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നു. സൂനഹദോസുകളില്‍ പാസാക്കുന്ന നിയമങ്ങള്‍ അപ്പസ്തോലിക പ്രബോധനത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. ഇതേപ്പറ്റി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പറയുന്നതു ശ്രദ്ധേയമാണ്:
പാരമ്പര്യത്തോടുള്ള അദമ്യമായ ഒന്നുചേരല്‍ എന്നതാണ് പിതാക്കന്മാര്‍ നല്‍കുന്ന രണ്ടാമത്തെ പാഠം. നമ്മുടെ ചിന്ത പെട്ടെന്ന് ഐറേനിയസിലേക്കു തിരിയുന്നു. അതു ന്യായമാണ്. എന്നാല്‍ അദ്ദേഹം അനേകരില്‍ ഒരുവന്‍ മാത്രമാണ്. പാരമ്പര്യത്തോടുള്ള അവശ്യാവശ്യമായ ഒന്നുചേരല്‍ എന്ന തത്വം ഒരിജിനിലും തെര്‍ത്തുല്യനിലും വി. അത്തനാസ്യോസിലും വി. ബേസിലിലും നാം കാണുന്നു. ഈ തത്വംതന്നെ ആഴമായും സദാ ഓര്‍മയില്‍ നിലനിര്‍ത്തത്തക്ക രീതിയിലും ഒരിക്കല്‍ക്കൂടി വി. അഗസ്റ്റിന്‍ ആവര്‍ത്തിക്കുന്നു: 'കത്തോലിക്കാ സഭയുടെ അധികാരം എന്നെ ആനയിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ സുവിശേഷത്തില്‍ വിശ്വസിക്കുമായിരുന്നില്ല. അത് ക്രിസ്തുവില്‍ അധിഷ്ഠിതമാണ്; ശ്ലീഹന്മാരിലൂടെ, ഇടമുറിയാതുള്ള ശ്ലൈഹിക പിന്‍തുടര്‍ച്ചവഴി അത് നമ്മുടെ പക്കല്‍ എത്തിയിരിക്കുന്നു.'
അവതരിച്ച വചനമായ മിശിഹായെ വരച്ചു കാട്ടുക എന്നത് സഭാപിതാക്കന്മാരുടെയെല്ലാം ചിന്താവിഷയമായിരുന്നു. ദൈവപുത്രന്‍ എങ്ങനെ മനുഷ്യപുത്രനാകും? പിതാവിന്‍റെ ഏകജാതന്‍ എങ്ങനെ കന്യകയുടെ ആദ്യജാതനാകും? ഈശോമിശിഹാ എന്ന ഏകവ്യക്തി എങ്ങനെ ഒരേസമയം ദൈവവും മനുഷ്യനുമാകും? ഒരേവ്യക്തിയില്‍ എങ്ങനെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഒന്നിച്ചു നിലകൊള്ളും? എന്നു തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സഭാപിതാക്കന്മാര്‍ ശ്രമിച്ചു. ചിലര്‍ മാനുഷിക വശത്തിനു കൂടുതല്‍ ഊന്നല്‍ നല്കിയെങ്കില്‍, മറ്റുചിലര്‍ ദൈവിക വശത്തിനു ഊന്നല്‍ കൊടുത്തു. തല്‍ഫലമായി തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഉണ്ടായി. എങ്കിലും ഇന്നത്തെ എക്യുമെനിക്കല്‍ വീക്ഷണത്തില്‍ ചിന്തിക്കുമ്പോള്‍ ഈ വൈവിധ്യങ്ങളൊക്കെ പരസ്പര പൂരകങ്ങളായിരുന്നെന്ന് മനസ്സിലാക്കാവുന്നതാണ്. ക്രിസ്തുഭാഷ്യം വ്യാഖ്യാനിക്കുന്നതില്‍ ചിലര്‍ പരാജയപ്പെടുകയും പാഷണ്ഡതകളുടെ നീര്‍ച്ചുഴിയില്‍ പെടുകയും സത്യവിശ്വാസത്തില്‍ മായം ചേര്‍ക്കുകയും ചെയ്തു. ക്രിസ്തുവിന്‍റെ മനുഷ്യത്വം നിഷേധിച്ചവര്‍, ക്രിസ്തുവിനു മനുഷ്യാത്മാവില്ലെന്നു സങ്കല്പിച്ചവര്‍, ക്രിസ്തുവിന്‍റെ ശരീരം മായയാണെന്നു കരുതിയവര്‍, ക്രിസ്തുവിന്‍റെ ദൈവസ്വഭാവത്തില്‍ മനുഷ്യസ്വഭാവം ലയിച്ച് ഏകസ്വഭാവമായി തീര്‍ന്നെന്ന് വാദിച്ചവര്‍, രണ്ടു വ്യക്തിത്വങ്ങളുടെ ഉടമയാണ് ക്രിസ്തു എന്നു കരുതിയവര്‍, ദത്തെടുക്കല്‍വഴി യേശു ദൈവപുത്രനായി എന്നു പഠിപ്പിച്ചവര്‍, യേശു സ്നാനംവഴി മിശിഹായായി എന്നു വിചാരിച്ചവര്‍, യേശുവിലെ ബൗദ്ധികാത്മാവിനെയും ബൗദ്ധികേച്ഛയേയും നിഷേധിച്ചവര്‍, ക്രിസ്തുവിന്‍റെ ദൈവത്വം നിഷേധിക്കുകയും ക്രിസ്തു ഒരു സൃഷ്ടിയും നിര്‍മ്മിക്കപ്പെട്ട വസ്തുവുമാണ് എന്ന് കരുതിയവര്‍ - ഇങ്ങനെപോകുന്നു അബദ്ധപ്രബോധകരുടെ നീണ്ട പട്ടിക. ഇവരുടെ മധ്യത്തില്‍, ശ്ലീഹന്മാരില്‍നിന്നു ലഭിച്ച സത്യവിശ്വാസം കളങ്കരഹിതമായി പിന്‍തലമുറയിലേക്കു പിതാക്കന്മാര്‍ പകര്‍ന്നുകൊടുത്തു. സമ്പൂര്‍ണ്ണ മനുഷ്യനും സമ്പൂര്‍ണ്ണ ദൈവവുമായ, മനുഷ്യനുവേണ്ടി മനുഷ്യനായിത്തീര്‍ന്ന, മനുഷ്യന്‍റെ ദൈവമായി അവതരിച്ച വചനത്തെ അവര്‍ വസ്തുനിഷ്ഠമായി പഠിപ്പിച്ചു. ഇവിടേയും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമാണ.
"മനുഷ്യരക്ഷകനായ മിശിഹായെപ്പറ്റിയുള്ള പ്രതിപാദനമാണ് പിതാക്കന്മാര്‍ നല്‍കുന്ന മൂന്നാമത്തെ വലിയ പാഠം. ക്രിസ്തുരഹസ്യം വിശദമാക്കാനും പാഷണ്ഡതകളെ എതിര്‍ക്കാനും ചെയ്ത പരിശ്രമത്തിനിടയില്‍ മനുഷ്യനെപ്പറ്റിയുള്ള പ്രബോധനം അവ്യക്തമായി മാത്രമേ പിതാക്കന്മാര്‍ പഠിപ്പിച്ചുള്ളു എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ ആഴമായി വിശകലനം ചെയ്യുന്നവര്‍ക്കു മറിച്ചുതന്നെ മനസ്സിലാകും. അവര്‍ സ്നേഹപൂര്‍വ്വം ബൗദ്ധികമായി ക്രിസ്തുരഹസ്യത്തെ ഉറ്റുനോക്കി. അപ്പോള്‍ ആ ക്രിസ്തുരഹസ്യത്തില്‍ മനുഷ്യരഹസ്യം പ്രകാശിതമാകുന്നതും അര്‍ത്ഥസംപുഷ്ടമാകുന്നതും അവര്‍ ദര്‍ശിച്ചു. മനുഷ്യരക്ഷയെ സംബന്ധിച്ചുള്ള ക്രിസ്തീയ പ്രബോധനം - അതിസ്വാഭാവിക മനുഷ്യശാസ്ത്രം - ക്രിസ്തുരഹസ്യം സംബന്ധിച്ചുള്ള പ്രബോധനത്തെ അരക്കിട്ടുറപ്പിക്കാന്‍ പലപ്പോഴും പര്യാപ്തമാണ്. 'ക്രിസ്തു ദൈവമല്ലെങ്കില്‍, അവിടുന്ന് നമ്മെ ദൈവങ്ങളാക്കിയിട്ടില്ല' എന്ന് ആര്യന്‍ തര്‍ക്കത്തിനിടയില്‍ വി. അത്തനാസ്യോസ് ശക്തിയായി വാദിക്കുന്നു. വചനം ബൗദ്ധികാത്മാവുള്ള സമ്പൂര്‍ണ്ണ മനുഷ്യനെ എടുത്തിട്ടില്ലെങ്കില്‍ സമഗ്രമനുഷ്യനെ അവിടുന്ന് സമുദ്ധരിച്ചിട്ടില്ല. കാരണം, എടുക്കപ്പെടാത്തതു രക്ഷിക്കപ്പെട്ടിട്ടില്ല' എന്ന് അപ്പോളിനാരിയന്‍ തര്‍ക്കത്തിനിടയില്‍ വി. ഗ്രിഗറി നസ്യാന്‍സന്‍ പറയുന്നു. ക്രിസ്തു ഒരേസമയം ദൈവവും മനുഷ്യനുമല്ലെങ്കില്‍ - പൂര്‍ണ്ണമനുഷ്യനും പൂര്‍ണ്ണദൈവവും - ദൈവത്തിന്‍റെയും മനുഷ്യരുടെയും ഇടയ്ക്ക് മധ്യസ്ഥനായിരിക്കാന്‍ അവിടുത്തേയ്ക്ക് സാധിക്കുകയില്ല' എന്നു 'ദൈവനഗര'ത്തില്‍ വി. അഗസ്റ്റിന്‍ പഠിപ്പിക്കുന്നു. 'വെറുമൊരു മനുഷ്യന്‍ മാത്രമല്ലാത്ത ദൈവംകൂടിയായ മനുഷ്യനെ അന്വേഷിക്കുക' എന്നും അദ്ദേഹം എഴുതുന്നു."
രണ്ടാം വത്തിക്കാന്‍ സൂനഹദോസും ഇതുതന്നെ പഠിപ്പിക്കുന്നു: അവതരിച്ച വചനത്തിന്‍റെ രഹസ്യത്തില്‍ മാത്രമേ മനുഷ്യരഹസ്യത്തിനു യഥാര്‍ത്ഥത്തില്‍ പ്രകാശിതമാകാന്‍ സാധിക്കൂ. പുതിയ ആദമായ ക്രിസ്തു പിതാവിന്‍റെയും അവിടുത്തെ സ്നേഹത്തിന്‍റെയും രഹസ്യത്തെ ശരിയായി വെളിപ്പെടുത്തിക്കൊണ്ട് മനുഷ്യനു മനുഷ്യനെ പൂര്‍ണ്ണമായി വെളിപ്പെടുത്തുന്നു. ക്രിസ്തു മാത്രമാണ് മനുഷ്യന്‍റെ യഥാര്‍ത്ഥ-രക്ഷ എന്നു സഭ തളരാതെ പ്രഘോഷിക്കുന്നു. ഈ പ്രഘോഷണചരിത്രമാണു പിതാക്കന്മാരുടെ പ്രബോധനം.
Church Fathers catholic malayalam Rev. Fr. Joseph Kakkaramattathil Rev. Dr. Thomas Kochukarottu Bishop Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206