x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ആശ്രമങ്ങളിലെ ക്രിസ്തുശാസ്ത്രം

Authored by : Emmanuel Vattakkuzhy On 29-May-2021

ഒരു ക്രൈസ്തവാശ്രമം യേശുവിന്‍റെ ആത്മബോധത്തിലും സത്യത്തിലും ആന്തരികതയിലും സാര്‍വ്വത്രികതയിലും ലാളിത്യത്തിലും നിശബ്ദതയിലും ധ്യാനത്തിലും അദ്വൈതദര്‍ശനത്തിലും മിസ്റ്റിക് അനുഭൂതിയിലും അധിഷ്ഠിതമായ ഒരു ക്രിസ്തുദര്‍ശനമാണ് ജീവിക്കാന്‍ ശ്രമിക്കുന്നത്. ആശ്രമങ്ങളിലെ ക്രിസ്തുവിജ്ഞാനീയത്തിലേക്കു കടക്കുന്നതിനു മുമ്പ് ആശ്രമങ്ങളേക്കുറിച്ച് ഒരുവാക്ക് പറയേണ്ടതുണ്ട്.
എന്താണ് ആശ്രമം? ആശ്രമമൊരു പുരോഗമനപ്രസ്ഥാനമോ വിപ്ലവപ്രസ്ഥാനമോ അല്ല. ആശ്രമങ്ങളുടെ ലക്ഷ്യം ഭൗതികനേട്ടങ്ങളുമല്ല. എന്‍റെ രാജ്യം ഐഹികമല്ലെന്നു ക്രിസ്തുഭഗവാന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ (യോഹ. 18,36). ആത്മീയവെളിച്ചത്തിലെത്തുക അഥവാ ആത്മസാക്ഷാത്കൃതനാകുക എന്നതാണ് ആശ്രമങ്ങളുടെ പരമലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്കായി ആത്മീയമായ ഒരടിത്തറയിലും സ്വാതന്ത്ര്യത്തിലും ആഴത്തിലും ജീവിക്കുന്നതിന് ഒരു സത്യാന്വേഷിയുടെ ഹൃദയത്തില്‍ വിടരുന്ന സമര്‍പ്പണോന്മുഖമായ ഒരു ജീവിതരീതിയാണ് ആശ്രമമെന്നു പറയാം. ഒരാളുടെ ഇഷ്ടം പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം അവിടെയില്ല.
കൃത്യമായിപ്പറഞ്ഞാല്‍, ആശ്രമമൊരു ഭാരതീയപൈതൃകമാണ്. ഇന്ത്യയില്‍ (ഏഷ്യയില്‍) പല തരത്തിലുള്ള ആശ്രമങ്ങളുണ്ട്. ഹൈന്ദവര്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും ക്രൈസ്തവര്‍ക്കും ആശ്രമങ്ങളുണ്ട്. എന്നാല്‍ ക്രൈസ്തവരുടെയിടയില്‍ ആശ്രമസങ്കല്പം അത്ര സുപരിചിതമല്ല. അവര്‍ക്ക് ഒരു സ്കൂള്‍, സെമിനാരി, മഠം, ഹോസ്പിറ്റല്‍ എന്നൊക്കെപ്പറഞ്ഞാല്‍ പെട്ടെന്നു മനസ്സിലാകും. എന്നാല്‍ ആശ്രമമെന്നു പറഞ്ഞാല്‍ അത്രപെട്ടെന്നു മനസ്സിലാകുകയില്ല. അതിന് പല കാരണങ്ങളുണ്ട്. ഒരു പ്രധാനകാരണം ഭാരതീയര്‍ ക്രിസ്തുരഹസ്യം മനസ്സിലാക്കുന്നത് പാശ്ചാത്യരീതിയിലാണ് എന്നതാണ്. സ്ഥാപനവത്കൃതമായ ഒരു ക്രിസ്തീയ ജീവിതരീതിക്ക് മുന്‍ഗണന നല്കുന്നതാണ് മറ്റൊരു കാരണം. ഇനി നമുക്ക് വിഷയത്തിലേക്കു കടക്കാം.

1. ഗുരുവിന്‍റെ കാഴ്ചപ്പാട്                                                                                                                                                                                                                                                                                  
ആശ്രമത്തിന്‍റെ നേതാവ് ദൈവാനുഭവസ്ഥനായ ഗുരുവാണ്. അദ്ദേഹത്തെ ആശ്രയിച്ചാണ് ആശ്രമം നിലനില്ക്കുന്നത്. ആത്മവെളിച്ചം കിട്ടിയ ഒരാള്‍ എവിടെ ഇരിക്കുന്നോ അതാണ് ആശ്രമം. അദ്ദേഹം ഒരു മരച്ചുവട്ടിലിരുന്നാലും അത് ആശ്രമമാണ്. വലിയ കെട്ടിടങ്ങളോ സൗകര്യങ്ങളോ അല്ല അവിടെ പ്രധാനം.
വെളിപാടുകള്‍ മാത്രമല്ല, ഗുരുവിന്‍റെ ഉള്ളില്‍ ഉയരുന്ന ഉള്‍ക്കാഴ്ചകളും ക്രിസ്തുജ്ഞാനത്തിന് ആധാരമാണ്. ഒരു നല്ല ഗുരുവിനേപ്പോലെ നല്ല ശിഷ്യനും ദുര്‍ലഭമാണ്. യഥാര്‍ത്ഥ ഗുരുവും യഥാര്‍ത്ഥ ശിഷ്യനും ചേര്‍ന്നെങ്കിലേ ആത്മീയ ഉറവകള്‍ പൊട്ടിപ്പുറപ്പെടുകയുള്ളു എന്നാണ് സ്വാമി അഭിഷിക്താനന്ദന്‍ പറയുന്നത്. കേവലം ശിഷ്യന്‍റെ ഇഷ്ടാനിഷ്ടങ്ങളോ, ജനപ്രീതിയോ പ്രസിദ്ധിയോ ഒന്നും അദ്ദേഹം കാര്യമാക്കാറില്ല. ശിഷ്യന്‍റെ ജ്ഞാനമുക്തിക്കാണ് അദ്ദേഹം പരിശ്രമിക്കുന്നത്.

ഗുരു ഒരു പ്രൊഫസറോ അക്കാദമികപണ്ഡിതനോ ആയിരിക്കണമെന്നില്ല. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ആത്മവിദ്യ പകര്‍ന്നു കൊടുക്കുന്നവനാണ് അദ്ദേഹം. ക്രിസ്തുസാക്ഷാത്കരണത്തിന് അദ്ദേഹം വിവിധ ആത്മീയപാതകള്‍ സ്വീകരിച്ചേക്കാം. ജ്ഞാന, സ്നേഹ, ഭക്തി, കര്‍മ്മ, സഹനമാര്‍ഗ്ഗങ്ങളില്‍ ഏതും ശിഷ്യന്‍റെ പ്രകൃതിയനുസരിച്ച് അദ്ദേഹം ഉപയോഗപ്പെടുത്തും. എങ്ങനെയാണെങ്കിലും ശിഷ്യന്‍ തികച്ചും ആത്മാരാമനും ആത്മദാഹിയും ആയിരിക്കണം. സദ്ഗുരുവായ യേശുവും പറഞ്ഞത് ദാഹിക്കുന്നവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ എന്നല്ലേ? (യോഹ. 7,37).
ക്രിസ്തുസാക്ഷാത്കരണത്തിന് ജാതിമതഭേദമെന്യേ ആര്‍ക്കും ഒരാശ്രമത്തിലേക്കു കടന്നുവരാം. ഗുരു, മതാതീനായ ആത്മീയാചാര്യനാണ്. യേശു അപ്രകാരമുള്ളവനായിരുന്നില്ലേ? യേശു തന്നെ ഗുരുവെന്ന് സ്വയം വിശേഷിപ്പിച്ചില്ലേ? (യോഹ. 13,13-14). യേശുവിനെ ഗുരുവെന്ന നിലയിലും നാം മനസ്സിലാക്കേണ്ടതുണ്ടെന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇത് ക്രിസ്തുവിജ്ഞാനീയത്തിലെ ഒരു വലിയ വഴിത്തിരിവായിരിക്കും.

2. ഭാരതീയാഭിമുഖ്യം                                                                                                                                                                                                                                                                                                      
ആശ്രമങ്ങളിലെ ക്രിസ്തുവിന്‍റെ മുഖത്തിന് ഒരു ഭാരതീയഛായയുണ്ട്. എന്നാല്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ക്കോ സൂനഹദോസുകളുടെ പ്രബോധനങ്ങള്‍ക്കോ സുവിശേഷതത്വങ്ങള്‍ക്കോ ഒരിക്കലും എതിരല്ല. ആത്മീയദര്‍ശനങ്ങള്‍ രൂപപ്പെടുന്നതില്‍ സംസ്കാരത്തിനും ഭാഷയ്ക്കും കാലാവസ്ഥയ്ക്കും തത്വചിന്തയ്ക്കും തീര്‍ച്ചയായും സ്ഥാനമുണ്ട്. അതുകൊണ്ടാണ് ആശ്രമങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. പോരെങ്കില്‍ സാംസ്കാരികാനുരൂപണവും സാഹചര്യപരിഗണനയും (contextualization) സഭയിലെ അംഗീകൃതതത്വങ്ങളാണല്ലോ. ഭാരതീയതയെന്നു കേള്‍ക്കുമ്പോഴേക്കും ഭാരതീയകത്തോലിക്കര്‍ക്ക് തന്നെ ഒരു അലര്‍ജിയുള്ളതുപോലെ തോന്നുന്നു. ആഗോളസഭയില്‍ ഇതുവഴി ഭാരതീയസഭയുടെ തനിമയ്ക്കു മങ്ങലേല്ക്കുന്നുണ്ട്.

ക്രിസ്തു ഒന്നേയുള്ളു. എന്നാല്‍ ക്രിസ്തുവിനെ അറിയുന്നതിലും അനുഭവിക്കുന്നതിലും ഉള്ള ഊന്നലിന് (focus) വ്യത്യാസങ്ങളുണ്ട്. പാശ്ചാത്യവും പൗരസ്ത്യവും ക്രിസ്തുവിജ്ഞാനീയ പരിപ്രേക്ഷ്യങ്ങളില്‍ വ്യത്യസ്തമാണ്. പാശ്ചാത്യം യവന-റോമന്‍ സ്വാധീനത്താല്‍ കൂടുതല്‍ ബൗദ്ധികവും, പൗരസ്ത്യം മതസാംസ്കാരികവൈവിധ്യത്താല്‍ കൂടുതല്‍ ജ്ഞാനാത്മകവും മിസ്റ്റിക്കും ധ്യാനാത്മകവും ലളിതവുമാണ്. ആകയാല്‍ ലളിതനും ദരിദ്രനും ധ്യാനനിരതനും (contemplative) നിശബ്ദനും ശാന്തനുമായ ക്രിസ്തുവിനോടാണ് ആശ്രമങ്ങള്‍ക്കു കൂടുതല്‍ ഇഷ്ടം. ദാരിദ്ര്യം ലാളിത്യം ഇവയൊക്കെ പറയപ്പെടുന്നുണ്ടെങ്കിലും സഭ ഇന്നും ഉപഭോഗത്തിനും സങ്കീര്‍ണ്ണതയ്ക്കും അടിമയാണ്.

3. സത്യാധിഷ്ഠിതം                                                                                                                                                                                                                           
ആശ്രമങ്ങളിലെ ക്രിസ്തുശാസ്ത്രം സത്യാധിഷ്ഠിതമാണ്. മനുഷ്യനിര്‍മ്മിത ഭൗതികശാസ്ത്രസത്യവും ദൈവികസത്യവും തമ്മില്‍ വലിയ അന്തരമുണ്ട്. ദൈവികസത്യം പരമസത്യമാണ്. ഈ പരമസത്യം എന്നുമുള്ളതും യാതൊരു മാറ്റത്തിനും വിധേയമല്ലാത്തതും വര്‍ണനകൊണ്ടും ഭാഷ കൊണ്ടും മായം ചേര്‍ക്കാന്‍ സാധിക്കാത്തതുമായ നിത്യശുദ്ധമുക്തസ്വരൂപമാണ്. ഇതിനെയാണ് നമ്മള്‍ ദൈവമെന്നു പറയുന്നത്.

യഥാര്‍ത്ഥസത്യത്തിന്‍റെ ജ്ഞാനമണ്ഡലം വളരെ വിശാലവും വികസിതവുമാണ്. ഇതിന് നിര്‍വ്വചനത്തിന്‍റെ നിര്‍ബന്ധങ്ങളോ കാര്‍ക്കശ്യങ്ങളോ ഇല്ല. ക്രിസ്തു താന്‍ സത്യമായിരുന്നിട്ടും (യോഹ. 14,6) ഒന്നും നിര്‍വ്വചിച്ചതായി നാം കാണുന്നില്ല. ദൈവികസത്യത്തില്‍ നിഗൂഡതലങ്ങള്‍ ഒത്തിരിയേറെയുണ്ട്. അത് ബുദ്ധിയേയും അതിലംഘിക്കുന്നു. ഈ അര്‍ത്ഥത്തിലാണ് വാക്കുകളൊക്കെ ആത്മാര്‍ത്ഥമായ നുണകളാണെന്ന് ഒരു സ്പാനിഷ് മിസ്റ്റിക്ക് പറഞ്ഞത്. "കണ്ടവനൊന്നും മിണ്ടുന്നില്ല, മിണ്ടുന്നവനൊന്നും കണ്ടിട്ടുമില്ല" എന്ന രമണമഹര്‍ഷിയുടെ വാക്കുകള്‍ പ്രത്യേകം ശ്രദ്ധേയമാണ്. ആശ്രമങ്ങളില്‍ നിശബ്ദത ഒരു പ്രധാന ആത്മീയസാധനയുമാണ്.

സത്യം ഏകമാണെങ്കിലും അതിന് ഭിന്നവശങ്ങളുണ്ട്. തന്മൂലം "സത്യം ഒന്നാണെങ്കിലും അതിനെ മഹാന്മാര്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നു" (ഏകം സത്, വിപ്രാ ബഹുദാ വദന്തി!) എന്ന വേദവാക്യം പ്രത്യേകം സ്മരണാര്‍ഹമാണ്. ഈ സത്യത്തെ അന്വേഷിച്ചുകണ്ടെത്താനാണ് യേശു ഉദ്ബോധിപ്പിച്ചത്. "അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും" (മത്താ. 7,7).

യേശുക്രിസ്തു സത്യദൈവപുത്രനായതുകൊണ്ടും സത്യത്തിനു സാക്ഷ്യം വഹിക്കുക (യോഹ. 18,37) അവിടുത്തെ ദൗത്യമായതുകൊണ്ടും അവിടുത്തെ സത്യത്തെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ എത്രയോ സമ്പന്നമാണ്. "സത്യം സത്യമായി"ട്ടാണ് യേശു എപ്പോഴും പഠിപ്പിക്കുന്നത്; ആരാധന എപ്പോഴും സത്യത്തിലും അരൂപിയിലും ആയിരിക്കണം (യോഹ. 4,24); സത്യമാണ് മനുഷ്യരെ സ്വതന്ത്രരാക്കുന്നത് (യോഹ. 8,32); സത്യത്തില്‍ ഇവരെ വിശുദ്ധീകരിക്കണമേ (യോഹ. 17,17); സത്യാരൂപി എല്ലാം പഠിപ്പിക്കും (യോഹ. 16,8); ഇവ മൂലമാണ് ആശ്രമവാസികള്‍ സത്യാന്വേഷികളായിരിക്കണമെന്ന് ശഠിക്കുന്നത്.

4. പ്രായോഗിക ക്രിസ്തുശാസ്ത്രം                                                                                                                                                                                                                                                    
ക്രിസ്തുവിദ്യാപരമായ പ്രായോഗികസമീപനങ്ങളാണ് ആശ്രമങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്. ക്രിസ്തു ആരാണെന്ന സത്താപരമായ വിശ്വാസസത്യങ്ങളെ കേന്ദ്രീകരിച്ചാണ് ക്രിസ്തുശാസ്ത്രം സഭയില്‍ കൂടുതല്‍ വികസിച്ചിരിക്കുന്നത്. എന്നാല്‍, ക്രിസ്തുവിന്‍റെ മനുഷ്യനിലും പ്രകൃതിയിലും മറ്റു മതങ്ങളിലും ഉള്ള സാന്നിധ്യരഹസ്യത്തെക്കുറിച്ച് ആശ്രമങ്ങള്‍ കൂടുതല്‍ ബോധമതികളാണ്. ഈ ത്രിവിധമാനങ്ങള്‍ പരിഗണിക്കാത്ത ക്രിസ്തുശാസ്ത്രം അപൂര്‍ണ്ണമാണ്. തത്ഫലമാണ് പരിസ്ഥിതിയും പ്രാര്‍ത്ഥനയും അദ്ധ്വാനവും മതസൗഹാര്‍ദ്ദവും സമന്വയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരാശ്രമത്തില്‍ നടത്തുന്നത്.
ക്രിസ്തുകേന്ദ്രീകൃതവീക്ഷണം സര്‍വ്വാശ്ലേഷിയാണ്. എല്ലാം ക്രിസ്തുവിലൂടെയും ക്രിസ്തുവിലുമാണ് സ്ഥിതിചെയ്യുന്നത്. "സമസ്തവും അവനില്‍ നിലനില്ക്കുന്നു" (കൊളോ. 2,18). ക്രിസ്തു ക്രിസ്ത്യാനിയുടെ മാത്രം സമ്പത്തല്ല. അവിടുന്ന് സകലമനുഷ്യരുടേതുമാണ്. ദൈവത്തിന്‍റെ പൂര്‍ണ്ണത മുഴുവന്‍ ശാരീരികരൂപത്തില്‍ യേശുവില്‍ സന്നിഹിതമാണെങ്കില്‍ ആ പൂര്‍ണ്ണത ദൈവത്തെ അന്വേഷിക്കുന്ന ഏവര്‍ക്കും സംലഭ്യമാണ്. കൊളോസോസ്സിലെ സഭയ്ക്കെഴുതിയ ലേഖനത്തില്‍ (അദ്ധ്യായം 2) വി. പൗലോസ് ഈ സാര്‍വ്വത്രികക്രിസ്തുമാനങ്ങളെല്ലാം ഭംഗിയായി പരാമര്‍ശിക്കുന്നുണ്ട്.

5. പുതിയ മനുഷ്യരെ സൃഷ്ടിക്കുക                                                                                                                                                                       
ആശ്രമങ്ങള്‍ സ്ഥാപനവത്കൃതമായ ഒരു ക്രിസ്തുവീക്ഷണം അവതരിപ്പിക്കുന്നില്ല. യേശുവിന്‍റെ ആഗമനോദ്ദേശം ഒരാളെ പുതിയ മനുഷ്യനാക്കുക എന്നുള്ളതാണല്ലോ. ബോധോദയം, സ്വര്‍ഗ്ഗരാജ്യം, പുതിയമനുഷ്യനായി ജനിക്കുക, സാക്ഷാത്കാരം, ജ്ഞാനോദയം തുടങ്ങിയവയൊക്കെ ഫലത്തില്‍ അതുതന്നെയാണ്. കേവലം ഒരു മതവിശ്വാസി ആയിരിക്കുന്നതിനേക്കാള്‍ ആവശ്യം ഒരു പുതിയ മനുഷ്യനായിത്തീരുക എന്നതാണ്. അതുകൊണ്ടാണ് പുതിയതായി ജനിക്കാതെ ഒരുവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഈശോ ഉറപ്പിച്ചു പറയുന്നത്.

ക്രിസ്തു സ്വന്തമാക്കിയവനും ക്രിസ്തുവിനെ സര്‍വ്വസ്വവുമായിക്കണ്ടവനുമായ പൗലോസിന്‍റെ വാക്കുകള്‍ പ്രത്യേകം ശ്രദ്ധേയമാണ്: "അവിടുന്ന് നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പഴയ ജീവിതരീതികളില്‍ നിന്നും ഒഴിഞ്ഞുമാറുവിന്‍. മനസ്സിലും അരൂപിയിലും നിങ്ങള്‍ നവീകൃതരാകുവിന്‍. സത്യത്തിലും പരിശുദ്ധിയിലും ദൈവത്തിന് അനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവിന്‍" (എഫേ. 4,22-24). പരിഛേദിതരോ അപരിഛേദിതരോ അല്ല, ഒരു പുതിയ സൃഷ്ടിയാകുന്നതാണ് പ്രധാനം (ഗലാ. 6,15). ഈശോമിശിഹായിലുള്ളവരൊക്കെ പുതിയ മനുഷ്യരാണെന്ന് (2 കൊറി. 5,17) പൗലോസ് കൊറിന്തോസിലെ സഭയോട് പ്രസ്താവിക്കുന്നുണ്ടല്ലോ. "ഈശോ ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചു, സമാധാനം സ്ഥാപിച്ചു" (എഫേ. 2,15-16).

6. അദ്വൈതദര്‍ശനം                                                                                                                                                                                  
ഇതുവരെ ക്രൈസ്തവര്‍ ക്രിസ്തുരഹസ്യത്തെ (mystery of Christ) വിശദീകരിച്ചത് പ്രധാനമായും യവന-റോമന്‍ തത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഈ സമീപനം ഇന്നു മാറിക്കൊണ്ടിരിക്കുന്നു. അദ്വൈതാധിഷ്ഠിതമായ ക്രിസ്തുദര്‍ശനം ഭാരതീയ ദൈവശാസ്ത്രത്തിന്‍റെ പ്രത്യേകസംഭാവനയാണ്. യേശു വെളിപ്പെടുത്തിയ പുതിയ സാര്‍വ്വത്രികവീക്ഷണം ഉള്‍ക്കൊള്ളാന്‍ അദ്വൈതസിദ്ധാന്തത്തിന് സാധിക്കുന്നതുപോലെ മറ്റു ശാസ്ത്രവിഭാഗങ്ങള്‍ക്കു കഴിയുമോ എന്നറിഞ്ഞുകൂടാ.

അദ്വൈതം ശരിയാണെന്നും അദ്വൈതപ്രകാരം ക്രിസ്തുവിദ്യ കൂടുതല്‍ അര്‍ത്ഥവത്താണെന്നും ഈ രംഗത്ത് ഈടുറ്റ സംഭാവനകള്‍ നല്കിയ അഭിഷിക്താനന്ദനും സാറാ ഗ്രാന്‍റും മൈക്കല്‍ അമല്‍ദാസും മറ്റു ചിന്തകരും സമര്‍ത്ഥിക്കുന്നു. ശ്രീ ശങ്കരാചാര്യരുടെ അദ്വൈതപഞ്ചരത്നം, അദ്വൈതാനുഭൂതി, മനീഷാപഞ്ചകം, ശ്രീനാരായണഗുരുവിന്‍റെ ആത്മോപദേശശതകം തുടങ്ങിയ വിശ്വോത്തരകൃതികള്‍ വച്ചു നോക്കിയാല്‍ യേശുവിന്‍റെ അദ്വൈതവീക്ഷണം എളുപ്പത്തില്‍ തെളിഞ്ഞുകിട്ടും.

'രണ്ടല്ല, ഒന്നാണ്' എന്നാണല്ലോ അദ്വൈതത്തിന്‍റെ അര്‍ത്ഥം. യേശുവും പിതാവും രണ്ടല്ല എന്നു കാണിക്കുന്ന സുവിശേഷഭാഗങ്ങള്‍ നമുക്ക് പരിചിതമാണല്ലോ. "ഞാനും എന്‍റെ പിതാവും ഒന്നാണ്" (യോഹ. 10,30). എനിക്കുള്ളതെല്ലാം പിതാവിനുള്ളതാണ്. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ് (യോഹ. 16,15). ഞാന്‍ എന്‍റെ പിതാവ് പറയുന്നതുപോലെ മാത്രം ചെയ്യുന്നു. പിതാവിന്‍റെ ഇഷ്ടം മാത്രമാണ് ഞാന്‍ നിര്‍വ്വഹിക്കുന്നത് തുടങ്ങിയ യേശുവചസ്സുകള്‍ ഓര്‍മ്മിക്കുക.

ക്രിസ്തുവും പിതാവും ഒന്നായിരിക്കുന്നതുപോലെ ക്രിസ്ത്യാനികള്‍ മാത്രമല്ല സകല മനുഷ്യരും ജാതിമതഭേദമെന്യേ ഒന്നായിരിക്കണമെന്നാണ് ക്രിസ്തുവിന്‍റെ ആഗ്രഹം. ക്രിസ്തുവിന് ഒട്ടും അന്യബോധം ഇല്ല. അവിടുത്തേക്ക് ആരും അന്യരല്ല. ആരാണ് എന്‍റെ അപ്പന്‍, ആരാണ് എന്‍റെ അമ്മ, ആരാണ് എന്‍റെ സഹോദരങ്ങള്‍ (മര്‍ക്കോ 3) തുടങ്ങിയ യേശുവിന്‍റെ പ്രതികരണങ്ങള്‍ ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. ഈ ചെറിയവരോട് ചെയ്തപ്പോള്‍ എന്നോട് തന്നെയാണ് ചെയ്തതെന്ന വചനവും ക്രിസ്തുവും ക്രിസ്ത്യാനിയും സകല മനുഷ്യരും ഒന്നാണെന്നാണല്ലോ ദ്യോതിപ്പിക്കുന്നത് (മത്താ. 25,40). "ജാതിമതഭേദമെന്യേ ഏവരും സോദരത്വേന വാഴുമൊരിടമിത്" എന്ന ശ്രീനാരായണഗുരുവിന്‍റെ വാക്കുകള്‍ ജീവിക്കാന്‍ ശ്രമിക്കുന്ന ഒരിടമാണ് ആശ്രമം.

എല്ലാ ദ്വന്ദഭാവങ്ങളെയും അതിജീവിച്ചാല്‍ മാത്രമേ അദ്വൈതം ജനിക്കുകയുള്ളു. "യഹൂദരെന്നോ ഗ്രീക്കുകാരെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വ്യത്യാസം കൂടാതെ നിങ്ങളെല്ലാവരും മിശിഹായില്‍ ഒന്നായിത്തീര്‍ന്നിരിക്കുന്നു" (ഗലാ. 3,18-29). "ഈ തൊഴുത്തില്‍ പെടാത്ത ആടുകളും യേശുവിനുണ്ട്" എന്ന കാര്യം നാം മറക്കരുത് (യോഹ. 10,16). അതുകൊണ്ടാണ് മതങ്ങള്‍ പലതാണെങ്കിലും ഈശോയില്‍ നാം എല്ലാവരും ഒന്നായിരിക്കുന്നത്.

എല്ലാവരും ദൈവവുമായി ഒന്നായിച്ചേരാനാണ് യേശു പ്രാര്‍ത്ഥിക്കുന്നത്. അവസാനമായപ്പോഴേക്കും യേശുവിന്‍റെ പ്രാര്‍ത്ഥന തികച്ചും അദ്വൈതത്തിലായിരുന്നു. "പിതാവേ! അവരെല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി അങ്ങ് എന്നിലും ഞാന്‍ അങ്ങയിലുമായിരിക്കുന്നതുപോലെ അവരും നമ്മിലായിരിക്കേണ്ടതിന് . . . ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. . . . . അവര്‍ ഐക്യത്തില്‍ പൂര്‍ണ്ണരാകേണ്ടതിന്" ഞാന്‍ പ്രാര്‍ത്ഥിക്കുന്നു (യോഹ. 17, 21-23).

ദൈവവും ക്രിസ്തുവും ക്രിസ്ത്യാനിയും ഇതരമതങ്ങളും ഒന്നാണെന്ന ചിന്തയായിരിക്കും ഭാവിയിലെ ആദ്ധ്യാത്മികത. അതിന്‍റെ ലക്ഷണം മതാന്തരസംവാദം ഏറ്റവും ഭംഗിയായി നടക്കുന്ന ആശ്രമങ്ങളില്‍ തെളിയുന്നുണ്ട്. പരമ്പരാഗത ക്രിസ്തുമതത്തിന് മങ്ങലേറ്റ പടിഞ്ഞാറന്‍ സാഹചര്യത്തില്‍ യൂറോപ്പിലും അമേരിക്കയിലും അദ്വൈതക്രിസ്തീയത വളര്‍ന്നുവരുന്നതായി പല വിദേശീയരും അഭിപ്രായപ്പെടുന്നുണ്ട്.

7. ഹൃദയത്തിലെ ക്രിസ്തു                                                                                                                                                                                          
മരണത്തെ ഉത്ഥാനത്തിലൂടെ അതിവര്‍ത്തനം ചെയ്ത ചട്ടക്കൂടുകള്‍ ഇല്ലാതെ (എഫേ 2,11) മനുഷ്യഹൃദയങ്ങളില്‍ വസിക്കുന്ന ഒരു ആന്തരികക്രിസ്തുസാന്നിദ്ധ്യത്തിനാണ് ആശ്രമങ്ങളില്‍ പ്രാധാന്യം. അതുകൊണ്ട് ലാളിത്യം, നിശബ്ദത, അനാഡംബരത്വം, അഗാധമായ ധ്യാനം എന്നിവ ആശ്രമശൈലിയുടെ അവിഭാജ്യഘടകങ്ങളാണ്. ശൂന്യവത്കരണമാണ് (ഫിലി. 2, 1-15) സ്ഥാപനവത്കരണമല്ല ആശ്രമരീതി.

8. ആന്തരികതീര്‍ത്ഥാടനം                                                                                                                                                                                                                     
മനുഷ്യനു പലതരത്തിലുള്ള യാത്രകള്‍ നടത്താം. ആകാശയാത്ര, തീര്‍ത്ഥയാത്ര, വിദേശയാത്ര, വിനോദയാത്ര തുടങ്ങിയവ ചിലതുമാത്രം. എന്നാല്‍ ഹൃദയമാകുന്ന ദേവാലയത്തിലേക്കുള്ള യാത്ര വളരെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. പരിശുദ്ധാത്മാവിന്‍റെ വാസസ്ഥലമാണ് ഹൃദയം. ഈ ഹൃദയതീര്‍ത്ഥാടനം നടത്താനുള്ള സ്ഥലമാണ് ആശ്രമം. ഇവിടെ മിസ്റ്റിസിസത്തിനും അനുഭവാത്മകമായ ക്രിസ്തുശാസ്ത്രത്തിനും സാധ്യതകള്‍ ഏറെയുണ്ട്.

ഉപസംഹാരം


ക്രിസ്തു ഒന്നേയുള്ളു; എന്നാല്‍ അവിടുന്ന് എല്ലാ മതങ്ങളിലും ഒളിച്ചിരിപ്പുണ്ട്. റെയ്മണ്ട് പണിക്കരുടെ, എല്ലാ മതങ്ങളിലുമുള്ള അറിയപ്പെടാത്ത ക്രിസ്തുസങ്കല്പം ഇവിടെ പ്രസക്തമാണ്. ക്രിസ്തു ക്രിസ്ത്യാനിയുടെയോ സഭയുടെയോ മാത്രം സ്വത്തല്ല. അവിടുന്ന് സകല മതങ്ങളുടെയും ജീവജാലങ്ങളുടെയും പ്രപഞ്ചത്തിന്‍റെയും സംരക്ഷകനാണ്. ഈ വിശാലവും പ്രായോഗികവും ആന്തരികവും സാര്‍വ്വത്രികവുമായ യേശുവിജ്ഞാനീയമാണ് ഭാരതീയദാര്‍ശനികതയുടെ ചുവടുപിടിച്ചു ജീവിക്കാനും പങ്കുവയ്ക്കാനും ആശ്രമവാസികള്‍ ശ്രമിക്കുന്നത്.

ഗാന്ധിജിയുടെയും ടാഗോറിന്‍റെയും ആശ്രമങ്ങള്‍ തൊട്ട് തനിച്ചു ജീവിക്കുന്ന പ്രസന്നാദേവിയുടെ ആശ്രമം വരെയുള്ള ചെറുതും വലുതുമായ ആശ്രമങ്ങള്‍ ക്രിസ്തുജ്ഞാനത്തിന് വളരെയേറെ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ആശ്രമസ്ഥാപകരും നിവാസികളും, റിഷികേശിലെ അരണ്യകുടീരിന്‍റെ സ്ഥാപകയായ കരിയറ്റ് ലോക്ക് പറഞ്ഞതുപോലെ, ഒരുതരം സാഹസികരാണ് (risktakers). സാധാരണക്കാര്‍ വിലപ്പെട്ടതായിക്കരുതുന്ന പേര്, പ്രശസ്തി, സുരക്ഷിതത്വം, സുഖസൗകര്യങ്ങള്‍ എന്നിവയൊക്കെ സന്തോഷത്തോടെ വലിച്ചെറിഞ്ഞ്, മതങ്ങള്‍ക്കപ്പുറം കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്ന ഒരു ആത്മീയപാലനിര്‍മ്മിതിയുടെ ക്രിസ്തുശാസ്ത്രമാണ് അവര്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.

christology-in-monasteries Emmanuel Vattakkuzhy Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message