x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ക്രിസ്തു വിജ്ഞാനീയം ശാസ്ത്രയുഗത്തില്‍

Authored by : Dr. Augustine Pamplany On 28-May-2021

ക്രിസ്തു വിജ്ഞാനീയം ശാസ്ത്രയുഗത്തില്‍


അന്തര്‍പ്രപഞ്ച ക്രിസ്തുത്വം (Intracosmic Christism)

ദൈവത്തിന്‍റെ സൃഷ്ടിയെന്ന നിലയില്‍ ലോകത്തെക്കുറിച്ചുള്ള ക്രൈസ്തവധാരണ യേശുക്രിസ്തുവിലും അവിടുന്നിലൂടെയുമുള്ള രക്ഷയുടെ വെളിപാടിലൂടെ നിര്‍വ്വചിക്കപ്പെടുന്നു. ക്രിസ്തീയകാഴ്ചപ്പാടില്‍ സ്വര്‍ഗ്ഗത്തിന്‍റേയും ഭൂമിയുടേയും സ്രഷ്ടാവ് "യേശുക്രിസ്തുവിന്‍റെ പിതാവാണ്." പുത്രനിലൂടെ പരിശുദ്ധാത്മാവില്‍ പിതാവ് നടത്തുന്ന ഒരു പ്രവൃത്തിയാണ് സൃഷ്ടി. പദാര്‍ത്ഥത്തിന്‍റെയും ലോകത്തിന്‍റെയും കടന്നുപോകലിലൂടെ ഉരുത്തിരിയുന്ന പ്രകൃതിപ്രതിഭാസങ്ങളുടെ രഹസ്യാത്മകആഴങ്ങളില്‍, ദൈവത്തിന്‍റെ ഛായയും സാദൃശ്യവുമായ പുത്രന്‍റെ സൃഷ്ടിപരമായ സാന്നിദ്ധ്യവും ക്രിയാത്മകസ്പര്‍ശനവും നാം തിരിച്ചറിയുന്നു. ദൈവവും ലോകവും തമ്മിലുള്ള പാരസ്പര്യത്തില്‍ പ്രത്യേകമാംവിധത്തില്‍ ഒരു ക്രിസ്തുരഹസ്യവും (Christic mystery) ക്രിസ്തുപ്രക്രിയയുമായിരിക്കണം(Christic process). 


ദിവ്യവത്കരിക്കപ്പെട്ട പ്രപഞ്ചം


ശാസ്ത്രീയലോകവീക്ഷണത്തിന്‍റെ ക്രിസ്തുവിജ്ഞാനീയപരമായ സാധ്യതകളെ തള്ളിക്കളയാതെ മുമ്പ്, അതിന്‍റെ അനിവാര്യഘടകങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ദൈവശാസ്ത്രപരമായ ഒരു ചട്ടക്കൂട് നാം മനസ്സിലാക്കണം. വ്യക്തിഗതഗുണങ്ങളായ സ്നേഹം, സ്വാതന്ത്ര്യം, തമാശ, സൗന്ദര്യം, അസ്വസ്ഥതകള്‍ മുതലായവയ്ക്ക്  ശാസ്ത്രത്തില്‍ സ്ഥാനമില്ലെന്ന് വ്യാപകമായ ഒരു ധാരണയുണ്ട്. സമകാലീനലോകവീക്ഷണത്തില്‍, ഇവയുടെയെല്ലാം പൂര്‍ണ്ണമായ വിശകലനാത്മകത ശാസ്ത്രത്തിലില്ലെങ്കിലും, അത്തരം പ്രതിഭാസങ്ങളുടെ സമഗ്രമായ ആഴങ്ങളും പ്രാപഞ്ചികവേരുകളും അവയെക്കുറിച്ചുള്ള മിഥ്യാധാരണകളെ ഇല്ലാതാക്കും. പ്രാപഞ്ചികമായല്ലാതെ ഉത്ഭവിക്കുന്ന പ്രതിഭാസങ്ങളൊന്നുംതന്നെ ഇല്ലാത്തതിനാല്‍, മാനുഷികതലത്തില്‍ അനുഭവപ്പെടുന്ന വ്യക്തിഗതഗുണങ്ങള്‍ പ്രപഞ്ചത്തിന്‍റെ വിദൂരമായ വ്യക്ത്യധിഷ്ഠിതസ്വഭാവത്തിന് സാക്ഷ്യം നല്കുന്നു. പരിണാമലോകത്തില്‍ പ്രവര്‍ത്തിക്കുന്ന ഭൗതികേതര പ്രവര്‍ത്തനരീതികള്‍ക്ക് പരിണാമത്തിന്‍റെ സങ്കല്പിക്കാനാവാത്ത ഉത്പന്നങ്ങളെ ഉത്പാദിപ്പിക്കാനാകും. ഇത്തരമൊരു ഘടകത്തിന് മാത്രമേ പ്രാപഞ്ചികപ്രക്രിയകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗതഗുണങ്ങളുടെ പൂര്‍ണ്ണതയായ ക്രിസ്തുസംവിധാനത്തിന്‍റെ (Christic mechanism) സാധ്യതകളിലേക്ക് ഒരു ദൂരെക്കാഴ്ചയെങ്കിലും നല്കാന്‍ കഴിയുകയുള്ളു. 
വ്യക്തിത്വത്തിന്‍റെയും വ്യക്തിഗതഗുണങ്ങളുടെയും അടിസ്ഥാനപരമായ ഉത്ഭവസ്ഥാനം പ്രപഞ്ചവും അതിന്‍റെ ഘടനയുമാണ്. പ്രാപഞ്ചികപ്രക്രിയയുടെ അന്തഃസ്ഥിത ഊര്‍ജ്ജ്വസ്വലത (intrinsic dynamism) ആയിരിക്കുന്ന അവസ്ഥയ്ക്ക് പുതിയ മാനങ്ങള്‍ നല്കുകയും, അതിനെ അസ്തിത്വത്തിന്‍റെ പുതിയ തലങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും അറിയപ്പെടാത്ത സാധ്യതകളെ ഏറ്റവും പുതിയ യാഥാര്‍ത്ഥ്യങ്ങളായി മാറ്റുകയും ചെയ്യുന്നു. ഏറ്റവും സങ്കീര്‍ണ്ണമായതിനെയും ഏറ്റവും ലളിതമായതിനെയും കൂട്ടിയോജിപ്പിക്കുകയും വൈരുദ്ധ്യങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന അനേകസാധ്യതകളെ യാഥാര്‍ത്ഥ്യമാക്കാന്‍ ഈ അസാധാരണപ്രതിഭാസത്തിന് അതിസാധാരണഘടകങ്ങള്‍ ഉണ്ടാകണം.  ശാസ്ത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ ഇത്തരം ചക്രവാളങ്ങള്‍ക്ക് മീതെ വെളിച്ചം വീശുന്നു. 


സൂക്ഷ്മവും ബൃഹത്തുമായ തലങ്ങളില്‍ ശാസ്ത്രീയലോകവീക്ഷണത്തെക്കുറിച്ചുള്ള നമ്മുടെ ചര്‍ച്ചകളില്‍, ശാസ്ത്രലോകത്തിന് അന്യമായ ചിലസംജ്ഞകളെ നാം ഉപയോഗിച്ചു. അര്‍ത്ഥവ്യാപ്തികളുള്ള വിശേഷണങ്ങളായ സാകല്യം (holistic), തുറവിയുള്ളത് (open ended), അന്യൂനീകൃതം (non-reductionistic), ആവിര്‍ഭവിക്കുന്നത് (emergent), പരിണമിക്കുന്നത് (evolutionary), ചലനാത്മകം (dynamic), സ്ഥലബന്ധിയല്ലാത്തത് (non-local), ഭൗതികേതരം (transmaterial), അനുസ്യൂതമായത്, സ്വയം ക്രമീകരിക്കുന്നത് (self-organising) , സര്‍വ്വാതിശായിയായത് (self-transending) എന്നിവ പുതിയ കാഴ്പ്പാടിന്‍റെ ആവിഷ്കാരത്തിന് സത്താപരമായി ആവശ്യമുള്ളവയാണ്. സംജ്ഞകളുടെ അപരിചിതത്വവും വൈവിദ്ധ്യവും അതിനടിയിലെ സമസ്യയിലേക്ക് വിരല്‍ചൂണ്ടുന്നു. മറ്റു നിരവധി കാഴ്ചപ്പാടുകളുടെ സാധ്യതകള്‍ സൃഷ്ടിക്കുന്ന പദാര്‍ത്ഥത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടാണ് പുതിയ ലോകവീക്ഷണത്തിന്‍റെ കേന്ദ്രം. "ദൈവവും ദൈവമല്ലാത്തതും തമ്മിലുള്ള വ്യക്തമായ ദ്വന്ദത്തിനല്ലാതെ പദാര്‍ത്ഥവും അരൂപിയും തമ്മിലുള്ള ദ്വന്ദത്തിന് യാതൊരു സാംഗത്യവുമില്ല.... ഒരേ യാഥാര്‍ത്ഥ്യത്തിന്‍റെ വ്യത്യസ്തഭാഗങ്ങളാണ് പദാര്‍ത്ഥവും ആത്മാവും - ആത്മാവ് പദാര്‍ത്തില്‍ നിന്ന് ഉദ്ഭൂതമാവുകയും അതില്‍ അടിസ്ഥാനമിട്ടിരിക്കുകയും ചെയ്യുന്നു."56 "ചീവീടുകളുടെയും സംഗീതക്കുരുവികളുടെയും അത്ഭുതപ്പെടുന്ന മനുഷ്യരുടെയും ദൃശ്യങ്ങള്‍ ഈ മൃതപദാര്‍ത്ഥം ജനിപ്പിക്കുന്നുണ്ടെങ്കില്‍, താന്‍ കൈകാര്യം ചെയ്യുന്ന പദാര്‍ത്ഥം അത്ഭുതകരമായ ചിലതെല്ലാം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ഏതു ഭൗതികവാദിക്കും വ്യക്തമാകും.... പക്ഷേ അത് പിന്നിലുള്ള മഹാമുഖം അണിയുന്ന നിരവധി മുഖംമൂടികളില്‍ ഒന്നുമാത്രം."57


പദാര്‍ത്ഥത്തിന്‍റെ ആന്തരികാവസ്ഥ സത്താപരമായി ചലനാത്മകമാണെങ്കില്‍, അതിന്‍റെ കൂടുതല്‍ സങ്കീര്‍ണ്ണമായവയിലേക്കുള്ള ആയിത്തീരല്‍ അതിന് മറ്റു സാധ്യതകളും തുറന്നുനല്കുന്നു. റാനര്‍ നിരീക്ഷിക്കുന്നതുപോലെ: "ആധുനികപ്രകൃതിശാസ്ത്രങ്ങള്‍ അന്വേഷിക്കുകയും വിവരിക്കുകയും ചെയ്യുന്നതുപോലെ പ്രപഞ്ചത്തിന്‍റെ അറിയപ്പെടുന്ന ചരിത്രത്തെ പരിഗണിക്കുക: അത് പദാര്‍ത്ഥത്തിന്‍റെയും ജീവിതത്തിന്‍റെയും മനുഷ്യന്‍റെയും ഏകചരിത്രമായിട്ടാണ് കാണപ്പെടുക. ഈ ഏകചരിത്രം പ്രകൃതിയിലെ വ്യത്യസ്തതകളെ പുറന്തള്ളുകയല്ല, മറിച്ച് അവയെ ഈ ആശയത്തില്‍ ഉള്‍ക്കൊള്ളിക്കുകയാണ് ചെയ്യുന്നത്. കാരണം ചരിത്രം ഒന്നിന്‍റെ മാത്രം സ്ഥിരമായ നിലനില്പ്പല്ല; മറിച്ച്, പുതിയതും മറ്റൊന്നിന്‍റേതല്ലാത്തതുമായ ചിലതിന്‍റെ ആയിത്തീരലാണ്."58


പരിണാമവിധേയമായ പദാര്‍ത്ഥത്തിന്‍റെ നൂതനോന്മുഖതയുടേയും(newardness) ഉന്നമനോന്മുഖതയുടേയും (upwardness) പരിണിതഫലമായ പ്രപഞ്ചത്തിന്‍റെ അതിഭാസുര (superluminal) സാദ്ധ്യതകള്‍ ബൃഹത്തായ ക്രിസ്തുവിജ്ഞാനീയ രഹസ്യങ്ങളുടെ പ്രകൃതിബദ്ധമായ തലങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. അങ്ങനെ ക്രിസ്തുവിജ്ഞാനീയവിചിന്തനങ്ങള്‍ക്ക് വേണ്ടുന്ന ഒരു പുതിയ ദൈവശാസ്ത്രചട്ടക്കൂട് പ്രകൃതിശാസ്ത്രങ്ങള്‍ നമുക്ക് നല്കുന്നു. ഈ ചട്ടക്കൂടിന് പ്രാപഞ്ചിക-ക്രിസ്തു എന്ന ബൈബിള്‍ ദര്‍ശനത്തെ സാകല്യമായി വികസിപ്പിക്കാനാകും. ക്രിസ്തുവിജ്ഞാനീയ വിചന്തിനങ്ങളില്‍ പ്രാപഞ്ചികക്രിസ്തുവിനെക്കുറിച്ചുള്ള ബൈബിള്‍ബിംബം നമുക്ക് ശാസ്ത്രീയഅറിവിനും വെളിപാടിനും മദ്ധ്യത്തിലുള്ള പാലമായി കരുതാം. 


പ്രാപഞ്ചികക്രിസ്തു


സര്‍വ്വസൃഷ്ടികളുടെയും മനുഷ്യന്‍റെയും അടിത്തറയായി ക്രിസ്തുവിനെ അവതരിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥാശയത്തില്‍ നിന്നാണ് സൃഷ്ടിയെക്കുറിച്ചുള്ള ക്രിസ്തീയത്രിത്വപഠനവും വികസിച്ചിരിക്കുന്നത്. ഇത് വിശുദ്ധ പൗലോസിലാരംഭിക്കുന്ന പുതിയനിയമപ്രവണതയായ ക്രിസ്തു സൃഷ്ടിയിലെ മദ്ധ്യവര്‍ത്തി (mediator in creation) എന്ന കാഴ്ചപ്പാടിനോട് ബന്ധപ്പെട്ടിരിക്കുന്നു. "എങ്കിലും നമുക്ക് ഒരു ദൈവമേയുള്ളു. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്, ഒരു കര്‍ത്താവേ നമക്കുള്ളു. ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്ക്കുന്നത്, ആ യേശുക്രിസ്തു" (1 കൊറി.8:6). 
അവന്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപവുംഎല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്, കാരണം അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു.സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു (കൊളോ.1:15-17).


"എന്തെന്നാല്‍ അവനില്‍ സര്‍വ്വസമ്പൂര്‍ണ്ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്സായി" (കൊളോ.1:19). പണ്ഡിതരുടെ അഭിപ്രായത്തില്‍ പൂര്‍ണ്ണത(pleroma)എന്ന പദം, ബൈബിള്‍ സങ്കല്പമായ ദൈവത്തിന്‍റെ ക്രിയാത്മകസാന്നിദ്ധ്യം നിറഞ്ഞ സര്‍വ്വപ്രപഞ്ചത്തെയും സൂചിപ്പിക്കുന്നു (സങ്കീ.24:1; 50:12; 72:19; ജ്ഞാനം1:7; സഭാ.43:27; ഏശ.6:3; ജറ.23:24). മനുഷ്യാവതാരവും പുനരുത്ഥാനവും ക്രിസ്തുവിനെ സൃഷ്ടപ്രപഞ്ചത്തിന്‍റെ തലവനാക്കുന്നുവെന്ന് പൗലോസ് പഠിപ്പിക്കുന്നു.59 ഹെബ്രായര്‍ക്കുള്ള ലേഖനം 1:3-ല്‍ ഉപയോഗിച്ചിരിക്കുന്ന "ദൈവത്തിന്‍റെ മഹത്ത്വത്തിൻ്റെ തേജസ്സ്" "ദൈവത്തിന്‍റെ സത്തയുടെ മുദ്ര" എന്നീ പ്രയോഗങ്ങള്‍, ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ അനന്തമായ ജ്ഞാനത്തെ സൂചിപ്പിക്കാന്‍ ഇസ്രായേല്‍ജനം ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുള്ളവയാണ് (സുഭാ.8:22-31). യേശുവിനെ ദൈവത്തിന്‍റെ പുത്രനായും അവിടുത്തെ അനന്തമായ ജ്ഞാനത്തെയും പരിഗണിക്കുന്ന ക്രിസ്തുവിജ്ഞാനീയത്തില്‍ (sophia Christology) ക്രിസ്തുവിന്‍റെ മദ്ധ്യവര്‍ത്തിത്ത്വം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. യോഹന്നാന്‍റെ വചനാധിഷ്ഠിത ക്രിസ്തുവിജ്ഞാനീയവും ഇത് പ്രതിബിംബിപ്പിക്കുന്നുണ്ട്:
ആദിയില്‍ വചനമുണ്ടായിരുന്നു;വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു;അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു.സമസ്തവും അവനിലൂടെ ഉണ്ടായിഒന്നും അവനെക്കുടാതെ ഉണ്ടായിട്ടില്ല (യോഹ.1:1-3). 


ദൈവികമായ സൃഷ്ടിയെ പ്രകൃതിപ്രതിഭാസങ്ങളോടോ, സുന്ദരമായ ക്രിസ്തുയാഥാര്‍ത്ഥ്യത്തിന്‍റെ സമ്പന്നതയെ പരിണാമഘടനകളോടോ താരതമ്യപ്പെടുത്താനാവില്ലെങ്കിലും, ദിവ്യവല്‍ക്കരിക്കപ്പെട്ട ആത്മീയപ്രപഞ്ചം വലിയ അര്‍ത്ഥത്തോടും വിശ്വാസ്യതയോടും കൂടെ പ്രാപഞ്ചികമായി നിര്‍വ്വചിക്കപ്പെടുന്ന ക്രിസ്തുയാഥാര്‍ത്ഥ്യത്തിന്‍റെ ഒരു സംഗ്രഹം നല്കുന്നു. ആന്തരികമായി ലോകത്തെ രൂപപ്പെടുത്തുകയും, ബാഹ്യമായി അതിനെ അവതരിപ്പിക്കുകയും, നിത്യമായി ലോകത്തിലും ലോകത്തിലൂടെയും സ്വയം അനാവൃതമാക്കുകയും ചെയ്യുന്ന ഒരു രഹസ്യമാണ് ക്രിസ്തുവിന്‍റെ രഹസ്യം. ഭൗതികലോകത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രിസ്തുവിന് ആദിമവ്യക്തിത്ത്വമാണുള്ളത്. ഘടനകളും പരസ്പരം പ്രവര്‍ത്തിക്കുന്ന തലങ്ങളും രൂപം കൊള്ളുന്ന ഊര്‍ജ്ജങ്ങളും ഉള്ള പ്രപഞ്ചത്തിന്‍റെ രാസ,ജൈവിക,ഭൗതിക സത്തയുടെ രൂപീകരണം നടന്ന ആദിഉദരമാണ് (primordial womb) ക്രിസ്തു. അവബോധത്തിലേക്കും സ്വയാവബോധത്തിലേക്കും വളരുന്ന സര്‍വ്വയാഥാര്‍ത്ഥ്യത്തിന്‍റെയും സത്താപരമായ വ്യക്തിസ്വഭാവത്തെ ക്രിസ്തുതലം ഉയര്‍ത്തിപ്പിടിക്കുന്നു. പ്രാപഞ്ചിക സ്വയാവബോധത്തിന് അതിന്‍റെ ഉത്ഭവത്തിലേക്ക് ഒരു പ്രയാണം നടത്താന്‍ സാധിച്ചാല്‍, എല്ലാ വസ്തുക്കളും രൂപം കൊള്ളാന്‍ കാരണമായ ക്രിസ്തുരഹസ്യത്തിന്‍റെ തീരങ്ങളില്‍ അതെത്തിച്ചേരും. ഈയര്‍ത്ഥത്തില്‍ ശാസ്ത്രീയാന്വേഷണങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള ക്രിസ്തുവിജ്ഞാനീയഭാഷ്യമാണ്. അതുപോലെതന്നെ ക്രിസ്തുവിജ്ഞാനീയവിചിന്തനങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ വ്യഖ്യാനശാസ്ത്രവുമാണ്. 

 

മനുഷ്യാവതാരം - പ്രാപഞ്ചികനൂതനത്വത്തിന്‍റെ മാംസീകരണം വചനം മാംസമായി,നമ്മുടെയിടയില്‍ വസിച്ചു (യോഹ.1:14)

മനുഷ്യാവതാരത്തിന്‍റെ വിശദീകരണാത്മകമല്ലാത്ത രഹസ്യത്തെ യോഹന്നാന്‍റെ ഈ വാക്കുകള്‍ സംഗ്രഹിക്കുന്നു. ദൈവം തന്നെത്തന്നെ മനുഷ്യവംശത്തോട് ഐക്യപ്പെടുത്തുന്ന ഒരു സംഭവമായിട്ടാണ് മനുഷ്യാവതാരം കണക്കാക്കപ്പെടുന്നത്. ആധുനിക ക്രിസ്തുവിജ്ഞാനീയങ്ങള്‍ അതിനെ കൂടുതലും നരവംശശാസ്ത്രപരമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. പുതിയനിയമപാരമ്പര്യങ്ങളും സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രവും അതിനെ പ്രാപഞ്ചികമായൊരര്‍ത്ഥത്തിലും വീക്ഷിക്കുന്നു. മോള്‍ട്ട്മാന്‍ അഭിപ്രായപ്പെടുന്നു: "ലൂക്ക 2:9-15-ല്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും രക്ഷകന്‍റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷം പ്രഘോഷിക്കാന്‍ ദൈവമഹത്ത്വത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടുന്നതും വെറുതെ ക്രിസ്തുമസ് കഥയ്ക്കുള്ള ഒരനുബന്ധമല്ല. വെറുതെ ഒരു കാവ്യഭാവനയുമല്ല. മാലാഖമാര്‍ പറയുന്നതെല്ലാം പുല്‍ക്കൂട്ടിലെ ദിവ്യശിശുവിനെക്കുറിച്ചാണെന്നത് സത്യമാണ്. പക്ഷേ, അവിടുത്തെ ജനനത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രാപഞ്ചികപ്രതിഭാസങ്ങളെ നാം അവഗണിച്ചുകൂടാ. 60"എച്ച്. ബെര്‍ക്കോഫും ഇതേവാദം തന്നെ നടത്തുന്നു: "ക്രിസ്തുവിന്‍റെ അവസാനരഹസ്യങ്ങള്‍ ഗൗരവമായെടുക്കുന്നത്, അവിടുന്ന് സൃഷ്ടിയുടെ ആത്യന്തികമായ രഹസ്യമാണെന്ന് സമ്മതിക്കുന്നു... ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോള്‍ (ഇറ്ങ്ങിവരുന്ന ക്രിസ്തുവിജ്ഞാനീയവും പ്രാപഞ്ചികക്രിസ്തുവിജ്ഞാനീയവും തമ്മില്‍) തീരുമാനം രണ്ടാമത്തേതിന് അനുകൂലമാകേണ്ടതുണ്ട്. കാരണം, ആദ്യത്തേതിന് വിശുദ്ധഗ്രന്ഥത്തില്‍ യേശുക്രിസ്തുവിനെ സൃഷ്ടിയുടെ മദ്ധ്യവര്‍ത്തിയായി വിവരിക്കുന്ന മൂന്ന് ഭാഗങ്ങള്‍ക്ക് വിശദീകരണം നല്കാനാവില്ല. 61"


പ്രകൃതിശാസ്ത്രങ്ങളുടെ പ്രാപഞ്ചികാനുഭവങ്ങളാല്‍ നേരിട്ടല്ലാതെ സ്വാധീനിക്കപ്പെടുന്ന പ്രകൃതിയുടെ "ദിവ്യവത്കരണ"വും അതിന്‍റെ പരിണിതവിചിന്തനങ്ങളും പ്രപഞ്ചത്തെ ക്രിസ്തുവത്കൃതമായി (Christomos)  കാണാന്‍ നമ്മെ പ്രാപ്തരാക്കുന്നു. അത്തരമൊരു ദൈവശാസ്ത്രവീക്ഷണത്തില്‍, അന്തര്‍പ്രപഞ്ച ക്രിസ്തുത്വത്തിന്‍റെ വ്യക്തിപരമായ ചുരുളഴിയലായി നമുക്ക് മനുഷ്യാവതാരത്തെ കാണാനാകും. പ്രപഞ്ചത്തിന്‍റെ അപങ്കിലമായ ഉദരത്തിലെ ഒരു ദിവ്യഗര്‍ഭത്തില്‍ നിന്ന് ലോകത്തിന് അടിസ്ഥാനമിടുന്നതിനെക്കുറിച്ച് പദാര്‍ത്ഥത്തോടു നടത്തിയ വിളംബരമായ മനുഷ്യാവതാരം പ്രപഞ്ചത്തിന്‍റെ സ്വാഭാവികചരിത്രത്തിലെ ഒരു അമൂര്‍ത്തമൂഹൂര്‍ത്തമായി കണക്കാക്കപ്പെടുന്നു. മനുഷ്യാവതാരം, അസാദ്ധ്യമായ സാധ്യതകള്‍ക്ക് പൂര്‍ണ്ണമായ ആവിഷ്കാരം നല്കിയതിനാല്‍ പദാര്‍ത്ഥത്തിന്‍റെ വിജയമാണ്. ലോകത്തിലെ ദൈവത്തിന്‍റെ തുടര്‍ച്ചയായ ക്രിയാത്മഅന്തര്‍ലീനത്വം നമ്മുടെ വാദഗതിക്ക് ആശയപരമായ ഒരു അടിത്തറ നല്കിയേക്കാം. ദൈവത്തിന്‍റെ ക്രിയാത്മകമായ അന്തര്‍ലീനത്വക്രിയകളെ വിവരിക്കുന്ന തുടര്‍ച്ചയില്‍ നിന്നുള്ള ആവിര്‍ഭാവത്തെ മനുഷ്യാവതാരം ഉദാഹരിക്കുന്നുവെന്ന് പീകോക്ക് അഭിപ്രായപ്പെടുന്നു:  "യോഹന്നാന്‍റെ ആമുഖത്തില്‍ നിന്നുള്ള സൂചനകളെടുത്തുകൊണ്ട്, യേശുവിന്‍റെ സമകാലികര്‍ അവിടുന്നില്‍ കണ്ടെത്തിയ ദൈവത്തിന്‍റെ വെളിപ്പെടുത്തലുകള്‍, അവിടുത്തെ ജീവിതത്തിലേക്കും, പ്രബോധനങ്ങളിലേക്കും മരണത്തിലേക്കും ഉത്ഥാനത്തിലേക്കും നയിച്ച സംഭവങ്ങളുടെയും പ്രക്രിയകളുടെയും ആഴങ്ങളില്‍ നിന്നോ സൃഷ്ടിയില്‍ നിന്നോ നിര്‍ഗ്ഗളിക്കുന്ന ഒരു വെളിപ്പെടുത്തലായിരുന്നിരിക്കണം. അതായത്, ലോകത്തിലെ ദൈവത്തിന്‍റെ സൃഷ്ടിയെയും സാന്നിദ്ധ്യത്തെയും കുറിച്ചുള്ള നമ്മുടെ ധാരണയുടെ വെളിച്ചത്തില്‍, നാം മനുഷ്യാവതാരത്തെ മുകളില്‍ നിന്നു ദൈവത്തിന്‍റെ താഴേക്കുള്ള വരവായി കണക്കാക്കരുത്... മറിച്ച്, നേരത്തേ തന്നെ ലോകത്തിലുള്ളതും അറിയപ്പെടാത്തതുമായ ഒരുവന്‍റെ പ്രത്യക്ഷവത്കരണമായി വേണം നാമത് മനസ്സിലാക്കാന്‍. 62"


പീകോക്കിന്‍റെ അഭിപ്രായത്തില്‍, യോഹന്നാന്‍റെ ആമുഖത്തില്‍ (യോഹ.1:1-12) സൃഷ്ടിയില്‍ ഉച്ചരിക്കപ്പെട്ട വചനം സൃഷ്ടിയിലാകമാനം ചിതറിയിരിക്കുന്നു. അത് പൊതുവും അനുസ്യൂതവും അന്തര്‍ലീനവും എന്നാല്‍ അഗ്രാഹ്യവുമാണ്. സൃഷ്ടിയിലെ ദൈവികമായ അന്തര്‍ലീനത്വം മനുഷ്യാവതാരത്തില്‍ കേന്ദ്രീകൃതവും ചരിത്രപരവും വ്യക്തവും പ്രത്യക്ഷവുമാകുന്നു.63 നിരവധി സഭാപിതാക്കന്മാരുടെ എഴുത്തുകളിലും മനുഷ്യാവതാരം ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഒരു സാര്‍വ്വത്രികഘടനയെ ഒരുമയിലേക്കു കൊണ്ടുവരുന്ന സാര്‍വ്വത്രികപ്രവര്‍ത്തിയാണ്. മനുഷ്യാവതാരത്തില്‍ പ്രപഞ്ചം മുഴുവന്‍ ക്രിസ്തുവിലേക്ക് എടുക്കപ്പെടുകയും പദാര്‍ത്ഥം അതിനാല്‍ സജീവമാക്കപ്പെടുകയും ചെയ്തുവെന്ന് ഒരിജന്‍ അഭിപ്രായപ്പെട്ടു. പ്രധാന ബൈസന്‍റയിന്‍ ചിന്തകരിലൊരാളായ മാക്സിമൂസ് ദ കണ്‍ഫസ്സര്‍ പറയുന്നു: "ദൈവം തന്നെയായ ദൈവത്തിന്‍റെ വചനം, തന്‍റെ മനുഷ്യാവതാരത്തിന്‍റെ രഹസ്യം എല്ലാ വസ്തുക്കളിലും എല്ലായ്പോഴും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു."64


പദാര്‍ത്ഥത്തിന്‍റെ ആത്മാതിശായിയായ ദാഹം പൂര്‍ത്തിയാക്കുന്ന ക്രിസ്തുവിന്‍റെ മാംസത്തിലുള്ള ദൈവത്തിന്‍റെ പ്രത്യക്ഷവത്കരണം  എല്ലാ ജീവജാലങ്ങള്‍ക്കും ഒരു നൂതനമായ അസ്തിത്വം നല്കുന്നു. ഇതാണ് എല്ലാ ജീവജാലങ്ങളുടെയും സാധ്യതയിലുള്ള ക്രിസ്തു-അനുരൂപകത്വം (Christ-likeness). പൗലോസിന്‍റെ ദൈവശാസ്ത്രത്തില്‍ ക്രിസ്തുരഹസ്യവുമായി ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്ന പുതുമ എന്നത് ഒരു സാര്‍വ്വത്രികആശയമാണ്: "പഴയതു കടന്നുപോയി, ഇതാ പുതിയത് വന്നു കഴിഞ്ഞു" (2 കൊറി.5:17). "പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം" (ഗലാ.6:15). ഒരു പ്രാപഞ്ചികപശ്ചാത്തലത്തില്‍ പുതുമ എന്നത് ക്രിസ്തുസാദൃശ്യത്തിലേക്കുള്ള ലോകത്തിന്‍റെ രൂപാന്തരീകരണ സാധ്യതകളായി കാണാം. അത് മനുഷ്യാവതാരത്തിലും പ്രത്യക്ഷമായിരുന്ന ഒന്നാണ്. അതിനാല്‍ ആവിര്‍ഭവിക്കുന്ന പുതുമയുടെ ഏറ്റവും നല്ല മാതൃക ക്രിസ്തുവാണ്. മനുഷ്യാവതാരം പദാര്‍ത്ഥം മാംസമായിത്തീരുന്നതോ, മാംസം വചനത്തെ ഉള്‍ക്കൊള്ളാന്‍ യോഗ്യമായിത്തീരുന്നതോ ആയ ചരിത്രപരമായ പ്രക്രിയ എന്ന നിലയില്‍ പഴയ സ്വാഭാവികചരിത്രത്തിന്‍റെ പൂര്‍ത്തീകരണവും, പദാര്‍ത്ഥത്തിന്‍റെ ആന്തരികമായ കേന്ദ്രത്തെ പുതിയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൊണ്ടു വരുന്നതുമായ പുതുമയുടെ ആരംഭമോ ആണ്.   


റാനറുടെ ക്രിസ്തുവിജ്ഞാനീയത്തില്‍, പരിണാമാത്മകവും ചലനാത്മകവും സര്‍വ്വാതിശായിയുമായ മനുഷ്യാവതാരത്തിന്‍റെ പുതുമ ആഴത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. റാനറുടെ അഭിപ്രായത്തില്‍, പ്രപഞ്ചത്തിലെ ദൈവത്തിന്‍റെ അന്തര്‍ലീനത്വം പാദാര്‍ത്ഥത്തോടുള്ള സ്നേഹപൂര്‍ണ്ണമായ ആത്മാര്‍പ്പണമാണ്. ഇത് പദാര്‍ത്ഥത്തെള്ള ഉള്ളില്‍ നിന്നും സ്വയം അതിവര്‍ത്തിച്ച് പുതിയതാകാനും ആത്യന്തികമായി മനുഷ്യനാകാനും സമ്മര്‍ദ്ദം ചെലുത്തുന്നു. കൃപയുടെ ദിവ്യദാനം ക്രിസ്തുവില്‍ ലോകം സ്വീകരിച്ചതു പൂര്‍ണ്ണവും മാറ്റാനൊക്കാത്തതുമാണെന്നതുപോലെ, മനുഷ്യാവതാരം അര്‍ത്ഥമാക്കുന്നത് കൃപയുടെ സാര്‍വ്വത്രികദാനത്തിലെ തനതായ ആന്തരികനിമിഷവും അതുപോലെ തന്നെ ലോകത്തിലെ ദൈവത്തിന്‍റെ ക്രിയാത്മകമായ അന്തര്‍ലീനത്വത്തിന്‍റെ മറികടക്കാനാവാത്ത പരമകോടിയുമാണ്.65 ദൈവം യേശുവില്‍ ചെയ്തത് അവിടുന്ന് ചരിത്രത്തില്‍ ചെയ്തുകൊണ്ടിരുന്നത് തന്നെയാണ്. കാരണം, ക്രിസ്തുവിന്‍റെ ശരീരം സാധാരണ എല്ലാവരിലുമെന്നപോലെ പ്രപഞ്ചത്തില്‍ നിന്നുമാണ് അതിന്‍റെ ഭൗതികഘടകങ്ങള്‍ സ്വീകരിച്ചതെന്ന് നമുക്കറിയാം. അതിനാല്‍, പദാര്‍ത്ഥത്തിന്‍റെ ആത്യന്തികവും ആന്തരികവുമായ ക്രിയാത്മകത ദൈവികമായ ജീവിതത്തിലേക്കുള്ള അതിവര്‍ത്തനം തന്നെയാണ്. റാനറുടെ കാഴ്ചപ്പാടിനെക്കുറിച്ച് വില്യം ഡൈക്ക് പറയുന്നതിതാണ്: "മനുഷ്യാവതാരം ചരിത്രത്തിന്‍റെ സാധാരണഗതിയിലുള്ള ബാഹ്യശക്തികളുടെ ഇടപെടലോ അതിന്‍റെ വഴിതെറ്റലോ അല്ല. മറിച്ച് സമയത്തിന്‍റെ പൂര്‍ണ്ണതയും സൃഷ്ടിയോടൊപ്പം ആരംഭിച്ച ചലനങ്ങളുടെ കൂടിച്ചേരലുമാണ്."66 റാനറുടെ അഭിപ്രായത്തില്‍, "ലോകം മുഴുവന്‍റെയും ദൈവികവത്കരണത്തിന്‍റെ അവശ്യവും സ്ഥിരവുമായ ആരംഭമായി മനുഷ്യാവതാരം പ്രത്യക്ഷപ്പെടുന്നു."67 "സത്താപരമായി സൃഷ്ടി മുഴുവന്‍റെയും ചലനത്തിന്‍റെ സ്പഷ്ടമായ ലക്ഷ്യമായി മനുഷ്യാവതാരം മാറുന്നു..."68


തെയ്യാര്‍ദ്ദ് ഷെര്‍ദ്ദാന്‍റെ ക്രിസ്തുവിജ്ഞാനീയ വിചിന്തനങ്ങള്‍ ഇവിടെ സ്മരണീയമാണ്. പദാര്‍ത്ഥത്തിന്‍റെ പരിണാമത്തില്‍ നിന്ന് അകന്നുനില്ക്കുന്ന ക്രിസ്തുവിജ്ഞാനീയം ഒരു ഇതിഹാസകഥ പോലെ പുറന്തള്ളപ്പെടുമെന്ന് റാനറെപ്പോലെ തെയ്യാര്‍ദ്ദും വിശ്വസിച്ചിരുന്നു.69 പ്രപഞ്ചത്തിന്‍റെ രാജാവ് എന്ന നിലയില്‍ ക്രിസ്തുവിനെയും  പരിണാമാത്മക സംജ്ഞകളില്‍ വിവരിക്കാനാകുമെന്ന് അദ്ദേഹം കരുതി. പരിണാമമാറ്റത്തെ പരാമര്‍ശിക്കുന്ന അദ്ദേഹത്തിന്‍റെ പ്രധാനസംജ്ഞയായ ഉത്പത്തി, പ്രപഞ്ചോത്പത്തിയില്‍ നിന്നാരംഭിച്ച് ജൈവോത്പത്തിയിലൂടെ തുടര്‍ന്ന് മനുഷ്യോത്പത്തിയിലൂടെ ക്രിസ്തുജനനം വരെ എത്തിനില്ക്കുന്നു. ക്രിസ്തുഉത്പത്തി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തെ സഹായിച്ച രണ്ട് ഉറവിടങ്ങളാണ് ക്രിസ്തീയ വെളിപാടും ശാസ്ത്രീയവിവരങ്ങളും. തെയ്യാര്‍ദ്ദ് പറയുന്നു, "അടിസ്ഥാനപരമായി, സൃഷ്ടിയില്‍ എല്ലായ്പോഴും എന്നേക്കുമായി നിര്‍മ്മിക്കപ്പെടുന്നത് ഒന്നുമാത്രമാണ്: ക്രിസ്തുവിന്‍റെ ശരീരം."70 ക്രിസ്തുവിലൂടെ പദാര്‍ത്ഥത്തിലുള്ള ദൈവത്തിന്‍റെ രക്ഷാകരസാന്നിദ്ധ്യം "അത്ഭുതകരമായ ഒരു ജൈവപ്രവര്‍ത്തനമാണ്." അത് കോറിന്തോസ് 1:15-20ല്‍ സൂചിപ്പിച്ചിരിക്കുന്ന പൂര്‍ണ്ണതയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്ന ലോകാവസാനസമയത്ത്(parousia) സൃഷ്ടിയെ പൂര്‍ണ്ണതയിലെത്താന്‍ (pleroma) സഹായിക്കുന്നു.71 
പ്രാപഞ്ചികപെസഹായുടെ ക്രിസ്തു-കുഞ്ഞാട് (The Christic Lamb of the Cosmic Pasch)
പരിണാമം എല്ലായ്പോഴും പുതിയതിന്‍റെ ആവിര്‍ഭാവത്തെ കുറിക്കുന്നു. ആവിര്‍ഭാവം സങ്കീര്‍ണഘടനകളുടെ പ്രത്യക്ഷപ്പെടലല്ല. മറിച്ച്, അസ്തിത്വത്തിന്‍റെ പുതിയ തലങ്ങളുടെ യാഥാര്‍ത്ഥ്യവത്കരണവും ആയിരിക്കുന്നതിന്‍റെ പുതിയ രീതികളും ആയിത്തീരുന്നതിന്‍റെ പുത്തന്‍ മാനങ്ങളുമാണ്. തുറന്ന ഈ പ്രക്രിയകള്‍ മുഴുവന്‍ ലക്ഷ്യംവെക്കുന്നത് ഐക്യത്തിനും പരസ്പരബന്ധമാണ്. പ്രപഞ്ചത്തിന്‍റെ പ്രാഥമികലക്ഷ്യം തന്നെ ഏകീകരണമായതിനാല്‍, അതിനുതാഴെയുള്ള ജൈവിക,ഭൗതിക,സാമൂഹിക,ധാര്‍മ്മിക തലങ്ങള്‍ക്ക് ഐക്യത്തില്‍ നിന്ന് അകന്നുപോവുക സാദ്ധ്യമല്ല. ക്രിസ്തു, ഐക്യത്തിന്‍റെയും പൂര്‍ണ്ണതയുടെയും ആദര്‍ശം എന്ന നിലയില്‍ (കൊളോ.1:19; 1കൊറി.8) സൃഷ്ടിയെ അതിന്‍റെ ഐക്യത്തിലും പൂര്‍ണ്ണതയിലും നിലനിര്‍ത്തണം. സഹനമരണഉത്ഥാനങ്ങളിലൂടെ കൈവരിച്ച ക്രിസ്തുവിന്‍റെ അടിസ്ഥാനദൗത്യമായ രക്ഷയുടെ സാര്‍വ്വത്രികസ്വഭാവം കാണുന്നതിന് ഇത് നമ്മെ സഹായിക്കുന്നു. 


പാപം ഐക്യത്തിലായിരിക്കുന്നതിനും കൂടെയായിരിക്കുന്നതിനുമുള്ള വിസമ്മതമാണ്. പ്രാപഞ്ചികകൂട്ടായ്മയില്‍ നിന്നും അഹംബോധത്തിലേക്കുള്ള പിന്‍വലിയലും സാര്‍വ്വത്രികമായതില്‍ നിന്നുള്ള സ്വാര്‍ത്ഥപരമായ തിരഞ്ഞെടുപ്പുമാണ് അത്. അതിനാല്‍ ഓരോ പാപവും പ്രപഞ്ചത്തിനും പ്രാപഞ്ചികഭൂതകാലത്തിന്‍റെ മുഴുവന്‍ പ്രക്രിയകള്‍ക്കും പ്രാപഞ്ചികഭാവികാലത്തിന്‍റെ മുഴുവന്‍ ലക്ഷ്യങ്ങള്‍ക്കും  എതിരായ പാപമാണ്. ഒരുപക്ഷേ ദൈവം കായേനെ പഠിപ്പിക്കാനുദ്ദേശിച്ചിരുന്ന പാഠം ഇതാണ്: "നിന്‍റെ സഹോദരന്‍റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്‍റെ കൈയില്‍ നിന്ന് നിന്‍റെ സഹോദരന്‍റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷി ചെയ്യുമ്പോള്‍ മണ്ണു നിനക്ക് ഫലം തരികയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും" (ഉത്.4:10-12). 


ക്രിസ്തുവിലൂടെ കൈവരിക്കപ്പെട്ട പൂര്‍ണ്ണത തന്നെയായ രക്ഷ അതിന്‍റെ സാര്‍വ്വത്രികസ്വഭാവത്തെ അനാവൃതമാക്കുന്നു. ജീവജാലങ്ങള്‍ തമ്മിലുള്ള സത്താപരവും അസ്തിത്വപരവും ധാര്‍മ്മികവുമായ ഐക്യത്തെ പൂര്‍ണ്ണത പുനരവതരിപ്പിക്കുന്നു. പൂര്‍ണ്ണതയുടെ ഈ അനുഭവത്തില്‍ സര്‍വ്വയാഥാര്‍ത്ഥ്യങ്ങളുടേയും പരസ്പരബന്ധങ്ങള്‍ മനുഷ്യര്‍ മനസ്സിലാക്കുന്നു. അതിനാല്‍ രക്ഷാകരചരിത്രത്തെ ഭൗതിക, ജൈവിക, മാനസിക, സാമൂഹിക ചരിത്രങ്ങളുടെ ആത്മാതിവര്‍ത്തിയായ തുടര്‍ച്ചയായി വേണം നാം കണക്കാക്കുവാന്‍. ഈ പൂര്‍ണ്ണതയെ സഫലീകരിക്കുന്ന അടയാളമാണ് കുരിശ്. ദൈവം സ്വേച്ഛയാല്‍ നല്കുന്ന സമ്മാനമാണ് സൃഷ്ടി. "ദൈവത്തിന്‍റെ സ്നേഹമാണ് സൃഷ്ടിയുടെ അന്തിമകാരണം (causa finalis)."72 സ്നേഹം സഹനത്തെ അതിജീവിക്കുന്നു. ഐക്യത്തിന്‍റെ അടിസ്ഥാനപരമായ ഘടനാഭാവം സ്വയം ശൂന്യമാക്കുന്ന സ്നേഹമാണ്. 
"മനുഷ്യന്‍ തീരെ സ്നേഹയോഗ്യനല്ലാത്ത അവസ്ഥയിലും അവനെ ദൈവത്തിന്‍റെ വൈരുദ്ധ്യാത്മകമായ സ്നേഹം ആഗിരണം ചെയ്യുന്ന ഇടമല്ല കുരിശ്."73 സൃഷ്ടിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്ന സ്നേഹത്തിന്‍റെ ആത്യന്തിക അടയാളവും പ്രപഞ്ചത്തിന്‍റെ നടുവില്‍ നിന്ന് എല്ലാത്തിനെയും ആഗിരണം ചെയ്യുന്ന തുറവിയുമാണ് കുരിശ്. അതിന്‍റെ ലംബമായ വേരുകള്‍ പ്രാപഞ്ചികമായ ആദിമതലത്തില്‍ നിന്ന് രൂപമെടുത്ത് സൃഷ്ടിപരവും പുനരൈക്യപ്പെടുത്തുന്നതുമായ സ്നേഹഊര്‍ജ്ജത്തെ സൃഷ്ടിയിലേക്ക് സന്നിവേശിപ്പിക്കുന്നു. അതിന്‍റെ മുകള്‍ഭാഗം കുരിശോട് ചേര്‍ന്നിരിക്കുന്ന അനന്താതിശായിയായ സൃഷ്ടികാരണത്തെ ചൂണ്ടിക്കാണിക്കുന്നു. കുരിശ് രാത്രികളെ പകലുകളാക്കുന്നു; വളഞ്ഞവഴികളെ നേരെയാക്കുന്നു. രോഗബാധിതമായവയെ സുഖപ്പെടുത്തിക്കൊണ്ടും, കടലിനെ ശാന്തമാക്കിക്കൊണ്ടും, മുറിവേറ്റവയെ വച്ചുകെട്ടിക്കൊണ്ടും സൃഷ്ടി മുഴുവനെയും പുതിയ സൗന്ദര്യത്തില്‍ വീണ്ടെടുക്കുന്നു. പദാര്‍ത്ഥത്തിലെ ആന്തരികമായ ആത്മീയരൂപാന്തരീകരണത്തിന്‍റെ ബാഹ്യമായ ദൃശ്യഅടയാളമാണ് കുരിശ്. പീകോക്ക് നമ്മുടെ കാഴ്ചപ്പാടുകളെ സ്ഥിരീകരിക്കുന്നു: "സൃഷ്ടമായവയ്ക്ക് സ്രഷ്ടാവിനോടുള്ള ഐക്യത്തിന് യേശുവാണ് ഉത്കൃഷ്ടമായ മാതൃകയെങ്കില്‍, അവന്‍റെ യഥാര്‍ത്ഥമായ മാനുഷികജീവിതത്തിലെ സഹനം സൃഷ്ടിക്കപ്പെട്ട മനുഷ്യനോടും മറ്റു ജീവജാലങ്ങളോടും ഒപ്പം സഹിക്കുന്ന ഒരു ദൈവത്തെ അനാവരണം ചെയ്യുന്നതിനുള്ള ശ്രമമാണ്. അങ്ങനെ യേശു സൃഷ്ടിപ്രവര്‍ത്തനങ്ങളുടെ വേദനയായ ദൈവത്തിന്‍റെ സ്വന്തം വേദന വഹിക്കുന്നവനായിത്തീര്‍ന്നു."74പക്ഷേ, ക്രിസ്തുവത്കൃതപ്രപഞ്ചത്തിന്‍റെയോ അന്തഃപ്രപഞ്ചക്രിസ്തുത്ത്വത്തിന്‍റെയോ പ്രക്രിയകളുടെ അവസാനവാക്കല്ല കുരിശ്. മനുഷ്യനായവതരിക്കുന്ന ദൈവവചനം മാംസം ധരിക്കുന്നതിലുള്ള പദാര്‍ത്ഥത്തിന്‍റെ വിജയം അതിന്‍റെ പരമമാഹാത്മ്യം അനുഭവിക്കുന്നത് ഉത്ഥാനത്തിലാണ്. ശാസ്ത്രീയാടിസ്ഥാനങ്ങളിലെ നൂതനപ്രവണതകള്‍, സ്ഥലകാലങ്ങളുടെ അന്തര്‍മുഖത്വം, സ്വയാതിവര്‍ത്തിയായ ആത്മീയകഴിവുകളോടൊപ്പം ആവിര്‍ഭവിക്കുന്ന പ്രാപഞ്ചികാനുഭവങ്ങള്‍ക്കു പിന്നിലെ ആഴങ്ങള്‍ എന്നിവ യേശുക്രിസ്തുവിന്‍റെ ഉത്ഥാനത്തിന് ഒരു നിശ്ചിതഅളവ് പ്രാപഞ്ചികതീര്‍ച്ച കല്പിച്ചു നല്കുന്നു. യേശുവിനെ മരിച്ചവരുടെയിടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിച്ച പിതാവിന്‍റെ ശക്തി പ്രാപഞ്ചികമായ വിശ്രമമില്ലായ്മയോട് ബന്ധപ്പെട്ടതു തന്നെയാണ്. ക്രിസ്തുരഹസ്യത്തിന്‍റെ ചൈതന്യത്തെ ഉയര്‍ത്തെഴുന്നേല്പിച്ചത് അതാണ്. അതിനാല്‍ സ്വയം അതിവര്‍ത്തിക്കുന്ന "ഭൗതികവാദ"ത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയാണ് ഉത്ഥാനം. അടുത്ത അദ്ധ്യായത്തില്‍ നാം ഈ വിഷയത്തെ കൂടുതല്‍ വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്. ചരിത്രപരമായ ഉത്ഥാനം പ്രപഞ്ചത്തിന് എത്തിച്ചേരാന്‍ പുതിയൊരു ഇടം നല്കി. അങ്ങനെ ഉത്ഥാനത്തില്‍, പ്രപഞ്ചത്തിനും ചരിത്രത്തിനും സമകാലികത്വത്തിന്‍റെ ഒരു ക്രിസ്തുതലം നല്കിക്കൊണ്ട് പ്രപഞ്ചത്തിന്‍റെ ഇന്നലെ അതിന്‍റെ നാളെയുമായി കണ്ടുമുട്ടുന്നു. 


ശാസ്ത്രീയപശ്ചാത്തലത്തില്‍, വെളിപ്പെടുത്തപ്പെട്ട  ക്രിസ്തുവിജ്ഞാനീയ സത്യങ്ങളുടെ വ്യാഖ്യാനപരമായ അവതരണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. താബോര്‍മലയില്‍ രൂപാന്തരപ്പെട്ട സൗന്ദര്യം തന്നെയാണ് മരങ്ങളിലും ചെടികളിലും പൂക്കളിലും ചിത്രശലഭങ്ങളിലും ആവിഷ്കരിക്കുന്നതെന്ന് കാവ്യാത്മകമായി പറയാന്‍ കഴിയും. അല്ലെങ്കിലും, അവിടുത്തെ മുഖം സൂര്യനെപ്പോലെയും വസ്ത്രം പ്രകാശരശ്മികള്‍ പോലെയും പ്രസരിക്കുന്ന ഒരു താബോര്‍ മലതന്നെയല്ലേ ഈ പ്രപഞ്ചം മുഴുവന്‍? 

christology-in-the-scientific-era scientific-era christology Dr. Augustine pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message