ക്രിസ്തുവിജ്ഞാനീയസത്യങ്ങള്‍
Authored by : Mar Joseph Pamplany On 27-Jan-2021
മനുഷ്യാവതാര രഹസ്യവുമായി ബന്ധപ്പെട്ടു രൂപംകൊണ്ട അബദ്ധധാരണകളെയും പാഷണ്ഡതകളെയും തിരുത്തി ക്രിസ്തു വിജ്ഞാനീയത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍ ആധികാരികമായി പഠിപ്പിച്ചത് എ.ഡി. 451 ല്‍ കാല്‍സിഡോണില്‍ ചേര്‍ന്ന സാര്‍വ്വത്രിക സൂനഹദോസാണ്. നിഖ്യാ-കോണ്‍സ്റ്റാ ന്‍റിനോപ്പിള്‍, കാല്‍സിഡോണ്‍, സൂനഹദോസുകള്‍ അബദ്ധ പ്രബോധനങ്ങളെ തിരുത്തിക്കൊണ്ട് നല്‍കിയ പ്രധാന പഠനങ്ങള്‍ ഇവയാണ്.
- യേശു സത്യദൈവത്തിന്‍റെ ഏക പുത്രനാണ്: മനുഷ്യാവതാരം ചെയ്ത ഈശോ ത്രിത്വത്തിലെ രണ്ടാമത്തെ ആളല്ല ദൈവത്തിന്‍റെ ദത്തുപുത്രന്‍ മാത്രമാണെന്നു പഠിപ്പിച്ച തെയോഡോട്ടസിന്‍റെ പഠനങ്ങളെ (adoptionism) വിക്ടര്‍ ഒന്നാമന്‍ മാര്‍പാപ്പായും സൂനഹദോസുകളും തള്ളിക്കളഞ്ഞു. ദൈവത്തിന്‍റെ ഏകപുത്രനും പൂര്‍ണ്ണ ദൈവവുമായ പുത്രന്‍ തമ്പുരാനാണ് മനുഷ്യനായി അവതരിച്ചത് എന്ന് കൗണ്‍സില്‍ പഠിപ്പിച്ചു.
- പുത്രന്‍ പിതാവുമായി സത്തയില്‍ ഏകനാണ്: മനുഷ്യാവതാരം ചെയ്ത ഈശോ ദൈവത്തിനു തുല്യനല്ല; അവിടുന്ന് ദൈവത്തിന്‍റെ ആദ്യ സൃഷ്ടി മാത്രമാണെന്ന് (logos) എ.ഡി. 318 ല്‍ പഠിപ്പിച്ച ആരിയൂസ് എന്ന അലക്സാണ്ട്രിയന്‍ വൈദികന്‍റെ പാഷണ്ഡതാ പ്രബോധനത്തെ (Arianism) നിഖ്യാ സൂനഹദോസ് തള്ളിക്കളഞ്ഞു. പുത്രന്‍ തമ്പുരാന്‍ ജനിച്ചവനെങ്കിലും സൃഷ്ടിക്കപ്പെടാത്തവനും പിതാവുമായി സത്തയില്‍ ഏകനുമാണെന്ന് സൂനഹദോസ് പഠിപ്പിച്ചത് ആര്യന്‍ പാഷണ്ഡതയെ ഖണ്ഡിച്ചുകൊണ്ടാണ്.
- ഈശോ പൂര്‍ണ്ണദൈവവും പൂര്‍ണ്ണ മനുഷ്യനുമാണ്: ക്രിസ്തുവിന്‍റെ മനുഷ്യത്വം പൂര്‍ണ്ണമല്ലെന്നും അവിടുത്തെ ആത്മാവായ "ലോഗോസ്" ആണ് യഥാര്‍ത്ഥത്തില്‍ അവിടുത്തെ വ്യക്തിത്വത്തെ നിയന്ത്രിക്കുന്നത് എന്നും പഠിപ്പിച്ച ലാവോദീസിയായിലെ അപ്പോളിനാരീയൂസിന്‍റെ പഠനങ്ങളെ (Apollianarianism) 381 ല്‍ ചേര്‍ന്ന കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസ് തള്ളിക്കളഞ്ഞു. യേശുവിന്‍റെ മനുഷ്യത്വം പൂര്‍ണ്ണമല്ലാത്തതുകൊണ്ട് അവിടുത്തെ ജനനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ആധികാരികതയെ നിഷേധിച്ച ഡൊസേറ്റിസം എന്ന പാഷണ്ഡതയ്ക്കെതിരേ യേശുവിന്‍റെ "പൂര്‍ണ്ണദൈവത്വവും പൂര്‍ണ്ണമനുഷ്യത്വവും" എന്ന വിശ്വാസസത്യം സഭ ഏറ്റു പറഞ്ഞു. യേശുവിന്‍റെ ആത്മാവ് മാത്രമല്ല യേശു മുഴുവനായും പൂര്‍ണ്ണദൈവവും പൂര്‍ണ്ണമനുഷ്യനുമാണ് എന്നാണ് സഭയുടെ പ്രബോധനത്തിന്‍റെ അര്‍ത്ഥം.
- ഈശോയില്‍ ഒരു വ്യക്തിത്വം മാത്രമേയുള്ളൂ: മനുഷ്യാവതാരം ചെയ്ത ഈശോയുടെ അമ്മയെ ദൈവമാതാവ് (Theotokos) എന്നു വിളിക്കാനാവില്ലെന്നും ക്രിസ്തുവിന്‍റെ അമ്മ (Christotokos) എന്നു മാത്രമേ വിളിക്കാനാവൂ എന്നും പഠിപ്പിച്ച മൊപ്സ്വേസ്തിയായിലെ അനസ്താസിയൂസിന്‍റെ പഠനങ്ങളാണ് നെസ്തോറിയന്‍ പാഷണ്ഡത എന്ന് അറിയപ്പെടുന്നത്. ക്രിസ്തുവില്‍ ദൈവിക വ്യക്തിത്വവും മാനുഷിക വ്യക്തിത്വവുമുണ്ടെന്നും മനുഷ്യവ്യക്തിത്വത്തിന്‍റെ മാത്രം മാതാവാണ് മറിയം എന്നതുമായിരുന്നു ഈ പാഷണ്ഡതയുടെ പ്രമേയം. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ മെത്രാനായ നെസ്തോറിയൂസിന്‍റെ പിന്തുണ അനസ്താസിയൂസിനുണ്ടായിരുന്നു എന്ന തെറ്റിദ്ധാരണമൂലമാണ് ഈ പാഷണ്ഡതയ്ക്ക് നെസ്തോറിയനിസം എന്ന പേരു ലഭിച്ചത്. എന്നാല്‍ ഈശോയുടെ ദൈവികവ്യക്തിത്വത്തില്‍ അവിടുത്തെ മാനുഷിക വ്യക്തിത്വം വേര്‍തിരിക്കാനാവാത്ത വിധം സമഞ്ജസമായി ഒന്നു ചേര്‍ന്നിരിക്കുന്നതിനാല്‍ (hypostatic union) അവിടുന്നില്‍ ഒരേഒരു വ്യക്തിത്വം (person) മാത്രമേ ഉള്ളൂവെന്നും ആ ദൈവികവ്യക്തിത്വത്തിന്‍റെ മാതാവാകയാല്‍ മറിയം ദൈവമാതാവാണെന്നും സഭ പ്രഖ്യാപിച്ചു.
- ഈശോയില്‍ രണ്ടു സ്വഭാവങ്ങള്‍ (ദൈവസ്വഭാവവും മനുഷ്യസ്വഭാവവും) ഉണ്ട്: ഈശോയില്‍ ഒരു വ്യക്തിത്വം മാത്രമുള്ളതിനാല്‍ അവിടുന്നില്‍ ഒരു സ്വഭാവം മാത്രമേ ഉള്ളൂ എന്ന് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എവുത്തിക്കസ് എന്ന സന്യാസി പഠിപ്പിച്ചിരുന്നു (Monophysitism) യേശുവില്‍ ദൈവസ്വഭാവം മാത്രമേയുള്ളൂ എന്നും അവിടുത്തെ മനുഷ്യസ്വഭാവം "കടലില്‍വീണ ഒരു തുള്ളി വെള്ളംപോലെ" ദൈവസ്വഭാവത്തില്‍ അലിഞ്ഞില്ലാതായെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ കാല്‍സിഡോണ്‍ കൗണ്‍സില്‍ ഈ പ്രബോധനത്തെ തിരുത്തിക്കൊണ്ട് യേശുവില്‍ പൂര്‍ണ്ണമായ ഐക്യത്തിലുള്ളതും എന്നാല്‍ വ്യതിരിക്തവുമായ രണ്ടു സ്വഭാവങ്ങളുണ്ടെന്ന് പഠിപ്പിച്ചു.
- ഈശോയില്‍ ദൈവികവും മാനുഷികവുമായ മനസ്സും പ്രവര്‍ത്തനശേഷിയുമുണ്ട്: ക്രിസ്തുവില്‍ ഒരു മനസ്സും ഒരു പ്രവര്‍ത്തനശേഷിയും മാത്രമേയുള്ളൂ എന്ന് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സെര്‍ജിയൂസ് പാത്രിയാര്‍ക്കീസ് പഠിപ്പിച്ചിരുന്നു (monotheletism). എന്നാല്‍ മനസ്സും പ്രവര്‍ത്തനശേഷിയും ഇല്ലാത്ത മനുഷ്യസ്വഭാവം അപൂര്‍ണ്ണമാകും എന്നതിനാല്‍ ക്രിസ്തുവില്‍ ദൈവികവും മാനുഷികവുമായ സ്വഭാവവും പ്രവര്‍ത്തനശേഷിയുമുണ്ടെന്ന് 649 ലെ ലാറ്ററന്‍ കൗണ്‍സിലില്‍ മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പാപ്പാ പ്രഖ്യാപിച്ചു. റോമന്‍ ചക്രവര്‍ത്തിയുടെ നിലപാടിന് (monotheletism) എതിരായ പ്രഖ്യാപനമാണ് മാര്‍പാപ്പ നടത്തിയത് എന്നതിനാല്‍ മാര്‍ട്ടിന്‍ പാപ്പായ്ക്കു രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു.
- മനുഷ്യാവതാര രഹസ്യത്തെ വിശദീകരിച്ചുകൊണ്ട് കാല്‍സിഡോണ്‍ കൗണ്‍സില്‍ നല്‍കുന്ന പ്രബോധനം ഇപ്രകാരമാണ്.
"വിശുദ്ധ പിതാക്കന്‍മാരെ അനുകരിച്ചു ഞങ്ങള്‍ ഏകസ്വരത്തില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എന്ന ഒരേയൊരു പുത്രനെ ഏറ്റുപറയുകയും അവിടുത്തെക്കുറിച്ചു പഠിപ്പിക്കുകയും ചെയ്യുന്നു. അവിടുന്ന് ദൈവത്വത്തില്‍ പൂര്‍ണനാണ്. അവിടുന്ന് മനുഷ്യത്വത്തിലും പൂര്‍ണനാണ്. ശരീരവും യുക്തിസഹമായ ആത്മാവും ഉള്ള അവിടുന്ന് യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണ്. അവിടുത്തെ ദൈവപ്രകൃതിയെ സംബന്ധിച്ച് അവിടുന്നു പിതാവിനോട് സത്തൈക്യം (consubstantial) ഉള്ളവനാണ്. മനുഷ്യപ്രകൃതിയെ സംബന്ധിച്ച് അവിടുന്നു നമ്മോടു സത്തൈക്യമുള്ളവനാണ്; "പാപമൊഴികെ എല്ലാക്കാര്യങ്ങളിലും അവിടുന്നു നമ്മെപ്പോലെയാണ്". ദൈവത്വത്തില്‍, യുഗങ്ങള്‍ക്കുമുന്‍പുതന്നെ, അവിടുന്നു പിതാവില്‍നിന്നു ജനിച്ചു; എന്നാല്‍ ഈ അവസാന നാളുകളില്‍ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും മനുഷ്യത്വത്തില്‍, ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തില്‍നിന്നു ഭൂജാതനായി.
കര്‍ത്താവും ഏകജാതനുമായ ഒരേയൊരു ക്രിസ്തു, അന്യോന്യ മിശ്രണമോ പരിവര്‍ത്തനമോ വിഭജനമോ വിയോഗമോ ഇല്ലാത്ത രണ്ടു പ്രകൃതികളോടുകൂടിയവനാണെന്ന് അംഗീകരിക്കപ്പെടണമെന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു. ദൈവ-മനുഷ്യ പ്രകൃതികളുടെ സംയോഗംമൂലം, പ്രകൃതികള്‍ക്കു തമ്മിലുള്ള വ്യത്യാസം നഷ്ടമായില്ല; മറിച്ച്, ഏകവ്യക്തി (prosopon) യിലും ഏക ഉപസ്ഥിതി (hypostasis) യിലും പ്രകൃതികള്‍ ഒരുമിച്ചുചേരുമ്പോഴും ഓരോ പ്രകൃതിയും അതതിന്‍റേതായ സവിശേഷത നിലനിറുത്തുന്നു.
Christian truths christianity the church Mar Joseph Pamplany christological truths christological heresies teaching of the church
Bible Theology Church Teachings