We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Sibi Pulickal On 03-Feb-2021
ക്രൈസ്തവജീവിതം അടിസ്ഥാനപരമായി ഒരു കൗദാശികജീവിതമാണ്. ക്രിസ്തുരഹസ്യങ്ങളെ അനുസ്മരിക്കുകയും അനുഭവിക്കുകയും ചെയ്യാന്‍ വിശ്വാസികള്‍ക്ക് അവ അവസരം നല്‍കുന്നതുകൊണ്ട് കൂദാശകള്‍ രക്ഷാകരങ്ങളാണ്. എന്നാല്‍ കൂദാശകളുടെ പ്രസക്തിയെയും, ഫലദായകത്വത്തെയും അവയുടെ എണ്ണത്തെയും സഭയുമായുള്ള അവയുടെ ബന്ധത്തെയുംകുറിച്ചൊക്കെ ശക്തമായ വിമര്‍ശനങ്ങള്‍ കാലാകാലങ്ങളില്‍ വിവിധ പ്രസ്ഥാനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും ഉണ്ടായിട്ടുണ്ട്. കത്തോലിക്കാസഭയുടെ കൗദാശികദൈവശാസ്ത്രത്തെ അംഗീകരിക്കാത്ത, അവയെ ശക്തമായി വിമര്‍ശിക്കുന്ന നിരവധി ക്രൈസ്തവകൂട്ടായ്മകള്‍ ഇന്ന് പ്രബലമാണ്, പ്രത്യേകിച്ച് കേരളത്തില്‍. വഴി തെറ്റാതിരിക്കാന്‍ യേശു സ്ഥാപിച്ചതും പരിശുദ്ധാത്മാവിന്‍റെ കൃപയാല്‍ സഭയില്‍ പരികര്‍മം ചെയ്യപ്പെടുന്നതുമായ കൃപാസ്രോതസ്സുകളാണ് കത്തോലിക്കാസഭയുടെ കൂദാശകള്‍ എന്ന സത്യം വിശദമാക്കുവാനാണ് ഇവിടെ ശ്രമിക്കുക.
കൂദാശകള്‍ എന്നാല്‍ എന്ത്?
കൂദാശകളെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഉതകുന്ന ഒരു നിര്‍വചനം കൊടുക്കുക ബുദ്ധിമുട്ടാണ്. കാരണം മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ ദൈവികരഹസ്യങ്ങള്‍ അവയില്‍ ആഘോഷിക്കപ്പെടുന്നതുകൊണ്ട് വിശ്വാസത്തിന്‍റെ വെളിച്ചത്തിലേ അവയെ അറിയുവാനും അനുഭവിക്കുവാനും പറ്റുകയുള്ളൂ. അതുകൊണ്ടുതന്നെ കൂദാശകളെ പൊതുവേ ദിവ്യരഹസ്യങ്ങളായിട്ടാണ് മനസ്സിലാക്കേണ്ടത്. കൂദാശകളെ മനുഷ്യനു മനസ്സിലാക്കാന്‍ തീരെപ്പറ്റുകയില്ല എന്നു പറഞ്ഞ് വിമര്‍ശകരുടെയും വിഘടിതപ്രസ്ഥാനക്കാരുടെയും ചോദ്യങ്ങളില്‍നിന്നു രക്ഷപ്പെടുവാന്‍ ശ്രമിക്കുകയില്ല ഇവിടെ. മറിച്ച്, കൂദാശകളെക്കുറിച്ചുള്ള ഏതു നിര്‍വചനവും അതില്‍ത്തന്നെ അപര്യാപ്തമായിരിക്കും എന്നു കരുതണമെന്നാണ് ഉദ്ദേശിച്ചത്. കൂദാശകള്‍ക്ക് പല നിര്‍വചനവും നാം കാണുന്നുണ്ടെങ്കിലും അതിലൊക്കെ ഒരു സമഗ്രതയുടെ കുറവുണ്ട് എന്നു നാം മനസ്സിലാക്കണം. ഈയൊരു ബുദ്ധിമുട്ടുകൊണ്ടായിരിക്കാം സഭാപിതാക്കന്മാര്‍ കൂദാശകളെ സൂചിപ്പിക്കാന്‍ രഹസ്യങ്ങള്‍ (Mysteries) എന്ന പദം ഉപയോഗിച്ചത്. യേശുവിന്‍റെ ജീവിതത്തിലെ രക്ഷാകരരഹസ്യങ്ങളാണ് സഭ ആഘോഷിക്കുന്നത്. സാര്‍വത്രികസഭയുടെ മതബോധനഗ്രന്ഥം കൂദാശകളെക്കുറിച്ച് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: "സഭ തന്‍റെ നാഥന്‍റെ രഹസ്യം അവിടുന്നു വരുന്നതുവരെ ദൈവം എല്ലാവര്‍ക്കും എല്ലാമാകുന്നതുവരെ ആഘോഷിക്കുന്നു" (മതബോധനഗ്രന്ഥം നമ്പര്‍ 1130). അതുകൊണ്ട് "എന്നെന്നും ജീവിക്കുന്നതും ജീവന്‍ നല്‍കുന്നതുമായ ക്രിസ്തുവിന്‍റെ ശരീരത്തില്‍നിന്ന് പ്രവഹിക്കുന്ന ശക്തികളാണ് കൂദാശകള്‍. സഭയാകുന്ന അവിടുത്തെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികളാണിവ" (മതബോധനഗ്രന്ഥം നമ്പര്‍ 1116). ദിവ്യരഹസ്യങ്ങള്‍ അനുഭവവേദ്യങ്ങളാണ്. ബുദ്ധികൊണ്ട് ഗ്രഹിക്കുക എന്നതിനേക്കാള്‍ ആഘോഷത്തിലൂടെ അനുഭവിക്കുകയാണ് നാം ചെയ്യേണ്ടത്. യേശുവിന്‍റെ ജീവിതത്തെ, അതായത് രക്ഷാകരസംഭവങ്ങളെ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ഇന്ന് ദൈവജനത്തിന് അനുഭവവേദ്യമാക്കുകയാണ് കൂദാശകളിലൂടെ സഭ.
സഭയും കൂദാശകളും
സഭയെയും കൂദാശകളെയും നിശിതമായി വിമര്‍ശിക്കുന്ന പലരും പലപ്പോഴും സഭയുടെ യഥാര്‍ത്ഥസ്വഭാവത്തെയും, സഭയും കൂദാശകളും തമ്മിലുള്ള ബന്ധത്തെയുംകുറിച്ച് ഒരുപക്ഷേ അജ്ഞരോ അല്ലെങ്കില്‍ വികലമായ അറിവുവച്ചുപുലര്‍ത്തുന്നവരോ ആണ് എന്നതില്‍ തര്‍ക്കമില്ല. സഭ ഒരു രഹസ്യമാണ്. ക്രിസ്തുരഹസ്യത്തിന്മേല്‍ സ്ഥാപിതമായതുകൊണ്ട് സഭയെ ഒരു സംഘടനയായോ, പ്രസ്ഥാനമായോ കാണുന്നത് ശരിയല്ല. ദിവ്യരഹസ്യങ്ങളുടെ അനുഭവവേദ്യമായ ആഘോഷം സാധ്യമാകണമെങ്കില്‍ സഭയെ ഒരു രഹസ്യമായി കണ്ടേ പറ്റൂ. ക്രിസ്തുരഹസ്യങ്ങളിലാണ് സഭയുടെ അടിസ്ഥാനം. അതുകൊണ്ടാണ് പ്രശസ്ത ദൈവശാസ്ത്രജ്ഞനായ കാള്‍ റാനര്‍ പ്രസ്താവിച്ചത്, "സഭ സഭയാകുന്നത് ദിവ്യരഹസ്യങ്ങളുടെ ആഘോഷത്തിലൂടെയാണ് (The Church and the Sacraments, p 18-19) എന്ന്. യേശുവിന്‍റെ രക്ഷാകരരഹസ്യങ്ങളിലൂടെ ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും പ്രകടമായതുപോലെ സഭ യേശുവിന്‍റെ സ്വഭാവത്തെ അനുഭവവേദ്യമാക്കുന്ന, പ്രകടമാക്കുന്ന ദിവ്യരഹസ്യമാണ്. ക്രിസ്തു പിതാവായ ദൈവത്തിന്‍റെ പ്രതിരൂപമായിരിക്കുന്നതുപോലെ സഭ യേശുവിന്‍റെ പ്രതിരൂപമാണ്.
കൂദാശകളുടെ അനുഭവപൂര്‍ണമായ ആഘോഷത്തിന് സഭയെക്കുറിച്ചുള്ള ദൈവജനത്തിന്‍റെ സങ്കല്പത്തിന് മാറ്റം വന്നേ പറ്റൂ. വിശ്വാസികളുടെ കൂട്ടായ്മയായ സഭ ലോകത്തില്‍ ഒരു കൂദാശയായി വര്‍ത്തിക്കേണ്ടതാണെന്നും അതുകൊണ്ടുതന്നെ സഭ ഒരു ദിവ്യരഹസ്യമാണെന്നും നാം മനസ്സിലാക്കണം. അപ്പോള്‍ യേശു സ്ഥാപിച്ചതും സഭയില്‍ ആഘോഷിക്കുന്നതുമായ ഏഴ് കൂദാശകളും സഭയുടെ പ്രതീകാത്മകമായ കര്‍മങ്ങളായി മാറുന്നു. ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ ആ വ്യക്തിയുടെ യഥാര്‍ത്ഥ സ്വഭാവത്തെ വെളിവാക്കുന്നതുപോലെ സഭ കൂദാശകളുടെ ആഘോഷത്തിലൂടെ അവളുടെ യഥാര്‍ത്ഥ സ്വഭാവത്തെ ലോകത്തിന്‍റെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. അപ്പോള്‍ സഭയില്‍ അംഗമായിരിക്കുക എന്നതിന് ദിവ്യരഹസ്യങ്ങളുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നവരാകുക എന്നര്‍ത്ഥം വരും. ഇങ്ങനെ നോക്കുമ്പോള്‍ കൗദാശികജീവിതം സഭാമക്കളുടെ കടമയും ഉത്തരവാദിത്വവുമാണ്.
കൂദാശകളുടെ ലക്ഷ്യം
വിശ്വാസികള്‍ക്ക് വരപ്രസാദം ലഭിക്കുന്നതിനുള്ള മാര്‍ഗം മാത്രമാണ് കൂദാശകള്‍ എന്ന വളരെ സങ്കുചിതമായ കാഴ്ചപ്പാടാണ് ഇന്നും കൂദാശകളെക്കുറിച്ച് പലരും വച്ചു പുലര്‍ത്തുന്നത്. ഇക്കാരണം കൊണ്ടാണ് പലരും വരപ്രസാദം വേണ്ട അവസരത്തില്‍ മാത്രം പള്ളിയില്‍ വരുകയും അതിനുശേഷം പള്ളിയോടു ബന്ധമില്ലാതെ ജീവിക്കുകയും ചെയ്യുന്നത്. കൂദാശകളുടെ ലക്ഷ്യത്തെക്കുറിച്ച് ശരിയായ അറിവുണ്ടെങ്കില്‍ മാത്രമേ ഒരു സജീവഭാഗഭാഗിത്വം വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാകൂ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൂദാശകളുടെ ലക്ഷ്യങ്ങളായി പറയുന്നത് മൂന്നു കാര്യങ്ങളാണ്: "മനുഷ്യരെ വിശുദ്ധീകരിക്കുക, ക്രിസ്തുവിന്‍റെ മൗതികശരീരം പടുത്തുയര്‍ത്തുക, ദൈവത്തിന് ആരാധന സമര്‍പ്പിക്കുക" (SC 59). കൂദാശകള്‍ സഭാസമൂഹം ആഘോഷിക്കുവാനുള്ള കാരണം ഇതില്‍നിന്നു വ്യക്തമാണ്. ആരാധനാക്രമങ്ങളില്‍ വിശ്വാസികളുടെ സജീവഭാഗഭാഗിത്വം ഉണ്ടാകണമെന്ന് സഭ നിഷ്കര്‍ഷിക്കുന്നത് ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുവേണ്ടിയാണ്. കൂദാശകളുടെ പരികര്‍മം എന്നു പറയുന്നത് ഒരുവന് വരപ്രസാദം ലഭിക്കുവാന്‍വേണ്ടി നടത്തുന്ന വെറും ഒരു കര്‍മമല്ല. മറിച്ച്, ദൈവത്തിന് ആരാധന സമര്‍പ്പിക്കുകയും സഭാഗാത്രത്തെ പടുത്തുയര്‍ത്തുകയും വിശ്വാസം പ്രഘോഷിക്കുകയും ചെയ്യുന്ന ദിവ്യമായ ആഘോഷങ്ങളാണവ. കൂദാശകളുടെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കാതെ വെറും യാന്ത്രികമായി സ്വീകരിക്കുന്നവരാണ് പലപ്പോഴും കൂദാശകളിലൂടെ സഭ വിശ്വാസികളെ ചൂഷണം ചെയ്യുന്നുവെന്നു വിമര്‍ശിക്കുന്നത്. ഉദാഹരണമായി, വി. കുര്‍ബാന അര്‍പ്പിക്കാന്‍ വിശ്വാസികള്‍ കൊടുക്കുന്ന കുര്‍ബാനധര്‍മത്തെ അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥവും ദിവ്യമായ മൂല്യവും മനസ്സിലാക്കാതെ സഭയുടെ ധനം സമ്പാദിക്കുവാനുള്ള മാര്‍ഗമായിട്ട് വ്യാഖ്യാനിച്ച് വിമര്‍ശിച്ചേക്കാം. കൂദാശകളുടെ പരികര്‍മം വ്യക്തിപരമായി മാത്രം മാറ്റുവാനുള്ള വിശ്വാസികളുടെ പ്രവണതയെ നിയന്ത്രിക്കേണ്ടതാണ്. മാമ്മോദീസായും മറ്റു കൂദാശകളും തങ്ങളുടെ കുടുംബത്തിന്‍റെ മാത്രം ആഘോഷമാക്കുവാനുള്ള പ്രവണതയാണ് ഇന്നു വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. കൂദാശസ്വീകരണത്തിലൂടെ നടക്കുന്ന വിശുദ്ധീകരണം വിശ്വാസിയെ കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കണം. ഓരോ കൂദാശാഘോഷവും വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതും വളര്‍ത്തുന്നതും ആകണം. സീറോമലബാര്‍സഭയുടെ കുര്‍ബാനയില്‍ ത്രൈശുദ്ധകീര്‍ത്തനത്തിനു മുമ്പു പ്രാര്‍ത്ഥിക്കുന്നത് ഇപ്രകാരമാണ് ". ഞങ്ങളങ്ങേയ്ക്കു സ്തുതിയും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കാന്‍ കടപ്പെട്ടവരാകുന്നു." വിശ്വാസികളുടെ കടമയാണ് ആരാധന സമര്‍പ്പിക്കുക എന്നത്. കൂദാശകളുടെ പരികര്‍മം സമൂഹത്തിന്‍റെ ആഘോഷമാക്കുവാനുള്ള കാരണവും ഇതുതന്നെയാണ്.
കൂദാശകളുടെ എണ്ണവും അവയുടെ സ്ഥാപനവും
കത്തോലിക്കാസഭയില്‍ ഇന്ന് ആഘോഷിക്കുന്ന ഏഴ് കൂദാശകളും ക്രിസ്തു സ്ഥാപിച്ചതാണ് എന്ന സഭാപ്രബോധനത്തെ പെന്തക്കോസ്തു സഭാവിഭാഗങ്ങള്‍ അംഗീകരിക്കുന്നില്ല. അവരുടെ പ്രബോധനമനുസരിച്ച് രണ്ടുകൂദാശകള്‍ (മാമ്മോദീസായും കുര്‍ബാനയും) മാത്രമേ ക്രിസ്തു സ്ഥാപിച്ചിട്ടുള്ളൂ. ബാക്കി അഞ്ചെണ്ണം സഭ സ്ഥാപിച്ചവയാണെന്ന് ഇവര്‍ പഠിപ്പിക്കുന്നു. കൂദാശകളുടെ എണ്ണം ഏഴ് എന്ന് തെന്ത്രോസ് സൂനഹദോസ് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. ലൂഥറും അനുയായികളും കത്തോലിക്കാസഭയുടെ കൂദാശകളിലെ ഭൂരിഭാഗവും നിരാകരിച്ച സാഹചര്യത്തിലാണ് സഭ കൂദാശകളുടെ എണ്ണം നിര്‍ണയിച്ചുകൊണ്ട് പഠിപ്പിച്ചത്. ഇത് ഒരു പുതിയ കണ്ടുപിടുത്തമൊന്നും ആയിരുന്നില്ല. മറിച്ച് അതുവരെ സഭ ആചരിക്കുകയും അനുഭവിക്കുകയും ചെയ്ത ഏഴ് കൂദാശകളെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. കൂദാശകളുടെ എണ്ണം നിര്‍ണയിക്കുന്നതില്‍ പൗരസ്ത്യസഭകള്‍ വ്യഗ്രത കാട്ടിയില്ല. ഏഴ് കൂദാശകളാണ് അവരും അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നതെങ്കിലും പ്രത്യേകമായ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല.
മാമ്മോദീസായും കുര്‍ബാനയുമൊഴികെയുള്ള കൂദാശകളെ പെന്തക്കോസ്തു വിഭാഗങ്ങള്‍ തിരസ്കരിക്കാനുള്ള കാരണമായി പറയുന്നത് അവയ്ക്ക് വി. ഗ്രന്ഥത്തില്‍ അടിസ്ഥാനമില്ല എന്നുള്ളതാണ്. രണ്ട് കൂദാശകളെക്കുറിച്ച് മാത്രമേ ബൈബിളില്‍ വ്യക്തമായ സൂചനയുള്ളൂ എന്നവര്‍ വാദിക്കുന്നു. എന്നാല്‍ ബൈബിളിനെക്കുറിച്ചും ദൈവിക വെളിപാടിനെക്കുറിച്ചും അവര്‍ക്കുള്ള അറിവിന്‍റെ കുറവുകൊണ്ടോ തെറ്റായ വ്യാഖ്യാനരീതികൊണ്ടോ ആണ് മറ്റ് കൂദാശകളുടെ വി. ഗ്രന്ഥ അടിസ്ഥാനത്തെ അവര്‍ നിരാകരിക്കുന്നത്. കത്തോലിക്കാസഭയുടെ പ്രബോധനമനുസരിച്ച് ഏഴ് കൂദാശകളും ദൈവികവെളിപാടിന്‍റെ ഭാഗമാണ്. അതുകൊണ്ട് അവയ്ക്ക് വി.ഗ്രന്ഥ അടിസ്ഥാനമുണ്ട്.
കൂദാശകളുടെ വി.ഗ്രന്ഥ അടിസ്ഥാനം മനസ്സിലാക്കണമെങ്കില്‍ ബൈബിള്‍ വ്യാഖ്യാനിക്കുമ്പോള്‍ സ്വീകരിക്കേണ്ട രണ്ട് അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് അറിവുണ്ടാകണം. ഒന്നാമതായി യേശു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാക്കാര്യങ്ങളും വ്യക്തമായും കൃത്യമായും (explict) ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. യോഹന്നാന്‍ ശ്ലീഹാ പറയുന്നു, "യേശു ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെ വരുമെന്നാണ് എനിക്കു തോന്നുന്നത്" (യോഹ 21:25). അപ്പോള്‍ യേശു ചെയ്ത പല കാര്യങ്ങളും ചിലപ്പോള്‍ സൂചിതമായി (implicit) മാത്രമേ ബൈബിളില്‍ കണ്ടെന്നു വരികയുള്ളൂ. രണ്ടാമതായി, വെളിപാട് പൂര്‍ണമായത് യേശുവിന്‍റെ വാക്കുകളിലൂടെ മാത്രമല്ല, അവന്‍റെ പ്രവൃത്തികളിലൂടെയുമാണ്. അങ്ങനെ നോക്കുമ്പോള്‍ യേശു കൂദാശകള്‍ സ്ഥാപിച്ചത് മനസ്സിലാക്കണമെങ്കില്‍ യേശുവിന്‍റെ വാക്കുകളും പ്രവൃത്തികളും യേശു ശിഷ്യന്മാരോടു ചെയ്യാന്‍ പറഞ്ഞതും ശിഷ്യന്മാര്‍ യേശുവിന്‍റെ നാമത്തില്‍ ചെയ്തതുമൊക്കെ പരിശോധിക്കേണ്ടതാണ്. അതുകൊണ്ടാണ് സഭ വിശുദ്ധഗ്രന്ഥത്തോടൊപ്പംതന്നെ വി. പാരമ്പര്യത്തെയും തുല്യപ്രാധാന്യത്തോടെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത്. ബൈബിളില്‍ സൂചിതമായി കാണുന്ന പല കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് പലപ്പോഴും പാരമ്പര്യങ്ങളില്‍നിന്നു നമുക്കു മനസ്സിലാക്കാന്‍ പറ്റും. കാരണം യേശുവിനോടൊപ്പം ജീവിച്ച് അവന്‍റെ ജീവിതത്തിലും പീഡാസഹനത്തിലും മരണത്തിലും ഉത്ഥാനത്തിലും പന്തക്കുസ്താ അനുഭവത്തിലും പങ്കുചേര്‍ന്ന ശിഷ്യസമൂഹമാണ് ആദിമസഭയ്ക്ക് കൗദാശികപാരമ്പര്യങ്ങള്‍ കൈമാറിയത്. അതുകൊണ്ട് മുകളില്‍ പ്രസ്താവിച്ച കാര്യങ്ങളുടെ വെളിച്ചത്തില്‍ ഏഴ് കൂദാശകളും യേശു സ്ഥാപിച്ചവയാണെന്ന് നിസംശയം പറയാന്‍ സാധിക്കും.
ഡോ. സിബി പുളിക്കല്‍
Church and Sacraments catholic malayaam mananthavady diocese Dr. Sibi Pulickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206