x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

മലയാളസാഹിത്യത്തിലെ ഉത്തരാധുനികക്രിസ്തു

Authored by : Fexin Kuthoor On 29-May-2021

എക്കാലത്തും കലാസാഹിത്യപ്രതിഭകളുടെ ഏറ്റവും വലിയ വിഷയമാണ് ക്രിസ്തു. ആധുനികതയില്‍ ക്രിസ്തുകേന്ദ്രീകൃതമായ ചര്‍ച്ചകള്‍ പലതും ആത്മാവും മാംസവും തമ്മിലുള്ള സംഘര്‍ഷത്തിലധിഷ്ഠിതമായിരുന്നു. അതില്‍നിന്ന് മോക്ഷം നേടി ഉത്തരാധുനികതയില്‍ ഒരു പുതിയ ക്രിസ്തു ജനിക്കുന്നു. അത് പൊടുന്നനെയുള്ള ആത്മീയവെളിപ്പെടുത്തലുകളുടെ ഫലമാണ്.
ഉത്തരാധുനികമലയാളസാഹിത്യത്തില്‍ ക്രിസ്തു നിറഞ്ഞ് നില്‍ക്കുന്നുണ്ട്; ചിലര്‍ അവനെ മുറിവേല്‍പ്പിക്കുന്നു; മറ്റുചിലര്‍ കുരിശിന്മേല്‍ തറക്കുന്നു; വേറെചിലര്‍ അവനെ ഉയിര്‍പ്പിക്കുന്നു. അങ്ങനെ നിരന്തരം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ക്രിസ്തുവിനെ മലയാളത്തില്‍ (സാഹിത്യത്തില്‍) നാം കണ്ടുമുട്ടുന്നു. പുതിയനിയമത്തിലെ ക്രിസ്തു മലയാളഭാവനയുടെ പുതുദൗത്യങ്ങള്‍ ഏറ്റെടുക്കുന്നു. അവന്‍റെ വാക്കും നോട്ടവും പ്രവൃത്തിയും വികാരവും പ്രലോഭനവും അധികാരവും പുതിയ രൂപഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നു. ചിലപ്പോള്‍ സുവിശേഷങ്ങളിലെ ക്രിസ്തുവിന് അവ അനുബന്ധമായി ഭവിക്കുന്നു.
ഉത്തരാധുനിക ക്രിസ്തുനിര്‍മ്മിതി അവനെ മഹത്വപ്പെടുത്താനും കളങ്കപ്പെടുത്താനും പരിശ്രമിച്ചിട്ടുണ്ട്. ക്രിസ്തുവിന്‍റെ ഉത്തരാധുനികഭാവങ്ങളെ തുറന്ന് വെച്ച അത്തരം ചില കൃതികളാണ് സി.വി.ബാലകൃഷ്ണന്‍റെ 'ആയുസിന്‍റെ പുസ്തകം', 'കണ്ണാടിക്കടല്‍', 'സ്നേഹവിരുന്ന്', 'ആമേന്‍ ആമേന്‍'; അര്‍ഷാദ് ബത്തേരിയുടെ 'കടലിന് മീതെ ക്രിസ്തു'; ഉണ്ണി. ആറിന്‍റെ 'ഒറ്റപ്പെട്ടവന്‍'; എം. ടി. വാസുദേവന്‍നായരുടെ 'അക്കല്‍ദാമിലെ പൂക്കള്‍ വിടരുമ്പോള്‍'; പെരുമ്പടവത്തിന്‍റെ 'അരൂപിയുടെ മൂന്നാം പ്രാവ്' തുടങ്ങിയവ. യഥാര്‍ത്ഥമായ അവതരണമാതൃകയില്‍ സൃഷ്ടിക്കപ്പെട്ട രൂപങ്ങളില്‍നിന്ന് വിഘടിക്കപ്പെടുകയും വീണ്ടും രൂപപ്പെടുകയും ചെയ്യുന്നതിലൂടെ നിര്‍മ്മിതമാകുന്ന ക്രിസ്തു എന്ന ബൃഹദാഖ്യാനത്തിന്‍റെ വ്യത്യസ്തമായ സ്തരൂപവിദ്യകളാണ് ഈ കൃതികള്‍.

1. നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും                                                                                                                                    
ഉത്തരാധുനികചിന്തകര്‍ ക്രിസ്തുവിന് ഉത്തരാധുനികഭാവങ്ങള്‍ നല്‍കുന്നു. യേശുക്രിസ്തുവിനെ 'യേശു'വെന്നും 'ക്രിസ്തു'വെന്നും പിരിച്ചെഴുതി രണ്ട് പ്രത്യേക വ്യക്തിസത്തകളായി അവര്‍ അവതരിപ്പിക്കുന്നു. തമ്മില്‍ ആകര്‍ഷിക്കുകയും വികര്‍ഷിക്കുകയും ചെയ്യുന്ന ഈ പിരിച്ചെഴുത്തില്‍ 'യേശു' സ്വീകരിക്കപ്പെടുകയും 'ക്രിസ്തു' തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. 'യേശുവിനെ' നല്ലവനായും 'ക്രിസ്തുവിനെ' വഞ്ചകനായും[1] ചിത്രീകരിക്കാനുതകുന്ന പുത്തന്‍ അളവുകോലുകള്‍ അവര്‍ കണ്ടെത്തുന്നു. യഥാര്‍ത്ഥ വിശ്വാസവും വഴി തെറ്റിയ വിശ്വാസവും തമ്മിലുള്ള സംഘര്‍ഷമാണ് 'യേശു'-'ക്രിസ്തു' പിരിച്ചെഴുത്തിനും സംവാദത്തിനും വഴിയൊരുക്കുന്നത.് 'യേശു' മനുഷ്യഭാവങ്ങളുടെയും വിപ്ലവങ്ങളുടെയും കരുണയുടെയും, സഹനത്തിന്‍റെയും, പാരസ്പര്യത്തിന്‍റെയും പ്രതീകവും, 'ക്രിസ്തു' സഭയുടെയും വികലമായ ആരാധനയുടെയും അടിച്ചമര്‍ത്തലിന്‍റെയും അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും പ്രതീകവുമാണ്. സനാതനമായ ഒരു ക്രിസ്തുദര്‍ശനത്തെ ഭൂമിയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ ഇതിനു മുതിരുന്നത്. എന്നാല്‍ ഇതുവഴി ഭിന്നിപ്പിച്ച് ഭരിക്കുന്നതിന്‍റെ പ്രകടനതന്ത്രം യേശുക്രിസ്തുവില്‍ അവര്‍ ആവിഷ്കരിക്കുന്നു.
ഉത്തരാധുനികസാഹിത്യലോകത്തോടൊപ്പം തന്നെ ക്രിസ്തുവിജ്ഞാനീയത്തിലും ഈ വേര്‍തിരിവ് കൊണ്ടുവരുന്നവര്‍ നിരവധിയാണ്. റെയ്മണ്ട് പണിക്കര്‍ 'നസറായനായ യേശു'വിനെയും 'ക്രിസ്തു'വിനെയും വേര്‍തിരിച്ചാണ് മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ 'യേശു' 'ക്രിസ്തു'വിന്‍റെ പല ആവിഷ്ക്കാരങ്ങളില്‍ ഒന്നു മാത്രമാണ്.[2] യേശു സംഭവിച്ച് കൊണ്ടിരിക്കുന്നു. റെയ്മണ്ട് പണിക്കരുടെ ഈ പിരിച്ചെഴുത്ത് സാഹിത്യത്തില്‍ നിന്നും അല്‍പം ഭിന്നമാണെങ്കിലും ദൈവശാസ്ത്രത്തില്‍ത്തന്നെ ഇത്തരമൊരു വേര്‍തിരിവിന്‍റെ സാധ്യത നിലനില്ക്കുന്നു എന്നതാണ് സത്യം.

ഉത്തരാധുനികസാഹിത്യത്തിലെ ഈ പിരിച്ചെഴുത്തിന് ഒരു പൊതുരൂപം കാണുക സാധ്യമല്ല. ചിലര്‍ 'യേശുവിനെ' വിപ്ലവകാരിയോടും 'ക്രിസ്തുവിനെ' അധികാര വര്‍ഗ്ഗത്തോടും ഉപമിക്കുന്നു. 'യേശു' ജനങ്ങള്‍ക്കൊപ്പവും 'ക്രിസ്തു' സഭയ്ക്കൊപ്പവുമാകുന്നു. മറ്റ് ചിലര്‍ക്ക് 'യേശു' നല്ലവനും സ്വീകാര്യനും ആണ്; 'ക്രിസ്തുവാകട്ടെ' കപടതയുടെ ആള്‍ ദൈവവും. സി.വി.ബാലകൃഷ്ണന്‍, ഉണ്ണി. ആര്‍, പെരുമ്പടവം തുടങ്ങിയവര്‍ ഈ പിരിച്ചെഴുത്ത് പുതിയ ദര്‍ശനങ്ങള്‍ രൂപപ്പെടുത്താനായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സി.വി.ബാലകൃഷ്ണന്‍ 'യേശു'വിന്‍റെ നന്മ പുരപ്പുറത്ത് നിന്ന് കാഹളധ്വനിയോടെ ഘോഷിക്കുന്നു; എന്നാല്‍, സഭാവ്യാഖ്യാനങ്ങളിലെ 'ക്രിസ്തു'വിനെ അഴുക്കുചാലുകളിലൂടെ കടത്തി അഗാധഗര്‍ത്തത്തിലേക്ക് തള്ളിവിടുന്നു. ചുരുക്കത്തില്‍, സുവിശേഷാനന്തരമുള്ള ഒരു ക്രിസ്തു ഉത്തരാധുനികതയില്‍ ജനിക്കുകയും അവന് പുതുപരിവേഷം ലഭിക്കുകയും ചെയ്യുന്നു. അപനിര്‍മ്മാണത്തിന്‍റെ സാഹിത്യഫാക്ടറികളിലൂടെ കടന്ന് അവന്‍ ജനങ്ങളുടെ ഹൃദയത്തിനു പുറത്തേക്ക് യാത്രയാകുന്നു.

1.1 ദൈവമായ യേശുക്രിസ്തു
"വിവാദപരമായ ഒരു വിശ്വാസസത്യമേയുള്ളൂ. ദൈവമെന്നതുകൊണ്ട് നീ എന്തര്‍ത്ഥമാക്കുന്നു?" എന്ന എ. എന്‍. വൈറ്റ്ഹെഡിന്‍റെ പ്രശസ്തമായ പ്രസ്താവന ഏറെ പ്രസക്തമാണ്.[3] ഉത്തരാധുനികമലയാളസാഹിത്യത്തില്‍ ദൈവാര്‍ത്ഥങ്ങളുടെ ഒരു നിഘണ്ടുതന്നെ രൂപപ്പെട്ടിട്ടുണ്ട്. എങ്കിലും യേശുക്രിസ്തുവില്‍ ദൈവത്വവും മനുഷ്യത്വവും ഒരേസമയം ദര്‍ശിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടില്ല. കാരണം യേശുവിന്‍റെ പ്രവൃത്തികള്‍ തന്നെ അവിടുത്തെ ദൈവത്വം പ്രകടമാക്കിയിരുന്നു എന്നത് അവരെ സംബന്ധിച്ചിടത്തോളം അവിതര്‍ക്കിതമായ ചരിത്രയാഥാര്‍ത്ഥ്യമാണ് (മര്‍ക്കോ 2,5-7, ലൂക്കാ 7,48-49). ഉത്തരാധുനിക എഴുത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൈവമായ യേശുവിന് സവിശേഷതകളും ഏറെയാണ്. പെരുമ്പടവത്തിന്‍റെ 'അരൂപിയുടെ മൂന്നാം പ്രാവ്', 'കടലിന് മീതെ ക്രിസ്തു' തുടങ്ങിയ രചനകളിലെ ക്രിസ്തു ഇതിന് ഉദാഹരണമാണ്. സാഹിത്യവിമര്‍ശകനായ കെ.പി. അപ്പനെപ്പോലെയുള്ള ചിന്തകരും യേശുവിന്‍റെ മനുഷ്യത്വവും ദൈവത്വവും പൂര്‍ണ്ണമായി അംഗീകരിക്കുന്നുണ്ട്. ദൈവത്വവും കൂടി ഉള്‍ച്ചേരുമ്പോഴാണ് യേശുവിന്‍റെ വ്യക്തിത്വം സമഗ്രമാകുന്നതെന്ന നിലപാടാണ് അവരെ നയിക്കുന്നത്.[4] എങ്കിലും, യേശുവിന്‍റെ ദൈവത്വത്തെക്കാളുപരിയായി മനുഷ്യത്വത്തെ വിശകലനവിധേയമാക്കാനാണ് എഴുത്തുകാര്‍ പലപ്പോഴും ശ്രമിക്കുന്നത്.

1.2 മനുഷ്യനായ യേശു
യേശുവില്‍ മനുഷ്യത്വം അതിന്‍റെ പൂര്‍ണ്ണതയില്‍ സന്നിഹിതമായിരുന്നു. മാനവവംശം യേശുവിന്‍റെ മനുഷ്യത്വത്തിലൂടെ ദൈവപുത്രത്വത്തിലേക്ക് എത്തിച്ചേരുന്നു. നവയുഗ എഴുത്തുകാരില്‍ പലര്‍ക്കും ഈ ആശയം സ്വീകാര്യമാണ്. അതിനാല്‍ യേശുക്രിസ്തുവിനെ പിരിച്ചെഴുതുമ്പോള്‍ 'മനുഷ്യനായ യേശു'വിനെ കാഹളാരവങ്ങളോടെ അവര്‍ രചനാതന്ത്രങ്ങളില്‍ ഉള്‍ച്ചേര്‍ക്കുന്നു. അങ്ങനെ 'വെറും മനുഷ്യന്‍' മാത്രമാകുന്ന യേശുവിനെ വായനയില്‍ നാം കണ്ടെത്തുന്നു. എം.ടി.യുടെ 'അക്കല്‍ദാമ'യിലെ യേശു 'വെറും മനുഷ്യ'നാണ്; അര്‍ഷാദ് ബത്തേരിയുടെ 'കടലിന് മീതെ ക്രിസ്തുവില്‍' യേശു ഒരു 'സാധാരണ മനുഷ്യ'നാണ്; ഉണ്ണി ആര്‍.ന്‍റെ കഥയില്‍ 'ഒറ്റപ്പെട്ട'വനും.

അര്‍ഷാദ് ബത്തേരിയുടെ 'കടലിന് മീതെ ക്രിസ്തു'വില്‍ ഇമ്മാനുവലിന് മുന്‍പില്‍ യേശു ആവശ്യപ്പെടുന്നു: "എനിക്കൊന്നു മൂത്രമൊഴിക്കണം". ഇമ്മാനുവല്‍ അത്ഭുതപ്പെട്ടു, "നിനക്ക്?". യേശു മറുപടി പറയുന്നു, "അതെ. . . ഇത്രമാത്രം അതിശയമെന്തിനാണ്? ഞാനൊരു സാധാരണ മനുഷ്യനാണ്". ഇമ്മാനുവല്‍ ഞടുങ്ങുന്നു, "എനിക്ക് വിശ്വസിക്കാനാവില്ല". യേശുവിലെ 'സാധാരണ മനുഷ്യനെ' സ്പര്‍ശിക്കാനുള്ള ശ്രമമാണ് കഥാകാരന്‍ നടത്തുന്നത്. ഭൂമിയില്‍ ജീവിക്കുന്ന സാധാരണക്കാരനായ ഒരു യേശുവിനെയാണ് മനുഷ്യന് എളുപ്പത്തില്‍ മനസ്സിലാക്കാനാകുക എന്ന് അദ്ദേഹം ചിന്തിക്കുന്നു.

ഉണ്ണി. ആറിന്‍റെ 'ഒറ്റപ്പെട്ടവന്‍' എന്ന കഥയിലും മാനുഷികഭാവങ്ങളോടെ പ്രത്യക്ഷപ്പെടുന്ന യേശുവിനെ കണ്ടെത്താനാകും. 'വെളളത്തിന് മുകളില്‍ക്കൂടി മാത്രം നടക്കാനറിയുന്ന' ക്രിസ്തു ഈ കഥയില്‍ രൂപാന്തരം പ്രാപിച്ച് നീന്തല്‍ പഠിക്കുകയും മീന്‍കറി വെയ്ക്കുകയും മരം കയറുകയും ചെയ്യുന്ന യേശുവായിത്തീരുന്നു. പച്ചയായ മനുഷ്യനായി മാറുന്ന 'ഒറ്റപ്പെട്ടവ'നാണ് ഇതിലെ യേശുക്രിസ്തു.

'ആയുസ്സിന്‍റെ പുസ്തക'ത്തിലെ (സി.വി. ബാലകൃഷ്ണന്‍) യേശുക്രിസ്തു ഒരു 'പച്ചയായ മനുഷ്യ'നാണ്. ലൈംഗികതയിലധിഷ്ഠിതമായ യേശുവിന്‍റെ ആത്മീയഉത്കണ്ഠകള്‍ കഥാപാത്രത്തിലൂടെ ചര്‍ച്ചക്കെടുക്കുമ്പോള്‍ ഏകപക്ഷീയമായ ഒരാശയലോകത്തിന്‍റെ ലംഘനമാണ് അവിടെ സംഭവിക്കുന്നത്. അതുവഴി ഒരു ആധുനികാനന്തരഭാവുകത്വസംസ്കാരത്തിന് അടിത്തറയിടാനും ഈ നോവലിന് കഴിഞ്ഞു. എന്നാല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട പൊതുധാരണകള്‍ ലംഘിച്ചതിലൂടെ അതിലെ പാപസങ്കല്പത്തെ കീഴ്മേല്‍ മറിക്കാനും കഥാകൃത്തിന് സാധിച്ചു. മനുഷ്യനായി പ്രത്യക്ഷപ്പെട്ട ക്രിസ്തുവിലൂടെ ലൈംഗികതയുടെ ശരിതെറ്റുകളെ അദ്ദേഹം നിസ്സാരമാക്കി. ലൈംഗികത പാപവുമായി ബന്ധപ്പെട്ടതാണെന്ന പൊതുധാരണ അങ്ങനെ 'ആയുസ്സിന്‍റെ പുസ്തകം' ചോദ്യം ചെയ്യുന്നു.[5]

ദൈവം മനുഷ്യര്‍ക്കിടയില്‍ കൂടാരം അടിച്ചതാണ് മനുഷ്യനായ യേശു. സാഹിത്യത്തിലും ഈ വീക്ഷണം നിറഞ്ഞുനില്‍ക്കുന്നു. 'കടലിന് മീതെ ക്രിസ്തു'വില്‍ ഇമ്മാനുവേല്‍ എന്ന കഥാപാത്രം സ്വാംശീകരിക്കുന്നതും പ്രതിനിധാനം ചെയ്യുന്നതും ഇതേ ക്രിസ്തുവിനെത്തന്നെയാണ്. ഈ ക്രിസ്തുവിലേക്ക് എത്തിച്ചേരുക എന്നത് ദുഷ്കരമായ ഒരു കാര്യമല്ല. മനുഷ്യന്‍റെ അസ്തിത്വദു:ഖങ്ങള്‍ക്കുള്ള മരുന്നും ചികിത്സയുമായി ക്രിസ്തു നമ്മോട് കൂടെയുണ്ട്. യേശു ഒരു 'സാധാരണ മനുഷ്യ'നുമാണെന്ന സത്യം ഇനിയും വിശ്വസിക്കാനാകാത്തവര്‍ക്ക് അപ്രകാരംതന്നെ അവനെ സംലഭ്യനാക്കാനുള്ള ശ്രമത്തിലാണ് ഉത്തരാധുനിക എഴുത്തുകാര്‍.

2. മാര്‍ക്സിന്‍റെ യേശുവും ബൂര്‍ഷ്വകളുടെ ക്രിസ്തുവും                                                                                                                           
ക്രിസ്തുമതം യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞുവെന്നൊരു ആരോപണമുണ്ട്. ദര്‍ശനങ്ങളിലും സാഹിത്യത്തിലും ഈ ചിന്തയുടെ പ്രതിഫലനങ്ങള്‍ കാണാം. യേശുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപ്ലവകാരിയുടെ ശൈലിയിലുള്ളതും കമ്മ്യൂണിസത്തിന്‍റെ സ്വഭാവപ്രത്യേകതകള്‍ ഉള്ളവയുമായിരുന്നുവെന്നും, യേശു മാര്‍ക്സിന്‍റെ ഗുരുവാണ് എന്നുമൊക്കെ എഴുതുന്നവരുണ്ട്. സമൂഹത്തിലെ അവശവിഭാഗത്തിന്‍റെ സ്വപ്നങ്ങളിലും യേശുവിന് ഇടമുണ്ട് എന്നതിന്‍റെ സൂചനകളാണവ. സമഗ്രവിമോചകനായ യേശു മാനവകുലത്തിന് നേടിത്തന്ന രക്ഷ ആത്മീയമായ അര്‍ത്ഥത്തില്‍ മാത്രമല്ല മനസ്സിലാക്കേണ്ടത്; അത് എല്ലാവിധത്തിലുമുളള അടിമത്തത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നുമുളള വിമോചനം കൂടിയാണ്.

വിമോചകനും ചരിത്രപുരുഷനുമായ യേശു കഥാപാത്രമാകുന്ന രചനകളുടെ പ്രമേയം ചൂഷിതവര്‍ഗ്ഗത്തിന്‍റെ സഹനങ്ങളും അവരുടെ മോചനമാര്‍ഗ്ഗങ്ങളുമാണ്. ഒരു പ്രവാചകനെന്നതിലുപരി യേശുവിനെ വിമോചകനായി കാണുകയും അധ:സ്ഥിതന്‍റെ വിമോചനയത്നങ്ങള്‍ക്ക് സാഹിത്യചിന്തയില്‍ ഇടം കണ്ടെത്തുകയും ചെയ്യുക എന്നതാണ് യേശുവിനെ മാര്‍ക്സിസ്റ്റാക്കി മാറ്റുന്നതിനു പിന്നിലെ കാരണം.[6] ഈശ്വരീയതയുടെ സ്വയം പ്രകാശനമായ പ്രവാചകന്‍ ഈശ്വരനിയുക്തനും ഈശ്വരഗ്രസ്ഥനുമാണ്; ജനങ്ങളുടെ സമഗ്ര അഭിനിവേശങ്ങള്‍ക്കുമുളള മറുപടിയാണ് അവന്‍. അടക്കിനിര്‍ത്തപ്പെട്ട ജനകീയാഭിവാഞ്ജകളുടെ വിസ്ഫോടനമാണ് പ്രവചനമെന്നും ഇത്തരം വിസ്ഫോടനങ്ങളിലൂടെ രൂപംകൊള്ളുന്ന പ്രതിസംസ്കൃതിയുടെ പ്രവാചകനാണ് യേശുവെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് യേശുവിന്‍റെ മാര്‍ക്സിസ്റ്റ്വത്കരണത്തിന് പിന്നിലുള്ളത്.[7]

ബൂര്‍ഷ്വകളുടെ ക്രിസ്തുവും അടിച്ചമര്‍ത്തപ്പെട്ടവരുടെ യേശുവും തമ്മില്‍ എന്നും സംഘര്‍ഷത്തിലാണ്. യേശു വിസ്മൃതനാകും വിധം ക്രിസ്തുവിനെ ബൂര്‍ഷ്വകളുടെ കുത്തകയാക്കിയത് സഭയാണ്; പക്ഷേ, നിലവിളികളിലും, രക്തത്തിലും, വിയര്‍പ്പിലും, കണ്ണീരിലും യേശു ജീവിക്കുന്നു എന്ന ചിന്തയാണ് 'കണ്ണാടിക്കടലി'ലൂടെ സി.വി. ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്നത്. വിപ്ലവത്തിലൂടെ ഒരു പുതിയ ലോകനിര്‍മ്മിതിക്കായുള്ള ആഹ്വാനം സി.വി.യുടെ യേശു നല്കുന്നു; അത് ദരിദ്രരെ ഭൂമിയുടെ അവകാശികളാക്കുമത്രേ. മുകളില്‍ നിന്ന് താഴേക്ക് അധികാരം പ്രയോഗിക്കുന്ന പഴയ ദൈവത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമം 'കണ്ണാടിക്കടലി'ല്‍ ദൃശ്യമാണ്.[7]

എം.ടി.യുടെ 'അക്കല്‍ദാമയില്‍ പൂക്കള്‍ വിടരുമ്പോള്‍' എന്ന കൃതിയും തുറന്നുവെയ്ക്കുന്ന ചിത്രം ഇതില്‍ നിന്നു വ്യത്യസ്തമല്ല. ഒരു മയക്കത്തിനുശേഷം ഉണരുന്ന യൂദാസ് യേശുവിനെ കണ്ടെത്തുന്നത് നഗരപ്രാന്തത്തിലെവിടെയോ വച്ചാണ്. പുതിയ നഗരം കണ്ട് യേശു അത്ഭുതപ്പെടുകയാണ്. "നഗരം, ഭംഗിയേറിയ കെട്ടിടങ്ങള്‍. അവയിലെ നിഴല്‍പ്പാളികളില്‍ റോഡരികില്‍ മാത്രം ചില ഉറങ്ങാത്ത മനുഷ്യരുണ്ട്". 'ക്രിസ്തു' നഗരത്തിലെ സമൃദ്ധിയില്‍ ജീവിക്കുമ്പോള്‍ 'യേശു' റോഡരികില്‍ ഒറ്റപ്പെട്ടുപോകുന്നുവെന്നാണ് കഥ പറയുന്നത്. യേശു അവന്‍റെ തനിമയിലേക്ക് തിരിച്ച് വരേണ്ടിയിരിക്കുന്നു. ഇരുണ്ട നിഴല്‍പ്പാടുകളിലേക്ക് കണ്ണോടിച്ചശേഷം ആകാശത്തിലേക്ക് മുഖമുയര്‍ത്തി കൈകൂപ്പിക്കൊണ്ട് അക്കല്‍ദാമയിലെ ക്രിസ്തു പ്രാര്‍ത്ഥിക്കുന്നുണ്ട്: "സ്വര്‍ഗ്ഗസ്ഥനായ പിതാവേ എനിക്കു മാപ്പ് തരണമേ. അവിടുന്നരുളിയ ദിവ്യതേജസ്സു മുഴുവന്‍ ചൊരിഞ്ഞിട്ടും ഇരുണ്ട മൂലകള്‍ ഇനിയും ബാക്കി നില്‍ക്കുന്നു". യേശുവിന്‍റെ രക്ഷാകരദൗത്യത്തിന് മുന്‍പില്‍ ഒരു ചോദ്യാവലിയായി ഇത് അവശേഷിക്കുന്നു.
ക്രിസ്തു ആദ്യം മുതലേ അധികാരത്തെയും സ്ഥാപനവത്കരണത്തെയും എതിര്‍ത്തിരുന്നു. രാജ്യത്തിന്‍റെ പ്രലോഭനങ്ങളെ അതിജീവിച്ചവനായിരുന്നു ക്രിസ്തു. അവിടുന്ന് എപ്പോഴും ദരിദ്രരുടെ പക്ഷത്താണ്. സ്വകാര്യസ്വത്തിനെതിരായിരുന്ന ക്രിസ്തു തന്നെ അനുഗമിക്കാനാഗ്രഹിച്ചവനോട് ഉളളതൊക്കെയും ദാനം ചെയ്തിട്ടു വരാനാണ് പറഞ്ഞത്. ദരിദ്രപക്ഷത്തു നിന്ന യേശുവിനെ ആഘോഷിക്കുന്നത് ധനികരാണ്. ക്രിസ്തുവാകട്ടെ പലരുടെയും സ്വകാര്യസമ്പത്തിന്‍റെ ഭാഗവുമാണ്. സ്വരുക്കൂട്ടിയ കോടികളുടെകൂടെ ക്രിസ്തുവും. അതിനാലാണ് എഴുത്തുകാര്‍ ക്രിസ്തുവിജ്ഞാനീയത്തില്‍ ഒരു വിമലീകരണത്തിനുവേണ്ടി വാശിപിടിക്കുന്നത്. വിമോചനസമരവും വിപ്ലവവും നടക്കേണ്ടത് സഭയിലാണത്രേ. അവരുടെ അഭിപ്രായത്തില്‍ യേശുവില്‍ നിന്ന് വിഘടിച്ച് പോയ ക്രിസ്തുവിനെ തിരിച്ചുപിടിക്കാന്‍ സമ്പത്തിന്‍റെയും സ്ഥാപനമതത്തിന്‍റെയും ആണികളില്‍ തറച്ച ക്രിസ്തുവിനെ ആ വേദനകളില്‍ നിന്ന് മോചിപ്പിക്കണം. 'യേശുവിലേക്കുളള' ബൂര്‍ഷ്വകളുടെ 'ക്രിസ്തുവിന്‍റെ' തിരിച്ചുനടപ്പാണ് വിപ്ലവവും വര്‍ഗ്ഗസമരവുമായി മാറുക. 'കടലിനുമീതെ ക്രിസ്തു' എന്ന കഥയില്‍ ഈ ഒരു സമരം കാണാം. ദൈവം നമ്മോടു കൂടെയാകണമെങ്കില്‍ നമുക്ക് ഒരു ശുദ്ധീകരണം അനിവാര്യമാണ്. അത് അനര്‍ഹമായ സമ്പത്തിന്‍റെ നിഷേധമാണ്. സഭയെ ഒറ്റപ്പെടുത്തുകയോ ഉന്മൂലനം ചെയ്യുകയോ അല്ല ഉത്തരാധുനിക എഴുത്തുകളുടെ ലക്ഷ്യം എന്നതും മറക്കരുത്. മറിച്ച്, അത് ഒരു വിശദീകരണത്തിനുളള ക്ഷണമാണ്. ശ്രദ്ധയോടെ വീക്ഷിച്ചാല്‍, 'ക്രിസ്തു'വിന്‍റെ തുടര്‍ച്ചയായ സഭയില്‍ 'യേശു'വിന്‍റെ തുടര്‍ച്ച കാണാത്തതെന്തുകൊണ്ടാണ് എന്നുള്ള ചോദ്യമാണ് വിമര്‍ശന-വിമോചന ക്രിസ്തുവിജ്ഞാനീയത്തിന്‍റെ കേന്ദ്രം.

3. ജനങ്ങളുടെ യേശുവും സഭയുടെ ക്രിസ്തുവും                                                                                                                                             
ശരീരം സ്വീകരിച്ച ദൈവം ഇപ്പോള്‍ വസിക്കുന്നത് ജനങ്ങള്‍ക്കിടയിലാണ്. ജനങ്ങള്‍ യേശുവില്‍ ഒരു അഭയകേന്ദ്രം ദര്‍ശിച്ചതുകൊണ്ടാണ് അവന്‍റെ ജീവിതം ഇന്നും പ്രസക്തമാകുന്നത്. ആരാധനയ്ക്ക് പാത്രമാകുന്ന 'ക്രിസ്തു'വിന്‍റെ പ്രതിമയേക്കാള്‍ ഉത്തരാധുനികഎഴുത്തുകാര്‍ ജനങ്ങളില്‍ വസിക്കുന്ന 'യേശു'വിനെ കണ്ടെത്താന്‍ പരിശ്രമിക്കുന്നു. മനുഷ്യന്‍റെ വികാര-വിചാരങ്ങളുടെ നടുവിലാണ് 'യേശു'വിന്‍റെ സന്ദേശം പ്രസക്തമാകുന്നത്. എന്നാല്‍ സഭയുടെ 'ക്രിസ്തു'വാകട്ടെ ആത്മീയതയുടെ വെറും ആഗോളവത്ക്കരണ ഉല്‍പ്പന്നമാണ്. ഈ വേര്‍തിരിവ് രചനകളില്‍ പ്രത്യക്ഷപ്പെടുന്നത് ഉത്തരാധുനികതയുടെ മാത്രം സവിശേഷതയല്ല. എന്നാല്‍, ഉത്തരാധുനിക പ്രത്യയശാസ്ത്രങ്ങള്‍ ഈ രചനാവൈഭവത്തിന് വ്യത്യസ്തമായ ഭാവുകത്വം നല്‍കുന്നു. അവതരണത്തിലും ആഖ്യാനത്തിലുമാണ് ജനങ്ങളുടെ യേശു ഉത്തരാധുനികകാലത്ത് വേറിട്ടു നില്‍ക്കുന്നത്. കടല്‍ത്തീരത്ത് പ്രത്യക്ഷപ്പെടുന്ന യേശു സഹകഥാപാത്രത്തിന്‍റെ പേരിന്‍റെ അര്‍ത്ഥം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ജനങ്ങളുടേതായി മാറുന്നത് 'കടലിന് മീതെ ക്രിസ്തു' എന്ന കഥയില്‍ കാണാം. ജനത്തിന്‍റെ വേദനകളില്‍ അവരോടൊപ്പമായിരിക്കാനാണ് അവരുടെ യേശുവിനിഷ്ടം.
ക്രിസ്തു സംഘടിതമതത്തിന്‍റെ സംഭാവനയാണെന്ന ചിന്ത ഉത്തരാധുനികചിന്തയില്‍ ശക്തമായി നിലനില്ക്കുന്നുണ്ട്. ഘടനകള്‍ക്കും ധാര്‍മ്മികതക്കും വേണ്ടി ക്രിസ്തുവിനെ സഭയില്‍ മാമ്മോദീസാ മുക്കുന്നു എന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍ ക്രിസ്തുവിന്‍റെ തുടര്‍ച്ചയായ സഭയെ പൂര്‍ണ്ണമായും എതിര്‍ക്കാത്തവരും ഉത്തരാധുനിക എഴുത്തുകാരില്‍ ഉണ്ട്. "ഇന്നത്തെ സഭ ക്രിസ്തുവിന്‍റെ വിശുദ്ധമന്ദിരങ്ങളില്‍ നിന്ന് അകന്നു പോയി എന്ന് പറയാന്‍ സാധ്യമല്ല. സുവിശേഷങ്ങള്‍ക്കെതിരെ വാതിലടയ്ക്കാനും സഭയ്ക്കു സാധ്യമല്ല. എന്നാല്‍ സഭയിലെ കാരുണ്യരാഹിത്യം പലപ്പോഴും വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. സഭ പലരും കരുതുന്നതുപോലെ സംഘടിതമതത്തിന്‍റെ ബന്ധനമല്ല, ക്രിസ്തുവില്‍ വിശ്വസിക്കുവരുടെ കാരുണ്യം നിറഞ്ഞ വലിയ മനസ്സാണ്".[9] സഭയെക്കുറിച്ച് കെ.പി.അപ്പന്‍ സംസാരിക്കുന്ന ഈ വാക്കുകള്‍ ശ്രദ്ധേയമാണ്.
സഭാകേന്ദ്രീകൃതമായ ക്രിസ്തു വിജ്ഞാനീയത്തെ ഉത്തരാധുനിക എഴുത്തുകാര്‍ എതിര്‍ക്കുകയും അഗ്നിശുദ്ധിക്ക് വിധേയമാക്കുകയും ചെയ്യുന്നു. യേശുവിനേക്കാള്‍ മുകളില്‍ പലപ്പോഴും സഭ പ്രവര്‍ത്തിക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. ഗൗരവതരമായ ഈ പ്രതിസന്ധിയാണ് പ്രതികരണങ്ങളിലൂടെയും ബിംബങ്ങളിലൂടെയും എഴുത്തുകാര്‍ അവതരിപ്പിക്കുന്നത്. 'ഒറ്റപ്പെട്ടവന്‍' എന്ന കഥയില്‍ ഒരു പള്ളിമേടയിലെ മോഷണശ്രമം വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "മേടേടെ കോണി കയറുമ്പോള്‍ ആറാമത്തെ പലകയില്‍ ഉറക്കെച്ചവിട്ടരുതെന്നും അത് ഇളകിക്കിടക്കുകയാണെന്നും ഗോവിന്ദന്‍ ചന്ദ്രന് മുന്നറിയിപ്പ് നല്‍കി". ക്രിസ്തുവില്‍നിന്ന് അകന്ന സഭയാണ് ഇളകിക്കിടക്കുന്ന ആറാമത്തെ പലക.

4. യേശു പറഞ്ഞ ഹരിത ഉപമ                                                                                                                                                                    
പ്രകൃതിയോട് ചേര്‍ന്നാണ് 'യേശു' സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മനുഷ്യപുത്രനായി ജന്മമെടുത്ത 'ക്രിസ്തു' ഭൂമിയിലെ സൃഷ്ടിശ്രേണിയുടെ ഭാഗമായി മാറുകയായിരുന്നു. അതിനാല്‍ ക്രിസ്തുവിനെ സൃഷ്ടിശ്രേണിയില്‍ നിന്ന് വിഭിന്നമായി കാണുന്നതിനെ ഉത്തരാധുനികഹരിതശാസ്ത്രം അപലപിക്കുന്നു. ക്രിസ്തുവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തില്‍ നിന്നും ഒരു ഉത്തരാധുനികഹരിത ദൈവശാസ്ത്രം തന്നെ ഉരുത്തിരിയുന്നു.[10] യേശുവിന്‍റെ ശരീരവും പ്രകൃതിയുടെ ശരീരവും തമ്മില്‍ ഭേദിക്കാനാവാത്ത ബന്ധമുണ്ടെന്നാണ് ഇവരുടെ പക്ഷം. മുറിവേല്പിക്കപ്പെടുന്ന പരിസ്ഥിതി മുറിവേറ്റ ക്രിസ്തുവിനോടൊപ്പമാണ് രചനകളില്‍ പ്രത്യക്ഷപ്പെടുന്നത്. തെയ്യാര്‍ദ്ദ് ഷര്‍ദ്ദാന്‍റെ 'കോസ്മിക് ക്രൈസ്റ്റ്' എന്ന സങ്കല്പം ഈ ദര്‍ശനത്തിന് ദൈവശാസ്ത്രപരമായ അടിത്തറ നല്‍കുന്നു.[11]

'കണ്ണാടിക്കടല്‍', 'ഒറ്റപ്പെട്ടവന്‍', 'കടലിന് മീതെ ക്രിസ്തു' എന്നീ രചനകളില്‍ ക്രിസ്തു-പ്രകൃതി ശരീരങ്ങളുടെ ആഴമേറിയ പാരസ്പര്യത്തിന്‍റെ ദര്‍ശനം നിറഞ്ഞു നില്‍ക്കുന്നുണ്ട്. പരിസ്ഥിതിയും ക്രിസ്തുവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുമ്പോഴെല്ലാം മനുഷ്യജീവിതം അസ്വസ്ഥമാകുന്നതായി ഈ രചനകള്‍ നിരീക്ഷിക്കുന്നു. 'ഒറ്റപ്പെട്ടവനി'ല്‍ പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന യേശുവിനെ കണ്ട് പ്രകൃതി നടുങ്ങുന്നു. സസ്യലതാദികളും ജന്തുജാലങ്ങളും ഈ ഇറങ്ങിപ്പോക്കിനോട് പ്രതികരിക്കുന്നു; പഴക്കമുള്ള ഒരു പുളിമരം രണ്ടായി പിളരുന്നു; കുലച്ച് നിന്നിരുന്ന ഏത്തവാഴ ആ നില്‍പില്‍ തന്നെ കരിഞ്ഞ് പോയി; അഗ്നി പ്രവാഹം പോലെ കടന്നുപോയ അവന്‍റെ തേജസ്സില്‍ ആകര്‍ഷിതരായി പശുക്കളും ആടുകളും വീട് വിട്ട് കടവ് വരെ അവനെ അനുഗമിക്കുന്നു. പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന യേശുവും അവനെ അനുഗമിക്കുന്ന പ്രകൃതിയും തമ്മിലുള്ള ബന്ധമെന്താണ്? യേശുശരീരം പ്രകൃതിശരീരത്തെ ആകര്‍ഷിക്കുകയാണോ?
ദൈവത്തെയും പ്രകൃതിയെയും തമ്മില്‍ കൂട്ടിത്തുന്നിയ ഒരു നവപരിസ്ഥിതിദര്‍ശനമാണിവിടെ വിവക്ഷിതമാകുന്നത്. യേശുവിന്‍റെ വരവിനുശേഷം അക്കരി ചൂണ്ടയിടുമ്പോള്‍ മീനുകള്‍ ചിരിച്ചുകൊണ്ട് അവന്‍റെ ചൂണ്ടക്കൊളുത്തില്‍ വന്നുകയറുന്നു എന്ന ആഖ്യാനത്തിലൂടെ പ്രകൃതി യേശുവിലാണ് നിലനില്ക്കുന്നത് എന്ന സത്യമാണ് ഉണ്ണി ആര്‍. അവതരിപ്പിക്കുന്നത്. പ്രകൃതിചൂഷണം എന്ന ഉത്തരാധുനികതിന്മ എഴുത്തുകാരനെ അസ്വസ്ഥനാക്കിയതിനാലാണ് യേശു-പ്രപഞ്ച പാരസ്പര്യത്തിന്‍റെ ഈ കഥ ജനിക്കുന്നത്.

'കണ്ണാടിക്കട'ലില്‍ സി.വി. ബാലകൃഷ്ണന്‍ മത്സ്യങ്ങളുടെ നൃത്തത്തിലേക്കും കടലിന്‍റെ മനോഹാരിതയിലേക്കും നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. കടല്‍ ഉപജീവനമാര്‍ഗ്ഗമാക്കിയവര്‍ക്കുപോലും ആസ്വദിക്കാന്‍ കഴിയാത്ത കടല്‍സൗന്ദര്യം ആസ്വദിക്കാന്‍ വായനക്കാര്‍ക്കുള്ള ക്ഷണമാണത്. യേശുവിന്‍റെ സൗന്ദര്യവും പ്രകൃതിസൗന്ദര്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും ക്രിസ്തുവാണ് ഈ സൗന്ദര്യബോധത്തിന്‍റെ ദാതാവെന്നും സി.വി. എഴുതുന്നു. ക്രിസ്തുവിന്‍റെ കൊലപാതകം പ്രകൃതിയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ വിവരിക്കുമ്പോള്‍ ക്രിസ്തു-പ്രപഞ്ച പാരസ്പര്യം തന്നെയാണ് അവതരിപ്പിക്കപ്പെടുന്നത്.
'കടലിനു മീതേ ക്രിസ്തു'വിലും 'കണ്ണാടിക്കട'ലിലും ഈ പാരസ്പര്യം കൂടുതല്‍ വ്യക്തമാകുന്നുണ്ട്. തിരമാലകളും കാറ്റും ക്രിസ്തുവിന്‍റെ ശരീരത്തെ തഴുകുന്നു. മൃഗങ്ങള്‍ക്കും പ്രകൃതിപ്രതിഭാസങ്ങള്‍ക്കും വഴങ്ങുന്ന ക്രിസ്തു പ്രകൃതിയിലെ അടിസ്ഥാനപരമായ ഒരാദ്ധ്യാത്മികതയിലേക്ക് വിരല്‍ചൂണ്ടുകയാണ്. പാരിസ്ഥിതികവിമോചനശാസ്ത്രത്തിന്‍റെ നിഴലുകളാണ് ഉത്തരാധുനികക്രിസ്തുമുഖത്ത് നിഴലിക്കുന്നത്. പ്രപഞ്ചം അതിന്‍റെ പരമമായ ഉള്‍ക്കാമ്പില്‍ വരെ ക്രിസ്തുവിന്‍റെ ദിവ്യസാന്നിദ്ധ്യത്താല്‍ നിറഞ്ഞിരിക്കുന്നു. സകലതിനെയും നിയന്ത്രിച്ചു കൊണ്ട് അവിടുന്ന് സദാ സന്നിഹിതനാണ്. പരമാണുവിന്‍റെ ആത്യന്തിക പ്രകമ്പനം മുതല്‍ ഏറ്റവും ഉദാത്തമായ ആദ്ധ്യാത്മിക ധ്യാനംവരെ, വായുവിനെ ചലിപ്പിക്കുന്ന ഇളം കാറ്റ് മുതല്‍ അനവധി രൂപങ്ങളില്‍ പ്രത്യക്ഷമാകുന്ന ജീവന്‍ വരെ സകലതും, യേശു നിരന്തരമായി ചൈതന്യമുള്ളതാക്കുന്നു. ദൈവാരാധനയോടു ചേര്‍ന്ന ഒരാത്മീയതയാണ് ഹരിതആത്മീയതയിലൂടെ ഉത്തരാധുനികചിന്തകര്‍ ലക്ഷ്യമിടുന്നത്. ഇയാന്‍ ബ്രാഡ്ലിയുടെ 'ദൈവം പച്ചയാണ്'(God is Green)[12] എന്ന ഹരിത ആത്മീയദര്‍ശനവും ഇന്ന് സാഹിത്യചിന്തകളില്‍ ഇടംനേടുന്നുണ്ട്. ഇതില്‍ ഒരു നവലോകസൃഷ്ടിക്കായുള്ള ആഹ്വാനവും അടങ്ങിയിരിക്കുന്നു.

5. കുരിശ് പൂക്കുമ്പോള്‍                                                                                                                                                                            
മനുഷ്യന്‍റെ പാപങ്ങള്‍ക്കുവേണ്ടിയാണ് ക്രിസ്തു മരണം വരിക്കുന്നത്. പാപികളോടു താദാത്മ്യപ്പെടുത്തി ദൈവം തന്‍റെ പുത്രനെ മരണത്തിന് ഏല്പിച്ചുകൊടുത്തു (റോമാ 8,32; 5,11). അവന്‍റെ മരണം അനേകരെ സ്വതന്ത്രരാക്കി. എന്നാല്‍ ഒരിക്കല്‍ കുരിശില്‍ മരിച്ച യേശു വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്നതായി ഉത്തരാധുനികസാഹിത്യം വാദിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെടുന്നവരോടും നീതി നിഷേധിക്കപ്പെടുന്നവരോടും ചേര്‍ന്നുനിന്നുകൊണ്ടാണ് ക്രിസ്തു വീണ്ടും ഒറ്റപ്പെടുന്നതും ഒറ്റിക്കൊടുക്കപ്പെടുന്നതും. അതിനാല്‍ ക്രിസ്തുവിന്‍റെ വേദന, സഹനം, കുരിശ്, മരണം എല്ലാം സാഹിത്യചിന്തയില്‍ വിഷയമായി മാറുന്നു.

മറ്റുള്ളവര്‍ക്കുവേണ്ടി കുരിശു ചുമക്കുകയും മരിക്കുകയും ചെയ്യുന്നവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന സ്വര്‍ഗ്ഗീയ ഉടമ്പടിയുടെ അടയാളമാണ് 'അരൂപിയുടെ മൂന്നാംപ്രാവി'ലെ (പെരുമ്പടവം) ക്രിസ്തു. കാലം ചുമലില്‍ താങ്ങിവച്ച കുരിശുമെടുത്തുകൊണ്ട് വിധിയുടെ കാല്‍വരിയിലേക്ക് യാത്ര ചെയ്യുന്ന ആന്‍ഡ്രൂസ് സേവ്യറിന്‍റെ ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഉയിര്‍ത്തെഴുല്പേിന്‍റെയും ചരിത്രമാണ് 'അരൂപിയുടെ മൂന്നാം പ്രാവ്' എന്ന കൃതി. ലോകത്തിന്‍റെയും കാലത്തിന്‍റെയും ജീര്‍ണ്ണതയ്ക്കെതിരെ കലാപമുണ്ടാക്കുന്ന മനുഷ്യസ്നേഹിയുടെ ദുരന്തം പെരുമ്പടവത്തെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്.

'ഒറ്റപ്പെട്ടവ'നില്‍ ദുഖവെള്ളിയാഴ്ച ആഘോഷിക്കാനൊരുങ്ങുന്ന യേശുവിനെ പോലീസ് പിടികൂടുന്നു. "എന്താടാ താടിയും മുടിയും വളര്‍ത്തി കാട്ടില്‍ കയറി ഒളിച്ചു താമസിച്ചാല്‍ ഞങ്ങള്‍ പിടിക്കയില്ല എന്നു കരുതിയോ" എന്നുചോദിച്ചുകൊണ്ട് അക്കിരി ആണെന്നു ധരിച്ച് യേശുവിനെ അവര്‍ ബന്ധിച്ച് കൊണ്ടുപോകുന്നു. ഒറ്റപ്പെട്ടവനുവേണ്ടി സ്വയം ഒറ്റിക്കൊടുക്കുന്ന ഈശോ തന്‍റെ വിമോചന ദൗത്യമാണ് പൂര്‍ണ്ണമാക്കിക്കൊണ്ടിരിക്കുന്നത്. ജാതിമതസ്പര്‍ദ്ധകളില്‍ ബലിയാടാകേണ്ടി വരുന്ന നിസ്സഹായര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി യേശു ഇവിടെ പകരക്കാരനാവുകയാണ്.

സഹനത്തിന്‍റെ വാക്കുകളാണ് 'കടലിനുമീതെ ക്രിസ്തു'വില്‍ അവനെ വാചാലനാക്കുന്നത്. പൊറുത്തുകൊടുക്കാനായി ഒരു മനസ്സിനെ രൂപപ്പെടുത്താനും ദൂരെനിന്ന് മാത്രം സ്നേഹിക്കാനും യേശു ആവശ്യപ്പെടുന്നു. പരസ്പരം ശരീരത്തിലെ ആണികള്‍ പിഴുതെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മാതൃകയായിട്ടാണ് സഹനത്തിന്‍റെ പര്യായമായ ക്രിസ്തുവിനെ അര്‍ഷാദ് അവതരിപ്പിക്കുന്നത്. 'കണ്ണാടിക്കടല്‍' ക്രിസ്തുവിന്‍റെ മുമ്പില്‍ തുറന്നു വയ്ക്കുന്ന ജീവിതസമ്മാനവും മറ്റൊന്നല്ല: ജനങ്ങള്‍ക്കുവേണ്ടി വീണ്ടും ക്രൂശിലേറുക. ഉണങ്ങിപ്പോയെന്നു കരുതുന്ന കുരിശ് വീണ്ടും പൂക്കുകയാണ്. തറയ്ക്കപ്പെടാന്‍ ലോകത്തില്‍ ഇനിയും കുരിശുകളുണ്ടെന്നും ക്രൂശീകരണം ക്രിസ്തു നിരന്തരം അഭിമുഖീകരിക്കേ ണ്ടതുണ്ടെന്നുമുള്ള സത്യം നിരാകരിക്കാനാവില്ല.

6. ക്രിസ്തുവിന്‍റെ നേര്‍വായന: ക്രിസ്തുവിജ്ഞാനീയസമീപനം                                                                                                              
ക്രിസ്തുവിജ്ഞാനീയത്തില്‍ നിരവധി വ്യാഖ്യാനസാദ്ധ്യതകള്‍ സംലഭ്യമാണ്. യേശുക്രിസ്തു ദൈവപുത്രനാണെന്നും അവിടുന്ന് യഥാര്‍ത്ഥദൈവവും യഥാര്‍ത്ഥമനുഷ്യനുമാണെന്നുള്ള സത്യമാണ് തിരുസ്സഭയുടെ സത്യവിശ്വാസം. ഇതില്‍നിന്നും വിരുദ്ധമായ എല്ലാ ക്രിസ്തുസമീപനങ്ങളെയും സഭ ജാഗ്രതയോടെ കാണുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. സമഗ്രമായ ഒരു ക്രിസ്തുവിജ്ഞാനീയമാണ് സഭ എന്നും പ്രോത്സാഹിപ്പിച്ചിരുന്നത്. അതിനാലാണ് സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്ന യേശുവിനെ സഭ സൂക്ഷ്മതയോടെ പരിശോധിക്കുകയും അതിലെ ദൈവശാസ്ത്രപരമായ അപക്വതയെ കലാകാരന്‍റെ ആവിഷ്കാരസ്വാതന്ത്ര്യമായി പൂര്‍ണമായി അംഗീകരിച്ചുകൊണ്ടുതന്നെ സത്യവിശ്വാസത്തിന് വിരുദ്ധമായ വിചാരങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നത്.                                                                                                                                                               
സഭാവിരുദ്ധമായ ക്രിസ്തുവിജ്ഞാനീയസമീപനങ്ങള്‍ വിവിധ ദൈവശാസ്ത്രചിന്താധാരകള്‍ കൂടിക്കലരുന്നതിന്‍റെ ഫലമാണ്. അവയില്‍ ചിലത് നമുക്കൊന്ന് പരിശോധിക്കാം:

1) ക്രിസ്തുവിനേയും അവന്‍റെ സന്ദേശത്തേയും ലോകത്തിന്‍റെ ജീവിതസാഹചര്യങ്ങളില്‍ വ്യാഖ്യാനിക്കുന്ന രീതിയാണ് ഒന്നാമത്തേത്. ക്രിസ്തുവും, ക്രിസ്തുസന്ദേശവും സാഹചര്യങ്ങള്‍ക്കൊത്ത് വ്യാഖ്യാനിക്കപ്പെടുന്നു.[13]

2) തെയ്യാര്‍ദ്ദ് ഷര്‍ദ്ദാനെപ്പോലുള്ള ശാസ്ത്രദാര്‍ശനികരുടെ പ്രാപഞ്ചിക ക്രിസ്തുവാണ് (Cosmic Christ) രണ്ടാമത്തേത്. ഇവിടെ പാരിസ്ഥിതികപരിണാമവും വിശ്വാസവും തമ്മിലുളള സംഘര്‍ഷങ്ങള്‍ ക്രിസ്തു എന്ന വ്യക്തിയിലധിഷ്ഠിതമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. പ്രപഞ്ചവും ക്രിസ്തുവും തമ്മിലുള്ള ബന്ധമാണ് ഈ ചിന്തയുടെ കേന്ദ്രം.

3) മതസൗഹാര്‍ദ്ദത്തിന്‍റെയും മതാന്തരസംവാദത്തിന്‍റെയും പശ്ചാത്തലത്തില്‍ യേശു പലപ്പോഴും പല ദൈവങ്ങളില്‍ ഒരുവന്‍ മാത്രമായി മാറുന്നു.

4) ചരിത്രപുരുഷനായ യേശു മനുഷ്യന്‍റെ സഹനങ്ങളിലും പാപാവസ്ഥയിലും പങ്കുചേര്‍ന്നവനാണ് എന്ന ചിന്ത. വിമോചന ദൈവശാസ്ത്രം യേശുവിന്‍റെ ഈ വിമോചനദൗത്യത്തെയാണ് സ്വീകരിക്കുന്നത്.

5) വിമോചനത്തിന്‍റെ നൂലിഴകള്‍ വേര്‍പ്പെടുത്തി ആവര്‍ത്തനവിശകലനം ചെയ്യുന്നവരുണ്ട്. ഇതില്‍ ദളിത്, ഫെമിനിസ്റ്റ്, പാരസ്ഥിതിക ചിന്തകള്‍ അടിമത്തത്തില്‍ നിന്ന് വിടുതല്‍ ന

ഉപസംഹാരം                                                                                                                                                                                                                                                             
ക്രിസ്തുവിജ്ഞാനീയത്തിലെ ഉത്തരാധുനികസമസ്യകളും ശൈലികളും വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. കാലദേശഭേദമന്യേ യഥാര്‍ത്ഥക്രിസ്തുവിനെ തങ്ങളായിരിക്കുന്ന സമൂഹത്തില്‍ അവതരിപ്പിക്കുകയെന്നതാണ് ഈ വെല്ലുവിളി. "യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേയാള്‍ത്തന്നെയാണ്." അതിനാല്‍ "വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങള്‍ നിങ്ങളുടെ വഴി തെറ്റിക്കരുത്" (ഹെബ്രാ 13,8-9). ഈ വചനമാണ് ഉത്തരാധുനിക ക്രിസ്തുപ്രതിസന്ധിക്കുള്ള മറുപടി. ഇരുളിന്‍റെ അധിക്യത്തില്‍ വെളിച്ചമായി പ്രത്യക്ഷപ്പെടുന്ന സത്യസ്വരൂപനായ ക്രിസ്തുവിന്‍റെ മഹത്വം അനന്തവും പൂര്‍ണ്ണവുമാണ്. കുരിശിലേറ്റപ്പെടുമ്പോഴും അവഹേളിക്കപ്പെടുമ്പോഴും അവന്‍ പൂര്‍ണ്ണനായിത്തന്നെ നിലകൊള്ളുന്നു. ഇരുള്‍ ഗാഢമാകുന്നത് ദയാമയമായ പുഞ്ചിരിയോടെ വീക്ഷിക്കുന്നു; മനുഷ്യന്‍റെ സ്വാര്‍ത്ഥതയ്ക്കുമേല്‍ ആ പുഞ്ചിരി സ്നേഹപുരസ്സരം പതിയുന്നു. അങ്ങനെ കാലചക്രവാളങ്ങളോളം അവന്‍റെ മഹിമ ഉയര്‍ന്നുനില്ക്കുന്നു. യേശുക്രിസ്തു മനുഷ്യനുള്ള ഉത്തരമാണ്. സര്‍വവും അവനിലടങ്ങിയിരിക്കുന്നു. ശിമയോന്‍ പ്രവചിച്ച 'വിവാദങ്ങളുടെ അടയാളമായ ക്രിസ്തു'വിനെ അറിയാന്‍ (ലൂക്കാ 2,35) ചില നേര്‍വായനകള്‍ ഇക്കാലഘട്ടത്തില്‍ അനിവാര്യമാണ്. ഈ നേര്‍വായനകളുടെ ആദ്യാക്ഷരം കുറിക്കേണ്ടത് ക്രിസ്തുവുമായുള്ള വ്യക്തിപരമായ സമാഗമത്തില്‍ നിന്നു തന്നെയാവണം. അങ്ങനെ അവനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ വചനമായ ദൈവം നമുക്ക് കൂടുതല്‍ ദൃശ്യനാകും. വചനം ഹൃദയത്തില്‍ സംഗ്രഹിക്കുകയും വചനത്തോട് പ്രത്യുത്തരിക്കുകയും ചെയ്യുന്നവര്‍ക്ക് യഥാര്‍ത്ഥക്രിസ്തുവിനെ ആവിഷ്കരിക്കാനും കഴിയും. അപ്പോള്‍ സാഹിത്യത്തിലെ ക്രിസ്തുബിംബങ്ങള്‍ കൂടുതല്‍ ശുദ്ധമാവുകയും അതുവഴി വര്‍ത്തമാനകാലസംസ്കാരം കൂടുതല്‍ സമ്പന്നമാവുകയും ചെയ്യും.

ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.

Note
1 P. Pullman, The Good Man Jesus and the Scoundrel Christ(Edinburgh: 2010) 6.
2 സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍, ക്രിസ്തുവിജ്ഞാനീയം ഒരു ആമുഖ പഠനം (പാലക്കാട്, 2010) 160.
3 മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍,ڇ"ഉത്തരാധുനികതയ്ക്ക് ഒരാമുഖം"ڈവാല്യം. 34, ജീവധാര, (ആലുവ, 2009) 299.
4 കെ. പി. അപ്പന്‍, ബൈബിള്‍ വെളിച്ചത്തിന്‍റെ കവചം (കോട്ടയം, 2011) 15.
5 രാജശേഖരന്‍, അന്ധനായ ദൈവം, 225.
6 സെബാസ്റ്റ്യന്‍ കാപ്പന്‍, മാക്സിയന്‍ ദര്‍ശനത്തിനൊരു ആമുഖം (കോട്ടയം, 2012) 23.
7 മാത്യു ഇല്ലത്തുപറമ്പില്‍, ക്രിസ്തു ക്രൈസ്തവേതര സാക്ഷ്യങ്ങള്‍ (പാലക്കാട്, 2009).
8 സി.വി. ബാലകൃഷ്ണന്‍, കണ്ണാടിക്കടല്‍, 60.
9 കെ.പി. അപ്പന്‍, ബൈബിള്‍ വെളിച്ചത്തിന്‍റെ കവചം,20.
10 മാത്യു ഇല്ലത്തുപറമ്പില്‍, ക്രിസ്തു ക്രൈസ്തവേതര സാക്ഷ്യങ്ങള്‍ (പാലക്കാട്, 2009) 82.
11 സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍, ക്രിസ്തുവിജ്ഞാനീയം ഒരു ആമുഖ പഠനം, 188.
12 cf., E. Bredely, God is Green(U.S.A, 2008) 12.
13 സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍, ക്രിസ്തുവിജ്ഞാനീയം ഒരു ആമുഖ പഠനം, 176.
14 ജോണ്‍ പോള്‍ രണ്ടാമന്‍, വിശ്വാസവും യുക്തിയും,15.

christ in postmodern malayalam literature fexin kuthoor Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message