We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 26-Jan-2021
യേശു ശ്ലിഹന്മാരോടു ചോദിച്ചു "ഞാന്‍ ആരാണന്നാണ് നിങ്ങള്‍ പറയുന്നത്" ഈ ഒരു ചോദ്യം എക്കാലവും എല്ലാ ജനതയോടും ആവര്‍ത്തിക്കപ്പെടുന്ന ഒന്നാണ്. ഈ ചോദ്യത്തിന് ഉത്തരം തേടി തുടങ്ങുമ്പോഴാണ് ക്രിസ്തു വിജ്ഞാനീയം അഥവാ Christology ആരംഭിക്കുക.
പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ഒരിക്കല്‍ പറഞ്ഞു. "ഒഴിച്ചു കൂടാനാവാത്തതും എന്നാല്‍ വളരെ ലളിതവുമായ രണ്ട് ചോദ്യങ്ങള്‍ക്ക് നാം ഉത്തരം പറയേണ്ടിയിരിക്കുന്നു. "യേശു അവനില്‍ ആരാണ്, യേശു എനിക്ക് ആരാണ്"? നിരവധി ദൈവശാസ്ത്രജ്ഞന്മാര്‍ വിവിധ കാലഘട്ടങ്ങളില്‍, വിവിധ പാരമ്പര്യ പശ്ചാത്തലങ്ങളില്‍ ശ്രമകരമായ ഈ അന്വേഷണപാത വെട്ടിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഏതൊരു തലമുറയും, ഏതൊരു കാലഘട്ടവും യേശുവിനാല്‍ സ്വാധീനിക്കപ്പെടാതെ കടന്നു പോയിട്ടില്ല. കടന്നു പോവുകയുമില്ല. യേശു ക്രൈസ്തവ വിശ്വാസത്തിന്‍റെ കേന്ദ്രബിന്ദുവാണ്. അതുകൊണ്ടു തന്നെ ഏതൊരു ദൈവശാസ്ത്ര പഠനവും യേശു ആരാണെന്ന് ഗൗരവമായി പഠിക്കാതെ കടന്നു പോവുക സാദ്ധ്യമല്ല.
ക്രിസ്തു വിജ്ഞാനീയത്തിന്‍റെ പ്രസക്തി
ഒരുവന്‍റെ യേശുവിലുള്ള വിശ്വാസത്തെ വിശദീകരിക്കുവാനും അവതരിപ്പിക്കുവാനും യേശുവിനെക്കുറിച്ചുള്ള അറിവ് ആവശ്യമാണ്. ഈ അറിവ് യേശുവിലുള്ള അവന്‍റെ സമര്‍പ്പണത്തെ ഉറപ്പിക്കുകയും അവനെത്തന്നെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നു. വിശുദ്ധ ആഗസ്തീനോസ് പറയുന്നു. "നാഥാ ഞാന്‍ എന്നെത്തന്നെ അറിയുവാന്‍ അങ്ങയെ അറിയട്ടെ." ഒരുവന്‍റെ അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണം ദൈവത്തിന്‍റെ അസ്തിത്വത്തില്‍ എത്തിച്ചേരും. യേശു എന്ന വ്യക്തിയെ അടുത്തറിയാന്‍ ശ്രമിക്കുന്ന ഏതൊരാളുടേയും ഉള്ളില്‍ ഉദിക്കുന്ന നിരവധിയായ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് യേശു വിജ്ഞാനീയം. വിശ്വാസ ജീവിതത്തില്‍ അവന്‍ നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ഉത്തരമാണ് യേശു. തത്വചിന്തകനായ ഇമ്മാനുവേല്‍ കാന്‍റെിന്‍റെ ചിന്താസരണിയുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുമ്പോള്‍ പ്രസക്തമായ മൂന്നു ചോദ്യങ്ങളാണ് ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ഉള്ളടക്കം. യേശു ക്രിസ്തുവിന്‍റെ വ്യക്തിപരമായ അനന്യതയെക്കുറിച്ച് എനിക്ക് എന്ത് അറിയാന്‍ സാധിക്കും? എന്ത് രക്ഷയാണ് എനിക്ക് യേശുവില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധിക്കുക? ദൈവപൂത്രനും ലോക രക്ഷകനുമായ യേശു ക്രിസ്തുവില്‍ എന്‍റെ അസ്തിത്വത്തെ പൂര്‍ണ്ണമായും സമര്‍പ്പിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ? ഈ ചോദ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉത്തരം ലഭിക്കണമെങ്കില്‍ യേശുവിനെക്കുറിച്ച് അറിഞ്ഞേ മതിയാവു. ഈ അറിവ് സമ്പാദിക്കുവാന്‍ രണ്ട് അടിസ്ഥാന ഘടകങ്ങള്‍ ആവശ്യമാണ്:
1) വിശ്വാസം 2) വിശുദ്ധി.
വിശ്വാസം - കഴിഞ്ഞ യേശു സംഭവങ്ങളെക്കുറിച്ചുള്ള ഏറ്റുപറച്ചില്‍
- യേശുവിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം.
- യേശുവിലൂടെ രക്ഷ നേടാമെന്നുള്ള അടിയുറച്ച ഉറപ്പ്.
വിശുദ്ധി
"എന്‍റെ കര്‍ത്താവായ യേശു ക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍ സര്‍വ്വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെ പ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രെ." (ഫിലി. 3:8-10).
ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ഉറവിടങ്ങള്‍
ക്രിസ്തു വിജ്ഞാനീയത്തിന്‍റെ ഉറവിടങ്ങളെക്കുറിച്ച് വിശദമായ ഒരു പഠനത്തിന് ഇവിടെ പരിമിതി ഉള്ളതിനാല്‍ ഉറവിടങ്ങളെ മാത്രം പ്രതിപാദിച്ച് കടന്നുപോകാം: വി. ഗ്രന്ഥം, വിശുദ്ധപാരമ്പര്യം, പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങള്‍, ആരാധനക്രമം, കലയും, സാഹിത്യരൂപങ്ങളും, സഭയുടെ ആനുകാലിക പ്രബോധനങ്ങള്‍, ജീവിതാനുഭവങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകള്‍ മുതലായവ.
ബൈബിളിലെ യേശുക്രിസ്തു
യേശു ആരാണ് എന്ന ചോദ്യത്തിന് കൃത്യതയോടെ ഉത്തരം നല്‍കാന്‍ കഴിയുന്ന ഏക ഉറവിടം ബൈബിളാണ്. ബൈബിളിന് പുറത്ത് ഈ ചോദ്യത്തിന് യുക്തി സഹമായി ഉത്തരം നല്‍കാന്‍ ആവുന്ന ഉറവിടങ്ങള്‍ വിരളമാണ്. ബൈബിള്‍ ജീവചരിത്രവിവരണങ്ങളല്ലാത്തതില്‍ യേശുവിന്‍റെ വ്യക്തിത്വത്തെക്കുറിച്ചും, പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ക്രമാനുഗതമായി ബൈബിളില്‍ കാണാനാവില്ല. പഴയനിയമത്തില്‍ യേശുവിനെക്കുറിച്ചുള്ള വെളിപാടുകളും നാലു സുവിശേഷങ്ങളിലെ പ്രതിപാദനങ്ങളും ഒന്നിനോടൊന്ന് തുല്യമല്ലെങ്കിലും അവ പരസ്പര പൂരകങ്ങളാണ്. എങ്കിലും ഓരോ വി.ഗ്രന്ഥകാരന്മാരും യേശുവിനെ അവതരിപ്പിക്കുന്നതിന്‍റെ പ്രത്യേകതകള്‍ കൊണ്ട് മത്തായിയുടെ ക്രിസ്തു വിജ്ഞാനീയം, മര്‍ക്കോസിന്‍റെ ക്രിസ്തുവിജ്ഞാനീയം പൗലോസിന്‍റെ ക്രിസ്തുവിജ്ഞാനീയം എന്നിങ്ങനെ പരിഗണിക്കപ്പെടുന്നു.
യേശുവിജ്ഞാനീയത്തെ സമീപിച്ചിട്ടുള്ള ദൈവശാസ്ത്രജ്ഞന്മാര്‍ പൊതുവേ സ്വീകരിച്ചിട്ടുള്ള പഠനരീതികളില്‍ പ്രധാനമായി യേശുവിന് ലഭിച്ചിട്ടുള്ള വിവിധ സംജ്ഞകളെ ആധാരമാക്കിയാണ്. ഉദാഹരണമായി കര്‍ത്താവ്, മിശിഹാ, ദൈവപുത്രന്‍, മനുഷ്യപുത്രന്‍ തുടങ്ങിയവ. ഇവയെക്കുറിച്ചുള്ള വിശദമായ പ്രതിപാദനം ചുവടെ ചേര്‍ക്കുന്നു.
യേശുവിന്‍റെ അഭിധാനങ്ങള്‍ (Christology Totle)
അദോനായ് (adonai) എന്ന ഹീബ്രു പദത്തിനു സമാനമായ ക്യുറിയോസ് (Kyrios) എന്ന ഗ്രീക്കു പദമാണ് യേശു ക്രിസ്തുവിന്‍റെഅഭിധാനങ്ങളിലൊന്നായി പുതിയനിയമം ഉപയോഗിക്കുന്നത്. "യേശു കര്‍ത്താവാണ്" എന്നതാണ് സഭയിലെ ആദ്യത്തെ വിശ്വാസപ്രമാണം (അപ്പ 8:16; 19:5). പൗലോസിന്‍റെ ലേഖനങ്ങളിലുടനീളം ഈ വിശ്വാസപ്രഖ്യാപനം കാണാം (റോമാ 10:9;1 കോറി 7:22; 12:3;2 കോറി 4:5). പത്രോസിന്‍റെ പ്രസംഗത്തിലും യേശുവിന്‍റെ കര്‍ത്തൃത്വം ഏറ്റുപറയുന്നുണ്ട് (അപ്പ 1:21; 2:36). അരമായ ഭാഷ ഉപയോഗിച്ചിരുന്ന സഭകളുടെ മാറാനാത്താ maranatha കര്‍ത്താവേ വന്നാലും (cfr.1 കോറി 16:22; വെളി 22:20) എന്ന പ്രാര്‍ത്ഥന യേശുവിന്‍റെ കര്‍ത്തൃത്വത്തെ ഏറ്റു പറയുന്നതാണ്. ഫിലി 2:6-11 ല്‍ കാണുന്ന ക്രിസ്തു രഹസ്യഗീതം, പൗലോസ് ലേഖനം രചിക്കുന്നതിനുമുമ്പേ ആദിമസഭയില്‍ നിലവിലുണ്ടായിരുന്ന ക്രിസ്തു രഹസ്യഗീതങ്ങളില്‍ (Christology Hymns) ഒന്നായിരുന്നു എന്ന വാദം അംഗീകരിച്ചാല്‍, പൗലോസിന്‍റെ കാലത്തിനു മുമ്പു തന്നെ യേശു കര്‍ത്താവാണെന്ന വിശ്വാസം രൂഢമൂലമായിരുന്നുവെന്നു കരുതാം. "കര്‍ത്താവിന്‍റെ അത്താഴം" എന്ന പദപ്രയോഗവും (1 കോറി 11:23) പൗലോസിന്‍റെ സ്വന്തമാകാനിടയില്ല.
'യേശു, കര്‍ത്താവാണ്' എന്ന വിശ്വാസ പ്രഖ്യാപനത്തിലൂടെ യേശുവിന്‍റെ ദൈവികതയാണ് ആദിമസഭ ഏറ്റുപറയുന്നത് (അപ്പ 7:59-60; 1 കോറി 12:8; 16:22). തങ്ങളുടെ വിശ്വാസത്തിന് ആധാരമായ വ്യക്തി എന്ന നിലയിലും (അപ്പ 5:14; 9:42; 11:24) ദൈവത്തോടൊപ്പം സകല അധികാരങ്ങളിലും പങ്കുപറ്റുന്നവന്‍ എന്നയര്‍ത്ഥത്തിലും (അപ്പ. 2:34) ആദിമ ക്രൈസ്തവര്‍ കര്‍ത്താവ് എന്ന പദം ഉപയോഗിച്ചിരുന്നു. പഴയനിയമത്തിലെ 'യാഹ്വെ'യ്ക്കു സമാനമായ കര്‍ത്താവ് (Kyrios) എന്ന പേര് യഹൂദക്രൈസ്തവര്‍ യേശുവിനെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്നുവെന്നത് ആദിമസഭയ്ക്ക് യേശുവിന്‍റെ ദൈവികതയില്‍ ഉണ്ടായിരുന്ന അടിയുറച്ച വിശ്വാസത്തിന്‍റെ തെളിവാണ്. പഴയനിയമത്തില്‍ നിന്ന് ഉദ്ധരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പുതിയ നിയമഗ്രന്ഥകര്‍ത്താക്കള്‍ 'യാഹ്വെ' എന്നത് 'കര്‍ത്താവ്' എന്നാക്കി മാറ്റുന്നതിന്‍റെ പിന്നിലെ പ്രചോദനവും ഇതുതന്നെയാണ് (cfr. റോമാ 10:13; ഹെബ്രാ 1:10; 1 പത്രോ 2:3; 3:15).
'യേശു, കര്‍ത്താവാണ്' എന്ന പ്രഖ്യാപനത്തിലൂടെ ശക്തിയും ജ്ഞാനവും ബഹുമാനവും സ്വീകരിക്കാന്‍ അവിടുന്ന് യോഗ്യനാണ് (വെളി 5:12) എന്നും അര്‍ത്ഥമാക്കുന്നുണ്ട്. യേശുവിന് എല്ലാ അധികാരവുമുണ്ടെന്നും (മത്താ 28:18) അവന്‍റെ മുന്നില്‍ എല്ലാ മുട്ടുകളും മടങ്ങുമെന്നും (ഫിലി 2:10) അവന്‍ സകല സൃഷ്ടികളുടെയും അധിനാഥനാണെന്നും (റോമാ 10:12; 14:9; ഫിലി 2:11) രാജാക്കന്മാരുടെ രാജാവും കര്‍ത്താക്കളുടെ കര്‍ത്താവുമാണെന്നു (വെളി 19:16) മുള്ള വിശ്വാസം ഇതിലൂടെ പ്രതിഫലിക്കുന്നു. കൂടാതെ, യേശു സഭയുടെയും കര്‍ത്താവാണ് (യോഹ 20:28; റോമാ 5:2 തിമോ 1:8). തങ്ങള്‍ ക്രിസ്തുവിന്‍റെ അടിമകളാണെന്ന് ആദിമക്രൈസ്തവര്‍ ഏറ്റുപറയുമ്പോള്‍ യേശുവിന്‍റെ കര്‍ത്തൃത്വമാണ് പരോക്ഷമായി അവര്‍ ഏറ്റുപറഞ്ഞിരുന്നത് (റോമാ 14:4;1 കോറി 7:21-24). മഹത്ത്വീകൃതനായ കര്‍ത്താവിന്‍റെ വചനം എന്ന നിലയിലാണ് ആദിമ ക്രൈസ്തവര്‍ അപ്പസ്തോലന്മാരുടെ വാക്കുകളെ ശ്രവിച്ചിരുന്നത് (1 കോറി 14:37; വെളി 2:3 ff).
തങ്ങളുടെ വിശ്വാസത്തിന്‍റെ ശക്തിയും അടിസ്ഥാനവും എന്ന നിലയിലും കര്‍ത്താവ് എന്ന പദം ആദിമ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്നു. യേശു, കര്‍ത്താവാണെന്ന് ഏറ്റു പറയുന്നതിലൂടെ, യേശു തങ്ങളുടെ ജീവിതം പണിതുയര്‍ത്താനുള്ള അടിസ്ഥാനമാണെന്നും അവര്‍ പ്രഖ്യാപിക്കുന്നു. "കര്‍ത്താവില്‍" (In Kyrio) എന്ന പദ പ്രയോഗം ഈ അര്‍ത്ഥത്തിലാണ് (റോമാ 8:39; 1 കോറി 7:2).
തന്‍റെ മരണം, ഉത്ഥാനം, മഹത്ത്വീകരണം എന്നീ സംഭവങ്ങളിലൂടെയാണ് യേശുവിന്‍റെ കര്‍ത്തൃത്വം പൂര്‍ണ്ണമായും സഭയ്ക്കു വെളിപ്പെടുത്തപ്പെട്ടത് (cfr. മത്താ 28:18; 1 യോഹ 20:28; അപ്പ 2:36; റോമാ 10:9; ഫിലി 2:9-11). തന്മൂലം, ഉത്ഥാനത്തിനു മുമ്പ് യേശുവിനെ "കര്‍ത്താവ്" എന്നു വിളിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഗുരു, യജമാനന്‍ എന്നൊക്കെയേ പുതിയ നിയമം അര്‍ത്ഥമാക്കുന്നുള്ളു (മര്‍ക്കോ 10:51; മത്താ 20:33; ലൂക്കാ 6:46; 18:41; യോഹ 13:13). എന്നാല്‍, യേശു തന്നെത്തന്നെ "കര്‍ത്താവ്" എന്ന് അഭിസംബോധന ചെയ്യുന്ന അവസരങ്ങളില്‍, ക്യൂരിയോസ് (കര്‍ത്താവ്) എന്ന പദത്തില്‍ സകല അധികാരവും ഉള്ളവന്‍, ദൈവസമാനന്‍ എന്നൊക്കെയാണര്‍ത്ഥം (മത്താ 7:21; മര്‍ക്കോ 12:35 ff). പുതിയ നിയമഗ്രന്ഥളെല്ലാം ഉത്ഥാനാനന്തരം എഴുതപ്പെട്ടതാകയാല്‍ ഇപ്രകാരം ഒരു അര്‍ത്ഥവ്യതിയാനം വേര്‍തിരിക്കുക ശ്രമകരമാണ്. തന്മൂലം, ചരിത്രപുരുഷനായ യേശുവിനെ സൂചിപ്പിക്കുവാനും കര്‍ത്താവ് (Kyrios) എന്ന പദം തന്നെയാണ് സുവിശേഷകന്മാര്‍ ഉപയോഗിക്കുന്നത്.
ആദിമസഭ യേശുവിനെ കര്‍ത്താവായി ഏറ്റുപറയുമ്പോള്‍ അവിടുത്തെ ദൗത്യം ദൈവദത്തമായിരുന്നു എന്ന അവബോധം അവര്‍ക്കുണ്ടായിരുന്നു. എല്ലാം അവന് അധീനമായിക്കഴിയുമ്പോള്‍ അവന്‍ തന്നെത്തന്നെ ദൈവത്തിന് അധീനമാക്കുന്നു.
2.ക്രിസ്തു (Christ) മിശിഹാ:
ക്രിസ്തോസ് എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ക്രിസ്തു എന്ന മലയാളപദത്തിന്‍റെ ഉത്ഭവം. ഇതിനു സമാനമായ ഹീബ്രുപദം മെഷിയാഹ് ആണ്. ഈ വാക്കിന്‍റെ അര്‍ത്ഥം 'അഭിഷിക്തന്‍' എന്നാണ്. യേശുവിന്‍റെ സംജ്ഞയായി സാധാരണ ഉപയോഗിക്കുന്ന വാക്കാണിത്.
പഴയനിയമത്തില്‍:
വരാനിരിക്കുന്ന രക്ഷകനെ സൂചിപ്പിക്കാന്‍ പഴയനിയമത്തില്‍ ഉപയോഗിച്ച വാക്കാണിത്. രക്ഷകനെ രാജത്വവുമായി ബന്ധപ്പെട്ടാണ് യഹൂദര്‍ കണ്ടത്. രാജാക്കന്മാര്‍ സ്ഥാനം ഏല്‍ക്കുമ്പോള്‍ അഭിഷിക്തരാകുന്ന പതിവുണ്ടായിരുന്നു (1 സാമു 16:16; 1 രാജാ 19:16). അതിനാല്‍ രാജാക്കന്മാരെ 'അഭിഷിക്തര്‍' എന്നു വിളിക്കുമായിരുന്നു. അതുപോലെ, പ്രവാചകരും പുരോഹിതരുടെ അഭിഷേകം സ്വീകരിച്ചവരായിരുന്നു (ലേവ്യ 4:3; ഏശ 45:1). രക്ഷയെക്കുറിച്ചുള്ള പ്രതീക്ഷ "രക്ഷകന്‍" എന്ന വ്യക്തിയുമായി ബന്ധിപ്പിച്ചും "ദൈവത്തിന്‍റെ ഇടപെടല്‍" എന്ന പൊതുവായ അര്‍ത്ഥത്തിലും മനസ്സിലാക്കുന്നുണ്ട്. പഴയനിയമത്തില്‍ പഞ്ചഗ്രന്ഥിയില്‍ത്തന്നെ "ക്രിസ്തു"വുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കുന്ന ഭാഗങ്ങള്‍ ഉണ്ട്. (ഉല്‍പ 12:1 ; 49:10; സംഖ്യ 24:17-19). നിയ 18:15,16-ല്‍ രക്ഷകനെ മോശയെപ്പോലെ വലിയ പ്രവാചകനായി അവതരിപ്പിച്ചിരിക്കുന്നു. ദാവീദിന്‍റെ കുടുംബവുമായി ഇത് ബന്ധിപ്പിക്കപ്പെടുകയും "ക്രിസ്തു" എന്ന സംജ്ഞയ്ക്ക് പകരമായി "ദാവീദിന്‍റെ പുത്രന്‍" എന്ന വാക്ക് ഉപയോഗിക്കുന്ന പാരമ്പര്യം വരുകയും ചെയ്തു. ദാവീദിന്, ദൈവം നാഥന്‍ പ്രവാചകന്‍ വഴി നല്‍കുന്ന വാഗ്ദാനമാണ് ദാവീദു വംശവുമായുള്ള രക്ഷകന്‍റെ ബന്ധത്തിന് അടിസ്ഥാനം (2 സാമു 7:13-14).
പ്രവാചകഗ്രന്ഥങ്ങളില്‍ "ക്രിസ്തു"വിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വ്യക്തമായ രൂപമെടുക്കുന്നു. രാജത്വത്തിന്‍റെ സ്ഥിരീകരണവും നിത്യമായ നിലനില്‍പ്പും ഈ പ്രവചനങ്ങളില്‍ പ്രതീക്ഷയുടെ ഭാഗമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രവാസത്തിന്‍റെ സാഹചര്യത്തില്‍ രാജത്വത്തിന്‍റെ പുനര്‍സ്ഥാപനം പ്രധാന വിഷയമായിരുന്നു. ഏശയ്യായുടെ ഗ്രന്ഥത്തിലാണ് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കപ്പെടുന്നത്. ദാവീദിന്‍റെ വംശവുമായുള്ള ബന്ധം ഈ പ്രവചനങ്ങളുടെ ഒരു അടിസ്ഥാന മാനമാണ് (ഏശ 9-11). "രക്ഷകനും" "അഭിഷേകവും" തമ്മിലുള്ള ബന്ധം ഏശ 61:1f-ല്‍ വ്യക്തമാക്കുന്നു. ദൈവത്തിന്‍റെ ആത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടവനാണ് ക്രിസ്തു. ദരിദ്രര്‍ക്ക് സുവിശേഷം അറിയിക്കാന്‍ ദൈവത്താല്‍ നിയുക്തനാണ് അവന്‍. ഏശ, 40:6ള; 41:27;52:7 എന്നീ ഭാഗങ്ങളിലെ പ്രവചനങ്ങളുടെ വളര്‍ച്ചയെത്തിയ രൂപമാണ് 61:1ള-ല്‍ കാണുന്നത്. ഇതോടൊപ്പം ദൈവദാസനെക്കുറിച്ചുള്ള കീര്‍ത്തനങ്ങളില്‍ ക്രിസ്തുവും സഹനവും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നു (ഏശ 42-53). "രക്ഷകനെ" ദൈവത്തിന്‍റെ വിധിദിനവുമായി ബന്ധിപ്പിക്കുന്ന പ്രവചനങ്ങള്‍ ഉണ്ട് (ജോയേല്‍, നാഹും, സെഫാനിയാ). ദൈവം നേരിട്ട് ഇടപെടും മുമ്പ് "ഏലിയ" വരുമെന്ന പ്രതീക്ഷ മലാക്കി 4:5 ല്‍ കാണുന്നു. വിധിയാളനായി വരുന്ന ദൈവത്തെ "മനുഷ്യപുത്രന്‍" എന്നു വിശേഷിപ്പിച്ചിരിക്കുന്നു (1 ദാനി 7:13-14). ഖുംറാന്‍ സമൂഹത്തിലും വരാനിരിക്കുന്ന മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷയുണ്ടായിരുന്നു (1 QS9.11).
റോമന്‍ ആധിപത്യത്തിന്‍റെ സാഹചര്യത്തില്‍ ഇസ്രായേലിന്‍റെ രക്ഷകനെക്കുറിച്ചുള്ള പ്രതീക്ഷ രാഷ്ട്രീയപരമായ ആശയത്തോട് ബന്ധപ്പെട്ടു മനസ്സിലാക്കുവാന്‍ തുടങ്ങി. രക്ഷകന്‍റെ ദൗത്യം ഇസ്രായേലിനെ റോമാക്കാരില്‍ നിന്നും മോചിപ്പിക്കുകയാണ് എന്ന ആശയത്തിനു പ്രാധാന്യം വന്നു. തീര്‍ച്ചയായും രാജത്വവും രാഷ്ട്രീയ വിമോചനവും ബന്ധപ്പെട്ടാണ് കിടന്നത്.
സുവിശേഷങ്ങള്‍
മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ യേശു സ്വീകരിക്കാത്ത ഒരു സംജ്ഞയാണ് "ക്രിസ്തു" പ്രത്യേകിച്ച് സുവിശേഷത്തിന്‍റെ ആദ്യ ഭാഗത്ത് (1:1-8:30). യേശു തന്‍റെ അനന്യത ഒരു രഹസ്യമാക്കി മനസ്സിലാക്കുന്നു. മാര്‍ക്കോസിന്‍റെ ലക്ഷ്യം യേശുവിന്‍റെ മിശിഹാത്വവും സഹനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുകയാണ്. ഇസ്രായേലില്‍ നിലനില്‍ക്കുന്ന പ്രതീക്ഷ അംഗീകരിച്ചാല്‍ സഹനത്തിന് സ്ഥാനമുണ്ടാകില്ല. ആദ്യ ഭാഗത്തിന്‍റെ അവസാന രംഗത്തില്‍, കേസറിയാ ഫിലിപ്പിയില്‍ പത്രോസ് നടത്തുന്ന പ്രഖ്യാപനം 'ക്രിസ്തു' എന്ന സംജ്ഞയാണ് ഉപയോഗിക്കുന്നത് (8:27-30). യേശു ആ സംജ്ഞ അംഗീകരിക്കുന്നുണ്ട്. പക്ഷേ, അതിന്‍റെ ഉള്ളടക്കം വ്യത്യസ്തമായി മനസ്സിലാക്കുന്നു എന്നത് തുടര്‍ന്നുള്ള സംഭാഷണത്തില്‍ വ്യക്തമാണ് (8:31-33). പിന്നീട് വരുന്ന പ്രബോധനങ്ങളില്‍ ഈ പുനര്‍ വ്യാഖ്യാനം വിവിധ മാനങ്ങളോടെ അവതരിപ്പിക്കപ്പെടുന്നു. മാര്‍ക്കോസിന്‍റെ വീക്ഷണത്തില്‍ ക്രിസ്തു 'സഹിക്കുന്ന, മരിക്കുന്ന ദൈവപുത്രനാണ്'. കുരിശില്‍ കിടക്കുന്ന യേശുവിനെ "ദൈവപുത്രന്‍" എന്ന് പ്രഖ്യാപി ക്കുമ്പോള്‍ ശതാധിപന്‍ ഈ സന്ദേശം വഹിക്കുന്നവനാകുന്നു.
'ക്രിസ്തു'വും "ദാവീദിന്‍റെ പുത്ര"നും തമ്മിലുള്ള ബന്ധവും പുനര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. യേശുവിനെ മറ്റുള്ളവര്‍ "ദാവീദിന്‍റെ പുത്രാ" എന്ന് അഭിസംബോധന ചെയ്യുന്നുണ്ട് (10,46-52) എന്നാല്‍ യേശുക്രിസ്തു ദാവീദിന്‍റെ പുത്രനേക്കാള്‍ ദൈവത്തിന്‍റെ പുത്രനാണെന്ന് സ്ഥാപിക്കുന്നു (12:35-37). 14:62-ല്‍ പ്രധാന പുരോഹിതന്‍റെ ചോദ്യത്തില്‍ രണ്ട് സംജ്ഞകളും ഒന്നിച്ച് ചേര്‍ക്കപ്പെടുന്നു.
മത്തായിയുടെ സുവിശേഷത്തില്‍, ശൈശവ വിവരണം മുതല്‍ ക്രിസ്തുവും ദാവീദിന്‍റെ വംശവും തമ്മിലുള്ള ബന്ധം പ്രാധാന്യമര്‍ഹിക്കുന്നു. യേശു, ക്രിസ്തുവാണ് എന്ന് പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമായി മത്തായി തെളിയിക്കുന്നു.
ലൂക്കായുടെ സുവിശേഷമനുസരിച്ച് ഏശയ്യായുടെ 61:1f ഉദ്ധരിച്ചു കൊണ്ടാണ് യേശു തന്‍റെ പ്രവര്‍ത്തനത്തിന്‍റെ അര്‍ത്ഥം പരസ്യമായി പ്രഖ്യാപിക്കുന്നത് (4:16f). യേശു ദൈവത്തിന്‍റെ ആത്മാവിന്‍റെ അഭിഷേകം സ്വീകരിച്ച, ദരിദ്രരുടെ വിമോചകനായ ക്രിസ്തുവാണ്. യേശുവിലൂടെ യാഥാര്‍ത്ഥ്യമാകുന്ന രക്ഷ സമൂഹത്തിലെ അവഗണിക്കപ്പെട്ടവര്‍ക്ക് ലഭ്യമാകുന്നു, ശക്തി പ്രകടനത്തിലൂടെയല്ല ഈ രക്ഷ സാധിതമാകുന്നത്. മറിച്ച്, പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന കാരുണ്യത്തിന്‍റെ ചെറിയ പ്രവൃത്തികളിലൂടെയാണ് (ലൂക്കാ 7:18-23; മത്താ 11:2-6). കുരിശില്‍ കിടക്കുന്ന യേശുവിനെ വെല്ലുവിളിക്കുന്ന യഹൂദ പ്രമാണികളും ഒരു വശത്തെ കള്ളനും "നീ ക്രിസ്തുവാണെങ്കില്‍" എന്നാണ് ചോദിക്കുന്നത്? പടയാളികളാകട്ടെ, "നീ രാജാവാണെങ്കില്‍" എന്നാണ് ചോദിക്കുന്നത്? പ്രാധാന്യം കൊടുക്കുന്നത് രാജത്വത്തിനാണ് എന്നതൊഴിച്ചാല്‍ വ്യത്യാസങ്ങളില്ല, എമ്മാവൂസ് സംഭവത്തില്‍ സഹനവും മിശിഹാത്വവും തമ്മില്‍ ശക്തമായ ബന്ധമുണ്ട് എന്ന് തെളിയിക്കുന്നു. യേശുവിന്‍റെ വാക്കുകള്‍... "ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ?" (23:26).
യോഹന്നാന്‍റെ സുവിശേഷത്തില്‍ "യേശുക്രിസ്തു" എന്ന സംജ്ഞ സാധാരണയായി ഉപയോഗിക്കപ്പെടുന്നു. യേശുവിനെ അനുഗമിക്കുന്ന സ്നാപകന്‍റെ രണ്ടു ശിഷ്യരില്‍ ഒരാളായ അന്ത്രയോസ്, ശിമയോനോട് പറയുന്നത് "ഞങ്ങള്‍ ക്രിസ്തുവിനെ കണ്ടു" എന്നാണ് (1:41). സമരിയാക്കാരി സ്ത്രീ യേശു 'ക്രിസ്തു' തന്നെയോ എന്ന് സംശയിക്കുന്നു (4:30). ക്രിസ്തു വരുമ്പോള്‍ എല്ലാം പഠിപ്പിക്കും എന്നു പറയുന്ന അവളോട് യേശു "നിന്നോട് സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്‍" എന്നു പറയുമ്പോള്‍ ആ സംജ്ഞ സ്വയം അംഗീകരിക്കുന്നു എന്നു വ്യക്തം (4.26). ജനക്കൂട്ടം യേശുവിനെക്കുറിച്ച് തര്‍ക്കിക്കുമ്പോഴും "ക്രിസ്തുവാണോ?" എന്നതാണ് വിഷയം (7:31). മര്‍ത്താ യേശുവിനെ ക്രിസ്തുവായി പ്രഖ്യാപിക്കുന്നു (11:27). രാഷ്ട്രീയവും രാജകീയവുമായ അര്‍ത്ഥത്തിലല്ല മിശിഹാത്വം മനസ്സിലാക്കേണ്ടത് എന്ന് യേശു തന്‍റെ രാജകീയ പ്രവേശനവേളയില്‍ തെളിയിക്കുന്നു ജനക്കൂട്ടത്തിന്‍റെ പ്രതീക്ഷയെ തിരുത്തിക്കൊണ്ട് യേശു കഴുതപ്പുറത്തു കയറി വന്നു (12:12-19). ഉപസംഹാരത്തില്‍ തന്‍റെ രചനയുടെ ഉദ്ദേശ്യം വിശദമാക്കുമ്പോള്‍ സുവിശേഷകന്‍ പറയുന്നത്, "യേശു ദൈവപുത്രനായ ക്രിസ്തു"വാണെന്ന് വിശ്വസിക്കാനാണ് എന്നാകുന്നു.
സുവിശേഷതര ഗ്രന്ഥങ്ങളില്‍
സുവിശേഷങ്ങള്‍ക്ക് പുറത്തുള്ള പുസ്തകങ്ങളിലാണ് "ക്രിസ്തു" എന്ന സംജ്ഞ കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത്.
മത്താ മര്‍ക്കോ ലൂക്കാ യോഹ അപ്പ പൗലോ മറ്റുപുസ്തകം
17 7 12 19 25 379 70
ക്രിസ്തുവിജ്ഞാനീയത്തിന്‍റെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. യേശുവിന്‍റെ പ്രവര്‍ത്തന സമയത്ത് പ്രബോധനങ്ങളിലും പ്രവൃത്തികളിലും പരോഷമായിരുന്നത് സഭയുടെ കാലഘട്ടത്തില്‍ പ്രത്യക്ഷമായിത്തീര്‍ന്നു. സഭ യേശുവിനെ ക്രിസ്തുവാക്കി എന്ന് പറയുന്നത് അര്‍ത്ഥമില്ലാത്ത പ്രസ്താവനയാണ്. കാരണം, യേശുവിനെയും ക്രിസ്തുവിനെയും തമ്മില്‍ വേര്‍തിരിച്ചു കൂടാ. യേശുവാണ് ക്രിസ്തു. ചരിത്രവും ദൈവശാസ്ത്രവും രണ്ടായിക്കാണരുത്. നാം പ്രഖ്യാപിക്കുന്ന വിശ്വാസത്തിന്‍റെ വിഷയമായ ക്രിസ്തു ചരിത്രത്തില്‍ ജീവിച്ച യേശു തന്നെയാണ്.
അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍, അപ്പസ്തോലന്മാരുടെ പ്രഭാഷണങ്ങളില്‍ യേശു, ക്രിസ്തുവാണ് എന്നു പ്രഖ്യാപിക്കപ്പെടുന്നു. പൗലോസിന്‍റെ ലേഖനങ്ങളില്‍ "ക്രിസ്തുവെന്നത് "യേശു" എന്ന പേരിനോട് ചേര്‍ത്തുവയ്ക്കുകയോ, ഒറ്റയ്ക്ക് ഉപയോഗിക്കയോ ചെയ്യാവുന്ന പേരാണ്. ക്രിസ്തു വിജ്ഞാനീയത്തിന്‍റെ വളര്‍ച്ചയുടെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ ഇവിടെ കാണാം. യേശുവിന്‍റെ രണ്ടാം പേരായി "ക്രിസ്തു" മാറി എന്നതാണ് പൗലോസിന്‍റെ ലേഖനങ്ങളിലെ പ്രത്യേകത.
പൗലോസ് പ്രസംഗിച്ച സുവിശേഷം "ക്രൂശിതനായ ക്രിസ്തു" ആണ്. പൗലോസ് സ്വന്തം അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ലേഖനങ്ങള്‍ എഴുതുന്നത്. തന്‍റെ മാനസാന്തരവും പുതിയ ദൗത്യമേറ്റെടുക്കലും ഉത്ഥിതനായ ക്രിസ്തുവിനെ അനുഭവിച്ചതിന്‍റെ ഫലമാണ്. "യേശുക്രിസ്തുവിന്‍റെ വെളിപാടാണ്" ആ അനുഭവം (ഗലാ1:12). രക്ഷാകരമായ അര്‍ത്ഥത്തില്‍ പൗലോസ് ക്രിസ്തു എന്ന സംജ്ഞ ഉപയോഗിക്കുന്നു എന്ന് 1 കോറി 10:4; 15,22; 2 കോറി 5:10;11:2-3; ഫിലി 1:15,17; 3:7; റോമാ 1:2-4 മുതലായ വാക്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ക്രൈസ്തവജീവിതത്തെ "ക്രിസ്തു"വിലുള്ള ജീവിതമായി പൗലോസ് കാണുന്നു. ക്രിസ്ത്വാനുഭൂതിയുള്ളവനാണ് ക്രൈസ്തവന്‍; ക്രിസ്തുവിനോടൊപ്പം സഹിച്ച്, മരിച്ച്, ഉത്ഥാനം ചെയ്യുന്നവനാണ് അവന്‍.
യേശുക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമായ രക്ഷയ്ക്ക് പ്രാപഞ്ചികമാനമുണ്ട്. ഉത്ഥിതനായ ക്രിസ്തുവിലേക്ക് പ്രപഞ്ചം മുഴുവനും നീങ്ങിക്കൊണ്ടിരിക്കുന്നു (1 കോറി 15:27; ഫിലി 3:21). പ്രപഞ്ചം മുഴുവന്‍ സമ്പൂര്‍ണ്ണവിമോചനത്തിനായി കാത്തിരിക്കുന്നു (റോമാ 8:19-21). ക്രിസ്തുവില്‍ എല്ലാം ഒന്നായിത്തീരുന്ന നിമിഷമാണ് അന്ത്യനിമിഷമായി നാം മനസ്സിലാക്കുന്നത്.
മറ്റു പുതിയ നിയമഗ്രന്ഥങ്ങളിലെ ക്രിസ്തുവിജ്ഞാനീയം സുവിശേഷങ്ങളിലെയും പൗലോസിന്‍റെ ലേഖനങ്ങളിലെയും ദൈവശാസ്ത്രത്തില്‍ നിന്നും അടിസ്ഥാനപരമായി വ്യത്യസ്തമല്ല. ഹെബ്രായര്‍ "ക്രിസ്തു" എന്ന സംജ്ഞ "പുരോഹിതന്‍റെ ധര്‍മ്മത്തിന്‍റെ" അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. വെളിപാടിന്‍റെ പുസ്തകം 'ചരിത്രത്തെ നിയന്ത്രിക്കുന്ന ദൈവത്തിന്‍റെ ചരിത്രരഹസ്യങ്ങളുടെ ചുരുള്‍ നിവര്‍ത്താന്‍ അവകാശമുള്ള, ഉത്ഥിതനായ ക്രിസ്തുവിനെയാണ് സഹിക്കുന്ന സമൂഹത്തിന്‍റെ മുമ്പില്‍ മാതൃകയായി വയ്ക്കുന്നത്. കാതോലിക ലേഖനങ്ങളില്‍ ക്രിസ്തുവിജ്ഞാനീയം പ്രത്യേക പാഷണ്ഡതകളുടെയും വിഭിന്ന ചിന്തകളുടെയും പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നു.' യേശു ക്രിസ്തുവാകുന്നു എന്നതുതന്നെ അടിസ്ഥാന സന്ദേശം (കര്‍ത്താവ്, മിശിഹാ കാണുക).
ഇസ്രായേലിനെ ദൈവത്തിന്‍റെ പുത്രനെന്നും (മത്താ 2: 13ff; cfr. ഹോസി 11:1) വിശ്വാസികളെ ദൈവപുത്രന്മാരെന്നും (ലൂക്കാ 20:36) പുതിയനിയമം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും യേശുവിന്‍റെ ദൈവപുത്രസ്ഥാനത്തിന്‍റെ അനന്യ ശ്രേഷ്ഠത പുതിയ നിയമം ആവര്‍ത്തിച്ചു സമര്‍ത്ഥിക്കുന്നുണ്ട്. യേശുവിന്‍റെ അഭിധാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് "ദൈവപുത്രന്‍" എന്ന വിശേഷണം.
a. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍:- യേശുവിനെ ദൈവപുത്രനായാണ് മര്‍ക്കോസ് അവതരിപ്പിക്കുന്നത്. സുവിശേഷത്തിന്‍റെ ആദ്യവാചകം തന്നെ ഈ വസ്തുത ഏറ്റുപറയുന്നുണ്ട് (1:1). യേശു ദൈവപുത്രനാണെന്നുള്ള ശതാധിപന്‍റെ എറ്റുപറച്ചിലോടുകൂടിയാണ് സുവിശേഷം അവസാനിക്കുന്നത് (15:39). ദൈവപുത്രന്‍ എന്ന പദത്തിന് മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ വളരെയേറെ അര്‍ത്ഥതലങ്ങളുണ്ട്.
b. ലൂക്കായുടെ സുവിശേഷത്തില്‍:- ദാവീദിന്‍റെ പുത്രനായി പിറക്കുന്ന യേശുവിന്‍റെ അഭിധാനമായിട്ടാണ് സുവിശേഷാരംഭത്തില്‍ ലൂക്കാ ഇതുപയോഗിക്കുന്നത് (1:32-33). പരുശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തിയിലൂടെയാണ് യേശു ദൈവപുത്രനാകുന്നത് (1:35). മിശിഹാ, ദൈവപുത്രന്‍ എന്നീ നാമരൂപങ്ങള്‍ സമാനാര്‍ത്ഥത്തിലാണ് ലൂക്കാ ഉപയോഗിക്കുന്നത് (4;41). രൂപാന്തരീകരണവേളയില്‍ പിതാവും (9:35), വിചാരണവേളയില്‍ യേശുവും (22:69-70) തന്‍റെ ദൈവപുത്രത്വം ഏറ്റുപറയുന്നുണ്ട്. പിതാവുമായുള്ള യേശുവിന്‍റെ പുത്രസഹജമായ ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതില്‍ ലൂക്കാ പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട് (2:49; 23:34).
c.മത്തായിയുടെ സുവിശേഷത്തില്‍:- ദൈവപുത്രന്‍ എന്ന അഭിധാനത്തെക്കാള്‍ 'മനുഷ്യപുത്രന്‍' എന്ന അഭിധാനമാണ് മത്തായി യേശുവിനു നല്‍കുന്നത്. എന്നാല്‍ യേശുവിനു പിതാവുമായുള്ള പുത്രസഹജമായ ബന്ധത്തെക്കുറിച്ച് സുവിശേഷകന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് (15:13; 16:17; 18:11, 19, 35; 25:34; 26:53). ഈ ബന്ധം ദൈവവുമായി വിശ്വാസികള്‍ക്കുള്ള ബന്ധത്തില്‍ നിന്ന് വ്യത്യസ്തമാണ്. "സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ്....." എന്ന പരാമര്‍ശം (5:16; 6:1,4,6, 18; 18:14;23:9) ഈ വ്യത്യാസം എടുത്തു കാണിക്കുന്നു. ദുഷ്ടാരൂപികള്‍ യേശുവിന്‍റെ ദൈവപുത്രസ്ഥാനം ഏറ്റുപറയുന്നുണ്ട് (16:16). എന്നാല്‍ പ്രധാനാചാര്യനും (26:63) കുരിശിന്‍ ചുവട്ടില്‍ നിന്നവരും (27:40) യേശുവിന്‍റെ ദൈവപുത്രസ്ഥാനത്തെ ചോദ്യം ചെയ്യുന്നുണ്ട്. ലൂക്കായുടെ സുവിശേഷത്തിലെന്നതുപോലെ മത്തായിയും മിശിഹാ, ദൈവപുത്രന്‍ എന്നിവ സമാനാര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.
d. പൗലോസിന്‍റെ ലേഖനങ്ങളില്‍:- ആദ്യകാല ലേഖനങ്ങളില്‍ വാനമേഘങ്ങളില്‍ വരുന്ന യേശുവിനെ സൂചിപ്പിക്കാനാണ് പൗലോസ് ദൈവപുത്രന്‍ എന്ന പദം ഉപയോഗിച്ചിരുന്നത് (1 തെസ 1:10). പൗലോസ് പ്രസംഗിക്കുന്ന സുവിശേഷം ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ളതാണ് (റോമാ 1:2-3). ആദിയില്‍ പിതാവിനോടൊത്തായിരുന്ന പുത്രന്‍റെ അസ്തിത്വത്തെക്കുറിച്ച് (preesxistence) പൗലോസിന് അവബോധമുണ്ടായിരുന്നു (റോമാ 8:3; ഗലാ 4:4).
പാപത്തിന്‍റെയും നിയമത്തിന്‍റെയും ആധിപത്യത്തിന്‍ കീഴിലായിരുന്ന മനുഷ്യനെ വീണ്ടെടുത്ത് ദൈവത്തിന്‍റെ ദത്തുപുത്രസ്ഥാനത്തേക്കുയര്‍ത്തുകയാണ് ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിന്‍റെ ലക്ഷ്യം (റോമാ 8:14-16; ഗലാ 4:4-6). സ്നേഹത്തിലും അനുസരണത്തിലും അധിഷ്ഠിതമായ ബന്ധമായിരുന്നു യേശുവും പിതാവും തമ്മിലുണ്ടായിരുന്നത് (കൊളോ 1:12-20).
e. ഹെബ്രായ ലേഖനത്തില്‍:- യേശുവിന്‍റെ ദൈവപുത്രസ്ഥാനത്തെ ലേഖനകര്‍ത്താവ് ഊന്നിപ്പറയുന്നുണ്ട്. ലോകം സൃഷ്ടിക്കപ്പെട്ടത് ദൈവപുത്രനിലൂടെയാണ് (1:1-2). പിതാവിന്‍റെ മഹത്ത്വത്തിന്‍റെ തേജസ്സും സത്തയുടെ മുദ്രയുമായ പുത്രന്‍ തന്‍റെ ശക്തിയുടെ വചനത്താല്‍ ലോകത്തെ താങ്ങിനിര്‍ത്തുന്നു (1:4). ദൈവപുത്രനായതിനാലാണ് യേശുവിന് ദൈവഭവനമായ സഭയുടെ മേല്‍ അധികാരം ലഭിച്ചത് (3:6). ദൈവപുത്രനായിരുന്നിട്ടും തന്‍റെ സഹനത്തിലൂടെ യേശു അനുസരണം അഭ്യസിച്ചു. അതുവഴി അവന്‍ നിത്യരക്ഷയുടെ ഉറവിടമായി (5:8-10). യേശുവില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ മക്കളാണെന്ന വിശ്വാസവും ലേഖന കര്‍ത്താവിനുണ്ട് (2:10; 12:5-8).
f. യോഹന്നാന്‍റെ സുവിശേഷത്തില്‍:- യേശുവിന്‍റെ ഏറ്റവും ഉദാത്തമായ അഭിധാനമായാണ് യോഹന്നാന്‍ ദൈവപുത്രന്‍ എന്ന നാമത്തെ കാണുന്നത് (1:12-14, 18; 13:1-3). ലോകത്തെ രക്ഷിക്കുവാനാണ് പുത്രന്‍ അയയ്ക്കപ്പെട്ടത്. അവനില്‍ വിശ്വസിക്കുന്നതു വഴി യാണ് നാം രക്ഷിക്കപ്പെടുന്നത് (3:16, 18, 35-36). പിതാവും പുത്രനും തുല്യരാണ് (3:35-36; 5:18; 10:18, 30, 34-36; 16:32; 17:10; 20:28). ദൈവപുത്രനായതിനാല്‍ വിധിക്കാനുള്ള അധികാരവും യേശുവിനുണ്ട് (5:33, 36-37,39). പിതാവിന്‍റെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടാണ് പുത്രന്‍ ഇത് നിറവേറ്റുന്നത് (5:17; 19-30).
g. യേശുവിന്‍റെ ദൈവപുത്രാവബോധം:- യേശു തന്നെക്കുറിച്ച് പറയുമ്പോള്‍ ദൈവപുത്രന്‍ എന്ന അഭിധാനം ഉപയോഗിച്ചിരുന്നില്ല. മനുഷ്യപുത്രന്‍ എന്നാണ് അവിടുന്ന് സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, പിതാവിന്‍റെ മുമ്പില്‍ യേശുവിനുണ്ടായിരുന്ന പുത്രത്വാവബോധം താന്‍ ദൈവപുത്രനാണെന്നുള്ള യേശുവിന്‍റെ അവബോധത്തിനു തെളിവാണ് (മത്താ 5:44-48; 6:9; 7:11).
യേശു സ്വയം വിശേഷിപ്പിക്കാന്‍ സുവിശേഷങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സംജ്ഞ. യേശുവിന്‍റെ അധരങ്ങളില്‍ നിന്നു മാത്രമേ ഈ സംജ്ഞ വരുന്നുള്ളു.
ഹീബ്രുഭാഷയില്‍ ഈ പ്രയോഗത്തിന് മനുഷ്യന്‍ (ബെന്‍ ആദാം) എന്നാണ് അര്‍ത്ഥം. അരമായ ഭാഷയില്‍ (ബാര്‍ നാഷാ/അനഷാ) മനുഷ്യന്‍ എന്നര്‍ത്ഥമുണ്ടെങ്കിലും ഞാന്‍ എന്നതിനുപകരമായി ഉപയോഗിച്ചിരിക്കുന്ന രചനകളും കാണുന്നുണ്ട്. ഇതു സംബന്ധിച്ച് തര്‍ക്കമുണ്ട്. പക്ഷേ 'മനുഷ്യന്‍' എന്ന അര്‍ത്ഥമേ അതിനുള്ളുവെങ്കില്‍ എന്തുകൊണ്ട് ഗ്രീക്കിലാക്കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തര്‍ജ്ജമ ചെയ്ത് 'ഹിയോസ് തു അന്‍ന്ത്രോപ്പ്' (= മനുഷ്യപുത്രന്‍) എന്നാക്കി; "അന്‍ന്ത്രോപ്പോസ്" (= മനുഷ്യന്‍) എന്നുമാത്രം മതിയായിരുന്നല്ലോ.
യേശുവിന്‍റെ പ്രബോധനങ്ങളില്‍ മൂന്നു വിഷയങ്ങളുമായി ബന്ധപ്പെട്ട് ഈ സംജ്ഞ ഉപയോഗിച്ചിരിക്കുന്നു. യേശുവിന്‍റെ ഭൗമികജീവിതം, സഹനം, മഹത്ത്വത്തോടെയുള്ള രണ്ടാം ആഗമനം എന്നിവയാണ് മൂന്നു വിഷയങ്ങള്‍. ഇവ യേശുവിന്‍റെ മൂന്നു തലങ്ങളിലുള്ള ദൗത്യങ്ങളാണ് വിശദീകരിക്കുന്നത്. സമവീക്ഷണസുവിശേഷങ്ങളില്‍ ഈ മൂന്നുതലങ്ങള്‍ വ്യക്തമാണ്.
യോഹന്നന്‍റെ സുവിശേഷത്തില്‍ ഈ സംജ്ഞയുടെ പ്രയോഗത്തിന് അടിസ്ഥാനപരമായ വ്യത്യാസമില്ല. ക്രിസ്തുവും ദൈവപുത്രനുമായ യേശു മനുഷ്യപുത്രനുമാണ്. നഥാനയേല്‍ യേശുവിനെ "റബ്ബി, ദൈവപുത്രന്‍, ഇസ്രായേലിന്‍റെ രാജാവ്" എന്നെല്ലാം അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും യേശു 'മനുഷ്യപുത്രന്‍' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത് (1:51). സഹനവുമായി ബന്ധപ്പെടുത്തി യോഹന്നാന്‍ ഇത് ഉപയോഗിക്കുന്നു (3:14; 8:28; 12:32). വിധിയുമായി ബന്ധപ്പെടുത്തിയാണ് യോഹന്നാന്‍ ഇത് കൂടുതല്‍ ഉപയോഗിക്കുന്നത് (5:25f).
രക്ഷകന്‍, ദൈവത്തെ വെളിപ്പെടുത്തുന്നവന്‍, ക്രിസ്തു, ദൈവപുത്രന്‍, ഇസ്രായേലിന്‍റെ രാജാവ്, വിധിയാളനായ ദൈവത്തിന്‍റെ അധികാരി തുടങ്ങിയ എല്ലാ സംജ്ഞകളിലുമുള്ള സന്ദേശങ്ങള്‍ "മനുഷ്യന്‍" എന്ന വാക്കില്‍ സുവിശേഷകര്‍ ഒതുക്കുമ്പോള്‍ "മനുഷ്യത്വം" ദൈവികതയുടെ വെളിപാടിനുള്ള മാധ്യമമായി നല്‍കപ്പെടുകയാണ്.
പഴയനിയമത്തിലും ബൈബിളിനു പുറത്തുള്ള ഗ്രന്ഥങ്ങളിലും സമാന്തരപ്രയോഗങ്ങള്‍ തേടുമ്പോള്‍ ഈ പ്രയോഗം പ്രത്യക്ഷപ്പെടുന്ന ദാനി 7:13 ആണ് അടിസ്ഥാനഭാഗം. സ്വര്‍ഗ്ഗീയമായ പുര്‍വ്വാസ്തിത്വം, സഹിക്കുന്ന ജനങ്ങളുടെ പ്രതിനിധി, മഹത്ത്വത്തിലേക്ക് നയിക്കപ്പെട്ട് സര്‍വ്വാധികാരങ്ങളുടെയും ഉടമയാകല്‍ എന്നീ ആശയങ്ങള്‍ ദാനിയേലിന്‍റെ 7-ാം അദ്ധ്യായത്തിലെ അപ്പോക്കലിപ്റ്റിക് വിവരണത്തിന്‍റെ പ്രധാന സന്ദേശമാണ്. ഇതുതന്നെയാണ് 'മനുഷ്യപുത്രന്‍' എന്ന് സുവിശേഷങ്ങളില്‍ ഉപയോഗിക്കുമ്പോഴും അര്‍ത്ഥം.
ഖുംറാന്‍ സമൂഹത്തിന്‍റെ രചനകളിലും, ഏനോക്കിന്‍റെ പുസ്തകത്തിലും ഈ സംജ്ഞയുടെ പ്രയോഗം കാണുന്നു. രക്ഷകന്‍റെ ദൗത്യവുമായി ബന്ധപ്പെടുത്തിയാണ് 'മനുഷ്യപുത്രന്‍' ഉപയോഗിച്ചിരിക്കുന്നത്.
യേശു മിക്കവാറും ദാനി 7 പുനര്‍വ്യാഖ്യാനം ചെയ്ത് തന്‍റെ ദൗത്യത്തിന്‍റെ അര്‍ത്ഥം അവതരിപ്പിച്ചിരിക്കണം. 'ക്രിസ്തു'വുമായി ബന്ധപ്പെട്ട മറ്റ് പഴയനിയമ ഭാഗങ്ങളും ഇതോടു ബന്ധപ്പെടുത്തി മനസ്സിലാക്കിയിരിക്കണം. ഉദാ: സങ്കീ 110; ഏശ 53. അങ്ങനെ ഭൂമിയില്‍ യേശുവിന്‍റെ അധികാരം, സഹനം, യുഗാന്ത്യവിധി എന്നീ മൂന്ന് വിഷയങ്ങളും അതോടു ബന്ധപ്പെട്ട യേശുവിന്‍റെ അനന്യതയും വെളിപ്പെടുത്താന്‍ "മനുഷ്യപുത്രന്‍" എന്ന സംജ്ഞ സഹായിച്ചു.
Christianity the church theology Mar Joseph Pamplany catholic malayalam catholic apologetics importance of christology studies sources of christology Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206