x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ദൈവശാസ്ത്രത്തിന് ആമുഖം

ക്രിസ്തീയ ദൈവശാസ്ത്രം: ചരിത്രത്തിലൂടെ

Authored by : Bishop Joseph Kallarangatt On 26-Jan-2021

ലോക ചരിത്രത്തെത്തന്നെ രണ്ടായി വിഭജിച്ച മിശിഹാസംഭവം നവലോകസൃഷ്ടിയുടെ നാന്ദികുറിക്കലാണല്ലോ. ക്രിസ്തീയ ദൈവവിജ്ഞാനീയത്തിന്‍റെ ഉത്ഭവവും ഇവിടെനിന്നുതന്നെ. ലോകത്തില്‍ അവതീര്‍ണ്ണനായ വചനം, തന്‍റെ ജീവിത മരണോത്ഥാനങ്ങളിലൂടെ മനുഷ്യരക്ഷ സാധിച്ച മിശിഹാസംഭവം, അതോടു ചേര്‍ന്നുള്ള ആദിമക്രൈസ്തവ സമൂഹത്തിന്‍റെ ഉത്ഭവം, സുവിശേഷങ്ങളുടെ രചന, ഇതിനെല്ലാം പശ്ചാത്തലമായി നില്ക്കുന്ന പഴയനിയമം എന്നിവയൊക്കെ ദൈവശാസ്ത്രത്തിന് "ഊടും പാവും" നല്‍കിയ സത്യങ്ങളാണ്. അതിനാല്‍ ദൈവശാസ്ത്രത്തിന്‍റെ ഉത്ഭവകാലമേതെന്നു ക്ലിപ്തമായി പറയാന്‍ പ്രയാസമുണ്ട്. വി. ഗ്രന്ഥത്തിലെ പുതിയ നിയമത്തിന്‍റെയും ആദിമസഭയുടെയും കാലഘട്ടങ്ങളെ സംയോജിപ്പിച്ച് ദൈവശാസ്ത്രവളര്‍ച്ചയുടെ ആദ്യകാലഘട്ടത്തിലേക്കു നമുക്കു കടന്നുചെല്ലാം.

1. സുവിശേഷകന്മാര്‍ ദൈവശാസ്ത്രജ്ഞന്മാര്‍

വി. ഗ്രന്ഥം എന്നു പറയുന്നത് ദൈവശാസ്ത്രത്തിന്‍റെ ഒരു കേവല ഉറവിടം മാത്രമല്ല, ദൈവശാസ്ത്ര വിചിന്തനങ്ങള്‍ തന്നെയാണ്. ഈശോയാകുന്ന രഹസ്യം ശിഷ്യന്മാരും ആദിമ വിശ്വാസികളും മനസ്സിലാക്കിയതിന്‍റെ സാക്ഷ്യങ്ങളാണ് സുവിശേഷങ്ങളും ലേഖനങ്ങളും. ദൈവശാസ്ത്രം വിശ്വാസത്തിന്‍റെ ശാസ്ത്രമാണ്, വിശ്വാസത്തിന്‍റെ വ്യാഖ്യാനമാണ്. ഈ അര്‍ത്ഥത്തില്‍ സുവിശേഷങ്ങളും ലേഖനങ്ങളും ദൈവശാസ്ത്രഗ്രന്ഥങ്ങളും, സുവിശേഷകന്മാരും വി. പൗലോസും ദൈവശാസ്ത്രജ്ഞന്മാരുമാണ്. മിശിഹാസംഭവത്തെ വ്യാഖ്യാനിച്ചവരാണ് അവരെല്ലാം. എല്ലാ ദൈവശാസ്ത്രങ്ങളുടെയും അടിസ്ഥാനമായി നില്ക്കുന്നതിനാല്‍ പുതിയ നിയമത്തെ 'നോര്‍മെറ്റീവ് തിയോളജി' എന്ന് വിളിക്കാറുണ്ട്. ഈ അടിസ്ഥാനത്തിന്‍ മേലാണ് മറ്റു ദൈവശാസ്ത്ര സമീപനങ്ങളെല്ലാം പണിയപ്പെടുന്നത്.

2. ആദിമസഭയുടെ കാലഘട്ടം

ക്രിസ്തീയ ദൈവശാസ്ത്രത്തിന്‍റെ "പിള്ളത്തൊട്ടില്‍" ആദിമ സഭയാണ്. കാരണം, ദൈവാവിഷ്കാരത്തിന്‍റെ പരമകാഷ്ഠയായ മിശിഹാസംഭവത്തിനു സാക്ഷ്യം വഹിച്ചവരും അതിനോട് ഏറ്റം അടുത്തിടപഴകി മിശിഹായെ പ്രഘോഷിച്ചവരുമായ ശ്ലീഹന്മാരുടെ അനുഭവസാക്ഷ്യങ്ങളും സഭാകൂട്ടായ്മയുടെ ജീവിതാനുഭവങ്ങളും (Day of the Lord) ദൈവാവിഷ്കാരത്തിന്‍റെ മൂര്‍ത്തഭാവങ്ങളായി നിലകൊണ്ടത് ആദിമസഭയിലാണ്. ചരിത്രപുരുഷനായ മിശിഹായുടെ വാക്കുകളും, പ്രവൃത്തികളും, ജീവിതവും, പീഡാസഹനവും, മരണവും, ഉത്ഥാനവും, പരിശുദ്ധ റൂഹായുടെ ആഗമനവും, സഭാസ്ഥാപനവും മറ്റും ദൈവശാസ്ത്രത്തിന്‍റെ "ന്യൂക്ലിയസ്സായി" നിലകൊള്ളുമ്പോള്‍ ഈ അനുഭവങ്ങളുടെ പ്രഘോഷണത്തിലൂടെ, ആഘോഷത്തിലൂടെ വെളിപ്പെടുത്തപ്പെട്ട സത്യങ്ങള്‍ വീണ്ടും ആവിഷ്കൃതമായി. അതോടെ ദൈവശാസ്ത്രത്തിന്‍റെ വളര്‍ച്ചയും ആരംഭിച്ചു.                                                                                                                                                                                                
ദൈവികസത്യങ്ങളുടെ പ്രഘോഷണത്തോടൊപ്പം അവക്കെതിരായി ഉയര്‍ന്നുവന്ന പാഷണ്ഡതകളെയും എതിര്‍വാദങ്ങളെയും ഖണ്ഡിക്കുവാനുള്ള യത്നങ്ങളും നടന്നു, ഈശോയെ രക്ഷകനായി സ്വീകരിച്ച് വിശ്വാസത്തിലേയ്ക്ക് കടന്നുവന്നവരെ ആ രഹസ്യങ്ങളിലേയ്ക്ക് കൂടുതല്‍ ഉള്‍ച്ചേര്‍ക്കുവാനുള്ള യത്നങ്ങളും, ജ്ഞാനസ്നാനം, സ്ഥൈര്യലേപനം തുടങ്ങിയ കൗദാശിക സന്ദര്‍ഭങ്ങളും ആവിഷ്കൃതസത്യങ്ങളുടെ ഗാഢമായ പരിചിന്തനത്തിനും, വിശദീകരണത്തിനും ഇടനല്കി. ഈ യത്നത്തിന്‍റെ തന്നെ ഏറ്റം മൂര്‍ത്തമായ രൂപമാണ് സുവിശേഷങ്ങളും, ഇതര പുതിയനിയമ ഗ്രന്ഥങ്ങളും. ക്രിസ്തീയ ദൈവശാസ്ത്രത്തിന്‍റെ സ്രോതസ്സും, മാനദണ്ഡവും അടിസ്ഥാനവുമായി ലിഖിതരൂപം പ്രാപിച്ച ഈ ആവിഷ്കൃതവചനസമുച്ചയം ഇന്നും നിലകൊള്ളുന്നു. തിരുലിഖിതങ്ങള്‍ ദൈവശാസ്ത്രത്തിന്‍റെ ഉറവിടമായി നിലകൊള്ളുമ്പോഴും വളരെ വ്യവസ്ഥാപിതവുമായ ദൈവശാസ്ത്ര വിചിന്തനങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് പറയാനാവില്ല. എങ്കിലും മിശിഹാസംഭവങ്ങളുടെ സാക്ഷ്യമെന്ന നിലയില്‍ സുവിശേഷങ്ങളില്‍ത്തന്നെ ദൈവശാസ്ത്രത്തിന്‍റെ ഒരു വളര്‍ച്ച നാം കാണുന്നുണ്ട്.

ആധുനിക ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നതു പോലെ മൂന്നു വ്യക്തമായ ഘടകങ്ങള്‍ സുവിശേഷരചനയില്‍ത്തന്നെ കാണുന്നുണ്ട്. (a) മിശിഹായുടെ തന്നെ വാക്കുകളും, പ്രവൃത്തികളും (ചരിത്രപുരുഷനായ മിശിഹായും, മിശിഹാ സംഭവങ്ങളും) (b) ആദ്യകാലമിശിഹാനുയായികളുടെ-ശ്ലീഹന്മാര്‍, ശിഷ്യന്മാര്‍, ആദിമസഭാസമൂഹം - ഒറ്റവാക്കില്‍ - ആദ്യക്രൈസ്തവ സഭ- മിശിഹാസംഭവങ്ങളെക്കുറിച്ചുള്ള ഗാഢമായ പരിചിന്തനം, (c) സുവിശേഷ കര്‍ത്താക്കളുടെ അനുഭവം, ചിന്താധാര, വിശദീകരണോപാധികള്‍, ശൈലികള്‍ തുടങ്ങിയവ. ഇങ്ങനെ നോക്കുമ്പോള്‍ സുവിശേഷ രചനയോടുകൂടിത്തന്നെ ആവിഷ്കൃതസത്യങ്ങളെ സംബന്ധിച്ച ഒരു വിശദീകരണം നടന്നുകഴിഞ്ഞു. ചുരുക്കത്തില്‍ ആദിമസഭയുടെ കാലഘട്ടം ദൈവശാസ്ത്രത്തെ സംബന്ധിച്ച് അതിപ്രധാനമായ കാലഘട്ടമാണ്. തുടര്‍ന്നുവരുന്ന ദൈവശാസ്ത്ര വളര്‍ച്ചയ്ക്കു മുഴുവന്‍ അടിസ്ഥാനവും, ഹേതുവും ഈ ഘട്ടം തന്നെ. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ ഈ കാലഘട്ടത്തില്‍ സംഭവിച്ച മിശിഹാ-സഭാ സംഭവങ്ങളാണ് ക്രൈസ്തവ ദൈവശാസ്ത്രത്തിനാധാരം.

3. സഭാപിതാക്കന്മാരുടെ കാലഘട്ടം

ദൈവശാസ്ത്രവളര്‍ച്ചയുടെ സുവര്‍ണ്ണകാലമെന്നും, അനുഗൃഹീതകാലഘട്ടമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടമാണ് പിതാക്കന്മാരുടേത്. പുതിയ നിയമ കാലഘട്ടം ദൈവശാസ്ത്രത്തിന്‍റെ സ്രോതസ്സാണെങ്കില്‍ പിതാക്കന്മാരുടെ കാലം അതിന്‍റെ കലവറയാണ്. വി. ഗ്രന്ഥത്തിന്‍റെ ആഴങ്ങളില്‍ മുങ്ങിത്തപ്പി അവര്‍ കണ്ടെത്തിയ മണിമുത്തുകളിലേക്ക്, ദൈവശാസ്ത്രത്തിന്‍റെ ആഴങ്ങളിലേക്കു, കടക്കുംമുമ്പ് എന്താണ് പട്രോളജി, ആരാണ് ഈ പിതാക്കന്മാര്‍ എന്നൊന്നു ചുരുക്കമായി വിശദീകരിക്കാം.

ശ്ലീഹന്മാരുടെ കാലത്തിനുശേഷം 8-ാം നൂറ്റാണ്ടുവരെ സത്യ പ്രബോധനം നടത്തുകയും, അതേക്കുറിച്ചു ഭാഷ്യങ്ങള്‍ രചിക്കുകയും ചെയ്തിട്ടുള്ളവരെ സംബന്ധിച്ചുള്ള പഠനത്തിനാണ് പൊതുവേ പട്രോളജി എന്നു പറയുക. അവരില്‍ തന്നെ ദൈവികാവിഷ്കാരത്തിലൂടെ മനുഷ്യരക്ഷ സംലഭ്യമാക്കിത്തീര്‍ത്ത രക്ഷയുടെ സന്ദേശത്തെ അവികലമായ രീതിയില്‍ മനസ്സിലാക്കുകയും, ജീവിതത്തിന്‍റെ ഭാഗമാക്കുകയും, ആ സത്യത്തെ നിര്‍മ്മലതയോടെ പകരുകയും ചെയ്ത വിശ്വാസത്തിന്‍റെ പ്രഘോഷകരും വക്താക്കളും, പോരാളികളും, സംരക്ഷകരുമായവരേയും, അവരുടെ കൃതികളേയുമാണ് കത്തോലിക്കാസഭ ഈ ശാസ്ത്രശാഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ പാശ്ചാത്യസഭയില്‍ 7-ാം നൂറ്റാണ്ടുവരെയും - മഹാനായ ഗ്രിഗറി (604) അഥവാ സെവിലിലെ ഇസിദോര്‍ (636) - പൗരസ്ത്യസഭയില്‍ 8-ാം നൂറ്റാണ്ടുവരെയുള്ള (ഡമാസ്ക്കസിലെ യോഹന്നാന്‍ - 749) കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുമായ ദൈവശാസ്ത്രജ്ഞന്മാരാണ് സഭാപിതാക്കന്മാര്‍. അവികലവും അന്യാദൃശ്യവുമായ ചിന്തയാലും വിശകലനങ്ങളാലും വിശ്വാസരഹസ്യങ്ങളെ നിര്‍വ്വചിക്കുകയും വിശദീകരിക്കുകയും ചെയ്തവരും ഇതിന്‍റെയെല്ലാം വെളിച്ചത്തില്‍ സത്യപ്രബോധകരായി സഭ അംഗീകരിച്ചവരുമാണ് സഭാപിതാക്കന്മാര്‍ എന്ന സംജ്ഞയ്ക്കര്‍ഹര്‍. ശ്ലീഹന്മാര്‍ ആലേഖനം ചെയ്തുകാട്ടിയ ഈശോമിശിഹായേയും അവിടുത്തെ രക്ഷാകരസന്ദേശത്തേയും തൊട്ടടുത്ത കാലഘട്ടത്തില്‍ അനുഭവിച്ചറിഞ്ഞവരെന്ന നിലയില്‍ അവരുടെ പഠനങ്ങള്‍ക്കും, വിശ്വാസ വിശദീകരണങ്ങള്‍ക്കും, വി. ഗ്രന്ഥം കഴിഞ്ഞാല്‍, സര്‍വ്വപ്രധാനമായ സ്ഥാനമാണ് സഭ കല്‍പിക്കുന്നത്. അതുകൊണ്ടായിരിക്കണം "മിശിഹാ മൂലക്കല്ലും, വി. ശ്ലീഹന്മാര്‍ അടിസ്ഥാനവുമായ സഭാസൗധത്തിലെ ബലമേറിയ തൂണുകളാണ് സഭാപിതാക്കന്മാര്‍" എന്ന് പ. പിതാവ് ജോണ്‍പോള്‍ 2-ാമന്‍ പാപ്പാ പറഞ്ഞത്.

4. സഭാപിതാക്കന്മാരുടെ സ്ഥാനം

സഭാപിതാക്കന്മാര്‍ സ്ഥലകാല സംസ്കാരങ്ങളുടെ കാര്യത്തില്‍ വിഭിന്നരായിരുന്നു എങ്കില്‍ത്തന്നെയും സത്യവിശ്വാസത്തിന്‍റെ പ്രഘോഷണത്തില്‍ അവര്‍ ഏകാഭിപ്രായക്കാരായിരുന്നു. അവരുടെ ദൈവശാസ്ത്രമെന്നത് ആവിഷ്കൃതസത്യത്തിന്‍റെ ലിഖിതരൂപമായ വി. ഗ്രന്ഥത്തിന്‍റെ വ്യാഖ്യാനമായിരുന്നു. ദൈവവചനത്തെ തങ്ങളുടെ ചിന്തയുടേയും, അജപാലന ജീവിതത്തിന്‍റേയും വിഷയമാക്കിക്കൊണ്ട് ദൈവാത്മാവിന്‍റെ സഹായത്താല്‍ വ്യാഖ്യാനിച്ചുകൊണ്ട് അവര്‍ ദൈവശാസ്ത്രത്തെ പരിപുഷ്ടമാക്കി. പ്രതീകാത്മക വ്യാഖ്യാനം (typological interpretation), രൂപകാത്മകവ്യാഖ്യാനം (allegorical irrpretation), അന്തര്‍ വിജ്ഞാനീയ വ്യാഖ്യാനം (intutive interpretation), എന്നിങ്ങനെ പിതാക്കന്‍മാരുടെ വ്യാഖ്യാന വിഷയം മാംസംധരിച്ച വചനമായ മിശിഹായായിരുന്നു. ഈ മിശിഹായിലൂടെ അവര്‍ എത്തിച്ചേര്‍ന്നതോ പിതാവും പുത്രനും, പരിശുദ്ധ റൂഹായുമായ ത്രിയേകദൈവത്തിലും! അങ്ങനെ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ തിരുലിഖിതങ്ങളിലും ശ്ലൈഹിക പ്രബോധനങ്ങളിലും അന്നുവരെയുള്ള സഭാപാരമ്പര്യത്തിലും ഉറച്ചു നിന്നുകൊണ്ട് ദൈവത്തിന്‍റെ ഏകത്വം, ത്രിത്വം, മിശിഹായിലൂടെയുള്ള മനുഷ്യരക്ഷ, പരിശുദ്ധ റൂഹായുടെ പ്രവര്‍ത്തനം, സഭയുടെ സ്വഭാവം, പ. കന്യകയുടെ രക്ഷാചരിത്രത്തിലുള്ള സ്ഥാനം എന്നിങ്ങനെയുള്ള കാര്യമാത്ര പ്രസക്തമായ ദൈവശാസ്ത്ര വിഷയങ്ങള്‍ വികസിപ്പിക്കുവാനും വിശദീകരിക്കുവാനും അവര്‍ക്കു കഴിഞ്ഞു. അതോടൊപ്പം വളരെ ആധികാരികമായ ഒരു മനുഷ്യശാസ്ത്ര (anthropology) ത്തിനും അവര്‍ രൂപകല്പന നല്‍കി. പിതാക്കന്മാരുടെ മാനുഷിക വിജ്ഞാനീയത്തിനും അടിസ്ഥാനം ദൈവിക വെളിപാടായ, പരിപൂര്‍ണ്ണ ദൈവവും മനുഷ്യനുമായ മിശിഹാതന്നെയാണ്. അവര്‍ മിശിഹാരഹസ്യത്തെ വിശ്വാസപൂര്‍വ്വം ഉറ്റുനോക്കി. ആ മിശിഹാരഹസ്യത്തില്‍ മനുഷ്യരഹസ്യം പ്രകാശിതമാകുന്നത് അവര്‍ കണ്ടു. കാരണം, ദൈവത്തിന്‍റെ തന്നെ സത്തയും, പ്രതിച്ഛായയുമായ ദൈവപുത്രനിലാണല്ലോ ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍റെ തികവും മികവും. അങ്ങനെ ക്രിസ്തീയ മാനുഷികശാസ്ത്രത്തിനു സംഭാവന നല്കിയ പിതാക്കന്‍മാരുടെ കാലഘട്ടം ദൈവശാസ്ത്രവികാസത്തിന്‍റെ ഏറ്റം പ്രകാശമാനമായ, ഫലസമൃദ്ധമായ കാലമായി പരിലസിക്കുന്നു.                                                                                                                   
മേല്‍പറഞ്ഞവ കൂടാതെ, വിവിധ ആരാധന ക്രമങ്ങളുടെ ആവിര്‍ഭാവം, അവയുടെ നിയതമായ രൂപംപ്രാപിക്കല്‍, സൂനഹദോസ്സുകളിലൂടെയുള്ള വിശ്വാസപ്രഖ്യാപനങ്ങള്‍ തുടങ്ങിയവയൊക്കെയും ഈ കാലഘട്ടത്തിലെ ദൈവശാസ്ത്രവളര്‍ച്ചയിലെ ശ്രദ്ധേയമായ സംഗതികളാണ്. ചുരുക്കത്തില്‍ ദൈവവിജ്ഞാനീയത്തിന്‍റെ വളര്‍ച്ചയുടെ ഏറ്റം ഫലസംദായകമായ ഒരു ഘട്ടമായി, ഇതിനെ കണക്കാക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

5. ഒന്നും രണ്ടും നൂറ്റാണ്ടുകള്‍

ചരിത്രത്തില്‍ നിന്നും വ്യക്തമാകുന്നതുപോലെ ക്രിസ്തീയ വിശ്വാസം, അഥവാ ക്രിസ്തുമതം, ജന്മം കൊള്ളുന്നത് യഹൂദ മതത്തിന്‍റെ കൈക്കുമ്പിളിലാണ്. യുഗങ്ങളുടെ പ്രതീക്ഷയായി, യഹൂദജനം പ്രതീക്ഷിച്ചുകൊണ്ടിരുന്ന മിശിഹായുടെ ആഗമനം ലോക ചരിത്രത്തെ തന്നെ രണ്ടായി വിഭജിച്ചു. അതോടൊപ്പം ആ മിശിഹായെ സ്വീകരിച്ച ഏതൊരാളും താന്‍ ആയിരുന്ന അവസ്ഥയില്‍ നിന്നും വേര്‍തിരിക്കപ്പെട്ട് മിശിഹായുടേതായിത്തീരുന്നു; ക്രൈസ്തവ മതത്തിന്‍റെ അംഗത്വം സ്വീകരിക്കുന്നു. ഈ അംഗത്വം അനായാസമായ ജീവിത പദ്ധതിയായിരുന്നില്ല. പിന്നെയോ, യഹൂദര്‍ക്ക്ഇടര്‍ച്ചയും വിജാതീയര്‍ക്ക് ഭോഷത്തവുമായിരുന്ന ക്രൂശിതനെ പ്രതി സ്വജീവരക്തം വിലയായി നല്‍കിയ മഹത്തായൊരു സംരംഭമായിരുന്നു. ക്രൂശിതനെ പ്രതി ആയിരങ്ങള്‍ ചുടുനിണം വീഴ്ത്തിയപ്പോള്‍ ആ രക്തത്തില്‍ പതിനായിരങ്ങള്‍ ജീവന്‍ പ്രാപിച്ചു കാലം മുമ്പോട്ടുപോയി, പീഢനങ്ങളും മര്‍ദ്ദനങ്ങളും വിശ്വാസമാകുന്ന പരിചക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞു. ദൈവികശക്തിക്കു മുമ്പില്‍ മാനുഷിക ശക്തികള്‍ നിഷ്പ്രഭമായി. ക്രൂശിതന്‍റെ പീഢകര്‍, ക്രൂശിതന്‍റെ മുമ്പില്‍ അടിയറവു പറഞ്ഞതോടെ അന്നുവരെ പീഡകരായിരുന്നവര്‍ അവിടുത്തെ വക്താക്കളായി. അങ്ങനെ റോമാ സാമ്രാജ്യം, മിശിഹായുടെ സാമ്രാജ്യമായി.

രാഷ്ട്രീയ തലത്തിലുണ്ടായ മാറ്റം ദൈവശാസ്ത്രവളര്‍ച്ചയെ സാരമായി സ്വാധീനിച്ചു. അക്കാലഘട്ടത്തില്‍ റോമാ സാമ്രാജ്യത്തില്‍ പോലും പ്രാമുഖ്യം ലഭിച്ചിരുന്ന ഗ്രീക്കുഭാഷയും തത്ത്വശാസ്ത്രവും, ചിന്താധാരയും ക്രൈസ്തവവിശ്വാസത്തെ സ്വാധീനിക്കുവാന്‍ തുടങ്ങി. അതോടെ പ്രസ്തുത സംസ്ക്കാരത്തിലും തത്ത്വചിന്തയിലും ആവിഷ്കൃതസത്യങ്ങളെ വിശദീകരിക്കേണ്ടതിന്‍റെ ആവശ്യകതയും ഉടലെടുത്തു. ഗ്രീക്കു തത്ത്വശാസ്ത്രവും, പദങ്ങളും, ചിന്താധാരയും ഉപയോഗിച്ചുകൊണ്ട് ദൈവശാസ്ത്രം ആവിഷ്ക്കരിക്കുവാനുള്ള പരിശ്രമത്തില്‍ ഗണനീയമായ പങ്ക് വഹിച്ച വ്യക്തിയാണു രക്തസാക്ഷിയായ വി. ജസ്റ്റിന്‍.

രണ്ടാം നൂറ്റാണ്ടിലെ ദൈവശാസ്ത്രവികാസത്തില്‍ ഏറ്റവും ശ്രദ്ധേയനായ, ദൈവശാസ്ത്രത്തിന്‍റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ലയണ്‍സിലെ വി.ഇരണേവൂസിന്‍റെ സംഭാവന ദൈവശാസ്ത്രിത്തിന്‍റെ മറ്റുചില മാനങ്ങളെക്കൂടി അനാവരണം ചെയ്യുന്നതാണ്. ഇരണേവൂസ് വ്യക്തവും ശക്തവുമായ ബോദ്ധ്യത്തോടെ വിശ്വാസ സത്യങ്ങളെ ജ്ഞാനവാദം-(gnosticism) എന്ന പാഷണ്ഡതയ്ക്കെതിരായി ഏറ്റുപറയുവാനും, പഠിപ്പിക്കുവാനും ഭഗീരഥ പ്രയത്നം തന്നെ നടത്തി. അതോടെ ദൈവശാസ്ത്രം കുറേക്കൂടി ആഴത്തില്‍ വിസ്തൃതിയില്‍ വളര്‍ച്ച പ്രാപിച്ചുതുടങ്ങി. ജ്ഞാന വാദത്തിന്‍റെ കപടത തുറന്നുകാട്ടാനുള്ള തന്‍റെ പരിശ്രമത്തില്‍ നവമായ ദൈവശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ നടത്താനല്ല അദ്ദേഹം യത്നിച്ചത്. ക്രിസ്തീയതത്ത്വസംഹിതകള്‍, ഡോഗ്മാറ്റിക് പദങ്ങളില്‍ എഴുതിപ്പിടിപ്പിക്കുന്നതിന് അദ്ദേഹം യത്നിച്ചു. ഇത്തരമൊരു തീവ്ര പ്രയത്നം ആദ്യമായി നടത്തിയതും ഇദ്ദേഹം തന്നെ.

6. മൂന്നാം നൂറ്റാണ്ട്

മൂന്നാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞന്മാരില്‍ ഏറ്റം പ്രഗത്ഭന്‍, പണ്ഡിതനും വാഗ്മിയും താത്ത്വികനും ആയിരുന്ന ഒരിജന്‍ (Origen) ആണ്. വിശുദ്ധനെന്നു സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു മിസ്റ്റിക് കൂടിയായ അദ്ദേഹത്തിന്‍റെ സംഭാവന ദൈവശാസ്ത്രത്തിന് എന്നും ഒരു മുതല്‍ക്കൂട്ടുതന്നെ. കൃതാര്‍ത്ഥതയോടെയും അര്‍ഹമായ പ്രാധാന്യം നല്കിക്കൊണ്ടും സഭ അതു സ്വീകരിക്കുന്നുമുണ്ട്. അലക്സാന്‍ഡ്രിയായിലെ പ്രസിദ്ധമായ വേദോപദേശ പാഠശാല (Catechetical School) യിലെ പ്രധാനാദ്ധ്യാപകനായിരുന്ന വ്യക്തിയെന്ന നിലയിലും ഇദ്ദേഹവും ശ്രേഷ്ഠമായ ഒരു സ്ഥാനം ദൈവശാസ്ത്ര വളര്‍ച്ചയില്‍ വഹിക്കുന്നുണ്ട്. പ്ലേറ്റോയുടെ തത്ത്വചിന്തയെ കൂടുതല്‍ സ്നേഹിച്ച ഒരിജന്‍ അതിന്‍റെ സ്വാധീനത്തെ ദൈവശാസ്ത്രത്തിലേക്കു തിരിച്ചുവിട്ടു.

ഒരിജന്‍റെ ദൈവശാസ്ത്രം ദൈവം - ത്രിത്വം - എന്ന അടിസ്ഥാന തത്ത്വത്തിലധിഷ്ഠിതമാണ്. മൂന്നാളുകള്‍ക്ക് വ്യക്തിത്വത്തിലാണ് വ്യത്യാസമെന്നും, ദൈവം ഒരുവനാണെന്നും അദ്ദേഹം പഠിപ്പിച്ചു. ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെ ഏറ്റവും ഗഹനങ്ങളായ വിഷയങ്ങള്‍ സംബന്ധിച്ച് ഉദാത്തമായ സംഭാവന നല്കി ദൈവവിജ്ഞാനീയത്തെ ദീര്‍ഘദൂരം മുന്നോട്ടെത്തിച്ച ഒരിജനും ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനം പിടിച്ചിരിക്കുന്നു.

7. നാലും അഞ്ചും നൂറ്റാണ്ടുകളിലൂടെ

ദൈവശാസ്ത്രപുരോഗതിയിലെ സര്‍വ്വപ്രധാനമായ കാലഘട്ടമാണ് 4 - 5 നൂറ്റാണ്ടുകള്‍. കത്തോലിക്കാസഭയില്‍ നിന്നും വേര്‍പെട്ടു നില്ക്കുന്ന ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങള്‍പോലും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ആദ്യത്തെ സൂനഹദോസ്സുകള്‍ നടന്നത് ഇക്കാലഘട്ടത്തിലത്രേ. ആവിഷ്കൃത ദൈവിക സത്യങ്ങളെ ബുദ്ധികൊണ്ടു മനസ്സിലാക്കുവാനും, അന്നു ലഭ്യമായിരുന്ന ചിന്താധാരകളിലൂടെ അവയെ പ്രകടിപ്പിക്കുവാനും, പ്രഘോഷിക്കുവാനും, വിശകലനം ചെയ്യുവാനും തുടങ്ങിയപ്പോള്‍ ദൈവശാസ്ത്രം ശീഘ്രം വളരാന്‍ തുടങ്ങി. ഈ വളര്‍ച്ചയ്ക്കിടയില്‍ അസ്വീകാര്യമായതു പലതും ഉടലെടുത്തു. പരമരഹസ്യമായ ത്രിത്വത്തെ സംബന്ധിച്ച വിശദീകരണയത്നങ്ങള്‍ - എങ്ങനെ ഒരു ദൈവം മൂന്നാകും, ഈ മൂന്നുപേര്‍ എങ്ങനെ ഒരു ദൈവമാകും അവരില്‍ ഒരാള്‍ എങ്ങനെ മനുഷ്യനാകും ആ ആളില്‍ത്തന്നെ എങ്ങനെ മനുഷ്യത്വവും ദൈവത്വവും ഒന്നിച്ചിരിക്കും എന്നിങ്ങനെയുള്ള നൂറു നൂറു ചോദ്യങ്ങള്‍ - പ്രശ്നങ്ങള്‍ക്കു വഴിതെളിച്ചു. ത്രിത്വസ്സംബന്ധമായും, മിശിഹാകേന്ദ്രീകൃതമായും ധാരാളം പഠനങ്ങള്‍ക്കും ഭാഷ്യങ്ങള്‍ക്കും ഇത് ഇടനല്കി. അക്കൂട്ടത്തില്‍ തെറ്റായ പഠനങ്ങളും പൊന്തിവന്നു. തെറ്റായവരെ തിരുത്തി ശരിയായതു ഉറപ്പിക്കുവാനുള്ള സഭയുടെ നീക്കമാണ് സൂനഹദോസ്സുകളില്‍ സംഭവിച്ചത്. അവയില്‍ പരമപ്രാധാന്യമര്‍ഹിക്കുന്നവയാണ് നിഖ്യാ (325), കോണ്‍സ്റ്റാന്‍റിനോപ്പിള്‍ (381) എഫേസൂസ് (431), കാത്സിഡോണ്‍ (451) സൂനഹദോസ്സുകള്‍. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങളായി പരിഗണിക്കപ്പെടുന്ന പ. ത്രിത്വം, ദൈവത്വവും മനുഷ്യത്വവും ഒരേ വ്യക്തിയില്‍ സംയോജിച്ചിരിക്കുന്ന മിശിഹാരഹസ്യം, പ. ആത്മാവിന്‍റെ ദൈവികത, പ. കന്യകയുടെ ദൈവമാതൃത്വം തുടങ്ങിയവ ഇവയിലൂടെ നിര്‍വ്വചിക്കപ്പെട്ടു. ഇതിന്‍റെ പിന്നില്‍ കത്തോലിക്കാസഭയുടെ അഭിമാനസ്തംഭങ്ങളായ പല പിതാക്കന്മാരുടേയും സംഭാവനകള്‍ ഒളിമങ്ങാത്ത പ്രകാശഗോളങ്ങളായി അന്നും ഇന്നും നിലകൊള്ളുന്നു. അവരില്‍ പ്രധാനികളാണ് വി. അത്തനേഷ്യസ്, കപ്പദോച്ചിയായിലെ പിതാക്കന്മാര്‍ എന്നറിയപ്പെടുന്ന നീസ്സായിലെ വി. ഗ്രിഗരി, നസ്യാന്‍സിലെ വി. ഗ്രിഗരി, മഹാനായ വി. ബേസില്‍ എന്നിവര്‍.

ക്രിസ്ത്രീയവിശ്വാസത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ചു വിശ്വാസപരവും, അനുഭവപരവും ബൗദ്ധികവും യുക്തിപൂര്‍ണ്ണവുമായ പ്രതിപാദനങ്ങളിലൂടെയും ഭാഷ്യങ്ങളിലൂടെയും ദൈവശാസ്ത്രത്തിന് ആഴവും പരപ്പും നല്കാന്‍ ഈ പിതാക്കന്മാര്‍ക്കു കഴിഞ്ഞു.                                                                                                                                                                                                         
4-ാം നൂറ്റാണ്ടിലെ മേല്പറഞ്ഞ ഗ്രീക്കു പിതാക്കന്മാരോട് ദൈവശാസ്ത്രചിന്തയില്‍ കിടപിടിക്കത്തക്ക സ്ഥാനം വഹിക്കുന്നവരാണ് സുറിയാനി മല്പാന്മാരായ അഫ്രാറ്റസും എഫ്രേമും. ഇവരില്‍ പ്രമുഖന്‍ എഫ്രേം തന്നെ. സുറിയാനി ഭാഷയില്‍ രചിക്കപ്പെട്ട ഇവരുടെ കൃതികളിലെ വിവിധങ്ങളായ ദൈവവിജ്ഞാനീയ ചിന്താധാരകള്‍, കത്തോലിക്കാസഭയുടെ ദൈവശാസ്ത്ര വളര്‍ച്ചയില്‍ സുറിയാനിപാരമ്പര്യവും തനതായ സംഭാവന നല്കിയിട്ടുണ്ട് എന്നു വ്യക്തമാക്കുന്നു.

8. അഞ്ചാം നൂറ്റാണ്ട്

അഞ്ചാം നൂറ്റാണ്ടിലേക്കു കടക്കുമ്പോള്‍ എഫേസൂസ് കൗണ്‍സിലും (431), കാത്സിഡോണ്‍ (451) കൗണ്‍സിലുമാണ് ശ്രദ്ധേയമായിട്ടുള്ളത്. എഫേസൂസ് കൗണ്‍സിലിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അലക്സാണ്ഡ്രിയായിലെ സിറില്‍. ആ നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞന്മാരില്‍ അതികായന്‍ ആണ് ഇദ്ദേഹം. മോണോഫിസിറ്റിസം (ഏകസ്വഭാവവാദം) എന്നറിയപ്പെടുന്ന പാഷണ്ഡതയെ ഖണ്ഡിച്ചുകൊണ്ട് നിഖ്യാ - കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസ്സുകളുടെ വിശ്വാസപ്രമാണങ്ങള്‍ 451-ല്‍ സമ്മേളിച്ച കാല്‍സിഡോണ്‍ കൗണ്‍സില്‍ ഒന്നുകൂടി ആവര്‍ത്തിച്ചുറപ്പിച്ചു.
ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനസത്യങ്ങളായ ദൈവത്തിന്‍റെ ഏകത്വം, ത്രിത്വം, ദൈവപുത്രന്‍റെ മനുഷ്യാവതാരം, ദൈവത്വവും മനുഷ്യത്വവും ഒന്നുചേരല്‍, പരിശുദ്ധ റുഹായുടെ ദൈവത്വം, പ. കന്യകയുടെ ദൈവമാതൃത്വം തുടങ്ങിയവ സംശയാതീതവും അനിഷേധ്യവുമായ വിധത്തില്‍ നിര്‍വ്വചിച്ച ഈ നാല് കൗണ്‍സിലുകളും അവയുടെ വിശ്വാസപ്രമാണങ്ങളും ദൈവശാസ്ത്ര വളര്‍ച്ചയിലെ "നാഴികക്കല്ലു"കളാണ്.                                                                                                                                         
അഞ്ചാം നൂറ്റാണ്ടിലെ പാശ്ചാത്യസഭാ പിതാക്കന്മാരുടെ ഗണത്തില്‍ അഗ്രഗണ്യനാണ് ഹിപ്പോയിലെ മെത്രനായിരുന്ന വി. അഗസ്റ്റിന്‍. സഭാപിതാക്കന്മാരുടെ ഗണത്തില്‍ അഗ്രഗണ്യനും, മഹാവിശുദ്ധനും, അഗാധപണ്ഡിതനും വാഗ്മിയും ദാര്‍ശനികനുമായ വി. അഗസ്റ്റിന്‍റെ ഉള്‍ക്കാഴ്ചകള്‍ സഭയുടെ ഇന്നോളമുള്ള ദൈവശാസ്ത്രചിന്തയെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. 'ഏറ്റുപറച്ചില്‍' (Confessions) എന്ന തന്‍റെ ആത്മകഥയിലൂടെ വിശ്വവിഖ്യാതനായ ഈ മഹാവിശുദ്ധന്‍ ദൈവിക കൃപാവരത്തെക്കുറിച്ചുള്ള ആഴമാര്‍ന്ന പ്രബോധനങ്ങളാല്‍ സഭയെ ധന്യമാക്കിയതിനാല്‍ 'കൃപാവരത്തിന്‍റെ വേദപാരംഗതന്‍' (Doctor of Grace) എന്നാണ് വിളിക്കപ്പെടുന്നത്.                                                                                                                    
ചുരുക്കത്തില്‍ ദൈവശാസ്ത്ര വികാസത്തില്‍ പിതാക്കന്മാരുടെ കാലം സുവര്‍ണ്ണകാലഘട്ടമായിരുന്നു. അമൂല്യങ്ങളായ നിക്ഷേപങ്ങള്‍ സാര്‍വ്വത്രിക സഭയ്ക്കു കാഴ്ചവെച്ച പിതാക്കന്മാരും, എഴുത്തുകാരും അവരുടെ പ്രബോധനങ്ങളും കൂടാതെയുള്ള ഒരു ദൈവശാസ്ത്രം സഭയ്ക്കില്ല.

9. ദൈവശാസ്ത്രം മദ്ധ്യശതകങ്ങളില്‍

മദ്ധ്യയുഗത്തിലെ പ്രഥമ ദശ ട്രുള്ളോ സുനഹദോസു മുതല്‍ ഗ്രിഗറി ഏഴാമന്‍ മാര്‍പ്പാപ്പാവരെയുള്ള കാലഘട്ടമാണ് (692 - 1073). 9-15 നൂറ്റാണ്ടുവരെയുള്ള ക്രിസ്തീയ ദൈവശാസ്ത്രത്തെ പൊതുവെ "സ്കൊളാസ്റ്റിക് ദൈവശാസ്ത്രം" എന്നാണ് പറയുക. മദ്ധ്യശതകങ്ങളുടെ ആദ്യഘട്ടത്തില്‍ ദൈവശാസ്ത്ര പ്രതിപാദനം Alcuin എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള വി. ഗ്രന്ഥത്തിന്‍റെയും പിതാക്കന്മാരുടെ കൃതികളുടെയും പഠനത്തോടെയാണ് ആരംഭിക്കുന്നത്. സന്ന്യാസാശ്രമ ജീവിതശൈലിയിലുള്ള ധ്യാനപരമായ ഈ പഠനം മേല്പറഞ്ഞവയുടെ വ്യാഖ്യാനങ്ങള്‍ക്കു രൂപം കൊടുത്തു. പരിചിന്തനാത്മകമായ (Speculative) ഒരു ദൈവശാസ്ത്രത്തിനു രൂപം കൊടുക്കുക എന്നതിനേക്കാള്‍ ദൈവൈക്യം പ്രാപിക്കുക എന്ന ലക്ഷ്യമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.

എന്നാല്‍ 11-ാം ശതകം മുതല്‍ ഈ രീതിക്കു വ്യതിയാനം വന്നു. സ്കൊളാസ്റ്റിക് ദൈവവിജ്ഞാനീയത്തിന്‍റെ പിതാവ് എന്നു വിളിക്കപ്പെടുന്ന കാന്‍റര്‍ബറിയിലെ വി. ആന്‍സലം അതീന്ദ്രീയവും അതി ബൗദ്ധികവുമായ (metaphysical) കാഴ്ചപ്പാടിലൂടെ വി. ഗ്രന്ഥത്തേയും, വി. പാരമ്പര്യത്തേയും നോക്കിക്കാണുവാനും വ്യാഖ്യാനിക്കുവാനുമാണ് തുനിഞ്ഞത്. വിശ്വാസവും മനുഷ്യയുക്തിയും തമ്മില്‍ പൊരുത്തപ്പെടുത്തി മതതത്വങ്ങളെ തത്വശാസ്ത്രത്തിലൂടെ അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിന്‍റെ യത്നം സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന്‍റെ പിതാവ് എന്ന നാമം അദ്ദേഹത്തിനു നേടിക്കൊടുത്തു.

12-ാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും അരിസ്റ്റോട്ടിലിന്‍റെ ഡയലെറ്റിക്സ് (Dialectics) ദൈവശാസ്ത്രത്തില്‍ ഏറെ സ്വാധീനം ചെലുത്താന്‍ തുടങ്ങി. വാദവും, പ്രതിവാദവും അനുമാനവും, ഉപമാനവും മറ്റും കൂട്ടിച്ചേര്‍ത്ത് ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന വിധത്തില്‍ വിശ്വാസസത്യങ്ങളെ ആവിഷ്ക്കരിക്കുവാനുള്ള പരിശ്രമം സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന്‍റെ ശൈലിയായിത്തീര്‍ന്നു. സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന്‍റെ വളര്‍ച്ചയുടെ ഒരു പ്രധാന പടിയാണ് അരിസ്റ്റോട്ടിലിന്‍റെ കൃതികള്‍ ഗ്രീക്കില്‍ നിന്നും, അറബിയില്‍ നിന്നും ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിത്.                                                                           
യുക്തിചിന്തയുടെയും, തത്വജ്ഞാനത്തിന്‍റെയും ഗുരുവായി പരിഗണിക്കപ്പെട്ടിരുന്ന അരിസ്റ്റോട്ടിലിന്‍റെ തത്വശാസ്ത്രം ദൈവശാസ്ത്ര ചിന്താധാരയുടെ അടിസ്ഥാനമാക്കി രൂപപ്പെടുത്തി എടുത്തതില്‍ പ്രമുഖര്‍ മഹാനായ വി. ആല്‍ബര്‍ട്ടും, വി. തോമസ് അക്വീനാസുമാണ്. ഒരു പ്രകൃതിശാസ്ത്രജ്ഞനും, തത്വജ്ഞാനിയും ദൈവവിജ്ഞാനിയുമായിരുന്ന വി. ആല്‍ബര്‍ട്ട്, വി. തോമസ് അക്വീനാസിന്‍റെ ഗുരുഭൂതന്‍കൂടിയായിരുന്നു. 13-ാം ശതാബ്ദത്തില്‍ പുനരുജ്ജീവനം പ്രാപിച്ച അരിസ്റ്റോട്ടിലിന്‍റെ തത്വശാസ്ത്രത്തെ ദൈവശാസ്ത്ര മണ്ഡലത്തിലേയ്ക്കു പ്രവേശിപ്പിച്ച് അതിനെ പരിപോഷിപ്പിച്ചത് വി. ആല്‍ബര്‍ട്ടാണ്. അതുകൊണ്ടായിരിക്കണം സ്കൊളാസ്റ്റിക് തിയോളജിയുടെ സ്ഥാപകനായി ഇദ്ദേഹത്തെ കണക്കാക്കുന്നത്.                                                                
യുക്തിയും വിശ്വാസവും സമന്വയിപ്പിക്കുമ്പോഴും മറ്റു പല സ്കൊളാസ്റ്റിക് ദൈവശാസ്ത്രജ്ഞന്മാരേക്കാളുപരിയായി, വി. ഗ്രന്ഥത്തേയും പാരമ്പര്യത്തേയും കണക്കിലെടുത്ത വി. ബൊനവന്തുരായുടെ ദൈവശാസ്ത്രം മിശിഹാകേന്ദ്രിതമായിരുന്നു. അദ്ദേഹത്തിന്‍റെ തനതായ ശൈലിക്ക് ദൈവശാസ്ത്ര രൂപീകരണത്തില്‍ ശ്രേഷ്ഠമായൊരു സ്ഥാനമുണ്ട്.

മദ്ധ്യശതകങ്ങളിലെ ദൈവശാസ്ത്രജ്ഞന്മാരില്‍ അഗ്രഗണ്യനാണ് വി. തോമസ് അക്വീനാസ്. അദ്ദേഹത്തിന്‍റെ"സുമ്മാ തിയോളജിക്കെ" വിശ്വപ്രസിദ്ധമാണല്ലോ. അരിസ്റ്റോട്ടിലിന്‍റെ ബൗദ്ധിക വിജ്ഞാനത്തിന്‍റേയും ക്രിസ്തീയ പാരമ്പര്യത്തിലെ വെളിപ്പെടുത്തപ്പെട്ട സത്യങ്ങളുടേയും ഒരു സമന്വയമാണ് ഇതെന്നു പറയാം. ദൈവശാസ്ത്രമേഖലയില്‍ അദ്ദേഹത്തിന്‍റെ സവിശേഷത, ബുദ്ധിക്കു പൂര്‍ണ്ണമായ പരിഗണന നല്കുമ്പോഴും ദൈവാവിഷ്ക്കാരത്തിന് അദ്ദേഹം അതിനെ വിധേയപ്പെടുത്തുന്നു എന്നതാണ്. 2-ാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സമയം വരെ സഭയുടെ ദൈവവിജ്ഞാനീയത്തിന്‍റെ മാനദണ്ഡമായി (Normative Theology) കരുതപ്പെട്ടിരുന്ന സ്കൊളാസ്റ്റിക് ദൈവശാസ്ത്രം സര്‍വ്വപ്രധാനമായും അക്വീനാസിന്‍റേതായിരുന്നു. സുപ്രസിദ്ധ യവനദാര്‍ശനികനായ അരിസ്റ്റോട്ടിലിന്‍റെ കാലം മുതലുള്ള വിവിധ ശാസ്ത്രങ്ങളില്‍ അന്തര്‍ലിനമായിരുന്ന തത്വങ്ങള്‍ തെരഞ്ഞെടുത്തു ശേഖരിച്ച് മാനുഷികവിജ്ഞാനത്തിന്‍റെ, പ്രത്യേകിച്ച് തത്വശാസ്ത്രത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും സമഗ്രമായ സമന്വയം, അഥവാ ഉദ്ഗ്രഥനം, സാധിതമാക്കി എന്നതാണ് ഈ "മഹാസംയോജകന്‍റെ" (great synthezer) ഏറ്റവും വലിയ വൈജ്ഞാനിക നേട്ടം. "ക്രിസ്തുമതത്തിലെ അരിസ്റ്റോട്ടില്‍" എന്നദ്ദേഹം അറിയപ്പെടുന്നതിനും നിദാനം മറ്റൊന്നല്ല.

വിശ്വാസത്തേയും ബുദ്ധിയേയും തമ്മില്‍ സമന്വയിപ്പിച്ച് ആവിഷ്കൃത സത്യങ്ങളെ വിശദീകരിച്ചു ദൈവശാസ്ത്രത്തിനു രൂപം കൊടുക്കുന്നതില്‍ സ്കൊളാസ്റ്റിക് ദൈവശാസ്ത്രജ്ഞന്മാര്‍ വിജയിച്ചുവെങ്കിലും മറ്റുപല കാര്യങ്ങളും ആ കാലയളവില്‍ പിന്നോക്കം പോയി എന്നു സമ്മതിച്ചേ തീരൂ. വി. ഗ്രന്ഥവും വി. പാരമ്പര്യവുമാണല്ലോ ദൈവശാസ്ത്രത്തിന്‍റെ ഉറവിടങ്ങള്‍. ഇവയ്ക്കു വേണ്ടത്ര സ്ഥാനവും ശ്രദ്ധയും നല്കുന്നതില്‍ അവര്‍ വലിയൊരളവ് പരാജയപ്പെട്ടു. അത് ദൈവശാസ്ത്രത്തിനു നല്കേണ്ട ചരിത്രാവബോധത്തിനും കുറവുവരുത്തി. കൂടാതെ ബുദ്ധിയുടേയും ദാര്‍ശനികതയുടേയും അതിപ്രസരം ദൈവശാസ്ത്രത്തില്‍ അനാവശ്യവും അനാശാസ്യവുമായ തരംതിരിവുകള്‍ക്കും ഇടവരുത്തി.

പതിനാലും പതിനഞ്ചും നൂറ്റാണ്ടുകള്‍ സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന്‍റെ തളര്‍ച്ചയുടെ കാലമാണ്. ഇക്കാലഘട്ടത്തിലാണ് വില്യം ഓഫ് ഓക്കാമിന്‍റെ "നോമിനലിസം" എന്ന സിദ്ധാന്തം അരിസ്റ്റോട്ടിലിന്‍റെ തത്വശാസ്ത്രത്തിന്മേല്‍ ആക്രമണം നടത്തിയത്. വില്യമിന്‍റെ സിദ്ധാന്തമനുസരിച്ച് ബുദ്ധികൊണ്ട് ഉണ്മയെ (Being) അറിയുക സാദ്ധ്യമല്ല. ബുദ്ധിയുടെ ബന്ധത്തില്‍ നിന്നു വിശ്വാസ തത്വങ്ങളെ മോചിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. പരിണിത ഫലമോ? മതവും ബൗദ്ധികവിജ്ഞാനവും തമ്മിലൊരു വേര്‍തിരിവിനു ഇടയായി. അതേതുടര്‍ന്നു വിശ്വാസം മാത്രം മതി എന്ന കാഴ്ചപ്പാട് ഉടലെടുത്തു.

ഇങ്ങനെ ഒരുവശത്തു തളര്‍ച്ചയുടെയും മറുവശത്തു നൂതന ചിന്താധാരകളുടെ ആവിര്‍ഭാവങ്ങളുടേയും നടുവില്‍ ക്രിസ്തീയതയ്ക്ക് ഒരു ഉണര്‍വ്വും ഉത്തേജനവും നല്കുവാന്‍ കെല്പുള്ള ഒരു നവോത്ഥാനം 16-ാം നൂറ്റാണ്ടില്‍ സംഭവിച്ചു. അതാണ് മാര്‍ട്ടിന്‍ ലൂതറിന്‍റെ നേതൃത്വത്തിലുണ്ടായ നവീകരണപ്രസ്ഥാനം (Reformation Movement) സഭയുടെ പിളര്‍പ്പിനും പ്രോട്ടസ്റ്റന്‍റു സഭയുടെ സ്ഥാപനത്തിനും കാരണക്കാരനായ ലൂതറിനെ പലരും കാണാറുള്ളു. യഥാര്‍ത്ഥത്തില്‍ ലൂതറിന്‍റെ ലക്ഷ്യം, സഭയുടെ ഭിന്നിപ്പായിരുന്നില്ല. മറിച്ച്, സഭയുടെ ആന്തരികനവീകരണമായിരുന്നു. സഭയുടെ ദൈവശാസ്ത്രമേഖലയില്‍ മാത്രമല്ല, സഭാജീവിതത്തിലും അധികാരവിനിയോഗത്തിലും സാമൂഹികതലങ്ങളിലുമൊക്കെ തളര്‍ച്ചയും വിളര്‍ച്ചയും വന്നുഭവിച്ച മദ്ധ്യശതകങ്ങളില്‍ സഭാഗാത്രത്തെ അവയില്‍ നിന്നും മോചിപ്പിക്കുവാനുള്ള യത്നമായിരുന്നു അദ്ദേഹത്തിന്‍റേത്. ബുദ്ധിയില്‍ കുടുങ്ങിപ്പോയ വിശ്വാസസത്യങ്ങളെ അതില്‍ നിന്നു മോചിപ്പിച്ച് യഥാര്‍ത്ഥ ദൈവവചനമായ വി. ഗ്രന്ഥത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള ഒരു ദൈവശാസ്ത്രത്തിനു രൂപം കൊടുക്കുവാന്‍, തന്‍റെ 'രക്ഷ' ഉറപ്പുവരുത്തുവാനുള്ള ആഗ്രഹത്താല്‍ പ്രേരിതനായി, അദ്ദേഹം ശ്രമിച്ചു. നിലവിലിരുന്ന സ്കൊളാസ്റ്റിക് ചിന്താധാരയെ പരിത്യജിച്ചുകൊണ്ട് വ്യക്തിപരവും ആദ്ധ്യാത്മികവും, അസ്തിത്വപരവും, വി. ഗ്രന്ഥാധിഷ്ഠിതവുമായ ഒരു ദൈവശാസ്ത്ര ശൈലിക്ക് മാര്‍ട്ടിന്‍ ലൂതര്‍ രൂപം കൊടുത്തു. ഇതു വളരെ ക്രിയാത്മകമായ ഒരു ദൈവശാസ്ത്രത്തിന് വഴിതെളിച്ചു.                                                                                       
പ്രോട്ടസ്റ്റന്‍റിസത്തിന് അടിസ്ഥാനതത്വങ്ങള്‍ രൂപകല്പന ചെയ്തു നല്കിയ ജോണ്‍ കാല്‍വിന്‍ നവീകരണകാലഘട്ടത്തിലെ പ്രശസ്തനായ ഒരു ദൈവശാസ്ത്രജ്ഞനാണ്. ജോണ്‍ നല്കിയ, പ്രോട്ടസ്റ്റന്‍റിസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍മൂലം യൂറോപ്പിലും അമേരിക്കയിലും അദ്ദേഹം പരക്കെ അറിയപ്പെടുവാനും ഇടയായി. അദ്ദേഹത്തിന്‍റെ 'Institute" പാശ്ചാത്യ ദൈവശാസ്ത്ര പാരമ്പര്യത്തിലെ ഒരു ക്ലാസ്സിക് കൃതിയാണ്.

പ്രോട്ടസ്റ്റന്‍റ് പ്രസ്ഥാനത്തിനെതിരായ കത്തോലിക്കാസഭയുടെ നിലപാട് ട്രെന്‍റ് സൂനഹദോസിലൂടെ പ്രഖ്യാപിതമായി. ലൂതറുടേയും കൂട്ടരുടേയും വാദങ്ങളേയും, പഠനങ്ങളേയും അവഗണിച്ചുകൊണ്ട് സ്കൊളാസ്റ്റിക് ശൈലിയില്‍ കത്തോലിക്കാസഭ വിശ്വാസ സത്യങ്ങളെ ഉറപ്പിച്ചു പറയുകയും വിശധികരിക്കുകയും ചെയ്തു.

18-ാം നൂറ്റാണ്ട് പ്രബുദ്ധത (enlightenment) യുടെ കാലഘട്ടമാണ്. ഈ നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളില്‍ പ്രോട്ടസ്റ്റന്‍റുകാരുടെയിടയില്‍ ക്രിസ്തീയ വിശ്വാസത്തിന്‍റെ ഉള്ളടക്കത്തെ സംബന്ധിച്ച് ഒരു പുനഃര്‍വ്യാഖ്യാനം, പുനഃര്‍വിചിന്തനം പ്രകടമായി. എന്നാല്‍ കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാര്‍ക്കു "കാലത്തിന്‍റെ ചുവരെഴുത്തു" വായിക്കാനോ അതനുസരിച്ചു പ്രതികരിക്കുവാനോ കഴിഞ്ഞില്ല. സ്കൊളാസ്റ്റിക് ചട്ടക്കൂട്ടില്‍ രൂപകല്പന ചെയ്ത സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളില്‍ തളംകെട്ടി നിന്ന ചിന്താഗതിയില്‍ നിന്നു വിട്ടുമാറാന്‍, അതിനപ്പുറം കടന്നൊന്നു പ്രവര്‍ത്തിക്കുവാന്‍ ഒട്ടും ശ്രദ്ധയും താല്പര്യവും കത്തോലിക്കാവിഭാഗം കാണിച്ചില്ല. എങ്കിലും വിനാവിളംബം സ്കൊളാസ്റ്റിസിസം കാലഘട്ടത്തിനനുസരിച്ച് പ്രതികരിക്കുവാന്‍ അപര്യാപ്തമാണെന്നും നൂതനങ്ങളായ ദൈവശാസ്ത്ര ചിന്താധാരകള്‍ ആവശ്യമാണെന്നുമുളള ഒരവബോധം അവിടവിടെയായി പൊന്തിവരുവാന്‍ തുടങ്ങി. അതിന്‍റെ ഫലമാണ് 19-ാം നൂറ്റാണ്ടിലെ നവീകരണ ശ്രമങ്ങള്‍. വളരെ സമ്പന്നവും തീവ്രവുമായ ദൈവശാസ്ത്ര പ്രയത്നങ്ങള്‍ക്കു രൂപം നല്കിയ ഈ നൂറ്റാണ്ടില്‍ വി. ഗ്രന്ഥത്തിന്‍റെ ശാസ്ത്രീയാപഗ്രഥന മാര്‍ഗ്ഗങ്ങളിലൂടെ അതിന്‍റെ ചരിത്രപരവും, സാഹിത്യപരവും, വിമര്‍ശനാത്മകവുമായ പഠനങ്ങള്‍ നടന്നു. ആഴമാര്‍ന്ന ദൈവവചനപഠനത്തിനും, അതിലൂടെ വെളിവായ ദൈവികസത്യങ്ങളുടെ മനസ്സിലാക്കലിനും ഇതേറെ സഹായിച്ചു. പ്രോട്ടസ്റ്റന്‍റു ദൈവശാസ്ത്രജ്ഞന്മാരുടെ സംഭാവന ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധേയമാണ്. ഇതര ക്രൈസ്തവസഭകളില്‍ നടന്ന നവീകരണയത്നങ്ങള്‍ കത്തോലിക്കാസഭയ്ക്ക് ഒരു വെല്ലുവിളിയും, ആത്മപരിശോധനയ്ക്കുള്ള അവസരവുമായിത്തീര്‍ന്നു.

കൂടാതെ ഈ നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന പല തത്വശാസ്ത്രങ്ങളും ആശയവാദം, അനുഭവവാദം, അസ്തിത്വവാദം, പ്രക്രിയാവാദം  Idealism, Empiricism, Existentialism Process thought അരിസ്റ്റോട്ടിലിന്‍റെ തത്വചിന്തയില്‍ നിന്നു വിട്ടുമാറി ചിന്തിക്കുവാനും, കുറേക്കൂടി വ്യക്തിപരവും അസ്തിത്വപരവും ക്രിയാത്മകവുമായ പല ദൈവശാസ്ത്ര ചിന്താധാരകള്‍ക്കു രൂപം കൊടുക്കുവാനും ഇടയായി. കാന്‍റ്, ഫിക്റ്റേ, ഷെല്ലിംഗ്, ഹേഗല്‍, കീര്‍ക്കെഗാഡ്, ഹ്യും, ലോക്ക്, മുതലായവര്‍ വിവിധ തത്വശാസ്ത്ര ചിന്താധാരകള്‍ക്കു രൂപം കൊടുത്തവരില്‍ പ്രമുഖരാണ്.

ഷ്ലയിമാകര്‍ ഇക്കാലഘട്ടത്തിലെ പ്രോട്ടസ്റ്റന്‍റു ദൈവശാസ്ത്രജ്ഞന്മാരില്‍ പ്രമുഖന്‍ ആണ്. അദ്ദേഹത്തിന്‍റെ ആദ്യകാലകൃതിയായ Speeches on Religion പ്രോട്ടസ്റ്റന്‍റു ദൈവശാസ്ത്രത്തില്‍ ചെലുത്തിയ സ്വാധീനം അതുല്യമാണ്. ക്രിസ്തീയ വിശ്വാസത്തിന്‍റെ എല്ലാ സത്യങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന The Christian Faith ഉം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.

നാനാവശത്തു നിന്നുമുണ്ടായ നവീകരണയത്നങ്ങള്‍ കത്തോലിക്കാസഭയിലും ചലനങ്ങള്‍ സൃഷ്ടിച്ചുതുടങ്ങി. വ്യക്തമായ രണ്ടു ദൈവശാസ്ത്ര ചിന്താധാരകളാണ് ഇക്കാലത്തു സഭയില്‍ പ്രകടമായത്.

(a)  സഭയുടെ നിലവിലിരുന്ന ദൈവശാസ്ത്ര ചിന്താഗതിയെ അംഗീകരിക്കുകയും, ഉറപ്പിക്കുകയും, അതിനെ സാധൂകരിച്ചുകൊണ്ട് ഭാഷ്യങ്ങള്‍ രചിക്കുകയും ചെയ്ത ചിന്താഗതി. സഭയെ പരിപൂര്‍ണ്ണമായ ഒരു സമൂഹ (Perfect Society) മായി വീക്ഷിക്കുന്ന ഒരു നിലപാടായിരുന്നു അത്. അള്‍ട്രാമൊണ്ടേനിസ്റ്റുകള്‍ എന്നറിയപ്പെട്ടിരുന്ന അവര്‍ മാര്‍പ്പാപ്പായുടെ പരമാധികാരത്തിന്‍റേയും, റോമന്‍ ആരാധനാക്രമപാരമ്പര്യത്തിന്‍റേയും വക്താക്കളായിരുന്നു. സഭയെന്നത് ഹയരാര്‍ക്കിയാണെന്ന ധാരണയില്‍ കഴിഞ്ഞിരുന്ന അവരുടെ ദൈവശാസ്ത്രവീക്ഷണം സാര്‍വ്വത്രിക സഭയെ സംബന്ധിച്ചുള്ളതായിരുന്നു. റോം സഭയുടെ കേന്ദ്രം മാത്രമല്ല, പ്രാദേശിക സഭകളുടെ ഐക്യത്തിന്‍റെ കേന്ദ്രവും, ഉറവിടവും കൂടിയാണെന്നു അവര്‍ കരുതി. കൂടാതെ മെത്രാന്മാരുടെ അധികാരം മാര്‍പ്പാപ്പയില്‍ നിന്നും വരുന്നതാണെന്നും അവര്‍ പഠിപ്പിച്ചു. സാര്‍വ്വത്രികവും, കേന്ദ്രീകൃതവും, നൈയാമികവുമായ ഒരു സഭാശാസ്ത്രത്തിനു രൂപം കൊടുത്ത അള്‍ട്രാമൊണ്ടേനിസ്റ്റുകളില്‍ പ്രമുഖര്‍ Cappellri, W.G.Ward, H.Manning എന്നിവരാണ്. ഇവരുടെ ചിന്താഗതിയ്ക്കുള്ള സഭയുടെ ഔദ്യോഗിക അംഗീകാരമായിരുന്നു ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍. മാര്‍പ്പാപ്പായുടെ പരമാധികാരവും, അപ്രമാദിത്വവും നിര്‍വ്വചിച്ചുകൊണ്ട് സര്‍വ്വാധികാരങ്ങളും റോമന്‍കൂരിയായില്‍, അതിന്‍റെ കേന്ദ്രമായ മാര്‍പ്പാപ്പയില്‍ കേന്ദ്രീകരിച്ച ഈ ദൈവശാസ്ത്ര ചിന്താധാരയുടെ തിക്തഫലം പിന്നീട് സഭാജീവിതത്തില്‍ വളരെ രൂക്ഷമായി അനുഭവപ്പെട്ടു.

(b)  യോഹന്നാസ് ആഡം മ്യേളര്‍ (Johannes Adam Moehler) എന്ന ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞന്‍റെ നേതൃത്വത്തില്‍ നടന്ന നവീകരണ യത്നങ്ങള്‍ മറ്റൊരു ദൈവശാസ്ത്ര ചിന്താസരണിക്കു വഴി തെളിച്ചു. വി. ഗ്രന്ഥത്തിന്‍റെയും, ആരാധനാക്രമ പാരമ്പര്യങ്ങളുടെയും, പിതാക്കന്മാരുടെ കൃതികളുടെയും ആഴത്തിലുള്ള പഠനങ്ങളിലൂടെ ആവിഷ്കൃത സത്യങ്ങളെ അതിന്‍റെ തനിമയിലും പരിശുദ്ധിയിലും കണ്ടെത്താന്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും കഴിഞ്ഞു. ഫലമോ? സഭയെന്നത് വ്യവസ്ഥാപിതമായ ഒരു സംഘടനയോ, റോമാ മാര്‍പാപ്പയോ, മെത്രാന്മാരോ മാത്രമല്ലെന്നും, പ്രത്യുത മൂന്നെങ്കിലും ഒന്നായിരിക്കുന്ന പ. ത്രിത്വത്തിന്‍റെ കൂട്ടായ്മയുടെ മാതൃകയില്‍ പിതാവിനാല്‍ വിളിക്കപ്പെട്ട്, പ. റൂഹായില്‍ ഒന്നു ചേര്‍ക്കപ്പെട്ട് മിശിഹായുടെ മൗതിക ശരീരമായിത്തീര്‍ന്ന വിശ്വാസികളുടെ കൂട്ടായ്മയാണെന്നുള്ള ബോദ്ധ്യത്തിലേയ്ക്ക് അവര്‍ കടന്നുവന്നു. ദൃശ്യമായ സംഘടനാ സ്വഭാവമല്ല അദൃശ്യമായ ദൈവികസാന്നിദ്ധ്യമാണ് സഭാ സമൂഹത്തെ സജീവവും ചലനാത്മകവുമാക്കുന്നതെന്നും അവര്‍ വാദിച്ചു. അതിനാല്‍ സഭയുടെ ഐക്യത്തിനു നിദാനം പ. ത്രിത്വമാണ്, ദൈവത്തിന്‍റെ ആത്മാവാണ് എന്നിങ്ങനെയുള്ള ഉന്നതവും ഉദാത്തവുമായ ഒരു കാഴ്ചപ്പാടിലേയ്ക്കു വരുവാന്‍ മ്യേളര്‍ക്കും കൂട്ടര്‍ക്കും കഴിഞ്ഞു. ഈ നവീകരണ പ്രസ്ഥാനത്തെ "ഉറവിടങ്ങളിലേയ്ക്കുള്ള നീക്കം" (Re-sourcement movement) എന്നാണ് പറയുന്നത്. ജര്‍മ്മനിയിലെ ട്യൂബിങ്ങന്‍ സ്കൂളിലെ ദൈവശാസ്ത്രജ്ഞന്മാരായ Peronne,Scheeban എന്നിവര്‍ മ്യേളരുടെ സഹായികളും ഇതിന്‍റെ വക്താക്കളുമായിരുന്നു. ഇതര ദൈവശാസ്ത്രജ്ഞന്മാര്‍ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനായ Hirscher, സഭാചരിത്രകാരനായ Hefte, ഡോഗ്മാറ്റിക് ദൈവശാസ്ത്രജ്ഞന്മാരായ Staudenmeir, ഗൗവി തുടങ്ങിയവരാണ്. ചരിത്രപരവും പരിചിന്തനാത്മകവുമായ ചിന്തകളെ സമന്വയിപ്പിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാനപ്പെട്ട പരിഗണന.

സഭയുടെ വി. ഗ്രന്ഥാധിഷ്ഠിതവും ചരിത്രപരവുമായ വശങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ദൈവശാസ്ത്ര വിപുലീകരണത്തിന് ഇംഗ്ലണ്ടില്‍ നേതൃത്വം നല്കിയത് ഹെന്‍റി ന്യൂമാന്‍ (Henri Newmann) ആണ്. അദ്ദേഹത്തിന്‍റെ Theory of the Development of Christian Doctrine എന്ന കൃതി ജര്‍മ്മന്‍കാരായ J.S.Drey, J.A.Moehler എന്നിവരുടെ ചിന്താധാരയോടു സാധാര്‍മ്മ്യവും, താല്പര്യവും കാണിക്കുന്നുണ്ട്. ഇപ്രകാരമുള്ള നവീകൃതചിന്താധാരയ്ക്ക് ഓര്‍ത്തഡോക്സു ദൈവശാസ്ത്രജ്ഞന്മാരുടെ സംഭാവനയും സ്വാധീനവും പ്രത്യേകം സ്മര്‍ത്തവ്യമാണ്. അവരില്‍ പ്രമുഖരാണ്.A.Khomiakov, S.Bulgakov, G.Florovssky എന്നിവര്‍.

19-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന് വീണ്ടും ഒരു ഉയിര്‍ത്തെഴുന്നേല്പുണ്ടായി. ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ അതിന്‍റെ പരമകാഷ്ഠയായിരുന്നു. ന്യൂനപക്ഷമായിരുന്ന ട്യൂബിങ്ങന്‍ സ്കൂളും അതിലെ പ്രമുഖരായ ദൈവശാസ്ത്രജ്ഞന്മാരുടെ ചിന്താധാരകളും നിഷ്പ്രഭമായി. മദ്ധ്യശതകങ്ങളിലെപ്പോലെ സ്കൊളാസ്റ്റിക് ദൈവശാസ്ത്രമാണ് കത്തോലിക്കാ വശ്വാസം പ്രകടമാക്കുവാനുള്ള ഏറ്റവും പറ്റിയ മാര്‍ഗ്ഗമെന്നു സഭ കരുതി. അതു മറ്റു ക്രിയാത്മകമായ ചിന്താധാരകളെ കീഴ്പ്പെടുത്തുന്ന ദുരവസ്ഥയിലെത്തി. എങ്കിലും കത്തോലിക്കാ ദൈവശാസ്ത്രത്തിന്‍റെ ഭാവിയില്‍ സംഭവിക്കാനിരുന്ന, ഉയിര്‍ത്തെഴുന്നേല്‍ല്പിനും, അത്ഭുതാവഹമായ നവീകരണത്തിനും പശ്ചാത്തലമൊരുക്കിക്കൊണ്ട് അവയൊക്കെയും വീറോടെ പിടിച്ചു നിന്നു.

20-ാം നൂറ്റാണ്ട്

"സഭയുടെ നൂറ്റാണ്ട്" എന്നു വിശേഷിപ്പിക്കപ്പെടുന്ന 20-ാം നൂറ്റാണ്ട് സഭാ തലത്തിലൊന്നാകെ നവീകരണത്തിനു വഴി തുറന്നു. അടിസ്ഥാനപരമായ ദൈവവിജ്ഞാനീയ നവീകരണം ഇതിനു പ്രേരകമായി വര്‍ത്തിച്ചു. വി. ഗ്രന്ഥം, പിതാക്കന്മാരുടെ കൃതികള്‍, ആരാധനാപരവും ചരിത്രപരവുമായ ഗ്രന്ഥങ്ങള്‍ എന്നിവയുടെ പഠനങ്ങള്‍ സഭാ തലത്തിലൊന്നാകെ ചലനമുളവാക്കി. വി. ഗ്രന്ഥപഠനത്തെ പ്രോത്സാഹിപ്പിക്കുവാന്‍ "Divino Affalno Spiritu" (1943) എന്ന ചാക്രികലേഖനം 12-ാം പീയൂസ് മാര്‍പ്പാപ്പ പ്രസിദ്ധപ്പെടുത്തി. ആഗോളതലത്തില്‍ ഒരു ബിബ്ലിക്കല്‍ കമ്മീഷന്‍ രൂപവല്‍ക്കരിക്കപ്പെട്ടു. പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള ഒരു കോണ്‍ഗ്രിഗേഷന്‍ (Congregation for the Oriental Churches) സ്ഥാപിക്കപ്പെട്ടു. പൗരസ്ത്യ സഭകളുടെ ദൈവശാസ്ത്രം, ചരിത്രം എന്നിവ പഠനവിധേയമായി; അങ്ങനെ വിവിധതലങ്ങളിലും തരങ്ങളിലും നവീകരണയത്നങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു. ഇവയെല്ലാം സഭാതലത്തിലൊന്നാകെ അനുരണനങ്ങളുളവാക്കി. എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇവ വഴിതെളിച്ചു. "ഉറവിടങ്ങള്‍" തേടിയുള്ള ഈ അന്വേഷണത്തില്‍ ഒളിഞ്ഞുകിടന്നിരുന്ന, വിസ്മരിക്കപ്പെട്ടിരുന്ന, വിലയേറിയ ദൈവശാസ്ത്ര സമ്പന്നതകള്‍ കണ്ടെത്താന്‍ നേതൃത്വം നല്കിയ M.D.Chenu, Y.Congar, H.de-Lubac, L.Bouyer,  C.Duquock എന്നിവര്‍ ഫ്രാന്‍സില്‍ നിന്നുള്ളവരാണ്. ജര്‍മ്മനിയില്‍ നിന്നും K.Rahner, W.kasper, K.Neufeld, ഹോളണ്ടില്‍ നിന്നും E.Schillebeeckx, അമേരിക്കയില്‍ നിന്നും A.Dulles, EKilmartin, GKomonchak, M.Fahey  മുതലായവര്‍ ഉറവിടങ്ങളിലധിഷ്ഠിതമായ ദൈവത്തിന്‍റെ ശാസ്ത്രവക്താക്കളാണ്. പ്രോട്ടസ്റ്റന്‍റുകാരുടെ ഇടയില്‍ നിന്നു K.Barth ഈ പ്രസ്ഥാനത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ Church Dogmatics  എന്ന ഗ്രന്ഥം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്. ഓര്‍ത്തഡോക്സ് സഭകളില്‍ നിന്ന് O.Clement, J.Meyendorff, N.Nissiotis, J.DZizioulas എന്നിവരും പൗരസ്ത്യ കത്തോലിക്കാസഭകളില്‍ നിന്ന്  P.Jousif, T.Spidlik, P.B.T.Bilaniuk, E.Lanne എന്നിവരുമാണ് ഈ പ്രസ്ഥാനത്തിന്‍റെ വക്താക്കള്‍. ഈ നവീകരണയത്നം ഫലമണിഞ്ഞത് വത്തിക്കാന്‍ കൗണ്‍സി (1962-65) ലില്‍ ആണ്. 2-ാം പന്തക്കുസ്താ എന്നറിയപ്പെടുന്ന ഈ മഹത്സംഭവം ക്രിസ്തീയ ദൈവശാസ്ത്രത്തിന്‍റെയും സഭാശാസ്ത്രത്തിന്‍റെയും വളര്‍ച്ചയ്ക്കു മാത്രമല്ല, സഭ ഒന്നാകെയുള്ള അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കും വേദിയായി. ദൈവശാസ്ത്രചിന്തയില്‍ വന്ന വ്യതിയാനമാണ് ഇവയിലേറെ പ്രധാനം.

ദൈവശാസ്ത്രവളര്‍ച്ചയിലെ നവംനവങ്ങളായ കണ്ടെത്തലുകളുടെ ഒരു കാലമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമുള്ള ഇക്കാലഘട്ടം. ഉന്നതവും ഉദാത്തവുമായ ദൈവശാസ്ത്ര ചിന്തകളാല്‍ നിബിഡമായ രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളുടെ ആനുകാലികമായ പഠനം, സഭൈക്യത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പൊതുവായ ഉറവിടമന്വേഷിക്കല്‍, ആധുനികലോകത്തിന്‍റെ പ്രശ്നങ്ങളേയും ആവശ്യങ്ങളേയും കാലത്തിന്‍റെ ഇതര അടയാളങ്ങളേയും കണക്കിലെടുത്തുകൊണ്ടുള്ള ആവിഷ്കൃത സത്യവിശദീകരണങ്ങള്‍  എന്നിങ്ങനെ നാനാതരത്തിലുള്ള ദൈവശാസ്ത്ര വിചിന്തനങ്ങള്‍  അതിനെ ധന്യവും സമ്പുഷ്ടവുമാക്കിക്കൊണ്ടിരിക്കുന്നു.

ചുരുക്കത്തില്‍ പരമസത്തയും, പരമരഹസ്യവുമായ ദൈവത്തെ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനുമുള്ള മനുഷ്യചേതനയുടെ അഭിനിവേശം കാലഘട്ടത്തിന്‍റെ മുന്നോട്ടുള്ള നീക്കത്തില്‍ പുതുപുത്തന്‍ ചിന്താധാരകള്‍ക്കും, ആശയാവിഷ്ക്കരണങ്ങള്‍ക്കും രൂപം നല്കി. ചിലര്‍ ആവിഷ്കൃതസത്യങ്ങളെ നിര്‍മ്മലമായി പരിപാലിച്ചു. എന്നാല്‍ മറ്റു ചിലര്‍ അതു മനസ്സിലാക്കിയതില്‍ തെറ്റുപറ്റി. അങ്ങനെ വിവിധങ്ങളായ ദൈവവിജ്ഞാനീയശാഖകള്‍ രൂപംകൊണ്ടു. എന്നിട്ടും നിത്യസത്യത്തെ മനുഷ്യന്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടില്ല. ഇനിയും ദൈവശാസ്ത്രവളര്‍ച്ചയ്ക്കു അതു വഴിതുറക്കുന്നു. ചിന്താസരണികളില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എങ്കിലും മാറ്റമില്ലാത്തതായി നിത്യസത്യം എന്നും നിലനില്‍ക്കുന്നു. ഈ നിത്യസത്യത്തിനു മുമ്പില്‍ തലകുനിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍!.

theology introduction to theology history of christian theology Bishop Joseph Kallarangatt patrology evolution of christian theology timeline of christian theology formation church fathers and christian theology Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message