x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ക്രിസ്തുവിജ്ഞാനീയം ശാസ്ത്രദർശനങ്ങളിൽ

Authored by : Dr Augustian Pamplany CST On 29-May-2021

ശാസ്ത്രം: ദൈവാവിഷ്കാരത്തിന്‍റെ നൂതനമാര്‍ഗ്ഗം

ചൈനീസ് തത്വചിന്തയിലെ പരമയാഥാര്‍ത്ഥ്യമായ 'താവോ'യുടെ ചാക്രികപരിണാമത്തിലെ രണ്ടു വിരുദ്ധധ്രുവങ്ങളിലൊന്നായ 'യാംഗ്' അതിന്‍റെ പ്രയാണത്തിന്‍റെ പരമകാഷ്ഠ പ്രാപിക്കുമ്പോള്‍ ഇതരധ്രുവമായ 'യിന്നി'ന് അനുകൂലമായി മടങ്ങിപ്പോകുമെന്ന് ഒരു ചൈനീസ് പഴമൊഴി പറയുന്നു. ആധുനികയുഗത്തിന്‍റെ സത്യാന്വേഷണപ്രയാണത്തില്‍ ഓരോ സ്പെഷ്യലിസ്റ്റും സ്വന്തം സ്പെഷ്യലൈസേഷന്‍റെ മാത്രം കണ്ണാടിയിലൂടെ യാഥാര്‍ത്ഥ്യത്തെ നോക്കിക്കാണുന്ന അവസ്ഥാവിശേഷം ആയിരുന്നു പ്രബലമായിരുന്നതെങ്കില്‍ ഉത്തരാധുനികചിന്തയുടെ പ്രയാണം തികച്ചും വിഭിന്നമായ ഒരു അന്തര്‍വിജ്ഞാനീയ (interdisciplinary) പാതയിലൂടെയാണെന്നു കാണാം. ഈ അന്തരാവിജ്ഞാനീയ സമീപനത്തില്‍ ഇന്നു മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ് ശാസ്ത്രവും ദൈവശാസ്ത്രവും. ഗലീലിയോ സംഭവത്തിനുശേഷം ന്യൂട്ടന്‍റെ മെക്കാനിക്സിന്‍റെയും ലോജിക്കല്‍ പോസിറ്റിവിസത്തിന്‍റെയും പശ്ചാത്തലത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ മതവും ശാസ്ത്രവും നിരന്തരസംഘട്ടനത്തിലായിരുന്നു. എന്നാല്‍ ഇന്ന് ആ പാതവെടിഞ്ഞ് യാഥാര്‍ത്ഥ്യത്തിന്‍റെ പൊരുളന്വേഷിക്കുന്നതില്‍ പരസ്പരം കൈകോര്‍ക്കുന്നു.[1] "മനുഷ്യന്‍റെയും പ്രകൃതിയുടെയും ഭാവിയെ സുസ്ഥിരപ്പെടുത്താനുള്ള നവീനമാര്‍ഗ്ഗങ്ങളുടെ അന്വേഷണത്തില്‍ ശാസ്ത്രവും മതവും ഇന്ന് സുഹൃത്തുക്കളായിത്തീര്‍ന്നിരിക്കുന്നു"[2]എന്ന് ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞനായ യൂര്‍ഗന്‍ മോള്‍ട്ട്മന്‍ നിരീക്ഷിക്കുന്നു.

ശാസ്ത്രത്തെക്കുറിച്ചുള്ള മാറിവരുന്ന ധാരണകളുടെ സ്വഭാവം ജീവശാസ്ത്രകാരനായ കിറ്റ് പെഡ്ലര്‍ ആത്മകഥാപരമായ ഒരു പ്രസ്താവത്തിലൂടെ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക: "ഒരു ജീവശാസ്ത്രകാരന്‍ എന്ന നിലയില്‍ ശാസ്ത്രജ്ഞരെ ഞാന്‍ നോക്കിക്കണ്ടിരുന്നത് സൂര്യാസ്തമനത്തിന്‍റെ മനോഹാരിതയെ തരംഗങ്ങളുടെ വ്യതിയാനത്തിലേക്കും പ്രപഞ്ചത്തിന്‍റെ സങ്കീര്‍ണ്ണതയെ മൂലകങ്ങളുടെ ദാര്‍ഢ്യത്തിലേക്കും തരംതാഴ്ത്തിയ നിര്‍വ്വികാരരായ മനുഷ്യര്‍ എന്ന നിലയ്ക്കാണ്. എന്‍റെ തെറ്റ് വളരെ വലുതായിരുന്നു. ഐന്‍സറ്റീന്‍, ബോര്‍, ഷ്രോഡിംഗര്‍, ഡിറാക് മുതലായ ഇതിഹാസപുരുഷന്മാരുടെ രചനകള്‍ പരിശോധിച്ചപ്പോള്‍ അവര്‍ കവികളും മിസ്റ്റിക്കുകളും കൂടിയായിരുന്നു എന്ന് എനിക്കു ബോദ്ധ്യമായി".[3]

പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും പിതാക്കന്മാരോടും അവസാനനാളുകളില്‍ പുത്രന്‍വഴി നമ്മോടും സംസാരിച്ചിരിക്കുന്ന ദൈവത്തിന് (ഹെബ്രാ 1,1) ശാസ്ത്രത്തിലൂടെയും ശാസ്ത്രജ്ഞരിലൂടെയും സംസാരിക്കുവാന്‍ കഴിയും. പന്തക്കുസ്താദിനത്തിലെ ഭാഷാവരത്തിന്‍റെ അമ്പരപ്പ് (അപ്പ 2,6-8) ശാസ്ത്രം ശ്രവിക്കുന്നവരിലുമുണ്ടാകും: "ഈ സംസാരിക്കുന്നവരെല്ലാം ഭൗതികശാസ്ത്രജ്ഞരും ജീവശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ജ്യോതിശാസ്ത്രജ്ഞരുമല്ലേ? എന്നിട്ടും നാമവരെ മനസ്സിലാക്കുന്നതെങ്ങനെ?"[4] ദൈവാവിഷ്കരണത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ ബഹുമുഖങ്ങളാണ്. സൃഷ്ടി ആറുദിവസം കൊണ്ടു പൂര്‍ത്തിയാകുന്നതും പൂര്‍വ്വപിതാക്കന്മാരുടെ എണ്ണം മൂന്നില്‍ ഒതുങ്ങുന്നതും ദൈവാവിഷ്കാരത്തിന്‍റെ സ്വഭാവത്തിനു ചേര്‍ന്നതല്ല. "കൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു . . . ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു . . . അഗ്നിയിലും കര്‍ത്താവില്ലായിരുന്നു" (1 രാജാ 19,11-12). ഏലിയായ്ക്ക് കാണാന്‍ കഴിഞ്ഞില്ലെങ്കിലും കൊടുങ്കാറ്റിലും ഭൂകമ്പത്തിലും അഗ്നിയിലും കര്‍ത്താവുണ്ട്. "ലോകസൃഷ്ടി മുതല്‍ ദൈവത്തിന്‍റെ അദൃശ്യപ്രകൃതി അതായത് അവിടുത്തെ അനന്തശക്തി സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്" (റോമ 1,20). സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമാകുന്ന ദൈവത്തിന്‍റെ അദൃശ്യപ്രകൃതിയെ മനസ്സിലാക്കണമെങ്കില്‍ മനുഷ്യന്‍ ശാസ്ത്രത്തെ ശ്രവിക്കണം.

ബൈബിളിലൂടെയും മറ്റും വെളിപ്പെടുന്ന ദൈവികസത്യങ്ങളെ യഥോചിതം മനസ്സിലാക്കണമെങ്കില്‍ അവ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കണമെന്നത് സമകാലീനദൈവശാസ്ത്രത്തിന്‍റെ രീതിശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരുള്‍ക്കാഴ്ചയാണ്. പക്ഷേ ഈ സാഹചര്യബോധം സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളില്‍ മാത്രമായി പലപ്പോഴും ഒതുങ്ങിപ്പോകുന്നു. ചേതനങ്ങളും അചേതനങ്ങളുമായ സര്‍വ്വജീവജാലങ്ങള്‍ക്കും പിന്നില്‍ പാദാര്‍ത്ഥികവും ജീവശാസ്ത്രപരവുമായ ഒരു ചട്ടക്കൂടുണ്ട്. ഈ ചട്ടക്കൂടിന്‍റെ ഘടനയും ആന്തരതത്വങ്ങളുമാണ് സമസ്തസൃഷ്ടിയുടെയും ഭാഗധേയത്തെ അടിസ്ഥാനപരമായി നിര്‍ണ്ണയിക്കുന്നത്.

മൂര്‍ത്തവും അമൂര്‍ത്തവുമായ ഏതൊന്നിന്‍റെയും അസ്തിത്വപരമായ പൂര്‍ണ്ണതയെയും സര്‍വ്വാതിശായിയായ സാധ്യതകളെയും (transcendental possibilities) അതിന്‍റെ പാദാര്‍ത്ഥിക-ഭൗതിക മാനങ്ങളില്‍ നിന്നും വേര്‍പെടുത്തി മനസ്സിലാക്കാന്‍ സാധിക്കില്ല. ഉണ്മ (essence) കുടികൊള്ളുന്നത് ശാരീരികവും മാനസികവും ഭൗതികവും ആത്മീയവുമായ മാനങ്ങളെ ഉള്‍ക്കൊള്ളുന്ന സത്തയുടെ പൂര്‍ണ്ണതയിലാണ് (totality of being). സാകല്യമായ ഈ സമീപനം നഷ്ടപ്പെട്ടതുകൊണ്ടാണ് മനുഷ്യന്‍ ചിന്തിക്കുന്ന മൃഗമായി നിര്‍വ്വചിക്കപ്പെട്ടതും അവന്‍റെ/അവളുടെ ഉണ്മയെ യുക്തിയിലും (rationality) ഇച്ഛാശക്തിയിലും (volition) മാത്രമായി പ്രതിഷ്ഠിക്കപ്പെട്ടതും. അടിസ്ഥാനചട്ടക്കൂടുകളെ കാണാത്ത ദൈവശാസ്ത്രത്തിന്‍റെ ആരംഭബിന്ദു തന്നെ ഒരു ഉപ-യാഥാര്‍ത്ഥ്യമായിത്തീരുന്നു. സ്വാഭാവികജ്ഞാനവും വെളിപ്പെടുത്തപ്പെട്ട ജ്ഞാനവും തമ്മിലുള്ള വൈരുദ്ധ്യത്തിനും തത്ഫലമായി വിശ്വാസവും യുക്തിയും തമ്മിലുള്ള സംഘര്‍ഷത്തിനുമാണ് ഇതു വഴിതെളിക്കുന്നത്. അടിസ്ഥാനചട്ടക്കൂടുകളുടെ ഘടനയെയും നിയമങ്ങളെയും കാണിച്ചുതരികവഴി ശാസ്ത്രം ദൈവാവിഷ്കാരത്തിന്‍റെ വേദിയായിത്തീരുന്നു. ശാസ്ത്രത്തിന്‍റെ സംഭാവനകളെ ഗൗരവപൂര്‍വ്വം കണക്കിലെടുക്കാന്‍ ദൈവശാസ്ത്രം തയ്യാറാകുന്നപക്ഷം ദൈവശാസ്ത്രത്തിന് മാനവകേന്ദ്രീയത്വത്തിന്‍റെ (anthropocntrism) പരിമിതികളെ മറികടന്ന് ആധുനിക കര്‍ത്തൃനിഷ്ഠ തത്വശാസ്ത്രങ്ങളുടെ (subjective philosophies) സ്വാധീനത്തില്‍ ചോര്‍ന്നുപോയ സാകല്യവും പ്രാപഞ്ചികവുമായ സീമകളെ വീണ്ടെടുക്കാന്‍ കഴിയും.

ദൈവാവിഷ്കാരത്തിന്‍റെ തുടര്‍സ്വഭാവത്തെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ദൈവാവിഷ്കാരം പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്നു[5]. ആധുനികകാലത്തിന്‍റെ അടയാളങ്ങളെ - പ്രത്യേകിച്ച് ശാസ്ത്രത്തില്‍നിന്നുള്ള അടയാളങ്ങളെ - വിവേചിച്ചറിയുകയാണെങ്കില്‍ "കാലത്തിന്‍റെ മുമ്പോട്ടുള്ള ഗമനത്തോടൊപ്പം ദൈവികസത്യത്തിന്‍റെ പൂര്‍ണതയിലേക്കുള്ള"[6] പ്രയാണത്തില്‍ ഒരുപക്ഷേ തിരുസഭയ്ക്കുള്ളില്‍ സംഭവിക്കുന്നതിലും അധികം ദൈവാവിഷ്കാരം ഇന്ന് സഭയ്ക്കുപുറത്ത് സെക്കുലര്‍ ലോകത്ത് സംഭവിക്കുന്നുണ്ടെന്നു തോന്നിയേക്കാം.

സഭാപാരമ്പര്യത്തില്‍, പ്രത്യേകിച്ച് വി. അഗസ്റ്റിന്‍റെ വീക്ഷണത്തില്‍ മനുഷ്യനു നല്കപ്പെട്ടിരിക്കുന്ന പ്രഥമദൈവവചനമാണ് പ്രപഞ്ചം. എഴുതപ്പെട്ട തിരുവചനത്തിലും മുന്നിലാണ് പ്രപഞ്ചത്തിന്‍റെ സ്ഥാനം. വിശാലാര്‍ത്ഥത്തില്‍ ഇന്നു ശാസ്ത്രത്തിന്‍റെ മടിത്തട്ടില്‍ ഈ രണ്ടു ജ്ഞാനസരണികളുടെയും സംഗമം നടക്കുന്നതു കാണാം. ശാസ്ത്രസിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായിരിക്കുന്ന മാതൃകകളുടെയും (paradigms) അന്തര്‍ലീനമായിരിക്കുന്ന അതിര്‍ത്തിവികല്പങ്ങളുടെയും (boundary questions) നിഗൂഡമാനങ്ങളുടെയും വെളിച്ചത്തില്‍ വചനത്തിന്‍റെ രഹസ്യങ്ങളെ പുനരാഖ്യാനം ചെയ്യാന്‍ പുതിയ പ്രതീകങ്ങളും അലങ്കാരങ്ങളും ദൃഷ്ടാന്തങ്ങളും അനിവാര്യമായിരിക്കുന്നു
.
വത്തിക്കാനില്‍ വിളിച്ചുകൂട്ടിയ ശാസ്ത്രജ്ഞന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദൈവശാസ്ത്രസംരംഭങ്ങളില്‍ ശാസ്ത്രത്തിനുള്ള സ്ഥാനത്തെ ഊന്നിപ്പറയുകയുണ്ടായി: "ഇന്ന് ദൈവശാസ്ത്രം ശാസ്ത്രവുമായി സജീവമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. മനുഷ്യനെയും സ്വാതന്ത്ര്യത്തിന്‍റെ സീമകളെയും ക്രിസ്തീയസമൂഹത്തിന്‍റെ സാധ്യതകളെയും വിശ്വാസത്തിന്‍റെ സ്വഭാവത്തെയും പ്രകൃതിയുടെയും ചരിത്രത്തിന്‍റെയും സ്പഷ്ടതയെയും കുറിച്ചുള്ള അന്വേഷണങ്ങളില്‍, ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍, ദൈവശാസ്ത്രം ശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തങ്ങളെ സമന്വയിപ്പിക്കുക ആവശ്യമാണ്."[7]

സാംസ്കാരികഘടകങ്ങളും ശാസ്ത്രത്തിന്‍റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ദൈവശാസ്ത്രത്തെ നിര്‍ബന്ധിക്കുന്നുണ്ട്. ഇന്ന് സാംസ്കാരികമായ സകല അതിര്‍വരമ്പുകളെയും ഭേദിക്കുന്ന മാനവരാശിയുടെ സാര്‍വ്വത്രികഭാഷകളില്‍ സുപ്രധാനമാണ് ശാസ്ത്രത്തിന്‍റെ ഭാഷ. സിദ്ധാന്തകൃത്യത(orthodoxy)യില്‍ നിന്നും പ്രയോഗകൃത്യത(orthopraxy)യിലേക്കു തിരിഞ്ഞിരിക്കുന്നു ദൈവശാസ്ത്രം. ആധുനികലോകത്തിന്‍റെ പ്രാക്സിസിനെ നിര്‍ണ്ണയിക്കുന്ന ഏറ്റവും ശക്തമായ ഘടകം ശാസ്ത്രം ആണെന്നു മനസ്സിലാക്കേണ്ടതുണ്ട്. വിശ്വാസപ്രമാണങ്ങളെയും ദൈവശാസ്ത്രസിദ്ധാന്തങ്ങളെയും ആധുനികമനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കും അവയുടെ ബൗദ്ധികമായ വിശ്വാസ്യതയും സാംസ്കാരികമായ സ്വീകാര്യതയും. ശാസ്ത്രത്തിന്‍റെ പ്രപഞ്ചദര്‍ശനത്തെ കണക്കിലെടുക്കാത്ത ദൈവശാസ്ത്രജ്ഞന്മാര്‍ തങ്ങള്‍ക്കായി മാത്രം കൂടുതല്‍കൂടുതല്‍ അഗാധമായ കുഴികള്‍ കുഴിക്കുന്നവരാണ്. ആഴങ്ങളിലേക്കു ചെല്ലുന്തോറും അവര്‍ കൂടുതല്‍കൂടുതല്‍ ആത്മഗതം നടത്തുകയും മറ്റുള്ളവരോട് കുറച്ചുമാത്രം സംസാരിക്കുകയും ചെയ്യുന്നു. ശാസ്ത്രം വരച്ചുകാട്ടുന്ന ലോകത്തിന്‍റെ രൂപങ്ങളും ബിംബങ്ങളും ഉള്‍ക്കൊള്ളുന്ന ഭാഷയില്‍ നമ്മുടെ സമകാലീനരോടും നമ്മോടുതന്നെയും നാം സംഭാഷിക്കുവാന്‍ പഠിക്കേണ്ടിയിരിക്കുന്നു.[8]

ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രീയലോകവീക്ഷണത്തിന്‍റെ ക്രിസ്തുവിജ്ഞാനീയപരമായ പ്രയോഗസാധ്യതകളെ നാം പഠനവിധേയമാക്കുന്നത്. അനിവാര്യമായ എല്ലാ ഘടകങ്ങളെയും പരിഗണിച്ചുകൊണ്ട് അതിന്‍റെ ദൈവശാസ്ത്രപരമായ രൂപഘടന നാം മനസ്സിലാക്കേണ്ടതുണ്ട്. ദൈവത്തിന്‍റെ സൃഷ്ടിയെന്ന നിലയില്‍ ലോകത്തെക്കുറിച്ചുള്ള ക്രൈസ്തവധാരണ യേശുക്രിസ്തുവിലും അവിടുന്നിലൂടെയുമുള്ള രക്ഷയുടെ വെളിപാടിലൂടെയാണ് നിര്‍വ്വചിക്കപ്പെടുന്നത്. ക്രിസ്തീയകാഴ്ചപ്പാടില്‍ സ്വര്‍ഗ്ഗത്തിന്‍റേയും ഭൂമിയുടേയും സ്രഷ്ടാവ് "യേശുക്രിസ്തുവിന്‍റെ പിതാവാണ്." പുത്രനിലൂടെ പരിശുദ്ധാത്മാവില്‍ പിതാവ് നടത്തുന്ന ഒരു പ്രവൃത്തിയാണ് സൃഷ്ടി. പദാര്‍ത്ഥത്തിന്‍റെയും ലോകത്തിന്‍റെയും കടന്നുപോകലിലൂടെ ഉരുത്തിരിയുന്ന പ്രകൃതിപ്രതിഭാസങ്ങളുടെ രഹസ്യാത്മകആഴങ്ങളില്‍, ദൈവത്തിന്‍റെ ഛായയും സാദൃശ്യവുമായ പുത്രന്‍റെ സൃഷ്ടിപരമായ സാന്നിദ്ധ്യവും ക്രിയാത്മകസ്പര്‍ശനവും നാം തിരിച്ചറിയുന്നു. ദൈവവും ലോകവും തമ്മിലുള്ള വൈരുദ്ധ്യാത്മകകണ്ടുമുട്ടല്‍ പ്രത്യേകമാംവിധത്തില്‍ ഒരു ക്രിസ്തുരഹസ്യവും (Christic mystery) ക്രിസ്തുപ്രക്രിയയുമായിരിക്കണം(Christic process).


2. പ്രാപഞ്ചികക്രിസ്തു                                                                                                                                                                                                                       
സര്‍വ്വസൃഷ്ടികളുടെയും മനുഷ്യന്‍റെയും അടിത്തറയായി ക്രിസ്തുവിനെ അവതരിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥാശയത്തില്‍ നിന്നാണ് സൃഷ്ടിയെക്കുറിച്ചുള്ള ക്രിസ്തീയത്രിത്വൈകവീക്ഷണം വികസിച്ചിരിക്കുന്നത്. ഇത് വിശുദ്ധ പൗലോസിലാരംഭിക്കുന്ന പുതിയനിയമപ്രവണതയായ 'ക്രിസ്തു സൃഷ്ടിയിലെ മദ്ധ്യവര്‍ത്തി' (mediator in creation) എന്ന ആശയത്തോട് ബന്ധപ്പെട്ടിരിക്കുന്നു. "എങ്കിലും നമുക്ക് ഒരു ദൈവമേയുള്ളു. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കര്‍ത്താവേ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്ക്കുന്നത്, ആ യേശുക്രിസ്തു" (1 കോറി 8:6).

അവന്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപവും
എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്,
കാരണം അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള
ദൃശ്യവും അദൃശ്യവുമായ
എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു.
സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ
അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും
അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്
അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍
അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു (കൊളോ 1:15-17).

"എന്തെന്നാല്‍ അവനില്‍ സര്‍വ്വസമ്പൂര്‍ണ്ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്സായി" (കൊളോ 1:19). പണ്ഡിതരുടെ അഭിപ്രായത്തില്‍ "പൂര്‍ണ്ണത" (pleroma) എന്ന പദം ദൈവത്തിന്‍റെ ക്രിയാത്മകസാന്നിദ്ധ്യം നിറഞ്ഞ സര്‍വ്വപ്രപഞ്ചത്തെയും സൂചിപ്പിക്കുന്നു (സങ്കീ 24:1; 50:12; 72:19; ജ്ഞാനം1:7; സഭാ 43:27; ഏശ 6:3; ജറ 23:24). മനുഷ്യാവതാരവും പുനരുത്ഥാനവും ക്രിസ്തുവിനെ സൃഷ്ടപ്രപഞ്ചത്തിന്‍റെ തലവനാക്കുന്നുവെന്ന് പൗലോസ് പഠിപ്പിക്കുന്നു[9]. ഹെബ്രായര്‍ക്കുള്ള ലേഖനം 1:3-ല്‍ ഉപയോഗിച്ചിരിക്കുന്ന "ദൈവത്തിന്‍റെ മഹത്ത്വത്തിന്‍റെ തേജസ്സ്" "ദൈവത്തിന്‍റെ സത്തയുടെ മുദ്ര" എന്നീ പ്രയോഗങ്ങള്‍, ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ അനന്തമായ ജ്ഞാനത്തെ സൂചിപ്പിക്കാന്‍ ഇസ്രായേല്‍ജനം ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുള്ളവയാണ് (സുഭാ 8:22-31). യേശുവിന്‍റെ ദൈവപുത്രത്വവും അനന്തജ്ഞാനവും പരിഗണിക്കുന്ന ക്രിസ്തുവിജ്ഞാനീയത്തില്‍(sophia christology) "ക്രിസ്തുവിന്‍റെ മദ്ധ്യവര്‍ത്തിത്വം" അംഗീകരിക്കപ്പെട്ടിട്ടുണ്ട്. യോഹന്നാന്‍റെ വചനാധിഷ്ഠിത ക്രിസ്തുവിജ്ഞാനീയവും ഇത് പ്രതിബിംബിപ്പിക്കുന്നുണ്ട്:

ആദിയില്‍ വചനമുണ്ടായിരുന്നു;
വചനം ദൈവത്തോടു കൂടെയായിരുന്നു;
വചനം ദൈവമായിരുന്നു;
അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു.
സമസ്തവും അവനിലൂടെ ഉണ്ടായി
ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല (യോഹ 1:1-3).

ദൈവികമായ സൃഷ്ടിയെ സ്വാഭാവികപ്രതിഭാസങ്ങളോടോ, സുന്ദരമായ ക്രിസ്തുയാഥാര്‍ത്ഥ്യത്തിന്‍റെ സമ്പന്നതയെ പരിണാമഘടനകളോടോ താരതമ്യപ്പെടുത്താനാവില്ലെങ്കിലും, ശാസ്ത്രീയമായി പുനരാഖ്യാനം ചെയ്യപ്പെടുന്ന ആത്മീയപ്രപഞ്ചം വിശാലാര്‍ത്ഥത്തില്‍ പ്രാപഞ്ചികമായി നിര്‍വ്വചിക്കപ്പെടുന്ന ക്രിസ്തുയാഥാര്‍ത്ഥ്യത്തിന്‍റെ ഒരാസ്വാദനം നല്കുന്നുണ്ട്. ആന്തരികമായി ലോകത്തെ രൂപപ്പെടുത്തുകയും, ബാഹ്യമായി അതിനെ അവതരിപ്പിക്കുകയും, നിത്യമായി ലോകത്തിലും ലോകത്തിലൂടെയും സ്വയം അനാവൃതമാക്കുകയും ചെയ്യുന്ന ഒരു രഹസ്യമാണ് ക്രിസ്തുവിന്‍റെ രഹസ്യം. ക്രിസ്തുവിന്‍റെ ആദിമവ്യക്തിത്വമാണ് ഭൗതികലോകത്തിന്‍റെ അടിസ്ഥാനം. നിരവധിതരം ഘടനകളും പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്ന തലങ്ങളും രൂപം കൊള്ളുന്ന ഊര്‍ജ്ജങ്ങളും ഒക്കെയുള്ള പ്രപഞ്ചത്തിന്‍റെ രാസ, ജൈവിക, ഭൗതിക സത്തയുടെ രൂപീകരണം നടന്ന ആദി-ഉദരമാണ് ക്രിസ്തു. അവബോധത്തിലേക്കും സ്വയാവബോധത്തിലേക്കും വളരുന്ന സര്‍വ്വയാഥാര്‍ത്ഥ്യത്തിന്‍റെയും സത്താപരമായ വ്യക്തിസ്വഭാവത്തെ ക്രിസ്തുതലം ഉയര്‍ത്തിപ്പിടിക്കുന്നു. പ്രാപഞ്ചിക സ്വയാവബോധത്തിന് അതിന്‍റെ ഉത്ഭവത്തിലേക്ക് ഒരു യാത്ര നടത്താന്‍ സാധിച്ചാല്‍, എല്ലാ വസ്തുക്കളും രൂപം കൊള്ളാന്‍ കാരണമായ ക്രിസ്തുരഹസ്യത്തിന്‍റെ തീരങ്ങളില്‍ അതെത്തിച്ചേരും. ഈയര്‍ത്ഥത്തില്‍ ശാസ്ത്രീയാന്വേഷണങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള ക്രിസ്തുവിജ്ഞാനീയഭാഷ്യമാണ്. അതുപോലെതന്നെ ക്രിസ്തുവിജ്ഞാനീയവിചിന്തനങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ വ്യഖ്യാനശാസ്ത്രവുമാണ്.

3. മനുഷ്യാവതാരം - പ്രാപഞ്ചികനൂതനത്വത്തിന്‍റെ
മാംസവത്കരണം

"വചനം മാംസമായി,
നമ്മുടെയിടയില്‍ വസിച്ചു" (യോഹ 1:14)

മനുഷ്യാവതാരത്തിന്‍റെ വിശദീകരണാത്മകമല്ലാത്ത രഹസ്യത്തെ യോഹന്നാന്‍റെ ഈ വാക്കുകള്‍ സംഗ്രഹിക്കുന്നു. ദൈവം തന്നെത്തന്നെ മനുഷ്യവംശത്തോട് ഐക്യപ്പെടുത്തുന്ന ഒരു സംഭവമായിട്ടാണ് മനുഷ്യാവതാരം കണക്കാക്കപ്പെടുന്നത്. ആധുനിക ക്രിസ്തുവിജ്ഞാനീയങ്ങള്‍ അതിനെ കൂടുതലും നരവംശശാസ്ത്രപരമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. പുതിയനിയമപാരമ്പര്യങ്ങളും സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രവും അതിനെ പ്രാപഞ്ചികമയ അര്‍ത്ഥത്തിലും വീക്ഷിക്കുന്നു. മോള്‍ട്ട്മാന്‍ അഭിപ്രായപ്പെടുന്നു:

ലൂക്കാ 2:9-15-ല്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും രക്ഷകന്‍റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷം പ്രഘോഷിക്കാന്‍ ദൈവമഹത്ത്വത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടുന്നതും വെറുതെ ക്രിസ്തുമസ് കഥയ്ക്കുള്ള ഒരനുബന്ധമല്ല. വെറുതെ ഒരു കാവ്യഭാവനയുമല്ല. മാലാഖമാര്‍ പറയുന്നതെല്ലാം പുല്‍ക്കൂട്ടിലെ ദിവ്യശിശുവിനെക്കുറിച്ചാണെന്നത് സത്യമാണ്. പക്ഷേ, അവിടുത്തെ ജനനത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രാപഞ്ചികപ്രതിഭാസങ്ങളെ നാം അവഗണിച്ചുകൂടാ.[10]

എച്ച്. ബെര്‍ക്കോഫും ഇതേ വാദം തന്നെയാണ് നടത്തുന്നത്:
ക്രിസ്തുവിന്‍റെ ആത്യന്തികരഹസ്യങ്ങള്‍ ഗൗരവമായെടുക്കുന്നത്, അവിടുന്ന് സൃഷ്ടിയുടെ ആത്യന്തികമായ രഹസ്യമാണെന്ന് സമ്മതിക്കുന്നു... ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോള്‍ (താഴോട്ടു വരുന്ന ക്രിസ്തുവിജ്ഞാനീയവും പ്രാപഞ്ചികക്രിസ്തുവിജ്ഞാനീയവും തമ്മില്‍) തീരുമാനം രണ്ടാമത്തേതിന് അനുകൂലമാകേണ്ടതുണ്ട്. കാരണം, ആദ്യത്തേതിന് വിശുദ്ധഗ്രന്ഥത്തില്‍ യേശുക്രിസ്തുവിനെ സൃഷ്ടിയുടെ മദ്ധ്യവര്‍ത്തിയായി വിവരിക്കുന്ന മൂന്ന് ഭാഗങ്ങള്‍ക്ക് വിശദീകരണം നല്കാനാവില്ല.[11]

ക്രിസ്തു സമസ്തസൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനും സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവസ്തുക്കളെയും അസ്തിത്വത്തിലേക്കു കടത്തിവിട്ട ദൈവിക കവാടവുമാകയാല്‍ സൃഷ്ടിയുടെ പരിണാമപാതയില്‍ അവിടുത്തെ പാദമുദ്രകള്‍ പതിയുന്നത് സ്വാഭാവികം മാത്രം. ക്രിസ്തുരഹസ്യത്തെ പ്രപഞ്ചവും പ്രപഞ്ചരഹസ്യത്തെ ക്രിസ്തുവും വെളിപ്പെടുത്തുന്നു. ഗ്രീക്ക് തത്വചിന്തയുടെ ഭാഷയില്‍ യോഹന്നാനും കൗദാശികഭാഷയില്‍ പൗലോസും ആവിഷ്കരിച്ച പ്രപഞ്ചബദ്ധമായ ക്രിസ്തുവിജ്ഞാനീയത്തെ കൂടുതല്‍ ധന്യമാക്കുവാന്‍ ഇന്ന് ഭൗതികശാസ്ത്രത്തിന്‍റെ ഭാഷയ്ക്ക് സാധിക്കും. യോഹന്നാന്‍റെ ഭാഷയെയും ശാസ്ത്രത്തിന്‍റെ ഭാഷയെയും ഭാവനാത്മകമായി സമന്വയിപ്പക്കുവാന്‍ പൗലോസ് മാര്‍ ഗ്രിഗോറിയോസ് ശ്രമിച്ചിട്ടുണ്ട്: "ആദിയില്‍ മഹാവിസ്ഫോടനം ഉണ്ടായിരുന്നു. വിസ്ഫോടനം സ്വയം ഉത്പാദിപ്പിക്കുന്നതായിരുന്നു. സ്ഫോടനത്തിന്‍റെ കാരണത്തെയോ എന്താണ് സ്ഫോടനം ചെയ്യപ്പെട്ടതെന്നോ അന്വേഷിക്കുന്നത് അനാവശ്യമാണ്. കാലവും സ്ഥലവുമുള്‍പ്പെടെ എല്ലാ വസ്തുക്കളും സ്ഥോടനത്തിലൂടെ ഉണ്ടായി. സ്ഫോടനത്തിലൂടെയല്ലാതെ ഒന്നും ഉണ്ടായിട്ടില്ല. സ്ഫോടനത്തില്‍ ജീവനുണ്ടായിരുന്നു. മനുഷ്യന്‍റെ ജീവനും ബോധവും സ്ഫോടനത്തിലുണ്ടായിരുന്നു. . . ജീവന്‍റെ നിയമം അതില്‍ പ്രവര്‍ത്തനസജ്ജമായി. തെര്‍മോഡൈനാമിക്സിന്‍റെ വിപരീതനിയമവും ഇതില്‍ത്തന്നെയുണ്ടായിരുന്നു. ആ നിയമം ജീവന്‍റെ നിയമമായിരുന്നു . . . "[12] ശാസ്ത്രസമൂഹത്തിന്‍റെ ഈ വിശ്വാസപ്രമാണങ്ങള്‍ വെളിപാടിന്‍റെ അമൂര്‍ത്തലോകത്തിനു പുറത്ത് വ്യാവഹാരികലോകത്തില്‍ ചുരുളഴിയുന്ന ക്രിസ്തുരഹസ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

പ്രപഞ്ചത്തിന്‍റെ ആല്‍ഫയായ ക്രിസ്തുവിനെ യോഹന്നാനും പൗലോസും കാണിച്ചുതരുമ്പോള്‍ മത്തായിയുടെ യുഗാന്ത്യദര്‍ശനത്തില്‍ ഒമേഗയായ ക്രിസ്തുവിനെ കാണാം. ആല്‍ഫയ്ക്കും ഒമേഗയ്ക്കും മദ്ധ്യേ ചരിത്രത്തിന്‍റെ ചട്ടക്കൂട്ടില്‍ സൃഷ്ടിയെ ചലിപ്പിക്കുന്ന ക്രിസ്തുവിന്‍റെ നിത്യസമകാലീനതയിലേക്ക് (contemporaneousness) ഇന്ന് ഏറെ വെളിച്ചം പകരുന്നത് ശാസ്ത്രമാണ്. "യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ്" (ഹെബ്രാ 13,8). അനുസ്യൂതം തുടരുന്ന സൃഷ്ടികര്‍മ്മത്തിലെ നിലയ്ക്കാത്ത വചനവും ജീര്‍ണ്ണതയുടെ പിടിയില്‍നിന്നും മോചിതമായി ദൈവമക്കളുടെ വീണ്ടെടുപ്പിനായി ഈറ്റുനോവനുഭവിക്കുന്ന സൃഷ്ടപ്രപഞ്ചത്തിന്‍റെ നെടുവീര്‍പ്പുകളും (യോഹ 1,3; റോമ 8,21) ക്രിസ്തുവാണ്. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും സമാശ്ലേഷിച്ചുകൊണ്ട് (കൊളോ 1,20) പൂര്‍ണ്ണതയ്ക്കായി കുതിക്കുന്ന പരിണാമശക്തിയിലൂടെ കണ്ണുകള്‍ക്ക് കാണാവുന്നതും ചെവികള്‍ക്കു കേള്‍ക്കാവുന്നതും കൈകള്‍ക്കു സ്പര്‍ശിക്കാവുന്നതുമായ (1 യോഹ 1,1) സജീവയാഥാര്‍ത്ഥ്യമായി ക്രിസ്തു നിലകൊള്ളുന്നു. പദാര്‍ത്ഥലോകത്തെയും സസ്യലോകത്തെയും ജന്തുലോകത്തെയും കോര്‍ത്തിണക്കുന്ന കണ്ണി ക്രിസ്തുവാണ്. അലഞ്ഞുതിരിയുന്ന പദാര്‍ത്ഥധൂളികളില്‍ നിന്നു ബുദ്ധിയെയും ബോധത്തെയും ഒന്നിപ്പിക്കുന്നതും പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ നിര്‍ദ്ദയങ്ങളായ പാതകളില്‍ തളര്‍ന്നുവീഴുന്നവയെ താങ്ങിനിര്‍ത്തുന്നതും ക്രിസ്തുവാണ്. ഈ പ്രപഞ്ചം മുഴുവന്‍ ഒരു താബോര്‍മലയാണ്. പ്രപഞ്ചത്തിന്‍റെ ഭൂതകാലചരിത്രത്തിലും അതിന്‍റെ വര്‍ത്തമാനകാലചരിത്രത്തിലും ക്രിസ്തുവിന്‍റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുന്നതും, അവന്‍റെ വസ്ത്രം പ്രകാശംപോലെ ധവളമാകുന്നതും കാണാം (മത്താ 17,1-2).

ആദിമുതലേ ലോകത്തിലുണ്ടായിരുന്ന വചനത്തിന്‍റെ പ്രത്യക്ഷീകരണമായിട്ടാണ് യോഹന്നാന്‍ മനുഷ്യാവതാരത്തെ കാണുന്നത്. എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥവെളിച്ചം ലോകത്തിലായിരുന്നു (യോഹ 1,9-10). ശതകോടി വര്‍ഷങ്ങള്‍ക്കുമുമ്പേ പദാര്‍ത്ഥം ശ്രവിച്ച മംഗളവാര്‍ത്തയില്‍നിന്നും സമസ്തജീവജാലങ്ങളുടെയും സ്തോത്രഗീതങ്ങള്‍ ഏറ്റുവാങ്ങി പ്രപഞ്ചത്തിന്‍റെ ഗര്‍ഭത്തില്‍ ഉരുവാക്കപ്പെട്ട പരിശുദ്ധന്‍റെ ജനനമാണ് മനുഷ്യാവതാരം. എന്തുകൊണ്ടെന്നാല്‍ "കര്‍ത്താവ് തന്‍റെ സൃഷ്ടികര്‍മ്മത്തിന്‍റെ ആരംഭത്തില്‍, തന്‍റെ എല്ലാ ആദ്യസൃഷ്ടികളിലും ആദ്യത്തേതായി എന്നെ സൃഷ്ടിച്ചു. യുഗങ്ങള്‍ക്കുമുമ്പ്, ഭൂമിയുടെ ആവിര്‍ഭാവത്തിനുമുമ്പ് ഒന്നാമതായി ഞാന്‍ സ്ഥാപിക്കപ്പെട്ടു. സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായ അരുവികള്‍ക്കും മുമ്പുതന്നെ എനിക്കു ജന്മംകിട്ടി. പര്‍വ്വതങ്ങള്‍ക്കും കുന്നുകള്‍ക്കും രൂപംകിട്ടുന്നതിനുമുമ്പ് ഞാനുണ്ടായി . . . " (സുഭാ 8, 22-31).

പ്രപഞ്ചത്തിന്‍റെ സര്‍ഗ്ഗാത്മകതയില്‍ അന്തര്‍വര്‍ത്തിയായിരിക്കുകയും നൂതനത്വത്തെയും ഔന്നത്യത്തെയും ലക്ഷ്യമാക്കിയുള്ള പ്രയാണത്തില്‍ സര്‍വ്വാതിശായിയായി വര്‍ത്തിക്കുകയും ചെയ്യുന്ന ദൈവത്തെ എളുപ്പത്തില്‍ അനുമാനിക്കാവുന്നതേയുള്ളു. ഇത്തരുണത്തില്‍, പ്രപാഞ്ചിക സര്‍ഗ്ഗചേതനയുടെ തുടര്‍ച്ചയും ദൈവത്തിന്‍റെ അന്തര്‍വര്‍ത്തിത്വ-സര്‍വ്വാതിശായിത്വ സ്വഭാവങ്ങളുടെ ഉത്കൃഷ്ടദൃഷ്ടാന്തവുമായി മനുഷ്യാവതാരത്തെ കാണാവുന്നതാണ്. പദാര്‍ത്ഥത്തെ മാംസം ധരിപ്പിക്കുന്ന പ്രാപഞ്ചികസര്‍ഗ്ഗശക്തിയുടെയും പദാര്‍ത്ഥത്തെ പദാര്‍ത്ഥത്തില്‍നിന്നും വിളിച്ചിറക്കുന്ന ദൈവികശക്തിയുടെയും സംഗമബിന്ദുവാണ് മനുഷ്യാവതാരം. ലോകത്തിലായിരുന്ന ക്രിസ്തുവിന്‍റെ ഛായയും സാദൃശ്യവും ആലേഖനം ചെയ്യപ്പെട്ട പദാര്‍ത്ഥത്തിന്‍റെ ഉജ്ജ്വലത്തായ മഹത്വീകരണം ഇവിടെ സാധ്യമാകുന്നു.

മനുഷ്യാവതാരത്തിന്‍റെ പ്രാപഞ്ചികമാനം ആര്‍തര്‍ പീകോക്കിന്‍റെ വീക്ഷണത്തില്‍ വളരെ പ്രകടമാണ്. പീകോക്കിന്‍റെ അഭിപ്രായത്തില്‍, ഉച്ചരിക്കപ്പെട്ട വചനം (യോഹ 1:1-12) സൃഷ്ടിയിലാകമാനം ചിതറിയിരിക്കുന്നു. അത് പൊതുവും നിരന്തരമുള്ളതും അന്തര്‍ലീനമായതും എന്നാല്‍ മനസ്സിലാക്കാനാകാത്തതുമാണ്.[13] സൃഷ്ടിയിലെ ദൈവികമായ അന്തര്‍ലീനത്വം മനുഷ്യാവതാരത്തില്‍ കേന്ദ്രീകൃതവും ചരിത്രപരവും വ്യക്തവും പ്രത്യക്ഷവുമാണ്. നിരവധി സഭാപിതാക്കന്മാരുടെ ദര്‍ശനങ്ങളിലും മനുഷ്യാവതാരം ചലനാത്മകതയുടെ ഒരു സാര്‍വ്വത്രികഘടനയെ ഒരുമയിലേക്കു കൊണ്ടുവരുന്ന സാര്‍വ്വത്രികപ്രക്രിയയാണ്. മനുഷ്യാവതാരത്തില്‍ പ്രപഞ്ചം മുഴുവന്‍ ക്രിസ്തുവിലേക്ക് എടുക്കപ്പെടുകയും പദാര്‍ത്ഥം അതിനാല്‍ സജീവമാക്കപ്പെടുകയും ചെയ്തുവെന്ന് ഒരിജന്‍ അഭിപ്രായപ്പെട്ടു. മുഖ്യ ബൈസന്‍റയിന്‍ ചിന്തകരിലൊരാളായ മാക്സിമൂസ് ദ കണ്‍ഫസ്സര്‍ പറയുന്നു: "ദൈവം തന്നെയായ ദൈവത്തിന്‍റെ വചനം, തന്‍റെ മനുഷ്യാവതാരത്തിന്‍റെ രഹസ്യം എല്ലാ വസ്തുക്കളിലും എല്ലായ്പോഴും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു."[14]

റാനറുടെ ക്രിസ്തുവിജ്ഞാനീയത്തില്‍, പരിണാമാത്മകവും ചലനാത്മകവും ആത്മാതിശായിയുമായ മനുഷ്യാവതാരത്തിന്‍റെ പുതുമ ആഴത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. റാനറുടെ അഭിപ്രായത്തില്‍, ലോകത്തിലെ ദൈവത്തിന്‍റെ അന്തര്‍ലീനത്വം പാദാര്‍ത്ഥത്തോടുള്ള സ്നേഹപൂര്‍ണ്ണമായ ആത്മാര്‍പ്പണമാണ്. ഇത് പദാര്‍ത്ഥത്തെ ഉള്ളില്‍ നിന്നും സ്വയം അതിവര്‍ത്തിച്ച് പുതിയതാകാനും ആത്യന്തികമായി മനുഷ്യനാകാനും സമ്മര്‍ദ്ദം ചെലുത്തുന്നു. കൃപയുടെ ദിവ്യദാനം യേശുവില്‍ ലോകം സ്വീകരിച്ചതു പൂര്‍ണ്ണവും മാറ്റാനൊക്കാത്തതുമാണെന്നതുപോലെ, മനുഷ്യാവതാരം അര്‍ത്ഥമാക്കുന്നത് കൃപയുടെ സാര്‍വ്വത്രികദാനത്തിലെ തനതായ ആന്തരികനിമിഷവും അതുപോലെ തന്നെ ലോകത്തിലെ ദൈവത്തിന്‍റെ ക്രിയാത്മകമായ അന്തര്‍ലീനത്വത്തിന്‍റെ മറികടക്കാനാവാത്ത പരമകോടിയുമാണ്.[15] ദൈവം യേശുവില്‍ ചെയ്തത് അവിടുന്ന് ചരിത്രത്തില്‍ ചെയ്തുകൊണ്ടിരുന്നത് തന്നെയാണ്. കാരണം, യേശുവിന്‍റെ ശരീരം സാധാരണ എല്ലാവരിലുമെന്നപോലെ പ്രപഞ്ചത്തില്‍ നിന്നുമാണ് അതിന്‍റെ ഭൗതികഘടകങ്ങള്‍ സ്വീകരിച്ചതെന്ന് നമുക്കറിയാം. അതിനാല്‍, പദാര്‍ത്ഥത്തിന്‍റെ ആത്യന്തികവും ആന്തരികവുമായ ക്രിയാത്മകത ദൈവികമായ ജീവിതത്തിലേക്കുള്ള അതിവര്‍ത്തനം തന്നെയാണ്. റാനറുടെ കാഴ്ചപ്പാടിനെക്കുറിച്ച് വില്യം ഡൈക്ക് പറയുന്നതിതാണ്: "മനുഷ്യാവതാരം ചരിത്രത്തിന്‍റെ സാധാരണഗതിയിലുള്ള ബാഹ്യശക്തികളുടെ ഇടപെടലോ അതിന്‍റെ വഴിതെറ്റലോ അല്ല. മറിച്ച് സമയത്തിന്‍റെ പൂര്‍ണ്ണതയും സൃഷ്ടിയോടൊപ്പം ആരംഭിച്ച ചലനങ്ങളുടെ കൂടിച്ചേരലുമാണ്."[16] റാനറുടെ അഭിപ്രായത്തില്‍, "ലോകം മുഴുവന്‍റെയും ദൈവികവത്കരണത്തിന്‍റെ അവശ്യവും സ്ഥിരവുമായ ആരംഭമായി മനുഷ്യാവതാരം പ്രത്യക്ഷപ്പെടുന്നു."[17] "സത്താപരമായി സൃഷ്ടി മുഴുവന്‍റെയും ചലനത്തിന്‍റെ സ്പഷ്ടമായ ലക്ഷ്യമായി മനുഷ്യാവതാരം മാറുന്നു..."[18]

തെയ്യാര്‍ദ്ദ് ഷെര്‍ദ്ദാന്‍റെ ക്രിസ്തുവിജ്ഞാനീയ വിചിന്തനങ്ങള്‍ നമ്മുടെ പരാമര്‍ശമര്‍ഹിക്കുന്നു. പദാര്‍ത്ഥത്തിന്‍റെ പരിണാമത്തില്‍ നിന്ന് അകന്നുനില്ക്കുന്ന ക്രിസ്തുവിജ്ഞാനീയം ഒരു ഇതിഹാസകഥ പോലെ പുറന്തള്ളപ്പെടുമെന്ന് റാനറെപ്പോലെ തെയ്യാര്‍ദ്ദും വിശ്വസിച്ചിരുന്നു.[19] പ്രപഞ്ചത്തിന്‍റെ രാജാവ് എന്ന നിലയില്‍ ക്രിസ്തുവിനെയും പരിണാമാത്മക സമാനവര്‍ഗ്ഗങ്ങളില്‍ വിവരിക്കാനാകുമെന്ന് അദ്ദേഹം കരുതി. പരിണാമമാറ്റത്തെ പരാമര്‍ശിക്കുന്ന അദ്ദേഹത്തിന്‍റെ പ്രധാന സമാനവര്‍ഗ്ഗമായ ഉത്പത്തി, പ്രപഞ്ചോത്പത്തിയില്‍ നിന്നാരംഭിച്ച് ജൈവോത്പത്തിയിലൂടെ തുടര്‍ന്ന് മനുഷ്യോത്പത്തിയിലൂടെ ക്രിസ്തുജനനം വരെ എത്തിനില്ക്കുന്നു. ക്രിസ്തുഉത്പത്തി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തെ സഹായിച്ച രണ്ട് ഉറവിടങ്ങളാണ് ക്രിസ്തീയ വെളിപാടും ശാസ്ത്രീയവിവരങ്ങളും. തെയ്യാര്‍ദ്ദ് പറയുന്നു, "അടിസ്ഥാനപരമായി, സൃഷ്ടിയില്‍ എല്ലായ്പോഴും എന്നേക്കുമായി നിര്‍മ്മിക്കപ്പെടുന്നത് ഒന്നുമാത്രമാണ്: ക്രിസ്തുവിന്‍റെ ശരീരം."[20] ക്രിസ്തുവിലൂടെ പദാര്‍ത്ഥത്തിലുള്ള ദൈവത്തിന്‍റെ രക്ഷാകരസാന്നിദ്ധ്യം "അത്ഭുതകരമായ ഒരു ജൈവപ്രവര്‍ത്തനമാണ്." അത് കോറിന്തോസ് 1:15-20ല്‍ സൂചിപ്പിച്ചിരിക്കുന്ന പൂര്‍ണ്ണതയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്ന ലോകാവസാനസമയത്ത് (parousia) സൃഷ്ടിയെ പൂര്‍ണ്ണതയിലെത്താന്‍ (pleroma) സഹായിക്കുന്ന ഘടകമാണ്.[21]

 

4. പ്രാപഞ്ചികപെസഹായുടെ ക്രിസ്തു-കുഞ്ഞാട്
പരിണാമം എല്ലായ്പോഴും പുതിയതിന്‍റെ ആവിര്‍ഭാവത്തെ കുറിക്കുന്നു. ആവിര്‍ഭാവം സങ്കീര്‍ണഘടനകളുടെ പ്രത്യക്ഷപ്പെടലല്ല. മറിച്ച്, അസ്തിത്വത്തിന്‍റെ പുതിയ തലങ്ങളുടെ യാഥാര്‍ത്ഥ്യവത്കരണവും ആയിരിക്കുന്നതിന്‍റെ പുതിയ രീതികളും ആയിത്തീരുന്നതിന്‍റെ പുത്തന്‍ ഭാഗങ്ങളുമാണ്. തുറന്ന ഈ പ്രക്രിയകള്‍ മുഴുവന്‍ ലക്ഷ്യമാക്കുന്നത് ഐക്യവും പരസ്പരബന്ധവുമാണ്. പ്രപഞ്ചത്തിന്‍റെ പ്രാഥമികലക്ഷ്യം തന്നെ സമന്വയമായതിനാല്‍, അതിനുതാഴെയുള്ള ജൈവിക, ഭൗതിക, സാമൂഹിക, ധാര്‍മ്മികതലങ്ങള്‍ക്ക് ഐക്യത്തില്‍ നിന്ന് അകന്നുപോവുക സാദ്ധ്യമല്ല. ക്രിസ്തു, ഐക്യത്തിന്‍റെയും പൂര്‍ണ്ണതയുടെയും ആദര്‍ശം എന്ന നിലയില്‍ (കൊളോ 1:19; 1 കോറി 8) സൃഷ്ടിയെ അതിന്‍റെ ഐക്യത്തിലും പൂര്‍ണ്ണതയിലും നിലനിര്‍ത്തണം. സഹനമരണഉത്ഥാനങ്ങളിലൂടെ കൈവരിച്ച ക്രിസ്തുവിന്‍റെ അടിസ്ഥാനദൗത്യമായ രക്ഷയുടെ സാര്‍വ്വത്രികസ്വഭാവം കാണുന്നതിന് ഇത് നമ്മെ സഹായിക്കുന്നു.

പാപം ഐക്യത്തിലായിരിക്കുന്നതിനും കൂടെയായിരിക്കുന്നതിനുമുള്ള വിസമ്മതമാണ്. പ്രാപഞ്ചികകൂട്ടായ്മയില്‍ നിന്നും അഹംബോധഭാവത്തിലേക്കുള്ള പിന്‍വലിയലും സാര്‍വ്വത്രികമായതില്‍ നിന്നുള്ള പ്രത്യേകമായതിന്‍റെ തിരഞ്ഞെടുപ്പുമാണ് അത്. അതിനാല്‍ പ്രപഞ്ചത്തിനും പ്രാപഞ്ചികഭൂതകാലത്തിന്‍റെ മുഴുവന്‍ പ്രക്രിയകള്‍ക്കും പ്രാപഞ്ചികഭാവികാലത്തിന്‍റെ മുഴുവന്‍ ഉദ്ദേശത്തിനും എതിരായതാണ് ഓരോ പാപവും. ഒരുപക്ഷേ ദൈവം കായേനെ പഠിപ്പിക്കാനുദ്ദേശിച്ചിരുന്ന പാഠം ഇതാണ്: "നിന്‍റെ സഹോദരന്‍റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്‍റെ കൈയില്‍ നിന്ന് നിന്‍റെ സഹോദരന്‍റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷി ചെയ്യുമ്പോള്‍ മണ്ണു നിനക്ക് ഫലം തരികയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും" (ഉത്പ 4:10-12).

ക്രിസ്തുവിലൂടെ കൈവരിക്കപ്പെട്ട പൂര്‍ണ്ണത തന്നെയായ രക്ഷ അതിന്‍റെ സാര്‍വ്വത്രികസ്വഭാവത്തെ അനാവൃതമാക്കുന്നു. ജീവജാലങ്ങള്‍ തമ്മിലുള്ള സത്താപരവും അസ്തിത്വപരവും ധാര്‍മ്മികവുമായ ഐക്യത്തെ പൂര്‍ണ്ണത പുനരവതരിപ്പിക്കുന്നു. പൂര്‍ണ്ണതയുടെ ഈ അനുഭവത്തില്‍ സര്‍വ്വയാഥാര്‍ത്ഥ്യത്തിന്‍റെയും പരസ്പരബന്ധങ്ങള്‍ മനുഷ്യര്‍ മനസ്സിലാക്കുന്നു. അതിനാല്‍ രക്ഷാകരചരിത്രത്തെ ഭൗതിക, ജൈവിക, മനശാസ്ത്ര, സാമൂഹികചരിത്രങ്ങളുടെ ആത്മാതിവര്‍ത്തിയായ തുടര്‍ച്ചയായി വേണം നാം കണക്കാക്കുവാന്‍. ദൈവം സ്വേച്ഛയാല്‍ നല്കുന്ന സമ്മാനമാണ് സൃഷ്ടി. "ദൈവത്തിന്‍റെ സ്നേഹമാണ് സൃഷ്ടിയുടെ അന്തിമകാരണം (causa finalis)."[22] സ്നേഹം സഹനത്തെ അതിജീവിക്കുന്നു. ഐക്യത്തിന്‍റെ അടിസ്ഥാനപരമായ ഘടനാഭാവം സ്വയം ശൂന്യമാക്കുന്ന സ്നേഹമാണ്. "മനുഷ്യന്‍ തീരെ സ്നേഹയോഗ്യനല്ലാത്ത അവസ്ഥയിലും അവനെ ദൈവത്തിന്‍റെ വൈരുദ്ധ്യാത്മകമായ സ്നേഹം ആഗിരണം ചെയ്യുന്ന ഇടമല്ല കുരിശ്."[23] സൃഷ്ടിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്ന സ്നേഹത്തിന്‍റെ ആത്യന്തിക അടയാളവും പ്രപഞ്ചത്തിന്‍റെ നടുവില്‍ നിന്ന് എല്ലാത്തിനെയും ആഗിരണം ചെയ്യുന്ന തുറവിയുമാണ് കുരിശ്. അതിന്‍റെ ലംബമായ മാനം പ്രാപഞ്ചികമായ ആദിമതലത്തില്‍ നിന്ന് രൂപമെടുത്ത് സൃഷ്ടിപരവും പുനരൈക്യപ്പെടുത്തുന്നതുമായ സ്നേഹഊര്‍ജ്ജത്തെ സൃഷ്ടിയിലേക്ക് സന്നിവേശിപ്പിക്കുന്നു. അതിന്‍റെ മുകള്‍ഭാഗം കുരിശോട് ചേര്‍ന്നിരിക്കുന്ന അനന്താതിശായിയായ സൃഷ്ടികാരണത്തെ ചൂണ്ടിക്കാണിക്കുന്നു. കുരിശ് രാത്രികളെ പകലുകളാക്കുന്നു; വളഞ്ഞവഴികളെ നേരെയാക്കുന്നു. രോഗബാധിതമായവയെ സുഖപ്പെടുത്തിക്കൊണ്ടും, കടലിനെ ശാന്തമാക്കിക്കൊണ്ടും, മുറിവേറ്റവയെ വച്ചുകെട്ടിക്കൊണ്ടും സൃഷ്ടി മുഴുവനെയും പുതിയ സൗന്ദര്യത്തില്‍ വീണ്ടെടുക്കുന്നു. പദാര്‍ത്ഥത്തിലെ ആന്തരികമായ ആത്മീയരൂപാന്തരീകരണത്തിന്‍റെ ബാഹ്യമായ ദൃശ്യഅടയാളമാണ് കുരിശ്. പീകോക്ക് നമ്മുടെ കാഴ്ചപ്പാടുകളെ സ്ഥിരീകരിക്കുന്നു: "സൃഷ്ടമായവയ്ക്ക് സ്രഷ്ടാവിനോടുള്ള ഐക്യത്തിന് യേശുവാണ് ഉത്കൃഷ്ടമായ മാതൃകയെങ്കില്‍, അവന്‍റെ യഥാര്‍ത്ഥമായ മാനുഷികജീവിതത്തിലെ ദുരന്തം സൃഷ്ടിക്കപ്പെട്ട മനുഷ്യനോടും മറ്റു ജീവജാലങ്ങളോടും ഒപ്പം സഹിക്കുന്ന ഒരു ദൈവത്തെ അനാവരണം ചെയ്യുന്നതിനുള്ള ശ്രമമാണ്. അങ്ങനെ യേശു സൃഷ്ടിപ്രവര്‍ത്തനങ്ങളുടെ വേദനയായ ദൈവത്തിന്‍റെ സ്വന്തം വേദന വഹിക്കുന്നവനായിത്തീര്‍ന്നു."[24]

പക്ഷേ, ക്രിസ്തുവത്കൃതപ്രപഞ്ചത്തിന്‍റെയോ അന്തഃപ്രപഞ്ചക്രിസ്റ്റിസത്തിന്‍റെയോ അവസാനവാക്കല്ല കുരിശ്. മനുഷ്യനായവതരിക്കുന്ന ദൈവവചനം മാംസം ധരിക്കുന്നതിലുള്ള പദാര്‍ത്ഥത്തിന്‍റെ വിജയം അതിന്‍റെ പരമമാഹാത്മ്യം അനുഭവിക്കുന്നത് ഉത്ഥാനത്തിലാണ്. ശാസ്ത്രീയാടിസ്ഥാനങ്ങളിലെ നൂതനപ്രവണതകള്‍, സ്ഥലകാലങ്ങളുടെ അന്തര്‍മുഖത്വം, സ്വയാതിവര്‍ത്തിയായ ആത്മീയകഴിവുകളോടൊപ്പം ആവിര്‍ഭവിക്കുന്ന പ്രാപഞ്ചികാനുഭവങ്ങള്‍ക്കു പിന്നിലെ ആഴങ്ങള്‍ എന്നിവ യേശുക്രിസ്തുവിന്‍റെ ഉത്ഥാനത്തിന് ഒരു നിശ്ചിതഅളവ് പ്രാപഞ്ചികതീര്‍ച്ച കല്പിച്ചു നല്കുന്നു. യേശുവിനെ മരിച്ചവരുടെയിടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിച്ച പിതാവിന്‍റെ ശക്തി പ്രാപഞ്ചികമായ വിശ്രമമില്ലായ്മയോട് ബന്ധപ്പെട്ടതു തന്നെയാണ്. അതിനാല്‍ സ്വയം അതിവര്‍ത്തിക്കുന്ന "ഭൗതികവാദ"ത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയാണ് ഉത്ഥാനം. ചരിത്രപരമായ ഉത്ഥാനം പ്രപഞ്ചത്തിന് എത്തിച്ചേരാന്‍ പുതിയൊരു ഇടം നല്കി. അങ്ങനെ ഉത്ഥാനത്തില്‍, പ്രപഞ്ചത്തിനും ചരിത്രത്തിനും സമകാലികത്വത്തിന്‍റെ ഒരു ക്രിസ്തുതലം നല്കിക്കൊണ്ട് പ്രപഞ്ചത്തിന്‍റെ ഇന്നലെ അതിന്‍റെ നാളെയുമായി കണ്ടുമുട്ടുന്നു.

ശാസ്ത്രീയപശ്ചാത്തലത്തില്‍ വെളിപ്പെടുത്തപ്പെട്ട ക്രിസ്തുവിജ്ഞാനീയപരമായ സത്യങ്ങളുടെ വ്യാഖ്യാനശാസ്ത്രപരമായ ഒരവതരണമാണ് ഈ ലേഖനം. ശാസ്ത്രം വെളിച്ചം വീശുന്ന പ്രാപഞ്ചികരഹസ്യങ്ങളുടെയും പദാര്‍ത്ഥികവിസ്മയങ്ങളുടെയും സൂക്ഷ്മതലങ്ങളില്‍ പരമ്പരാഗതചട്ടക്കൂടുകളെ അതിലംഘിക്കുന്ന പരിശുദ്ധാത്മപരവും ക്രിസ്തുകേന്ദ്രീകൃതവുമായ ദൈവാവിഷ്കാരത്തിന്‍റെ നിഴല്‍രൂപങ്ങളാണിവ. ഇവയിലൂടെ ക്രൈസ്തവദൈവശാസ്ത്രത്തിന്‍റെ രീതിശാസ്ത്രത്തെ ക്രിയാത്മകമായി നവീകരിക്കാനും അതിന്‍റെ ഉള്ളടക്കത്തിന് പ്രാപഞ്ചികവും പദാര്‍ത്ഥികവുമായ അര്‍ത്ഥപൂര്‍ണത നല്കാനും കഴിയുന്ന ശാസ്ത്ര-ദൈവശാസ്ത്രദര്‍ശനങ്ങളുടെ സമന്വയം സാധ്യമാകും. അതുവഴി, താബോര്‍മലയില്‍ രൂപാന്തരപ്പെട്ട സൗന്ദര്യം തന്നെയാണ് മരങ്ങളിലും ചെടികളിലും പൂക്കളിലും ചിത്രശലഭങ്ങളിലുമായി പ്രശോഭിക്കുന്നതെന്ന് കാവ്യഭാഷയില്‍ നമുക്കു പറയാന്‍ സാധിക്കും. അവന്‍റെ മുഖം സൂര്യനെപ്പോലെയും വസ്ത്രാഞ്ചലം പ്രകാശരശ്മികള്‍ പോലെയും കാണപ്പെടുന്ന അത്ഭുതകരമായ ഒരു താബോറാണ് പ്രപഞ്ചം.

ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.

Notes
1 The Warfare attitude between Science and Religion was advocated by two widely known books of the latter years of the 19th century: (i) The History of the Conflict between Religion and Science by William Draper and (ii) A History of the Warfare of Science with Theology in Christendom by Andrew Dicken White. The former was put on the Vatican’s Index in 1876.
2 Jurgen Moltman, God in Creation - A New Theology of Creation and the Spirit of God (San Francisco: Harper and Row, 1985) p.11.
3 K. Pedlar, Quoted in Paul Davies, God and the New Physics (Harmonds Worth: Penguin Books, 1983), pp 7-8.
4 Vitor Westhelle, "The Challenge of Theology to Science and the Church'' in John M. Mangum (ed.), The New Faith - Science Debate (Minneapolis: Fortress Press, 1989), p. 30.
5 Dei Verbum, No.8.
6 Ibid
7 Quoted in Robert John Russel, et al (eds.). Physics, Philsophy and Theology - A common Quest for Understanding (Vatican: Vatican Observatory, 1988), p.M10.
8 Arthur Peacocke, "The Challenge of Science to Theolgoy and the Church''. in John M. Mangum, p. 13.
9 This Argument follows from the Pauline idea that everything that was involved in the fall is equally involved in salvation. See Rom.8:19-22; 1 Cor.3:22; 15:20-28; Eph. 1:10; 4:10; Phil.2:10; 3:21; Heb.2:5-8; Col.2:9.
10 Moltmann, God in Creation, p.170.
11 H. Berkhof, "God in Nature and History" in Faith and Order Studies, 1964-7 (Geneva: World Council of Churches, 1968), pp.12,13.
12 Quoted in Paulose Mar Gregorios, "Six Bible Studies" in John M. Magnum, pp.111-112.
13 See Peacocke, The Challenge of Science to Theology and the Church, p. 19.
14 Cited in Peacocke, Creation and the World of Science, p. 289.
15 See Karl Rahner "Christology in the Setting of Modern Man’s Understanding of Himself and His World," in Theological Investigations, Vol.2 (New York: Seabury, 1924), pp. 224-228. See also Mooney’s discussion of Rahner, pp. 158-168.
16 William V. Dych, Karl Rahner (Collegeville: Liturgical Press, 1992) p.79.
17 Karl Rahner, "Christology within an Evolutionary View", Theological Investigations, Vol. 5 (London: Darton, Longman and Todd, 1966) p.166.
18 Rahner, "Current Problems", p. 165.
19 See Mooney, p. 168.
20 Teilhard de Chardin, Christianity and Evolution (New York: Harcourt Brace Jovanovich, 1971) p.177.
21 See Mooney, P. 169.
22 Emil Brunner, The Christian Doctrine of Creation and Redemption (London: Lutterworth Press) p.13.
23 G.W.H. Lampe, "The Atonement: Law and Love," in A.R. Vidley (ed.) Sounding (Carmbridge: Cambridge University Press, 1963) p. 187.
24 Peacocke, Creation and the World of Science, pp. 229-230.

christology in science Dr.Augustine pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message