x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

ക്രിസ്തീയ ധാര്‍മ്മികത

Authored by : Bishop Joseph Kallarangatt On 26-Jan-2021

തന്നെ സൃഷ്ടിക്കുകയും സ്നേഹിച്ചുപരിപാലിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള മനുഷ്യന്‍റെ ബന്ധമാണ് മനുഷ്യപ്രവൃത്തികളിലെ നന്മതിന്മകളെ വേര്‍തിരിക്കുന്നത്. ദൈവഹിതത്തിനനുസൃതമായുള്ള മനുഷ്യ പ്രവൃത്തികള്‍ നന്മയായിട്ടുള്ളതും ദൈവഹിതത്തിനു വിരുദ്ധമായ പ്രവൃത്തികള്‍ തിന്മയായിട്ടുള്ളതുമാണ്. ക്രൈസ്തവ ധാര്‍മ്മികതയുടെ മാനദണ്ഡം ദൈവമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

തന്‍റെ ജനത്തില്‍ നിന്ന് താന്‍ എന്തു പ്രതീക്ഷിക്കുന്നുവെന്ന് ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരമുള്ള ദൈവിക വെളിപാടിന്‍റെ ലിഖിതരൂപമാണ് ബൈബിള്‍.  തന്‍റെ ജനവുമായി മോശയിലൂടെ നടത്തിയ പഴയ നിയമ ഉടമ്പടിയും അതിനെ പൂര്‍ത്തീകരിച്ചു കൊണ്ട് ദൈവപുത്രനായ ക്രിസ്തുവിലൂടെ നടത്തിയ പുതിയ ഉടമ്പടിയും ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാന ശിലകളാണ്. "എന്‍റെ ഉടമ്പടി പാലിച്ചു ജീവിച്ചാല്‍ നിങ്ങള്‍ എന്നേക്കും എന്‍റെ സ്വന്തം ജനമായിരിക്കും" (പുറ.19:5) എന്ന ദൈവിക നിബന്ധനയോട് "ദൈവം പറഞ്ഞതെല്ലാം ഞങ്ങള്‍ അനുസരിച്ച് ജീവിക്കും" (പുറ. 19:8) എന്ന് ദൈവജനം മറുപടി പറയുന്നതായി സീനായ് ഉടമ്പടിയുടെ വിവരണത്തില്‍ നാം വായിക്കുന്നു. ദൈവ മനുഷ്യ ബന്ധത്തിന്‍റെ  ധാര്‍മ്മികതയെ അളക്കുന്ന ദൃശ്യമായ അടയാളമായി പഴയനിയമം അവതരിപ്പിക്കുന്നത്  സീനായ് ഉടമ്പടിയിലൂടെ ലഭിച്ച പത്തുകല്പനകളെയാണ്. കല്പനകളുടെ ലിഖിതരൂപത്തെ വാഗ്ദാനപേടകത്തില്‍ മാത്രമല്ല ഓരോ യഹൂദനും തന്‍റെ ശിരോവസ്ത്രത്തിലും സൂക്ഷിച്ചിരുന്നു. പാപമെന്നത് ദൈവവുമായി ഏര്‍പ്പെട്ട ഉടമ്പടിയുടെ ലംഘനമാണെന്ന് പ്രവാചകന്മാര്‍ അനുസ്മരിപ്പിക്കുന്നുണ്ട്. സീനായ് ഉടമ്പടിയിലൂടെ മനുഷ്യകുലവുമായ് ദൈവം സ്നേഹബന്ധത്തിലായി എന്ന് വി. ഗ്രന്ഥം സമര്‍ത്ഥിക്കുന്നു. ദൈവം പിതാവും ഇസ്രായേല്‍ മകനുമാണെന്നും (ഹോസി 11:14), ദൈവം ഇടയനും ഇസ്രായേല്‍ അജഗണവുമാണെന്നും (എസെ 34:11-23), ഇസ്രായേല്‍ വധുവും ദൈവം വരനുമാണെന്നും (എശ 54:1-10) പ്രവാചകന്മാര്‍  ഓര്‍മ്മിപ്പിക്കുന്നതിന്‍റെ അര്‍ത്ഥം ഉടമ്പടിയിലൂടെ നിലവില്‍വന്ന ദൈവ മനുഷ്യബന്ധം തീവ്രമായ സ്നേഹത്തിന്‍റേതാണ് എന്ന വസ്തുതയാണ്. ഈ സ്നേഹബന്ധത്തെ പാപംമൂലം നിരസിച്ച ഇസ്രായേല്‍ ജനത ഉടമ്പടിയെ നിഷേധിക്കുയായിരുന്നു. (ജെറെ 22:8-9). ഇസ്രായേലിന്‍റെ ഉടമ്പടി ലംഘനത്തെ വ്യഭിചാരം മൂലം ദാമ്പത്യ ഉടമ്പടിയെ നശിപ്പിക്കുന്ന അഭിസാരികയായ ഭാര്യയുടെ നടപടിയോടാണ് ഹോസിയ പ്രവാചകന്‍ ഉപമിക്കുന്നത് (2:2-5). ചുരുക്കത്തില്‍, മനുഷ്യനെ അഗാധമായി സ്നേഹിക്കുന്ന ദൈവത്തിന്‍റെ സ്നേഹത്തോടുള്ള മനുഷ്യന്‍റെ പ്രതികരണമാണ് മാനുഷിക ധാര്‍മ്മികതയുടെ മാനദണ്ഡമായി ബൈബിള്‍ അവതരിപ്പിക്കുന്നത്. മനുഷ്യന്‍ നഷ്ടമാക്കിയ ഉടമ്പടിയുടെ സദ്ഫലങ്ങളെ പുതിയ ഉടമ്പടിയിലൂടെ വീണ്ടെടുത്തതിനാല്‍ ദൈവജനം ദൈവമക്കളുടെ പദവിയിലേക്കുയര്‍ത്തപ്പെട്ടു. അതുകൊണ്ട്  ക്രിസ്തു സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രമേ ധാര്‍മ്മികതയെക്കുറിച്ചു പുതിയ നിയമം പ്രതിപാദിപ്പിക്കുന്നുള്ളൂ. പഴയനിയമ, പുതിയനിയമ ഉടമ്പടികളുടെ പരിപ്രേക്ഷ്യത്തിലാണ് ക്രിസ്തീയധാര്‍മ്മികതയെ നാം മനസ്സിലാക്കേണ്ടത്.

ദൈവവുമായുള്ള ബന്ധം പുന:സ്ഥാപിച്ച് ദൈവത്തില്‍ എത്തിച്ചേരാന്‍ മനുഷ്യനെ സഹായിക്കുക എന്നതാണ് ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാന ലക്ഷ്യം. ധാര്‍മ്മിക ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. ധാര്‍മ്മിക ദൈവശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങളായ സ്വാതന്ത്ര്യം, മനസാക്ഷി, മനുഷ്യപ്രവൃത്തി, പാപം തുടങ്ങിയവയാണ് ഇവിടെ വിശദീകരിക്കുന്നത്.

സ്വാതന്ത്ര്യം: നമ്മുടെ തിരഞ്ഞെടുപ്പ്

സ്വതന്ത്രമായ പ്രവര്‍ത്തനം എപ്പോഴും ഒരു തിരഞ്ഞെടുപ്പാണ്. (Choice). ഒരു പ്രവൃത്തി ചെയ്യുവാന്‍ നാം തയ്യാറാകുന്നതോടുകൂടി മറ്റൊന്നിനെ നാം ഉപേക്ഷിക്കുന്നു. ഒരു നന്മയെ സ്വീകരിക്കുമ്പോള്‍ മറ്റൊന്നിനെ നാം സ്വതന്ത്രമായി നിരസിക്കുന്നു. അങ്ങനെ ഒന്നിനു വേണ്ടി മറ്റൊന്നിനെ സ്വതന്ത്രമായി പരിത്യജിച്ചുകൊണ്ടാണ് മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്രമായ ഈ തെരഞ്ഞെടുപ്പിലാണ് ആത്യന്തികമായി മനുഷ്യന്‍റെ സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്.

ഈ തിരഞ്ഞെടുപ്പ് നന്മയുടെ തിരഞ്ഞെടുപ്പാണ്. അടിസ്ഥാനപരമായി നന്മയിലേക്കു ചാഞ്ഞിരിക്കുന്ന മനുഷ്യമനസ്സ് നന്മയുടെ തിരഞ്ഞെടുപ്പില്‍ മാത്രമേ സംതൃപ്തമാവുകയുള്ളൂ. അതുകൊണ്ട് സാക്ഷാല്‍ സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത് സ്വതന്ത്ര മനസ്സ് നന്മ തിരഞ്ഞെടുക്കുന്നതിലാണ്.

ബുദ്ധി: സ്വതന്ത്ര മനസ്സിന്‍റെ നാരായവേര്

മനുഷ്യന്‍ ബുദ്ധിയുള്ളവനായതു കൊണ്ടാണ് സ്വതന്ത്രനായിരിക്കുന്നത്. അവന്‍റെ ബുദ്ധി ഉപയോഗിച്ച് നന്മ തിന്മകളെ വേര്‍തിരിക്കുകയും ലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗ്ഗങ്ങളെ വിവേചിച്ച്  സ്വീകരിക്കുകയും  ചെയ്യുന്നു. അങ്ങനെ ജീവിതത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ആവശ്യങ്ങളും മനസ്സിലാക്കി അതിനുവേണ്ട അവികലങ്ങളായ തീരുമാനങ്ങളിലേയ്ക്ക്  മനുഷ്യനെ എത്തിക്കുകയാണ് അവന്‍റെ നൈസര്‍ഗ്ഗികമായ ബുദ്ധി. ഈ വിശിഷ്ടദാനമുപയോഗിച്ചാണ് മനുഷ്യന്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നതും, തീരുമാനങ്ങളെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ബുദ്ധിരഹിതങ്ങളായ ചെടികളും ജീവികളും പ്രേരണകള്‍ക്കും വാസനകള്‍ക്കും വശംവദരായിട്ടാണ് ഓരോ പ്രവര്‍ത്തനവും നടത്തുന്നത്. എന്നാല്‍, മനുഷ്യന്‍ അവ ഒരോന്നിനെക്കുറിച്ചും ബോധവാനായി അവയെ സ്വാഭീഷ്ടമനുസരിച്ച് നിയന്ത്രിക്കുന്നു. ബുദ്ധിപൂര്‍വ്വമായ ഈ വിവേചനമാണ് മനുഷ്യനെ സ്വതന്ത്രനാക്കുന്നതും ധാര്‍മ്മികത അംഭംഗുരം കാത്തുസൂക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്നതും. അതുകൊണ്ട് ബുദ്ധിയുടെ അഭാവം, വസ്തുക്കളെപ്പറ്റിയുള്ള അജ്ഞാനം മനുഷ്യനെ അടിമത്തത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കും.

സ്വാതന്ത്ര്യത്തിന് അടിസ്ഥാനമായ ബുദ്ധി മനുഷ്യനില്‍ പരിമിതമായ തോതില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. കാരണം മനുഷ്യന്‍ പരിമിതനാണ്. മാത്രവുമല്ല, മനുഷ്യന്‍റെ ആദ്യപതന (Orginal fall) ത്തോടുകൂടി അവന്‍റെ തിന്മയിലേക്കുള്ള ആകര്‍ഷണത്തിന് ശക്തി കൂടുകയും ബുദ്ധിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്തിട്ടുണ്ട്. ബുദ്ധിയുടെ വിഷയമായ നന്മ (goodness)അനന്തനന്മ (infinite good ness- Good ) വിവേചിച്ചറിയുന്നതിന് മനുഷ്യന്‍ പരാജയപ്പെടുന്നതിന്‍റെ കാരണമിതാണ്.

മനസ്സിന്‍റെ പങ്ക്

ഒരു പ്രവൃത്തി ചെയ്യുന്നതിനു മുമ്പായി നാം അതിന്‍റെ നാനാവശങ്ങളെപ്പറ്റി ബുദ്ധി കൊണ്ടറിഞ്ഞാല്‍ മാത്രം പോരാ;  അതുചെയ്യുന്നതിനോ ചെയ്യാതിരിക്കുന്നതിനോ നമ്മുടെ മനസ്സുകൊണ്ട് തീരുമാനിക്കുക കൂടി വേണം. അതുകൊണ്ട്  മനുഷ്യ സ്വാതന്ത്ര്യത്തിന്‍റെ അഭിഭാജ്യ ഘടകമാണ് മനസ്സ് (Will). ബുദ്ധി അറിവ് പ്രധാനം ചെയ്യുമ്പോള്‍ മനസ്സ് തെരഞ്ഞെടുപ്പിന് (Choice) മനുഷ്യനെ പ്രാപ്തനാക്കുന്നു. മനസ്സിന്‍റെ ലക്ഷ്യം എല്ലായ്പ്പോഴും നന്മയാണ്. എങ്കിലും ബുദ്ധിയെപ്പോലെ തന്നെ മനസ്സിനും പരിമിതികളുണ്ട്. അതിനാല്‍ മറ്റുസാഹചര്യങ്ങളുടെ  സ്വാധീനം മൂലം വലിയ നന്മയെ ഉപേക്ഷിച്ച്, ചെറിയ നന്മയെ അല്ലെങ്കില്‍ താല്ക്കാലികഗുണം നല്കുന്ന വസ്തുക്കളെ തെരഞ്ഞെടുക്കുന്നതിന് നമ്മെ പ്രേരിപ്പിച്ചേക്കാം. സുശക്തമായ ശിക്ഷണത്തിലൂടെ മനസ്സിനെ ഈ പരിമിതിയില്‍നിന്നും കുറെയൊക്കെ നമുക്ക് മോചിപ്പിക്കുവാന്‍ സാധിക്കും. അങ്ങനെ മനുഷ്യ സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാന കാരണം മനസ്സാണ്. കാരണം മനസ്സാണ് ആത്യന്തകമായി തെരഞ്ഞെടുപ്പ് നടത്തുന്നത്.

മനുഷ്യന്‍റെ വികാരങ്ങളും (Passions) ശീല (habit)ങ്ങളും സ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ട്. എന്നാല്‍ ഇവയെക്കാളേറെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്നത് മനുഷ്യന്‍റെ സ്വാര്‍ത്ഥതയാ (selfishness) ണ്. മനുഷ്യനു സ്വതസിദ്ധമായ കൂര്‍മ്മബുദ്ധിയും സുശക്തമായ മനസ്സും കരഗതമായിട്ടുണ്ടെങ്കിലും സ്വാര്‍ത്ഥത അവനെ അടിമയാക്കിയേക്കും. സ്വാര്‍ത്ഥത പോലെതന്നെ ദൂഷ്യം ചെയ്യുന്ന മറ്റൊന്നാണ് സ്വന്തം ശക്തിയിലുള്ള അതിരുകടന്ന ആത്മവിശ്വാസവും അതില്‍ നിന്നും ഉടലെടുക്കുന്ന അഹംഭാവവും. ഈ രണ്ടു കാര്യങ്ങളാണ് ലോകത്തില്‍ കുറ്റവാളികളെയും അസന്‍മാര്‍ഗ്ഗികളെയും പ്രദാനം ചെയ്യുന്നത്. ഇക്കൂട്ടര്‍ അടിമകളാണ്- സ്വാര്‍ത്ഥതയുടെയും അഹംഭാവത്തിന്‍റെയും അടിമകള്‍.

തന്‍മൂലം മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന് ബുദ്ധിയും വിവേചനവും പൂര്‍ണ്ണമായ മനസ്സും മാത്രം പോരാ, സ്വാര്‍ത്ഥതയുടെയും അഹംഭാവത്തിന്‍റെയും കരാളഹസ്തങ്ങളില്‍ നിന്നും മോചനം നല്കുന്ന ജീവദായകമായ - കര്‍മ്മദ്യോതകമായ സ്നേഹവും കൂടി വേണം. കാരണം സ്നേഹജന്യമായ  പ്രവര്‍ത്തികള്‍ മനുഷ്യന്‍റെ ഹൃദയ ശൂന്യതയെ അകറ്റുന്നു. നന്മയ്ക്കു പ്രേരണ നല്കുന്നു, അതാണ് യഥാര്‍ത്ഥമായ സ്വാതന്ത്ര്യം.

എന്തിനുള്ള സ്വാതന്ത്ര്യം

പാപത്തിന്‍റെയും മരണത്തിന്‍റെയും ദാസ്യത്തില്‍ നിന്നും ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു (ഗലാ. 5:1). ഈ സ്വാതന്ത്ര്യം എന്തിനു വേണ്ടിയുള്ളതാണ്?. "സഹോദരരെ സ്വാതന്ത്ര്യത്തിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്നവരാണു നിങ്ങള്‍. എന്നാല്‍, ഇത് ഭൗതീക സുഖത്തിനുള്ള സ്വാതന്ത്ര്യമായി കരുതരുത്. പ്രത്യുത സ്നേഹത്താല്‍ അന്യോന്യം സേവിക്കുവിന്‍"  (ഗലാ. 5:13). വി. അപ്പസ്തോലന്‍റെ വാക്കുകളില്‍നിന്നും വ്യക്തമാകുക, ദൈവസ്നേഹത്തിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പിനും, അതനുസരിച്ചുള്ള പ്രവര്‍ത്തനത്തിനുമാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത് എന്നാണ്. അതുകൊണ്ടു ദൈവ സ്നേഹ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവയില്‍ നിന്നുമുള്ള - സ്വാര്‍ത്ഥതയില്‍ നിന്നും അതില്‍ നിന്നും ഉയിര്‍കൊള്ളുന്ന ജഡികാഭിലാഷങ്ങളില്‍ നിന്നുമുള്ള - മോചനമാണ് ആത്മാവിന്‍റെ ആന്തരിക പ്രചോദനങ്ങള്‍ക്കനുസരിച്ച് ദൈവത്തിനും മനുഷ്യനും സേവനം ചെയ്യുന്നത്. വി. അപ്പസ്തോലന്‍ പറയുന്നു. "കര്‍ത്താവ് അരൂപിയാകുന്നു. കര്‍ത്താവിന്‍റെ അരൂപി എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ട് (2 കൊറി. 3:17).

മാനുഷിക പ്രവൃത്തി (Human Act)

പൊതുവില്‍ മാനുഷിക പ്രവൃത്തി എന്നതുകൊണ്ടു വിവക്ഷിക്കുക മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയുമാണ്. എന്നാല്‍, ക്ലിപ്താര്‍ത്ഥത്തില്‍ ബുദ്ധിയും സ്വതന്ത്രമനസ്സും ഉപയോഗിച്ച് മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തിയാണ് മാനുഷിക പ്രവൃത്തി. മാനുഷിക പ്രവൃത്തി സ്വതന്ത്രമനസ്സിന്‍റെ തീരുമാനത്തില്‍നിന്ന് ഉരുത്തിരിയുന്നതാണ്.

യുക്തിയും വിവേചനവും

സ്വതന്ത്രതീരുമാനത്തിനുശേഷം ചെയ്യുന്ന ഓരോ പ്രവൃത്തിയും നടപ്പാക്കുന്നത് ആ പ്രവൃത്തിയെക്കുറിച്ചുള്ള അറിവിന്‍റെ വെളിച്ചത്തിലാണ്. അറിവിനു ശേഷമാണ് മാനുഷിക പ്രവൃത്തി രൂപം കൊളളുന്നത്. അപ്പോള്‍ ആ പ്രവൃത്തിയുടെ മൂല്യത്തെ (Value) മനസ്സ്  അംഗീകരിക്കുന്നു. മനസ്സിന്‍റെ ശരിയായ വിഷയം നന്മയാണ്. (Goodness) എന്നാല്‍ ഓരോ പ്രത്യേക നന്മയും അനന്തനന്മ (Absolute Goodness) യുടെ മുമ്പില്‍ നിസ്സംഗ മനോഭാവം പ്രകടിപ്പിക്കുന്നു. കാരണം, അനന്തനന്മയൊഴിച്ച് സൃഷ്ടിക്കപ്പെട്ട എല്ലാ നന്മയും പരിമിതമാണ്. തന്‍മൂലം ഈ പരിമിത നന്മകളില്‍ നല്ല വശവും തിന്മയുടെ വശവുമുണ്ട്. അതുകൊണ്ട് ഇപ്രകാരമുള്ള പരിമിതനന്മകളുടെ മുമ്പില്‍, മനസ്സിന് ബുദ്ധിയുടെ വിവേചനം കൂടാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. അങ്ങനെ ബുദ്ധിയുടെ വിവേചനത്തിലൂടെ മനസ്സ് സ്വീകാര്യമായവ തിരഞ്ഞെടുക്കുന്നു. (തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം-freedom of Choice).

ഒരു വസ്തുവിനെയോ പ്രവൃത്തിയേയോ വിവേചിച്ചറിയുന്നത് അതിനെക്കുറിച്ചുളള അറിവിന്‍റെയും മനനത്തിന്‍റെയും അടിസ്ഥാനത്തിലുള്ള മൂല്യനിര്‍ണ്ണയത്തിന്‍റെ വെളിച്ചത്തിലാണ് (assessment of values). ഒരു മൃഗം പോലും അതു ദര്‍ശിക്കുന്നതിനെ മനസ്സിലാക്കുന്നു. എന്നാല്‍, ഈ അറിവ് ഇന്ദ്രിയപരവും പദാര്‍ത്ഥപരവുമാണ് (Sensibile and material). തദ്ഫലമായി അത് പെട്ടന്നൊരു പ്രതികരണം കാണിക്കുന്നു. ഇതുപോലെ തന്നെ മനുഷ്യനും ചില പ്രതികരണങ്ങള്‍ കാണിക്കാറുണ്ട്. ഉദാഹരണമായി വീഴാന്‍ തുടങ്ങുമ്പോള്‍ കൈകള്‍ നിലത്തുകുത്തുന്നു. ഇത് " ഒരു മനുഷ്യ പ്രവൃത്തി" (human act, actus hominis) ആണ്.  എന്നാല്‍ മാനുഷിക പ്രവൃത്തി (human act, catus humanus) യല്ല. മാനുഷിക പ്രവൃത്തി അറിവിന്‍റെയും മനസ്സിന്‍റെയും പ്രവര്‍ത്തന ഫലമായി ചെയ്യുന്ന പ്രവൃത്തിയാണ് മനുഷ്യപ്രവൃത്തിയില്‍ ഈ രണ്ടു ഘടകങ്ങള്‍ ആവശ്യം ഉണ്ടായിരിക്കണമെന്നില്ല.

ഇച്ഛാശക്തിയുടെ പ്രവര്‍ത്തനം

മാനുഷിക പ്രവൃത്തി എപ്പോഴും സ്വതന്ത്രമായ തീരുമാനത്തില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന പ്രവൃത്തിയാണ്. അതുകൊണ്ട് അതിനെ സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തി (voluntary act, actus voluntarius) എന്നു പറയുന്നു. സ്വേച്ഛയാ ചെയ്യുന്ന ഈ പ്രവൃത്തിയില്‍നിന്നും വ്യതിരക്തമാണ്. നമ്മുടെ മനസ്സ് ആഗ്രഹിക്കുക മാത്രം ചെയ്യുന്ന പ്രവൃത്തി (actus volitum)കള്‍. ഉദാഹരണമായി, മരിച്ചുകാണുവാനായി നാം ആഗ്രഹിക്കുന്ന വ്യക്തി മരിക്കുമ്പോള്‍ നാം സന്തോഷിക്കുന്നു. ഈ പ്രവൃത്തിക്ക്, അതായത് നാം ആഗ്രഹിക്കുകമാത്രം ചെയ്ത പ്രവൃത്തിക്ക്, നാം പൂര്‍ണ്ണമായി ഉത്തരവാദികളല്ല. ബുദ്ധിയുടെയും മനസ്സിന്‍റെയും പ്രവര്‍ത്തനഫലമായുണ്ടാകുന്ന തീരുമാനത്തിലധിഷ്ഠിതമായി  സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തിക്ക് (voluntary act) നാം പൂര്‍ണ്ണമായി ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു.

സേച്ഛയാ ചെയ്യുന്ന പ്രവൃത്തികള്‍ രണ്ടുതരത്തിലുണ്ട്:

  • അറിവിന്‍റെ അടിസ്ഥാനത്തില്‍: പൂര്‍ണ്ണമായും സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തി (Fully voluntary, volumtarium perfectum) കളും അപൂര്‍ണ്ണമായി സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തി (volumtariom imperfectum) കളും. പൂര്‍ണ്ണമായും സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തികള്‍ വ്യക്തമായ അറിവിന്‍റെയും സ്വാതന്ത്രമനസ്സിന്‍റെയും തീരുമാനത്തിന്‍റെ വെളിച്ചത്തില്‍ ചെയ്യുന്ന പ്രവൃത്തികളാണ്. അപൂര്‍ണ്ണമായും സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തികളില്‍ ഭാഗികമായ അറിവോ അപൂര്‍ണ്ണമായ സമ്മതമോ ആണ് ഉളളത്.                                                                                                                                                                                    
  • നിര്‍വ്വഹണ (execution)ത്തിന്‍റെ അടിസ്ഥാനത്തില്‍: പ്രത്യക്ഷമായി സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തികളും പരോക്ഷമായി സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തി (volumtarium indicrctum) കളും ഈ ഗണത്തില്‍പെടുന്നു. ഒരു വ്യക്തി ഒരു പ്രവൃത്തി ചെയ്യുവാന്‍ തീരുമാനമെടുക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ആ പ്രവൃത്തി അതില്‍ തന്നെ (inse) പ്രത്യക്ഷമായി സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തിയാകുന്നു. ഉദാ. പ്രതികാര ബുദ്ധിയോടുകൂടിയ പ്രവൃത്തി, പരോക്ഷമായി സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തിയില്‍ ആ പ്രവൃത്തിയെക്കുറിച്ച് മുന്‍കൂട്ടി കാണുന്നു.  അത് പ്രകാരം സംഭവിക്കാനുദ്ദേശിക്കുന്നില്ലെങ്കിലും പ്രത്യക്ഷമായി തീരുമാനിച്ച പ്രവൃത്തിയുടെ ഒരു പരിണിത ഫലം  (Consequence) എന്ന നിലയില്‍ അതിനു മൗനാനുവാദം നല്കുന്നു. ഉദാഹരണമായി ഗര്‍ഭാശയത്തിനു ക്യാന്‍സര്‍ ബാധിച്ച രോഗിയുടെ ഗര്‍ഭാശയം എടുത്തുകളയുന്നു, രോഗവിമോചനത്തിനായി ഇവിടെ ഗര്‍ഭാശയവിച്ഛേദനം പരോക്ഷമായി മാത്രമേ ആഗ്രഹിക്കുന്നുള്ളു. രോഗവിമുക്തിക്കായി ചികിത്സിച്ചപ്പോള്‍ ഒരു അനുബന്ധഫലം  (Side effect) ആയി ഗര്‍ഭാശയ വിച്ഛേദനം സംഭവിച്ചു എന്നുമാത്രം. ഇത്തരത്തിലുള്ള പരോക്ഷമായി സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് നാം ധാര്‍മ്മികമായി ഉത്തരവാദികളല്ല.

മാനുഷിക പ്രവൃത്തികള്‍ക്കുള്ള തടസ്സങ്ങള്‍ 

അറിവോടും സമ്മതത്തോടും കൂടി ചെയ്യുന്ന മാനുഷിക പ്രവൃത്തികള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നവയാണ് സമ്മര്‍ദ്ദം, ഭയം, വികാരവിക്ഷോഭം, അശ്രദ്ധ, അജ്ഞത, ശീലം, ശാരിരീക മാനസിക സ്വാധീനങ്ങള്‍ തുടങ്ങിയവ.

സമ്മര്‍ദ്ദത്തിനു വിധേയമായി ചെയ്യുന്ന പ്രവൃത്തി സ്വതന്ത്രമല്ല എന്നു മനസ്സിലാക്കാന്‍ വിഷമമില്ല. എനിക്കിഷ്ടമില്ലാത്ത ഭക്ഷണം അടിച്ചും ഇടിച്ചും എന്നെക്കൊണ്ടു കഴിപ്പിച്ചെന്നിരിക്കാം. ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും കൈക്കുപിടിച്ച് എന്നെക്കൊണ്ട് ഒരാളെ അടിപ്പിച്ചെന്നിരിക്കാം. ഇച്ഛാശക്തിയുടെ കുറവുകൊണ്ട് ആ പ്രവൃത്തികള്‍ സ്വതന്ത്രമാകുന്നില്ല.

സമ്മര്‍ദ്ദം ശാരീരികമല്ലാതെ മാനസീകമാകുമ്പോള്‍ അതു ഭയത്തിന്‍റെ രൂപം പ്രാപിക്കുന്നു. ഒരു പ്രത്യേക വ്യക്തിയെ വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു മകളോടു പറയുന്ന പിതാവ് അവളെ ഭയപ്പെടുത്തുകയാണ്. ആ ഭയപ്പാടു കൊണ്ടുള്ള വിവാഹ സമ്മതം മാനുഷിക പ്രവൃത്തി എന്നുപറയുക വയ്യ. വിഷമസന്ധിയില്‍ ആന്തരീകമായി പരപ്രേരണ കൂടാതെ ഒരു ഭയം എല്ലാവര്‍ക്കുമുണ്ടാകാം. അത് സ്വാതന്ത്ര്യത്തെ നിഹനിക്കുന്നില്ല. വിവാഹാവസരത്തില്‍ ഏറ്റെടുക്കുന്ന  ഉത്തരവാദിത്വത്തെപറ്റി ഭയം തോന്നിയ ചുറ്റുപാടില്‍ വിവാഹസമ്മതം കൊടുത്താല്‍ ആ സമ്മതവും തത്ഫലമായി ആവിവാഹവും ആസാധുവാകുന്നില്ല, വിവാഹം വാസ്തവമായിരിക്കും.

വികാരവിക്ഷോഭം സ്വാതന്ത്ര്യം കുറയ്ക്കുകയോ നിശ്ശേഷം എടുത്തുകളയുകയോ ചെയ്തെന്നുവരാം. തന്നോട് അസഭ്യം പറയുന്ന ഒരു മനുഷ്യനോട് വെറുപ്പും ദേഷ്യവും തോന്നുകയും അതിന്‍റെ ഫലമായി അസഭ്യം പറയുന്നവനെ അടിക്കുകയും ചെയ്താല്‍ (Antecedent passion) ആ പ്രവൃത്തി സ്വതന്ത്രമായിരിക്കുകയില്ല. പ്രത്യേകിച്ച് പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതിയാണുള്ളതെങ്കില്‍ ശത്രുവിനെ വഴക്കുപറയുന്നതു കൊണ്ടുതന്നെ വികാരം രൂക്ഷമായി വിക്ഷോഭിക്കുകയും അതുകൊണ്ട് ശക്തമായി വഴക്കുപറയുകയും ചെയ്താല്‍ (Concomtnt Passion) അവിടെയും ഉത്തരവാദിത്വം കുറയുകയും ചെയ്യുന്നു.

എന്നാല്‍ മൂന്നാമതൊരു തരത്തിലുള്ള വികാരവിക്ഷേഭമുണ്ട്. എന്നെ അസഭ്യം പറഞ്ഞിട്ടുള്ള ഒരു മനുഷ്യനോടു പകരം വീട്ടണമെന്നു ഞാന്‍ തീരുമാനിച്ചുറയ്ക്കുക. എപ്പോള്‍ എങ്ങനെ ആ പകരം വീട്ടല്‍ പ്രാവര്‍ത്തികമാക്കണമെന്നെല്ലാം നിശ്ചയിക്കുക. അങ്ങനെ എടുത്ത തീരുമാനത്തിന്‍റെ ഫലമായി (Consequent Passion) ശത്രുവിനെ ഉപദ്രവിക്കുക. ഇവിടെ ഉത്തരവാദിത്വം കൂടുതലാണ്.

അശ്രദ്ധ (Inattention)

അശ്രദ്ധയോടുകൂടി ചെയ്യുന്ന ഒരു പ്രവൃത്തി മാനുഷിക പ്രവൃത്തി ആകുന്നില്ല. കാരണം ബുദ്ധിയുടെയും സ്വതന്ത്രമനസ്സിന്‍റെയും  പ്രവര്‍ത്തനം നടക്കുന്നില്ല.  ഉദാഹരണം ഒരാളെ യാദൃശ്ചികമായി മുറിവേല്‍പ്പിക്കുന്നു. ഇപ്രകാരമുള്ള പ്രവൃത്തികളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ആ പ്രവൃത്തിയിലുണ്ടായ അശ്രദ്ധയുടെ ഉത്തരവാദിത്വത്തെ ആശ്രയിച്ചിരിക്കുന്നു.

അജ്ഞത

ആവശ്യം വേണ്ട അറിവിന്‍റെ അഭാവമാണ് അജ്ഞത. ഇപ്രകാരമുള്ള അജ്ഞത രണ്ടു വിധത്തിലാകാം.

ഒന്ന്: അജയ്യമായ അജ്ഞത (invincible ignorance) യാതൊരുവിധേനയും മറിക്കടക്കുവാന്‍ സാധ്യമല്ലാത്ത വിധമുള്ള അജ്ഞതയാണിത്. അജയ്യമായ അജ്ഞത സ്വേച്ഛയേ ഹനിക്കുന്നു. അതുകൊണ്ട് അപ്രകാരം ചെയ്യുന്ന പ്രവൃത്തി ഒരു മാനുഷിക പ്രവൃത്തി ആകാത്തതിനാല്‍ നാം അതിന് ഉത്തരവാദികളല്ല.

രണ്ട് : ഈ അജ്ഞതയെ  (invincible ignorance) മനുഷ്യന്‍റെ പരിശ്രമത്തിലൂടെ നിര്‍മ്മാര്‍ജനം ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള അജ്ഞതയോടെ ചെയ്യുന്ന പ്രവൃത്തിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഇല്ലാതാകുന്നില്ല.

ശീലം

നല്ല ശീലങ്ങള്‍ നല്ല പ്രവൃത്തികള്‍ ചെയ്യുക സുഖകരമാക്കുന്നു.  എങ്കിലും ശീലങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യുന്ന പ്രവൃത്തി സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തിയല്ല. കാരണം, അവിടെ ബുദ്ധിയുടെയും മനസ്സിന്‍റെ വിവേചനത്തിന്‍റെയും അടിസ്ഥാനമില്ല.

ഒരുവന്‍ പ്രവര്‍ത്തിക്കുക അത് പെട്ടെന്നുള്ള ഒരു പ്രേരണയുടെ ഫലമായി ചെയ്യുന്ന പ്രവൃത്തിയാണ്. തന്മൂലം അത് ഒരു മാനുഷിക പ്രവൃത്തിയല്ലാത്തതായിരുന്നു.

ശാരീരിക, മാനസിക സ്വാധീനങ്ങള്‍

മാനുഷിക പ്രവൃത്തിയെ തടസ്സപ്പെടുത്തുന്നവയാണ്  ശരീരികവും മാനസികവുമായ ചില സ്വാധീനങ്ങള്‍. മനുഷ്യ മനസ്സിന്‍റെ തീരുമാനത്തിനനുസൃതമായി പ്രവര്‍ത്തിക്കുവാന്‍ ശാരീരിക ബലഹീനതകള്‍ ചിലപ്പോള്‍ അനുവദിച്ചില്ലെന്നു വരാം. അതുപോലെ ഭയം, അമിതമായ ഉല്‍ക്കണ്ഠ തുടങ്ങിയവയും ബുദ്ധിയുടെയും മനസ്സിന്‍റെയും തീരുമാനങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാം.

ധാര്‍മ്മികതയുടെ അന്ത:സത്ത

ഒരു പ്രവൃത്തി ധാര്‍മ്മികമായി ശരിയോ തെറ്റോ എന്ന് വിധിയെഴുതുന്നത് ഒരു മാനദണ്ഡം (Norm) ത്തിന്‍റെ അടിസ്ഥാനത്തിലാണ്.  ആ മാനദണ്ഡത്തിന് അനുയോജ്യമായ പ്രവൃത്തികള്‍ ധാര്‍മ്മികമായി നല്ലവയാണ്. അതിനെതിരായിട്ടുള്ളവ അധാര്‍മ്മികവും. എല്ലാത്തിന്‍റെയും ഉറവിടം ദൈവമാകയാല്‍ ധാര്‍മ്മികതയുടെ ആദ്ധ്യാത്മിക മാനദണ്ഡം നല്‍കുന്ന മാനദണ്ഡം (unnormed norm) അതായത്  മാനദണ്ഡം നല്‍കുന്ന മാനദണ്ഡം (ദൈവം തന്നെ). എന്നാല്‍, ഒരു വിശ്വാസി ദൈവവിശ്വാസത്താല്‍ ഉജ്ജ്വലമാക്കപ്പെട്ടു മനസ്സിലാക്കുകയും അതിന്‍റെ വെളിച്ചത്തില്‍ സ്വാതന്ത്ര്യത്തെ ക്രമീകരിക്കുകയും ചെയ്യുന്നു.  അപരന്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതിനാല്‍ അവന്‍റെ സ്വാതന്ത്ര്യത്തെയും നമുക്കു ബഹുമാനിക്കാന്‍ കടമയുണ്ട്. ആ ബഹുമാനം നല്‍കി കൊണ്ടുമാത്രമേ സ്വാതന്ത്ര്യം ഉപയോഗിക്കുവാന്‍ നമ്മുക്ക് അവകാശമുള്ളൂ. വിശ്വാസിയല്ലാത്ത മനുഷ്യനും അവനു ലഭ്യമായിട്ടുള്ള പ്രായോഗിക ജ്ഞാനത്തിന്‍റെ  വെളിച്ചത്തില്‍, സ്വന്തം സഹോദരന്‍റെ സ്വാതന്ത്യത്തെ മാനിക്കുന്നതാണ് തന്‍റെ സ്വാതന്ത്ര്യം എന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നു.

ധാര്‍മ്മികമായി നന്മയായിട്ടുള്ളത് അവശ്യം സ്വതന്ത്രമായി തീരുമാനിക്കപ്പെട്ടതാകണമെന്നില്ല. കാരണം, അപ്രകാരം തീരുമാനിക്കുക എന്നത് മനസ്സിന്‍റെ കടമയാണ്. ധാര്‍മ്മികതയുടെ സംരക്ഷണാര്‍ത്ഥമുള്ള മനസ്സിന്‍റെ തീരുമാനങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നില്ല.

ധാര്‍മ്മികോത്തരവാദിത്വം (Moral Obligation) നമ്മുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്ന ചങ്ങലയല്ല. അത് ഭൗതികവും ശാരീരികവും മാനസികവുമായ പ്രേരണ (Force) - കളില്‍ നിന്നും വിഭിന്നമാണ്. അതുപോലെ തര്‍ക്ക ശാസ്ത്രാധിഷ്ഠിതമായ സത്യ (Logical necessity of Truth) ത്തില്‍ നിന്നും വ്യത്യസ്തമാണ്. എന്നാലത് ഉദാത്ത (Superior) മായ ഒരു മനസ്സിന്‍റെ പ്രതിഫലനമാണ്.  ഇവിടെ മനുഷ്യന്‍ അടിമയാകേണ്ട ആവശ്യം വരുന്നില്ല. ഒരു തീരുമാനത്തിലെത്താനുള്ള സ്വാതന്ത്ര്യം അവന് എപ്പോഴുമുണ്ട്.

ഉപസംഹാരം

സത്തയിലധിഷ്ഠിതമാണ് മനുഷ്യന്‍റെ സ്വാതന്ത്ര്യദാഹം. ചുറ്റുപാടുകളുടെയും പാരമ്പര്യങ്ങളുടെയും നീരാളിപ്പിടുത്തത്തിലിരുന്ന മനുഷ്യന്‍ സ്വയം അടിമയായി കരുതുന്നു. അതുപോലെ സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യുന്നതിനുള്ള ലൈസന്‍സാണെന്നുള്ള വികലധാരണയോടെ സ്വാതന്ത്ര്യാസ്തിത്വത്തെ നിഷേധിക്കുന്നവരുമുണ്ട്. എന്നാല്‍ സൂഷ്മദൃഷ്ട്യാ മനുഷ്യന്‍ തന്‍റെ പ്രവര്‍ത്തനങ്ങളെയും ലോകത്തിലെ സ്ഥിരസ്ഥായിയായ ധാര്‍മ്മിക മൂല്യങ്ങളെയും അപഗ്രഥിച്ചാല്‍ വ്യക്തമാകും, അവനില്‍ത്തന്നെ സ്വാതന്ത്ര്യം സ്ഥിതിചെയ്യുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം. ആത്യന്തികമായി ഈ സ്വാതന്ത്ര്യം എന്തും ചെയ്യുന്നതിനുള്ള അനുവാദമല്ല.  നന്മയുടെ തിരഞ്ഞെടുപ്പാണെന്നാണ് അവന്‍റെ ബുദ്ധിയും മനസ്സും സാമൂഹിക പ്രകൃതിയും വ്യക്തമാക്കുന്നത്. ഈ നന്മയുടെ തിരഞ്ഞെടുപ്പിനു ദൈവം തന്‍റെ കൃപാവരം മനുഷ്യനു നല്‍കുന്നു. അനന്തനന്മയായ ദൈവം രക്ഷാകരപദ്ധതിയിലൂടെ മനുഷ്യനെ പാപ-മൃത്യു-നിയമ ദാസ്യങ്ങളില്‍നിന്നും മോചിപ്പിച്ച് കൃപാവര സഹായത്തിലൂടെ മാനുഷിക പ്രവൃത്തി ചെയ്യുന്നതിനു പ്രാപ്തനാക്കി. ഈ കൃപാവരത്തോടു സഹകരിച്ച് യുക്തിയും മനസ്സും ഉപയോഗിച്ച് നന്മ തിരഞ്ഞെടുക്കുന്നതിനുള്ള ഉത്തരവാദിത്വം മനുഷ്യനുണ്ട്. ഇതാണ് ധാര്‍മ്മിക ഉത്തരവാദിത്വം. ഈ ധാര്‍മ്മിക ഉത്തരവാദിത്വം സ്വാതന്ത്ര്യത്തിന് ഒരിക്കലും പ്രതിബന്ധമല്ല. അതിന്‍റെ നിര്‍വ്വഹണത്തിലൂടെ മാത്രമേ ഒരുവന്‍ യാഥാര്‍ത്ഥ്യത്തില്‍ സ്വതന്ത്രനാകുന്നുള്ളൂ.

Bishop Joseph Kallarangatt christian-morality human act freedom will choice Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message