x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ക്രിസ്തുവിജ്ഞാനീയം - നൂറ്റാണ്ടുകളിലൂടെ

Authored by : Mar Joseph Pamplany On 27-Jan-2021

പൂര്‍ണ്ണമായും മനസ്സിലാക്കാനാവാത്തതാണ് രഹസ്യം. കാരണം, അത് മനുഷ്യബുദ്ധിക്ക് അതീതമാണ്. യേശു എന്ന രഹസ്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴും ഈ പ്രസ്താവന പ്രസക്തമാണ്. യേശു രഹസ്യത്തിന്‍റെ  അന്തസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ മനുഷ്യനു കഴിയുകയില്ല. വിശ്വാസവും എളിമയും സമ്മേളിക്കുമ്പോള്‍, 'ഇതെങ്ങിനെ സംഭവിക്കും?' എന്ന മറിയത്തിന്‍റെ അന്വേഷണത്വര ഉടലെടുക്കും. മറിയത്തിന്‍റെ വിനയാന്വിതമായ ഈ അന്വേഷണത്വരയും "ദൈവത്തിന് എല്ലാം സാധ്യമാണ്" എന്ന മാലാഖയുടെ ഉത്തരത്തിനു മുന്നില്‍ അവള്‍ പ്രകടിപ്പിച്ച സമര്‍പ്പണ മനോഭാവവുമാണ്  ഈ അന്വേഷണ പ്രക്രീയയില്‍ നാമോരോരുത്തരും സ്വന്തമാക്കേണ്ടത്. കേവലം ബൗദ്ധികാപഗ്രഥനത്തിലൂടെ ക്രിസ്തുരഹസ്യം ഗ്രഹിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. കാരണം ബുദ്ധിക്കും യുക്തിക്കും അതീതമാണത്.

 യേശു യഥാര്‍ത്ഥ മനുഷ്യന്‍

 യേശു മനുഷ്യത്വത്തെ പ്രശോഭിപ്പിക്കുന്നു

മനുഷ്യന്‍റെ സാഹചര്യങ്ങളെയും ബാധ്യതകളേയും പുതിയ കാഴ്ചപ്പാടുകളിലൂടെ ദര്‍ശിക്കുവാന്‍ യേശുവിന്‍റെ മനുഷ്യത്വം നമ്മെ വെല്ലുവിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ മനുഷ്യനായിരിക്കുക എന്നാല്‍ എന്തെന്നാണെന്ന് യേശുവിന്‍റെ മനുഷ്യത്വം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്‍റെ സാദൃശ്യത്തിലും ഛായയിലും സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍. അതാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്നും മറ്റു സൃഷ്ടികളില്‍നിന്നും വ്യതിരിക്തനാക്കുന്നത്.  ഈ സാദൃശ്യം അടങ്ങിയിരിക്കുന്നത് എല്ലാത്തിന്മേലുമുള്ള അധിശത്വത്തിലാണ് എന്നു ചിന്തിക്കുന്നവരുണ്ട്. മനുഷ്യബുദ്ധിയിലാണ് ദൈവത്തിന്‍റെ സാദൃശ്യം കുടികൊള്ളുന്നത് എന്നു കരുതുന്നവരുണ്ട്. എന്നാല്‍ ദൈവത്തിന്‍റെ അരൂപിയിലും  അതിലൂടെ ദൈവവും മനുഷ്യനും തമ്മില്‍ കൈവന്ന പ്രത്യേകബന്ധത്തിലുമാണ് ദൈവത്തിന്‍റെ സാദൃശ്യം അടങ്ങിയിരിക്കുന്നത്. ഈ ഛായയ്ക്ക്  മങ്ങലേല്ക്കാതെ യേശുവില്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ നാം ദര്‍ശിക്കുന്നു. യഥാര്‍ത്ഥ മനുഷ്യനായിരിക്കുക എന്നതിനര്‍ത്ഥം ദൈവരൂപിയില്‍ നിറഞ്ഞ് ദൈവത്തോട് ബന്ധപ്പെട്ടിരിക്കുക എന്നതാണെന്ന് യേശുവിന്‍റെ മഹത്വം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

യേശുവിന്‍റെ മനുഷ്യസ്വഭാവം അനന്യമാണ്

നമ്മുടെ മനുഷ്യസ്വഭാവത്തില്‍നിന്നും വ്യതിരിക്തമായി നിലകൊള്ളുന്നതാണ് യേശുവിന്‍റെ മനുഷ്യസ്വഭാവം. മനുഷ്യനെന്ന നിലയില്‍ ദൈവം എന്തായിരിക്കുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അത് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു. ദൈവത്തിന്‍റെ മാനുഷികമുഖമാണ് യേശു (2 കൊറി 4,6). യേശുവിന്‍റെ മനുഷ്യജീവിതത്തിലൂടെ ദൈവം അനന്യമായ രീതിയില്‍ സന്നിഹിതനും പ്രവര്‍ത്തനനിരതനുമാണ്. യേശുവിന്‍റെ മനുഷ്യസ്വഭാവത്തില്‍ ദൈവം മനുഷ്യനെ കണ്ടുമുട്ടുന്നു, ദൈവം ചരിത്രത്തില്‍ കടന്നുവരുന്നു, വ്യക്തിപരമായി സന്നിഹിതനാകുന്നു.

മനുഷ്യനോടു താദാത്മ്യപ്പെട്ടവന്‍

യേശുവിന്‍റെ മനുഷ്യസ്വഭാവത്തിലൂടെ അവിടുന്ന് എല്ലാ മനുഷ്യരോടും താദാത്മ്യപ്പെടുന്നു. മനുഷ്യനായിരിക്കുന്നതിന്‍റെ മഹത്വം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യനായിരിക്കുന്നതില്‍ അഭിമാനിക്കാതെ, മനുഷ്യരോട് യേശു ബന്ധപ്പെട്ടിരിക്കുന്നതുപോലെ താദാത്മ്യപ്പെടാനും യേശുവിന്‍റെ മനുഷ്യസ്വഭാവം നമ്മോടാവശ്യപ്പെടുന്നു.

യേശു യഥാര്‍ത്ഥ ദൈവം

പിതാവായ ദൈവത്തിന് നല്കുന്ന എല്ലാ വിശേഷണങ്ങളും പുത്രനും നല്കണമെന്ന വിശ്വാസമാണ് യേശു യഥാര്‍ത്ഥ ദൈവമായിരുന്നു എന്നുള്ള പ്രഖ്യാപനത്തിലൂടെ കാല്‍സിഡോണ്‍ സൂനഹദോസില്‍ കാണുക. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ കാഴ്ചപ്പാടുകള്‍ അവന്‍ ജീവിക്കുന്ന സാംസ്കാരിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൗരാണിക ഗ്രീക്ക്-റോമന്‍ സംസ്കാരത്തില്‍ ദൈവം മാറ്റങ്ങള്‍ക്കെല്ലാം അതീതനും പ്രപഞ്ചത്തിന്‍റെ നിയതാവുമാണ്. പ്രപഞ്ചത്തിന്‍റെ മാറ്റത്തിന്‍റെ മാനദണ്ഡം ദൈവമാണെങ്കില്‍  അടിമത്തത്തിനും ചൂഷണത്തിനും ദാരിദ്ര്യത്തിനും വിധേയനായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവം വിമോചകനാണ്. തന്‍റെ പരിതാപകരമായ അവസ്ഥകളില്‍നിന്ന് തന്നെ മോചിപ്പിക്കാന്‍ കഴിയുന്നവനാണവിടുന്ന്. ഇവിടെയും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പൂവണിയിക്കാന്‍ കഴിവുള്ള വ്യക്തിയായിട്ടാണ് ഇവര്‍  ദൈവത്തെ ദര്‍ശിക്കുന്നത്.

അസ്ഥിത്വവാദികളെ സംബന്ധിച്ചിടത്തോളം ദൈവം ചരിത്രത്തിന് അതീതനോ അധീനനോ അല്ല. മനുഷ്യനോടുകൂടിയായിരുന്നുകൊണ്ട് അവനെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തിയാണ്. മനസ്സാക്ഷിയില്‍ ദൈവത്തെ കണ്ടെത്തുന്നവരാണീക്കൂട്ടര്‍.

ചരിത്രത്തിലും വ്യക്തിജീവിതത്തിലും നിര്‍ണ്ണായകസ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് ദൈവം എന്ന് ഈ ദര്‍ശനങ്ങളോരോന്നും സാക്ഷ്യപ്പെടുന്നു. ഈ അര്‍ത്ഥത്തില്‍ യേശു യഥാര്‍ത്ഥ ദൈവമാണെന്നു പറയുമ്പോള്‍ നമ്മുടെ ജീവിതത്തെ അടിമുടി നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന വ്യക്തിയാണ് യേശു, എന്നു പ്രഖ്യാപിക്കുകയാണ്. പിതാവിനോട് ഏകസത്തയായിരിക്കുന്ന പുത്രന്‍ യഥാര്‍ത്ഥത്തില്‍ ദൈവമാണ്. ആരാധനാക്രമത്തില്‍ പിതാവിനോടും പരി. ആത്മാവിനോടും ബന്ധപ്പെടുത്തിയാണ് പുത്രന്‍റെ ദൈവത്വത്തെ വീക്ഷിക്കുന്നത്.

 യേശുവിന്‍റെ വ്യക്തിത്വം (One Personhood)

യേശുവിന്‍റെ വ്യക്തിത്വം (Personhood) എന്തിലാണ് അടങ്ങിയിരിക്കുന്നത് എന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. അവബോധവും അനുഭവവുമാണ് വ്യക്തിത്വത്തിന്‍റെ അവിഭാജ്യഘടകങ്ങള്‍  എന്നാണ് വി. അഗസ്റ്റീനോസിന്‍റെ അഭിമതം. ബൗദ്ധിക സ്വഭാവമുള്ള വൈയക്തിക സത്തയാണ് ബോയേതിയൂസിന്‍റെ (480-524) നിര്‍വ്വചനത്തില്‍ വ്യക്തി. ബുദ്ധിക്കും വൈയക്തികതയ്ക്കും  പ്രാധാന്യം നല്കുന്ന ഇത്തരം സമീപനരീതിതന്നെയാണ് മധ്യശതകങ്ങളിലും നിലനിന്നിരുന്നത്. മനുഷ്യനെ മനുഷ്യനാക്കുന്നത് സ്വയാവബോധമാണെന്ന് ഡെക്കാര്‍ട്ട് (1596-1650) പഠിപ്പിക്കുന്നതിന്‍റെ  (Cogito Ergo sum. I Think There for Iam) പിന്നിലെ ചിന്താധാരയും ഇതുതന്നെയാണ്. ഇമ്മാനുവല്‍ കാന്‍റിന്‍റെ  (1724-1804) ദൃഷ്ടിയിലാവട്ടെ വ്യക്തിത്വത്തിന്‍റെ പ്രതിമാനങ്ങള്‍ മനുഷ്യമനസ്സും അതിന്‍റെ സ്വാതന്ത്ര്യവുമാണ്.

ആധുനിക വീക്ഷണത്തില്‍ വ്യക്തിത്വത്തിന്‍റെ അടിസ്ഥാനം   അപരനുമായി ബന്ധപ്പെടാനുള്ള കഴിവാണ്. അപരനുമായി ബന്ധപ്പെടുന്നതിലൂടെയാണ് ഒരുവന്‍ തന്‍റെ അനന്യത മനസ്സിലാക്കുന്നത്. ബുദ്ധി, സ്വയാവബോധം, അപരനുമായി ബന്ധപ്പെടാനുള്ള കഴിവ് ഇവയൊക്കെ വ്യക്തിത്വത്തിന്‍റെ അനുപേക്ഷണീയ ഘടകങ്ങളാണ്.

യേശുക്രിസ്തുവില്‍ ഒരാള്‍ (one Person) മാത്രമേയുള്ളൂ എന്നും പ്രസ്തുത ആള്‍ ദൈവികആള്‍ (Divine Person) ആണെന്നുമാണ് സഭ പഠിപ്പിക്കുന്നത്. യേശുവില്‍ മാനുഷികവ്യക്തിത്വം (Personhood) നിഷേധിക്കുന്നതിലൂടെ യേശുവിന്‍റെ മനുഷ്യത്വത്തിന് ഭംഗം വരുന്നില്ലേ എന്ന സംശയം ഇവിടെ പ്രസക്തമാണ്.  എന്നാല്‍,  മാനുഷികപൂര്‍ണ്ണതകളും പ്രത്യേകതകളും  സ്വഭാവത്തിന്‍റെ തലത്തിലാണ് നിലകൊള്ളുന്നത്. യഥാര്‍ത്ഥ മനുഷ്യസ്വഭാവം യേശുവിനുണ്ടായിരുന്നതിനാല്‍ യേശുവിന്‍റെ മനുഷ്യത്വം അഭംഗുരവും അന്യൂനവുമായി പ്രശോഭിക്കുന്നു. യേശുവിന്‍റെ വ്യക്തിത്വം (Personhood) മനസ്സിലാക്കേണ്ടത് അവിടുത്തെ ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ്. പിതാവുമായുള്ള ബന്ധത്തിലൂടെയാണ് തന്‍റെ വൈയക്തികത യേശു അനുഭവിക്കുന്നത്. ഈ അര്‍ത്ഥത്തിലാണ് യേശുവിന്‍റെ വൈയക്തികത ദൈവികമായിരുന്നു എന്നു പറയുന്നത്.

ക്രിസ്തുരഹസ്യത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ വി. തോമസ് അക്വിനാസിന്‍റെ ഭാഷ്യം ഉപയുക്തമാണ്. സൃഷ്ടിക്കപ്പെട്ട ഒരോ ജീവിക്കും അടിസ്ഥാനപരമായി രണ്ടു ഘടകങ്ങളുണ്ട്:  ഉണ്‍മയും സത്തയും (being and essence). സത്തയാണ് സ്വഭാവം. മനുഷ്യന്‍റെ  സത്തയില്‍ ആത്മാവും ശരീരവും മാത്രമല്ല നിരവധി ആഗന്തുകങ്ങളും (accidents) അന്തര്‍ലീനമാണ്. ഓരോ വ്യക്തിയിലും ഇത്തരത്തില്‍ നിരവധി ആഗന്തുകങ്ങള്‍ ദൃശ്യമാണ് (ഉദാ. നിറം,വണ്ണം, ഉയരം മുതലായവ).

ഓരോ സത്തയ്ക്കും (സ്വഭാവത്തിനും) തുല്യമായൊരു സ്വത്വ (ഉണ്‍മ-being) മുണ്ട്. തത്ഫലമായി മനുഷ്യസ്വഭാവമുണ്ടെങ്കില്‍  മനുഷ്യവ്യക്തിത്വം ഉണ്ടാകേണ്ടതാണ്. എന്നാല്‍ യേശുക്രിസ്തുവില്‍ മാനുഷിക സ്വത്വത്തിന്‍റെ സ്ഥാനത്ത് അതിനേക്കാള്‍ മഹത്തായ വചനമാണ് നിലകൊള്ളുന്നത്.സര്‍വ്വശക്തനായ ദൈവത്തിന് ഇതു സാധ്യമാണല്ലോ. അതായത് യേശുവിന്‍റെ മാനുഷികതയ്ക്കാധാരം വചനമാണെന്ന് വ്യക്തം.

യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ ഈ രഹസ്യാത്മകത അംഗീകരിക്കുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങളാണ് യേശുവിന്‍റെ അറിവ്, സ്വാതന്ത്ര്യം, നിഷ്കളങ്കത തുടങ്ങിയവയെക്കുറിച്ചുള്ളവ.

 യേശുവും പാപവും

യേശുവില്‍ പാപമില്ലായിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. "ആര്‍ക്ക് എന്നില്‍ പാപം ആരോപിക്കാന്‍ കഴിയും" (യോഹ 8:46); കറയോ കുറവോ ഇല്ലാത്ത കുഞ്ഞാടാണ് അവിടുന്ന് (1 പത്രോ 1:19); "ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യത്തിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണവിടുന്ന്" (ഹെബ്രാ 4:15); "എന്തെന്നാല്‍ അവനില്‍ നാമെല്ലാവരും ദൈവത്തിന്‍റെ നീതിയാകേണ്ടതിന് പാപമറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി" (2 കൊറി 5:21).

സഭ പഠിപ്പിക്കുന്നതും യേശുവില്‍ പാപമില്ലായിരുന്നു എന്നാണ്. ഒരാള്‍ രണ്ടു സ്വഭാവത്തില്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം വ്യക്തിക്കാണ്. യേശുവിലെ വ്യക്തിത്വം ദൈവികമാകയാല്‍ യേശുവില്‍ പാപമുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ദൈവത്തിനായിരിക്കും. തന്മൂലം യേശുവില്‍ പാപമില്ല എന്നുമാത്രമല്ല, പാപംചെയ്യാനുള്ള സാധ്യതയുമില്ല എന്നാണ് ദൈവശാസ്ത്ര നിഗമനം.

 യേശുവും സ്വാതന്ത്ര്യവും

ഒരാളുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കാനുള്ള സാധ്യതയാണ് സ്വാതന്ത്ര്യം (the faculty to determine one action). ബാഹ്യമായ സമ്മര്‍ദ്ദങ്ങളോ, ആന്തരികമായ ആവശ്യകതകളുടെ നിര്‍ബന്ധത്താലോ ഉള്ള പ്രവര്‍ത്തികള്‍ സ്വതന്ത്രമല്ല.

നന്മയോട് ഏറ്റവും അടുത്തിരിക്കുന്ന വ്യക്തിക്ക് നന്മയും തിന്മയും തിരിച്ചറിഞ്ഞ് വേഗത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കും. നന്മചെയ്യുന്നവര്‍ സ്വാതന്ത്ര്യത്തിലാണ്. ദൈവം നന്മതന്നെയായതുകൊണ്ട് പൂര്‍ണ്ണമായും സ്വതന്ത്രനാണ്. പാപത്തിനടിമയായ മനുഷ്യന് തെരഞ്ഞെടുപ്പ് ഏറെ ദുഷ്കരമാണ്. കാരണം തിന്മയുടെ ശക്തികളായിരിക്കും അവനെ നിയന്ത്രിക്കുക. തന്മൂലം പാപിയായ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ അടിമയാണ്.

യേശുവില്‍ പാപമില്ലായിരുന്നതുകൊണ്ടും അവിടുന്ന് ദൈവംതന്നെയായതുകൊണ്ടും സ്വാതന്ത്ര്യം അതിന്‍റെ പൂര്‍ണ്ണതയില്‍ യേശുവിലുണ്ടായിരുന്നു. നന്മതന്നെയായ പിതാവിന്‍റെ ഹിതത്തിന് യേശു സ്വയം സമര്‍പ്പിക്കുകയായിരുന്നു. യേശു തന്‍റെ ജീവിതകാലത്ത് ഒരിക്കലും സ്വന്തം താത്പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതായി നാം കാണുന്നില്ല. മാത്രമല്ല ബാഹ്യമായ ശക്തികളൊന്നും അവിടുത്തെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചിരുന്നില്ല. ഇതിന്‍റെ അര്‍ത്ഥം യേശു പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നാണ്.

 യേശുവിന്‍റെ അറിവും അജ്ഞതയും

ക്രിസ്തുവില്‍ രണ്ടുസ്വഭാവങ്ങളുണ്ടായിരുന്നതു കൊണ്ട് രണ്ടുതരം (modes) അറിവുകളും ഉണ്ടായിരുന്നു എന്ന് നമുക്ക് തീര്‍ച്ചപ്പെടുത്താം. മാനുഷിക ജ്ഞാനത്തില്‍ യേശു വളര്‍ന്നു എന്ന് സുവിശേഷം സാക്ഷ്യം നല്കുന്നു (ലൂക്കാ 2:52). ത്രിത്വത്തിലെ മൂന്നാളുകള്‍ക്കും സ്വന്തമായിട്ടുള്ള ദൈവികമായ അറിവും യേശുവിനുണ്ടായിരുന്നു. അനുഭവങ്ങളിലൂടെ സ്വായത്തമാക്കുന്ന അറിവും (acquired knowledge) ദൈവനിവേശിതമായ അറിവും (infuseds knowledge) ദൈവികമായ അന്തര്‍ജ്ഞാനവും (infinitive knowledge) ദൈവമായതുകൊണ്ട് യേശുവിനുണ്ടായിരുന്നുവെന്ന് ദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. യേശുവില്‍ ദൈവികമായ അറിവ് നിഷേധിക്കുന്നത് ത്രിത്വത്തിലെ മൂന്നാളുകള്‍തമ്മിലുള്ള ഐക്യത്തെ നിഷേധിക്കുന്നതിനു തുല്യമാണ്.

"ആ മണിക്കൂറിനെക്കുറിച്ച്"  "ഇടതും വലതും ഇരിക്കുന്നത്  ആരൊക്കെയാണ്" തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യേശുവിന്‍റെ അജ്ഞതയെ പലരും വ്യത്യസ്തമായി വ്യാഖ്യാനിക്കാറുണ്ട്. സഭാപിതാക്കന്മാരുടെ അഭിപ്രായത്തില്‍ തെറ്റായ അറിവ് (error), അജ്ഞത (irnorance), അറിവില്ലായ്മ (not knowing) എന്നിവയെ മൂന്നായി തിരിച്ച് മനസ്സിലാക്കണം.

തെറ്റായ അറിവ് (error) എന്നുവച്ചാല്‍ ശരിയെ തെറ്റായും, തെറ്റിനെ ശരിയായും കാണുന്നതാണ്. അജ്ഞത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ഒരാള്‍ക്കുള്ള അറിവുകേടാണ്. അറിവില്ലായ്മ എന്നുവെച്ചാല്‍ അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ്.  ഈ അര്‍ത്ഥത്തില്‍ തെറ്റായ അറിവിനും അജ്ഞതയ്ക്കും യേശുവിന്‍റെ ജീവിതത്തില്‍ സ്ഥാനമില്ല. തന്‍റെ വ്യക്തിത്വത്തെക്കുറിച്ചും ദൗത്യത്തിനാവിശ്യമായ കാര്യങ്ങളെക്കുറിച്ചും യേശുവിന് യഥാര്‍ത്ഥമായ അറിവുണ്ടായിരുന്നു.

 യേശുവും വിശ്വാസവും

വിശ്വാസം എന്നത് പ്രത്യാശിക്കുന്നത് ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ് (ഹെബ്രാ 11:1). യേശുവിനെ സംബന്ധിച്ചിടത്തോളം നിയതാര്‍ത്ഥത്തില്‍ വിശ്വാസം ഇല്ലായിരുന്നു. കാരണം യേശുവിനെ സംബന്ധിച്ചിടത്തോളം കാണപ്പെടാത്തവ ഒന്നും ഇല്ലായിരുന്നു. തോമസ് അക്വീനാസ് പറയുന്നു: വിശ്വാസം എന്ന പുണ്യം യേശുവിലില്ലായിരുന്നു എങ്കിലും വിശ്വാസത്തിന്‍റെ യോഗ്യത അവിടുന്നിലുണ്ടായിരുന്നു. വിശ്വാസത്തിന്‍റെ യോഗ്യത അടങ്ങിയിരിക്കുന്നത് ദൈവത്തിന് സ്വമനസ്സോടെ വിധേയപ്പെടുന്നതിലാണ്. യേശുക്രിസ്തു പിതാവിന് പൂര്‍ണ്ണമായി വിധേയപ്പെട്ടവനാണ് എന്നതില്‍നിന്നും ഇത് വ്യക്തമാണ്.

ശിഷ്യന്മാരുടെ വിശ്വാസമല്ല യേശുവിന്‍റെ വിശ്വാസം. നമ്മുടെ വിശ്വാസം യേശുക്രിസ്തുവിലാണ്. എന്നാല്‍ യേശുവിനു തന്‍റെ ദൈവത്തെക്കുറിച്ച് ഉറപ്പുണ്ടായിരുന്നു. ശിഷ്യരുടെ വിശ്വാസം രൂപപ്പെടുന്നതുതന്നെ പിതാവിനെക്കുറിച്ചുള്ള അറിവ് പങ്കുവെയ്ക്കുന്നതിലൂടെയാണ്. നമ്മുടെ വിശ്വാസത്തിന്‍റെ വിഷയവും വിശ്വാസത്തിന്‍റെ ദാതാവും ക്രിസ്തുവാണ്. യേശുവിനെപ്പോലെ വിശ്വസിക്കുന്നത് ഒരിക്കലും യേശുവില്‍ വിശ്വസിക്കുന്നതിന് വിഘാതമല്ല.

 ഉപസംഹാരം

വാഗ്വാദങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും ശേഷം ക്രിസ്തുരഹസ്യം മനുഷ്യബുദ്ധിക്ക് അതീതമായൊരു സമസ്യയായി നിലകൊള്ളുന്നു. ആദിമനൂറ്റാണ്ടുകളിലെന്നപോലെ ക്രിസ്തുരഹസ്യത്തിന്‍റെ ചുരുളഴിയിക്കാന്‍ യത്നിക്കുന്നവര്‍ അനേകരാണ്. ചിലതൊക്കെ ഔദ്യോഗിക ദൃഷ്ടിയില്‍ അബദ്ധസിദ്ധാന്തങ്ങളായിരുന്നു. ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയത് അപ്പസ്തോലന്മാര്‍ക്കാകയാല്‍ അപ്പസ്തോലിക പിന്തുടര്‍ച്ചയുള്ള സഭയ്ക്കാണ് ക്രിസ്തുരഹസ്യം ആധികാരിമായി വ്യാഖ്യാനിക്കാനുള്ള അവകാശം.

അന്തിമവിശകലനത്തില്‍ രഹസ്യം വ്യാഖ്യാനിക്കപ്പെടാനുള്ളതല്ല വിശ്വസിക്കാനുള്ളതാണെന്ന് നാം കണ്ടെത്തുന്നു. ക്രിസ്തു എന്ന വ്യക്തിയുടെ അന്തസത്തയെ തലനാരിഴകീറി വിശകലനം ചെയ്യുന്നതിലല്ല അവനെ കര്‍ത്താവും ദൈവവുമായി ഏറ്റുപറയുന്നതിലാണ് ക്രിസ്തീയത കുടികൊള്ളുന്നത്.

 ക്രിസ്തുവിജ്ഞാനീയത്തിലെ പാഷണ്ഡതകള്‍

ദൈവശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ പൊതുവെയും ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പുരോഗതിയില്‍ വിശേഷിച്ചും, ശ്രദ്ധേയമായ കാലഘട്ടമാണ് ആദ്യനൂറ്റാണ്ടുകള്‍. യേശുവിന്‍റെ വ്യക്തിത്വത്തെയും ദൗത്യത്തെയും മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ അക്കാലത്ത് വ്യത്യസ്തഭാവങ്ങള്‍ കൈക്കൊണ്ടു. യേശുവിന്‍റെ മനുഷ്യത്വത്തിന് ഊന്നല്‍നല്കാന്‍ ശ്രമിച്ചപ്പോള്‍ അവിടുത്തെ ദൈവത്വം വിസ്മൃതമായി. ദൈവത്വത്തെ ഉറപ്പിച്ചുപറഞ്ഞപ്പോഴാകട്ടെ മനുഷ്യത്വത്തിന്‍റെ ഒളിമങ്ങിപ്പോയി. വിവിധ അബദ്ധസിദ്ധാന്തങ്ങള്‍ ഉടലെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

 ഡൊസേറ്റിസിസം

മൂന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ഈ അബദ്ധസിദ്ധാന്തം രൂപംകൊണ്ടത്. ഇക്കൂട്ടരുടെ ദൃഷ്ടിയില്‍ യേശു യഥാര്‍ത്ഥ മനുഷ്യനായിരുന്നില്ല; മറിച്ച്, മനുഷ്യനെപ്പോലെ കാണപ്പെട്ടു എന്നേയുള്ളു. വി. ഗ്രന്ഥത്തില്‍ ഇതിനു തെളിവുണ്ടെന്നും അവര്‍ വാദിച്ചു.1 യോഹ 4:1-3; 2 യോഹ 7 എന്നിവയാണ് അവര്‍ നിരത്തിയ തെളിവുകള്‍. ശരീരം അതിനാല്‍ത്തന്നെ തിന്മയാണെന്ന ചിന്താഗതിയാണ് ഈ പഠനത്തിനാധാരം. അരൂപിയും ശരീരവും തമ്മില്‍ ഗ്രീക്കു ചിന്തയിലുള്ള വൈരുദ്ധ്യവും ഈ അബദ്ധസിദ്ധാന്തത്തിന് പ്രചോദകമായിട്ടുണ്ട്. ഈ അബദ്ധസിദ്ധാന്തത്തിനെതിരെ ശക്തിയായി പ്രതികരിച്ചത് അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് (+c. 107) ആണ്.

 അഡോപ്ഷനിസം അഥവാ ദത്തുപുത്രവാദം

യേശുവിന്‍റെ മനുഷ്യത്വം സ്ഥാപിക്കാനുള്ള വ്യഗ്രത അവിടുത്തെ ദൈവത്വം നിഷേധിക്കുന്ന പ്രവണതയാണ് ഈ അബദ്ധസിദ്ധാന്തത്തില്‍ നാം കാണുന്നത്. ഇവരുടെ ദൃഷ്ടിയില്‍    യേശു ഒരു സാധാരണ മനുഷ്യനായിരുന്നു. ദൈവം മനുഷ്യനായി എന്ന മനുഷ്യാവതാരത്തെ നിഷേധിച്ചുകൊണ്ട് ദൈവം  ഒരു മനുഷ്യനെ തിരഞ്ഞെടുത്ത് തന്‍റെ ശക്തിയാല്‍ നിറച്ച് ദൈവികസ്ഥാനത്തെക്കുയര്‍ത്തിയതാണ്  യേശു. സാമസോട്ടായിലെ പോളുംതെയൊഡേഷ്യസുമാണ് ഈ സിദ്ധാന്തത്തിന്‍റെ ഉപജ്ജാതാക്കളില്‍ പ്രമുഖര്‍.

ഇരണേവൂസും തെര്‍ത്തുല്യനും ഈ അബദ്ധസിദ്ധാന്തത്തെ ശക്തിയായി എതിര്‍ക്കുന്നുണ്ട്. യേശു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണ് എന്നവര്‍ പഠിപ്പിച്ചു. മനുഷ്യരക്ഷ സാധിക്കാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ എന്നതിനാല്‍ അവിടുന്ന് യഥാര്‍ത്ഥ ദൈവമാണെന്നും; തന്‍റെ തെറ്റുകള്‍ക്ക് പരിഹാരം ചെയ്യാന്‍ മനുഷ്യന്‍ കടപ്പെട്ടവനാകയാല്‍ അപ്രകാരം ചെയ്യുകവഴി യേശു യതാര്‍ത്ഥ മനുഷ്യനാണെന്നും അവര്‍ വാദിച്ചു. യേശു നമ്മെ രക്ഷിച്ചു എന്ന പ്രസ്താവ്യം ശരിയാണെങ്കില്‍ യേശു യഥാര്‍ത്ഥത്തില്‍ ദൈവവും മനുഷ്യനുമാണ്.

 ആര്യനിസം

ഒന്നാമത്തെ സൂനഹദോസു വഴിയൊരുക്കിയ പാഷണ്ഡതയാണ് ആര്യനിസം.  ആരിയൂസ് (250-336) എന്ന വൈദികന്‍ യേശുവിന്‍റെ ദൈവത്വം നിഷേധിച്ചു. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം: പിതാവിനോട് ഏകസത്തയായിരിക്കുന്നവനല്ല യേശു. യേശു ഒരു പരിപൂര്‍ണ്ണ സൃഷ്ടിയാണ്. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ യേശു പകുതി ദൈവമാണ്. പരി. ത്രിത്വത്തിലെ പുത്രന്‍ സ്വഭാവത്താല്‍ ദൈവമല്ല. ദൈവകൃപകൊണ്ടാണ് അവന് ദൈവത്വം ലഭിച്ചത്. ഈ അര്‍ത്ഥത്തില്‍ പിതാവു മാത്രമാണ് യഥാര്‍ത്ഥ ദൈവം. യേശുവിന്‍റെ ദൈവത്വത്തിനു മാത്രമല്ല മനുഷ്യത്വത്തിനും പൂര്‍ണ്ണതയില്ല. കാരണം യേശുവില്‍ മനുഷ്യാത്മാവ് ഇല്ലായിരുന്നു. പരി. ത്രിത്വത്തില്‍ മൂന്നാളുകളുണ്ടെന്ന് നിയാതാര്‍ത്ഥത്തില്‍ പറയാനാവില്ല. കാരണം പുത്രന്‍ യഥാര്‍ത്ഥ ദൈവമല്ല.

ഈ അബദ്ധസിദ്ധാന്തത്തെ 325-ല്‍ നിഖ്യായില്‍കൂടിയ സൂനഹദോസ് ശപിച്ചുതള്ളി. യേശു പിതാവുമായി ഏകസത്തയാണെന്ന് വ്യക്തമാക്കാന്‍ വി. യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ  ഉപോദ്ഘാതത്തിലെ "വചനം ദൈവമായിരുന്നു" എന്ന തിരുവചനത്തിന്‍റെ വ്യാഖ്യാനമാണ് കൗണ്‍സില്‍ പിതാക്കന്മാര്‍ നല്കിയത്.

 അപ്പോളിനാരിയന്‍ പാഷണ്ഡത

ലാവോദീഷ്യായിലെ മെത്രാനായിരുന്ന അപ്പോളിനാരിയൂസ് (310-390) ആണ് ഈ വികലവീക്ഷണത്തിന്‍റെ പ്രാരംഭകന്‍. ഒരു വ്യക്തിയില്‍ ശരീരം, ആത്മാവ്, അരൂപി എന്നീ മൂന്നു ഘടകങ്ങളുണ്ടെന്ന് അദ്ദേഹം കരുതി. യേശുവിന് മനുഷ്യാരൂപിയില്ലായിരുന്നു എന്ന് പഠിപ്പിക്കുക വഴി യേശുവിന്‍റെ മനുഷ്യത്വത്തെയാണ് അദ്ദേഹം നിഷേധിച്ചത്. അദ്ദേഹത്തിന്‍റെ വാദഗതിയനുസരിച്ച് വ്യക്തിത്വത്തിന്‍റെ ആധാരം ആത്മാവാണ്. മനുഷ്യാത്മാവും ദൈവാത്മാവും യേശുവിനുണ്ടായിരുന്നു എന്നു പറയുന്നത് യേശുവില്‍ രണ്ടു വ്യക്തികള്‍ ഉണ്ടെന്നു പറയുന്നതിനു തുല്യമാണ്. എന്നാല്‍ ഇത് അസാധ്യമാണ്. തന്നെയുമല്ല യേശുവിന് മനുഷ്യാത്മാവുണ്ടായിരുന്നു എന്നു പഠിപ്പിക്കുന്നതിലൂടെ ദൈവത്തില്‍ പാപം ആരോപിക്കുകയാണെന്നും അദ്ദേഹം വാദിച്ചു. മനുഷ്യാത്മാവിന് പകരം യേശുവിലുണ്ടായിരുന്നത്  'വചന'മാണ്. യേശുവിലുള്ള ഐക്യം (unity) ആവിഷ്കരിച്ചപ്പോള്‍ അത് സ്വഭാവത്തിലുള്ള ഐക്യമായിട്ടാണ് അദ്ദേഹം കണ്ടെത്തിയത്.

362-ല്‍ അത്തനേഷ്യസിന്‍റെ നേതൃത്വത്തില്‍ അലക്സാണ്ട്രിയായില്‍ നടന്ന സിനഡ് അപ്പോളിനാരിയന്‍ പാഷണ്ഡതയെ ശപിച്ചു. യേശു വന്നത് ശരീരത്തെയും ആത്മാവിനെയും രക്ഷിക്കുവാനാണ്. വചനം സ്വീകരിക്കാത്തതൊന്നും രക്ഷപെട്ടിട്ടില്ല. ക്രിസ്തു മനുഷ്യാത്മാവിനെ സ്വീകരിച്ചിട്ടില്ലെങ്കില്‍ ആത്മാവിന്‍റെ രക്ഷ സാധിതമായിട്ടില്ല. ഈ തത്വത്തിന്‍റെ പിന്‍ബലത്തില്‍ യേശുവില്‍ മനുഷ്യാത്മാവുണ്ടായിരുന്നു എന്ന് സിനഡ് പഠിപ്പിച്ചു. അപ്പോളിനാരിയൂസ് ഈ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചെങ്കിലും തുടര്‍ന്നും  ആദ്യം പറഞ്ഞ പാഷണ്ഡതയുടെ ചുവടുപിടിച്ചൊരു വ്യാഖ്യാനമാണ് കൗണ്‍സില്‍ പഠനത്തിന് നല്കിയത്.

377-ല്‍ റോമില്‍ കൂടിയ സിനഡ്, അപ്പോളിനാരിയൂസിനെ സഭയില്‍നിന്നു പുറത്താക്കി. 381-ലെ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസ് റോമന്‍ തീരുമാനത്തെ അംഗീകരിച്ചതോടുകൂടി ഈ അബദ്ധസിദ്ധാന്തത്തിനു വിരാമമായി.

 നെസ്തോറിയനിസം

ക്രിസ്തുരഹസ്യത്തെ സംബന്ധിച്ച ഒരു വലിയ തര്‍ക്കമാണ് നെസ്തോറിയനിസം. ഈ തര്‍ക്കത്തിന്‍റെ പൊരുളറിയാന്‍ അതിന്‍റെ പശ്ചാത്തലംകൂടി മനസ്സിലാക്കേണ്ടതുണ്ട്.  സഭാപിതാക്കന്മാരുടെ കാലത്ത് രണ്ടു പ്രധാന വിദ്യാലയകേന്ദ്രങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്: അലക്സാണ്ട്രിയായും അന്ത്യോക്യായും. ഈ രണ്ടു പഠനകേന്ദ്രങ്ങളുടെ ചിന്താധാരയില്‍ വ്യക്തമായ വ്യതിരിക്തത നിലനിന്നിരുന്നു. അലക്സാണ്ട്രിയന്‍ ക്രിസ്തുവിജ്ഞാനീയം അവരോഹണ (descending christology)  ക്രിസ്തുവിജ്ഞാനീയമായിരുന്നു. ഒരിജന്‍, വി. സിറില്‍ തുടങ്ങിയ മഹാരഥന്മാരായിരുന്നു ഈ ചിന്താധാരയുടെ പ്രണേതാക്കള്‍. ആദിയിലേ ഉണ്ടായിരുന്ന വചനത്തിന് പ്രാധാന്യം നല്കുന്ന സമീപനരീതിയാണിവര്‍ക്കുണ്ടായിരുന്നത്. തന്മൂലം യേശുവിന്‍റെ ദൈവത്വത്തിനാണിവിടെ പ്രാധാന്യം. വിശ്വാസത്തിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ അലക്സാണ്ട്രിയന്‍ സ്കൂള്‍ യേശുക്രിസ്തുവിലെ ഐക്യത്തിനും  (unity) ദൈവത്വത്തിനും അമിതപ്രാധാന്യം നല്കിയപ്പോള്‍ അവിടുത്തെ മനുഷ്യത്വം അവഗണിക്കപ്പെട്ടു.

അന്ത്യോക്യന്‍ ചിന്താധാരളാകട്ടെ യേശുവിന്‍റെ മനുഷ്യത്വത്തിനും ഇരുസ്വഭാവങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ഒന്നായിരുന്നു. മൊപ്സുസ്ത്യായിലെ തെയഡോര്‍, നെസ്തോരിയസ് തുടങ്ങിയവരായിരുന്നു ഈ പഠനകേന്ദ്രത്തിലെ പ്രമുഖര്‍. അലക്സാണ്ട്രിയന്‍ സ്കൂളിന് വിരുദ്ധമായി ആരോഹണ ക്രിസ്തുവിജ്ഞാനീയ (Ascending christology) ത്തിനായിരുന്നു ഇവര്‍ രൂപം നല്കിയത്. ചരിത്രത്തിനും മനുഷ്യബുദ്ധിക്കും ഊന്നല്‍ നല്കുന്ന ദൈവശാസ്ത്ര വിശകലനരീതിയാണ് ഇവിടെ നാം ദര്‍ശിക്കുന്നത്. എന്നാല്‍ രണ്ടു സ്വഭാവങ്ങളും ഏകവ്യക്തിയില്‍ എങ്ങിനെ ഐക്യപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാക്കുന്നതില്‍ ഇക്കൂട്ടരും വിജയിച്ചില്ല.

വ്യത്യസ്തമായ ചിന്താധാരകള്‍ പുലര്‍ത്തിയിരുന്ന ഈ ദൈവശാസ്ത്ര കേന്ദ്രങ്ങളെ ആധാരമാക്കിയാണ് വിവധ സിദ്ധാന്തങ്ങള്‍ രൂപംകൊണ്ടത്. ഇതില്‍ പ്രഥമഗണനീയം നെസ്തോറിയന്‍ പാഷണ്ഡതയാണ്.

യേശുക്രിസ്തുവിലെ ദൈവ-മനുഷ്യ ഐക്യം നിഷേധിച്ച് യേശുവില്‍ രണ്ടു വ്യക്തിത്വങ്ങളുണ്ടായിരുന്നു എന്നു പഠിപ്പിക്കുന്ന ഒരു അബദ്ധസിദ്ധാന്തമാണ് നെസ്തോറിയന്‍ പാഷണ്ഡത.   രണ്ടു സ്വഭാവങ്ങളുടെ പ്രത്യേകതകളും പ്രാധാന്യവും വ്യക്തമാക്കിവന്നപ്പോള്‍ അവ രണ്ടു വ്യക്തിത്വങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു എന്നതാണ് സത്യം. "മറിയം ദൈവമാതാവല്ല" (Theothokos) എന്ന നെസ്തോറിയസിന്‍റെ വാദത്തെ ക്രിസ്തുശാസ്ത്രസംബന്ധിയായ ഒരു അബദ്ധസിദ്ധാന്തമായിട്ടാണ് അലക്സാണ്ട്രിയന്‍  സ്കൂള്‍ പരിഗണിച്ചത്. ദൈവം എന്ന സംജ്ഞ പിതാവായ ദൈവത്തെ കുറിക്കുന്നതാണെന്നും ദൈവത്തിന്‍റെ അമ്മ എന്ന് മറിയത്തെ അഭിസംബോധന ചെയ്യുമ്പോള്‍ പിതാവായ ദൈവത്തിന്‍റെ അമ്മ എന്നാണ് ധ്വനിയെന്നും നെസ്തോറിയസ് കരുതി. തന്മൂലം "ക്രിസ്തുവിന്‍റെ അമ്മ" എന്നതാണ് മറിയത്തിന്  അനുയോജ്യമായ അഭിധാനം എന്ന് നെസ്തോറിയസ് വാദിച്ചു. എന്നാല്‍ അലക്സാണ്ട്രിയന്‍ ചിന്തകരുടെ ദൃഷ്ടിയില്‍ ഇത് പാഷണ്ഡതയായി. മറിയത്തിന്‍റെ ദൈവമാതൃത്വം നിഷേധിക്കുന്നതിലൂടെ യേശുവില്‍ രണ്ടു വ്യക്തിത്വങ്ങളുണ്ടെന്നും അതില്‍ മനുഷ്യത്വത്തിന്‍റെ മാത്രം മാതാവാണ് മറിയം എന്നും സ്ഥാപിക്കാനാണ് നെസ്തോറിയസ് ശ്രമിക്കുന്നതെന്ന് അവര്‍ വാദിച്ചു. വേദപുസ്തകംതന്നെ മറിയത്തെ ദൈവമാതാവെന്ന അഭിസംബോധന ചെയ്യുന്നത്  അവര്‍ ചൂണ്ടിക്കാട്ടി (ലൂക്കാ 1:43). അത്തനേഷ്യസ്, ഗ്രിഗറി നസ്യാന്‍സന്‍ തുടങ്ങിയ സഭാപിതാക്കന്മാരും മറിയത്തെ ദൈവമാതാവെന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. കൂടാതെ മൂന്നാം നൂറ്റാണ്ടിലുള്ള പ്രാര്‍ത്ഥനകളില്‍ മറിയത്തെ ദൈവമാതാവെന്ന്   പലപ്പോഴും അഭിസംബോധന ചെയ്തിരുന്നു. ഈ തെളിവുകളുടെ പിന്‍ബലത്തോടെയാണ് അലക്സാണ്ട്രിയന്‍ ചിന്തകര്‍ നെസ്തോറിയസിനെഎതിര്‍ത്തത്.

ക്രിസ്തുവിന്‍റെ അമ്മ എന്ന് മറിയത്തെ ആദ്യം വിളിച്ചെങ്കിലും തര്‍ക്കം മൂത്തപ്പോള്‍  ദൈവത്തിന്‍റെ അമ്മ എന്ന അഭിധാനം അംഗീകരിക്കാന്‍ നെസ്തോറിയസ് തയ്യാറായി. എന്നാല്‍ അത് വൈകിയുദിച്ച വിവേകമായിപ്പോയി. രണ്ടു സ്വഭാവങ്ങള്‍ യേശുവിലുണ്ട് എന്ന വാദത്തിലൂടെ പരമ്പരാഗത ദൈവശാസ്ത്രത്തിലെ ഏകാശയസംവാദനവാദത്തെ (communicatia-idiomatism) യാണ് നെസ്തോറിയസ് അപകടത്തിലാക്കിയതത്രേ. (ഒരു വ്യക്തിയില്‍ രണ്ടു സ്വഭാവങ്ങളും ഉള്ളതിനാല്‍ മനുഷ്യസ്വഭാവത്തില്‍ ചെയ്ത കാര്യങ്ങള്‍ ദൈവികവ്യക്തി ചെയ്തു എന്നു പറയുന്നതില്‍ തെറ്റില്ല എന്നതാണ് ആ തത്വത്തിന്‍റെ അന്തസത്ത). രണ്ടു സ്വഭാവങ്ങളെ രണ്ടു വ്യക്തികളായാണ് നെസ്തോറിയസ് പരിഗണിച്ചതെന്ന് അലക്സാണ്ട്രിയന്‍ ചിന്തകരില്‍ പ്രമുഖനായ സിറിലും കൂട്ടരും വാദിച്ചു.

നെസ്തോറിയസിന്‍റെ അബദ്ധസിദ്ധാന്തം തിരുത്തുവാനായിട്ടാണ് A.D 431-ല്‍ കൂടിയ എഫേസൂസ് സൂനഹദോസ് ശ്രമിച്ചത്. അലക്സാണ്ട്രിയായിലെ സിറിലിന്‍റെ അധ്യക്ഷതയില്‍ക്കൂടിയ സൂനഹദോസിന്‍റെ പഠനങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം: "നിത്യതയില്‍ പിതാവില്‍നിന്ന് ജനിച്ചവന്‍" തന്നെയാണ് സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ കന്യകാമറിയത്തില്‍നിന്ന് ശരീരമെടുത്ത് മനുഷ്യനായി പിറന്നത്. തന്മൂലം മറിയം നിശ്ചയമായും ദൈവത്തിന്‍റെ അമ്മയാണ്.

പരസ്പരമുള്ള പുറത്താക്കലിലൂടെ സിറിലിന്‍റെ പക്ഷക്കാരും നെസ്തോറിയസിന്‍റെ പക്ഷക്കാരും  തമ്മില്‍ അകന്നു. ഈ പശ്ചാത്തലത്തിലാണ് അന്ത്യോക്യായിലെ ജോണ്‍ "ഐക്യത്തിന്‍റെ പ്രതീകം" (symbol of union) എന്ന ഒത്തുതീര്‍പ്പു പ്രമാണം മുന്നോട്ടുവച്ചത്. രണ്ടു ചിന്താധാരകളെയും സമന്വയിപ്പിക്കുന്ന ഈ പ്രമാണത്തില്‍ യേശുവില്‍ രണ്ടു സ്വഭാവങ്ങളുണ്ടെന്നും എന്നാല്‍ ഒരു വ്യക്തി (person) മാത്രമേയുള്ളുവെന്നുമാണ് പഠിപ്പിക്കുന്നത്.

പദപ്രയോഗങ്ങളിലെ അവ്യക്തതയാണ് ഒരു പരിധിവരെ അബദ്ധസിദ്ധാന്തങ്ങള്‍ക്ക് വഴിമരുന്നിട്ടത്. അധികാരത്തര്‍ക്കങ്ങള്‍ അവയെ ഊതിവീര്‍പ്പിച്ചു. നെസ്തോറിയസ് യഥാര്‍ത്ഥത്തില്‍  നെസ്തോറിയന്‍ പാഷണ്ഡത പഠിച്ചിരുന്നില്ല എന്നു കരുതുന്നവര്‍ ധാരാളമുണ്ട്. അദ്ദേഹത്തെ തെറ്റായി വ്യാഖ്യാനിച്ചതിന്‍റെ ഫലമായി പാഷണ്ഡത അദ്ദേഹത്തിന്‍റെമേല്‍ ആരോപിക്കപ്പെട്ടതാണ്  എന്നാണിക്കൂട്ടരുടെ വാദം. രാഷ്ട്രീയകാരണങ്ങളും ഈ തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സഹായിച്ചിട്ടുണ്ട് എന്നതും സത്യമാണ്.

വാസ്തവം എന്തുതന്നെയായിരുന്നാലും ക്രിസ്തുവിജ്ഞാനീയത്തിലെ വ്യക്തവും നിയതവുമായ നിര്‍വ്വചനങ്ങളുടെ രൂപീകരണത്തിന് ഈ തര്‍ക്കങ്ങള്‍ കാരണമായി. ഇത് പാഷണ്ഡതകളുടെ ക്രിയാത്മകമായ പ്രയോജനമാണ്.

 ഏകസ്വഭാവവാദം (Monoohysitism)

എവുത്തിക്കോസ് എന്ന വൈദികന്‍ ക്രിസ്തുവില്‍ സ്വഭാവങ്ങളുടെ ഐക്യം ഉണ്ടായിരുന്നു എന്ന ധാരണ പ്രചരിപ്പിച്ചു. മനുഷ്യാവതാരത്തിനുശേഷം ക്രിസ്തുവിന് ഏകസ്വഭാവമേ ഉണ്ടായിരുന്നുള്ളു എന്നതാണ്  ഈ വാദത്തിന്‍റെ അന്തസത്ത. മനുഷ്യര്‍ക്കു സദൃശ്യമായ മനുഷ്യസ്വഭാവം യേശുവില്‍ നിഷേധിച്ച എവുത്തിക്കോസ് സഭയില്‍നിന്നും പുറത്താക്കപ്പെട്ടു. എവുത്തിക്കോസ് മാര്‍പാപ്പയെ സമീപിച്ചെങ്കിലും അദ്ദേഹത്തിനു ലഭിച്ച ശിക്ഷയെ മാര്‍പാപ്പ ശരിവയ്ക്കുകയാണുണ്ടായത്. എന്നാല്‍ തെയോഡേഷ്യസ് ചക്രവര്‍ത്തിയുടെ സംരക്ഷണയില്‍ അലക്സാണ്ട്രിയായിലെ എഫേസൂസില്‍ ചേര്‍ന്ന സൂനഹദോസ് എവുത്തിക്കൂസിനെ സഭയിലേക്ക് തിരിച്ചെടുത്തു. ഈ സൂനഹദോസിനെ "വ്യാജസിനഡ്" എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. തര്‍ക്കം അന്തമില്ലാതെ നീളുന്നതുകണ്ടപ്പോള്‍ പുതുതായി സ്ഥാനമേറ്റ മാര്‍സിയോണ്‍ ചക്രവര്‍ത്തി 451-ല്‍ കാല്‍സിഡോണിയായില്‍ ഒരു സൂനഹദോസ് വിളിച്ചുചേര്‍ത്തു.

കാല്‍സിഡോണ്‍ സൂനഹദോസ്

ക്രിസ്തുവിജ്ഞാനീയ ചരിത്രത്തിലെ സുപ്രധാനമായൊരു നാഴികക്കല്ലാണ് 451-ല്‍ നടന്ന ഈ സൂനഹദോസ്. അന്നുവരെയുണ്ടായിരുന്ന എല്ലാ തര്‍ക്കങ്ങള്‍ക്കും സമാപ്തികുറിച്ചുകൊണ്ട് കാല്‍സിഡോണ്‍ സൂനഹദോസ് അസന്നിഗ്ദമായി പഠിപ്പിച്ചു: "യേശുവില്‍ രണ്ട് സ്വഭാവങ്ങളുണ്ട്. എന്നാല്‍ ഒരു വ്യക്തി മാത്രമേയുള്ളൂ. ക്രിസ്തു യഥാര്‍ത്ഥ ദൈവവും  യഥാര്‍ത്ഥ മനുഷ്യനുമാണ്. തന്‍റെ പിതാവുമായും മാനുഷികതയുമായും  സത്താപരമായി ഐക്യപ്പെട്ടവനാണവിടുന്ന്. മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിന് മനുഷ്യശരീരവും ബൗദ്ധികാത്മാവും ഉണ്ടായിരുന്നു. ദൈവമാതാവായ കന്യകാമറിയത്തില്‍നിന്നാണ് അവന്‍ മനുഷ്യശരീരമെടുത്തത്."

മനുഷ്യാവതാരത്തിലൂടെ രണ്ടു സ്വഭാവങ്ങളും അലിഞ്ഞില്ലാതാകുന്നില്ല എന്ന് കൗണ്‍സില്‍ അടിവരയിട്ട് പഠിപ്പിച്ചു. ഇത് കൂടുതല്‍ വ്യക്തമാക്കാനാണ് "രണ്ടു സ്വഭാവത്തില്‍നിന്ന്" (ek = from) എന്നതിനു പകരം "രണ്ടു സ്വഭാവത്തില്‍" (en = in) എന്ന് കാല്‍സിഡോണ്‍ വിശ്വാസപ്രമാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. "രണ്ടു സ്വഭാവത്തില്‍നിന്ന്" (ek) എന്നു പറയുമ്പോള്‍ മനുഷ്യാവതാരത്തിനുശേഷം ഒരുസ്വഭാവമായി ചുരുങ്ങി എന്ന് വ്യാഖ്യാനിക്കപ്പെടാനിടയുള്ളതുകൊണ്ടാണിത്. "രണ്ടുസ്വഭാവത്തില്‍" (en) എന്നുപയോഗിച്ചതിലൂടെ രണ്ടുസ്വഭാവങ്ങളും മനുഷ്യാവതാരത്തിനു ശേഷവും  മങ്ങലേല്ക്കാതെ യേശുവില്‍ നിലനിന്നിരുന്നു എന്ന് കൗണ്‍സില്‍ പഠിപ്പിക്കുന്നു.

യേശുവിന്‍റെ വ്യക്തിത്വരഹസ്യത്തെ വ്യക്തമാക്കാന്‍ "സത്താപരമായ ഐക്യം" (Hypostatic union) എന്ന പദമാണ് കൗണ്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടുസ്വഭാവങ്ങള്‍ ഒരുമിച്ച് ഒരേസമയം ഒരു വ്യക്തിയില്‍ നിലകൊള്ളുന്നു എന്ന രഹസ്യമാണ് ഈ പദത്തിലൂടെ വിവക്ഷിക്കപ്പെടുന്നത്.

ഏകചിത്തവാദം (Monothelitism)

കാല്‍സിഡോണിയന്‍ സൂനഹദോസിനുശേഷം ക്രിസ്തുവിജ്ഞാനീയത്തിലെ അബദ്ധസിദ്ധാന്തങ്ങള്‍ പലതും അവസാനിച്ചെങ്കിലും ഏകസ്വഭാവവാദത്തിന്‍റെ  ചുവടുപിടിച്ചു വളര്‍ന്നുവന്ന ഒരു സിദ്ധാന്തമാണ് ഏകചിത്തവാദം. ക്രിസ്തുവില്‍ ദൈവികമനസ്സ് മാത്രമേയുള്ളൂ എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.

ഏകസ്വഭാവവാദം അംഗീകരിക്കുന്നവരും കാല്‍സിഡോണ്‍ കൗണ്‍സിലിന്‍റെ ദ്വിസ്വഭാവവാദം സ്വീകരിച്ചവരും തമ്മിലുള്ള പൊരുത്തക്കേടുകള്‍ അവസാനിക്കാന്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രയാര്‍ക്കീസായിരുന്ന സെര്‍ജിയൂസ് ഒരു പുതിയ സിദ്ധാന്തം മുന്നോട്ടുവച്ചു: ക്രിസ്തുവില്‍ രണ്ടുസ്വഭാവങ്ങളും ഏകശക്തിയു (energy) മാണ് നിലവിലുണ്ടായിരുന്നത്. ഇക്കാര്യത്തില്‍ സെര്‍ജിയൂസും ഹൊണോറിയൂസ് മാര്‍പാപ്പയുംതമ്മില്‍ നടത്തിയ കത്തിടപാടുകള്‍ ഇന്നും വിവാദവിഷയമാണ്. ഈ കത്തുകളില്‍ ക്രിസ്തുവിന് ഏകമനസ്സാണ് ഉണ്ടായിരുന്നതെന്ന് മാര്‍പാപ്പ പഠിപ്പിച്ചതായി പലരും ആരോപിക്കുന്നുണ്ട്; എന്നാല്‍ ദൈവസ്വഭാവവും മനുഷ്യസ്വഭാവവുംതമ്മില്‍ പൂര്‍ണ്ണമായ ഐക്യം ഉണ്ടായിരുന്നു എന്നാണ് മാര്‍പാപ്പ ഉദ്ദേശിച്ചിരുന്നതത്രേ. ഏതായാലും ക്രിസ്തുവിന്‍റെ സ്വഭാവങ്ങളുടെ വിവിധ കഴിവുകളെ സംബന്ധിച്ചുള്ള ഈ തര്‍ക്കം അവസാനിക്കുന്നത് 680-ല്‍ കൂടിയ മൂന്നാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസിലാണ്.

ക്രിസ്തുവില്‍ രണ്ടു മനസ്സുകളുണ്ടെന്ന് കൗണ്‍സില്‍ അസന്നിഗ്ദമായി പഠിപ്പിച്ചു. "അന്യോന്യം പൂര്‍ണ്ണമായി ഐക്യപ്പെട്ടിരുന്ന ദൈവമനസ്സിന്‍റെയും ഉടമയായിരുന്നു യേശു. രണ്ടുമനസ്സുകള്‍ മാത്രമല്ല യേശുവിന്‍റെ രണ്ടു ശക്തികള്‍ (two energies) അഥവാ രണ്ടു പ്രവര്‍ത്തന ചൈതന്യങ്ങളും (natural operation) ഉണ്ടായിരുന്നു. ഈ ശക്തികള്‍ പരസ്പരപൂരകങ്ങളായിരുന്നെങ്കിലും ഒന്നായിരുന്നില്ല. യേശുവിന് മനുഷ്യമനസ്സില്ലെങ്കില്‍ അവിടുത്തേയ്ക്ക് മനുഷ്യനോട് താദാത്മ്യപ്പെടാനാവില്ല. മാത്രമല്ല, നമുക്കുവേണ്ടി തന്‍റെ രക്ഷാകരദൗത്യം നിറവേറ്റുവാന്‍ യേശുവിന് മനുഷ്യമനസ്സ് അനിവാര്യവുമാണ്.

 കാല്‍സിഡോണ്‍ ക്രിസ്തുവിജ്ഞാനീയം ഒരു ഭാഷ്യം

യേശു ഏക കര്‍ത്താവും (subject) ഏക വ്യക്തിയുമാണെന്നാണ് കാല്‍സിഡോണ്‍ കൗണ്‍സില്‍ പഠിപ്പിച്ചത്. ദൈവമനുഷ്യസ്വഭാവങ്ങളുടെ ഐക്യം സൂചിപ്പിക്കുന്ന ഈ പ്രസ്താവന പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തിനു സമാനമാണ് (മത്താ 16:16).

ദൈവമനുഷ്യ സ്വഭാവങ്ങള്‍ യേശുവില്‍ ഐക്യപ്പെട്ടിരിക്കുന്നു എന്ന് അക്ഷരാര്‍ത്ഥത്തില്‍ വ്യക്തമാക്കുന്ന പരാമര്‍ശങ്ങളൊന്നും വി. ഗ്രന്ഥത്തിലില്ല. എന്നാല്‍, ചില വാചകങ്ങളില്‍ ഇതിന്‍റെ അനുരണനങ്ങള്‍ കാണാം. യോഹ 1:1 -ല്‍   വചനം മാംസമായി എന്ന് പ്രഖ്യാപിക്കുമ്പോള്‍ വചനത്തിന്‍റെ ദൈവസ്വഭാവം ഉപേക്ഷിച്ചു എന്നല്ല ദൈവസ്വഭാവവും മനുഷ്യസ്വഭാവവും വചനത്തില്‍ ഐക്യപ്പെട്ടു എന്നാണ് സുവിശേഷകന്‍ അര്‍ത്ഥമാക്കിയത്. യോഹ 3:19-ല്‍ നിക്കോദേമൂസുമായുള്ള സംഭാഷണത്തിലും ഇതു വ്യക്തമാണ്. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്നവനല്ലാതെ ആരും സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തിട്ടില്ലെന്ന് യേശു പറയുന്നു. സ്വര്‍ഗ്ഗത്തിലേക്കു കയറുന്നവന്‍ സ്വര്‍ഗ്ഗത്തിലേക്കിറങ്ങുന്നവനാണെന്നും അവന്‍ സ്വര്‍ഗ്ഗത്തിലുള്ളവനായിരുന്നെന്നുമാണ് യേശു അര്‍ത്ഥമാക്കിയത്.

യോഹ 17:5-ല്‍ "ലോകസൃഷ്ടിക്കുമുന്‍പ് എനിക്ക് അവിടുത്തോടുകൂടിയുണ്ടായിരുന്ന മഹത്വത്തില്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണേ" എന്ന് യേശു പ്രാര്‍ത്ഥിക്കുന്നു. എനിക്ക് അവിടുത്തോടുകൂടിയുണ്ടായിരുന്ന മഹത്വം എന്നുപറയുമ്പോള്‍ യേശുവിന്‍റെ ദൈവികസ്വഭാവത്തെയും  എന്നെ മഹത്വപ്പെടുത്തണം എന്നു പറയുമ്പോള്‍  അവിടുത്തെ മനുഷ്യസ്വഭാവത്തെയുമാണ് വിവക്ഷിക്കുന്നത്. ഫിലി 2:6-11-ലെ ക്രിസ്തുഗീതവും ഇതേ ആശയമാണ് പ്രതിഫലിപ്പിക്കുന്നത്.

സഭാപിതാക്കന്മാരും ഈ രീതിയില്‍ ചിന്തിച്ചവരായിരുന്നു. തെര്‍ത്തുല്യന്‍ (+ 223) പറയുന്നു: പരസ്പരം ഐക്യപ്പെട്ടിരിക്കുന്ന ദൈവമനുഷ്യപ്രകൃതികളാണ് യേശുവെന്ന ഒറ്റവ്യക്തിയില്‍ നാം കാണുന്നത് (Adversus, PL, 2,215). ഗ്രിഗറിനസ്യാന്‍സന്‍റെ അഭിപ്രായവും വ്യത്യസ്തമല്ല. "യേശുവില്‍ ദൈവമനുഷ്യപ്രകൃതികളുണ്ടായിരുന്നു. എന്നാല്‍ അവ രണ്ടു പുത്രന്മാരോ രണ്ടു ദൈവങ്ങളോ ആയിരുന്നില്ല. രക്ഷകനില്‍ രണ്ടു വ്യത്യസ്ത സംഗതികള്‍ ഉണ്ടായിരുന്നെങ്കിലും അവ രണ്ടു വ്യക്തികളായിരുന്നില്ല" (Epistolae 101 adcledonium I,3, PG 36,285). വി. അഗസ്റ്റീനോസിന്‍റെ പരാമര്‍ശവും ശ്രദ്ധേയമാണ്. "ദൈവമായിരുന്നവന്‍തന്നെയാണ് മനുഷ്യനായത്. മനുഷ്യനായവന്‍തന്നെയാണ് ദൈവമായത്. ദൈവമനുഷ്യപ്രകൃതികള്‍ തമ്മില്‍ യാതൊരു വൈരുദ്ധ്യവും അവനില്‍ ഇല്ലായിരുന്നു. മറിച്ച് വ്യക്തിത്വത്തിന്‍റെ (Personhood) ഐക്യമാണുണ്ടായിരുന്നത്"(Sermon 186,1,1, PL 38,999).

 മൊണാര്‍ക്കിയനിസം (Monarchianism)

ദൈവത്തിന്‍റെ ഏകത്വവും അതേസമയം ക്രിസ്തുവിന്‍റെ ദൈവത്വവും വിശദീകരിക്കാന്‍ ശ്രമിക്കുന്ന ഒരു സിദ്ധാന്തമാണിത്. ഏ.ഡി.  മൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സബേല്ലിയൂസ് (Sabellius) ഈ സിദ്ധാന്തത്തിന്‍റെ മുഖ്യ പ്രണേതാവായി കരുതപ്പെടുന്നു. ദൈവം ഒരുവനേ ഉള്ളൂ. പിതാവായ ദൈവം തന്നെ പുത്രനായി അവതരിച്ചതാണ് യേശുക്രിസ്തു. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം ദൈവം പരിശുദ്ധാത്മാവായി പ്രത്യക്ഷപ്പെട്ടു, ദൈവം ഒരാള്‍ മാത്രമാണെന്നു വാദിച്ചതിനാല്‍ ഏക വ്യക്തിയുടെ ഭരണം എന്നര്‍ത്ഥമുള്ള മൊണാര്‍ക്കിയനിസം എന്ന പേരില്‍ ഈ സിദ്ധാന്തം അറിയപ്പെടുന്നു.

പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേ ദൈവത്തിന്‍റെ മൂന്നു ഭാവങ്ങള്‍ (Mordes of Existence) ആണെന്നു വാദിച്ചതിനാല്‍ ഈ സിദ്ധാന്തത്തെ ഭാവവാദം (Modalism) എന്നും ഇതിന്‍റെ പ്രണേതാവിന്‍റെ പേരില്‍ സബെല്ലിയനിസം (Sabellianism) എന്നും പിതാവു തന്നെ പീഡസഹിച്ചു മരിച്ചു എന്നു വാദിക്കുന്നതിനാല്‍ പിതൃസഹനവാദം (Patripassianism) എന്നും വിളിക്കാറുണ്ട്. "സബെല്ലിയൂസ് പിതാവിനെ കുരിശിലേറ്റി; പരിശുദ്ധാത്മാവിനെ പറപ്പിച്ചുവിട്ടു" എന്ന തെര്‍ത്തുല്ല്യന്‍റെ പരിഹാസം ഈ സിദ്ധാന്തത്തിന്‍റെ അര്‍ത്ഥശൂന്യത വ്യക്തമാക്കുന്നതാണ്.

 ഒരിജനിസം (origenism)

എ.ഡി. 185-ാം ആണ്ട് അലക്സാണ്‍ഡ്രിയായില്‍ ജനിച്ച് ക്രിസ്ത്യന്‍ വിശ്വാസം മുറുകെപ്പിടിച്ചു എന്നതിന്‍റെ പേരില്‍ ഡേഷ്യസ് ചക്രവര്‍ത്തിയില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന പാടുപീഡകളുടെ ഫലമായി 254-ല്‍ സെസേറിയായില്‍വെച്ചു മരിച്ച ഒരിജന്‍ ക്രൈസ്തവസഭ കണ്ടിട്ടുള്ള അത്യുന്നത ദൈവശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരുന്നു. നിരവധി ദൈവശാസ്ത്രക്യതികള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. പണ്ഡിതനും വിനീതനും ആത്മാര്‍ത്ഥതയുള്ളവനും പുണ്യാത്മാവുമായിരുന്ന ഒരിജന്‍റെ കൃതികളില്‍ പാഷണ്ഡതയുടെ സ്വഭാവമുള്ള ചില പരമാര്‍ശങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. സത്യത്തില്‍ അദ്ദേഹത്തിന് അത്തരം പാഷണ്ഡ ആശയങ്ങള്‍ ഉണ്ടായിരുന്നുവോ അതോ അദ്ദേഹത്തിന് അത്തരം ആശയങ്ങള്‍ ഉള്ളതായി വിചാരിച്ച് മറ്റുള്ളവര്‍ എഴുതിയതാണോ എന്നതിനെക്കുറിച്ചും സംശയമുണ്ട്.ഏതായാലും നെസ്തോറിയനിസത്തെ ശപിക്കാന്‍ 553-ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ കൂടിയ കൗണ്‍സില്‍ (അഞ്ചാമത്തെ എക്യുമനിക്കല്‍ കൗണ്‍സില്‍) ഈ ഒരിജനിസ്റ്റ് പാഷണ്ഡതകളേയും പതിനഞ്ച് "അനാത്ത്മ"കളോടുകൂടി ശപിച്ചു. വിജീലിയൂസ് പാപ്പ അത് സ്ഥിരീകരിക്കുകയും ചെയ്തു. 548ലെ പ്രാദേശിക കൗണ്‍സിലില്‍ ഒരിജന്‍റെ പ്രസ്തുത സിദ്ധാന്തങ്ങളെ അതിനുമുമ്പുതന്നെ ശപിച്ചിട്ടുണ്ടായിരുന്നു.സഭയ്ക്ക് അസ്വീകാരമായ, ഒരിജന്‍റെ പഠനങ്ങള്‍ താഴെപ്പറയുന്നവയാണ്.

  1. ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മം അനന്തമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പുതിയ ലോകങ്ങള്‍ ഒന്നിനു പിറകെ ഒന്നായി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
  2. മനുഷ്യന്‍റെ ആത്മാവ് നേരത്തെതന്നെ ഉള്ളതാണ്. ആ അവസ്ഥിയില്‍ തെറ്റുചെയ്തതുകൊണ്ട് ശരീരത്തോടെ, ഭൂമിയില്‍ ജനിക്കാന്‍ വിധിക്കപ്പെട്ടതാണ്.
  3. മാലാഖമാര്‍ക്ക് നല്ല സ്ഫടികം പോലെ സുതാര്യമായ ശരീരമുണ്ട്.
  4. നരകം നിത്യമല്ല: പിശാചുക്കളുള്‍പ്പെടെ നരകത്തിലുള്ളവരെല്ലാവരും ഒരിക്കല്‍ മോചിപ്പിക്കപ്പെട്ടു പുനരധിവസിപ്പിക്കപ്പെടും.
  5. മരണശേഷം ശരീരത്തിന്‍റെ ഉയിര്‍ത്തെഴുനേല്പ് ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഉണ്ടാവില്ല.
  6. മാംസംധരിച്ച വചനം പിതാവിന് കീഴ്പ്പെട്ടവനാണ്.
  7. അതുപോലെതന്നെ പരി.അരൂപി വചനത്തിന് കീഴ്പ്പെട്ടവനും.

മേല്പറഞ്ഞവകൂടാതെ അദ്ദേഹം വി.ഗ്രന്ഥത്തെ വ്യാഖ്യാനിച്ച രൂപകശൈലിയും വിമര്‍ശനവിധേയമായിട്ടുണ്ട്. ഒരിജന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ മേല്‍പറഞ്ഞ പഠനങ്ങള്‍ സഭയില്‍ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായി.ഇന്നും അവയിലെ ചില ആശയങ്ങളെങ്കിലും പഠിപ്പിക്കുന്ന ആധുനിക സെക്റ്റുകളുണ്ട്. ഏതായാലും മേല്‍പറഞ്ഞ സംഗതികള്‍ എല്ലാംതന്നെ ഒരിജന്‍ പഠിപ്പിച്ചിട്ടില്ല എന്ന അഭിപ്രായമാണ് ഇന്ന് ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയിലുള്ളത്.

 എബിയൊണൈറ്റ് (EBIONITE) പാഷണ്ഡത

"എബിയൊണൈറ്റ്" എന്ന ഹീബ്രു പദത്തിന്‍റെ അര്‍ത്ഥം പാവപ്പെട്ടവര്‍ എന്നാണ്. അപ്പസ്തോലന്മാരുടെ കാലത്തുതന്നെ ഉത്ഭവിച്ച് ശക്തിയാര്‍ജ്ജിച്ച ഈ യഹൂദക്രിസ്ത്യന്‍ സെക്റ്റ് ഈ പേരിലറിയപ്പെടുന്നത് തങ്ങള്‍ പാവപ്പെട്ടവരാണെന്ന് അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നതുകൊണ്ടാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍, ചരിത്രത്തില്‍ വളരെയൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇക്കൂട്ടരുടെതാണെന്നു വിചാരിക്കപ്പെടുന്ന ഒരു അപ്പോക്രിഫല്‍ (APOCRYPHAL) ഗ്രന്ഥമുണ്ട്. കൂടാതെ വി. മത്തായിയുടെ സുവിശേഷഗ്രന്ഥം ഇവര്‍ സ്വീകരിച്ചിരുന്നുവെന്ന് ഒരാദ്യകാല എഴുത്തുകാരനും 'സലാമിസി'ലെ (Salamis) മെത്രാനുമായിരുന്ന വി. എപ്പിഫാനിയുസ് (Epiphanius) (C.315-  403) എഴുതിയിരിക്കുന്നു. മറ്റൊരു ആദ്യകാലഗ്രന്ഥകാരനായ എവുസേബിയൂസ് പറയുന്നത് എബ്രായക്കാരുടെ സുവിശേഷം' അവര്‍ സ്വീകരിച്ചിരുന്നുവെന്നാണ്. യാഥാസ്ഥിതികരായ യഹൂദക്രിസ്ത്യാനികള്‍ എന്ന നിലയ്ക്ക് വി. പൗലോസിന്‍റെ ലേഖനങ്ങള്‍ ഇവര്‍ പാടേ തിരസ്ക്കരിച്ചിരുന്നുവെന്നതുറപ്പാണ്.

എബിയൊണൈറ്റുകള്‍ ക്രിസ്തുവിന്‍റെ ദിവ്യത്വം അംഗീകരിച്ചിരുന്നില്ല. നസ്രായക്കാരനായ ഈശോ യൗസേപ്പിന്‍റെയും മറിയത്തിന്‍റെയും മകനായ ഒരു മനുഷ്യന്‍മാത്രമായിരുന്നുവെന്നും ജോര്‍ദ്ദാനില്‍വെച്ചു മാമോദീസാസ്വീകരിച്ച അവസരത്തില്‍ പരിശുദ്ധാരൂപി ഒരു പ്രാവിന്‍റെ രൂപത്തില്‍ അദ്ദേഹത്തില്‍ ആവസിച്ചെന്നും അതിനെത്തുടര്‍ന്നു 'പ്രബോധിതനാ'യി (Illimined) എന്നതുമാണ്, ഇവരുടെ പ്രധാനപ്പെട്ട രണ്ടു ദൈവശാസ്ത്രപഠനങ്ങളിലൊന്ന്. മോശയുടെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും അക്ഷരംപ്രതി അനുസരിച്ചാല്‍മാത്രമേ രക്ഷയുള്ളൂ എന്നതായിരുന്നു എബിയൊണൈറ്റുകളുടെ രണ്ടാമത്തെ ദൈവശാസ്ത്രപഠനം.

അതികര്‍ക്കശമായ ഒരു ജീവിതശൈലി സ്വീകരിച്ചുകൊണ്ടും, എല്ലാ ലൗകികസുഖസൗകര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ദരിദ്രരായിക്കഴിഞ്ഞിരുന്ന ഈ സെക്റ്റ് അംഗങ്ങള്‍ അപ്പസ്തോലന്മാരുടെ സഭാസമൂഹത്തോടു ബന്ധപ്പെടാതെയാണ് ജീവിച്ചിരുന്നതെന്നതിന് തെളിവുകളുണ്ട്.

എബിയൊണൈറ്റുകള്‍ ശക്തിയാര്‍ജിച്ച അക്കാലത്തുതന്നെ നാസറീന്മാര്‍ (NAZARENES) തുടങ്ങി വേറേയും യഹൂദക്രിസ്ത്യന്‍ പാഷണ്ഡസെക്റ്റുകള്‍ ഉണ്ടായിരുന്നു. അക്കാലത്ത് അപ്പസ്തോലസഭയ്ക്ക് ഭീഷണിയുയര്‍ത്തിയിരുന്ന വിവിധ യഹൂദബാന്ധവ സെക്റ്റുകളെക്കുറിച്ചോ അവ തമ്മില്‍ത്തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ കൂടുതല്‍ അറിയാന്‍മാത്രമുള്ള ചരിത്രരേഖകളില്ല.

Christianity - Through the centuries the church christianity Mar Joseph Pamplany catholic malayalam catholic apologetics christology christological heresies Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message